ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -12

//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -12
//ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -12
ആനുകാലികം

ലിംഗത്വ യുദ്ധങ്ങൾ: രണഭൂമിയിലൂടെ ഒരു യാത്രാ കുറിപ്പ് -12

വിവാഹവും കുടുംബവും നാസ്തിക വീക്ഷണത്തിൽ – 1

വ്യക്തി വിശുദ്ധിയുടെയും ലിംഗത്വ സുരക്ഷയുടെയും സംസ്കാരസമ്പന്നമായ ജീവിതത്തിന്റെയും അടിത്തറയായ കുടുംബ വ്യവസ്ഥ തന്നെ അടിസ്ഥാനപരമായി നാസ്തിക പ്രത്യയശാസ്ത്രങ്ങൾ അംഗീകരിക്കുന്നില്ല; വിശിഷ്യാ കമ്മ്യൂണിസം. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ സദാചാര ആഭിമുഖ്യം പുലർത്തുന്ന ഒരു സമൂഹത്തിന്റെ ഭാഗമായതിനാൽ കമ്യൂണിസ്റ്റുകാരിലെ ബൂമർ ജനറേഷനുകാരിൽ കണ്ടു വന്നിരുന്ന വിവാഹ – കുടുംബ ജീവിതവും സംസ്കാരവും യഥാർത്ഥത്തിൽ ഒരു ആദർശ വ്യതിയാനത്തിന് തുല്യമായ അപവാദം മാത്രമാണ്. വിവാഹ – കുടുംബ വ്യവസ്ഥിതിയോടുള്ള തനതായ കമ്യൂണിസ്റ്റ് ശത്രുത, തിരിച്ചു പിടിക്കാനുള്ള പ്രയത്‌നത്തിലാണ് ന്യൂജൻ സഖാക്കൾ എന്നതിന് കേരളത്തിലെ കലാലയ ഭിത്തികളിൽ സജീവമായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന അശ്ലീല കലാ വിരുതുകൾ തെളിവാണ്.

വിവാഹം, കുടുംബം എന്നിവയെ സംബന്ധിച്ച സോഷ്യലിസ്റ്റ് വീക്ഷണത്തെ ഏതാനും ചില പോയന്റുകളിൽ ചുരുക്കാം:

* ഒരു സ്ത്രീയെ വിവാഹം ചെയ്ത്‌ ഒതുങ്ങി കഴിയുക എന്നത്‌ മനുഷ്യ പ്രകൃതിക്ക്‌ എതിരാണെന്നും അതിരുകളും നിയന്ത്രണങ്ങളുമില്ലാത്ത സ്ത്രീ-പുരുഷ ബന്ധമാണു വേണ്ടതെന്നും ഈ ബന്ധത്തിൽ ഉണ്ടാകുന്ന സന്താനങ്ങളെ ഭരണകൂടമാണ് വളർത്തേണ്ടത്‌ എന്നും അതുവഴി പരമ്പരാഗത കുടുംബ വ്യവസ്ഥിതിക്ക് അന്ത്യം കുറിക്കപ്പെടുമെന്നും സോഷ്യലിസം സിദ്ധാന്തിക്കുന്നു.

* അവിവാഹിത ബന്ധങ്ങളിലുണ്ടാവുന്ന സന്താനങ്ങളെ ഭരണകൂടം ഏറ്റെടുക്കുന്നത് കൊണ്ട് തന്നെ സ്ത്രീകൾക്ക് ഉത്ക്കണ്ഠയില്ലാതെ ഇഷ്ടപ്പെട്ടവരോടൊപ്പമെല്ലാം രതിയിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം ലഭ്യമാവും എന്നാണ് സോഷ്യലിസം വാദിക്കുന്നത്‌.

* സ്വകാര്യ സ്വത്ത്‌ അനന്തരാവകാശമായി കൈമാറാനുള്ള മനുഷ്യ സ്വാർത്ഥതയുടേയും സ്ത്രീയെ ഒരു സ്വത്തായി അടിമപ്പെടുത്താനുള്ള പുരുഷാധിപത്യത്തിന്റെ പരിണാമവുമായിരുന്നു കുടുംബവും ദാമ്പത്യവും എന്നൊക്കെയാണു കമ്മ്യൂണിസത്തിന്റെ വീക്ഷണം.

* അതിനാൽ ഒരു കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥിതി നിലവിൽ വരുന്നതോട്‌ കൂടി മതം, വിവാഹം, കുടുംബം എന്നിവയില്ലാത്ത അവസ്ഥയിലേക്ക്‌ മനുഷ്യസമൂഹം തിരിച്ചു വരുമെന്ന് സോഷ്യലിസ്റ്റുകൾ പ്രത്യാശിച്ചു.

* കുടുംബ വ്യവസ്ഥിതിയോടും വിവാഹത്തോടുമുള്ള സൈദ്ധാന്തികമായ ശത്രുതക്ക് പുറമെ പ്രായോഗിക തലത്തിലും പ്രസിദ്ധരായ കമ്യൂണിസ്റ്റ് നേതാക്കൾ കുടുംബ- വിവാഹ വിരുദ്ധത വെച്ചു പുലർത്തി. വിവാഹേതര ബന്ധങ്ങൾ, നിരവധി സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങൾ പുലർത്തുന്നവരായിരുന്നു അവർ.

ഈ പറഞ്ഞ പോയന്റുകൾ വിശദവും തെളിവുകൾ സഹിതവും അറിയാൻ താൽപര്യമുള്ളവർക്കായി കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫസറായ റിച്ചാർഡ് വെയ്കാർട്ട് രചിച്ച, Marx, Angels and Abolition of Family (മാർക്സ്, എംഗൽസ്, കുടുംബത്തിന്റെ ഉന്മൂലനം) എന്ന പഠനത്തിൽ നിന്നുള്ള പ്രസക്തമായ ഭാഗങ്ങളാണ് തുടർന്ന് ഉദ്ധരിക്കുന്നത്.
(History of European Ideas, Vol. 18, No. 5, pp. 657-672, 1994.)

*******************************

റിച്ചാർഡ് വെയ്കാർട്ട് എഴുതുന്നു:

മാർക്‌സ് മരിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം എംഗൽസ് ഇപ്രകാരം എഴുതി: “എല്ലാ മഹത്തായ വിപ്ലവ പ്രസ്ഥാനങ്ങളുടെയും അനന്തരഫലമായി, ‘സ്വാതന്ത്ര രതി’ എന്ന ചോദ്യം മുന്നിലേക്ക് വരുന്നു എന്നത് ഒരു പ്രത്യേക വസ്തുതയാണ്.”
(Friedrich Engels, ‘Das Buch der Offenbarung’, in Marx-Engels Werke (Berlin, 1959; henceforth MEW), XXI, p. 10.)

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യം മുതൽ അവസാനം വരെ, പല സോഷ്യലിസ്റ്റുകളും കുടുംബ സ്ഥാപനത്തെ നിരാകരിക്കാനുള്ള പ്രവണത പങ്കിട്ടുവെന്ന് അനുഭാവികൾക്കും എതിരാളികൾക്കും ഒരുപോലെ വ്യക്തമായ ഒരു വസ്തുതയാണ്. കുടുംബ വ്യവസ്ഥിതിക്ക് എതിരായി ‘സ്വതന്ത്ര പ്രണയ’ത്തെ (Free love) അനുകൂലിക്കുന്നവരായിരുന്നു എക്കാലത്തും സോഷ്യലിസ്റ്റുകൾ; പ്രായോഗിക തലത്തിൽ അല്ലെങ്കിൽ, ആദർശമായെങ്കിലും.

പ്രഷ്യൻ, ജർമ്മൻ റീച്ച് സർക്കാരുകൾ, കുടുംബ വ്യവസ്ഥിതിക്കെതിരായ സോഷ്യലിസ്റ്റ് ഭീഷണിയെ, 1849, 1874, 1876, 1894 എന്നീ വർഷങ്ങളിൽ നിയമനിർമ്മാണം നടത്തിമൂടിക്കെട്ടാൻ ശ്രമിച്ചു, കുടുംബ വ്യവസ്ഥിതിക്ക് നേരെയുള്ള ആക്രമണങ്ങൾ നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ചു.
(The Period of Consolidation, 1871-1880 (Princetone, 1990), pp. 333, 395.)

ഉട്ടോപ്യൻ സോഷ്യലിസ്റ്റുകളായ ചാൾസ് ഫോറിയറും (Charles Fourier) റോബർട്ട് ഓവനും (Robert Owen) പരമ്പരാഗത കുടുംബ ബന്ധങ്ങളെ നിരാകരിക്കുന്നതിൽ മാർക്‌സിനും (Marx) ഏംഗൽസിനും (Engels) ഒരു പടി മുമ്പിലായിരുന്നു, പത്തൊൻപതാം നൂറ്റാണ്ടിലെ ഇടതുപക്ഷക്കാരിൽ പലരും അവരുടെ ആദർശം തന്നെ പിന്തുടർന്നു.

ഏറ്റവും പ്രശസ്തനായ ജർമ്മൻ സോഷ്യലിസ്റ്റ് നേതാവ്, ഓഗസ്റ്റ് ബെബെൽ, ഫോറിയറുടെ ആശയങ്ങളുടെ സ്വാധീനത്തിൽ – കുടുംബ വ്യവസ്ഥിതിക്ക് എതിരായി – Die Frau und der Sozialismus എന്ന തന്റെ പ്രസിദ്ധമായ പുസ്തകം എഴുതി.

മാർക്സും എംഗൽസും കുടുംബവിരുദ്ധ പ്രവണതയുടെ സ്രോതസ്സായിരുന്നില്ലെങ്കിലും അവർ -പ്രത്യേകിച്ച് ഏംഗൽസ്- സോഷ്യലിസ്റ്റുകൾക്കിടയിൽ, കുടുംബവിരുദ്ധ പ്രവണത വളർത്തുന്നതിന് നിസ്തുലമായ സംഭാവന നൽകി.

ഒരു പ്രഷ്യൻ ഏജന്റ് മാർക്‌സിന്റെ ഭാര്യാസഹോദരനായ പ്രഷ്യൻ അഭ്യന്തര മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ, മാർക്സിന്റെ സന്തത സഹചാരികളായ ലണ്ടനിലെ ജർമ്മൻ കമ്മ്യൂണിസ്റ്റുകൾ, “രാജ്യത്തിനും കുടുംബ വ്യവസ്ഥിതിക്കും സാമൂഹിക വ്യവസ്ഥിതിക്കും അസാധാരണമാംവിധം അപകടകരമാണ്” എന്ന് പ്രസ്‌താവിക്കുന്നുണ്ട് . (H.F. Peters, Red Jenny: A Life with Karl Marx (London, 1986), p. 99.)

