ജൂതമതവും ഇസ്‌ലാമും

//ജൂതമതവും ഇസ്‌ലാമും

” …അയാൾ അയാളുടെ പ്രിയതമയായ ക്ലാര പെറ്റാച്ചിയേയും കൊണ്ട്, സ്വിസ് അതിർത്തി കടന്നു ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനായി ഒളിച്ചോടി. സ്വിസ് അതിർത്തി കടന്നാൽ ഒളിവിൽ ജീവിക്കാം എന്ന് ആ ഇണകൾ സ്വപ്നം കണ്ടു. ശത്രുക്കൾ തിരിച്ചറിയാതിരിക്കാൻ അയാൾ വേഷപ്രച്ഛന്നനായി. പക്ഷെ പടയാളികൾ അയാളെ തിരിച്ചറിഞ്ഞപ്പോൾ ഒരു കളപ്പുരയിൽ അവർ രണ്ടു പേരും അഭയം തേടി. പക്ഷെ പടയാളികൾ അവരെ വെറുതെ വിട്ടില്ല. അവർ അവരെ കളപ്പുരയിൽ നിന്ന് നിർബന്ധിച്ച് പുറത്തു കൊണ്ട് വന്നു. വില്ല ബെൽ‌മോണ്ടിന്റെ പ്രവേശന കവാടത്തിനടുത്തുള്ള ഒരു ഇഷ്ടിക മതിലിനു നേരെ നിൽക്കാൻ ഇണകളോട് ആവശ്യപ്പെട്ടു. അവിടെ വെച്ച് പടയാളികൾ അവർക്കു നേരെ നിറയൊഴിച്ചു. വെടിയുതിർക്കുമ്പോൾ അയാൾ കേണപേക്ഷിച്ചു “അരുതേ! അരുതേ!” അതായിരുന്നു അയാളുടെ അവസാന വാക്കുകൾ. ശേഷം അയാളുടെ കൂട്ടാളികളിൽ നിന്ന് പിടിക്കപ്പെട്ട പതിനഞ്ചു പേരെയും അവർ വലിച്ചിഴച്ച് കൊണ്ട് വന്ന് അതേ സ്ഥലത്ത് വെച്ച് വെടി വെച്ച് കൊന്നു…” രണ്ടാം ലോക മഹായുദ്ധത്തിലെ ഒരു രംഗമാണിത്. ഈ രംഗം മാത്രം വായിക്കുന്നവർക്ക് കൊല്ലപ്പെട്ട വ്യക്തിയോടും അയാളുടെ ഇണയോടും അയാളുടെ കൂട്ടാളികളോടും സഹതാപം തോന്നിയേക്കാം. ഈ ദാരുണമായ കൂട്ടക്കൊലയെ സംബന്ധിച്ച വാർത്തയുടെ തലക്കെട്ടായി ‘ന്യൂയോർക്ക് ടൈംസ്’ (the New York Times) ദിനപത്രത്തിൽ വന്നത് “നികൃഷ്‌ടമായ ഒരു ജീവിതത്തിന് ലഭിച്ച ഒരു ഉചിതമായ അന്ത്യം” (A fitting end to a wretched life) എന്നായിരുന്നു എന്നു കൂടി പറഞ്ഞാൽ ആ പത്രത്തോട് തന്നെ നമുക്ക് ഭീതിയും വെറുപ്പും ജനിച്ചേക്കും.

പക്ഷെ ഈ കൊല്ലപ്പെട്ടവർ ഫാഷിസത്തിന്റെ പിതാവും ഏകാധിപതിയുമായ മുസോളനിയും കിങ്കരന്മാരായ ഫാഷിസ്റ്റുകളുമാണ് എന്ന് തിരിച്ചറിയുമ്പോൾ നമ്മളുടെ വൈകാരികത എതിർ ദിശയിലേക്കാണ് പ്രവഹിക്കുക. രണ്ടാം ലോകമഹായുദ്ധത്തിൽ 400,000 ത്തിലധികം പേരുടേയും ഇറ്റാലിയൻ എത്യോപ്യ ആക്രമണത്തിൽ 30,000 പേരുടേയും കൊലപാതകത്തിന് അധ്യക്ഷത വഹിച്ച മുസ്സോളിനിയുടെ ദാരുണാന്ത്യമാണ് മുകളിൽ നാം വായിച്ചത്. !

ചില യുദ്ധങ്ങളെ പറ്റി ക്വുർആനിലും ഹദീസുകളിലും വന്നിട്ടുള്ള ചില വിശേഷണങ്ങളും, യുദ്ധരംഗങ്ങളും, സാഹചര്യത്തിൽ നിന്നും ചരിത്ര പശ്ചാത്തലത്തിൽ നിന്നും അടർത്തിയെടുത്ത് അവതരിപ്പിക്കുന്ന ഇസ്‌ലാം വിമർശകരുടെ സ്ഥിരം വേല ഇതിനോട് സമാനമാണ്. പ്രസ്തുത യുദ്ധ പ്രസ്ഥാവനകളുടേയും രംഗങ്ങളുടേയും പിന്നാമ്പുറവും കാരണങ്ങളും ‘ബാക്ക് സ്റ്റോറിയു’മൊക്കെ അറിയാത്തവരിൽ അതുപയോഗിച്ച് ഇസ്‌ലാം ഭീതിയും വെറുപ്പും സൃഷ്ടിക്കുകയാണ് ഈ കുബുദ്ധികളുടെ ലക്ഷ്യം. ഒരു ദീർഘകാല യുദ്ധങ്ങളുടെ വിവരണങ്ങളിലെ ഒരു അടര് മാത്രം ചുവപ്പ് പൂശി പ്രദർശിപ്പിച്ച് നായകന്മാരെ വില്ലന്മാരായി ചിത്രീകരിക്കുകയും വില്ലന്മാരെ നായകന്മാരായി ദുവ്യാഖ്യാനിക്കുകയും ചെയ്യുന്ന സ്ഥിരം കുതന്ത്രം !!

അതിനായി സാധാരണ ഗതിയിൽ ദുർവ്യാഖ്യാതാക്കൾ ഉപയോഗിക്കാറുള്ള ഹദീസുകളിലെ ഒരു യുദ്ധരംഗം ഇപ്രകാരമാണ്:

لَا تَقُومُ السَّاعَةُ حَتَّى يُقَاتِلَ الْمُسْلِمُونَ الْيَهُودَ ، فَيَقْتُلُهُمُ الْمُسْلِمُونَ حَتَّى يَخْتَبِئَ الْيَهُودِيُّ مِنْ وَرَاءِ الْحَجَرِ وَالشَّجَرِ، فَيَقُولُ الْحَجَرُ أَوِ الشَّجَرُ: يَا مُسْلِمُ يَا عَبْدَ اللهِ هَذَا يَهُودِيٌّ خَلْفِي ، فَتَعَالَ فَاقْتُلْهُ ، إِلَّا الْغَرْقَدَ، فَإِنَّهُ مِنْ شَجَرِ الْيَهُودِ.

“അന്ത്യദിനം സംഭവിക്കുകയില്ല; മുസ്‌ലിംകൾ ജൂതന്മാരോട് യുദ്ധം ചെയ്യുന്നത് വരെ. അങ്ങനെ ആ യുദ്ധത്തിൽ മരത്തിന്റേയും കല്ലിന്റേയും പിറകിൽ ജൂതൻ ഒളിച്ചിരിക്കുവോളം മുസ്‌ലിംകൾ ജൂതന്മാരെ വധിക്കും. അപ്പോൾ ആ മരം അല്ലെങ്കിൽ കല്ല് വിളിച്ചു പറയും: അല്ലയോ മുസ്‌ലിം, അല്ലാഹുവിന്റെ ദാസാ, ഇതാ എന്റെ പിറകിൽ ഒരു ജൂതൻ. അപ്പോൾ ആ മുസ്‌ലിം വന്ന് അയാളെ വധിക്കും. ഗിർകദ് വൃക്ഷമൊഴികെ; അത് ജൂതരുടെ വൃക്ഷമാണ്.” (സ്വഹീഹു മുസ്‌ലിം: 2922)

ഈ രംഗം മാത്രമാണ് വിമർശകർ ഉദ്ധരിക്കുക. ഈ യുദ്ധം ഏതാണെന്നോ യുദ്ധത്തിന്റെ പശ്ചാത്തലം എന്താണെന്നോ ആരാണ് വൃക്ഷത്തിനു പിന്നിൽ ഒളിച്ചിരിക്കുന്ന ജൂതനെ കൊല്ലുന്ന ആ ‘മുസ്‌ലിം’ എന്നോ, മരം ആ മുസ്‌ലിമിനോട് എങ്ങനെയാണ് സംസാരിക്കുക എന്നോ വിമർശകർ വിശദീകരിക്കില്ല.!! കാരണം അതൊക്കെ വിവരിച്ചാൽ വിമർശനം താനെ അസാധുവാകും. അതുകൊണ്ട് തന്നെ ആ യുദ്ധത്തിലെ ഒരു സീൻ മാത്രം അവതരിപ്പിച്ച് ഭീതി പടർത്തുകയാണ് ദുർവ്യാഖ്യാതാക്കളുടെ ലക്ഷ്യം.

അന്ത്യദിനത്തോട് അടുത്തായി നടക്കുന്ന ഒരു യുദ്ധത്തിലെ (ഒരു സ്വാതന്ത്ര്യ സമരത്തിലെ) രംഗമെടുത്ത് ജൂതന്മാരോട് യുദ്ധം ചെയ്യലും അവരെ വധിക്കലും ഇസ്‌ലാമിലെ ഒരു നിയമമോ പാഠമോ ആയി ദുർവ്യാഖ്യാനിക്കുകയാണ് വിമർശകർ. എന്നാൽ സമാധാന ചിത്തരായി ജീവിക്കുന്ന സാധാരണ അമുസ്‌ലിംകളോട് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമവും പ്രവാചക പാഠവും മറ്റു ഹദീസുകളിൽ വ്യക്തമായി വായിക്കാൻ സാധിക്കും:

അല്ലാഹു പറഞ്ഞു: “മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചു മാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് – അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍.” (ക്വുർആൻ 60: 8, 9)

പ്രവാചകൻ മുഹമ്മദ് (സ) പറഞ്ഞു: مَنْ قَتَلَ مُعَاهَدًا لَمْ يَرَحْ رَائِحَةَ الْجَنَّةِ، وَإِنَّ رِيحَهَا لَيُوجَد مِنْ مَسِيرَةِ أَرْبَعِينَ عَامًا

“സമാധാന സന്ധിയിലുള്ള ഒരു അമുസ്‌ലിമിനെ ആരെങ്കിലും കൊന്നാൽ അവന് സ്വർഗത്തിന്റെ സുഗന്ധം പോലും ലഭിക്കില്ല.” (സ്വഹീഹുൽ ബുഖാരി: ഹദീസ് നമ്പർ: 3166)

عَنْ صَفْوَانَ بْنَ سُلَيْمٍ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ‏ “‏ أَلاَ مَنْ ظَلَمَ مُعَاهِدًا أَوِ انْتَقَصَهُ أَوْ كَلَّفَهُ فَوْقَ طَاقَتِهِ أَوْ أَخَذَ مِنْهُ شَيْئًا بِغَيْرِ طِيبِ نَفْسٍ فَأَنَا حَجِيجُهُ يَوْمَ الْقِيَامَةِ

സ്വഫ്‌വാനു ബ്‌നു സുലൈമില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ (സ) പറഞ്ഞു: ‘അറിയണം, ആരെങ്കിലും സമാധാന സന്ധിയിലുള്ള അമുസ്‌ലിമിനെ ഉപദ്രവിക്കുകയോ, അവന് കിട്ടേണ്ട അവകാശങ്ങളില്‍ കുറവ് വരുത്തുകയോ, സാധ്യമാകുന്നതിലുപരി വഹിക്കാന്‍ അവനെ നിര്‍ബന്ധിക്കുകയോ, മനപ്പൊരുത്തമില്ലാതെ അവനില്‍ നിന്നും വല്ലതും കവര്‍ന്നെടുക്കുകയോ ചെയ്താൽ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഞാന്‍ അവനുമായി (ആ അമുസ്‌ലിമിന്റെ അവകാശങ്ങളുടെ കാര്യത്തിൽ) തര്‍ക്കത്തിലേര്‍പെടും. (അബൂദാവൂദ്: 3052)

ഇതാണ് സമാധാന ചിത്തരായി ജീവിക്കുന്ന സാധാരണ അമുസ്‌ലിംകളോട് സ്വീകരിക്കേണ്ട നിലപാടായി ഇസ്‌ലാം പഠിപ്പിച്ച നിയമവും ശാസനയും. എത്ര തവണ വ്യക്തമാക്കിയാലും ഈ ആയത്തുകളും ഹദീസുകളും വിമർശകർ കാണാത്ത മട്ടാണ് !!

ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ടിട്ടുള്ള യുദ്ധരംഗമാകട്ടെ ഒരു നിയമമോ അനുശാസയോ അല്ല. മറിച്ച് അന്ത്യദിനത്തിൽ നടക്കാനിരിക്കുന്ന ഒരു മഹായുദ്ധത്തിൽ നിന്ന് അല്ലെങ്കിൽ ഒരു സ്വതന്ത്ര്യ സമരത്തിൽ നിന്നുള്ള ഒരു രംഗത്തിന്റെ വിവരണമാണ്.

എപ്പോഴാണ് ഈ യുദ്ധം നടക്കുക ?

فالمراد بقتال اليهود : وقوع ذلك إذا خرج الدجال ونزل عيسى

“ജൂതന്മാരോടുള്ള യുദ്ധം നടക്കുക (അന്ത്യ ദിനത്തോടടുത്ത്) ദജ്ജാൽ പുറപ്പെടുകയും ഈസാ നബി (യേശു) ഇറങ്ങുകയും ചെയ്യുന്ന സന്ദർഭത്തിലാണ്.” (ഫത്ഹുൽ ബാരി: 6: 610)

المراد بقوله (تقاتلون اليهود) إذا نزل عيسى ، فإن المسلمين معه ، واليهود مع الدجال.

ഇബ്നുൽ മുലക്കിൻ പറഞ്ഞു: “മുസ്‌ലിംകൾ ജൂതന്മാരോട് യുദ്ധം ചെയ്യും എന്ന് ഹദീസിൽ ഉദ്ദേശിച്ചിരിക്കുന്നത് പ്രവാചകൻ ഈസാ (ഭൂമിയിൽ) ഇറങ്ങുന്ന സന്ദർഭത്തിലാണ്. മുസ്‌ലിംകൾ പ്രവാചകൻ ഈസായോടൊപ്പവും ജൂതന്മാർ ദജ്ജാലിനോടൊപ്പവുമായിരിക്കും.” (അത്തൗദീഹു ലി ശർഹിൽ ജാമിഅ്: 17:663)

ഇക്കാര്യം ഒട്ടനവധി പണ്ഡിതന്മാർ ഹദീസിന്റെ വ്യാഖ്യാനത്തിൽ വിശദീകരിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ഇമാം തുർമുദി, ചർച്ചാ വിഷയകമായ ഹദീസ് (സുനനു തുർമുദി: 2236) ഉദ്ധരിച്ചിരിക്കുന്നതു തന്നെ “ദജ്ജാലിന്റെ അടയാളങ്ങളായി ഹദീസിൽ വന്ന കാര്യങ്ങൾ” (باب ما جاء في علامة الدجال) എന്ന അധ്യായത്തിലാണ്.

ഇക്കാര്യം ഹദീസിലും അർത്ഥ ശങ്കക്കിടയില്ലാത്ത വിധം സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്:

വിവാദ വിഷയകമായ ഹദീസ് ആരംഭിക്കുന്നതു തന്നെ “അന്ത്യദിനം സംഭവിക്കുകയില്ല; മുസ്‌ലിമുകൾ ജൂതന്മാരോട് യുദ്ധം ചെയ്യുന്നത് വരെ….” എന്ന് പറഞ്ഞു കൊണ്ടാണ്. (സ്വഹീഹു മുസ്‌ലിം: 2922)

മറ്റൊരു ഹദീസ് കാണുക:

قَالَ فَحِينَ يَرَى الْكَذَّابُ يَنْمَاثُ كَمَا يَنْمَاثُ الْمِلْحُ فِي الْمَاءِ فَيَمْشِي إِلَيْهِ فَيَقْتُلُهُ حَتَّى إِنَّ الشَّجَرَةَ وَالْحَجَرَ يُنَادِي يَا رُوحَ اللَّهِ هَذَا يَهُودِيٌّ فَلا يَتْرُكُ مِمَّنْ كَانَ يَتْبَعُهُ أَحَدًا إِلا قَتَلَهُ

“പ്രവാചകൻ ഈസായെ(അ) ആ പെരും നുണയൻ (ദജ്ജാൽ) കാണുമ്പോൾ ഉപ്പ്, വെള്ളത്തിൽ അലിയുന്നതു പോലെ അവൻ അലിയും. അപ്പോൾ അദ്ദേഹം (ഈസാ നബി (അ) അവന്റെ അടുത്തേക്ക് നടന്നു ചെന്ന് അവനെ വധിക്കും. എത്രത്തോളമെന്നാൽ പാറയും മരവും വിളിച്ചു പറയും: (അല്ലയോ മുസ്‌ലിം,) അല്ലാഹുവിന്റെ അടുക്കലുള്ള ആത്മാവിനാൽ സൃഷ്ടിക്കപ്പെട്ടവനേ, എന്റെ (പിറകിൽ) അതാ ഒരു ജൂതൻ. അങ്ങനെ ദജ്ജാലിനെ പിൻപറ്റിയവരിൽ പെട്ട ഒരാളെയും വധിക്കാതെ അദ്ദേഹം വിടില്ല.” (മുസ്നദു അഹ്മദ്: 14426)

ഹദീസ് പ്രവചിക്കുന്ന ‘സ്വാതന്ത്ര്യ സമര’ത്തെ സംബന്ധിച്ച പല കാര്യങ്ങളും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം:

1. ജൂതന്മാരോടുള്ള ഈ യുദ്ധം ഒരു മതനിയമമായിട്ടല്ല ഹദീസിൽ വന്നിട്ടുള്ളത്. അന്ത്യദിനത്തോടടുത്ത് ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഒരു യുദ്ധത്തെ സംബന്ധിച്ച് വിവരണം മാത്രമാണിത്. ദജ്ജാലെന്ന ഏകാധിപതിയുടെ നേതൃത്വത്തിലുള്ള ശത്രു പക്ഷത്തോട് ഈസാ നബിയുടെ(അ) നേതൃത്വത്തിൽ മുസ്‌ലിംകൾ സ്വാതന്ത്ര്യത്തിനായി നടത്തുന്ന ഒരു പോരാട്ടമാണ് ഹദീസുകളുടെ ഉള്ളടക്കം.

2. “അങ്ങനെ ദജ്ജാലിനെ പിൻപറ്റിയവരിൽ പെട്ട ഒരാളെയും വധിക്കാതെ അദ്ദേഹം വിടില്ല.” എന്ന വാചകത്തിൽ നിന്നും ദജ്ജാലെന്ന ഏകാധിപതിയുടെ ആരാധകരും ഭടൻമാരുമായ ജൂതന്മാരെയാണ് മുസ്‌ലിംകൾ വധിക്കുക എന്ന് മനസ്സിലാക്കാം. സമാധാന ചിത്തരായ സാധാരണ അമുസ്‌ലിംകളെയല്ല.

3. കല്ലും മരവും “അല്ലയോ മുസ്‌ലിമേ, എന്റെ പിറകിൽ ഒരു ജൂതനുണ്ട്” എന്ന് വിളിച്ചു പറയുന്ന ആ ‘വിളിക്കപ്പെടുന്ന മുസ്‌ലിം’ പ്രവാചകനായ ഈസായാണ് (അ) എന്നാണ് ഹദീസ് സൂചിപ്പിക്കുന്നത്. ഈ അത്ഭുത പ്രതിഭാസം ഈസായുടെ (അ) ‘മുഅ്ജിസത്തെ’ന്ന (അല്ലാഹുവിൽ നിന്നുള്ള അമാനുഷിക ദൃഷ്ടാന്തം) നിലയിൽ നടക്കുന്നതാകുവാനാണ് സാധ്യത.

ആരാണ് യുദ്ധം ആരംഭിക്കുന്നത്?

മുസ്‌ലിംകൾ ജൂതരുമായി യുദ്ധം നടത്തുമെന്ന് പല ഹദീസുകളിലും പൊതുവായി പ്രസ്ഥാവിക്കപ്പെട്ടതിൽ നിന്നും മുസ്‌ലിംകൾ അങ്ങോട്ടാണ് യുദ്ധം ആരംഭിക്കുക എന്ന ഒരു തെറ്റുദ്ധാരണയുണ്ടാകാം. എന്നാൽ യുദ്ധത്തിന് ആരംഭം കുറിക്കുന്നത് ദജ്ജാലിന്റെ ആർമിയാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്ന ചില ഹദീസുകളും സ്വഹീഹുൽ ബുഖാരിയിൽ തന്നെ നമുക്ക് കാണാവുന്നതാണ്:

تُقَاتِلُكُمُ اليَهُودُ فَتُسَلَّطُونَ عَلَيْهِمْ ، ثُمَّ يَقُولُ الحَجَرُ : يَا مُسْلِمُ هَذَا يَهُودِيٌّ وَرَائِي، فَاقْتُلْهُ.

“ജുതന്മാർ നിങ്ങളോട് യുദ്ധം ചെയ്യും അപ്പോൾ അവർക്കുമേൽ അല്ലാഹു നിങ്ങൾക്ക് വിജയം നൽകും. ശേഷം പാറക്കല്ല് പറയും: മുസ്‌ലിമേ, ഇതാ എന്റെ പിറകിൽ ഒരു ജൂതൻ. അവനെ വധിക്കൂ.” (സ്വഹീഹുൽ ബുഖാരി: 3593, സ്വഹീഹു മുസ്‌ലിം: 2921)

ആരാണ് മസീഹുദ്ദജ്ജാൽ ?

അന്ത്യനാളിനോടടുത്ത് പ്രത്യക്ഷനാകുമെന്ന് പല മത ഗ്രന്ഥങ്ങളും പ്രവചിച്ച, അന്തിക്രിസ്‌തു (antichrist) എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഭാവി വ്യക്തിത്വമാണ് ‘മസീഹു ദ്ദജ്ജാൽ’. ലോകത്ത് ജീവിച്ചിരുന്നതും ജീവിച്ചിരിക്കുന്നവരുമായ ഏകാധിപതികളേക്കാൾ ഏറ്റവും കിരാതനും ക്രൂരനുമായ ഏകാധിപതിയായിരിക്കും (dictator) മസീഹു ദ്ദജ്ജാൽ എന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്. മനുഷ്യരെ ഭൗതീകവും ആത്മീയവുമായ പാരതന്ത്ര്യത്തിലേക്ക് വലിച്ചിഴക്കുന്ന ഈ ദജ്ജാലിന്റെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷ തേടാൻ പ്രവാചകൻ (സ) തന്റെ അനുചരന്മാരോട് പ്രത്യേകം ഉപദേശിക്കുക കൂടി ചെയ്തതായി കാണാം. (സ്വഹീഹു മുസ്‌ലിം: 924)

ദജ്ജാലിനാൽ ഭാവിയിൽ, ലോകത്ത് വിതക്കപ്പെടാനിരിക്കുന്ന കുഴപ്പങ്ങളും ഛിദ്രതകളും സമാനതകൾ ഇല്ലാത്തതായിരിക്കും.

مَا بَيْنَ خَلْقِ آدَمَ إِلَى أَنْ تَقُومَ السَّاعَةُ فِتْنَةٌ أَكْبَرُ مِنْ فِتْنَةِ الدَّجَّالِ .

പ്രവാചകൻ (സ) പറഞ്ഞു: “(ആദ്യ മനുഷ്യൻ) ആദമിനെ സൃഷ്ടിച്ചതു മുതൽ അന്ത്യദിനം സംഭവിക്കുന്നു വരെ ദജ്ജാലിന്റെ കുഴപ്പത്തേക്കാൾ വലിയ ഒരു ആപത്തും ഇല്ലതന്നെ.” (മുസ്നദു അഹ്മദ്: 15831)

ലോക രാജ്യങ്ങൾ മുഴുവൻ വെട്ടിപ്പിടിച്ച് തന്റെ അധികാരത്തിനും ആജ്ഞാപനത്തിനും കീഴിലാക്കുന്ന ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതിയായിരിക്കും ‘മസീഹു ദ്ദജ്ജാൽ’.

ليس من بلد إلا سيطؤه الدجال إلا مكة والمدينة ليس له من نقابها نقب إلا عليه الملائكة صافين يحرسونها

ദജ്ജാൽ കാലു കുത്താത്ത ഒരു നാടും അവശേഷിക്കില്ല; മക്കയും മദീനയും ഒഴികെ. ആ രണ്ട് നാടുകളെയും സംരക്ഷിച്ചു കൊണ്ട് മലക്കുകൾ വലയം ചെയ്യുന്നുണ്ടാകും. (സ്വഹീഹുൽ ബുഖാരി: 1881, സ്വഹീഹു മുസ്‌ലിം: 2943)

നാടുകളിൽ കാലുകുത്തുക എന്നതുകൊണ്ടുദ്ദേശം പടയോട്ടത്തിലൂടെ അധികാരത്തിന് കീഴിലാക്കുക എന്നാണ്.

فلا يبقى له موضع إلا ويأخذه غير مكة والمدينة

“മക്കയും മദീനയും തുടങ്ങിയ സ്ഥലങ്ങളല്ലാതെ ഒരു സ്ഥലവും അവൻ പിടിച്ചടക്കാത്തതായി അവശേഷിക്കില്ല” എന്ന് ചില നിവേദനങ്ങളിൽ കാണാം. (ഉംദത്തുൽ കാരി: 10:244)

“എല്ലാ ജല തടത്തിലും അവന്റെ അധികാരമെത്തും” (يبلغ سلطانه كل منهل) എന്ന് മറ്റു ചില നിവേദനങ്ങളിലും വന്നിരിക്കുന്നു. (മുസ്നദു അഹ്മദ്: 23139)

ദജ്ജാലിന്റെ സാമ്രാജ്യത്വ അധിനിവേശത്തിനു കീഴിൽ മനുഷ്യ ജീവിതങ്ങൾ ഞെരിഞ്ഞമരും. അങ്ങനെ ലോകം മുഴുവൻ അക്രമവും അനീതിയും അടിച്ചമർത്തലുകളും നിറയുന്ന ഘട്ടത്തിൽ മഹ്ദി എന്ന സ്ഥാനപേരിലുള്ള ഒരു ഭരണാധികാരിയുടേയും പ്രവാചകനായ ഈസാ(അ)യുടേയും നേതൃത്വത്തിൽ അന്ത്യദിനത്തോടടുത്ത് നടക്കുന്ന സ്വാതന്ത്ര്യ സമരമാണ് ഹദീസുകളുടെ ഇതിവൃത്തം.

أبشركم بالمهدي يبعث على اختلاف من الناس وزلازل فيملأ الأرض قسطاً وعدلاً كما ملئت جوراً وظلماً

“ലോകം മുഴുവൻ അക്രമങ്ങളും സ്വേച്ഛാധിപത്യവും കൊണ്ട് നിറഞ്ഞ സന്ദർഭത്തിൽ ലോകത്തെ നീതിയും ന്യായവും കൊണ്ട് മഹ്ദി നിറക്കുമെന്ന്” ഹദീസിൽ പ്രസ്ഥാവിക്കുന്നുണ്ട്. (മുസ്നദു അഹ്മദ്: 11344, അൽ അഹ്കാമുശറഇയ്യ അൽ കുബ്റാ: അബ്ദുൽ ഹക്ക് അൽ ഇശ്ബീലി: 4/532, മജ്മഉസ്സവാഇദ്: 7/316)

അത്ഭുത സിദ്ധികൾ പലതും പ്രദർശിപ്പിച്ച് ജനങ്ങളെ വശീകരിക്കുന്നതിന് പുറമെ, ദജ്ജാലെന്ന ഏകശസനാധികാരി ആളുകളെ ചതിയിലൂടെ അവരെ അഗ്നിയിലേക്ക് നയിക്കുമെന്ന സൂചനകൾ ഹദീസുകളിൽ കാണാം.

‘അയാളുടെ കൂടെ രണ്ട് ജല തടങ്ങളുണ്ടാകും. ഒന്ന് പ്രത്യക്ഷ ദൃഷ്ട്യാ വെള്ളമായിരിക്കും. മറ്റൊന്ന് ദൃഷ്ട്യാൽ അഗ്നിയായിരിക്കും. എന്നാൽ വെള്ളമെന്ന് തോന്നിപ്പിക്കപ്പെടുന്ന തടങ്ങൾ യഥാർത്ഥത്തിൽ അഗ്നിയായിരിക്കും എന്നും’ ഹദീസുകൾ സൂചിപ്പിക്കുന്നുണ്ട്. (സ്വഹീഹു മുസ്‌ലിം: 5223)

അത്ഭുത പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ച് ദിവ്യത്വം വാദിക്കുക കൂടി ചെയ്യും. അധികാരത്തിലൂടെ തന്റെ ദിവ്യത്വം ജനങ്ങളിൽ അടിച്ചേൽപ്പിക്കുക എന്നത് ദജ്ജാലിന്റെ പദ്ധതികളിൽ ഒന്നായിരിക്കും.

“ദജ്ജാൽ ജനങ്ങളോട്‌ പറയും: ഈ വ്യക്തിയെ (ഒരു മുസ്‌ലിം) ഞാൻ കൊല്ലുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്താൽ (ഞാൻ നിങ്ങളുടെ ദൈവമാണെന്നതിൽ) നിങ്ങൾ സംശയിക്കുമോ? ജനങ്ങൾ പറയും: ഇല്ല. അപ്പോൾ ദജ്ജാൽ അയാളെ കൊല്ലുകയും ജീവിപ്പിക്കുകയും ചെയ്യും. അപ്പോൾ ജീവൻ തിരിച്ചു കിട്ടിയ വ്യക്തി പറയും: “അല്ലാഹുവാണേ, മുമ്പൊരിക്കലും നിന്നെക്കുറിച്ച്‌ എനിക്കില്ലാതിരുന്ന വ്യക്തമായ തിരിച്ചറിവ് ഇന്നെനിക്ക് ലഭിച്ചു.” (അഥവാ നബി പറഞ്ഞ ദജ്ജാൽ നീ തന്നെയാണു എന്ന് എനിക്കിപ്പോൾ ഉറപ്പായി എന്നയാൾ ആണയിടും. കാരണം ഇപ്രകാരം ഒരു സംഭവമുണ്ടാകുമെന്ന പ്രവാചകന്റെ ഹദീസിന് ജീവിക്കുന്ന തെളിവായി അയാൾ മാറുമല്ലൊ) അപ്പോൾ ദജ്ജാൽ അയാളെ വീണ്ടും കൊല്ലാൻ ശ്രമിക്കും. പക്ഷെ അതിന് ദജ്ജാലിനെ അല്ലാഹു അനുവദിക്കില്ല.” (സ്വഹീഹുൽ ബുഖാരി: 6599)

തന്റെ ദിവ്യത്വത്തിൽ ജനങ്ങളെ നിർബന്ധിച്ച് വിശ്വസിപ്പിക്കാനായി അധികാരവും മായാജാലവുമൊക്കെ ദജ്ജാൽ ഉപയോഗിക്കും. എന്നിട്ടും വിശ്വസിക്കാത്തവർക്ക് വധശിക്ഷയാണ് ദജ്ജാലിന്റെ ഭരണകൂടം വിധിക്കുക. വിശ്വാസ സ്വാതന്ത്ര്യം നിശ്ശേഷം നിഷേധിക്കപ്പെടുന്ന ഈ സാമ്രാജ്യത്വ സ്വേച്ഛാധിപത്യത്തോടാണ് മുസ്‌ലിംകൾ പടക്കിറങ്ങുന്നത് എന്നർത്ഥം.

സ്വന്തം മതത്തിന്റെ ശാസനകളും പാഠങ്ങളും വലിച്ചെറിഞ്ഞ ഒരു കൂട്ടം ജൂതന്മാർ ഈ ഏകാധിപതിയിൽ ആകൃഷ്ടരാവുകയും അയാളുടെ ആജ്ഞാധികാരവും ദിവ്യത്വവും സ്വീകരിക്കുകയും ചെയ്യും. “എഴുപതിനായിരത്തോളം ജൂതന്മാർ ദജ്ജാലിന്റെ അനുയായികളായി മാറും” എന്ന് ഹദീസുകളിൽ കാണാം. (മുസ്നദു അഹ്മദ്: 12865)

ഈ സ്വേച്ഛാധിപതിയുടെ കിങ്കരന്മാരും പടയാളികളുമായ ജൂതന്മാരോടാണ് മുസ്‌ലിംകൾ അന്ത്യ നാളിനോടടുത്ത് യുദ്ധം ചെയ്യുന്നത്. അല്ലാതെ സമാധാനത്തോടെ ജീവിക്കുന്ന അമുസ്‌ലീംകളോടല്ല.

عن أنس بن مالك رضي الله عنه : أن رسول الله صلى الله عليه وسلم قال : ” يَتْبَعُ الدَّجَّالَ مِنْ يَهُودِ أَصْبَهَانَ سَبْعُونَ أَلْفًا عَلَيْهِمْ الطَّيَالِسَةُ ” والطيالسة : كساء غليظ مخطط . وفي رواية للإمام أحمد : ” سَبْعُونَ أَلْفًا مِنْ الْيَهُودِ عَلَيْهِمْ التِّيجَانُ”

എഴുപതിനായിരത്തോളം വരുന്ന ദജ്ജാലിന്റെ അനുയായികളായ ജൂതന്മാർ ‘ത്വയാലിസ’ (الطَّيَالِسَةُ) എന്ന ഒരു തരം പരുപരുത്ത ദൃഢമായ വസ്ത്രം ധരിക്കുന്നവരായിരിക്കും എന്ന് ഹദീസുകളിൽ കാണാം. (സ്വഹീഹു മുസ്‌ലിം: 5237)

“അവർ മകുടം അണിഞ്ഞവരായിരിക്കും” എന്ന് മറ്റു ചില ഹദീസുകളിലും പ്രസ്ഥാവിച്ചിട്ടുണ്ട്. (മുസ്നദു അഹ്മദ്: 12865)

ഏകരൂപമായ ഈ വസ്ത്രം അഥവാ യൂനിഫോമും ഹെൽമെറ്റും സൂചിപ്പിക്കുന്നത് അവർ ആർമി ഭടന്മാരാണ് എന്നാണ്. അല്ലാതെ സാധാരണ പൗരന്മാരല്ല.

