വിധി വിശ്വാസം: ഒരു സമകാലിക വായന -17

//വിധി വിശ്വാസം: ഒരു സമകാലിക വായന -17
//വിധി വിശ്വാസം: ഒരു സമകാലിക വായന -17
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -17

നമ്മുടെ തിരഞ്ഞെടുപ്പുകൾ മുൻകൂട്ടി അറിയുന്ന ദൈവം നമ്മുടെ തിരഞ്ഞെടുപ്പിനുള്ള/പ്രവർത്തനത്തിനുള്ള കാരണം (cause) നമുക്ക് ഉണ്ടാക്കി നൽകുന്നു. അപ്പോൾ ആ കാരണം (cause) കൊണ്ട് നാം അത് തിരഞ്ഞെടുക്കുന്നു. അതുകൊണ്ടാണ് നമ്മുടെ തിരഞ്ഞെടുപ്പുകൾ സ്വതന്ത്രമല്ലെന്നും മുമ്പ് സംഭവിച്ച ഒരു കാരണത്തിന്റെ (cause) അനിവാര്യമായ അനന്തരഫലം മാത്രമാണെന്നും നിർണയവാദികൾക്ക് തോന്നുന്നത്.

നമ്മുടെ മനസ്സിന്റെ മന്ത്രണങ്ങൾ പോലും അറിയുന്ന ദൈവം, ഭൂതം-വർത്തമാനം-ഭാവി ഭേദമന്യെ നമ്മെ ചൂഴ്ന്നറിയുന്ന ദൈവം, നാം എന്ത് തിരഞ്ഞെടുക്കുമെന്ന് അറിഞ്ഞു കൊണ്ടാണ് തിരഞ്ഞെടുപ്പിന് അനുയോജ്യമായ കാരണം (cause) നമുക്ക് ഉണ്ടാക്കി നൽകുന്നത് എന്നതു കൊണ്ടാണ് നമുക്ക് സ്വതന്ത്രേച്ഛ ഉണ്ട് എന്ന് ലിബർട്ടേറിയനിസക്കാർക്ക് തോന്നുന്നത്.

അഥവാ, നമ്മുടെ സ്വതന്ത്രേച്ഛയിലൂടെ നാം എന്തെല്ലാം തിരഞ്ഞെടുക്കുമെന്ന് മുൻകൂട്ടി ദൈവം ആ തിരഞ്ഞെടുപ്പുകളിലേക്ക് നമ്മെ എത്തിക്കുന്ന കാരണങ്ങൾക്ക് (cause) സാധ്യത ഒരുക്കുന്നു. ഇവിടെ മനുഷ്യന്റെ തിരഞ്ഞെടുപ്പുകളെല്ലാം സ്വതന്ത്രമായി നടക്കുന്നുണ്ട്. അതേസമയം എല്ലാ തിരഞ്ഞെടുപ്പുകളും മുമ്പ് സംഭവിച്ച കാരങ്ങളുടെ (cause) അനിവാര്യമായ അനന്തരഫലവുമാണ്.

സ്വതന്ത്രേച്ഛയെയും നിർണയാവസ്ഥയെയും സമന്വയിപ്പിക്കാൻ ദൈവമെന്ന ന്യായം കൊണ്ടല്ലാതെ കഴിയില്ലെന്ന് അനുരൂപ്യതാവാദക്കാർ മനസ്സിലാക്കിയിരുന്നെങ്കിൽ ! യഥാർത്ഥത്തിൽ ദൈവത്തിന്റെ അസ്തിത്വത്തിനുള്ള തെളിവാണ് പ്രപഞ്ചത്തിന്റെയും മനുഷ്യ ജീവിതത്തിന്റെയും ഈ വൈരുധ്യാത്മക ഘടന. ഈ വൈരുധ്യത്തിന് അർത്ഥം കൈവരിക്കുക ദൈവ വിധി എന്ന വിശദീകരണത്തിലൂടെ മാത്രമാണ്.

ഈ രീതിയിൽ സ്വതന്ത്രേച്ഛയും ദൈവവിധിയും സമന്വയിപ്പിച്ചു കൊണ്ടുള്ള, അനുരൂപ്യതാവാദത്തിന്റെ യുക്തിഭദ്രവും വ്യത്യസ്‌തവുമായ ഒരു ആവിഷ്ക്കാരമാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്. സ്വതന്ത്രേച്ഛയും ദൈവവിധിയും അത്ഭുതകരമാം വിധം സമന്വയിച്ചതാണ് പ്രപഞ്ചവും മനുഷ്യ ജീവിതവും എന്നത് കൊണ്ടാണ് പുരാതന കാലം മുതൽ ഇന്നുവരെ ഈ വിഷയത്തിൽ വാദപ്രതിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നത്.