മാർക്‌സിന്റെ മരണത്തിന് തൊട്ടുപിന്നാലെ എംഗൽസ് സ്വതന്ത്ര രതി എന്ന വിഷയം മുൻനിരയിലേക്ക് തള്ളി കൊണ്ട് വന്നു.
The Origin of the Family, Private Property, and the State (1884) (കുടുംബം, സ്വകാര്യ സ്വത്ത്, സ്റ്റേറ്റ് എന്നിവയുടെ ഉത്ഭവം) എന്ന കൃതി അദ്ദേഹം പ്രസിദ്ധീകരിച്ചു. ഈ കൃതി
എംഗൽസിന്റെ അഭിപ്രായത്തിൽ, മാർക്‌സിന്റെ കാഴ്ചപ്പാടുകൾ ഉള്ളടങ്ങിയ, മാർക്‌സ് ആഗ്രഹിച്ച കൃതിയാണ്.

1895-ൽ, ജർമ്മനിയിലെ സോഷ്യലിസ്റ്റ് വനിതാ പ്രസ്ഥാനത്തിന്റെ നേതാവ് ക്ലാര സെറ്റ്കിൻ, ഈ കൃതിയെ ‘മുഴുവൻ സ്ത്രീ സമൂഹത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടത്തിൽ ഏറ്റവും അടിസ്ഥാനപരമായ പ്രാധാന്യമുള്ളത്’ എന്ന് പ്രശംസിച്ചു.
(Clara Zetkin, Die Gleichheit (17-21 August 1895), in Ihre Namen Leben durch die Jahrhunderte fort: Kondolenzen und Nekrologe zum Tode von Karl Mcrx und Friedrich
Engels (Berlin, 1983), pp. 340-341.)

പ്രശംസയ്ക്ക് തുല്യമായ വിമർശനവും കൃതിക്ക് ലഭിച്ചിട്ടുണ്ട് എങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എംഗൽസിന്റെ ഈ കൃതി വമ്പൻ സ്വാധീനം ചെലുത്തി എന്ന് മാത്രമല്ല, സമകാലിക സോഷ്യലിസ്റ്റുകൾക്കും ഫെമിനിസ്റ്റുകൾക്കും ഇടയിൽ ഒരു നവോത്ഥാന സ്ഥാനം ആസ്വദിച്ചു. മാർക്‌സിന്റെയും എംഗൽസിന്റെയും സമകാലികരുടെ മനസ്സിൽ സോഷ്യലിസം ഭരണകൂടത്തിന് മാത്രമല്ല, കുടുംബ വ്യവസ്ഥക്കും കൂടി ഭീഷണിയാണെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു.

കുടുംബ വ്യവസ്ഥിതിയെക്കുറിച്ചുള്ള മാർക്‌സിന്റെയും എംഗൽസിന്റെയും വിമർശനം മൂന്ന് പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ്:
(1) സമകാലിക ബൂർഷ്വാ കുടുംബ വ്യവസ്ഥിതിയുടെ കാപട്യത്തിന്റെയും മനുഷ്യത്വമില്ലായ്മയുടെയും ചിത്രീകരണം
(2) കുടുംബ വ്യവസ്ഥിതിയുടെ ചരിത്രവൽക്കരണം, അതായത് ഭൂതകാലത്തിൽ കുടുംബത്തിന്റെ ഉത്ഭവത്തിന്റെയും വികാസത്തിന്റെയും ചരിത്രപരമായ വിവരണം.
(3) കമ്മ്യൂണിസ്റ്റ് സമൂഹത്തിലെ ഭാവി “കുടുംബത്തെ” കുറിച്ചുള്ള ഒരു ദർശനം.

കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ കുടുംബ വ്യവസ്ഥിതിയുടെ ഒരു ഉയർന്ന രൂപത്തെക്കുറിച്ച് അനുകൂലമായി മാർക്‌സ് ഒരിക്കൽ സംസാരിച്ചിരുന്നെങ്കിലും അദ്ദേഹവും എംഗൽസും സാധാരണയായി കുടുംബ വ്യവസ്ഥിതിയുടെ നിരോധം, പിരിച്ചുവിടൽ, ഉന്മൂലനം എന്നിവയെക്കുറിച്ചാണ് കൂടുതലും എഴുതിയിരുന്നത്. കമ്മ്യൂണിസ്റ്റ് സമൂഹത്തിനായി അവർ വിഭാവനം ചെയ്ത ബന്ധങ്ങൾക്ക് കുടുംബവുമായി സാമ്യം തീരെ ഇല്ലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിൽ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും നിലവിലുണ്ടായിരുന്ന കുടുംബ വ്യവസ്ഥയോട് അതിനെ യാതൊരു വിധത്തിലും താരതമ്യപ്പെടുത്താൻ സാധിക്കില്ലായിരുന്നു. അതിനാൽ തന്നെ തീർച്ചയായും കുടുംബ വ്യവസ്ഥിതിയുടെ ഉന്മൂലനം എന്ന നിലപാടാണ് അവർ സ്വീകരിച്ചത് എന്ന് ഉറപ്പിച്ച് പറയാൻ കഴിയും. കുടുംബം എന്ന പദം ഏതാണ്ട് അനന്തമായ ഇലാസ്റ്റിസിറ്റി ഉള്ളതാക്കി എന്നത് കുടുംബ വ്യവസ്ഥയുടെ ഒരു പരിഷ്കരണം മാത്രമായിരുന്നു അവർ ഉദ്ദേശിച്ചത് എന്ന് പറയാൻ ഉപോൽബലകമായ തെളിവല്ല; അത് നേർവിപരീതമായ കാര്യമാണ്.

കുടുംബ വ്യവസ്ഥിതിയെ ഉന്മൂലനം ചെയ്യുക എന്ന ആശയത്തിലേക്കുള്ള മാർക്‌സിന്റെ ആദ്യത്തെ സുപ്രധാന സ്വാധീനം, 1843-1844-ൽ അദ്ദേഹം പാരീസിൽ താമസിച്ചിരുന്ന സമയത്താണ്. അവിടെ വെച്ചാണ് അദ്ദേഹം ആദ്യമായി ഈ ആശയം ഉൾക്കൊണ്ടത്. ഫ്രഞ്ച് തലസ്ഥാനത്ത് ഒത്തുകൂടിയ റാഡിക്കലുകലുകളും നിരവധി സോഷ്യലിസ്റ്റുകളുമായും കമ്മ്യൂണിസ്റ്റ് ആശയ സംബന്ധമായ ദീർഘമായ ചർച്ചകൾ അദ്ദേഹം നടത്തിയതിന് പിന്നാലെയാണിത്.

1830 കളിലും 1840 കളിലും ഫ്രാൻസിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ, ചാൾസ് ഫോറിയറുടെ ആശയങ്ങൾ പ്രധാന പങ്ക് വഹിച്ചു. കുടുംബ വ്യവസ്ഥിതിക്ക് എതിരായുള്ള ആശയങ്ങൾ 1841-ൽ പ്രസിദ്ധീകരിച്ച Oeuvres Complete ന്റെ ആദ്യ വാല്യത്തിൽ പ്രചരിപ്പിക്കപ്പെട്ടു.

കൂടുതൽ ലൈംഗികാഭിനിവേശങ്ങളും ലൈംഗികാസക്തികളും അനുവദിക്കുന്ന ഒരു സംവിധാനം നിർമ്മിച്ചു കൊണ്ട് ഏക ഇണ / ഏക പത്നി സമ്പ്രദായം മാറ്റിസ്ഥാപിക്കണമെന്ന് ഫോറിയർ വാദിച്ചു. കാരണം ഏകഭാര്യത്വം മനുഷ്യപ്രകൃതിക്ക് വിരുദ്ധമായ ഒരു സ്ഥാപനമാണെന്ന് അദ്ദേഹം വിശ്വസിച്ചു, അതിനാൽ തന്നെ അത് മനുഷ്യന്റെ സന്തോഷത്തിന് തടസ്സമാണ് എന്നും. പിതാക്കന്മാരില്ലാതെ ജനിക്കുന്ന കുട്ടികളെ കുടുംബപരമായി വളർത്താതെ രാഷ്ട്രം സാമുദായികമായി വളർത്തുവാൻ അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെ വരുമ്പോൾ സമൂഹം ഒന്നായിരിക്കും, രാജ്യം വിശാലവും ഐക്യവുമുള്ള കുടുംബമായിരിക്കും. കുടുംബപരമായ
കിടമത്സരവും കലഹവും സമൂഹത്തെ യൂണിറ്റുകളായി വിഘടിപ്പിക്കില്ല.
( Charles Fourier, Theorie des quatre mouvements et des destinees generates, in Oeuvres
Completes (Paris, 1846; rprt. Paris, 1966), I, pp. 57-143 passim, esp. 73, 78, 89, 110-117, 125, 143; Jonathan Beecher, Charles Fourier: The Visionary and His World
(Berkeley, 1986), Chapters 13, \5passim; Philip Abbott, The Family on Trial: Special Relationships in Modern Political Thought (University Park, PA, 1981), pp. 66, 70.)

കുടുംബ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട മാർക്‌സിന്റെയും എംഗൽസിന്റെയും നിലപാട് അവരുടെ മുൻഗാമികളുടെ നാച്ചുറലിസത്തിൽ നിന്നുള്ള നിർണ്ണായകമായ നീക്കമായിരുന്നു.
അവർ നിലനിർത്തിയ നാച്ചുറലിസത്തിന്റെ വശങ്ങൾ ഒരു തരത്തിലും അവരുടെ റാഡിക്കലിസത്തെ മങ്ങിച്ചില്ല. പ്രകൃതിക്ക് കീഴടങ്ങുന്നതിനുപകരം, മനുഷ്യർ സ്വതന്ത്ര ലൈംഗികതയിലൂടെ ജന്മം കൊള്ളുന്ന ഒരു കമ്മ്യൂണിസ്റ്റ് സമൂഹം ബോധപൂർവം രൂപപ്പെടുത്തപ്പെടും എന്ന പ്രതീക്ഷയാണ് അവർ മുന്നോട്ടു വച്ചത്.
(Marx, ‘Okonomisch-philosophische Manuskripte’, in MEGA, 1/2, pp. 390, 395-396; Engels, ‘Anti-Diihring’, in MEGA, 1/27, pp. 312-313, 446, 534.)

