‘സ്ത്രീകൾ വീട്ടിലിരുന്നാൽ മതി’ കമ്മ്യൂണിസവും പെൺവിരുദ്ധമാകുന്നു !

//‘സ്ത്രീകൾ വീട്ടിലിരുന്നാൽ മതി’ കമ്മ്യൂണിസവും പെൺവിരുദ്ധമാകുന്നു !
//‘സ്ത്രീകൾ വീട്ടിലിരുന്നാൽ മതി’ കമ്മ്യൂണിസവും പെൺവിരുദ്ധമാകുന്നു !
ആനുകാലികം

‘സ്ത്രീകൾ വീട്ടിലിരുന്നാൽ മതി’ കമ്മ്യൂണിസവും പെൺവിരുദ്ധമാകുന്നു !

‘സ്ത്രീകളിനി വീട്ടിലിരുന്നാൽ മതി. വിവാഹം കഴിച്ച്, കുട്ടികളെ പ്രസവിച്ച്, അവരെ വളർത്തി, വൃദ്ധരെ പരിപാലിച്ചാണ് ചൈനയിലെ സ്ത്രീകൾ ഇനി ജീവിക്കേണ്ടത്.’

ബീജിങ്ങില്‍ സമാപിച്ച പതിമൂന്നാമത് നാഷണല്‍ വിമന്‍സ് കോണ്‍ഗ്രസിൽ വെച്ച് ഒക്ടോബർ 23 ന് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് നടത്തിയ പ്രസ്താവനയാണിത്.
‘യുവതീയുവാക്കൾ വിവാഹത്തിന് സന്നദ്ധരാകണം; കുട്ടികളെയുണ്ടാക്കാൻ ഇണകളെ പ്രചോദിപ്പിക്കണം; കുടുംബത്തിന്റെ പ്രാധാന്യം യുവതലമുറയെ ബോധ്യപ്പെടുത്തണം; വയോധികരെ പരിചരിക്കാൻ കുടുംബത്തിൽ സംവിധാനങ്ങളുണ്ടാവണം.’

എല്ലാം നല്ല കാര്യങ്ങൾ! പക്ഷെ, ആരാണിത് പറയുന്നത് ? ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ പ്രസിഡണ്ട്. 1979 മുതൽ ‘ഒറ്റക്കുട്ടി നയം’ അടിച്ചേൽപ്പിച്ച അതേ ചൈനയുടെ ഉന്നതസ്ഥാനീയൻ. രണ്ടാമതൊരു കുഞ്ഞുണ്ടായാൽ 48 ലക്ഷം രൂപയായിരുന്നു ചൈനയിലെ പിഴ. നിർബന്ധിച്ച് ഗർഭ‌ഛിദ്രം നടത്താനായി മാത്രം ഉദ്യോഗസ്ഥൻമാരുണ്ടായിരുന്ന നാട്. 1979- 2011 ൽ 40 കോടി ജനനങ്ങളെ തടയാന്‍ കഴിഞ്ഞെന്നായിരുന്നു അവരുടെ അഭിമാനം.
ഗർഭസ്ഥശിശുക്കളെ ആറ് മാസമാകുന്നതിന് മുമ്പ് കൊല്ലാനവിടെ അനുവാദമുണ്ടായിരുന്നു !ഓരോ മണിക്കൂറിലും 1500 ഗര്‍ഭസ്ഥ ശിശുക്കൾ വീതം കൊല്ലപ്പെട്ടുകൊണ്ടിരുന്ന രാഷ്ട്രം !
33.6 കോടി ഗര്‍ഭഛിദ്രങ്ങൾ ! 19.6 കോടി വന്ധ്യംകരണങ്ങൾ! ജനസംഖ്യാനിയന്ത്രണത്തിൽ ലോകത്തിന് മുന്നിലെത്തിയെന്ന് അവർ അഹങ്കരിച്ചു!

അന്നവർ കരുതിയത് ജനസംഖ്യയാണ് വലിയ ‘പ്രശ്ന’മെന്നാണ്; പുരോഗതിക്ക് മുന്നിലെ വിഘ്‌നം! വളർച്ചയെക്കുറിച്ച നാസ്തികകാഴ്ചപ്പാട് അവരെ പഠിപ്പിച്ചത് അങ്ങനെയാണ്.
‘ദാരിദ്ര്യഭയത്താൽ മക്കളെ നിങ്ങൾ കൊല്ലരുത്; നിങ്ങൾക്കും അവർക്കും ഉപജീവനമേകുന്നത് ഞാനാണ്’ എന്ന പടച്ചവന്റെ കൽപ്പന (ഖുർആൻ) അവർ കേട്ടില്ല; ദൈവിക വാഗ്ദാനം അവർക്ക് പഥ്യമായില്ല. ഫലം അവർ അനുഭവിച്ചു; അതിൽ നിന്നവർക്ക് ബോധമുണ്ടായി; ഇന്നവർ കരയുന്നു !! യുവതീയുവാക്കളോട് കേഴുന്നു; ‘കുട്ടികളെയുണ്ടാക്കൂ; നാടിനെ രക്ഷിക്കൂ…..’

