കർമങ്ങൾ

//കർമങ്ങൾ

വിമർശനം:

(സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്ന വിമർശനം വിമർശകരുടെ അശ്ലീലചുവയുള്ള വരികൾ – തെറികൾ ഒഴിവാക്കി – ഇവിടെ എടുത്തു ചേർക്കുന്നു:)

“ഇസ്‌ലാമിക പ്രമാണം അനുസരിച്ചു ഒരു പുരുഷന് സ്വന്തം ഭാര്യയുടെ അനുജത്തിയെയും ലൈംഗികമായി ബന്ധപ്പെടാം. ആൺ കുട്ടികളുമായി പ്രകൃതി വിരുദ്ധ പീഡനം നടത്താം. അമ്മായിയമ്മയെ ഭോഗിക്കാം…നിങ്ങൾ ഈ വായിക്കുന്നത് ഇസ്‌ലാമിന്റെ രണ്ടാം പ്രമാണം ആയ സ്വഹീഹ് ബുഖാരിയുടെ ഹദീസിൽ നിന്നാണ്. ഓരോ മുസ്‌ലിമും നിർബന്ധമായും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യേണ്ട ഇസ്‌ലാമിക പ്രമാണം. സ്വഹീഹ് ബുഖാരിയെ തള്ളിപ്പറയുന്നവൻ മുസ്‌ലിമല്ല – എന്നാണു മതപണ്ഡിതരുടെ ഫത്‌വ.”

മറുപടി:

സ്വഹീഹുൽ ബുഖാരിയിലെ വിമർശന വിധേയമായ കർമ്മശാസ്ത്ര ചർച്ച നേരിട്ട് കാണുക:

“ഇക്‌രിമ പറഞ്ഞു: ഇബ്നു അബ്ബാസിൽ നിന്ന്: ഒരാൾ തന്റെ ഭാര്യയുടെ സഹോദരിയെ ‘വ്യഭിചരിച്ചാൽ’ ഭാര്യയുമായുള്ള വിവാഹ ബന്ധം നിഷിദ്ധമായി മാറുന്നില്ല.

യഹ്‌യൽ കിന്ദിയിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു, അദ്ദേഹം ശുഅ്ബിയിൽ നിന്നും അബൂജഅ്ഫറിൽ നിന്നു ഉദ്ധരിക്കുന്നു: ഒരാൾ ഒരു കുട്ടിയുമായി (ലൈംഗിക) വിനോദത്തിൽ ഏർപ്പെടുകയും അവനുമായി ബന്ധപ്പെടുകയും ചെയ്താൽ അയാൾക്ക് കുട്ടിയുടെ മാതാവിനെ ഒരിക്കലും വിവാഹം ‘ചെയ്യാവതല്ല’…

ഇക്‌രിമ പറഞ്ഞു: ഇബ്നു അബ്ബാസിൽ നിന്ന്: ഒരാൾ തന്റെ ഭാര്യയുടെ മാതാവിനെ ‘വ്യഭിചരിച്ചാൽ’ ഭാര്യയുമായുള്ള വിവാഹ ബന്ധം നിഷിദ്ധമായി മാറുന്നില്ല.” (സ്വഹീഹുൽ ബുഖാരി)

1. ഇസ്‌ലാമിലെ പ്രമാണങ്ങൾ കുർആനും സ്വഹീഹായ ഹദീസുകളുമാണ്. അല്ലാതെ കുർആനും സ്വഹീഹുൽ ബുഖാരിയുമല്ല. സ്വഹീഹുൽ ബുഖാരി ഹദീസുകൾ ശേഖരിക്കപ്പെട്ട ഒരു ഗ്രന്ഥം മാത്രമാണ്. ആ ഗ്രന്ഥത്തിൽ ഹദീസുകളുണ്ട്, ഫിക്ഹ് (കർമ്മശാസ്ത്രമുണ്ട്), കുർആൻ വ്യാഖ്യാനമുണ്ട്, ഭാഷാ ചർച്ചകളുണ്ട്… അങ്ങനെ പല അറിവുകളും ഉൾകൊള്ളുന്ന ഒരു ഗ്രന്ഥമാണത്. അതിലെ ഹദീസുകളാണ് മുസലിംകൾ പ്രമാണമായി കാണുന്നത്. ആ ഹദീസുകളെ തള്ളി പറയുന്നവനാണ് ഇസ്‌ലാമിന് പുറത്ത്, അല്ലാതെ സ്വഹീഹുൽ ബുഖാരി എന്ന ഗ്രന്ഥത്തിലെ ഏത് കുറിപ്പുകളേയും തള്ളിപ്പറയുന്നവനല്ല. ബുഖാരിയിൽ നിന്ന് എന്ന് മാത്രമല്ല, വേറെ ഏത് ഹദീസ് ഗ്രന്ഥത്തിലേയും സ്വഹീഹായ ഹദീസുകളെ നിഷേധിക്കുന്നവൻ ഇസ്‌ലാമിൽ നിന്ന് പുറത്താണ്. ഇക്കാര്യത്തിൽ സ്വഹീഹുൽ ബുഖാരിക്ക് മാത്രം ഒരു പ്രത്യേകതയും ഇല്ല.

2. പ്രവാചകന്റെ(സ) വാക്കുകളുടേയും പ്രവർത്തനങ്ങളുടേയും ക്രോഡീകരണമാണ് ഹദീസ്. (നുസ്ഹത്തുന്നദ്ർ: 1:36 ,മുഖദ്ദിമ ഫീ ഉസൂലുൽ ഹദീസ്: 1:33, അൽഫദ്‌ലുൽ മുബീൻ അലാ അക്ദി ജൗഹരി സ്സമീൻ: 61)

ഇവിടെ, ഇസ്‌ലാം അവിഹിത ബന്ധങ്ങൾക്ക് അനുവാദം നൽകുന്നു എന്നതിന് തെളിവായി വിമർശകർ സ്വഹീഹുൽ ബുഖാരിയിൽ നിന്ന് എടുത്തുദ്ധരിച്ചിരിക്കുന്നത് ഇബ്നു അബ്ബാസ്, ശുഅ്ബി, അബൂ ജഅ്ഫർ എന്നീ പണ്ഡിതന്മാരുടെ വാക്കുകളാണ്. ഇത്തരം പണ്ഡിതാഭിപ്രായങ്ങൾ ഇസ്‌ലാമിൽ പ്രമാണങ്ങളല്ല. അവ ഫിക്ഹ് (കർമ്മശാസ്ത്രം) ആകുന്നു. ഫിക്ഹ് എന്നത് ഒരു പഠനശാഖയാണ് എന്ന് ഏവർക്കുമറിയാം. അതിൽ പ്രമാണങ്ങളോട് യോജിക്കുന്നവ മുസ്‌ലിംകൾ സ്വീകരിക്കുകയും പ്രമാണങ്ങളോട് യോജിക്കാത്തവ തിരസ്കരിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഫിക്‌ഹും – ഹദീസുകൾക്ക് പുറമെ – സ്വഹീഹുൽ ബുഖാരിയിലുണ്ട്. ആ ഫിക്ഹുകൾ മുസ്‌ലിംകളുടെ അടുക്കലൊ ഇസ്‌ലാമിലൊ അലംഘനീയമായ പ്രമാണങ്ങൾ അല്ല. (ഉലൂമുൽ ഹദീസ്: ഇബ്നു സ്വലാഹ്: 22,23)

3. ഇസ്‌ലാമിക പ്രമാണങ്ങൾ അവിഹിത ബന്ധങ്ങളെ എങ്ങനെ കാണുന്നു എന്ന് തിരിച്ചറിയാൻ കുർആനിലൂടെയും സ്വഹീഹായ ഹദീസുകളിലൂടെയും ഒന്ന് കണ്ണോടിച്ചാൽ പോരെ ?! ഫിക്ഹിന്റെ അന്തരാളങ്ങളിൽ ഊളയിടണമെന്നുണ്ടോ ?!!

വ്യഭിചാരത്തെ വൻപാപങ്ങളിൽ ഒന്നായാണ് ഇസ്‌ലാം പഠിപ്പിച്ചത്.

“നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചു പോകരുത്‌. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.” (കുർആൻ: 17:32)

അവിവാഹിതർ വ്യഭിചരിച്ചാൽ അവർക്ക് ഒരു ഇസ്‌ലാമിക രാഷ്ട്രത്തിൽ ലഭിക്കുന്ന ശിക്ഷയെ പറ്റി കുർആൻ പറയുന്നു:

“വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ.” (കുർആൻ: 24:2)

വിവാഹിതരായവർ വ്യഭിചരിച്ചാൽ, അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ടാൽ അവർക്ക് ഒരു ഇസ്‌ലാമിക രാഷ്ട്രത്തിൽ ലഭിക്കുന്ന ശിക്ഷയെപറ്റി പ്രവാചകൻ (സ) പഠിപ്പിച്ചത് ഇപ്രകാരമാണ്: “എന്നിൽ നിന്ന് നിങ്ങൾ പഠിക്കു… എന്നിൽ നിന്ന് നിങ്ങൾ പഠിക്കു… വിവാഹിതർ പരസ്പരം വ്യഭിചരിച്ചാൽ നൂറ് അടിയും കല്ലെറിഞ്ഞ് വധശിക്ഷ നടപ്പാക്കലുമാണ് (വിധി).” (സ്വഹീഹു മുസ്‌ലിം: 1690)

ഉമർ (റ) പറയുന്നു: (വിവാഹിതനായ വ്യഭിചാരിക്ക് ശിക്ഷയായി) അല്ലാഹുവിന്റെ ദൂതൻ (സ) കല്ലെറിഞ്ഞ് വധശിക്ഷ നടപ്പാക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ വിയോഗാനന്തരം ഞങ്ങളും വിവാഹിതനായ വ്യഭിചാരിക്ക് കല്ലെറിഞ്ഞ് വധശിക്ഷ നടപ്പാക്കി… വിവാഹിതരായ സ്ത്രീകളോ പുരുഷന്മാരോ വ്യഭിചരിച്ചുവെന്ന് തെളിവ് സ്ഥിരപ്പെട്ടാൽ കല്ലെറിഞ്ഞുള്ള വധശിക്ഷയാണുള്ളത്… (സ്വഹീഹുൽ ബുഖാരി: 6442,സ്വഹീഹുൽ മുസ്‌ലിം: 169)

വ്യഭിചരിക്കുക പോയിട്ട് ഒരു അന്യ സ്ത്രീയെ വികാരത്തോടെ സ്പർശിക്കുന്നതും അവരുമായി ഒരു മുറിയിൽ തനിച്ചാകുന്നതും പോലും ഇസ്‌ലാമിൽ നിഷിദ്ധമാണ്.

പ്രവാചകൻ (സ) പറഞ്ഞു: “നിന്റെ തലയിൽ ഒരു ഇരുമ്പാണി കൊണ്ട് കുത്തി തറക്കുന്നതാണ് അനുവദനീയയല്ലാത്ത ഒരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നിനക്ക് നല്ലത്.” പ്രവാചകൻ (സ) പറഞ്ഞിട്ടുണ്ട്. (അൽ മുഅ്ജമുൽ കബീർ: ത്വബ്റാനി: 20:211)

പ്രവാചകൻ (സ) പറഞ്ഞു: ഒരു പുരുഷനും ഒരു സ്ത്രീയുമായി തനിച്ചാവുകയെ അരുത്… (സ്വഹീഹുൽ ബുഖാരി: 2844, സ്വഹീഹു മുസ്‌ലിം: 1341)

പ്രവാചകൻ (സ) പറഞ്ഞു: “സ്ത്രീകളുടെ അടുക്കൽ (അവർ തനിച്ചായിരിക്കെ) ചെല്ലുന്നത് നിങ്ങൾ സൂക്ഷിക്കുക. “അപ്പോൾ അൻസ്വാരികളിൽ നിന്ന് ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഒരാളുടെ ഭാര്യയുടെ അടുക്കൽ (അവർ തനിച്ചായിരിക്കെ) ഭർതൃ സഹോദരൻ പ്രവേശിക്കുന്നതോ ? ‘അതും നാശമാണെന്ന്’ പ്രഖ്യാപിച്ച് അവിഹിത ബന്ധങ്ങൾക്കുള്ള പഴുതുകളെല്ലാം പ്രവാചകൻ (സ) നിഷിദ്ധമാക്കി. (സ്വഹീഹുൽ ബുഖാരി: 4934)

ഇവയെല്ലാം സ്വഹീഹുൽ ബുഖാരിയിൽ തന്നെ ഹദീസുകളായി നിലനിൽക്കുന്നുവെന്നതും വിമർശകർ ബോധപൂർവ്വം അവ അവഗണിച്ചു എന്നതും പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന കാര്യമാണ്.

ഭാര്യാ സഹോദരിയെ വ്യഭിചരിക്കുക പോയി വിവാഹം ചെയ്യൽ പോലും ഇസ്‌ലാമിൽ നിഷിദ്ധമാണ്.

തന്റെ സഹോദരിയെയും കൂടി വിവാഹം ചെയ്തു കൂടെ, എങ്കിൽ ഞാൻ നിലകൊള്ളുന്ന നന്മയിൽ എന്റെ സഹോദരിക്കും പങ്കാളിയാകാമായിരുന്നു എന്ന് ആഗ്രഹം പറഞ്ഞ ഭാര്യ ഉമ്മു ഹബീബയോട് പ്രവാചകൻ (സ) പറഞ്ഞു: അതെനിക്ക് അനുവദനീയമല്ല. (സ്വഹീഹുൽ ബുഖാരി: 5101അബൂദാവൂദ്: 2056)

ഇസ്‌ലാം ആശ്ലേഷണത്തിന് മുമ്പ് രണ്ട് സഹോദരിമാരെ വിവാഹം ചെയ്ത ഒരാൾ എന്തു ചെയ്യണമെന്ന് പ്രവാചകനോട് ആരാഞ്ഞപ്പോൾ ഒരാളെ വിവാഹ മോചനം ചെയ്യാൻ പ്രവാചകൻ (സ) നിർദേശം നൽകി. (അബൂദാവൂദ്: 2243, തുർമുദി: 1129)

ഇനി, സ്വവർഗരതിയുടെ കാര്യമെടുക്കാം. ഒരു മനുഷ്യന് പ്രവർത്തിക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും വലിയ പാതകമായി സ്വവർഗരതിയെ പഠിപ്പിച്ച വ്യക്തിയാണ് പ്രവാചകൻ (സ). സ്വവർഗരതിയിൽ കൂട്ടായി നിർലജ്ജം അഭിരമിച്ച ലൂത്ത് നബിയുടെ ജനതയെ അല്ലാഹു ശിക്ഷിച്ച ചരിത്രം പ്രവാചകൻ (സ) ഈ ലോകത്തെ പഠിപ്പിച്ചു: “അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി.അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു.” (കുർആൻ 15: 73,74)

പ്രവാചകൻ (സ) പറഞ്ഞു: ആരെങ്കിലും ലൂത്ത് നബിയുടെ ജനതയുടെ പ്രവർത്തനം (സ്വവർഗരതി) പ്രവർത്തിച്ചാൽ ആ പ്രവർത്തനത്തിൽ ഏർപ്പെട്ടവന്റെയും അതിന് വിധേയനായി നിന്നു കൊടുത്തവന്റെയും മേൽ വധശിക്ഷ നടപ്പാക്കണം. (തുർമുദി: 1456, അബൂദാവൂദ്: 4462, ഇബ്നുമാജ: 2561)

പ്രവാചകൻ (സ) പറഞ്ഞു: ലൂത്ത് നബിയുടെ ജനതയുടെ പ്രവർത്തനം (സ്വവർഗരതി) പ്രവർത്തിച്ചവനെ അല്ലാഹു ശപിച്ചിരിക്കുന്നു. പ്രവാചകൻ (സ) മൂന്ന് തവണ ഇത് ആവർത്തിച്ചു പറഞ്ഞു. (മുസ്നദു അഹ്മദ്: 2915)

ചുരുക്കത്തിൽ അവിഹിത ബന്ധങ്ങൾ, വ്യഭിചാരം, സ്വവർഗരതി തുടങ്ങിയവ ഇസ്‌ലാമിൽ നിഷിദ്ധമാണെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ തന്നെ വ്യക്തമായി പ്രസ്ഥാവിക്കുന്നു. ഇവയെല്ലാം സ്വഹീഹുൽ ബുഖാരിയിൽ തന്നെ ഹദീസുകളായി നിലനിൽക്കുകയും ചെയ്യുന്നു.

3. പ്രവാചകാനുചരന്മാരുടെ കാലഘട്ടത്തിലെ അവസാന സന്ധിയിൽ ഇസ്‌ലാമിന്റെ വളർച്ച ദ്രുതഗതിയിലാവുകയും ലക്ഷോപലക്ഷങ്ങൾ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്യാൻ തുടങ്ങിയപ്പോൾ ദുർബല വിശ്വാസികളും കപട വിശ്വാസികളും ഇസ്‌ലാമിക സമൂഹത്തിൽ സ്ഥാനം പിടിച്ചു. വളർച്ച പ്രാപിച്ച മറ്റേത് സമുദായങ്ങളിലേതുമെന്ന പോലെ മുസ്‌ലിംകൾക്കിടയിലും ജീർണതകളും അധാർമികതകളും വർദ്ധിച്ചു. മദ്യം, വ്യഭിചാരം, കളവ്, മോഷണം, കൊള്ള, കൊല തുടങ്ങിയ സാമൂഹിക- വൈയക്തിക തിന്മകൾ എല്ലാ സമൂഹങ്ങളിലും ഇടതടവില്ലാതെ നടക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിൽ ദുർബല വിശ്വാസികളും കപട വിശ്വാസികളും സ്ഥാനം പിടിച്ചതോടെ അവരിലും ഇത്തരം ദൂഷ്യങ്ങൾ പെരുകുക സ്വഭാവികം മാത്രം. അതുകൊണ്ട് തന്നെ ഈ സാമൂഹിക ഭൂമികയെ പരിഗണിച്ച് കർമ്മശാസ്ത്ര ചർച്ചകളെ വാർത്തെടുക്കാൻ കർമശാസ്ത്ര പണ്ഡിതർ നിർബന്ധിതരായി. അല്ലാതെ സമൂഹിക യഥാർത്ഥ്യങ്ങളെ അവഗണിച്ച് എങ്ങനെ ഫിക്ഹ് (കർമ്മശാസ്ത്ര) ചർച്ച ചെയ്യും? അധാർമിക പ്രവണതകളെയും ആ പ്രവണതകളുടെ അനന്തരഫലമായുണ്ടാകുന്ന സാമൂഹിക- കുടുംബ- വൈയക്തിക പ്രശ്നങ്ങളെയെല്ലാം കർമ്മശാസ്ത്ര പണ്ഡിതർ ചർച്ച ചെയ്തിട്ടുണ്ട്. അതിൽ ഒരു വിഷയവും അറപ്പു കൊണ്ട് മാറ്റി വെച്ചിട്ടില്ല. ഒരു കൈപ്പുറ്റ യാഥാർത്ഥ്യത്തെയും അവഗണിച്ച് ഫിക്ഹിനെ (കർമ്മശാസ്ത്ര) വാർത്തെടുക്കാൻ ശ്രമിച്ചിട്ടുമില്ല, ശ്രമിക്കാനും പാടില്ല. സ്വാഭാവികമായും അവിഹിതങ്ങൾ നടക്കുകയും അവ മൂലം കുടുംബ – സാമൂഹിക പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തപ്പോൾ അത്തരം പ്രശ്നങ്ങളിലെ കർമ്മശാസ്ത്ര വിധികളെ പറ്റി ചർച്ച ചെയ്തിട്ടുണ്ട്. അതിനർത്ഥം അത്തരം അവിഹിതങ്ങളെ ഇസ്‌ലാമിക കർമ്മശാസ്ത്രമോ, കർമ്മശാസ്ത്ര ചർച്ചകളുടെ ആധാരമായ ഇസ്‌ലാമിക പ്രമാണങ്ങളൊ അംഗീകരിക്കുന്നു എന്നല്ല. ഒരു രാജ്യത്ത് കൊലപാതകവും കലാപവും ബലാത്സംഗവുമെല്ലാം നടന്നാലുള്ള അനന്തര നടപടികളെ സംബന്ധിച്ച നിയമങ്ങൾ ഉണ്ടെന്നതും ഭരണഘടന അത് ചർച്ച ചെയ്യുന്നുണ്ട് എന്നതും ആ രാജ്യവും ഭരണഘടനയും ഈ ദ്രോഹങ്ങൾക്ക് അംഗീകാരം നൽകുന്നു എന്നതിന് തെളിവാണോ ? അല്ലല്ലൊ. ഈ വസ്തുത മനസ്സിലാക്കിയതിന് ശേഷമാവണം സ്വഹീഹുൽ ബുഖാരിയിലെ കർമ്മശാസ്ത്ര ചർച്ചയെ നാം സമീപിക്കേണ്ടത്.

ബലാൽസംഗങ്ങളുടേയും അവിഹിത ബന്ധങ്ങളുടേയും അനന്തര നടപടികൾ ചർച്ച ചെയ്യുകയാണ് ബുഖാരി ഇവിടെ ചെയ്യുന്നത്. അല്ലാതെ അവിഹിതങ്ങളെ ഒരു വരിയിൽ പോലും അംഗീകരിക്കുന്നില്ല. അവിഹിത ബന്ധങ്ങൾ നിഷിദ്ധമാണെന്നും അവ ഇഹ-പര ലോകങ്ങളിലെ ശിക്ഷക്ക് അർഹമാണെന്നും ഹദീസുകളിലൂടെ ബുഖാരി തന്നെ വ്യക്തമാക്കിയതും നാം കണ്ടു. എന്നാൽ ഇതൊന്നും വില വെക്കാത്ത ഒരു പുരുഷൻ അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ടാൽ തുടർന്ന് ബന്ധങ്ങളിൽ എന്തൊക്കെ സംഭവിക്കും എന്ന് മാത്രമാണ് ചർച്ച. അത് അവിഹിതങ്ങൾ നടത്താൻ തെളിവാണെന്ന് ദുർവ്യാഖ്യാനിച്ച് അവതരിപ്പിക്കുന്നതിന് ബുഖാരി എന്ത് പിഴച്ചു ?

ഒരു പുരുഷൻ ഭാര്യയുടെ സഹോദരിയുമായും അല്ലെങ്കിൽ ഭാര്യയുടെ മാതാവുമായും അവിഹിത ബന്ധത്തിൽ ഏർപ്പെട്ടാൽ ഭാര്യയുമായുള്ള വിവാഹ ബന്ധം നിഷിദ്ധമാകുമോ അഥവാ വിവാഹ ബന്ധം വേർപ്പെടുമോ എന്നത് പ്രസക്തമായ ഒരു ചോദ്യമല്ലെ ? അവിഹിത വീരന്റെ പക്ഷത്ത് നിന്ന് ചിന്തിക്കാതെ ഇരയായ ഭാര്യയുടെയും മക്കളുടേയും പക്ഷത്ത് നിന്ന് ചിന്തിക്കുക. ഒരു വിശ്വാസിയായ മുസ്‌ലിം സ്ത്രീ, മുസ്‌ലിം നാമധാരിയായ ഒരു എക്സ് മുസ്‌ലിമിനെ (അയാളുടെ ഭൗതീക വാദത്തെ പറ്റി അറിയാതെ) വിവാഹം ചെയ്തുവെന്ന് കരുതുക; ആ ബന്ധത്തിൽ മക്കളുമുണ്ടായി. ഭൗതീക വാദിയായ ഇയാൾക്ക് അവിഹിത ബന്ധങ്ങൾ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഭാഗമാണല്ലൊ. അതുകൊണ്ട് തന്നെ അയാൾ ഭാര്യയുടെ സഹോദരിയെ വ്യഭിചരിച്ചു. അതോടെ അയാൾക്ക് ഭാര്യയുമായുള്ള വിവാഹ ബന്ധം നിഷിദ്ധമാവുമോ? വിവാഹ ബന്ധം വേർപ്പെടുമോ? എന്നത് ചർച്ച ചെയ്യേണ്ടതില്ലെ?! ഇല്ലെങ്കിൽ ഇരയായ ഭാര്യയുടെയും മക്കളുടേയും അവകാശങ്ങളുടെ കാര്യമോ? അവിഹിത ബന്ധത്തിൽ അഥവാ വ്യഭിചാരത്തിൽ ഏർപ്പെട്ട ഭർത്താവിന് ഇസ്‌ലാമിക ഭരണകൂടം വധശിക്ഷ നടപ്പിലാക്കും. പക്ഷെ അയാൾ വ്യഭിചരിച്ചു എന്നതിനാൽ അയാളുടെ ഭാര്യ അയാൾക്ക് ഭാര്യ അല്ലാതായി എന്ന് പറഞ്ഞാൽ ഭാര്യക്കും കുട്ടികൾക്കും അയാളുടെ സ്വത്തിൽ നിന്ന് കിട്ടേണ്ട അനന്തരാവകാശങ്ങളും മറ്റു സാമൂഹിക-സാമ്പത്തിക അവകാശങ്ങളും നിഷേധിക്കപ്പെടില്ലെ? പുരുഷൻ അവിഹിതത്തിൽ ഏർപ്പെട്ടു എന്നത് കൊണ്ട് ഭാര്യ എന്ത് പിഴച്ചു ?! അപ്പോൾ, ഭാര്യ സഹോദരിയുമായി അല്ലെങ്കിൽ ഭാര്യാമാതാവുമായി പുരുഷൻ അവിഹിതത്തിൽ ഏർപ്പെട്ടാൽ അവളുമായുള്ള വിവാഹ ബന്ധം നിഷിദ്ധമായി എന്ന് പറഞ്ഞാൽ അത് ഇരക്ക് അനുകൂലമായാണോ പ്രതികൂലമായാണോ ഭവിക്കുക എന്നത് ചർച്ച ചെയ്യേണ്ടതില്ലെ?!! “അയ്യേ അവിഹിതം ചർച്ച ചെയ്യുന്നു” എന്ന് പറഞ്ഞ് മാറി നിൽക്കുന്നതാണോ ധാർമികത!?