(فَلا يَتْرُكُ مِمَّنْ كَانَ يَتْبَعُهُ أَحَدًا إِلا قَتَلَهُ)

“അങ്ങനെ ദജ്ജാലിനെ പിൻപറ്റിയവരിൽ പെട്ട ഒരാളെയും വധിക്കാതെ അദ്ദേഹം വിടില്ല.” (മുസ്നദു അഹ്മദ്: 14426 )

ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ടിട്ടുള്ളതിൽ നിന്നും ദജ്ജാലിന്റെ ഭടന്മാർ അല്ലാത്ത അമുസ്‌ലിംകളോടല്ല യുദ്ധം എന്ന് വ്യക്തമാണ്.

ഈ വസ്തുതകളും പശ്ചാത്തലവുമെല്ലാം മറച്ചുവെച്ച് കൊണ്ട് യുദ്ധത്തിലെ ഒരു രംഗം മാത്രം അടർത്തിയെടുത്ത് അവതരിപ്പിക്കുന്ന സെലക്റ്റീവ് നെറേഷനും (Selective narrative) സെലക്റ്റീവ് എമ്പതിയും (selective empathy) എത്രമാത്രം വഞ്ചനാത്മകമാണ്!!

 അബ്രഹാമും ഇശ്മയേലും ഏകദൈവാരാധക്കുവേണ്ടി സ്ഥാപിച്ച പ്രാര്‍ത്ഥനാമന്ദിരത്തോടനുബന്ധിച്ച് പില്‍ക്കാലത്ത് ബഹുദൈവവിശ്വാസപരമായ ചടങ്ങുകള്‍ രൂപം കൊണ്ടതാണെന്നും കഅ്ബയുടെ സാക്ഷാല്‍ ലക്ഷ്യം പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയാണെന്നും പല അറബികള്‍ക്കും പ്രവാചകനിയോഗത്തിന്റെ കാലഘട്ടത്തില്‍പോലും അറിയാമായിരുന്നുവെന്നും അവരാണ് ഹനീഫുകള്‍ എന്നറിയപ്പെട്ടതെന്നും ഉള്ള മുസ്‌ലിം ചരിത്രകാരന്‍മാരുടെ വാദം അടിസ്ഥാനരഹിതമാണ്. ഹനീഫുകള്‍ എന്ന പേരില്‍ ജാഹിലിയ്യ അറബികള്‍ക്കിടയില്‍ ജീവിച്ചിരുന്നവരൊന്നും ഈ വിശ്വാസമുള്ളവരല്ലായിരുന്നുവെന്ന് അവരെക്കുറിച്ചുള്ള നിവേദനങ്ങളില്‍ നിന്ന് സ്പഷ്ടമാണ്. മക്കയുടെ അബ്രഹാമിക പാരമ്പര്യത്തെ നിഷേധിക്കുന്ന ഓറിയന്റലിസ്റ്റ്-മിഷനറി രചനകളില്‍ സര്‍വസാധാരണമായ ഈ വാദങ്ങള്‍ ഹനീഫിയ്യത്തിനെ സംബന്ധിച്ച മുസ്‌ലിം അവകാശവാദത്തെ പുനപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നവയല്ലേ?

ല്ല. മക്കയുടെ ഇബ്‌റാഹീമീ പാരമ്പര്യം മുഹമ്മദ് നബി (സ) പറഞ്ഞുണ്ടാക്കിയതാണ് എന്ന വിമര്‍ശനത്തെ എല്ലാ അര്‍ത്ഥത്തിലും കടപുഴക്കുന്നതാണ് പ്രവാചകനിയോഗത്തിനുമുമ്പേ അറേബ്യയിലുണ്ടായിരുന്ന ഹനീഫുകളുടെ സാന്നിധ്യം. അറബികള്‍ ഇബ്‌റാഹീമീ ഏകദൈവാരാധനയില്‍നിന്ന് വ്യതിചലിച്ചുപോയതായി മനസ്സിലാക്കുകയും ബഹുദൈവാരാധനാപരമായ അറബ് അനുഷ്ഠാനങ്ങളോട് വിരക്തി പ്രകടിപ്പിച്ച് ഇബ്‌റാഹീമീ മാര്‍ഗത്തിന്റെ വീണ്ടെടുപ്പ് സ്വന്തം ജീവിതത്തില്‍ ആഗ്രഹിക്കുകയും ചെയ്ത ന്യൂനപക്ഷമാണ് മക്കയിലും പരിസരപ്രദേശങ്ങളിലും ഹനീഫുകള്‍ എന്നു വിളിക്കപ്പെട്ടത് എന്ന് അവരെ സംബന്ധിച്ച നിവേദനങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഇബ്‌റാഹീമീ രക്തത്തോടൊപ്പം ആദര്‍ശവും കുറേയെങ്കിലും അറേബ്യയില്‍ മുഹമ്മദ് നബി(സ)യുടെ കാലം വരെ നിലനിന്നുവെന്ന് ഹനീഫുകളുടെ ചരിത്രം ബോധ്യപ്പെടുത്തുന്നു എന്നതിനാലാണ് ഹനീഫുകള്‍ ഇബ്‌റാഹീമീ നിലപാടുകളുടെ പുനരുജ്ജീവനത്തിന് പരിശ്രമിച്ചവരായിരുന്നില്ലെന്ന് ചില നിവേദനങ്ങളിലെ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ പരിശ്രമിച്ചു നോക്കിയിട്ടുള്ളത്.

വാസ്തവത്തില്‍, അറേബ്യയില്‍ നിലനിന്നിരുന്ന ഹനീഫിയ്യത്തിനെ സംബന്ധിച്ച ചരിത്രനിവേദനങ്ങളുടെ വിശകലനം ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശമനുസരിച്ച് ജീവിക്കാനുളള അദമ്യമായ ആഗ്രഹമാണ് ഹനീഫുകളെ വ്യതിരിക്തരാക്കിയത് എന്നുതന്നെയാണ് ബോധ്യപ്പെടുത്തുന്നത്. ഇബ്‌റാഹീമിലേക്ക് മടങ്ങുവാനുള്ള ത്വര മുഹമ്മദ് നബി (സ) പുതിയ ദേശപാരമ്പര്യം മെനഞ്ഞുണ്ടാക്കി മക്കക്കാരില്‍ കൃത്രിമമായി സന്നിവേശിപ്പിച്ചതാണെന്ന വിമര്‍ശക വീക്ഷണം പ്രസ്തുത നിവേദനങ്ങള്‍ക്കുമുന്നില്‍ ഒരിക്കലും നിലനില്‍ക്കുകയില്ല. തങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസ-കര്‍മ മാര്‍ഗം പൂര്‍ണമായും ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റേതുമാണ് എന്ന് വലിയൊരു വിഭാഗം അറബികള്‍ തെറ്റിദ്ധരിച്ചപ്പോഴും അങ്ങനെയല്ലെന്നും അതില്‍ കലര്‍പ്പുകള്‍ വന്നിട്ടുണ്ടെന്നും ശരിയായി തിരിച്ചറിഞ്ഞ ഒറ്റപ്പെട്ട വ്യക്തികളായിരുന്നു ഹനീഫുകള്‍. അല്ലാഹുവിനു മാത്രം ആരാധനകള്‍ സമര്‍പ്പിക്കണമെന്നു വാദിച്ചിരുന്നതുകൊണ്ടാണ് അവര്‍ ഹനീഫുകള്‍ (ഋജുമാനസ്‌കര്‍-കലര്‍പ്പുകള്‍ അനുവദിക്കാത്തവര്‍) എന്നറിയപ്പെട്ടത്.

മക്കന്‍ മുഖ്യധാരയോട് കലഹിച്ച് ഇബ്‌റാഹീമീ സരണിയോട് വിഗ്രഹാരാധനയും അറബ് അനാചാരങ്ങളും ഒത്തുപോവുകയില്ലെന്ന് ഒറ്റയാനായി പ്രഖ്യാപിച്ച സയ്ദ്ബ്‌നു അംറുബ്‌നു നുഫയ്ല്‍ ആണ് ചരിത്രത്തിലെ ഏറ്റവും പ്രഖ്യാതനായ ഹനീഫ്. മുഹമ്മദ് നബി(സ)യുടെ സമകാലീനനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനുമുമ്പ് മരണപ്പെട്ടുപോയ വ്യക്തിയായിരുന്നു സയ്ദ് എന്നാണ് മനസ്സിലാകുന്നത്. മക്കന്‍ വിഗ്രഹാരാധന ശരിയല്ലെന്ന് മനസ്സിലാക്കി ശരിയായ ദൈവികപാത തേടി സിറിയയിലേക്കടക്കം യാത്ര പോയ സയ്ദിന് ജൂത, ക്രൈസ്തവ പണ്ഡിതരടക്കം ഉപദേശിച്ചുകൊടുത്തത് ഇബ്‌റാഹീമീ ഹനീഫിയ്യത്തായിരുന്നുവെന്ന് സ്വഹീഹുല്‍ ബുഖാരിയിലെ തീര്‍ത്തും പ്രബലമായ നിവേദനത്തിലുണ്ട്. സിറിയയില്‍ നിന്നു മടങ്ങിയപ്പോള്‍ അദ്ദേഹം കൈകളുയര്‍ത്തി ”എന്റെ രക്ഷിതാവേ, ഞാന്‍ ഇബ്‌റാഹീമിന്റെ മതത്തിലാണെന്നതിന് നീ സാക്ഷ്യം വഹിച്ചുകൊള്ളുക” എന്ന് പ്രഖ്യാപിച്ചതായി ഇബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ബുഖാരി). താന്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയുള്ളൂവെന്നും അതാണ് ഇബ്‌റാഹീമിന്റെ ശരിയായ മതം എന്നും താനാണ് അതില്‍ നിലനില്‍ക്കുന്നതെന്നും ഇബ്‌റാഹീമിന്റെ പൈതൃകം അവകാശപ്പെടുമ്പോഴും മറ്റു മക്കക്കാര്‍ അദ്ദേഹത്തിന്റെ മതത്തില്‍ നിന്നും വ്യതിചലിച്ചുപോയിരിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് സയ്ദ്ബ്‌നു അംറ് കഅ്ബയുടെ ചാരത്തുനിന്ന് ”ഖുറയ്ശികളേ, സയ്ദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണ് (അല്ലാഹു) സത്യം; നിങ്ങളിലൊരാളുമല്ല, മറിച്ച് ഞാനാണ് ഇബ്‌റാഹീമിന്റെ മതത്തിലുള്ളത്” (മാ അസ്ബ്ഹ മിന്‍കും അഹദുന്‍ അലാ ദീനി ഇബ്‌റാഹീമ ഗ്വയ്‌രീ) എന്നു പ്രഖ്യാപിച്ചത് ഇബ്‌നു ഇസ്ഹാക്വിന്റെ സീറയിലുണ്ട് (Guillaume, 99-100).

താന്‍ ഇബ്‌റാഹീമിന്റെ മാര്‍ഗം തെരഞ്ഞെടുക്കുന്നു എന്ന് സയ്ദ് പറയുന്നത് ആ മാര്‍ഗം മക്കക്കാര്‍ നേരത്തെ അവകാശപ്പെട്ടുകൊണ്ടിരുന്നതാണ് എന്ന അവബോധത്തോടെയാണ് എന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ സുതരാം വ്യക്തമാക്കുന്നുണ്ട്. ഹനീഫിയ്യാ ഏകദൈവാരാധനാനിഷ്ഠ സ്വീകരിച്ചതിന്റെ ഫലമായി, അദ്ദേഹം വിഗ്രഹാരാധനയും വിഗ്രഹങ്ങള്‍ക്ക് നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതും പൂര്‍ണമായി ഉപേക്ഷിച്ചുവെന്നും ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തുന്നു (Ibid, p. 99). മദീനയില്‍ പ്രവാചകാഗമനത്തിനു മുമ്പുതന്നെ ഹനീഫ് ആയി ജീവിച്ചിരുന്ന ബനൂ അദിയ്യ ഗോത്രക്കാരന്‍ അബൂ ക്വയ്‌സ് ബിന്‍ അബൂ അനസിന്റെയും കഥ ഏതാണ്ട് സമാനം തന്നെയാണ്. വിഗ്രഹങ്ങളുപേക്ഷിക്കുകയും ജൂതനോ ക്രൈസ്തവനോ ആകുന്നതിനുപകരം ശുദ്ധമായ ഇബ്‌റാഹീമീ സരണി പുല്‍കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അദ്ദേഹം ”ഞാന്‍ ഇബ്‌റാഹീമിന്റെ നാഥനെയാണ് ആരാധിക്കുന്നത്” എന്ന് വിശദീകരിച്ച് പ്രാര്‍ത്ഥന നിര്‍വഹിക്കുവാന്‍ വേണ്ടി ഒരു ആരാധനാലയം പണിതതായി ഇബ്‌നു ഇസ്ഹാക്വില്‍ തന്നെയുണ്ട്. ഇദ്ദേഹം നബി (സ) മദീനയിലെത്തിയപ്പോള്‍ ഇസ്‌ലാം സ്വീകരിച്ചു (Ibid, pp. 236-9).

സയ്ദിനെയും അബൂക്വയ്‌സിനെയും സംബന്ധിച്ചുള്ള നിവേദനങ്ങള്‍ വ്യക്തമാക്കുന്ന ഒരു കാര്യം, ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പഠിപ്പിച്ചിരുന്നത് ശുദ്ധ ഏകദൈവാരാധനയാണെന്നും എന്നാല്‍ അറബികള്‍ അവരുടെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് വിഗ്രഹാരാധനയിലും അധാര്‍മികതകളിലും എത്തിപ്പെട്ടു എന്നുമുള്ള അടിസ്ഥാന ബോധ്യങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത് എന്നാണ്. ഇബ്‌റാഹീമീ സരണിക്ക് നിരക്കുന്നതല്ലെന്ന് തങ്ങള്‍ക്ക് ബോധ്യം വന്ന തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും സാധ്യമാകുന്ന തരത്തില്‍ ഏകദൈവാരാധന നിര്‍വഹിക്കുകയും ചെയ്ത് മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചവരായിരുന്നു അവര്‍. അതല്ലാതെ, അല്ലാഹുവിനുവേണ്ടി നിര്‍വഹിക്കേണ്ടുന്ന ആരാധനകളുടെ വിശദമായ കര്‍മശാസ്ത്രത്തെക്കുറിച്ചോ അനുഷ്ഠിക്കേണ്ട സല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ജീവിതവിശുദ്ധി നിലനിര്‍ത്താന്‍ ഉപേക്ഷിക്കേണ്ട തിന്മകളെക്കുറിച്ചോ കൃത്യവും സമഗ്രവുമായ ധാരണകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. വഹ്‌യ് ലഭിക്കുന്ന ഒരു പ്രവാചകന്റെ അസാന്നിധ്യമായിരുന്നു ഈ പ്രതിസന്ധിക്കു കാരണം.

അബൂക്വയ്‌സും സയ്ദും ആര്‍ത്തവകാരികളുമായുള്ള ലൈംഗിക ബന്ധത്തില്‍നിന്ന് വിട്ടുനിന്നതും സയ്ദ് ശവവും രക്തവും ഭക്ഷിക്കുന്നത് ഒഴിവാക്കിയതും പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടുന്നതിനെ എതിര്‍ത്തതുമെല്ലാം ഇബ്‌നു ഇസ്ഹാക്വ് വിവരിക്കുന്നുണ്ട്. ഇവയെല്ലാം അവരുടെ അന്വേഷണങ്ങളില്‍ നിന്ന് അവരെത്തിപ്പെട്ട ധാര്‍മിക നിലപാടുകളായിരുന്നു. കുറേക്കൂടി നിഷ്‌കൃഷ്ടമായ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവര്‍ ദാഹിച്ചിരുന്നുവെന്ന് സയ്ദ്ബ്‌നു അംറിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു : ”എന്റെ രക്ഷിതാവേ, നിന്നെ ആരാധിക്കാനുള്ള കൂടുതല്‍ നല്ല മാര്‍ഗങ്ങള്‍ അറിയുമായിരുന്നുവെങ്കില്‍ ഞാനത് സ്വീകരിക്കുമായിരുന്നു; പക്ഷേ എന്തു ചെയ്യാം, എനിക്കതറിയില്ല!” തുടര്‍ന്ന് കഅ്ബക്കുനേരെ തിരിഞ്ഞ് അല്ലാഹുവിനു സുജൂദ് ചെയ്ത് അദ്ദേഹം വാക്കുകള്‍ ഇങ്ങനെ മുഴുമിപ്പിച്ചു: ”എന്റെ നാഥന്‍ ഇബ്‌റാഹീമിന്റെ നാഥനാണ്, എന്റെ മതം ഇബ്‌റാഹീമിന്റെ മതവുമാണ്.” (Ibid, p. 100; Dr. Mahdi  Rizqullah Ahmad, A Biography of the Prophet of Islam in the light of Original Sources  (Riyadh: Darussalam, 2005), p. 58).

മക്കയിലും മദീനയിലുമുണ്ടായിരുന്ന ഹനീഫുകളായി അറിയപ്പെട്ടിരുന്ന  ചില വ്യക്തികള്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കുവാന്‍ വിസമ്മതിക്കുകയും അദ്ദേഹത്തോട് ആശയപരമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്തതായി പറയുന്ന ചില നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് വിമര്‍ശകര്‍ ഹനീഫുകള്‍ ഇബ്‌റാഹീമീ മാര്‍ഗത്തിന്റെ പുനരുജ്ജീവനത്തിനു ശ്രമിച്ചവരല്ലായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. അവര്‍ക്കുള്ള മറുപടി സയ്ദിന്റെ വാക്കുകളില്‍ തന്നെയുണ്ട് എന്നുള്ളതാണ് വാസ്തവം. ഇബ്‌റാഹീമീ ഏകദൈവാരാധനയുടെ അടിസ്ഥാനമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നവരെല്ലാം അറേബ്യയില്‍ ഹനീഫുകളായാണ് അറിയപ്പെട്ടിരുന്നത്. അവരില്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിച്ചവരും നിഷേധിച്ചവരുമുണ്ടാകാം, പ്രവാചകന്‍ സ) പ്രബോധനം ചെയ്ത ധാര്‍മിക പദ്ധതിയുടെ വിശദാംശങ്ങളോട് യോജിച്ചവരും വിയോജിച്ചവരുമുണ്ടാകാം, ഏകദൈവാരാധന മനസ്സിലുള്‍ക്കൊണ്ടാല്‍ മതിയെന്നും നബി (സ) ചെയ്യുന്നതുപോലെ സമൂഹത്തില്‍ അത് വ്യാപകമായി പ്രചരിപ്പിക്കേണ്ടതില്ലെന്നും കരുതിയ ആദര്‍ശ പ്രതിബദ്ധത കുറഞ്ഞ വ്യക്തികളുമുണ്ടാകാം. ഹനീഫുകള്‍ ആരാണെന്ന് മനസ്സിലാക്കിയവര്‍ക്ക് ചരിത്രപരമായി ഇവയിലൊന്നും യാതൊരു അസാംഗത്യവും അനുഭവപ്പെടുകയില്ല.

ഏകശിലാത്മകമായ ഒരു സമൂഹമായിരുന്നില്ല ഹനീഫുകളുടേത്; മറിച്ച് ഇബ്‌റാഹീമീ ഏകദൈവാരാധനയെക്കുറിച്ച് നിശ്ചയവും വ്യക്തതയുമുണ്ടായിരുന്ന, എന്നാല്‍ അനുബന്ധങ്ങളില്‍ ആശയക്കുഴപ്പങ്ങളും അഭിപ്രായാന്തരങ്ങളുമുണ്ടായിരുന്ന ഒറ്റയും തെറ്റയുമായ വ്യക്തിത്വങ്ങളാണ്. അതുകൊണ്ടുതന്നെ വിമര്‍ശകര്‍ എടുത്തുദ്ധരിക്കുന്ന നിവേദനങ്ങള്‍ നിദാനശാസ്ത്രപരമായി ആധികാരികമാണെങ്കിലും അല്ലെങ്കിലും, അവരുടെ വാദം സ്ഥാപിക്കുവാന്‍ പര്യാപ്തമായവയല്ല എന്നതാണ് വാസ്തവം. ചില ഹനീഫുകള്‍ പ്രവാചകന്റെ കൂടെ നിന്നില്ല എന്നുമാത്രമാണ് പരാമൃഷ്ട നിവേദനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇബ്‌റാഹീം നബി(അ)യുടെ ആശയങ്ങളിലേക്ക് മടങ്ങിപ്പോകണമെന്ന കാര്യത്തില്‍ അവര്‍ക്ക് നബി(സ)യുമായി യാതൊരു അഭിപ്രായവ്യത്യാസവുമുണ്ടായിരുന്നില്ല  എന്ന് അതേ നിവേദനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. മക്കയില്‍ പൂര്‍വപിതാക്കളായ ഇബ്‌റാഹീമിെനയും ഇസ്മാഈലിനെയും കുറിച്ചുള്ള ബോധ്യവും അവരുടെ ചര്യകള്‍ മുറുകെപ്പിടിക്കണമെന്ന വികാരവും പ്രവാചകന്‍ (സ) പുതുതായി സൃഷ്ടിച്ചെടുത്തതല്ലെന്ന് എല്ലാ അര്‍ത്ഥത്തിലും സ്ഥാപിക്കുന്നവയാണ് ആ ഉദ്ധരണികള്‍. ഹനീഫുകള്‍ എന്നാല്‍ മുഹമ്മദീയ ഇസ്‌ലാമിന്റെ എല്ലാ ആശയങ്ങളും അംഗീകരിച്ചവരായിരുന്നു എന്ന് മുസ്‌ലിംകള്‍ വാദിക്കുന്നതായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് വിമര്‍ശകര്‍ അവയുടെ വിശകലനം നിര്‍വഹിക്കുന്നത്. ഈ തെറ്റിദ്ധാരണയില്‍ നിന്ന് മോചിതരായാല്‍  വിമര്‍ശകര്‍ സ്വന്തം അടിസ്ഥാനങ്ങളെയാണ് തകര്‍ത്തുകളയുന്നത് എന്ന് ആര്‍ക്കും ബോധ്യമാകും. മദീനയിലെ ഔസ് ഗോത്രത്തിന്റെ നേതാക്കളിലൊരാളായിരുന്ന അബൂ ആമിര്‍ അംറുബ്‌നു സയ്ഫും ഔസ് ഗോത്രക്കാരന്‍ തന്നെയായിരുന്ന കവി അബുക്വയ്‌സ് ബിന്‍ അസ്‌ലതും ത്വാഇഫുകാരനായ ഉമയ്യയുമാണ് ഹനീഫുകളായി അറിയപ്പെട്ടിരുന്ന, ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെന്ന് ചില നിവേദനങ്ങള്‍ പറയുന്ന വ്യക്തികള്‍. അബൂ ആമിറും നബി(സ)യും തമ്മില്‍ മദീനയില്‍വെച്ച് നേരില്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ തമ്മില്‍ നടന്ന സംഭാഷണം ഇബ്‌നു ഇസ്ഹാക്വിന്റെ, വിമര്‍ശകര്‍ ആശ്രയിക്കുന്ന നിവേദനത്തില്‍ തന്നെയുണ്ട്. ഏതു മതവുമായാണ് പ്രവാചകന്‍ (സ) നിയോഗിക്കപ്പെട്ടതെന്ന അബൂ ആമിറിന്റെ ചോദ്യത്തിന് ‘ഹനീഫിയ്യ; ഇബ്‌റാഹീമിന്റെ മതം’ എന്ന് നബി (സ) മറുപടി പറഞ്ഞപ്പോള്‍ താനും ആ മതത്തില്‍ തന്നെയാണ് എന്നായിരുന്നു അബൂ ആമിറിന്റെ പ്രത്യുത്തരം. അബൂ ആമിര്‍ ഇബ്‌റാഹീമിന്റെ മതം ശരിയായി പിന്തുടരുന്നില്ലെന്ന് പറഞ്ഞ പ്രവാചകന്‍(സ)യോട് അദ്ദേഹം പറഞ്ഞത് ‘ഹനീഫിയ്യത്തില്‍ ഇല്ലാത്ത പലതും, മുഹമ്മദ്, താങ്കള്‍ അതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു’ (ഇന്നക്ക അദ്ഖല്‍ത, യാ മുഹമ്മദ്, ഫില്‍ ഹനീഫിയ്യ മാ ലയ്‌സ മിന്‍ഹാ) എന്നായിരുന്നുവെന്നും ഇബ്‌റാഹീമിന്റെ മതത്തെ അതിന്റ ശുദ്ധതയില്‍ അപ്പടി പ്രബോധനം ചെയ്യുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് നബി (സ) ഇതിനോട് പ്രതിവചിച്ചുവെന്നും ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തുന്നു. ഇബ്‌റാഹീമീ സരണി പിന്തുടരുന്നുവെന്ന് അവകാശപ്പെട്ടതിനാല്‍ തന്നെയാണ് അബൂ ആമിര്‍ ഹനീഫ് ആയി അറയപ്പെട്ടതെന്നും ഇബ്‌റാഹീമിന്റെ മാര്‍ഗത്തിന്റെ വിശദാംശങ്ങളില്‍ എന്തെല്ലാം വരുമെന്ന കാര്യത്തിലാണ് അദ്ദേഹത്തിന് പ്രവാചകനുമായി അഭിപ്രായവ്യത്യാസമുണ്ടായതെന്നും നിവേദനത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന സംവാദത്തില്‍ നിന്ന് വ്യക്തമാണ്. അറേബ്യയില്‍ പ്രവാചകനുമുമ്പേ ഇബ്‌റാഹീമീ വികാരങ്ങള്‍ നിലനിന്നിരുന്നുവെന്നതിന്റെ സൂചകമാണ് ഫനീഫുകള്‍ എന്ന നിരീക്ഷണത്തെ ഈ നിവേദനം എങ്ങനെ തകര്‍ക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്? രണ്ടാമത്തെയാളായ അബൂ ക്വയ്‌സ് ബിന്‍ അസ്‌ലത്, ‘ഞാന്‍ ഇബ്‌റാഹീമിന്റെ മതം പിന്തുടരുന്നു; മരണം വരെ ഞാനതില്‍ നിന്ന് പിന്‍മാറുകയില്ല’ എന്ന് പ്രസ്താവിക്കുമായിരുന്നുവെന്ന് ഓറിയന്റലിസ്റ്റുകള്‍ ആശ്രയിക്കുന്ന ഇബ്‌നു സഅദിന്റെ നിവേദനത്തില്‍ തന്നെയുണ്ട്. ഹനീഫിയ്യത്തിന് ഏകദൈവാരാധനാ നിലപാടുകളുമായി ബന്ധമുണ്ടായിരുന്നില്ലെന്ന വിമര്‍ശകവാദത്തെ എല്ലാ അര്‍ത്ഥത്തിലും പൊളിച്ചുകളയുന്നതാണ് ഉമയ്യയെക്കുറിച്ചുള്ള നിവേദനങ്ങളെല്ലാം. അദ്ദേഹം വിഗ്രഹാരാധനയില്‍ നിന്ന് വിട്ടുനില്‍ക്കുകയും അതിന്റെ പേരില്‍ ജൂതനായിപ്പോലും വിചാരിക്കപ്പെടുകയും ചെയ്ത, ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും യഥാര്‍ത്ഥ പൈതൃകം ഹനീഫിയ്യത്താണെന്ന് സ്ഥാപിച്ചുകൊണ്ട് സമൃദ്ധമായി കവിതകളെഴുതിയ ആളായിരുന്നുവെന്നാണ് ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ ‘ഹനീഫീ’ കവിതള്‍ അറബ് വാമൊഴി പാരമ്പര്യത്തില്‍ സജീവമായി നിലനിന്നതുകൊണ്ടുതന്നെ, ജാഹിലിയ്യാ കാലഘട്ടം മുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെയുള്ള അറബിക്കവിതകളുടെ ബൃഹദ്‌ശേഖരം അരനൂറ്റാണ്ടു കാലത്തെ അധ്വാനംകൊണ്ട് അബുല്‍ ഫറജ് ഇസ് ഫഹാനി സി. ഇ പത്താം നൂറ്റാണ്ടില്‍ അഗാനി എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍പോലും ഇടം പിടിച്ചിട്ടുണ്ട്. വിമര്‍ശകര്‍ക്കാവശ്യമുള്ളതൊന്നും ഉമയ്യയെ വിശകലനം ചെയ്തതുകൊണ്ട് ലഭിക്കുകയില്ലെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. ”ഹനീഫിയ്യത്ത് സത്യമാണെന്നെനിക്കറിയാം; എന്നാല്‍ മുഹമ്മദിന്റെ കാര്യത്തിലാണ് എനിക്ക് തീര്‍ച്ചയില്ലാത്തത്” (വ അന അഅ്‌ലമു അന്നല്‍ ഹനീഫിയ്യ ഹക്വുന്‍ വലാകിന്നശ്ശക്ക്വ യുദാഖിലുനീ ഫീ മുഹമ്മദ്) എന്നാണ് ഉമയ്യ പ്രവാചകനുമായുള്ള തന്റെ അഭിപ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞത് (ഫത്ഹുല്‍ബാരി). മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കാന്‍ വിമുഖത കാണിച്ചുവെന്നതുകൊണ്ട് ഉമയ്യ ഇബ്‌റാഹീമീ ആദര്‍ശ പിന്തുടര്‍ച്ച അവകാശപ്പെട്ടിരുന്നുവെന്ന വസ്തുത എങ്ങനെയാണ് ഇല്ലാതാവുക? അറബികള്‍ക്കിയടിലുണ്ടായിരുന്ന ഇബ്‌റാഹീമീ ബോധത്തെ അദ്ദേഹത്തെ സംബന്ധിച്ച നിവേദനങ്ങള്‍ സാധൂകരിക്കുകയല്ലാതെ എങ്ങനെയാണ് നിരാകരിക്കുക? ചുരുക്കത്തില്‍, ഹനീഫുകളെക്കുറിച്ചുള്ള ചരിത്ര/ഹനീഥ് നിവേദനങ്ങള്‍ അവര്‍ ഇബ്‌റാഹീമീ ആദര്‍ശ വ്യതിരിക്തത അവകാശപ്പെട്ടിരുന്നവരല്ല എന്ന് സൂചിപ്പിക്കുന്നുവെന്ന വിമര്‍ശകരുടെ വാദം ഒരു കഴമ്പുമില്ലാത്തതാണ്.

ഇസ്‌ലാമിക പാരമ്പര്യം പറയുന്നതുപോലെ അബ്രഹാമിനോട് ദൈവം ബലിയായി നല്‍കാന്‍ നിര്‍ദ്ദേശിച്ച് പരീക്ഷിച്ചത് ഇശ്മയേലിനെയല്ല, ഇസ്ഹാഖിനെയാണ്. ഇശ്മയേലിനു പകരമല്ല, ഇസ്ഹാഖിനു പകരമാണ് അബ്രഹാം ആടിനെ ബലിയറുത്തത്. അതിനാല്‍ ഹജ്ജിന്റെ ഭാഗമായുള്ള ഇസ്‌ലാമിക ബലി അബ്രഹാമികമല്ല, മറിച്ച് ബഹുദൈവാരാധനാപരമായ മക്കന്‍ ആചാരങ്ങളുടെ ശേഷിപ്പാണ്. മക്കയുടെ അബ്രഹാമിക പൈതൃകത്തെ നിരാകരിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള മിഷനറി വിശകലനങ്ങളില്‍ സര്‍വസാധാരണമായ ഈ വാദങ്ങള്‍ ശരിയാണോ?

ല്ല. ദൈവികനിര്‍ദ്ദേശപ്രകാരം ഇശ്മയേലിനെ ബലിയറുക്കാനൊരുങ്ങിയപ്പോഴല്ല മറിച്ച് ഇസ്ഹാഖിനെ ബലിയറുക്കാനൊരുങ്ങിയപ്പോഴാണ് ആടിനെ ബലിയായി നില്‍കാനുള്ള കല്‍പന അബ്രഹാമിന് ലഭിച്ചതെന്ന് ബൈബിള്‍ പറയുന്നുവെന്നും അതിനാല്‍ ഹജ്ജിന്റെ മൃഗബലി ബഹുദൈവാരാധനാപരമായ പശ്ചാത്തലങ്ങളില്‍ നിന്നുടലെടുത്തതാണെന്നുമാണ് മിഷനറിമാര്‍ വാദിക്കുറുള്ളത്.

ഒന്നാമതായി, ബൈബിള്‍ പറയുന്നുവെന്നതുകൊണ്ടു മാത്രം അബ്രഹാം ബലി നല്‍കാനൊരുങ്ങിയത് ഇസ്ഹാഖിനെയാണെന്ന് സ്ഥാപിക്കപ്പെടുകയില്ല. ആധികാരികമായ ഒരു ചരിത്രസ്രോതസ്സല്ലാത്തതുകൊണ്ടുതന്നെ, ബൈബിള്‍ വിവരണങ്ങളുടെ മാത്രം വെളിച്ചത്തില്‍ ഇശ്മയേലിനെ ബലി നല്‍കാനാണ് ദൈവനിര്‍ദേശമുണ്ടായത് എന്ന നിലപാടിനെ നിരാകരിക്കുന്നത് അര്‍ത്ഥശൂന്യമാണ്.

