വധശിക്ഷ; ബ്ലഡ് മണി; ശരീഅത്തിന്റെ തെറ്റുകൾ !!!

//വധശിക്ഷ; ബ്ലഡ് മണി; ശരീഅത്തിന്റെ തെറ്റുകൾ !!!
//വധശിക്ഷ; ബ്ലഡ് മണി; ശരീഅത്തിന്റെ തെറ്റുകൾ !!!
ആനുകാലികം

വധശിക്ഷ; ബ്ലഡ് മണി; ശരീഅത്തിന്റെ തെറ്റുകൾ !!!

ഹോദരൻ അബ്ദുർറഹീമിന്റെ മോചനത്തിന് വേണ്ടിയുള്ള പരിശ്രമത്തിന്റെ അവസാനഘട്ടത്തിലാണ് മലയാളികൾ. അതിനായുള്ള ദ്രുതതഗതിയിലുള്ള പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നാണ് റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിയമ സഹായ സമിതിയുടെ ഉത്തരവാദപ്പെട്ടവർ പറയുന്നത്. എല്ലാ കടമ്പകളും കടന്ന് ആ സഹോദരൻ ഉമ്മയുടെയും കുടുംബത്തിന്റെയുമൊപ്പം ഒരുമിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. ആ നല്ല നാളുകൾ ഉടനെയുണ്ടാകട്ടെ എന്നാണ് എല്ലാവരുടെയും പ്രാർത്ഥന. സർവ്വശക്തൻ അനുഗ്രഹിക്കട്ടെ, ആമീൻ.

അബ്ദുർറഹീമിന്റെ മോചനത്തതിനായുള്ള സാമ്പത്തിക സമാഹരണം നടന്നുകൊണ്ടിരുന്നപ്പോൾ തുടങ്ങിയ ഇസ്‌ലാംവിമർശനങ്ങളുടെ ബാധയിൽ നിന്ന് സോഷ്യൽ മീഡിയ ഇപ്പോഴും മുക്തമായിട്ടില്ല. ഇസ്‌ലാമിനെ തെറി പറയാൻ കിട്ടുന്ന അവസരങ്ങളെന്നും പാഴാക്കാത്തവർ ‘പ്രാകൃതമത’മെന്ന ഇസ്‌ലാമിന് അവർ നൽകിയ പതിവ് വിളിപ്പേര് ആവേശത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു! ശരീഅത്ത് വിമർശകർ അത് കലഹരണപ്പെട്ടതാണെന്നതിന് ഒരു തെളിവ് കൂടി കണ്ടെത്തിയതിൽ ആഹ്ലാദിക്കുന്നു! ഹദീഥ് നിഷേധികൾ ഖുർആനിൽ നിന്നല്ലാതെ നിയമങ്ങൾ നിർധാരണം ചെയ്യുന്ന മുല്ലമാരാണ് സകല കുഴപ്പങ്ങളുടെയും കാരണമെന്ന് ഓൺലൈൻ പ്രഭാഷണം നടത്തുന്നു ! സൗദിവിരോധികൾ അവിടെയുള്ളത് ഗോത്രനിയമങ്ങളാണെന്നും അതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നുമെഴുതി സായൂജ്യമടയുന്നു!!

എന്താണ് സംഭവം ? എന്തിനാണ് നാം പണം പിരിക്കേണ്ടി വന്നത് ? എന്തുകൊണ്ടാണ് ഈ കേസുണ്ടായത് ?

കേസിന് ആസ്പദമായ സംഭവം:

2006 നവമ്പർ 28 ഞായറാഴ്ചയാണ് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല്ല മുഹമ്മദ് കുട്ടിയുടെ മകൻ അബ്ദുർറഹീം എന്ന 26 കാരൻ ഹൌസ് ഡ്രൈവറായി റിയാദിലെ ഷിഫയിലെത്തുന്നത്. സൗദി സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അശ്ശഹ്‌രിയുടെ മകൻ ശരീരത്തിന്റെ മുക്കാൽ ഭാഗവും ചലനശേഷിയില്ലാത്ത അനസ് അശ്ശഹ്‌രിയുടെ പരിചരണമായിരുന്നു അദ്ദേഹത്തെ ഏൽപ്പിച്ച ജോലി. ഒരു ആക്സിഡന്റിൽ പറ്റിയ ഗുരുതരമായ പരിക്കുകൾ മൂലം തലക്ക് കീഴെ ചലനശേഷിയില്ലാതായിത്തീർന്ന അനസിന് വേണ്ടി പ്രത്യേകം തയ്യാർ ചെയ്യപ്പെട്ട വാഹനത്തിൽ പുറത്തുകൊണ്ടുപോവുകയും തിരിച്ചുകൊണ്ടുവരികയും അവശ്യമായ സാധനങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. തങ്ങൾ ഏറ്റവുമധികം സ്നേഹിക്കുന്ന വികലാംഗനായ മകനെ പരിചരിക്കുന്നവനെന്ന നിലയിൽ അബ്ദുർറഹീമിനോട് വളരെയേറെ സ്നേഹത്തോടെയാണ് അനസിന്റെ മാതാപിതാക്കൾ പെരുമാറിയിരുന്നത്.