ഇനി, “ഒരാൾ ഒരു കുട്ടിയുമായി (ലൈംഗിക) വിനോദത്തിൽ ഏർപ്പെടുകയും അവനുമായി ബന്ധപ്പെടുകയും ചെയ്താൽ അയാൾക്ക് കുട്ടിയുടെ മാതാവിനെ ഒരിക്കലും വിവാഹം ‘ചെയ്യാവതല്ല’… ” എന്ന ശുഅ്ബി, അബൂജഅ്ഫർ എന്നീ പണ്ഡിതന്മാരുടെ കർമ്മശാസ്ത്ര (ഹദീസ് അല്ലെന്ന് പ്രത്യേകം ഓർക്കുക) അഭിപ്രായം എടുക്കുക.

ഒന്ന്, കുട്ടിയുമായുള്ള ലൈംഗിക ബന്ധം അനുവദനീയമാണെന്ന സൂചന പോലും അതിലില്ല. എന്ന് മാത്രമല്ല സ്വവർഗരതി നിഷിദ്ധമാണെന്നും അവ ഇഹ-പര ലോകങ്ങളിലെ ശിക്ഷക്ക് അർഹമാണെന്നും ഹദീസുകളിലൂടെ ബുഖാരി തന്നെ വ്യക്തമാക്കിയതും നാം കണ്ടു.

രണ്ട്, കുട്ടിയുടെ മാതാവിനെ ഒരിക്കലും വിവാഹം ‘ചെയ്യാവതല്ല’ എന്നാണ് ശുഅ്ബി, അബൂജഅ്ഫർ എന്നീ പണ്ഡിതന്മാർ പറഞ്ഞത്; അല്ലാതെ വിവാഹം ചെയ്യാം എന്നല്ല. അങ്ങനെ ഒരു വൻ പാപമായ നിഷിദ്ധ ബന്ധം സംഭവിക്കുകയും അയാൾ കുട്ടിയെ ലൈംഗിക പീഢനത്തിന് ഇരയാക്കിയെന്ന് കോടതിയിൽ തെളിവൊന്നും ഹാജരാക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ അയാൾക്ക് മാതാവിനെ വിവാഹം ചെയ്യാനുള്ള അവകാശമെ നൽകരുത് എന്നെ പറഞ്ഞിട്ടുള്ളു. ലൈംഗിക പീഢനത്തിന് ഇരയാക്കിയെന്നതിന് തെളിവ് ഹാജരാക്കപ്പെട്ടാൽ അയാൾക്ക് ശിക്ഷയും വിധിക്കണം. ഈ അതി പ്രസക്തമായ ചർച്ചകളെ ദുർവ്യാഖ്യാനിച്ച് ഇസ്‌ലാം വൻപാപങ്ങളിൽ ഒന്നായി കാണുന്ന, വധശിക്ഷക്ക് അർഹമായി പഠിപ്പിച്ച സ്വവർഗരതി ഇസ്‌ലാം തന്നെ അംഗീകരിക്കുന്നു എന്ന് ചിത്രീകരിക്കുന്ന ഭോഷത്തത്തെ പുച്ഛത്തോടെ വലിച്ചെറിയുക.

ഇത്തരം കയ്പുറ്റ, സമാനമായ വേറേയും വിഷയങ്ങളിലും കർമശാസ്ത്ര ചർച്ചകൾ മുസ്‌ലിം പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ നടന്നിട്ടുണ്ട്.

ഒന്ന്, ഭാര്യാ ഭർത്താക്കന്മാരിൽ ഒരാൾ ഇസ്‌ലാം മതം ഉപേക്ഷിച്ച് ‘മുർത്തദ്ദാ’യാൽ തുടർന്നുള്ള അനന്തരഫലങ്ങൾ കർമ്മശാസ്ത്ര പണ്ഡിതർ ചർച്ച ചെയ്തിട്ടുണ്ട്. അതിനർത്ഥം മുർത്തദ്ദ് (മത പരിത്യാഗി) ആവൽ ഇസ്‌ലാം അനുവദിച്ചു എന്നാണോ ?!!

ഇബ്നു കുദാമ പറഞ്ഞു: ഭാര്യാ ഭർത്താക്കന്മാരിൽ ഒരാൾ മുർത്തദ്ദായാൽ – അത് പരസ്പര ലൈംഗീകബന്ധത്തിന് മുമ്പാണെങ്കിൽ വിവാഹ ബന്ധം വേർപ്പെടും… ദാവൂദിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് മത പരിത്യാഗം മൂലം വിവാഹ ബന്ധം വേർപ്പെടില്ല; അത് അവശേഷിക്കുമെന്നാണ്… (മുഗ്നി: 7:133)

പരസ്പര ലൈംഗീകബന്ധത്തിന് ശേഷമാണെങ്കിലും ഭാര്യാ ഭർത്താക്കന്മാരിൽ ഒരാൾ മുർത്തദ്ദായാൽ വിവാഹ ബന്ധം വേർപ്പെടും എന്നാണ് ഹനഫി മാലികി മദ്ഹബിലെ അഭിപ്രായം… (അൽ മൗസൂഅത്തുൽ ഫിക്ഹിയ്യ:22/198, തുഹ്‌ഫത്തുൽ മുഹ്താജ്: 7:328 )

ഈ ചർച്ചകളൊക്കെ തെളിയിക്കുന്നത് ദമ്പതിമാരിൽ ഒരാൾക്ക് മുർത്തദ്ദ് ആവൽ ഇസ്‌ലാം അനുവദിക്കുന്നു എന്നാണോ ?!! (ഇതിൽ ഏത് അഭിപ്രായമാണ് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിൻബലമുള്ളത് എന്നത് മറ്റൊരു വിഷയമാണ്. അത് ഇവിടെ ചർച്ച ചെയ്യുന്നത് ഉചിതമല്ലല്ലൊ)

രണ്ട്, ഭാര്യാ ഭർത്താക്കന്മാരിൽ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തിയാൽ മക്കൾക്ക് പ്രതിക്രിയയിൽ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട് എന്ന് തുടങ്ങി… കൊലയെ തുടർന്നുള്ള അനന്തര നടപടികൾ കർമ്മശാസ്ത്ര പണ്ഡിതർ ചർച്ച ചെയ്തിട്ടുണ്ട്. (മുഗ്നി: 8/287, കശ്ശാഫുൽ കനാഅ്:5:529, അൽ മൗസൂഅത്തുൽ ഫിക്ഹിയ്യ അൽകുവൈത്തിയ്യ: 21:56)

അതിനർത്ഥം ദമ്പതികളിൽ ഒരാൾക്ക് മറ്റൊരാളെ കൊലപ്പെടുത്താൻ ഇസ്‌ലാം അനുവാദം നൽകുന്നു എന്നാണോ ?!!

ശവഭോഗത്തെ ഇസ്‌ലാം എങ്ങനെ കാണുന്നു?

ഇല്ല. ഒരു നിലക്കും അനുവദിക്കുന്നില്ല. ഇസ്‌ലാമിലെ ഭോഗാനുവാദങ്ങളെ കുറിച്ച് മുകളിൽ കുറിച്ചത് മനസ്സിലാക്കിയല്ലോ. അനുവാദങ്ങൾക്കപ്പുറത്തെത്തിയ നിരോധിത കാര്യമാണെങ്കിലും ശവഭോഗത്തിനുള്ള ശിക്ഷയെക്കുറിച്ച് ഖുർആൻ ഹദീസിൽ പ്രത്യേകം പരാമർശങ്ങളില്ല. അക്കാലത്ത് അങ്ങനെയൊരു സംഭവം മനുഷ്യർക്കിടയിൽ കാണപ്പെട്ടിരുന്നില്ല എന്നാണതിനർത്ഥം. മനുഷ്യരിൽ നടമാടിയിരുന്ന അസാന്മാർഗ്ഗികതകളെയാണ് ഇസ്‌ലാം അഡ്രസ് ചെയ്തത്. ചിലതിനു ഖണ്ഡിതമായ ശിക്ഷ പ്രഖ്യാപിച്ചു. അവയിലടങ്ങിയ പൊതു തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ, അസാന്മാർഗ്ഗികതകളുടെ പുതിയ അവതാരങ്ങളെ നേരിടുവാൻ ജ്ഞാന -അധികാര നേതൃത്വങ്ങൾക്ക് അനുവാദം നൽകിയിരിക്കുകയാണ്. തദടിസ്ഥാനത്തിൽ, ശവഭോഗത്തിനുള്ള ശിക്ഷ തീരുമാനിക്കേണ്ടത്, അതാതുകാലത്തെ പരിഗണനകൾക്കും ധാർമ്മിക സാംസ്കാരിക മാനങ്ങൾക്കും വിധേയമായാണ്. ‘ശാരീരികശിക്ഷ’ (ഹദ്ദ്) പ്രഖ്യാപിക്കാത്ത അസാന്മാർഗിക കൃത്യങ്ങൾക്ക് നൽകേണ്ട ശിക്ഷയെക്കുറിച്ച് പ്രമുഖ ഖുർആൻ വ്യാഖ്യാതാവും ശാഫിഈ കർമ്മ ധാരയുടെ വക്താവുമായ അല്ലാമാ ഖത്വീബ് ശർബീനി രേഖപ്പെടുത്തുന്നു: “എന്നാൽ, സ്ത്രീകൾ തമ്മിലുള്ള ഭോഗം, ശവ ഭോഗം, സ്വയം ഭോഗം എന്നിവയ്ക്ക് (വ്യഭിചാരം, സാഡോമി എന്നിവയുടെ ശിക്ഷപോലെ) പ്രഖ്യാപിത ശിക്ഷകളൊന്നും മതനിയമാക്കപ്പെട്ടിട്ടില്ല. അവയ്ക്ക് ‘തഅസീർ’ മാത്രമേ നിയമത്തിലുള്ളൂ”. وأما السحاق من النساء وإتيان المرأة الميتة والاستمناء باليد فلا يشرع فيه شيء من ذلك إلا التعزير (سراج المنير ظ الخطيب الشربيني .

ഇസ്‌ലാമിക ധാർമ്മിക കാഴ്ചപ്പാടിൽ, തഅസീർ അർഹിക്കുന്ന അസാന്മാർഗ്ഗികതയാണ് ശവഭോഗം. അത് അവസാനിപ്പിക്കാൻ താക്കീത് മുതൽ ശാരീരിക ശിക്ഷ വരെ ആകാം.

മൃഗഭോഗത്തിനുള്ള ശിക്ഷയെന്താണ് ഇസ്‌ലാമിൽ?

മൃഗഭോഗം നിഷിദ്ധമാണെന്നു മുസ്‌ലിം സമുദായത്തിലെ എല്ലാ ചിന്താധാരകളും ഏകസ്വരത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു. (أَجْمَعَتِ الْأُمَّةُ عَلَى حُرْمَةِ إِتْيَانِ الْبَهَائِمِ തഫ്‌സീർ റാസി, തഫ്‌സീർ ഖത്തീബ് ശിർബീനി). അനുവാദത്തെ അതിക്രമിക്കുന്ന അസാന്മാർഗ്ഗികതയിൽ പെട്ട കാര്യമാണ് മൃഗഭോഗമെന്ന്, 23 / 7 വ്യാഖ്യാനിച്ചുകൊണ്ട് അല്ലാമാ സആലബി രേഖപ്പെടുത്തുന്നു: { هُمُ ٱلْعَادُونَ } يقتضي تحريمَ الزِّنا والاستمناءِ ومواقعةِ البهائم، وكُلُّ ذلك داخل في قوله: { وَرَآءَ ذَٰلِكَ } . ഖുർആനിൽ ഇത് സംബന്ധമായ പരാമർശങ്ങൾ കാണുന്നില്ലെങ്കിലും ഹദീസുകളിൽ വന്നിട്ടുള്ള ഗൗരവതരമായ വിലക്കുകളാണ് മൃഗഭോഗ നിരോധനത്തിന് നിദാനം. “മൃഗത്തെ ഭോഗിക്കുന്നവൻ ശപിക്കപ്പെട്ടവനാകുന്നു.” ملعون من وقع على بهيمة (ഇബ്‌നു അബ്ബാസ്/ അഹ്മദ്), “നാല് കൂട്ടർ, അല്ലാഹുവിന്റെ കോപത്തിൽ പുലരുന്നു; അവന്റെ കോപത്തിൽ അസ്തമിക്കുന്നു: സ്ത്രീ പ്രകൃതം നടിക്കുന്ന പുരുഷൻമാർ, പുരുഷ പ്രകൃതം നടിക്കുന്ന സ്ത്രീകൾ, മൃഗഭോഗികൾ, പുരുഷന്മാരെ ഭോഗിക്കുന്ന പുരുഷന്മാർ എന്നിവരാകുന്നു അവർ” أربعة يصبحون في غضب الله ويمسون في سخط الله قلت : من هم يا رسول الله ؟ قال : المتشبهون من الرجال بالنساء والمتشبهات من النساء بالرجال والذي يأتي البهيمة والذي يأتي الرجال (ത്വബ്റാനി) തുടങ്ങിയ ഹദീസുകളാകുന്നു മുഖ്യം. ഹദീസ് കൃതികളിലും ധർമ്മ ശിക്ഷണ കൃതികളിലും ‘മൃഗത്തെ പരിണയിക്കുന്നവൻ’ എന്ന അധ്യായത്തിൽ ഇതെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മൃഗ ഭോഗികൾക്കുള്ള ശിക്ഷ ഖുർആനിൽ വ്യക്തമാക്കുന്നില്ല. നബിയുടെ കാലത്ത് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ മൃഗഭോഗിക്കുള്ള ശിക്ഷ ഖണ്ഡിതമല്ല. എന്നാൽ, നബി ശിഷ്യന്മാരിൽ നിന്നും ലഭിച്ചിട്ടുള്ള അഭിപ്രായങ്ങൾ വ്യത്യസ്തമായതിനാൽ, മൃഗഭോഗിക്കുള്ള ശിക്ഷയിൽ കർമ്മ ശാസ്ത്രം ഭിന്ന വീക്ഷണത്തിലാണ്. പ്രമാണങ്ങളെ വിശകലനം ചെയ്തുകൊണ്ടിരിക്കെ, ഇമാം ശാഫിഈ പലസമയങ്ങളിലായി മൂന്നു നിലപാടുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. മൃഗഭോഗിക്ക് വ്യഭിചാരിയുടെ ശിക്ഷ നൽകണം എന്നതായിരുന്നു ഒരു നിലപാട്. അതായത്, വിവാഹിതനായ മൃഗഭോഗിയെ എറിഞ്ഞുകൊല്ലുകയും അവിവാഹിതനാണെങ്കിൽ നൂറടി നൽകി നാടുകടത്തുകയും വേണം. വ്യഭിചാരത്തോടു സമീകരിച്ചായിരുന്നു ഈ നിലപാട്. താബിഈ പ്രമുഖൻ ഹസൻ അൽ ബസ്വരിയുടെ നിലപാട് ഇതായിരുന്നു. മറ്റൊരിക്കൽ കൂടുതൽ രൂക്ഷമായ നിലപാടായിരുന്നു ഇമാം ശാഫിഈ എടുത്തത്: വിവാഹിതനായാലും അല്ലെങ്കിലും മൃഗഭോഗിയെ വധിക്കണം. ‘മൃഗത്തെ ഭോഗിച്ചവനെ വധിച്ചുകളയുക’ എന്ന നബിവചനം ഇബ്‌നു അബ്ബാസ് ഉദ്ധരിച്ചത് കണ്ടപ്പോഴായിരുന്നു ഈ നിലപാടിലെത്തിയത്. എന്നാൽ, പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരയിൽ ശങ്ക ജനിക്കുകയും, മറ്റു കർമ്മശാസ്ത്ര ധാരകളുടെ വക്താക്കളുടെ വീക്ഷണങ്ങൾ വിശകലനം ചെയ്യുകയും ചെയ്തപ്പോൾ, ഖണ്ഡിതമായ ശിക്ഷ പ്രഖ്യാപിക്കാതെ ‘തഅസീർ’ നടപ്പിലാക്കേണ്ട അസാന്മാർഗ്ഗികതയായി മൃഗഭോഗത്തെ പ്രഖ്യാപിക്കുകയായിരുന്നു. വ്യത്യസ്ത കർമ്മ ശാസ്ത്ര ധാരകളുടെ വക്താക്കളായ ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം സൗരി, ഇമാം അഹ്മദ് തുടങ്ങിയവർ ഇതേ അഭിപ്രായമാണ്‌ പ്രകടിപ്പിച്ചത്. സാധാരണ മനുഷ്യ വികാരം പ്രേരിപ്പിക്കുന്ന തിന്മകളെ സമൂലം ഇല്ലാതാക്കുവാനാണ് ശരീഅത്ത് ഹദ്ദ് ശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാൽ, മൃഗഭോഗം സാധാരണ മനുഷ്യരുടെ ശാരീരിക തൃഷ്ണ അല്ലെന്നതുകൊണ്ടാണ് അതിനു കൃത്യമായ ഹദ്ദ് ഇല്ലാതിരുന്നത് എന്നും ഇമാമുകൾ വ്യക്തമാക്കുന്നു. (ഇമാം റാസി / തഫ്‌സീർ ). أَجْمَعَتِ الْأُمَّةُ عَلَى حُرْمَةِ إِتْيَانِ الْبَهَائِمِ. وَلِلشَّافِعِيِّ رَحِمَهُ اللَّه فِي عُقُوبَتِهِ أَقْوَالٌ: أَحَدُهَا يَجِبُ بِهِ حَدُّ الزِّنَا فَيُرْجَمُ الْمُحْصَنُ وَيُجْلَدُ غَيْرُ الْمُحْصَنِ وَيُغَرَّبُ وَالثَّانِي: أَنَّهُ يُقْتَلُ مُحْصَنًا كَانَ أَوْ غَيْرَ مُحْصَنٍ. لِمَا رُوِيَ عَنِ ابْنِ عَبَّاسٍ رَضِيَ اللَّه عَنْهُمَا قَالَ قَالَ رَسُولُ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ: «مَنْ أَتَى بَهِيمَةً فَاقْتُلُوهُ وَاقْتُلُوهَا مَعَهُ» فَقِيلَ لِابْنِ عَبَّاسٍ: مَا شَأْنُ الْبَهِيمَةِ؟ فَقَالَ: مَا أَرَاهُ قَالَ ذَلِكَ إِلَّا أَنَّهُ كَرِهَ أَنْ يُؤْكَلَ لَحْمُهَا، وَقَدْ عُمِلَ بِهَا ذَلِكَ الْعَمَلُ. وَالْقَوْلُ الثَّالِثُ: وَهُوَ الْأَصَحُّ وَهُوَ قَوْلُ أَبِي حَنِيفَةَ وَمَالِكٍ وَالثَّوْرِيِّ وَأَحْمَدَ رَحِمَهُمُ اللَّه: أَنَّ عليه التعزير لِأَنَّ الْحَدَّ شُرِعَ لِلزَّجْرِ عَمَّا تَمِيلُ النَّفْسُ إِلَيْهِ، وَهَذَا الْفِعْلُ لَا تَمِيلُ النَّفْسُ إِلَيْهِ، .وَضَعَّفُوا حَدِيثَ ابْنِ عَبَّاسٍ رَضِيَ اللَّه عَنْهُمَا لِضَعْفِ إِسْنَادِهِ وَإِنْ ثَبَتَ فَهُوَ مُعَارَضٌ بِمَا رُوِيَ أَنَّهُ عَلَيْهِ السَّلَامُ نَهَى عَنْ ذَبْحِ الْحَيَوَانِ إِلَّا لِأَكْلِهِ

ചുരുക്കത്തിൽ, മുഹമ്മദ് നബിയുടെ കാലത്തും സ്വഹാബികളുടെ കാലത്തും മൃഗഭോഗ സംഭവം ഉണ്ടാവുകയോ അതിനുള്ള ശിക്ഷ നടപ്പാക്കുകയോ ചെയ്ത കാര്യം റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ, ശിക്ഷയുടെ കാര്യത്തിൽ ഭിന്ന വീക്ഷണം നിലനിൽക്കുന്നു. വധ ശിക്ഷ വേണമെന്ന് ഒരു വിഭാഗം. എന്ത് ശിക്ഷ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്ന് മറ്റൊരു വിഭാഗം.

وَقَدْ اخْتَلَفَ أَهْلُ الْعِلْمِ فِيمَنْ وَقَعَ عَلَى بَهِيمَةٍ، فَأَخْرَجَ الْبَيْهَقِيُّ عَنْ جَابِرِ بْنِ زَيْدٍ أَنَّهُ قَالَ: مَنْ أَتَى الْبَهِيمَةَ أُقِيمَ عَلَيْهِ الْحَدُّ. وَأَخْرَجَ أَيْضًا عَنْ الْحَسَنِ بْنِ عَلِيٍّ – رَضِيَ اللَّهُ عَنْهُمَا – أَنَّهُ قَالَ: إنْ كَانَ مُحْصَنًا رُجِمَ وَرُوِيَ أَيْضًا عَنْ الْحَسَنِ الْبَصْرِيِّ أَنَّهُ قَالَ: هُوَ بِمَنْزِلَةِ الزَّانِي، قَالَ الْحَاكِمُ: أَرَى أَنْ يُجْلَدَ وَلَا يُبْلَغَ بِهِ الْحَدُّ، وَهُوَ مُجْمَعٌ عَلَى تَحْرِيمِ إتْيَانِ الْبَهِيمَةِ، كَمَا حَكَى ذَلِكَ صَاحِبُ الْبَحْرِ. (نيل الاوطار )

ഇസ്‌ലാമിക ദൃഷ്ടിയിൽ തെറ്റായതും കൃത്യമായ ശിക്ഷ പ്രഖ്യാപിക്കാത്തതുമായ കാര്യങ്ങൾ തടയാൻ ‘ഉത്തരവാദപ്പെട്ട’വർക്ക് നൽകുന്ന ശിക്ഷാ അനുവാദമാണ് തഅസീർ. ഇതിന്റെ പരമാവധി നിലവിൽ നിയമമായിട്ടുള്ള വധം, അടി, നാടുകടത്തൽ തുടങ്ങിയ ഹദ്ദ് പരിധിയാണ്. പ്രസ്തുത അസാന്മാർഗ്ഗികത/ അധാർമികത അവസാനിപ്പിക്കാൻ കേവല താക്കീത് മതിയെങ്കിൽ അതാണ് ചുരുങ്ങിയ രൂപം. ഹദ്ദ് പരിധിയിൽ വരുന്ന ശിക്ഷ നടപ്പിലാക്കാൻ സ്ഥലത്തെ ഖലീഫ/അമീറിന് മാത്രമേ അധികാരമുള്ളൂ. ലളിത ശിക്ഷകൾ രക്ഷാധികാരിക്കും ഗുരുനാഥനും ചെയ്യാവുന്നതാണ്. ചുരുക്കത്തിൽ, ഇസ്‌ലാമിക ധാർമ്മിക കാഴ്ചപ്പാടിൽ, തഅസീർ അർഹിക്കുന്ന അസാന്മാർഗ്ഗികതയാണ് മൃഗഭോഗം.

നാല് സാക്ഷികൾ കൊണ്ട് സംഭവം സ്ഥിരീകരിക്കപ്പെടണം അല്ലെങ്കിൽ സ്വയം കുറ്റസമ്മതം നടത്തണം എന്നത് ഹദ്ദും തഅസീറും നടപ്പിലാക്കാൻ നിബന്ധനയുണ്ടെന്നു ശാഫിഈ കർമ്മ ശാസ്ത്രകാരനായ അല്ലാമാ ഇബ്‌നു ഹജർ അൽഹൈതമി രേഖപ്പെടുത്തുന്നു. (وَيُشْتَرَطُ لِلزِّنَا) وَاللِّوَاطِ وَإِتْيَانِ الْبَهِيمَةِ وَوَطْءِ الْمَيِّتَةِ (أَرْبَعَةُ رِجَالٍ) بِالنِّسْبَةِ لِلْحَدِّ أَوْ التَّعْزِيرِ لِقَوْلِهِ تَعَالَى {ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ} [النور: 4]

ഇസ്‌ലാമിലെ ലൈംഗികാനുവാദങ്ങൾ, വിലക്കുകൾ ചുരുക്കിപ്പറയാമോ?