*******************************

ഇനി ദൈവത്തിന്റെ മുന്നറിവിലേക്ക് വരാം. ദൈവം മുൻകൂട്ടി എല്ലാം അറിഞ്ഞുവെങ്കിൽ ഇഹലോക ജീവിതമാകുന്ന ഒരു പരീക്ഷണത്തിന്റെ പ്രസക്തിയെന്താണ് ? ഓരോരുത്തരും അവരവരുടെ സ്വതന്ത്രേച്ഛ ഏത് രൂപത്തിൽ വിനിയോഗിക്കുമെന്ന ദൈവത്തിന്റെ മുന്നറിവിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരെയും സ്വർഗത്തിലും നരകത്തിലും നേരിട്ട് അയച്ചു കൂടെ എന്ന് ചില സന്ദേഹികൾക്ക് തോന്നിയേക്കാം. അതിനോടുള്ള പ്രതികരണമാവാം അടുത്തത്:

* ദൈവം നീതിമാനായതു കൊണ്ട് തന്നെ മുന്നറിവ് മാത്രം മുൻനിർത്തി മനുഷ്യരെ സ്വർഗത്തിലും നരകത്തിലും ആക്കണമെന്നല്ല അവൻ ഉദ്ദേശിക്കുന്നത്. മറിച്ച് നീതിയുടെ ഒട്ടനേകം അരിപ്പകളിലൂടെ അരിച്ചെടുത്ത് അനീതിയുടെ ഒരു തരിമ്പ് പോലും ആരോപിക്കാൻ ഇടയില്ലാത്ത വിധമാണ് ദൈവ സംവിധാനങ്ങൾ എല്ലാം.
“അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.”
(ക്വുർആൻ: 2: 281, 4: 49, 4: 124, 17: 71, 19: 60) എന്ന് അല്ലാഹു ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്.

മനുഷ്യ കർമ്മങ്ങൾ ഓരോന്നും രണ്ട് മലക്കുകളാൽ രേഖപ്പെടുത്തുന്നു. ഒരു വാക്കു പോലും രേഖപ്പെടുത്താതെ അവർ വിട്ടു പോവില്ല. (ക്വുർആൻ 50: 18) ആ കർമ്മ രേഖകൾ വായിച്ചു നോക്കാനായി പരലോകത്ത് മനുഷ്യരുടെ കൈകളിൽ തരും. അതിലെ ഓരോ നന്മയെയും തിന്മയെയും കുറിച്ച് ദൈവം നേരിട്ട് ആരായും. മധ്യസ്ഥരൊ പരിഭാഷകരൊ ഇല്ലാതെ ദൈവം ഓരോ മനുഷ്യനുമായും നേരിട്ട് സംസാരിക്കും. (സ്വഹീഹുൽ ബുഖാരി: 7443)
മനുഷ്യരുടെ സ്വശരീരങ്ങളിൽ നിന്ന് തന്നെ അവരുടെ കർമ്മങ്ങൾക്കുള്ള സാക്ഷികളെ ദൈവം ഹാജരാക്കും. മനുഷ്യരുടെ കൈകളും ചർമ്മവും കാലുകളും, കേൾവിയും, കാഴ്ചയും… എല്ലാത്തിനേയും കർമ്മങ്ങൾക്ക് സാക്ഷികളായി ദൈവം ഹാജരാക്കും. (ക്വുർആൻ: 41: 20) ഇതൊന്നും പോരാഞ്ഞിട്ട് സർവ്വ കർമ്മങ്ങളും പ്രദർശിപ്പിച്ച് ഓരോരുത്തർക്കും കാണിച്ചു കൊടുക്കും; ഒന്നും മറച്ചു വെക്കപ്പെടില്ല. (ക്വുർആൻ: 69: 18) കൂടാതെ മനുഷ്യരുടെ കർമ്മങ്ങൾ തുലാസിൽ തൂക്കി ഘനം നോക്കും.(ക്വുർആൻ: 7: 8, 21: 47) അവസാനം ഒരോ പാപിയും സ്വന്തം തിന്മങ്ങൾ സ്വതന്ത്രമായി അംഗീകരിക്കും. (ക്വുർആൻ: 67: 11) തങ്ങൾ ശിക്ഷക്കർഹരാണെന്ന് തുറന്നു പറയും.

ഇത്രയൊക്കെ നീതിപൂർവ്വം മനുഷ്യ കർമ്മങ്ങളെയും ജീവിത പരീക്ഷണത്തെയും പരലോക പ്രതിഫലത്തെയും പരിഗണിക്കുന്ന ദൈവം എങ്ങനെയാണ് ഇഹലോക ജീവിതമൊ പരീക്ഷണമൊ ഇല്ലാതെ – ദൈവത്തിന്റെ മുന്നറിവ് അടിസ്ഥാനപ്പെടുത്തി മാത്രം – നേരിട്ട് മനുഷ്യരെ സ്വർഗത്തിലും നരകത്തിലും പ്രവേശിപ്പിക്കുക !?

