തിരിച്ചറിവുകൾ -7

//തിരിച്ചറിവുകൾ -7
//തിരിച്ചറിവുകൾ -7
സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -7

മനുഷ്യർ

കരിയിലകൾ കൂട്ടിയിട്ട് കത്തിച്ച അടുപ്പിന് മുകളിലെ അലുമിനിയം കുടുക്കയിലേക്ക് അവൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു. അതിന്റെ മൂടി ഇളകാൻ അവൾ കാത്തിരുന്നു. കുറച്ചു ദിവസങ്ങളായി ആ ഭക്ഷണം തന്നെ ആഡംബരമാണ് അവൾക്ക്. അത് കഴിച്ചിട്ട് പിന്നേയും നടക്കണം. അതെന്തിനാണ് എന്ന് എട്ടു വയസ്സുകാരിയായ അവൾക്ക് വലിയ തിട്ടമില്ല.

കെട്ടിടപ്പണിക്കാർ താമസിക്കുന്ന ചെറു കുടിലിൽ അവൾ സന്തോഷവതിയായിരുന്നു. അവിടെ കുടുക്കയുടെ മൂടി ഉയരുന്നത് അവൾക്ക് നോക്കി നിൽക്കേണ്ടി വന്നിട്ടില്ല. ദിവസവും ചോറു കഴിച്ചിരുന്നു. വൈകുന്നേരങ്ങളിൽ അച്ഛനോടൊപ്പം എഫ് എം റേഡിയോയിൽ പാട്ടുകൾ കേട്ടിരുന്നു. കൊച്ചനുജന്റെ താരാട്ടിന്റെ വിഹിതം പറ്റി അമ്മയുടെ മാറിൽ ചാഞ്ഞുറങ്ങിയിരുന്നു.

പെട്ടെന്നാണ് എല്ലാം മാറിമാറിഞ്ഞത്. അച്ഛൻ പുറത്തിറങ്ങാതെയായി. കെട്ടിടത്തിന്റെ പണി നിന്നു. അവൾ എന്നും കാണുന്ന വാഹനങ്ങളും ഹെൽമറ്റ് ധരിച്ച ആളുകളും വരാതെയായി. അച്ഛന്റെ മുഖത്തെ ആധി നാൾക്കുനാൾ കൂടിവരുന്നതായി അവൾ കണ്ടു. അവൾക്കൊന്നും മനസ്സിലായില്ല. ഒരിക്കൽ മുഖം മറച്ചുകൊണ്ട് ഒരാൾ വന്ന് കുടിലിൽ നിന്നിറങ്ങാൻ പറഞ്ഞു. അയാളോട് അച്ഛൻ കൈകൂപ്പി എന്തൊക്കെയോ പറയുന്നുണ്ട്. അത് കൂടുതൽ കേൾക്കാൻ നിൽക്കാതെ അയാൾ മറഞ്ഞു. അച്ഛൻ അവിടെത്തന്നെ നിന്ന് അയാളെ നോക്കി നിൽക്കുകയാണ്. മുമ്പെങ്ങും കാണാത്തവിധം ആ കണ്ണുകൾ നിറഞ്ഞതായി അവൾ ശ്രദ്ധിച്ചു. അതവൾക്ക് സഹിച്ചില്ല. ഓടിപ്പോയി അച്ഛനെ കെട്ടിപ്പിടിച്ചു. അയാൾ അവളെ മാറോടണച്ചു അമ്മയെ വിളിച്ചു സാധങ്ങൾ എടുത്തു വെക്കാൻ പറഞ്ഞു.