പറയാം:

വിവാഹം ചെയ്ത ഇണകളെയും ‘വലതുകൈ ഉടമപ്പെടുത്തിയ’ ദാസികളെയും മാത്രമേ ഭോഗിക്കാൻ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഇവരുടെ പോലും ഗുദം ഭോഗിക്കുന്നത് ഇസ്‌ലാം കർശനമായി നിരോധിച്ചിരിക്കുന്നു. അതുപോലെ, ഇവരുടെ ആർത്തവ, പ്രസവാനന്തര നാളുകളിൽ ഭോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. സ്വയം ഭോഗം, അന്യരെ ഉപയോഗപ്പെടുത്തിയുള്ള മൈഥുനം, മൃഗഭോഗം, ശവഭോഗം, പരസ്ത്രീ/പരപുരുഷ ഭോഗം, സമയ ബന്ധിത കരാർ ഭോഗം (മുത്അ), സ്വവർഗ്ഗഭോഗം, കൂട്ടഭോഗം എന്നിവയെല്ലാം നിഷിദ്ധമാകുന്നു. ഇവയിൽ ചിലത് മറ്റു ചിലതിനേക്കാൾ ഗൗരവമേറിയ നിഷിദ്ധങ്ങളാണ്. ഇസ്‌ലാം സുരക്ഷിതമായിരിക്കണമെന്നാഗ്രഹിക്കുന്ന വിവിധ കാര്യങ്ങൾ പരിഗണിച്ച് ഇവയുടെ ശിക്ഷകൾക്കും വ്യത്യാസമുണ്ട്. ഇവയോടുള്ള ഖുർആൻ ഹദീസുകളുടെ ഗൗരവ സമീപനവും മൗനവും ശിക്ഷയുടെ ഗൗരവലാഘവങ്ങളെ ബാധിക്കുന്നു.

വിശുദ്ധ ഖുർആനിലെ സൂറ 23 സൂക്തം 5 -7 ലൈംഗിക ഭോഗത്തിനുള്ള അനുവാദം വ്യക്തമാക്കുന്നു: “തങ്ങളുടെ ഗുഹ്യ അവയവങ്ങളെ ദോഷമുക്തമായി കാത്തുസൂക്ഷിക്കുന്നവരുമത്രെ അവർ(വിജയികളായ സത്യവിശ്വാസികൾ). തങ്ങളുടെ ഇണകളുമായോ, വലതുകരം അധീനപ്പെടുത്തിയവരുമായോ ഉള്ള ലൈംഗിക ബന്ധത്തിനൊഴികെ. ഇവരെ ഭോഗിക്കുന്നത് ആക്ഷേപാർഹമല്ല. എന്നാൽ അതിനപ്പുറം ലൈംഗിക സുഖം തേടുന്നവർ, അവർ തന്നെയാണ് അതിക്രമകാരികൾ”. وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ*إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ*فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ﴾[المؤمنون: 5-7]

സൂക്തത്തിൽ നൽകിയിട്ടുള്ള അനുവാദത്തിൽ, ഇണകളുടെയും ദാസികളുടെയും ഗുദം ഉൾപ്പെടില്ലെന്ന്‌, പ്രഥമ ഖുർആൻ അധ്യാപകനും വ്യാഖ്യാതാവുമായ മുഹമ്മദ് നബി വ്യക്തമാക്കിയിരിക്കുന്നു. ആർത്തവ സമയത്ത്, അവരെ പ്രയാസപ്പെടുത്തലായതിനാൽ, ലിംഗഭോഗം ഒഴിവാക്കണമെന്ന് വിശുദ്ധ ഖുർആൻ അൽബഖറ 222 ഉദ്‌ബോധനം ചെയ്തു; സഹശയനമോ മറ്റു ശരീര ഭാഗങ്ങളിലെ ആസ്വാദനമോ ഒഴിവാക്കേണ്ടതില്ലെന്ന് തിരുനബി വ്യക്തമാക്കി; ലിംഗാസ്വാദനത്തിലേക്ക് വഴുതിപ്പോകാതിരിക്കാൻ തുടമുതൽ പൊക്കിൾ വരെ ആസ്വാദനം ഒഴിവാക്കാൻ കർമ്മ ശാസ്ത്ര പണ്ഡിതർ കരുതൽ വിലക്ക് പ്രഖ്യാപിച്ചു.

വ്യഭിചാരത്തെ നിഷിദ്ധമായി പ്രഖ്യാപിക്കുന്നതും അതിനുള്ള ഭൗതിക ശിക്ഷാ നടപടികൾ വിവരിക്കുന്നതുമായ നിരവധി സൂക്തങ്ങൾ ഖുർആനിലും, അവയുടെ വിശദ വിവരങ്ങളും നടപടിക്രമങ്ങളും ഹദീസുകളിലും വന്നിട്ടുണ്ട്. വംശശുദ്ധിയും കുടുംബഭദ്രതയും കാത്തുസൂക്ഷിക്കുകയാണ് വ്യഭിചാര നിരോധനത്തിലൂടെ. പുരുഷന്മാർ തമ്മിലുള്ള ഭോഗത്തെ നിരോധിക്കുകയും, മാനവ ചരിത്രത്തിൽ ഈ സംസ്കാരശൂന്യത ഇദംപ്രഥമമായി പരസ്യമായി കാണിച്ച സദൂം പ്രദേശത്തുകാരുടെ ദുരന്തസമാപനചരിത്രം വിവരിക്കുകയും ചെയ്യുന്ന നിരവധി സൂക്തങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം. സംസ്കാര ശൂന്യത, വൃത്തിഹീനത, ലക്ഷ്യം തെറ്റിയുള്ള ദുരുപയോഗവും ദുർവിനിയോഗവും തുടങ്ങിയ മാനങ്ങളാണ് ഇവിടെ പരിഗണിക്കപ്പെട്ടിട്ടുള്ളത്.

സ്ത്രീകളെ തികഞ്ഞ അശ്ലീലതകള്‍ക്കു പ്രേരിപ്പിക്കുന്ന പല ഉപദേശങ്ങളും ഹദീഥ് ഗ്രന്ഥങ്ങളില്‍, നബിക്കു ലഭിച്ച ദൈവിക വെളിപാടുകളായി ഇന്നും രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നതു കാണാം. സുഹൈലിന്റെ മകള്‍ സഹ്‌ല എന്ന സ്ത്രീയോട് സാലിം എന്ന പരപുരുഷനെ മുലയൂട്ടി മകനായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട ഹദീഫുകള്‍ സ്വഹീഹു മുസ്‌ലിമില്‍ വരെ കാണാം. ഈ പ്രവാചകോപദേശം സ്വീകരിക്കാന്‍ മാന്യതയുള്ള മുസ്‌ലിം സ്ത്രീകള്‍ക്കു സാധിക്കുമോ? മാത്രമല്ല പ്രവാചക പത്‌നി ആഇശ ഇത്തരത്തില്‍ പരപുരുഷന്മാരെ മുലയൂട്ടാറുണ്ടായിരുന്നുവെന്നും പലപ്പോഴും ആഇശയുടെ അരികില്‍ പരപുരുഷന്മാരെ കാണുക വഴി നബിക്കുതന്നെ അതില്‍ അനിഷ്ടമുണ്ടാവുകയും ചെയ്തിരുന്നു എന്ന് സ്വഹീഹ് മുസ്‌ലിമിലെ 1455-ാം ഹദീഥായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വയം ചെയ്തിരുന്നു എന്നു മാത്രമല്ല തന്റെ സഹോദര-സഹോദരി പുത്രിമാരോട് അപ്രകാരം ചെയ്യാന്‍ ആഇശ ഉപദേശിക്കുമായിരുന്നു എന്നു കൂടി ഹദീഥ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുതിര്‍ന്ന പുരുഷന്മാരുടെ മുലകുടിയെന്ന വചനവും (ആദ്യകാലത്ത് ക്വുര്‍ആനില്‍) അവതരിപ്പിക്കപ്പെട്ടിരുന്നെന്നും അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നെന്നും ദൈവദൂതന്‍ മരണപ്പെട്ടപ്പോള്‍, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കടിയിലായിരുന്ന സന്ദര്‍ഭത്തില്‍ ഒരു ആട് അകത്ത് കടന്ന് അത് തിന്നുകളഞ്ഞു എന്നും ആഇശയില്‍ നിന്ന് സുനനു ഇബ്‌നുമാജയും മുസ്‌നദ് അഹ്‌മദും ഉദ്ദരിച്ചിട്ടുണ്ട്. സ്ത്രീകളെക്കൊണ്ട് പരപുരുഷന്മാര്‍ക്ക് മുലയൂട്ടുന്ന നടപടിയാണോ ഇസ്‌ലാം പഠിപ്പിച്ച ധാര്‍മ്മികത?

അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കോര്‍ത്തിണക്കി നെയ്‌തെടുത്ത ഒരു വ്യാജപ്രചരണമാണിത്. തെറിവിളികള്‍ക്കും പരമതനിന്ദക്കും ‘വിമര്‍ശനം’ എന്നുപേരിട്ട് വൈജ്ഞാനിക രംഗത്ത് കൃത്രിമ മേല്‍വിലാസമുണ്ടാക്കി വെറുപ്പുകച്ചവടം നടത്താനുള്ള കുടില വ്യഗ്രത മാത്രമാണ് പ്രസ്തുത ആരോപണങ്ങള്‍ക്കു പിന്നിലുള്ളത്. ‘ദൈവസ്‌നേഹം’ നെറ്റിയിലൊട്ടിച്ച് പരമത വിദ്വേഷം ഹൃദയത്തില്‍ ഒളിപ്പിച്ചുവെച്ച ചില മിഷണറി നുണ ഫാക്ടറികള്‍ നിര്‍മ്മിച്ച ഈ നബിനിന്ദാ പ്രചരണം, യുക്തിവാദികളും ഫെമിനിസ്റ്റുകളും ഫാഷിസ്റ്റുകളുമെല്ലാം മൊത്തമായും ചില്ലറയായും വിപണനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രസ്തുത ആരോപണം ഇഴയടര്‍ത്തി പരിശോധിക്കേണ്ടിയിരിക്കുന്നു.

അറബികള്‍ക്കിടയില്‍ ബന്ധം സ്ഥാപിതമാകാനുള്ള കാരണങ്ങള്‍ നാലെണ്ണമായിരുന്നു; പ്രസവം, വിവാഹം, മുലകുടി, ദത്തെടുക്കല്‍. ഇതില്‍ ദത്തെടുക്കല്‍, ബന്ധം സ്ഥാപിതമാകാനുള്ള കാരണങ്ങളില്‍ നിന്നും ഇസ്‌ലാം ഒഴിവാക്കിയപ്പോഴാണ് സാലിമിന്റെ(റ) വിഷയത്തിലുള്ള പ്രശ്‌നം ഉണ്ടാകുന്നത്. അഥവാ അബൂഹുദൈഫഃ(റ)യുടെയും സഹ്‌ല(റ)യുടെയും ദത്തുപുത്രനായിരുന്നു സാലിം (റ). ഇസ്‌ലാം ദത്തുപുത്ര സമ്പ്രദായത്തിനു അറുതിവരുത്തിയപ്പോള്‍ ഇന്നലെവരെ തന്റെ മകനായി ജീവിച്ച സാലിം, സഹ്‌ല എന്ന വളര്‍ത്തു മാതാവിന് അന്യപുരുഷനായി മാറി. ഇതില്‍ തീവ്ര ദുഃഖമറിയിച്ചുകൊണ്ട് അവര്‍ പ്രവാചകനെ(സ) സമീപിക്കുകയുണ്ടായി. പ്രസ്തുത ചരിത്ര നിമിഷങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ നിന്നും നമുക്കു വായിച്ചെടുക്കാം. ആഇശ (റ) നിവേദനം: സുഹൈലിന്റെ മകള്‍ സഹ്‌ല ഒരിക്കല്‍ നബി(സ)യുടെ അരികില്‍ വന്നുപറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, സാലിം എന്റെ അടുത്ത് പ്രവേശിക്കുന്നതില്‍ അബൂഹുദൈഫഃയുടെ (സഹ്‌ലയുടെ ഭര്‍ത്താവാണ് അബൂഹുദൈഫഃ) മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: ‘അയാള്‍ക്കു നീ മുലപ്പാല്‍ കൊടുക്കുക’. അവള്‍ ചോദിച്ചു ‘അയാള്‍ വലിയ മനുഷ്യനാണല്ലോ എങ്ങനെ ഞാന്‍ മുലപ്പാല്‍ കൊടുക്കും?!’. അപ്പോള്‍ നബി (സ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘അയാള്‍ വലിയ മനുഷ്യനാണെന്നു എനിക്കറിയാം. (സ്വഹീഹു മുസ്‌ലിം 1453)

മുസ്‌ലിമിന്റെ തന്നെ മറ്റൊരു നിവേദനം ഇപ്രകാരമാണ്. ”അബൂഹുദൈഫഃ(റ)യുടെ അടിമ സാലിം (റ), അബൂഹുദൈഫഃയുടെയും കുടുംബത്തിന്റെയും കൂടെ അവരുടെ വീട്ടിലായിരുന്നു താമസം. സുഹൈലിന്റെ മകള്‍ നബി(സ)യുടെ അടുത്ത് വന്നു പറഞ്ഞു: ‘തീര്‍ച്ചയായും സാലിമിന്നു സാധാരണ പുരുഷന്മാരാകുന്ന നിലയില്‍ ബുദ്ധിയും പ്രായവും തികഞ്ഞിട്ടുണ്ട്. അവന്‍ ഞങ്ങളുടെ അടുത്ത് കടന്നുവരാറുണ്ട്. അബൂഹുദൈഫഃയുടെ മനസ്സില്‍ അതില്‍ വെറുപ്പുള്ളതായി എനിക്ക് തോന്നുന്നു’. അപ്പോള്‍ നബി (സ) പറഞ്ഞു: ‘നീ അയാള്‍ക്ക് മുലപ്പാല്‍ കൊടുക്കുക. എന്നാല്‍ അയാള്‍ അടുത്ത ബന്ധുവായിത്തീരും. അബൂഹുദൈഫഃയുടെ മനസ്സില്‍ വെറുപ്പും ഇല്ലാതാകും’. അവള്‍ വീണ്ടും നബി(സ)യുടെ അരികെ വന്നു പറഞ്ഞു: ‘ഞാന്‍ അയാള്‍ക്ക് മുലപ്പാല്‍ കൊടുത്തു. അങ്ങനെ അബൂഹുദൈഫഃയുടെ മനസ്സില്‍ വെറുപ്പ് ഇല്ലാതാകുകയും ചെയ്തു’. (സ്വഹീഹു മുസ്‌ലിം)

ഈ ഹദീഥുകള്‍ മനസ്സിലാക്കിത്തരുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം

1) അബൂഹുദൈഫഃ(റ)യുടെ മോചിത അടിമയായ സാലിമി(റ)നെ നന്നെ ചെറുപ്പത്തില്‍ തന്നെ അബൂഹുദൈഫ-സഹ്‌ല ദമ്പതിമാര്‍ ദത്തുപുത്രനായി സ്വീകരിക്കുകയും സ്വപുത്രന്റെ സ്ഥാനം നല്‍കി വളര്‍ത്തുകയും ചെയ്തു. 2) ഇസ്‌ലാം ദത്തുപുത്രസമ്പ്രദായം അവസാനിപ്പിച്ചതോടെ, മതപരമായി സാലിം(റ) ആ കുടുംബത്തിന് മകനല്ലാതായിത്തീരുകയും, വളര്‍ത്തു മാതാവാണെങ്കിലും സഹ്‌ല(റ)യെ സംബന്ധിച്ച് സാലിമി(റ)നുമേല്‍ അന്യപുരുഷന്റെ വിധി ബാധകമാവുകയും ചെയ്തു. 3) വളര്‍ത്തുപുത്രനാണെങ്കിലും മതപരമായി അന്യപുരുഷന്റെ വിധി ബാധകമായ ഒരാള്‍, തന്റെ ഭാര്യയെ സന്ദര്‍ശിക്കുന്നതും അവരുടെ അടുക്കല്‍ പ്രവേശിക്കുന്നതും ഭര്‍ത്താവായ അബൂഹുദൈഫഃ(റ)യില്‍ വെറുപ്പുളവാക്കി. 4) മകന്റെ സ്ഥാനം നല്‍കി താന്‍ വളര്‍ത്തിയ ഒരാളെ ഒരു നിമിഷം കൊണ്ട് അന്യനെപ്പോലെ ഒഴിവാക്കുവാന്‍ സഹ്‌ല(റ)യുടെ മാതൃഹൃദയം അവരെ അനുവദിച്ചില്ല. അതിനാല്‍ തങ്ങളുടെ കാര്യത്തില്‍ ഒരു പോംവഴി തേടിക്കൊണ്ട് നീറുന്ന ഹൃദയവുമായി അവള്‍ പ്രവാചക(സ)ന്റെ അരികിലെത്തി. 5) അവരുടെ പ്രശ്‌നത്തിനു പരിഹാരമായി ‘സാലിമിന് മുലപ്പാല്‍ നല്‍കാനും അങ്ങനെ സ്വപുത്രനെ പോലെ സ്വീകരിക്കുവാനും’ പ്രവാചകന്‍ (സ) അവര്‍ക്ക് ഇളവുനല്‍കി. അതോടെ അബൂഹുദൈഫഃ(റ)യുടെ മനസ്സില്‍നിന്നും ആ വെറുപ്പ് ഇല്ലാതാവുകയും ചെയ്തു.

സാലിം എന്ന മുതിര്‍ന്ന ആണ്‍കുട്ടിക്ക് മുലപ്പാല്‍ നല്‍കി മകനായി സ്വീകരിക്കുവാന്‍ സഹ്‌ലയോട് നിര്‍ദ്ദേശിച്ചതാണ്, പ്രവാചകനെ പെണ്‍വിരുദ്ധനും സ്ത്രീകളെ അശ്ലീലതകള്‍ക്കു പ്രേരിപ്പിച്ച വ്യക്തിത്വമായും മുദ്ര കുത്താന്‍ വിമര്‍ശകരെ പ്രേരിപ്പിക്കുന്ന ഘടകം. വസ്തുതകള്‍ പലതും മറച്ചുപിടിച്ചുകൊണ്ടാണ് ഈ വിമര്‍ശനം നെയ്‌തെടുത്തിരിക്കുന്നത്. ‘മുലപ്പാല്‍ നല്‍കുക’ എന്നു പറഞ്ഞതിനെ ‘പാല്‍ കുടിക്കാന്‍ സ്തനം നല്‍കുക’ എന്ന്, അശ്ലീല ഭാവനകള്‍ കൊണ്ട് ലൈംഗിക ഛായം പൂശുകയാണ് വാസ്തവത്തില്‍ വിമര്‍ശകന്മാര്‍ ചെയ്തിരിക്കുന്നത്. ‘ബാബു രിദ്വാഅത്തില്‍ കബീരി’ അഥവാ വലിയവരുടെ രിദ്വാഅഃ (മുലപ്പാല്‍ കുടിക്കല്‍) എന്ന അദ്ധ്യായങ്ങള്‍ക്കു കീഴിലാണ് പ്രസ്തുത ഹദീഥുകല്‍ ഉദ്ദരിക്കപ്പെട്ടിരിക്കുന്നത്. രിദ്വാഅഃ (الرضاعة) എന്ന പദം സ്ത്രീയുടെ മുലപ്പാല്‍ സ്തനത്തില്‍ നിന്ന് നേരിട്ട് ഈമ്പിക്കുടിക്കുന്ന രീതിക്കു മാത്രമാണോ അറബി ഭാഷയില്‍ ഉപയോഗിക്കുന്നത്? അല്ല എന്നതാണ് വസ്തുത. പക്ഷേ ആ വസ്തുതകളൊന്നും കാണാന്‍ വിമര്‍ശകര്‍ തയ്യാറല്ല. തയ്യാറായാല്‍ ഈ അശ്ലീല ഭാവനകള്‍ക്കൊന്നും നിലനില്‍പ്പുണ്ടാവില്ലെന്ന് അവര്‍ക്ക് നല്ലപോലെ അറിയാം.

എന്താണ് രിദ്വാഅഃ? (الرضاعة)

ഒരു സ്ത്രീയുടെ മുലപ്പാല്‍ മറ്റൊരാളുടെ അല്ലെങ്കില്‍ കുഞ്ഞിന്റെ വയറ്റില്‍ എത്തുക എന്നതിനെയാണ് ഇര്‍ദ്വാഅ് (الارضاع), രിദ്വാഅഃ (الرضاعة) എന്നൊക്കെ പറയുന്നത്. അതാകട്ടെ പല രീതിയിലും നടക്കാം. സ്ത്രീയുടെ മുലപ്പാല്‍ സ്തനത്തില്‍ നിന്ന് നേരിട്ട് ഈമ്പിക്കുടിക്കുന്ന രീതി അഥവാ ‘മസ്വ്’ (المص), സ്തനം സ്പര്‍ശിക്കാതെ കുട്ടിയുടെ വായിലേക്ക് പാല്‍ ചുരന്ന് ഒഴുക്കുന്ന രീതി അഥവാ ‘സ്വബ്ബ്’ (الصب), സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് തളികയിലാക്കി കുട്ടിയുടെ തൊണ്ടയിലേക്ക് ചൊരിയുന്ന രീതി അഥവാ ‘വുജൂര്‍’ (الوجور), സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് തളികയിലാക്കി കുട്ടിയുടെ നാസദ്വാരത്തില്‍ ഒഴിക്കുന്ന രീതി അഥവാ ‘സുഊത്വ്’ (السعوط), സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പൈപ്പിലൂടെയോ, സിറിഞ്ചിലൂടെയോ കുട്ടിക്കു നല്‍കുന്ന രീതി അഥവാ ‘ഹിക്‌നത്ത്’ (الحقنة). ഈ ഏത് രീതിയിലും മുലപ്പാല്‍ നല്‍കുന്നതിനും ഇസ്‌ലാമിലെ സാങ്കേതിക പദവും കര്‍മ്മശാസ്ത സംജ്ഞ്യയുമായ ‘രിദ്വാഅഃ’ എന്ന് പറയുമെന്ന് പൗരാണികരായ അറബി ഭാഷാ പണ്ഡിതരും സര്‍വ്വ മദ്ഹബുകളിലും പെട്ട കര്‍മ്മശാസ്ത്ര വിശാരദന്മാരും വ്യക്തമാക്കിയിട്ടുണ്ട്. (മുഖ്തസറു ഖലീല്‍: 162, മവാഹിബുല്‍ ജലീല്‍: 4/178, ശര്‍ഹുല്‍ കബീര്‍: 2/502, മന്‍ഹുല്‍ ജലീല്‍: 4/371, അല്‍ ഫവാകിഹുദ്ദവാനി: 2/54, മുഗ്നി അല്‍ മുഹ്താജ്: 3/414, ഫത്ഹുല്‍ വഹാബ്: 2/194, അസ്സിറാജുല്‍ വഹ്ഹാജ്: 460, അല്‍ മുബ്ദിഅ് 8/160, ശര്‍ഹു മുന്‍തഹല്‍ ഇറാദത്ത്: 3/213, കശ്ശാഫുല്‍ കനാഅ്- 5: 442, മതാലിബു ഉലിന്നുഹ- 5: 596, അല്‍ ബഹ്‌റു റാഇഖ്- 3: 238, മജ്മഉല്‍ അന്‍ഹുര്‍ : 1/551) (ഉദ്ദരണം: ഡോ. രിയാദ് മിശ്അലിന്റെ ലേഖനത്തില്‍ നിന്ന് Midad Al-Adab Refereed Quarterly journal : Vol.1 : Issue 1 : Article 10, ഇറാക് സര്‍വ്വകലാശാല)

പൗരാണിക ഭാഷാ പണ്ഡിതനായ ഇബ്‌നു മന്‍ളൂര്‍ (ജനനം: ഹിജ്‌റ 630) തന്റെ അറബി നിഘണ്ഡുവായ ‘ലിസാനുല്‍ അറബി’ല്‍ (2/92) പറഞ്ഞു: ”സ്തനത്തില്‍ നിന്ന് നേരിട്ട് മുലയൂട്ടുന്നത് വിവാഹബന്ധം നിഷിദ്ധമാക്കുന്നത് പോലെ തന്നെ സ്ത്രീയുടെ സ്തനത്തില്‍ നിന്ന് നേരിട്ടല്ലാതെ പാല്‍ ചുരന്നെടുത്ത് കുട്ടിയെ കുടിപ്പിക്കുന്നതും (രിദ്വാഅഃ ആയതിനാല്‍) വിവാഹബന്ധം നിഷിദ്ധമാക്കുന്നതാണ്. സ്തനത്തില്‍ നിന്ന് വേറിട്ടതിനാല്‍ അത് രിദ്വാഅഃ ആകാതിരിക്കുന്നില്ല.”

