വെളിച്ചത്തിന് എന്തൊരു വെളിച്ചം! -1

//വെളിച്ചത്തിന് എന്തൊരു വെളിച്ചം! -1
//വെളിച്ചത്തിന് എന്തൊരു വെളിച്ചം! -1
ആനുകാലികം

വെളിച്ചത്തിന് എന്തൊരു വെളിച്ചം! -1

The Why Questions and the How Questions

എന്തുകൊണ്ട്? ചോദ്യങ്ങളും, എങ്ങനെ? ചോദ്യങ്ങളും

തിരക്കുകളെല്ലാം കഴിഞ്ഞ്, കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്ത് തീർത്ത്, ഇന്ന് നിങ്ങൾ നിങ്ങളുടെ മനോഹരമായ ശയ്യയുടെ സ്‌നിഗ്‌ദ്ധമായ മാറിൽ പൂണ്ട്, ഒരു കുഞ്ഞിനെ പോലെ കിടന്നു എന്ന് കരുതുക. രാത്രിയുടെ നിഴൽതൊട്ടിലിൽ ആടിയാടി… തെന്നലിൻ ശീതള സ്പർശത്താൽ പരിലാളിതനായി… ഉറക്കിലേക്ക് ഊളിയിട്ട്, സ്വപ്നങ്ങളുടെ സാമ്രാജ്യത്തിലെത്തി, ശിശു സഹജമായ ഭാവനാൽഭുതങ്ങൾ കണ്ടും അനുഭവിച്ചും കൊണ്ടിരിക്കെ…
കപ്പലിൻ്റെ മണി മുഴക്കം കേട്ട് നിങ്ങൾ ഞെട്ടി ഉണർന്നു.

നിങ്ങൾ ഉറങ്ങിയ നിങ്ങളുടെ മുറിയിലൊ മെത്തയിലൊ അല്ല നിങ്ങൾ ഉണർന്നിരിക്കുന്നത്; ഒരു ഭീമമായ കപ്പലിലാണ്. കണ്ണു തിരുമ്മി നിങ്ങൾ ചുറ്റും മിഴിച്ചു നോക്കി. ഒരുപാട് സഹയാത്രികരുണ്ട് കൂടെ. എല്ലാവരും ഓരോരോ കാര്യങ്ങളിൽ നിരതരാണ്. ഒറ്റക്കും കൂട്ടായും പലരും പലതും ചെയ്തു കൊണ്ടിരിക്കുന്നു. സഹസ്രങ്ങളുടെ സംവാദഘോഷങ്ങളാൽ അന്തരീക്ഷം ബഹളമയം.

പാട്ടും നൃത്തവും സംഗീതവും സാഹിത്യവുമായി ഒരു മൂലയിൽ വലിയ ഒരു സംഘം ആഘോഷങ്ങളിലും ആർപ്പുവിളിയിലും മുഴുകിയിരിക്കുന്നതായി നിങ്ങൾ കാണുന്നു.

ഒരു മൂലയിൽ പരസ്പരം സല്ലപിച്ചും ശൃംഗരിച്ചും പ്രശംസിച്ചും പരിലാളിച്ചും കുറേ കമിതാക്കളും ദമ്പതികളും.

അന്നവും പാനവുമായി ഒരു മൂലയിൽ കുറേ പേർ. അവരതിൽ സ്ഥലകാല ബോധമില്ലാതെ ലയിച്ചിരിക്കുന്നു.

ഗുസ്തിയും പയറ്റും കളിയും വിനോദവുമായി മറ്റൊരു വിഭാഗം ഒരു ഭാഗത്ത്.

ഈ ജനതക്കു നടുവിൽ നിൽക്കവെ, നിങ്ങളുടെ മനോമുകുരത്തിൽ എന്ത് ചിന്തയും ചോദ്യവുമാണ് പ്രഥമമായും പ്രധാനമായും കടന്നു വരുന്നത്?!

“ഞാൻ എങ്ങനെ ഇവിടെ എത്തി?”

“എന്നെ ആര് ? എന്ത് കൊണ്ട്? ഈ കപ്പലിലേക്ക് കൊണ്ടുവന്നു ?”

