ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -2

//ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -2
//ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -2
ആനുകാലികം

ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -2

വിമർശനം: 2

“ആരാണ് ബിലാല്‍ ? കറുത്ത വര്‍ഗക്കാരനായ, ഇസ്‌ലാം സ്വീകരിച്ച ഒരു അടിമ. കറുത്ത വര്‍ഗക്കാരെ ബാങ്ക് വിളിക്കാനും പള്ളി കഴുകാനും ഏൽപിക്കുന്നത് എന്തോ വല്യ ഔദാര്യം പോലെ തോന്നുന്നത് തന്നെ ഉള്ളിലെ വര്‍ണ്ണവിവേചനം കൊണ്ടാണെന്ന് ഇവര്‍ക്കൊന്നും മനസ്സിലാകുന്നില്ല.. മനസ്സിലാകുകയും ഇല്ല. അന്നും ഇന്നും ബാങ്ക് കൊടുക്കുകയും പള്ളി കഴുകുകയും ഉസ്താദുമാര്‍ക്കുള്ള ഭക്ഷണം കൊണ്ട് വരികയും ചെയ്യുന്നവരാണ് മുക്രികള്‍.”

മറുപടി:

ഒരുപാട് തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കലുകളും ആരോപണത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്.
ഒന്ന്: ഇസ്‌ലാമിലെ അതിശ്രേഷ്ടമായ ഒരു ആരാധനാ കർമ്മമാണ് ബാങ്ക്. മറ്റു കർമ്മങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ധാരാളം മഹത്വങ്ങളുള്ളതാണ് ഈ ആരാധനാ കർമം.

ബാങ്ക് കേട്ട് പള്ളിയിൽ വന്ന് നമസ്ക്കരിക്കുന്നവരുടെയെല്ലാം നമസ്ക്കാരത്തിന് ലഭിക്കുന്ന തുല്യമായ നന്മ ബാങ്ക് വിളിച്ച വ്യക്തിക്ക് നൽകപ്പെടും. ബാങ്ക് വിളിയുടെ ശബ്ദം എത്തുന്നിടത്തോളം പാപങ്ങൾ ബാങ്ക് വിളിക്കുന്ന വ്യക്തിക്ക് പൊറുക്കപ്പെടും (സുനനു നസാഈ: 646). ബാങ്ക് കേട്ട സൃഷ്ടികളെല്ലാം പരലോകത്ത് ബാങ്ക് വിളിച്ചിരുന്നവന് വേണ്ടി സാക്ഷികളാകും. (സ്വഹീഹുൽ ബുഖാരി: 584)
പരലോകത്ത് ഏറ്റവും കഴുത്തു നീണ്ടവർ ബാങ്കുവിളിക്കാരായിരിക്കും എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. (സ്വഹീഹുൽ മുസ്‌ലിം: 387) അഥവാ, അവരായിരിക്കും പരലോകത്തെ നേതാക്കന്മാരും തലവന്മാരും എന്നാണ് ഇതിനർത്ഥം (ശർഹു മുസ്‌ലിം: 4/91,92)
പന്ത്രണ്ട് വർഷം പള്ളിയിൽ ആത്മാർത്ഥതയോടെ ബാങ്കുകൊടുക്കുന്ന വ്യക്തിക്ക് സ്വർഗം നിർബന്ധമായി ലഭിക്കുമെന്നും ഓരോ ദിവസവും അറുപത് നന്മകൾ അയാൾക്ക് രേഖപ്പെടുത്തുമെന്നും ഹദീസുകളിൽ കാണാം. (സുനനു ഇബ്നുമാജ :728)

ഇത്രയും പുണ്യകരമായ കർമ്മമായതിനാൽ തന്നെ പ്രവാചക ശിഷ്യന്മാരിൽ ഓരോരുത്തരും ആഗ്രഹിച്ചിരുന്ന മഹത്തായ ഒരു സ്ഥാനമായിരുന്നു ബാങ്ക് വിളിക്കാരൻ എന്ന സ്ഥാനം. പക്ഷെ പ്രവാചകൻ ആ ദൗത്യ മേൽപ്പിച്ചത് ബിലാൽ (റ) എന്ന കറുത്ത വർഗക്കാരനെയാണ്. ഇസ്‌ലാമിലെ ആദ്യത്തെ മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ)!! ഇത് പ്രവാചകൻ -മറ്റാർക്കും നൽകാതെ- അദ്ദേഹത്തിന് മാത്രം നൽകിയ ആദരവായാണ് പ്രവാചകന്റെ കാലത്തും ശേഷവുമുള്ള നിഷ്പക്ഷമതികളായ ചരിത്രകാരന്മാരെല്ലാം കണ്ടത്.

ബാങ്ക് വിളിയുടെ ശ്രേഷ്ഠതകളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ മാത്രം ഒട്ടനവധി ഗ്രന്ഥങ്ങൾ പണ്ഡിതന്മാരാൽ രചിക്കപ്പെടുകയുണ്ടായി. അഹ്‌മദ് മുസ്ത്വഫാ മുതവല്ലിയുടെ ‘സലാസൂന ഫദീല മിൻ ഫദാഇലിൽ ആദാൻ’, സഈദ് ഇബ്നു അലി അൽ കഹ്ത്വാനിയുടെ’ അൽ ആദാനു വൽ ഇകാമ’ എന്നിവ ഉദാഹരണം.

പക്ഷെ എന്തിനും ഏതിനും ഇസ്‌ലാമിനെ വിമർശിക്കുക എന്ന ഒരേയൊരു ചിന്തയോടെ നടക്കുന്ന വിമർശകർ ബാങ്ക് വിളിയെ ഒരു താഴ്ന്ന ‘ജോലി’യായി വ്യാഖ്യാനിക്കുകയും അത് ബിലാലിനെ ഏൽപിക്കുക വഴി വർണവിവേചനമാണ് കാണിച്ചതെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു.

