ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -1

//ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -1
//ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -1
ആനുകാലികം

ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -1

ർണ, വർഗ, ഭാഷ, ദേശ വിവേചനങ്ങളെയെല്ലാം തിരസ്ക്കരിച്ച്, മനുഷ്യസമത്വത്തെ പ്രചരിപ്പിക്കുകയും മുസ്‌ലിംകൾക്കിടയിലത് കർശനമായി നിലനിർത്തുകയും സഹ സമൂഹങ്ങളോട് പുലർത്തുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം. എന്നിരുന്നാലും, വർണവിവേചനത്തെ സംബന്ധിച്ച ചൂടേറിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തെ മുതലെടുത്ത് കൊണ്ട് ഇസ്‌ലാം വർണവിവേചനത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണ് എന്ന പ്രചാരണങ്ങൾ, അവസരവാദികളായ ചിലർ അഴിച്ചു വിട്ടു തുടങ്ങിയിട്ടുണ്ട്. പ്രസ്തുത വിമർശനങ്ങളെ ചുരുങ്ങിയ രൂപത്തിൽ നമുക്കൊന്ന് നിരൂപണം ചെയ്യാം.

വിമർശനം: 1

സ്വര്‍ഗത്തില്‍ ”വെളുത്ത” സ്ത്രീകളെ ഇണകളായി നല്‍കുമെന്ന് പറയുക വഴി, പടച്ചോന്‍ ഓഫര്‍ ചെയ്യുന്ന സൗന്ദര്യം പോലും ‘വെളുപ്പാ’ണ് എന്ന് വരില്ലേ? ഈ ആയത്ത് വായിക്കുന്ന കറുത്ത വിശ്വാസിയുടെ മാനസികാവസ്ഥ ദുഖകരമല്ലേ ?

മറുപടി:

‘അഹ്‌വർ’ (أحور) എന്ന (പുല്ലിംഗ) നാമത്തിന്റേയും ‘ഹൗറാഅ്’ (حوراء) എന്ന (സ്ത്രീലിംഗ) നാമത്തിന്റെയും ബഹുവചനമാണ് ‘ഹൂർ’. അപ്പോൾ ഹൂറുൽ ഈൻ എന്ന പദം സ്ത്രീകളെ മാത്രം ഉൾകൊള്ളുന്നതല്ല. അതുകൊണ്ട് തന്നെ സ്വർഗത്തിൽ പുരുഷന്മാർക്ക് മാത്രമേ ഇണകളെ കിട്ടൂ എന്ന് ഖുർആനിലില്ല. അഥവാ സ്വർഗസ്ഥനായ പുരുഷന് ഇണയായി സ്ത്രീയെ ലഭിക്കുന്നത് പോലെ സ്വർഗ പ്രവേശനം ലഭിക്കുന്ന സ്ത്രീക്ക് പുരുഷനെ ഇണയായി ലഭിക്കും.

സ്ത്രീയാകട്ടെ പുരുഷനാകളെ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന ഏതൊരാൾക്കും സ്വർഗവും സ്വർഗത്തിൽ ഇച്ഛിക്കുന്ന സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമെന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ യാതൊരു വിവേചനവുമില്ല:

“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.” (ഖുർആൻ: 16:97)

عَنْ أُمِّ عُمَارَةَ الأَنْصَارِيَّةِ أَنَّهَا أَتَتِ النَّبِيَّ صلى الله عَلَيْهِ وَسَلَّمَ فَقَالَتْ مَا أَرَى كُلَّ شَيْءٍ إِلاّ لِلرِّجَالِ وَمَا أَرَى النِّسَاءَ يُذْكَرْنَ بِشَيْءٍ فَنَزَلَتْ هَذِهِ الآيَةَ ( إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ) الآيَةَ

പുരുഷന്മാർക്ക് പ്രതിഫലങ്ങൾ നൽകപ്പെടുമ്പോൾ സ്ത്രീകൾക്ക് നൽകപ്പെടുന്നതിനെ സംബന്ധിച്ച് പ്രസ്ഥാവിക്കപ്പെടാത്തത് എന്തുകൊണ്ടാണെന്ന് പ്രവാചക സന്നിധിയിൽ വന്ന് ഉമ്മു അമ്മാറ (റ) ചോദിച്ചപ്പോഴാണ് ഖുർആനിൽ ഈ വചനം അവതരിപ്പിക്കപ്പെടുന്നത്:

“(അല്ലാഹുവിന്‌) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍ – ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.” (ഖുർആൻ:33:35)
(സുനനു തുർമുദി: 3211)

അഥവാ, പരലോകത്ത് നൽകപ്പെടുന്ന മഹത്തായ പ്രതിഫലത്തിലും പാപമോചനത്തിലും സ്ത്രീകൾ പുരുഷന്മാർ എന്നീ ഇരു കൂട്ടരും പങ്കാളികളാണ്. പക്ഷെ അത്തരം പ്രതിഫലങ്ങളെ സംബന്ധിച്ച് പ്രസ്ഥാവിക്കുമ്പോൾ ഒരു വിഭാഗത്തെ സംബന്ധിച്ച് മാത്രം സൂചിപ്പിക്കുന്നത്, ഓരോ സ്ഥലത്തും സ്ത്രീക്കും പുരുഷനും നൽകപ്പെടുന്നവ – പ്രത്യേകം പ്രത്യേകമായി – വിവരിക്കുന്നത് ഭാഷാപരമായ ആവശ്യമില്ലാത്തത് കാരണവും വിവരണത്തിന്റെ സൗകര്യാർത്ഥവുമാണ് എന്നർത്ഥം. മാത്രമല്ല, സ്ത്രീ പ്രകൃതമനുസരിച്ച് പുരുഷ സൗന്ദര്യത്തെ സംബന്ധിച്ച വർണനകൾ സ്ത്രീകൾക്ക് – പുരുഷന്മാരെ പോലെ – പ്രചോദനം നൽകുന്ന ഒന്നല്ലാത്തത് കൊണ്ടും കൂടിയാണ് സ്വർഗത്തിലെ ഇണകളുടെ ഒരു സ്ത്രീ ആവിഷ്കാരം (female version) ഖുർആനിലും ഹദീസുകളിലും മുന്തിക്കപ്പെട്ടത്. (സ്ത്രീ പുരുഷ ലൈംഗികതയുടെ ഈ നൈസർഗികമായ വ്യത്യാസങ്ങൾ വിശാലമായ ഗവേഷണങ്ങൾ നടന്നിട്ടുള്ള / നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു വിഷയമായത് കൊണ്ട് അവയെ സംബന്ധിച്ച ഒരു പഠനത്തിന് ഇവിടെ മുതിരുന്നില്ല.) അതേസമയം സ്ത്രീകൾക്ക് ഭർത്താക്കന്മാരെ നൽകപ്പെടുമെന്ന് പൊതുവായി ഖുർആൻ സൂചിപ്പിച്ചിട്ടുണ്ട്.

وَلَهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ وَهُمْ فِيهَا خَالِدُونَ

“പരിശുദ്ധരായ ഇണകളും അവര്‍ക്കവിടെ ഉണ്ടായിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.”
(ഖുർആൻ: 2:25)

قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَلِكُمْ لِلَّذِينَ اتَّقَوْا عِندَ رَبِّهِمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُّطَهَّرَةٌ وَرِضْوَانٌ مِّنَ اللَّهِ وَاللَّهُ بَصِيرٌ بِالْعِبَادِ

“(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്‍റെ പ്രീതിയും. അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.”
(ഖുർആൻ: 3:15)

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا لَّهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ وَنُدْخِلُهُمْ ظِلًّا ظَلِيلًا

“വിശ്വസിക്കുകയും സല്‍പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തവരാകട്ടെ, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോട്ടങ്ങളില്‍ നാം അവരെ പ്രവേശിപ്പിക്കുന്നതാണ്‌. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും. സ്ഥിരവും ഇടതൂര്‍ന്നതുമായ തണലില്‍ നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും.”
(ഖുർആൻ: 4:57)

മുകളിൽ സൂചിപ്പിക്കപ്പെട്ട മൂന്ന് ആയത്തുകളിലും വിശ്വസിക്കുകയും സല്‍പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തവർക്ക് ഇണകളെ (അസ്‌വാജ് الأزواج) നൽകപ്പെടുമെന്നാണ് പറഞ്ഞത്; ഭാര്യമാരെ നൽകപ്പെടും എന്നല്ല.

