പരപുരുഷ ‘മുലയൂട്ടലി’ന് പ്രവാചക നിർദ്ദേശമോ?!!

/പരപുരുഷ ‘മുലയൂട്ടലി’ന് പ്രവാചക നിർദ്ദേശമോ?!!
/പരപുരുഷ ‘മുലയൂട്ടലി’ന് പ്രവാചക നിർദ്ദേശമോ?!!

പരപുരുഷ ‘മുലയൂട്ടലി’ന് പ്രവാചക നിർദ്ദേശമോ?!!

സ്ത്രീകളെ തികഞ്ഞ അശ്ലീലതകള്‍ക്കു പ്രേരിപ്പിക്കുന്ന പല ഉപദേശങ്ങളും ഹദീഥ് ഗ്രന്ഥങ്ങളില്‍, നബിക്കു ലഭിച്ച ദൈവിക വെളിപാടുകളായി ഇന്നും രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നതു കാണാം. സുഹൈലിന്റെ മകള്‍ സഹ്‌ല എന്ന സ്ത്രീയോട് സാലിം എന്ന പരപുരുഷനെ മുലയൂട്ടി മകനായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട ഹദീഫുകള്‍ സ്വഹീഹു മുസ്‌ലിമില്‍ വരെ കാണാം. ഈ പ്രവാചകോപദേശം സ്വീകരിക്കാന്‍ മാന്യതയുള്ള മുസ്‌ലിം സ്ത്രീകള്‍ക്കു സാധിക്കുമോ? മാത്രമല്ല പ്രവാചക പത്‌നി ആഇശ ഇത്തരത്തില്‍ പരപുരുഷന്മാരെ മുലയൂട്ടാറുണ്ടായിരുന്നുവെന്നും പലപ്പോഴും ആഇശയുടെ അരികില്‍ പരപുരുഷന്മാരെ കാണുക വഴി നബിക്കുതന്നെ അതില്‍ അനിഷ്ടമുണ്ടാവുകയും ചെയ്തിരുന്നു എന്ന് സ്വഹീഹ് മുസ്‌ലിമിലെ 1455-ാം ഹദീഥായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വയം ചെയ്തിരുന്നു എന്നു മാത്രമല്ല തന്റെ സഹോദര-സഹോദരി പുത്രിമാരോട് അപ്രകാരം ചെയ്യാന്‍ ആഇശ ഉപദേശിക്കുമായിരുന്നു എന്നു കൂടി ഹദീഥ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുതിര്‍ന്ന പുരുഷന്മാരുടെ മുലകുടിയെന്ന വചനവും (ആദ്യകാലത്ത് ക്വുര്‍ആനില്‍) അവതരിപ്പിക്കപ്പെട്ടിരുന്നെന്നും അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നെന്നും ദൈവദൂതന്‍ മരണപ്പെട്ടപ്പോള്‍, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കടിയിലായിരുന്ന സന്ദര്‍ഭത്തില്‍ ഒരു ആട് അകത്ത് കടന്ന് അത് തിന്നുകളഞ്ഞു എന്നും ആഇശയില്‍ നിന്ന് സുനനു ഇബ്‌നുമാജയും മുസ്‌നദ് അഹ്‌മദും ഉദ്ദരിച്ചിട്ടുണ്ട്. സ്ത്രീകളെക്കൊണ്ട് പരപുരുഷന്മാര്‍ക്ക് മുലയൂട്ടുന്ന നടപടിയാണോ ഇസ്‌ലാം പഠിപ്പിച്ച ധാര്‍മ്മികത?

അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കോര്‍ത്തിണക്കി നെയ്‌തെടുത്ത ഒരു വ്യാജപ്രചരണമാണിത്. തെറിവിളികള്‍ക്കും പരമതനിന്ദക്കും ‘വിമര്‍ശനം’ എന്നുപേരിട്ട് വൈജ്ഞാനിക രംഗത്ത് കൃത്രിമ മേല്‍വിലാസമുണ്ടാക്കി വെറുപ്പുകച്ചവടം നടത്താനുള്ള കുടില വ്യഗ്രത മാത്രമാണ് പ്രസ്തുത ആരോപണങ്ങള്‍ക്കു പിന്നിലുള്ളത്. ‘ദൈവസ്‌നേഹം’ നെറ്റിയിലൊട്ടിച്ച് പരമത വിദ്വേഷം ഹൃദയത്തില്‍ ഒളിപ്പിച്ചുവെച്ച ചില മിഷണറി നുണ ഫാക്ടറികള്‍ നിര്‍മ്മിച്ച ഈ നബിനിന്ദാ പ്രചരണം, യുക്തിവാദികളും ഫെമിനിസ്റ്റുകളും ഫാഷിസ്റ്റുകളുമെല്ലാം മൊത്തമായും ചില്ലറയായും വിപണനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ പ്രസ്തുത ആരോപണം ഇഴയടര്‍ത്തി പരിശോധിക്കേണ്ടിയിരിക്കുന്നു.

അറബികള്‍ക്കിടയില്‍ ബന്ധം സ്ഥാപിതമാകാനുള്ള കാരണങ്ങള്‍ നാലെണ്ണമായിരുന്നു; പ്രസവം, വിവാഹം, മുലകുടി, ദത്തെടുക്കല്‍. ഇതില്‍ ദത്തെടുക്കല്‍, ബന്ധം സ്ഥാപിതമാകാനുള്ള കാരണങ്ങളില്‍ നിന്നും ഇസ്‌ലാം ഒഴിവാക്കിയപ്പോഴാണ് സാലിമിന്റെ(റ) വിഷയത്തിലുള്ള പ്രശ്‌നം ഉണ്ടാകുന്നത്. അഥവാ അബൂഹുദൈഫഃ(റ)യുടെയും സഹ്‌ല(റ)യുടെയും ദത്തുപുത്രനായിരുന്നു സാലിം (റ). ഇസ്‌ലാം ദത്തുപുത്ര സമ്പ്രദായത്തിനു അറുതിവരുത്തിയപ്പോള്‍ ഇന്നലെവരെ തന്റെ മകനായി ജീവിച്ച സാലിം, സഹ്‌ല എന്ന വളര്‍ത്തു മാതാവിന് അന്യപുരുഷനായി മാറി. ഇതില്‍ തീവ്ര ദുഃഖമറിയിച്ചുകൊണ്ട് അവര്‍ പ്രവാചകനെ(സ) സമീപിക്കുകയുണ്ടായി. പ്രസ്തുത ചരിത്ര നിമിഷങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ നിന്നും നമുക്കു വായിച്ചെടുക്കാം.
ആഇശ (റ) നിവേദനം: സുഹൈലിന്റെ മകള്‍ സഹ്‌ല ഒരിക്കല്‍ നബി(സ)യുടെ അരികില്‍ വന്നുപറഞ്ഞു. ‘അല്ലാഹുവിന്റെ ദൂതരേ, സാലിം എന്റെ അടുത്ത് പ്രവേശിക്കുന്നതില്‍ അബൂഹുദൈഫഃയുടെ (സഹ്‌ലയുടെ ഭര്‍ത്താവാണ് അബൂഹുദൈഫഃ) മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: ‘അയാള്‍ക്കു നീ മുലപ്പാല്‍ കൊടുക്കുക’. അവള്‍ ചോദിച്ചു ‘അയാള്‍ വലിയ മനുഷ്യനാണല്ലോ എങ്ങനെ ഞാന്‍ മുലപ്പാല്‍ കൊടുക്കും?!’. അപ്പോള്‍ നബി (സ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ‘അയാള്‍ വലിയ മനുഷ്യനാണെന്നു എനിക്കറിയാം. (സ്വഹീഹു മുസ്‌ലിം 1453)

മുസ്‌ലിമിന്റെ തന്നെ മറ്റൊരു നിവേദനം ഇപ്രകാരമാണ്. ”അബൂഹുദൈഫഃ(റ)യുടെ അടിമ സാലിം (റ), അബൂഹുദൈഫഃയുടെയും കുടുംബത്തിന്റെയും കൂടെ അവരുടെ വീട്ടിലായിരുന്നു താമസം. സുഹൈലിന്റെ മകള്‍ നബി(സ)യുടെ അടുത്ത് വന്നു പറഞ്ഞു: ‘തീര്‍ച്ചയായും സാലിമിന്നു സാധാരണ പുരുഷന്മാരാകുന്ന നിലയില്‍ ബുദ്ധിയും പ്രായവും തികഞ്ഞിട്ടുണ്ട്. അവന്‍ ഞങ്ങളുടെ അടുത്ത് കടന്നുവരാറുണ്ട്. അബൂഹുദൈഫഃയുടെ മനസ്സില്‍ അതില്‍ വെറുപ്പുള്ളതായി എനിക്ക് തോന്നുന്നു’. അപ്പോള്‍ നബി (സ) പറഞ്ഞു: ‘നീ അയാള്‍ക്ക് മുലപ്പാല്‍ കൊടുക്കുക. എന്നാല്‍ അയാള്‍ അടുത്ത ബന്ധുവായിത്തീരും. അബൂഹുദൈഫഃയുടെ മനസ്സില്‍ വെറുപ്പും ഇല്ലാതാകും’. അവള്‍ വീണ്ടും നബി(സ)യുടെ അരികെ വന്നു പറഞ്ഞു: ‘ഞാന്‍ അയാള്‍ക്ക് മുലപ്പാല്‍ കൊടുത്തു. അങ്ങനെ അബൂഹുദൈഫഃയുടെ മനസ്സില്‍ വെറുപ്പ് ഇല്ലാതാകുകയും ചെയ്തു’. (സ്വഹീഹു മുസ്‌ലിം)

ഈ ഹദീഥുകള്‍ മനസ്സിലാക്കിത്തരുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം

1) അബൂഹുദൈഫഃ(റ)യുടെ മോചിത അടിമയായ സാലിമി(റ)നെ നന്നെ ചെറുപ്പത്തില്‍ തന്നെ അബൂഹുദൈഫ-സഹ്‌ല ദമ്പതിമാര്‍ ദത്തുപുത്രനായി സ്വീകരിക്കുകയും സ്വപുത്രന്റെ സ്ഥാനം നല്‍കി വളര്‍ത്തുകയും ചെയ്തു.
2) ഇസ്‌ലാം ദത്തുപുത്രസമ്പ്രദായം അവസാനിപ്പിച്ചതോടെ, മതപരമായി സാലിം(റ) ആ കുടുംബത്തിന് മകനല്ലാതായിത്തീരുകയും, വളര്‍ത്തു മാതാവാണെങ്കിലും സഹ്‌ല(റ)യെ സംബന്ധിച്ച് സാലിമി(റ)നുമേല്‍ അന്യപുരുഷന്റെ വിധി ബാധകമാവുകയും ചെയ്തു.
3) വളര്‍ത്തുപുത്രനാണെങ്കിലും മതപരമായി അന്യപുരുഷന്റെ വിധി ബാധകമായ ഒരാള്‍, തന്റെ ഭാര്യയെ സന്ദര്‍ശിക്കുന്നതും അവരുടെ അടുക്കല്‍ പ്രവേശിക്കുന്നതും ഭര്‍ത്താവായ അബൂഹുദൈഫഃ(റ)യില്‍ വെറുപ്പുളവാക്കി.
4) മകന്റെ സ്ഥാനം നല്‍കി താന്‍ വളര്‍ത്തിയ ഒരാളെ ഒരു നിമിഷം കൊണ്ട് അന്യനെപ്പോലെ ഒഴിവാക്കുവാന്‍ സഹ്‌ല(റ)യുടെ മാതൃഹൃദയം അവരെ അനുവദിച്ചില്ല. അതിനാല്‍ തങ്ങളുടെ കാര്യത്തില്‍ ഒരു പോംവഴി തേടിക്കൊണ്ട് നീറുന്ന ഹൃദയവുമായി അവള്‍ പ്രവാചക(സ)ന്റെ അരികിലെത്തി.
5) അവരുടെ പ്രശ്‌നത്തിനു പരിഹാരമായി ‘സാലിമിന് മുലപ്പാല്‍ നല്‍കാനും അങ്ങനെ സ്വപുത്രനെ പോലെ സ്വീകരിക്കുവാനും’ പ്രവാചകന്‍ (സ) അവര്‍ക്ക് ഇളവുനല്‍കി. അതോടെ അബൂഹുദൈഫഃ(റ)യുടെ മനസ്സില്‍നിന്നും ആ വെറുപ്പ് ഇല്ലാതാവുകയും ചെയ്തു.

സാലിം എന്ന മുതിര്‍ന്ന ആണ്‍കുട്ടിക്ക് മുലപ്പാല്‍ നല്‍കി മകനായി സ്വീകരിക്കുവാന്‍ സഹ്‌ലയോട് നിര്‍ദ്ദേശിച്ചതാണ്, പ്രവാചകനെ പെണ്‍വിരുദ്ധനും സ്ത്രീകളെ അശ്ലീലതകള്‍ക്കു പ്രേരിപ്പിച്ച വ്യക്തിത്വമായും മുദ്ര കുത്താന്‍ വിമര്‍ശകരെ പ്രേരിപ്പിക്കുന്ന ഘടകം. വസ്തുതകള്‍ പലതും മറച്ചുപിടിച്ചുകൊണ്ടാണ് ഈ വിമര്‍ശനം നെയ്‌തെടുത്തിരിക്കുന്നത്. ‘മുലപ്പാല്‍ നല്‍കുക’ എന്നു പറഞ്ഞതിനെ ‘പാല്‍ കുടിക്കാന്‍ സ്തനം നല്‍കുക’ എന്ന്, അശ്ലീല ഭാവനകള്‍ കൊണ്ട് ലൈംഗിക ഛായം പൂശുകയാണ് വാസ്തവത്തില്‍ വിമര്‍ശകന്മാര്‍ ചെയ്തിരിക്കുന്നത്. ‘ബാബു രിദ്വാഅത്തില്‍ കബീരി’ അഥവാ വലിയവരുടെ രിദ്വാഅഃ (മുലപ്പാല്‍ കുടിക്കല്‍) എന്ന അദ്ധ്യായങ്ങള്‍ക്കു കീഴിലാണ് പ്രസ്തുത ഹദീഥുകല്‍ ഉദ്ദരിക്കപ്പെട്ടിരിക്കുന്നത്. രിദ്വാഅഃ (الرضاعة) എന്ന പദം സ്ത്രീയുടെ മുലപ്പാല്‍ സ്തനത്തില്‍ നിന്ന് നേരിട്ട് ഈമ്പിക്കുടിക്കുന്ന രീതിക്കു മാത്രമാണോ അറബി ഭാഷയില്‍ ഉപയോഗിക്കുന്നത്? അല്ല എന്നതാണ് വസ്തുത. പക്ഷേ ആ വസ്തുതകളൊന്നും കാണാന്‍ വിമര്‍ശകര്‍ തയ്യാറല്ല. തയ്യാറായാല്‍ ഈ അശ്ലീല ഭാവനകള്‍ക്കൊന്നും നിലനില്‍പ്പുണ്ടാവില്ലെന്ന് അവര്‍ക്ക് നല്ലപോലെ അറിയാം.

എന്താണ് രിദ്വാഅഃ? (الرضاعة)

ഒരു സ്ത്രീയുടെ മുലപ്പാല്‍ മറ്റൊരാളുടെ അല്ലെങ്കില്‍ കുഞ്ഞിന്റെ വയറ്റില്‍ എത്തുക എന്നതിനെയാണ് ഇര്‍ദ്വാഅ് (الارضاع), രിദ്വാഅഃ (الرضاعة) എന്നൊക്കെ പറയുന്നത്. അതാകട്ടെ പല രീതിയിലും നടക്കാം. സ്ത്രീയുടെ മുലപ്പാല്‍ സ്തനത്തില്‍ നിന്ന് നേരിട്ട് ഈമ്പിക്കുടിക്കുന്ന രീതി അഥവാ ‘മസ്വ്’ (المص), സ്തനം സ്പര്‍ശിക്കാതെ കുട്ടിയുടെ വായിലേക്ക് പാല്‍ ചുരന്ന് ഒഴുക്കുന്ന രീതി അഥവാ ‘സ്വബ്ബ്’ (الصب), സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് തളികയിലാക്കി കുട്ടിയുടെ തൊണ്ടയിലേക്ക് ചൊരിയുന്ന രീതി അഥവാ ‘വുജൂര്‍’ (الوجور), സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് തളികയിലാക്കി കുട്ടിയുടെ നാസദ്വാരത്തില്‍ ഒഴിക്കുന്ന രീതി അഥവാ ‘സുഊത്വ്’ (السعوط), സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പൈപ്പിലൂടെയോ, സിറിഞ്ചിലൂടെയോ കുട്ടിക്കു നല്‍കുന്ന രീതി അഥവാ ‘ഹിക്‌നത്ത്’ (الحقنة). ഈ ഏത് രീതിയിലും മുലപ്പാല്‍ നല്‍കുന്നതിനും ഇസ്‌ലാമിലെ സാങ്കേതിക പദവും കര്‍മ്മശാസ്ത സംജ്ഞ്യയുമായ ‘രിദ്വാഅഃ’ എന്ന് പറയുമെന്ന് പൗരാണികരായ അറബി ഭാഷാ പണ്ഡിതരും സര്‍വ്വ മദ്ഹബുകളിലും പെട്ട കര്‍മ്മശാസ്ത്ര വിശാരദന്മാരും വ്യക്തമാക്കിയിട്ടുണ്ട്. (മുഖ്തസറു ഖലീല്‍: 162, മവാഹിബുല്‍ ജലീല്‍: 4/178, ശര്‍ഹുല്‍ കബീര്‍: 2/502, മന്‍ഹുല്‍ ജലീല്‍: 4/371, അല്‍ ഫവാകിഹുദ്ദവാനി: 2/54, മുഗ്നി അല്‍ മുഹ്താജ്: 3/414, ഫത്ഹുല്‍ വഹാബ്: 2/194, അസ്സിറാജുല്‍ വഹ്ഹാജ്: 460, അല്‍ മുബ്ദിഅ് 8/160, ശര്‍ഹു മുന്‍തഹല്‍ ഇറാദത്ത്: 3/213, കശ്ശാഫുല്‍ കനാഅ്- 5: 442, മതാലിബു ഉലിന്നുഹ- 5: 596, അല്‍ ബഹ്‌റു റാഇഖ്- 3: 238, മജ്മഉല്‍ അന്‍ഹുര്‍ : 1/551) (ഉദ്ദരണം: ഡോ. രിയാദ് മിശ്അലിന്റെ ലേഖനത്തില്‍ നിന്ന് Midad Al-Adab Refereed Quarterly journal : Vol.1 : Issue 1 : Article 10, ഇറാക് സര്‍വ്വകലാശാല)

പൗരാണിക ഭാഷാ പണ്ഡിതനായ ഇബ്‌നു മന്‍ളൂര്‍ (ജനനം: ഹിജ്‌റ 630) തന്റെ അറബി നിഘണ്ഡുവായ ‘ലിസാനുല്‍ അറബി’ല്‍ (2/92) പറഞ്ഞു: ”സ്തനത്തില്‍ നിന്ന് നേരിട്ട് മുലയൂട്ടുന്നത് വിവാഹബന്ധം നിഷിദ്ധമാക്കുന്നത് പോലെ തന്നെ സ്ത്രീയുടെ സ്തനത്തില്‍ നിന്ന് നേരിട്ടല്ലാതെ പാല്‍ ചുരന്നെടുത്ത് കുട്ടിയെ കുടിപ്പിക്കുന്നതും (രിദ്വാഅഃ ആയതിനാല്‍) വിവാഹബന്ധം നിഷിദ്ധമാക്കുന്നതാണ്. സ്തനത്തില്‍ നിന്ന് വേറിട്ടതിനാല്‍ അത് രിദ്വാഅഃ ആകാതിരിക്കുന്നില്ല.”

അപ്പോള്‍ ഭാഷാപരമായി പോലും രിദ്വാഅഃ എന്നു പറഞ്ഞാല്‍, സ്ത്രീയുടെ മുലപ്പാല്‍ സ്തനത്തില്‍ നിന്ന് നേരിട്ട് ഈമ്പി കുടിക്കുന്ന രീതിയാകണം എന്നില്ല. പ്രവാചകന്‍ (സ) സഹ്‌ലയോട് പറഞ്ഞതാകട്ടെ ‘അവന് മുലപ്പാല്‍ നല്‍കുക’ അര്‍ദ്വഈഹി (ارضعيه) എന്നാണ്. അല്ലാതെ നിന്റെ സ്തനം അവന് കുടിക്കാന്‍ കൊടുക്കുക എന്നല്ല.
സഹ്‌ല-സാലിം സംഭവം കേവലം ഇസ്‌ലാംവിരോധികളുടെ മ്ലേഛമായ ഭാവനാവിലാസങ്ങള്‍ക്കപ്പുറം, യാതൊരു ആധികാരികതയുമില്ലാത്ത ദുരാരോപണം മാത്രമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ്, പൂര്‍വ്വകാലം മുതല്‍ മുസ്‌ലിം പണ്ഡിതന്മാര്‍ പ്രസ്തുത ഹദീഥുകള്‍ക്കു നല്‍കിയ വ്യാഖ്യാനം. അതിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