“എവിടേക്കാണ് എന്നെ കൊണ്ടു പോകുന്നത്? എന്താണ് ഈ നിഗൂഢമായ അനുഭവത്തിൻ്റെ അർത്ഥം?”

ഇതൊക്കെ ആയിരിക്കില്ലേ നിങ്ങളുടെ അന്തരാളങ്ങളെ അസ്വസ്ഥമാക്കുന്ന അനിശ്ചിതാവസ്ഥ?

അവയല്ലേ ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങൾ?

അവയാകണ്ടേ നമ്മുടെ കൗതുകത്തെ എന്നെന്നും ജ്വലിപ്പിക്കുന്ന ഇന്ധനങ്ങൾ ?!

നമ്മുടെ ജീവിത യാത്രയെ ഈ വിചിത്രവും ആശ്ചര്യജനകവുമായ യാത്രയോട് ഉപമിക്കാം. സമാനമായ ചോദ്യങ്ങൾ തന്നെയല്ലെ നമ്മുടെ അന്തഃകരണത്തെ അലട്ടുന്നത്? അല്ലെങ്കിൽ അലട്ടേണ്ടത്?

“ഞാൻ എങ്ങനെ ഈ ലോകത്തേക്ക് വന്നു?”

“എന്നെ ആര് ? എന്ത് കൊണ്ട്? ഈ ജീവിതത്തിലേക്ക് കൊണ്ടുവന്നു?”

“എവിടേക്കാണ് ജീവിതയാത്ര? എന്താണ് ജീവിതത്തിൻ്റെ അർത്ഥം?”

ഈ ചോദ്യങ്ങളാണ് ഒരു വിവേകിയുടെ മനസ്സിൽ അംഗുരിക്കുന്ന പ്രഥമവും പ്രധാനവുമായ ചോദ്യങ്ങൾ. അതിനുള്ള ഉത്തരങ്ങൾക്കായുള്ള അന്വേഷണങ്ങളും അലയലുകളുമാണ് ഏറ്റവും പ്രധാനം. ഉത്തരങ്ങൾ നാം കണ്ടെത്തി കഴിഞ്ഞാൽ അവയാണ് നമ്മുടെ ഏറ്റവും അമൂല്യമായ സ്വകീയവസ്തു എന്നതിൽ സംശയമില്ല. നമ്മുടെ സ്വത്വ സാക്ഷാൽക്കാരം, വിജയം, മാർഗം, പുരോഗമനം തുടങ്ങി എല്ലാം അവയെ ആധാരമാക്കിയാണ് നിലനിൽക്കുന്നത് എന്ന് അർത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം സ്പഷ്ടമാണ്…

കപ്പലിലേക്ക് തിരിച്ചു വരാം…
കപ്പലിൽ ഉണർന്നെഴുന്നേറ്റ്, മിഴിച്ചു നിൽക്കുന്ന നിങ്ങളുടെ മനസ്സിൽ പതഞ്ഞു പൊന്തുന്ന ഈ ചോദ്യങ്ങളെ നിങ്ങൾ വകഞ്ഞ് മാറ്റി എന്ന് കരുതുക. പകരം, ആടാനും പാടാനും തിന്നാനും കുടിക്കാനും രസിക്കാനും രമിക്കാനുമെല്ലാം നിങ്ങൾ തീരുമാനിച്ചു! എങ്കിൽ എത്രമാത്രം മൂഢമാണ് ആ തീരുമാനം എന്ന് സങ്കൽപ്പിക്കാമല്ലൊ ?! സഹജവും സ്വഭാവികവുമായ ഈ ചോദ്യങ്ങളെ അവഗണിച്ച്, പല പ്രവൃത്തികളിലും ചേഷ്ടകളിലും മുഴുകുമ്പോൾ അവയെല്ലാം യാന്ത്രികവും അർത്ഥശൂന്യവുമായി അനുഭവപ്പെടാതിരിക്കുമൊ? ദാഹിക്കുന്നവൻ ഉപ്പുവെള്ളം കുടിക്കുന്നത് പോലെ!.