കമ്യൂണിസ്റ്റ് സമൂഹത്തിൽ ജനങ്ങൾ ഇനി പ്രകൃതിക്ക് വിധേയരാകില്ല. മനുഷ്യർക്ക് അവരുടെ കുട്ടികളോട് പ്രകൃതിപരമായി തന്നെ ബന്ധമുണ്ടെങ്കിൽ പോലും, കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ ഇതിനായി ഒരു വ്യവസ്ഥയും ഉണ്ടാക്കപ്പെടില്ല. ബന്ധങ്ങളിലും ലൈംഗികതയിലും ഒരു നിർബന്ധവും നിബന്ധനയും ഇടപെടാത്ത ഒരു സമൂഹത്തെയാണ് ഏംഗൽസ് വിഭാവനം ചെയ്തത്. അങ്ങനെ, സൈദ്ധാന്തികമായി, പരസ്പര സമ്മതത്തോടെയുള്ള, വ്യക്തികൾ തമ്മിലുള്ള ഏത് ലൈംഗിക ബന്ധവും സാധ്യമാകും. ആജീവനാന്ത ദാമ്പത്യത്തിന്റെ സുരക്ഷിതത്വം സാധ്യമല്ലാത്ത അവസ്ഥ സംജാതമാകും. അത്തരം ഒരു ലൈംഗിക ബന്ധം മാത്രം തിരഞ്ഞെടുക്കാനാവില്ല. കാരണം ആജീവനാന്ത ദാമ്പത്യം കുടുംബത്തിലേക്കും സ്വസന്താനത്തിലേക്കും തുടർന്ന് സ്വകാര്യ സ്വത്തിന്റെ സമ്പാദനത്തിലേക്കും സംക്രമണത്തിലേക്കും നയിക്കുന്നതാണ് കാരണം.

ഫോറിയറുടെ പല ആശയങ്ങളാലും മാർക്‌സിന് കാര്യമായ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, കുടുംബ വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാർക്സ്, ഫോറിയറുടെ സ്വാധീനത്തിൽ തന്നെയായിരുന്നു. ഫോറിയറുടെ ആശയങ്ങൾ കുടുംബ വ്യവസ്ഥിതി ഉൾപെടെ നിലവിലുള്ള സ്ഥാപനങ്ങളെ വിമർശിക്കാൻ അദ്ദേഹത്തിന് വെടിമരുന്ന് നൽകി.

ഫോറിയറുടെ ആശയങ്ങൾ Capital എഴുതിയതിന് ശേഷവും മാർക്‌സിനൊപ്പം അവശേഷിച്ചു, കാരണം സമൂഹത്തിലെ സ്ത്രീകളുടെ സ്ഥാനത്തെ കുറിച്ച് 1868-ൽ എഴുതിയ ഒരു കത്തിൽ, തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അദ്ദേഹം ഫോറിയറുടെ തത്ത്വങ്ങളെ സംബന്ധിച്ച് പരാമർശിക്കുന്നുണ്ട്.
(Marx to Ludwig Kugelmann (12 December 1868), in MEW, XXXII, p. 583; MEGA, I/29a, p. 703.)

ഫ്രഞ്ച്, ഇംഗ്ലീഷ് സോഷ്യലിസ്റ്റുകൾ കുടുംബ വ്യവസ്ഥിതിയെ പിരിച്ചുവിടാൻ സമ്മർദ്ദം ചെലുത്തുന്നതായി The German Ideology ലെ മറ്റൊരു ഭാഗത്ത് മാർക്സും ഏംഗൽസും ഉറപ്പിച്ചു പറയുന്നുണ്ട്.
(Marx and Engels, ‘Deutsche Ideologic’, in MEW, III, p. 164-165.)

ഒരു സ്ഥാപനമെന്ന നിലയിൽ കുടുംബത്തോട് റോബർട്ട് ഓവന്റെ പുച്ഛത്തെ കുറിച്ചുള്ള മാർക്സിന്റെയും ഏംഗൽസിന്റെയും ചില അറിവുകളെ ഇത് സൂചിപ്പിക്കുന്നു. കാരണം, ഇംഗ്ലീഷിൽ കുടുംബ വ്യവസ്ഥയെ ആക്രമിച്ച സോഷ്യലിസ്റ്റുകളിൽ മുൻനിരക്കാരനായിരുന്നു റോബർട്ട് ഓവൻ.
(On Owen’s view of the family, see excerpts from Owen’s Marriages of the Priesthood of the Old Immoral Worldin A.L. Morton, The Life and Ideas of Robert Owen (New York,
1963), pp. 161-168; and J.F.C. Harrison, Quest for the New Moral World: Robert
Owen and the Owenites in Britain and America (New York, 1969), pp. 59-62.)

കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള എംഗൽസിന്റെ ധാരണയിൽ ഫോറിയറും ഓവനും ശക്തമായി സ്വാധീനിച്ചിരുന്നു എന്നതിൽ സംശയമില്ല.
(Vogel, Marxism and the Oppression of Women, p. 42.)

ഏംഗൽസിന്റെ ഏറ്റവും സ്വാധീനമുള്ള കൃതിയായ Anti-Duhring ൽ, കുടുംബ വ്യവസ്ഥിതിയെ സംബന്ധിച്ച ഫോറിയർ, ഓവൻ എന്നീ സോഷ്യലിസ്റ്റുകളുടെ വീക്ഷണങ്ങളെ ഏംഗൽസ് ശക്തമായി പ്രശംസിച്ചു. വിവാഹത്തെക്കുറിച്ചുള്ള ഓവന്റെ രചനകൾ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടികളായി ഏംഗൽസ് കണക്കാക്കി. ഫോറിയറെ കുറിച്ച് അദ്ദേഹം ഇപ്രകാരം എഴുതി, “ബൂർഷ്വാ ലൈംഗിക ബന്ധങ്ങളുടെ രൂപവും ബൂർഷ്വാ സമൂഹത്തിലെ സ്ത്രീയുടെ സ്ഥാനവും വിമർശനവിധേയമാക്കിയുള്ള അദ്ദേഹത്തിന്റെ രചന അതിലും മികച്ചതാണ് “.
(Engels, ‘Anti-Duhring’, in MEGA, 1/27, pp. 432^33, 429)

പല കാര്യങ്ങളിലും മോർഗനെ, ഫോറിയർ ഉജ്ജ്വലമായി മുൻകടന്നതായി, 1884-ൽ The Origin of the Family യുടെ രചനയിൽ മുഴുകിയ സന്ദർഭത്തിൽ, അദ്ദേഹം കാൾ കൗട്‌സ്‌കിക്ക് എഴുതി.
(Engels to Karl Kautsky (26 April 1884), in MEW, XXXVI, p. 143.)

യഥാർത്ഥത്തിൽ ഫോറിയറുടെയും മോർഗന്റെയും സ്വന്തം ആശയങ്ങളുടെയും ഒരു താരതമ്യമായാണ് ഏംഗൽസ് തന്റെ പുസ്തകം രചിക്കാർ ഉദ്ദേശിച്ചിരുന്നത്, എന്നാൽ സമയ പരിമിതി ഇത് വിലക്കി.
(Engels, Der Ursprung der Familie, des Privateigentums unddes Stoats, in MEGA, 1/29, p. 113n.)

ആദ്യകാലങ്ങളിൽ മാർക്‌സിന്റെ ബൗദ്ധിക വികാസത്തിലെ മറ്റൊരു പ്രധാന ഘടകം,
1840-കളിൽ ഹെഗലിനെക്കുറിച്ചുള്ള ഫ്യൂർബാക്കിന്റെ പരിവർത്തനാത്മക വിമർശനം മാർക്സ് സ്വീകരിച്ചു എന്നതാണ്. ദൈവം കേവലം ആദർശ മനുഷ്യന്റെ ഹൈപ്പോസ്റ്റാറ്റൈസേഷൻ മാത്രമാണെന്ന് ഫ്യൂർബാക്ക് (Feuerbach) വാദിച്ചു. അങ്ങനെ വരുമ്പോൾ ദൈവശാസ്ത്രം നരവംശ ശാസ്ത്രത്തിലേക്ക് ചുരുക്കാം. മനുഷ്യന്റെ അന്യവൽക്കരണത്തിന്റെ അനന്തരഫലമായി, മനുഷ്യർ സ്വന്തം രൂപത്തിൽ ദൈവത്തെ സൃഷ്ടിച്ചുവെന്ന് അദ്ദേഹം വിശ്വസിച്ചു.

ഫ്യൂർബാക്കിന്റെ വിശകലനം എടുത്ത് മാർക്‌സ് ഒരു വലിയ കുതിച്ചുചാട്ടം തന്നെ നടത്തി, ഫ്യൂർബാക്കിന്റെ വിശകലനം കുടുംബം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ മാർക്‌സ് പ്രയോഗിച്ചു. ശക്തമായ വ്യക്തിത്വവും അസ്തിത്വവും സ്ഥാപനങ്ങളാകുന്ന ആശയങ്ങളെ മറികടക്കുമ്പോൾ ഈ ആശയങ്ങൾ പവിത്രമല്ല, മറിച്ച് മനുഷ്യരിലെ അന്യവൽക്കരണത്തിന്റെ പ്രതിഫലനം മാത്രമാണ് എന്നും, പ്രാഥമികമായി സാമ്പത്തികമായ അന്യവൽക്കരണമാണ് അതിന്റെ ഉത്ഭവം എന്നും മാർക്‌സ് വാദിച്ചു.

‘Theses on Feuerbach’ എന്ന പുസ്തകത്തിൽ കുടുംബ വ്യവസ്ഥയുടെ ഭാവി എന്താണെന്ന് മാർക്‌സ് വ്യക്തമാക്കുന്നുണ്ട്; അന്യവൽക്കരണത്തെ മറികടന്നാൽ കുടുംബം സ്വമേധയാ ഇല്ലാതാവും: ‘അതിനാൽ ഭൗമിക കുടുംബത്തിന്റെ അടിത്തറയായി വിശുദ്ധ കുടുംബത്തെ കണ്ടെത്തിയാൽ, ആദ്യത്തേത് ഇല്ലാതാവുമ്പോൾ രണ്ടാമത്തേത് സൈദ്ധാന്തികമായും പ്രായോഗികമായും താനെ നശിപ്പിക്കപ്പെടും.’
(Marx, ‘Theses on Feuerbach’, in MEW, III, p. 6.)

