വിധി വിശ്വാസം: ഒരു സമകാലിക വായന -15

//വിധി വിശ്വാസം: ഒരു സമകാലിക വായന -15
//വിധി വിശ്വാസം: ഒരു സമകാലിക വായന -15
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -15

തേടിയ വള്ളി കാലിൽ ചുറ്റി: നാസ്തികരും നിർണയവാദവും

“2007 ജൂലൈ 23 ന് അതിരാവിലെ, രണ്ട് കരിയർ കുറ്റവാളികളായ, സ്റ്റീവൻ ഹെയ്‌സും ജോഷ്വയും കോമിസർജെവ്സ്കിയും, സെൻട്രൽ കണക്റ്റിക്കട്ടിലെ ശാന്തമായ നഗരമായ ചെഷയറിലെ ഡോ. വില്യം, ജെന്നിഫർ പെറ്റിറ്റ് എന്നിവരുടെ വീട്ടിൽ എത്തി. സൺറൂമിലെ സോഫയിൽ ഉറങ്ങുന്ന ഡോക്ടർ പെറ്റിറ്റിനെ അവർ കണ്ടെത്തി. ഉറങ്ങുന്ന പെറ്റിറ്റിന്റെ തലയിൽ കോമിസാർജെവ്‌സ്‌കി ഒരു ബേസ്‌ബോൾ ബാറ്റുകൊണ്ട് തലയ്ക്ക് തുടർച്ചയായി അടിച്ചു. അയാൾ നിശബ്ദനാകുന്നതുവരെ തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അടിച്ചു കൊണ്ടിരുന്നു.

പിന്നീട് ഇരുവരും പെറ്റിറ്റിന്റെ കൈകാലുകൾ ബന്ധിച്ച ശേഷം വീടിന്റെ ബാക്കി ഭാഗങ്ങളിൽ തിരച്ചിൽ നടത്താൻ മുകളിലേക്ക് പോയി. ജെന്നിഫർ പെറ്റിറ്റിനെയും അവരുടെ പെൺമക്കളായ – പതിനേഴുകാരിയായ ഹെയ്‌ലിയെയും പതിനൊന്നുകാരിയായ മൈക്കിളയെയും അവർ കണ്ടെത്തി. അവർ മൂന്നുപേരെയും ഉണർത്തി ഉടനെ അവരെ കട്ടിലിൽ കെട്ടിയിട്ടു.

രാവിലെ 7:00 മണിക്ക്, ഹെയ്‌സ് ഒരു പെട്രോൾ സ്റ്റേഷനിൽ പോയി നാല് ഗാലൻ പെട്രോൾ വാങ്ങി.

9: 30 ന്, അവൻ ജെന്നിഫർ പെറ്റിറ്റിനെ അവളുടെ ബാങ്കിലേക്ക്, 15,000 ഡോളർ പിൻവലിക്കാൻ വേണ്ടി കൊണ്ടുപോയി. ജെന്നിഫറും ബാങ്ക് ടെല്ലറും തമ്മിലുള്ള സംഭാഷണം സൂചിപ്പിക്കുന്നത് തന്റെ ഭർത്താവിന്റെ പരിക്കുകളെ കുറിച്ച് അവൾ അറിഞ്ഞിരുന്നില്ലെന്നും അക്രമികൾ തന്റെ കുടുംബത്തെ ഉപദ്രവം കൂടാതെ മോചിപ്പിക്കുമെന്ന് അവൾ വിശ്വസിച്ചിരുന്നുവെന്നുമാണ്.

ഹെയ്‌സും പെൺകുട്ടികളുടെ അമ്മയും അകലെയായിരുന്നപ്പോൾ, കോമിസർജെവ്‌സ്‌കി മൈക്കിളയുടെ നഗ്‌നചിത്രങ്ങൾ തന്റെ സെൽഫോണിൽ എടുത്ത് അവളുടെ മേൽ സ്വയംഭോഗം ചെയ്തു.

