ദഅ്‌വാനുഭവങ്ങൾ -16

//ദഅ്‌വാനുഭവങ്ങൾ -16
//ദഅ്‌വാനുഭവങ്ങൾ -16
ആനുകാലികം

ദഅ്‌വാനുഭവങ്ങൾ -16

സംവാദം, പ്രമാണം യുക്തിയിൽ നിന്ന് ബൈബിളിലേക്ക്

ത്രിയേകത്വത്തിന്റെ പൊരുൾ തേടി അലഞ്ഞ സെന്റ് അഗസ്റ്റിനെക്കുറിച്ച കഥ പറഞ്ഞു സംഭാഷണം അവസാനിപ്പിക്കാമെന്ന് കരുതിയ പാസ്റ്റർ യഥാർത്ഥത്തിൽ ബൈബിളുപയോഗിച്ചുള്ള മറ്റൊരു സംവാദത്തിലേക്കുള്ള വാതിൽ തുറക്കുകയാണ് ചെയ്തത്. അബ്ദുൽ ലത്തീഫിനെയും കൂട്ടി പാസ്റ്ററുടെ അടുത്തെത്തുമ്പോൾ എന്റെ ആഗ്രഹം ബൈബിളുപയോഗിച്ചുകൊണ്ടുള്ള സംവാദം നടക്കണമെന്ന് തന്നെയായിരുന്നു. അതിനായുള്ള ഒരുക്കങ്ങൾ മക്തി തങ്ങളുടെയും അഹ്‌മദ്‌ ദീദാത്തിന്റെയും പുസ്തകങ്ങൾ വായിച്ച് എടുത്തിരുന്നു. ത്രിത്വവുമായി ബന്ധപ്പെട്ട് എന്തെല്ലാം വിശദീകരണങ്ങളാണ് മിഷനറിമാരിൽ നിന്ന് ഉണ്ടാവുകയെന്നും അവയ്ക്ക് എങ്ങനെ മറുപടി പറയണമെന്നും അവർ രണ്ടുപേരും എന്നെ പഠിപ്പിച്ചിരുന്നുവെന്ന് പറയുന്നതാകും ശരി. പുസ്തകങ്ങളിലെ പോയിന്റുകളും ഉപോൽബലകമായ ബൈബിൾ വചനങ്ങളും ഓരോന്നായി എഴുതി വെക്കുകയും അവയുടെ നമ്പറുകൾ ഹൃദിസ്ഥമാക്കുകയും ചെയ്തതിനാൽ അത്തരമൊരു സംവാദത്തിൽ പിടിച്ചു നിൽക്കാനാകുമെന്ന ആത്മവിശ്വാസം നൽകാൻ അവയ്ക്ക് കഴിഞ്ഞു.

ദൈവീകരഹസ്യമായ ത്രിത്വത്തിന്റെ പൊരുൾ മനസ്സിലാക്കാൻ കഴിയില്ലെന്നും ഒരു വേദപുസ്തകസത്യമായതിനാലാണ് ക്രൈസ്തവർ അതിൽ വിശ്വസിക്കുന്നതെന്നുമുള്ള പാസ്റ്ററിന്റെ വാക്കുകൾ വഴിയാണ് അത്തരമൊരു സംവാദത്തിന് വഴി തുറന്നു കിട്ടിയത്. “ബൈബിൾ വായിച്ചാൽ ത്രിത്വം സത്യമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും” എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പാസ്റ്ററോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

“താങ്കൾ പറഞ്ഞത് അംഗീകരിക്കുന്നു. ദൈവീകരഹസ്യങ്ങളെല്ലാം മനുഷ്യർക്ക് പൂർണമായി മനസ്സിലായിക്കൊള്ളണമെന്നില്ല. മതവിശ്വാസികൾ അത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നത് വെളിപാടുകൾ അവയെ സത്യപ്പെടുത്തുന്നത് കൊണ്ടാണ്. പ്രവാചകന്മാർ പഠിപ്പിക്കുകയോ വെളിപാടുകൾ അംഗീകരിക്കുകയോ ചെയ്യുന്നതാണെങ്കിൽ തീർച്ചയായും ത്രിത്വത്തിൽ വിശ്വസിക്കേണത് എല്ലാവരുടെയും കടമയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്നതാണ് ഏകദൈവമെന്ന ആശയം ഏതെങ്കിലും പ്രവാചകന്മാർ പഠിച്ചിട്ടുണ്ടോ? ബൈബിളിൽ പറയുന്ന ഏതെങ്കിലും പ്രവാചകന്മാർ ത്രിത്വമെന്ന ആശയം പ്രബോധനം ചെയ്തതായി ബൈബിളിലുണ്ടോ?”