ദൈവത്തിനെതിരെ മനുഷ്യർക്ക് യാതൊരു ന്യായവാദത്തിനുമുള്ള അവസരം ദൈവം നൽകില്ല എന്ന് ക്വുർആൻ തറപ്പിച്ചു പറയുന്നുണ്ട്.
(ക്വുർആൻ: 4:165)

“ഞങ്ങളെ ഒരു വട്ടം കൂടി ഇഹലോകത്തേക്ക് തിരിച്ചയച്ചാൽ ഞങ്ങൾ നല്ലവരാകാം” എന്ന് പരലോകത്ത് വാദിക്കുന്ന മനുഷ്യരെ (ക്വുർആൻ: 63: 10, 35: 37) ഇഹലോക ജീവിതമോ പരീക്ഷണമോ ഇല്ലാതെ – ദൈവത്തിന്റെ മുന്നറിവ് അടിസ്ഥാനപ്പെടുത്തി മാത്രം – നേരിട്ട് സ്വർഗത്തിലും നരകത്തിലും പ്രവേശിപ്പിച്ചാൽ എത്രമാത്രം പ്രതിഷേധജനകമായിരിക്കും അത് !

* ഇഹലോക ജീവിതമാകുന്ന പരീക്ഷണം മനുഷ്യന്റെ മേൽ ദൈവം അടിച്ചേൽപ്പിച്ചതല്ല എന്ന വസ്തുത നാം മനസ്സിലാക്കണം. പരീക്ഷണവും, പരീക്ഷണത്തിലെ ഫലങ്ങൾക്കനുസരിച്ച പ്രത്യേക പദവിയും പ്രതിഫലവും മനുഷ്യൻ സ്വയം ഏറ്റെടുത്തതാണ്.

“തീര്‍ച്ചയായും നാം ആ വിശ്വസ്തദൗത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തു കാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.”
(ക്വുർആൻ: 33: 72)

“മത-ധാർമ്മിക ഉത്തരവാദിത്തം എല്ലാം ഉൾപ്പെടുന്നതാണ് അമാനത്ത് അഥവാ വിശ്വസ്തദൗത്യം (ഉത്തരവാദിത്തം) എന്ന പദം”
(തഫ്സീറുൽ ക്വുർതുബി)

“നന്മ ചെയ്താൽ പ്രതിഫലവും തിന്മ ചെയ്താൽ ശിക്ഷയും നൽകപ്പെടുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്തരവാദിത്തമാണ്” ക്വുർആൻ വചനത്തിൽ സൂചിപ്പിക്കുന്നത് എന്ന് പ്രവാചകാനുചരൻ ഇബ്നു അബ്ബാസ് (റ) വ്യക്തമാക്കുന്നുണ്ട്.
(തഫ്സീറു ഇബ്നു കസീർ)

നാം ഭൗതിക മൂർത്തീഭാവം കൈവരിക്കുന്നതിന് മുമ്പ്, ആത്മീയമായ അവസ്ഥയിൽ നാം ഏവരും ദൈവത്തിൽ നിന്ന് കൗതുകത്തോടെ ഏറ്റെടുത്തതാണ് ഈ പരീക്ഷണാടിസ്ഥാനത്തിലുള്ള അസ്തിത്വവും സ്വതന്ത്രേച്ഛയുമെല്ലാം. അത് കൃത്യവും വ്യക്തവുമായി നാം ഓർക്കുന്നില്ല എന്ന് മാത്രം.

മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ ഇഹലോക ജീവിതമാകുന്ന പരീക്ഷണം മനുഷ്യരും ദൈവവും തമ്മിലുള്ള ഒരു കരാറാണ്. കരാറിന്റെ വ്യവസ്ഥകളും ഭാഗങ്ങളും ഇപ്രകാരം സംഗ്രഹിക്കാം:

1) ദൈവം മനുഷ്യർക്ക് ജീവിതം നൽകുന്നു. ജീവിതത്തിന്റെ സകല അനുഭവങ്ങളും അനുഭൂതികളും സുഖ സൗകര്യങ്ങളും പ്രകൃതിയും പരിസ്ഥിതിയും വികസനവും ആത്മവികാസങ്ങളും… എല്ലാം ആസ്വദിക്കാം.

2) അതെല്ലാം ആസ്വദിക്കുന്നതോടൊപ്പം ധർമ്മനിഷ്ട മുറുകെ പിടിക്കണം.

3) മരണാനന്തരം മറ്റൊരു ജീവിതം കൂടി മനുഷ്യന് നൽകാം.

4) ധർമ്മനിഷ്ട മുറുകെ പിടിക്കുന്നവന് ആ ജീവിതത്തിൽ കൂടുതൽ ശ്രേഷ്ഠമായ ജീവിതം നൽകാം.

5) അധർമ്മിക്ക് ആ ജീവിതത്തിൽ യാതനകളും വേദനകളുമായിരിക്കും പ്രതിഫലം.

അപ്പോൾ ഈ കരാറിൽ അഞ്ച് ഭാഗങ്ങളുണ്ട്. ഇത് അഞ്ചും പൂർത്തീകരിക്കപ്പെടുമ്പോഴെ കരാറിന് രൂപവും പൂർത്തീകരണവും കൈവരിക്കപ്പെടുന്നുള്ളു. ഇഹലോക ജീവിതത്തിലെ ഓരോ നിമിഷത്തിലൂടെയും മനുഷ്യൻ കടന്നു പോവുക എന്നത് ഈ കരാറിന്റെ പൂർത്തീകരണത്തിന് അനിവാര്യമാണ്.