പരോക്ഷമാണെങ്കിലും, കുടുംബത്തെക്കുറിച്ചുള്ള മാർക്‌സിന്റെ കാഴ്ചപ്പാട് രൂപീകരിക്കുന്നതിൽ ഫ്യൂർബാക്കിന്റെ സംഭാവന നിർണായകമായിരുന്നു. 1843-1844-ൽ കമ്മ്യൂണിസ്റ്റ് നിലപാട് രൂപീകരിച്ചതിനുശേഷം, മാർക്സും എംഗൽസും കുടുംബ വ്യവസ്ഥിതിയുടെ സമകാലിക അവസ്ഥയ്ക്ക് നേരെയുള്ള ആക്രമണത്തിൽ തളരാതെ ഏർപ്പെട്ടു. ഏംഗൽസ് ഈ യുദ്ധത്തിൽ തന്റെ സഹപ്രവർത്തകനേക്കാൾ കൂടുതൽ തീക്ഷ്ണത പുലർത്തിയിരുന്നു; ആദ്യമായി പീരങ്കി ഉതിർത്തതും അദ്ദേഹം തന്നെ. ഏംഗൽസിന്റെ ഈ തീക്ഷ്‌ണ വാദങ്ങൾ 1844-ൽ Deutsch-franzosische Jahrbucher-ൽ മാർക്സ് പ്രസിദ്ധീകരിച്ച ലേഖനത്തിലും, കൂടുതൽ കാര്യമായി
The Condition of the Working Class in England (ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തിന്റെ അവസ്ഥ) (1845) എന്ന ഗ്രന്ഥത്തിലും ഇത് പ്രകാശിതമായി. കുടുംബ സമ്പ്രദായത്തെ ഉന്മൂലനം ചെയ്യുന്നതിൽ -പ്രത്യേകിച്ച് ബാലവേലയുടെ ആവശ്യകതയിലൂടെ- ഫാക്ടറി സമ്പ്രദായം ഇതിനകം തന്നെ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് എംഗൽസ് അവകാശപ്പെട്ടു.
(Engels, ‘Umrisse zu einer Kritik der Nationalokonomie’, in MEW, I, p. 505.)

അദ്ദേഹത്തിന്റെ പുസ്തകം ഈ തീം വിപുലീകരിച്ചു. തൊഴിലാളിവർഗ കുടുംബങ്ങളെ ഫാക്‌ടറി സംവിധാനം വരുത്തിയ അധഃപതനത്തിന്റെയും അധാർമികതയുടെയും ആഴം കാണിക്കുന്നതിന് വേണ്ടി തൊഴിലാളി വർഗ കുടുംബങ്ങളുടെ അനുഭവങ്ങളുടെ ഉഗ്രമായ ഉദാഹരണങ്ങൾ അദ്ദേഹം പുസ്തകത്തിൽ നൽകുകയും ചെയ്തു.
(Engels, ‘Die Lage der arbeitenden Klasse in England’, in MEW, II, pp. 337-338, 356, 367-371.)

“കുടുംബ”ത്തിന്റെ ചരിത്രപരമായ മൂന്ന് വശങ്ങളെ വിശദീകരിച്ചുകൊണ്ട് കുടുംബ വ്യവസ്ഥക്ക് ആത്യന്തികമായ ഒരു രൂപമോ മാതൃകയൊ ഇല്ലെന്ന് മാർക്സും ഏംഗൽസും വാദിച്ചു. ആദ്യം, അവർ കുടുംബത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു സിദ്ധാന്തം രൂപീകരിച്ചു. രണ്ടാമതായി,
ഓരോ ചരിത്ര ഘട്ടത്തിലും കുടുംബ വ്യവസ്ഥിതി വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമാണ് വികസിച്ചു വന്നത് എന്ന് അവർ വാദിച്ചു; ബൂർഷ്വാ മാതൃക അതിന്റെ ഏറ്റവും പുതിയ രൂപത്തിലുള്ള ക്ഷണികമായ പ്രകടനം മാത്രമാണ്. അവസാനമായി, കുടുംബ വ്യവസ്ഥയുടെ പരിവർത്തനങ്ങൾ പ്രാഥമികമായി സാമ്പത്തിക ലക്ഷ്യങ്ങളാൽ പ്രചോദിപ്പിക്കപ്പെട്ടതാണെന്ന് അവർ ശഠിച്ചു.

ലൂയിസ് ഹെൻറി മോർഗന്റെ Ancient Society യുടെ വായനക്കു ശേഷം, മാർക്സും ഏംഗൽസും അദ്ദേഹത്തിന്റെ വീക്ഷണം അംഗീകരിച്ചു, മനുഷ്യചരിത്രത്തിന്റെ ആദ്യകാലഘട്ടത്തിൽ കുടുംബങ്ങളില്ലാത്ത ലൈംഗിക ക്രമരാഹിത്യത്തിന്റെ ഒരു കാലഘട്ടം നിലനിന്നിരുന്നു.
(The Ethnological Notebooks of Karl Marx, ed. Lawrence Krader (Assen, 1972), pp. 63, 102.)

ഈ കണ്ടുപിടിത്തത്തെ ബച്ചോഫെനിലേക്ക് (Bachofen), ഏംഗൽസ് ചേർത്തു; കുടുംബ ചരിത്രത്തെ സംബന്ധിച്ച് സമാനമായ അഭിപ്രായം ഫോറിയർ നേരത്തെ വ്യക്തമാക്കിയിരുന്നു എങ്കിലും. ഈ വീക്ഷണമനുസരിച്ച്, മനുഷ്യരാശിയുടെ പ്രാഥമിക സമൂഹത്തിൽ ഓരോ പുരുഷനും എല്ലാ സ്ത്രീകളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു, തിരിച്ചും എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക വിലക്കുകളോ നിഷിദ്ധങ്ങളോ ഇല്ല, അഗമ്യഗമനം പോലും അസ്വീകാര്യമായിരുന്നില്ല. പലരും തെറ്റിദ്ധരിച്ചത് പോലെ ഇത് ഒരു സ്ത്രീ കേന്ദ്രീകൃതമായ സമൂഹമായിരുന്നില്ല, സ്ത്രീകൾ ആ സമൂഹത്തിൽ സ്വതന്ത്രരായിരുന്നു, പുരുഷന്മാർക്ക് സമാനമായ അവകാശങ്ങളും വിശേഷാധികാരങ്ങളും സ്ത്രീകൾക്കും ഉണ്ടായിരുന്നു.
(Engels, Ursprung der Familie, in MEGA, 1/29, pp. 22,23n., 135; Engels to Karl Katsky (2 March 1883), in MEW, XXXV, p. 448.)

ഈ സമൂഹങ്ങൾ മാതൃ വംശീയമായതിനാൽ, സ്ത്രീകൾക്ക് ഉയർന്ന ബഹുമാനവും പുരുഷന്മാരുമായി തുല്യ പദവിയും ഉണ്ടായിരുന്നു. ഈ ലൈംഗിക സമൂഹം മൃഗലോകത്ത് നിന്ന് പാരമ്പരാഗതമായി മനുഷ്യർക്ക് ലഭിച്ച ഒരു സ്വാഭാവിക അവസ്ഥയാണെന്ന് എംഗൽസ് ഒരിക്കൽ വാദിച്ചു.
(Engels to Karl Kautsky (2 March 1883), in MEW, XXXV, p. 447.)

ഈ ലൈംഗിക സമൂഹം ഒരു വലിയ സാമൂഹിക സംഘമായുള്ള മനുഷ്യരാശിയുടെ വികസനത്തിന്റെ മുൻവ്യവസ്ഥയായിരുന്നു എന്നും, ഈ ലൈംഗിക വ്യവസ്ഥ, മൃഗങ്ങളിൽ നിന്ന് മനുഷ്യരുടെ പരിണാമത്തിന് സഹായകമായി എന്നും അദ്ദേഹം അവകാശപ്പെട്ടു.
(Engels,’Ursprung der Familie’ (4th edition,1891),in MEGA, 1/29, p.155.)

ഇതുപോലുള്ള സ്വാഭാവികമായ വിശദീകരണത്തിലൂടെ, കുടുംബമല്ല, കുടുംബത്തിന്റെ അഭാവമാണ് മാനവികതയുടെ യഥാർത്ഥവും സ്വാഭാവികവുമായ അവസ്ഥ എന്ന നിലപാടിലേക്ക് മാർക്സും എംഗൽസും മാറി. കുടുംബത്തിന്റെ ഏതൊരു സമ്പൂർണ്ണ വൽക്കരണത്തെയും കുടുംബ വ്യവസ്ഥ ആത്യന്തികമാണ് എന്ന് വാദിക്കുന്നതിനെയും വിഡ്ഢിത്തമായി Das Capital ൽ, മാർക്‌സ് പ്രസ്ഥാവിച്ചു, കാരണം കുടുംബ വ്യവസ്ഥിതി ചരിത്ര ഘട്ടങ്ങളിൽ വികസിച്ചു കൊണ്ടിരിക്കുന്നതാണ്.
(Marx, ‘Kapital’, in MEGA, 11/5, p. 402.)

മാർക്സിന്റെയും എംഗൽസിന്റെയും അഭിപ്രായത്തിൽ, മനുഷ്യരാശിയുടെ ആദ്യകാല ചരിത്രത്തിൽ കുടുംബം ദുഷിച്ചതും സുപ്രധാനവുമായ പങ്ക് വഹിച്ചു. സ്വകാര്യ സ്വത്തും തൊഴിൽ വിഭജനവും ആദ്യമായി വികസിപ്പിക്കപ്പെട്ടത് കുടുംബ വ്യവസ്ഥിതിയിൽ നിന്ന് തന്നെയായിരുന്നു എന്ന് അവർ പറഞ്ഞു. തൊഴിൽ വിഭജനം ലൈംഗിക അടിസ്ഥാനത്തിൽ ഉൽഭവിച്ചതായിരുന്നു, പിന്നീട് മറ്റ് തൊഴിൽ വിഭജനങ്ങൾ ലിംഗത്തിന്റെയും പ്രായത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിക്കപ്പെട്ടു, കുടുംബ വ്യവസ്ഥക്കുള്ളിലെ പ്രകൃതിപരമോ മനശാസ്ത്രപരമോ ആയ തൊഴിൽ വിഭജനം എന്ന് ഇതിനെ മാർക്സും എംഗൽസും വിളിക്കുന്നു. സ്വകാര്യ സ്വത്തും ആദ്യം ഉയർന്നുവന്നത് കുടുംബ സംവിധാനത്തിനുള്ളിലാണ്; സ്ത്രീകളും കുട്ടികളും പുരുഷന്മാരുടെ അടിമകളായതിനാൽ തന്നെ. അതിനാൽ, അവരുടെ ആദ്യകാല രചനകളിൽ അവർ കുടുംബത്തെ പ്രകൃതിപരമായ വ്യവസ്ഥയായി കണക്കാക്കിയെങ്കിലും, ഇത് ഒരു അഭിനന്ദനമോ രാജിയുടെ കാരണമോ ആയിരുന്നില്ല. സ്വകാര്യ സ്വത്തിന്റെയും തൊഴിൽ വിഭജനത്തിന്റെയും ഉറവിടം കുടുംബമായിരുന്നത് കൊണ്ട് തന്നെ അതിനെ മാർക്ക്സും ഏംഗൽസും അന്യവൽക്കരണത്തിനും ചൂഷണത്തിനും തുല്യമാക്കി.
(Marx and Engels, Deutsche Ideologic, in MEW., Ill, pp. 22, 31-32; Marx, ‘Kapital’, in MEGA, 11/5, p.286.)