ജോലിയിൽ കയറി ഒരു മാസം തികയുന്നതിന് മുമ്പ് ഡിസംബർ 24 ന് ഞായറാഴ്ച അനസിനെയും കൊണ്ട് വീട്ടിൽ നിന്ന് അല്പം ദൂരെയുള്ള അസീസിയയിലെ പാണ്ട ഹൈപർമാർക്കറ്റിലേക്ക് പോയതായിരുന്നു അബ്ദുർറഹീം. വഴിയിൽ നിന്ന് മാറി അല്പം വിജനമായ ഒരു സ്ഥലത്ത് കാറിൽ ബന്ധിതനായി വായിൽ തുണി കുത്തിത്തിരുകപ്പെട്ട നിലയിൽ സഹായത്തിനായി യാചിക്കുന്ന അദ്ദേഹത്തെ കണ്ട നാട്ടുകാരിൽ ചിലർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോൾ കണ്ടത് ബന്ധിതനായ അബ്ദുർറഹീമിനെയും കാറിന്റെ പിൻസീറ്റിന്റെ താഴെ വീണുകിടക്കുന്ന അനസിന്റെ മൃതശരീരവുമാണ്. തങ്ങളെ കൊള്ളക്കാർ ആക്രമിക്കുകയും തന്നെ കയറുകൊണ്ട് ബന്ധിച്ച് പണം അപഹരിക്കുകയും മൊബൈൽ നശിപ്പിക്കുകയും അനസിനെ കൊല്ലുകയും ചെയ്തുവെന്നാണ് അബ്ദുർറഹീം പോലീസിന് നൽകിയ മൊഴി. പുത്രവിരഹത്താൽ ദുഃഖിതരായിരുന്നുവെങ്കിലും അനസിന്റെ മാതാപിതാക്കൾ അബ്ദുർറഹീമിനെ തെല്ലും സംശയിക്കാതെ അദ്ദേഹം പറഞ്ഞത് വിശ്വസിക്കുകയും സമാധാനിപ്പിക്കുകയുമാണ് ചെയ്തത്.

അനസിനെ കൊല്ലുകയും അബ്ദുർറഹീമിനെ ബന്ധിക്കുകയും ചെയ്ത കൊള്ളക്കാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് കേസന്വേഷണം ആരംഭിച്ചത്. അതിന്റെ ഭാഗമായി അബ്ദുർറഹീമിന്റെ മൊബൈലിലേക്ക് വരികയും പോവുകയും ചെയ്ത കോളുകൾ പോലീസ് പരിശോധിച്ചു. സംഭവസമയത്ത് അബ്ദുർറഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചതായി പോലീസ് കണ്ടെത്തി. മുഹമ്മദ് നസീറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അബ്ദുർറഹീം പറഞ്ഞ കൊള്ളക്കാരുടെ കഥ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് ബോധ്യമായത്. അങ്ങനെയാണ് അബ്ദുർറഹീമും മുഹമ്മദ് നസീറും പോലീസ് കസ്റ്റഡിയിലാവുകയും തുടർനടപടികളുണ്ടാവുകയും ചെയ്തത്.

എന്താണ് സംഭവിച്ചത്; അബ്ദുർറഹീമിന്റെ വാദം:

2006 ഡിസംബർ 24 ന് റിയാദ് ശിഫയിലെ വീട്ടിൽനിന്ന് അസീസിയിലെ പാണ്ട ഹൈപർ മാർക്കറ്റിലേക്ക് പോകവെ സുവൈദിയിലെ ട്രാഫിക് സിഗ്‌നലിൽ വെച്ച് പ്രകോപനമൊന്നുമില്ലാതെ അനസ് ഞാനുമായി വഴക്കിട്ടു. ട്രാഫിക് സിഗ്നലിലെ റെഡ് ലൈറ്റ് വകവെക്കാതെ മുന്നോട്ട് പോകാൻ അനസ് ബഹളം വെച്ചു. അതിന്ന് ഞാൻ തയ്യാറായില്ല. വാഹനവുമായി അടുത്ത സിഗ്‌നലിൽ എത്തിയപ്പോൾ ചുവപ്പ് പരിഗണിക്കാതെ മുന്നോട്ട് പോകാൻ അനസ് വീണ്ടും ബഹളം വെക്കാൻ തുടങ്ങി. അപ്പോൾ ഞാൻ പിൻസീറ്റിലേക്ക് തിരിഞ്ഞുനോക്കി. പിന്നോട്ട് തിരിഞ്ഞപ്പോൾ എന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. ഞാൻ അത് തടയാൻ ശ്രമിച്ചു. അപ്പോൾ എന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. അങ്ങനെ അനസ് ബോധരഹിതനായി. ഇതറിയാതെ ഞാൻ വണ്ടിയുമായി മുന്നോട്ട് പോയി. പിന്നിൽ നിന്ന് ശബ്ദമൊന്നും കേൾക്കാതായപ്പോഴാണ് വണ്ടി നിർത്തി പരിശോധിച്ചത്. അപ്പോൾ അനസ് മരിച്ചുപോയിയെന്ന് മനസ്സിലായി. ഞാൻ ആകെ പരിഭ്രാന്തനായി. അങ്ങനെയാണ് ബന്ധുവായ മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തിയത്. കൊലപാതകം തന്നിൽ ആരോപിക്കപ്പെടുമോയെന്ന് ഭയമാണെന്നാണ് ഞാനും നസീറും കൂടി കൊള്ളക്കാർ ആക്രമിച്ചതാണെന്ന കഥയുണ്ടാക്കുകയും അത് സാധൂകരിക്കാനായി തന്നെ ബന്ധിക്കുകയും അനസിന്റെ മൃതദേഹം സീറ്റിൽ നിന്ന് മാറ്റിക്കിടത്തുകയും ചെയ്തത്. ബോധപൂർവ്വമല്ലാതെ തന്റെ കൈകളാൽ സംഭവിച്ച കൊലപാതകമാണിത്. അതിനാൽ എനിക്ക് മാപ്പ് നൽകണം.