ക്രിസ്ത്യൻ പാതിരിയും അറബി ഭാഷാ പണ്ഡിതനുമായ ഫാദർ ലൂയിസ് മഅലൂഫ് തന്റെ വിശ്രുത നിഘണ്ടു വായ ‘അൽ മുൻജിദ് ഫിൽ ലുഗത്തി വൽ അഅ്ലാമി’ൽ പറയുന്നു:

الزوج جمع أزواج وزوجة وجج أزاويج: البعل
الزوجة زوجات امرأة الرجل

‘സൗജ്’ (الزوج ) എന്ന പുല്ലിംഗ പദത്തിന്റെ ബഹുവചനം ‘അസ്‌വാജ് ‘ (الأزواج) . ‘സൗജ് ‘ എന്നാൽ ഭർത്താവ്. അതിന്റെ സ്ത്രീലിംഗം ‘സൗജത്ത് ‘ (الزوجة) എന്നാണ്. ‘സൗജത്തി’ ന്റെ ബഹുവചനം ‘സൗജാത്ത് ‘ (الزوجات) എന്നാണ്. ‘സൗജത്ത്’ എന്നാൽ ഒരു പുരുഷന്റെ ഭാര്യ.
(അൽ മുൻജിദ് ഫിൽ ലുഗത്തി വൽ അഅ്ലാം: പേജ്: 310)

അഥവാ മുകളിലെ ആയത്തുകളിൽ, ഖുർആൻ ഇണകളെ (الأزواج) നൽകപ്പെടുമെന്ന് പറഞ്ഞപ്പോൾ പുല്ലിംഗ ബഹുവചനമാണ് പ്രയോഗിച്ചത്. അപ്പോൾ സ്ത്രീകൾക്ക് ഭർത്താക്കന്മാരെ നൽകപ്പെടുമെന്ന് ഈ ആയത്തുകളിലൂടെ മാത്രം തെളിയുന്നു. ഖുർആനിൽ ലിംഗ വിവേചനമുണ്ടെന്നതൊക്കെ കേവലം ബാലിശമായ വാദമാണ് എന്നർത്ഥം.

ഇനി, ഇണകളുടെ നിറത്തിലേക്ക് വരാം.

‘ഹൂർ’ (الحور) എന്നാൽ വെളുത്തത് എന്നും ‘ഐൻ’ (العين) എന്നാൽ കണ്ണ് എന്നുമാണ് അർത്ഥം. അപ്പോൾ ഹൂറുൽഈൻ (حور العين) എന്നാൽ കണ്ണുകൾ വെളുത്തവർ എന്ന് മാത്രമേ ഭാഷയിൽ അർത്ഥമാക്കുന്നുള്ളു.

പൗരാണിക ഭാഷാ പണ്ഡിതനായ റാഗിബ് അൽ അസ്ഫഹാനി (മരണം: ഹിജ്റ വർഷം: 502, ക്രിസ്താബ്ദം: 1108) പറഞ്ഞു:

جمع أحور وحوراء، والحور قيل ظهور قليل من البياض في العين من بين السواد وأحورت عينه وذلك نهاية الحسن من العين

” ‘അഹ്‌വർ’ (أحور) എന്ന (പുല്ലിംഗ) നാമത്തിന്റേയും ‘ഹൗറാഅ് ‘ (حوراء) എന്ന (സ്ത്രീലിംഗ) നാമത്തിന്റെയും ബഹുവചനമാണ് ‘ഹൂർ’. ഹൂർ എന്നാൽ, കണ്ണിലെ (കൃഷ്ണമണിയുടെ) കറുപ്പിനിടയിൽ നിന്ന് കണ്ണിൽ അല്പം വെളുപ്പ് പ്രകടമാകുന്ന രൂപമാണ്.”
(അൽ മുഫ്റദാത്ത്: 135)

വലിയ, കറു കറുത്ത കൃഷ്ണമണിയോടൊപ്പം തൂവെള്ള കൺവെള്ളയുള്ള സുന്ദരമായ കണ്ണാണ് ഹൂറുൽഈനു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇത് പൗരാണികരായ, എണ്ണമറ്റ ഇസ്‌ലാമിക പണ്ഡിതരും അറബി ഭാഷാ പണ്ഡിതരും വ്യക്തമാക്കുന്നുണ്ട്. (അൽ ബയാൻ വത്തബ്‌യീൻ: 1/192, മജാസുൽ ഖുർആൻ: 2/246)