ജെന്നിഫറിനൊപ്പം ഹെയ്‌സ് മടങ്ങിയെത്തിയപ്പോൾ, രണ്ടുപേരും പണം വിഭജിക്കുകയും എന്താണ് ചെയ്യേണ്ടതെന്ന് ഹ്രസ്വമായി കൂടിയാലോചിക്കുകയും ചെയ്തു. ഹെയ്‌സ് ജെന്നിഫറിനെ സ്വീകരണമുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യണമെന്ന് തീരുമാനിച്ചു – അപ്രകാരം ചെയ്യുകയുമുണ്ടി. തന്റെ പങ്കാളിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ അവളെ കഴുത്തുഞെരിച്ചു കൊല്ലുകയും ചെയ്തു.

ഈ സമയത്ത്, വില്യം പെറ്റിറ്റ് തന്റെ കെട്ടുകൾ അഴിച്ച് രക്ഷപ്പെടുന്നത് രണ്ടുപേരും ശ്രദ്ധിച്ചു. അവർ പരിഭ്രാന്തരാകാൻ തുടങ്ങി. അവർ വേഗം വീടിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. “തീ കത്തിക്കും മുമ്പ് രണ്ട് പെൺകുട്ടികളെ കട്ടിലിൽ നിന്ന് കെട്ടഴിച്ചുമാറ്റാഞ്ഞത് എന്തുകൊണ്ടാണെന്ന്”? പോലീസ് ചോദിച്ചപ്പോൾ, കോമിസർജെവ്സ്കി പറഞ്ഞു, “അവരുടെ കാര്യം എന്റെ മനസ്സിൽ നിന്ന് വിട്ടു പോയി.” പുക ശ്വസിച്ചാണ് പെൺകുട്ടികൾ മരിച്ചത്. വില്യം പെറ്റിറ്റ് മാത്രമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്…

ഈ കുറ്റവാളികളുടെ ബോധ മനസ്സിലെ ഉദ്ദേശ്യങ്ങൾ എന്തുതന്നെയാവട്ടെ, ഈ മനുഷ്യർക്ക് അവർ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് അറിയാൻ കഴിയില്ല. എന്തുകൊണ്ടാണ് നമ്മൾ അവരെപ്പോലെയല്ലാത്തത് എന്നതിന് നമുക്കും ഉത്തരം നൽകാൻ കഴിയില്ല.

അവരുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെങ്കിലും, ഈ മനുഷ്യരുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ, അവരുടെ ആറ്റത്തിന് ആറ്റം വ്യത്യാസമില്ലാതെ, ഞാനായിരുന്നു അവനെങ്കിൽ, ഞാൻ തുറന്നു സമ്മതിക്കും: അയാളിൽ നിന്നും ഒട്ടും ഞാൻ വ്യത്യസ്ഥമായി പ്രവർത്തിക്കില്ലായിരുന്നു. ആ കുറ്റവാളികളേക്കാൾ വ്യത്യസ്തമായി ലോകത്തെ കാണാൻ സാധ്യമാക്കുന്ന ഒരു അധികഭാഗവും എന്റെ ഉള്ളിലുണ്ടാവില്ല. മറ്റുള്ളവരെ ഇരയാക്കാനുള്ള പ്രേരണയെ ചെറുക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ഒരു ഘടകവും എന്നിൽ ഉണ്ടാവുകയില്ല.”
(FREE WILL: Sam Harris. Free Press. New York, Page: 13, 14)

*****************************

സോക്രറ്റീസ് പൂർവ്വ ഗ്രീക്ക് തത്ത്വശാസ്ത്ര ചരിത്രം മുതൽക്കെ നാസ്തികരായ ഒരുപാട് പേർ നിർണയവാദത്തിൽ ശക്തമായി നിലകൊണ്ടിരുന്നു എന്ന് നാം കാണുകയുണ്ടായി. പുരാതന ആറ്റോമിസ്റ്റുകൾ തുടങ്ങി, ലൂസിപസ്, പിയറി സൈമൺ ലപ്ലാസ്, ബാരൺ ഡോൾബോക്ക്, വില്യം ബോൾ പ്രൊവിൻസ്, ആർതർ ഷോപ്പൻഹോവർ, റോബർട്ട് സപ്പോൾസ്കി തുടങ്ങി നിരവധി നാസ്തികർ ഡിറ്റർമിനിസ്റ്റുകളായിരുന്നു.