മോർഗന്റെ കൃതികളെ അടിസ്ഥാനമാക്കി, കുടുംബത്തിന്റെ ചരിത്ര ഘട്ടങ്ങളെ സംബന്ധിച്ച് ഏംഗൽസ് കൂടുതൽ വിശദമായ വിവരണം നൽകി. മോർഗൻ, കുടുംബത്തെ അഞ്ച് രൂപങ്ങളായി തിരിക്കുകയും അവയെ ഒരു ഏകീകൃത പരിണാമ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു:

(1) രക്തബന്ധമുള്ള കുടുംബം അല്ലെങ്കിൽ സാമൂഹിക വിവാഹം. അതിൽ ഓരോ തലമുറയിലെയും എല്ലാ പുരുഷന്മാരും സ്ത്രീകളും രക്തബന്ധമുള്ളവരായിരിക്കും. രക്തബന്ധമുള്ള കുടുംബത്തിൽ, എല്ലാ പുരുഷന്മാരും സ്ത്രീകളും യഥാക്രമം പരസ്പരം ഭാര്യാഭർത്താക്കന്മാരായിരുന്നു.
(2) പുനലുവാൻ കുടുംബം, അതിൽ സഹോദരങ്ങൾ തമ്മിലുള്ള ലൈംഗികബന്ധം നിരോധിക്കപ്പെട്ടവയാണ്, എന്നാൽ ഇതിൽ സഹോദരിമാർ ഓരോരുത്തരുടേയും ഭർത്താക്കന്മാരുമായി പരസ്പരം വിവാഹിതരാകുന്നു, സഹോദരന്മാർ ഓരോരുത്തരുടേയും ഭാര്യമാരെ പരസ്പരം വിവാഹം കഴിക്കുന്നു;
(3) the pairing family, ചുരുക്കി പറഞ്ഞാൽ ജോഡിയാക്കിക്കൊണ്ടുള്ള ബന്ധങ്ങൾ, എന്നാൽ ഇന്നയാൾക്ക് ഇന്നയാൾ മാത്രം എന്ന പ്രത്യേക അവകാശങ്ങൾ ഇല്ലാത്ത സഹവാസം;
(4) പുരുഷാധിപത്യ കുടുംബം അല്ലെങ്കിൽ ബഹുഭാര്യത്വം;
(5) ഏകഭാര്യ കുടുംബം. The Origin of the Family എന്ന പുസ്തകത്തിൽ ഈ രൂപരേഖ ചേർത്തു
കൊണ്ട് കുടുംബ വ്യവസ്ഥയെ ഏംഗൽസ് ഒന്നടങ്കം ആക്രമിക്കുകയാണ്.

മറ്റുള്ള ഘട്ടങ്ങൾക്കിടയിൽ ഒരു ഘട്ടം മാത്രമായിരുന്നു ഒരു സ്ത്രീയുമായി മാത്രമുള്ള ലൈംഗിക ജീവിതം, അതിനാൽ തന്നെ അത് അന്തിമമാണെന്ന് കരുതാനുള്ള കാരണമില്ല. മോർഗന്റെ വീക്ഷണത്തിൽ കുടുംബം പുരോഗതിയുടെ തുടർച്ചയായ പ്രയാണമായിരുന്നു, ഈ വീക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി, കുടുംബ വ്യവസ്ഥിതിയുടെ മുൻ കഴിഞ്ഞ രൂപങ്ങളേക്കാൾ മികച്ച രൂപമായി, ഒറ്റ സ്ത്രീയുമായി മാത്രമുള്ള ലൈംഗിക ജീവിതം ഏംഗൽസ് പരിഗണിച്ചില്ല. മുൻ ഘട്ടങ്ങളിൽ നിലനിന്നിരുന്ന ബന്ധത്തേക്കാൾ കൂടുതൽ അടിച്ചമർത്തലാണ് ഇന്നത്തെ കുടുംബ വ്യവസ്ഥിതിയെന്ന് അദ്ദേഹം ചിത്രീകരിച്ചു. സ്ത്രീകളും വർഗ അടിമത്തത്തിന്റെ സ്ഥാപനവൽക്കരണമായിരുന്നു ഇന്നത്തെ കുടുംബ വ്യവസ്ഥിതിയിലേക്കുള്ള മാറ്റമെന്നും വർഗ സംഘട്ടനത്തിന്റെ തുടക്കം അത് കുറിച്ചുവെന്നും അദ്ദേഹം വാദിച്ചു.
(Lewis Henry Morgan, Ancient Society, ed. Eleanor Leacock (Cleveland, 1963), pp. 393-394, 499; Engels, ‘Ursprung der Familie’, in MEGA, 1/29, pp. 33, 35^36,99.)

‘ചരിത്ര ഗതിയിൽ കുടുംബബന്ധം രൂപാന്തരപ്പെട്ടത് സ്വത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടാണ് ‘ എന്ന അഭിപ്രായത്തിൽ എംഗൽസ് മാർക്‌സിനോട് യോജിച്ചു.
(Engels, ‘Draft of a Communist Confession of Faith’, in Marx and Engels, Collected Works, VI, p. 102.)

The German Ideology ൽ മാർക്‌സും എംഗൽസും കുടുംബത്തിന് കൂടുതൽ സ്വതന്ത്രമായ ഒരു പങ്ക് നൽകുകയും മനുഷ്യ ഉൽപ്പാദനമാവുന്ന ചരിത്രത്തിലെ ഒരു ചലിത ശക്തിയോടൊപ്പം കുടുംബത്തെ അവർ സ്ഥാപിക്കുകയും ചെയ്തു.

കുടുംബത്തിന്റെ ഈ പദവി മനുഷ്യചരിത്രത്തിന്റെ ആദ്യഘട്ടങ്ങളിൽ മാത്രമായി പരിമിതപ്പെടുകയും സമൂഹം വികസിക്കുന്നതിന് അനുസരിച്ച് കുടുംബം സാമ്പത്തിക ഘടകങ്ങൾക്ക് കൂടുതൽ വിധേയമാവുകയും ചെയ്തു എന്ന് അവർ ജൽപ്പിച്ചു.
(Marx and Engels, ‘Deutsche Ideologic’, in MEW, III, p. 29.)

ബൂർഷ്വാ കുടുംബം രംഗപ്രവേശം ചെയ്തതോടെ, കുടുംബ വ്യവസ്ഥിതി സാമ്പത്തിക അടിത്തറയ്ക്ക് സമഗ്രമായും സമ്പൂർണ്ണമായും കീഴൊതുങ്ങി.

ഒറ്റ സ്ത്രീയുമായി മാത്രമുള്ള ലൈംഗിക ജീവിതത്തിന് എതിരായ നിരോധനങ്ങൾ ബൂർഷ്വാ സമൂഹം കൈകൊള്ളാൻ കാരണം ‘ഭൗതിക കാരണങ്ങൾ മാത്രമാണ്. തന്റെ സ്വകാര്യസ്വത്ത് ഒരുപാടു പേരിലേക്ക് വിഭജിക്കപ്പെടാതിരിക്കുകയാണ് പ്രാഥമിക ഉദ്ദേശ്യം. അപ്പോൾ ഒരു സ്ത്രീയുമായി മാത്രമുള്ള ലൈംഗിക ജീവിതത്തിലെ വിരസതയും പണവുമാണ് ബൂർഷ്വാ ദാമ്പത്യത്തിന്റെ ബന്ധനങ്ങൾ.
(Marx and Engels, ‘Deutsche Ideologie’, in MEW, III, pp. 145, 164.)

(തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സ്വകാര്യ സ്വത്തിനെ വഹിച്ചു കൊണ്ടു പോവലാണ് കുടുംബത്തിന്റെ കുപ്രസിദ്ധമായ ദൗത്യമെന്ന് താറടിക്കുകയാണ് സോഷ്യലിസ്റ്റ് ചരിത്ര വ്യാഖ്യാനങ്ങൾ ചെയ്തത് എന്നർത്ഥം.)

എംഗൽസിന്റെ അഭിപ്രായത്തിൽ, ജോടി കുടുംബ വ്യവസ്ഥിതിയിൽ നിന്ന് ഏകഭാര്യ കുടുംബത്തിലേക്കുള്ള മാറ്റം സാമ്പത്തിക കാരണങ്ങളാൽ സംഭവിച്ചതാണ്. മൃഗങ്ങളെ വളർത്തൽ എന്ന ഒരു പുതിയ ഉത്പാദന മാർഗം അവതരിപ്പിക്കപ്പെട്ടതിന്റെ ഫലമായി.
നിലവിലുള്ളതും എന്നാൽ മുമ്പ് നിരുപദ്രവകരവുമായ തൊഴിൽ വിഭജനം ഈ പുതിയ സമ്പത്തിന്റെ ഉറവിടം കൈകളിൽ എത്തിയതോടെ, ഈ സ്വത്ത് ഉപയോഗിച്ച് സ്ത്രീകളെ കീഴ്പ്പെടുത്താൻ പുരുഷന്മാർക്ക് അവസരം നൽകി.

പിതൃത്വത്തിന്റെ അനിശ്ചിതത്വം കാരണം ഏകഭാര്യത്വത്തിന്റെ അടിത്തറയായിരുന്ന മാതൃപരത അട്ടിമറിക്കപ്പെട്ടു, പുരുഷന്മാർക്ക് അവരുടെ സ്വത്ത് സ്വന്തം സന്തതികൾക്ക് കൈമാറാൻ അനുയോജ്യമായ രൂപത്തിലേക്ക് പുരുഷാധിപത്യപരമായ സമകാലിക കുടുംബം പരിണമിച്ചു.