കറു കറുത്ത കൃഷ്ണമണിയോടൊപ്പം തൂവെള്ള കൺവെള്ളയാണ് ഹൂറുൽഈനു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്ന് അംഗീകരിക്കുന്നതോടൊപ്പം ചർമ്മത്തിന്റെ വെളുപ്പുകൂടി ഹൂറുൽഈൻ എന്ന പദം സൂചിപ്പിക്കുന്നുണ്ട് എന്ന ചില വ്യാഖ്യാനങ്ങൾ ഉണ്ടെങ്കിലും ഇസ്‌ലാമിക പ്രമാണങ്ങളായ ഖുർആനിലോ സ്വഹീഹായ ഹദീസുകളിലോ അവരുടെ നിറം വെളുപ്പാണെന്ന ഒരു പ്രസ്ഥാവനയുമില്ല. മുസ്‌ലിം പണ്ഡിതന്മാരുടേതാകട്ടെ ഇസ്‌ലാം വിമർശകരുടേതാകട്ടെ, വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമൊക്കെ പ്രമാണങ്ങളെ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ മാത്രമാണ്. അവ ഇസ്‌ലാമാണ് എന്നോ ഇസ്‌ലാമിക പ്രമാണങ്ങളാണ് എന്നോ ചിത്രീകരിക്കാനൊന്നും യാതൊരു ന്യായവുമില്ല.

പ്രവാചക ശിഷ്യന്മാരായ ഇബ്നു അബ്ബാസ് (റ), അബൂദർറ് (റ) എന്നിവർ പറയുന്നത് കാണുക:

…ﻭَﻗَﺎﻝَ اﺑْﻦُ ﻋَﺒَّﺎﺱٍ: “ﺣﻮﺭ” ﺳُﻮﺩُ اﻟْﺤَﺪَﻕِ.
…ولأبي ذر: الحور السود

“ഹൂർ എന്നാൽ കൃഷ്ണമണി കറുത്തവൾ എന്നാണ്.”
(സ്വഹീഹുൽ ബുഖാരി: കിതാബു തഫ്സീർ: സൂറത്തു റഹ്മാൻ 72 ആയത്തിന്റെ വ്യാഖ്യാനം, ഇർശാദുസ്സാരി: സൂറത്തു റഹ്മാൻ 72 ആയത്തിന്റെ വ്യാഖ്യാനം)

പ്രവാചക ശിഷ്യന്മാരും ഹൂറുൽഈനിന് മനസ്സിലാക്കിയ അർത്ഥം കറുത്ത കൃഷ്ണമണിയും തൂവെള്ള കൺവെള്ളയുമടങ്ങുന്ന വിശാലമായ നയനമുള്ളവർ എന്നാണ്. അപ്പോൾ കറുപ്പും വെളുപ്പും ചേരുമ്പോളുണ്ടാകുന്ന ചേതോഹരമായ അഴകിനെയാണ് ഹൂറുൽഈൻ എന്ന പദം സൂചിപ്പിക്കുന്നത്. അഥവാ വെളുപ്പിലേത് പോലെ കറുപ്പിലും അഴകുണ്ടെന്നാണ് ഹൂറുൽഈൻ എന്ന സാങ്കേതിക ശബ്ദം സൂചിപ്പിക്കുന്നത്. ഇതാകട്ടെ ഇസ്‌ലാമിനെതിരെ, ഹൂറുൽഈൻ എന്ന സാങ്കേതിക പദമുപയോഗിച്ച് ആരോപിക്കപ്പെടുന്ന വർണവിവേചനത്തിന് നേർ വിപരീതമായ ആശയമാണ്!

ചുരുക്കത്തിൽ, ഹൂറുൽഈനുകൾ വെളുത്തിട്ടാണെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ ഒന്നും കാണുന്നില്ല. വെളുത്തിട്ടാണെന്നത് ചില വ്യാഖ്യാനങ്ങളിലും ആ വ്യാഖ്യാനങ്ങളെ അവലംബിച്ച് എഴുതപ്പെട്ട ചില ഖുർആൻ പരിഭാഷകളിലും മാത്രമേ കാണൂ. മുമ്പ് സൂചിപ്പിച്ചത് പോലെ, ഇത്തരം വ്യാഖ്യാനങ്ങളും വിവർത്തനങ്ങളുമൊക്കെ പ്രമാണങ്ങളെ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ മാത്രമാണ്. അവ ഇസ്‌ലാമാണ് എന്നോ ഇസ്‌ലാമിക പ്രമാണങ്ങളാണ് എന്നോ ചിത്രീകരിക്കാനൊന്നും യാതൊരു ന്യായവുമില്ല. ഇസ്‌ലാമിനെ അതിന്റെ പ്രമാണങ്ങളിൽ നിന്നാണ് പഠിക്കേണ്ടതും നിരൂപണം ചെയ്യേണ്ടതും. ഖുർആനിലെ ഒരു സാങ്കേതിക ശബ്ദത്തിന് പ്രവാചകൻ (സ) നൽകിയ അർത്ഥമാണ് നൽകേണ്ടത്. അന്നത്തെ ഖുർആൻ ശ്രോതാക്കളും അറബികളുമായിരുന്ന പ്രവാചക ശിഷ്യർ മനസ്സിലാക്കിയത് പോലെയാണ് പ്രസ്തുത സാങ്കേതിക ശബ്ദത്തെ മനസ്സിലാക്കേണ്ടതും.