“പഴയ നിയമത്തിലെ പ്രവാചകന്മാർ ഇന്ന് നാം പറയുന്നതുപോലെയുള്ള ത്രിത്വം പഠിപ്പിച്ചിട്ടില്ല. എന്നാൽ അവർ ദൈവത്തെ മനസ്സിലാക്കിയത് ഏകത്വത്തിൽ ബഹുത്വമുള്ളവനായായിരുന്നു. ദൈവം സ്വയം പരിചയപ്പെടുത്തുന്നത് ‘നാം’ എന്നാണ്. ഉദാഹരണത്തിന് ഉല്പത്തി പുസ്തകം (1: 26) നോക്കുക. “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക” ഇത്തരം നിരവധി വചനങ്ങളിൽ ദൈവം സ്വന്തത്തെക്കുറിച്ച് ‘നാം’ എന്ന് പ്രയോഗിച്ചതിൽ നിന്ന് ഒന്നിലധികം വ്യക്തിത്വങ്ങളുള്ള ഏകദൈവത്തിലാണ് പ്രവാചകന്മാർ വിശ്വസിച്ചിരുന്നത് എന്ന് വ്യക്തമാകുന്നുണ്ട്; പ്രവാചകന്മാർ ത്രിത്വം എന്ന വാക്ക് പറഞ്ഞിട്ടില്ലെങ്കിലും അവരെല്ലാം അത് തത്ത്വത്തിൽ ഉൾക്കൊണ്ടിരുന്നുവെന്ന് ഈ ബഹുവചനപ്രയോഗത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട്”.

പ്രവാചകന്മാരെല്ലാം ഉൾക്കൊണ്ട തത്ത്വമാണ് ത്രിയേകത്വം എന്ന് സ്ഥാപിക്കാനായി ക്രിസ്ത്യൻ അപ്പോളജെറ്റിക്കുകൾ ഇന്നും പറയാറുള്ള ഒന്നാമത്തെ ന്യായം തന്നെയായിരിക്കും പാസ്റ്റർ പറയുകയെന്ന് മക്തി തങ്ങളിൽ നിന്ന് മനസ്സിലാക്കിയിരുന്നതിനാൽ അതിന്നുള്ള പ്രതിവാദം ഉന്നയിക്കുക എളുപ്പമായിരുന്നു. അദ്ദേഹം ബൈബിൾ ഉദ്ധരിച്ചതിനാൽ മുന്നോട്ടുള്ള പാതയിൽ ബൈബിൾ ഉപയോഗിക്കാൻ ഞാനും തീരുമാനിച്ചു. ഉദ്ധരിക്കേണ്ട വചനങ്ങളുടെ നമ്പറുകൾ അറിയാമായിരുന്നെങ്കിലും അവ മനഃപാഠമായിരുന്നില്ല എന്നതിനാൽ ബൈബിൾ ഉപയോഗിച്ചു തന്നെ സംവാദം മുന്നോട്ട് കൊണ്ടുപോകേണ്ടിയിരുന്നു. ഉല്പത്തി പുസ്തകത്തിലെ വചനം അദ്ദേഹം ഉദ്ധരിച്ചപ്പോൾ അത് നോക്കാനെന്ന വണ്ണം ബൈബിൾ വാങ്ങിയത് മുന്നോട്ടുള്ള ഗമനത്തിന് ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. അദ്ദേഹം ബൈബിൾ തന്നു. ആ വചനം നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു:

“അടിസ്ഥാനരഹിതമായ ഒരു വാദം മാത്രമാണിതെന്ന് ബൈബിൾ വായിച്ചാൽ തന്നെ മനസ്സിലാകും. ദൈവികവ്യക്തിത്വത്തിൽ ഒന്നിലധികം പേർ ഉണ്ടെന്നാണ് ‘നാം’ എന്ന പ്രയോഗം അർത്ഥമാക്കുന്നതെങ്കിൽ അക്കാര്യം പ്രവാചകന്മാർ വ്യക്തമായി പഠിപ്പിക്കുമായിരുന്നു. ബൈബിൾ പഴയ നിയമത്തിലെ പുസ്തകങ്ങൾ യഥാർത്ഥത്തിൽ യഹൂദന്മാരുടെ ഗ്രന്ഥങ്ങളാണല്ലോ. ഇന്ന് വരെയുള്ള യഹൂദരൊന്നും തന്നെ ദൈവത്തെക്കുറിച്ച ഈ ബഹുവചനപ്രയോഗത്തിൽ നിന്ന് അവനിൽ വ്യത്യസ്ത വ്യക്തിത്വങ്ങളുണ്ടെന്ന് മനസ്സിലാക്കിയിട്ടില്ല; ഇന്നും മനസ്സിലാക്കുന്നില്ല. ബൈബിളിലെ ‘നാം’ എന്ന പ്രയോഗം ഒരു പൂജകബഹുവചനമാണെന്നാണ് അവർ പറയുന്നത്. മഹത്‌വ്യക്തികളെ ആദരിച്ചുകൊണ്ടുള്ള പൂജകബഹുവചനങ്ങൾ എല്ലാ ഭാഷകളിലുമുണ്ട്. പഴയ രാജകീയശാസനകളിൽ അവ പുറപ്പെടുവിക്കുന്ന രാജാവിനെക്കുറിച്ചുകൊണ്ട് ‘നാം’ എന്നാണ് പ്രയോഗിക്കാറുള്ളത്. മലയാളത്തിൽ ബഹുമാനിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട് ‘അവർകൾ’ എന്ന് പറയുന്ന സമ്പ്രദായമുണ്ട്. ഇതേപോലെയുള്ള ഒരു പൂജക ബഹുവചനം മാത്രമാണ് ഉത്പത്തിപുസ്തകത്തിൽ ദൈവം സ്വന്തത്തെക്കുറിച്ച് ‘നാം’ എന്ന് പ്രയോഗിച്ചതെന്ന് ബൈബിൾ തന്നെ വായിച്ചാൽ ആർക്കും മനസ്സിലാവും.”