ലോക പ്രശസ്തരായ, നവനാസ്തിക ആചാര്യൻമാരിൽ ഭൂരിഭാഗവും നിർണയവാദികൾ തന്നെയാണ്. നാസ്തികരായ തത്ത്വശാസ്ത്ര പണ്ഡിതരും നേതാക്കളും ശാസ്ത്രജ്ഞരുമെല്ലാം വലിയ തോതിൽ നിർണയവാദ ചിന്താഗതിയിലേക്ക് ആകർഷിക്കപ്പെടുന്നു എന്നതിൽ പ്രത്യയശാസ്ത്രപരമായ സൗകര്യം ഒരു കാരണമാണ്. ധാർമ്മികത കേവലം മനുഷ്യ നിർമ്മിതമായ സങ്കൽപ്പങ്ങളാണ് എന്നാണല്ലൊ നാസ്തികപക്ഷം; വസ്തുനിഷ്ഠമായി ഒന്നും നന്മയും തിന്മയുമല്ല. എല്ലാം വ്യക്തിനിഷ്ഠമാണ്. തോന്നിയ പോലെ ജീവിക്കാനുള്ള അവകാശമാണ് ഈ വ്യക്തിനിഷ്ഠ ധാർമ്മികതയിലൂടെ നാസ്തികന് ലഭ്യമാവുന്നത്. അപ്പോൾ തന്റെ കർമ്മങ്ങളും തിരഞ്ഞെടുപ്പുകൾക്കുമുള്ള ഉത്തരവാദിത്തം തനിക്കില്ല എന്നും, എല്ലാം പ്രപഞ്ചത്തിന്റെ നിർണിതമായ പരിണാമങ്ങൾ മാത്രമാണെന്നും കൂടി വിശ്വസിക്കാൻ കഴിഞ്ഞാൽ പിന്നെ നാസ്തിക “തോന്നിയവാസവാദം” സമ്പൂർണ്ണമായി ! “രോഗി ഇച്ഛിച്ചതും വൈദ്യൻ വിധിച്ചതും പാല്” എന്ന് പറഞ്ഞതു പോലെയാണ് നിർണയവാദത്തെ നവനാസ്തികർ വീക്ഷിക്കുന്നത്. സർവ്വ അധാർമ്മികതകൾക്കും പച്ചക്കൊടി വീശാൻ, എല്ലാ കുറ്റകൃത്യങ്ങളുമായി രാജിയാവാൻ, തോന്നിയവാസങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഒഴിയാൻ ഒരു കാര്യകാരണ സഹിതമുള്ള നീതീകരണമായാണ് നിർണയവാദത്തെ നാസ്തികർ ആഘോഷിക്കുന്നത് എന്ന് തുടക്കത്തിലെ ഉദ്ധരിണിയിലൂടെ നമുക്ക് മനസ്സിലാക്കാം.

നവനാസ്തികരുടെ ആരാധനാ മൂർത്തികളായ റിച്ചാർഡ് ഡോക്കിൻൻസും ലോറൻസ് ക്രോസ്സും നിർണയവാദത്തെ അനുകൂലിച്ചു കൊണ്ട് സംസാരിച്ചിട്ടുണ്ട്.
(https://youtu.be/anBxaOcZnGk?feature=shared)

നവനാസ്തികതയുടെ മുഖചിത്രങ്ങളിൽ ഒന്നായ സാം ഹാരിസ്സ് നിർണയവാദത്തെ സ്ഥാപിക്കാനായി, Free Will (സ്വതന്ത്രേച്ഛ) എന്ന ഒരു പഠനം തന്നെ രചിച്ചിട്ടുണ്ട്.

