ഇസ്‌ലാമിലെ ലൈംഗികവിലക്കുകൾ എന്തെല്ലാമാണ് ??

/ഇസ്‌ലാമിലെ ലൈംഗികവിലക്കുകൾ എന്തെല്ലാമാണ് ??
/ഇസ്‌ലാമിലെ ലൈംഗികവിലക്കുകൾ എന്തെല്ലാമാണ് ??

ഇസ്‌ലാമിലെ ലൈംഗികവിലക്കുകൾ എന്തെല്ലാമാണ് ??

ഇസ്‌ലാമിലെ ലൈംഗികാനുവാദങ്ങൾ, വിലക്കുകൾ ചുരുക്കിപ്പറയാമോ?

പറയാം:

വിവാഹം ചെയ്ത ഇണകളെയും ‘വലതുകൈ ഉടമപ്പെടുത്തിയ’ ദാസികളെയും മാത്രമേ ഭോഗിക്കാൻ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഇവരുടെ പോലും ഗുദം ഭോഗിക്കുന്നത് ഇസ്‌ലാം കർശനമായി നിരോധിച്ചിരിക്കുന്നു. അതുപോലെ, ഇവരുടെ ആർത്തവ, പ്രസവാനന്തര നാളുകളിൽ ഭോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. സ്വയം ഭോഗം, അന്യരെ ഉപയോഗപ്പെടുത്തിയുള്ള മൈഥുനം, മൃഗഭോഗം, ശവഭോഗം, പരസ്ത്രീ/പരപുരുഷ ഭോഗം, സമയ ബന്ധിത കരാർ ഭോഗം (മുത്അ), സ്വവർഗ്ഗഭോഗം, കൂട്ടഭോഗം എന്നിവയെല്ലാം നിഷിദ്ധമാകുന്നു. ഇവയിൽ ചിലത് മറ്റു ചിലതിനേക്കാൾ ഗൗരവമേറിയ നിഷിദ്ധങ്ങളാണ്. ഇസ്‌ലാം സുരക്ഷിതമായിരിക്കണമെന്നാഗ്രഹിക്കുന്ന വിവിധ കാര്യങ്ങൾ പരിഗണിച്ച് ഇവയുടെ ശിക്ഷകൾക്കും വ്യത്യാസമുണ്ട്. ഇവയോടുള്ള ഖുർആൻ ഹദീസുകളുടെ ഗൗരവ സമീപനവും മൗനവും ശിക്ഷയുടെ ഗൗരവലാഘവങ്ങളെ ബാധിക്കുന്നു.

വിശുദ്ധ ഖുർആനിലെ സൂറ 23 സൂക്തം 5 -7 ലൈംഗിക ഭോഗത്തിനുള്ള അനുവാദം വ്യക്തമാക്കുന്നു: “തങ്ങളുടെ ഗുഹ്യ അവയവങ്ങളെ ദോഷമുക്തമായി കാത്തുസൂക്ഷിക്കുന്നവരുമത്രെ അവർ(വിജയികളായ സത്യവിശ്വാസികൾ). തങ്ങളുടെ ഇണകളുമായോ, വലതുകരം അധീനപ്പെടുത്തിയവരുമായോ ഉള്ള ലൈംഗിക ബന്ധത്തിനൊഴികെ. ഇവരെ ഭോഗിക്കുന്നത് ആക്ഷേപാർഹമല്ല. എന്നാൽ അതിനപ്പുറം ലൈംഗിക സുഖം തേടുന്നവർ, അവർ തന്നെയാണ് അതിക്രമകാരികൾ”. وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ*إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ*فَمَنِ ابْتَغَى وَرَاءَ ذَلِكَ فَأُولَئِكَ هُمُ الْعَادُونَ﴾[المؤمنون: 5-7]

സൂക്തത്തിൽ നൽകിയിട്ടുള്ള അനുവാദത്തിൽ, ഇണകളുടെയും ദാസികളുടെയും ഗുദം ഉൾപ്പെടില്ലെന്ന്‌, പ്രഥമ ഖുർആൻ അധ്യാപകനും വ്യാഖ്യാതാവുമായ മുഹമ്മദ് നബി വ്യക്തമാക്കിയിരിക്കുന്നു. ആർത്തവ സമയത്ത്, അവരെ പ്രയാസപ്പെടുത്തലായതിനാൽ, ലിംഗഭോഗം ഒഴിവാക്കണമെന്ന് വിശുദ്ധ ഖുർആൻ അൽബഖറ 222 ഉദ്‌ബോധനം ചെയ്തു; സഹശയനമോ മറ്റു ശരീര ഭാഗങ്ങളിലെ ആസ്വാദനമോ ഒഴിവാക്കേണ്ടതില്ലെന്ന് തിരുനബി വ്യക്തമാക്കി; ലിംഗാസ്വാദനത്തിലേക്ക് വഴുതിപ്പോകാതിരിക്കാൻ തുടമുതൽ പൊക്കിൾ വരെ ആസ്വാദനം ഒഴിവാക്കാൻ കർമ്മ ശാസ്ത്ര പണ്ഡിതർ കരുതൽ വിലക്ക് പ്രഖ്യാപിച്ചു.

വ്യഭിചാരത്തെ നിഷിദ്ധമായി പ്രഖ്യാപിക്കുന്നതും അതിനുള്ള ഭൗതിക ശിക്ഷാ നടപടികൾ വിവരിക്കുന്നതുമായ നിരവധി സൂക്തങ്ങൾ ഖുർആനിലും, അവയുടെ വിശദ വിവരങ്ങളും നടപടിക്രമങ്ങളും ഹദീസുകളിലും വന്നിട്ടുണ്ട്. വംശശുദ്ധിയും കുടുംബഭദ്രതയും കാത്തുസൂക്ഷിക്കുകയാണ് വ്യഭിചാര നിരോധനത്തിലൂടെ. പുരുഷന്മാർ തമ്മിലുള്ള ഭോഗത്തെ നിരോധിക്കുകയും, മാനവ ചരിത്രത്തിൽ ഈ സംസ്കാരശൂന്യത ഇദംപ്രഥമമായി പരസ്യമായി കാണിച്ച സദൂം പ്രദേശത്തുകാരുടെ ദുരന്തസമാപനചരിത്രം വിവരിക്കുകയും ചെയ്യുന്ന നിരവധി സൂക്തങ്ങൾ വിശുദ്ധ ഖുർആനിൽ കാണാം. സംസ്കാര ശൂന്യത, വൃത്തിഹീനത, ലക്ഷ്യം തെറ്റിയുള്ള ദുരുപയോഗവും ദുർവിനിയോഗവും തുടങ്ങിയ മാനങ്ങളാണ് ഇവിടെ പരിഗണിക്കപ്പെട്ടിട്ടുള്ളത്.

print