രണ്ടാമതായി, ഇസ്ഹാഖിനെയായിരുന്നോ ഇശ്മയേലിനെയായിരുന്നോ ദൈവം ബലിക്ക് നിര്‍ദ്ദേശിച്ചത് എന്ന തര്‍ക്കത്തിന്, ഹജ്ജിന്റെ ഭാഗമായ ബലികര്‍മം ബഹുദൈവാരാധനാപരമായ വേരുകളുള്ളതാണെന്ന് സ്ഥാപിക്കാനുള്ള മിഷനറി പരിശ്രമത്തില്‍ ഒരു പങ്കും വഹിക്കാനില്ല. തീര്‍ത്ഥാടകര്‍ സ്വന്തം സമ്പത്ത് ചെലവഴിച്ച് വാങ്ങിയറുത്ത മൃഗങ്ങളുടെ മാംസം പ്രപഞ്ചനാഥന്റെ തൃപ്തി കാംക്ഷിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സന്നദ്ധരാകുകയാണ് ഹജ്ജ് ബലിയില്‍ സംഭവിക്കുന്നത്. പ്രപഞ്ചരക്ഷിതാവല്ലാത്ത മറ്റൊരു ശക്തിയോടുമുള്ള ഭക്തി ഇസ്‌ലാമിക ബലികര്‍മത്തില്‍ കടന്നുവരുന്നില്ല. പ്രപഞ്ചനാഥനായ അല്ലാഹുവിലേക്ക്, ബലിയറുക്കപ്പെടുന്ന മൃഗത്തിന്റെ മാംസമോ രക്തമോ അല്ല, മറിച്ച് അതിന് സന്നദ്ധനാകുന്ന വ്യക്തിയുടെ മനസ്സിന്റെ നന്മയാണ് എത്തിച്ചേരുന്നതെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ”അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്.” (22 : 37).

ശുദ്ധ ഏകദൈവാരാധനയുടെ ഭാഗമായി, ദൈവത്തിന് ഭക്ഷണമാവശ്യമാണെന്ന യാതൊരു തെറ്റിദ്ധാരണയുമില്ലാതെ നിര്‍വഹിക്കപ്പെടുന്ന സേവനപ്രവര്‍ത്തനമാണ് ഹജ്ജ് ബലിയും അതോടനുബന്ധിച്ച മാംസവിതരണവുമെന്ന് ചുരുക്കം. ഇതില്‍ ബഹുദൈവാരാധനയുടെ എന്ത് അടരുകളുണ്ടെന്നാണ് മിഷനറിമാര്‍ പറയുന്നത്?

പല ബഹുദൈവാരാധക സമൂഹത്തിന്റെയും അനുഷ്ഠാനമുറകളില്‍ മൃഗബലിയുണ്ടെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രപഞ്ചനാഥനു പുറമെയുള്ള വിഗ്രഹങ്ങളുടെയും സാങ്കല്‍പിക അദൃശ്യശക്തികളുടെയും പൊരുത്തത്തിനുവേണ്ടിയും പലപ്പോഴും അവയെ ‘ഊട്ടാന്‍’ വേണ്ടിയും നിര്‍വഹിക്കപ്പെടുന്ന അന്ധവിശ്വാസ ജഡിലമായ അറവുകളാണവ. പ്രവാചകന്‍മാര്‍ ഏകദൈവവിശ്വാസത്തിന്റെ ഭാഗമായി പഠിപ്പിച്ച ശരിയായ ബലിരീതികളില്‍ നിന്ന് വ്യതിചലിച്ചുപോയാണ് ബഹുദൈവാരാധകര്‍ ഇത്തരം ദുരാചാരങ്ങളില്‍ എത്തിപ്പെട്ടതെന്നാണ് മതഗ്രന്ഥങ്ങളില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നത്. മക്കയിലെ ബഹുദൈവാരാധക സംസ്‌കൃതിയിലും ഇത്തരത്തിലുള്ള പല ബലികളുമുണ്ടായിരുന്നു. എന്നാല്‍ ഹജ്ജിന്റെ ഭാഗമായി മിനയില്‍ വെച്ചു നടന്നിരുന്ന ബലി, ഇസ്‌ലാം പൂര്‍വകാലത്തുപോലും ഒരിക്കലും വിഗ്രഹങ്ങളുടെ പ്രസാദത്തിനുവേണ്ടി നിര്‍വഹിക്കപ്പെട്ടിരുന്നില്ല. അത് എപ്പോഴും അല്ലാഹുവിനെ മാത്രമാണ് ലക്ഷ്യമാക്കിയിരുന്നത്. പിന്നെയെങ്ങനെയാണ് ഹജ്ജ് ബലി ബഹുദൈവാരാധനയുടെ ശേഷിപ്പാണെന്ന് മിഷനറിമാര്‍ വാദിക്കുക? എന്ത് തെളിവാണ് ചരിത്രപരമായി അവര്‍ക്കീ വിഷയത്തില്‍ ഹാജരാക്കാനുള്ളത്? ഇബ്‌റാഹീമിനോട് ദൈവം സംസാരിച്ചത് ഏത് പുത്രന്റെ കാര്യമായിരുന്നാലും, ഇബ്‌റാഹീം പഠിപ്പിച്ച ഏകദൈവാരാധനാപരമായ മൃഗബലി ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്നതില്‍ എന്ത് അസാംഗത്യമാണുള്ളത്?

പ്രപഞ്ചനാഥന്റെ പ്രീതി ഉദ്ദേശിച്ചുള്ള മൃഗബലി പ്രവാചകാധ്യാപനമാണെന്നും ബഹുദൈവാരാധനയുടെ ശേഷിപ്പല്ലെന്നുമാണ് ബൈബിളിന്റെ അസന്നിഗ്ധമായ വീക്ഷണം. ബൈബിളെഴുത്തുകാര്‍ യഹോവക്കുവേണ്ടിയുള്ള മൃഗബലിയുടെ വിശദമായ കര്‍മശാസ്ത്രം വിവരിച്ചിട്ടുള്ളത് പൂര്‍ണമായും പ്രവാചകാധ്യാപനങ്ങളുടെ വെളിച്ചത്തിലാണോ എന്ന കാര്യം സംശയാസ്പദമാണെങ്കിലും, ഏകദൈവാരാധനയുടെ ഭാഗമായി പ്രവാചകനിര്‍ദ്ദേശങ്ങള്‍ പ്രകാരംതന്നെ സെമിറ്റിക് ചരിത്രത്തിലുടനീളം മൃഗബലി നിലനിന്നുവെന്ന് അവ വ്യക്തമാക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.

ഫലസ്ത്വീനിലെ വിശുദ്ധഗേഹം കേന്ദ്രീകരിച്ച് ജൂതന്‍മാര്‍ നടത്തിയിരുന്ന മതാനുഷ്ഠാനങ്ങളുടെ സുപ്രധാനമായ ഭാഗം തന്നെ മൃഗബലിയായിരുന്നു. സി.ഇ എഴുപതില്‍ റോമക്കാര്‍ ആരാധനാലയം തകര്‍ത്തപ്പോഴാണ് മൃഗബലി ജൂതന്‍മാര്‍ക്കിടയില്‍നിന്ന് ഇല്ലാതായിത്തുടങ്ങിയതെന്നാണ് ഗവേഷകരുടെയെല്ലാം അഭിപ്രായം. പഴയനിയമ പ്രവാചകന്‍മാരെല്ലാം പഠിപ്പിച്ച അനുഷ്ഠാന ചട്ടക്കൂടിനെ ദുര്‍ബലപ്പെടുത്തി പൗലോസ് സ്ഥാപിച്ച പുതിയ മതത്തിന്റെ വക്താക്കളായി മാറിയപ്പോഴാണ് ക്രൈസ്തവരില്‍ നിന്ന് ബൈബിളികമായ മൃഗബലി സമ്പ്രദായം അന്യം നിന്നുപോയത്. ബൈബിളില്‍ ഇപ്പോഴും വളരെ വ്യക്തമായി അനുശാസിക്കപ്പെടുന്ന, എന്നാല്‍ അതിന്റെ അനുയായികള്‍ യഥാവിധി പിന്തുടരാന്‍ സന്നദ്ധത കാണിക്കാത്ത പ്രവാചകപാരമ്പര്യമാണ് മൃഗബലിയെന്നര്‍ത്ഥം. ഇത് ഇസ്മാഈലിന്റെ സന്തതിപരമ്പരകളിലെങ്കിലും അവശേഷിക്കുന്നതില്‍ ബൈബിളിന്റെ വക്താക്കള്‍ വേവലാതിപ്പെടുന്നതെന്തിനാണ്?

ആദിമനുഷ്യനായ ആദാമിനു തന്നെ മൃഗബലിയുടെ മഹത്വത്തെക്കുറിച്ച് ദൈവം അറിവു നല്‍കിയിരുന്നുവെന്നാണ് ബൈബിളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ടാണല്ലോ, ആദാമിന്റെ പുത്രനായ ആബേല്‍ ”തന്റെ ആട്ടിന്‍കുട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്ക് കാഴ്ചവെച്ചതും, ആബേലിലും അവന്റെ കാഴ്ചവസ്തുക്കളിലും അവിടുന്ന്” പ്രസാദിച്ചതും (ഉല്‍പത്തി 4 : 4). ഇവിടം മുതല്‍ പഴയനിയമത്തില്‍ മുഴുവന്‍ മൃഗബലി വിവരണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് നമുക്ക് ബൈബിളില്‍ കാണാന്‍ കഴിയുന്നത്. ദൈവത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയായും നേര്‍ച്ചയുടെ ഭാഗമായും പെസഹ ആഘോഷത്തിനുവേണ്ടിയും തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായും അനുശോചനച്ചടങ്ങെന്ന നിലയിലും സ്വതതന്ത്രമായ പുണ്യകര്‍മമെന്ന നിലക്കുമെല്ലാം പുരോഹിതന്‍മാരും രാജാക്കന്‍മാരും സമൂഹവും വ്യക്തികളുമെല്ലാം നടത്തിയ മൃഗബലികളുടെ കഥകള്‍ കൊണ്ട് സമൃദ്ധമാണ് ബൈബിള്‍ പഴയനിയമം. ബലിമൃഗത്തെ അറുത്തശേഷം പുകയും മാംസഗന്ധവും ദൈവത്തിലേക്കയക്കാന്‍ വേണ്ടി മൃഗശരീരം കത്തിക്കുന്നതുമുതല്‍ ബലിമൃഗത്തിന്റെ രക്തം പുരോഹിത നേതൃത്വത്തില്‍ അള്‍ത്താരക്കുചുറ്റും തളിക്കുന്നതുവരെയുള്ള, ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് പരിചയമില്ലാത്ത രീതികളും ജൂതസമൂഹത്തില്‍ മൃഗബലിയുടെ ഭാഗമായി നിലനിന്നിരുന്നുവെന്നത് വ്യാപകമായി അറിയപ്പെടുന്ന ചരിത്രവസ്തുതയാണ്. ബൈബിളും ബൈബിളിന്റെ വെളിച്ചത്തില്‍ ജീവിച്ച സമൂഹവും മൃഗബലിയെ മനസ്സിലാക്കിയ രീതിയാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. മൃഗബലി എന്നു കേള്‍ക്കുമ്പോഴേക്കും ബഹുദൈവാരാധനയെക്കുറിച്ച് ചിന്തിക്കുവാനാരംഭിക്കുന്ന ആധുനിക മിഷനറിമാര്‍, തങ്ങളുടെ സ്വന്തം മതഗ്രന്ഥത്തെ തന്നെയാണ് അപഹസിക്കുന്നത് എന്നതത്രെ സത്യം.

മൂന്നാമതായി പരിശോധിക്കുവാനുള്ളത്, ഇസ്ഹാഖിനെ ബലിയറുക്കുവാനാണ് ദൈവനിര്‍ദ്ദേശമുണ്ടായത് എന്നാണ് ബൈബിളെഴുത്തുകാര്‍ മനസ്സിലാക്കിയത് എന്ന അവകാശവാദത്തിന്റെ  വസ്തുതാപരതയാണ്. മക്കക്കടുത്തുള്ള മിനയില്‍വെച്ച് ഇബ്‌റാഹീം ദൈവനിര്‍ദ്ദേശപ്രകാരം ഇസ്മാഈലിനെ ബലിയറുക്കാനൊരുങ്ങിയെന്നും ഇസ്മാഈലിനെ ബലിയാക്കലായിരുന്നില്ല, മറിച്ച് ദൈവനിര്‍ദ്ദേശങ്ങള്‍ അപ്പടി സ്വീകരിക്കുവാനുള്ള ത്യാഗസന്നദ്ധത ഇബ്‌റാഹീമില്‍ നിന്ന് ആവശ്യപ്പെടുകയായിരുന്നു ഇവ്വിഷയകമായ ദൈവിക പദ്ധതി എന്നതിനാല്‍ ബലിയറുക്കാനുള്ള സന്നദ്ധത ഇബ്‌റാഹീം തെളിയിച്ചപ്പോള്‍ മകനെ ബലിയറുക്കേണ്ടതില്ലെന്നു പറഞ്ഞ് പകരം ബലിയറുക്കാനായി ദൈവം ഒരാടിനെ നല്‍കിയെന്നുമുള്ള അറബ് ഇസ്‌ലാമിക പാരമ്പര്യത്തെ നിഷേധിക്കാനാണ് ബൈബിളുപയോഗിച്ച് മിഷനറിമാര്‍ മെനക്കെടുന്നത്.

ഇസ്ഹാഖിനെ ബലി നല്‍കുവാനാണ് ദൈവം ആവശ്യപ്പെട്ടതെന്ന് ബൈബിള്‍ പറയുന്നുവെന്ന കാര്യം ശരിയാണ്. എന്നാല്‍ ഈ പരാമര്‍ശമുള്‍ക്കൊള്ളുന്ന ഖണ്ഡിക പൂര്‍ണമായി വായിച്ചാല്‍ ഇസ്ഹാഖ് എന്ന പദം അതില്‍ പിന്നീടാരോ എഴുതിച്ചേര്‍ത്തതാണെന്ന് പകല്‍പോലെ വ്യക്തമാണ്. ബൈബിള്‍ വചനങ്ങള്‍ നോക്കുക: ”പിന്നീടൊരിക്കല്‍ ദൈവം അബ്രഹാമിനെ പരീക്ഷിച്ചു. അബ്രഹാം, അവിടുന്ന് വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. നീ സ്‌നേഹിക്കുന്ന നിന്റെ ഏക മകന്‍ ഇസ്ഹാഖിനെയും കൂട്ടിക്കൊണ്ട് കോറിയ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം…. ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ അബ്രഹാം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവെച്ചിട്ട് ഇസ്ഹാഖിനെ ബന്ധിച്ച് വിറകിനുമീതെ കിടത്തി. മകനെ ബലി കഴിക്കാന്‍ അബ്രഹാം കത്തി കയ്യിലെടുത്തു. തല്‍ക്ഷണം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് അബ്രഹാം അബ്രഹാം എന്നുവിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. കുട്ടിയുടെ മേല്‍ കൈവെക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏകപുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല…… കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് വീണ്ടും അബ്രഹാമിനെ വിളിച്ചുപറഞ്ഞു: കര്‍ത്താവ് അരുളി ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ മടിക്കായ്ക കൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും.” (ഉല്‍പത്തി 22 : 1-17).

 ദൈവം ആവശ്യപ്പെട്ടതും അബ്രഹാമിന്റെ ആത്മാര്‍പ്പണത്തെ പ്രശംസിച്ചതുമെല്ലാം ബൈബിള്‍പ്രകാരം അബ്രഹാമിന്റെ ‘ഏക പുത്രനെ’ പരാമര്‍ശിച്ചുകൊണ്ടാണ്. അബ്രഹാമിന് ആദ്യമുണ്ടായ പുത്രന്‍ ഇസ്മാഈല്‍ ആണെന്ന് ഏത് ബൈബിള്‍ വായനക്കാരനാണ് അറിയാത്തത്? ഇസ്ഹാഖ് ജനിക്കുന്നതിനുമുമ്പാണ് ഈ സംഭവങ്ങളെല്ലാമുണ്ടായതെന്ന് ‘ഏകപുത്രന്‍’ എന്ന പ്രയോഗത്തില്‍നിന്ന് സുതരാം വ്യക്തമാണ്. ഇസ്മാഈലിനെയാണ് ഇബ്‌റാഹീം ബലിയറുക്കാനായി കൊണ്ടുപോയതെന്ന് ബൈബിളെഴുത്തുകാര്‍ക്കു പോലും ബോധ്യമുണ്ടായിരുന്നുവെന്നര്‍ത്ഥം.

ഇസ്ഹാഖിനെയും ഇസ്ഹാഖ് ജീവിച്ച പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തെയും ഈ സംഭവവിവരണത്തിലേക്ക് പിന്നീടാരോ ചേര്‍ത്തുവെച്ചതാണെന്ന് മനസ്സിലാക്കാനേ നിഷ്പക്ഷരായ ബൈബിള്‍ പഠിതാക്കള്‍ക്ക് കഴിയൂ. ഇതിന് പ്രേരകമായി വര്‍ത്തിച്ചത് യഹൂദവംശീയതയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. തങ്ങളുടെ വംശപിതാവായ യഅ്ക്വൂബിന്റെ പിതാവിനില്ലാത്ത മഹത്വം അറബികളുടെ പിതാവായ ഇസ്മാഈലിനുണ്ടായിക്കൂടെന്ന യഹൂദശാഠ്യത്തില്‍ നിന്നുണ്ടായ ഒരു  കൈക്രിയയെയാണ് മിഷനറിമാര്‍ ‘ചരിത്ര’മായി അവതരിപ്പിക്കുന്നത് എന്ന കാര്യം എന്തുമാത്രം സഹതാപാര്‍ഹമല്ല!

ഹാജറ അടിമസ്ത്രീയായിരുന്നുവെന്നും അവരിലുണ്ടായ പുത്രന്‍ അബ്രഹാമിന്റെ യഥാര്‍ത്ഥ പുത്രനല്ലെന്നും ചില മിഷനറിമാര്‍ വാദിച്ചുനോക്കാറുണ്ട്. മാനവവിരുദ്ധമെന്നതിനു പുറമെ, ബൈബിള്‍ വിരുദ്ധം കൂടിയാണ് ഈ നിലപാട്. അടിമസ്ത്രീയായിരുന്ന ഹാജറയെ ഭാര്യയായാണ് അബ്രഹാം സ്വീകരിച്ചതെന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. ”കാനാന്‍ ദേശത്ത് പത്തു വര്‍ഷം താമസിച്ചു കഴഞ്ഞപ്പോള്‍ അവന്റെ ഭാര്യ സാറ ദാസിയായ ഈജിപ്തുകാരി ഹാഗറിനെ തന്റെ ഭര്‍ത്താവിന് ഭാര്യയായി നല്‍കി.” (ഉല്‍പത്തി 16 : 3).

ഇസ്മാഈലിനെ, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പുത്രനായിത്തന്നെയാണ് അബ്രഹാം പരിഗണിച്ചതെന്നാണ് ബൈബിളിന്റെയും പക്ഷം. സാറയുടെ അടിമസ്ത്രീയായിരുന്ന ഹാഗാറിനെ അബ്രഹാമിനും സാറക്കുമൊന്നും ഇഷ്ടമുണ്ടായിരുന്നില്ലെന്നും സാറയെയാണ് തന്റെ പ്രിയതമയായി അബ്രഹാം പരിഗണിച്ചിരുന്നതെന്നും വംശീയത തലക്കുപിടിച്ച ചില മിഷനറിമാര്‍ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കാറുണ്ട്. അവരുടെ സങ്കുചിതത്വത്തെ വാദത്തിനുവേണ്ടി അംഗീകരിച്ചുകൊടുത്താല്‍ തന്നെ ബൈബിള്‍ പ്രകാരം ഇസ്മാഈല്‍ മാത്രമേ അബ്രഹാമിന്റെ ആദ്യ ജാതനാകൂ എന്നുള്ളതാണ് വാസ്തവം. ആവര്‍ത്തന പുസ്തകം പറയുന്നത് കാണുക: ”ഒരാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടായിരിക്കുകയും അവന്‍ ഒരുവളെ സ്‌നേഹിക്കുകയും മറ്റവളെ ദ്വേഷിക്കുകയും ഇരുവരിലും അവന് സന്താനങ്ങളുണ്ടാവുകയും ആദ്യജാതന്‍ ദ്വേഷിക്കുന്നവളില്‍ നിന്നുള്ളവനായിരിക്കുകയും ചെയ്താല്‍ അവന്‍ തന്റെ വസ്തുവകകള്‍ പുത്രന്‍മാര്‍ക്ക് ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ വെറുക്കുന്നവളുടെ മകനും ആദ്യജാതനുമായവനെ മാറ്റി നിര്‍ത്തിയിട്ട് പകരം താന്‍ സ്‌നേഹിക്കുന്നവളുടെ മകനെ ആദ്യജാതനായി കണക്കാക്കരുത്. അവന്‍ തന്റെ സകല സമ്പത്തുക്കളുടെയും രണ്ടോഹരി വെറുക്കുന്നവളുടെ മകനുകൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് തന്റെ പുരുഷത്വത്തിന്റെ ആദ്യഫലം. ആദ്യജാതന്റെ അവകാശം അവനുള്ളതാണ്.” (ആവര്‍ത്തനം 21 : 15-17).

ചുരുക്കത്തില്‍, ഇസ്മാഈലിനെയല്ല മറിച്ച് ഇസ്ഹാഖിനെയാണ് ബലി നല്‍കാന്‍ ദൈവം നിര്‍ദ്ദേശിച്ചത് എന്ന് ബൈബിള്‍ സ്ഥാപിക്കുന്നുവെന്നും  അതിനാല്‍ ഹജ്ജ് ബലി അബ്രഹാമികമല്ലെന്നുമുള്ള മിഷനറിവാദം എല്ലാ അര്‍ത്ഥത്തിലും അടിസ്ഥാനരഹിതമാണ്.

തന്നെ അല്ലാഹു ഒറ്റരാത്രി കൊണ്ട് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍നിന്ന് ഫലസ്ത്വീനിലെ മസ്ജിദുല്‍ അക്വ്‌സയിലേക്ക് അതിവേഗ നിശാപ്രയാണം (ഇസ്രാഅ്) ചെയ്യിച്ചുവെന്ന മുഹമ്മദ് നബിയുടെ അവകാശവാദം വ്യാജമാണെന്ന് അതുസംബന്ധമായി അദ്ദേഹം നല്‍കിയ വിവരണങ്ങളിലെ കാലാനുചിതത്വത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്. പ്രവാചകന്റെ കാലഘട്ടത്തില്‍ മസ്ജിദുല്‍ അക്വ്‌സ നിലവിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഖലീഫ ഉമറിന്റെ  കാലഘട്ടത്തിലാണ് പ്രസ്തുത ആരാധനാലയം നിര്‍മിക്കപ്പെടുന്നത്.’ ഇസ്രാഅ് കെട്ടുകഥയാണെന്നു സ്ഥാപിക്കുവാന്‍ നബിവിമര്‍ശകര്‍ ഉന്നയിക്കുന്ന ഈ ആരോപണത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ

 പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നിരുന്ന പിതൃവ്യന്‍ അബൂത്വാലിബും പത്‌നി ഖദീജ(റ)യും പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം മരണപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് നബി (സ) അങ്ങേയറ്റം ഖിന്നനും സാമൂഹികമായി അരക്ഷിതനുമായിത്തീര്‍ന്നതും മക്കക്കാരുടെ കഠിനശാത്രവത്തില്‍ നിന്ന് രക്ഷയാഗ്രഹിച്ച് അദ്ദേഹം ത്വാഇഫിലെ ഥക്വീഫ് ഗോത്രക്കാര്‍ക്കടുത്തേക്ക് അഭയവും പിന്തുണയുമഭ്യര്‍ത്ഥിച്ച് ചെന്നതും അവര്‍ പ്രവാചകനെ അതിനീചമായ രീതിയില്‍ കല്ലെറിഞ്ഞോടിച്ചു മക്കയിലേക്കു തന്നെ തിരിച്ചയച്ചതും ഇസ്‌ലാമിക ചരിത്രത്തിലെ പ്രസിദ്ധമായ അധ്യായങ്ങളാണ്. ഈ സാഹചര്യത്തില്‍ നബി(സ)ക്ക് അളവറ്റ സാന്ത്വനവും ആത്മവിശ്വാസവും പകരുകയും മാനവരില്‍ മഹോന്നതനും പ്രവാചകന്‍മാരുടെ നേതാവുമായി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തുകൊണ്ട് അല്ലാഹു നടത്തിയ അത്യത്ഭുകരമായ ഇടപെടലായിരുന്നു ഇസ്രാഉം മിഅ്‌റാജും.

ഒരു രാത്രിയില്‍ മക്കയില്‍ നിദ്രയിലേക്കു ചായുകയായിരുന്ന നബി(സ)യെ അതിവേഗം ജറൂസലേമിലേക്ക് സഞ്ചരിപ്പിച്ചു കൊണ്ടുപോവുകയും (ഇസ്‌റാഅ്) അവിടെനിന്ന് ആകാശലോകത്തേക്കുയര്‍ത്തി അവിടുത്തെ കാഴ്ചകള്‍ കാണിക്കുകയും (മിഅ്‌റാജ്) ചെയ്തശേഷം തിരിച്ചു ജറൂസലേമിലേക്കും ആ രാത്രി പുലരുന്നതിനു മുമ്പുതന്നെ മക്കയിലേക്കുമെത്തിക്കുകയും ചെയ്ത ദിവ്യദൃഷ്ടാന്തം നബിജീവിതത്തില്‍ പ്രവാചകത്വത്തെ സാക്ഷീകരിച്ചുകൊണ്ടുണ്ടായ ഏറ്റവും വലിയ അടയാളങ്ങളില്‍ (മുഅ്ജിസത്ത്) ഒന്നായിരുന്നു

. പ്രവാചകന്റെ (സ) ഇസ്രാഅ് അനുഭവത്തെ പരാമര്‍ശിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ വചനത്തിലും നബി (സ) നല്‍കിയ വിവരണങ്ങളിലും പ്രമാദമായ ഒരു കാലാനുചിതത്വം മുഴച്ചു നില്‍ക്കുന്നുവെന്നും അത് ഇസ്രാഅ് ഒരു കെട്ടുകഥയാണെന്ന് വ്യക്തമാക്കുന്നുവെന്നുമാണ് പല മിഷനറിമാരും ഓറിയന്റലിസ്റ്റുകളും സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുളളത്. ഇസ്രാഇന്റെ സമയത്ത് ഫലസ്ത്വീനില്‍ മസ്ജിദുല്‍ അക്വ്‌സ ഇല്ല എന്നിരിക്കെ എങ്ങനെയാണ് അങ്ങോട്ടു നിശാസഞ്ചാരം നടന്നു എന്ന അവകാശവാദം വിശ്വസനീയമാവുക എന്ന ചോദ്യമാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്. എന്താണ് യാഥാര്‍ത്ഥ്യമെന്ന് നമുക്ക് പരിശോധിക്കാം.

ഇസ്രാഅ് സംബന്ധിയായുള്ള ക്വുര്‍ആന്‍ വചനത്തിന്റെ സാരം ഇങ്ങനെയാണ്. ”തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അക്വ്‌സയിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.”(1)

സംഭവത്തിന്റെ വിശദാംശങ്ങള്‍ പ്രബലമായ ഹദീഥുകളിലുണ്ട്. നബി (സ) മക്കയില്‍ ഖുറയ്ശികള്‍ പുനര്‍നിര്‍മിച്ച കഅ്ബയുടെ ചാരത്തുള്ള ഹിജ്‌റില്‍ ആയിരിക്കെയാണ് ഇസ്രാഅ് ആരംഭിച്ചതെന്നു അബ്ബാസുബ്‌നു മാലിക്കും(2) (റ), നബി (സ) ഉണര്‍വ്വിനും ഉറക്കിനുമിടയിലുള്ള ഒരവസ്ഥിയിലായിരിക്കെ ജിബ്‌രീല്‍ കടന്നുവന്ന്, കഴുതയെക്കാള്‍ വലതും കോവര്‍ കഴുതയെക്കാള്‍ ചെറുതുമായിരുന്ന, വെള്ള നിറത്തിലുള്ള ബുറാക്വ് എന്ന സവിശേഷ മൃഗത്തിന്റെ പുറത്തിരുത്തി കാഴ്ചയെത്തുന്നേടത്ത് കാലെത്തുന്ന അതിവേഗതയിലാണ് ഇസ്രാഇന് കൊണ്ടുപോയതെന്ന് അനസ്ബ്‌നു മാലിക്കും(3) (റ) പ്രവാചകനെ ഉദ്ധരിച്ചു പറഞ്ഞത് ആധികാരികമായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു.

ഇങ്ങനെ പുറപ്പെട്ട യാത്ര ‘ബയ്തുല്‍ മക്വ്ദിസില്‍’ എത്തിയെന്നും അവിടെ ബുറാക്വിനെ തളച്ചശേഷം താന്‍ രണ്ടു റക്അത്ത് നമസ്‌കരിച്ചുവെന്നും നബി (സ) പറഞ്ഞതായി അനസ്ബ്‌നു മാലിക്കില്‍ നിന്നു തന്നെയുള്ള മറ്റൊരു നിവേദനത്തിലുണ്ട്.(4) ഇസ്രാഈല്‍ സമുദായത്തിന്റെ ജീവിതസിരാകേന്ദ്രമായിരുന്ന ജറൂസലേമിലുള്ള ബയ്തുല്‍ മക്വ്ദിസില്‍ വെച്ച് പൂര്‍വപ്രവാചകന്‍മാരായ അബ്രഹാം, മോശെ, യേശു എന്നിവരുമായുള്ള ആത്മീയ സമാഗമത്തിന് അല്ലാഹു തനിക്ക് അവസരമൊരുക്കിയെന്നും താന്‍ അവരുടെ സംഘപ്രാര്‍ത്ഥനയുടെ നേതാവായി നിശ്ചയിക്കപ്പെട്ടുവെന്നും നബി (സ) വ്യക്തമാക്കിയതായി അബൂ ഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന മറ്റൊരു ഹദീഥില്‍(5) നിന്നു മനസ്സിലാക്കാം.

ഇസ്രാഅ് കഴിഞ്ഞ് മക്കയില്‍ തിരിച്ചെത്തി നബി (സ) കഅ്ബക്കരികില്‍ നില്‍ക്കുമ്പോള്‍ രാപ്രയാണത്തെക്കുറിച്ചു കേട്ട മക്കക്കാര്‍ ചോദ്യങ്ങളുമായി വളഞ്ഞുവെന്നും കഥനം സത്യമാണെന്നു തെളിയിക്കാന്‍ ബെയ്തുല്‍ മക്വ്ദിസിന്റെ ചില വിശദാംശങ്ങള്‍ -അല്‍പനേരം മാത്രം അവിടെ ചെലവഴിച്ചൊരാള്‍ക്ക് നല്‍കുവാനാകാത്തത്ര സൂക്ഷ്മമായവ- പറയാന്‍ ആവശ്യപ്പെട്ടുവെന്നും അപ്പോള്‍ അല്ലാഹു നബി(സ)ക്ക് മുന്നില്‍ ബയ്ത്തുല്‍ മക്വ്ദിസ് പ്രദര്‍ശിപ്പിച്ചുവെന്നും അതുനോക്കി അദ്ദേഹം അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കിയെന്നും അതേ ഹദീഥില്‍ തന്നെ സുതരാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

മക്കയിലെ കഅ്ബക്കരികില്‍ നിന്ന് ഫലസ്ത്വീനിലെ മസ്ജിദുല്‍ അക്വ്‌സ എന്നോ ബെയ്തുല്‍ മക്വ്ദിസ് എന്നോ പറയപ്പെടുന്ന സ്ഥലത്തേക്കാണ് ഇസ്രാഅ് നടന്നതെന്നാണ് നബി (സ) വിശദീകരിച്ചതെന്ന കാര്യം മേല്‍ പരാമര്‍ശിച്ച ക്വുര്‍ആന്‍ വാക്യത്തില്‍ നിന്നും ഹദീഥുകളില്‍ നിന്നും സ്പഷ്ടമാണ്. ആരാധനകള്‍ നടക്കുന്ന ഇടത്തിനാണ് ഇവിടെ യഥാക്രമം ‘മസ്ജിദ്’ എന്നോ ‘ബയ്ത്ത്’ എന്നോ പ്രയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. ‘മസ്ജിദ്’ എന്നാല്‍ ഭാഷാപരമായി ‘സാഷ്ടാംഗസ്ഥാനം’ എന്നും ‘ബയ്ത്ത്’ എന്നാല്‍ ഭവനം എന്നുമാണ് അര്‍ത്ഥം. ‘അക്വ്‌സാ’ എന്നാല്‍ വിദൂരമായത്/അങ്ങേയറ്റത്തുള്ളത് എന്നും ‘മക്വ്ദിസ്’ എന്നാല്‍ വിശുദ്ധമായത് എന്നുമാണ് ഭാഷാ വിവക്ഷ. ദൈവാരാധനക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ളതില്‍വെച്ച് മക്കയില്‍ നിന്നേറ്റവും വിദൂരമായ ഒരു സാഷ്ടാംഗസ്ഥാനം/ആരാധനാ കേന്ദ്രം ജറൂസലേമില്‍ സ്ഥിതി ചെയ്യുന്നുവെന്നും കഅ്ബയില്‍ നിന്ന് അങ്ങോട്ടാണ് നബി(സ)യുടെ രാസഞ്ചാരം നടന്നതെന്നും ചുരുക്കം. ഏതാണ് ഈ ആരാധന കേന്ദ്രം? അത് നിര്‍മിച്ചത് ഖലീഫ ഉമറിന്റെ ഭരണകാലത്താണോ? നമുക്ക് അന്വേഷിക്കുക!