കപ്പലിൽ, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി നിങ്ങൾ അലഞ്ഞു തിരിയവെ നിങ്ങൾക്ക് വിശന്നാൽ നിങ്ങൾ ഭക്ഷണം കഴിച്ചെന്നു വരാം. തളരുമ്പോൾ ഒരു മുറിയിൽ വിശ്രമിച്ചെന്നും വരാം. എന്തൊക്കെ ആയാലും മനസ്സിൽ ആ ചോദ്യങ്ങളുടെ മണിനാദമുഴക്കം ഒരിക്കലും നിലക്കില്ല. അല്ലെങ്കിൽ നിലക്കരുത് എന്ന് ഉറപ്പ്.

കപ്പലിലെ സത്യാന്വേഷണ പാതയിൽ രണ്ടു വിഭാഗം ജ്ഞാനികളെ നിങ്ങൾ കണ്ടു മുട്ടി എന്ന് കരുതുക:

ഒന്ന്, കപ്പലിൻ്റെ രൂപം, ഘടന, യന്ത്രം, പ്രവൃത്തികൾ, വേഗത തുടങ്ങിയവയെ സംബന്ധിച്ചും… കപ്പലിലെ ജലസ്രോതസ്സ്, അന്നപാനീയങ്ങളുടെ ലഭ്യത, കാലാവസ്ഥ, യാത്രക്കാരുടെ ആരോഗ്യം, രോഗ സാധ്യത, യാത്രാ സൗകര്യങ്ങൾ, അവയുടെ ഉപയോഗങ്ങൾ… തുടങ്ങി ഒട്ടനവധി കാര്യങ്ങളെ സംബന്ധിച്ച് വിവരമുള്ള കുറെ ശാസ്ത്ര വിശാരദരെ നിങ്ങൾ കണ്ടെത്തി. ഈ വിഷയങ്ങളെ കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്ന ജ്ഞാനികളാണവർ. കപ്പലിൽ നിങ്ങൾക്ക് യാതൊരു വിധത്തിലും അവഗണിക്കാൻ കഴിയാത്ത ഒരു വിഭാഗമാണിവർ. കപ്പലിലെ സ്വസ്ഥവും സുഖകരവുമായ തുടർ യാത്രക്കും ജീവിതത്തിനും അവരുടെ അടുത്തുള്ള വിജ്ഞാനം നിങ്ങൾക്ക് ലഭിച്ചേ തീരൂ. സ്വസ്ഥവും സുഖകരവുമായ തുടർ യാത്രയിലൂടെ മാത്രമെ നിങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനൊ, ഇനി ഉത്തരം കണ്ടെത്തി കഴിഞ്ഞാൽ അതിനനുസരിച്ച് പുരോഗമിക്കാനൊ ഭൗതികമായി നിങ്ങൾക്ക് സാധിക്കൂ എന്ന് നിങ്ങൾ മനസ്സിലാക്കുന്നു.

കപ്പലിനെ സംബന്ധിച്ച പഠന നൈരന്തര്യത്തിലൂടെ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുടെ ഒരു വശം അവർക്ക് വിശദീകരിക്കാൻ സാധിക്കുന്നുണ്ട്. എങ്ങനെയാണ് കപ്പലിലേക്ക് നിങ്ങൾ എത്തിയത്? എന്ന ചോദ്യത്തിനുള്ള ഉത്തരം കാര്യകാരണ സഹിതം അവർക്ക് വിശദീകരിക്കാനാകും:

നിങ്ങളുടെ കപ്പൽ ഒരു ഡോക്ക് ഉള്ള തുറമുഖത്തുള്ളത് ആണെങ്കിൽ, കപ്പലിൻ്റെ ഡെക്കിൽ നിന്ന് ഡോക്കിലേക്ക് ഒരു കോവണി സ്ഥാപിക്കപ്പെടും. കപ്പൽ തുറമുഖമില്ലാതെ, നങ്കൂരമിട്ടാണ് നിർത്തുക എങ്കിൽ, യാത്രക്കാരെ ആ തുറമുഖത്ത് നിന്ന് ഒരു ചെറിയ ബോട്ടിൽ കയറ്റി കപ്പലിലേക്ക് അയയ്ക്കുകയും, തിരിച്ച് യാത്രക്കാർക്ക് കപ്പൽ വിട്ട് ബോട്ടിൽ കരയിലേക്ക് പോകുകയും ചെയ്യാം. നിങ്ങൾ കപ്പലിലേക്ക് വന്നതും ഇനി കപ്പലിൽ നിന്ന് കരയിലേക്ക് പോകുന്നതും ഈ രണ്ടിലൊരു രീതിയിലാണ്.

ഈ വിശദീകരണം നിങ്ങളുടെ ചോദ്യത്തിൻ്റെ “എങ്ങനെ ?” ( How ?) യെ മാത്രമെ അഭിസംബോധനം ചെയ്യുന്നുള്ളു നിങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ തന്നെ അതൃപ്തികരവുമാണ്. നിങ്ങളുടെ ചോദ്യങ്ങളുടെ കാതൽ “എന്തു കൊണ്ട് ?” (Why ?) എന്നതാണ്.

ഈ രീതിയിലെല്ലാം അതി നിപുണമായി കപ്പൽ യാത്രയിലേക്ക് ഞാൻ എന്തു കൊണ്ട് വന്നു? ആര്, എന്തിന് എന്നെ ഈ കപ്പലിൽ കൊണ്ടെത്തിച്ചു? എന്തിനാണ് ഇവയെല്ലാം നടന്നത്?
ഈ എന്തുകൊണ്ട് ചോദ്യങ്ങൾക്കുള്ള (Why Questions) ഉത്തരം അവരുടെ കൈയ്യിലില്ല. എങ്ങനെ? ചോദ്യങ്ങൾക്കുളള (How Questions) ഉത്തരമെ അവർക്ക് അറിയുകയുള്ളു.

രണ്ട്, ഭാഗ്യവശാൽ മറ്റൊരു വിഭാഗം ജ്ഞാനികളെ നിങ്ങൾ പരിചയപ്പെടുന്നു. അവരുടെ അധ്യായനവും അധ്യാപനവും കപ്പൽ യാത്രയുടെ രഹസ്യങ്ങളെ കേന്ദ്രീകരിച്ചാണ്. എന്തുകൊണ്ട്? ചോദ്യങ്ങളോടാണ് (Why Questions) അവരുടെ അനുഭാവം.

നിങ്ങളുടെ ചോദ്യങ്ങളെ കുറിച്ച, നേരിട്ടുള്ള പ്രതിപാദ്യം അവരുടെ ചർച്ചയിൽ മുഴങ്ങി കേൾക്കുന്നു.
ആര് ? എന്തുകൊണ്ട്? നിങ്ങളെ കപ്പലിൽ കൊണ്ടു വന്നു. എങ്ങോട്ടേക്ക്? എന്തുകൊണ്ട് ? നിങ്ങൾ യാത്ര ചെയ്യുന്നു.

ഈ ചോദ്യങ്ങളുടെ ചർച്ചകളും പഠനങ്ങളും തന്നെ നിങ്ങളുടെ മനസ്സിനെ കുളിർപ്പിക്കുമെന്നതിൽ തെല്ലും സംശയം വേണ്ട. അത് നിങ്ങളുടെ നയനങ്ങളെ ഈറനണിയിക്കും. നിങ്ങളുടെ അന്തഃകരണം അർത്ഥപൂർണതയാൽ ആനന്തപരവേശമാവും. മുമ്പ് പ്രഹേളികയായി നിങ്ങളെ പരിഭ്രമത്തിലാഴ്ത്തിയ അതേ ജലയാനം, സമാധാനം പകരുന്നതായി നിങ്ങൾക്ക് സംവേദ്യമാവും.

എങ്കിൽ…
ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾ കണ്ടെത്തിയാൽ എങ്ങനെയിരിക്കും?!

print

1 Comment

  • excellent write
    جزاك اللهُ خيراً‎

    arshad 20.03.2024

Leave a comment

Your email address will not be published.