സാം ഹാരിസ്സിന്റെ ഈ പുസ്തകത്തെ സമകാലികരായ നാസ്തികരെല്ലാം സ്തുതിഘോഷങ്ങൾ കൊണ്ട് സ്വാഗതം ചെയ്യുകയുണ്ടായി:

“സ്വതന്ത്രേച്ഛ എന്നത് വളരെ വിശ്വസനീയമായ ഒരു മിഥ്യയാണ്, എത്രത്തോളമെന്നാൽ അത് നമുക്ക് ഇല്ലെന്ന് വിശ്വസിക്കാൻ നാം വിസമ്മതിക്കുന്നു. Free will എന്ന ഈ പഠനത്തിൽ സാം ഹാരിസ് ന്യൂറോ സയൻസും സൈക്കോളജിയും സംയോജിപ്പിച്ച് ഈ മിഥ്യയെ നിഷ്കാസനം ചെയ്യുന്നു. ഹാരിസിന്റെ എല്ലാ പുസ്തകങ്ങളെയും പോലെ, ഇതും നിങ്ങളെ ആശയക്കുഴപ്പത്തിൽ ആക്കുക മാത്രമല്ല നിങ്ങളെ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് വായിക്കുക: വായിക്കാതിരിക്കാൻ നിങ്ങൾക്ക് സ്വതന്ത്ര്യമില്ല.”

-ജെറി എ. കോയ്‌ൻ
(ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഇക്കോളജി ആൻഡ് എവല്യൂഷൻ പ്രൊഫസർ, Why Evolution Is True എന്ന പുസ്തകത്തിന്റെ രചയിതാവ്)

“നിങ്ങൾ ഇച്ഛാസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുകയോ അല്ലെങ്കിൽ വിശ്വസിക്കുന്ന ആരെയെങ്കിലും അറിയുകയോ ചെയ്യുന്നെങ്കിൽ, ഇതാ ഒരു നല്ല മറുമരുന്ന്. യുക്തിദീക്ഷിതവും ആകർഷകവും വായിക്കാൻ അങ്ങേയറ്റം ആസ്വാധ്യകരവുമായ ഈ ചെറിയ പുസ്തകത്തിൽ, സ്വതന്ത്ര ഇച്ഛാശക്തി എന്നൊന്ന് ഇല്ലെന്നും ആയതിനാൽ അത് നിലവിലില്ലെന്ന് തിരിച്ചറിയുന്നതാണ് നമുക്ക് നല്ലത് എന്നും സാം ഹാരിസ് വാദിക്കുന്നു.

നമ്മുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധികൂർമ്മരായ പണ്ഡിതന്മാരിൽ ഒരാളിൽ നിന്നുള്ള രസകരമായ ഒരു ഗവേഷണമാണിത്. ”

-പോൾ ബ്ലൂം
(യേൽ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി പ്രൊഫസറും How Pleasure Works എന്ന പുസ്തകത്തിന്റെ രചയിതാവും)

സാം ഹാരിസ്സിന്റെ Free will എന്ന പുസ്തകത്തിൽ നിന്നും ചില ശ്രദ്ധേയമായ ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു:

“സ്വതന്ത്രേച്ഛ ഒരു മിഥ്യയാണ്. നമ്മുടെ ഇഷ്ടങ്ങൾ നമ്മൾ തന്നെ രൂപപ്പെടുത്തുന്നതല്ല. ചിന്തകളും, ഉദ്ദേശ്യങ്ങളും നമുക്ക് അറിയാത്ത പശ്ചാത്തല കാരണങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്, അതിന്മേൽ നമ്മൾ ബോധപൂർവമായ നിയന്ത്രണം ചെലുത്തുന്നില്ല. നമുക്ക് ഉണ്ട് എന്ന് നമ്മൾ കരുതുന്ന സ്വാതന്ത്ര്യം നമുക്കില്ല.