ഇസ്രാഇനെക്കുറിച്ചുള്ള ക്വുര്‍ആന്‍ വചനം നബി (സ) പാരായണം ചെയ്തു കേള്‍പ്പിക്കുന്നത് ഹിജാസിലെ തന്റെ സമകാലീനരെയാണ്. അവരില്‍ വിശ്വാസികള്‍ക്കു പുറമെ അവിശ്വാസികളായ ബഹുദൈവാരാധകരുമുണ്ട്. ഇസ്രാഇനെക്കുറിച്ച് നബി (സ) സ്വന്തം ഭാഷയില്‍ വിവരിക്കുന്നതും അവരോടു തന്നെയാണ്. ഇസ്രാഇനെക്കുറിച്ചുള്ള പ്രവാചകന്റെ (സ) കഥനം സ്വീകരിക്കുവാന്‍ സന്നദ്ധമാകാതെ അതിനെ കെട്ടുകഥയാക്കി മുദ്രകുത്തുകയും നബിനിഷേധം തുടരുകയുമാണ് അവിശ്വാസികളായ അദ്ദേഹത്തിന്റെ സമകാലീനര്‍ സ്വാഭാവികമായും ചെയ്തത്.

ഇസ്രാഇനെയും മിഅ്‌റാജിനെയും കുറിച്ചുള്ള പ്രവാചകാഖ്യാനത്തെ അപ്പടി തല്‍ക്ഷണം സ്വീകരിക്കുവാന്‍ സന്നദ്ധനായതിന്റെ പേരിലാണ് പ്രവാചകന്റെ ആത്മമിത്രം അബൂബക്‌റിന് ‘സ്വിദ്ദീക്വ്’ (വിശ്വസ്തത പുലര്‍ത്തുന്നയാള്‍) എന്ന അപരാഭിധാനം ലഭിച്ചത് എന്നു പറയുമ്പോള്‍, എത്ര വലിയ അവിശ്വസനീയതയോടെയാണ് ഇവ്വിഷയകമായ നബിവചനങ്ങളെ മക്ക എതിരേറ്റതെന്നു വ്യക്തമാകുന്നുണ്ട്. ‘ഇതും വിശ്വസിച്ചോ’ എന്ന മട്ടില്‍ അവിശ്വാസം മുറ്റുന്ന കണ്ണുകളുമായി തന്നെ സമീപിച്ച് ”അദ്ദേഹം രാത്രിയില്‍ ജറൂസലേമില്‍ പോയി പുലരുന്നതിനുമുമ്പ് തിരിച്ചെത്തിയെന്ന് പറയുന്നതിനെ താങ്കള്‍ക്കംഗീകരിക്കാനാകുന്നതെങ്ങനെ” എന്നു ചോദിച്ചവരോട് അബൂബക്ര്‍ പറഞ്ഞ ഈ മറുപടിയാണ് അദ്ദേഹത്തെ ‘സ്വിദ്ദീക്വ്’ ആക്കിയതെന്നാണ് ചരിത്രം പറയുന്നത്: ”അതെ! നിശ്ചയമായും ഞാന്‍ അദ്ദേഹം പറയുന്ന അതിനെക്കാള്‍ അത്ഭുതകരമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടല്ലോ. രാവിലെയോ ദിനാന്ത്യത്തിലോ അദ്ദേഹത്തിന് ആകാശത്തുനിന്ന് വൃത്താന്തങ്ങളെത്തുന്നുവെന്ന് ഞാന്‍ അംഗീകരിക്കുന്നില്ലേ?”(6)

ദൈവിക വെളിപാടുകള്‍ കൊണ്ടനുഗ്രഹിക്കപ്പെട്ട പ്രവാചകന്‍ പ്രപഞ്ചനാഥന്‍ സംവിധാനിച്ച ഒരു അമാനുഷിക സഞ്ചാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നതില്‍ യാതൊരു അസാംഗത്യവുമില്ലെന്ന, യുക്തിഭദ്രമായ ബോധ്യമാണ് അബൂബക്‌റിനെ ഇവിടെ നയിക്കുന്നത്. ഇസ്രാഅ് നടന്നുവെന്നംഗീകരിക്കുവാന്‍ വിസമ്മതിച്ച ഒരു വലിയ ആള്‍കൂട്ടം മക്കയിലുണ്ടായിരുന്നുവെന്നും അവരുടെ ‘പ്രശ്‌നവല്‍കരണങ്ങള്‍’ പ്രവാചകത്വം അംഗീകരിക്കുന്നുണ്ടോ ഇല്ലേ എന്നതാണ് അടിസ്ഥാന ചോദ്യമെന്നും അതംഗീകരിക്കുന്നവര്‍ക്ക് ഇസ്രാഅ് വാര്‍ത്ത അംഗീകരിക്കാതിരിക്കാനാവില്ലെന്നുമുള്ള അബൂബക്‌റിനെ പോലുള്ളവരുടെ സമര്‍ത്ഥനങ്ങള്‍ക്കുമുന്നില്‍ ബുദ്ധിപരമായി പരാജയപ്പെട്ടുവെന്നുമാണ് ഈ സംഭാഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഒരു രാത്രികൊണ്ട് ഇത്രയധികം ദൂരം താണ്ടാനാകില്ല എന്നതായിരുന്നു അവിശ്വാസികളുടെ ‘പോയിന്റ്’ എന്നു സാരം. സാധാരണ നിയമങ്ങളെ മറികടന്നുകൊണ്ടുള്ള സവിശേഷമായ ഒരു ദൈവിക ഇടപെടലാണ് ‘ഇസ്രാഅ്’ എന്നതുകൊണ്ടു തന്നെ ആ പോയിന്റിന് സംവാദങ്ങളില്‍ പിടിച്ചുനില്‍ക്കാനാകുമായിരുന്നില്ല. എന്നാല്‍ പ്രവാചകകഥനത്തില്‍ ‘കാലാനുചിതത്വം’ ഉണ്ടായിരുന്നെങ്കില്‍ ഇസ്രാഅ് വൃത്താന്തം കള്ളമാണെന്നു തെളിയിക്കുവാന്‍ അത് തീര്‍ത്തും ഉപയുക്തമാകുമായിരുന്നു. ഫലസ്ത്വീന്‍ ഉള്‍ക്കൊള്ളുന്ന അന്നത്തെ ‘ശാം’ പ്രവിശ്യയിലേക്ക് നിരന്തരമായി കച്ചവടയാത്ര പോയിരുന്നവരായിരുന്നു മക്കയിലെ അറബികള്‍; ഫലസ്ത്വീന്‍ അതുകൊണ്ടു തന്നെ അവര്‍ക്ക് ചിരപരിചിതവുമായിരുന്നു. ഫലസ്ത്വീനില്‍ ഒരു മസ്ജിദുല്‍ അക്വ്‌സ/ബെയ്തുല്‍  മക്വ്ദിസ് ഇല്ലായിരുന്നുവെങ്കില്‍ നബബവിവരണങ്ങളെ ‘പൊളിക്കുവാന്‍’ അവര്‍ക്ക് വളരെ എളുപ്പമായിരുന്നു. എന്നിട്ടെന്തുകൊണ്ട് അവരിലൊരാള്‍ പോലും അക്കാര്യമുന്നയിച്ചില്ല?

ഫലസ്ത്വീനിന് മതപരവും വംശീയവുമായ വിശുദ്ധി കല്‍പിക്കുന്ന ജൂതന്‍മാര്‍ സമൃദ്ധമായിരുന്ന മദീനയിലേക്കാണ് നബി(സ)യും ശിഷ്യന്‍മാരും ഇസ്രാഅ് നടന്ന് ഏതാനും കാലത്തിനകം ഹിജ്‌റ പോകുന്നത്. ഇസ്രാഅ്-മിഅ്‌റാജ് കഥകള്‍ ജൂതന്‍മാരുമായി സ്വാഭാവികമായും മുസ്‌ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമായി വിനിമയം ചെയ്യപ്പെട്ടു. എന്നിട്ടും ഒരു ജൂതന്‍പോലും ഒരിക്കല്‍ പോലും എന്തുകൊണ്ട് ഏത് ബയ്ത്തുല്‍ മക്വ്ദിസ്/ഏതു മസ്ജിദുല്‍ അക്വ്‌സ എന്നു ചോദിച്ച് പ്രവാചകനരികിലേക്കു വന്നില്ല?

ബെയ്തുല്‍ മക്വ്ദിസ്/മസ്ജിദുല്‍ അക്വ്‌സ എന്ന പേരിലുള്ള ഒരാരാധനാസ്ഥാനം പ്രവാചകകാലത്തുതന്നെ ഫലസ്ത്വീനിലുണ്ടായിരുന്നുവെന്നും ഹിജാസിലെ ജൂതന്‍മാരും ബഹുദൈവാരാധകരുമടക്കം അതിനെക്കുറിച്ചറിവുള്ളവരുമായിരുന്നുവെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. പ്രവാചകന്റെ ഇസ്രാഅ് വിവരണത്തെ ചോദ്യം ചെയ്യാന്‍ കഅ്ബക്കരികില്‍ അദ്ദേഹത്തിനു ചുറ്റുംകൂടിയ മക്കന്‍ ബഹുദൈവാരാധകര്‍ ബെയ്തുല്‍ മക്വ്ദിസിന്റെ വിശദാംശങ്ങള്‍ പറഞ്ഞ് കഥയുടെ ആധികാരികത തെളിയിക്കുവാന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചുവെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഫലസ്ത്വീന്‍ യാത്ര നടത്തിയവരും ബയ്ത്തുല്‍ മക്വ്ദിസ് നേരിട്ടുകണ്ടവരുമായ അനേകര്‍ അക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണല്ലോ!

യഥാര്‍ത്ഥത്തില്‍, വിമര്‍ശകരില്‍ ചിലരെങ്കിലും ധരിച്ചുവശായിട്ടുള്ളതുപോലെ ഇസ്രാഅ് വിവരണത്തില്‍ മാത്രം നബി (സ) പരാമര്‍ശിച്ച ഒന്നല്ല ഫലസ്ത്വീനിലെ വിശുദ്ധ മസ്ജിദ്. അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളിലും അനുചരന്‍മാരുടെ ജീവിതവ്യവഹാരങ്ങളിലും നിരന്തരം കടന്നുവന്നിരുന്ന ഒരു റഫറന്‍സ് പോയിന്റ് ആയിരുന്നു അത്. മിഅ്‌റാജിന്റെ അവസരത്തിലാണ് ദിനേന അഞ്ചുനേരം നിര്‍ദ്ദിഷ്ടരീതിയില്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടത് എല്ലാ മുസ്‌ലിംകള്‍ക്കും നിര്‍ബന്ധമാക്കിെക്കാണ്ടുള്ള ദൈവിക കല്‍പന നബി(സ)ക്ക് ലഭിക്കുന്നത്.(7) ഈ നമസ്‌കാരം ബയ്ത്തുല്‍ മക്വ്ദിസിന്റെ ദിശയിലേക്കു തിരിഞ്ഞുകൊണ്ട് നിര്‍വഹിക്കാനായിരുന്നു ദൈവകല്‍പന. തദടിസ്ഥാനത്തില്‍ മദീനാ ജീവിതത്തിന്റെ ആദ്യമാസങ്ങളില്‍ ബയ്ത്തുല്‍ മക്വ്ദിസിലേക്കു തിരിഞ്ഞാണ് മുസ്‌ലിംകള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്. പിന്നീടാണ് മക്കയിലെ കഅ്ബയുടെ ദിശയിലേക്കു തിരിയുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ വചനം(8) അവതരിപ്പിക്കപ്പെടുന്നതും മുസ്‌ലിംകളുടെ ക്വിബ്‌ല ജറൂസലേമില്‍നിന്ന് മക്കയിലേക്കു മാറുന്നതും.

നബി (സ) മദീനയിലെത്തിയതിനുശേഷം പതിനാറോ പതിനേഴോ മാസങ്ങള്‍ നമസ്‌കാരം ബയ്ത്തുല്‍ മക്വ്ദിസിനു അഭിമുഖമായിട്ടായിരുന്നുവെന്നും ഒരു അസ്വ്ര്‍ നമസ്‌കാരമാണ് കഅ്ബയിലേക്കു തിരിഞ്ഞു ആദ്യമായി നബി(സ)യുടെ നേതൃത്വത്തില്‍ സംഘമായി നിര്‍വഹിക്കപ്പെട്ടതെന്നും പുതിയ ക്വിബ്‌ലക്കഭിമുഖമായി പ്രവാചകന്റെ (സ) കൂടെ ഈ നമസ്‌കാരത്തില്‍ പങ്കെടുത്ത ഒരാള്‍ നമസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങി മദീനയില്‍ തന്നെയുള്ള മറ്റൊരു പള്ളിക്കരികിലെത്തിയപ്പോള്‍ അവിടെ ക്വിബ്‌ലമാറ്റ വിവരമറിയാതെ ജനങ്ങള്‍ ബയ്ത്തുല്‍ മക്വ്ദിസിന്റെ ദിശയില്‍ തന്നെ നമസ്‌കരിക്കുന്നതു കണ്ടുവെന്നും അപ്പോള്‍ അദ്ദേഹം ഉച്ചത്തില്‍ ക്വിബ്‌ലമാറ്റം വിളംബരം ചെയ്തുവെന്നും അതുകേട്ട ജനങ്ങള്‍ നമസ്‌കരിച്ചുകൊണ്ടിരിക്കെ തന്നെ പുതിയ ക്വിബ്‌ലയിലേക്ക് കൂട്ടമായി തിരിഞ്ഞുവെന്നും പ്രവാചകാനുചരനായ ബറാഉബ്‌നു ആസ്വിബ് (റ) വിശദീകരിച്ചത് ബുഖാരി രേഖപ്പെടുത്തിയിട്ടുണ്ട്.(9) ഇത് നല്‍കുന്ന അറിവെന്താണ്? ജറുസലേമിലെ ബയ്ത്തുല്‍ മക്വ്ദിസിലേക്ക് തിരഞ്ഞുകൊണ്ടാണ് മുസ്‌ലിംകളുടെ നിര്‍ബന്ധ പ്രാര്‍ത്ഥനകള്‍ എന്നകാര്യം പരസ്യമായിരുന്നുവെന്നും മദീനയിലെ പള്ളികള്‍ നിര്‍മിക്കപ്പെട്ടിരുന്നത് ബയ്ത്തുല്‍ മക്വ്ദിസിനുഭിമുഖമായി നമസ്‌കാരം നിര്‍വഹിക്കാനാകുംവിധമായിരുന്നുവെന്നും തന്നെയല്ലേ?

ജറുസലേമിനെക്കുറിച്ച് യഹൂദബൈബിളിന്റെയും തല്‍മൂദിന്റെയുമെല്ലാം വെളിച്ചത്തില്‍ കിറുകൃത്യമായ അറിവുണ്ടായിരുന്ന ജൂതന്‍മാര്‍ക്കു നടുവിലാണിതെല്ലാമെന്നോര്‍ക്കണം. നമസ്‌കാരത്തിനു നേതൃത്വം നല്‍കുന്നയാള്‍ക്ക് (ഇമാം) നില്‍ക്കാന്‍ ആദ്യം ബയ്ത്തുല്‍ മക്വ്ദിസിനഭിമുഖമായി നിര്‍മിക്കപ്പെട്ടിരുന്ന സ്ഥലം (മിഹ്‌റാബ്) കഅ്ബ ക്വിബ്‌ലയായതിനുശേഷവും അതേപടി സംരക്ഷിക്കപ്പെട്ട മദീനയിലെ പള്ളികളിലൊന്നാണ് ‘മസ്ജിദുല്‍ ക്വിബ്‌ലതയ്‌നി’ (രണ്ട് കിബ്‌ലകളുള്ള മസ്ജിദ്) എന്നപേരില്‍ മുസ്‌ലിം ലോകത്ത് കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകാലവും പ്രശസ്തമായിരുന്നു. ഇന്നും മദീനയിലുള്ള ഈ പള്ളിയില്‍നിന്നും അടുത്തകാലത്തുമാത്രമാണ് ഇത് നീക്കം ചെയ്തത്. ഇത് ബനൂ സലമ ഗോത്രക്കാരുടെ പള്ളിയായിരുന്നുവെന്നും പ്രവാചകന്‍ അവിടെയിരിക്കുമ്പോഴാണ് ക്വിബ്‌ല മാറ്റത്തിനുള്ള സന്ദേശം ലഭിച്ച് കഅ്ബയിലേക്കു തിരിഞ്ഞ് നമസ്‌കരിച്ചതെന്നും അതുകൊണ്ടാണ് ഈ പള്ളി സവിശേഷമായ പേരിലും രീതിയിലും നിലനിന്നതെന്നും പറയുന്ന ഒരു പാരമ്പര്യം ഇബ്‌നു സഅദ് രേഖപ്പെടുത്തിയിട്ടുണ്ട്.(10) പ്രസ്തുത പാരമ്പര്യത്തിന്റെ ആധികാരികത എന്തു തന്നെയായിരുന്നാലും, ബയ്ത്തുല്‍ മക്വ്ദിസ് നമസ്‌കാരദിശയായിരുന്ന ഭൂതകാലം മുസ്‌ലിം സമൂഹത്തില്‍ കാലങ്ങള്‍ക്കുശേഷവും എത്ര സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുവെന്ന് അത് ബോധ്യപ്പെടുത്തുന്നുണ്ട്.

ഉമറിന്റെ ഭരണകാലത്തുമാത്രം നിലവില്‍ വന്ന ഒരു കേന്ദ്രത്തിലേക്കു തിരിഞ്ഞ് ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്നാണ് വിമര്‍ശകര്‍ മനസ്സിലാക്കുന്നത്? ‘ഇല്ലാത്ത’ ഒരിടത്തേക്കു തിരിഞ്ഞ് നമസ്‌കരിക്കുന്നതിലെ ‘അനൗചത്യം’ ചൂണ്ടിക്കാട്ടി മുസ്‌ലിംകളെ പരിഹസിക്കുവാന്‍ ഒരു യഹൂദന്‍ പോലും അക്കാലത്ത് രംഗത്തുവരാതിരുന്നത് എന്തുകൊണ്ടാണ്? ജറുസലേമിലെ ബയ്ത്തുല്‍ മക്വ്ദിസ് അന്നുമുണ്ടായിരുന്നുവെന്നതും അതിനെക്കുറിച്ച് അവര്‍ക്കെല്ലാം അറിവുണ്ടായിരുന്നുവെന്നതുമാണ് അതിന്റെ കാരണം. അതുകൊണ്ടാണ് പ്രവാചകാനുചരനായ ബറാഉബ്‌നു ആസ്വിബ് പറഞ്ഞത്: ”യഹൂദന്‍മാരും വേദക്കാരും പ്രവാചകന്‍ നമസ്‌കാരത്തില്‍ ബയ്ത്തുല്‍ മക്വ്ദിസിലേക്കു തിരിയുന്നതില്‍ സന്തുഷ്ടരായിരുന്നു. എന്നാല്‍ നമസ്‌കാരദിശ കഅ്ബയിലേക്ക് അദ്ദേഹം മാറ്റിയപ്പോള്‍ അവര്‍ അതില്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു.”(11)

യഹൂദന്‍മാര്‍ ബയ്ത്തുല്‍ മക്വ്ദിസ് എന്നുകേട്ട് അത്ഭുതപ്പെട്ടില്ലെന്നു മാത്രമല്ല, മുസ്‌ലിംകള്‍ അതിനെ തങ്ങളുടെ ക്വിബ്‌ലയായി സ്വീകരിച്ചതില്‍ ആവേശഭരിതരാവുക കൂടി ചെയ്തുവെന്നാണ് പരാമൃഷ്ട നിവേദനം തെളിയിക്കുന്നത്. വാസ്തവത്തില്‍, ക്വിബ്‌ല മാറ്റം അറിയിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ സൂക്തങ്ങളില്‍ തന്നെ അത് യഹുദരില്‍ സൃഷ്ടിച്ച ഭാവഭേദങ്ങളെ സംബന്ധിച്ച സൂചനകളുണ്ട്. ”അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും, പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ക്വിബ്‌ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് ( ക്വിബ്‌ല മാറ്റം ) ഒരു വലിയ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു. (നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ക്വിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. വേദം നല്‍കപ്പെട്ടവരുടെ അടുക്കല്‍ നീ എല്ലാവിധ ദൃഷ്ടാന്തവും കൊണ്ട് ചെന്നാലും അവര്‍ നിന്റെ ക്വിബ്‌ലയെ പിന്തുടരുന്നതല്ല. അവരുടെ ക്വിബ്‌ലയെ നീയും പിന്തുടരുന്നതല്ല. അവരില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന്റെ ക്വിബ്‌ലയെ പിന്തുടരുകയുമില്ല. നിനക്ക് ശരിയായ അറിവ് വന്നുകിട്ടിയ ശേഷം നീയെങ്ങാനും അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ നീയും അതിക്രമകാരികളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.” (2: 143-145)

ഇസ്രഈല്യര്‍ പൂര്‍വിക കാലം മുതല്‍ക്കുതന്നെ വിശുദ്ധമായി ആദരിച്ചിരുന്നതും അറബികളടക്കമുള്ള കച്ചവടയാത്രികര്‍ക്ക് സുപരിചിതമായിരുന്നതും മുഹമ്മദ് നബി(സ)യും അനുയായികളും വിശുദ്ധമായി അംഗീകരിച്ചിരുന്നതുമായ ഫലസ്ത്വീനിലെ ഒരു ആരാധനാ സ്ഥാനം ബയ്ത്തുല്‍ മക്വ്ദിസ് എന്നോ മസ്ജിദുല്‍ അക്വ്‌സ എന്നോ ഉള്ള പേരില്‍ അറേബ്യയിലുടനീളം അറിയപ്പെട്ടിരുന്നുവെന്നും തന്റെ നിശായാത്ര അവിടെയെത്തിയതിനെക്കുറിച്ചാണ് നബി(സ) സംസാരിച്ചതെന്നുമാണ് ഇവയില്‍ നിന്നെല്ലാം അനിഷേധ്യമാംവിധം ബോധ്യപ്പെടുന്നത്. ഏതായിരുന്നു ആ ആരാധാനാസ്ഥാനം? ഇസ്രാഈലി പൂര്‍വപ്രവാചകന്‍മാര്‍ക്ക് നേതൃത്വം നല്‍കി നബി(സ)ക്ക് അവിടെവെച്ച് നമസ്‌കരിക്കുവാനവസരമുണ്ടായതിലെ പ്രതീകാത്മകത സൂചിപ്പിക്കുന്നതുപോലെ ഇസ്രാഈല്‍ സമൂഹത്തില്‍ അവരുടെ പ്രവാചകന്‍മാരാല്‍ പരിപാലിക്കപ്പെട്ടിരുന്ന ആരാധനാകേന്ദ്രമായിരുന്നു ബയ്ത്തുല്‍ മക്വ്ദിസ്. ബൈബിളും ഇസ്‌ലാമിക പ്രമാണങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും

. മാനവചരിത്രത്തില്‍ പ്രപഞ്ചനാഥനെ ആരാധിക്കുന്നതിനുവേണ്ടി സംവിധാനിക്കപ്പെട്ട രണ്ടാമത്തെ കേന്ദ്രം ബയ്ത്തുല്‍ മക്വ്ദിസ് ആയിരുന്നുവെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്, ഒന്നാമത്തേത് മക്കയിലെ കഅ്ബയും. അബൂ ദര്‍റ് (റ) നബി(സ)യോട് ചോദിച്ചു. ”അല്ലാഹുവിന്റെ ദൂതരെ, ഏതുപള്ളിയാണ് ഭൂമുഖത്ത് ആദ്യമായി നിര്‍മിക്കപ്പെട്ടത്?” അദ്ദേഹം പറഞ്ഞു, ”മസ്ജിദുല്‍ ഹറാം.” അബൂ ദര്‍റ് (റ) വീണ്ടും ചോദിച്ചു. ”പിന്നെയേതാണ് നിര്‍മിക്കപ്പെട്ടത്?” അദ്ദേഹം പ്രതിവചിച്ചു,  (ജറുസലേമിലെ) മസ്ജിദുല്‍ അക്വ്‌സാ.”  അബൂ ദര്‍റ് (റ) വീണ്ടും ചോദിച്ചു. ”അവ രണ്ടിന്റെയും നിര്‍മാണങ്ങള്‍ക്കിടയിലെ കാലവിളംബമെത്രയായിരുന്നു?” അദ്ദേഹം പറഞ്ഞു, ”നാല്‍പ്പത് വര്‍ഷം.”(12)

ഭൂമുഖത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട ദൈവാരാധനാകേന്ദ്രമായ കഅ്ബയില്‍ നിന്ന് രണ്ടാമതായി നിര്‍മിക്കപ്പെട്ട ബയ്ത്തുല്‍ മക്വ്ദിസിലേക്കാണ് പ്രവാചകന്റെ (സ) നിശാപ്രയാണം നടന്നതെന്ന് സാരം. കഅ്ബയാണ് ചരിത്രത്തില്‍ ഒന്നാമതായി നിര്‍മിക്കപ്പെട്ട ദൈവാരാധനാ ഭവനമെന്ന് ക്വുര്‍ആന്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്.(13) ആദിമനുഷ്യനായ ആദമിന്റെ കാലത്തുതന്നെ ഇവ രണ്ടും നിര്‍മിക്കപ്പെട്ടുവെന്നാണ് പണ്ഡിതന്‍മാര്‍ പൊതുവില്‍ മനസ്സിലാക്കുന്നത്. കഅ്ബയുടെ സ്ഥാനത്ത് പിന്നീടുള്ള പുനര്‍നിര്‍മാണങ്ങളും അതിന്റെ പരിപാലനവുമെല്ലാം ഇബ്‌റാഹീം, ഇസ്മാഈല്‍ പ്രവാചകന്‍മാരുടെയും അവരുടെ സന്തതിപരമ്പരകളായ അറബികളുടെയും കൈകളിലൂടെ നടന്നപ്പോള്‍ ബയ്ത്തുല്‍ മക്വ്ദിസിന്റേത് അതിനുചുറ്റും അധിവസിക്കുന്ന ഇസ്രാഈല്യരിലൂടെ നടന്നുവെന്നു മാത്രമേയുള്ളൂ. ഇസ്രാഈല്യര്‍ക്കുവേണ്ടി ബയ്ത്തുല്‍ മക്വ്ദിസിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയത് അവരുടെ രാജാവും പ്രവാചകനും ആയിരുന്ന സുലൈമാന്‍ (അ) ആയിരുന്നുവെന്ന് നബി(സ) പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു അംറില്‍ നിന്നുള്ള ഒരു നിവേദനത്തിലുണ്ട്.(14)

സോളമന്‍ നിര്‍മിച്ച ആരാധനാലയം എന്ന നിലയില്‍ തന്നെയാണ് യഹൂദര്‍ ബയ്ത്തുല്‍ മക്വ്ദിസിനെ മനസ്സിലാക്കിയത്. ജൂത-ക്രൈസ്തവ സാഹിത്യങ്ങളിലെ ‘The Temple’ സോളമന്‍ രാജാവിനാല്‍ നിര്‍മിക്കപ്പെട്ട ബയ്ത്തുല്‍ മക്വ്ദിസ് ആണ്. അത് നിര്‍മിക്കപ്പെട്ട ഉയര്‍ന്ന പ്രദേശമാണ് ‘Temple Mount’ എന്ന പേരില്‍ യഹൂദ ക്രൈസ്തവ പാരമ്പര്യത്തില്‍ അറിയപ്പെടുന്നത്. ജറുസലേമില്‍ നേരത്തെതന്നെ വിശുദ്ധ സ്ഥാനമായി മനസ്സിലാക്കപ്പെട്ടിരുന്ന Temple Mountല്‍ സോളമന്‍ രാജാവ് പണിതീര്‍ത്ത ദേവാലയമാണ് ബയ്ത്തുല്‍ മക്വ്ദിസ് എന്ന് യഹൂദപാരമ്പര്യവും ബൈബിള്‍ പഴയനിയമവും തെളിയിക്കുന്നുണ്ട്. ഉല്‍പത്തി പുസ്തകത്തിലെ ‘മോറിയാ ദേശത്തെ മലരുകള്‍'(15) ആണ് സോളമന്റെ ദേവാലയത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ Temple Mount ആയി മാറിയത്. മോറിയാ പ്രദേശം ‘സൃഷ്ടിയുടെ ആരംഭം’ മുതല്‍ക്കുതന്നെ വിശുദ്ധമായി പ്രഖ്യാപിക്കപ്പെട്ടതായിരുന്നുവെന്നാണ് യഹൂദവിശ്വാസം.(16) ആദമിനെ സൃഷ്ടിക്കാനുതകുന്ന മണ്ണ് കര്‍ത്താവ് ഒരുക്കൂട്ടിയതിവിടെയാണെന്നു വിശ്വസിക്കുന്ന യഹൂദന്‍മാരുണ്ട്.(17) മോറിയാ പ്രദേശത്തിന്റെ വിശുദ്ധിയെക്കുറിച്ച ഈ ധാരണ ബൈബിളെഴുത്തുകാരെ ആഴത്തില്‍ സ്വാധീനിച്ചുവെന്ന് കാണാനാകും. അബ്രഹാമിനോട് കര്‍ത്താവ് പുത്രന്‍ ഇസ്ഹാക്വിനെ മോറിയായിലേക്കു കൊണ്ടുപോയി അവിടെവെച്ച് ബലിയറുക്കാനാവശ്യപ്പെട്ടുവെന്നാണ് ഉല്‍പത്തി പക്ഷം.(18)

മാനവചരിത്രത്തിന്റെ നന്നേ തുടക്കം മുതല്‍ക്കുതന്നെ വിശുദ്ധമായി നിശ്ചയിക്കപ്പെട്ട സ്ഥാനമായി ബയ്ത്തുല്‍ മക്വ്ദിസിന്റെ ഭൂമിയെ ഇസ്‌ലാമിക പാരമ്പര്യത്തെപ്പോലെത്തന്നെ യഹൂദപാരമ്പര്യവും മനസ്സിലാക്കുന്നുവെന്നു ചുരുക്കം. പ്രസ്തുത ഭൂമിയില്‍ പിതാവായ ദാവീദ് എല്‍പിച്ചതുപ്രകാരം സോളമന്‍ അതിഗംഭീരമായ ദേവാലയം ഏറ്റവും മികച്ച പണിത്തരങ്ങളുടെയും പണിക്കാരെയും വെച്ചു നിര്‍മിക്കുകയും അതിന്റെ കേന്ദ്രസ്ഥാനത്ത് മോശെക്ക് കര്‍ത്താവ് കല്‍പനകള്‍ എഴുതി നല്‍കിയ പലകകള്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ പ്രമാണപെട്ടകം (Art of the covenant)സ്ഥാപിക്കുകയും മൃഗബലിയുള്‍പ്പെടെയുള്ള ഇസ്രാഈലി അനുഷ്ഠാനകര്‍മങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും സിരാകേന്ദ്രമായി ദേവാലയം പരിലസിക്കുകയും ചെയ്തതിനെക്കുറിച്ചുള്ള വിശദമായ വര്‍ണനകള്‍ ബൈബിളെഴുത്തുകാര്‍ നടത്തിയിട്ടുണ്ട്.(19) ഈ ദേവാലയത്തെ യഹൂദന്‍മാര്‍ വിളിച്ചത് ഹീബ്രുവില്‍ ‘ബെയ്ത് ഹാമിക്ദാശ്’ (Beit Hamikdash) എന്നായിരുന്നു;(20) അറബികളുടെ ബയ്ത്ത് അല്‍ മക്വ്ദിസ് തന്നെ.

ഏതാണ് പരിശുദ്ധ ക്വുര്‍ആനും ഹദീഥുകളും നിശാപ്രയാണം ചെന്നെത്തിയെന്നു പറയുന്ന ഫലസ്ത്വീനിയന്‍ ആരാധനാസ്ഥാനമെന്ന് ഇത്രയും വിശദീകരിച്ചതില്‍ നിന്ന് സുതരാം വ്യക്തമാണ്. സോളമന്റെ ദേവാലയം മുഹമ്മദ് നബി(സ)യുടെ കാലത്ത് നിലവിലുണ്ടായിരുന്നില്ല എന്നുപറഞ്ഞുകൊണ്ടാണ് വിമര്‍ശകര്‍ ഈ വസ്തുതകളെ മറികടക്കാന്‍ നോക്കാറുള്ളത്. സോളമന്‍ നിര്‍മിച്ച കെട്ടിടം ഫലസ്ത്വീനില്‍ നിലവിലുണ്ടെന്ന് ക്വുര്‍ആനോ മുഹമ്മദ് നബി(സ)യോ എവിടെയും പറഞ്ഞിട്ടില്ല. പിന്നെ ഈ വിമര്‍ശനത്തിന് എന്ത് പ്രസക്തിയാണുള്ളത്?