(Engels, ‘Ursprung der Familie’, in MEGA, 1/29, pp. 11, 35-36, 99.)

അഗമ്യഗമനവും, രക്ത ബന്ധമുള്ളവർ പരസ്പരം ഇണചേരലും പരിമിതപ്പെടുത്തുന്നതിലൂടെ, ശാരീരികമായി ശക്തരായ സന്താനങ്ങളെ ഉൽപ്പാദിപ്പിക്കുവാൻ സാധിക്കുന്നതിനാലാണ് കുടുംബത്തിന്റെ പുതിയ രൂപങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്. (Engels, ‘Ursprung der Familie’, in MEGA, 1/29, pp. 24, 27, 30.)

അഥവാ ധാർമ്മിക കാരണങ്ങളല്ല, പ്രയോജനവും സാമ്പത്തികവും മാത്രമാണ് കുടുംബാംഗങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധങ്ങൾ അവസാനിക്കാനുള്ള കാരണമെന്നർത്ഥം. ബൂർഷ്വാ സമൂഹത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് സമൂഹത്തിലേക്കുള്ള പരിവർത്തനം സാമ്പത്തിക കാരണങ്ങളിൽ വേരൂന്നിയതായിരിക്കും എന്ന് മാർക്സും എംഗൽസും വ്യക്തമാക്കിയിരുന്നു. ആദ്യകാല കൈയെഴുത്തു പ്രതിയിൽ മാർക്സ് ഇങ്ങനെ പറഞ്ഞു: മതം, കുടുംബം, ഭരണകൂടം, നിയമം, ധാർമ്മികത, ശാസ്ത്രം, കല മുതലായവ ഉൽപ്പാദനത്തിന്റെ രീതികൾ മാത്രമാണ്, അവ ഉൽപ്പാദത്തിന്റെ പൊതു നിയമത്തിന് കീഴിലാണ് ഉൾപ്പെടുക.

മനുഷ്യ ജീവിതത്തിന്റെ വിനിയോഗമെന്ന നിലയിൽ സ്വകാര്യ സ്വത്തിൽ നിന്നുള്ള മോചനം, അതിനാൽ തന്നെ എല്ലാ അന്യവൽക്കരണത്തിന്റെയും മോചനമാണ്; അതിനാൽ മതം, കുടുംബം, ഭരണകൂടം മുതലായവയിൽ നിന്ന് മനുഷ്യർ പുറത്തേക്ക് മടങ്ങുക എന്നതും അതിന്റെ ഭാഗമാണ്. അവന്റെ മാനുഷികതയിലേക്ക്, അതായത് സാമൂഹിക അസ്തിത്വത്തിലേക്ക് മടങ്ങലാണത്.
(Marx,’Okonomisch-philosophische Manuskripte’, in MEGA, 1/2, p. 264.)

കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ മതത്തിനും ഭരണകൂടത്തിനും ബദൽ ഉണ്ടാക്കപ്പെടുന്നതിനോട്
കുടുംബത്തിന് ബദൽ കൊണ്ടു വരപ്പെടുന്നതിനെ താരതമ്യപ്പെടുത്തുകയാണ് മാർക്‌സ് ഇവിടെ ചെയ്യുന്നത്. അപ്പോൾ കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ മതവും ഭരണകൂടവും ഒടുവിൽ ഇല്ലാതാകും എന്നതാണ് വീക്ഷണം എന്നിരിക്കെ കുടുംബത്തിന്റെ അഭാവവും അതിനെ പിന്തുടരും എന്ന് മാർക്സ് ന്യായമായി പ്രതീക്ഷിച്ചിരിക്കണം. കുടുംബ വ്യവസ്ഥ സൈദ്ധാന്തികമായും പ്രായോഗികമായും നിർബന്ധമായും നശിക്കുമെന്ന് തുടർന്നുള്ള വിശദീകരണത്തിലൂടെ അദ്ദേഹം സ്ഥിരീകരിക്കുന്നുണ്ട്.
(Marx, ‘Theses on Feuerbach’, in MEW, III, p. 6.)

കുടുംബത്തിന്റെ ഉന്മൂലനാശത്തിന് നിർബന്ധം പിടിക്കാത്തതിന്, സോഷ്യലിസ്റ്റ് ആയിരുന്ന ഹെർമൻ ക്രീജിനെ മാർക്സും ഏംഗൽസും കുറ്റപ്പെടുത്തി.
(Marx, ‘Kapitaf, in MEGA, II/5, pp. 401-402; Marx and Engels, ‘Zirkular
gegen Kriege’, in MEW, IV, p. 7.)

സ്വകാര്യ സ്വത്തിന്റെ നിരോധനവും സോഷ്യലിസത്തിന്റെ ആമുഖവും കുടുംബ വ്യവസ്ഥിതിയുടെ പിരിച്ചുവിടലിൽ സ്വാഭാവികമായും കലാശിക്കുമെന്ന് മാർക്സും എംഗൽസും വിശ്വസിച്ചു. ഫോറിയും ഓവനുമാകട്ടെ, സോഷ്യലിസ്റ്റ് സമൂഹത്തിന്റെ സംസ്ഥാപനത്തിന്റെ ഭാഗമായും സഹായകമായും കുടുബ വ്യവസ്ഥ മുൻകൂട്ടി നിരോധിക്കണമെന്ന വീക്ഷണം വെച്ചുപുലർത്തി.

ഒരു വ്യക്തിയുടെ സ്വഭാവവും വീക്ഷണവും രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ച വീക്ഷണം, കുടുംബം നിരോധിക്കണമെന്ന അഭിപ്രായത്തിന് അടിയന്തര പ്രാധാന്യം നൽകാൻ ഓവനെ പ്രേരിപ്പിച്ചു. “യുക്തിരഹിത”മെന്ന് കരുതപ്പെടുന്നവയിൽ നിന്ന് കുട്ടികളെ രക്ഷിക്കണമെങ്കിൽ മാതാപിതാക്കളുടെ ഹാനികരമായ സ്വാധീനത്തിൽ നിന്ന് അവരെ മാറ്റുന്നതിലൂടെ മാത്രമാണ് സാധ്യമാവുക എന്ന് അദ്ദേഹം വാദിച്ചു; സമൂഹത്തെ സോഷ്യലിസത്തിലേക്ക് പരിവർത്തിപ്പിക്കാനും ഇത് അത്യാവശ്യമാണെന്ന് അദ്ദേഹം കരുതി.

കമ്യൂണിസ്റ്റുകൾ കുടുംബത്തെ ഇല്ലാതാക്കുമെന്ന ബൂർഷ്വാസികളുടെ ആരോപണം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ ആ ഭാഗം ഒരു തവണയെങ്കിലും മനസ്സിരുത്തി വായിക്കുന്നവർക്ക് സുതരാം വ്യക്തമാവുന്ന കാര്യമിതാണ്: കുടുംബത്തിന്റെ ഉന്മൂലനം എന്ന ഒരു അജണ്ട ഇല്ല എന്ന് പ്രഖ്യാപിക്കുന്നതിനു പകരം, ബൂർഷ്വാസികൾ തങ്ങൾക്കുവേണ്ടി ആ ജോലി ചെയ്തുകഴിഞ്ഞുവെന്ന് അവകാശപ്പെടുകയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊ ചെയ്യുന്നത്. എന്ന് മാത്രമല്ല, കുടുംബ വ്യവസ്ഥിതിയെ മറികടക്കുന്ന സാമൂഹിക ബന്ധങ്ങളെക്കുറിച്ചുള്ള ചില സൂചനകൾ നൽകുക കൂടി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്സും എംഗൽസും ചെയ്യുന്നുണ്ട്.

ആദ്യം കുട്ടികളുടെ അവസ്ഥയെക്കുറിച്ച് അവർ ചർച്ച ചെയ്തു. കുട്ടികളെ പൊതു കമ്മ്യൂണിറ്റി സ്കൂളുകളിലേക്ക് അയച്ചുകൊണ്ട് ഗാർഹിക വിദ്യാഭ്യാസത്തിന് ബദലായി “സാമൂഹിക വിദ്യാഭ്യാസം” (Erziehung) അവർ നിർദ്ദേശിച്ചു.

ജർമ്മൻ പദമായ Erziehung എന്നത് ഔപചാരിക വിദ്യാഭ്യാസം മാത്രമല്ല, മറിച്ച് മാതാപിതാക്കൾ സാധാരണയായി നൽകുന്നതുൾപ്പെടെ കുട്ടികളുടെ എല്ലാ പരിശീലനങ്ങളെയും ഉൾകൊള്ളുന്ന പദമാണത്. അതുകൊണ്ട് തന്നെ അവർ യഥാർത്ഥത്തിൽ കുടുംബങ്ങളിൽ നിന്ന് അകന്ന ഒരു ജീവിത വ്യവസ്ഥിതിയെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തം.
(Marx and Engels, ‘Das kommunistische Manifest’, in MEW, IV, p. 476.)

കൂടാതെ, കമ്മ്യൂണിസ്റ്റ് സമൂഹത്തിലെ കുട്ടികളോടുള്ള നടപടിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ കരടിൽ ഏംഗൽസ് കൂടുതൽ വ്യക്തമാക്കിയിട്ടുണ്ട്:
‘ദേശീയ സ്ഥാപനങ്ങളിലും ദേശീയ ചെലവിലും കുട്ടികൾക്ക് ഒരുമിച്ച് പരിശീലനം (Erziehung) നൽകപ്പെടും, ആ നിമിഷം മുതൽ അവർക്ക് മാതൃ പരിചരണം ഉപേക്ഷിക്കാൻ കഴിയും’.
(Engels, ‘Grundsatze des Kommunismus’, in MEW, IV, pp. 373, 377.)

മാർക്സും എംഗൽസും ഉയർത്തിപ്പിടിച്ച ശിശുപരിപാലന തത്ത്വങ്ങൾ അവർ സ്വന്തമായി കണ്ടെത്തിയതല്ല. കുട്ടികളുടെ സാമുദായിക വിദ്യാഭ്യാസവും മാതാപിതാക്കളിൽ നിന്ന് കുട്ടികളെ നീക്കം ചെയ്യലും നിർണായകമാണെന്ന് ഫോറിയറും പ്രത്യേകിച്ച് ഓവനും ഇതിനകം തന്നെ അതി ശക്തമായി പ്രചരിപ്പിച്ചിരുന്നു.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ മാർക്സിന്റെയും എംഗൽസിന്റെയും നിർദ്ദേശങ്ങളിലൊന്ന്;
കമ്മ്യൂണിസ്റ്റ് സമൂഹത്തിലേക്കുള്ള പരിവർത്തനം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദുർബലമാകാൻ ഇടയാക്കി എന്നും അനന്തരാവകാശം നിർത്തലാക്കൽ ഇടയാക്കണമെന്നുമാണ്.
(Marx and Engels, ‘Das kommunistische Manifest’, in MEW, IV, p. 481; Engels,’Grundsatze des Kommunismus’, in MEW, IV, p. 374.)