അനസിന്റെ രക്ഷിതാക്കളുടെ വാദം:

ഒരു ആക്സിഡന്റ് വഴി അംഗപരിമിതനായിത്തീർന്ന ഞങ്ങളുടെ മകനെ പുറത്ത് കൊണ്ടുപോകുന്നതിനും ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊടുക്കുന്നതിനും വേണ്ടിയാണ് അബ്‌ദുർറഹീമിനെ ഇന്ത്യയിൽ നിന്ന് കൊണ്ടുവരികയും ജോലി ഏൽപ്പിക്കുകയും ചെയ്തത്. മകനെ പരിപാലിക്കുന്നയാൾ എന്ന നിലയിൽ വളരെ മാന്യമായും സ്നേഹത്തോടെയുമായിരുന്നു ഞങ്ങൾ അദ്ദേഹത്തോട് പെരുമാറിയിരുന്നത്. ജോലി ഏറ്റെടുത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളുടെ മകൻ അനസ് കിടക്കുന്ന മെത്തയിൽ തീപ്പിടുത്തമുണ്ടായി. യാദൃച്‌ഛികമായി ഉണ്ടായ തീപിടുത്തമാണ് അതെന്നായിരുന്നു ഞങ്ങൾ കരുതിയത്. പിന്നീടാണ് 2006 ഡിസംബർ 24 ന് അബ്ദുറഹീനോടൊപ്പം യാത്ര ചെയ്ത ഞങ്ങളുടെ മകൻ മരണപ്പെട്ടതായി കണ്ടെത്തിയത്. കൊള്ളക്കാരുടെ ആക്രമണത്തിലാണ് അവൻ കൊല്ലപ്പെട്ടതെന്ന് അബ്ദുറഹീം പറഞ്ഞപ്പോൾ അത് വിശ്വസിക്കുകയാണ് ഞങ്ങൾ ചെയ്തത്. എന്നാൽ അദ്ദേഹവും ബന്ധുവും കൂടി ചമച്ചെടുത്ത കഥയാണ് അതെന്ന് പിന്നീട് എല്ലാവർക്കും ബോധ്യപ്പെടുകയും അബ്ദുർറഹീമിന്റെ കൈകൾ കൊണ്ടാണ് കൊല്ലപ്പെട്ടതെന്ന് മനസ്സിലാവുകയും ചെയ്തു.

അബ്ദുർറഹീം അവകാശപ്പെടുന്നത് പോലെ യാദൃച്ഛികമായി കൈതട്ടിയുണ്ടായ അപകടമായിരുന്നു അതെങ്കിൽ ഉടനെത്തന്നെ ഞങ്ങളെ വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താമായിരുന്നു; അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഞങ്ങൾ അദ്ദേഹത്തിന് മാപ്പ് നൽകുമായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങൾ നിലച്ചപ്പോൾ തന്നെ വൈദ്യസഹായം നൽകാനും മകനെ രക്ഷിക്കാൻ ശ്രമിക്കാനും അതുവഴി ഞങ്ങൾക്ക് കഴിയുമായിരുന്നു. അതൊന്നും ചെയ്യാതെ കൊള്ളക്കാരുടെ കള്ളക്കഥയുണ്ടാക്കിയതിൽ നിന്ന് തന്നെ അബ്ദുർറഹീം ബോധപൂർവ്വമാണ് കൊലപാതകം നടത്തിയതെന്ന് ഞങ്ങൾ കരുതുന്നു. മരണപ്പെടുന്നതിന് മുമ്പ് അനസിനെ ശാസം മുട്ടിച്ചതായുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഞങ്ങളുടെ ഈ നിഗമനത്തെ സാധൂകരിക്കുന്നുണ്ട്. അംഗപരിമിതൻ എന്ന നിലയിൽ പലപ്പോഴും ക്രുദ്ധനായി പെരുമാറുന്ന ഞങ്ങളുടെ മകനെ പരിചരിക്കുവാൻ താല്പര്യമില്ലാത്തതിനാൽ ക്ഷിപ്രകോപിയായ അബ്ദുർറഹീം ബോധപൂർവ്വം നടത്തിയ കൊലപാതകശ്രമമായിരുന്നു നേരത്തെ മെത്തയിലുണ്ടായ തീപിടുത്തമെന്നാണ് ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നത്. അത് പരാജയപ്പെട്ടതിനാൽ ബോധപൂർവ്വം നടത്തിയ കൊലപാതകമായിരുന്നു 2006 ഡിസംബർ 24 ന് കാറിൽ വെച്ച് നടന്നതെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ കൊലയാളിക്ക് വധശിക്ഷ നൽകുകയെന്ന ഇസ്‌ലാമികശരീഅത്തിന്റെ വിധി നടപ്പാക്കുകയാണ് വേണ്ടതെന്നാണ് ഞങ്ങൾ കരുതുന്നത്.

കോടതി നടപടികൾ:

റിയാദിലെ ജനറൽ കോടതിയിലാണ് ആദ്യം കേസ് വിചാരണ ചെയ്യപ്പെട്ടത്. വിചാരണ എട്ട് വർഷങ്ങളോളം നീണ്ടു. സാഹചര്യതെളിവുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും അബ്ദുർറഹീമിന് എതിരായിരുന്നതിനാൽ കോടതി വിധിയും സ്വാഭാവികമായും അദ്ദേഹത്തിനെതിരായിത്തീർന്നു. റഹീമിനെയും കൂട്ടുപ്രതിയായ മുഹമ്മദ് നസീറിനെയും വധശിക്ഷക്ക് വിധേയനാക്കാനായിരുന്നു വിധി. അതിന്നെതിരെ അപ്പീൽ കോടതിയിൽ പോവുകയും അവിടെ വീണ്ടും ആറ് വർഷങ്ങൾ നീണ്ട വിചാരണ നടക്കുകയും ചെയ്തു. അബ്ദുർറഹീം നടത്തിയത് മനഃപൂർവ്വമുള്ള കൊലപാതകമല്ലെന്ന് കണ്ടെത്തിയ അപ്പീൽ കോടതി അദ്ദേഹത്തെ വധിശിക്ഷക്ക് വിധേയനാക്കാൻ കഴിയില്ലെന്ന് വിധിച്ചു. കൊലപാതകത്തിൽ പങ്കാളിയല്ലാത്തതിനാൽ മുഹമ്മദ് നസീറിനെ കൊലക്കുറ്റത്തിൽ നിന്ന് മുക്തമാക്കുകയും കുറ്റം മറച്ചുവെക്കാൻ സഹായിച്ചതിന് പത്ത് വർഷത്തേക്കുള്ള കാരാഗൃഹവാസമായി ശിക്ഷ ഇളവ് ചെയ്തതും ഈ കോടതിയാണ്. നേരത്തെ തന്നെ പത്ത് വർഷത്തിലധികം ജയിൽവാസമനുഭവിച്ചിരുന്നതിനാൽ 2016 ജനുവരി 26 ചൊവ്വാഴ്ച മുഹമ്മദ് നസീർ ജയിലിൽ നിന്ന് പുറത്തുവരികയും നാട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്തത് അങ്ങനെയാണ്.