വല്ല വ്യാഖ്യാനമോ ചില പരിഭാഷകളിൽ വന്നിട്ടുള്ള സ്കലിതങ്ങളോ ഉയർത്തിക്കാണിച്ച് ഇസ്‌ലാമിൽ വർണ വിവേചനമുണ്ട് എന്ന് ആരോപിക്കുന്നവർ – ഇസ്‌ലാമിനെ സംബന്ധിച്ച് – മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ:

1. വർണവിവേചനത്തെ ശക്തമായി എതിർത്ത മതമാണ് ഇസ്‌ലാം. വർണവെറിയെ സമരം ചെയ്ത് തോൽപ്പിച്ച മതം. ആയിരത്തി നാന്നൂറ് വർഷങ്ങൾക്ക് മുമ്പ് തന്നെ വംശീയതക്കെതിരെ സമത്വത്തിന്റെ കാഹളം മുഴക്കിയ മഹാനാണ് മുഹമ്മദ് നബി (സ).

يا أيُّها الناسُ إنَّ ربَّكمْ واحِدٌ ألا لا فضلَ لِعربِيٍّ على عجَمِيٍّ ولا لِعجَمِيٍّ على عربيٍّ ولا لأحمرَ على أسْودَ ولا لأسودَ على أحمرَ إلَّا بالتَّقوَى إنَّ أكرَمكمْ عند اللهِ أتْقاكُمْ

പ്രവാചക ശിഷ്യൻ ജാബിർ (റ) നിവേദനം നിവേദനം ചെയ്യുന്നു: പ്രവാചകൻ (സ) പറഞ്ഞു: മനുഷ്യരേ, തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ഒന്നാണ്. (തീർച്ചയായും നിങ്ങളുടെ പിതാവും ഒന്നാണ്: അഹ്‌മദ്ദ്: 22978) നിങ്ങൾ അറിയുക, ഒരു അറബിക്കും ഒരു അനറബിയേക്കാൾ ഒരു ശ്രേഷ്ടതയുമില്ല. ഒരു അനറബിക്ക് ഒരു അറബിയേക്കാളും ഒരു ശ്രേഷ്ടതയുമില്ല. ഒരു ചുവന്നവന് കറുത്തവനേക്കാളും ശ്രേഷ്ടതയില്ല. ഒരു കറുത്തവനും ചുവന്നവനേക്കാളും ശ്രേഷ്ടതയില്ല; ധർമ്മനിഷ്ഠ കൊണ്ടല്ലാതെ. നിശ്ചയം, അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു.” (ശുഅ്ബുൽ ഈമാൻ: ബൈഹഖി: 5137, ഹിൽയത്തുൽ ഔലിയാഅ്: 3/100, ഗായത്തുൽ മറാം: 313)

മറ്റു ചില ഹദീസുകളിൽ ഇപ്രകാരം പ്രവാചക പ്രഖ്യാപനങ്ങൾ കാണാം:

لا فضلَ لعربيٍّ على عجميٍّ ، ولا لعجميٍّ على عربيٍّ ، ولا لأبيضَ على أسودَ ، ولا لأسودَ على أبيضَ إلَّا بالتَّقوَى ، النَّاسُ من آدمُ ، وآدمُ من ترابٍ

ഒരു അറബിക്കും ഒരു അനറബിയേക്കാൾ ഒരു ശ്രേഷ്ടതയുമില്ല. ഒരു അനറബിക്ക് ഒരു അറബിയേക്കാളും ഒരു ശ്രേഷ്ടതയുമില്ല. ഒരു വെളുത്തവനും കറുത്തവനേക്കാളും ശ്രേഷ്ടതയില്ല. ഒരു കറുത്തവനും വെളുത്തവനേക്കാളും ശ്രേഷ്ടതയില്ല; ധർമ്മനിഷ്ഠ കൊണ്ടല്ലാതെ. മനുഷ്യരെല്ലാം ആദമിൽ നിന്നാണ്. ആദം മണ്ണിൽ നിന്നും.
(ശർഹുത്വഹാവിയ്യ: 361, മുഅ്ജമുൻ കബീർ: ത്വബ്റാനി: 18/12)