പഴയനിയമത്തിൽ ത്രിത്വമുണ്ടെന്ന് സ്ഥാപിക്കുവാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പുതിയനിയമത്തിൽ അതുണ്ടെന്ന് സ്ഥാപിക്കുവാനായിരുന്നു പാസ്റ്ററിന്റെ ശ്രമം.

“ത്രിത്വം വെളിപ്പെട്ടത് യേശുവിലൂടെയാണ്. അതേക്കുറിച്ചുള്ള കൃത്യമായ പരാമർശങ്ങൾ നമുക്ക് കാണാൻ കഴിയുക യേശുവിന്റെ വചനങ്ങളിലാണ്. പുതിയ നിയമത്തിൽ ത്രിയേകത്വത്തെ വെളിപ്പെടുത്തുന്ന നിരവധി വചനങ്ങളുണ്ട്.”

യേശുക്രിസ്തു പഠിപ്പിച്ച ആശയമാണ് ത്രിയേകത്വമെന്ന് പാസ്റ്റർ വാദിക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം. അത് തന്നെ സംഭവിച്ചപ്പോൾ സന്തോഷത്തോടെ അദ്ദേഹത്തോട് ചോദിച്ചു:

“ത്രിത്വം യേശു പഠിപ്പിച്ചതായി ബൈബിളിലുണ്ടോ?; എങ്കിൽ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം തെളിവായി അത് മതിയല്ലോ. ഏത് വചനത്തിലാണ് ക്രിസ്തു ത്രിത്വം പഠിപ്പിക്കുന്നതായി ഉള്ളത്?”

“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” (മത്തായി 26: 19- 20) എന്ന് യേശു ശിഷ്യന്മാരോട് പറയുന്നതായി ബൈബിളിലുണ്ട്. തെളിവായി അത് ധാരാളം മതിയല്ലോ”

ബൈബിളെടുത്ത് വായിച്ചു കൊണ്ട് പാസ്റ്റർ പറഞ്ഞു. അദ്ദേഹത്തിനടുത്തേക്ക് ചാരിയിരുന്നുകൊണ്ട് അദ്ദേഹം തന്ന സത്യവേദപുസ്തകം തന്നെ നോക്കി ഇങ്ങനെയാണ് ഞാൻ പ്രതികരിച്ചത്:

“വചനം ശരിക്കും വായിച്ചുനോക്കൂ. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് അസ്തിത്വങ്ങളുണ്ട് എന്നല്ലാതെ അവ മൂന്നുപേരും ഒരേ ദൈവത്തിലെ മൂന്ന് വ്യക്തിത്വങ്ങളാണെന്ന് ഈ വചനത്തിൽ പറയുന്നില്ലല്ലോ. ഇങ്ങനെ മൂന്ന് അസ്തിത്വങ്ങളുണ്ടെന്ന കാര്യത്തിൽ നാം തമ്മിൽ അഭിപ്രായവ്യത്യാസങ്ങളൊന്നും തന്നെയില്ല. അവ മൂന്നും ചേർന്നതാണ് ഏകദൈവം എന്ന ആശയത്തോടാണ് വിയോജിപ്പ്. ഈ വചനം ത്രിയേകവിശ്വാസത്തിന് ഉപോൽബലകമായി യാതൊന്നും പറയുന്നില്ല”.

എന്റെ പ്രതിവാദം അംഗീകരിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. അല്പം ഈർഷ്യയോടെ പാസ്റ്റർ പറഞ്ഞു:

“വചനം ശരിക്ക് വായിച്ച് നോക്കാത്തത് താങ്കളാണ് സുഹൃത്തേ. യേശു പറയുന്നത് “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” എന്നാണ് “നാമങ്ങളിൽ” എന്നല്ല. മൂന്ന് പേരുടെ പേരുകൾ പറഞ്ഞ സ്ഥിതിക്ക് അവർ മൂന്ന് പേരാണെങ്കിൽ അവരുടെ നാമങ്ങളിൽ എന്ന് പറയേണ്ടതായിരുന്നു. അങ്ങനെ പറഞ്ഞിട്ടില്ല. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് നാമത്തിൽ എന്ന ഏകവചനമാണ്. ഇതിൽ നിന്ന് മൂന്ന് പേരും ഒന്നാണെന്ന് മനസ്സിലാക്കാൻ കഴിയും. അതാണ് ത്രിത്വം.”