ഇമാം ഇബ്‌നു കുതൈബ (ജനനം: ഹിജ്‌റ: 213) പറഞ്ഞു: ”പ്രവാചകന്‍ (സ) സഹ്‌ലയോട് പറഞ്ഞത് ‘അവന് മുലപ്പാല്‍ നല്‍കുക'(ارضعيه) എന്നാണ്. നിന്റെ സ്തനം അവന് കുടിക്കാന്‍ കൊടുക്കുക എന്ന് (പ്രവാചകന്‍) ഊദ്ദേശിച്ചിട്ടേ ഇല്ല. നിന്റെ പാല്‍ ചുരന്നെടുത്ത് തളികയിലാക്കി കുറച്ച് അവനെ കുടിപ്പിക്കുക എന്നേ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളൂ. അതല്ലാതെ സ്തനത്തില്‍ നിന്ന് നേരിട്ട് കുടിക്കല്‍ അനുവദനീയമല്ല. കാരണം സഹ്‌ലയുടെ സ്തനത്തിലേക്ക് നോക്കുന്നത് തന്നെ സാലിമിന് നിഷിദ്ധമാണ്. പിന്നെയെങ്ങനെ നിഷിദ്ധമായ ഒരു കാര്യം പ്രവാചകന്‍ അദ്ദേഹത്തിന് അനുവദിച്ച് കൊടുക്കും!” (തഅ്‌വീലു മുക്തലിഫില്‍ ഹദീഥ്: 1/437)
ഇതേ വ്യാഖ്യാനം തന്നെ ഇമാം ക്വാള്വീ ഇയാള്വും (ജനനം: ഹിജ്‌റ: 476) ആവര്‍ത്തിക്കുന്നതു കാണാം (ശര്‍ഹുന്നവവി അലാ സ്വഹീഹു മുസ്‌ലിം : 10/30,31)

ഇമാം മാവര്‍ദി (ജനനം : ഹിജ്‌റ : 364) പറയുന്നു: ”സാലിമിന്റെ വിഷയത്തില്‍ സ്തനത്തില്‍ നിന്ന് മുലപ്പാല്‍ ഊട്ടിയെന്ന പ്രസ്താവന ഒന്നും തന്നെയില്ല എന്നത് സുവിദിതമാണ്. അതുകൊണ്ട് തന്നെ പ്രവാചകന്‍ ഉദ്ദേശിച്ചത് ‘വുജൂര്‍’ (الوجور സ്തനം സ്പര്‍ശിക്കാതെ സ്ത്രീയുടെ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് തളികയിലാക്കി കുട്ടിയുടെ തൊണ്ടയില്‍ ചൊരിയുന്ന രീതി) ആണെന്ന് സ്ഥാപിതമാകുന്നു” (അല്‍ ഹാവി അല്‍അല്‍ കബീര്‍ : 11/372)

ഇബ്‌നു അബ്ദുല്‍ ബിര്‍റ് (ജനനം: ഹിജ്‌റ: 368) പറഞ്ഞു: ”മുതിര്‍ന്നവരുടെ മുലകുടി എന്നാല്‍ പാല്‍ പാത്രത്തില്‍ ചുരന്ന് അതില്‍ നിന്ന് കുടിപ്പിക്കലാണ്. എന്നാല്‍ കുട്ടികള്‍ക്ക് നല്‍കുന്നതുപോലെ സ്തനത്തില്‍ നിന്ന് നേരിട്ട് കുടിപ്പിക്കല്‍ മുതിര്‍ന്നവരുടെ കാര്യത്തില്‍ നിഷിദ്ധമാണ് എന്ന് പണ്ഡിതസംഘം വ്യക്തമാക്കിയിട്ടുണ്ട്” (അത്തംഹീദ്: 8/257, അല്‍ ഇസ്തിദ്കാര്‍: 6/255)

ആധുനിക കാലഘട്ടത്തിലെ മുസ്‌ലിം പണ്ഡിതന്മാര്‍ ‘മുലയൂട്ടല്‍’ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ അതെല്ലാം ‘വ്യാഖ്യാന ഫാക്ടറികള്‍’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ഇസ്‌ലാംവിരോധികള്‍ക്ക്, നൂറ്റാണ്ടുകള്‍ക്കു മുമ്പേ പൂര്‍വ്വകാല മുസ്‌ലിം പണ്ഡിതന്മാര്‍ പ്രസ്തുത വിഷയത്തില്‍ നല്‍കിയ ഈ മറുപടികളെപ്പറ്റി എന്തു പറയാനുണ്ട്?!. മിഷണറി നുണഫാക്ടറികളില്‍ ‘മുലയൂട്ടല്‍’ വിവാദം നിര്‍മ്മിച്ചെടുക്കപ്പെടുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇമാം ഇബ്‌നു കുതൈബയും, ഇമാം ക്വാള്വീ ഇയാള്വും, ഇമാം മാവര്‍ദിയും, ഇബ്‌നു അബ്ദുല്‍ ബിര്‍റുമെക്കെ ഈ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞതെന്ന വസ്തുതയെങ്കിലും ഇസ്‌ലാം വിരോധം കൊണ്ട് അന്ധത ബാധിച്ചവരുടെ കണ്ണുകള്‍ തുറപ്പിച്ചിരുന്നെങ്കില്‍!!
പണ്ഡിത വ്യാഖ്യാനങ്ങള്‍ മാത്രമല്ല ചരിത്ര രേഖകളും പ്രസ്തുത ‘മുലപ്പാല്‍ നല്‍കല്‍’ അപ്രകാരമായിരുന്നെന്ന് വ്യക്തമാക്കുന്നുണ്ട്. ‘ഒരു പാത്രത്തില്‍ മുലപ്പാല്‍ ചുരന്നൊഴിച്ച് എല്ലാ ദിവസവും സാലിം കുടിച്ചു കൊണ്ടിരുന്നുവെന്നും അതിനു ശേഷമാണ് സഹ്‌ലയുടെ വീട്ടില്‍ പ്രവേശിച്ചത്’ എന്നും ചില ചരിത്ര നിവേദനങ്ങള്‍ കാണാം. (ത്വബകാത്തു ഇബ്‌നു സഅ്ദ്: 8/271, ശര്‍ഹു സര്‍ക്കാനി : 3/316)

അശ്ലീല ഭാവനകള്‍ കൊണ്ട് പ്രവാചക ജീവിതത്തിനുമേല്‍ ലൈംഗിക ഛായം പൂശുവാന്‍ വെമ്പല്‍ കൊള്ളുന്ന ഇസ്‌ലാംവിരോധികള്‍ നബി(സ)യില്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഈ ഹദീഥെങ്കിലും ഒന്നു പരിഗണിച്ചിരുന്നെങ്കില്‍ അവരുടെ വായകൊണ്ട് ഇത്ര ഗുരുതരമായ അപവാദം പറയാന്‍ ഒന്നു മടിക്കുമായിരുന്നു. നബി(സ) പറഞ്ഞു: ”നിന്റെ തലയില്‍ ഇരുമ്പിന്റെ സൂചികൊണ്ട് കുത്തി തറക്കുന്നതാണ് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനേക്കാള്‍ നിനക്ക് നല്ലത്” (അല്‍ മുഅ്ജമുല്‍ കബീര്‍: ത്വബ്‌റാനി: 20:211)
അന്യസ്ത്രീകളെ സ്പര്‍ശിക്കുന്നതിനേക്കാള്‍ നല്ലത് തലയില്‍ ഇരുമ്പുസൂചി കുത്തി തറക്കുന്നതാണെന്നു പഠിപ്പിച്ച ഒരു വിശുദ്ധ വ്യക്തിത്വത്തിനുമേല്‍, പരപുരുഷന്മാരെ മുലയൂട്ടാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചെന്ന അപവാദം പറഞ്ഞു പ്രചരിപ്പിച്ചവര്‍ ദൈവത്തിന്റെ ‘കുഞ്ഞാടാ’വാന്‍ എന്തുകൊണ്ടും യോഗ്യരാണ്?!.

വിമര്‍ശകരുടെ കാപട്യം

വിമര്‍ശനവിധേയമായ ഹദീഥുകളുമായി ബന്ധപ്പെട്ട് മ്ലേച്ഛഭാവനകളുടെ മേച്ചില്‍പ്പുറങ്ങള്‍ തേടിയിറങ്ങിയ ഇസ്‌ലാംവിരോധികള്‍ ബോധപൂര്‍വ്വം മറച്ചുപിടിച്ച ചില വസ്തുതകള്‍ കൂടി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
1) ഹദീഥുകളില്‍ പരാമര്‍ശിക്കപ്പെട്ട ഈ ഇളവ് കേവലം സാലിമിന്റെ വിഷയത്തില്‍ മാത്രം പരിമിതമാണ്. അതൊരു പൊതുവിധിയല്ലെന്നര്‍ത്ഥം. അതിനാല്‍ സഹ്‌ലയല്ലാത്ത ഒരു മുസ്‌ലിം സ്ത്രീക്കും ആ ഇളവ് ബാധകമല്ല. ‘മുഹമ്മദ് നബി(സ)യുടെ ഈ അദ്ധ്യാപനം പിന്‍പറ്റാന്‍ മാന്യതയുള്ള മുസ്‌ലിം സ്ത്രീകള്‍ക്കു സാധിക്കുമോ’ എന്നു ചോദിക്കുന്നവരുടെ ആശങ്കകള്‍ അടിസ്ഥാന രഹിതമാണ്. സ്വഹീഹു മുസ്‌ലിമില്‍ തന്നെ ആ ഇളവ് സാലിമിന് മാത്രമുള്ളതാണെന്ന് വ്യക്തമാക്കുന്ന നിവേദം കാണാവുന്നതാണ്. പ്രവാചക പത്‌നി ഉമ്മുസലമ (റ) പറയാറുണ്ടായിരുന്നു: ”ആ നിലക്ക് മുലകുടി ബന്ധത്തിലുള്ള (രണ്ടു വയസ്സിനുള്ളില്‍ മുലകുടി ബന്ധം സ്ഥാപിതമായിട്ടില്ലാത്ത) ഒരാളും നബി (സ) യുടെ ഭാര്യമാരുടെ അരികെ പ്രവേശിക്കുന്നതിനെ അവര്‍ വിസമ്മതിച്ചിരുന്നു. അവര്‍ ആഇശ(റ)യോട് പറഞ്ഞു: ‘ഇത് സാലിമിന്നു മാത്രമായി റസൂല്‍ (സ) പറഞ്ഞ ഒരു ഇളവാകുന്നു. അതിനാല്‍ ആ നിലക്ക് മുലകുടി ബന്ധമുള്ള ഒരാളും നമ്മുടെ അടുത്ത് പ്രവേശിക്കേണ്ടതില്ല. നമ്മളെ കാണുകയും ചെയ്യേണ്ട.” (സ്വഹീഹു മുസ്‌ലിം: 1454, മുസ്‌നദു അഹ്‌മദ്: 26660, സുനനു അബൂദാവൂദ്: 2061)