ഇതേ വിമർശകർ, സ്ത്രീകളെ എന്ത് കൊണ്ട് ബാങ്കുവിളിക്കാൻ ഇസ്‌ലാം അനുവദിച്ചില്ല എന്ന് മറ്റു ചിലപ്പോൾ ചോദിക്കാറുണ്ട്. അപ്പോൾ, ബാങ്ക് വിളി ഒരു താഴ്ന്ന ജോലിയായിരുന്നെങ്കിൽ സ്ത്രീകൾക്ക് അത് ഏൽപിക്കാതിരുന്നത് അവരോട് ഇസ്‌ലാം പുലർത്തിയ ആദരവാകില്ലേ ?!
മാത്രമല്ല, വേശ്യാവൃത്തി പോലും അഭിമാനമുള്ള തൊഴിലാണെന്നും ഓരോ ജോലിക്കും അതിന്റെതായ അന്തസ്സുണ്ടെന്നും അവസരത്തിനൊത്ത് വാദിക്കുന്നവർ മുക്രി പണി താഴ്ന്ന ഇനം ജോലിയായി കാണുന്നതിലെ വൈരുദ്ധ്യവും പറയാതെ വയ്യ.

രണ്ട്: പ്രവാചകന്റെ(സ) കാലഘട്ടത്തിൽ ബാങ്ക് കൊടുക്കൽ ഒരു തൊഴിലായിരുന്നില്ല. മറിച്ച്, മഹത്തായ ഒരു ആരാധനയായിരുന്നു. ബാങ്കിനൊ ഇമാമത്തിനൊ ഇന്നത്തെ പോലെ ശമ്പളവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് മുക്രി പണിയെന്ന് അതിനെ വിശേഷിപ്പിക്കുന്നത് തന്നെ ശരിയല്ല. ബാങ്ക് കൊടുക്കലും ഇമാം നിൽക്കലുമൊക്കെ ഒരു തൊഴിലായി പരിണമിക്കുന്നത് പ്രവാചകന്റെ വിയോഗത്തിന് ശേഷം ഒരുപാട് കാലം കഴിഞ്ഞാണ്. അതുവരെ പ്രവാചകനും, ശേഷം ഖലീഫമാരും ഗവർണർമാരുമൊക്കെയടങ്ങുന്ന ഭരണ നേതൃത്വം തന്നെയാണ് നമസ്ക്കാരത്തിന് ഇമാമത്ത് നിർവ്വഹിച്ചിരുന്നത്. (അവരെല്ലാവരും ഭക്ഷണം കഴിച്ചിരുന്നത് സ്വന്തം വീട്ടിൽ നിന്നാണ് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ) അതിന് അവർക്ക് പ്രത്യേകിച്ച് ശമ്പളമൊന്നും ഉണ്ടായിരുന്നില്ല. മുസ്‌ലിംകളിലെ പുരുഷന്മാർ എല്ലാവരും പള്ളിയിൽ വന്നാണ് നമസ്ക്കരിച്ചിരുന്നത്. കൂട്ടത്തിൽ നല്ല സ്വരവും കൃത്യനിഷ്ഠയുമുള്ള ഒരാൾ ബാങ്ക് വിളിക്കാമെന്ന് ഏൽക്കും അല്ലെങ്കിൽ ഏൽപിക്കും. പിന്നീട് മുസ്‌ലിം ജനസംഖ്യ വർദ്ധിക്കുകയും നഗരങ്ങൾ അധികരിക്കുകയും എണ്ണമറ്റ പള്ളികൾ നിർമ്മിക്കപ്പെടുകയും ചെയ്തു. പലരും പള്ളികളിൽ നമസ്ക്കരിക്കുന്നതിന് പകരം വീടുകളിൽ നമസ്ക്കരിക്കാൻ തുടങ്ങി. ഈ സാഹചര്യത്തിൽ പള്ളികളിലെ സംഘടിത നമസ്ക്കാരങ്ങളും ബാങ്ക് വിളിയും മുറപോലെ നടത്താൻ ഒരു വിഭാഗം ഒഴിഞ്ഞിരിക്കേണ്ടി വന്നു. അവർക്ക് ഒരു വരുമാനവും നിശ്ചയിക്കപ്പെട്ടു. ആദ്യ കാലഘട്ടത്തിൽ പാണ്ഡിത്യം കൊണ്ടും ഈണമുള്ള സ്വരം കൊണ്ടും ശ്രേഷ്ഠരായവരാണ് ബാങ്ക് വിളിയും ഇമാമത്തും ജോലിയായി ഏറ്റെടുത്തിരുന്നതെങ്കിൽ പിന്നീട് അങ്ങനെയല്ലാത്തവരും രംഗപ്രവേശം ചെയ്തു. ‘മുക്രി പണി’യിലേക്കുള്ള ഈ പരിണാമം ഇസ്‌ലാമിക ചരിത്രമോ പ്രവാചക ഹദീസുകളോ ഉള്ളടങ്ങിയ ഏതു ഗ്രന്ഥവും വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഇതൊന്നുമറിയാതെ വായിൽ തോന്നുന്നതൊക്കെ ചരിത്ര വസ്തുതകളായി അവതരിപ്പിക്കുകയാണ് വിമർശകർ.

