വിധി വിശ്വാസം: ഒരു സമകാലിക വായന -16

//വിധി വിശ്വാസം: ഒരു സമകാലിക വായന -16
//വിധി വിശ്വാസം: ഒരു സമകാലിക വായന -16
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -16

ഇസ്‌ലാമിക ആനുരൂപ്യതാവാദം (Islamic compatibilism)

ധൈഷണികമായ ഒരു പുതിയ ചിന്താക്കുഴപ്പം (dilemma) സൃഷ്ടിക്കുകയല്ല വിധി വിശ്വാസത്തിലൂടെ (കദ്വാ കദ്ർ) ഇസ്‌ലാം ചെയ്തത്. മറിച്ച് മനുഷ്യർ ആദ്യമെ അകപ്പെട്ട ഒരു ചിന്താക്കുഴപ്പത്തിന് ധൈഷണികവും യുക്തിഭദ്രവുമായ പരിഹാരം അവതരിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്തത്. ഇതു വരെ വിശദീകരിച്ചു വന്ന ഈ ആമുഖത്തോടെയാണ് ഇസ്‌ലാമിലെ വിധി വിശ്വാസത്തെ അപഗ്രഥനം ചെയ്യേണ്ടത്.

ഇസ്‌ലാമിലെ വിധിവിശ്വാസം ക്വദാഅ് – ക്വദ്ർ (القضاء والقدر) എന്ന സാങ്കേതിക നാമങ്ങളിലാണ് പരിചയപ്പെടുത്തപ്പെടാറുള്ളത്. ക്വദാഅ് (القضاء), ക്വദ്ർ (القدر) എന്ന രണ്ടു പദങ്ങളുടെയും വിവക്ഷ ഒന്നു തന്നെയാണെന്ന് പല ഭാഷാ പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. (ക്വാമൂസുൽ മുഹീത്വ്: ഫൈറൂസാബാധി: 591)

എന്നാൽ ഈ രണ്ട് പദങ്ങൾക്കും ഇടയിലെ സൂക്ഷ്മമായ വ്യത്യാസം ചില പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ ദർശിക്കാം:

ക്വദാഅ് (القضاء) ആദ്യം സംഭവിക്കുന്നതും, ക്വദ്ർ (القدر) പിന്നീട് ഉണ്ടാവുന്നതുമാണ് എന്നാണ് ഒരഭിപ്രായം. അഥവാ തന്റെ മുന്നറിവ് കൊണ്ട് (foreknowledge) ആദിയിൽ ദൈവം വിധിച്ചതാണ് ക്വദാഅ് (القضاء). ഈ മുന്നറിവിനും മുൻനിശ്ചയത്തിനും (Devine predestination) അനുസരിച്ച് സൃഷ്ടികളെ സൃഷ്ടിക്കുകയും അവരുടെ ജീവിതത്തെ നിർണയിക്കുകയും ചെയ്യുക എന്നതാണ് ക്വദ്ർ (القدر) എന്നും പറയപ്പെടുന്നു. ആദിയിലെ മൊത്തത്തിലുള്ള വിധിയാണ് ക്വദാഅ് (القضاء), പിന്നീട് സൃഷ്ടികളിൽ നടപ്പാക്കുന്ന ഘട്ടം ഘട്ടമായ വിധിയും വിശദമായ സുസാധ്യതയുമാണ് ക്വദ്ർ (القدر).
(ഫത്ഹുൽ ബാരി: 11: 477, ഇബ്നു ഹജറുൽ അസ്ക്വലാനി)

ആദിയിൽ എല്ലാം വിധിക്കുകയും അതിനനുസരിച്ച് ഓരോന്നോരാന്നായി സൃഷ്ടിക്കുകയും ചെയ്യുന്ന ദൈവിക ക്രിയയാണ് ക്വദാഅ് (القضاء),
ഓരോ സന്ദർഭങ്ങളിലായി സൃഷ്ടികളുടെ അവസ്ഥക്കും തിരഞ്ഞെടുപ്പുകൾക്കുമനുസരിച്ച് സാധ്യതകൾ വിധിക്കുകയും ഉണ്ടാക്കുകയും ചെയ്യുന്ന ദൈവിക ക്രിയയാണ് ക്വദ്ർ (القدر).
(തഅ്’രീഫാത്ത്: ജുർജാനി: 174)