2) തന്റെ ഭാര്യയുടെ അടുത്ത് വളര്‍ത്തുപുത്രന്‍ സാലിം പ്രവേശിക്കുന്നത്- ദത്തുപുത്ര സമ്പ്രദായം അവസാനിപ്പിക്കപ്പെട്ടതോടെ- മതപരമായി അനുവദനീയമല്ലാതായി. അതുകൊണ്ടാണ് അബൂഹുദൈഫഃക്ക് സാലിമിന്റെ പ്രവേശനം നീരസമുള്ളതായി മാറിയത്. ആ നീരസം മാറാന്‍ വേണ്ടിയാണ് മുലപ്പാല്‍ നല്‍കി മാതൃബന്ധം സ്ഥാപിക്കുവാന്‍ പ്രവാചകന്‍ (സ) ഉപദേശിച്ചത്. അതേസമയം സ്തനങ്ങളില്‍ നിന്ന് നേരിട്ട് കുടിക്കാനായിരുന്നു നബി(സ)യുടെ ഉപദേശമെങ്കില്‍ അത് അബൂഹുദൈഫഃയുടെ നീരസവും മനഃപ്രയാസവും അധികരിപ്പിക്കുകയാണുണ്ടാവുക. ഈ വസ്തുത വിമര്‍ശകര്‍ ബോധപൂര്‍വ്വം മറച്ചുപിടിക്കുകയാണ്. പ്രവേശനം തന്നെ നീരസവും മനഃപ്രയാസവും സൃഷ്ടിക്കുന്ന ഒരാളെ കൊണ്ട് തന്നെ, സ്തനങ്ങളില്‍ നിന്ന് നേരിട്ട് മുലപ്പാല്‍ കുടിക്കുവാന്‍ കല്‍പ്പിക്കില്ലെന്ന് ഏതു വിഡ്ഢിക്കാണ് മനസ്സിലാകാതിരിക്കുക?!

‘മുലയൂട്ടല്‍’ ആഇശ(റ)യുടെ പേരിലെ പച്ചക്കള്ളങ്ങള്‍

അശ്ലീല ഭാവനകള്‍ കൊണ്ട് ഹദീഥുകളെ ദുഷിപ്പിച്ചവതരിപ്പിക്കുക മാത്രമല്ല, പച്ചകള്ളങ്ങള്‍ പോലും ഇസ്‌ലാമിനെതിരെ പടച്ചുണ്ടാക്കാന്‍ വരെ മടിയില്ലാതായിരിക്കുന്നു ഇസ്‌ലാംവിമര്‍ശകര്‍ക്ക്. ലജ്ജാവഹവും നിന്ദാപരവുമായ ഇത്തരം ഏര്‍പ്പാടുകളെ ‘സുവിശേഷ വേല’ എന്നുപേരിട്ടു വിളിക്കുന്നത് അല്പം കടന്ന കയ്യാണ്. ‘മുലയൂട്ടല്‍’ വിവാദവുമായി ബന്ധപ്പെട്ട് പ്രവാചക പത്‌നി ആഇശ(റ)ക്കെതിരെ മിഷണറി നുണഫാക്ടറികള്‍ ഉല്‍പ്പാദിപ്പിച്ച അത്തരം രണ്ടു കളവുകള്‍ നാം കാണുക.

‘പ്രവാചക പത്‌നി ആഇശ (റ) അത്തരത്തില്‍ പരപുരുഷന്മാരെ മുലയൂട്ടാറുണ്ടായിരുന്നുവെന്നും പലപ്പോഴും ആഇശയുടെ അരികില്‍ പരപുരുഷന്മാരെ കാണുക വഴി നബി(സ)ക്കുതന്നെ അതില്‍ അനിഷ്ടമുണ്ടാവുകയും ചെയ്തിരുന്നു എന്ന് സ്വഹീഹു മുസ്‌ലിമിലെ 1455-ാം ഹദീഥായി രേഖപ്പെടുത്തിയിട്ടുണ്ട്’. ഇതാണ് സോഷ്യല്‍ മീഡിയ വഴി ചില മിഷണറി നുണ ഫാക്ടറികള്‍ നിരന്തരം പ്രചരിപ്പിച്ചതും, യുക്തിവാദികളും ഫെമിനിസ്റ്റുകളും ഫാഷിസ്റ്റുകളുമടങ്ങുന്ന ഇസ്‌ലാംവിരോധികള്‍ ഏറ്റെടുത്തതുമായ ഒന്നാമത്തെ കളവ്. സ്വഹീഹു മുസ്‌ലിമിലെ ആ നിവേദനം നാം ആദ്യം കാണുക. ”മസ്‌റൂഖ് (റ) നിവേദനം. ആഇശ (റ) പറഞ്ഞതായി അദ്ദേഹം പറഞ്ഞു: റസൂല്‍ (സ) എന്റെ അടുത്ത് കടന്നുവന്നു. എന്റെ അരികെ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു? അത് നബി(സ)ക്ക് അതിയായ പ്രയാസമുണ്ടാക്കി. നബി(സ)യുടെ മുഖത്ത് ഞാന്‍ കോപം കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരെ, നിശ്ചയം ഇദ്ദേഹം മുലകുടി ബന്ധത്തില്‍ എന്റെ സഹോദരനാകുന്നു’. അപ്പോള്‍ നബി (സ) പറഞ്ഞു: നിങ്ങള്‍ മുലകുടി ബന്ധത്തിലുള്ള സഹോദരന്മാരെപ്പറ്റി ശരിക്കും നോക്കണം. വിശപ്പടങ്ങുന്ന നിലക്ക് മുല കുടിച്ചാല്‍ മാത്രമെ മുലകുടി ബന്ധം ഉണ്ടാവുകയുള്ളൂ”. (സ്വഹീഹു മുസ്‌ലിം: 1455) ഈ സംഭവത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് ആഇശ (റ) പരപുരുഷന്മാരെ മുലയൂട്ടിയിരുന്നെന്ന് പച്ചകള്ളം ഇവര്‍ പ്രചരിപ്പിച്ചത്. ഹദീഥുകള്‍ നേര്‍ക്കുനേരെ ഒരാവര്‍ത്തി വായിച്ചാല്‍ തന്നെ അതൊരു ദുരാരോപണം മാത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ‘അല്ലാഹുവിന്റെ പ്രവാചകരേ, നിശ്ചയം ഇദ്ദേഹം മുലകുടി ബന്ധത്തില്‍ എന്റെ സഹോദരനാകുന്നു’ എന്ന ആഇശ(റ)യുടെ വാക്കുകള്‍ സ്പഷ്ടമായും മനസ്സിലാക്കി തരുന്നത്; ആഇശ(റ)യും അവരുടെ സമീപത്തിരുന്ന വ്യക്തിയും കുഞ്ഞായിരുന്നപ്പോള്‍ ഒരേ സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചിട്ടുണ്ട് എന്നതാണ്. അല്ലാതെ ആഇശ (റ) അദ്ദേഹത്തെ ‘മുലയൂട്ടി’ എന്നല്ല. ഒന്നുകില്‍ ആഇശ (റ) കൈകുഞ്ഞായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാതാവിന്റെ മുലപ്പാല്‍ കുടിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ അദ്ദേഹം ശൈശവ ഘട്ടത്തില്‍ ആഇശ(റ)യുടെ മാതാവിന്റെ പാല്‍കുടിച്ചതുമാകാം. ഇതുരണ്ടുമല്ലെങ്കില്‍ അവര്‍ രണ്ടുപേരും മറ്റേതോ ഒരു സ്ത്രീയുടെ പാല്‍കുടിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണ് ആഇശ(റ)ക്കും അദ്ദേഹത്തിനുമിടയില്‍ സഹോദര ബന്ധം സ്ഥാപിതമായത്. ഈ സംഭവത്തെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് ഈ ദുരാരോപണം ഇസ്‌ലാംവിരോധികള്‍ പ്രചരിപ്പിക്കുന്നത്. ആഇശ (റ) പ്രസവിക്കാത്ത ഒരു സ്ത്രീയായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഒരു കുഞ്ഞിനും മുലയൂട്ടാന്‍ സാധ്യവുമല്ല. ഈ വസ്തുതകളെല്ലാം അറിഞ്ഞിട്ടും വിമര്‍ശകര്‍ ഇത്തരം കള്ളപ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്, ഇസ്‌ലാംവിരോധം അവരുടെ മനഃസാക്ഷിയെപോലും കൊന്നുകളഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയാണ്. എങ്കില്‍പിന്നെ പ്രവാചകന്‍ കോപിച്ചതെന്തിനാണ്? അതിന്റെ ഉത്തരവും ഹദീഥിലുണ്ട്. ‘നിങ്ങള്‍ മുലകുടി ബന്ധത്തിലുള്ള സഹോദരന്മാരെപ്പറ്റി ശരിക്കും നോക്കണം. വിശപ്പടങ്ങുന്ന നിലക്ക് മുലകുടിച്ചാല്‍ മാത്രമേ മുലകുടി ബന്ധം ഉണ്ടാവുകയുള്ളു’ എന്ന നബി(സ)യുടെ വിശദീകരണം അതിന്റെ മറുപടിയാണ്. മുലപ്പാല്‍ കുടിക്കുന്നതിലൂടെ വിശപ്പടങ്ങുന്ന പ്രായത്തിലുള്ള മുലകുടിയെ മാത്രമേ ഇസ്‌ലാം – വിവാഹബന്ധം നിഷിദ്ധമായ- സഹോദരബന്ധമായി പരിഗണിക്കുകയുള്ളൂ. അത് രണ്ടു വയസ്സിനുള്ളില്‍ അഞ്ച് തവണയെങ്കിലും നടന്നിരിക്കണം. മുലകുടിയുമായി ബന്ധപ്പെട്ട ഈ നിബന്ധനകള്‍ എല്ലാം യോജിക്കുന്നതാണോ നിങ്ങള്‍ക്കിടയിലുള്ള സഹോദര ബന്ധങ്ങള്‍ എന്ന് നിങ്ങള്‍ ഉറപ്പു വരുത്തണമെന്ന കാര്‍ക്കശ്യമാണ് പ്രവാചക(സ)ന്റെ കോപത്തിനു പിന്നിലെ കാരണം. അല്ലാതെ ആഇശ(റ)യുടെ സമീപത്ത് അവരുടെ മുലകുടി ബന്ധത്തിലെ സഹോദരനെ കണ്ടപ്പോള്‍ എന്തെങ്കിലും സംശയം ഹൃദയത്തില്‍ വന്നുപോയതുകൊണ്ടല്ല. കാരണം ആഇശ (റ) അത്തരം ബന്ധുക്കള്‍ (മുലകുടിയിലൂടെയുള്ള ബന്ധുക്കള്‍) അവരെ സന്ദര്‍ശിക്കാന്‍ അനുവാദം തേടുമ്പോള്‍ വളരെ സൂക്ഷ്മതയോടെ മാത്രമേ അനുവാദം നല്‍കാറുള്ളൂ എന്ന് നബി(സ)ക്ക് അറിയാമായിരുന്നു. ഒരു സംഭവം നാം കാണുക: ”ആഇശ (റ) പറഞ്ഞു: മുലകുടി ബന്ധത്തിലൂടെയുള്ള എന്റെ പിതാമഹന്‍ എന്റെ അടുക്കല്‍ (വീട്ടില്‍)കയറാന്‍ സമ്മതം ചോദിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതരുടെ സമ്മതം കിട്ടാത്തതിനാല്‍ ഞാന്‍ വിസ്സമ്മതിച്ചു. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ (സ) പറഞ്ഞു: നിന്റെ പിതാമഹനെ നീ അടുത്ത് പ്രവേശിപ്പിച്ചുകൊള്ളുക…” (സ്വഹീഹു മുസ്‌ലിം: 1445)