“നാമത്തിൽ’ എന്ന പ്രയോഗത്തിന്റെ മാത്രം അടിസ്ഥാനത്തിൽ യേശു ത്രിത്വമാണ് ഈ വചനത്തിലൂടെ പഠിച്ചതെന്ന് പറയാൻ കഴിയുമോ പാസ്റ്റർ? ഇത്തരം സന്ദർഭങ്ങളിൽ നാമങ്ങളിൽ എന്ന് പൊതുവെ പറയാറില്ല എന്നതല്ലേ സത്യം. ‘എന്റെയും ജ്യേഷ്ഠന്മാരുടെയും പേരിലുള്ളതാണ് ഞങ്ങളുടെ വീട്’ എന്നാണോ ‘പേരുകളിലുള്ളതാണ് ഞങ്ങളുടെ വീട്’ എന്നാണോ സാധാരണ പറയാറുള്ളത്?; ‘പേരിലുള്ളതാണ്’ എന്ന്. അതിനർത്ഥം ഞാനും ജ്യേഷ്ഠന്മാരുമെല്ലാം ഒരേ അസ്തിത്വത്തിലുള്ള മൂന്ന് വ്യക്തിത്വങ്ങളാണ് എന്നാണോ? അല്ലല്ലോ. ഇതേപോലെയുള്ള പ്രയോഗങ്ങൾ ബൈബിളിലും കാണാൻ കഴിയും. ഉല്പത്തി പുസ്തകം മറിച്ച് രണ്ടാം അധ്യായത്തിലെ പത്തൊമ്പതാം വചനം ഞാൻ വായിച്ചു “യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവയ്ക്ക് എന്തു പേരിടുമെന്നു കാൺമാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടത് അവയ്ക്ക് പേരായി”.

ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും സൃഷ്ടിച്ച് മനുഷ്യർ അവയ്ക്ക് എന്ത് ‘പേരിടുമെന്ന് കാണ്മാൻ’ എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്; ‘പേരുകൾ ഇടുമെന്ന് കാണ്മാൻ’ എന്നല്ല. മൃഗങ്ങളും പറവകളുമെല്ലാം ഒരേ അസ്തിത്വത്തിലെ വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്ന് ഈ വചനത്തിന്റെ അടിസ്ഥാനത്തിൽ പാസ്റ്റർ വാദിക്കുമോ? ഇതേപോലെതന്നെയല്ലേ ത്രിത്വത്തിന് പാസ്റ്റർ പറഞ്ഞ തെളിവും ?

പാസ്റ്ററുടെ കയ്യിലുള്ള ബൈബിൾ മറിച്ച് ഉല്പത്തി പുസ്തകത്തിലെ ഉദ്ധരണിയെടുത്ത് അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. യേശുവിന്റേതായി മത്തായി ഉദ്ധരിച്ച ‘നാമത്തിൽ’ എന്ന പ്രയോഗത്തിൽ നിന്ന് മാത്രമായി ത്രിയേകത്വം നിർധരിച്ചെടുക്കുവാൻ കഴിയില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു, ത്രിത്വത്തിന് ഉപോൽബലകമായി സാധാരണ ഉദ്ധരിക്കാറുള്ള മറ്റു ബൈബിൾ ഉദ്ധരണികൾ ഓരോന്നായി പാസ്റ്റർ പുറത്തെടുക്കാൻ തുടങ്ങി.

“ഈ വചനം മാത്രമൊന്നുമല്ല, ബൈബിളിൽ ത്രിത്വം വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ട്. യോഹന്നാന്റെ സുവിശേഷത്തിൽ(10: 30) “ഞാനും പിതാവും ഒന്നാകുന്നു” എന്ന് പറയുന്നുണ്ടല്ലോ. ഇത് ത്രിത്വത്തിനുള്ള വ്യക്തമായ തെളിവാണ്.”