“അന്നും ഇന്നും ബാങ്ക് കൊടുക്കുകയും പള്ളി കഴുകുകയും ഉസ്താദുമാര്‍ക്കുള്ള ഭക്ഷണം കൊണ്ട് വരികയും ചെയ്യുന്നവരാണ് മുക്രികള്‍” എന്ന് തോന്നിവാസം എഴുന്നള്ളിക്കുമ്പോൾ ചരിത്രത്തെ സംബന്ധിച്ച് വല്ലതും ചിന്തിക്കുന്നുണ്ടോ ഈ അൽപജ്ഞാനികൾ ?! പ്രവാചകൻ (സ) ജീവിച്ചിരിക്കുമ്പോൾ, ഭക്ഷണം കൊണ്ട് കൊടുക്കാനുള്ള ‘ഉസ്താക്കന്മാർ’ ഏതാ ?! അവർക്ക് ഒരൊറ്റ ഉസ്താദെ (ഗുരു) ഉണ്ടായിരുന്നുള്ളു. അത് മുഹമ്മദ് നബി (സ) മാത്രമാണ്. അദ്ദേഹം തന്റെ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. മിക്കവാറും മുഴു പട്ടിണിയിലായിരുന്നു അദ്ദേഹമെന്ന് ധാരാളം ഹദീസുകളിൽ കാണാം. പള്ളിയിലെ ഇമാമും അദ്ദേഹം തന്നെയായിരുന്നു. പ്രവാചകനും അനുചരന്മാരുമെല്ലാം പള്ളിയിൽ വന്ന് അഞ്ച് നമസ്ക്കാരങ്ങളും നിർവ്വഹിച്ചിരുന്ന കാലത്ത് പള്ളിയുടെ നിലം മണ്ണും ചരൽ കല്ലുമായിരുന്നു. ഓരോ മൂലയിലും കല്ലുകട്ടകൾ വെച്ച് ചുമരുകൾ. ഇത്രയെ ഉള്ളു അന്നത്തെ പള്ളി. ഒരു മഴ പെയ്താൽ സാഷ്ടാംഗം ചെയ്യുമ്പോൾ നിലത്തെ മണ്ണും ചെളിയും പ്രവാചകന്റെ മുഖത്ത് പറ്റിപ്പിടിച്ചിരുന്നുവെന്ന് ഹദീസിൽ കാണാം (സ്വഹീഹുൽ ബുഖാരി: 1934) ചെരുപ്പ് ധരിച്ചാണ് പ്രവാചകനും അനുചരന്മാരും നമസ്ക്കരിച്ചിരുന്നത്. (സുനനു അബൂദാവൂദ്: 650) ഇത്തരമൊരു പള്ളിയിൽ ബിലാൽ (റ) എന്ത് കഴുകാനാണ്?! പരിസര ബോധമില്ലാത്ത നുണ എന്നല്ലാതെ എന്താണ് ഇതിനെ സംബന്ധിച്ച് നാം വിലയിരുത്തേണ്ടത് ?

ഇനി ഏതെങ്കിലും സാഹചര്യത്തിൽ പള്ളി കഴുകേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ബിലാലിനെ കൊണ്ട് ചെയ്യിപ്പിക്കുന്നത് ഹദീസിൽ എവിടെയും നാം കാണുന്നില്ല. അഥവാ ഏതെങ്കിലും സാഹചര്യത്തിൽ പള്ളി കഴുകേണ്ടി വന്നാൽ പ്രവാചകൻ അടക്കമുളള പള്ളിയിൽ ഹാജറായ എല്ലാവരും അത് നിർവ്വഹിക്കും എന്നല്ലാതെ അത് മുക്രിയുടെ പണിയായി ഹദീസുകളിൽ എവിടേയുമില്ല. ഉദാഹരണത്തിന്, ഒരിക്കൽ അജ്ഞനായ ഒരാൾ പള്ളിയിലെ ഒരു മൂലയിലിരുന്ന് മൂത്രമൊഴിച്ച സംഭവത്തിൽ പ്രവാചകൻ (സ) തന്നെ ആ മൂല കഴുകുകയാണ് ഉണ്ടായത്. (സുനനു ഇബ്നുമാജ : 529) അപ്പോൾ പള്ളി കഴുകൽ തന്നെ ഒരു ‘പണി’യല്ലാതിരുന്ന കാലഘട്ടമായിരുന്നു അത്. എന്നിട്ടു വേണ്ടെ അത് ‘മുക്രി പണി’ ആകാൻ !

ബിലാൽ (റ), ഇബ്നു ഉമ്മി അബ്ദ് (റ) തുടങ്ങിയ കറുത്ത വർഗക്കാരായ അടിമകൾ സദസ്സിലുള്ളപ്പോൾ ഞങ്ങൾക്ക് നിന്റെ സദസ്സിൽ പങ്കെടുക്കാൻ കഴിയില്ല എന്നും അവരെ പുറത്താക്കിയാൽ പങ്കെടുക്കാമെന്നും മുഹമ്മദ് നബിയോട് (സ) മക്കയിലെ പ്രമാണിമാർ പറയുകയുണ്ടായി. പ്രവാചകൻ (സ) പ്രമാണിമാരോട് വിട പറഞ്ഞു കൊണ്ട് (ബിലാൽ (റ), ഇബ്നു ഉമ്മി അബ്ദ് (റ) തുടങ്ങിയ അനുചരന്മാരെ കൂടെ നിർത്തി).
(തഫ്സീറു ത്വബ്‌രി: 11/378 : 13262)

മക്കയിലെ ഈ വർണവെറിയന്മാരായ പ്രമാണിമാർക്ക് മറുപടിയായി വിശുദ്ധ ഖുർആനിൽ നിന്നുമുള്ള ഈ വചനം അവതീർണമായി:

“തങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം ലക്ഷ്യമാക്കിക്കൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നരെ നീ ആട്ടിയകറ്റരുത്‌. അവരുടെ കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയും നിനക്കില്ല. നിന്‍റെ കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയും അവര്‍ക്കുമില്ല. എങ്കിലല്ലേ നീ അവരെ ആട്ടിയകറ്റേണ്ടി വരുന്നത് ? അങ്ങനെ ചെയ്യുന്ന പക്ഷം നീ അക്രമികളില്‍ പെട്ടവനായിരിക്കും.” (ഖുർആൻ: 6:52)

ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രവാചകൻ സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിച്ച മഹാനായിരുന്നു -പ്രവാചക ശിഷ്യന്മാർക്കിടയിൽ- കറുത്ത വർഗക്കാരനായ ബിലാൽ (റ). (സ്വഹീഹുൽ ബുഖാരി: 1098). ഈ ആദരവ് വിരലിലെണ്ണാവുന്ന പ്രവാചകാനുചരന്മാർക്കെ നൽകപ്പെട്ടിട്ടുള്ളു.

ബിലാലിനെ ഖലീഫ ഉമർ “ഞങ്ങളുടെ നേതാവ്” എന്ന് അഭിസംബോധന ചെയ്യുമായിരുന്നു. (സ്വഹീഹുൽ ബുഖാരി: 3754)

റോമക്കാരുമായി നടന്ന ഒരു യുദ്ധത്തിന് മുമ്പായി റോമക്കാരുടെ നേതാവ് ഹിർക്കൽ ചക്രവർത്തിയുടെ പുത്രൻ, വെളുത്ത, കുലീനനായ ഒരു ക്രിസ്ത്യൻ പുരോഹിതനെ മധ്യസ്ഥ സംഭാഷണത്തിനായി അയച്ചു. “നിങ്ങളിലെ ഏറ്റവും സ്ഫുടമായി സംസാരിക്കുന്ന ഏറ്റവും ധീരനായ ഒരാളെ മധ്യസ്ഥ ചർച്ചക്കായി ഞങ്ങളുടെ അടുത്തേക്ക് അയക്കുക, അറബികളിലെ താഴ്ന്നവരെ അയക്കരുത്” എന്ന രാജകുമാരന്റെ (ഹിർക്കൽ ചക്രവർത്തിയുടെ പുത്രൻ) ആവശ്യപ്പെടൽ പുരോഹിതൻ അറിയിച്ചു. അപ്പോൾ അവരുമായുള്ള ചർച്ചക്ക് മുസ്‌ലിം സൈന്യാധിപനായ അംറിബ്നു ആസ് (റ) തിരഞ്ഞെടുത്തത് ബിലാലിനെയായിരുന്നു. അംറിബ്നു ആസ് (റ) ബിലാലിനോട് (റ) പറഞ്ഞു: “താങ്കൾ പോവുക, അല്ലാഹുവോട് സഹായം തേടുക. സ്ഫുടമായി സംസാരിക്കുക…”. ബിലാൽ അവരുടെ അടുത്തു ചെന്നപ്പോൾ പുരോഹിതൻ അദ്ദേഹത്തെ പരിഹസിച്ചു: “ഹേ അടിമേ, നിങ്ങളുടെ സൈന്യത്തിലെ നേതാക്കളിൽ ഒരാളെ അയക്കാനാണ് ഞങ്ങൾ ആവശ്യപ്പെട്ടത്…” ബിലാൽ (റ) മറുപടി നൽകി: “പുരോഹിതാ, ഞാൻ അല്ലാഹുവിന്റെ ദൂതന്റെ സഹായിയും അദ്ദേഹത്തിന്റെ മുഅദ്ദിനും (ബാങ്ക് വിളിക്കാരൻ) ആകുന്നു.”
(ഫുതൂഹു ശാം: വാഖിദി: 2/20)

മക്കയിൽ നിന്ന് പലായനം ചെയ്ത് മദീനയിൽ എത്തിയ മുഹാജിറുകളേയും മദീനക്കാരായ മുസ്‌ലിംകൾ അഥവാ അൻസ്വാറുകളേയും പ്രവാചകൻ പരസ്പര സഹോദരങ്ങളായി നിശ്ചയിച്ചു കൊടുത്ത ചരിത്രമുണ്ട്. ബിലാലിന് സഹോദരനും സുഹൃത്തുമായി പ്രവാചകൻ നിശ്ചയിച്ചു കൊടുത്തത് പ്രവാചകന്റെ കുടുംബക്കാരനും മുസ്‌ലിംകളുടെ നേതാക്കളിൽ ഒരാളുമായ അബൂ ഉബൈദയെയാണ്. (അൽ ഇസ്വാബ: ഇബ്നു ഹജർ: 1/455)

ഖുറൈശികളിലെ നേതാക്കളിൽ ഒരാളും, വലിയ ധനികനും, ഇസ്‌ലാമിന്റെ ആവിർഭാവകാലഘട്ടത്തിൽ തന്നെ ഇസ്‌ലാമാശ്ലേഷിച്ച ഒരു വ്യക്തിയുമായിരുന്നു അബ്ദുറഹ്മാൻ ഇബ്നു ഔഫ് (റ). ഒരോ യാത്രകളിലും നൂറോളം ഒട്ടകങ്ങൾ വഹിച്ചു കൊണ്ട് പോകാൻ മാത്രം കച്ചവട ചരക്കുകളുടെ ഉടമയായ മഹാധനികനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സഹോദരി ‘ഹാല’യെയാണ് ബിലാൽ (റ) വിവാഹം കഴിച്ചത്.
(ബൈഹഖി: 7/137)