കൊലയാളിയാണെന്ന് തങ്ങൾ കരുതുന്ന അബ്ദുർറഹീമിനെ വധശിക്ഷയിൽ നിന്നൊഴിവാക്കിയ അപ്പീൽ കോടതി വിധിക്കെതിരെ വാദിഭാഗം ക്രിമിനൽ കോടതിയെ സമീപിക്കുകയും പ്രതിക്ക് വധശിക്ഷ തന്നെ വിധിക്കണമെന്ന് വാദിക്കുകയും ചെയ്തതോടെയാണ് കേസ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. താൻ ബോധപൂർവ്വമല്ല കൊല നടത്തിയതെന്ന് അബ്ദുർറഹീമും ആണെന്ന് അനസിന്റെ രക്ഷിതാക്കളും ക്രിമിനൽ കോടതിയിലും വാദിച്ചു. അബ്ദുർറഹീം ആദ്യം നൽകിയ മൊഴിയും പിന്നീട് നൽകിയ മൊഴിയും തമ്മിലുള്ള വൈരുധ്യങ്ങൾ; നാട്ടുകാരൻ മുഹമ്മദ് നസീറുമൊത്ത് നടത്തിയ കൊള്ളക്കാർ ആക്രമിച്ചുവെന്ന നാടകം; അനസിന്റെ മെത്തയിൽ നേരത്തെയുണ്ടായ തീപ്പിടുത്തം; സംഭവം നടന്നയുടെനെ മാതാപിതാക്കളെ അറിയിക്കാതിരുന്നത്; കൈയബദ്ധം പറ്റിയതാണെങ്കിൽ ഉടൻ വൈദ്യസഹായത്തിന് ശ്രമിച്ച് അനസിനെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നത്; ഓട്ടോപ്സി റിപ്പോർട്ടിലെ പരാമർശങ്ങൾ; ഇവയെല്ലാം മുന്നിൽ വെച്ചുകൊണ്ടാണ് വാദിഭാഗം അദ്ദേഹത്തിന് വധിശിക്ഷ തന്നെ നൽകണമെന്ന് വാദിച്ചത്. തനിക്ക് പറയാനുള്ളതെല്ലാം മാതൃഭാഷയായ മലയാളത്തിൽ തന്നെ പറയാനുള്ള അവസരങ്ങളും അദ്ദേഹം പറയുന്നത് കൃത്യമായി അറബിയിലേക്ക് ഭാഷാന്തരപ്പെടുത്തുവാൻ കഴിയുന്ന പരിഭാഷകരെയുമെല്ലാം കോടതി നൽകിയിരുന്നു. എന്നിട്ടും ബോധപൂർവ്വമായ കൊലപാതകമെന്ന് സ്ഥാപിക്കുവാൻ വാദിഭാഗം നിരത്തിയ തെളിവുകൾ തന്റെ അറിവില്ലയ്മകൊണ്ടുണ്ടായ അബദ്ധങ്ങളാണെന്ന് സ്ഥാപിക്കുവാൻ അബ്ദുർറഹീമിന് കഴിഞ്ഞില്ല.

ക്രിമിനൽ കോടതിയിൽ കേസ് വന്നപ്പോഴേക്ക് അനസിന്റെ പിതാവ് മരണപ്പെട്ടിരുന്നതിനാൽ മരണപ്പെട്ടയാളുടെ ഉത്തരവാദപ്പെട്ടയാളായി കോടതിയിലുണ്ടായിരുന്നത് ജ്യേഷ്ഠസഹോദരനായിരുന്നു. അബ്ദുർറഹീം ബോധപൂർവ്വമാണ് അനസിനെ വധിച്ചതെന്ന് ഉറപ്പുണ്ടോയെന്ന് അനസിന്റെ സഹോദരനോട് കോടതി ചോദിച്ചു. ബോധപൂർവമായ കൊലപാതകം തന്നെയാണ് അബ്ദുർറഹീം ചെയ്തതെന്നാണ് അനസിന്റെ കുടുംബക്കാർക്കെല്ലാമുള്ള ബോദ്ധ്യമെന്നും വധശിക്ഷ നൽകുകയെന്നല്ലാതെയുള്ള യാതൊരു വിട്ടുവീഴ്ചക്കും തങ്ങൾ സന്നദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിന്ന് ശേഷമാണ് ക്രിമിനൽ കോടതി അബ്ദുർറഹീമിന് വീണ്ടും വധശിക്ഷ വിധിച്ചത്. അത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അബ്ദുറഹീം അപ്പീൽ കോടതിയിൽ പോയി. അപ്പോഴേക്ക് പ്രായപൂർത്തിയായിക്കഴിഞ്ഞിരുന്ന അനസിന്റെ പതിനേഴ്കാരനായ അനുജന്റെ അഭിപ്രായം കൂടി അപ്പീൽ കോടതി ആരാഞ്ഞു. അദ്ദേഹവും പറഞ്ഞത് തന്റെ ജ്യേഷ്ഠനെ കൊന്നത് ബോധപൂർവ്വമാണെന്ന് ഉറപ്പാണെന്നും വധശിക്ഷയല്ലാതെ യാതൊന്നുകൊണ്ടും തങ്ങൾ സംതൃപ്തരാവുകയില്ലെന്നുമാണ്. വാദിഭാഗം നിരത്തിയ തെളിവുകൾ കണക്കിലെടുക്കുകയും കൊല്ലപ്പെപ്പെട്ടയാളുടെ അനന്തരാവകാശികളെല്ലാം വധശിക്ഷയിൽ ഉറച്ചുനിൽക്കുകയാണെന്ന വസ്തുത ഉൾക്കൊള്ളുകയും ചെയ്തുകൊണ്ട് അപ്പീൽകോടതിയുടെ അഞ്ചംഗ ബെഞ്ചും വധശിക്ഷ ശരിവെക്കുകയാണ് ചെയ്തത്.