ചില പണ്ഡിതർ ഈ രണ്ടു പദങ്ങളെ നേർ വിപരീത ആശയങ്ങളിൽ ഉപയോഗിക്കുകയുണ്ടായി. അഥവാ ക്വദ്റാണ് (القدر), ക്വദാഇന് (القضاء) മുമ്പത്തേത്. ക്വദ്റാണ് ആദിയിലെ ദൈവ വിധി. ക്വദാഅ് അതിന്റെ സാക്ഷാൽക്കാരവും സൃഷ്ടിയുമാണ്. (അൽമുഫ്റദാത്ത്: 675, റാഗിബ് അൽ അസ്ഫഹാനി)

“അല്ലാഹുവിന്റെ വിധി” എന്ന് മാത്രം ഒരാൾ പറഞ്ഞാൽ ക്വദാഉം ക്വദ്റും രണ്ടും അതിൽ ഉൾപ്പെട്ടു. ഇനി “അല്ലാഹുവിന്റെ ക്വദാഉം ക്വദ്റും” എന്ന് ഒരാൾ പറഞ്ഞാൽ, അതിൽ
ക്വദ്ർ എന്നത്, തന്റെ സൃഷ്ടിയിൽ ഉണ്ടാവണമെന്ന് അല്ലാഹു നിർണയിച്ച ആദിയിലെ ദൈവനിർണയമാണ്. ക്വദാഅ്‌ എന്നത് സൃഷ്ടികളെ ഉണ്ടാക്കിയും ഇല്ലാതാക്കിയും മാറ്റിയും മറിച്ചും ആ നിർണയത്തെ സാക്ഷാൽക്കരിക്കുന്നതാണ്.

ക്വദാഅ്, ക്വദ്ർ എന്നീ പദങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും പ്രശ്നമില്ല എന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
(അൽ ക്വദാഉ വൽക്വദ്ർ ഫീ ദൗഇൽ കിതാബി വസ്സുന്ന: ശൈഖ് അബ്ദുർറഹ്മാൻ അൽമഅ്മൂദ്: 44)

ഭാഷാപരമായ ഈ ചർച്ച അത്ര പ്രധാനപ്പെട്ടതല്ലെങ്കിലും ദൈവ വിധിയുടെ രണ്ട് രീതികളെ ഇത് സൂചിപ്പിക്കുന്നു:

1. കാലങ്ങൾക്കതീതനായ ദൈവം എല്ലാ കാലഘട്ടത്തിലും സംഭവിക്കുന്ന എല്ലാ കാര്യങ്ങളെ സംബന്ധിച്ചും അവന്റെ മുന്നറിവിനാൽ (foreknowledge) അറിയുന്നു. അത് തന്റെ അടുത്തുള്ള സംരക്ഷിതമായ ഒരു ഫലകത്തിൽ (ലൗഹുൽ മഹ്ഫൂദ് لوح محفوظ) രേഖയാക്കുന്നു. ഇതാണ് ദൈവ വിധി, അഥവാ ക്വദാഅ് (القضاء).

2. ഈ വിധിക്കനുസൃതമായി ഓരോ സൃഷ്ടിപ്പും സംഭവങ്ങളും യഥാസ്ഥാനങ്ങളിലും സമയങ്ങളിലും ഒരോന്നോരോന്നായി ദൈവം നടപ്പിലാക്കുന്നു. ഇതാണ് ദൈവ നിർണയം, അഥവാ ക്വദ്ർ (القدر). അഥവാ ഓരോ സംഭവത്തിന്റെയും സൃഷ്ടിപ്പിന്റെയും പ്രതിഭാസത്തിന്റെയും വികാസത്തിനും ഗതിവിഗതികൾക്കും ദൈവം സാധ്യത ഒരുക്കുന്നു. സുസാധ്യത (facilitation) എന്ന് ഇതിനെ വിശേഷിപ്പിക്കാം.