* നരക-സ്വർഗങ്ങളിൽ രക്ഷയും ശിക്ഷയും അനുഭവിക്കുന്ന വ്യക്തികൾ തങ്ങളുടെ ഏതു പാപത്തിനാണ് ഇന്ന ശിക്ഷ അനുഭവിക്കുന്നത് എന്നും ഏത് നന്മക്കാണ് ഇന്ന അനുഗ്രഹം നൽകപ്പെട്ടതെന്നും അറിയേണ്ടതില്ലെ? അവരത് അറിഞ്ഞില്ലെങ്കിൽ പിന്നെ ശിക്ഷാ രക്ഷകൾക്കും നരക-സ്വർഗങ്ങൾക്കും അർത്ഥമൊ സംതൃപ്തിയൊ ഇല്ലാതാവുന്നു.

*
പ്രപഞ്ചവും അതിലെ മനുഷ്യരുൾപ്പെടെയുള്ള സർവ്വ സംഭവങ്ങളും അസ്തിത്വങ്ങളും അവയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള സർവ്വ അവസ്ഥാന്തരങ്ങളും പരിണാമങ്ങളും ദൈവത്തിന്റെ മുന്നറിവിൽ രൂപപ്പെടുന്നതോടൊപ്പം തന്നെ ദൈവത്തിന്റെ അടുക്കൽ അവയെല്ലാം യാഥാർത്ഥ്യമാവുകയും സമ്പൂർണ്ണത കൈ വരിക്കുകയും സമാപ്തി കുറിക്കുകയും ചെയ്തു കഴിഞ്ഞു ! കാരണം ദൈവം കാലങ്ങൾക്കതീതനാണ്. ദൈവത്തിന് കഴിഞ്ഞതൊ വരാനിരിക്കുന്നതൊ ആയ ഒന്നുമില്ല. മനുഷ്യരെ പറ്റി ദൈവം തീരുമാനിക്കുമ്പോൾ തന്നെ, മനുഷ്യരെ പറ്റിയുള്ള ദൈവത്തിന്റെ മുന്നറിവിനോടൊപ്പം തന്നെ ആദം നബി (അ) മുതൽ അവസാന മനുഷ്യൻ വരെ ജീവിച്ചു മരിച്ചു പരലോകം പ്രാപിച്ചു കഴിഞ്ഞു. കാരണം ദൈവത്തിന് മനുഷ്യന്റെ ഭൂത-വർത്തമാന-ഭാവി കാലങ്ങളിലൂടെ സഞ്ചരിക്കേണ്ട ആവശ്യമില്ല മനുഷ്യരാശിയുടെ അവസാന മുഹൂർത്തത്തിൽ എത്തിച്ചേരാൻ. അവൻ ആദ്യം തന്നെ അവസാനത്തിൽ എത്തിക്കഴിഞ്ഞു. മനുഷ്യർ പദാർത്ഥ നിർമ്മിതമായതു കൊണ്ട് തന്നെ തുടക്കത്തിൽ നിന്ന് ഒടുക്കം വരെ എത്താൻ കാലത്തിലൂടെ നിരങ്ങി നീങ്ങിയെ പറ്റു. ദൈവം ആദ്യമെയുള്ളവനും (ٱلۡأَوَّلُ) അന്തിമനും (ٱلۡـَٔاخِرُ) ( ക്വുർആൻ: 57:3) ആണെന്ന് ദൈവത്തെ ഇസ്‌ലാം പരിചയപ്പെടുത്തിയതിൻ്റെ പൊരുൾ അതാണെന്ന് അനുമാനിക്കാം.

അതുകൊണ്ട് തന്നെ ദൈവത്തിന് “ആദ്യമെ” അറിയുമായിരുന്നെങ്കിൽ നരകത്തിലും സ്വർഗത്തിലുമാക്കാൻ “അവസാനം” വരെ കാത്തിരിക്കേണ്ടതുണ്ടോ ? എന്ന ചോദ്യം തന്നെ തെറ്റാണ്. കാരണം ദൈവത്തിന് ആദ്യവും അവസാനവും ഇല്ല. ദൈവം ആദ്യം അറിയുമ്പോൾ തന്നെ മനുഷ്യരുടെ അവസാനവും സംഭവിച്ചു കഴിഞ്ഞു; ദൈവത്തിനെ സംബന്ധിച്ചിടത്തോളം. അപ്പോൾ ആദ്യവും അവസാനവും മനുഷ്യർക്കാണ് ബാധകം. മനുഷ്യരാണ് കാലത്തിലൂടെ നീങ്ങി കൊണ്ടിരിക്കുന്നത്.