സോളമന്‍ നിര്‍മിച്ച ദേവാലയം BCE 586ല്‍ ബാബിലോണിയക്കാര്‍ തകര്‍ത്തതും പിന്നീട് ഏഴു പതിറ്റാണ്ടോളം കഴിഞ്ഞ് യഹൂദര്‍ തല്‍സ്ഥാനത്ത് മറ്റൊരു കെട്ടിടം പണിതതും (second temple) ഹെറോദ് രാജാവ് അതിന് മോടി കൂട്ടിയതും CE 70ല്‍ യഹൂദകലാപകാരികളെ അമര്‍ച്ച ചെയ്യാന്‍ വന്ന റോമന്‍ സൈന്യം അതു തകര്‍ത്തുകളഞ്ഞതും(21) ചരിത്രത്തില്‍ പരക്കെ അറിയപ്പെട്ടതാണ്. First Temple എന്നും Second Temple എന്നും ബൈബിള്‍ പണ്ഡിതന്മാര്‍ വിളിക്കുന്ന കെട്ടിടങ്ങള്‍ Temple Mountല്‍ സംരക്ഷിക്കപ്പെട്ടുകിടക്കുന്നില്ലെന്നും അവ തകര്‍ക്കപ്പെട്ടുവെന്നും മുഹമ്മദ് നബി(സ)യുടെ സമകാലീനരായ മദീനാ യഹൂദന്മാര്‍ക്കും ശാമിലേക്ക് നിരന്തരമായി കച്ചവടയാത്ര പോയിരുന്ന മക്കന്‍ ബഹുദൈവാരാധകര്‍ക്കും അറിയാതിരിക്കുവാന്‍ ചരിത്രപരമായി യാതൊരു നിര്‍വാഹവുമില്ല. എന്നിട്ടും അവരൊന്നും നിശായാത്രാ വിവരണങ്ങളോടോ ബയ്ത്തുല്‍ മക്വ്ദിസിനെ ക്വിബ്‌ലയാക്കാനുള്ള തീരുമാനത്തോടോ ഇക്കാര്യം പറഞ്ഞ് ഏറ്റുമുട്ടാന്‍ വരാതിരുന്നത് നബി(സ) സംസാരിച്ചത് സോളമനോ പില്‍ക്കാല ഇസ്രാഈല്യരോ നിര്‍മിച്ച ഏതെങ്കിലും കെട്ടിടങ്ങളെ കുറിച്ചല്ല, മറിച്ച് ബയ്ത്തുല്‍ മക്വ്ദിസിനെക്കുറിച്ചും മസ്ജിദുല്‍ അക്വ്‌സായെക്കുറിച്ചും ആണ് എന്നതുകൊണ്ടാണ്.

മനുഷ്യചരിത്രത്തിന്റെ ആദ്യ നാളുകള്‍ തൊട്ട് പ്രപഞ്ചനാഥന്റെ നിര്‍ദേശപ്രകാരം അവനെ ആരാധിക്കുവാനായി ഉപയോഗിക്കപ്പെട്ട ഒരു ഭൂമിശാസ്ത്ര ഉണ്‍മയാണ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അത്. അവിടെ കെട്ടിടങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ വന്നിട്ടും പോയിട്ടുമുണ്ട്, പക്ഷെ അവയുടെ ചുമരുകള്‍ തകര്‍ന്നാലും നിശ്ചിത അതിര്‍ത്തികള്‍ക്കുള്ളില്‍ അത് മസ്ജിദ് തന്നെയാണ്. ആരാധനകള്‍ നിര്‍വഹിക്കാന്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലം എന്നു മാത്രമേ സാങ്കേതികമായി മസ്ജിദിന് അര്‍ത്ഥമുള്ളൂ, അത് ചുമരുകളുള്ള കെട്ടിടത്തിനകത്താകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. മുന്‍പ്രവാചകന്മാരില്‍ നിന്ന് വ്യത്യസ്തമായി ഭൂമിയിലെവിടെയും വെച്ച് നിര്‍ബന്ധ നമസ്‌കാരം നിര്‍വഹിക്കാന്‍ തന്റെ അനുയായികള്‍ക്ക് അല്ലാഹു അനുമതി നല്‍കിയിരിക്കുന്നു   എന്ന് പഠിപ്പിച്ചുകൊണ്ട് മുഹമ്മദ് നബി (സ) പറഞ്ഞതിപ്രകാരമാണ്. ”ഭൂമി എനിക്ക് വിശുദ്ധവും ശുദ്ധിയുള്ളതും മസ്ജിദും ആക്കിത്തന്നിരിക്കുന്നു; അതിനാല്‍ പ്രാര്‍ത്ഥനാ സമയങ്ങള്‍ ആഗതമാകുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നാലും അവിടെവെച്ച് നമസ്‌കരിക്കുക.”(22)

ആരാധനാസ്ഥാനങ്ങളാണ് മസ്ജിദുകള്‍. ചുമരുകള്‍ അതിനെ പരിപാലിക്കുന്ന മനുഷ്യരുടെ സംഭാവനയാണ്; അതാരെങ്കിലും കെട്ടിയാലും കെട്ടിയില്ലെങ്കിലും കെട്ടിയവ നിലനിന്നാലും ഇല്ലെങ്കിലും മസ്ജിദായി പ്രഖ്യാപിക്കപ്പെടുകയും നീക്കിവെക്കുകയും ചെയ്ത നിലങ്ങള്‍ മസ്ജിദായി തന്നെ നിലനില്‍ക്കും- ആരാധനകള്‍ നിര്‍വഹിക്കാവുന്ന ഒരു തുണ്ട് ഭൂമി എന്ന അര്‍ത്ഥത്തില്‍. ഭൂമി മുഴുവന്‍ ഇനി മുതല്‍ മസ്ജിദ് ആണെന്ന് മുഹമ്മദ് നബി (സ) പറയുമ്പോള്‍ അദ്ദേഹത്തിന്റെ കാലം മുതല്‍ ഭൂമിയിലെവിടെവെച്ചും നമസ്‌കരിക്കാമെന്ന പുതിയ നിയമം പടച്ചവന്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നാണ് അതിനര്‍ത്ഥം; അല്ലാതെ ഭൂമിക്ക് ചുമരുകളുണ്ടെന്നല്ല.

ഇതുതന്നെയാണ് ‘ബയ്ത്’ എന്ന പ്രയോഗത്തിന്റെ കാര്യവും. മസ്ജിദ് എന്നു പറയുമ്പോഴുള്ള വിവക്ഷ മാത്രമേ അതിനുമുള്ളുവെന്ന് ക്വുര്‍ആന്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും. ഇബ്‌റാഹീം നബി(അ)യും പുത്രന്‍ ഇസ്മാഈല്‍ നബി(അ)യും ചേര്‍ന്നാണ് മക്കയിലെ കഅ്ബ പടുത്തുയര്‍ത്തിയതെന്ന് ക്വുര്‍ആന്‍ ഖണ്ഡിതമായി പ്രസ്താവിക്കുന്നുണ്ട്: ”ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.”(23) ‘ബയ്ത്’ എന്നാണ്, മറ്റുപല ക്വുര്‍ആന്‍ വചനങ്ങളിലുമെന്നപോലെ ഇവിടെയും, കഅ്ബയെ സൂചിപ്പിക്കാന്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. ഇബ്‌റാഹീം നബി (അ) ഭാര്യ ഹാജറിനെയും കൈക്കുഞ്ഞായ ഇസ്മാഈലിനെയും (അ) ആള്‍താമസമില്ലാത്ത മക്കയില്‍ കൊണ്ടുവന്നു താമസിപ്പിച്ച് സ്വദേശത്തേക്കു മടങ്ങിയും മക്കയില്‍ സംസം ഉറവയുണ്ടായതും അതിനുചുറ്റും ജനവാസമാരംഭിച്ചതും ഇസ്മാഈല്‍ (അ) വളര്‍ന്നുവലുതായതും അപ്പോള്‍ ഇബ്‌റാഹീം (അ) മടങ്ങിവന്നു മകനെയും കൂട്ടി കഅ്ബ നിര്‍മിച്ചതുമെല്ലാം ക്വുര്‍ആനിലും ഹദീഥുകളിലും വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്. ആദം നബി(അ)യുടെ കാലത്ത് ആരാധനലായമുണ്ടായിരുന്ന സ്ഥാനം കണ്ടെത്തി ഇബ്‌റാഹീമും ഇസ്മാഈലും കഅ്ബ നിര്‍മിച്ചുവെന്നര്‍ത്ഥം. ഇബ്‌റാഹീം ഹാജറയെ മക്കയില്‍ കൊണ്ടുവന്നാക്കുമ്പോള്‍ അവിടെ കഅ്ബ എന്ന ഒരു നിര്‍മിതിയില്ല. എന്നാല്‍ ആ സമയത്തെ ഇബ്‌റാഹീമിന്റെ പ്രാര്‍ത്ഥന ക്വുര്‍ആന്‍ വിവരിക്കുന്നതിങ്ങനെയാണ്. ”ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്നു വരാം.”(24)

ഇവിടെ നിന്റെ പവിത്രമായ ‘ബയ്ത്തി’നടുത്തുള്ള താഴ്‌വരയില്‍ അവരെ പാര്‍പ്പിച്ചിരിക്കുന്നുവെന്നാണ് ഇബ്‌റാഹീം പടച്ചവനോടു പറയുന്നത്. അദ്ദേഹം കഅ്ബ നിര്‍മിക്കുന്നതിനു മുമ്പാണിതെന്നോര്‍ക്കണം. അപ്പോള്‍, അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥലം അവിെടയുണ്ടായിരുന്നു, എടുപ്പുകളൊക്കെ ഇല്ലാതായെങ്കിലും ‘ബയ്ത്’ ബയ്തല്ലാതെയായില്ല. ഇതുതന്നെയാണ് ഇസ്‌ലാമിക വീക്ഷണത്തില്‍ ബയ്ത്തുല്‍ മക്വ്ദിസിന്റെയും കാര്യം. സോളമന്റെ എടുപ്പുകള്‍ വന്നതോ പോയതോ അതിന്റെ ബയ്ത്/മസ്ജിദ് എന്ന സ്ഥാനത്തെ ഒരു നിലക്കും ബാധിക്കുന്നില്ല. അതിന്റെ അതിര്‍ത്തികള്‍ക്കുള്ളിലെ സ്ഥലം വിശുദ്ധമായ ഒരു ആരാധനാകേന്ദ്രം അഥവാ ബയ്ത്/മസ്ജിദ് ആകുന്നു; അങ്ങോട്ടു പോകുവാനുള്ള അനര്‍ഘ സൗഭാഗ്യം കൊണ്ടാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ഇസ്രാഇന്റെ രാത്രിയില്‍ അനുഗ്രഹിക്കപ്പെട്ടത്.

ഒന്നും രണ്ടും ടെമ്പിളുകള്‍ തകര്‍ക്കപ്പെട്ടതിനുശേഷം ‘Temple Mount’ യഹൂദസമൂഹത്തില്‍ വിഭാവനം ചെയ്യപ്പെട്ടതെങ്ങനെയാണെന്നുകൂടി പരിശോധിച്ചാല്‍ ഇവ്വിഷയകമായുള്ള വിമര്‍ശനങ്ങളുടെ അര്‍ത്ഥശൂന്യത പൂര്‍ണമായി ബോധ്യമാകും. റോമന്‍ ആക്രമണത്തില്‍ രണ്ടാം ദേവാലയം തകര്‍ക്കപ്പെട്ടതിനുശേഷം അവിടെ വേറെ ഏര്‍പ്പാടുകള്‍ക്കൊന്നും ആരും മുതിര്‍ന്നതായി കാണുന്നില്ല. ദേവാലയത്തിന് പവിത്രത കല്‍പിച്ചിരുന്ന യഹൂദന്‍മാര്‍ക്ക് ഫലസ്ത്വീന്‍ നഷ്ടപ്പെട്ടതു തന്നെയായിരുന്നു അതിന്റെ അടിസ്ഥാന കാരണം. ജറുസലേം പിന്നീട് റോമക്കാരുടെയും ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെയും നിയന്ത്രണത്തിലേക്കാണ് പോയത്. ദേവാലയം നിലനിന്നിരുന്ന സ്ഥലത്തെ ബോധപൂര്‍വം അവഗണിച്ച് അത് പാഴ്ഭൂമിയാക്കാനായിരുന്നു അത് തച്ചുതകര്‍ത്ത റോമക്കാരുടെ ശ്രമം. അവരുടെ അനന്തരാവകാശികളായി വന്ന ബൈസന്റൈന്‍ ഭരണാധികാരികള്‍ ക്രിസ്ത്യാനികളായിരുന്നുവെങ്കിലും പഴയ നിയമപാഠങ്ങളെ പിരിഞ്ഞ് റോമന്‍ പൈതൃകത്തെ പുണര്‍ന്നിരുന്ന അവരും ഈ അവഗണന തുടര്‍ന്നു.

വിശുദ്ധ ദേവാലയ ഭൂമിയില്‍ പ്രാചീനമായ എടുപ്പുകളുടെ അവശിഷ്ടങ്ങള്‍ അനാഥമായിക്കിടന്ന ഈ കാലഘട്ടത്തിലാണ് മുഹമ്മദ് നബി(സ)യുടെ ഇസ്രാഅ് സംഭവിക്കുന്നത്; ക്രൈസ്തവര്‍ ആ സ്ഥലത്തിന്റെ വിശുദ്ധി പോലും മറന്നുതുടങ്ങിയിരുന്ന സന്ദര്‍ഭത്തില്‍! എന്നാല്‍ യഹൂദര്‍ അങ്ങനെയായിരുന്നില്ല. ദേവാലയഭൂമിയെക്കുറിച്ച വികാരസാന്ദ്രമായ ഓര്‍മകള്‍ പേറിയാണ് ഫലസ്ത്വീനില്‍നിന്ന് പുറത്താക്കപ്പെട്ട യഹൂദരുടെ തലമുറകള്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ജീവിച്ചത്. എന്തായിരുന്നു രണ്ടാം ദേവാലയം തകര്‍ക്കപ്പെട്ടതിനുശേഷം റോമന്‍-ബൈസന്റൈന്‍ അതിക്രമകാരികള്‍ ചപ്പുചവറുകള്‍ നിറച്ചവഹേളിച്ച മോറിയ കുന്നിനെക്കുറിച്ച് അവരുടെ വിശ്വാസം? ഇസ്‌ലാമിക സങ്കല്‍പം പോലെത്തന്നെ അവര്‍ക്കും അത് വിശുദ്ധസ്ഥാനം തന്നെയായി നിലനിന്നുവെന്നത് മാത്രമാണുത്തരം.

പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച ലോകപ്രശസ്തനായ യഹൂദ റബ്ബി മയ്‌മോണിഡസിന്റെ (Maimonides) വാക്കുകളില്‍ പറഞ്ഞാല്‍ ”ബെയ്ത് ഹാമിക്ദാശ് ദൈവത്തിന്റെ അനശ്വര ഭവനമാണ്; ദേവാലയം തകര്‍ക്കപ്പെട്ടെങ്കിലും മോറിയാ കുന്നില്‍നിന്നും ‘ദൈവസാന്നിധ്യം’ പോയിട്ടില്ല; ‘മിശിഹ’ വരുമ്പോള്‍ അദ്ദേഹം അത് പുനര്‍നിര്‍മിക്കും.”(25) മുഹമ്മദ് നബി(സ)യുടെ മരണം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും യഹൂദപരികല്‍പന അങ്ങനെതന്നെ നിലനിന്നുവെന്നണിതിനര്‍ത്ഥം. അവിടെച്ചെന്ന് ഇസ്രാഈലി പ്രവാചകന്‍മാരുടെ കൂടെ നമസ്‌കരിക്കുവാന്‍ നബി(സ)ക്ക് അല്ലാഹു അവസരമുണ്ടാക്കിക്കൊടുത്തതില്‍ പിന്നെയെന്ത് അസാംഗത്യമാണുള്ളത്?

ദേവാലയഭൂമി നഷ്ടപ്പെട്ട് പുരോഹിതാസ്ഥാനമില്ലാതായതോടെയാണ് സാധാരണക്കാര്‍ക്ക് മതം പഠിക്കാന്‍ യഹൂദ റബ്ബിമാര്‍ മിശ്‌നയും (Mishnah), ഗമറയുമെല്ലാം (Gemara) രചിച്ചുതുടങ്ങുന്ന സാഹചര്യമുണ്ടായത്. CE ആറാം നൂറ്റാണ്ടുവരെയുള്ള ഇക്കപം പണ്ഡിതരചനകളുടെ സമാഹാരമാണ് തല്‍മൂദ് (Talmud) എന്നറിയപ്പെടുന്നത്. തല്‍മൂദില്‍നിന്നുള്ള ഒരു ഭാഗം ഇപ്രകാരമാണ്: ”വിദേശത്ത് പ്രാര്‍ത്ഥനയില്‍ നില്‍ക്കുന്നവന്‍ ഹൃദയം കേന്ദ്രീകരിക്കേണ്ടത് ഇസ്രയേല്‍ രാജ്യത്തിലേക്കാണ്; കാരണം, ”അവര്‍ അങ്ങ് അവരുടെ പിതാക്കന്‍മാര്‍ക്ക് ദാനം ചെയ്ത ദേശത്തേക്കുനോക്കി അങ്ങയോടു പ്രാര്‍ത്ഥിച്ചാല്‍” (1 രാജാക്കന്‍മാര്‍ 8: 48) എന്നു പറഞ്ഞിരിക്കുന്നു. ഇസ്രായേല്‍ ദേശത്തുള്ളയാള്‍ പ്രാര്‍ത്ഥനയില്‍ ജറുസലേമിലേക്കാണ് ഹൃദയം കേന്ദ്രീകരിക്കേണ്ടത്; ‘അങ്ങ് തെരഞ്ഞെടുത്തിരിക്കുന്ന ഈ നഗരത്തിന് അഭിമുഖമായി നിന്ന് പ്രാര്‍ത്ഥിച്ചാല്‍’ (1 രാജാക്കന്‍മാര്‍ 8: 44) എന്നുമുണ്ട്. ഒരാള്‍ ജറുസലേമിലാണെങ്കില്‍ അയാര്‍ ഹൃദയം കേന്ദ്രീകരിക്കേണ്ടത് ബെയ്ത് ഹാമിക്ദാശിമിലേക്കാണ്. -‘അവര്‍ ഈ ഭവനത്തിലേക്ക് പ്രാര്‍ത്ഥിക്കണം’ (2 ദിനവൃത്താന്തം 6: 32) എന്നാണ് പറഞ്ഞിരിക്കുന്നത്.”(26)

എന്താണിതിനര്‍ത്ഥം? അതെ, ചുമരുകള്‍ താഴെ വീണാല്‍ ഇല്ലാതാകുന്നതായിരുന്നില്ല മതബോധമുള്ള ഇസ്രാഈല്യന് ബയ്തുല്‍ മക്വ്ദിസ്. കെട്ടിയുയര്‍ത്തിയ സൗധം നിലം പൊത്തിയെങ്കിലും അതിനെ ആരാധനാകേന്ദ്രമായി തന്നെ അവന്‍ കണ്ടു. വിശുദ്ധി അതുപോലെ നിലനില്‍ക്കുന്നതായി മനസ്സിലാക്കി, ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് റോമന്‍ പീഡനം കാരണമായി ചിതറേണ്ടി വന്നപ്പോഴും അവിടേക്കു തിരിഞ്ഞു തന്നെ പ്രാര്‍ത്ഥിച്ചു. ബയ്തുല്‍ മക്വ്ദിസ് എന്നുതന്നെ പലപ്പോഴും ആ മണ്ണിനെ വിളിച്ചു. ദേവാലയത്തിന്റെ കെട്ട് തകര്‍ത്തെന്നഹങ്കരിച്ചവര്‍ക്ക് ദേവാലയഭൂമിയും തങ്ങള്‍ക്ക് ദേവാലയമാണെന്ന് യഹൂദവൈകാരികത കാണിച്ചുകൊടുത്തു. അതേ അര്‍ത്ഥത്തില്‍ തന്നെയാണ് നബി(സ)യും ബയ്തുല്‍ മക്വ്ദിസില്‍ പോയെന്നു പറഞ്ഞത്; ക്വുര്‍ആന്‍ മസ്ജിദുല്‍ അക്വ്‌സ എന്ന വിശേഷണം നടത്തിയത്.

സുലയ്മാന്‍ നബി (അ) നിര്‍മിച്ച കെട്ടിടം തകര്‍ന്നതുകൊണ്ടോ ക്രൈസ്തവര്‍ പാഴ്ഭൂമിയായി ഉപേക്ഷിച്ചതുകൊണ്ടോ ബയ്തുല്‍ മക്വ്ദിസ് അതല്ലാതാവുകയില്ല എന്നതുകൊണ്ടു തന്നെ, തീര്‍ത്ഥയാത്ര പോകാവുന്ന വിശുദ്ധ കേന്ദ്രങ്ങളിലൊന്നായാണ് മുഹമ്മദ് നബി (സ) അനുചരന്‍മാര്‍ക്ക് മസ്ജിദുല്‍ അക്വ്‌സയെ പരിചയപ്പെടുത്തിക്കൊടുത്തത്. അദ്ദേഹം പറഞ്ഞു: ”മൂന്ന് മസ്ജിദുകള്‍ സന്ദര്‍ശിക്കാനല്ലാതെ നിങ്ങള്‍ തീര്‍ത്ഥയാത്ര പോകരുത്. ഈ എന്റെ മസ്ജിദ് (മദീനയിലെ മസ്ജിദുന്നബവി), (മക്കയിലെ) മസ്ജിദുല്‍ ഹറാം, മസ്ജിദുല്‍ അക്വ്‌സ.”(27)

മുസ്‌ലിംകളുടെ തീര്‍ത്ഥാടനകേന്ദ്രമായി നിശ്ചയിക്കപ്പെട്ടതുകൊണ്ടു തന്നെ രണ്ടാം ഖലീഫ ഉമറിന്റെ (റ) കാലത്ത് ഫലസ്ത്വീന്‍ ബൈസന്റൈന്‍കാരില്‍നിന്ന് മുസ്‌ലിം സൈന്യത്തിന്റെ നിയന്ത്രണത്തിലേക്കു വന്നപ്പോള്‍ ഉമര്‍ (റ) അവിടം സന്ദര്‍ശിക്കുകയും വൃത്തിയാക്കുകയും നമസ്‌കാര സൗകര്യമുളള ഒരു കെട്ടിടം നിര്‍മിക്കുകയും ചെയ്തു. ആ കെട്ടിടമല്ല മസ്ജിദുല്‍ അക്വ്‌സ, പ്രത്യുത മസ്ജിദുല്‍ അക്വ്‌സയായി ക്വുര്‍ആന്‍ വിശേഷിപ്പിച്ച സ്ഥലത്ത് ഒരു ഭാഗത്തായി നിര്‍മിക്കപ്പെട്ട ഒരു സൗകര്യവും സംവിധാനവും മാത്രമായിരുന്നു പ്രസ്തുത കെട്ടിടം.(28) അതിനു പിന്നീടുണ്ടായ രൂപാന്തരങ്ങളോ വികാസങ്ങളോ ചുരുക്കങ്ങളോ ഒന്നുമല്ല മസ്ജിദുല്‍ അക്വ്‌സയുടെ അകവും പുറവും നിര്‍ണയിക്കുന്നത്. കഅ്ബക്ക് ചുറ്റും നമസ്‌കരിക്കുന്നതിനായി ഉമവികളോ അബ്ബാസികളോ തുര്‍ക്കികളോ സുഊദികളോ പണികഴിപ്പിച്ച കെട്ടിടങ്ങളല്ല  മറിച്ച് ആ സ്ഥലമാണ് മസ്ജിദുല്‍ ഹറാം എന്നതുപോലെത്തന്നെ. ഇതുമനസ്സിലാക്കാതെയാണ് വിമര്‍ശകര്‍ മസ്ജിദുല്‍ അക്വ്‌സയും ഉമര്‍(റ) നിര്‍മിച്ച പള്ളിയും ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നത്.

ശ്രദ്ധിക്കുക: ഇസ്രാഅ് വിവരണങ്ങളില്‍ വിശ്വസിച്ച, ബയ്ത്തുല്‍ മക്വ്ദിസിലേക്ക് തിരിഞ്ഞ് ഒന്നര വര്‍ഷത്തോളം നബി(സ)ക്കൊപ്പം നമസ്‌കരിച്ച, മസ്ജിദുല്‍ അക്വ്‌സ തീര്‍ത്ഥാടന കേന്ദ്രമായി പ്രവാചകനാല്‍ പഠിപ്പിക്കപ്പെട്ട ഉമര്‍ (റ) ഫലസ്ത്വീനില്‍ എത്തിയപ്പോള്‍ മസ്ജിദുല്‍ അക്വ്‌സ എന്ന പേരില്‍ കറതീര്‍ന്ന ഒരു കെട്ടിടം കാണാതെ അത്ഭുത പരതന്ത്രനായിട്ടില്ല. ആരാധനകള്‍ക്ക് സൗകര്യപ്പെടുംവിധമുള്ള കെട്ടിടങ്ങളൊന്നും മസ്ജിദുല്‍ അക്വ്‌സയുടെ സ്ഥാനത്ത് നിലവിലില്ലെന്നു അറിയാവുന്നതുകൊണ്ട് സന്ദര്‍ശനാവസരത്തില്‍ തികച്ചും സ്വാഭാവികമായി പെരുമാറുകയും അവിടെയൊരു പള്ളി നിര്‍മിക്കാന്‍ മുന്‍കയ്യെടുക്കുകയുമാണ് അദ്ദേഹം ചെയ്തത്.

അതെ, ഒന്നാം ടെമ്പിളോ, രണ്ടാം ടെമ്പിളോ ഫലസ്ത്വീനില്‍ നില്‍ക്കുന്നതായി പ്രവാചകനോ അനുചരന്‍മാരോ ഒന്നും മനസ്സിലാക്കിയിരുന്നില്ല; അവയെ അല്ല അവരാരും മസ്ജിദുല്‍ അക്വ്‌സ എന്നോ ബയ്ത്തുല്‍ മക്വ്ദിസ് എന്നോ വിളിച്ചത്. അതിനാല്‍ ഇസ്രാഅ് വിവരണത്തില്‍ കാലാനുചിതത്വമുെണ്ടന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല

കുറിപ്പുകള്‍

  1. ക്വുര്‍ആന്‍ 17: 1.
  2. ബുഖാരി, സ്വഹീഹ്/കിതാബു മനാകിബില്‍ അന്‍സ്വാര്‍.
  3. മുസ്‌ലിം, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  4. മുസ്‌ലിം, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  5. മുസ്‌ലിം, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  6. ഹാകിം, മുസ്തദ്‌റക് അലസ്സ്വഹീഹയ്ന്‍. see Ali Muhammad As-Sallabee, The Noble life of the Prophet (Riyadh. Darussalam, 2005), vol. 1, pp 552-3.
  7. ബുഖാരി, സ്വഹീഹ്/കിതാബു ബദീല്‍ ഹല്‍ക്വ്.
  8. ക്വുര്‍ആന്‍ 2: 143-145.
  9. ബുഖാരി, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  10. S.Moinul Haq, Ibn sa’d’s Al Tabaqat Al Kabir (New Delhi. kitab bhavan, 2009), vol. 1, 284.
  11. ബുഖാരി, സ്വഹീഹ്/കിതാബുല്‍ ഈമാന്‍.
  12. ബുഖാരി, സ്വഹീഹ്/കിതാബുല്‍ അമ്പിയാഅ്.
  13. ക്വുര്‍ആന്‍ 3: 96.
  14. അഹ്മദ് അന്നസാഇ, സുനനുസ്സുഗ്‌റ/കിതാബുല്‍ മസാജിദ്; യസീദ് ഇബ്‌നു മാജ, സുനന്‍/ കിതാബു ഇക്വാമതിസ്സ്വലാതി വസ്സുന്നതു ഫീഹാ.
  15. ബൈബിള്‍; ഉല്‍പത്തി 22: 2
  16. Rabbi Menachan M Sohneerson, ‘G-d’s chosen House-www,chabadozy
  17. see Jochua Hammes, ‘what is beneadh the temple mount?’, www.smithsonianmag.com
  18. ഉല്‍പത്തി 22: 2.ബൈബിള്‍, 1 ദിനവൃത്താന്തം അധ്യായങ്ങള്‍ 28, 29. 2 ദിനവൃത്താന്തം അധ്യായങ്ങള്‍ 1 – 7.
  19. www.chabad.org.op.cit
  20. see Temple Mount, the Temple Jerusalem during first Temple, second Temple of in www.jeuishviofnallibray.org
  21. ബുഖാരി, സ്വഹീഹ്/കിതാബുല്‍ മസാജിദി വ മവാദിഇ സ്സ്വലാത്ത്.
  22. ക്വുര്‍ആന്‍ 2: 127.
  23. ക്വുര്‍ആന്‍ 14: 37.
  24. See www.chabad.org.op.cit
  25. The William Davidson Talmud, berakhot Daf 30 a.

പ്രവാചകത്വപൂര്‍വകാലത്ത് പ്രവാചകന് അടുത്ത പരിചയമുണ്ടായിരുന്ന സയ്ദ്ബ്‌നു ഹാരിഥയില്‍ നിന്നും വറക്വത്ബ്‌നു നൗഫലില്‍ നിന്നുമാണ് ജൂതമതത്തെയും ക്രിസ്തുമതത്തെയും സംബന്ധിച്ച അറിവുകള്‍ പ്രവാചകന്‍ ശേഖരിച്ചത്. വേദക്കാരെ സംബന്ധിച്ചും അവരുടെ പ്രവാചകന്‍മാരെ സംബന്ധിച്ചുമുള്ള ക്വുര്‍ആനിക ദര്‍ശനം ഈ അറിവുകളെയാണ് പ്രതിഫലിപ്പിക്കുന്നത്. മക്കയില്‍ പ്രവാചകന്റെ ജീവിതപരിസരത്തുതന്നെ എപ്പോഴുമുണ്ടായിരുന്ന സയ്ദിന്റെയും വറക്വയുടെയും ക്രൈസ്തവപശ്ചാത്തലം ക്വുര്‍ആനിന്റെ മാനുഷിക സ്രോതസ്സുകളിലേക്ക് കൃത്യമായി വെളിച്ചം വീശുന്നുണ്ട്. ‘സിറിയന്‍ യാത്ര’കളെപ്പോലെത്തന്നെ ഓറിയന്റലിസ്റ്റുകളും മിഷനറിമാരും ക്വുര്‍ആനിന്റെ ദൈവികതയെ നിരാകരിക്കുവാന്‍ വേണ്ടി അവതരിപ്പിക്കുന്ന പരാമൃഷ്ട സയ്ദ്-വറക്വ സിദ്ധാന്തങ്ങളും കേവലം ഒരു മിത്താണോ?

തെ. മുഹമ്മദ് നബി (സ) തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ മനുഷ്യരുടെ പട്ടിക അദ്ദേഹത്തെ സംബന്ധിച്ച ജീവചരിത്രപരമായ അറിവ് വര്‍ധിപ്പിക്കുമെന്നല്ലാതെ ക്വുര്‍ആനിക വചനങ്ങളുടെ ദൈവികതയെ നിഷേധിക്കുവാന്‍ ഒരു നിലക്കും ഉപകാരപ്പെടുകയില്ലെന്ന് ഓറിയന്റലിസ്റ്റുകള്‍ നിര്‍മിച്ച സിറിയന്‍ യാത്രാ കഥകള്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ നാം വിശദമായി വ്യക്തമാക്കിയതാണ്. പരിശുദ്ധ ക്വുര്‍ആനിന്റെ ഉള്ളടക്കവും ശൈലിയും മനുഷ്യനിഷ്പന്നമാവുക അസാധ്യമാണ് എന്നതിനാല്‍ സയ്ദില്‍ നിന്നും വറക്വയില്‍ നിന്നും ക്രിസ്തുമതജ്ഞാനം പ്രവാചകന് കിട്ടിയിരുന്നു എന്ന വിമര്‍ശകസിദ്ധാന്തത്തെ അപ്പടി സ്വീകരിച്ചാല്‍ പോലും അത് ക്വുര്‍ആനിലെ പൂര്‍വപ്രവാചക കഥനങ്ങള്‍ക്കോ ജൂത-ക്രിസ്തുമതാപഗ്രഥനങ്ങള്‍ക്കോ ഉള്ള വിശദീകരണമാവുകയില്ല. പ്രവാചകന്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ തന്റെ ചുറ്റുപാടുമുള്ളവരില്‍ നിന്ന് എന്തെല്ലാം പഠിച്ചു എന്നതല്ലാതെ, മറിച്ച് വെളിപാടുകളായി അദ്ദേഹം ലോകത്തിനുമുന്നിലവരതിപ്പിച്ച വചനങ്ങളുടെ സ്രോതസ്സ് ദൈവമല്ലാതെ മറ്റാരാണ് എന്നതാണ് മര്‍മപ്രധാനമായ വിഷയമെന്ന കാര്യം പോലും ഇത്തരം ‘കണ്ടെത്തലുകള്‍’ക്കായുള്ള ‘ഗവേഷണ’ബഹളങ്ങള്‍ക്കിടയില്‍ നബിവിമര്‍ശകര്‍ മറന്നുപോവുകയാണ്.

പ്രവാചകന്‍ പ്രകൃതിയില്‍ നിന്നോ സഹജീവികളില്‍ നിന്നോ നേടിയെടുത്ത വിവരങ്ങളൊന്നുമല്ല ക്വുര്‍ആന്‍ വചനങ്ങളായി അദ്ദേഹം ലോകത്തെ കേള്‍പിച്ചത് എന്ന് ക്വുര്‍ആനിന്റെ ഉള്ളടക്കവും ശൈലിയും എത്ര നിശിതമായി വിശകലനം ചെയ്താലും ആര്‍ക്കും ബോധ്യപ്പെടും. പ്രസ്തുത വിശകലനത്തിനാണ് നബിവിമര്‍ശകര്‍ ഒന്നാമതായി സന്നദ്ധമാകേണ്ടത്. ക്വുര്‍ആനിന്റെ രചന പ്രവാചകനിലോ ചുറ്റുമുള്ളവരിലോ ആരോപിക്കുവാന്‍ ചരിത്രം ചികയുന്നത് വ്യര്‍ത്ഥമാണെന്ന് ആ വിശകലനം അവരെ ബോധ്യപ്പെടുത്താതിരിക്കില്ല. ഒരു സയ്ദിനെയോ വറക്വയെയോ പരിചയമുണ്ടായാല്‍ നടക്കുന്നതായിരുന്നു ക്വുര്‍ആനിന്റെ രചനയെങ്കില്‍ അത്തരത്തിലുള്ള പലരെയും പരിചയമുണ്ടായിരുന്ന, എത്രപേരെ വേണമെങ്കിലും സംഘടിപ്പിക്കാമായിരുന്ന അറേബ്യന്‍ സാഹിത്യസാമ്രാട്ടുകള്‍ക്ക് ക്വുര്‍ആനിനെപ്പോലൊരു ഗ്രന്ഥം കൊണ്ടുവരാനുള്ള പ്രവാചകന്റെ വെല്ലുവിളിയെ വളരെയളുപ്പത്തില്‍ മറികടക്കാന്‍ കഴിയുമായിരുന്നുവെന്നതാണ് വസ്തുത. അങ്ങനെയല്ല പക്ഷേ സംഭവിച്ചതെന്ന് ചരിത്രത്തില്‍ നിന്ന് വ്യക്തമാണല്ലോ.