മനുഷ്യന്റെ തിരഞ്ഞെടുപ്പുകളിലേക്ക് ദൈവം സാധ്യതകളെ നിർണയിക്കുന്നു, സൃഷ്ടിച്ചു നൽകുന്നു. തുടർന്ന് മനുഷ്യന്റെ തിരഞ്ഞെടുപ്പുകൾക്ക് പിന്തുടർച്ചയായി തിരഞ്ഞെടുപ്പുകൾക്ക് അനുസൃതമായ സാധ്യതകളെയും ദൈവം നിർണയിക്കുന്നു, സൃഷ്ടിച്ചു നൽകുന്നു.

“എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്‌തുവോ. ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ. അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്‌. എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും ചെയ്തുവോ, ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ, അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് കര്യമൊരുക്കിക്കൊടുക്കുന്നതാണ്‌.”
(ക്വുർആൻ: 92: 5-10)

ക്വദാഅ് അഥവാ ദൈവവിധിക്ക് അനുസൃതമായി ഓരോ സൃഷ്ടിപ്പും സംഭവങ്ങളും യഥാ സ്ഥാനങ്ങളിലും സമയങ്ങളിലും ഒരോന്നോരോന്നായി നടപ്പാക്കപ്പെടുന്ന ദൈവ നിർണയം അഥവാ ക്വദ്ർ മലക്കുകളാലാണ് കൈകാര്യം ചെയ്യപ്പെടുക. മലക്കുകൾ ഈ ദൈവ നിർണയങ്ങൾ (ക്വദ്ർ) ഘട്ടം ഘട്ടമായി എഴുതിവെക്കുന്നു. ഈ എഴുത്തിൽ തിരുത്തും മാറ്റവും മനുഷ്യരുടെ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കും അനുസൃതമായി സംഭവിക്കുന്നു. ഉദാഹരണത്തിന് പ്രാർത്ഥന, പശ്ചാത്താപം, നന്മ തിന്മകൾ എന്നിവക്കെല്ലാം അനുസൃതമായി ദൈവ നിർണയങ്ങളിൽ (ക്വദ്ർ) മാറ്റങ്ങൾ വരുത്താനായി ദൈവം മലക്കുകളോട് കൽപ്പിക്കുന്നു.

ദൈവ നിർണയങ്ങൾ (ക്വദ്ർ) മനുഷ്യന്റെ സ്വതന്ത്രേച്ഛകളുടെ വ്യത്യസ്ത പതിപ്പുകളെയെല്ലാം ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ട് തന്നെ ഒരു തിരഞ്ഞെടുപ്പിന്റെ മുഹൂർത്തത്തിൽ വ്യത്യസ്തമായ എത്ര തിരഞ്ഞെടുപ്പുകളിലൂടെ മനുഷ്യന് പോകാമൊ അവയുടെയെല്ലാം തുടർച്ച ദൈവ നിർണയത്തിൽ (ക്വദ്ർ) ഉൾക്കൊള്ളുന്നു. ഏത് തിരഞ്ഞെടുപ്പ് മനുഷ്യൻ സ്വാതന്ത്ര്യത്തോടെ സ്വീകരിക്കുന്നൊ ആ തിരഞ്ഞെടുപ്പിന്റെ തുടർച്ച ദൈവം സാധ്യമാക്കി കൊടുക്കുന്നു. അതിനാൽ തന്നെ തിരഞ്ഞെടുപ്പിന്റെ വ്യത്യസ്ത മുഹൂർത്തങ്ങളിൽ വ്യത്യസ്തമായ മനുഷ്യ തിരഞ്ഞെടുപ്പുകൾക്കനുസരിച്ച് ദൈവ നിർണയത്തിൽ (ക്വദ്ർ) ദൈവം മാറ്റം വരുത്തുന്നു.
“അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുകയും (താന്‍ ഉദ്ദേശിക്കുന്നത്‌) സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്‍റെ പക്കലുള്ളതാണ്‌.”
(ക്വുർആൻ 13: 39)

