ദാനധർമ്മങ്ങളോ സാമ്പത്തിക സമത്വമോ?

/ദാനധർമ്മങ്ങളോ സാമ്പത്തിക സമത്വമോ?
/ദാനധർമ്മങ്ങളോ സാമ്പത്തിക സമത്വമോ?

ദാനധർമ്മങ്ങളോ സാമ്പത്തിക സമത്വമോ?

സമൂഹത്തിലെ സമ്പന്നരുടെ സമ്പത്ത് എല്ലാവര്‍ക്കും തുല്യമായി നല്‍കുക എന്ന കമ്യൂണിസ്റ്റ് നയമല്ലേ ഇസ്‌ലാമിലെ ദാന-ധര്‍മ-സകാത്ത് സമ്പ്രാദയത്തെക്കാള്‍ വിശാലമായതും അനുകരിക്കാന്‍ എളുപ്പമുള്ളതും!

സര്‍വലോകരക്ഷിതാവിലുള്ള വിശ്വാസത്താല്‍ പ്രചോദിതനായി മനുഷ്യന്‍ ജീവിത വ്യവഹാരങ്ങളാകെ ക്രമീകരിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. വാഗ്‌വിചാര കര്‍മങ്ങളാകെ ജഗന്നിയന്താവിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ധനസമ്പാദനവും ധനവിനിമയവും അവന്റെ ഹിതത്തിന് വിധേയമാക്കുകയാണ് സത്യവിശ്വാസി ചെയ്യുന്നത്. അവന്റെ പ്രീതിയും പ്രതിഫലവുമാണ് അതിലൂടെ വിശ്വാസി കാംക്ഷിക്കുന്നത്. ഭൗതിക ജീവിതത്തെമാത്രം മുന്‍നിര്‍ത്തി രണ്ടു ചിന്തകന്മാര്‍ ആവിഷ്‌കരിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. അതില്‍ ദൈവവിശ്വാസത്തിനോ പരലോകത്തെ സംബന്ധിച്ച പ്രതീക്ഷയ്‌ക്കോ യാതൊരു സ്ഥാനവുമില്ല.

സമ്പന്നരുടെ സമ്പത്ത് എല്ലാവര്‍ക്കും തുല്യമായി വീതിക്കുക എന്നതല്ല കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ ചെയ്തത്. സാമ്പത്തിക സ്രോതസ്സുകളും ഉല്‍പാദനോപാധികളും പൂര്‍ണമായി രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലാക്കി മാറ്റുകയും അധികാരം കയ്യാളുന്ന സമഗ്രാധിപതികള്‍ തങ്ങളുടെ ഹിതമനുസരിച്ച് അതൊക്കെ കൈകാര്യം ചെയ്യുകയും ചെയ്യുന്ന സമ്പ്രദായങ്ങളാണ് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ നിലനിന്നു പോന്നത്. പാര്‍ട്ടിയിലെയും ഭരണകൂടത്തിലെയും ഉന്നതന്മാര്‍ക്കും വ്യവസായശാലകളിലെയും കൃഷിയിടങ്ങളിലെയും സാധാരണ തൊഴിലാളികള്‍ക്കും ലഭിക്കുന്ന വേതനവും ജീവിതസൗകര്യങ്ങളും തമ്മില്‍ അവിടങ്ങളില്‍ എക്കാലത്തും വലിയ അന്തരമുണ്ടായിരുന്നു. ഉന്നത ശാസ്ത്രജ്ഞര്‍ക്കും ട്രാക്ടര്‍ ഓടിക്കുന്നവര്‍ക്കും തുല്യമായ ശമ്പളവും ജീവിത സൗകര്യങ്ങളും നല്‍കുന്ന സമ്പ്രദായം കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലൊന്നും ഇതഃപര്യന്തംനടപ്പാക്കിയിട്ടില്ല.

ചൈനയില്‍ മാവോയുടെ നേതൃത്വത്തില്‍ സാംസാകാരിക വിപ്‌ളവം അരങ്ങേറിയപ്പോള്‍ ഉയര്‍ന്ന തസ്തികകളിലുള്ളവരെക്കൊണ്ട് താഴേക്കിട ജോലികള്‍ ചെയ്യിക്കാന്‍ തുടങ്ങിയെങ്കിലും പ്രായോഗികമായി അത് തികഞ്ഞ പരാജയമായിരുന്നു. ഇപ്പോള്‍ ചൈനയുടെ സാമ്പത്തികനയം മുതലാളിത്തത്തില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ലാതായിട്ടുണ്ട്. ഷാങ്ഹായിയും ബെയ്ജിംഗും പോലുള്ള ചൈനീസ് നഗരങ്ങളിലെ വന്‍കിട വ്യാപാരികളുടെയും വ്യവസായികളുടെയും ലാഭത്തില്‍നിന്ന് പാവപ്പെട്ടവര്‍ക്ക് വല്ലതും ലഭിക്കണമെങ്കില്‍ അവര്‍ ദൈവത്തെയോര്‍ത്ത് എന്തെങ്കിലും ദാനം ചെയ്യുകതന്നെ വേണ്ടിവരും.

print