وَمَن بَطَّأَ به عَمَلُهُ، لَمْ يُسْرِعْ به نَسَبُهُ

“ആരുടെയെങ്കിലും (സൽ)കർമ്മം അവനെ (ദൈവത്തിൽ നിന്നും) വൈകിപ്പിച്ചാൽ അവന്റെ കുലത്തിന് അവനെ വേഗത്തിലാക്കാൻ സാധിക്കില്ല.”
(സ്വഹീഹു മുസ്‌ലിം: 2699)

ﻋﻦ ﺣﺬﻳﻔﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «ﻛﻠﻜﻢ ﺑﻨﻮ ﺁﺩﻡ، ﻭﺁﺩﻡ ﺧﻠﻖ ﻣﻦ ﺗﺮاﺏ ﻟﻴﻨﺘﻬﻴﻦ ﻗﻮﻡ ﻳﻔﺨﺮﻭﻥ ﺑﺂﺑﺎﺋﻬﻢ ﺃﻭ ﻟﻴﻜﻮﻧﻦ ﺃﻫﻮﻥ ﻋﻠﻰ اﻟﻠﻪ ﻣﻦ اﻟﺠﻌﻼﻥ

“നിങ്ങളെല്ലാം ആദമിന്റെ സന്തതികളാണ്. ആദം സൃഷ്ടിക്കപ്പെട്ടത് മണ്ണിൽ നിന്നുമാണ്. അതിനാൽ പ്രപിതാക്കന്മാരെ കൊണ്ട് പെരുമ നടിക്കുന്ന സമ്പ്രദായം സമൂഹം നിർത്തുക തന്നെ ചെയ്യണം. അല്ലെങ്കിൽ അല്ലാഹുവിന്റെ അടുത്ത് അവർ വണ്ടുകളേക്കാൾ താഴ്ന്നവരായി മാറും.” (മുസ്നദുൽ ബസ്സാർ: 2938)

വംശത്തിന്റേയും വർണ്ണത്തിന്റേയും പേരിൽ വല്ല വിവേചനമോ ദ്രോഹമോ തന്റെ ശിഷ്യന്മാർക്കിടയിൽ പ്രവാചകൻ ഒരു തരത്തിലും വെച്ചുപൊറുപ്പിച്ചിരുന്നില്ല. നിറത്തിന്റെ പേരിൽ വല്ല നിലക്കും ആരെങ്കിലും -വാചികമായെങ്കിലും – ഉപദ്രവിക്കപ്പെട്ടാൽ അദ്ദേഹം ഉടനെ ഇടപ്പെടുമായിരുന്നു.

ഒരിക്കൽ പ്രവാചകന്റെ രണ്ടു ശിഷ്യന്മാരായ അബൂദർറ് (റ), ബിലാൽ (റ) എന്നിവർ തമ്മിൽ വഴക്കു കൂടി. കോപത്താൽ ഒരാൾ മറ്റയാളെ “കറുത്തവളുടെ മകനേ” എന്ന് വിളിച്ചു പോയി. പ്രവാചകൻ (സ) ഇതറിഞ്ഞപ്പോൾ കോപാകുലനായി. അബൂദർറിൽ നിന്നും പ്രവാചകൻ മുഖം തിരിച്ചു. അബൂദർറ് കാര്യമന്വേഷിച്ചപ്പോൾ പ്രവാചകൻ (സ) അരുളി: “താങ്കളല്ലെ ബിലാലിനെ തന്റെ മാതാവിനെ പറഞ്ഞ് ആക്ഷേപിച്ചത് ? മുഹമ്മദിന് ഖുർആൻ അവതരിപ്പിച്ച (അല്ലാഹുവാണേ) സത്യം, സ്വന്തം സൽകർമ്മങ്ങൾ കൊണ്ടല്ലാതെ (നിറം കൊണ്ടോ കുലീനതകൊണ്ടോ) എന്റെ അടുക്കൽ ഒരാൾക്കും യാതൊരു ശ്രേഷ്ടതയുമില്ല.” (ശുഅ്ബുൽ ഈമാൻ: ബൈഹഖി: 4772)