മൂന്ന്: ആകെ ഒരു ബിലാലിന്റെ ചരിത്രമല്ല ഇസ്‌ലാമിന് പറയാനുള്ളത്. ഇസ്‌ലാം കറുത്ത വർഗക്കാരുടെ വിമോചന പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെട്ടവരിലും ആദ്യമായി ആശ്ലേഷിച്ചവരിലും മഹാന്മാരായ, ഒട്ടനവധി കറുത്ത വർഗക്കാരായ പ്രവാചക ശിഷ്യന്മാർ ഉണ്ടായിരുന്നു. ഖബ്ബാബ്, അമ്മാർ, യാസർ, സുമയ്യ തുടങ്ങിയ കറുത്ത വർഗക്കാരായ അടിമകളാണ് ആദ്യമായി പ്രവാചകനെ പിന്തുടർന്നവർ എന്ന് നാം സൂചിപ്പിച്ചുവല്ലൊ.
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 34570)

ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിയാണ് സുമയ്യ. അവരുടെ കുടുംബത്തിനു മൊത്തം അല്ലാഹു സ്വർഗം വിധിച്ചു. (ഹാകിം: 5666)

അമ്മാറിന്റെ മജ്ജയിൽ പോലും ഈമാൻ (സത്യവിശ്വാസം) നിറഞ്ഞതായി പ്രവാചകൻ അദ്ദേഹത്തെ പുകഴ്ത്തി.
(സുനനു നസാഈ:5007)

وَاهْتَدُوا بِهَدْيِ عَمَّارٍ

“എനിക്ക് ശേഷം അമ്മാറിന്റെ ജീവിതചര്യ നിങ്ങൾ പിന്തുടരൂ” എന്ന് – ഉന്നതകുലജാതരും വെളുത്തവരും അടങ്ങുന്ന – തന്റെ ശിഷ്യരോട് പ്രവാചകൻ (സ) ഉപദേശിച്ചു. (സുനനു അബൂദാവൂദ്: 3799)

കൂഫയിലെ ഭരണ നേതൃത്വം വഹിച്ച നേതാവായിരുന്നു അമ്മാർ (സിയറു അഅ്ലാമിന്നുബലാഅ്: 3/256)

കറുത്ത വർഗക്കാരിൽപ്പെട്ട പ്രവാചകന്റെ മറ്റൊരു ശിഷ്യനായിരുന്നു മിഖ്ദാദിബ്നുൽ അസ്‌വദ് (റ). ബദർ യുദ്ധാവസരം സ്വന്തമായി കുതിരയുണ്ടായിരുന്ന ഒരേ ഒരാൾ അദ്ദേഹമായിരുന്നുവെന്നും ‘പ്രവാചകന്റെ അശ്വഭടൻ’ എന്ന് അദ്ദേഹത്തിന് സ്ഥാനപേര് നൽകപ്പെട്ടുവെന്നും ഇമാം ദഹബി ‘സിയറുൽ അഅ്ലാമിന്നുബലാഅ്’ ഇൽ രേഖപ്പെടുത്തുന്നു.

ഈജിപ്ത്തിലെ ചക്രവർത്തി മുകൗകിസുമായി രാഷ്ട്രീയം ചർച്ച ചെയ്യാൻ മുസ്‌ലിംകൾ ഉബാദത്തിബ്നു സ്വാമിത്തിനെ (റ) അയച്ചപ്പോൾ മുകൗകിസ് പറഞ്ഞു: “ഈ കറുത്തവനിൽ നിന്ന് എന്നെ രക്ഷിക്കൂ, മറ്റു വല്ലവരേയും നിങ്ങൾ കൊണ്ടു വരൂ.”

മുസ്‌ലിംകൾ പറഞ്ഞു:

إن هذا الأسود أفضلنا رأيا وعلما، وهو سيدنا وخيرنا والمقدَّم علينا، وإنما نرجع جميعا إلى قوله ورأيه

“ഈ കറുത്തവനാണ് അറിവു കൊണ്ടും ബുദ്ധികൊണ്ടും ഞങ്ങളിലെ ഏറ്റവും ശ്രേഷ്ടൻ. അദ്ദേഹം ഞങ്ങളിലെ നേതാവും, ഏറ്റവും ഉത്തമനും, അഗ്രഗണ്യനുമാണ്. ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ അഭിപ്രായത്തിനെ പിന്തുടരുന്നവർ മാത്രമാണ്.”
(ഹിജ്റ രണ്ടാം നൂറ്റാണ്ടുകാരനായ ഇമാം ഇബ്നു അബ്ദുൽ ഹകമിന്റെ ‘ഫുതൂഹു മിസ്ർ വൽ മഗ്‌രിബ്’ എന്ന ഗ്രന്ഥത്തിൽ സംഭവത്തിന്റെ പൂർണ രൂപം വിവരിക്കപ്പെട്ടിട്ടുണ്ട്.)

എത്യോപ്യക്കാരിയും അടിമത്തത്തിൽ നിന്ന് മോചിതയുമായ ഉമ്മു അയ്മന്റെ (റ) പുത്രനായ, പ്രവാചക ശിഷ്യൻ ഉസാമത്തിബ്നു സൈദ് (റ) കറു കറുത്ത ഒരു വ്യക്തിയായിരുന്നു. (സിയറുൽ അഅ്ലാമിന്നുബലാഅ്: 2:498 )

പ്രവാചകന്റെ വളർത്തുപുത്രൻ സൈദിബ്നു ഹാരിസ(റ)യെയായിരുന്നു ഉമ്മു അയ്മൻ (റ) വിവാഹം ചെയ്തത്. (സിയറുൽ അഅ്ലാമിന്നുബലാഅ്: 2:497 )

ആർ എന്നെ സ്നേഹിക്കുന്നുവോ അവൻ ഉസാമയേയും സ്നേഹിക്കണമെന്ന് പ്രവാചകൻ (സ) പറയുമായിരുന്നു.
(സ്വഹീഹു മുസ്‌ലിം: 2942)