കൊലപാതകം, ബോധപൂർവ്വവും അല്ലാതെയും:

കൊലക്കുറ്റം രണ്ട് തരമാണ്; ബോധപൂർവ്വവും അല്ലാതെയും. ബോധപൂർവ്വമായ കൊലക്കുറ്റത്തിന് ഖുർആൻ വിധിക്കുന്നത് വധശിക്ഷയാണ്.

വധശിക്ഷ പ്രാകൃതമാണെന്ന വാദം ഇസ്‌ലാമിനില്ല. കൊലക്കുറ്റത്തിന് പ്രതികാരം ചെയ്യാന്‍ നിയമമില്ലാത്ത സമൂഹങ്ങളില്‍ കൊലപാതകങ്ങളുടെ പരമ്പരകളുണ്ടാകുമെന്ന് തന്നെയാണ് അനുഭവങ്ങൾ കാണിക്കുന്നത്. ഭയരഹിതമായി ജീവിക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ് വധശിക്ഷയില്ലെങ്കിൽ സംഭവിക്കുക. ‘സത്യവിശ്വാസികളേ, വധിക്കപ്പെടുന്നവർക്കായി പ്രതിക്രിയ നിങ്ങൾക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു’വെന്ന് തുടങ്ങുന്ന വധശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന സൂറത്തുൽ ബഖറയിലെ 178, 179 വചനങ്ങൾ അവസാനിക്കുന്നത് ‘തുല്യശിക്ഷ നൽകുന്നതിലാണ് ജീവൻ; നിങ്ങൾ സൂക്ഷ്മാലുക്കളാണെങ്കിൽ’ എന്ന് പറഞ്ഞുകൊണ്ടാണ്. സമൂഹത്തിന് ജീവനുണ്ടാകണമെങ്കിൽ കൊലപാതകങ്ങൾക്ക് പ്രതിക്രിയ നടപ്പാക്കുന്ന സ്ഥിതിയുണ്ടാവണം എന്ന് തന്നെയാണ് ഇസ്‌ലാമിന്റെ പക്ഷം. അതുകൊണ്ട് തന്നെ കൊലപാതകം ബോധപൂർവ്വമാണെന്ന് തെളിഞ്ഞാൽ കുറ്റവാളിയെ വധിക്കാനാണ് ഇസ്‌ലാമികകോടതി വിധിക്കുക.

ബോധപൂർവ്വമല്ലാതെ നടക്കുന്ന കൊലപാതകത്തിന് വധശിക്ഷ നൽകണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. അബദ്ധത്തിൽ സംഭവിക്കുന്ന കൊലപാതകത്തിന് ഇസ്‌ലാമികകോടതി വിധിക്കുക അത് മൂലം ദുരിതവും ദുഖവുമുണ്ടായ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ്. ഇക്കാര്യം വിവരിക്കുന്ന ഖുർആൻ വചനത്തിൽ (4: 92) അങ്ങനെ വിധിക്കുന്ന നഷ്ടപരിഹാരം കൊടുത്തുവീട്ടുന്നതോടൊപ്പം ഒരു അടിമയെ മോചിപ്പിക്കുകയോ അതിന്ന് കഴിയില്ലെങ്കിൽ തുടർച്ചയായി രണ്ട് മാസം നോമ്പനുഷ്ഠിക്കുകയോ വേണമെന്നുള്ള കല്പനയും നഷ്ടപരിഹാരത്തുകയിൽ വിട്ടുവീഴ്ച നൽകുവാനുള്ള പ്രചോദനവുമുണ്ട്. അബദ്ധത്തിൽ സംഭവിക്കുന്ന കൊലപാതകങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക അഥവാ ദിയ (دية) നൂറ് ഒട്ടകത്തിന്റെ മൂല്യത്തേക്കാൾ കൂടരുതെന്ന് കർമ്മശാസ്ത്രപണ്ഡിതന്മാർ വിധിച്ചിട്ടുണ്ട്. അതിന്റെ വെളിച്ചത്തിൽ അത്തരം കൊലപാതകങ്ങൾക്ക് സൗദി അറേബ്യയിൽ വിധിക്കുന്ന പരമാവധി നഷ്ടപരിഹാരത്തുക മൂന്ന് ലക്ഷം റിയാലാണ്. കൊല്ലപ്പെട്ടയാളുടെ മരണം മൂലമുണ്ടായ നഷ്ടവും പ്രതിയുടെ സാമ്പത്തികസ്ഥിതിയുമെല്ലാം പരിഗണിച്ച് കോടതിയാണ് ബോധപൂർവ്വമല്ലാതെ നടന്ന കൊലപാതകത്തിനുള്ള ദിയ നിശ്ചയിക്കുക. കോടതി നിശ്ചയിച്ച ദിയ നൽകിക്കഴിഞ്ഞാൽ പ്രതി കുറ്റമുക്തനാക്കപ്പെടും; പിന്നെ അയാൾക്കെതിരിൽ ശിക്ഷാനടപടികളൊന്നുമുണ്ടാവുകയില്ല; ദിയ നൽകാൻ കഴിയാത്തവിധം ദരിദ്രനാണ് പ്രതിയെങ്കിൽ അയാളെ സർക്കാർ സഹായിക്കാറുണ്ട്. സൗദി അറേബ്യയിൽ നിന്ന് തന്നെ സർക്കാരും ഉദാരവ്യക്തിത്വങ്ങളും ദിയ നൽകി കൊലയാളികളെ മോചിപ്പിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒമ്പത് പേരുടെ മരണത്തിന് കാരണമായ 2006 ഫെബ്രുവരി 11 ന് നടന്ന ഒരു കാർ ആക്സിഡന്റിലെ പ്രതി ബാംഗ്ലൂർ സ്വദേശിയായ സലീം ബാഷക്ക് വിധിച്ച 6, 53,000 സൗദി റിയാൽ ദിയ പണം നൽകി മോചിപ്പിച്ചത് അന്നത്തെ ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവായിരുന്നു.