“ഇതെങ്ങനെയാണ് ത്രിത്വത്തിനുള്ള തെളിവാകുന്നത്? ഈ വചനം അക്ഷരാർത്ഥത്തിൽ എടുത്താൽ തന്നെ ഇത് ദ്വിത്വത്തിനുള്ള തെളിവല്ലേ ആവുകയുള്ളൂ. പരിശുദ്ധാത്മാവിനെക്കുറിച്ച് ഈ വചനത്തിൽ പറയുന്നതേ ഇല്ലല്ലോ. യഥാർത്ഥത്തിൽ ഈ വചനത്തിന്റെ മുന്നിലും പിന്നിലുമുള്ള വചനങ്ങൾ പരിശോധിച്ചാൽ പിതാവും പുത്രനും സത്തയിൽ ഒന്നാണെന്നല്ല ഇവ പഠിപ്പിക്കുന്നതെന്ന് വ്യക്തമാവും. ഞങ്ങൾ ഒറ്റക്കെട്ടാണ് എന്ന് പറയുന്നത് പോലെയുള്ള ഒരു പ്രയോഗം മാത്രമാണിതെന്ന സത്യം വ്യക്തമാക്കുന്ന യോഹന്നാന്റെ സുവിശേഷത്തിൽ തന്നെയുള്ള പതിനേഴാം അധ്യായത്തിലെ 21 മുതൽ 23 വരെയുള്ള വചനങ്ങൾ വായിച്ചുനോക്കുക. യോഹന്നാന്റെ സുവിശേഷം മറിച്ച് അദ്ദേഹം വായിക്കാൻ തുടങ്ങി: “നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ. നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.”

ഇവിടെയെത്തിയപ്പോൾ ഞാൻ നിർത്താൻ പറഞ്ഞ ശേഷം ചോദിച്ചു: യേശു പ്രാർത്ഥിക്കുന്നത് ഇവിടെ അപ്പോസ്തലന്മാർക്കുവേണ്ടിയല്ലേ?’

പാസ്റ്റർ ശരിയാണെന്ന ഭാവത്തിൽ തലയാട്ടി. ഞാൻ തുടർന്നു: ‘ദൈവവും ക്രിസ്തുവും ഒന്നായത് പോലെ അപ്പോസ്തലന്മാരെല്ലാം ഒന്നാകണമെന്നും നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരെ നമ്മിൽ ആക്കേണമേ എന്നുമാണ് പ്രാർത്ഥന. ‘ഞാനും പിതാവും ഒന്നാണ്’ എന്ന് പറഞ്ഞതിൽ നിന്ന് അവർ രണ്ടുപേരും ഒരേ അസ്തിത്വത്തിലെ രണ്ട് വ്യക്തിത്വങ്ങളാണെന്ന് മനസ്സിലാക്കുകയാണെങ്കിൽ അപ്പോസ്തലന്മാർ നമ്മിൽ ഒന്നാകണമെന്ന് പ്രാർത്ഥിച്ചതിൽ നിന്ന് അവരെയെല്ലാം ഏകദൈവത്തിലെ വ്യക്തിത്വങ്ങളാക്കേണമേ എന്നാണ് യേശു ആവശ്യപ്പെട്ടതെന്ന് മനസ്സിലാക്കേണ്ടി വരും. തികഞ്ഞ അസംബന്ധമാണ് ഇതെന്ന് പറയേണ്ടതില്ലല്ലോ. ഞങ്ങൾ ഒന്നാണ് എന്ന പ്രയോഗം ഞങ്ങൾ ഒറ്റക്കെട്ടാണ് എന്ന് പറയുന്നത് പോലെയാണ് എന്ന സത്യമാണ് ഇത് വ്യക്തമാക്കുന്നത്.”

പാസ്റ്റർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബൈബിളിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ വാദത്തിനുള്ള എതിർ തെളിവ് കാണിച്ചുകൊടുത്തുകൊണ്ട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന് ഉത്തരങ്ങളൊന്നുമുണ്ടായിരുന്നില്ല. താൻ ദൈവമാണെന്ന് യേശു അവകാശപ്പെട്ടിരിക്കുന്നുവെന്ന് സമർത്ഥിക്കാനായി അപ്പോളജറ്റിക്കുകൾ ഉദ്ധരിക്കാറുള്ള അടുത്ത വചനം ഉദ്ധരിക്കുകയാണ് അദ്ദേഹം പിന്നീട് ചെയ്തത്.

“യേശു ദൈവമാണെന്ന് വ്യക്തമാക്കുന്ന ആ വചനം മാത്രമല്ല ഉള്ളത്. യേശു തന്നെ “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്ന് യോഹന്നാൻ 14: 9 ൽ പറഞ്ഞിട്ടുണ്ടല്ലോ. യേശു പിതാവായ ദൈവത്തിന്റെ അസ്തിത്വത്തിൽ തന്നെയുള്ള ഒരു വ്യക്തിത്വമാണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.”