അപ്പോള്‍ ഭാഷാപരമായി പോലും രിദ്വാഅഃ എന്നു പറഞ്ഞാല്‍, സ്ത്രീയുടെ മുലപ്പാല്‍ സ്തനത്തില്‍ നിന്ന് നേരിട്ട് ഈമ്പി കുടിക്കുന്ന രീതിയാകണം എന്നില്ല. പ്രവാചകന്‍ (സ) സഹ്‌ലയോട് പറഞ്ഞതാകട്ടെ ‘അവന് മുലപ്പാല്‍ നല്‍കുക’ അര്‍ദ്വഈഹി (ارضعيه) എന്നാണ്. അല്ലാതെ നിന്റെ സ്തനം അവന് കുടിക്കാന്‍ കൊടുക്കുക എന്നല്ല. സഹ്‌ല-സാലിം സംഭവം കേവലം ഇസ്‌ലാംവിരോധികളുടെ മ്ലേഛമായ ഭാവനാവിലാസങ്ങള്‍ക്കപ്പുറം, യാതൊരു ആധികാരികതയുമില്ലാത്ത ദുരാരോപണം മാത്രമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ്, പൂര്‍വ്വകാലം മുതല്‍ മുസ്‌ലിം പണ്ഡിതന്മാര്‍ പ്രസ്തുത ഹദീഥുകള്‍ക്കു നല്‍കിയ വ്യാഖ്യാനം. അതിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

ഇമാം ഇബ്‌നു കുതൈബ (ജനനം: ഹിജ്‌റ: 213) പറഞ്ഞു: ”പ്രവാചകന്‍ (സ) സഹ്‌ലയോട് പറഞ്ഞത് ‘അവന് മുലപ്പാല്‍ നല്‍കുക'(ارضعيه) എന്നാണ്. നിന്റെ സ്തനം അവന് കുടിക്കാന്‍ കൊടുക്കുക എന്ന് (പ്രവാചകന്‍) ഊദ്ദേശിച്ചിട്ടേ ഇല്ല. നിന്റെ പാല്‍ ചുരന്നെടുത്ത് തളികയിലാക്കി കുറച്ച് അവനെ കുടിപ്പിക്കുക എന്നേ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളൂ. അതല്ലാതെ സ്തനത്തില്‍ നിന്ന് നേരിട്ട് കുടിക്കല്‍ അനുവദനീയമല്ല. കാരണം സഹ്‌ലയുടെ സ്തനത്തിലേക്ക് നോക്കുന്നത് തന്നെ സാലിമിന് നിഷിദ്ധമാണ്. പിന്നെയെങ്ങനെ നിഷിദ്ധമായ ഒരു കാര്യം പ്രവാചകന്‍ അദ്ദേഹത്തിന് അനുവദിച്ച് കൊടുക്കും!” (തഅ്‌വീലു മുക്തലിഫില്‍ ഹദീഥ്: 1/437) ഇതേ വ്യാഖ്യാനം തന്നെ ഇമാം ക്വാള്വീ ഇയാള്വും (ജനനം: ഹിജ്‌റ: 476) ആവര്‍ത്തിക്കുന്നതു കാണാം (ശര്‍ഹുന്നവവി അലാ സ്വഹീഹു മുസ്‌ലിം : 10/30,31)

ഇമാം മാവര്‍ദി (ജനനം : ഹിജ്‌റ : 364) പറയുന്നു: ”സാലിമിന്റെ വിഷയത്തില്‍ സ്തനത്തില്‍ നിന്ന് മുലപ്പാല്‍ ഊട്ടിയെന്ന പ്രസ്താവന ഒന്നും തന്നെയില്ല എന്നത് സുവിദിതമാണ്. അതുകൊണ്ട് തന്നെ പ്രവാചകന്‍ ഉദ്ദേശിച്ചത് ‘വുജൂര്‍’ (الوجور സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് തളികയിലാക്കി കുട്ടിയുടെ തൊണ്ടയില്‍ ചൊരിയുന്ന രീതി) ആണെന്ന് സ്ഥാപിതമാകുന്നു” (അല്‍ ഹാവി അല്‍അല്‍ കബീര്‍ : 11/372)

ഇബ്‌നു അബ്ദുല്‍ ബിര്‍റ് (ജനനം: ഹിജ്‌റ: 368) പറഞ്ഞു: ”മുതിര്‍ന്നവരുടെ മുലകുടി എന്നാല്‍ പാല്‍ പാത്രത്തില്‍ ചുരന്ന് അതില്‍ നിന്ന് കുടിപ്പിക്കലാണ്. എന്നാല്‍ കുട്ടികള്‍ക്ക് നല്‍കുന്നതുപോലെ സ്തനത്തില്‍ നിന്ന് നേരിട്ട് കുടിപ്പിക്കല്‍ മുതിര്‍ന്നവരുടെ കാര്യത്തില്‍ നിഷിദ്ധമാണ് എന്ന് പണ്ഡിതസംഘം വ്യക്തമാക്കിയിട്ടുണ്ട്” (അത്തംഹീദ്: 8/257, അല്‍ ഇസ്തിദ്കാര്‍: 6/255)

ആധുനിക കാലഘട്ടത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ ‘മുലയൂട്ടല്‍’ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ അതെല്ലാം ‘വ്യാഖ്യാന ഫാക്ടറികള്‍’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ഇസ്‌ലാംവിരോധികള്‍ക്ക്, നൂറ്റാണ്ടുകള്‍ക്കു മുമ്പേ പൂര്‍വ്വകാല മുസ്‌ലിം പണ്ഡിതന്മാര്‍ പ്രസ്തുത വിഷയത്തില്‍ നല്‍കിയ ഈ മറുപടികളെപ്പറ്റി എന്തു പറയാനുണ്ട്?!. മിഷണറി നുണഫാക്ടറികളില്‍ ‘മുലയൂട്ടല്‍’ വിവാദം നിര്‍മ്മിച്ചെടുക്കപ്പെടുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇമാം ഇബ്‌നു കുതൈബയും, ഇമാം ക്വാള്വീ ഇയാള്വും, ഇമാം മാവര്‍ദിയും, ഇബ്‌നു അബ്ദുല്‍ ബിര്‍റുമെക്കെ ഈ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞതെന്ന വസ്തുതയെങ്കിലും ഇസ്‌ലാം വിരോധം കൊണ്ട് അന്ധത ബാധിച്ചവരുടെ കണ്ണുകള്‍ തുറപ്പിച്ചിരുന്നെങ്കില്‍!! പണ്ഡിത വ്യാഖ്യാനങ്ങള്‍ മാത്രമല്ല ചരിത്ര രേഖകളും പ്രസ്തുത ‘മുലപ്പാല്‍ നല്‍കല്‍’ അപ്രകാരമായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്. ‘ഒരു പാത്രത്തില്‍ മുലപ്പാല്‍ ചുരന്നൊഴിച്ച് എല്ലാ ദിവസവും സാലിം കുടിച്ചു കൊണ്ടിരുന്നുവെന്നും അതിനു ശേഷമാണ് സഹ്‌ലയുടെ വീട്ടില്‍ പ്രവേശിച്ചത്’ എന്നും ചില ചരിത്ര നിവേദനങ്ങള്‍ കാണാം. (ത്വബകാത്തു ഇബ്‌നു സഅ്ദ്: 8/271, ശര്‍ഹു സര്‍ക്കാനി : 3/316)

അശ്ലീല ഭാവനകള്‍ കൊണ്ട് പ്രവാചക ജീവിതത്തിനുമേല്‍ ലൈംഗിക ഛായം പൂശുവാന്‍ വെമ്പല്‍ കൊള്ളുന്ന ഇസ്‌ലാംവിരോധികള്‍ നബി(സ)യില്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഈ ഹദീഥെങ്കിലും ഒന്നു പരിഗണിച്ചിരുന്നെങ്കില്‍ അവരുടെ വായകൊണ്ട് ഇത്ര ഗുരുതരമായ അപവാദം പറയാന്‍ ഒന്നു മടിക്കുമായിരുന്നു. നബി(സ) പറഞ്ഞു: ”നിന്റെ തലയില്‍ ഇരുമ്പിന്റെ സൂചികൊണ്ട് കുത്തി തറക്കുന്നതാണ് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനേക്കാള്‍ നിനക്ക് നല്ലത്” (അല്‍ മുഅ്ജമുല്‍ കബീര്‍: ത്വബ്‌റാനി: 20:211) അന്യസ്ത്രീകളെ സ്പര്‍ശിക്കുന്നതിനേക്കാള്‍ നല്ലത് തലയില്‍ ഇരുമ്പുസൂചി കുത്തി തറക്കുന്നതാണെന്നു പഠിപ്പിച്ച ഒരു വിശുദ്ധ വ്യക്തിത്വത്തിനുമേല്‍, പരപുരുഷന്മാരെ മുലയൂട്ടാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചെന്ന അപവാദം പറഞ്ഞു പ്രചരിപ്പിച്ചവര്‍ ദൈവത്തിന്റെ ‘കുഞ്ഞാടാ’വാന്‍ എന്തുകൊണ്ടും യോഗ്യരാണ്?!.

വിമര്‍ശകരുടെ കാപട്യം

വിമര്‍ശനവിധേയമായ ഹദീഥുകളുമായി ബന്ധപ്പെട്ട് മ്ലേച്ഛഭാവനകളുടെ മേച്ചില്‍പ്പുറങ്ങള്‍ തേടിയിറങ്ങിയ ഇസ്‌ലാംവിരോധികള്‍ ബോധപൂര്‍വ്വം മറച്ചുപിടിച്ച ചില വസ്തുതകള്‍ കൂടി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. 1) ഹദീഥുകളില്‍ പരാമര്‍ശിക്കപ്പെട്ട ഈ ഇളവ് കേവലം സാലിമിന്റെ വിഷയത്തില്‍ മാത്രം പരിമിതമാണ്. അതൊരു പൊതുവിധിയല്ലെന്നര്‍ത്ഥം. അതിനാല്‍ സഹ്‌ലയല്ലാത്ത ഒരു മുസ്‌ലിം സ്ത്രീക്കും ആ ഇളവ് ബാധകമല്ല. ‘മുഹമ്മദ് നബി(സ)യുടെ ഈ അദ്ധ്യാപനം പിന്‍പറ്റാന്‍ മാന്യതയുള്ള മുസ്‌ലിം സ്ത്രീകള്‍ക്കു സാധിക്കുമോ’ എന്നു ചോദിക്കുന്നവരുടെ ആശങ്കകള്‍ അടിസ്ഥാന രഹിതമാണ്. സ്വഹീഹു മുസ്‌ലിമില്‍ തന്നെ ആ ഇളവ് സാലിമിന് മാത്രമുള്ളതാണെന്ന് വ്യക്തമാക്കുന്ന നിവേദം കാണാവുന്നതാണ്. പ്രവാചക പത്‌നി ഉമ്മുസലമ (റ) പറയാറുണ്ടായിരുന്നു: ”ആ നിലക്ക് മുലകുടി ബന്ധത്തിലുള്ള (രണ്ടു വയസ്സിനുള്ളില്‍ മുലകുടി ബന്ധം സ്ഥാപിതമായിട്ടില്ലാത്ത) ഒരാളും നബി (സ) യുടെ ഭാര്യമാരുടെ അരികെ പ്രവേശിക്കുന്നതിനെ അവര്‍ വിസമ്മതിച്ചിരുന്നു. അവര്‍ ആഇശ(റ)യോട് പറഞ്ഞു: ‘ഇത് സാലിമിന്നു മാത്രമായി റസൂല്‍ (സ) പറഞ്ഞ ഒരു ഇളവാകുന്നു. അതിനാല്‍ ആ നിലക്ക് മുലകുടി ബന്ധമുള്ള ഒരാളും നമ്മുടെ അടുത്ത് പ്രവേശിക്കേണ്ടതില്ല. നമ്മളെ കാണുകയും ചെയ്യേണ്ട.” (സ്വഹീഹു മുസ്‌ലിം: 1454, മുസ്‌നദു അഹ്‌മദ്: 26660, സുനനു അബൂദാവൂദ്: 2061)

2) തന്റെ ഭാര്യയുടെ അടുത്ത് വളര്‍ത്തുപുത്രന്‍ സാലിം പ്രവേശിക്കുന്നത്- ദത്തുപുത്ര സമ്പ്രദായം അവസാനിപ്പിക്കപ്പെട്ടതോടെ- മതപരമായി അനുവദനീയമല്ലാതായി. അതുകൊണ്ടാണ് അബൂഹുദൈഫഃക്ക് സാലിമിന്റെ പ്രവേശനം നീരസമുള്ളതായി മാറിയത്. ആ നീരസം മാറാന്‍ വേണ്ടിയാണ് മുലപ്പാല്‍ നല്‍കി മാതൃബന്ധം സ്ഥാപിക്കുവാന്‍ പ്രവാചകന്‍ (സ) ഉപദേശിച്ചത്. അതേസമയം സ്തനങ്ങളില്‍ നിന്ന് നേരിട്ട് കുടിക്കാനായിരുന്നു നബി(സ)യുടെ ഉപദേശമെങ്കില്‍ അത് അബൂഹുദൈഫഃയുടെ നീരസവും മനഃപ്രയാസവും അധികരിപ്പിക്കുകയാണുണ്ടാവുക. ഈ വസ്തുത വിമര്‍ശകര്‍ ബോധപൂര്‍വ്വം മറച്ചുപിടിക്കുകയാണ്. പ്രവേശനം തന്നെ നീരസവും മനഃപ്രയാസവും സൃഷ്ടിക്കുന്ന ഒരാളെ കൊണ്ട് തന്നെ, സ്തനങ്ങളില്‍ നിന്ന് നേരിട്ട് മുലപ്പാല്‍ കുടിക്കുവാന്‍ കല്‍പ്പിക്കില്ലെന്ന് ഏതു വിഡ്ഢിക്കാണ് മനസ്സിലാകാതിരിക്കുക?!

‘മുലയൂട്ടല്‍’ ആഇശ(റ)യുടെ പേരിലെ പച്ചക്കള്ളങ്ങള്‍

അശ്ലീല ഭാവനകള്‍ കൊണ്ട് ഹദീഥുകളെ ദുഷിപ്പിച്ചവതരിപ്പിക്കുക മാത്രമല്ല, പച്ചകള്ളങ്ങള്‍ പോലും ഇസ്‌ലാമിനെതിരെ പടച്ചുണ്ടാക്കാന്‍ വരെ മടിയില്ലാതായിരിക്കുന്നു ഇസ്‌ലാംവിമര്‍ശകര്‍ക്ക്. ലജ്ജാവഹവും നിന്ദാപരവുമായ ഇത്തരം ഏര്‍പ്പാടുകളെ ‘സുവിശേഷ വേല’ എന്നുപേരിട്ടു വിളിക്കുന്നത് അല്പം കടന്ന കയ്യാണ്. ‘മുലയൂട്ടല്‍’ വിവാദവുമായി ബന്ധപ്പെട്ട് പ്രവാചക പത്‌നി ആഇശ(റ)ക്കെതിരെ മിഷണറി നുണഫാക്ടറികള്‍ ഉല്‍പ്പാദിപ്പിച്ച അത്തരം രണ്ടു കളവുകള്‍ നാം കാണുക.

‘പ്രവാചക പത്‌നി ആഇശ (റ) അത്തരത്തില്‍ പരപുരുഷന്മാരെ മുലയൂട്ടാറുണ്ടായിരുന്നുവെന്നും പലപ്പോഴും ആഇശയുടെ അരികില്‍ പരപുരുഷന്മാരെ കാണുക വഴി നബി(സ)ക്കുതന്നെ അതില്‍ അനിഷ്ടമുണ്ടാവുകയും ചെയ്തിരുന്നു എന്ന് സ്വഹീഹു മുസ്‌ലിമിലെ 1455-ാം ഹദീഥായി രേഖപ്പെടുത്തിയിട്ടുണ്ട്’. ഇതാണ് സോഷ്യല്‍ മീഡിയ വഴി ചില മിഷണറി നുണ ഫാക്ടറികള്‍ നിരന്തരം പ്രചരിപ്പിച്ചതും, യുക്തിവാദികളും ഫെമിനിസ്റ്റുകളും ഫാഷിസ്റ്റുകളുമടങ്ങുന്ന ഇസ്‌ലാംവിരോധികള്‍ ഏറ്റെടുത്തതുമായ ഒന്നാമത്തെ കളവ്. സ്വഹീഹു മുസ്‌ലിമിലെ ആ നിവേദനം നാം ആദ്യം കാണുക. ”മസ്‌റൂഖ് (റ) നിവേദനം. ആഇശ (റ) പറഞ്ഞതായി അദ്ദേഹം പറഞ്ഞു: റസൂല്‍ (സ) എന്റെ അടുത്ത് കടന്നുവന്നു. എന്റെ അരികെ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു? അത് നബി(സ)ക്ക് അതിയായ പ്രയാസമുണ്ടാക്കി. നബി(സ)യുടെ മുഖത്ത് ഞാന്‍ കോപം കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരെ, നിശ്ചയം ഇദ്ദേഹം മുലകുടി ബന്ധത്തില്‍ എന്റെ സഹോദരനാകുന്നു’. അപ്പോള്‍ നബി (സ) പറഞ്ഞു: നിങ്ങള്‍ മുലകുടി ബന്ധത്തിലുള്ള സഹോദരന്മാരെപ്പറ്റി ശരിക്കും നോക്കണം. വിശപ്പടങ്ങുന്ന നിലക്ക് മുല കുടിച്ചാല്‍ മാത്രമെ മുലകുടി ബന്ധം ഉണ്ടാവുകയുള്ളൂ”. (സ്വഹീഹു മുസ്‌ലിം: 1455) ഈ സംഭവത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് ആഇശ (റ) പരപുരുഷന്മാരെ മുലയൂട്ടിയിരുന്നെന്ന് പച്ചകള്ളം ഇവര്‍ പ്രചരിപ്പിച്ചത്. ഹദീഥുകള്‍ നേര്‍ക്കുനേരെ ഒരാവര്‍ത്തി വായിച്ചാല്‍ തന്നെ അതൊരു ദുരാരോപണം മാത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ‘അല്ലാഹുവിന്റെ പ്രവാചകരേ, നിശ്ചയം ഇദ്ദേഹം മുലകുടി ബന്ധത്തില്‍ എന്റെ സഹോദരനാകുന്നു’ എന്ന ആഇശ(റ)യുടെ വാക്കുകള്‍ സ്പഷ്ടമായും മനസ്സിലാക്കി തരുന്നത്; ആഇശ(റ)യും അവരുടെ സമീപത്തിരുന്ന വ്യക്തിയും കുഞ്ഞായിരുന്നപ്പോള്‍ ഒരേ സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചിട്ടുണ്ട് എന്നതാണ്. അല്ലാതെ ആഇശ (റ) അദ്ദേഹത്തെ ‘മുലയൂട്ടി’ എന്നല്ല. ഒന്നുകില്‍ ആഇശ (റ) കൈകുഞ്ഞായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാതാവിന്റെ മുലപ്പാല്‍ കുടിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ അദ്ദേഹം ശൈശവ ഘട്ടത്തില്‍ ആഇശ(റ)യുടെ മാതാവിന്റെ പാല്‍കുടിച്ചതുമാകാം. ഇതുരണ്ടുമല്ലെങ്കില്‍ അവര്‍ രണ്ടുപേരും മറ്റേതോ ഒരു സ്ത്രീയുടെ പാല്‍കുടിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണ് ആഇശ(റ)ക്കും അദ്ദേഹത്തിനുമിടയില്‍ സഹോദര ബന്ധം സ്ഥാപിതമായത്. ഈ സംഭവത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് ഈ ദുരാരോപണം ഇസ്‌ലാംവിരോധികള്‍ പ്രചരിപ്പിക്കുന്നത്. ആഇശ (റ) പ്രസവിക്കാത്ത ഒരു സ്ത്രീയായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു കുഞ്ഞിനും മുലയൂട്ടാന്‍ സാധ്യവുമല്ല. ഈ വസ്തുതകളെല്ലാം അറിഞ്ഞിട്ടും വിമര്‍ശകര്‍ ഇത്തരം കള്ളപ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്, ഇസ്‌ലാംവിരോധം അവരുടെ മനഃസാക്ഷിയെപോലും കൊന്നുകളഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയാണ്. എങ്കില്‍പിന്നെ പ്രവാചകന്‍ കോപിച്ചതെന്തിനാണ്? അതിന്റെ ഉത്തരവും ഹദീഥിലുണ്ട്. ‘നിങ്ങള്‍ മുലകുടി ബന്ധത്തിലുള്ള സഹോദരന്മാരെപ്പറ്റി ശരിക്കും നോക്കണം. വിശപ്പടങ്ങുന്ന നിലക്ക് മുലകുടിച്ചാല്‍ മാത്രമേ മുലകുടി ബന്ധം ഉണ്ടാവുകയുള്ളു’ എന്ന നബി(സ)യുടെ വിശദീകരണം അതിന്റെ മറുപടിയാണ്. മുലപ്പാല്‍ കുടിക്കുന്നതിലൂടെ വിശപ്പടങ്ങുന്ന പ്രായത്തിലുള്ള മുലകുടിയെ മാത്രമേ ഇസ്‌ലാം – വിവാഹബന്ധം നിഷിദ്ധമായ- സഹോദരബന്ധമായി പരിഗണിക്കുകയുള്ളൂ. അത് രണ്ടു വയസ്സിനുള്ളില്‍ അഞ്ച് തവണയെങ്കിലും നടന്നിരിക്കണം. മുലകുടിയുമായി ബന്ധപ്പെട്ട ഈ നിബന്ധനകള്‍ എല്ലാം യോജിക്കുന്നതാണോ നിങ്ങള്‍ക്കിടയിലുള്ള സഹോദര ബന്ധങ്ങള്‍ എന്ന് നിങ്ങള്‍ ഉറപ്പു വരുത്തണമെന്ന കാര്‍ക്കശ്യമാണ് പ്രവാചക(സ)ന്റെ കോപത്തിനു പിന്നിലെ കാരണം. അല്ലാതെ ആഇശ(റ)യുടെ സമീപത്ത് അവരുടെ മുലകുടി ബന്ധത്തിലെ സഹോദരനെ കണ്ടപ്പോള്‍ എന്തെങ്കിലും സംശയം ഹൃദയത്തില്‍ വന്നുപോയതുകൊണ്ടല്ല. കാരണം ആഇശ (റ) അത്തരം ബന്ധുക്കള്‍ (മുലകുടിയിലൂടെയുള്ള ബന്ധുക്കള്‍) അവരെ സന്ദര്‍ശിക്കാന്‍ അനുവാദം തേടുമ്പോള്‍ വളരെ സൂക്ഷ്മതയോടെ മാത്രമേ അനുവാദം നല്‍കാറുള്ളൂ എന്ന് നബി(സ)ക്ക് അറിയാമായിരുന്നു. ഒരു സംഭവം നാം കാണുക: ”ആഇശ (റ) പറഞ്ഞു: മുലകുടി ബന്ധത്തിലൂടെയുള്ള എന്റെ പിതാമഹന്‍ എന്റെ അടുക്കല്‍ (വീട്ടില്‍)കയറാന്‍ സമ്മതം ചോദിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതരുടെ സമ്മതം കിട്ടാത്തതിനാല്‍ ഞാന്‍ വിസ്സമ്മതിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ (സ) പറഞ്ഞു: നിന്റെ പിതാമഹനെ നീ അടുത്ത് പ്രവേശിപ്പിച്ചുകൊള്ളുക…” (സ്വഹീഹു മുസ്‌ലിം: 1445)

വിവാഹബന്ധം നിഷിദ്ധമായവര്‍ മാത്രമേ തന്റെ വീട്ടില്‍ പ്രവേശിക്കാവൂ എന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന ഒരു വ്യക്തിത്വമായിരുന്നു ആഇശ (റ). അല്ലാത്ത പുരഷന്മാരെ മറക്കു പിറകില്‍ നിന്നുകൊണ്ടല്ലാതെ അവര്‍ അഭിസംബോധന ചെയ്തിട്ടില്ല. അത്തരം ഒരു വ്യക്തിയെ പറ്റി ഇത്രമാത്രം ദുഷിച്ച കള്ളകഥകള്‍ പ്രചരിപ്പിക്കുവാന്‍ മിഷണറിമാര്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും. ഇതിനെയെല്ലാം നാം ‘സുവിശേഷ വേല’ എന്നുതന്നെ വിളിക്കണോ?!. ദുഷിച്ച ഭാവനകള്‍കൊണ്ട് ഹദീഥുകളില്‍ നിന്നും അശ്ലീലതകള്‍ മെനഞ്ഞെടുത്ത ‘സുവിശേഷ വേല’യാണ് നാം മുകളില്‍ കണ്ടതെങ്കില്‍, വ്യാജതൂലികകള്‍ കൊണ്ട് ഹദീഥുകളില്‍ നേര്‍ക്കുനേരെ കൃത്രിമത്വം നടത്തുന്ന ‘സുവിശേഷ വേല’യാണ് ഇനി കാണാനുള്ളത്. വിഷയം ഒരു ദുര്‍ബലമായ ഹദീഥാണ്. മുസ്‌ലിംകള്‍ പ്രമാണമായി കാണാത്ത ഒരു വാറോല. പക്ഷെ അതില്‍പ്പോലും പച്ചയായ കാപട്യം കാണിക്കുവാന്‍ മിഷണറികള്‍ക്ക് മടിയില്ലെന്നതാണ് അതിശയകരമായ സംഗതി.