സ്രഷ്ടാവും സൃഷ്ടിയും തമ്മിൽ യഥാർത്ഥത്തിൽ തന്നെയുള്ള ഈ അനുഭവ വ്യത്യാസം പൂർണമായും ഉൾകൊള്ളാൻ സൃഷ്ടികളായ നമുക്ക് സാധിക്കുകയില്ല. അതിന് സ്രഷ്ടാവിന്റെ വീക്ഷണ കോണിലൂടെ പ്രപഞ്ചത്തെ കാണാൻ നമുക്ക് കഴിയണം. അത് ഒരിക്കലും സാധ്യമല്ലല്ലൊ. അപ്പോൾ അതിനെ ഉൾകൊള്ളാൻ എനിക്ക് കഴിയണമെന്ന് വാശി പിടിക്കുന്നത് ബാലിശമാണ്. ബുദ്ധിക്കും യുക്തിക്കും വിരുദ്ധമായ കാര്യങ്ങളുമുണ്ട് അവക്ക് ഉൾകൊള്ളാൻ സാധിക്കാത്ത കാര്യങ്ങളുമുണ്ട്. ഇവ രണ്ടും ഒരേ ഗണത്തിൽ പെടുന്നില്ല. വിധി വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ ഇസ്‌ലാമിക പാഠങ്ങളും ബുദ്ധിക്കും യുക്തിക്കും വിരുദ്ധമല്ല എന്ന് നാം വിശദീകരിച്ച് കഴിഞ്ഞു. എന്നാൽ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അസ്തിത്വപരമായ വ്യത്യാസം പൂർണമായും ഉൾകൊള്ളാൻ സൃഷ്ടികളായ നമ്മുടെ ബുദ്ധിക്ക് സാധിക്കില്ല. ഇത് നമ്മുടെ സൃഷ്ടിപ്പിന്റെ പരിധിയും പരിമിതിയും മാത്രമാണ് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും യുക്തിയും വിശ്വാസിക്ക് വേണം.

ഈ വിവരണത്തോട് സാദൃശ്യമുള്ള സിദ്ധാന്തങ്ങൾ ഭൗതികശാസ്ത്രജ്ഞർക്കിടയിൽ നിലവിലുമുണ്ട്. എറ്റേണലിസം (Eternalism), ബ്ലോക് പ്രപഞ്ച സങ്കൽപ്പം (Block Universe), വളരുന്ന ബ്ലോക് പ്രപഞ്ച സിദ്ധാന്തം (Growing Block Universe theory) എന്നിവ ഉദാഹരണം. സുനിശ്ചിതമായ ശാസ്ത്രീയ വസ്തുതകളൊ സാർവ്വാംഗീകൃതമായ തത്ത്വങ്ങളൊ അല്ലെങ്കിൽ കൂടിയും അവയെ സംബന്ധിച്ച -വളരെ അടിസ്ഥാനപരമായ- ഒരു ഹ്രസ്വ വിവരണം ഈ ചർച്ചയിൽ പ്രസക്തമായിരിക്കും (ഈ അതിസങ്കീർണമായ ചർച്ച ഒരു ഭൗതികശാസ്ത്ര വിശദീകരണം ആവശ്യമുള്ളവർ മാത്രം വായിക്കേണ്ടതുള്ളു.):

ന്യൂ ഹാംഷെയർ സർവകലാശാലയിലെ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ ചന്ദ പ്രെസ്‌കോഡ്-വെയ്ൻസ്‌റ്റൈൻ പറയുന്നു:

“സമയം (കാലം) സ്വതന്ത്രവും നിരുപാധികവുമായ ഒന്നാണ് എന്ന് വിശ്വസിച്ചു കൊണ്ടാണ് നമ്മളിൽ പലരും വളരുന്നത്. എന്നാൽ നമ്മൾ അനുമാനിക്കുന്ന രൂപത്തിലുള്ള ഈ “സമയം”, ഒരു സാമൂഹിക നിർമ്മിതിയാണ്. സാക്ഷാൽ സമയം, യഥാർത്ഥത്തിൽ തികച്ചും വ്യത്യസ്തമായ ഒന്നാണ്. പ്രപഞ്ചത്തിൻ്റെ വ്യത്യസ്ഥമായ വിചിത്ര കോണുകളിൽ, സ്ഥലവും സമയവും നീളുകയും മന്ദഗതിയിലാകുകയും ചെയ്തേക്കം. സമയം ചിലപ്പോൾ പൂർണ്ണമായും തകരുകയും ചെയ്യും.”