സ്വതന്ത്ര ഇച്ഛാശക്തി യഥാർത്ഥത്തിൽ ഒരു മിഥ്യാധാരണയേക്കാൾ കൂടുതലാണ് (അല്ലെങ്കിൽ അതിൽ കുറവ്), ഒരു സങ്കല്പമെന്ന നിലയിൽ അത് വൈരുധ്യാത്മകമാണ്. ഒന്നുകിൽ നമ്മുടെ ഇഷ്ടങ്ങൾ മുൻ കാരണങ്ങളാൽ നിർണ്ണയിക്കപ്പെടുന്നു, അവയ്ക്ക് നാം ഉത്തരവാദികളല്ല. അല്ലെങ്കിൽ അവ യാദൃശ്ചികതയുടെ ഉൽപ്പന്നമാണ്, അതിനും നമ്മൾ ഉത്തരവാദികളല്ല. പ്രസിഡന്റിനെ വെടിവയ്ക്കാനുള്ള ഒരാളുടെ ഒരു തീരുമാനം നിർണ്ണയിക്കുന്നത് അയാളുടെ നാടീകോശ പ്രവർത്തനത്തിന്റെ ഒരു പ്രത്യേക പാറ്റേണാണ്. പറഞ്ഞു വരുമ്പോൾ അതും മുൻകാരണങ്ങളുടെ ഫലമാണ്; ഒരുപക്ഷേ നിർഭാഗ്യകരമായ മോശം ജനിതക ഘടന, അസന്തുഷ്ടമായ ബാല്യം, ഉറക്കമില്ലായ്മ, കോസ്മിക്-റേ ബോംബിംഗ് എന്നിവയിലേതെങ്കിലുമാകാം അത്. അത് അയാളുടെ സ്വതന്ത്ര ഇച്ഛ ആണെന്ന് പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്? നമ്മുടെ മാനസികവും ശാരീരികവുമായ പ്രക്രിയകളെ ഒന്നിപ്പിച്ചു കൊണ്ട് ഇത്തരം ഒരു സ്വാതന്ത്ര്യം ഉള്ളതായി തെളിയിക്കുന്ന ഒരു വിശദീകരണവും ആരും ഇത് വരെ നൽകിയിട്ടില്ല. മറ്റു മിക്ക മിഥ്യാധാരണകളും ഇതിനേക്കാൾ ബലപ്പെട്ട കാര്യങ്ങളിലാണ് രൂപപ്പെട്ടിട്ടുള്ളത്.
സ്വതന്ത്ര ഇച്ഛാശക്തിയെക്കുറിച്ചുള്ള ജനകീയമായ ആശയം രണ്ട് അനുമാനങ്ങളിൽ നിലകൊള്ളുന്നതായി കാണപ്പെടുന്നു:

(1) നമുക്ക് ഓരോരുത്തർക്കും നാം മുൻപ് പെരുമാറിയതിൽ നിന്ന് വ്യത്യസ്തമായി പെരുമാറാമായിരുന്നു, (2) നമ്മുടെ മിക്ക ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും ബോധപൂർവമായ ഉറവിടം നമ്മൾ തന്നെയാണ്.

ഈ രണ്ട് അനുമാനങ്ങളും തെറ്റാണ് എന്ന് നമ്മൾ മനസ്സിലാക്കാൻ പോവുകയാണ്.