‘കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുതിര്‍ന്ന പുരുഷന്മാര്‍ക്ക് മുലകുടിയെന്ന വചനവും (ആദ്യകാലത്ത് കുര്‍ആനില്‍) അവതരിപ്പിക്കപ്പെട്ടിരുന്നുവെന്നും, അതെഴുതിയ രേഖ തന്റെ തലയിണക്കടയില്‍ സൂക്ഷിച്ചുവെച്ചിരുന്നെന്നും പ്രവാചകന്‍ മരണപ്പെട്ടപ്പോള്‍, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലായിരുന്ന സന്ദര്‍ഭത്തില്‍ ഒരു ആട് അകത്ത് കടന്ന് അത് തിന്നുകളഞ്ഞെന്നും ആഇശയില്‍ നിന്നും സുനനു ഇബ്‌നു മാജയും മുസ്‌നദു അഹ്‌മദും നിവേദനം ചെയ്തിട്ടുണ്ടെന്നതാണ് വ്യാജമായ ആരോപണം. ആയതിനാല്‍ ദുര്‍ബലമായ ആ ഹദീഥ് നമുക്ക് ആദ്യം പരിശോധിക്കാം.

"ആഇശ (റ) പറഞ്ഞു: കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു. അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നു. ദൈവദൂതന്‍ മരണപ്പെട്ടപ്പോള്‍, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലായിരുന്ന സന്ദര്‍ഭത്തില്‍ ഒരു ആട് അകത്ത് കടന്ന് അത് തിന്നു കളഞ്ഞു” (സുനനു ഇബ്‌നു മാജ: 1944, മുസ്‌നദു അഹ്‌മദ്: 43/343) ഹദീഥ് ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ക്ക് അത് പ്രമാണവുമല്ല. ഈ നിവേദനത്തില്‍ മുഹമ്മദ്ബ്‌നു ഇസ്ഹാഖ് എന്ന ഒരു നിവേദകനുണ്ട്. അദ്ദേഹത്തെ തെളിവിനു കൊള്ളില്ലെന്ന് ഹദീഥ് നിവേദനം ചെയ്ത അഹ്‌മദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അയാള്‍ ദുര്‍ബലനാണെന്ന് യഹ്‌യബിന്‍ മഈനും, ശക്തനല്ലെന്ന് നസാഇയും പറഞ്ഞിട്ടുണ്ട്. (തഹ്ദീബ് അത്തഹ്ദീബ് 9/45)

പക്ഷെ നമ്മുടെ പ്രശ്‌നം അതല്ല. ദുര്‍ബലമായ ആ നിവേദനത്തില്‍ പോലും പച്ചയായ കൃത്രിമത്വം നടത്തിയിരിക്കുകയാണ് ചില മിഷണറി നുണ ഫാക്ടറികള്‍. ‘കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു’ എന്ന ഭാഗത്ത് മിഷണറിമാര്‍ എഴുതി പിടിപ്പിച്ചത് ‘കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുതിര്‍ന്ന പുരുഷന്മാര്‍ക്ക് മുലകുടിയെന്ന വചനവും അവതരിപ്പിക്കപ്പെട്ടിരുന്നു എന്നാണ്. ‘മുതിര്‍ന്ന പുരുഷന്മാര്‍’ എന്നത് ‘സുവിശേഷകന്മാരു’ടെ കള്ളകോലാണ്. അവര്‍ കൃത്രിമമായി എഴുതിച്ചേര്‍ത്തു പ്രചരിപ്പിച്ചതാണെന്നര്‍ത്ഥം. എത്രമാത്രം ലജ്ജാവഹവും നിന്ദാപരവുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം ചവറുകളാണ്, ‘സയന്‍സ് ടെമ്പര്‍’ ഉണ്ടാക്കാന്‍ കൂട്ടയോട്ടം നടത്തുന്ന യുക്തിവാദികളും സ്ത്രീ ശാക്തീകരണം പത്യമാക്കിയ ഫെമിനിസ്റ്റുകളും സനാതനധര്‍മ്മം സ്ഥാപിക്കാന്‍ നെട്ടോട്ടമോടുന്ന ഫാഷിസ്റ്റുകളും കൊണ്ടുനടക്കുന്നതെന്നോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. ‘ദൈവം സ്‌നേഹ’മാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടവും പാട്ടുപാടുന്നവര്‍ക്കെങ്കിലും, അവര്‍ പാടിയതിലും പറഞ്ഞതിലും തെല്ല് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

‘മുലയൂട്ടല്‍’ ആഇശ(റ)യുടെ നിലപാടെന്തായിരുന്നു

വിവാഹബന്ധം നിഷിദ്ധമാക്കപ്പെടുന്ന ബന്ധങ്ങള്‍ സ്ഥാപിക്കാനായി ആഇശ (റ) തന്റെ സഹോദരി പുത്രിമാരോടും സഹോദര പുത്രിമാരോടും, മുതിര്‍ന്ന പുരുഷന്മാര്‍ക്ക് മുലപ്പാല്‍ നല്‍കുവാന്‍ ഉപദേശിച്ചിരുന്നു എന്നതാണ് വിഷയ സംബന്ധിയായ അടുത്ത വിമര്‍ശനം. വാസ്തവത്തില്‍ ആഇശ (റ) അപ്രകാരം ആരോടെങ്കിലും ഉപദേശിക്കുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്തിരുന്നോ? പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യും മുന്‍പ് ഇസ്‌ലാമില്‍ മുലകുടി ബന്ധം എപ്രകാരമാണ് സ്ഥാപിതമാകുന്നതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ ആഇശ(റ)യുടെ നിലപാട് എന്തായിരുന്നു എന്ന് നമുക്ക് വേര്‍തിരിച്ചു മനസ്സിലാക്കാനാകൂ. രണ്ടു വയസ്സിനുള്ളില്‍, വിശപ്പ് അടങ്ങുംവിധം അഞ്ചു തവണയെങ്കിലും മുലപ്പാല്‍ നല്‍കിയാല്‍ മാത്രമാണ്, വിവാഹം നിഷിദ്ധമാക്കപ്പെടുന്ന ബന്ധം സ്ഥാപിതമാവുകയുള്ളൂ എന്നതാണ് ഈ വിഷയകമായി ഇസ്‌ലാമിക നിയമം. അഥവാ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിലൂടെ മാത്രമേ മുലകുടി ബന്ധം സ്ഥാപിതമാകൂ എന്നതാണ് ഇസ്‌ലാമിക വിധി.

”മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടുകൊല്ലം മുല കൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്”. (ക്വുര്‍ആന്‍: 2:233) ”അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്” (ക്വുര്‍ആന്‍: 31:14) ”അവന്റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു” (ക്വുര്‍ആന്‍: 46:15) ”വയറിനെ പുഷ്ടിപ്പിക്കുന്നതില്‍ അല്ലാതെ രിദ്വാഅ് (പാലൂട്ടല്‍) ഇല്ല” (ഇബ്‌നുമാജ: 1946, ഇബ്‌നുഹിബ്ബാന്‍: 4225) ”അസ്ഥിയെ ശക്തിപ്പെടുത്തുകയും മാംസം പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നതല്ലാത്തത് രിദ്വാഅ് അല്ല” (സുനനുല്‍ ക്വുബ്‌റാ, ബൈഹകി: 15653) ”രണ്ടു വയസ്സിനുള്ളില്‍ ഊട്ടുന്നതല്ലാത്ത രിദ്വാഅ് ഇല്ല.” (സുനനുദ്ദാറക്വുത്‌നി : 4364) ”വിശപ്പടങ്ങുന്ന കുട്ടി മാത്രമാണ് (ബന്ധം സ്ഥാപിക്കുന്ന) രിദ്വാഅ് (മുലകുടി).” (സ്വഹീഹു മുസ്‌ലിം:32, അബൂദാവൂദ് : 12/8 നസാഈ : 26/51, ഇബ്‌നുമാജ : 9/37, അഹ്‌മദ്: 6/93) മുലപ്പാല്‍ കുടിക്കുന്നതിലൂടെ വിശപ്പടങ്ങുക കുഞ്ഞുങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ മുലകുടിബന്ധം സ്ഥാപിതമാവുക കുഞ്ഞായിരിക്കുമ്പോള്‍ മുലപ്പാല്‍ കുടിക്കുന്നതിലൂടെ മാത്രമാണ് എന്ന് ഹദീഥിനെ വ്യാഖ്യാനിച്ച പണ്ഡിതന്മാരെല്ലാം വ്യക്തമാക്കുന്നുണ്ട്. (ശര്‍ഹു മുസ്‌ലിം: 1/434, ഫത്ഹുല്‍ ബാരി: 1/100, ഉംദത്തുല്‍ കാരി: 20/97, ഇര്‍ശാദുസ്സരി: 8/33, ഫൈദുല്‍ കദീര്‍: 3/360, മിര്‍ക്കാത്തുല്‍ മഫാത്തീഹ്: 3168, ശര്‍ഹു സര്‍ക്കാനി അലാല്‍ മുവത്വഃ: 3/374, ഹാശിയത്തു സിന്ദി അലാ സുനനി ഈബ്‌നുമാജ: 1/600, ഔനുല്‍ മഅ്ബൂദ്: 6/47) പ്രവാചകാനുചരന്മാരായ ഉമ്മര്‍, അലി, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, ഇബ്‌നു ഉമ്മര്‍, അബൂഹുറൈറ, ജാബിര്‍, പ്രവാചക പത്‌നിമാര്‍ തുടങ്ങി ഹസനുല്‍ ബസ്വരി, സുഹ്‌രി, ഇക്‌രിമ, ഔസാഈ, ശുഅ്ബി, കത്താദ, ഇബ്‌നു ശബ്‌റമ, ഇബ്‌നു അബീ ലൈല, ഹസനിബ്‌നു സ്വാലിഹ്, ഇബ്‌നു അബി ദിഅ്ബ്, സൗരി, ഇസ്ഹാക്, അബൂസൗര്‍, അബൂ ഉബൈദ്, ത്വബ്‌രി, ലൈസ് എന്നിങ്ങനെ പൗരാണിക കര്‍മ്മശാസ്ത്ര പണ്ഡിതരായ സര്‍വ്വരുടേയും അഭിപ്രായവും ഇതുതന്നെയാണ്. (മുഖ്തസറു ഇഖ്തിലാഫുല്‍ ഉലമ: 2/314, അല്‍ഹാവി അല്‍കബീര്‍: മാവര്‍ദി 11/366, മുഹല്ലാ: 10/17, മുഗ്നി: 11/319, സാദുല്‍ മആദ്: 5/577, തഫ്‌സീറു ഇബ്‌നു കസീര്‍ : 1/284, ഉംദത്തുല്‍ കാരി : 20/85) ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി കര്‍മ്മശാസ്ത്ര മദ്ഹബുകളുടെ പണ്ഡിതന്മാരുടെ അഭിപ്രായവും തഥൈവ. (അല്‍ മബ്‌സൂത്: 5/135, അല്‍ മുദവ്വനത്തുല്‍ കുബ്‌റാ: 5/407, അല്‍ ഉമ്മ്: 5/428, മുഗ്‌നി: 11/319)

അപ്പോള്‍ ഇസ്‌ലാമിന്റെ വിധി മുതിര്‍ന്നവര്‍ക്ക് മുലകുടി ഇല്ല എന്നതാണ്. എന്നാല്‍ സാലിമിന്റെ വിഷയത്തില്‍ ഉണ്ടായത് തീര്‍ത്തും അവരുടെ വിഷയത്തില്‍ മാത്രം ബാധകമായ ഒരു ഇളവു മാത്രമായിരുന്നു. അതും മുലപ്പാല്‍ സ്തനങ്ങളില്‍ നിന്നും നേരിട്ടു നല്‍കാതെ, പാല്‍ പിഴിഞ്ഞ് തളികയിലാക്കി കൊടുക്കുക മാത്രമാണുണ്ടായതെന്ന് നാം മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ‘സാലിമിന്റെ വിഷയത്തിലെ പ്രവാചക നടപടി തെളിവ് പിടിച്ചുകൊണ്ട് ആഇശ (റ) തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന മുതിര്‍ന്നവര്‍ക്ക് മുലപ്പാല്‍ നല്‍കാനായി തന്റെ സഹോദര പുത്രിമാരോടും, സഹോദരി പുത്രിമാരോടും നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു എന്നും, അപ്രകാരം അവര്‍ (സഹോദര- സഹോദരി പുത്രിമാര്‍) അഞ്ചുതവണ മുലപ്പാല്‍ നല്‍കി മുലകുടിബന്ധം സ്ഥാപിതമായതിന് ശേഷമേ ആഇശ (റ) അവരെ തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാറുള്ളൂ’ (സുനനു അബീദാവൂദ്: 2061) എന്ന നിവേദനത്തെ ദുര്‍വ്യാഖ്യാനിച്ചു കൊണ്ടാണ് ഇസ്‌ലാമില്‍ മുതിര്‍ന്ന പുരുഷന്മാര്‍ക്കും മുലകുടിയുണ്ടെന്ന വ്യാജപ്രചരണം ഇസ്‌ലാംവിരോധികള്‍ അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ നാം പ്രത്യേകം മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം:

ഒന്ന്: ആഇശ (റ) ആര്‍ക്കും മുലപ്പാല്‍ – സ്തനങ്ങളില്‍ നിന്ന് നേരിട്ടോ അല്ലാതെയോ കൊടുത്തിട്ടില്ല. ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത അവര്‍ക്ക് എങ്ങനെ മുലപ്പാലുണ്ടാകും? അതുകൊണ്ടാണ് മുലപ്പാല്‍ നല്‍കാനായി ആഇശ (റ) തന്റെ സഹോദരി പുത്രിമാരോടും സഹോദര പുത്രിമാരോടും നിര്‍ദ്ദേശിച്ചത്. ആഇശ (റ) മുതിര്‍ന്ന പുരുഷന്മാരെ മുലയൂട്ടിയെന്ന മിഷണറി പ്രചരണം കല്ലുവെച്ച കളവാണെന്ന് വ്യക്തം.

രണ്ട്: സാലിമിന് സഹ്‌ല മുലപ്പാല്‍ നല്‍കിയത് സ്തനങ്ങളില്‍ നിന്ന് നേരിട്ടല്ലെന്നും, ഒരു തളികയില്‍ പാല്‍ പിഴിഞ്ഞ് കുടിക്കാന്‍ കൊടുക്കുന്ന രീതി – ‘വുജൂര്‍’ (الوجور) – യാണ് അവലംബിച്ചിരുന്നതെന്നും നാം മുമ്പ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചതാണ്. അതെ രീതിയില്‍ (‘വുജൂര്‍’) തന്നെ മുലപ്പാല്‍ കൊടുക്കാനാണ് ആഇശ (റ) തന്റെ സഹോദര പുത്രിമാരോടും, സഹോദരി പുത്രിമാരോടും നിര്‍ദ്ദേശിച്ചതെന്ന വസ്തുത മറച്ചുവെച്ചുകൊണ്ട്, ആഇശ(റ)യുടെ നിര്‍ദ്ദേശം – (സഹോദര, സഹോദരി പുത്രിമാരോട്) നേരിട്ട് സ്തനങ്ങളില്‍ നിന്നും മുലയൂട്ടുവാനായിരുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ഇസ്‌ലാംവിമര്‍ശകര്‍ ചെയ്യുന്നത്. സാലിമിന്റെ വിഷയത്തിലെ പ്രവാചക നടപടി തെളിവ് പിടിച്ചുകൊണ്ട്, മുലകുടി പ്രായം (രണ്ടു വയസ്സ്) പിന്നിട്ട ഒരാള്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി വിവാഹം നിഷിദ്ധമാക്കപ്പെടുന്ന ബന്ധം സ്ഥാപിക്കാമെന്ന് വിലയിരുത്തിയ ആഇശ (റ), പക്ഷെ ആ വിഷയത്തില്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ച മുലപ്പാല്‍ നല്കുന്ന രീതി (വുജൂര്‍) പരിഗണിച്ചില്ലെന്നത് കേവലം വിമര്‍ശകരുടെ ലൈംഗിക ഭാവന മാത്രമാണ്.

മൂന്ന്: ഇസ്‌ലാമില്‍ ബന്ധം സ്ഥാപിതമാക്കുന്നത് മൂന്ന് മാര്‍ഗങ്ങളിലൂടെയാണ്. പ്രസവം, വിവാഹം, മുലകുടി. ഈ ബന്ധങ്ങളില്‍ പെടാത്ത, വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടുവെന്ന് സ്ഥിരപ്പെടാത്ത ഒരു അന്യപുരുഷനേയും തന്റെ വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന ദൃഢനിശ്ചയം ആഇശ(റ)യുടെ കണിശമായ പാതിവ്രത്യത്തേയും പരിശുദ്ധിയേയുമാണ് തെളിയിക്കുന്നത്. അത്തരം മഹത്തരമായ ഒരു നിലപാടി നെയാണ്, തങ്ങളുടെ ദുഷിച്ച ലൈംഗിക ഭാവനയിലൂടെ അശ്ലീലതയുടെ ചായം പൂശാന്‍ മിഷണറി നുണ ഫാക്ടറികള്‍ ഒരുമ്പെട്ടതെന്നത് എത്രമാത്രം നെറികെട്ട ‘സുവിശേഷ വേല’യായിപ്പോയി.

നാല്: ‘തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന മുതിര്‍ന്നവര്‍ക്ക് മുലപ്പാല്‍ നല്‍കാനായി അവര്‍ കല്‍പ്പിക്കുമായിരുന്നു’ എന്ന ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട ‘മുതിര്‍ന്നവര്‍’ (الكبير) എന്ന പദപ്രയോഗം യഥാര്‍ത്ഥത്തില്‍ മുതിര്‍ന്ന പുരുഷന്മാരെയല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, മുലകുടിപ്രായം കഴിഞ്ഞ വലിയ കുട്ടികളെയാണ്. ഇത് ചില ഹദീഥുകളില്‍ വ്യക്തമായി തന്നെ പരാമര്‍ശിച്ചിട്ടുണ്ട്.

ഉമ്മുസലമ (റ) ആഇശ(റ)യോട് പറഞ്ഞു ”നിങ്ങളുടെ അടുക്കല്‍ മുലകുടി പ്രായം കഴിഞ്ഞ കുട്ടി – الغلام الايفع – പ്രവേശിക്കുന്നുണ്ടല്ലോ. (അവര്‍ക്ക് മുലപ്പാല്‍ നല്‍കിയാല്‍ മുലകുടിബന്ധം സ്ഥാപിതമാകുമെന്ന് വിശ്വസിക്കാത്തതുകൊണ്ട്) അവര്‍ എന്റെ അടുക്കല്‍ പ്രവേശിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അപ്പോള്‍ അവര്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി മുലകുടിബന്ധം സ്ഥാപിതമാകുമെന്നതിന് തെളിവായി ആഇശ (റ) സാലിമിന്റെ സംഭവം ഉദ്ധരിക്കുകയും ചെയ്തു…” (സ്വഹീഹു മുസ്‌ലിം : 1453, മുസ്‌നദു അഹ്‌മദ്: 25415) ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട, അല്‍ ഗുലാം അല്‍ അയ്ഫഅ് (الغلام الايفع) എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണെന്ന് ഇമാം നവവി (റ) ഹദീഥിനെ വ്യാഖ്യാനിക്കവെ വ്യക്തമാക്കുന്നുണ്ട്. (ശര്‍ഹു മുസ്‌ലിം: 10/33)

തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന ‘പുരുഷന്മാര്‍ക്ക്’ മുലപ്പാല്‍ നല്‍കി മുലകുടിയിലെ ബന്ധുവാക്കാന്‍ ആഇശ (റ) ശ്രദ്ധിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന ഹദീഥുകളിലെ ‘പുരുഷന്മാര്‍’ (الرجال) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും മുലകുടി പ്രായം കഴിഞ്ഞ, എന്നാല്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികളെയാണ്. അല്ലാതെ വലിയ പുരുഷന്മാരെയല്ല. പുല്ലിംഗത്തെ (Male Gender) സൂചിപ്പിക്കാനായി രിജാല്‍ (الرجال) എന്ന് അറബിയില്‍ ഉപയോഗിക്കാറുണ്ട്. എന്ന് മാത്രമല്ല, ശാരീരികമായി പുരുഷനായി മാറിയിട്ടില്ലാത്ത ആണ്‍കുട്ടിയെ അവന്റെ ലിംഗഭേദം (Gender) പുല്ലിംഗമായതിനാല്‍ അവന്‍ ഭാവിയില്‍ പുരുഷനായി മാറും എന്നത് പരിഗണിച്ച് റജുല്‍ (الرجل) ‘പുരുഷന്‍’ എന്ന് അറബിഭാഷാ നിയമപ്രകാരം വിളിക്കാവുന്നതാണ്. ഇതിനെ അറബി അലങ്കാര ശാസ്ത്രത്തില്‍ (Rhetoric) ‘ഭാവിയില്‍ ആയി മാറുന്നതിനെ പരിഗണിച്ചുകൊണ്ടുള്ള പ്രയോഗം’ (اعتبار ما يكون) എന്നാണ് പറയുക. (അല്‍ മജാസുല്‍ മുര്‍സല്‍ ഫീ ലിസാനില്‍ അറബ്: അഹ്‌മദ് ഹിന്ദാവി അബ്ദുല്‍ ഗഫ്ഫാര്‍, കിത്താബു മിന്‍ഹാജുല്‍ വാള്വിനി ലില്‍ ബലാഗ: 3/300, ഗായത്തുല്‍ മുസൂല്‍ ഫീ ശര്‍ഹി ലുബ്ബുല്‍ ഉസൂല്‍: 1/51)

ഇത് കേവലം ഭാഷ ശാസ്ത്ര നിയമപ്രകാരമുള്ള ഒരു സമര്‍ത്ഥനമല്ല; മറിച്ച് ഹദീഥുകള്‍ വ്യക്തമായി സൂചിപ്പിച്ച ഒരു വിഷയം ഭാഷ പ്രയോഗങ്ങള്‍ക്കുപോലും അന്യമല്ലെന്ന ബോധ്യപ്പെടുത്തലാണ്. ആഇശ (റ) ഉദ്ദേശിച്ച ‘പുരുഷന്മാര്‍’ (الرجال) മുലകുടി പ്രായം പിന്നിട്ട, എന്നാല്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികളാണെന്ന് വ്യക്തമാക്കുന്ന മറ്റു ചരിത്ര നിവേദനങ്ങളും നമുക്ക് കാണാം.