മനുഷ്യരുടെ ജന്മം മുതൽ മരണം വരെ, ശതകോടി തിരഞ്ഞെടുപ്പുകളുടെ ശൃംഖലയാണ്. ഒരു ഉദാഹരണം പറയാം: ആസാദിന് തന്റെ 25-മത്തെ വയസ്സിൽ 4 വിവാഹ ആലോചനകൾ വന്നു. അതിൽ ഒരു പെൺകുട്ടിയെ ആസാദ് തിരഞ്ഞെടുക്കണം. മിക്കവാറും തിരഞ്ഞെടുപ്പുകൾക്ക് അനുബന്ധിതമായി ധാർമ്മിക തിരഞ്ഞെടുപ്പുകൾ കൂടി ഉള്ളടങ്ങിയിരിക്കും. ഇവിടെ ആസാദിന്റെ വിവാഹ തിരഞ്ഞെടുപ്പിൽ ധാർമ്മിക തിരഞ്ഞെടുപ്പു കൂടി ഉള്ളടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് ആസാദിന് വന്നിട്ടുള്ള വിവാഹാലോചനകളിൽ നാല് പെൺകുട്ടികളും വ്യത്യസ്തമായ നാല് സവിശേഷതകൾ ഉള്ളവരാണ്:

1) ധനിക
2) സുന്ദരി
3) കുലീന, വലിയ തറവാട്ടുകാരി
4) മതബോധമുള്ളവൾ, സുശീല

ഈ തിരഞ്ഞെടുപ്പുകൾ ആസാദിന് മുന്നിൽ സംജാതമാക്കിയത് അല്ലാഹുവിന്റെ നിർണയമാണ് (ക്വദ്ർ). ഈ നാല് ഓപ്ഷനുകളിൽ എല്ലാറ്റിനും വ്യത്യസ്തമായ വെവ്വേറെ തുടർച്ചകളാണ് ഉള്ളത്. എന്നു വെച്ചാൽ ആസാദിന്റെ തുടർ ജീവിതം ആ തിരഞ്ഞെടുപ്പിന്റെ മുഹൂർത്തം മുതൽ നാല് വ്യത്യസ്ത ദിശകളിലേക്ക് തിരിയുന്നു. ഈ നാല് തുടർ ജീവിതവും അല്ലാഹുവിന്റെ നിർണയത്തിൽ (ക്വദ്ർ) ഉൾക്കൊള്ളുന്നു. ഏത് ജീവിതസഖിയെ തിരഞ്ഞെടുക്കുന്നു എന്നതിനനുസരിച്ച് പ്രസ്തുത ജീവിതസഖിയെ തുടർന്ന് വരുന്നതായി നിർണയിക്കപ്പെട്ട ജീവിതത്തിലേക്ക് അല്ലാഹു ആസാദിന്, തുടർച്ച സാധ്യവൽക്കരിക്കുന്നു. (തിരഞ്ഞെടുപ്പുകളിലെ ധാർമ്മികതക്കനുസരിച്ച് നന്മയിലേക്ക് അനുയോജ്യമായ പിന്തുടർച്ചയും തിരഞ്ഞെടുപ്പുകളിലെ അധാർമ്മികതക്കനുസരിച്ച് തിന്മയിലേക്ക് അനുയോജ്യമായ പിന്തുടർച്ചയും ദൈവം എളുപ്പമാക്കി കൊടുക്കും.)

ചിത്രം ശ്രദ്ധിക്കുക:

ദൈവ നിർണയത്തിന്റെ (ക്വദ്ർ) അപൂർണവും സാങ്കൽപ്പികവുമായ ഒരു ഭാവനാ ചിത്രമാണിത്. ക്വദ്ർ ഒരു നേർരേഖയല്ല എന്ന് മനസ്സിലാക്കുക മാത്രമാണ് ചിത്രീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ദൈവ നിർണയം (ക്വദ്ർ) സങ്കീർണവും, സമാന്തരവുമായ വ്യത്യസ്ത ജീവിതങ്ങളുടെ ബ്ലൂപ്രിന്റുകളാണ്. ഈ സമാന്തര (ജീവിതവഴികളാവുന്ന) രേഖകളിലൂടെ ഏതിലേയും ആസാദിന് സഞ്ചരിക്കാം. അത് ആസാദിന്റെ സമ്പൂർണ്ണ സ്വാതന്ത്ര്യത്തിന് ദൈവം വിട്ടു കൊടുത്തിട്ടുണ്ട്.