( https://www.npr.org/2022/12/16/1139780043/what-is-time-physics-atomic-clocks-society )

1905-ൽ ആൽബർട്ട് ഐൻസ്റ്റൈൻ, പ്രകാശത്തിൻ്റെ വേഗത വ്യത്യാസപ്പെടുന്നില്ല എന്ന് വാദിച്ചു. പ്രകാശത്തിൻ്റെ വേഗത സ്ഥിരതയുള്ളതാണ്, സെക്കൻഡിൽ 186,282 മൈൽ (അഥവാ സെക്കൻഡിൽ 299,792 കിലോമീറ്റർ) വേഗത്തിൽ പ്രകാശം സഞ്ചരിക്കുന്നു. ഗുരുത്വാകർഷണത്തിൻ്റെയും സ്ഥല-കാല ഫാബ്രിക്കിൻ്റെയും ഫലങ്ങളെ ആശ്രയിച്ച് സമയം ഒരു നദി പോലെ കുതിച്ചുയർന്നും ഒഴുകിയും നീങ്ങുകയാണെന്ന് അദ്ദേഹം അനുമാനിച്ചു. വ്യത്യസ്‌ത പിണ്ഡങ്ങളും പ്രവേഗങ്ങളുമുള്ള പ്രപഞ്ചവസ്തുക്കൾക്കു ചുറ്റും സമയം വേഗത്തിലും വേഗത കുറഞ്ഞും ആയി മാറുന്നു, അതിനാൽ ഭൂമിയിലെ ഒരു സെക്കൻഡ് പ്രപഞ്ചത്തിൽ എല്ലായിടത്തും ഒരേ സമയ ദൈർഘ്യം ആയിരിക്കില്ല.

പതിറ്റാണ്ടുകൾക്ക് ശേഷം, ഐൻസ്റ്റീൻ്റെ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കപ്പെട്ടു. 1971 ഒക്ടോബറിൽ, ഭൗതികശാസ്ത്രജ്ഞരായ ജെ.സി. ഹാഫെലെയും റിച്ചാർഡ് കീറ്റിംഗും കിഴക്കോട്ടും പിന്നീട് പടിഞ്ഞാറോട്ടും – ലോകമെമ്പാടും – വിമാനങ്ങളിൽ നാല് സീസിയം ആറ്റോമിക് ക്ലോക്കുകൾ പറത്തി ഐൻസ്റ്റീൻ്റെ സിദ്ധാന്തം പരീക്ഷിച്ചു.

1972-ൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച അവരുടെ പ്രബന്ധത്തിൽ, കിഴക്കോട്ട് സഞ്ചരിക്കുമ്പോൾ എയർബോൺ ക്ലോക്കുകൾ, ഭൂതല ആറ്റോമിക് ക്ലോക്കിനേക്കാൾ 59 നാനോ സെക്കൻഡ് വേഗത കുറവാണ്, പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോൾ ഭൂതല ആറ്റോമിക് ക്ലോക്കിനേക്കാൾ 273 നാനോ സെക്കൻഡ് വേഗത കൂടുതലുമാണ്. അവരുടെ ഫലങ്ങൾ, പ്രപഞ്ചത്തിലുടനീളം സമയം വ്യത്യാസപ്പെടുന്നു എന്ന ഐൻസ്റ്റീൻ്റെ സിദ്ധാന്തത്തെ പിന്തുണച്ചു.

(https://www.space.com/time-how-it-works)

മറ്റൊരു സിദ്ധാന്തം സൂചിപ്പിക്കുന്നത് സമയം കടന്നുപോകുന്നത് നമ്മുടെ പ്രപഞ്ചം വികസിക്കുന്നത് മൂലമാണെന്നാണ്.

പ്രപഞ്ചം വികസിക്കുമ്പോൾ – സ്ഥല-കാലം ഒന്നായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ – അത് സമയത്തെ അതിനൊപ്പം വലിക്കുന്നു. 13.7 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, പ്രപഞ്ചോൽപ്പത്തിക്ക് കാരണമായ മഹാവിസ്ഫോടനം (Big Bang) സംഭവിച്ചപ്പോൾ, നമ്മുടെ പ്രപഞ്ചം -അതോടൊപ്പം സമയവും- പൊട്ടിത്തെറിച്ച് ഉണ്ടായി. അവിടെ നിന്ന് പ്രപഞ്ചവും, ഒപ്പം സമയവും വികസിക്കാനും തുടങ്ങി.

നാം പ്രപഞ്ചത്തിലെ സ്ഥലകാല ഫാബ്രിക്കിന് ഉള്ളിൽ ആയതിനാൽ, പ്രപഞ്ചത്തിൽ എൻ്റ്രൊപിയുടെ (Entropy അടുക്കും ചിട്ടയും ഇല്ലായ്മ) വളർച്ച മൂലം മാത്രമാണ് സമയം ഭാവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായി (The arrow of time) നാം അനുഭവിക്കുന്നത്.

എന്നാൽ ഇത് സൂചിപ്പിക്കുന്ന മറ്റൊരു അത്ഭുതകരമായ വസ്തുതയിതാണ്: പ്രപഞ്ചം, വികാസത്തിൻ്റെ സൈദ്ധാന്തിക പരിധിയിലെത്തുകയും, പ്രപഞ്ചം ചുരുങ്ങാൻ തുടങ്ങുകയും ചെയ്തു എന്ന് സങ്കൽപ്പിക്കുക, അപ്പോൾ സമയം ഇപ്പോഴുള്ളതിന് വിപരീതമായി മാറും. അഥവാ, പ്രപഞ്ചം എപ്പോഴെങ്കിലും വികസിക്കുന്നത് നിർത്തി വീണ്ടും സങ്കോചിക്കാൻ തുടങ്ങിയാൽ, അത് തിരിച്ച് പ്രപഞ്ചോൽപ്പത്തിക്ക് കാരണമായ മഹാവിസ്ഫോടനം (Big Bang) പോലെയുള്ള ഒന്നിലേക്ക് തിരിച്ചു പോകും, സമയം തകർന്ന് നിശ്ചലമാവുകയും ചെയ്യും !!