പിറ്റേന്ന് തുടങ്ങിയ നടത്തമാണ്. രാത്രിയായാൽ റോഡരികിൽ ബ്ലാങ്കറ്റ് വിരിച്ചു കിടക്കും. ഇടക്ക് കണ്ണു തുറന്നാൽ അച്ഛൻ ഉറങ്ങാതെ കാവലിരിക്കുന്നത് കാണാം. ആ നടത്തത്തിൽ ഭക്ഷണം പാകം ചെയ്യൽ പതുക്കെ കുറഞ്ഞു വരുന്നതായി അവൾക്ക് തോന്നി. നടക്കാൻ ദൂരം ഇനിയും ഉള്ളത് കൊണ്ടാണെന്ന് അവൾ കരുതി. നമ്മൾ എങ്ങോട്ടാണ് പോവുന്നതെന്ന് ഒരിക്കൽ അവൾ അമ്മയോട് ചോദിച്ചു. നമ്മുടെ ഗ്രാമത്തിലേക്ക് എന്നായിരുന്നു ഉത്തരം. എന്തിന് എന്ന ചോദ്യത്തിന് നെടുവീർപ്പോടെ ‘അമ്മ പറഞ്ഞത്, അവിടെ നമുക്ക് മോക്ഷമുണ്ട് എന്നാണ്. നമുക്ക് എന്ത് സംഭവിച്ചാലും ആ മണ്ണിൽ നിന്നാകണം എന്നും ‘അമ്മ പറഞ്ഞു. അവർക്കത് മനസ്സിലായില്ല. എങ്കിലും ആരൊക്കെയോ തങ്ങളെ അവിടെ കാത്തിരിക്കുന്നുണ്ട് എന്നവൾക്ക് തോന്നി.

കുടുക്കയുടെ മൂടി പൊങ്ങി വന്നു. ചോറിന്റെ ഗന്ധം അവളുടെ മൂക്കിലേക്ക് പാറി വന്നു. ‘അമ്മ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ പ്ലേറ്റും അച്ചാറും എടുത്ത് ചമ്രം പടിഞ്ഞിരുന്നു. വിളമ്പിയത് മുഴുവൻ ഒറ്റയടിക്ക് തിന്നു. പിന്നീട് അമ്മയോട് ചോദിച്ചില്ല. എഴുന്നേറ്റു പ്ലേറ്റ് കഴുകി സഞ്ചിയിലിട്ടു. ‘അമ്മ അവളെ നോക്കി.

‘പോകാം. ഇപ്പോൾ നല്ല ഉഷാറായില്ലേ?’

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി. തന്റെ കാലിനുള്ള വേദന അമ്മയോട് പറയാതെ ഒരു സഞ്ചിയുമെടുത്ത് അച്ഛന്റെ കൂടെ നടന്നു. താൻ കാണാത്ത തന്റെ മണ്ണ് തേടി..!

പരാജയപ്പെട്ട ഭരണാധികാരികളുടെ പരാജയത്തിന്റെ അനേകം കാരണങ്ങളിൽ ഒന്ന് മനുഷ്യനെ മനസ്സിലാക്കാൻ അവർക്ക് സാധിച്ചില്ല എന്നതാണ്. സ്വന്തം മകന്റെ മരണവാർത്തയറിഞ്ഞു തെരുവിൽ നിന്ന് പൊട്ടിക്കരഞ്ഞ ഒരു മനുഷ്യനെ മനസ്സിലാക്കാൻ നമുക്ക് സാധിച്ചില്ല എങ്കിൽ, വിങ്ങിപ്പൊട്ടിയ ആ മനസ്സിനെ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല എങ്കിൽ, മനുഷ്യത്വം മരവിച്ച കേവലം ജീവികളായി അറിയപ്പെടാൻ മാത്രമേ നമുക്കർഹതയുള്ളൂ. നേരിട്ട് കണ്ടില്ലെങ്കിലും നമുക്ക് ചുറ്റുമുള്ള മനുഷ്യർ മുഴുവൻ ഹൃദയത്തിലെങ്കിലും അയാളെ മാറോട് ചേർത്തു പിടിച്ചു കാണുമെന്നത്‌ തീർച്ചയാണ്. അല്ലാത്തവരെ നാമെങ്ങനെ മനുഷ്യർ എന്നു വിളിക്കും..!

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.