മക്കയില്‍ ക്രൈസ്തവരുടെ സാമൂഹ്യസാന്നിധ്യമുണ്ടായിട്ടില്ല എന്നും സിറിയന്‍ യാത്രകളില്‍ നിന്നാണ് പ്രവാചകന്‍ ജൂത-ക്രൈസ്തവ മതങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ക്വുര്‍ആനില്‍ ഉള്‍ചേര്‍ത്തതെന്ന സിദ്ധാന്തം അത്യന്തം പരിഹാസ്യമാണെന്നും ബോധ്യമുള്ളതുകൊണ്ടാണ് മക്കയില്‍ തന്നെ പ്രവാചകന് ‘വിവരദായകരെ’ സങ്കല്‍പിക്കുവാന്‍ കഴിയുന്നതിലുള്ള ആവേശത്തോടെ ചില നബിവിമര്‍ശകര്‍ സയ്ദിന്റെയും വറക്വയുടെയും കഥകള്‍ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ക്വുര്‍ആനിന്റെ രചനക്ക് ഒരു നിലയ്ക്കും വിശദീകരണമാകാന്‍ കഴിയാത്ത, ഒരു മനുഷ്യന്‍ എന്നനിലയില്‍ പലരില്‍ നിന്നും പലതും മനസ്സിലാക്കിയ  കൂട്ടത്തില്‍ ഈ രണ്ടുപേരില്‍ നിന്നും പ്രവാചകന്‍ ജൂത-ക്രൈസ്തവ വിശ്വാസങ്ങളെക്കുറിച്ച് ചിലതെല്ലാം മനസ്സിലാക്കിയിട്ടുണ്ടാകാം എന്ന ജീവചരിത്രപരമായ അറിവുമാത്രമാണ് ഈ ഗവേഷണം എത്ര കടന്നാലും സ്ഥാപിക്കുക എന്ന് നാം സൂചിപ്പിച്ചു. എന്നാല്‍ ആ ‘അറിവു’പോലും സയ്ദിനെയും വറക്വയെയും സംബന്ധിച്ച് പ്രവാചകനുമായി ബന്ധപ്പെടുത്തി ചരിത്രം നല്‍കുന്നില്ല എന്നതാണ് വാസ്തവം.

ആരാണ് സയ്ദ്ബ്‌നു ഹാരിഥ (റ)? ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രസിദ്ധനായ  പ്രവാചകാനുചരന്‍മാരിലൊരാള്‍. അദ്ദേഹം പ്രവാചകന് എന്തെങ്കിലും ക്രിസ്തുമതാറിവുകള്‍ പകര്‍ന്നു നല്‍കിയതായി വ്യക്തമാക്കുന്ന ഒരൊറ്റ ചരിത്രരേഖയുമില്ല. ഇസ്‌ലാം പൂര്‍വകാലത്ത് ജൂതനോ ക്രിസ്ത്യാനിയോ ആയി ജീവിച്ച വ്യക്തിയുമല്ല അദ്ദേഹം. അദ്ദേഹത്തിന്റെ മാതാപിതാക്കളും ജൂതന്‍മാരോ ക്രിസ്ത്യാനികളോ അല്ല. നജ്ദിലെ കല്‍ബ് ഗോത്രത്തില്‍ യമനീ വേരുകളുള്ള ഒരു അറബ് കുടുംബത്തില്‍ ഒരു സാധാരണ അറബിയായിട്ടാണ് സയ്ദ് ജനിച്ചതും വളര്‍ന്നതും. പിതാവ് ഹാരിഥയുടെയും മാതാവ് സുഅ്ദ ബിന്‍ത് ഥഅ്‌ലബയുടെയും കുടുംബങ്ങള്‍ തമ്മിലുണ്ടായ ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഉമ്മയുടെ കയ്യില്‍നിന്ന് ചില അക്രമികള്‍ കേവലം എട്ടുവയസ്സിനോടടുത്ത് പ്രായമുള്ള സമയത്ത് തട്ടിയെടുത്ത് മക്കയ്ക്കടുത്തുള്ള ഒരടിമച്ചന്തയില്‍ കൊണ്ടുവന്ന് വിറ്റതാണ് സയ്ദിനെ. പിന്നീടുള്ള സയ്ദിന്റെ ജീവിതം മക്കയിലാണ്. പില്‍ക്കാലത്ത് പ്രവാചകപത്‌നിയായിത്തീര്‍ന്ന ഖദീജ ബിന്‍ത് ഖുവയ്‌ലിദിനുവേണ്ടി അവരുടെ സഹോദരീപൂത്രന്‍ ഹക്കീം ആണ് സയ്ദിനെ അടിമച്ചന്തയില്‍ നിന്നുവാങ്ങിയത്. സ്വാഭാവികമായും ഖദീജയുടെ ഭൃത്യനായി അവരുടെ വീട്ടിലാണ് സയ്ദിന്റെ അവിടുന്നങ്ങോട്ടുള്ള ജീവിതം.

പ്രവാചകന്‍ അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ ഖദീജയെ വിവാഹം കഴിച്ച് അവര്‍ ഒരുമിച്ച് താമസമാക്കിയപ്പോള്‍ സയ്ദിനെ ഖദീജ പ്രവാചകന് സമ്മാനമായി നല്‍കി. പ്രവാചകന്റെ അധീനതയിലുള്ള അടിമയായാണ് സയ്ദ് പിന്നെ മക്കയില്‍ ജീവിക്കുന്നത്. ഇതാണ് സയ്ദ്ബ്‌നു ഹാരിഥ; ഇതാണ് അദ്ദേഹത്തിന് പ്രവാചകനുമായുള്ള ബന്ധം. സയ്ദിന്റെ വിപുലമായ ഗോത്രബന്ധങ്ങളില്‍ എവിടെയൊക്കെയോ ചിലര്‍ ഏതൊക്കെയോ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവരുണ്ടായിരുന്നുവെന്നും അവരില്‍നിന്ന് സയ്ദ് ധാരാളം ക്രിസ്തുമതജ്ഞാനങ്ങള്‍ എട്ടുവയസ്സിനകം സമ്പാദിച്ചുവെന്നും വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം അവ മുഹമ്മദിന് പകര്‍ന്നുകൊടുത്തുവെന്നുമാണ് ചില ഓറിയന്റലിസ്റ്റുകള്‍ സമര്‍ത്ഥിച്ചിട്ടുള്ളത്. ഓറിയന്റലിസ്റ്റുകള്‍ ക്രമത്തില്‍ പറയുന്ന ഈ മൂന്ന് വാദങ്ങളില്‍ ആദ്യത്തേതിനുമാത്രമാണ് അവര്‍ വസ്തുതാപരമായ തെളിവുകള്‍ ഹാജരാക്കാന്‍ ശ്രമിക്കുന്നത്. മറ്റേത് രണ്ടും യാതൊരു ചരിത്രാടിത്തറയുമില്ലാത്ത വന്യഭാവനകളാണ്. സങ്കല്‍പത്തിനും ഭാവനയ്ക്കുമാണെങ്കില്‍ പോലും ചില അടിസ്ഥാന ധാര്‍മികതകള്‍ ആവശ്യമില്ലേ? തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ബന്ദിയാക്കി അടിമച്ചന്തയില്‍ വില്‍ക്കപ്പെട്ട ഒരാള്‍ ആയുളുടെ അടിമജീവിതത്തിനുമുമ്പുള്ള അതിഹൃസ്വമായ ബാല്യത്തില്‍ അതിവിദൂരമായ ഗോത്രബന്ധങ്ങളിലെവിടെയോ ഉണ്ടായിരുന്ന ക്രിസ്തുമതത്തെക്കുറിച്ച് ‘നേടിയെടുക്കുക’യും പ്രായപൂര്‍ത്തിയാവുകയും ജീവിതസാഹചര്യങ്ങള്‍ അടിമുടി മാറുകയും ചെയ്തിട്ടും ‘അക്ഷരംപ്രതി ഓര്‍ത്തുവെക്കുക’യും ചെയ്ത വിവരങ്ങളാണ് ക്വുര്‍ആനിനെപ്പോലൊരു ഗ്രന്ഥത്തിന്റെ ഉള്ളടക്കം നിര്‍ണയിച്ചതെന്ന് സങ്കല്‍പിക്കുന്നവര്‍ സ്വയം പരിഹാസ്യരാവുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്? സയ്ദ്ബ്‌നു ഹാരിഥ(റ)യെ ക്വുര്‍ആനിലെ ക്രിസ്തുമത പ്രതിപാദനങ്ങളുടെ സ്രോതസ്സായി പ്രതിഷ്ഠിക്കുവാനുള്ള വിമര്‍ശകപരിശ്രമം മൂര്‍ത്തമായ തെളിവുകളുടെ അഭാവം അവരെ എത്രത്തോളം ഹതാശരാക്കുന്നുവെന്ന് മാത്രമാണ് വ്യക്തമാക്കുന്നതെന്ന് ചുരുക്കം.

സയ്ദ്ബ്‌നു ഹാരിഥ(റ)യെ സംബന്ധിച്ച് ഉപലബധമായ എല്ലാ വിവരങ്ങളും പ്രവാചകന്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചതായല്ല, മറിച്ച് പ്രവാചകവ്യക്തിത്വത്തില്‍ അഗാധമായി ആകര്‍ഷിക്കപ്പെട്ട് പ്രവാചകന്റെ ഉത്തമശഷ്യനായി സയ്ദ് മാറിയതിനെക്കുറിച്ചാണ് അസന്നിഗ്ധമായി സൂചിപ്പിക്കുന്നത്. പ്രവാചകനില്‍നിന്ന് പഠിക്കുവാന്‍ ധൃതിപ്പെട്ട സയ്ദ് ആണ്, പ്രവാചകനെ പഠിപ്പിച്ച സയ്ദ് അല്ല ചരിത്രത്തിലുള്ളത്. പ്രവാചകനെ കണ്ടുമുട്ടിയതുമുതല്‍ക്കുതന്നെ നബി വ്യക്തിത്വത്തിന്റെ വിശുദ്ധിയെയും സമഗ്രതയെയും കുറിച്ച് ആഴത്തില്‍ ബോധ്യം വരികയും ആ ബോധ്യം ജീവിതാന്ത്യം വരെ കെടാതെ കാക്കുകയും പ്രവാചകനിലുള്ള അടിയുറച്ച വിശ്വാസം കാരണമായി അദ്ദേഹത്തിനുവേണ്ടി എന്തും ചെയ്യാന്‍ സദാ സന്നദ്ധനായി നില്‍ക്കുകയും ചെയ്ത നിഷ്‌കളങ്കനായ പ്രവാചകാനുചരനാണ് ചരിത്രത്തിലെ സയ്ദ്ബ്‌നു ഹാരിഥ. പ്രവാചകന്റെ വെളിപാടുകളുടെ അവലംബം തന്നില്‍ നിന്ന് ലഭിച്ച വിവരങ്ങളാണെന്ന് ബോധ്യമുള്ള ഒരാളുടെ യാതൊരു ലക്ഷണവും ചരിത്രത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുള്ള സയ്ദിന്റെ ജീവിതത്തില്‍ നാം കാണുന്നില്ല.

പരസ്പരം നിഷ്‌കളങ്കത ബോധ്യപ്പെട്ടുള്ള പ്രാവചകന്റെയും സയ്ദിന്റെയും ഹൃദയഹാരിയായ ആത്മബന്ധം മക്കയില്‍ മുഴുവന്‍ പ്രശസ്തമായിരുന്നു. ‘ഹിബ്ബുറസൂലില്ലാഹ്’ (അല്ലാഹുവിന്റെ ദൂതന്റെ പ്രിയപ്പെട്ടവന്‍) എന്നാണ് സയ്ദ് (റ) ചരിത്രത്തില്‍ അറിയപ്പെടുന്നതുതന്നെ. ഭൃത്യനായി പ്രവാചകന്റെ കൂടെ ജീവിതമാരംഭിച്ച കാലം മുതല്‍ക്കുതന്നെ പ്രവാചകന്റെ വ്യക്തിവിശുദ്ധിയെക്കുറിച്ച് ബോധ്യം വന്നതുകൊണ്ടാണ് സയ്ദിന് മനസ്സിന്റെ ആഴങ്ങളില്‍നിന്ന് അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും നിര്‍ഗളിച്ചത്; അതുതന്നെയാണ് അവര്‍ തമ്മിലുള്ള ഗാഢസൗഹൃദത്തിന്റെ അടിത്തറ കെട്ടിയതും. പ്രവാചകത്വപൂര്‍വകാലത്ത്, ചെറുപ്പത്തില്‍ തങ്ങളില്‍ നിന്ന് വേര്‍പെട്ടുപോയ സയ്ദ് മക്കയില്‍ മുഹമ്മദിന്റെ കൂടെയുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹത്തെ തിരിച്ചുകൊണ്ടുപോകാന്‍ വന്ന പിതാവടക്കമുള്ള വീട്ടുകാരെ, നബി(സ)യെ പിരിയാന്‍ തനിക്കാവില്ലെന്നും തന്നെക്കുറിച്ച് യാതൊരാകുലതയുമാവശ്യമില്ലെന്നും അത്രയും കറകളഞ്ഞ ഒരു രക്ഷിതാവിനെയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി തിരിച്ചയച്ച സയ്ദിന്റെ (റ) ചരിത്രപ്രസിദ്ധമായ നടപടി, നബി വ്യക്തിത്വത്തെക്കുറിച്ച് വര്‍ഷങ്ങളുടെ സഹവാസം വഴി അദ്ദേഹത്തില്‍ അടിയുറച്ചുവന്ന ബോധ്യമാണ് കാണിക്കുന്നത്. തന്നെക്കാള്‍ പത്തുവയസ്സോളം പ്രായം കുറവുള്ള സയ്ദിനെ ഒരനിയനെയോ മകനെയോ പോലെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത പ്രവാചകത്വപൂര്‍വ നബിജീവിതത്തില്‍ കൃത്രിമത്വത്തിന്റെയോ തട്ടിപ്പിന്റെയോ ചെറിയ ലാഞ്ചനപോലും സയ്ദിനനുഭവപ്പെട്ടില്ല എന്നതിന്റെ രേഖയാണീ സംഭവം. പ്രവാചകന് വെളിപാട് ലഭിച്ചുതുടങ്ങുകയും അദ്ദേഹം തന്റെ പ്രവാചകത്വം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ഉടനടി അദ്ദേഹത്തില്‍ വിശ്വസിച്ച ഒരാള്‍ സയ്ദ് ആയിരുന്നുവെന്ന വസ്തുതയെ ഇതിനോട് ചേര്‍ത്തുവായിക്കുക. ഓറിയന്റലിസ്റ്റുകള്‍ സങ്കല്‍പിക്കുന്ന ഛായയില്‍ വരക്കുക അസാധ്യമാണ് സയ്ദിന്റെ (റ) പ്രവാചകനുമായുള്ള ബന്ധമെന്ന കാര്യം ഇതില്‍ നിന്നെല്ലാം സുതരാം വ്യക്തമാണ്. പിന്നീട് മരിക്കുവോളം തിരുനബി(സ)യുടെ വിശ്വസ്തനായ സന്തതസഹചാരിയാണ് സയ്ദ് (റ).

മക്കയില്‍ പീഡനങ്ങള്‍ കനത്തപ്പോള്‍ ത്വാഇഫിലേക്ക് അഭയം തേടിപ്പോകുമ്പോഴും അവിടെ നിന്ന് കല്ലേറുകൊണ്ട് മടങ്ങിവരുമ്പോഴും പ്രവാചകന്റെ നിഴലായി കൂടെയുണ്ട് സയ്ദ്ബ്‌നു ഹാരിഥ. സയ്ദിനോടുള്ള ഇഷ്ടം കാരണം പ്രവാചകത്വപൂര്‍വകാലത്ത് നബി (സ) അദ്ദേഹത്തെ തന്റെ ദത്തുപുത്രനായി പ്രഖ്യാപിച്ച കാര്യം പ്രസിദ്ധമാണ്. പില്‍ക്കാലത്ത് മദീന കാലഘട്ടത്തില്‍ ക്വുര്‍ആനില്‍ ദത്തുപുത്ര സമ്പ്രദായം നിരോധിക്കുകയും സയ്ദ് (റ) വിവാഹമോചനം ചെയ്ത് സയ്‌നബ്(റ)നെ പ്രവാചകന്‍  വിവാഹം  ചെയ്തുകൊണ്ട് നിരോധനത്തിന്റെ  സാമൂഹ്യമായ അംഗീകാരം നേടിയെടുക്കണമെന്ന് കല്‍പ്പിക്കുകയും ചെയ്യുന്ന വചനങ്ങള്‍ സയ്ദിന്റെ പേരടക്കമുദ്ധരിച്ചുകൊണ്ട് അവതരിപ്പിക്കപ്പെടുകയും  അത് അറേബ്യയിലൊന്നടങ്കം പ്രവാചകന്റെ ശത്രുക്കള്‍ വന്‍വിവാദമാക്കുകയും ചെയ്തപ്പോഴും സയ്ദ് (റ) നബി(സ)യുടെ കൂടെ അടിയുറച്ചു നിന്നുവെന്ന വസ്തുത, ഓറിയന്റലിസ്റ്റ് ഭാവനകളെ മുഴുവന്‍ കശക്കിയെറിയുന്നെണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണാര്‍ത്ഥം നബി (സ) നിയോഗിച്ചയച്ച അനേകം  സൈനിക ദൗത്യ സംഘങ്ങളുടെ നായകസ്ഥാനത്തുണ്ടായിരുന്നയാള്‍  കൂടിയാണ് സയ്ദ്(റ). പ്രതിബദ്ധതയില്‍ നബി(സ)ക്ക്  യാതൊരു  സംശയവുമില്ലാതിരുന്ന, പ്രവാചകനിലും വെളിപാടുകളിലുമുള്ള അടിയുറച്ച വിശ്വാസം കാരണം ഇസ്‌ലാമിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ പോലും സദാസന്നദ്ധനായിരുന്ന കളങ്കരഹിതനായ ഭക്തമുസ്‌ലിം ആയിരുന്നു സയ്ദ് (റ) എന്നര്‍ത്ഥം.

ഹിജ്‌റ എട്ടാം വര്‍ഷം പ്രസിദ്ധമായ മുഅ്താ യുദ്ധത്തില്‍ രണ്ടു ലക്ഷത്തോളം വരുന്ന ക്രൈസ്തവ ബയ്‌സന്റയ്ന്‍ പടയാളികളോട് മൂവായിരത്തോളം മാത്രം വരുന്ന മുസ്‌ലിം സേനയെവെച്ച് സേനാനായകസ്ഥാനത്തിരുന്ന് പൊരുതവെ രക്തസാക്ഷിത്വം വരിച്ചുകൊണ്ടാണ് സയ്ദിന്റെ മരണമെന്ന സത്യമെങ്കിലും പരിഗണിച്ചിരുന്നുവെങ്കില്‍ സയ്ദിനെക്കുറിച്ച്  ഇത്തരമൊരു കഥ വിമര്‍ശകര്‍ക്ക് മെനയാന്‍ കഴിയുമായിരുന്നില്ലെന്നതല്ലേ യാഥാര്‍ത്ഥ്യം?

ഇനി വറക്വത്ബ്‌നു നൗഫലിന്റെ കാര്യത്തിലേക്കു വരാം. പ്രവാചക പത്‌നി ഖദീജ(റ)യുടെ പിതൃപുത്രനായിരുന്നു ഖുറയ്ശ് ഗോത്രക്കാരനും മക്കകാരനും തന്നെയായിരുന്നു വറക്വത്ബ്‌നു നൗഫല്‍. വറക്വ, ജാഹിലിയ്യാ അറബികളുടെ വിഗ്രഹാരാധനയോട് വിരക്തി പ്രകടിപ്പിച്ച് ഏകദൈവാരാധനയുള്‍ക്കൊള്ളുകയും അതിന് ഇബ്‌റാഹീമി പൈതൃകത്തിന്റെ പിന്തുണ അവകാശപ്പെടുകയും  ചെയ്തിരുന്ന മക്കന്‍ ഹനീഫുകളില്‍ ഒരാളായിരുന്നുവെന്ന് പറയുന്ന നിവേദനങ്ങളുണ്ട്. മറ്റു ഹനീഫുകളില്‍നിന്ന് വ്യത്യസ്തമായി ജൂത-ക്രൈസ്തവ മതഗ്രന്ഥങ്ങള്‍ പഠിക്കുകയും അവയില്‍ നിന്ന് ഏകദൈവാരാധനയുടെ വഴി നിര്‍ധരിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വറക്വ എന്നു സൂചിപ്പിക്കുന്ന നിവേദനങ്ങളുമുണ്ട്. അദ്ദേഹം വേദക്കാരുടെ  മതം പിന്തുടര്‍ന്നിരുന്നുവെന്ന് തന്നെ ചില ചരിത്ര പണ്ഡിതന്‍മാര്‍ക്കഭിപ്രായമുണ്ട്. വറക്വക്ക് ഹിബ്രു ഭാഷയില്‍ പ്രാവീണ്യമുണ്ടായിരുന്നുവെന്നും വേദക്കാരുടെ മതഗ്രന്ഥങ്ങള്‍ അദ്ദേഹം ഹിബ്രുവില്‍ പകര്‍ത്തിയെഴുതിരുന്നുവെന്നും  ആയിശ(റ)യില്‍ നിന്നുദ്ധരിക്കപ്പെടുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഫദീഥിലുണ്ട്. (കിതാബുല്‍ വഹ്‌യ്).

ഇദ്ദേഹത്തില്‍ നിന്ന് നബി(സ)ക്ക് എന്ത് വിവരങ്ങള്‍ കിട്ടിയെന്നാണ് വിമര്‍ശകര്‍ക്ക് സ്ഥാപിക്കാനാവുക? ബൈബിള്‍ പഴയ-പുതിയ നിയമഗ്രന്ഥങ്ങളിലെ വിവരങ്ങള്‍ കിട്ടിയെന്നാണ് പരമാവധി പോയാല്‍ തെളിയിക്കാന്‍ കഴിയുക. എന്നാല്‍ ബൈബിള്‍ പരിജ്ഞാനം കുര്‍ആനിന്റെ രചനയ്ക്ക്  ഒരു നിലയ്ക്കും  വിശദീകരണമാവുകയില്ല എന്ന് സിറിയന്‍ സമ്പര്‍ക്ക ചര്‍ച്ചയെ വിശകലനം ചെയ്തപ്പോള്‍ നാം വ്യക്തമാക്കിയതാണ്.  ഇനി, ഒരു വൈജ്ഞാനികാന്വേഷണം എന്ന നിലയില്‍  നബി (സ) വറക്വയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയങ്ങള്‍ ആര്‍ജ്ജിച്ചതിന് ചരിത്രത്തില്‍ രേഖയുണ്ടോ എന്ന് നാം പരിശോധിക്കുക. ഇല്ല! ബൈബിളികമോ അല്ലാത്തതോ ആയ ഒരു ജൂത/ക്രിസ്തുമത പാഠവും  വറക്വ നബി(സ)ക്ക്  പറഞ്ഞുകൊടുത്തതായി ഒരു തെളിവും ചരിത്രത്തിലില്ല. കേവലം ഭാവനകള്‍ മാത്രമാണ് നബിവിമര്‍ശകരുടെ ‘വറക്വ തിസീസുകളില്‍’ മുഴുവനുമുള്ളത്. നബി(സ)യും വറക്വത്ബ്‌നു നൗഫലും തമ്മില്‍  നടന്നതായി തെളിവുള്ള സമ്പര്‍ക്കം പ്രവാചകത്വലബ്ധിക്കുശേഷമുള്ളതാണ്.

വാര്‍ധക്യവും അന്ധതയുംകൊണ്ട്  വറക്വ വിശ്രമജീവിതം നയിക്കുന്ന സമയത്താണ് പ്രവാചകന്റെ മുന്നില്‍  ഹിറാഗുഹയില്‍ വെച്ച് ജിബ്‌രില്‍ എന്ന മലക്ക് പ്രത്യക്ഷപ്പെടുന്നതും ക്വുര്‍ആന്‍ അവതരണത്തിന്  നാന്ദി കുറിക്കുന്നതും എന്ന് വറക്വയെ പരാമര്‍ശിക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലെ പരാമൃഷ്ട നിവേദനത്തിലുണ്ട്. ഖജീദ (റ) നബി(സ)യെയും കൂട്ടി വറക്വയുടെയടുക്കല്‍ പോകുന്നതും പ്രവാചകന്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ വറക്വയെ കേള്‍പ്പിക്കുന്നതുമാണ് കഥാ സന്ദര്‍ഭം. വറക്വയുടെ പ്രതികരണം ഹഥീസ് രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ”ഇത് മൂസായുടെ (മോശയുടെ) അടുത്തേയ്ക്ക് അല്ലാഹു പറഞ്ഞയച്ച ‘നാമൂസ്’ (ജിബ്‌രീല്‍ മലക്ക്) ആണ്. ഞാന്‍ ഇപ്പോള്‍ എന്റെ യൗവ്വനത്തിലായിരുന്നെങ്കില്‍ എത്ര  നന്നായിരുന്നേനെ! താങ്കളുടെ ജനത താങ്കളെ നാട്ടില്‍നിന്ന് പുറത്താക്കുമ്പോള്‍ ഞാന്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍!” തന്റെ ജനത തന്നെ പുറത്താക്കുകയോ എന്ന് നബി (സ) വറക്വയോട് ചോദിച്ചു. അപ്പോള്‍  അദ്ദേഹം പറഞ്ഞു: ”അതെ, താങ്കള്‍ക്ക് വന്നു കിട്ടിയതുപോലുള്ള സന്ദേശങ്ങള്‍ പ്രബോധനം ചെയ്ത ആരും ശത്രുത സമ്പാദിക്കാതിരുന്നിട്ടില്ല. താങ്കളുടെ  ദിവസത്തിന് സാക്ഷിയാകാന്‍  എനിക്കായുസ്സുണ്ടെങ്കില്‍  എന്റെ കഴിവിന്റെ പരമാവധി ഞാന്‍ താങ്കളെ സഹായിക്കും.” എന്നാല്‍ അധികം കഴിയുന്നതിനുമുമ്പേ വറക്വ മരണപ്പെടുകയാണ് ചെയ്തതെന്ന് ഹഥീസ് രേഖപ്പെടുത്തുന്നു. (സ്വഹീഹുല്‍ ബുഖാരി/കിതാബുല്‍ വഹ്‌യ്)

വറക്വയും നബി(സ)യും തമ്മില്‍ നടന്നതായി ചരിത്രത്തില്‍ ആധികാരികമായ രേഖയുള്ള സംഭാഷണം ഇതാണ്. ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്താണ് ?

1.    നബി(സ)ക്കുണ്ടായ ദിവ്യവെളിപാടിനെ വറക്വ ഒരിക്കലും സംശയിച്ചില്ല.

2.    വെളിപാടിനെ സംബന്ധിച്ച് ബൈബിള്‍  പഠനത്തില്‍ നിന്ന് ലഭിച്ച ധാരണകള്‍, മുഹമ്മദിനുണ്ടായത് ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പൂര്‍വ്വ പ്രവാചകന്മാര്‍ക്കുണ്ടായ ദൈവികാനുഭവം തന്നെയാണെന്ന് മനസ്സിലാക്കാന്‍  വറക്വയെ സഹായിച്ചു.

3.    വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച ബൈബിള്‍ പ്രവചനങ്ങള്‍, വിശേഷിച്ചും മോശയെപ്പോലുള്ള പ്രവാചകനെ സംബന്ധിച്ച സൂചനകള്‍, നബി(സ)യില്‍ പൂര്‍ത്തീകരിക്കപ്പടുന്നതായി  വറക്വ മനസ്സിലാക്കി. ക്വുര്‍ആനിന്റെ രചനയ്ക്ക് വറക്വ നബി(സ)യെ സഹായിച്ചു എന്ന വാദം പൊള്ളയാണെന്ന് ഒന്നാമത്തെ വസ്തുത സുതരാം വ്യക്തമാക്കുന്നു. രണ്ടും മൂന്നും വസ്തുതകളാകട്ടെ, നബി(സ)യുടെ സമകാലികനായിരുന്ന ഒരു ബൈബിള്‍  പണ്ഡിതന്‍  നബി(സ)യുടെ വ്യക്തിത്വവും അദ്ദേഹത്തിനുണ്ടായ വെളിപാടനുഭവവും ശ്രദ്ധിച്ച് അദ്ദേഹം  പ്രവാചകനാണെന്ന് സാക്ഷീകരിച്ചുവെന്ന് തെളിയിക്കുന്നു. ബൈബിളിന്റെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ വറക്വയില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് പ്രവാചകനെ നിന്ദിക്കുന്നത് അന്ധമായ  കുടിപ്പക കൊണ്ടാണെന്നും ബൈബിള്‍ വചനങ്ങളൊന്നും തന്നെ മുഹമ്മദ്  നബി(സ)യുടെ പ്രവാചകത്വത്തെ സത്യപ്പെടുത്തുകയല്ലാതെ  നിരാകരിക്കുന്നില്ലെന്നുമാണ് വറക്വയുടെ ചരിത്രം ആത്യന്തികമായി തെളിയിക്കുന്നതെന്ന് ചുരുക്കം. നബിവിമര്‍ശകര്‍ ഉദ്ദേശിക്കുന്നതിന് നേര്‍വിപരീതമായ കാര്യങ്ങള്‍ മാത്രമാണ് ആ ചരിത്രത്തില്‍ നിന്ന് നിര്‍ധരിച്ചെടുക്കാനാവുക. അവരാഗ്രിക്കുന്ന യാതൊന്നും അതിലില്ല തന്നെ!

സയ്ദ്ബ്‌നു ഹാരിഥ(റ)യും വറക്വത്ബ്‌നു നൗഫലും മക്കകാര്‍ക്ക് സുപരിചിതരായിരുന്ന വ്യക്തിത്വങ്ങളാണ്. നബി(സ)യുടെ പ്രവാചകത്വാരംഭത്തില്‍ തന്നെ അതിനെ സാക്ഷീകരിക്കുകയും പിന്തുണ പ്രഖ്യപിക്കുകയും ചെയ്ത വറക്വയാണ് നബി (സ) ഓതിക്കേള്‍പ്പിക്കുന്ന ഖുര്‍ആന്‍ വചനങ്ങളുടെ ആശയസ്രോതസ്സെന്ന് വാദിക്കാന്‍ മക്കയില്‍ ക്വുര്‍ആനെതിരെ ആരോപണങ്ങളുന്നയിക്കുവാന്‍  സകല സാധ്യതകളും തിരഞ്ഞുനടന്ന പ്രഗല്‍ഭരായ പ്രവാചകശത്രുക്കളൊന്നും ഒരിക്കലും സന്നദ്ധമാകാതിരുന്നതെന്തുകൊണ്ടാണ്? നബി(സ)യുടെ യൗവ്വനം  മുതല്‍ അദ്ദേഹത്തിന്റെ  സന്തത സഹചാരിയായിരുന്ന, മദീനയില്‍ ജൂതന്‍മാര്‍ക്കിടയില്‍ വരെ പ്രവാചകന്റെ കൂടെ എട്ടുവര്‍ഷം ജീവിച്ച, പ്രവാചകവിയോഗത്തിന് കേവലം  രണ്ടു വര്‍ഷം മുമ്പുമാത്രം ഈ ലോകത്തോട് വിട പറഞ്ഞ സയ്ദ്ബ്ന്‍ ഹാരിഥ(റ)യെ ചൂണ്ടി മക്കയിലെയോ മദീനിയിലെയോ ബഹുദൈവാരാധകരോ മദീനയിലെ ജൂതന്‍മാരോ ഒന്നും ഒരിക്കലും അദ്ദേഹമാണ് നബി(സ)യുടെ നാവില്‍  നിന്ന് കേള്‍ക്കുന്ന ചില ക്വുര്‍ആന്‍  വചനങ്ങളുടെ  വൈജ്ഞാനിക സ്രോതസ്സെന്ന് ആരോപിക്കാതിരുന്നതെന്തുകൊണ്ടാണ്? ഓറിയന്റലിസ്റ്റുകളും മിഷനറിമാരും കണ്ടെടുക്കുന്ന പുതിയ ‘സാധ്യതകള്‍’ ചരിത്രത്തിന്റെ ലിറ്റ്മസ് ടെസ്റ്റിനെ അതിജീവിക്കുവാനുള്ള ദുര്‍ബലമായ ശേഷിപോലും ഇല്ലാത്തവയായിത്തീരുന്നതില്‍ സഹതപിക്കുക നാം!

അബ്രഹാം പ്രവാചകന്‍ ഭാര്യ ഹാജറിനെയും പുത്രന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും ഇസ്മാഈലിനെയും കൂട്ടി അവിടെ കഅ്ബ സ്ഥാപിച്ചുവെന്നും അതിനു ചുറ്റുമാണ് മക്കന്‍ നാഗരികത വളര്‍ന്നുവന്നതെന്നുമുള്ള മുഹമ്മദ് നബി(സ)യുടെ വിശദീകരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബൈബിള്‍ തെളിയിക്കുന്നുവെന്ന മിഷനറിമാരുടെ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഹാജറും ഇസ്മാഈലും ഇബ്രാഹീമിനാല്‍ ഉപേക്ഷിക്കപ്പെട്ടത് മക്കയിലല്ലെന്ന് ബൈബിള്‍ വചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നില്ലേ?