എന്നാൽ ഇച്ഛാസ്വാതന്ത്ര്യം നമ്മെക്കുറിച്ചുള്ള ഏതെങ്കിലും ആത്മനിഷ്ഠമായ വസ്തുതയുമായി പൊരുത്തപ്പെടുന്നില്ല എന്നതാണ് ആഴമേറിയ സത്യം. ഭൗതികശാസ്ത്ര നിയമങ്ങൾ പോലെ തന്നെ ആത്മപരിശോധനയും ഈ ആശയത്തോട് എതിർപ്പ് പുലർത്തുന്നതായി കാണാം. പ്രത്യക്ഷത്തിൽ ഇച്ഛാശക്തിയുള്ളതായി നമ്മുക്ക് തോന്നുന്ന പ്രവൃത്തികൾ കേവലം സ്വയമേവ ഉണ്ടാകുന്നതാണ്. കൂടാതെ ഇതിനു നമ്മുടെ ബോധമനസ്സിൽ ഒരു കൃത്യമായ ഉത്ഭവസ്ഥാനം കണ്ടെത്താൻ കഴിയില്ല. ഗൗരവകരമായ ഒരു ആത്മപരിശോധന നടത്തുക, എങ്കിൽ അടുത്തതായി ഞാൻ എന്ത് എഴുതാൻ പോവുന്നു എന്നോ, നിങ്ങൾ എന്ത് ചിന്തിക്കാൻ പോവുന്നു എന്നോ ആയ ഒന്നും നിങ്ങൾക്ക് തീരുമാനിക്കാൻ സാധിക്കില്ല എന്ന് നിങ്ങൾക്ക് കണ്ടെത്താം.”
(FREE WILL: Sam Harris. Free Press. New York, Page: 15)

“ഞാൻ സാധാരണയായി ഓരോ ദിവസവും തുടങ്ങുന്നത് ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ചാണ് -ചിലപ്പോൾ രണ്ടെണ്ണം. ഇന്ന് രാവിലെ, അത് കാപ്പി ആയിരുന്നു (രണ്ട്). എന്തുകൊണ്ട് ചായ കുടിച്ചു കൂടാ? അത് അറിയാൻ എനിക്ക് സാധിക്കില്ല. ഇന്ന് എനിക്ക് ചായയെക്കാളും ആഗ്രഹം കാപ്പി കുടിക്കാനാണ്. എനിക്ക് ആവശ്യമുള്ളത് കഴിക്കാൻ എനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഞാൻ ബോധപൂർവം ചായയ്ക്ക് പകരം കാപ്പി തിരഞ്ഞെടുത്തതാണോ? അല്ല, മറിച്ചു എനിക്ക് പരിശോധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യാൻ സാധിക്കാത്ത എന്റെ മസ്തിഷ്കത്തിലെ, ചില സ്ഥിതികളും പ്രവർത്തനങ്ങളും എനിക് വേണ്ടി കാപ്പി തെരഞ്ഞെടുത്തതാണ്…

എന്നിലെ കാപ്പികുടിക്കാരന് വിജയിക്കുന്നതിന് മുമ്പ്, “എന്റെ മനസ്സ് മാറ്റി” ചായ കുടിക്കാൻ എനിക്ക് തീരുമാനിക്കാമായിരുന്നോ? അതെ, എന്നാണുത്തരം. എന്നാൽ ഈ പ്രേരണയും അബോധാവസ്ഥയിലുള്ള കാരണങ്ങളുടെ ഫലമായി ഉണ്ടാകുന്നതായിരിക്കും.

എന്തുകൊണ്ട് ഇന്ന് രാവിലെ ഇത് സംഭവിച്ചില്ല? എന്തുകൊണ്ട് ഇത് ഭാവിയിൽ സംഭവിചേക്കാം? എനിക്ക് അറിയാൻ കഴിയില്ല. ഒരു കാര്യം ചെയ്യാതെ, അതല്ലാത്ത മറ്റൊരു കാര്യം ചെയ്യാനുള്ള ഉദ്ദേശ്യം ബോധ തലത്തിൽ ഉരുവപ്പെടുകയല്ല, ഏതൊരു പ്രേരണയും ചിന്തയും പോലെ തന്നെ അത് ബോധ തലത്തിൽ ഉരുവപ്പെടുന്നത് പോലെ നമ്മുക്ക് പ്രകടമാവുക മാത്രമാണ് ചെയ്യുന്നത്.

ശരീരശാസ്ത്രജ്ഞനായ ബെഞ്ചമിൻ ലിബറ്റ് ഈ പ്രവർത്തനം തെളിയിക്കാൻ EEG ഉപയോഗിക്കുകയുണ്ടായി. ഒരു വ്യക്തിക്ക് അയാൾ ചലിക്കാൻ തീരുമാനിച്ചു എന്നു തോന്നുന്നതിനും ഏകദേശം 300 മില്ലി സെക്കൻഡ് മുൻപ് തന്നെ അയാളുടെ തലച്ചോറിലെ മോട്ടോർ കോർട്ടക്സിൽ പ്രവർത്തനം ആരംഭിച്ചതായി EEG യിൽ കാണപ്പെടുന്നു.”