ഉമറിനെ പോലെ മുതിർന്ന ഒരുപാട് ശിഷ്യരുണ്ടായിട്ടും ശാം സൈന്യത്തിന്റെ നേതാവായി പ്രവാചകൻ (സ) നിശ്ചയിച്ചത് ഉസാമയെ (റ) ആയിരുന്നു.
(സിയറുൽ അഅ്ലാമിന്നുബലാഅ്: 2:497)

അദ്ദേഹത്തോടും അദ്ദേഹത്തിന്റെ മാതാപിതാക്കളോടും പ്രവാചകനുണ്ടായിരുന്ന അങ്ങേയറ്റത്തെ സ്നേഹാദരവ് കാരണം ഉസാമയെ (റ) പ്രവാചക ശിഷ്യർ വിളിച്ചിരുന്നത് ‘പ്രവാചകന്റെ പ്രിയപ്പെട്ടവൻ, പ്രവാചകന്റെ പ്രിയപ്പെട്ടവന്റെ മകൻ’ ( حب وابن حب رسول الله) എന്നായിരുന്നു.
(സ്വഹീഹുൽ ബുഖാരി: 3732)

ഇങ്ങനെ എത്രയെത്ര കറുത്ത വർഗക്കാരായ നേതാക്കൾ പ്രവാചക ശിഷ്യന്മാരിലുണ്ട്. അവരുടെ നാമങ്ങൾ കേൾക്കുമ്പോഴും വായിക്കുമ്പോഴും എഴുതുമ്പോഴും ലോകത്തുള്ള സർവ്വ മുസ്‌ലിംകളും അവർക്കായി പ്രാർത്ഥിക്കുന്നു; “അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ” (رضي الله عنه) എന്ന്. (റ) എന്ന് അവരുടെ പേരിനൊപ്പം എഴുതുന്നതിലെ ഉദ്ദേശം ഈ പ്രാർത്ഥനയാണ്. ഇതിനേക്കാൾ വലിയ ഒരു സ്ഥാനം മുസ്‌ലിംകൾക്കിടയിൽ ഒരു വ്യക്തിക്ക് ലഭിക്കാനുണ്ടോ ?!

പ്രവാചക ശിഷ്യന്മാരിലെ പ്രമുഖരും നേതാക്കളുമായിരുന്ന പലരും കറുത്ത വർഗക്കാരും അടിമകളുമായിരുന്ന പലരേയും ഇമാമായി (നേതാവ്) നിർത്തി അവരെ പിന്തുടർന്ന് നമസ്ക്കരിച്ചിട്ടുണ്ട് എന്നതിന് ഇസ്‌ലാമിക ചരിത്രത്തിൽ ഒരുപാട് തെളിവുകളുണ്ട്. അബൂസഈദിന്റെ കീഴിൽ, ഇബ്നു മസ്ഊദ് (റ), ഹുദൈഫ (റ), അബൂദർറ് (റ) എന്നീ പ്രവാചകാനുചരന്മാർ നമസ്ക്കരിച്ചിരുന്നത് ഉദാഹരണം. (മഅ് രിഫത്തു സുനനു വൽആസാർ: 5930)

ചുരുക്കത്തിൽ, പ്രവാചകന്റെ കാലഘട്ടത്തിൽ കറുത്ത വർഗക്കാർക്ക് ‘മുക്രി പണി’ മാത്രമേ കിട്ടിയിരുന്നുള്ളു എന്നതൊക്കെ വെറും തള്ളലുകളാണ്.

പ്രവാചകാനുചരന്മാരുടെ ശിഷ്യൻമാർ (താബിഉകൾ), അവരുടെ ശിഷ്യൻമാർ (താബിഉ താബിഈൻ) തുടങ്ങിയ ആദ്യ കാല മുസ്‌ലിംകളിൽ ധാരാളം കറുത്ത വർഗക്കാരും മോചിതരായ അടിമകളും അടങ്ങുന്ന ഗവർണർമാർ, പ്രവിശ്വാ നേതാക്കൾ, സൈന്യാധിപർ, മത നേതാക്കൾ, ഇമാമുമാർ, ഹദീസ്-തഫ്സീർ ഗുരുക്കൾ എന്നീ സ്ഥാനങ്ങളിലെ അഗ്രഗണ്യരുണ്ടായിട്ടുണ്ട്. നാഫിഅ് മൗലാ ഇബ്നു ഉമർ, ഇക്‌രിമ മൗലാ ഇബ്നു അബ്ബാസ്, അത്വാഅ് ഇബ്നു അബീ റബാഹ് തുടങ്ങി എത്രയെത്ര മഹാന്മാർ ഇതിന് ഉദാഹരണങ്ങളാണ്…!

ഉമവിയ്യ ഭരണകൂടം മക്ക ഭരിച്ചിരുന്ന കാലഘട്ടം. ഹജ്ജ് നിർവ്വഹിക്കാനായി ലോകത്തെ നാനാ ദിക്കുകളിൽ നിന്ന് വന്നു ചേർന്ന് മുസ്‌ലിംകൾക്കിടയിൽ… നേതാകൾക്കും, ഭരണാധികാരികൾക്കും, പണ്ഡിതന്മാർക്കുമിടയിൽ ഇപ്രകാരം വിളമ്പരം ചെയ്യപ്പെടുമായിരുന്നുവത്രെ: “അത്വാഅ് ഇബ്നു അബീ റബാഹ് അല്ലാതെ മറ്റാരും ജനങ്ങൾക്ക് മതവിധി പഠിപ്പിക്കേണ്ടതില്ല.; അദ്ദേഹത്തിന്റെ പാണ്ഡിത്യവും നേതൃത്വവും ആദരിച്ച് കൊണ്ട്. (അഖ്ബാറു മക്ക: ഫാകിഹാനി)