ല്ല. അബ്രഹാം ഹാജറിനെയും ഇസ്മാഈലിനെയും കൊണ്ടുപോയി പാര്‍പ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ വചനങ്ങളില്‍ നിന്ന് മനസ്സിലാകുന്നുണ്ടെന്നും അതിനാല്‍ ഇബ്‌റാഹീമും ഇസ്മാഈലും ചേര്‍ന്നാണ് കഅ്ബ നിര്‍മിച്ചതെന്ന പ്രവാചകന്‍(സ)യുടെ അധ്യാപനം അടിസ്ഥാനരഹിതമാണെന്നും സമര്‍ത്ഥിക്കുവാനാണ് മിഷനറിമാര്‍ ശ്രമിച്ചുവരാറുള്ളത്. കഅ്ബയുടെ അബ്രഹാമിക പശ്ചാത്തലം മുഹമ്മദ് നബി(സ)ക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അറബികള്‍ക്കും അവരെ പരിചയമുണ്ടായിരുന്നവര്‍ക്കും ബോധ്യമുണ്ടായിരുന്നതാണെന്നും കഅ്ബ ഏകദൈവാരാധനക്കുവേണ്ടി അബ്രഹാം സ്ഥാപിച്ചതാണെന്ന വസ്തുതയെ നിരാകരിക്കുന്ന യാതൊരു ചരിത്രരേഖയുമില്ലെന്നും നാം നേരത്തെ കണ്ടുകഴിഞ്ഞു. മുഹമ്മദ് നബി (സ) പുതുതായി അവതരിപ്പിച്ച ഒരു വാദത്തെയല്ല, മറിച്ച് അറബികള്‍ക്കും ചരിത്രത്തിനും തര്‍ക്കമില്ലാത്ത ഒരു യാഥാര്‍ത്ഥ്യത്തെയാണ് മിഷനറിമാര്‍ ബൈബിളുപയോഗിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്നാണിതിനര്‍ത്ഥം. കഅ്ബ ഇബ്‌റാഹീമും ഇസ്മാഈലും ചേര്‍ന്ന് സ്ഥാപിച്ചതല്ലെന്ന് പറയാന്‍ മിഷനറിമാരുടെ കയ്യില്‍ ബൈബിളല്ലാത്ത യാതൊരു പ്രണാണവുമില്ല. അതുകൊണ്ടുതന്നെ, ബൈബിള്‍ പ്രമാദങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമായ ചരിത്രസ്രോതസ്സാണെങ്കില്‍ മാത്രമേ ഈ വാദത്തിന് എന്തെങ്കിലും പ്രസക്തിയുണ്ട് എന്നു പറയാനാകൂ.

ക്വുര്‍ആന്‍ പ്രപഞ്ചനാഥനായ അല്ലാഹു മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമാണെന്നാണ് ക്വുര്‍ആനും മുഹമ്മദ് നബി(സ)യും പഠിപ്പിച്ചിട്ടുള്ളത്; മുസ്‌ലിം ലോകം നാളിതുവരെയായി അങ്ങനെയാണ് മനസ്സിലാക്കി വന്നിട്ടുള്ളതും. ബൈബിള്‍ ക്രൈസ്തവരുടെ വേദഗ്രന്ഥമാണെന്നാണ് പറയപ്പെടാറുള്ളതെങ്കിലും അത് പ്രപഞ്ചരക്ഷിതാവിന്റെ വചനങ്ങളുടെ സമാഹാരമാണെന്ന് ബൈബിളെഴുത്തുകാര്‍ക്കോ ക്രൈസ്തവലോകത്തിനുപോലുമോ അവകാശവാദമില്ല.

പ്രവാചകന്‍മാരുടെയും ഇസ്രയേല്‍ സമൂഹത്തിന്റെയും ചരിത്രം പല കാലങ്ങളിലായി മനുഷ്യര്‍ എഴുതിവെച്ചതിന്റെ സമാഹാരമാണ് ബൈബിള്‍ പഴയ നിയമം. ആ ചരിത്രം പറഞ്ഞുപോകുമ്പോള്‍ പ്രവാചകവചനങ്ങളായി അവരുടെ ഓര്‍മയിലുള്ള പലതും ബൈബിളില്‍ കടന്നുവരുന്നുണ്ടെന്ന് മാത്രമേയുള്ളൂ. അതാത് പ്രവാചകന്‍മാരുടെ മരണം കഴിഞ്ഞ് കാലങ്ങള്‍ പിന്നിട്ടതിനുശേഷമാണ് ബൈബിള്‍ പുസ്തകങ്ങള്‍ പലതും രചിക്കപ്പെട്ടത് എന്നതുകൊണ്ടുതന്നെ, ബൈബിളില്‍ നമുക്കിന്ന് വായിക്കാന്‍ കഴിയുന്ന പ്രവാചകചരിത്രത്തിലും അതിന്റെ ഭാഗമായി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന പ്രവാചക വചനങ്ങളിലും സ്ഖലിതങ്ങളുണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഇങ്ങനെ സ്ഖലിത സാധ്യതകളോടുകൂടി എഴുതപ്പെട്ടു എന്നതിനുപുറമെ, എഴുതപ്പെട്ടതിനുശേഷം പില്‍ക്കാലക്കാരുടെ തിരുത്തലുകള്‍ക്ക് നിരന്തരമായി വിധേയമായി എന്നത് ബൈബിള്‍ വിവരണങ്ങളുടെ ആധികാരികതയെ പിന്നെയും സംശയാസ്പദമാക്കുന്നു. സത്യസന്ധരായ ബൈബിള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ലാത്ത വസ്തുതകളാണിവയെല്ലാം. ബൈബിള്‍ പറയുന്നു എന്നതുകൊണ്ടുമാത്രം ഒരു കാര്യം ശരിയോ തെറ്റോ ആകണമെന്നില്ല എന്നു തന്നെയാണ് ഇതിന്റെയര്‍ത്ഥം.

ബൈബിള്‍ പറയുന്ന ചരിത്രത്തില്‍ അനേകം അബദ്ധങ്ങളുണ്ടെന്ന് ഇതിനകം ചരിത്രഗവേഷകര്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇബ്‌റാഹീം ഹാജറിനെയും ഇസ്മാഈലിനെയും കൊണ്ടുപോയി പാര്‍പ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ പറയുന്നതുകൊണ്ടു മാത്രം അത് മക്കയിലല്ല എന്നു വരികയില്ലെന്ന് ചുരുക്കം. ‘ഞങ്ങളുടെ ബൈബിള്‍ പറയുന്നു; അതിനാല്‍ ലോകം അത് അംഗീകരിക്കണം’ എന്നു പറയുന്ന ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഷ മിഷനറിമാരുടെ മനസ്സമാധാനത്തിനു മാത്രമേ ഉപകരിക്കൂ. ബൈബിള്‍ കുറ്റമറ്റ ചരിത്രസ്രോതസ്സാണെന്നും അതില്‍ യാതൊരുവിധ അബദ്ധവുമില്ലെന്നും തെളിയിക്കുവാന്‍ മിഷനറിമാര്‍ സന്നദ്ധമാകാത്തിടത്തോളം കാലം സത്യാന്വേഷികള്‍ അതിന് യാതൊരു വിലയും കല്‍പിക്കുകയില്ല.

ഇബ്‌റാഹീം നബി(അ)യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മക്കാ ബന്ധം നിഷേധിക്കുവാന്‍ മിഷനറിമാര്‍ ആശ്രയിക്കുന്നത് പഴയ നിയമത്തിലെ പഞ്ചപുസ്തകങ്ങളെയാണ്; കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ അവയില്‍ ആദ്യത്തേതായ ഉല്‍പത്തി പുസ്തകത്തെ. ഉല്‍പത്തി, പുറപ്പാട്, സംഖ്യ, ലേവ്യ, ആവര്‍ത്തനം എന്നിവയടങ്ങുന്ന പഞ്ചഗ്രന്ഥി തോറയാണെന്ന് സാമാന്യമായി പലരും പറഞ്ഞുപോകാറുണ്ടെങ്കിലും മോശെ പ്രവാചകനവതരിപ്പിക്കപ്പെട്ട തോറ അതേപടി സംരക്ഷിക്കപ്പെട്ടതല്ല, മറിച്ച് അതിലേക്ക് പല കാലങ്ങളിലായി പലതും പുരോഹിതന്‍മാര്‍ സ്വധാരണകള്‍ക്കനുസരിച്ച് എഴുതിച്ചേര്‍ത്തുണ്ടാക്കിയതാണ് പഞ്ചപുസ്തകങ്ങളുടെ ഉള്ളടക്കമെന്ന് ബൈബിള്‍ പണ്ഡിതന്‍മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആവര്‍ത്തന പുസ്തകത്തിലെ മുപ്പത്തിനാലാം അധ്യായത്തില്‍ മോശെയുടെ മരണത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ പോലുമുണ്ട്. മോശെക്ക് കര്‍ത്താവ് അവതരിപ്പിച്ചുകൊടുത്ത വചനങ്ങള്‍ അപ്പടി പരിരക്ഷിക്കപ്പെടുന്നതല്ല പഞ്ചഗ്രന്ഥങ്ങളെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. മോശെ പ്രവാചകനുശേഷവും പഞ്ചപുസ്തകങ്ങളില്‍ പലതും എഴുതിച്ചേര്‍ക്കപ്പെട്ടുവെന്ന് ചുരുക്കം.

അബ്രഹാമിനുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിച്ച മോശെയുടെ മരണശേഷവും പുരോഹിതന്‍മാര്‍ വചനങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുള്ള ഒരു പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ മാത്രം വെച്ച് അബ്രഹാം ഹാഗറിനെ കൊണ്ടുചെന്നാക്കിയത് മക്കയിലല്ല എന്നു തീരുമാനിക്കാന്‍ കഴിയുക എങ്ങനെയാണ്? പരിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞതെത്ര ശരിയാണ്! ”വേദക്കാരേ, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിനാണ് തര്‍ക്കിക്കുന്നത്? തൗറാത്തും ഇന്‍ജീലും അവതരിപ്പിക്കപ്പെട്ടത് അദ്ദേഹത്തിനു ശേഷം മാത്രമാണല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?  ഹേ; കൂട്ടരേ, നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തെപ്പറ്റി നിങ്ങള്‍ തര്‍ക്കിച്ചു. ഇനി നിങ്ങള്‍ക്ക് അറിവില്ലാത്ത വിഷയത്തില്‍ നിങ്ങളെന്തിന്ന് തര്‍ക്കിക്കുന്നു? അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല. ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ഹനീഫും മുസ്‌ലിമും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നിട്ടുമില്ല. തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും, (അദ്ദേഹത്തില്‍) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.” (ക്വുര്‍ആന്‍ 3 : 65-68)

ഹാജറിന്റെയും ഇസ്മാഈലിന്റെയും പാലായനമുണ്ടായത് മക്കയിലേക്കല്ലെന്ന് ബൈബിള്‍ പുസ്തകങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വാദിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് നമുക്ക് വ്യക്തമായി. ഇബ്‌റാഹീമിന്റെ ജീവിതത്തിലെ അറേബ്യന്‍ അധ്യായങ്ങള്‍ ബൈബിള്‍ നിരാകരിക്കുന്നുണ്ടോ എന്നാണ് ഇനി പരിശോധിക്കാനുള്ളത്. ഇശ്മയേലിന്റെ പുത്രനായി ബൈബിള്‍ പരിചയപ്പെടുത്തുന്ന കേദാറിന്റെ (ഉല്‍പത്തി 25 : 13, ദിനവൃത്താന്തം 1 : 29) സന്തതിപരമ്പരകള്‍ അറേബ്യയിലാണ് നിവസിക്കുന്നതെന്ന് ബൈബിളെഴുത്തുകാര്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നതാണ് വാസ്തവം. യെശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ ഇപ്പോള്‍ ‘അറേബ്യയെക്കുറിച്ചുള്ള സന്ദേശം’ എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ടുവരുന്ന വചനങ്ങള്‍ വായിക്കുക: ”അറേബ്യയെക്കുറിച്ചുളള അരുള്‍പാട്: ദദാന്യരായ സാര്‍ഥവാഹകരേ, നിങ്ങള്‍ അറേബ്യയിലെ കുറ്റിക്കാട്ടില്‍ വസിക്കും. തേമാന്യരേ, നിങ്ങള്‍ ദാഹിക്കുന്നവര്‍ക്ക് ജലം നല്‍കുവിന്‍, പാലായനം ചെയ്യുന്നവര്‍ക്ക് അപ്പം കൊടുക്കുവിന്‍. എന്തെന്നാല്‍, അവര്‍ ഊരിയ വാളില്‍ നിന്നും കുലച്ച വില്ലില്‍ നിന്നും യുദ്ധത്തിന്റെ നടുവില്‍ നിന്നും രക്ഷപെട്ട് ഓടുന്നവരാണ്. കര്‍ത്താവ് എന്നോട് അരുളിചെയ്തു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ, കണിശം ഒരു വര്‍ഷത്തിനുള്ളില്‍ കേദാറിന്റെ സര്‍വ മഹത്വവും നശിക്കും. കേദാറിന്റെ വില്ലാളിവീരന്‍മാരില്‍ ചുരുക്കം ചിലര്‍മാത്രം അവശേഷിക്കും. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണ് അരുളിചെയ്തിരിക്കുന്നത്.” (എശയ്യ 21 : 13-17).

ഫലസ്ത്വീനു പുറത്തുള്ള അറേബ്യന്‍ മരുപ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്നവരായാണ് ഇസ്മാഈലിന്റെ സന്തതിപരമ്പരകളെ ബൈബിളെഴുത്തുകാര്‍ മനസ്സിലാക്കിയിരുന്നതെന്ന് ഉല്‍പത്തി പുസ്തകം പൂര്‍ണമായി പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും. ബൈബിള്‍ പരാമര്‍ശിക്കുന്ന ഇസ്മാഈല്‍ സന്തതികളില്‍പ്പെട്ടവരാണ് മക്കയില്‍ നിവസിക്കുന്നതെന്ന് അവരെ പരിചയമുണ്ടായിരുന്ന ജൂതന്‍മാര്‍ക്കും ക്രൈസ്തവര്‍ക്കും ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് മദീനയിലെ ജൂതന്‍മാര്‍ മുതല്‍ പ്രാചീന റോമില്‍ ജീവിച്ച ജോസിഫസിനും സോസിമേമസിനും വരെ മക്കയുടെ അബ്രഹാമിക പൈതൃകത്തെ സംബന്ധിച്ച് സംശയങ്ങളുണ്ടാകാതിരുന്നത്. മിഷനറിമാര്‍ നൂറുശതമാനം ആധികാരികമെന്ന് വിശ്വസിക്കുന്ന ബൈബിള്‍ വിവരണങ്ങള്‍പോലും അറേബ്യയുടെ ഇസ്മാഈലി വേരുകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്ന് സാരം.

‘ഇശ്മയേല്‍ പാറാനിലെ മരുഭൂമിയില്‍ പാര്‍ത്തു’ എന്ന ബൈബിള്‍ വചനമാണ് (ഉല്‍പത്തി 21 : 20) ഇസ്മാഈലും ഹാജറും പാര്‍പ്പുറപ്പിച്ചത് മക്കയിലല്ലെന്ന് ബൈബിള്‍ സൂചിപ്പിക്കുന്നുവെന്ന് പറയാനായി മിഷനറിമാര്‍ ഉപയോഗിക്കാറുള്ളത്. ‘പാറാന്‍’ എന്ന പ്രയോഗം ബൈബിളില്‍ പലയിടങ്ങളിലായി കാണാന്‍ കഴിയും. അവിടെയെല്ലാം ബൈബിള്‍ ഉദ്ദേശിച്ചത് ഇന്ന് നമുക്ക് പരിചയമുള്ള ഏത് പ്രദേശത്തെയാണ് എന്ന് കൃത്യമായി നിര്‍ണയിക്കുവാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നതാണ് വാസ്തവം. ഇശ്മയേല്‍ പാര്‍ത്ത പാറാന്‍ ഏതാണെന്ന കാര്യത്തിലും ബൈബിള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അനേകം അഭിപ്രായവ്യത്യാസങ്ങളുണ്ട്. ‘പാറാന്‍’ എന്ന, ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലാത്ത, അനേകം അര്‍ത്ഥസാധ്യതകള്‍ അവശേഷിപ്പിക്കുന്ന അവ്യക്തമായ പ്രയോഗമാണ് ഇസ്മാഈല്‍ വളര്‍ന്ന പ്രദേശത്തെക്കുറിച്ച് ബൈബിള്‍ നടത്തുന്നതെന്നര്‍ത്ഥം. പാറാന്‍ കൊണ്ട് വിവക്ഷിക്കപ്പെട്ടത് ഇന്ന പ്രദേശമാണെന്ന് തറപ്പിച്ചു പറയാന്‍ നിര്‍വാഹങ്ങളൊന്നുമില്ലെന്നിരിക്കെ, ബൈബിളെഴുത്തുകാരന്‍ ഉദ്ദേശിച്ചത് മക്കയല്ലെന്ന് മിഷനറിമാര്‍ക്ക് തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്നതെങ്ങനെയാണ്? പാറാന്‍ ഒരു മരുഭൂമിയാണെന്ന അധികവിവരം മാത്രമാണ് പരാമൃഷ്ട ബൈബിള്‍ വചനത്തില്‍ നിന്നു ലഭിക്കുന്നത്. ആ വിവരമാകട്ടെ, പാറാന്‍ മക്കയാകാനുള്ള സാധ്യതയെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.

ഫലസ്ത്വീനിലെ ‘ബിഅ്ര്‍ ശബ’യാണ് പാറാന്‍ കൊണ്ട് ഉദ്ദേശിക്കപ്പെട്ടതെന്ന് ബൈബിള്‍ വചനങ്ങള്‍ തന്നെ വ്യക്തമാക്കുന്നതായി ചില മിഷനറിമാര്‍ വാദിച്ചുനോക്കാറുണ്ട്. പാറാന്‍ മരുഭൂമിയെക്കുറിച്ച് പറയുന്നതിനു തൊട്ടുമുമ്പ് ബൈബിള്‍ ഹാജറിന്റെ ബിഅ്ര്‍ ശബ അനുഭവങ്ങളെക്കുറിച്ച് പറയുന്നുവെന്നതാണ് അവരുടെ ന്യായം. വചനങ്ങള്‍ ഇപ്രകാരമാണ്: ”അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കുറേ അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗറിന്റെ തോളില്‍ വെച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി. ബിഅ്ര്‍ ശബ മരുപ്രദേശത്ത് അലഞ്ഞുനടന്നു. തുകല്‍ സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി. കുഞ്ഞ് മരിക്കുന്നത് എനിക്കു കാണാന്‍ വയ്യ എന്നുപറഞ്ഞ് അവള്‍ കുറേ അകലെ, ഒരു അമ്പെയ്ത്ത് ദൂരെച്ചെന്ന് എതിര്‍വശത്തേക്ക് തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗത്തില്‍ നിന്ന് ദൈവത്തിന്റെ ദൂതന്‍ അവളെ വിളിച്ചുപറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ട. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റ് കുട്ടിയെ കയ്യിലെടുക്കുക. അവനില്‍ നിന്ന് ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും. ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന് തുകല്‍ സഞ്ചി നിറച്ച്, കുട്ടിക്ക് കുടിക്കാന്‍ കൊടുത്തു. ദൈവം ആ കുട്ടിയോടു കൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്ന് സമര്‍ത്ഥനായൊരു വില്ലാളിയായിത്തീര്‍ന്നു. അവര്‍ പാറാനിലെ മരുഭൂമിയില്‍ പാര്‍ത്തു.” (ഉല്‍പത്തി 21 : 14-21).

ബിഅ്ര്‍ ശബയാണ് പാറാന്‍ എന്ന വാദം ഈ ബൈബിള്‍ ഖണ്ഡികയില്‍ നിന്ന് നിര്‍ധരിച്ചെടുക്കുന്നത് അബദ്ധമാണ് എന്നാണ് സൂഷ്മ വായനയില്‍ ബോധ്യപ്പെടുന്നത്. ഈ വാചകങ്ങള്‍ക്ക് തൊട്ടുമുകളിലുള്ള ബൈബിള്‍ വചനങ്ങള്‍ കൂടി പരിശോധിക്കുക: ”ഈജിപ്തുകാരിയായ ഹാഗാറില്‍ അബ്രഹാത്തിന് ജനിച്ച മകന്‍, തന്റെ മകനായ ഇസ്ഹാഖിനോടുകൂടെ കളിക്കുന്നത് സാറ കണ്ടു. അവള്‍ അബ്രഹാത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കിവിടുക. അവളുടെ മകന്‍ എന്റെ മകന്‍ ഇസ്ഹാഖിനോടൊപ്പം അവകാശിയാകാന്‍ പാടില്ല. തന്മൂലം മകനെയോര്‍ത്ത് അബ്രഹാം വളരെ അസ്വസ്ഥനായി. എന്നാല്‍, ദൈവം അബ്രഹാത്തിനോട് അരുളിചെയ്തു: കുട്ടിയെക്കുറിച്ചും നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ നീ ചെയ്യുക. കാരണം ഇസ്ഹാഖിലൂടെയാണ് നിന്റെ സന്തതികള്‍ അറിയപ്പെടുക. അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ.” (ഉല്‍പത്തി 21 : 9-13).

ഇശ്മയേലിനോടും ഹാജറിനോടും സാറയ്ക്ക് അസഹിഷ്ണുത തോന്നിയെന്നും തന്റെയും ഇസ്ഹാഖിന്റെയും ജീവിതപരിസരങ്ങളില്‍ നിന്ന് ഹാജറിനെയും ഇശ്മയേലിനെയും പുറത്താക്കാന്‍ സാറ അബ്രഹാമിനോട്  ആവശ്യപ്പെട്ടുവെന്നും ഇതില്‍ അസ്വസ്ഥനായ അബ്രഹാമിനെ, സാറയുടെ ആവശ്യം രണ്ട് വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ അബ്രഹാമിന്റെ രണ്ട് സന്തതിശാഖകള്‍ മഹാജനസഞ്ചയങ്ങളായി മാറുക എന്ന ദൈവിക പദ്ധതിയുടെ നിവൃത്തിയായി മാറുമെന്ന് പറഞ്ഞ് കര്‍ത്താവ് ആശ്വസിപ്പിച്ചുവെന്നും തദടിസ്ഥാനത്തില്‍ ഇസ്ഹാഖും സാറയും താമസിച്ചിരുന്ന നാട്ടില്‍ നിന്ന് വിദൂരവും സുരക്ഷിതവുമായ മറ്റൊരിടത്തേക്ക് അബ്രഹാം ഹാഗറിനെയും ഇശ്മയേലിനെയും പറഞ്ഞുവിട്ടുവെന്നും ആണ് ഉപര്യുക്ത ബൈബിള്‍ വചനങ്ങള്‍ വിശദീകരിക്കുന്നത്. ബൈബിള്‍പ്രകാരം ഹാഗറിന്റെയും ഇശ്മയേലിന്റെയും പാലായനത്തിന്റെ ലക്ഷ്യം തന്നെ സാറയുടെയും ഇസ്ഹാഖിന്റെയും ചുറ്റുവട്ടങ്ങളില്‍ നിന്ന് രക്ഷപെടലായിരുന്നുവെന്ന് സാരം.

ബിഅ്ര്‍ ശബ ഇസ്ഹാഖിന്റെയും സാറയുടെയും സ്വന്തം നാടാണെന്ന് ബൈബിളില്‍ നിന്ന് വ്യക്തമാണ്.  ബിഅ്ര്‍ ശബ ഉള്‍ക്കൊള്ളുന്ന ഫലസ്ത്വീന്‍ പ്രവിശ്യകളിലാണ് സാറയും ഇസ്ഹാഖും ഇസ്ഹാഖിന്റെ സന്തതിപരമ്പരകളും നിലനിന്നതെന്ന് ബൈബിളെഴുത്തുകാര്‍ സൂചിപ്പിക്കുന്നുണ്ട് (ഉല്‍പത്തി 25). ഇതിനര്‍ത്ഥമെന്താണ്? ബിഅ്ര്‍ ശബയില്‍ തന്നെ ഹാജറും ഇശ്മയേലും പാര്‍പ്പുറപ്പിച്ചാല്‍ അബ്രഹാം എന്തിനുവേണ്ടിയാണോ അവരെ വീട്ടില്‍ നിന്ന് പറഞ്ഞയച്ചത്, ആ ലക്ഷ്യം നിറവേറുകയില്ല എന്നല്ലേ? വാസ്തവത്തില്‍, ഫലസ്ത്വീനില്‍ നിന്ന് പാലായനം ആരംഭിക്കുന്ന ഹാജറും ഇശ്മയേലും  ബിഅ്ര്‍ ശബയില്‍ അലഞ്ഞുതിരിയുക എന്നത് വളരെ സ്വാഭാവികമാണ്; കാരണം അവര്‍ അതുവരെ ജീവിച്ച പ്രദേശമാണത്.

തോല്‍ സഞ്ചിയും കൈക്കുഞ്ഞുമായി  ബിഅ്ര്‍ ശബ മരുഭൂമിയിലൂടെ തന്നെയായിരിക്കണം ഹാജര്‍ പ്രയാണമാരംഭിച്ചിട്ടുണ്ടാവുക. എന്നാല്‍ വെള്ളം തീര്‍ന്നതും കിണറുകള്‍ കാണാതെ ഹാജറ അസ്വസ്ഥമായതും മലക്ക് പ്രത്യക്ഷപ്പെട്ടതുമെല്ലാം അവിടെ വെച്ചാണെന്ന് ബൈബിളെഴുത്തുകാര്‍ ഉദ്ദേശിച്ചിരിക്കണമെന്നില്ല. ഒന്നാമതായി, ബിഅ്ര്‍ ശബ അവര്‍ക്ക് ചിരപരിചിതമാണ്. രണ്ടാമതായി, ബിഅ്ര്‍ ശബ വെള്ളക്കിണറുകള്‍കൊണ്ട് സമൃദ്ധമാണ്. ആ കിണറുകളില്‍ പലതും ബൈബിള്‍പ്രകാരം ഹാഗാറിന്റെ ഭര്‍ത്താവായ അബ്രഹാം പണി കഴിപ്പിച്ചതുമാണ്. ബിഅ്ര്‍ എന്ന വാക്കിനുതന്നെ അര്‍ത്ഥം കിണര്‍ എന്നാണ്. ബിഅ്ര്‍ ശബ എന്നാല്‍ ഏഴ് കിണറുകള്‍ (അറബിയില്‍ ബിഅ്ര്‍ അസ്സബ്അ്) എന്നോ കരാര്‍ പ്രകാരമുള്ള കണറുകള്‍ എന്നോ ആണ്.  ജലസംഭരണികള്‍ സമൃദ്ധമായിരുന്നതുകൊണ്ടാണ് ബിഅ്ര്‍ ശബ  ആ പേരില്‍ അറിയപ്പെടാന്‍ ഇടയായത് (www.bible-archeology.info/bible-city-beershaba.html).

തനിക്ക് ചിരപരിചിതമായിരുന്ന, ജലസ്രോതസ്സുകളുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഒരു പ്രദേശത്ത് ഹാജറ കുഞ്ഞിനെ മരണവക്കില്‍ കിടത്തി വെള്ളത്തിനുവേണ്ടി കരയുക എന്നത് മനസ്സിലാക്കുവാന്‍ പ്രയാസമുള്ള കാര്യമാണ്. ബൈബിളെഴുത്തുകാരന്‍ ഉദ്ദേശിച്ചിരിക്കാന്‍ സാധ്യത ഇതാണ്: ബിഅ്ര്‍ ശബയില്‍ നിന്നാണ് ഹാജര്‍ പ്രയാണമാരംഭിച്ചത്. ആ പ്രയാണം അവരെ അപരിചിതവും ജലശൂന്യവുമായ മറ്റൊരു മരുപ്രദേശത്തെത്തിച്ചു. ഉല്‍പത്തി പുസ്തകത്തിലെ 21-ാം അധ്യായത്തിലെ പതിനാലാം വചനം പലായനത്തിന്റെ തുടക്കത്തില്‍ ബിഅ്ര്‍ ശബയില്‍ സംഭവിച്ച കാര്യത്തിലേക്കും 15 മുതല്‍ 21 വരെയുള്ള വചനങ്ങള്‍ മറ്റൊരു മരുഭൂമിയില്‍ നടന്ന സംഭവങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നതാകാനാണ് സാധ്യതയുള്ളതെന്ന് ചുരുക്കം. ആ മരുഭൂമിയെയാണ് വചനങ്ങളുടെ കര്‍ത്താവ് പാറാന്‍ എന്നു വിളിക്കുന്നത്.

കുഞ്ഞിന്റെ കരച്ചില്‍കേട്ട് ദൈവം സവിശേഷദാനമായി സൃഷ്ടിച്ച വെള്ളക്കിണറാണ് പാറാന്റെ അടയാളമായി ഉല്‍പത്തി പുസ്തകം പറയുന്നതെന്ന് നാം കണ്ടു. ഹാജറിന്റെ മനോവ്യഥക്കും ഇശ്മയേലിന്റെ നിലവിളിക്കും പരിഹാരമായി ദിവ്യകാരുണ്യത്തില്‍ നിന്ന് ഉറവയെടുത്ത സംസം കിണര്‍ നിലനില്‍ക്കുന്ന മക്കയല്ലാതെ മറ്റേതാണീ പ്രദേശം? മറ്റൊരു നാട്ടിലും ഇത്തരമൊരു ജലപ്രവാഹമുണ്ടായതായി ബൈബിളില്‍ എവിടെയും പറയുന്നില്ല. ഹാഗാര്‍ പാലായനം ചെയ്തത് മക്കയിലേക്കല്ലെന്ന് ബൈബിളുപയോഗിച്ച് സമര്‍ത്ഥിക്കുവാനാകില്ലെന്ന് ചുരുക്കം. ബൈബിളിനെ കണ്ണുമടച്ച് വിശ്വസിക്കുന്നവര്‍ക്കുമാത്രമേ ബൈബിള്‍ വിവരണങ്ങളുടെ മാത്രം വെളിച്ചത്തിലുള്ള ചരിത്രാഖ്യാനത്തെ അംഗീകരിക്കാന്‍ കഴിയൂ എന്ന് നാം നേരത്തെ പറഞ്ഞു. എന്നാല്‍ ബൈബിളിനുപോലും ഇല്ലാത്ത വാദങ്ങള്‍ ബൈബിളിനുമേല്‍ കെട്ടിവെച്ച് ഇശ്മയേലിനെ മക്കയില്‍ നിന്ന് ‘തള്ളിപ്പുറത്താക്കാന്‍’ ശ്രമിക്കുന്ന മിഷനറിമാര്‍ എന്തു വൈജ്ഞാനിക സത്യസന്ധതയാണ് പുലര്‍ത്തുന്നത്?

തന്റെ പ്രവാചകത്വത്തിന് സെമിറ്റിക് അംഗീകാരം ലഭിക്കാന്‍വേണ്ടി പ്രവാചകന്‍ പുതുതായി ചമച്ചുണ്ടാക്കിയ സിദ്ധാന്തമാണ് മക്കയുടെ അബ്രഹാമിക പൈതൃകം. അബ്രഹാം ഹാഗാറിനെയും ഇശ്മയേലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും അവിടെ കഅ്ബ നിര്‍മിച്ചുവെന്നും ഇശ്മയേലിന്റെ സന്തതിപരമ്പരകള്‍ പ്രസ്തുത താഴ്‌വരയില്‍ നിലനിന്നുവെന്നുമെല്ലാം പ്രവാചകന്‍ അറബികളെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു. മദീനയിലെ ജൂതന്‍മാരുടെ അനുഭാവം നേടിയെടുക്കാനും കഅ്ബയുടെ നിയന്ത്രണം കൈക്കലാക്കാനും വേണ്ടി ഇസ്‌ലാമിന്റെ അവസാന കാലഘട്ടത്തില്‍ കഅ്ബ അബ്രഹാം സ്ഥാപിച്ചതാണെന്നും തന്റെ ഗോത്രം അബ്രഹാമിന്റെ പരമ്പരയാണെന്നും കഅ്ബയെ അതിന്റെ അബ്രഹാമിക വിശുദ്ധിയിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് താന്‍ ശ്രമിക്കുന്നതെന്നും മുഹമ്മദ് നബി (സ) അവകാശപ്പെടുകയാണ് ചെയ്തത് എന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ചില ഓറിയന്റലിസ്റ്റ്/മിഷനറി പഠനങ്ങളുടെ പരാമൃഷ്ട വാദങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ?

ല്ല. ഓറിയന്റലിസ്റ്റുകളും മിഷനറിമാരും മക്കയുടെയും അതുവഴി മുഹമ്മദ് നബി(സ)യുടെയും അബ്രഹാമിക പൈതൃകത്തെ നിഷേധിക്കുവാന്‍വേണ്ടി പല രീതിയില്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങളാണ് നടേ പറഞ്ഞവയെല്ലാം. മുഹമ്മദ് നബി(സ)യെയും അറബികളെയും വിശുദ്ധമായ അബ്രഹാമിക ശൃംഖലയില്‍ കണ്ണിചേര്‍ത്തു പറയാന്‍ ഇസ്രാഈലി വംശീയ ദുരഭിമാനമാണ് ഇവരില്‍ പലര്‍ക്കും തടസ്സമാകുന്നതെന്ന് അവരുടെ രചനകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.