വിവാഹബന്ധം നിഷിദ്ധമായവര്‍ മാത്രമേ തന്റെ വീട്ടില്‍ പ്രവേശിക്കാവൂ എന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന ഒരു വ്യക്തിത്വമായിരുന്നു ആഇശ (റ). അല്ലാത്ത പുരഷന്മാരെ മറക്കു പിറകില്‍ നിന്നുകൊണ്ടല്ലാതെ അവര്‍ അഭിസംബോധന ചെയ്തിട്ടില്ല. അത്തരം ഒരു വ്യക്തിയെ പറ്റി ഇത്രമാത്രം ദുഷിച്ച കള്ളകഥകള്‍ പ്രചരിപ്പിക്കുവാന്‍ മിഷണറിമാര്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും. ഇതിനെയെല്ലാം നാം ‘സുവിശേഷ വേല’ എന്നുതന്നെ വിളിക്കണോ?!. ദുഷിച്ച ഭാവനകള്‍കൊണ്ട് ഹദീഥുകളില്‍ നിന്നും അശ്ലീലതകള്‍ മെനഞ്ഞെടുത്ത ‘സുവിശേഷ വേല’യാണ് നാം മുകളില്‍ കണ്ടതെങ്കില്‍, വ്യാജതൂലികകള്‍ കൊണ്ട് ഹദീഥുകളില്‍ നേര്‍ക്കുനേരെ കൃത്രിമത്വം നടത്തുന്ന ‘സുവിശേഷ വേല’യാണ് ഇനി കാണാനുള്ളത്.
വിഷയം ഒരു ദുര്‍ബലമായ ഹദീഥാണ്. മുസ്‌ലിംകള്‍ പ്രമാണമായി കാണാത്ത ഒരു വാറോല. പക്ഷെ അതില്‍പ്പോലും പച്ചയായ കാപട്യം കാണിക്കുവാന്‍ മിഷണറികള്‍ക്ക് മടിയില്ലെന്നതാണ് അതിശയകരമായ സംഗതി.

‘കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുതിര്‍ന്ന പുരുഷന്മാര്‍ക്ക് മുലകുടിയെന്ന വചനവും (ആദ്യകാലത്ത് കുര്‍ആനില്‍) അവതരിപ്പിക്കപ്പെട്ടിരുന്നുവെന്നും, അതെഴുതിയ രേഖ തന്റെ തലയിണക്കടയില്‍ സൂക്ഷിച്ചുവെച്ചിരുന്നെന്നും പ്രവാചകന്‍ മരണപ്പെട്ടപ്പോള്‍, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലായിരുന്ന സന്ദര്‍ഭത്തില്‍ ഒരു ആട് അകത്ത് കടന്ന് അത് തിന്നുകളഞ്ഞെന്നും ആഇശയില്‍ നിന്നും സുനനു ഇബ്‌നു മാജയും മുസ്‌നദു അഹ്‌മദും നിവേദനം ചെയ്തിട്ടുണ്ടെന്നതാണ് വ്യാജമായ ആരോപണം. ആയതിനാല്‍ ദുര്‍ബലമായ ആ ഹദീഥ് നമുക്ക് ആദ്യം പരിശോധിക്കാം.

“ആഇശ (റ) പറഞ്ഞു: കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു. അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നു. ദൈവദൂതന്‍ മരണപ്പെട്ടപ്പോള്‍, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയിലായിരുന്ന സന്ദര്‍ഭത്തില്‍ ഒരു ആട് അകത്ത് കടന്ന് അത് തിന്നു കളഞ്ഞു” (സുനനു ഇബ്‌നു മാജ: 1944, മുസ്‌നദു അഹ്‌മദ്: 43/343)
ഹദീഥ് ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ക്ക് അത് പ്രമാണവുമല്ല. ഈ നിവേദനത്തില്‍ മുഹമ്മദ്ബ്‌നു ഇസ്ഹാഖ് എന്ന ഒരു നിവേദകനുണ്ട്. അദ്ദേഹത്തെ തെളിവിനു കൊള്ളില്ലെന്ന് ഹദീഥ് നിവേദനം ചെയ്ത അഹ്‌മദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അയാള്‍ ദുര്‍ബലനാണെന്ന് യഹ്‌യബിന്‍ മഈനും, ശക്തനല്ലെന്ന് നസാഇയും പറഞ്ഞിട്ടുണ്ട്. (തഹ്ദീബ് അത്തഹ്ദീബ് 9/45)

പക്ഷെ നമ്മുടെ പ്രശ്‌നം അതല്ല. ദുര്‍ബലമായ ആ നിവേദനത്തില്‍ പോലും പച്ചയായ കൃത്രിമത്വം നടത്തിയിരിക്കുകയാണ് ചില മിഷണറി നുണ ഫാക്ടറികള്‍. ‘കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു’ എന്ന ഭാഗത്ത് മിഷണറിമാര്‍ എഴുതി പിടിപ്പിച്ചത് ‘കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുതിര്‍ന്ന പുരുഷന്മാര്‍ക്ക് മുലകുടിയെന്ന വചനവും അവതരിപ്പിക്കപ്പെട്ടിരുന്നു എന്നാണ്. ‘മുതിര്‍ന്ന പുരുഷന്മാര്‍’ എന്നത് ‘സുവിശേഷകന്മാരു’ടെ കള്ളകോലാണ്. അവര്‍ കൃത്രിമമായി എഴുതിച്ചേര്‍ത്തു പ്രചരിപ്പിച്ചതാണെന്നര്‍ത്ഥം. എത്രമാത്രം ലജ്ജാവഹവും നിന്ദാപരവുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം ചവറുകളാണ്, ‘സയന്‍സ് ടെമ്പര്‍’ ഉണ്ടാക്കാന്‍ കൂട്ടയോട്ടം നടത്തുന്ന യുക്തിവാദികളും സ്ത്രീ ശാക്തീകരണം പത്യമാക്കിയ ഫെമിനിസ്റ്റുകളും സനാതനധര്‍മ്മം സ്ഥാപിക്കാന്‍ നെട്ടോട്ടമോടുന്ന ഫാഷിസ്റ്റുകളും കൊണ്ടുനടക്കുന്നതെന്നോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. ‘ദൈവം സ്‌നേഹ’മാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടവും പാട്ടുപാടുന്നവര്‍ക്കെങ്കിലും, അവര്‍ പാടിയതിലും പറഞ്ഞതിലും തെല്ല് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

‘മുലയൂട്ടല്‍’ ആഇശ(റ)യുടെ നിലപാടെന്തായിരുന്നു

വിവാഹബന്ധം നിഷിദ്ധമാക്കപ്പെടുന്ന ബന്ധങ്ങള്‍ സ്ഥാപിക്കാനായി ആഇശ (റ) തന്റെ സഹോദരി പുത്രിമാരോടും സഹോദര പുത്രിമാരോടും, മുതിര്‍ന്ന പുരുഷന്മാര്‍ക്ക് മുലപ്പാല്‍ നല്‍കുവാന്‍ ഉപദേശിച്ചിരുന്നു എന്നതാണ് വിഷയ സംബന്ധിയായ അടുത്ത വിമര്‍ശനം. വാസ്തവത്തില്‍ ആഇശ (റ) അപ്രകാരം ആരോടെങ്കിലും ഉപദേശിക്കുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്തിരുന്നോ? പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യും മുന്‍പ് ഇസ്‌ലാമില്‍ മുലകുടി ബന്ധം എപ്രകാരമാണ് സ്ഥാപിതമാകുന്നതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ ആഇശ(റ)യുടെ നിലപാട് എന്തായിരുന്നു എന്ന് നമുക്ക് വേര്‍തിരിച്ചു മനസ്സിലാക്കാനാകൂ. രണ്ടു വയസ്സിനുള്ളില്‍, വിശപ്പ് അടങ്ങുംവിധം അഞ്ചു തവണയെങ്കിലും മുലപ്പാല്‍ നല്‍കിയാല്‍ മാത്രമാണ്, വിവാഹം നിഷിദ്ധമാക്കപ്പെടുന്ന ബന്ധം സ്ഥാപിതമാവുകയുള്ളൂ എന്നതാണ് ഈ വിഷയകമായി ഇസ്‌ലാമിക നിയമം. അഥവാ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിലൂടെ മാത്രമേ മുലകുടി ബന്ധം സ്ഥാപിതമാകൂ എന്നതാണ് ഇസ്‌ലാമിക വിധി.

”മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടുകൊല്ലം മുല കൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്”. (ക്വുര്‍ആന്‍: 2:233)
”അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്” (ക്വുര്‍ആന്‍: 31:14)
”അവന്റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു” (ക്വുര്‍ആന്‍: 46:15)
”വയറിനെ പുഷ്ടിപ്പിക്കുന്നതില്‍ അല്ലാതെ രിദ്വാഅ് (പാലൂട്ടല്‍) ഇല്ല” (ഇബ്‌നുമാജ: 1946, ഇബ്‌നുഹിബ്ബാന്‍: 4225)
”അസ്ഥിയെ ശക്തിപ്പെടുത്തുകയും മാംസം പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നതല്ലാത്തത് രിദ്വാഅ് അല്ല” (സുനനുല്‍ ക്വുബ്‌റാ, ബൈഹകി: 15653)
”രണ്ടു വയസ്സിനുള്ളില്‍ ഊട്ടുന്നതല്ലാത്ത രിദ്വാഅ് ഇല്ല.” (സുനനുദ്ദാറക്വുത്‌നി : 4364)
”വിശപ്പടങ്ങുന്ന കുട്ടി മാത്രമാണ് (ബന്ധം സ്ഥാപിക്കുന്ന) രിദ്വാഅ് (മുലകുടി).” (സ്വഹീഹു മുസ്‌ലിം:32, അബൂദാവൂദ് : 12/8 നസാഈ : 26/51, ഇബ്‌നുമാജ : 9/37, അഹ്‌മദ്: 6/93)
മുലപ്പാല്‍ കുടിക്കുന്നതിലൂടെ വിശപ്പടങ്ങുക കുഞ്ഞുങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ മുലകുടിബന്ധം സ്ഥാപിതമാവുക കുഞ്ഞായിരിക്കുമ്പോള്‍ മുലപ്പാല്‍ കുടിക്കുന്നതിലൂടെ മാത്രമാണ് എന്ന് ഹദീഥിനെ വ്യാഖ്യാനിച്ച പണ്ഡിതന്മാരെല്ലാം വ്യക്തമാക്കുന്നുണ്ട്. (ശര്‍ഹു മുസ്‌ലിം: 1/434, ഫത്ഹുല്‍ ബാരി: 1/100, ഉംദത്തുല്‍ കാരി: 20/97, ഇര്‍ശാദുസ്സരി: 8/33, ഫൈദുല്‍ കദീര്‍: 3/360, മിര്‍ക്കാത്തുല്‍ മഫാത്തീഹ്: 3168, ശര്‍ഹു സര്‍ക്കാനി അലാല്‍ മുവത്വഃ: 3/374, ഹാശിയത്തു സിന്ദി അലാ സുനനി ഈബ്‌നുമാജ: 1/600, ഔനുല്‍ മഅ്ബൂദ്: 6/47)
പ്രവാചകാനുചരന്മാരായ ഉമ്മര്‍, അലി, അബ്ദുല്ലാഹിബ്‌നു മസ്ഊദ്, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, ഇബ്‌നു ഉമ്മര്‍, അബൂഹുറൈറ, ജാബിര്‍, പ്രവാചക പത്‌നിമാര്‍ തുടങ്ങി ഹസനുല്‍ ബസ്വരി, സുഹ്‌രി, ഇക്‌രിമ, ഔസാഈ, ശുഅ്ബി, കത്താദ, ഇബ്‌നു ശബ്‌റമ, ഇബ്‌നു അബീ ലൈല, ഹസനിബ്‌നു സ്വാലിഹ്, ഇബ്‌നു അബി ദിഅ്ബ്, സൗരി, ഇസ്ഹാക്, അബൂസൗര്‍, അബൂ ഉബൈദ്, ത്വബ്‌രി, ലൈസ് എന്നിങ്ങനെ പൗരാണിക കര്‍മ്മശാസ്ത്ര പണ്ഡിതരായ സര്‍വ്വരുടേയും അഭിപ്രായവും ഇതുതന്നെയാണ്. (മുഖ്തസറു ഇഖ്തിലാഫുല്‍ ഉലമ: 2/314, അല്‍ഹാവി അല്‍കബീര്‍: മാവര്‍ദി 11/366, മുഹല്ലാ: 10/17, മുഗ്നി: 11/319, സാദുല്‍ മആദ്: 5/577, തഫ്‌സീറു ഇബ്‌നു കസീര്‍ : 1/284, ഉംദത്തുല്‍ കാരി : 20/85) ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി കര്‍മ്മശാസ്ത്ര മദ്ഹബുകളുടെ പണ്ഡിതന്മാരുടെ അഭിപ്രായവും തഥൈവ. (അല്‍ മബ്‌സൂത്: 5/135, അല്‍ മുദവ്വനത്തുല്‍ കുബ്‌റാ: 5/407, അല്‍ ഉമ്മ്: 5/428, മുഗ്‌നി: 11/319)

അപ്പോള്‍ ഇസ്‌ലാമിന്റെ വിധി മുതിര്‍ന്നവര്‍ക്ക് മുലകുടി ഇല്ല എന്നതാണ്. എന്നാല്‍ സാലിമിന്റെ വിഷയത്തില്‍ ഉണ്ടായത് തീര്‍ത്തും അവരുടെ വിഷയത്തില്‍ മാത്രം ബാധകമായ ഒരു ഇളവു മാത്രമായിരുന്നു. അതും മുലപ്പാല്‍ സ്തനങ്ങളില്‍ നിന്നും നേരിട്ടു നല്‍കാതെ, പാല്‍ പിഴിഞ്ഞ് തളികയിലാക്കി കൊടുക്കുക മാത്രമാണുണ്ടായതെന്ന് നാം മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ‘സാലിമിന്റെ വിഷയത്തിലെ പ്രവാചക നടപടി തെളിവ് പിടിച്ചുകൊണ്ട് ആഇശ (റ) തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന മുതിര്‍ന്നവര്‍ക്ക് മുലപ്പാല്‍ നല്‍കാനായി തന്റെ സഹോദര പുത്രിമാരോടും, സഹോദരി പുത്രിമാരോടും നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു എന്നും, അപ്രകാരം അവര്‍ (സഹോദര- സഹോദരി പുത്രിമാര്‍) അഞ്ചുതവണ മുലപ്പാല്‍ നല്‍കി മുലകുടിബന്ധം സ്ഥാപിതമായതിന് ശേഷമേ ആഇശ (റ) അവരെ തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാറുള്ളൂ’ (സുനനു അബീദാവൂദ്: 2061) എന്ന നിവേദനത്തെ ദുര്‍വ്യാഖ്യാനിച്ചു കൊണ്ടാണ് ഇസ്‌ലാമില്‍ മുതിര്‍ന്ന പുരുഷന്മാര്‍ക്കും മുലകുടിയുണ്ടെന്ന വ്യാജപ്രചരണം ഇസ്‌ലാംവിരോധികള്‍ അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ നാം പ്രത്യേകം മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളെ ഇപ്രകാരം സംഗ്രഹിക്കാം:

ഒന്ന്: ആഇശ (റ) ആര്‍ക്കും മുലപ്പാല്‍ – സ്തനങ്ങളില്‍ നിന്ന് നേരിട്ടോ അല്ലാതെയോ കൊടുത്തിട്ടില്ല. ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത അവര്‍ക്ക് എങ്ങനെ മുലപ്പാലുണ്ടാകും? അതുകൊണ്ടാണ് മുലപ്പാല്‍ നല്‍കാനായി ആഇശ (റ) തന്റെ സഹോദരി പുത്രിമാരോടും സഹോദര പുത്രിമാരോടും നിര്‍ദ്ദേശിച്ചത്. ആഇശ (റ) മുതിര്‍ന്ന പുരുഷന്മാരെ മുലയൂട്ടിയെന്ന മിഷണറി പ്രചരണം കല്ലുവെച്ച കളവാണെന്ന് വ്യക്തം.

രണ്ട്: സാലിമിന് സഹ്‌ല മുലപ്പാല്‍ നല്‍കിയത് സ്തനങ്ങളില്‍ നിന്ന് നേരിട്ടല്ലെന്നും, ഒരു തളികയില്‍ പാല്‍ പിഴിഞ്ഞ് കുടിക്കാന്‍ കൊടുക്കുന്ന രീതി – ‘വുജൂര്‍’ (الوجور) – യാണ് അവലംബിച്ചിരുന്നതെന്നും നാം മുമ്പ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചതാണ്. അതെ രീതിയില്‍ (‘വുജൂര്‍’) തന്നെ മുലപ്പാല്‍ കൊടുക്കാനാണ് ആഇശ (റ) തന്റെ സഹോദര പുത്രിമാരോടും, സഹോദരി പുത്രിമാരോടും നിര്‍ദ്ദേശിച്ചതെന്ന വസ്തുത മറച്ചുവെച്ചുകൊണ്ട്, ആഇശ(റ)യുടെ നിര്‍ദ്ദേശം – (സഹോദര, സഹോദരി പുത്രിമാരോട്) നേരിട്ട് സ്തനങ്ങളില്‍ നിന്നും മുലയൂട്ടുവാനായിരുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ഇസ്‌ലാംവിമര്‍ശകര്‍ ചെയ്യുന്നത്. സാലിമിന്റെ വിഷയത്തിലെ പ്രവാചക നടപടി തെളിവ് പിടിച്ചുകൊണ്ട്, മുലകുടി പ്രായം (രണ്ടു വയസ്സ്) പിന്നിട്ട ഒരാള്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി വിവാഹം നിഷിദ്ധമാക്കപ്പെടുന്ന ബന്ധം സ്ഥാപിക്കാമെന്ന് വിലയിരുത്തിയ ആഇശ (റ), പക്ഷെ ആ വിഷയത്തില്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ച മുലപ്പാല്‍ നല്കുന്ന രീതി (വുജൂര്‍) പരിഗണിച്ചില്ലെന്നത് കേവലം വിമര്‍ശകരുടെ ലൈംഗിക ഭാവന മാത്രമാണ്.

മൂന്ന്: ഇസ്‌ലാമില്‍ ബന്ധം സ്ഥാപിതമാക്കുന്നത് മൂന്ന് മാര്‍ഗങ്ങളിലൂടെയാണ്. പ്രസവം, വിവാഹം, മുലകുടി. ഈ ബന്ധങ്ങളില്‍ പെടാത്ത, വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടുവെന്ന് സ്ഥിരപ്പെടാത്ത ഒരു അന്യപുരുഷനേയും തന്റെ വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന ദൃഢനിശ്ചയം ആഇശ(റ)യുടെ കണിശമായ പാതിവ്രത്യത്തേയും പരിശുദ്ധിയേയുമാണ് തെളിയിക്കുന്നത്. അത്തരം മഹത്തരമായ ഒരു നിലപാടി
നെയാണ്, തങ്ങളുടെ ദുഷിച്ച ലൈംഗിക ഭാവനയിലൂടെ അശ്ലീലതയുടെ ചായം പൂശാന്‍ മിഷണറി നുണ ഫാക്ടറികള്‍ ഒരുമ്പെട്ടതെന്നത് എത്രമാത്രം നെറികെട്ട ‘സുവിശേഷ വേല’യായിപ്പോയി.

നാല്: ‘തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന മുതിര്‍ന്നവര്‍ക്ക് മുലപ്പാല്‍ നല്‍കാനായി അവര്‍ കല്‍പ്പിക്കുമായിരുന്നു’ എന്ന ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട ‘മുതിര്‍ന്നവര്‍’ (الكبير) എന്ന പദപ്രയോഗം യഥാര്‍ത്ഥത്തില്‍ മുതിര്‍ന്ന പുരുഷന്മാരെയല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, മുലകുടിപ്രായം കഴിഞ്ഞ വലിയ കുട്ടികളെയാണ്. ഇത് ചില ഹദീഥുകളില്‍ വ്യക്തമായി തന്നെ പരാമര്‍ശിച്ചിട്ടുണ്ട്.