(ഇന്ററാക്റ്റീവ് ഫിക്ഷനും ഇന്ററാക്റ്റീവ് നോവലുകളും സിനിമകളുമെല്ലാം പ്രചാരത്തിലുള്ള ഈ കാലഘട്ടത്തിൽ ക്വദറിന്റെ ഈ രൂപഘടന മനസ്സിലാക്കൽ ശ്രമകരമല്ല.

ഇന്ററാക്റ്റീവ് ഫിക്ഷൻ (Interactive Fiction, Interactive Novel, IF) എന്നാൽ: ഒരു സാഹസികമൊ നിഗൂഢതയൊ ആയ കഥ, സാധാരണയായി ഒരു വീഡിയോ ഗെയിമായോ സിനിമയായൊ പുസ്തകമായോ അവതരിപ്പിക്കുപ്പെടുന്നു. അതിൽ ഇതിവൃത്തത്തിന്റെ പുരോഗമനം ഏത് ദിശയിലേക്ക് നീങ്ങണം അല്ലെങ്കിൽ ഏത് നിഗൂഢത എങ്ങനെ പരിഹരിക്കണം എന്നിവയെ കുറിച്ചെല്ലാമുള്ള തിരഞ്ഞെടുപ്പുകൾ കളിക്കാരനോ വായനക്കാരനോ വീക്ഷകർക്കൊ നൽകപ്പെടുന്നു.
(https://www.collinsdictionary.com/dictionary/english/interactive-fiction)
നോവലിൽ പലയിടത്തും പല തിരഞ്ഞെടുപ്പുകളും കടന്നു വരും. വായനക്കാരൻ ഏത് തിരഞ്ഞെടുക്കുന്നൊ അതിനനുസൃതമായ കഥാ തുടർച്ചയിലേക്കുള്ള പേജുകൾ നോവലിലുണ്ടാവും. അപ്പോൾ പല വായനക്കാരും പല കഥകളാണ് ഒരു നോവലിനുള്ളിൽ തന്നെ വായിക്കുക !
കൂടുതൽ മനസ്സിലാക്കാൻ ഏതെങ്കിലും ഒരു ഇന്ററാക്റ്റീവ് നോവൽ വായിക്കുക.)

ചിത്രത്തിലേക്ക് തിരിച്ചു വരാം. ചിത്രത്തിന്റെ മധ്യത്തിൽ കട്ടിയുള്ള ചുവന്ന രേഖ ശ്രദ്ധിക്കുക. ഈ വ്യത്യസ്ത തിരഞ്ഞെടുപ്പുകൾക്കിടയിൽ ആസാദ് സ്വന്തമായി സ്വീകരിച്ച തിരഞ്ഞെടുപ്പുകളും, ജീവിത പാന്ഥാവും, അതിന്റെ തുടർച്ചയും… ഒടുക്കം വരെ കട്ടിയുള്ള ചുവന്ന രേഖ നീളുന്നു. അതാണ് ആസാദിന്റെ സ്വതന്ത്രേച്ഛ. അതിൽ യാതൊരു വിധ ബലപ്രയോഗങ്ങളൊ, ബാഹ്യനിയന്ത്രണങ്ങളൊ ഇല്ല. അവക്കനുസൃതമായ സാധ്യതകളെ ദൈവം നിർണയിക്കുന്നു, സൃഷ്ടിച്ചു നൽകുന്നു എന്ന് മാത്രം.