(a) ”സാലിമിബ്‌നു അബ്ദുല്ലാഹിബ്‌നു ഉമര്‍ (സഹ്‌ല മുലപ്പാല്‍ നല്‍കിയ സാലിം അല്ല ഇത്) പറയുന്നു: ഞാന്‍ കുഞ്ഞായിരിക്കെ ആഇശ (റ) എന്നെ അവരുടെ സഹോദരി ഉമ്മുകുല്‍സും ബിന്‍ത് അബൂബക്കറിന്റെ അടുത്തേക്ക് അയച്ചു. എന്നിട്ടവരോട് ഇങ്ങനെ പറഞ്ഞു: ‘ഇവന് പത്തു തവണ മുലപ്പാല്‍ ഊട്ടുക എങ്കില്‍ ഇവന് എന്റെ അടുത്ത് (വീട്ടില്‍) പ്രവേശിക്കാമല്ലോ.’ സാലിം പറയുന്നു: ഉമ്മുകുല്‍സും എനിക്ക് മൂന്നു തവണ മുലപ്പാല്‍ തന്നു. പിന്നീടെനിക്ക് രോഗമായി. അതിനാല്‍ എനിക്ക് മൂന്നു തവണ മാത്രമേ മുലപ്പാല്‍ തരാന്‍ സാധിച്ചുള്ളൂ. ഉമ്മുകുല്‍സൂം എനിക്ക് പത്തു തവണ മുലപ്പാല്‍ തരാതിരുന്നത് കാരണത്താല്‍ (വലുതായപ്പോള്‍) ഞാന്‍ ആഇശയുടെ അടുത്ത് പ്രവേശിക്കില്ലായിരുന്നു” (മുവത്വഅ്: 2/603)

ചെറുപ്രായത്തില്‍ ഉമ്മുകുല്‍സൂമിന്റെ മുലപ്പാല്‍, ബന്ധം സ്ഥാപിതമാകുന്ന നിലയ്ക്ക് പൂര്‍ണമായും കുടിക്കാതിരിക്കുന്നത് മൂലം ആഇശ(റ)യുമായി മുലകുടിയിലെ ബന്ധം സ്ഥാപിതമായില്ല. അതു കാരണത്താല്‍ ആഇശ (റ) തന്നെ വലുതായപ്പോള്‍ അവരുടെ വീട്ടില്‍ പ്രവേശിപ്പിക്കില്ലായിരുന്നു എന്ന് ചുരുക്കം. വലിയ പുരുഷന്മാര്‍ മുലപ്പാല്‍ കുടിച്ചാല്‍ മുലകുടി ബന്ധം സ്ഥാപിതമാകും എന്നതായിരുന്നു ആഇശ(റ)യുടെ വാദമെങ്കില്‍ സാലിമിബ്‌നു അബ്ദുല്ലാഹിബ്‌നു ഉമ്മറിനെ വലിയ പുരുഷനായതിനുശേഷവും, സഹോദരിയുടെ മുലപ്പാല്‍ നല്‍കിയതിനുശേഷം തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാമായിരുന്നില്ലേ? അപ്പോള്‍ കാര്യം വളരെ വ്യക്തമാണ്. മുലപ്പാല്‍ ഊട്ടപ്പെടുന്ന ‘രിജാല്‍’ (പുരുഷന്മാര്‍) എന്നതുകൊണ്ട് ആഇശ (റ) ഉദ്ദേശിച്ചത്, മുലകുടി പ്രായം പിന്നിട്ട, എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത ആണ്‍കുട്ടികളെ മാത്രമാണ്.

(b) ”കുട്ടികള്‍ക്ക് (الصبيان) അവര്‍ പുരുഷന്മാരായാല്‍ തന്റെ അടുത്ത് പ്രവേശിക്കുന്നതിന് തടസ്സമാകാതിരിക്കാന്‍ – ചെറുപ്രായത്തില്‍ മുലപ്പാല്‍ ഊട്ടുവാന്‍ ആഇശ (റ) തന്റെ സഹോദരന്‍ അബ്ദുര്‍റഹ്‌മനിബ്‌നു അബൂബക്കറിനോട് കല്‍പ്പിക്കുമായിരുന്നു”. (ബദാഇഉ സ്വനാഇഅ്: 4/6, ശര്‍ഹു മുഖ്തസറു ത്വഹാവി: 3/325) ഇവിടെ ആഇശ (റ) ഉദ്ദേശിച്ച പ്രായം വളരെ വ്യക്തമാണ്. കുട്ടികള്‍ പുരുഷന്മാരായാല്‍ തന്റെ അടുത്ത് പ്രവേശിക്കുന്നതിന് തടസ്സമാകാതിരിക്കുവാന്‍- ചെറുപ്രായത്തില്‍ തന്നെ മുലപ്പാല്‍ ഊട്ടുവാനാണ് അവര്‍ നിര്‍ദേശിക്കുന്നത്. ഇവിടെയും, ‘പുരുഷന്മാര്‍’ എന്നതുകൊണ്ട് മുതിര്‍ന്ന പുരുഷന്മാരെയല്ല, പ്രായപൂര്‍ത്തിയെത്താത്ത എന്നാല്‍ മുലകുടി പ്രായം കഴിഞ്ഞ ആണ്‍കുട്ടികളെയാണ് അവര്‍ ഉദ്ദേശിച്ചതെന്ന് വ്യക്തം. ഹദീഥില്‍ ‘രിജാല്‍’ (പുരുഷന്മാര്‍) എന്നത് ലിംഗഭേദത്തെ കുറിക്കാനാണ്, പ്രായത്തെ കുറിക്കാനല്ല ആഇശ (റ) ഉപയോഗിച്ചതെന്ന് പൗരാണികവും പ്രാമാണികവുമായ അറബി ഡിക്ഷണറികളിലെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. (താജുല്‍ ഉറൂസ്: 29/34, അല്‍ കാമൂസുല്‍ മുഹീത്: 1/1297, ലിസാനുല്‍ അറബ്: 11/265, അല്‍ കാമില്‍ ഫില്ലുഗത്തി വല്‍ അദബ്: 1/100)

(c) വലിയ പുരുഷന്മാര്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി ബന്ധം സ്ഥാപിതമാകും എന്നതല്ല, മറിച്ച് മുലകുടി പ്രായമായ രണ്ടു വയസ്സു കഴിഞ്ഞ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി മുലകുടിബന്ധം സ്ഥാപിതമാകും എന്ന് മാത്രമാണ് ആഇശയുടെ അഭിപ്രായം എന്നതിനാലാണ് അതിനെതിരെ, ആഇശ (റ)യുടെ അഭിപ്രായം തിരുത്തിക്കൊണ്ട് എതിരഭിപ്രായം പ്രകടിപ്പിച്ച ഉമ്മുസലമ (റ) ‘തൊട്ടിലില്‍ വെച്ച് തന്നെ മുലകുടിച്ചാലെ’ (حتي يرضع في المهد) മുലകുടി ബന്ധം സ്ഥാപിതമാകൂ എന്ന പദപ്രയോഗം തന്നെ ഉപയോഗിച്ചത്. (മുസ്‌നദു അഹ്‌മദ്: 6/270, മുസ്‌നദു ഇബ്‌നു ഉവാന: 3/122, സുനനു അബൂദാവൂദ്: 2/223) അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ആഇശയുടെ ഒറ്റപ്പെട്ട അഭിപ്രായം, വലിയ പുരുഷന്മാര്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി ബന്ധം സ്ഥാപിതമാകും എന്നല്ല മറിച്ച്, മുലകുടി പ്രായമായ രണ്ട് വയസ്സ് കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കും മുലപ്പാല്‍ നല്‍കുക വഴി മുലകുടി ബന്ധം സ്ഥാപിതമാകും എന്നു മാത്രമാണ്. അതും തീര്‍ത്തും അവരുടെ ഒറ്റപ്പെട്ട ഒരഭിപ്രായം മാത്രമാണത്. അതുകൊണ്ടാണ് മറ്റു പ്രവാചകപത്‌നിമാരെല്ലാം അവരെ ആ വിഷയത്തില്‍ എതിര്‍ത്തതും തിരുത്തിയതും.

അതിനാല്‍ ആഇശ(റ)യുടെ ഈ ഒറ്റപ്പെട്ട അഭിപ്രായത്തെ ദുര്‍വ്യാഖ്യാനിച്ച് അശ്ലീലതകള്‍ വിതറുവാനുള്ള മിഷണറി നുണ ഫാക്ടറികളുടെ ഉദ്യമം വളരെ തരംതാഴ്ന്ന പ്രവര്‍ത്തനമായിപ്പോയി. ചെറിയ ആണ്‍കുട്ടികള്‍ക്കു മുലയൂട്ടുന്നതിലൂടെ, അതും സ്തനങ്ങളില്‍ നിന്ന് നേരിട്ടല്ലാതെ തളികയില്‍ പിഴിഞ്ഞ് കുടിപ്പിക്കപ്പെടുന്നതിലൂടെ (വുജൂര്‍) ബന്ധുക്കളായാല്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാലും അവരുടെ സാന്നിധ്യം അന്യപുരുഷ സാന്നിധ്യമാകില്ലല്ലോ എന്ന് കണക്കുകൂട്ടിയാണ് ഇത്തരമൊരു നയം ആഇശ (റ) സ്വീകരിച്ചത്.

‘മുലയൂട്ടല്‍’ വിവാദം ഇനിയും അവസാനിക്കാത്ത ‘സുവിശേഷ വേലകള്‍’

രണ്ടു വയസ്സിനുള്ളില്‍ വിശപ്പടങ്ങും വിധം അഞ്ചു തവണയെങ്കിലും മുലയൂട്ടിയാല്‍ മാത്രമേ, വിവാഹം നിഷിദ്ധമാക്കപ്പെടുന്ന ബന്ധം സ്ഥാപിതമാകൂ എന്ന കണിശമായ കര്‍മശാസ്ത്ര വിധി നിഷ്‌കര്‍ഷിച്ച ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനും വൈകൃതവും പ്രാകൃതവുമായ ഒരു ധര്‍മ്മശാസ്ത്രമായി അതിനെ ചിത്രീകരിക്കുവാനും വേണ്ടി മിഷണറി നുണ ഫാക്ടറികള്‍ കൈവെച്ചത് ‘സഹ്‌ല-സാലിം മുലപ്പാലൂട്ടല്‍’ സംഭവമാണ്. സാലിമിന്റെ വിഷയത്തില്‍ മാത്രം, അദ്ദേഹത്തിന്റെ മാതാവ് സഹ്‌ലയുടെ തീവ്ര ദുഃഖത്തിന് ഒരു പോംവഴിയായി – ഇളവ് നല്‍കപ്പെട്ട ഒരു കാര്യമാണ് അതെന്ന് വ്യക്തമായിട്ടും ആ സംഭവത്തെ ഇത്രമേല്‍ മ്ലേച്ഛമായവതരിപ്പിച്ചു എന്നതു മാത്രമല്ല ‘മുലയൂട്ടല്‍’ വിവാദവുമായി ബന്ധപ്പെട്ട് ‘കുഞ്ഞാടുകള്‍’ ചെയ്ത ക്രൂരത. ഒരു കുഞ്ഞിനും ഒരിക്കലും മുലയൂട്ടാന്‍ സാധ്യമല്ലാത്ത, ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത പ്രവാചക പത്‌നി ആഇശ (റ) അത്തരത്തില്‍ ‘മുലയൂട്ടല്‍’ നടത്തിയിരുന്നു എന്ന പച്ചക്കള്ളം പടച്ചുണ്ടാക്കാന്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നായ ഹദീഥുകളില്‍ കൈവെച്ചു. എന്നിട്ടും അരിശം തീരാതെ ആഇശയുടെ പ്രസ്തുത വിഷയകമായ ഒറ്റപ്പെട്ട അഭിപ്രായത്തെ ഉയര്‍ത്തിക്കാട്ടി വീണ്ടും അശ്ലീലതകള്‍ക്ക് പഴുതു തപ്പി നടന്നു. അതും അവരുടെ അഭിപ്രായത്തെ വസ്തുതാവിരുദ്ധമായ നിലയില്‍ ദുര്‍വ്യാഖ്യാനിച്ചു കൊണ്ട്. ഇനിയും തീര്‍ന്നിട്ടില്ല ഇവരുടെ മഹത്തായ ‘സുവിശേഷ വേല’കള്‍. തന്റെ ഒറ്റപ്പെട്ട അഭിപ്രായത്തില്‍ നിന്നും അഥവാ മുലകുടി പ്രായം (രണ്ടു വയസ്സ്) കഴിഞ്ഞതും എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്തതുമായ ആണ്‍കുട്ടികള്‍ക്ക് മുലപ്പാല്‍ തളികയില്‍ പിഴിഞ്ഞു കുടിപ്പിച്ചാല്‍ ‘ബന്ധം’ സ്ഥാപിതമാകും എന്ന അഭിപ്രായത്തില്‍ നിന്നും പിന്നീട് ആഇശ (റ) മടങ്ങിയിട്ടുണ്ട് എന്ന വസ്തുത ഈ ‘കുഞ്ഞാടുകള്‍’ മറച്ചുവെച്ചിട്ടുണ്ടെന്നതും കൂടി നാം അറിയണം. അപ്പോള്‍ നമുക്ക് മനസ്സിലാകും മിഷണറി പക്ഷം വിമര്‍ശനമാണോ അല്ല വിരോധമാണോ പ്രകടിപ്പിക്കുന്നതെന്ന്.

ഇമാം കാസാനി പറഞ്ഞു: ”എന്നാല്‍ ആഇശ (ഈ വിഷയത്തിലുള്ള) നയം അവര്‍ തിരുത്തുകയുണ്ടായി എന്ന് സൂചിപ്പിക്കുന്ന നിവേദനങ്ങള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘രക്തവും മാംസവും മുളപ്പിക്കുന്നതല്ലാത്ത (കൈകുഞ്ഞായിരിക്കുമ്പോളല്ലാത്ത) മുലകുടി വിവാഹബന്ധം നിഷിദ്ധമാക്കില്ല (മുലകുടി ബന്ധം സ്ഥാപിതമാകില്ല)” (ബദാഇഉസ്വനാഇ: 4/6) ‘തൊട്ടിലില്‍ വെച്ചുതന്നെ മുല കുടിച്ചാലെ’ മുലകുടി ബന്ധം സ്ഥാപിതമാകൂ എന്നും (മുസ്‌നദു അഹമ്ദ്: 6/270, മുസ്‌നദു ഇബ്‌നു ഉവാന: 3/122, സുനനു അബൂദാവൂദ്: 2/223) ‘അല്ലാഹുവാണേ, സാലിമിന്റെ വിഷയത്തില്‍ മാത്രമായി (ഖാസ്) പ്രവാചകന്‍ അനുവദിച്ചു കൊടുത്ത ഇളവായിരുന്നു അത് (ആ ഇളവ് എല്ലാവര്‍ക്കും ബാധകമല്ല)’ (സ്വഹീഹു മുസ്‌ലിം: 1454, മുസ്‌നദു അഹ്‌മദ്: 26660, സുനനു അബൂദാവൂദ്: 2061) എന്നുമുള്ള പ്രവാചക പത്‌നി ഉമ്മുസലമ(റ)യുടെ തിരുത്ത് ആഇശ (റ) സ്വീകരിച്ചു എന്നും, തന്റെ ഒറ്റപ്പെട്ട പൂര്‍വ്വ അഭിപ്രായത്തില്‍ നിന്നും അവര്‍ മടങ്ങിയെന്നും ഹദീഥ് ഗ്രന്ഥങ്ങളില്‍ തന്നെ വ്യക്തമാക്കിയിരിക്കെ അതെല്ലാം മറച്ചുവച്ചുകൊണ്ട് ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ‘ദൈവത്തിന്റെ കുഞ്ഞാടുകള്‍’ക്കെങ്ങിനെ കഴിഞ്ഞു. മിഷണറി നുണ ഫാക്ടറികള്‍ നിര്‍മ്മിച്ച ഈ നുണകഥയും പൊക്കിപ്പിടിച്ച് ഇപ്പോഴും യുക്തിവാദികളും ഫെമിനിസ്റ്റുകളും ഫാഷിസ്റ്റുകളുമടങ്ങുന്ന ഇസ്‌ലാംവിമര്‍ശകര്‍ ചോദിക്കുന്നു ‘പ്രവാചകന്റെ ഈ കല്പന നടപ്പിലാക്കുവാന്‍ ഈ കാലഘട്ടത്തിലെ മുസ്‌ലിം സ്ത്രീകള്‍ തയ്യാറാകുമോ? തങ്ങളുടെ ഭാര്യമാരെ കൊണ്ട് ഈ പ്രവാചക നിര്‍ദ്ദേശം നടപ്പില്‍ വരുത്തുവാന്‍ മുസ്‌ലിം പുരുഷന്മാര്‍ ഒരുക്കമാണോ?’ എന്ന്. പാവം! സാധുക്കള്‍ വല്ലതും അറിയുന്നുണ്ടോ ഇതു മിഷണറി ‘സുവിശേഷ വേല’ മാത്രമാണെന്ന കഥ.!!!

ക്വുർആനിലെ 2: 2:233 വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും 46:15 വചനത്തില്‍ ഗര്‍ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു മാസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്താൽ ഗർഭകാലം ആറ് മാസമാണ് എന്നാണ് വന്നു ചേരുക. ഇത് വ്യക്തമായ അബദ്ധമല്ലേ ?

സൂറത്തുല്‍ ബക്വറയിലെ 2:233-ാം വചനത്തിലും സൂറത്തു ലുഖ്മാനിലെ പതിനാലാം വചനത്തിലും മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന് വ്യക്തമാക്കുന്നുണ്ട്. മുലകുടി പൂർത്തിയായ്ക്കാനുദ്ദേശിക്കുന്നവർ കുഞ്ഞുങ്ങൾക്ക് രണ്ട് വര്‍ഷമാണ് മുല കൊടുക്കേണ്ടതെന്ന് ഈ വചനങ്ങൾ വ്യക്തമാക്കുന്നു. സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനത്തിൽ "അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു" എന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഗർഭകാലം ആറ് മാസമാണ് എന്നല്ലേ മനസ്സിലാവുകയെന്നാണ് വിമർശനം. അങ്ങനെത്തന്നെയാണ് മനസ്സിലാക്കേണ്ടത് എന്നാണ് അതിനുള്ള വിശദീകരണം. ഒൻപത് മാസം കഴിഞ്ഞാണ് സാധാരണഗതിയിൽ പ്രസവം നടക്കാറുള്ളതെന്ന് ആരും പറഞ്ഞു കൊടുക്കാതെതന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യം മുഹമ്മദ് നബിക്ക് (സ) അറിയുമായിരുന്നില്ല എന്ന കരുതുന്നത് ശുദ്ധ അസംബന്ധമാണ്.

ഈ വചനങ്ങളിൽ നിന്ന് നാം മനസിലാക്കേണ്ടത് കുറഞ്ഞ ഗർഭകാലം ആറു മാനസമാണ് എന്നാണ്. ഇങ്ങനെ മനസ്സിലാക്കിയവരായിരുന്നു ആദ്യകാല മുസ്ലിംകൾ. ഒരു സംഭവം നോക്കുക:

വിവാഹത്തിനുശേഷം ആറുമാസങ്ങള്‍ കഴിയുന്നയുടനെ പ്രസവിച്ച ഒരു സ്ത്രീയെക്കുറിച്ച ഒരു പരാതി ഖലീഫ ഉമറിന്റെ (റ) അടുത്തെത്തി. പ്രസവിക്കപ്പെട്ട കുഞ്ഞിന് ജീവനും ആരോഗ്യവുമുള്ളതിനാല്‍ വിവാഹപൂര്‍വരതിയിലൂടെയുണ്ടായതാവണം അവരുടെ ഗര്‍ഭധാരണമെന്നും അതിനാല്‍ അവര്‍ക്ക് വ്യഭിചാരത്തിനുള്ള ശിക്ഷ നല്‍കണമെന്നുമായിരുന്നു പരാതിക്കാരുടെ പക്ഷം. പ്രശ്‌നത്തിനു പരിഹാരം തേടി പ്രവാചകാനുചരന്‍മാരുമായി ഉമര്‍ (റ) കൂടിയാലോചന നടത്തി. അബ്ദുല്ലാഹിബ്‌നു അബ്ബാസാണ് (റ) പ്രസ്തുത പ്രസവത്തെ ക്വുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിച്ചത്. സൂറത്തുല്‍ ബക്വറയിലെ 2:233-ാം വചനവും സൂറത്തുല്‍ അഹ്ക്വാഫിലെ പതിനഞ്ചാം വചനവും ഉദ്ധരിച്ചുകൊണ്ട് ഈ വചനങ്ങള്‍പ്രകാരം കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. സൂറത്തുല്‍ ബക്വറയിലെ വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും സൂറത്തുല്‍ അഹ്ക്വാഫില്‍ ഗര്‍ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു ദിവസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്തുകൊണ്ടാണ് പ്രവാചകാനുചരന്‍മാരിലെ ക്വുര്‍ആന്‍ വ്യാഖ്യാതാവെന്ന് അറിയപ്പെട്ടിരുന്ന ഇബ്‌നു അബ്ബാസ് (റ) കുറഞ്ഞ ഗര്‍ഭകാലം ആറു മാസമാണെന്ന് സമര്‍ത്ഥിച്ചത്. ഭരണാധികാരിയായ ഉമര്‍ (റ) അടക്കമുള്ള സ്വഹാബിമാരെല്ലാം അത് അംഗീകരിക്കുകയും കുറ്റാരോപിതയെ വെറുതെ വിടാന്‍ ഖലീഫ കല്‍പിക്കുകയും ചെയ്തു.(ഇമാം അബ്ദുര്‍റസാഖ് തന്റെ മുസന്നഫിലും (7: 352) ഇമാം സുയൂത്തി തന്റെ ദുര്‍റുല്‍ മന്‍സൂറിലും (7: 442) നാഫിഉ ബിന്‍ ജുബൈറില്‍ നിന്ന് നിവേദനം ചെയ്തത്.)

ഉഥ്മാന്റെ (റ) ഭരണകാലത്തും സമാനമായ സംഭവമുണ്ടായതായി ഇമാം മാലിക് (റ) നിവേദനം ചെയ്യുന്നുണ്ട്. ആറാം മാസം കഴിഞ്ഞയുടനെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സ്ത്രീക്ക് വ്യഭിചാരക്കുറ്റത്തിന് ശിക്ഷ വിധിച്ച ഖലീഫയെ തിരുത്തിയത് അലി(റ)യാണ്. നടേ പറഞ്ഞ ആയത്തുകള്‍ ഉദ്ധരിച്ചുകൊണ്ട് ഖലീഫയുടെ വിധിയെ വിമര്‍ശിച്ചത് ഉഥ്മാന്‍ (റ) അംഗീകരിക്കുകയും സ്ത്രീയെ വെറുതെ വിടുകയും ചെയ്തു.(ഇമാം മാലികിന്റെ മുവത്വ 41: 11)

കുറഞ്ഞ ഗര്‍ഭകാലമെത്രയാണെന്ന കാര്യത്തില്‍ പ്രവാചകാനുചരന്‍മാരുടെ കാലം മുതല്‍ മുസ്‌ലിം ലോകത്ത് കാര്യമായ തര്‍ക്കങ്ങളുണ്ടായിട്ടില്ല. നാലു കര്‍മശാസ്ത്ര സരണികളും കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് അംഗീകരിക്കുന്നു. പിതൃത്വവും ശിക്ഷാവിധികളുമായി ബന്ധപ്പെട്ട മദ്ഹബീ നിയമങ്ങളിലെല്ലാം ഈ അംഗീകാരത്തിന്റെ സ്വാധീനം കാണാനാവും. മുസ്‌ലിം ലോകത്ത് പതിനാലു നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടുവരുന്ന കുറഞ്ഞ ഗര്‍ഭകാലം തന്നെയാണ് ശരിയെന്ന വസ്തുത അംഗീകരിക്കുകയാണ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശാസ്ത്രം ഇന്നു ചെയ്യുന്നത്. കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച സംവാദങ്ങളും തര്‍ക്കങ്ങളും ഭ്രൂണശാസ്ത്രലോകത്ത് സജീവമാണെങ്കിലും നിയമപരമായി അംഗീകരിക്കാവുന്ന കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന വസ്തുത ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.

ഗര്‍ഭാശയത്തിനുപുറത്ത് ഗര്‍ഭസ്ഥശിശുവിന് ജീവിക്കാനുള്ള കഴിവിനെയാണ് ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) എന്നുവിളിക്കുന്നത്. ഗര്‍ഭകാലത്തെ മൂന്നു ത്രൈമാസിക യൂണിറ്റുകളായാണ് (trimester) ഭ്രൂണശാസ്ത്രജ്ഞന്‍മാര്‍ പഠിക്കുന്നത്. ആദ്യത്തെ ത്രൈമാസികത്തിലാണ് ഭ്രൂണത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. ഒന്നാം ത്രൈമാസത്തിനകത്ത് പ്രസവിക്കപ്പെട്ടാല്‍ ശിശുജീവനസാമര്‍ത്ഥ്യം പൂജ്യമായിരിക്കും. അഥവാ അങ്ങനെ പ്രസവിക്കപ്പെടുന്ന കുഞ്ഞ് ഒരു കാരണവശാലും ജീവിച്ചിരിക്കുകയില്ല. രണ്ടാം ത്രൈമാസികത്തില്‍ നടക്കുന്നത് പ്രധാനമായും അവയവങ്ങളുടെ വികാസമാണ്. രണ്ടാമത്തെ തൈമാസികം അവസാനിക്കുമ്പോള്‍ പ്രസവിക്കപ്പെടുന്ന കുഞ്ഞിന് നല്ല പരിചരണം നല്‍കിയാല്‍ അത് ജീവിക്കും. ഈ സമയത്തെ ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) 90 ശതമാനമാണ്. നല്ല പരിചരണം നല്‍കിയാല്‍ കുഞ്ഞിനെ രക്ഷിക്കുവാനും കാര്യമാത്രപ്രസക്തമായ വൈകല്യങ്ങളൊന്നുമില്ലാതെ നിലനിര്‍ത്തുവാനും കഴിയുന്ന പ്രായമാണിത് എന്നര്‍ത്ഥം.