നബിചരിത്രത്തിന്റെ മുഴുവന്‍ സ്രോതസ്സുകള്‍ പ്രകാരവും സ്ഥിരപ്പെട്ടിട്ടുള്ള കാര്യമാണ് വാസ്തവത്തില്‍ ഇസ്മാഈല്‍ നബി (അ)യുടെ പുത്രന്‍ അദ്‌നാന്റെ പുത്രപരമ്പരയില്‍ ഖുറയ്ശ് ഗോത്രത്തില്‍ ബനൂഹാശിം കുടുംബത്തിലാണ് പ്രവാചകന്റെ ജനനമുണ്ടായത് എന്നത്. കുടുംബപരമ്പരാ പഠനം വ്യവസ്ഥാപിതമായിത്തന്നെ നിലനിന്നിരുന്ന അറബ് സമൂഹത്തില്‍ ഖുറയ്ശികളുടെ അദ്‌നാനീ പാരമ്പര്യത്തെക്കുറിച്ച് യാതൊരു സംശയങ്ങളുമില്ലാതിരുന്നതുകൊണ്ടാണ് പ്രവാചകചരിത്രത്തിന്റെ സ്രോതസ്സുകള്‍ ഇക്കാര്യത്തില്‍ ഏകോപിക്കുന്നതും അബ്രഹാമും ഇസ്മാഈലും ചേര്‍ന്നുനിര്‍മിച്ച കഅ്ബയുടെ പരിപാലനം മുഴുവന്‍ മക്കക്കാരുടെയും അംഗീകാരത്തോടുകൂടി ഖുറയ്ശികള്‍ നിര്‍വഹിച്ചുപോന്നുവെന്ന വസ്തുത ഐകകണ്‌ഠ്യേന ചൂണ്ടിക്കാണിക്കുന്നതും. പ്രവാചക ജീവചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ലാതെ സ്ഥിരപ്പെടുവാന്‍ മാത്രം പ്രബലമായ ഒരു ചരിത്രവസ്തുതയെ, പ്രവാചകനെ പ്രവാചകനായി അംഗീകരിക്കുവാന്‍ അഹങ്കാരം സമ്മതിക്കാത്തതുകൊണ്ടു മാത്രമാണ് നബിവിമര്‍ശകര്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നത്.

ഇബ്രാഹിം നബി (അ) മാതാവ് ഹാജറിനെയും പുത്രന്‍ ഇസ്മാഈലിനെയും മക്കയില്‍ കൊണ്ടുചെന്നാക്കിയെന്നും അവിടെ ദൈവാനുഗ്രഹമായി സംസം ജലം ഉറവയെടുത്തെന്നും ജുര്‍ഹൂം എന്ന അറബിഗോത്രം ജലസാന്നധ്യം കാരണം അവിടെ തമ്പടിച്ചെന്നും അവരുമായുള്ള വൈവാഹികബന്ധത്തിലൂടെ ഇസ്മാഈല്‍ നബി (അ) യുടെ സന്തതികള്‍ മക്കാ താഴ്‌വരയില്‍ നിലവില്‍ വന്നുവെന്നും ഇബ്‌റാഹിം നബി (അ) മക്കയിലേക്കുവന്ന് ഇസ്മാഈലിനെയും കൂട്ടി കഅ്ബ നിര്‍മിച്ചുവെന്നും മുഹമ്മദ് നബി (സ) പറയാതെ തന്നെ അറബികള്‍ നിര്‍വിവാദം അംഗീകരിച്ചു വന്നിരുന്നതാണ്. ചിരപുരാതന കാലം മുതല്‍ തലമുറകളിലൂടെ അവര്‍ കൈമാറി വന്ന ദേശചരിത്രമാണത്.

മുഹമ്മദ് നബി (സ) സമൂഹത്തിനുമുന്നില്‍ അവതരിപ്പിച്ച ദൈവസന്ദേശങ്ങള്‍ ഒട്ടുമിക്കതും ആശയപരമായ കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ പ്രബോധിത സമൂഹത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ക്ക് വിധേയമായിട്ടുണ്ട്. ക്വുര്‍ആനിലും ഹദീഥുകളിലും ചരിത്രഗ്രന്ഥങ്ങളിലും അവ വിശദമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ കഅ്ബയുടെയും മക്കയുടെയും ഇബ്‌റാഹിമീ-ഇസ്മാഈലീ പാരമ്പര്യത്തെ സംബന്ധിച്ച് നബി(സ) പറഞ്ഞ കാര്യങ്ങളെയൊന്നും ഒരു സമകാലീനനും ചോദ്യം ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം, അവര്‍ക്ക് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്ന കാര്യങ്ങളായിരുന്നു അവയൊക്കെയും. പ്രവാചകകാലഘട്ടത്തില്‍ മക്കയിലും പരിസരപ്രദേശങ്ങളിലും ജീവിച്ചിരുന്ന ജനങ്ങള്‍ക്ക് വിശ്വാസി-അവിശ്വാസി ഭേദമില്ലാതെ യോജിപ്പുണ്ടായിരുന്ന ചരിത്രമാണിത്. നബി(സ)യുടെ സമകാലീനരായിരുന്ന അറബ് ജൂതരോ ക്രൈസ്തവരോ ഒന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. തങ്ങളുടെ ആദര്‍ശപിതാവായ അബ്രഹാമിന് മക്കയുമായുള്ള ബന്ധത്തെ അവരാരും നിരാകരിച്ചില്ലെന്നുവേണം മനസ്സിലാക്കാന്‍. പ്രവാചകനില്‍ നിന്ന് ഇക്കാര്യങ്ങള്‍ നേരിട്ടുകേട്ട, ബൈബിളിന്റെ കുറേക്കൂടി പുരാതനമായ പ്രതികളെ ഉപജീവിച്ചിരുന്ന ഏഴാം നൂറ്റാണ്ടിലെ അറബ് ജൂത-ക്രിസ്ത്യാനികള്‍ക്ക് തോന്നിയിട്ടില്ലാത്ത മനപ്രയാസമാണ് അവരുടെ പിന്‍മുറക്കാര്‍ ഇത്തരം വിഷയങ്ങളില്‍ പ്രകടമാക്കുന്നത്.

അറേബ്യയില്‍ ചര്‍ച്ചക്കുപോലും സാധ്യതകളില്ലാത്തവിധം സ്പഷ്ടമായിരുന്ന ഒരു യാഥാര്‍ത്ഥ്യമാണ് കഅ്ബയുടെ ഇബ്‌റാഹിമീ പൈകൃകം എന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്. ഒരു നാടിന്റെ ചരിത്രം ഒരു സുപ്രഭാതത്തില്‍ യാതൊരു ഒച്ചപ്പാടുകളുമില്ലാതെ പ്രവാചകന്‍ മാറ്റി പ്രഖ്യാപിച്ചു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്തുമാത്രം വലിയ അസംബന്ധമല്ല!

ഖുറയ്ശികളുടെയും കഅ്ബയുടെയും അബ്രഹാമിക പൈതൃകത്തെ സംബന്ധിച്ച് അറബികള്‍ക്കോ അവരെ പരിചയമുണ്ടായിരുന്നവര്‍ക്കോ സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ, ഖുറയ്ശികളെയും കഅ്ബയെയും സംബന്ധിച്ച പ്രവാചകപൂര്‍വ അറബ് സംഭാഷണങ്ങളിലെല്ലാം ഇബ്‌റാഹീമി-ഇസ്മാഈലി പാരമ്പര്യത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ സര്‍വസാധാരണമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഖുറയ്ശികളുടെ ഇസ്‌ലാം പൂര്‍വചരിത്രം ക്രോഡീകരിക്കുവാന്‍ ശ്രമിച്ച ചരിത്രകാരന്‍മാരുടെയെല്ലാം രചനകളില്‍, അതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള അനേകം നിവേദനങ്ങള്‍ കണ്ടെത്താന്‍ കഴിയും. പ്രവാചകന്റെ പിതാമഹനായിരുന്ന അബ്ദുല്‍ മുത്വലിബ് ”ഞങ്ങള്‍ അല്ലാഹുവിന്റെ നാട്ടിലെ അല്ലാഹുവിന്റെ ജനതയാണ്; അത് എല്ലായ്‌പ്പോഴും (അല്ലാഹുവുമായുള്ള) ഇബ്‌റാഹിമീന്റെ ഉടമ്പടി പ്രകാരമായിരുന്നു” (നഹ്‌നു അഹ്‌ലുല്ലാഹി ഫീ ബലദതിഹി, ലം യസല്‍ ദാക അലാ അഹ്ദി ഇബ്‌റാഹീം) എന്ന് പറഞ്ഞിരുന്നത് യഅ്ക്വൂബി തന്റെ താരിഖില്‍ ഉദ്ധരിക്കുന്നുണ്ട് (1/253).

പ്രവാചകന്റെ പിതൃവ്യനും ഗുണകാംക്ഷിയും എന്നാല്‍ അമുസ്‌ലിമും ആയിരുന്ന അബൂത്വാലിബ്, താന്‍ മുഹമ്മദിന്റെ (സ) പ്രവാചകത്വം അംഗീകരിക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ശത്രുക്കളുടെ പീഡനത്തിന് വിട്ടുകൊടുക്കുകയില്ലെന്ന് മക്കളുടെ മുഴുവന്‍ പൈതൃകചിഹ്നങ്ങളെയും പിടിച്ചാണയിട്ട് ആലപിച്ച കവിതയില്‍ ”ഇബ്‌റാഹിമീന്റെ പാദമുദ്ര ഇപ്പോഴും ശുദ്ധമായി കിടക്കുന്ന ശില; അതിലെ രണ്ട് പാദമുദ്രകളും ചെരുപ്പില്ലാതെ നഗ്നമാണ്” എന്ന് മക്വാമു ഇബ്‌റാഹീമിനെക്കുറിച്ച് പ്രസ്താവിച്ചതായി ഇബ്‌നു ഇസ്ഹാക്വ്  നിവേദനം ചെയ്യുന്നുണ്ട്. (A. Guillaume, The Life of Muhammed: A Translation of Ibn Ishaq’s Sirat Rasul Allah (Oxford University Press, 2007), p. 123).

മുദാര്‍ ഗോത്രക്കാര്‍ ”ഇസ്മാഈല്‍ നമുക്കായി അവശേഷിപ്പിച്ച മതത്തിന്റെ കടമകള്‍ നമുക്കുവേണ്ടി നിര്‍വഹിച്ചുവന്നത് ഖുറയ്ശികളാണ്” എന്ന് പറയാറുണ്ടായിരുന്നുവെന്ന് മുഹമ്മദ് ഇബ്‌നു ഹബീബ് തന്റെ മുഹബ്ബറില്‍ (264) രേഖപ്പെടുത്തുന്നുണ്ട്.  ഇസ്മാഈലിന്റെ നേര്‍പൈതൃകം കാരണം അറബികള്‍ ഖുറയ്ശികള്‍ക്കു കല്‍പിച്ചുനല്‍കിയിരുന്ന ആദരവിന്റെ രേഖ കൂടിയാണ് മുദാര്‍ ഗോത്രക്കാരില്‍ നിന്നുള്ള പാരമൃഷ്ട ഉദ്ധരണി. ഖുറയ്ശികള്‍ അറബികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് ‘സ്വരീഹു വുല്‍ദി ഇസ്മാഈല്‍’ (ഇസ്മാഈലിന്റെ സുവ്യക്തമായ/ഋജുവായ പരമ്പര) എന്നായിരുന്നുവെന്ന് ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തിയത് (4/205) ഇവിടെ ചേര്‍ത്തുവായിക്കുന്നത് പ്രസക്തമാണ്.

ഇസ്മാഈല്‍ നബി(അ)യുടെ പിന്‍മുറക്കാര്‍ എന്ന നിലയിലും കഅ്ബയുടെ കൈകാര്യകര്‍ത്താക്കള്‍ എന്ന നിലയിലുമാണ് ഖുറയ്ശികള്‍ മക്കയില്‍ സവിശേഷമായ സാമൂഹികാംഗീകാരങ്ങള്‍ ആസ്വദിച്ചിരുന്നത്. ഖുറയ്ശികളും ഥക്വീഫ ് ഗോത്രക്കാരും തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍ കഅ്ബാ പരിപാലനത്തില്‍ ഥക്വീഫ് ഗോത്രക്കാരെ പങ്കാളിയാക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും അതിനുപകരമായി ഥക്വീഫുകാരുടെ നിയന്ത്രണത്തിലുള്ള പ്രവിശ്യകളിലെ സാമ്പത്തിക ഇടപാടുകളില്‍ തങ്ങള്‍ക്കവസരം നല്‍കണമെന്നും ഖുറയ്ശി പ്രതിനിധികള്‍ പറഞ്ഞപ്പോള്‍ ഥക്വീഫ് ഗോത്രനേതാക്കള്‍ നല്‍കിയ മറുപടി ഇബ്‌നു ഹബീബ് നിവേദനം ചെയ്യുന്നതിപ്രകാരമാണ്: ”നിങ്ങളെയെങ്ങനെയാണ് ഞങ്ങള്‍ ഞങ്ങളുടെ പിതാക്കള്‍ ആയുധങ്ങളില്ലാതെ വെറുംകൈകള്‍കൊണ്ട് പാറ വെട്ടിത്തുരന്ന് പാര്‍പ്പുറപ്പിച്ച ഭൂമിയുടെ അവകാശത്തില്‍ പങ്കുകാരാക്കുക? (പകരം നിങ്ങള്‍ ഞങ്ങളുമായി പങ്കുവെക്കാമെന്ന് പറയുന്ന) വിശുദ്ധ ഗേഹം നിങ്ങള്‍ സ്വയം  ഉണ്ടാക്കിയതല്ല. അത് സ്ഥാപിച്ചത് ഇബ്‌റാഹീം ആയിരുന്നു.” (കയ്ഫ നുശ്‌രികുകും ഫീ വാദിന്‍ നസലഹു അബൂനാ വ ഹറഫഹു ബിയദയ്ഹി ഫിസ്സ്വഖ്‌രി ലം യഖ്ഫിര്‍ഹു ബില്‍ ഹദീദ്, വ അന്‍തും ലം തജ്അലുല്‍ ഹറമ, ഇന്നമാ ജഅലഹു ഇബ്‌റാഹീം/ കിതാബുല്‍ മുനമ്മക്വ് ഫീ അഖ്ബാരി ഖുറയ്ശ്, 280. വിര്‍ജീനിയ യൂനിവേഴ്‌സിറ്റി പ്രസ് 1964ല്‍ മുഹമ്മദ് ഇബ്‌നു ഹബീബിന്റെ ഈ ഗ്രന്ഥം പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്).

പ്രവാചകന്റെ മദീനാ കാലഘട്ടത്തില്‍ ഇസ്‌ലാം ആശ്ലേഷിച്ച മദീനയിലെ പ്രഗല്‍ഭനായ ജൂതപണ്ഡിതന്‍ അബ്ദുല്ലാഹിബ്‌നു സലാം ജൂതനായിരിക്കെ മദീനയിലെ ജൂതനേതാക്കളോട് കഅ്ബയെ ഉദ്ദേശിച്ചുകൊണ്ട് ”നമ്മുടെ പിതാവ് ഇബ്‌റാഹീമിന്റെ പള്ളി സന്ദര്‍ശിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”വെന്ന് പറഞ്ഞതായി വ്യക്തമാക്കുന്ന നിവേദനങ്ങളും (ജലാലുദ്ദീന്‍ സുയൂത്വി, അദ്ദുര്‍റുല്‍ മന്‍ഥൂര്‍ ഫിത്തഫ്‌സീരി ബില്‍ മഅ്ഥൂര്‍, 6/410) അറേബ്യന്‍ സമൂഹത്തില്‍ ഇക്കാര്യങ്ങള്‍ക്കുണ്ടായിരുന്ന സര്‍വസമ്മതിയാണ് സൂചിപ്പിക്കുന്നത്. പ്രവാചകകാലഘട്ടത്തിലോ അതിനുമുമ്പോ, ഖുറയ്ശികളുടെയും കഅ്ബയുടെയും ഇബ്‌റാഹീമി-ഇസ്മാഈലി വേരുകള്‍ ഒരു തര്‍ക്കവിഷയമേ ആയിരുന്നില്ലെന്നും സര്‍വാംഗീകൃതമായ ഒരു ചരിത്രവസ്തുതയില്‍ നിന്ന് പാഠം പഠിച്ച് വിശ്വാസപരമായ വിശുദ്ധി വീണ്ടെടുക്കാന്‍ അറബികളെ ആഹ്വാനം ചെയ്യുക മാത്രമാണ് മുഹമ്മദ് നബി (സ) ചെയ്തത് എന്നുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

മുഹമ്മദ് നബി(സ)യുടെ കാലത്തെ മക്കന്‍ അറബികള്‍ തങ്ങളില്‍ പലരുടെയും പൂര്‍വപിതാക്കളായും കഅ്ബയുടെ സ്ഥാപകരായും ഇബ്‌റാഹിം(അ)യെയും, ഇസ്മാഈല്‍(അ)യെയും അറിയുകയും ആദരിക്കുകയും ചെയ്തുവന്നവരായിരുന്നുവെന്ന് മുഹമ്മദ് നബി (സ) മക്ക കീഴടക്കുമ്പോഴുള്ള കഅ്ബാലയത്തിന്റെ അവസ്ഥ തന്നെ വ്യക്തമാക്കുന്നുണ്ട്. കഅ്ബാലയത്തിനകത്ത് ഇബ്‌റാഹിമിന്റെയും ഇസ്മാഈലിന്റെയും ചിത്രങ്ങള്‍ കൊത്തിവെച്ചിട്ടുണ്ടായിരുന്നു ബഹുദൈവാരാധക അറബികള്‍. മക്ക, മദീന കേന്ദ്രമായുള്ള ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി ഹിജ്‌റ എട്ടാം വര്‍ഷം മാറിയപ്പോള്‍ രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ പ്രവാചകന്‍ (സ) പ്രസ്തുത ചിത്രങ്ങള്‍ മായ്ച്ചുകളയാന്‍ കല്‍പിക്കുകയാണ് ചെയ്തത്.

അമ്പുകളുപയോഗിച്ചുള്ള അന്ധവിശ്വാസജഡിലമായ ഭാഗ്യപരീക്ഷണത്തില്‍ ഇബ്‌റാഹീമും ഇസ്മാഈലും ഏര്‍പ്പെട്ടിരിക്കുന്നതായാണ് കഅ്ബക്കകത്ത് ചിത്രീകരിക്കപ്പെട്ടിരുന്നത്.  അറബികള്‍ ഇബ്‌റാഹീമിനെയും ഇസ്മാഈലിനെയും കഅ്ബയുമായുള്ള ബന്ധത്തിന്റെ പേരിലും രക്തബന്ധത്തിന്റെ പേരിലും ആദരിച്ചപ്പോഴും അവര്‍ പഠിപ്പിച്ച ശുദ്ധ ഏകദൈവാരാധനയില്‍ നിന്ന് ബഹുദൂരം അകന്നുപോവുകയും അവരെത്തന്നെ ബഹുദൈവാരാധനാപരമായ പശ്ചാത്തലങ്ങളില്‍ കൊണ്ടുപോയി പ്രതിഷ്ഠിക്കുകയും ചെയ്യുകയാണുണ്ടായതെന്ന പ്രവാചകന്റെ(സ) വിശദീകരണത്തെ കൃത്യമായി സാധൂകരിക്കുന്ന പുരാവസ്തു രേഖ കൂടിയായിരുന്നു വാസ്തവത്തില്‍ പ്രസ്തുത ചിത്രങ്ങള്‍. ഇത്തരം ചിത്രങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടാല്‍ ആരാധനാലയത്തില്‍ പ്രപഞ്ചനാഥന്റെ അനുഗ്രഹവുമായി കടന്നുവരുന്ന മലക്കുകളുടെ സാന്നിധ്യം ഇല്ലാതാവുകയാണ് ചെയ്യുകയെന്നും ഇബ്‌റാഹിം, ഇസ്മാഈല്‍ പ്രവാചകന്‍മാരുമായി യാതൊരു ബന്ധവുമില്ലാത്ത ബഹുദൈവാരാധനാപരമായ ഭാഗ്യപരീക്ഷണാനുഷ്ഠാനത്തെയാണ് അവരുടെ പേരില്‍ ചിത്രകാരന്‍മാര്‍ ആരോപിച്ചിരിക്കുന്നതെന്നും അവ സ്ഥാപിച്ചവര്‍ പ്രപഞ്ചരക്ഷിതാവായ അല്ലാഹുവിന്റെ ശാപത്തിനര്‍ഹരാണെന്നും കഅ്ബക്കകത്തു കയറി പരാമൃഷ്ട ചിത്രങ്ങള്‍ കാണാനിടയായപ്പോള്‍ നബി(സ) പ്രതിവചിച്ചതായി ഇബ്‌നു അബ്ബാസില്‍ നിന്നുള്ള തീര്‍ത്തും ആധികാരികമായ നിവേദനങ്ങളിലുണ്ട് (ബുഖാരി). അമ്പുകളുപയോദിച്ച് ഭാഗ്യം പരീക്ഷിക്കുന്ന ജാഹിലിയ്യാ അറബ് സമ്പ്രദായത്തിനുപോലും ഇസ്മാഈലിനെക്കുറിച്ചുള്ള അവരുടെ ഓര്‍മകളുമായി ബന്ധമുണ്ടായിരുന്നുവെന്നതാണ് വാസ്തവം. ഇസ്മാഈല്‍ നബി (അ) പ്രഗല്‍ഭനായ ഒരു വില്ലാളിയായി മക്കയില്‍ വളര്‍ന്നുവന്നുവെന്ന അറിവില്‍നിന്നാണ് പില്‍ക്കാലത്ത് അവരുടെ അന്ധവിശ്വാസപരമായ ചടങ്ങുകളില്‍ അമ്പും വില്ലും വന്ന് നിറഞ്ഞതും ഇസ്മാഈലിന്റെ(അ) ചിത്രത്തിനും ഹുബുലിന്റെ വിഗ്രഹത്തിനുമെല്ലാം അമ്പുകളുടെ അകമ്പടിയുണ്ടായിത്തീര്‍ന്നതും.

ഇസ്മാഈല്‍ മരുഭൂമിയില്‍ ദൈവസംരക്ഷണത്തില്‍ വളര്‍ന്നുവന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ ബൈബിള്‍ തന്നെ ഇക്കാര്യത്തിലേക്ക് സൂചന നല്‍കുന്നുണ്ട്. ”ദൈവം ആ കുട്ടി (ഇശ്മയേല്‍)യോട് കൂടിയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്നു സമര്‍ത്ഥനായൊരു വില്ലാളിയായിത്തീര്‍ന്നു” (ഉല്‍പത്തി 21 : 20). ഇക്കാര്യത്തെ ശരിവെക്കുന്ന പ്രസ്താവന മുഹമ്മദ് നബി(സ)യും നടത്തിയിട്ടുണ്ട്. അമ്പെയ്ത്തു മത്സരം നടത്തിക്കൊണ്ടിരുന്ന ഒരു അറബ് ഗോത്രത്തെക്കണ്ടപ്പോള്‍ പ്രവാചകന്‍ (സ) അവരോട്, ”ഇസ്മാഈല്‍ സന്തതികളേ, നിങ്ങള്‍ അമ്പെയ്ത്ത് പരിശീലിക്കുക; കാരണം നിങ്ങളുടെ പിതാവ് പ്രഗല്‍ഭനായ ഒരു വില്ലാളിയായിരുന്നു” എന്ന് പറയുകയുണ്ടായി (ബുഖാരി).

ഇസ്മാഈല്‍ നബി (അ) പഠിപ്പിച്ച ചില അനുഷ്ഠാനങ്ങള്‍ തികഞ്ഞ ബഹുദൈവാരാധനയിലേക്ക് കൂപ്പുകുത്തിയപ്പോഴും മക്കക്കാര്‍ക്കിടയില്‍ പ്രവാചകകാലഘട്ടം വരെ അതേപടി നിലനിന്നുവെന്നതും ഇതുപോലെത്തന്നെ ശ്രദ്ധേയമാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ചേലാകര്‍മം. ലിംഗ പരിഛേദനയ്ക്കുള്ള കല്‍പന ദൈവം പുറപ്പെടുവിച്ചത് അബ്രഹാമിന്റെ കാലത്താണ് എന്നാണ് ബൈബിളില്‍ നിന്നു മനസ്സിലാകുന്നത്. അബ്രഹാമിന് തൊണ്ണൂറും ഇശ്മയേലിന് പതിമൂന്നും വയസ്സുള്ളപ്പോള്‍ ലിംഗപരിഛേദനയ്ക്കുള്ള കല്‍പന വന്നുവെന്നും അവര്‍ രണ്ടുപേരും അപ്പോള്‍ പരിഛേദനയറ്റുവെന്നും സകലരെയും എട്ടാം ദിവസം ചേലാകര്‍മം ചെയ്യണമെന്ന നിയമം പ്രഖ്യാപിച്ചുവെന്നും ഉല്‍പത്തി പുസ്തകം വിശദീകരിക്കുന്നു (അധ്യായം 17). ഇസ്മാഈലിന്റെ പൈതൃകമെന്ന നിലയ്ക്കുതന്നെ അറബികള്‍ കുട്ടികളെ ചേലാകര്‍മം ചെയ്യുന്ന പതിവ് നിലനിര്‍ത്തിപ്പോന്നു. മുഹമ്മദ് നബി(സ)യുടെ ആഗമനകാലത്തെ ജാഹിലിയ്യാ അറബികള്‍ക്കിടയില്‍ പോലും ലിംഗാഗ്ര ഛേദനം സാര്‍വത്രികമായിരുന്നു. അവരതിലേക്ക് ബഹുദൈവാരാധനയുടെ ഘടകങ്ങള്‍ ചേര്‍ത്തിരുന്നുവെന്ന് മാത്രമേയുള്ളൂ. കഅ്ബാലയത്തിനകത്ത് തങ്ങള്‍ സ്ഥാപിച്ച ഹുബുല്‍ ദേവന്റെ വിഗ്രഹത്തിന്റെ മുന്നില്‍ പോയി അമ്പുകളുപയോഗിച്ച് ഭാഗ്യപരീക്ഷണം നടത്തിയാണ് ചേലാകര്‍മത്തിന്റെ വിശദാംശങ്ങള്‍ ജാഹിലിയ്യാ അറബികള്‍ നിശ്ചയിച്ചിരുന്നത് എന്ന് ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തിയിട്ടുണ്ട്.

ചേലാകര്‍മം ഇസ്മാഈലി പാരമ്പര്യത്തിന്റെ ഭാഗമായി അറബികള്‍ക്കിടയില്‍ നിലനിന്നുപോന്നതിനെക്കുറിച്ച് ഇസ്‌ലാമിക ചരിത്രസ്രോതസ്സുകള്‍ മാത്രമല്ല സംസാരിക്കുന്നത്. സി. ഇ ഒന്നാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തില്‍ ജീവിച്ച ജൂതപണ്ഡിതനും ചരിത്രകാരനുമായ ജോസിഫസ് ഫ്‌ളേവിയസ് (Josephus Flavius) അദ്ദേഹത്തിന്റെ പ്രശസ്തമായ Antiquities of the Jews എന്ന ഗ്രന്ഥത്തില്‍ അറബികള്‍ ”പതിമൂന്ന് വയസ്സിനുശേഷം ചേലാകര്‍മം നടത്തുന്നു; ഇശ്മയേല്‍, ആ ജനതയുടെ സ്ഥാപകന്‍, അബ്രഹാമിന്റെ വെപ്പാട്ടിയില്‍ പിറന്ന മകന്‍, ആ വയസ്സിലാണ് പരിഛേദനയേറ്റത്” എന്നു വ്യക്തമായി എഴുതുന്നുണ്ട്. മുഹമ്മദ് നബി(സ)ക്ക് ആറു നൂറ്റാണ്ടോളം മുമ്പും അറബികളുടെ ചേലാകര്‍മം പ്രശസ്തമായിരുന്നുവെന്നും ഇസ്മാഈലിന്റെ സന്തതിപരമ്പരകള്‍ പുലര്‍ത്തിപ്പോരുന്ന സ്വാഭാവികത എന്ന നിലയിലാണ് ജൂതപണ്ഡിതന്‍മാര്‍ പോലും ഈ പ്രതിഭാസത്തെ മനസ്സിലാക്കിയിരുന്നത് എന്നും ജോസിഫസിന്റെ പ്രസ്താവന തെളിയിക്കുന്നുണ്ട്. അറബികളുടെ ഇസ്മാഈലി വേരുകള്‍ മുഹമ്മദ് നബി(സ)യുടെയും മുസ്‌ലിംകളുടെയും പുതിയ ‘കണ്ടുപിടുത്ത’മാണെന്ന മിഷനറി വാദം കൂടിയാണ് ജോസിഫസിന്റെ വരികള്‍ക്കുമുന്നില്‍ ദയനീയമായി തകര്‍ന്നുപോകുന്നത്.

ബഹുദൈവാരാധനയുടെ ചിഹ്നങ്ങള്‍കൊണ്ട് നിറഞ്ഞ മക്കയുടെ സാമൂഹ്യപരിസരം ചികഞ്ഞ് ഉള്ളിലേക്കുപോയാല്‍ ഇബ്‌റാഹിം നബി(അ)യുടെയും ഇസ്മാഈല്‍ നബി(അ)യുടെയും പ്രബോധനങ്ങളുടെ ശേഷിപ്പുകള്‍ ഉറങ്ങിക്കിടക്കുന്നത് കണ്ടെത്താന്‍ കഴിയുമെന്ന, ദിവ്യബോധനങ്ങളുടെ വെളിച്ചത്തിലുള്ള മുഹമ്മദ് നബി(സ)യുടെ നിലപാടിനെയാണ് ഈ പശ്ചാതലത്തെളിവുകളെല്ലാം സാധൂകരിക്കുന്നത്. ദിവ്യബോധനങ്ങളുടെ വെളിച്ചത്തില്‍, ഹജ്ജിലെയും ഉംറയിലെയും ഇബ്‌റാഹീമി ഘടകങ്ങളെ അവയുടെ ആദിമവിശുദ്ധിയില്‍ പുനഃസ്ഥാപിക്കുകയും പില്‍ക്കാലത്ത് വന്നുചേര്‍ന്ന ബഹുദൈവാരാധനാപരമായ അനുഷ്ഠാനങ്ങളെയും അന്ധവിശ്വാസങ്ങളെയും തൂത്തുകളയുകയുമാണ് പ്രവാചകന്‍(സ) ചെയ്തത്. പില്‍ക്കാല വ്യതിയാനങ്ങള്‍ വഴി ദുഷിച്ചപോയ അബ്രഹാമിക പാരമ്പര്യമാണ് മക്കയില്‍ നിലനില്‍ക്കുന്നതെന്നും അതിനെ ശുദ്ധീകരിച്ചെടുക്കുകയാണ് ഇബ്‌റാഹീം നബി(അ)യോട് യഥാര്‍ത്ഥത്തില്‍ സ്‌നേഹമുള്ളവര്‍ ചെയ്യേണ്ടതെന്നും വസ്തുനിഷ്ഠമായി കാര്യങ്ങളെ നോക്കിക്കാണുന്നവര്‍ക്കെല്ലാം മനസ്സിലാകുമായിരുന്നു.

അതുകൊണ്ടാണ്, പ്രവാചകനുമുമ്പ് സി. ഇ അഞ്ചാം നൂറ്റാണ്ടില്‍ ഗസ്സയില്‍ ജീവിച്ച സോസമേമസ് (Sozomemes) എന്ന ക്രൈസ്തവ പണ്ഡിതന്‍ അദ്ദേഹത്തിന്റെ രചനയില്‍ ഈസ്മാഈലീ പരമ്പരയിലുള്ള അറബികളെക്കുറിച്ചും ബഹുദൈവാരാധകരായ അയല്‍സമൂഹങ്ങളുമായുള്ള സമ്പര്‍ക്കം അവരുടെ വിശ്വാസത്തെ മലിനമാക്കുന്നതിനെക്കുറിച്ചും തന്റെ രചനകളില്‍ രേഖപ്പെടുത്തുകയും മോശെക്കുമുമ്പ് ഇസ്രാഈല്യര്‍ ജീവിച്ചിരുന്ന നിയമങ്ങളനുസരിച്ചു തന്നെയാണ് വിശ്വാസവ്യതിചലനം സംഭവിക്കുന്നതുവരെ അറബികളും ജീവിച്ചിരുന്നത് എന്നും അവരില്‍ ചിലരെങ്കിലും ഇപ്പോഴും ആ പൈതൃകം മുറുകെപ്പിടിക്കുന്നുണ്ടെന്നും ഇബ്‌റാഹീമീ നിയമങ്ങളെ വീണ്ടെടുക്കാന്‍ ഇസ്രാഈല്യരുമായുള്ള ആശയവിനിമയങ്ങള്‍ അവര്‍ക്ക് സഹായകരമാകുന്നുണ്ടെന്നും നിരീക്ഷിക്കുകയും ചെയ്തത്. ക്രൈസ്തവ സഭാപിതാക്കളുടെ പ്രാചീന ഗ്രീക്ക് എഴുത്തുകള്‍ ക്രോഡീകരിച്ച് 1857-66 കാലഘട്ടത്തില്‍ പാരീസില്‍ നിന്ന് ജെ.പി മിഗ്‌നെയുടെ നേതൃത്വത്തില്‍ 161 വോള്യങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട Patrologia Graeciaയില്‍ ഈ പരാമര്‍ശങ്ങളെയുള്‍കൊള്ളുന്ന Sozomen histori ecclesiastia എടുത്തുചേര്‍ത്തിട്ടുണ്ട്. (www.patristica.net എന്ന വെബ്‌സൈറ്റില്‍ ഈ രേഖകള്‍ ലഭ്യമാണ്).

മക്കയുടെ ഇബ്‌റാഹീമീ പൈതൃകം പ്രവാചകന്‍ പറഞ്ഞുണ്ടാക്കിയതാണെന്ന് പറയുന്ന ഓറിയന്റലിസ്റ്റുകളും മിഷനറിമാരും പ്രവാചകനുമുമ്പ് ജീവിച്ച ജൂത-ക്രൈസ്തവ പണ്ഡിതന്മാര്‍ മക്കയുടെ അബ്രഹാമിക പൈതൃകത്തെ സാധൂകരിച്ച് സംസാരിച്ചതിനെക്കുറിച്ച് പാലിക്കുന്ന മൗനം, കാപട്യത്തില്‍ നിന്ന് മാത്രമാണ് ഉയിര്‍കൊള്ളുന്നത്.