കറുത്ത വർഗക്കാരനും വികലാംഗനുമായിരുന്നു അത്വാഅ് ഇബ്നു അബീ റബാഹ്. (അൽ മആരിഫ്: ഇബ്നു ഖുതൈബ)

“അറിവ് സൗന്ദര്യത്തിലൊ രൂപത്തിലോ സമ്പത്തിലോ അല്ല നിലകൊള്ളുന്നത് എന്നതിനും വിജ്ഞാനം ദൈവം, താൻ ഉദ്ദേശിക്കുന്ന അടിമകളുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്ന പ്രകാശമാണ് എന്നതിനും ഉദാഹരണമാണ് അത്വാഅ് ഇബ്നു അബീ റബാഹ്” എന്ന് ചരിത്രകാരനായ ഇബ്നുൽ ഖത്തീബ് രേഖപ്പെടുത്തി. (അൽ വഫയാത്ത്: 112)

ഹിജാസിലെ പണ്ഡിതരുടെ നേതാവ് എന്ന അപരനാമത്തിൽ ചരിത്രത്തിൽ അറിയപ്പെട്ട കറുത്ത വർഗക്കാരനായ
അത്വാഅ് ഇബ്നു അബീ റബാഹിന്റെ അടുക്കൽ അന്നത്തെ ചക്രവർത്തി പോലും സംശയങ്ങൾ ചോദിക്കാൻ, അദ്ദേഹത്തിന്റെ സന്നിധിലേക്ക് ചെല്ലുമായിരുന്നു. (അൽ ഫഖീഹു വൽ മുതഫഖിഹ്: ഖത്തീബുൽ ബഗ്ദാദി)
ഇമാം ദഹബി പറയുന്നു: “അത്വാഅ് ഇബ്നു അബീ റബാഹ്, ഇസ്‌ലാമിന്റെ ഗുരു, ഹറമിന്റെ മുഫ്തി (ഹജ്ജിനും അല്ലാതെയും മക്കയിലെ കഅ്ബ അടങ്ങുന്ന പള്ളിയിൽ വരുന്നവർക്ക് മതവിധികൾ നൽകിയിരുന്ന പണ്ഡിതരുടെ നേതാവ്)” (സിയറുൽ അഅ്ലാമിന്നുബലാഅ്: 5:79)

താബിഉകളുടെ (പ്രവാചകാനുചരന്മാരുടെ ശിഷ്യർ) നേതാവായിരുന്ന സഈദിബ്നു ജുബൈർ കറുത്ത വർഗക്കാരനായിരുന്നുവെന്നും, പ്രവാചകാനുചരൻ ഇബ്നു അബ്ബാസ് പോലും അദ്ദേഹത്തോട് സംശയങ്ങൾ ചോദിച്ച് പഠിക്കുമായിരുന്നുവെന്നും ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. (തദ്‌കിറത്തുൽ ഹുഫ്ഫാദ്: 1/76)

കൂഫയിലെ ജഡ്ജിയായി സഈദിബ്നു ജുബൈർ സേവനമനുഷ്ടിച്ചിട്ടുണ്ട്. (അൽ മആരിഫ്)

സഈദിബ്നു ജുബൈറിന് പുറമെ കറുത്ത വർഗക്കാരനായിരുന്ന, ഹിജ്റ മൂന്നാം നൂറ്റാണ്ടുകാരായ അബുൽ ഖൈർ ഹമ്മാദിബ്നു അബ്ദുല്ല അത്തീനാത്തി, അബൂ സ്വാലിഹ് മൗലാ അബ്ദുല്ലാഹിബ്നു യഹ്‌യ തുടങ്ങിയവർ സമകാലികരായ ജഡ്ജിമാരുടെ അവലംബമായിരുന്നുവെന്നും ഇസ്‌ലാമിക ചരിത്രം നമ്മെ പഠിപ്പിക്കുന്നു. (താരീഖുൽ ഇസ്‌ലാം: 25: 331)

സുടാനിലെ ദുൻകലക്കാരനായ യസീദിബ്നു അബീ ഹബീബ് അന്നുബി ഈജിപ്ത്തിന്റെ മുഫ്തി (ഫത്‌വ നൽകുന്ന പണ്ഡിതരുടെ നേതാവ്) ആയിരുന്നു.
(താരീഖുൽ ഇസ്‌ലാം: ദഹബി)

ഈജിപ്തിലെ വൈജ്ഞാനിക-രാഷ്ട്രീയ മേഖലകളിൽ വിപ്ലവം സൃഷ്ടിച്ച മഹാനായിരുന്നു അദ്ദേഹം. ഈജിപ്ത്തിലെ എക്കാലത്തേയും മഹാന്മാരായ പണ്ഡിതരായ അബ്ദുല്ലാഹിബ്നു ലഹീഅ, ലൈസിബ്നു സഅദ് തുടങ്ങിയവർ യസീദിബ്നു അബീ ഹബീബ് അന്നുബിയുടെ ശിഷ്യരായിരുന്നു. ലൈസിബ്നു സഅദ്, അദ്ദേഹത്തെ സംബന്ധിച്ച” ഞങ്ങളുടെ പണ്ഡിതനും നേതാവും” എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.