“ഫങ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (fMRI) ഉപയോഗിച്ച് മറ്റൊരു ലാബ് ഈ പരീക്ഷണം വിപുലീകരിച്ചു: ഒരു സ്ക്രീനിൽ ദൃശ്യമാകുന്ന അക്ഷരങ്ങളുടെ ക്രമരഹിതമായ ശ്രേണി ഉൾക്കൊള്ളുന്ന ഒരു “ക്ലോക്ക്” നോക്കിക്കൊണ്ടിരിക്കെ രണ്ട് ബട്ടണുകളിൽ ഒന്ന് അമർത്താൻ പരീക്ഷണാർത്ഥികളോട് ആവശ്യപ്പെട്ടു. ഒരു ബട്ടൺ അല്ലെങ്കിൽ മറ്റൊന്ന് അമർത്താൻ തീരുമാനിച്ച നിമിഷത്തിൽ ഏത് അക്ഷരമാണ് ദൃശ്യമായിരുന്നതെന്ന് അവർ റിപ്പോർട്ട് ചെയ്തു. തീരുമാനം ബോധപൂർവ്വം എടുക്കുന്നതിനും 7 മുതൽ 10 സെക്കൻഡ് മുമ്പ് തന്നെ ഏത് ബട്ടൺ ആണ് പരീക്ഷണാർത്ഥി അമർത്തുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ രണ്ട് മസ്തിഷ്ക മേഖലകൾ പരീക്ഷകർ കണ്ടെത്തി.

ഈ അടുത്ത കാലത്ത്, കോർട്ടെക്സിൽ നിന്നുള്ള നേരിട്ടുള്ള റെക്കോർഡിംഗുകൾ കാണിക്കുന്നത്, ചലിക്കാനുള്ള ഒരു വ്യക്തിയുടെ തീരുമാനം അയാൾ അത് തിരിച്ചറിയുന്നതിനു 700 മില്ലിസെക്കൻഡ് മുൻപ്‌ തന്നെ 80 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ 256 ന്യൂറോണുകളുടെ പ്രവർത്തനം പര്യാപ്തമാണെന്നാണ്.”

“മസ്തിഷ്ക പ്രവർത്തനത്തിലെ ഏറ്റവും സൂക്ഷ്മമായ മാറ്റങ്ങൾ കണ്ടെത്താനും വ്യാഖ്യാനിക്കാനും നമ്മെ അനുവദിക്കുന്ന ഒരു മികച്ച ന്യൂറോ ഇമേജിംഗ് ഉപകരണം സങ്കൽപ്പിക്കുക. ലാബിൽ “സ്വതന്ത്രമായി” ചിന്തിച്ചും പ്രവർത്തിച്ചും നിങ്ങൾക്ക് ഒരു മണിക്കൂർ ചെലവഴിക്കാം. നിങ്ങളുടെ മസ്തിഷ്കം സ്കാൻ ചെയ്യുന്ന ശാസ്ത്രജ്ഞർക്ക് നിങ്ങളുടെ ഓരോ പ്രവർത്തനത്തിനും കുറച്ച് നിമിഷങ്ങൾ മുമ്പായി നിങ്ങൾ എന്ത് ചെയ്യും, എന്ത് വിചാരിക്കും എന്നതിന്റെ പൂർണ്ണമായ റെക്കോർഡ് തയ്യാറാക്കാൻ കഴിഞ്ഞതായി ശാസ്ത്രജ്ഞർ കണ്ടെത്തി കഴിഞ്ഞു.