ഉമ്മുസലമ (റ) ആഇശ(റ)യോട് പറഞ്ഞു ”നിങ്ങളുടെ അടുക്കല്‍ മുലകുടി പ്രായം കഴിഞ്ഞ കുട്ടി – الغلام الايفع – പ്രവേശിക്കുന്നുണ്ടല്ലോ. (അവര്‍ക്ക് മുലപ്പാല്‍ നല്‍കിയാല്‍ മുലകുടിബന്ധം സ്ഥാപിതമാകുമെന്ന് വിശ്വസിക്കാത്തതുകൊണ്ട്) അവര്‍ എന്റെ അടുക്കല്‍ പ്രവേശിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അപ്പോള്‍ അവര്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി മുലകുടിബന്ധം സ്ഥാപിതമാകുമെന്നതിന് തെളിവായി ആഇശ (റ) സാലിമിന്റെ സംഭവം ഉദ്ധരിക്കുകയും ചെയ്തു…” (സ്വഹീഹു മുസ്‌ലിം : 1453, മുസ്‌നദു അഹ്‌മദ്: 25415)
ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട, അല്‍ ഗുലാം അല്‍ അയ്ഫഅ് (الغلام الايفع) എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയാണെന്ന് ഇമാം നവവി (റ) ഹദീഥിനെ വ്യാഖ്യാനിക്കവെ വ്യക്തമാക്കുന്നുണ്ട്. (ശര്‍ഹു മുസ്‌ലിം: 10/33)

തന്റെ വീട്ടില്‍ പ്രവേശിക്കാന്‍ താല്‍പര്യപ്പെടുന്ന ‘പുരുഷന്മാര്‍ക്ക്’ മുലപ്പാല്‍ നല്‍കി മുലകുടിയിലെ ബന്ധുവാക്കാന്‍ ആഇശ (റ) ശ്രദ്ധിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന ഹദീഥുകളിലെ ‘പുരുഷന്മാര്‍’ (الرجال) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും മുലകുടി പ്രായം കഴിഞ്ഞ, എന്നാല്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികളെയാണ്. അല്ലാതെ വലിയ പുരുഷന്മാരെയല്ല. പുല്ലിംഗത്തെ (Male Gender) സൂചിപ്പിക്കാനായി രിജാല്‍ (الرجال) എന്ന് അറബിയില്‍ ഉപയോഗിക്കാറുണ്ട്. എന്ന് മാത്രമല്ല, ശാരീരികമായി പുരുഷനായി മാറിയിട്ടില്ലാത്ത ആണ്‍കുട്ടിയെ അവന്റെ ലിംഗഭേദം (Gender) പുല്ലിംഗമായതിനാല്‍ അവന്‍ ഭാവിയില്‍ പുരുഷനായി മാറും എന്നത് പരിഗണിച്ച് റജുല്‍ (الرجل) ‘പുരുഷന്‍’ എന്ന് അറബിഭാഷാ നിയമപ്രകാരം വിളിക്കാവുന്നതാണ്. ഇതിനെ അറബി അലങ്കാര ശാസ്ത്രത്തില്‍ (Rhetoric) ‘ഭാവിയില്‍ ആയി മാറുന്നതിനെ പരിഗണിച്ചുകൊണ്ടുള്ള പ്രയോഗം’ (اعتبار ما يكون) എന്നാണ് പറയുക. (അല്‍ മജാസുല്‍ മുര്‍സല്‍ ഫീ ലിസാനില്‍ അറബ്: അഹ്‌മദ് ഹിന്ദാവി അബ്ദുല്‍ ഗഫ്ഫാര്‍, കിത്താബു മിന്‍ഹാജുല്‍ വാള്വിനി ലില്‍ ബലാഗ: 3/300, ഗായത്തുല്‍ മുസൂല്‍ ഫീ ശര്‍ഹി ലുബ്ബുല്‍ ഉസൂല്‍: 1/51)

ഇത് കേവലം ഭാഷ ശാസ്ത്ര നിയമപ്രകാരമുള്ള ഒരു സമര്‍ത്ഥനമല്ല; മറിച്ച് ഹദീഥുകള്‍ വ്യക്തമായി സൂചിപ്പിച്ച ഒരു വിഷയം ഭാഷ പ്രയോഗങ്ങള്‍ക്കുപോലും അന്യമല്ലെന്ന ബോധ്യപ്പെടുത്തലാണ്. ആഇശ (റ) ഉദ്ദേശിച്ച ‘പുരുഷന്മാര്‍’ (الرجال) മുലകുടി പ്രായം പിന്നിട്ട, എന്നാല്‍ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടികളാണെന്ന് വ്യക്തമാക്കുന്ന മറ്റു ചരിത്ര നിവേദനങ്ങളും നമുക്ക് കാണാം.

(a) ”സാലിമിബ്‌നു അബ്ദുല്ലാഹിബ്‌നു ഉമര്‍ (സഹ്‌ല മുലപ്പാല്‍ നല്‍കിയ സാലിം അല്ല ഇത്) പറയുന്നു: ഞാന്‍ കുഞ്ഞായിരിക്കെ ആഇശ (റ) എന്നെ അവരുടെ സഹോദരി ഉമ്മുകുല്‍സും ബിന്‍ത് അബൂബക്കറിന്റെ അടുത്തേക്ക് അയച്ചു. എന്നിട്ടവരോട് ഇങ്ങനെ പറഞ്ഞു: ‘ഇവന് പത്തു തവണ മുലപ്പാല്‍ ഊട്ടുക എങ്കില്‍ ഇവന് എന്റെ അടുത്ത് (വീട്ടില്‍) പ്രവേശിക്കാമല്ലോ.’ സാലിം പറയുന്നു: ഉമ്മുകുല്‍സും എനിക്ക് മൂന്നു തവണ മുലപ്പാല്‍ തന്നു. പിന്നീടെനിക്ക് രോഗമായി. അതിനാല്‍ എനിക്ക് മൂന്നു തവണ മാത്രമേ മുലപ്പാല്‍ തരാന്‍ സാധിച്ചുള്ളൂ. ഉമ്മുകുല്‍സൂം എനിക്ക് പത്തു തവണ മുലപ്പാല്‍ തരാതിരുന്നത് കാരണത്താല്‍ (വലുതായപ്പോള്‍) ഞാന്‍ ആഇശയുടെ അടുത്ത് പ്രവേശിക്കില്ലായിരുന്നു” (മുവത്വഅ്: 2/603)

ചെറുപ്രായത്തില്‍ ഉമ്മുകുല്‍സൂമിന്റെ മുലപ്പാല്‍, ബന്ധം സ്ഥാപിതമാകുന്ന നിലയ്ക്ക് പൂര്‍ണമായും കുടിക്കാതിരിക്കുന്നത് മൂലം ആഇശ(റ)യുമായി മുലകുടിയിലെ ബന്ധം സ്ഥാപിതമായില്ല. അതു കാരണത്താല്‍ ആഇശ (റ) തന്നെ വലുതായപ്പോള്‍ അവരുടെ വീട്ടില്‍ പ്രവേശിപ്പിക്കില്ലായിരുന്നു എന്ന് ചുരുക്കം. വലിയ പുരുഷന്മാര്‍ മുലപ്പാല്‍ കുടിച്ചാല്‍ മുലകുടി ബന്ധം സ്ഥാപിതമാകും എന്നതായിരുന്നു ആഇശ(റ)യുടെ വാദമെങ്കില്‍ സാലിമിബ്‌നു അബ്ദുല്ലാഹിബ്‌നു ഉമ്മറിനെ വലിയ പുരുഷനായതിനുശേഷവും, സഹോദരിയുടെ മുലപ്പാല്‍ നല്‍കിയതിനുശേഷം തന്റെ വീട്ടില്‍ പ്രവേശിപ്പിക്കാമായിരുന്നില്ലേ? അപ്പോള്‍ കാര്യം വളരെ വ്യക്തമാണ്. മുലപ്പാല്‍ ഊട്ടപ്പെടുന്ന ‘രിജാല്‍’ (പുരുഷന്മാര്‍) എന്നതുകൊണ്ട് ആഇശ (റ) ഉദ്ദേശിച്ചത്, മുലകുടി പ്രായം പിന്നിട്ട, എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത ആണ്‍കുട്ടികളെ മാത്രമാണ്.

(b) ”കുട്ടികള്‍ക്ക് (الصبيان) അവര്‍ പുരുഷന്മാരായാല്‍ തന്റെ അടുത്ത് പ്രവേശിക്കുന്നതിന് തടസ്സമാകാതിരിക്കാന്‍ – ചെറുപ്രായത്തില്‍ മുലപ്പാല്‍ ഊട്ടുവാന്‍ ആഇശ (റ) തന്റെ സഹോദരന്‍ അബ്ദുര്‍റഹ്‌മനിബ്‌നു അബൂബക്കറിനോട് കല്‍പ്പിക്കുമായിരുന്നു”. (ബദാഇഉ സ്വനാഇഅ്: 4/6, ശര്‍ഹു മുഖ്തസറു ത്വഹാവി: 3/325)
ഇവിടെ ആഇശ (റ) ഉദ്ദേശിച്ച പ്രായം വളരെ വ്യക്തമാണ്. കുട്ടികള്‍ പുരുഷന്മാരായാല്‍ തന്റെ അടുത്ത് പ്രവേശിക്കുന്നതിന് തടസ്സമാകാതിരിക്കുവാന്‍- ചെറുപ്രായത്തില്‍ തന്നെ മുലപ്പാല്‍ ഊട്ടുവാനാണ് അവര്‍ നിര്‍ദേശിക്കുന്നത്. ഇവിടെയും, ‘പുരുഷന്മാര്‍’ എന്നതുകൊണ്ട് മുതിര്‍ന്ന പുരുഷന്മാരെയല്ല, പ്രായപൂര്‍ത്തിയെത്താത്ത എന്നാല്‍ മുലകുടി പ്രായം കഴിഞ്ഞ ആണ്‍കുട്ടികളെയാണ് അവര്‍ ഉദ്ദേശിച്ചതെന്ന് വ്യക്തം. ഹദീഥില്‍ ‘രിജാല്‍’ (പുരുഷന്മാര്‍) എന്നത് ലിംഗഭേദത്തെ കുറിക്കാനാണ്, പ്രായത്തെ കുറിക്കാനല്ല ആഇശ (റ) ഉപയോഗിച്ചതെന്ന് പൗരാണികവും പ്രാമാണികവുമായ അറബി ഡിക്ഷണറികളിലെല്ലാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. (താജുല്‍ ഉറൂസ്: 29/34, അല്‍ കാമൂസുല്‍ മുഹീത്: 1/1297, ലിസാനുല്‍ അറബ്: 11/265, അല്‍ കാമില്‍ ഫില്ലുഗത്തി വല്‍ അദബ്: 1/100)