ഇതിന്ന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്:

“യോഹന്നാന്റെ സുവിശേഷം പതിനാലാം അധ്യായം ഒരു തവണ വായിച്ചാൽ ഈ വാദവും അടിസ്ഥാനമില്ലാത്തതാണെന്ന് ബോധ്യപ്പെടും. ‘പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതുമതി’യെന്ന ഫിലിപ്പോസിന്റെ ആഗ്രഹത്തോട് പ്രതികരിക്കുകയാണിവിടെ യേശു. പിതാവിനെ ആർക്കും കാണാൻ കഴിയില്ലെന്നും എന്നാൽ അവനെ മനസ്സിലാക്കേണ്ടത് തന്നിലൂടെയാണെന്നും വ്യക്തമാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ‘നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു’ എന്നാണ് ഏഴാം വചനത്തിൽ യേശു പറയുന്നത്. എന്നെ അറിഞ്ഞവർ പിതാവിനെ അറിഞ്ഞിരിക്കുന്നുവെന്ന് സാരം. ”എന്റെ മുഖം കാണാനാവില്ല. എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല” പുറപ്പാട് പുസ്തകത്തിൽ (33:20). എന്നാണല്ലോ മോശാ പ്രവാചകനോട് ദൈവം പറഞ്ഞത്. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്ന വചനമെഴുതിയ യോഹന്നാൻ തന്നെ തന്റെ സുവിശേഷത്തിന്റെ തുടക്കത്തിൽ “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” (1:19) എന്ന് പറയുന്നുണ്ട്. ഈ വചനം “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്ന ക്രിസ്തുവചനത്തിന്റെ വ്യാഖ്യാനമാണ്. യോഹന്നാൻ പറഞ്ഞത് “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്നാണെന്ന വസ്തുത ശ്രദ്ധേയമാണ്. സമകാലികരെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്ത യേശുവിനെ ദൈവമായി യോഹന്നാൻ മനസ്സിലാക്കിയിരുന്നില്ല എന്നാണല്ലോ ഇതിനർത്ഥം. യഥാർത്ഥത്തിൽ താങ്കൾ ഉദ്ധരിച്ച വചനം ത്രിത്വത്തിനെതിരായ തെളിവാണ് നൽകുന്നത്.

എന്റെ പ്രതിവാദങ്ങൾ കേട്ടിരിക്കുകയല്ലാതെ അതേക്കുറിച്ച് പാസ്റ്റർക്ക് യാതൊന്നും പറയാനുണ്ടായിരുന്നില്ല. താൻ ദൈവമാണെന്ന് യേശു അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്ന് സമർത്ഥിക്കാനായി ഉദദ്ധരിക്കപ്പെടുന്ന “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു” (യോഹന്നാൻ 14: 6) എന്ന വചനവും അദ്ദേഹം ഉദ്ധരിച്ചു നോക്കി. അതിനോട് പ്രതികരിച്ചതിങ്ങനെ:

“ഈ വചനം കൊണ്ട് യേശു എന്താണ് അർത്ഥമാക്കിയതെന്ന് വചനം പൂർണമായി പരിശോധിച്ചാൽ തന്നെ വ്യക്തമാകും. “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” എന്നാണല്ലോ വചനത്തിലുള്ളത്. അപ്പോസ്തലനായ തോമസിനോടുള്ളതാണ് യേശുവിന്റെ ഈ വർത്തമാനം. പ്രവാചകന്മാരെയെല്ലാം ദൈവം നിയോഗിച്ചത് ജനങ്ങൾക്ക് വഴികാട്ടികളായിക്കൊണ്ടാണ്. അവരിലൂടെയല്ലാതെ അവർ നിയോഗിക്കപ്പെട്ട സമൂഹത്തിലുള്ളവരൊന്നും തന്നെ ദൈവത്തിലേക്ക് എത്തുകയില്ല. പതിനാലാം അധ്യായം തുടങ്ങുന്നത് തന്നെ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.” എന്ന യേശുവിന്റെ ഉപദേശത്തോടെയാണ്. താനും ദൈവവും വ്യത്യസ്തങ്ങളായ രണ്ട് അസ്തിത്വങ്ങളുള്ളവരാണ് എന്ന വസ്തുത ഇവിടെ യേശു വ്യക്തമാക്കുന്നുണ്ട്. താനാണ് ദൈവത്തിലേക്കുള്ള വഴി. താൻ തന്നെയാണ് സത്യത്തിലേക്ക് ജനങ്ങളെ നയിക്കുന്നത്. അതുവഴി നിത്യജീവനിലേക്കുള്ള മാർഗവും താൻ തന്നെയാണ്. ഈ വസ്തുതയാണ് ഇവിടെ ക്രിസ്തു വ്യക്തമാക്കുന്നത്. ഇതിലെവിടെയും ത്രിത്വത്തിലേക്കുള്ള യാതൊരു സൂചനയുമില്ല.”