ശിക്ഷ തീരുമാനിക്കുന്നത് ആര് ?

ബോധപൂർവ്വമുള്ള കൊലപാതകത്തിൽ കൊലയാളിക്ക് ശിക്ഷ വിധിക്കുവാൻ മാത്രമെ ഇസ്‌ലാമികശരീഅത്ത് കോടതിയെ അനുവദിക്കുന്നുള്ളൂ. അയാളെ ശിക്ഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള പൂർണ്ണമായ അവകാശം കൊല്ലപ്പെട്ടയാളുടെ മരണം മൂലം നഷ്ടമനുഭവിക്കുന്ന അടുത്ത ബന്ധുക്കൾക്കാണ്. അവർക്ക് വേണമെങ്കിൽ കൊലയാളിക്ക് മാപ്പ് നൽകി വെറുതെ വിടാം. അല്ലെങ്കിൽ വധശിക്ഷ നടപ്പാക്കാൻ കോടതിയോട് ആവശ്യപ്പെടാം. മാപ്പ് നൽകി വെറുതെ വിടാൻ കോടതിയോട് അഭ്യർത്ഥിച്ചാൽ നടപടികൾ പൂർത്തിയാക്കി അവരെ വെറുതെ വിടുകമാത്രമാണ് കോടതിയുടെ ദൗത്യം.

തങ്ങളോട് ക്രൂരത കാണിച്ചവരോട് ക്ഷമിക്കുകയും അവർക്ക് മാപ്പ് നൽകുകയും ചെയ്യാൻ ഖുർആനും നബിവചനങ്ങളും വിശ്വാസികളോട് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നുണ്ട്. സത്കർമ്മകാരികൾ മറ്റുള്ളവർക്ക് മാപ്പ് നൽകുന്നവരായിരിക്കുമെന്നും (3: 134) മറ്റുള്ളവർക്ക് മാപ്പ് നൽകുന്നവർക്ക് അല്ലാഹുവും മാപ്പ് നൽകുമെന്നു (41: 49) മെല്ലാം ഖുർആൻ പഠിപ്പിക്കുന്നു. ശത്രുക്കളുമായുള്ള പോരാട്ടസന്ദർഭത്തിൽ പോലും ‘നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ നിങ്ങളുടെ നേരെയുണ്ടായ അതിക്രമത്തിന് തുല്യമായ നടപടി സ്വീകരിക്കുക; നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അതാണ്‌ ക്ഷമാശീലര്‍ക്ക്‌ ഉത്തമം.’ (16: 126) എന്നാണ് ഖുർആനിന്റെ നിർദേശം. മാപ്പ് നൽകുന്നവർക്ക് അല്ലാഹു ആദരവ് നൽകുമെന്നും തന്നെ മുറിപ്പെടുത്തിയവനോട് ക്ഷമിക്കുക ധർമ്മമാണെന്നും അത് ചെയ്തവന്റെ പാപങ്ങൾ അല്ലാഹു പൊറുക്കുമെന്നും കാരുണ്യം കാണിക്കുന്നവരോട് അല്ലാഹു കാരുണ്യം കാണിക്കുമെന്നും തന്നോടുള്ള മറ്റുള്ളവരുടെ അതിക്രമങ്ങൾക്ക് മാപ്പ് നൽകുന്നവർക്ക് അല്ലാഹു മാപ്പ് നൽകുമെന്നുമെല്ലാം മുഹമ്മദ് നബി (സ) പഠിപ്പിച്ചതായി വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്. എന്തെങ്കിലും പഴുതുകളുണ്ടെങ്കിൽ കുറ്റവാളികൾക്കെതിരെയുള്ള ശിക്ഷാവിധികൾ നടപ്പാക്കാതിരിക്കാൻ ശ്രമിക്കുന്നയാളാണ് നല്ല ഭരണാധികാരിയെന്ന് സൂചിപ്പിക്കുന്ന ഒരു നബിവചനം ആയിശ(റ)യിൽ നിന്ന് സ്വീകാര്യമായ പരമ്പരയോടെ തിർമിദിയിൽ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും വധിക്കപ്പെട്ടയാളുടെ അനന്തരാവകാശികൾ നിരുപാധികം കൊലയാളിക്ക് മാപ്പ് നൽകുകയാണ് പതിവ്. ഇത്തരം എത്രയോ സംഭവങ്ങൾ സൗദി അറേബ്യയിൽ നിന്ന് തന്നെ ഈയടുത്ത കാലത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കുറ്റവാളിയെന്ന് വിധിക്കപ്പെട്ടയാൾക്ക് വധശിക്ഷ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയും കോടതിയോട് അയാളെ വെറുതെ വിടുകയും ചെയ്യാനായി അഭ്യർത്ഥിക്കുവാൻ അനുവദനീയമായ എന്തെങ്കിലും നിബന്ധനകൾ വെക്കുന്നതിന് ഇസ്‌ലാമികശരീഅത്ത് കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികളെ വിലക്കുന്നില്ല. വധശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നതിനായി നഷ്ടപരിഹാരത്തുക ആവശ്യപ്പെടുകയാണെങ്കിൽ അതിൽ കോടതി ഇടപെടാതിരിക്കുന്നത് അങ്ങനെ ഇടപെടുവാൻ ഇസ്‌ലാമികനിയമങ്ങൾ പ്രകാരം വകുപ്പില്ലാത്തത് കൊണ്ടാണ്. ബോധപൂർവ്വമെന്ന് വിധിക്കപ്പെട്ട കൊലപാതകത്തിന്റെ കാര്യത്തിൽ വധശിക്ഷ നടപ്പാക്കുകയോ വധിക്കപ്പെട്ടയാളുടെ കുടുംബത്തിന്റെ നിർദേശപ്രകാരം മാപ്പ് നൽകി വിട്ടയക്കുകയോ മാത്രമാണ് കോടതി ചെയ്യുന്നത്. അങ്ങനെ വിട്ടയക്കുവാൻ വെക്കുന്ന നിബന്ധനകൾ കോടതിയുടെ വരുതിയിലുള്ളതല്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ അത് കോടതിക്ക് പുറത്ത് തീരുമാനിക്കപ്പെടുന്നതാണ്. അങ്ങനെ തീരുമാനിക്കപ്പെട്ട ദിയാ പണം നൽകാൻ കുറ്റവാളിയെന്ന് വിളിക്കപ്പെട്ടയാൾക്ക് കഴിയാത്തതിനാൽ അത് നൽകി അവരെ മോചിപ്പിക്കുവാൻ ചില സ്വദേശികൾ തന്നെ മുന്നോട്ട് വന്ന സന്ദർഭങ്ങൾ പല തവണ സൗദി അറേബിയയിലുണ്ടായിട്ടുണ്ട്. ഒരു സൗദി പൗരനെ കുത്തിക്കൊന്ന കേസിലെ ഫിലിപ്പീനിയായ പ്രതി റോഡിലിയോ ടണ്ടൻ ലനൂസയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി മാപ്പ് നൽകാൻ കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട മുപ്പത് ലക്ഷം റിയാലിൽ അദ്ദേഹവുമായി ബന്ധപ്പെട്ടവർക്ക് സംഘടിപ്പിക്കാൻ കഴിഞ്ഞ ഏഴ് ലക്ഷം റിയാൽ കിഴിച്ച് ബാക്കി ഇരുപത്തി മൂന്ന് ലക്ഷം റിയാലും നൽകി അന്നത്തെ സൗദി ഭരണാധികാരിയായിരുന്ന അബ്ദുല്ല രാജാവ് സഹായിച്ച വാർത്ത വന്നത് 2013 ജൂലൈ ഇരുപതിനാണ്.

കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ രക്ഷിക്കാൻ രാഷ്ട്രനേതാവ് വിചാരിച്ചാൽ പോലും കഴിയില്ലെന്നതാണ് ഇതോടനുബന്ധിച്ച് മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു വസ്തുത. അതിന്ന് വധിക്കപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ തന്നെ തീരുമാനിക്കണം. അയാളെ വെറുതെ വിടണോ എന്തെങ്കിലും വാങ്ങി സ്വാതന്ത്രനാക്കണോ വധിക്കണമെന്ന് തന്നെ വാശി പിടിക്കേണമോ എന്ന് തീരുമാനിക്കുന്നത് മരണം മൂലം ദുരിതവും ദുഃഖവുമുണ്ടായ അടുത്ത ബന്ധുക്കളാണ്. അവർ തീരുമാനിക്കുന്നത് വധശിക്ഷ നടപ്പാക്കാനാണെങ്കിൽ അതിൽ ഇടപെടാൻ ഭരണകൂടത്തിനോ കോടതികൾക്കോ കഴിയില്ല. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന രാജകുടുംബാംഗമായിരുന്ന തുർക്കി ബിൻ അൽകബീർ രാജകുമാരന്റെ വധശിക്ഷ. സൗദി രാജവംശത്തിന്റെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ പിതൃവ്യപുത്രനായ സൗദ് അൽ കബീർ ബിൻ അബ്ദുൽ അസീസിന്റെ പേരമകനാണ് തുർക്കി അൽകബീർ. അദ്ദേഹത്തിന്റെ തല വെട്ടിയത് 2016 ഒക്ടോബർ 18 നാണ്. തന്റെ സുഹൃത്തായ ആദിൽ ബിൻ സുലൈമാൻ ആലി മുഹൈമീദിനെ നാല് വർഷങ്ങൾക്ക് മുമ്പ് വെടിവെച്ചുകൊന്നുവെന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കേസ്. എത്ര ഭീമമായ സംഖ്യ ആവശ്യപ്പെട്ടാലും അത് നഷ്ടപരിഹാരമായി നൽകി മകനെ രക്ഷപ്പെടുത്താൻ രാജകുമാരന്റെ പിതാവ് സന്നദ്ധനായിരുന്നു. പക്ഷെ, തന്റെ മകനെ കൊന്ന രാജകുമാരനെ വധിക്കുക തന്നെ വേണമെന്ന് കൊല്ലപ്പെട്ട ആദിലിന്റെ പിതാവ് ആവശ്യപ്പെട്ടതിനാൽ വധശിക്ഷ നടപ്പാക്കുകയല്ലാതെ നിർവ്വാഹമില്ലായിരുന്നു. പല ഉന്നതന്മാരും ശിപാർശക്ക് ശ്രമിച്ചെങ്കിലും ആ പിതാവ് വഴങ്ങിയില്ല. ഇസ്‌ലാമികനീതിക്ക് മുന്നിൽ രാജകുമാരനും യാചകനുമെല്ലാം സമമാണെന്ന് വ്യക്തമാക്കിക്കൊണ്ട് 2016 ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം അസർ നമസ്കാരം നിർവ്വഹിച്ച ശേഷം 4: 13 ന് ആ രാജകുമാരന്റെ തല വെട്ടുകയാണുണ്ടായത്.

അനുരഞ്ജനം കോടതിക്ക് പുറത്തേക്ക്..