മഹാകവി അസ്മഇ (മരണം: ഹിജ്റ വർഷം :216), ഹാസ്യ കവി അബൂ ദുലാമ (മരണം: ഹിജ്റ വർഷം: 161), നുസൈബ് ഇബ്നു റബാഹ് അന്നുബി (മരണം: ഹിജ്റ വർഷം: 108), അബുൽ അത്വാഅ് അസ്സിന്ദി (മരണം: ഹിജ്റ വർഷം: 180) തുടങ്ങിയ കറുത്ത വർഗക്കാരായ കവികൾ, ഗഥ്യ സാഹിത്യത്തിന്റെ സാമ്പ്രാട്ട് ജാഹിദ് (മരണം: ഹിജ്റ വർഷം: 225) തുടങ്ങിയ എണ്ണമറ്റ വിശ്വപ്രസിദ്ധ അറബിസാഹിത്യകാരന്മാർ തെളിയിക്കുന്നത് ഇസ്‌ലാമിക സമൂഹത്തിൽ കറുത്ത വർഗക്കാർക്ക് ഏത് മേഖലകളിലും, വിവേചനങ്ങളൊന്നും കൂടാതെ എത്ര ഉയരങ്ങളിലേക്കും എത്തിപ്പെടാമായിരുന്നു എന്നാണ്.

കറുത്ത വർഗക്കാരനും ഇസ്‌ലാമിന്റെ ആവിർഭാവകാലഘട്ടക്കാരനുമായ മഹാകവി അബ്ദു ബനീ ഹസ്ഹാസിന്റെ ചരിത്രം ചരിത്രകാരൻ അബ്ദുൽ കാദിർ അൽ ബഗ്ദാദി തന്റെ ‘ഖസാനത്തുൽ അദബ്’ എന്ന ഗ്രന്ഥത്തിൽ എടുത്ത് ചേർക്കുന്നുണ്ട്.

അബ്ദു ബനീ ഹസ്ഹാസിന്റെ കവിതകളിൽ ഒരു വരി ഇങ്ങനെയാണ്:

“ഞാൻ ഒരു അടിമയായിരുന്നെങ്കിലും എന്റെ ആത്മാവ് ശ്രേഷ്ടവും സ്വാതന്ത്ര്യവുമായിരുന്നു… എന്റെ ചർമ്മം കറുപ്പാണെങ്കിലും എന്റെ സ്വഭാവം പ്രകാശപൂരിതമാണ്”

ഇനി, രാഷ്ട്രീയത്തിലേക്ക് വരുകയാണെങ്കിൽ ഇസ്‌ലാമിക ഈജിപ്ത്തിൽ കറുത്ത വർഗക്കാരുടെ പല ഗോത്രങ്ങൾ ‘ഉറഫാഉ സുദാൻ’ (സുഡാൻ നേതാക്കൾ) എന്ന പേരിൽ പല നാടുകളും ഭരിച്ചിരുന്നു എന്ന് ചരിത്രത്തിൽ നാം കാണുന്നു. കാഫൂർ അൽ ഇഖ്‌ശീദി, കാഫൂർ ശിബ്‌ലു ദൗല, ബദറുദ്ദീൻ അൽ ഹബ‌്ശി തുടങ്ങിയ കറുത്ത വർഗക്കാരായ രാജാക്കന്മാരെയും ചരിത്രത്തിൽ നാം കാണുന്നു.
(https://www.google.com/amp/s/www.aljazeera.net/amp/turath/2020/6/9)

ഇസ്‌ലാമിക പ്രബോധനത്തിലും നാഗരികതയിലും പങ്കു വഹിച്ച ആഫ്രിക്കക്കാരായ ഭരണാധികാരികൾ, നേതാക്കൾ, ഇമാമുമാർ, വിവിധങ്ങളായ ഇസ്‌ലാമിക വിജ്ഞാന ശാഖകളിൽ അഗ്രഗണ്യരായ ഗുരുവര്യന്മാർ എന്നിവർ എണ്ണമറ്റതാണ്. ഒരു പ്രത്യേക ഗവേഷണത്തിന് മാത്രം വിശാലമായ ഈ വിഷയത്തെ സംബന്ധിച്ച് നടന്നിട്ടുള്ള പരന്ന പഠനങ്ങളുടെ പട്ടിക തന്നെ നീണ്ടതാണ്. അവയിൽ ചിലത് ഇവിടെ രേഖപ്പെടുത്താം:

1. അൽ ഹളാറാ അൽഇസ്‌ലാമിയ ഫീ നൈജീരിയ: ഡോ.സുലൈമാൻ മൂസാ.
2. നൈലുൽ ഇബ്‌തിഹാജ്: അഹ്‌മദ് ബാബാ.
3. ഫിഹ്റസുൽ ഫഹാരിസ്: അബ്ദുൽ ഹയ്യ് അൽ കത്താനി.
4. ജദൂരുൽ ഹളാറത്തുൽ ഇസ്‌ലാമിയ ഫിൽ ഗർബ് അൽ ഇഫ്രീഖി: ഉസ്‌മാൻ ബരീമാ ബാരി.
5. അസ്സഖാഫ അൽ ഇസ്‌ലാമിയ ഫിൽ ഗർബ് അൽ ഇഫ്രീഖി: ഡോ. ഉമർ ബാഹ്.
6. മുഫക്കിറൂൻ വ ഉലമാഉ അറഫ്ത്തുഹും: മുഹമ്മദ് അൽ മജ്‌ദൂബ്.
7. അൽ മൗസൂഅത്തു അൽ ഇഫ്രീകിയ.
8. ഫത്ഹു ശുക്കൂർ ഫീ മഅ്‌രിഫത്തി അഅ് യാനി ഉലമാഇതക്രൂർ: വുല്ലാത്തി.
9. താരീഖുൽ ജിബ്റത്തി.
10. അൽ മുസ്‌ലിമൂന ഫി ഗർബി ആഫ്രിക: താരീഖ് വഹളാറ:

(തുടരും)

print

1 Comment

  • masha Allah…👌👌

    Afreen 27.08.2020

Leave a comment

Your email address will not be published.