ക്രിസ്തുവിന്റേതായി പാസ്റ്റർ ഉദ്ധരിച്ച വചനങ്ങളൊന്നും തന്നെ ത്രിത്വത്തെയോ യേശുവിന്റെ ദൈവത്വത്തെയോ വെളിപ്പെടുത്തുന്നില്ലെന്ന് വ്യക്തമായതോടെ അദ്ദേഹം സാധാരണ ഉദ്ധരിക്കപ്പെടാറുള്ള വചനത്തെക്കുറിച്ച യോഹാന്നാൻ വാക്യമെടുത്ത് സഭയുടെ അടിസ്ഥാനസിദ്ധാന്തത്തെ പ്രതിരോധിക്കാൻ ശ്രമിച്ചു:

“യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യവചനം തന്നെ പിതാവും പുത്രനും ഒന്നാണെന്ന് വ്യക്തമാക്കുന്നതാണ്. “ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തിന്റെ കൂടെയായിരുന്നു. വചനം ദൈവമായിരുന്നു” എന്നാണ് വചനം. ‘വചനം ദൈവത്തിന്റെ കൂടെയായിരുന്നു’ എന്ന പരാമർശം പിതാവും പുത്രനും വ്യത്യസ്ത വ്യക്തിത്വങ്ങളുള്ളവരാണെന്നും ‘വചനം ദൈവമായിരുന്നു’ എന്ന പരാമർശം അവർ ഒന്നാണെന്നും വ്യക്തമാക്കുന്നുണ്ട്.”

അതിനുള്ള മറുപടി പറഞ്ഞത് ബൈബിൾ വിജ്ഞാനകോശങ്ങൾ വായിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ബൈബിൾ കറസ്പോണ്ടൻസ് കോഴ്‌സുകളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ക്രിസ്തുമതത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനായി മലയാളത്തിലുള്ള രണ്ട് ബൈബിൾ നിഘണ്ടുക്കൾ വാങ്ങിയിരുന്നു. അവയിലുള്ള ത്രിത്വവുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ വായിച്ചിരുന്നതിനാൽ പുതിയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്ക് അറിയുമായിരുന്നില്ലെങ്കിലും മൂലത്തിലെ പരാമർശങ്ങളുപയോഗിച്ച് മറുപടി പറയുക പ്രയാസകരമായില്ല.

“താങ്കളുടെ വ്യഖ്യാനം ചോദ്യം ചെയ്യാതെ സ്വീകരിച്ചാൽ പോലും ഈ വചനത്തിൽ ത്രിത്വമുണ്ടെന്ന് പറയാനാവില്ല. പിതാവിനെയും പുത്രനെയും കുറിച്ച് മാത്രമാണ് ഈ വചനം പറയുന്നത്. യോഹന്നാന്റെ സുവിശേഷം എഴുതിയത് ക്രിസ്തുശിഷ്യനായ യോഹന്നാൻ അല്ലെന്ന കാര്യം ഇപ്പോൾ ഏതാണ്ട് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. സെറിന്തസ് എന്ന വിരുദ്ധോപദേശകനാണ് ഈ സുവിശേഷം എഴുതിയതെന്ന് ഐറേനിയസ് എന്ന സഭാപിതാവ് അഭിപ്രായപ്പെട്ടതായി മാർത്തോമ്മാ പണ്ഡിതനായ റവ: വി. തോമസും ഇത് എഴുതിയത് ആരാണെന്ന് അറിയില്ലെന്ന് പ്രൊട്ടസ്റ്റന്റ് പണ്ഡിതനായ റവ: എ.സി. ക്ലയ്റ്റണും എഴുതിയത് എന്റെ കൈവശമുണ്ട്. ഇത് ശരിയാണെങ്കിൽ ആരാണ് എഴുതിയത് എന്ന് പോലും അറിയാത്ത വചനമാണ് നിങ്ങൾ തെളിവിന് കൊണ്ട് വന്നിരിക്കുന്നത്. ഈ വചനം യുക്തിവിരുദ്ധവുമാണ്. ഒരു വസ്തുവിന്റെ കൂടെയുള്ള സാധനം ആ വസ്തു തന്നെയാകുന്നതെങ്ങനെ? ‘വചനം ദൈവത്തിന്റെ കൂടെയായിരുന്നു’ എന്നിടത്ത് ‘ദൈവം’ എന്ന പദത്തിന്റെ ഗ്രീക്ക് രൂപം Ton Theon എന്നാണ്. ആ പദത്തിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥം ‘God’ അഥവാ ‘സത്യദൈവം’ എന്നാണ്. ‘വചനം ദൈവമായിരുന്നു’ എന്നിടത്ത് ‘ദൈവം’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് Theos എന്ന ഗ്രീക്ക് പദത്തെയാണ്. അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ ‘god’ അല്ലെങ്കില്‍ ‘a god’എന്നാണ് കുറിക്കേണ്ടത്. ദേവൻ എന്ന് മാത്രമേ ഇതിന്നർത്ഥമുള്ളൂ. ‘വചനം ഒരു ദേവനായിരുന്നു’ എന്നാണ് യഥാർത്ഥത്തിൽ പരിഭാഷപ്പെടുത്തേണ്ടത്. ദൈവത്തിന്റെ വചനം ലഭിച്ചവരെ ദേവന്മാർ എന്ന് വിളിച്ചതായി യോഹന്നാന്റെ സുവിശേഷത്തിൽ തന്നെയുണ്ട്. അഥവാ ഈ വചനം യേശുവിനെയാണ് ഉദ്ദേശിച്ചതെങ്കിൽ പോലും അദ്ദേഹം ദൈവവചനം ലഭിച്ചയാളാണെന്ന് മാത്രമാണ് അതിന്നർത്ഥം. ചുരുക്കത്തിൽ യേശു ദൈവമാണെന്നോ ത്രിത്വോപദേശമോ ഈ വചനത്തിലില്ല.”