ഗര്‍ഭസ്ഥ ശിശുവിന് ഇരുപത്തിരണ്ടാമത്തെ ആഴ്ച പ്രായമാകുന്നതുമുതല്‍ തന്നെ ശിശുജീവനസാമര്‍ത്ഥ്യത്തിന് നേരിയ സാധ്യതകളുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരുപത്തിമൂന്നാമത്തെ ആഴ്ച ഇത് പത്തുമുതല്‍ മുപ്പത്തിയഞ്ച് വരെ ശതമാനവും ഇരുപത്തിനാലാമത്തെ ആഴ്ച ഇത് നാല്‍പത് മുതല്‍ എഴുപത് വരെ ശതമാനവും ഇരുപത്തിയഞ്ചാമത്തെ ആഴ്ച ഇത് അമ്പത് മുതല്‍ എണ്‍പതു വരെ ശതമാനവും ഇരുപത്തിയാറാമത്തെ ആഴ്ച ഇത് എണ്‍പത് മുതല്‍ തൊണ്ണൂറുവരെ ശതമാനവും ഇരുപത്തിയേഴാമത്തെ ആഴ്ച മുതല്‍ ഇത് തൊണ്ണൂറ് ശതമാനത്തിനു മുകളിലുമാണ്. ആറു മാസങ്ങള്‍ക്ക് മുമ്പുള്ള ശിശുജീവനസാമര്‍ത്ഥ്യത്തിന്റെ ശതമാനക്കകണക്ക് ഉയരാനുള്ള കാരണം ചികിത്സാരംഗത്തും സാങ്കേതിക വിദ്യയാലുമുണ്ടായ പുരോഗതിയാണ്. ഈ പുരോഗതിയുണ്ടായിട്ട് ഏതാണ്ട് പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. 1973ലെ പ്രസിദ്ധമായ ഒരു ഗര്‍ഭഛിദ്ര കേസില്‍ പോലും അമേരിക്കന്‍ സുപ്രീം കോടതി വിധിച്ചത് ശിശുജീവനസാമര്‍ത്ഥ്യം ഇരുപത്തിയെട്ട് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ഉണ്ടാവുകയുള്ളുവെന്നാണ് പൊതുവെ കരുതി വരാറുള്ളതെന്നാണ്. ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ശിശുവിന് ജീവനസാമര്‍ത്ഥ്യമുണ്ടാകൂവെന്നാണ് ഇന്ന് പൊതുവെ ചികിത്സാരംഗത്തുള്ളവര്‍ പറയാറുള്ളതെങ്കിലും അതിനേക്കാള്‍ മുമ്പ് പ്രസവിക്കപ്പെട്ടിട്ടും ജീവിച്ച റിക്കാര്‍ഡുകളുണ്ട്.

2006 ഒക്‌ടോബര്‍ 24ന് ഫ്‌ളോഡിറിയില്‍ ഇരുപത്തിരണ്ട് ആഴ്ചകള്‍ മാത്രം കഴിഞ്ഞ് ജനിച്ച അമില്ലിയ ടൈലറെന്ന പെണ്‍കുട്ടിയാണ് ഏറ്റവും കുറഞ്ഞ ഗര്‍ഭകാലം കഴിഞ്ഞ് ജീവനസാമര്‍ത്ഥ്യത്തോടെയിരിക്കുകയും പിന്നീട് വളര്‍ന്നു വലുതാവുകയും ചെയ്തയാളായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും ദഹനവ്യവസ്ഥക്കും തലച്ചോറിനുമെല്ലാം നിരവധി തകരാറുകളുണ്ടായിരുന്നുവെങ്കിലും മികച്ച സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഒരു കൂട്ടം ഭിഷഗ്വരന്‍മാര്‍ ഭഗീരഥപ്രയത്‌നം നടത്തി കുട്ടിയെ ജീവനോടെ നിലനിര്‍ത്തുകയാണുണ്ടായത്. നീണ്ട നാലുമാസങ്ങളില്‍ ആശുപത്രിയിലെ ശിശു തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് അവരുടെ മാതാപിതാക്കള്‍ക്ക് ജീവനുള്ള കുഞ്ഞിനെ ലഭിച്ചത് എന്നര്‍ത്ഥം.

രണ്ടാമത്തെ ത്രൈമാസം കഴിയുമ്പോഴേക്ക് ഗര്‍ഭസ്ഥശിശുവില്‍ ഒരുവിധം എല്ലാ ബാഹ്യാവയവങ്ങളും ആന്തരാവയവങ്ങളും വളര്‍ന്നുവന്നിരിക്കുമെന്നതിനാല്‍ തന്നെ അതിനുശേഷം പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുവാനുള്ള സാധ്യത അഥവാ ശിശുജീവനസാമര്‍ത്ഥ്യം തൊണ്ണൂറു ശതമാനത്തിനു മുകളിലാണ്. ഗര്‍ഭാശയത്തില്‍വെച്ചു തന്നെ പൂര്‍ണ വളര്‍ച്ചയെത്തി പുറത്തുവരുന്ന കുഞ്ഞ് മാതൃശരീരത്തിനകത്ത് തന്റെ ആദ്യകോശമുണ്ടാകുന്നതു മുതല്‍ മുപ്പത്തിയൊന്‍പത് ആഴ്ചക്കാലമാണ് കഴിച്ചുകൂട്ടുന്നത്. പൂര്‍ണമായ ഗര്‍ഭകാലമാണിത്. ഇതിനുമുമ്പ് ഏതു സമയത്തും കുഞ്ഞ് പ്രസവിക്കപ്പെടാം. ഗര്‍ഭാശയത്തിനകത്തും പുറത്തും കുഞ്ഞിന് വളരാനാവശ്യമായ സംവിധാനങ്ങളെല്ലാം ചെയ്തുവെച്ചിരിക്കുന്നവനാണ് സ്രഷ്ടാവ്. മാതൃശരീരത്തില്‍ നിന്ന് പുറത്തുവരുന്ന ശിശുവിന് പിന്നെ മാതാവുമായുള്ള ജൈവികബന്ധം അതിന്റെ മുലകുടിയാണ്. മനുഷ്യശിശുവിന്റെ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന കാര്യത്തില്‍ ശാസ്ത്രവും ക്വുര്‍ആനും ഒരേ അഭിപ്രായമാണ് പുലര്‍ത്തുന്നത്.

പൂര്‍ണമായ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നു പറയുമ്പോള്‍ അതിനുമുമ്പ് ഏതുസമയത്തും മാതാവിന്റെയോ കുഞ്ഞിന്റെയോ ആരോഗ്യപരമായ കാരണങ്ങളാല്‍ മുലകുടി നിന്നുപോകുവാനുള്ള സാധ്യത ക്വുര്‍ആന്‍ അംഗീകരിക്കുന്നു. മുലകുടിയോടു കൂടി ബന്ധപ്പെടുത്തിയാണ് കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. മുലകുടിയും ഗര്‍ഭകാലവും കൂടി മുപ്പത് മാസമാണെന്ന ക്വുര്‍ആനിക പരാമര്‍ശമാണ് ചുരുങ്ങിയ ഗര്‍ഭകാലം ആറുമാസമാണെന്ന നിഗമനത്തിലെത്താന്‍ പ്രവാചകാനുചരന്മാരെ സഹായിച്ചത്. കാര്യമായ സാങ്കേതിക സഹായങ്ങളൊന്നുമില്ലെങ്കില്‍ പോലും, ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കി ഗര്‍ഭാശയത്തിനകത്തുനിന്ന് പുറത്തുവരുന്ന കുഞ്ഞിന് ജീവിക്കുവാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത്. ആറുമാസം പൂര്‍ത്തിയാക്കുന്നതോടെ ശിശുവിന്റെ ജീവനസാമര്‍ത്ഥ്യം തൊണ്ണൂറ് ശതമാനമാണെന്നാണല്ലോ പഠനങ്ങള്‍ കാണിക്കുന്നത്.

ആറു മാസങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സാങ്കേതിക സഹായങ്ങളോടെ സാധിക്കുമെന്നതിനാലാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ജീവനസാമര്‍ത്ഥ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നു പറയുന്നത്. പ്രസ്തുത പുരോഗതിയുടെ ഫലമായി ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞേക്കുമെന്ന ഒരു ധാരണ ചികിത്സാരംഗത്തുണ്ടായിട്ടുണ്ട്. വിദഗ്ധരായ ചികിത്സകരുടെ മേല്‍നോട്ടത്തില്‍ ശക്തമായ സാങ്കേതിക സഹായത്തോടെയാണ് പ്രസ്തുത രക്ഷിക്കല്‍ ശ്രമം നടക്കുന്നത്. അങ്ങനെ രക്ഷപെടുന്ന കുഞ്ഞുങ്ങള്‍ വ്യത്യസ്തതരം വൈകല്യങ്ങള്‍ക്ക് വിധേയമായിരിക്കും. തലച്ചോറ് വേണ്ടത്ര വികസിച്ചിട്ടില്ലാത്തതിനാല്‍ ഓട്ടിസമടക്കമുള്ള വൈകല്യങ്ങളുണ്ടാവാനുള്ള സാധ്യതയേറെയാണ്. ശ്വാസകോശങ്ങളുടെയും കണ്ഠനാളികളുടെയും വളര്‍ച്ച പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അത്തരം ശിശുക്കള്‍ക്ക് മുല കുടിക്കുവാന്‍ പലപ്പോഴും കഴിയാറില്ല. മാതൃമുലപ്പാല്‍ പിഴിഞ്ഞ് വായിലേക്ക് ഉറ്റിച്ചുകൊടുക്കുകയോ സമാന്തര പോഷകങ്ങള്‍ നല്‍കിയോ ആണ് ചികിത്സകന്‍മാര്‍ ഈ പ്രശ്‌നം പരിഹരിക്കാറുള്ളത്. ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും മുലകുടിയടക്കമുള്ള പല ശൈശവക്രിയകളും ചെയ്യാന്‍ അവയ്ക്ക് കഴിയുകയില്ലെന്നര്‍ത്ഥം.

മാതാപിതാക്കളോടുള്ള ബാധ്യതകളെക്കുറിച്ചു പറയുമ്പോള്‍ മാതാവ് തനിക്കുവേണ്ടി സഹിച്ച ത്യാഗങ്ങളെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്വുര്‍ആന്‍ മുലകുടി പ്രായവും ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന് പരാമര്‍ശിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. ആറുമാസമെങ്കിലുമുള്ള പൊക്കിള്‍കൊടി ബന്ധവും രണ്ടു വര്‍ഷത്തെ മുലകുടി ബന്ധവുമാണ് മാതൃശരീരവുമായി കുഞ്ഞിനുള്ള ജൈവികബന്ധമെന്ന ക്വുര്‍ആന്‍ പരാമര്‍ശം വളര്‍ന്നു വലുതായ ശേഷമുള്ള മാതാപിതാക്കളോടുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനിടയിലാണ് കടന്നുവരുന്നത്. മുലകുടി പ്രായവും കുറഞ്ഞ ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന ക്വുര്‍ആന്‍ പരാമര്‍ശം ശാസ്ത്രീയമായ കൃത്യത മാത്രമല്ല വൈകാരിക ബന്ധത്തിനുണ്ടാവേണ്ട ആഴവും വ്യക്തമാക്കുന്നതാണ്.

സമൂഹത്തിലെ സമ്പന്നരുടെ സമ്പത്ത് എല്ലാവര്‍ക്കും തുല്യമായി നല്‍കുക എന്ന കമ്യൂണിസ്റ്റ് നയമല്ലേ ഇസ്‌ലാമിലെ ദാന-ധര്‍മ-സകാത്ത് സമ്പ്രാദയത്തെക്കാള്‍ വിശാലമായതും അനുകരിക്കാന്‍ എളുപ്പമുള്ളതും!

സര്‍വലോകരക്ഷിതാവിലുള്ള വിശ്വാസത്താല്‍ പ്രചോദിതനായി മനുഷ്യന്‍ ജീവിത വ്യവഹാരങ്ങളാകെ ക്രമീകരിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. വാഗ്‌വിചാര കര്‍മങ്ങളാകെ ജഗന്നിയന്താവിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ധനസമ്പാദനവും ധനവിനിമയവും അവന്റെ ഹിതത്തിന് വിധേയമാക്കുകയാണ് സത്യവിശ്വാസി ചെയ്യുന്നത്. അവന്റെ പ്രീതിയും പ്രതിഫലവുമാണ് അതിലൂടെ വിശ്വാസി കാംക്ഷിക്കുന്നത്. ഭൗതിക ജീവിതത്തെമാത്രം മുന്‍നിര്‍ത്തി രണ്ടു ചിന്തകന്മാര്‍ ആവിഷ്‌കരിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. അതില്‍ ദൈവവിശ്വാസത്തിനോ പരലോകത്തെ സംബന്ധിച്ച പ്രതീക്ഷയ്‌ക്കോ യാതൊരു സ്ഥാനവുമില്ല.

സമ്പന്നരുടെ സമ്പത്ത് എല്ലാവര്‍ക്കും തുല്യമായി വീതിക്കുക എന്നതല്ല കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ചെയ്തത്. സാമ്പത്തിക സ്രോതസ്സുകളും ഉല്‍പാദനോപാധികളും പൂര്‍ണമായി രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലാക്കി മാറ്റുകയും അധികാരം കയ്യാളുന്ന സമഗ്രാധിപതികള്‍ തങ്ങളുടെ ഹിതമനുസരിച്ച് അതൊക്കെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന സമ്പ്രദായങ്ങളാണ് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ നിലനിന്നു പോന്നത്. പാര്‍ട്ടിയിലെയും ഭരണകൂടത്തിലെയും ഉന്നതന്മാര്‍ക്കും വ്യവസായശാലകളിലെയും കൃഷിയിടങ്ങളിലെയും സാധാരണ തൊഴിലാളികള്‍ക്കും ലഭിക്കുന്ന വേതനവും ജീവിതസൗകര്യങ്ങളും തമ്മില്‍ അവിടങ്ങളില്‍ എക്കാലത്തും വലിയ അന്തരമുണ്ടായിരുന്നു. ഉന്നത ശാസ്ത്രജ്ഞര്‍ക്കും ട്രാക്ടര്‍ ഓടിക്കുന്നവര്‍ക്കും തുല്യമായ ശമ്പളവും ജീവിത സൗകര്യങ്ങളും നല്‍കുന്ന സമ്പ്രദായം കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലൊന്നും ഇതഃപര്യന്തംനടപ്പാക്കിയിട്ടില്ല.

ചൈനയില്‍ മാവോയുടെ നേതൃത്വത്തില്‍ സാംസാകാരിക വിപ്‌ളവം അരങ്ങേറിയപ്പോള്‍ ഉയര്‍ന്ന തസ്തികകളിലുള്ളവരെക്കൊണ്ട് താഴേക്കിട ജോലികള്‍ ചെയ്യിക്കാന്‍ തുടങ്ങിയെങ്കിലും പ്രായോഗികമായി അത് തികഞ്ഞ പരാജയമായിരുന്നു. ഇപ്പോള്‍ ചൈനയുടെ സാമ്പത്തികനയം മുതലാളിത്തത്തില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലാതായിട്ടുണ്ട്. ഷാങ്ഹായിയും ബെയ്ജിംഗും പോലുള്ള ചൈനീസ് നഗരങ്ങളിലെ വന്‍കിട വ്യാപാരികളുടെയും വ്യവസായികളുടെയും ലാഭത്തില്‍നിന്ന് പാവപ്പെട്ടവര്‍ക്ക് വല്ലതും ലഭിക്കണമെങ്കില്‍ അവര്‍ ദൈവത്തെയോര്‍ത്ത് എന്തെങ്കിലും ദാനം ചെയ്യുകതന്നെ വേണ്ടിവരും.

അല്ലാഹു ത്രികാലജ്ഞാനിയാണ്. സര്‍വജ്ഞനാണ്. അവനോട് ഏതു സമയത്തും നമുക്ക് പ്രാര്‍ഥിക്കാം. പിന്നെ എന്തിനാണ് പ്രത്യേക സമയം നിര്‍ണയിക്കപ്പെട്ട അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍? സുജൂദ്, റുകൂഅ് പോലുള്ള പ്രത്യേകരൂപങ്ങള്‍ എന്തിനാണ് പ്രാര്‍ഥനക്ക്? നമുക്ക് ഇഷ്ടമുള്ള രൂപത്തില്‍ പ്രാര്‍ഥിച്ചാല്‍ പോരെ?

സത്യവിശ്വാസികള്‍ക്ക് അല്ലാഹുവോട് ഏത് സമയത്തും പ്രാര്‍ഥിക്കാം. ന്യായമായ ഏത് കാര്യത്തിനുവേണ്ടിയും പ്രാര്‍ഥിക്കാം. നമസ്‌കാരം എന്ന ആരാധനാകര്‍മത്തിന് മാത്രമാണ് സമയം നിര്‍ണ യിക്കപ്പെട്ടിട്ടുള്ളത്. ഖുര്‍ആന്‍പാരായണവും പ്രാര്‍ഥനയും പ്രകീര്‍ ത്തനവും നിര്‍ത്തവും ഇരുത്തവും കുമ്പിടലും സാഷ്ടാംഗവും എല്ലാം അടങ്ങിയതാണ് നമസ്‌കാരം. ദിനരാത്രങ്ങള്‍ക്കിടയില്‍ നിശ്ചിത ഇടവേളകളില്‍ ഈ ആരാധനാകര്‍മം നിര്‍വഹിക്കാന്‍ വിശ്വാസികളോട് അല്ലാഹു കല്‍പിച്ചിട്ടുള്ളത് അവന്റെ അനുഗ്രഹ ങ്ങളോട് അവര്‍ കൃതജ്ഞരായിരിക്കുന്നതിനും അവന്റെ വിധി വിലക്കുകളെ സംബന്ധിച്ച ബോധം അവരുടെ മനസ്സില്‍ സദാ സജീവമായിരിക്കുന്നതിനും വേണ്ടിയാകുന്നു. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ ഓരോനമസ്‌കാരവും വ്യത്യസ്ത സമയങ്ങളിലായിരിക്കും നിര്‍വഹിക്കുന്നത്. അതിനാല്‍ ഭൂമിയില്‍ നമസ്‌കാരം നിര്‍വഹിക്കപ്പെടാത്ത ഒരു സമയവും ഉണ്ടാകാനിടയില്ല.

ബഹുദൈവത്വത്തിന്റെയോ അന്ധവിശ്വാസങ്ങളുടെയോ യാതെരു ലാഞ്ചനയുമില്ല എന്ന് പറയപ്പെടുന്ന ഇസ്‌ലാമിലെ സുപ്രധാന കര്‍മമായ ഹജ്ജ് വേളയില്‍ 'ഹജറുല്‍ അസ്‌വദ്''എന്ന കല്ലിനെ ആദരവോടും ആവേശത്തോടും മുത്തുന്നതെന്തിനാണ്? കല്ലിനെയും മുള്ളിനെയും ആരാധിക്കരുത്, അവയോടൊന്നും ഒരുതരത്തിലുമുള്ള ആദരവും ബഹുമാനവും പാടില്ലായെന്ന് പഠിപ്പിച്ച നബി(സ)തന്നെ ഈ കര്‍മം നടത്തിയത് എന്തോ ഒരു ബഹുമാനം ആ കല്ലിനോട് ഉള്ളതുകൊണ്ടല്ലേ? നിര്‍ജീവമായ ആ കല്ലിനോട് ഒരു ആരാധനാ മനോഭാവമുള്ളത് കൊണ്ടല്ലേ? ഇന്ന് ജനങ്ങള്‍ ഈ കല്ലിനോട് കാണിക്കുന്ന ആവേശം അതല്ലേ സൂചിപ്പിക്കുന്നത്?

പ്രപഞ്ചനാഥനെ മാത്രം ആരാധിക്കാന്‍വേണ്ടി ഭൂമുഖത്ത് ആദ്യ മായി സ്ഥാപിക്കപ്പെട്ട ആരാധനാലയം എന്നതാണ് പരിശുദ്ധ കഅ്ബയുടെ മഹത്വമെന്ന് വിശുദ്ധ ഖുര്‍ആനില്‍ (3:96) വ്യക്തമാക്കിയിട്ടുണ്ട്. കഅ്ബയെ ലക്ഷ്യമാക്കി ഏകദൈവ വിശ്വാസികളായ തീര്‍ ത്ഥാടകര്‍ പോകുന്നത് ആവേശത്തോടെ തന്നെയാണ്. പക്ഷേ, അ വര്‍ ആരാധിക്കുന്നത് ആ ചതുരക്കെട്ടിടത്തെയല്ല. ലോകരക്ഷിതാവിനെ മാത്രം ആരാധിക്കാനുള്ള സങ്കേതമെന്ന നിലയില്‍ ആഭവനത്തോട് അവര്‍ക്കുള്ളത് ആദരവാണ്, ആരാധനയല്ല.

കഅ്ബയുടെ തെക്കുകിഴക്കെ മൂലയില്‍നിന്നാണ് പ്രദക്ഷിണം തുടങ്ങേണ്ടത്. ആ മൂലയില്‍ സ്ഥാപിച്ചിട്ടുള്ള ഒരു അടയാള കല്ലാണ് ഹജറുല്‍ അസ്‌വദ്. ആകല്ലില്‍ ചുംബിച്ചുകൊണ്ടോ തൊട്ട്മുത്തിക്കൊണ്ടോ അതിനുനേരെ കൈകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ടോ പ്രദക്ഷിണം തുടങ്ങാം. എന്തായാലും തീര്‍ഥാടകര്‍ ആ കല്ലിന് ആരാധനയര്‍പ്പിക്കുന്നി ല്ല. ആ കല്ലിനോ മറ്റേതെങ്കിലും കല്ലിനോ കെട്ടിടത്തിനോ അഭൗതികമായ എന്തെങ്കിലും കഴിവുണ്ടെന്ന് വിശ്വസിക്കുന്നില്ല. ആ കല്ലില്‍നിന്ന് ഉപകാരം പ്രതീക്ഷിക്കുകയോ ഉപദ്രവം ഭയപ്പെടുകയോ ചെയ്യുന്നില്ല. ആ കല്ലിന്റെയും അത് ഉള്‍ക്കൊള്ളുന്ന കഅ്ബയുടെയും നാഥനായ അല്ലാഹുവെ മാത്രമാണ് അവര്‍ ആരാധിക്കുന്നത്. ആ കല്ലിനെ ആദരിക്കല്‍ ഹജ്ജിന്റെയോ ഉംറയുെടയോ നിര്‍ബന്ധിത കര്‍മ്മങ്ങളില്‍ പെട്ടതല്ല എന്ന കാര്യവും പ്രസ്താവ്യമാകുന്നു. അതിന്റെ നേരെനിന്നുകൊണ്ട് ത്വവാഫ് (പ്രദക്ഷിണം) തുടങ്ങുക മാത്രമാണ് നിര്‍ബന്ധമായിട്ടുള്ളത്.

നിലത്ത് നെറ്റിയും മൂക്കും വെച്ചുകൊണ്ടാണ് സത്യവിശ്വാസികള്‍ സാഷ്ടാംഗം ചെയ്യേണ്ടത്. എന്നാല്‍ മറ്റു ചിലര്‍ പറയുന്ന ഭൂമി പൂജ യുമായി ഇതിന് യാതൊരു ബന്ധവുമിെല്ലന്നും ഭൂമിയുടെ സ്രഷ്ടാവിന്റെ മുമ്പില്‍ പരമമായ വണക്കം പ്രകടിപ്പിക്കുക മാത്രമാണ് ഇ തുകൊണ്ട് ഉദ്ദേശിക്കപ്പെട്ടതെന്നും സത്യവിശ്വാസികള്‍ക്കെല്ലാം അറിയം. അതുപോലെ തന്നെയാണ് ഹജറുല്‍ അസ്‌വദിനെ ആദരിച്ചുകൊണ്ട് അല്ലാഹുവിന് മാത്രമുള്ള ആരാധനയായ ത്വവാഫ് നിര്‍വഹിക്കുന്ന ഏകദൈവ വിശ്വാസിയുടെ അവസ്ഥയും. സഫാ മര്‍വാ കുന്നുകളോടും മക്കയിലെ മറ്റ് പുണ്യസ്ഥലങ്ങളോടും സത്യവിശ്വാസികള്‍ക്കുള്ള മനോഭാവവും ഇതുപോലെതന്നെ.