“അബൂദർറ്, തീർച്ചയായും ജാഹിലിയ്യത്ത് (ഇസ്‌ലാമിന് മുമ്പുള്ള അജ്ഞത) ഇപ്പോഴും നിലനിൽക്കുന്ന വ്യക്തിയാണ് താങ്കൾ”.
(സ്വഹീഹുൽ ബുഖാരി: 30)

വർണ, വർഗ, ഭാഷ, ദേശ വിവേചനങ്ങളെയെല്ലാം തിരസ്ക്കരിച്ച്, മനുഷ്യസമത്വത്തെ പ്രചരിപ്പിക്കുകയും മുസ്‌ലിംകൾക്കിടയിൽ അത് കർശനമായി നിലനിർത്തുകയും ചെയ്യുന്ന മതമാണ് ഇസ്‌ലാം എന്നത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരു പച്ചപരമാർത്ഥമാണ്. ഇസ്‌ലാം അടിമകളായ കറുത്ത വർഗക്കാരുടെ വിമോചനത്തിനും നീതിക്കും നൽകിയ പ്രധാന്യം മനസ്സിലാക്കിയത് കൊണ്ടാണ് ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെട്ടവരിലും ആ ആദർശത്തെ ആശ്ലേഷിച്ചവരിലും ആദ്യക്കാർ ബിലാൽ (റ), ഖബ്ബാബ് (റ), അമ്മാർ (റ), യാസർ (റ), സുമയ്യ (റ) തുടങ്ങിയ കറുത്ത വർഗക്കാരായ അടിമകൾ ആയത്.
(മുസ്വന്നഫ് ഇബ്നു അബീ ശൈബ: 34570)

ഇസ്‌ലാം കറുത്ത വർഗക്കാരുടെ വിമോചനത്തിനും നീതിക്കും നൽകിയ പ്രധാന്യം ലോകം തിരിച്ചറിയുന്നുണ്ട് എന്നതിന് ഏറ്റവും വലിയ തെളിവാണ് ഇസ്‌ലാമിലേക്കുള്ള കറുത്ത വർഗക്കാരുടെ ഒഴുക്ക്. അമേരിക്കയുടെ കാര്യം മാത്രമെടുക്കുക: മാൽകം എക്സ് (ആഫ്രിക്കൻ അമേരിക്കൻ മന്ത്രി, മനുഷ്യാവകാശ പ്രവർത്തകർ), മുഹമ്മദ് അലി (ബോക്സിംഗ് ചാമ്പ്യൻ), ഡേവ് ചപ്പേൽ (കൊമേഡിയൻ/ഹ്യൂമറിസ്റ്റ്), കരീം അബ്ദുൽ ജബ്ബാർ (എൻ.ബി എ താരം), ഐസ് ക്യൂബ് (ഹോളിവുഡ് നടൻ), ലാറി ജോൺസൻ (എൻ.ബി എ താരം), ജെർമെയ്ൻ ജാക്സൺ (ലോക പ്രശസ്ത പോപ് ഗായകൻ), ജോ ടെക്സ് (ഗായകൻ), റാപ്പ് സംഗീതജ്ഞരായ ക്വൂ ടിപ്പ്, റക്കിം (വില്ല്യം ഗ്രിഫിൻ ജോർജ്), റെയ്ക്വോൺ തുടങ്ങി – ഇസ്‌ലാം കറുത്ത വർഗക്കാർക്കും പാർശ്വവൽകൃത സമൂഹങ്ങൾക്കും നൽകുന്ന ആദരവ് തിരിച്ചറിഞ്ഞ് – ഇസ്‌ലാം ആശ്ലേഷിച്ച കറുത്ത വർഗക്കാരായ ലോക പ്രശസ്ത വ്യക്തിത്വങ്ങളുടെ നിര നീണ്ടതാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പണ്ട് സവർണ മേധാവിത്വത്തിന്റെ വർണാശ്രമ വ്യവസ്ഥയാണല്ലോ നിലനിന്നിരുന്നത്. അന്ന് നിറത്തിന്റെ പേരിൽ ക്രൂരമായി അടിച്ചമർത്തപ്പെടുകയും അന്യവൽകരിക്കപ്പെടുകയും ചെയ്ത അവർണരും ‘താഴ്ന്ന’ ജാതിക്കാരും ഇസ്‌ലാം വിഭാവനം ചെയ്യുന്ന മാനുഷിക സമത്വത്തിൽ ആകൃഷ്ടരായി എന്നുള്ളതും, ലക്ഷങ്ങൾ പ്രസ്തുത ആദർശത്തെ ജീവിതവിമോചനത്തിന്റേയും സ്വാതന്ത്ര്യത്തിന്റെയും മാർഗമായി സ്വീകരിച്ചുവെന്നുള്ളതും ചരിത്രമാണല്ലോ.