എന്നാൽ ചിത്രത്തിലെ ആ ചുവന്ന രേഖയിലൂടെയാണ് തന്റെ സ്വതന്ത്രേച്ഛ ഉപയോഗിച്ച് ആസാദ് സഞ്ചരിക്കുക എന്ന് അല്ലാഹുവിന് ആദിയിലെ മുന്നറിവുണ്ട്. എന്നു വച്ചാൽ ക്വദാഅ് അഥവാ ദൈവവിധിയിൽ യാതൊരു മാറ്റവും സംഭവിക്കില്ല…! ആസാദ് ഏതെല്ലാം ഘട്ടങ്ങളിൽ എന്തെല്ലാം തിരഞ്ഞെടുക്കുമെന്ന അല്ലാഹുവിന്റെ ആദിയിലെ മുന്നറിവാണ് അത്. ദൈവ നിർണയത്തിൽ (ക്വദ്ർ) നിന്നും ദൈവ വിധി (ക്വദാഅ്) ഇപ്രകാരം വ്യത്യസ്തപ്പെടുന്നു. അഥവാ, ആസാദിന് തിരഞ്ഞെടുപ്പുകളുടെ മുഹൂർത്തങ്ങളിലേക്ക് കാര്യ കാരണങ്ങൾ സൃഷ്ടിച്ച് എത്തിച്ചത് ദൈവമാണ്. തിരഞ്ഞെടുപ്പുകളിൽ ഓരോന്നിനും അനുസരിച്ച വ്യത്യസ്തമായ തുടർച്ച ദൈവം നിർണയിച്ചിട്ടുണ്ട്. ഏത് തിരഞ്ഞെടുക്കുന്നുവൊ അതിന് തുടർച്ചയായ പ്രതിഫലനത്തിലേക്കും തുടർജീവിതത്തിലേക്കുമുള്ള വഴി ദൈവം വെട്ടുന്നു. ഇതെല്ലാം ദൈവ നിർണയം അഥവാ ക്വദ്ർ ഉൾക്കൊള്ളുന്നു. അപ്പോൾ ക്വദ്ർ ഒരു നേർരേഖയല്ല, സങ്കീർണവും, സമാന്തരവുമായ വ്യത്യസ്ത ജീവിതങ്ങളുടെ ബ്ലൂപ്രിന്റുകളാണ്. എന്നാൽ ഈ വ്യത്യസ്ത തിരഞ്ഞെടുപ്പുകളിലൂടെ ഏത് ജീവിതരേഖയിലൂടെയാണ് ആസാദ് നീങ്ങുക എന്ന് അല്ലാഹുവിന് ആദിയിൽ മുന്നറിവുണ്ട്. ആ അറിവ് (ക്വദാഅ്) തെറ്റുകയൊ മാറ്റത്തിന് വിധേയമാവുകയൊ ചെയ്യില്ല. എന്നാൽ അല്ലാഹുവിന്റെ മുന്നറിവ് ആസാദിന്റെ സ്വതന്ത്രേച്ഛയെ വല്ല തരത്തിലും എതിരായി ബാധിക്കുന്നുണ്ടൊ? തീർച്ചയായും ഇല്ല.

ദൈവത്തിന്റെ മുന്നറിവും മനുഷ്യ ജീവിതങ്ങളുടെ പ്രവചനീയതയും ഒരിക്കലും സ്വതന്ത്ര ഇച്ഛാ ശക്തി എന്ന ആശയത്തിന് എതിരാവുന്നില്ല എന്ന് തന്നെയാണ് മനുഷ്യ ബുദ്ധി മനസ്സിലാക്കുന്നത്. ഇത് എക്സ്പിരിമെന്റൽ ഫിലോസഫർമാർ പല പരീക്ഷണങ്ങളിലൂടെയും തെളിയിച്ച കാര്യമാണ്. ഒരു സൂപ്പർ കമ്പ്യൂട്ടറിന് മനുഷ്യരുടെയെല്ലാം പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പുകളും ഭാവിയുമെല്ലാം പ്രവചിക്കാൻ കഴിയുന്ന ഒരു പ്രപഞ്ചത്തെ കുറിച്ച് സങ്കൽപ്പിക്കുക. ആ പ്രപഞ്ചത്തിലെ മനുഷ്യരുടെ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പുകളും ഭാവിയുമെല്ലാം സ്വതന്ത്രമാണൊ ? അല്ലെ ? എന്ന ചോദ്യത്തിന് പരീക്ഷണാർത്ഥികളുടെ മറുപടി അതെ എന്നായിരുന്നു.
(Great Philosophical Debates: Free Will and Determinism: Dr. Shaun Nichols: professor University of Arizona)