ഒരു സാമ്പത്തിക യൂണിറ്റ് എന്ന നിലയിൽ കുടുംബത്തിന്റെ പങ്ക് ഇല്ലാതാക്കുന്നതിനുള്ള ആദ്യപടി ഇതായിരിക്കും. സ്വകാര്യസ്വത്ത് ഇല്ലാതാവുകയും കമ്മ്യൂണിസ്റ്റ് സമൂഹത്തിലെ എല്ലാവർക്കും സാമ്പത്തിക അവസരങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോൾ കുടുംബം യൂണിറ്റ് സാധാരണയായി നൽകുന്ന സാമ്പത്തിക സഹായം ആവശ്യമില്ലാതാവുന്നു.

വിവാഹം ഇനി നിയമപരമായ ബന്ധമായിരിക്കില്ല, വ്യക്തികൾ തമ്മിലുള്ള തികച്ചും സ്വകാര്യമായ കാര്യമായിരിക്കും. സ്വകാര്യ സ്വത്തിന്റെ അഭാവം കൂടുതൽ സ്വതന്ത്രമായ ലൈംഗിബന്ധത്തിലേക്ക് നയിക്കും. സ്ത്രീ ഒരു പുരുഷനെയും ആശ്രയിക്കാതെയായിരിക്കും ജീവിതം നയിക്കുക.

കൂടാതെ, കുട്ടികൾ സാമുദായികമായി വളർത്തപ്പെടുമെന്നതിനാൽ, ലിംഗത്വങ്ങൾ തമ്മിലുള്ള ബന്ധത്തിൽ അവർക്ക് ഒരു താൽപര്യം ഉണ്ടാകില്ല. സ്ത്രീകൾ, ഇത് ഇതിനകം സംഭവിക്കാൻ തുടങ്ങിയിരിക്കുന്നത് പോലെ, ഫാക്ടറികളിൽ ജോലി ചെയ്യുമെന്ന് മാർക്‌സ് പ്രസ്താവിച്ചു,
ശിശു സംരക്ഷണം, പാചകം മുതലായവ ഉൾപ്പെടെ സ്വകാര്യ വീട്ടുജോലികൾ പൊതുവ്യവസായമാക്കി മാറ്റപ്പെടും.

ഇത് കുടുംബ വ്യവസ്ഥിതിയിലെ സാമ്പത്തിക അടിമത്തത്തിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കും.
(Engels, ‘Ursprung der Familie’, in MEGA, 1/29, pp 99,188; ‘Anti-Diihring’, inMEGA, 1/27, p. 476; Engels to Gertrude Guillaume-Schack (5 July 1885), in MEW, XXXVI, p. 341; Marx and Engels, ‘Deutsche Ideologic’, in MEW, HI, p. 29.)

വിവാഹം നിർത്തലാക്കുന്നതിൽ സമൂലമായി ഒരു പുതിയ ലൈംഗിക സംസ്കാരമാണ് അന്തർലീനമായിരിക്കുന്നത്. കുടുംബത്തെ ഉന്മൂലനം ചെയ്താൽ മാത്രമേ വ്യക്തിഗത ലൈംഗികാഭിലാഷത്തിന് ലൈംഗിക ബന്ധത്തിന്റെ പ്രധാന രൂപമായി ഉയർന്നുവരാൻ സാധ്യമാകൂ എന്ന് എംഗൽസ് ഉറപ്പിച്ചു പറഞ്ഞു. വിവാഹത്തിലെ സാമ്പത്തിക ഘടകങ്ങൾ കാരണം പലപ്പോഴും അത്തരം ബന്ധങ്ങളെ വിവാഹ ബന്ധങ്ങൾ പരിമിതപ്പെടുത്തുന്നു. അതേസമയം ഒരു കമ്മ്യൂണിസ്റ്റ് സമൂഹത്തിൽ, ലൈംഗിക പെരുമാറ്റത്തിന്റെ ഏക മാനദണ്ഡം ലൈംഗിക ബന്ധങ്ങൾ പരസ്പര സ്നേഹത്തിന്റെ പ്രകടനമായിരിക്കണം എന്ന നിർബന്ധം മാത്രമാണ്.
(Engels, ‘Ursprung der Familie’, in MEGA, 1/29, pp. 188-189.)

സന്താനങ്ങളുടെ (ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള) സാമുദായിക പരിചരണവും വരുന്നതോടെ ലൈംഗിക ബന്ധങ്ങൾക്കുള്ള തടസ്സങ്ങളിൽ അയവുവരുത്തപ്പെടുന്നു, കാരണം ഗർഭധാരണത്തെക്കുറിച്ചുള്ള ഭയം സ്ത്രീകൾക്ക് ഒഴിവാക്കാം:

കുട്ടികളുടെ ഈ സാമുദായിക പരിചരണം വിവാഹേതര ലൈംഗിക ബന്ധത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചുള്ള സ്ത്രീകളുടെ ഉത്കണ്ഠ ഇല്ലാതാക്കുന്നു. ഈ ഉത്കണ്ഠയാണ് ഇന്നത്തെ സാമൂഹികവും ധാർമ്മികവും സാമ്പത്തികവുമായ ഘടകങ്ങളുടെയും നിയമങ്ങളുടെയും മുഖ്യ സ്രോതസ്സ്. ഈ ഉത്കണ്ഠ ഇല്ലാതാവുന്നതോടെ ഒരു പെൺകുട്ടിക്ക് താൻ സ്നേഹിക്കുന്ന പുരുഷന് സ്വയത്തെ പൂർണമായി നൽകുന്നതിന് തടസ്സങ്ങളൊന്നും ഇല്ലാതാവുന്നു.

കൂടുതൽ സ്വതന്ത്രവും അനായാസവുമായ ലൈംഗിക ബന്ധങ്ങളുടെ ക്രമാനുഗതമായ ആവിർഭാവത്തിന് ഇത് മതിയാവില്ലേ ?

സ്ത്രീകളുടെ കന്യകത്വത്തോടുള്ള ആദരവ്, ലൈംഗിക അച്ചടക്കരാഹിത്യത്തോടുള്ള വെറുപ്പ് എന്നിവയെ കുറിച്ച് കൂടുതൽ സഹിഷ്ണുതയുള്ള പൊതുജനാഭിപ്രായവും രൂപീകരിക്കാനും ഇത് മതിയാവില്ലെ?
(Ibid., 1/29, p. 188.)

സമകാലിക സമൂഹത്തിൽ നിന്ന് വ്യത്യസ്തമായി, ലൈംഗിക ബന്ധങ്ങളുടെ ഊഷ്മളത തടസ്സപ്പെടുത്തുന്ന വിവാഹം ഉണ്ടാകില്ല. വിവാഹത്തിലൂടെ അല്ലാത്ത ഈ ലൈംഗിക പ്രണയത്തിന്റെ ദൈർഘ്യം വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെടുമെന്ന് ഏംഗൽസ് സമ്മതിക്കുന്നു.

രണ്ടാളുകൾ തമ്മിലുള്ള ഈ ലൈംഗിക പ്രണയം അവസാനിക്കുകയോ അല്ലെങ്കിൽ അവരിൽ ഒരാൾ മറ്റൊരു പുതിയ പ്രണയത്തിന് തുടക്കമിടുകയൊ ചെയ്താൽ പ്രണയികളുടെ വേർപിരിയലിൽ ഇത് കലാശിക്കും. ഈ വേർപിരിയൽ രണ്ട് പേർക്കും സമൂഹത്തിനും പ്രയോജനകരമായിരിക്കും.
(Ibid., 1/29, pp. 189, 193.)

ഒരു ഇണയുമായി മാത്രമുള്ള ലൈംഗിക ബന്ധവും വിശ്വസ്തതയും സ്ഥിരതയും മനുഷ്യന്റെ അഭിനിവേശങ്ങളുമായി ഒരു നിലക്കും പൊരുത്തപ്പെടാത്ത ഒരു വ്യവസ്ഥയാണെന്ന് ഫോറിയർ പരിഗണിച്ചു. ലൈംഗികാസക്തികളെ സ്വതന്ത്രമാക്കുന്നതോടെ ഒരു ഇണയുമായുള്ള ലൈംഗികത എന്ന രീതിയോട് അവ്യക്തമായി സാമ്യമെങ്കിലുമുള്ള എല്ലാ രീതികൾക്കും വിരാമമിടുമെന്ന് അദ്ദേഹം വാദിച്ചു. ഇതിന്റെ ഫലമായി ചെറുതും വൈവിധ്യപൂർണ്ണവുമായ ലൈംഗിക ബന്ധങ്ങളുടെ ആധിക്യവും ചില അവസരങ്ങളിൽ സംഘം ചേർന്ന രതിയും ലൈംഗിക ബന്ധങ്ങളും പോലും ഉടലെടുക്കും.
(Owen, Book of the New Moral World, V, pp. 70-71; Bakunin, Staatlichkeit und Anarchie, p. 21; on Fourier, see note 9.)

വിവാഹത്തോടും കുടുംബ വ്യവസ്ഥിതിയോടും ഏംഗൽസിന്റെ സൈദ്ധാന്തികമായ എതിർപ്പ്, ഒരു വലിയ പരിധി വരെ വിവാഹത്തിലും പ്രണയ ബന്ധങ്ങളിലും ഉള്ള അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങൾ പൊരുത്തപ്പെടുന്നുണ്ട്.

1840-കളിൽ പലതരം ലൈംഗികതാൽപര്യങ്ങളിൽ ഏർപ്പെടുകയും പലതരം വെപ്പാട്ടികളെയും സ്വീകരിക്കുകയും ചെയ്തതിന് ശേഷം, 1850-കളിൽ ഏംഗൽസ് മേരി ബേൺസുമായി ഒരു ദീർഘകാല ബന്ധം സ്ഥാപിച്ചു. എന്നാൽ അദ്ദേഹം ഒരിക്കലും മേരിയെ വിവാഹം കഴിച്ചിട്ടില്ല; പലപ്പോഴും അവരെ തന്റെ ഭാര്യ എന്ന് വിളിച്ചിരുന്നുവെങ്കിലും.
(Terrell Carver, Friedrich Engels: His Life and Thought (New York, 1990), pp. 148-152.)