എന്തുകൊണ്ടാണ് ഈ തിരിച്ചറിവ് ? ‘ഒറ്റക്കുഞ്ഞ് നയം’ രൂപീകരിക്കുമ്പോൾ ചൈനീസ് പൗരന്റെ ശരാശരി പ്രായം 22.4 വയസ്സ്; 2050 ൽ ഇത് 53.4 വയസ്സായിത്തീരുമെന്ന് ഐക്യരാഷ്ട്ര സഭ. ശരാശരി ചൈനക്കാരന് വയസ്സ് കൂടിക്കൊണ്ടിരിക്കുന്നുവെന്നർത്ഥം.

അവിടെ അധ്വാനിക്കാനാവുന്നവരുടെ എണ്ണം കുറയന്നു; വൃദ്ധന്‍മാരുടെ എണ്ണം കൂടുന്നു. 1980ൽ 65 വയസ്സിനുമുകളിലുള്ളവര്‍ 5.2 ശതമാനം; 2050 ൽ അത് 29.3 ശതമാനമാകും. 1980ല്‍ 14 വയസ്സിന് താഴെയുള്ളവർ 35.5 ശതമാനം; 2050 ൽ അത് 9.1 ശതമാനമാകും. 15 വയസ്സിനും 64 വയസ്സിനുമിടയിലുള്ള അധ്വാനിക്കാനാവുന്നവർ 1982ല്‍ നിന്ന് 2011ലെത്തിയപ്പോൾ 62.6 %ത്തില്‍നിന്ന് 34.4 % മായി താഴ്ന്നു. അധ്വാനിക്കുന്നവരെ ആശ്രയിച്ചുനില്‍ക്കുന്ന വൃദ്ധന്‍മാരുടെ അനുപാതം 1980ല്‍ 8.7 ആയിരുന്നു; 2050ല്‍ അത് 47.6 ശതമാനമായിത്തീരും. പകുതിയിലധികവും വൃദ്ധന്‍മാരാകുമ്പോൾ അധ്വാനിക്കാൻ ആളില്ലാതെ ദുരിതത്തിലാകും.

പന്ത്രണ്ട് വൃദ്ധന്‍മാരും രണ്ട് യുവാക്കളും ഒരേയൊരു കുഞ്ഞുമെന്നതാണ് ചൈനീസ് വീടുകളിലെ ഇപ്പോഴത്തെ സ്ഥിതി!; അത് തുടർന്നാൽ നാട് തകരും !ദൈവദത്തമായ ധാർമ്മികത വലിച്ചെറിഞ്ഞപ്പോഴുള്ള ദുരന്തമാണവർ അനുഭവിക്കുന്നത്; അതാണ് നേതൃത്വത്തെ മാറിച്ചിന്തിപ്പിച്ചിരിക്കുന്നത്… കമ്മ്യൂണിസ്റ്റ് സർക്കാർ ‘ഒറ്റക്കുട്ടി നയ’വുമായി നാടിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ യുവതീയുവാക്കൾ കുട്ടികളോ കുടുംബമോ ഇല്ലാതെ സുഖിക്കാൻ തീരുമാനിച്ചു; രാഷ്ട്രമീമാംസ കമ്യൂണിസമായപ്പോൾ വ്യക്തിധാർമ്മികത ലിബറലിസമായി… ഇന്നവിടെ കുടുംബങ്ങൾ കുറവ്; മാതാക്കൾ കുറവ്; പിതാക്കൾ കുറവ്; എന്നാൽ സെക്സ് യഥേഷ്ടം ! എവിടെയും ആർക്കും എങ്ങനെയും സെക്സ് … അതിന്റെ ദുഷ്ടഫലമാണ് ഇന്നവർ അനുഭവിക്കുന്നത്; ദുഷ്ഫലമാണ് അവിടുത്തെ ദുരിതം.