എന്നുവച്ചാൽ മുന്നറിവൊ പ്രവചനീയതയൊ സ്വതന്ത്രേച്ഛയെ അസാധുവാക്കുന്നില്ല. കാലങ്ങൾക്ക് അതീതമായി ദൈവത്തിന് എല്ലാം അറിയാമെന്നത് സ്വതന്ത്രേച്ഛക്ക് എതിരല്ല എന്നതാണ് കേവല യുക്തി. ദൈവത്തിന് നമ്മുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് മുന്നറിവുണ്ട് എന്നതിനാൽ നമ്മുടെ തിരഞ്ഞെടുപ്പ് സ്വതന്ത്രമാവാതിരിക്കുന്നില്ല. ദൈവം കാലങ്ങൾക്കതീതനാണ് എന്നതിനാൽ മാത്രമാണ് ഈ മുന്നറിവ് ദൈവത്തിനുള്ളത്; മനുഷ്യരുടെ കർമ്മ സ്വാതന്ത്ര്യത്തിലോ സ്വതന്ത്രേച്ഛയിലൊ ഏതെങ്കിലും രൂപത്തിൽ ഇടപെടുന്നത് കൊണ്ടല്ല എന്ന് വ്യക്തമായും നാം മനസ്സിലാക്കണം.

“ഞാൻ സ്വർഗത്തിലൊ നരകത്തിലൊ എന്ന് ദൈവം ആദ്യമെ വിധിച്ചിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ എന്തിന് നന്നാവണം ?” എന്ന് ചോദിക്കുന്നവൻ തന്റെ സ്വതന്ത്രേച്ഛ ഉപയോഗിച്ച് ഒരു തിരഞ്ഞെടുപ്പ് നടത്തി കഴിഞ്ഞു; നന്നാവില്ല എന്ന തിരഞ്ഞെടുപ്പ്. അതിന് അവനെ ദൈവം നിർബന്ധിച്ചൊ ? ഇല്ല. “ഞാൻ നരകത്തിലാണെന്നായിരിക്കും ദൈവം വിധിച്ചിട്ടുണ്ടാവുക. അതിനാൽ ഞാൻ അധർമ്മിയാവാൻ പോവുകയാണ്.” എന്ന തീരുമാനമാണ് അവിടെ നടന്നത്. ആ തീരുമാനമെടുത്തത് ദൈവമല്ല; അധർമ്മി തന്നെയാണ്. “ഞാൻ സ്വർഗ്ഗത്തിലാണെന്നായിരിക്കും ദൈവം വിധിച്ചിട്ടുണ്ടാവുക. അതിനാൽ ഞാൻ ധാർമ്മിക ജീവിതം നയിക്കാൻ ഒരുങ്ങുകയാണ്.” എന്ന് എന്ത് കൊണ്ട് അവന് ചിന്തിച്ചു കൂടാ ?! ഈ രണ്ടു തരം ഊഹങ്ങളിൽ നിന്ന് തന്നെ ഒരാൾ ധാർമ്മികനൊ അധർമ്മിയൊ എന്ന് തിരിച്ചറിയാൻ കഴിയും. ഈ രണ്ടു തരം ഊഹങ്ങളും രണ്ട് തരം തിരഞ്ഞെടുപ്പുകളാണ്; സ്വതന്ത്രേച്ചയിലൂടെ സ്വീകരിക്കപ്പെടുന്ന തിരഞ്ഞെടുപ്പുകൾ.