ആപേക്ഷികതാ സിദ്ധാന്തം പറയുന്നത്, സമയം പ്രപഞ്ചത്തിൽ തുടരുമ്പോൾ തന്നെ തമോഗർത്തത്തിനുള്ളിൽ അത് കാലഹരണപ്പെടുന്നു എന്നാണ്.

( https://www.scientificamerican.com/article/could-time-end/ )

എന്നു വെച്ചാൽ സമയം എന്നതുപോലെ സമയമില്ലായ്മയും ഒരു യാഥാർത്ഥ്യമാണ്.

ആൽബർട്ട് ഐൻസ്റ്റൈൻ്റെ ആപേക്ഷികതാ സിദ്ധാന്തത്തിൽ, സ്ഥലത്തിൻ്റെ (space) ത്രിമാന തലത്തിനോടൊപ്പം സമയത്തെ (Time) നെയ്തെടുക്കപ്പെട്ടതായി അനുമാനിക്കപ്പെടുന്നു. ഇത് ഭൂതം, വർത്തമാനം, ഭാവി എന്നിവ മുഴുവൻ ഉൾക്കൊള്ളുന്ന ഒരു “ബ്ലോക്ക് (കട്ട, കെട്ടിടം) പ്രപഞ്ചം” എന്ന സങ്കൽപ്പത്തെ രൂപപ്പെടുത്തുന്നു.

ഐൻസ്റ്റീൻ്റെ സമവാക്യങ്ങൾ, ബ്ലോക്ക് പ്രപഞ്ചത്തിലെ എല്ലാം, ആദ്യം മുതൽ തന്നെ തീരുമാനിക്കപ്പെട്ടതുപോലെ ചിത്രീകരിക്കുന്നു; പ്രപഞ്ചത്തിൻ്റെ പ്രാരംഭ സാഹചര്യങ്ങൾ പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് നിർണ്ണയിക്കുന്നു, ആശ്ചര്യങ്ങളൊ ആകസ്മികതകളോ സംഭവിക്കുന്നില്ല.

1955-ൽ തൻ്റെ മരണത്തിന് ആഴ്ചകൾക്ക് മുമ്പ് ഐൻസ്റ്റീൻ എഴുതി, “ഞങ്ങൾ ഭൗതികശാസ്ത്രജ്ഞർക്ക്, ഭൂതവും വർത്തമാനവും ഭാവിയും തമ്മിലുള്ള വ്യത്യാസം ശാഠ്യപൂർവ്വം നിലനിർത്തപ്പെടുന്ന ഒരു മിഥ്യ മാത്രമാണ്.”

ഐൻസ്റ്റൈൻ്റെ, കാലാതീതവും (സമയാതീതം) മുൻകൂട്ടി നിശ്ചയിച്ചതുമായ റിയാലിറ്റി എന്ന വീക്ഷണം ഇന്നും ജനപ്രിയമാണ്. “ഭൂരിഭാഗം ഭൗതികശാസ്ത്രജ്ഞരും ബ്ലോക്ക്-പ്രപഞ്ച വീക്ഷണത്തിൽ വിശ്വസിക്കുന്നു, കാരണം അത് പൊതു ആപേക്ഷികതാ സിദ്ധാന്തത്താൽ പ്രവചിക്കപ്പെട്ടിരിക്കുന്നു,” എന്ന് ലിസ്ബൺ സർവകലാശാലയിലെ ഒരു പ്രപഞ്ച ശാസ്ത്രജ്ഞയായ മറീന കോർട്ടെസ് പറയുന്നു.