2. മനുഷ്യർക്കിടയിൽ നില നിൽക്കുന്ന ഭാഷാ വൈവിധ്യത്തെ പോലെ തന്നെ വർണ വൈവിധ്യത്തെയും അല്ലാഹുവിന്റെ ദൃഷ്ടാന്തമായാണ് ഖുർആൻ അവതരിപ്പിച്ചിട്ടുള്ളത്:
“ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.”
(ഖുർആൻ: 30:22)

മനുഷ്യന്റെ സൃഷ്ടിപ്പും ശരീരഘടനയും ആദിമദ്ധ്യാന്തം, ദൈവത്തിന്റെ സൗന്ദര്യ സ്നേഹത്തിന്റെയും അതിപ്രാവീണ്യത്തിന്റെയും തെളിവുകളിൽ ഒന്നായാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്:
“തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും ഭംഗിയുള്ള ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.”
(ഖുർആൻ: 95:4)

സ്വാഭാവികമായും മനുഷ്യർക്ക് അല്ലാഹു സമ്മാനിച്ച വർണ്ണ വൈവിധ്യവും സൗന്ദര്യത്തിന്റെ ഭാഗമാകുന്നു:
“അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്‌.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട് ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്‌.
(ഖുർആൻ: 2:138)

മനുഷ്യരിൽ നില നിൽക്കുന്ന വർണ വൈവിധ്യത്തെ ദൈവത്തിന്റെ സൗന്ദര്യ സ്നേഹത്തിന്റേയും സൃഷ്ടിവൈദഗ്‌ദ്ധ്യത്തിന്റേയും ദൃഷ്ടാന്തമായി കാണുന്ന ഖുർആൻ എങ്ങനെ വർണ വ്യത്യാസത്തെ വിവേചനത്തിന്റേയും (discrimination) ഇരട്ടത്താപ്പിന്റേയും (double standard) ഉപാധിയാക്കും ?!

“മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.”
(ഖുർആൻ: 49:13)

ഒരാൾക്ക് ശ്രേഷ്ടത സിദ്ധിക്കുന്നതിനുള്ള ഒരേയൊരു മാനധണ്ഡം ധർമ്മനിഷ്ഠ മാത്രമാണ് എന്ന് പ്രഖ്യാപിച്ച ഇസ്‌ലാമിൽ വംശീയമായ യാഥാസ്ഥിതികത്വത്തിന് (racism) യാതൊരു സ്ഥാനവുമില്ല.

3. ഇസ്‌ലാം വർണവിവേചനത്തിന്റെ മതമാണെന്ന് വാദിക്കുന്നവരോട് മുസ്‌ലിംകൾ വെല്ലുവിളിക്കുന്നു. ഇസ്‌ലാമിൽ വർണവിവേചനമുണ്ടെങ്കിൽ വർണത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ഒരു നിയമമോ ആചാരമോ കർമശാസ്ത്ര വിധിയോ ഖുർആനിൽ നിന്നോ ഹദീസുകളിൽ നിന്നോ കാണിച്ചു തരാൻ സാധിക്കുമോ ? ഒരു നിയമമെങ്കിലും ?! ഒരു ആചാരമെങ്കിലും ?! ഒരു വിധിയുടെ തുണ്ടമെങ്കിലും !!

(തുടരും)

print

2 Comments

  • Quraan 16:75
    അല്ലാഹു ഒരു ഉപമ വെളിപ്പെടുത്തുന്നു. അതായത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള അടിമ. അവനെ ഒരു കാര്യത്തിലും കഴിവില്ല. നമ്മുടെ പക്കൽ നിന്നും നല്ല വിഭവങ്ങൾ നൽകിയ മറ്റൊരു സ്വതന്ത്രൻ. അവൻ അതിൽനിന്നും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നു. ഇവർ സമന്മാർ ആകുമോ ഇല്ല ഒരിക്കലുമില്ല.

    Truth searcher 17.08.2020

Leave a comment

Your email address will not be published.