ത്രിത്വത്തിന് ഉപോൽബലകമെന്ന് താൻ കരുതിയ തെളിവുകൾ ഓരോന്നായി പാസ്റ്റർ അവതരിപ്പിച്ചത് വലിയ ആത്മവിശ്വാസത്തോടുകൂടിയാണ്. അവയ്ക്കുള്ള മറുപടികൾ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി തോന്നി. അതോടൊപ്പം തന്നെ ബൈബിൾ പണ്ഡിതനായ താൻ അവതരിപ്പിക്കുന്ന വാദങ്ങൾക്ക് കേവലം വിദ്യാർത്ഥികളായ ഞങ്ങൾ മറുവാദങ്ങൾ അവതരിപ്പിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ഓരോ മറുചോദ്യങ്ങളും അദ്ദേഹത്തെ അലോസരപ്പെടുത്തി. പിതാവും പുത്രനും ഒന്നാണെന്ന് സ്ഥാപിക്കുവാൻ മിഷനറിമാർ വ്യാപകമായി ഉപയോഗിക്കുന്ന യോഹന്നാൻ സുവിശേഷത്തിന്റെ തുടക്കത്തിലെ ‘ആദിയിൽ വചനമുണ്ടായിരുന്നു’വെന്ന് തുടങ്ങുന്ന ഭാഗം ഗ്രീക്ക് പ്രയോഗങ്ങളുടെ വെളിച്ചത്തിൽ ഞങ്ങൾ ഖണ്ഡിച്ചതോടെ അദ്ദേഹത്തിന്റെ ദേഷ്യം മൂർദ്ധന്യത്തിലെത്തി. സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചിരുത്തിയ പാസ്റ്റർ ഞങ്ങൾ തമ്മിലുള്ള സംവാദം ഇത്രയുമായപ്പോഴേക്ക് എങ്ങനെയെങ്കിലും പോയിക്കിട്ടിയാൽ മതിയെന്ന ചിന്തയിലെത്തി. കോപിഷ്ഠനായിക്കൊണ്ടായിരുന്നു പിന്നീടുള്ള പാസ്റ്ററുടെ വർത്തമാനങ്ങൾ.

യോഹന്നാന്റെ സുവിശേഷത്തിന്റെ തുടക്കത്തിലെ ‘വചനം ദൈവമായിരുന്നു’ എന്ന തെളിവ് കൂടി ഖണ്ഡിക്കപ്പെട്ടതോടെ ഞങ്ങളെ എങ്ങനെയെങ്കിലും ഒഴിവാക്കാനായി പാസ്റ്ററുടെ പരിശ്രമം.
തനിക്ക് തിരക്കുകളുണ്ടെന്നും നമുക്ക് പിന്നീട് സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ വിടവാങ്ങൽ ചോദ്യമെന്ന നിലയിൽ ഞാൻ ചോദിച്ചു:

“അപ്പോൾ, ത്രിയേകവിശ്വാസത്തിന് ഉപോൽബലകമായി തെളിവുകളൊന്നും ബൈബിളിൽ ഇല്ല, അല്ലേ?”

“അങ്ങനെയല്ല; ബൈബിൾ പൂർണ്ണമായി വായിക്കുന്നവർക്ക് ത്രിയേകത്വം മനസ്സിലാകും. ഏതെങ്കിലും ഒരു വചനത്തിൽ മാത്രമായി ചുരുക്കാൻ കഴിയുന്ന ആശയമല്ല അത്. പുതിയ നിയമത്തിലെല്ലായിടത്തും അതിന്റെ പ്രതിഫലനം കാണാൻ കഴിയും. ത്രിത്വത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒരൊറ്റ വചനം ഇല്ലെന്ന് മാത്രമേ പറയാനാകൂ.”

“അപ്പോൾ ത്രിത്വത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന ഒരൊറ്റ വചനം ബൈബിളിൽ ഇല്ല, അല്ലേ ?”

എന്റെ ചോദ്യത്തിന് ഇല്ലെന്ന ഭാവത്തിൽ അദ്ദേഹം തലയാട്ടി. ആഗ്രഹിച്ച മറ്റൊരു സംവാദത്തിലേക്കാണ് ഈ തലയാട്ടൽ വഴി തുറന്നത്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.