അബ്ദുർറഹീമിന് വധശിക്ഷ വിധിച്ച അപ്പീൽ കോടതിയുടെ അഞ്ചംഗ ബെഞ്ച് തന്നെയാണ് കോടതിക്ക് പുറത്ത് പ്രശ്‌നം രമ്യതയിലെത്തിക്കുവാനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിക്കുവാൻ നിയമസഹായം നൽകിക്കൊണ്ടിരുന്ന സാമൂഹ്യപ്രവർത്തകരെയും ഇന്ത്യൻഎംബസ്സിയുടെ ഔദ്യോഗികവക്താക്കളെയും പ്രേരിപ്പിച്ചത്. വധശിക്ഷയല്ലാതെ മറ്റൊന്നുകൊണ്ടും തങ്ങൾ തൃപ്തരാകുകയില്ലെന്നതായിരുന്നു അനസിന്റെ ബന്ധുക്കളുടെ തീരുമാനം. പിതാവും മാതാവും മരണപ്പെട്ട സ്ഥിതിക്ക് തങ്ങളുടെ പൊന്നോമനയെ വധിച്ചയാളായി അവർ കരുതിയവർക്ക് അവർ ആഗ്രഹിച്ച രൂപത്തിലുള്ള ശിക്ഷ വാങ്ങിക്കൊടുക്കലാണ് തങ്ങളുടെ കടമയെന്ന രൂപത്തിലുള്ളതായിരുന്നു അനസിന്റെ സഹോദരങ്ങളുടെ നിലപാട്. വധശിക്ഷയിൽ കുറഞ്ഞ യാതൊന്നും തങ്ങൾക്ക് സ്വീകാര്യമല്ലെന്ന നിലപാടിൽ നിന്ന് അവർ അയയാൻ തുടങ്ങിയത് നിരവധി തവണ നടന്ന കൂടിക്കാഴ്ചകൾക്ക് ശേഷമാണ്. റഹീമിന് മാപ്പ് കൊടുക്കാനായി ആദ്യം അവർ ആവശ്യപ്പെട്ടത് മൂന്ന് കോടി സൗദി റിയാലാണ്. നിരന്തരമായ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും അപേക്ഷകൾക്കും ശേഷമാണ് അത് ഒന്നരക്കോടിയാക്കി അവർ കുറച്ചത്. അതിന്ന് തുല്യമായ ഇന്ത്യൻ പണമാണ് 34 കോടി രൂപ. എങ്ങനെയെങ്കിലും അത് സംഭരിച്ച് കൊടുത്താണെങ്കിലും അബ്ദുർറഹീമിനെ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന് തീരുമാനിച്ചത് നാം മലയാളികളാണ്. കേരളത്തിലുള്ള മനുഷ്യസ്നേഹികളുടെ നിശ്ചയദാർഢ്യമാണ് പിന്നെ നാം കണ്ടത്. അതിന്ന് മുന്നിലാണ് ഇന്ന് ലോകം തല കുനിച്ച് നിൽക്കുന്നത്.

ഇനി നാം ചോദിക്കുക!

ഇസ്‌ലാമിക ശരീഅത്ത് ഇവിടെ എവിടെയാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്?

ബോധപൂർവ്വമായ കൊലപാതകത്തിന് വധശിക്ഷ നൽകണമെന്ന് പറഞ്ഞതാണോ ശരീഅത്തിന്റെ തെറ്റ്?

നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനായി നിയമത്തിന്റെ നൂലിഴകൾ വിശ്ലേഷിച്ച് പരിശോധിക്കണമെന്ന ശരീഅത്തിന്റെ നിലപാടാണോ തെറ്റ്?

കൊലയാളിക്ക് ശിക്ഷ വിധിക്കുക മാത്രമാണ് കോടതിയുടെ ഉത്തരവാദിത്തമെന്നും അത് നടപ്പാക്കേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കൊലപാതകം വഴി ദുരിതമനുഭവിക്കുന്നവരാകണമെന്നുമുള്ള മാനവികനിയമം നിഷ്‌കർഷിച്ചതാണോ തെറ്റ്?
കൊലപാതകിക്ക് മാപ്പ് നൽകുവാൻ വധിക്കപ്പെട്ടയാളുടെ ബന്ധുക്കൾക്ക് അവകാശമുണ്ടെന്നും അങ്ങനെ മാപ്പ് നൽകിക്കഴിഞ്ഞാൽ അയാളെ ശിക്ഷിക്കാൻ പാടില്ലെന്നും പഠിപ്പിച്ച കാരുണ്യമാണോ തെറ്റ്?

രാജകുമാരനാണെങ്കിലും യാചകനാണെങ്കിലും കൊലയാളികൾക്ക് ഒരേ നീതിയാണെന്ന് പ്രായോഗികമായി കാണിച്ചുകൊടുത്തതാണോ തെറ്റ്?

കൊലയാളി പണക്കാരനാണെങ്കിലും പണിക്കാരനാണെങ്കിലും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ കാരുണ്യത്തിനായി യാചിക്കുകയല്ലാതെ രക്ഷപ്പെടാൻ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെന്ന് നിഷ്‌കർഷിക്കുന്നതാണോ തെറ്റ്?

വധശിക്ഷക്ക് വിധിക്കപ്പെട്ടയാൾക്കും രക്ഷപ്പെടാൻ നിയതവും ധാർമികവുമായ പഴുതുകൾ നൽകുന്നതാണോ തെറ്റ് ?

ഒന്നുറപ്പാണ്. ഇസ്‌ലാമിക ശരീഅത്തിൽ ഈ ‘തെറ്റുകൾ’ ഉള്ളതുകൊണ്ടാണ് മലയാളിയായ സാധാരണ ഒരു ഹൌസ് ഡ്രൈവർ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട്, വർഷങ്ങളായി മകനെ കാത്തിരിക്കുന്ന ഉമ്മയുടെ അടുത്തെത്താൻ പോകുന്നത്. ഒരു നാട് മുഴുവൻ വിലക്ക് വാങ്ങാൻ കഴിവുള്ള സൗദി രാജകുമാരന്റെ തല മണ്ണിലുരുണ്ടതും ഇതേ ‘തെറ്റുകൾ’ കാരണം തന്നെ !!

“വിശ്വസിച്ചവരേ, നീതിക്ക് വേണ്ടി നിലനിൽക്കുന്നവരാവുക; അല്ലാഹുവിന്നായുള്ള സാക്ഷികളാണ് നിങ്ങൾ; അത് നിങ്ങൾക്കോ മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ എതിരാണെങ്കിലും ശരി. ധനികനാണെങ്കിലും ദരിദ്രനാണെങ്കിലും അയാളോട് കൂടുതൽ അടുപ്പമുള്ളത് അല്ലാഹുവിനാണ്. അതിനാൽ നീതി പാലിക്കാതെ നിങ്ങൾ തന്നിഷ്ടങ്ങളെ പിൻപറ്റരുത്. വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുകയാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ചെയ്തികളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു” (ഖുർആൻ 4: 135)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.