അനുഭവങ്ങളിൽ നിന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു; തകർന്ന കുടുംബസ്ഥാപനത്തെ പുനർനിർമ്മിക്കുക മാത്രമാണ് പരിഹാരമെന്ന്. ചൈനയുടെ അനുഭവത്തിൽ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്. ഇന്ത്യയാണിന്ന് ജനസംഖ്യയിൽ മുന്നിൽ; 142.86 കോടി ഭാരതീയരുണ്ടിന്ന്; ചൈനക്കാരേക്കാൾ 29 ലക്ഷം കൂടുതൽ…

മാനവവിഭവശേഷിയാണ് രാഷ്ട്രത്തിന്റെ യഥാർത്ഥ സമ്പത്ത്; അതിനെ ശരിയായി ആസൂത്രണം ചെയ്താൽ നമുക്ക് ലോകത്തിന്റെ നെറുകയിലെത്താൻ കഴിയും. അതിന്നാവശ്യം ആരോഗ്യമുള്ള പുതുതലമുറയാണ്; ജീവസ്സുറ്റ പുതുതലമുറ ! ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യമുള്ള തലമുറ. സജീവമായ കുടുംബാന്തരീക്ഷത്തിലേ ആരോഗ്യമുള്ള പുതുതലമുറയുണ്ടാവൂ; അതിന്ന്, പാരന്റിംഗ് കൃത്യമാകണം; മാതൃത്വം ശക്തമാകണം; പിതൃത്വം ഉത്തരവാദിത്തമുള്ളതാകണം.

കുടുംബസ്ഥാപനത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെ ലിബറലുകൾ നമ്മുടെ കേമ്പസുകളിലും സജീവമാണ് ! പെൺമേനിയെ കച്ചവടം ചെയ്യുന്നതും ചെയ്യിക്കുന്നതും മുതൽ കുടുംബത്തിൽ നിന്ന് സെക്സിനെ സ്വാതന്ത്രമാക്കുന്നത് വരെയും വിവാഹത്തോട് വിരക്തിയും പുറത്തെ രതിയോട് ആസക്തിയുമുണ്ടക്കുന്നത് വരെയും സ്വവർഗ്ഗാനുരാഗത്തെ വിശുദ്ധവൽക്കരിക്കുന്നത് വരെയും കുടുംബത്തെ തകർത്തും തൊഴിലിന് പിന്നിലോടണമെന്ന് പ്രചോദിപ്പിക്കുന്നത് വരെയുമുള്ള ലിബറലിസത്തിന്റെ വിളയാട്ടങ്ങളെല്ലാം കുടുംബസ്ഥാപനത്തെ തകർക്കുന്നതിനായുള്ളതാണ്. അവർ തകർക്കുന്നത് സമൂഹത്തെ തന്നെയാണെന്ന സത്യം തിരിച്ചറിയാൻ വൈകിയാൽ നമുക്കും പുതിയ തലമുറക്ക് മുന്നിൽ കൈകൂപ്പി നിന്ന് അപേക്ഷിക്കേണ്ടി വന്നേക്കും; ‘നിങ്ങളൊന്ന് കുട്ടികളെയുണ്ടാക്കി സമൂഹത്തെ രക്ഷിക്കൂ’ എന്ന്; അന്ന് ആ കരച്ചിൽ വനരോദനമായിത്തീരുക മാത്രമേയുള്ളൂ. ഇന്നാണ്, ഇപ്പോഴാണ് നാം ലിബറലിസത്തെ ചെറുക്കേണ്ടത്; നാടിനെ രക്ഷിക്കേണ്ടത്.

വാൽക്കഷ്ണം: വിവാഹം കഴിച്ച്, കുട്ടികളെ പ്രസവിച്ച്, അവരെ വളർത്തി, വൃദ്ധരെ പരിപാലിച്ചാണ് ഈ നാട്ടിലെ സ്ത്രീകൾ ഇനി ജീവിക്കേണ്ടത് എന്ന് പറഞ്ഞത് അഫ്ഗാൻ മലനിരകൾക്കിടയിലെ മുല്ലമാരൊന്നുമല്ലാതിരുന്നത് ‘കഷ്ടമായി’പ്പോയി. ആയിരുന്നെങ്കിൽ ഇസ്‌ലാമിനെയും ഖുർആനിനെയും മുഹമ്മദ് നബി(സ)യെയുമെല്ലാം അരച്ചുകലക്കി നമ്മുടെ ചാനലുകളിലിരിക്കുന്നവർ സാംസ്കാരികകേരളത്തിന് വിളമ്പുകയും അത് കുടിച്ച് വിശകലനവിദഗ്ധർ മദോന്മത്തരാവുകയും ചെയ്യുമായിരുന്നു; സോഷ്യൽ മീഡിയയിലെ ‘ഇസ്‌ലാംവിദഗ്ധർ’ക്ക് റീച്ചും ലൈക്കും വ്യൂവേഴ്‌സും സബ്സ്ക്രൈബേഴ്സും ഇരമ്പിക്കയറ്റാൻ അതൊരു അവസരമാകുമായിരുന്നു.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.