(c) വലിയ പുരുഷന്മാര്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി ബന്ധം സ്ഥാപിതമാകും എന്നതല്ല, മറിച്ച് മുലകുടി പ്രായമായ രണ്ടു വയസ്സു കഴിഞ്ഞ മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി മുലകുടിബന്ധം സ്ഥാപിതമാകും എന്ന് മാത്രമാണ് ആഇശയുടെ അഭിപ്രായം എന്നതിനാലാണ് അതിനെതിരെ, ആഇശ (റ)യുടെ അഭിപ്രായം തിരുത്തിക്കൊണ്ട് എതിരഭിപ്രായം പ്രകടിപ്പിച്ച ഉമ്മുസലമ (റ) ‘തൊട്ടിലില്‍ വെച്ച് തന്നെ മുലകുടിച്ചാലെ’ (حتي يرضع في المهد) മുലകുടി ബന്ധം സ്ഥാപിതമാകൂ എന്ന പദപ്രയോഗം തന്നെ ഉപയോഗിച്ചത്. (മുസ്‌നദു അഹ്‌മദ്: 6/270, മുസ്‌നദു ഇബ്‌നു ഉവാന: 3/122, സുനനു അബൂദാവൂദ്: 2/223)
അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ആഇശയുടെ ഒറ്റപ്പെട്ട അഭിപ്രായം, വലിയ പുരുഷന്മാര്‍ക്ക് മുലപ്പാല്‍ നല്‍കുക വഴി ബന്ധം സ്ഥാപിതമാകും എന്നല്ല മറിച്ച്, മുലകുടി പ്രായമായ രണ്ട് വയസ്സ് കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കും മുലപ്പാല്‍ നല്‍കുക വഴി മുലകുടി ബന്ധം സ്ഥാപിതമാകും എന്നു മാത്രമാണ്. അതും തീര്‍ത്തും അവരുടെ ഒറ്റപ്പെട്ട ഒരഭിപ്രായം മാത്രമാണത്. അതുകൊണ്ടാണ് മറ്റു പ്രവാചകപത്‌നിമാരെല്ലാം അവരെ ആ വിഷയത്തില്‍ എതിര്‍ത്തതും തിരുത്തിയതും.

അതിനാല്‍ ആഇശ(റ)യുടെ ഈ ഒറ്റപ്പെട്ട അഭിപ്രായത്തെ ദുര്‍വ്യാഖ്യാനിച്ച് അശ്ലീലതകള്‍ വിതറുവാനുള്ള മിഷണറി നുണ ഫാക്ടറികളുടെ ഉദ്യമം വളരെ തരംതാഴ്ന്ന പ്രവര്‍ത്തനമായിപ്പോയി. ചെറിയ ആണ്‍കുട്ടികള്‍ക്കു മുലയൂട്ടുന്നതിലൂടെ, അതും സ്തനങ്ങളില്‍ നിന്ന് നേരിട്ടല്ലാതെ തളികയില്‍ പിഴിഞ്ഞ് കുടിപ്പിക്കപ്പെടുന്നതിലൂടെ (വുജൂര്‍) ബന്ധുക്കളായാല്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തിയാലും അവരുടെ സാന്നിധ്യം അന്യപുരുഷ സാന്നിധ്യമാകില്ലല്ലോ എന്ന് കണക്കുകൂട്ടിയാണ് ഇത്തരമൊരു നയം ആഇശ (റ) സ്വീകരിച്ചത്.

‘മുലയൂട്ടല്‍’ വിവാദം ഇനിയും അവസാനിക്കാത്ത ‘സുവിശേഷ വേലകള്‍’

രണ്ടു വയസ്സിനുള്ളില്‍ വിശപ്പടങ്ങും വിധം അഞ്ചു തവണയെങ്കിലും മുലയൂട്ടിയാല്‍ മാത്രമേ, വിവാഹം നിഷിദ്ധമാക്കപ്പെടുന്ന ബന്ധം സ്ഥാപിതമാകൂ എന്ന കണിശമായ കര്‍മശാസ്ത്ര വിധി നിഷ്‌കര്‍ഷിച്ച ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താനും വൈകൃതവും പ്രാകൃതവുമായ ഒരു ധര്‍മ്മശാസ്ത്രമായി അതിനെ ചിത്രീകരിക്കുവാനും വേണ്ടി മിഷണറി നുണ ഫാക്ടറികള്‍ കൈവെച്ചത് ‘സഹ്‌ല-സാലിം മുലപ്പാലൂട്ടല്‍’ സംഭവമാണ്. സാലിമിന്റെ വിഷയത്തില്‍ മാത്രം, അദ്ദേഹത്തിന്റെ മാതാവ് സഹ്‌ലയുടെ തീവ്ര ദുഃഖത്തിന് ഒരു പോംവഴിയായി – ഇളവ് നല്‍കപ്പെട്ട ഒരു കാര്യമാണ് അതെന്ന് വ്യക്തമായിട്ടും ആ സംഭവത്തെ ഇത്രമേല്‍ മ്ലേച്ഛമായവതരിപ്പിച്ചു എന്നതു മാത്രമല്ല ‘മുലയൂട്ടല്‍’ വിവാദവുമായി ബന്ധപ്പെട്ട് ‘കുഞ്ഞാടുകള്‍’ ചെയ്ത ക്രൂരത. ഒരു കുഞ്ഞിനും ഒരിക്കലും മുലയൂട്ടാന്‍ സാധ്യമല്ലാത്ത, ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത പ്രവാചക പത്‌നി ആഇശ (റ) അത്തരത്തില്‍ ‘മുലയൂട്ടല്‍’ നടത്തിയിരുന്നു എന്ന പച്ചക്കള്ളം പടച്ചുണ്ടാക്കാന്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നായ ഹദീഥുകളില്‍ കൈവെച്ചു. എന്നിട്ടും അരിശം തീരാതെ ആഇശയുടെ പ്രസ്തുത വിഷയകമായ ഒറ്റപ്പെട്ട അഭിപ്രായത്തെ ഉയര്‍ത്തിക്കാട്ടി വീണ്ടും അശ്ലീലതകള്‍ക്ക് പഴുതു തപ്പി നടന്നു. അതും അവരുടെ അഭിപ്രായത്തെ വസ്തുതാവിരുദ്ധമായ നിലയില്‍ ദുര്‍വ്യാഖ്യാനിച്ചു കൊണ്ട്. ഇനിയും തീര്‍ന്നിട്ടില്ല ഇവരുടെ മഹത്തായ ‘സുവിശേഷ വേല’കള്‍. തന്റെ ഒറ്റപ്പെട്ട അഭിപ്രായത്തില്‍ നിന്നും അഥവാ മുലകുടി പ്രായം (രണ്ടു വയസ്സ്) കഴിഞ്ഞതും എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്തതുമായ ആണ്‍കുട്ടികള്‍ക്ക് മുലപ്പാല്‍ തളികയില്‍ പിഴിഞ്ഞു കുടിപ്പിച്ചാല്‍ ‘ബന്ധം’ സ്ഥാപിതമാകും എന്ന അഭിപ്രായത്തില്‍ നിന്നും പിന്നീട് ആഇശ (റ) മടങ്ങിയിട്ടുണ്ട് എന്ന വസ്തുത ഈ ‘കുഞ്ഞാടുകള്‍’ മറച്ചുവെച്ചിട്ടുണ്ടെന്നതും കൂടി നാം അറിയണം. അപ്പോള്‍ നമുക്ക് മനസ്സിലാകും മിഷണറി പക്ഷം വിമര്‍ശനമാണോ അല്ല വിരോധമാണോ പ്രകടിപ്പിക്കുന്നതെന്ന്.

ഇമാം കാസാനി പറഞ്ഞു: ”എന്നാല്‍ ആഇശ (ഈ വിഷയത്തിലുള്ള) നയം അവര്‍ തിരുത്തുകയുണ്ടായി എന്ന് സൂചിപ്പിക്കുന്ന നിവേദനങ്ങള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘രക്തവും മാംസവും മുളപ്പിക്കുന്നതല്ലാത്ത (കൈകുഞ്ഞായിരിക്കുമ്പോളല്ലാത്ത) മുലകുടി വിവാഹബന്ധം നിഷിദ്ധമാക്കില്ല (മുലകുടി ബന്ധം സ്ഥാപിതമാകില്ല)” (ബദാഇഉസ്വനാഇ: 4/6)
‘തൊട്ടിലില്‍ വെച്ചുതന്നെ മുല കുടിച്ചാലെ’ മുലകുടി ബന്ധം സ്ഥാപിതമാകൂ എന്നും (മുസ്‌നദു
അഹമ്ദ്: 6/270, മുസ്‌നദു ഇബ്‌നു ഉവാന: 3/122, സുനനു അബൂദാവൂദ്: 2/223) ‘അല്ലാഹുവാണേ, സാലിമിന്റെ വിഷയത്തില്‍ മാത്രമായി (ഖാസ്) പ്രവാചകന്‍ അനുവദിച്ചു കൊടുത്ത ഇളവായിരുന്നു അത് (ആ ഇളവ് എല്ലാവര്‍ക്കും ബാധകമല്ല)’ (സ്വഹീഹു മുസ്‌ലിം: 1454, മുസ്‌നദു അഹ്‌മദ്: 26660, സുനനു അബൂദാവൂദ്: 2061) എന്നുമുള്ള പ്രവാചക പത്‌നി ഉമ്മുസലമ(റ)യുടെ തിരുത്ത് ആഇശ (റ) സ്വീകരിച്ചു എന്നും, തന്റെ ഒറ്റപ്പെട്ട പൂര്‍വ്വ അഭിപ്രായത്തില്‍ നിന്നും അവര്‍ മടങ്ങിയെന്നും ഹദീഥ് ഗ്രന്ഥങ്ങളില്‍ തന്നെ വ്യക്തമാക്കിയിരിക്കെ അതെല്ലാം മറച്ചുവച്ചുകൊണ്ട് ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ‘ദൈവത്തിന്റെ കുഞ്ഞാടുകള്‍’ക്കെങ്ങിനെ കഴിഞ്ഞു. മിഷണറി നുണ ഫാക്ടറികള്‍ നിര്‍മ്മിച്ച ഈ നുണകഥയും പൊക്കിപ്പിടിച്ച് ഇപ്പോഴും യുക്തിവാദികളും ഫെമിനിസ്റ്റുകളും ഫാഷിസ്റ്റുകളുമടങ്ങുന്ന ഇസ്‌ലാംവിമര്‍ശകര്‍ ചോദിക്കുന്നു ‘പ്രവാചകന്റെ ഈ കല്പന നടപ്പിലാക്കുവാന്‍ ഈ കാലഘട്ടത്തിലെ മുസ്‌ലിം സ്ത്രീകള്‍ തയ്യാറാകുമോ? തങ്ങളുടെ ഭാര്യമാരെ കൊണ്ട് ഈ പ്രവാചക നിര്‍ദ്ദേശം നടപ്പില്‍ വരുത്തുവാന്‍ മുസ്‌ലിം പുരുഷന്മാര്‍ ഒരുക്കമാണോ?’ എന്ന്. പാവം! സാധുക്കള്‍ വല്ലതും അറിയുന്നുണ്ടോ ഇതു മിഷണറി ‘സുവിശേഷ വേല’ മാത്രമാണെന്ന കഥ.!!!

print