അപ്പോൾ, നിങ്ങൾ പ്രപഞ്ചത്തിന് പുറത്ത് നിൽക്കുകയാണെങ്കിൽ (സ്ഥലത്തിനും (Space) സമയത്തിനും (Time) പുറത്ത് നിൽക്കുകയാണെങ്കിൽ) നിങ്ങളുടെ ജീവിതത്തിലേക്ക് നോക്കിയാൽ… നിങ്ങളുടെ ജനനവും മരണവും അതിനിടയിലുള്ള ഓരോ നിമിഷവും വ്യതിരിക്തമായ പോയിൻ്റുകളായാണ് നിങ്ങൾ കാണുക. സ്ഥലത്തിനും (Space) സമയത്തിനും (Time) പുറത്ത് നിന്നുള്ള ഈ വീക്ഷണ കോണിൽ (“view from nowhen” എന്നാണ് ഈ വീക്ഷണകോണിനെ ഭൗതിക ശാസ്ത്രജ്ഞർ വിളിക്കുക), സമയം ഒഴുകുന്നില്ല, മറിച്ച് സ്ഥിരവും സ്ഥായിയുമാണ്. സമയം ഭൂതത്തിൽ നിന്ന് വർത്തമാനത്തിലേക്കും തുടർന്ന് ഭാവിയിലേക്കും ഒഴുകുന്നതായ നമ്മുടെ ജീവിതാനുഭവം പ്രപഞ്ചത്തിനുള്ളിലെ -സ്ഥലകാലത്തിനുള്ളിലെ- അനുഭവം മാത്രമാണ്. പ്രപഞ്ചത്തിനപ്പുറം, സ്ഥലകാലത്തിനപ്പുറം ഭൂതം-വർത്തമാനം-ഭാവി എല്ലാം സ്ഥായിയും സ്ഥിരവുമായ പോയൻ്റുകൾ (ബ്ലോക്കുകൾ) മാത്രമാണ്.

പ്രപഞ്ചത്തെക്കുറിച്ചുള്ള ഈ വീക്ഷണം വിചിത്രമായി തോന്നിയേക്കാം, എന്നാൽ പല ഭൗതികശാസ്ത്രജ്ഞരുടെയും അഭിപ്രായത്തിൽ, ഐൻസ്റ്റീൻ്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പോലെയുള്ള നിലവിലെ സ്ഥലകാല സിദ്ധാന്തങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സങ്കൽപ്പം ഇതാണ്. ഈ ബ്ലോക്ക് പ്രപഞ്ചത്തിൽ – പേര് പോലെ തന്നെ – ഭൂതവും വർത്തമാനവും ഭാവിയും എല്ലാം ഓരോ വ്യതിരിക്തവും ഒറ്റക്കൊറ്റക്കും നിലനിൽക്കുന്ന ബ്ലോക്കുകളാണ്. എല്ലാ കാലവും യാഥാർത്ഥ്യമായി ഒരേ സമയം നിലനിൽക്കുന്നു !!

(വളരുന്ന ബ്ലോക് പ്രപഞ്ച സിദ്ധാന്ത (Block Universe theory) പ്രകാരം ഭൂതവും വർത്തമാനവും യാഥാർത്ഥ്യമായി ഒരേ സമയം നിലനിൽക്കുന്നു, ഭാവി വളർന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന, ഒരു വളരുന്ന ബ്ലോകാണ് പ്രപഞ്ചം.)

ഭൂതകാലത്തിൽ നിന്ന് ഭാവിയിലേക്ക് ഒഴുകുന്ന സമയത്തെക്കുറിച്ചുള്ള നമ്മുടെ അനുഭവം, നാം പ്രപഞ്ചത്തിനുള്ളിൽ ആയതുകൊണ്ട്, പ്രപഞ്ചത്തിലെ എൻ്റ്രൊപിയുടെ (Entropy അടുക്കും ചിട്ടയും ഇല്ലായ്മ) വളർച്ച മൂലം മാത്രമാണ് നാം അനുഭവിക്കുന്നത്. .

(https://www.scientificamerican.com/article/that-mysterious-flow-2006-02/)

( https://youtu.be/MAScJvxCy2Y?feature=shared )

ഈ ബ്ലോക് പ്രപഞ്ച സിദ്ധാന്തത്തെ, നാം മതവിശ്വാസികൾ ഒന്ന് എഡിറ്റ് ചെയ്തു നോക്കുന്നത് രസകരമായിരിക്കും; ഒരു ഇസ്‌ലാമിക് എഡിറ്റിംഗ്: ചെയ്ഞ്ചിംഗ് ബ്ലോക് പ്രപഞ്ചം (Changing block Universe)!!!
ഈ ബ്ലോക് (കട്ട, കെട്ടിട) പ്രപഞ്ചത്തിൽ ഭൂതം, വർത്തമാനം, ഭാവി എന്നിവ ഒരേ സമയം യാഥാർത്ഥ്യമായി നില നിൽക്കുന്നു. പക്ഷെ ഭാവിയാവുന്ന ബ്ലോക്ക് (കട്ട, കെട്ടിട) മാറി കൊണ്ടിരിക്കും. മനുഷ്യരുടെ സ്വതന്ത്രേച്ഛയിലൂടെ മാറ്റങ്ങളിലേക്ക് ഭാവിയെ നിർബന്ധിതമാക്കുന്ന പ്രവർത്തനങ്ങൾ നടത്തിയാൽ അതിനനുസരിച്ച് ഈ പ്രപഞ്ച ബ്ലോക്കുകൾക്ക് മാറ്റം സംഭവിക്കും.
സന്ദർഭാധിഷ്ടിതമായ ദൈവ നിർണയം, അഥവാ ക്വദ്ർ (القدر) ആണ് ബ്ലോക്കുകളുടെ ഈ മാറ്റം.

print

No comments yet.

Leave a comment

Your email address will not be published.