അവരുടെ ബന്ധം 1863-ൽ മേരിയുടെ മരണത്തോടെ മാത്രമാണ് അവസാനിച്ചത്. ഇത് എംഗൽസിന് വലിയ ദുഃഖം സമ്മാനിച്ചു. അവരുടെ മരണശേഷം അദ്ദേഹം അവരുടെ
സഹോദരി ലിസി ബേൺസുമായി സ്ഥിരതയുള്ള ഒരു ബന്ധം രൂപീകരിച്ചു, 1878-ൽ മരണക്കിടക്കയിൽ മാത്രമാണ് അദ്ദേഹം അവരെ വിവാഹം കഴിച്ചത്.
(W.O. Henderson, The Life of Friedrich Engels (London, 1976), I, pp. 195, 207, 211; II, 559, 564, 567.)

എംഗൽസിന്റെ ജീവിതം – അദ്ദേഹം വാദിച്ച കുടുംബ ഉന്മൂലനത്തിനും ഭാവി കമ്യൂണിസ്റ്റ് സമൂഹത്തിലെ പ്രണയ നാളുകളെക്കുറിച്ചുമുള്ള – അദ്ദേഹത്തിന്റെ ദർശനത്തിനും തികച്ചും യോജിച്ചതായിരുന്നു എന്നർത്ഥം.

ലെനിൻ, സിഫിലിസ്‌ ബാധിച്ചാണ് മരണപ്പെട്ടത് എന്ന പഠനങ്ങൾ പുറത്തു വന്നതും സാന്ദർഭികമായി ഇവിടെ സ്മരിക്കട്ടെ.
(http://www.telegraph.co.uk/news/worldnews/europe/russia/1467444/We-have-proof-that-Lenin-died-of-syphilis.html)

മാർക്‌സിന്റെ വിവാഹവും കുടുംബജീവിതവുമാകട്ടെ പഠന വിധേയമാക്കുമ്പോൾ സാധാരണ ബൂർഷ്വാ വ്യവസ്ഥിതിയിലെ കുടുംബത്തോടാണ് സാമ്യമെന്ന് തോന്നും. എന്നിരുന്നാലും, വിവാഹത്തിന് മുമ്പുതന്നെ, കുടുംബജീവിതത്തിന്റെ പരിമിതികളോട് അദ്ദേഹം കലാപം പ്രഖ്യാപിച്ചിരുന്നു.

മാർക്‌സിന്റെ ഭാവി വധു ജെന്നിയെ സന്തോഷിപ്പിക്കുന്നതിനും ഗാർഹിക സന്തോഷം ആസ്വദിക്കുന്നതിനും മാർക്‌സിന് കഴിവുണ്ടോ എന്ന് സംശയം ഉണ്ടായിരുന്നതിനാൽ മാർക്‌സിന്റെ പിതാവ് ശക്തമായ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
(Heinrich Marx to Karl Marx (2 March 1837), in MEGA, HI/1, p. 308.)

അദ്ദേഹത്തിന്റെ അച്ഛന്റെ ആശങ്കകൾ ഏറെക്കുറെ ശരിയാണെന്ന് തെളിഞ്ഞു. മാർക്‌സിന്റെ കുടുംബം ഒരു പ്രതിസന്ധിയിൽ നിന്ന് മറ്റൊരു പ്രതിസന്ധിയിലേക്ക് ജീവിച്ചു, മാർക്‌സിന് സ്ഥിരമായ തൊഴിൽ ഇല്ലാതിരുന്നതിനാൽ-, മിക്കപ്പോഴും ഫണ്ടിന്റെ അഭാവമാണ് ഇതിന് കാരണം- ജെന്നിയുടെ അവസ്ഥ വളരെ ദയനീയമായിരുന്നു എന്നും എല്ലാ ദിവസവും ജെന്നി മരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു എന്നും മാർക്സ്, 1862 ൽ എംഗൽസിന് എഴുതി.
(Marx to Engels (18 June 1862), in MEW, XXX, p. 248.)

കമ്മ്യൂണിസത്തോടുള്ള തന്റെ ഭക്തി തന്റെ കുടുംബത്തെ നഷ്ടപ്പെടുത്തുകയും ജെന്നിയുടെ ജീവിതം തകർക്കുകയും ചെയ്തുവെന്ന് മാർക്സ് തിരിച്ചറിഞ്ഞു. ഇക്കാരണത്താൽ തന്നെ, തനിക്ക് ജീവിത തിരഞ്ഞെടുപ്പുകൾ ആവർത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അദ്ദേഹം വിവാഹം കഴിക്കില്ലായിരുന്നു എന്ന് അദ്ദേഹം അവകാശപ്പെട്ടു.
(Marx to Paul Lafargue (13 August 1866), in MEW, XXXI, pp. 518-519.)

തന്റെ അടിക്കടിയുള്ള സാമ്പത്തിക പ്രതിസന്ധികളിലൊന്നിൽ, ‘കുടുംബമില്ലാത്തവൻ ഭാഗ്യവാന്മാരാണ്’ എന്ന് മാർക്സ് എംഗൽസിനോട് പറയുന്നുണ്ട്.
(Marx to Engels (21 June 1854), in MEW, XXVIII, p. 371.)

കുടുംബത്തെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വികസിപ്പിക്കുന്നതിന് മുമ്പായിരുന്നു മാർക്സ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന് ഒരു അവിഹിത സന്താനവുമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.

സൈദ്ധാന്തികമായി കുടുംബ വ്യവസ്ഥക്ക് പ്രതികൂലവും സ്വതന്ത്ര ലൈംഗികതക്ക് അനുകൂലവുമായ വീക്ഷണം വെച്ചു പുലർത്തിയിരുന്നെങ്കിലും സ്വന്തം കുടുംബത്തിൽ സദാചാര മൂല്യങ്ങളുടെ പ്രസക്തി മാർക്സ് തിരിച്ചറിഞ്ഞിരുന്നു.

പ്രോസ്പർ ലിസാഗറേയുമായുള്ള മകൾ എലീനറുടെ ബന്ധം അദ്ദേഹം ഫലപ്രദമായി തടഞ്ഞു, അംഗീകരിക്കാൻ അവൾ എത്ര അപേക്ഷിച്ചിട്ടും ഒരിക്കലും അംഗീകരിച്ചില്ല;
(Peters, Red Jenny, pp. 161-162.)

സ്വന്തം മകളെ പൂർണ്ണ ലൈംഗിക സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ അനുവദിക്കാൻ അദ്ദേഹം തീർച്ചയായും തയ്യാറായിരുന്നില്ല.
(Florence, Marx’s Daughters, pp. 28-29)

കുടുംബ വ്യവസ്ഥയുടെ ഉന്മൂലനം എന്ന അവരുടെ ആദർശത്തോട് ഏറ്റവും വലിയ പ്രതിബദ്ധതയോടെ ജീവിച്ച, എലനോർ മാർക്സ് എന്ന ആ മകൾക്ക് സംഭവിച്ച ദുരന്തം കാണാൻ മാർക്സോ എംഗൽസോ ജീവിച്ചിരുന്നില്ല. ”ജെന്നി [മൂത്ത മകൾ] എന്നെപ്പോലെയാണ്, പക്ഷേ തുഷി [എലനോർ] ഞാനാണ്” എന്ന് മാർക്‌സ് പറഞ്ഞ മകളായിരുന്നു അവൾ.
(Florence, Marx’s Daughters.)

അവളുടെ മാതാപിതാക്കളുടെ മരണശേഷം, അവൾ എഡ്വേർഡ് അവെലിംഗുമായി പ്രണയത്തിലാവുകയും അദ്ദേഹത്തോടൊപ്പം ജീവിക്കുകയും ചെയ്തു; അദ്ദേഹം മറ്റൊരു സ്ത്രീയെ നിയമപരമായി വിവാഹം കഴിച്ചിരുന്നു എന്ന വസ്തുത നിലനിൽകെ. 1897 ജൂണിൽ, എലനോറിനൊപ്പം ജീവിക്കുമ്പോൾ തന്നെ ഇരുപത്തിരണ്ടുകാരിയായ ഇവാ ഫ്രൈയെ രഹസ്യമായി വിവാഹം കഴിച്ചപ്പോൾ, എലനോറുമായുള്ള, അവെലിങ്ങിന്റെ ലൈംഗിക അവിശ്വസ്തത പാരമ്യത്തിലെത്തി.

രണ്ട് മാസം കഴിഞ്ഞ്, എഡ്വേർഡ് അവെലിംഗിന്റെ വേർപാടിൽ ഹൃദയം തകർന്ന എലനോർ, ഫ്രെഡറിക് ഡെമുത്തിനോട് ഇപ്രകാരം തുറന്നു പറഞ്ഞു: “ഒരാളുടെ ജീവിതത്തിന്റെ 14 വർഷം സംഭവിക്കാത്തതുപോലെ സങ്കൽപ്പിക്കാൻ ആർക്കും കഴിയില്ല.”
കുറേ മാസങ്ങൾക്ക് ശേഷം, അവെലിംഗ് മടങ്ങിയെത്തിയിട്ടും, എലീനർ ആത്മഹത്യ ചെയ്തു; ഒരുപക്ഷേ അവെലിങ്ങിന്റെ രഹസ്യ വിവാഹത്തെക്കുറിച്ച് വ്യസനപ്പെട്ടു കൊണ്ടാവാം.
(Kapp, Eleanor Marx, II, pp. 677, 680, 707; Chushichi Tsuzuki, The Life of Eleanor Marx, 1855-1898: A Socialist Tragedy (Oxford, 1967), pp. 2, 333; Florence, Marx’s
Daughters, p. 73.)

എംഗൽസ് ഊഹിച്ചതുപോലെ അത്ര എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുന്ന ഒരു ബന്ധമോ വിവാഹത്തിൽ നിന്നുള്ള സ്വാതന്ത്ര്യം സാർവത്രിക ആനന്ദം ഉണ്ടാക്കുന്ന സ്വാഭാവികതയൊ അല്ല എന്നാണ് മാർക്സിന്റെ മകളുടെ അനുഭവം സൂചിപ്പിക്കുന്നത്.
(Marx, Angels and Abolition of Family, History of European Ideas, Vol. 18, No. 5, pp. 657-672, 1994.)

print

No comments yet.

Leave a comment

Your email address will not be published.