നവനാസ്തികരിൽ പ്രധാനിയായ സാം ഹാരിസ്സ് ഇപ്രകാരം എഴുതുന്നു:

“സ്വതന്ത്രേച്ഛയിൽ വിശ്വാസമില്ല എന്നത് എല്ലാം വിധിക്കു വിടുന്ന നിഷ്‌ക്രിയനാക്കി എന്നെ മാറ്റിയിട്ടില്ല. വാസ്തവത്തിൽ അതെന്റെ സ്വതന്ത്രതാവബോധം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്റെ പ്രതീക്ഷകളും ഭയങ്ങളും നിരാശകളും സ്ഥായിയായ ഒന്നല്ലാതായി. ഭാവിയിൽ ഞാൻ എത്രമാത്രം മാറുമെന്ന് പറയാനാവില്ല എന്ന പ്രതീക്ഷ സംജാതമായി. നൈമിഷീകമായ ഒരു അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾ സ്വന്തത്തെ കുറിച്ച ഒരു ശാശ്വത നിഗമനത്തിൽ എത്തി ചേരില്ല എന്നത് പോലെ, മുൻകാലങ്ങളിൽ ഒരാൾ എന്തെല്ലാം ചിന്തിച്ചു, എങ്ങനെ പെരുമാറി എന്നതിന്റെ അടിസ്ഥാനത്തിൽ അങ്ങനെ തന്നെ ചിന്തയും പെരുമാറ്റവും തുടരേണ്ടതില്ല എന്ന അവസ്ഥ സംജാതമാവുന്നു. കാരണം എന്തും എപ്പോഴും മാറാം.

പുതിയ കഴിവുകൾ പഠിക്കുക, പുതിയ ബന്ധങ്ങൾ രൂപീകരിക്കുക, പുതിയ ശീലങ്ങൾ തുടങ്ങുക എന്നിങ്ങനെ സൃഷ്ടിപരവും സർഗാത്മകവുമായ ഒരു ചെറിയ മാറ്റം ഒരാളുടെ ജീവിതത്തെ തന്നെ സമൂലമായി മാറ്റിയേക്കാം എന്ന സാധ്യത നിർണയവാദത്തിൽ വിശ്വസിക്കുന്നതിലൂടെ നിലവിൽ വരുന്നു.”
(FREE WILL: Sam Harris. Free Press. New York, Page: 34)

മനുഷ്യന് സ്വതന്ത്രേച്ഛ ഇല്ലെന്നും നമ്മുടെ തിരഞ്ഞെടുപ്പുകളും പ്രവർത്തനങ്ങളുമെല്ലാം നിർണിതമാണെന്നും വിശ്വസിക്കുന്നതിലൂടെ നിഷ്ക്രിയത്വമൊ നിസ്സഹായ ബോധമൊ അല്ല ഉണ്ടാവുന്നത് എന്നാണ് ഒരു നിർണയവാദിയും നാസ്തികനുമായ സാം ഹാരിസ്സ് പറയുന്നത്. മറിച്ച്, എന്റെ ജീവിതത്തിൽ എന്തും സംഭവിക്കാം, എനിക്ക് എങ്ങനെയുമായി മാറാം, എന്തുമായും സ്വന്തത്തെ പരിവർത്തിപ്പിക്കാം. അനന്തമായ സാധ്യതകളും മാറ്റങ്ങൾ സംഭവിക്കാനുള്ള അതിരറ്റ പ്രതീക്ഷകളുമാണ് നിർണയാവസ്ഥ സൃഷ്ടിക്കുന്നത്.

സമാനമായി, ദൈവ നിർണയവും, ഇത്തരത്തിലുള്ള മാറ്റങ്ങളുടെ സാധ്യതകളും പ്രതീക്ഷകളുമാണ് ബുദ്ധിയും വിവേകവും വിശ്വാസവും ശുഭാപ്തിയുമുള്ള ഒരാളിൽ ജനിപ്പിക്കേണ്ടത്. അല്ലാതെ നേർ വിപരീതമായ നിഷ്ക്രിയത്വമൊ നിസ്സഹായ ബോധമൊ അല്ല; സ്വയം അധർമ്മം തിരഞ്ഞെടുത്ത ദുർവാശിക്കാനു മാത്രമെ ദൈവവിധിയെ സമ്പന്ധിച്ച് അത്തരമൊരു അശുഭവീക്ഷണം വെച്ചു പുലർത്താൻ സാധിക്കൂ.

print

No comments yet.

Leave a comment

Your email address will not be published.