ലോകത്തിലുള്ള എല്ലാ ദൈവവിശ്വാസികളും ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ വിഗ്രഹാരാധകന്മാരാണ്. അതായത് ഹൈന്ദവ വിശ്വാസികള്‍ വിവിധ ക്ഷേത്രങ്ങളില്‍ വ്യത്യസ്ത രൂപത്തിലുള്ള വിഗ്ര ഹങ്ങള്‍ പ്രതീകമാക്കി ഏകദൈവത്തെ ആരാധിക്കുന്നു. ക്രിസ്ത്യാനികള്‍ യേശുവിനെ വിവിധ ചര്‍ച്ചുകളില്‍ പ്രതീകമാക്കി ദൈവത്തോട് പ്രാര്‍ഥിക്കുന്നു. മുസ്‌ലിംകള്‍ മുഴുവന്‍ 'കഅ്ബ' എന്ന പ്രതീകത്തിന് നേരെ തിരിഞ്ഞ് ഏകദൈവത്തെ ആരാധിക്കുന്നു. ഇതെല്ലാം ഒത്തുചേരുന്നത് എല്ലാ മതങ്ങളും വിഗ്രഹാരാധനയില്‍ (ദൈവിക പ്രതീകാരാധനയില്‍) അധിഷ്ഠിതമാണ് എന്നതിലല്ലേ?

വിഗ്രഹങ്ങളെ പ്രതീകമാക്കി അവയെത്തന്നെയാണ് ഹൈന്ദവര്‍ ആരാധിക്കുന്നതും പ്രാര്‍ഥിക്കുന്നതും. ഓരോ ആവശ്യത്തിനും വി വിധ ദൈവങ്ങള്‍ക്ക് നേര്‍ച്ചകളര്‍പ്പിക്കുകയും അവരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നത് ഏകദൈവാരാധനയാണെന്ന് പറയുന്നതില്‍ യാ തൊരര്‍ഥവുമില്ല. ക്രൈസ്തവര്‍ ഏകദൈവാരാധനക്ക് യേശുവെ പ്രതീകമാക്കുകയല്ല; ഒരു ത്രിയേക ദൈവസങ്കല്‍പമുണ്ടാക്കി ദൈവ പുത്രന്‍ എന്ന പേരില്‍ യേശുവെ ആരാധിക്കുകയും അദ്ദേഹത്തോട് പ്രാര്‍ഥിക്കുകയുമാണ് ചെയ്യുന്നത്. ഏകദൈവമായ യഹോവയോട് മാത്രം പ്രാര്‍ഥിക്കുന്നവര്‍ ക്രൈസ്തവര്‍ക്കിടയില്‍ വളരെ വിരളമാ കുന്നു. എന്നാല്‍ കഅ്ബഃ ഏകദൈവത്തിന്റെ പ്രതീകമോ വിഗ്രഹമോ അല്ല. കഅ്ബയെ മുസ്‌ലിംകള്‍ ആരാധിക്കുകയോ കഅ്ബയോട് പ്രാര്‍ഥിക്കുകയോ ചെയ്യുന്നില്ല. ഏകദൈവത്തെ മാത്രം ആരാധി ക്കാന്‍വേണ്ടി, യഹൂദരുടെയും ക്രൈസ്തവരുടെയും മുസ്‌ലിംകളുടെയും പൂര്‍വികാചാര്യനായ പ്രവാചക ശ്രേഷ്ഠന്‍ ഇബ്രാഹീം(അ)അഥവാ അബ്രഹാം സ്ഥാപിച്ച ആരാധനാലയമാണ് കഅ്ബഃ. അദ്ദേഹം അവിടെനിന്ന് ഏകദൈവത്തോട് എങ്ങനെ പ്രാര്‍ഥിച്ചുവോ അതുപോലെ അങ്ങോട്ട് തിരിഞ്ഞുനിന്ന് ഏകദൈവത്തോട് മാത്രം പ്രാര്‍ഥിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യുന്നത്. വിഗ്രഹാരാധനയുടെ യാതൊരുസ്പര്‍ശവും യഥാര്‍ഥ മുസ്‌ലിംകളുടെ ആരാധനയിലോ പ്രാര്‍ഥനയിലോ ഇല്ല.

വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

ഏറ്റവും നല്ല രൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. (95:4) പിന്നെയെന്തിനാണ് കുറ്റമറ്റ ശരീരമുള്ള മനുഷ്യരോട്(പുരുഷന്മാരോട്)ചേലാകര്‍മം ചെയ്യാന്‍ കല്‍പിച്ചത്? ഇതിന് ഉത്തരമായി ഇത് കൊണ്ടുള്ള നേട്ടം നമുക്ക് അണിനിരത്താന്‍ സാധിക്കുമെങ്കിലും അതിന് ഒരു മറുചോദ്യമുണ്ടാകുന്നു. ചേലാകര്‍മംകൊണ്ട് ഇത്രയും ഉപകാരങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ചേലാകര്‍മം ചെയ്യാത്ത അവസ്ഥയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? ദൈവം കുറ്റമറ്റവനും അത്യുന്നതനുമാണ് എന്നതിന് ഇത് ഒരു അപവാദമല്ലേ? അതല്ല, മനുഷ്യന്‍ ഏറ്റവും നല്ല ഘടനയിലല്ലേ സൃഷ്ടിക്കപ്പെട്ടത്?

'ജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തിന്റെ ബാഹ്യഘടനയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താനുള്ള സ്വാതന്ത്ര്യവും കൂടിയുള്ള നിലയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. തലമുടി പൂര്‍ണമായി മുണ്ഡനം ചെയ്യുകയോ, നിശ്ചിത വലിപ്പത്തില്‍ വെട്ടിനിര്‍ത്തുകയോ, ഒന്നും ചെയ്യാതെ ജടപിടിച്ച നിലയില്‍ വിടുകയോ, ചീകിയൊതുക്കുകയോ ചെയ്യാന്‍ അവന് സ്വാതന്ത്ര്യമുണ്ട്. ഒരു പരിധിയില്‍ കവിയാത്തവിധം വെട്ടി ചീകിയൊതുക്കി വെക്കുന്നതാണ് ഇസ്‌ലാം പ്രോത്‌സാഹിപ്പിക്കുന്ന രീതി. മുണ്ഡനം ഒരു ഫാഷനായി സ്വീകരിച്ചവരും ചിലകാലങ്ങളില്‍ ചില നാടുകളില്‍ ഉണ്ടാകാറുണ്ട്. തലയില്‍ ഒട്ടും മുടിവേണ്ടെന്നോ, നിശ്ചിത നീളത്തില്‍മാത്രം വള രുന്ന നിലയില്‍ (ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും അങ്ങനെയാണല്ലോ) മതിയെന്നോ ദൈവം തീരുമാനിച്ചിരുന്നെങ്കില്‍ പല അഭിരുചിക്കാര്‍ക്കും അത് അസൗകര്യമായി ഭവിക്കും. നഖത്തിന്റെ കാര്യവും ഏറെ വ്യത്യസ്തമല്ല. നഖം ഒട്ടും മുറിക്കാതെ പലവിധത്തി ല്‍ നീട്ടിവളര്‍ത്തുന്നവര്‍ക്കും വിവിധ ആകൃതികളില്‍ വെട്ടി അല ങ്കരിച്ച് നടക്കുന്നവര്‍ക്കും വിരല്‍ത്തുമ്പിനൊപ്പം മുറിച്ച് ഒഴിവാക്കുന്നവര്‍ക്കും ഒരുപോലെ സൗകര്യപ്രദമായ നിലയിലാണ് ദൈവം സംവിധാനിച്ചിരിക്കുന്നത്.

വ്യത്യസ്ത സാദ്ധ്യതകളോടെ മുടിയും നഖവും സൃഷ്ടിച്ചത് ദൈവത്തിന്റെ കഴിവിന്റെ തെളിവാണെങ്കില്‍, മുറിച്ചു നീക്കുകയോ നിലനിര്‍ത്തുകയോ ചെയ്യാനുള്ള സാധ്യതയോടെ അഗ്രചര്‍മം സൃ ഷ്ടിച്ചത് എങ്ങനെയാണ് കഴിവുകേടോ അപൂര്‍ണതയോ ആകുന്നത്? പുരുഷ ശരീരത്തിലെ ഏറ്റവും മൃദുലവും 'സെന്‍സിറ്റീവും' ആയ ഭാഗമാണ് ലൈംഗികാവയവത്തിന്റെ അഗ്രഭാഗം. വസ്ത്രം ധരിക്കാത്ത അവസ്ഥയില്‍ പരിക്കേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ആ ഭാഗത്തിന് ഒരു പ്രത്യേക ചര്‍മാവരണം സൃഷ്ടികര്‍ത്താവ് നല്‍കിയത് അവന്റെ കരുതലും കാരുണ്യവും മൂലമാണ്. എന്നാല്‍ വസ്ത്രം ധരിക്കുകയും ശ്രദ്ധയോടെ ജീവിക്കുകയും ചെയ്യുന്നയാളുടെ അവയവത്തിന് അഗ്രചര്‍മം മുഖേനയുള്ള സംരക്ഷണം ആവശ്യമായിവരുന്നില്ല. പ്രായപൂര്‍ത്തിയാകുന്നതോടെ ആ ചര്‍മത്തിന്റെ ഉള്‍ഭാഗം എപ്പോഴും മാലിന്യമുക്തമായി സൂക്ഷിക്കുക പ്രയാസമായിരിക്കും. പലതരം ശരീരദ്രാവകങ്ങളുടെ അംശങ്ങള്‍ ചെറിയ അളവിലെങ്കിലും ആഭാഗത്ത് അവശേഷിക്കുന്നത് അവയവത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ഇന്ന് ആരോഗ്യശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിഷയമാകുന്നു. ദൈവിക മതം ചേലാകര്‍മം അനുശാസിച്ചതിന്റെ പ്രസക്തി നമുക്ക് ഇവിടെ വ്യക്തമാകുന്നു.

ശരീരഘടനയില്‍ വിവിധ സാധ്യതകള്‍ ഉള്‍പ്പെടുത്തുകയും ചിന്തിക്കുന്ന മനുഷ്യര്‍ക്ക് അവയുമായി ബന്ധപ്പെട്ട ഏറ്റവും ഉത്തമമായ സമീപനം കൈക്കൊള്ളാന്‍ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത ദൈവം എല്ലാം അറിയുകയും എല്ലാം പരിഗണിക്കുകയും ചെയ്യുന്നുവെന്നത്രെ ഇതില്‍നിന്നൊക്കെ ഗ്രഹിക്കാവുന്നത്. ശരീരത്തിലെവിടെയും ബാഹ്യചര്‍മത്തിന് മീതെ മറ്റൊരു ചര്‍മമില്ലാതിരിക്കെ പ്രത്യുല്‍പാദന അവയവത്തിന്റെ അഗ്രഭാഗത്ത് മാത്രം ഒരു ചര്‍മ്മാവരണം നല്‍കപ്പെട്ടത് ഘടനാപരമായ ന്യൂനതയ്ക്കല്ല സൂക്ഷ്മതക്കാണ് തെളിവാകുന്നത്.

ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ, ഇസ്‌ലാമിലെ ചില ആചാരരീതികള്‍ വളരെ ക്രൂരമായി തോന്നുന്നു. ഒരു മുസ്‌ലിമിന് ജീവിതത്തില്‍ ഒരിക്കല്‍ (കഴിവുണ്ടെങ്കില്‍) നിര്‍ബന്ധമായും ചെയ്യേണ്ടുന്ന ഏറ്റവും വലിയ പുണ്യകര്‍മമാണ് ഹജ്ജ്. എന്നാല്‍ ഇത്രയും വലിയ ഈ പുണ്യകര്‍മത്തില്‍ ഒരു മിണ്ടാപ്രാണിയെ കൊല്ലുന്നതും പുണ്യമാകുമോ? ഈ പ്രാവശ്യം ചുരുങ്ങിയത് 25 ലക്ഷം തീര്‍ഥാടകര്‍ ഹജ്ജ് ചെയ്യാനെത്തിയെന്നറിഞ്ഞു. എങ്കില്‍ ഒരാള്‍ ഒരാട് വീതമാണെങ്കില്‍പോലും 25 ലക്ഷം ആടുകള്‍ അറുക്കപ്പെട്ടിട്ടുണ്ടാകും. മനുഷ്യര്‍ക്ക് പുണ്യം കിട്ടാന്‍വേണ്ടി ആ മിണ്ടാപ്രാണികളെ എന്തിന് നമ്മള്‍ കൊല്ലണം? അതൊരു വലിയ പാപമാകില്ലേ? എന്റെ ഒരു മുസ്‌ലിം കൂട്ടുകാരനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ദൈവത്തിന്റെ കല്‍പനയാണ് ഇതെന്നാണ് പറഞ്ഞത്. ഇബ്‌റാഹീം (അബ്രഹാം) പ്രവാചകനോട് മകനെ ബലി നല്‍കാന്‍ കല്‍പിച്ചുവെന്നും പ്രവാചകന്‍ അത് അനുസരിച്ച് മകനെ അറുക്കുവാന്‍ പോകുമ്പോള്‍ ദൈവം അദ്ദേഹത്തില്‍ സന്തുഷ്ടനായി മകന് പകരം ഒരാടിനെ ബലി നല്‍കുവാന്‍ പറഞ്ഞു എന്നും മറ്റും എന്നോട് പറഞ്ഞു. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തില്‍ ഒരുപാട് ബലികര്‍മങ്ങള്‍ ഉണ്ടായിരുന്നു. കാലാനുസൃതമായി അവയിലെല്ലാം മാറ്റങ്ങള്‍ വരുത്തി. ഇപ്പോഴും മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അതുപോലെ ഇതും മാറ്റിക്കൂടേ?

ചോദ്യകര്‍ത്താവിന്റെ ദൃഷ്ടിയില്‍ എന്താണ് ക്രൂരത? ഒരു ജീവി മറ്റൊരു ജീവിയെ തിന്നുന്നത് ക്രൂരതയാണോ? ദൈവിക വ്യവസ്ഥയില്‍ (അവിശ്വാസികളുടെ വീക്ഷണ പ്രകാരം പ്രകൃതി വ്യവസ്ഥയില്‍) ഇത് സാര്‍വത്രികമായി കാണപ്പെടുന്നുണ്ട്. ആയിരക്കണക്കിന് ജീവജാതികളുടെ മുഖ്യാഹാരം തന്നെ ഇതര ജന്തുക്കളാണ്. എന്നാല്‍ ഇങ്ങനെ ഇരയാകുന്ന ജന്തുക്കള്‍ക്ക് അതുമൂലം വംശനാശം സംഭവിക്കുന്നില്ല. കാരണം, അവ ഭീമമായ അളവില്‍ ഇവിടെ ജനിച്ച് വളരുന്നുണ്ട്. ജന്തുലോകത്തെ ഈ പ്രതിഭാസംക്രൂരതയാണെന്ന് തോന്നുന്നവര്‍ ഉണ്ടാകാം. പക്ഷേ, അവര്‍ക്ക് പ്രകൃതിയില്‍ വ്യാപകമായി നിലനില്‍ക്കുന്ന ഇരതേടല്‍ വ്യവസ്ഥക്ക് മാറ്റം വരുത്താനാവില്ലല്ലോ.

മനുഷ്യന്‍ മാംസാഹാരം കഴിക്കുന്നതാണ് ക്രൂരതയായി വീക്ഷിക്കുന്നതെങ്കില്‍ നമുക്ക് പറയാനുള്ളത് മാംസഭോജനം ജന്തു പ്രകൃതിയോട് യോജിക്കുന്നതും ലോകരക്ഷിതാവ് അനുവദിച്ചതുമാണ് എന്നാകുന്നു. ''കാലികളെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റ് പ്രയോജനങ്ങളുമുണ്ട്. അവയില്‍നിന്ന് തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു'' (വി.ഖു. 16:5). ''അല്ലാഹുവാകുന്നു നിങ്ങള്‍ക്കുവേണ്ടി കന്നുകാലികളെ സൃഷ്ടിച്ച് തന്നവന്‍. അവയില്‍ ചിലതിനെ നിങ്ങള്‍ വാഹനമായി ഉപയോഗിക്കുന്നതിനുവേണ്ടി. അവയില്‍ ചിലതിനെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു'' (40:79).

മത്‌സ്യം ഉള്‍പ്പെടെ യാതൊരു ജീവിയെയും മനുഷ്യന്‍ ഭക്ഷിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചാല്‍ ജനകോടികളുടെ ഉപജീവനം തന്നെ മുടങ്ങിപ്പോകും. മാംസഭോജികള്‍ക്കുവേണ്ടി ആടുമാടുകളെ വളര്‍ത്തുന്നവരും മത്‌സ്യബന്ധനം കൊണ്ട് ജീവിക്കുന്നവരുമൊക്കെ കഷ്ടത്തിലാകും. മനുഷ്യരോടുള്ള ഈ ക്രൂരതയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഭക്ഷണത്തിനുവേണ്ടിയുള്ള ജന്തുഹത്യ ഏറെ ഗൗരവമുള്ള വിഷയമല്ല. ആടുകളെ അറുത്ത് ഭക്ഷിക്കുന്നത് ക്രൂരതയായി കാണുന്നില്ലെങ്കില്‍ അവയെ ദൈവത്തിന് ബലിയര്‍പ്പിക്കുന്നത് ക്രൂരതയാണെന്ന് പറയാന്‍ പ്രത്യേക ന്യായമൊന്നുമില്ല. ദൈവത്തിന് വേണ്ടി വെറുതെ ആടുകളെ കൊന്ന് തള്ളുകയല്ല; ബലിമൃഗത്തിന്റെ മാംസം സ്വയം ഭക്ഷിക്കുകയും പാവങ്ങള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാകുന്നു: ''അവയുടെ മേല്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് നിങ്ങള്‍ ബലിയര്‍പ്പിക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണുകഴിഞ്ഞാല്‍ അവയില്‍നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവനും ആവശ്യപ്പെട്ടുവരുന്നവനും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക, നിങ്ങള്‍ നന്ദി കാണിക്കാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു.'' (22:36)

.വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറേബ്യയിലെ ഒരു പ്രധാന വരുമാനമാര്‍ഗമായിരുന്നു കാലിവളര്‍ത്തല്‍. ഇന്നും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കോടിക്കണക്കിനാളുകള്‍ കാലിവളര്‍ത്തല്‍ ജീവിതോപാധിയാക്കുന്നുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലൊന്നാണത്. ദാനത്തിലൂടെയോ ബലിയിലൂടെയോ ആണ് അവര്‍ അതിന് അല്ലാഹുവോട് കൃതജ്ഞത പ്രകടിപ്പിക്കേണ്ടത്. ഭുജിക്കാനും ബലിയര്‍പ്പിക്കാനും ജനങ്ങള്‍ ആടുമാടുകളെ ധാരാളമായി വാങ്ങുന്നതിനാലാണ് അവയെ വളര്‍ത്തുന്നത് ആദായകരമായിത്തീരുന്നത്. ആടുമാടുകളെ അറുക്കുന്നത് ക്രൂരതയും അധര്‍മവുമാണെന്ന് വിധി കല്‍പിക്കുകയോ നിയമംമൂലം നിരോധിക്കുകയോ ചെയ്താല്‍ അവയെ വളര്‍ത്താന്‍ ആരും താല്‍പര്യം കാണിക്കുകയില്ല. പാല്‍ ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി മാത്രം കാലികളെ വളര്‍ത്തുന്നത് ആദായകരമല്ലാകാവുകയും ക്രമേണ അവയുടെ വംശനാശത്തിന് ഇടയാവുകയും ചെയ്യുന്നപക്ഷം അതായിരിക്കും അവയോടും മാംസ്യം ലഭിക്കേണ്ട മനുഷ്യരോടും കാണിക്കുന്ന ഏറ്റവും വലിയ ക്രൂരത.

അറുക്കപ്പെടുന്ന ജന്തുവിന് പരമാവധി കുറഞ്ഞ വേദന മാത്രം അനുഭവിക്കേണ്ടിവരുന്ന വിധത്തില്‍ നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് വേഗത്തില്‍ അറുക്കണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. കഴുത്തിലെ ധമനി അറ്റുപോകുന്നതോടെ ശരീരവും മസ്തിഷ്‌കവും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുന്നതിനാല്‍ വേദന അവസാനിക്കുകയും രക്തം ഒഴുകിപ്പോകുന്നതോടെ മാംസം ശുദ്ധമായിത്തീരുകയും ചെയ്യുന്നു. കഴുത്തിലെ ധമനി അറ്റുപോയതിന് ശേഷം ജന്തു പിടയുന്നത് കടുത്ത വേദന അനുഭവിക്കുന്നതിന്റെ ലക്ഷണമല്ല. പേശികളില്‍ അവശേഷിക്കുന്ന ജൈവോര്‍ജത്തിന്റെ പ്രഭാവം മാത്രമാകുന്നു അത്. ചുരുക്കത്തില്‍, മനുഷ്യരോടും ജന്തുജാലങ്ങളോടും നീതിപുലര്‍ത്തുന്ന നിയമ നിര്‍ദേശങ്ങള്‍ മാത്രമെ പ്രപഞ്ചനാഥന്‍ അന്തിമ വേദഗ്രന്ഥത്തിലൂടെ അന്തിമ പ്രവാചകന്‍ മുഖേന അവതരിപ്പിച്ചിട്ടുള്ളൂ.

വ്രതാനുഷ്ഠാനം പല നിലയ്ക്കും നല്ലതുതന്നെ. എന്നാല്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനം മനുഷ്യര്‍ക്ക് വിഷമകരമല്ലേ? ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ദൈവം കാരുണ്യവാനാണോ?

പലനിലയ്ക്കും നല്ല കാര്യമാണ് വ്രതമെന്ന് പറയുന്നതും ഒരുമാസം വ്രതം അനുഷ്ഠിക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടിക്കലാണെന്ന് പറയുന്നതും തമ്മില്‍ വൈരുധ്യമുണ്ട്. പലനിലയ്ക്കും നല്ലതായ ഒരു പുണ്യകര്‍മം കൂടുതല്‍ ദിവസം ചെയ്യുമ്പോള്‍ കൂടുതല്‍ നന്മ സ്വായത്തമാക്കാന്‍ അവസരം ലഭിക്കുകയാണല്ലോ ചെയ്യുന്നത്. അതെങ്ങനെയാണ് ബുദ്ധിമുട്ടിക്കലാവുക?

ഇസ്‌ലാമികമായ വിശ്വാസം അല്ലാഹു അഥവാ ഏകദൈവം പരമകാരുണികനായ ലോകരക്ഷിതാവാണെന്നത്രെ. ഒരു നല്ല രക്ഷിതാവിന് മക്കളെക്കൊണ്ട് അവര്‍ക്ക് പ്രത്യക്ഷത്തില്‍ ബുദ്ധിമുട്ടാണെന്ന് തോന്നുന്ന പല കാര്യങ്ങളും-അധ്യയനം, തൊഴില്‍ പരിശീലനം തുടങ്ങിയവ-പതിവായി ചെയ്യിക്കാതിരിക്കാന്‍ പറ്റില്ല എന്ന കാര്യം എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണ്. മടിയനോ സുഖലോലുപനോ ആയ കുട്ടിക്ക് തന്റെ മാതാപിതാക്കള്‍ സ്ഥിരമായി തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് തോന്നിയേക്കും. എന്നാല്‍ തന്നെ അത്യധികം സ്‌നേഹിക്കുന്ന മാതാപിതാക്കള്‍ ആവശ്യപ്പെടുന്ന കാര്യം അല്‍പം ബുദ്ധിമുട്ടുള്ളതാണെങ്കിലും അത് തനിക്ക് സ്ഥായിയായ ഗുണമുണ്ടാക്കുന്നതായിരിക്കും എന്ന് ആര്‍ജവമുള്ള കുട്ടി മനസ്സിലാക്കും.

മക്കളുടെ ഇഹലോകത്തിലെ നന്മയെ സംബന്ധിച്ച് മാത്രമെ മാതാപിതാക്കള്‍ക്ക് അറിയുകയുള്ളൂ. എന്നാല്‍ ലോകരക്ഷിതാവായ അല്ലാഹുവിന് അനശ്വരമായ പരലോകത്തെ നന്മയെ സംബന്ധിച്ചും വ്യക്തമായി അറിയാം. അതിനാല്‍ മനുഷ്യര്‍ക്ക് രണ്ട് ലോകത്തും ഗുണം ചെയ്യുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് അല്ലാഹു നല്‍കുന്നത്. നിസ്സാരമായ ബുദ്ധിമുട്ടിന്റെ പേരില്‍ അവന്റെ മാര്‍ഗദര്‍ശനത്തിന്റെ മൂല്യം മനസ്സിലാക്കാതിരിക്കുന്നത് വലിയ നഷ്ടത്തിന് ഇടവരുത്തിയേക്കാം. പരിമിതമായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ബുദ്ധിമുട്ടാണെന്ന് തോന്നുന്ന കാര്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായിത്തീരുന്ന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. പ്രഥമദൃഷ്ട്യാ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി പരിണമിക്കുന്ന സംഭവങ്ങളും അപൂര്‍വമല്ല. ഈ കാര്യം വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ സര്‍വജ്ഞനും ത്രികാലജ്ഞാനിയുമായ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം അന്യൂനവും പൂര്‍ണ നന്മയിലേക്ക് നയിക്കുന്നതുമായിരിക്കും എന്ന് മനസ്സിലാക്കുന്നതാണ് ശരിയായ യുക്തി.