ഉദാഹരണത്തിന്, പരീക്ഷണം തുടങ്ങി കൃത്യം 10 മിനിറ്റും 10 സെക്കന്റും ആവുമ്പോൾ നിങ്ങൾ അടുത്തുള്ള ഒരു മേശയിൽ നിന്ന് ഒരു മാഗസിൻ എടുത്ത് വായിക്കാൻ തുടങ്ങാൻ തീരുമാനിച്ചു, എന്നാൽ സ്കാനർ ലോഗ് 10 മിനിറ്റും 6 സെക്കൻഡും ആവുമ്പോൾ തന്നെ ഈ മാനസികാവസ്ഥ കാണിക്കുന്നു-നിങ്ങൾ ഏത് മാസികയാണ് തിരഞ്ഞെടുക്കുക എന്നത് പോലും പരീക്ഷകർക്ക് മുൻകൂട്ടി അറിയാമായിരുന്നു. നിങ്ങൾ കുറച്ച് നേരം ആ മാഗസിൻ വായിച്ചു, പിന്നെ ബോറടിച്ച് നിർത്തി; അതിനു ഒരു സെക്കന്റ് മുന്നേ തന്നെ നിങ്ങൾ നിർത്തുമെന്നും നിങ്ങൾ അവസാനമായി വായിക്കുന്നത് ഏത് വാക്യമാണെന്നും പോലും പരീക്ഷകർക്ക് സെക്കന്റുകൾ മുന്നേ അറിയാമായിരുന്നു. നിങ്ങൾ പ്രധാന പരീക്ഷകന്റെ പേര് ഓർമ്മിക്കാൻ ശ്രമിച്ചു, പക്ഷേ നിങ്ങൾ അത് മറന്നു; ഒരു മിനിറ്റിനുശേഷം നിങ്ങൾ അത് “ബ്രെന്റ്” എന്ന് ഓർത്തു, അത് യഥാർത്ഥത്തിൽ “ബ്രെറ്റ്” ആയിരുന്നു. അടുത്തതായി, നിങ്ങൾ ലാബിൽ നിന്ന് ഇറങ്ങിയതിന് ശേഷം പുതിയ ഷൂസ് വാങ്ങാൻ തീരുമാനിച്ചു. എന്നാൽ വീണ്ടും ചിന്തിച്ചപ്പോൾ, നിങ്ങളുടെ മകൻ അന്ന് നേരത്തെ സ്കൂളിൽ നിന്ന് ഇറങ്ങുമെന്ന് നിങ്ങൾ ഓർത്തു. അതിനാൽ നിങ്ങൾക്ക് ഷോപ്പിംഗിന് പോകാൻ മതിയായ സമയം ലഭിക്കില്ല… നിങ്ങൾ ചെയ്യുന്നതിന് തൊട്ടുമുമ്പ് നിങ്ങൾ എന്താണ് ചിന്തിക്കുന്നതും ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും പരീക്ഷകർക്ക് അറിയാമെന്ന് തെളിയിക്കുന്ന ഈ മാനസിക സംഭവങ്ങളുടെ സമയ ലോഗ്, നിങ്ങളുടെ അനുബന്ധ പെരുമാറ്റത്തിന്റെ വീഡിയോയ്‌ക്കൊപ്പം കാണുന്നത് എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ.

ഓരോ നിമിഷത്തിലും നിങ്ങൾ സ്വതന്ത്രരായി പലതും ചെയ്യുന്നു. എന്നാൽ നിങ്ങൾ എന്താണ് ചിന്തിക്കാൻ പോകുന്നതെന്നും ചെയ്യാൻ പോകുന്നതെന്നും മറ്റൊരാൾക്ക് റിപ്പോർട്ടു ചെയ്യാൻ കഴിയുന്ന അവസ്ഥ ഈ “സ്വാതന്ത്ര്യ” ബോധം ഒരു മിഥ്യ മാത്രമാണെന്ന് തുറന്നു കാട്ടുന്നു.
(FREE WILL: Sam Harris. Free Press. New York, Page: 17)

“നിങ്ങളുടെ മസ്തിഷ്കം സ്കാൻ ചെയ്യുന്ന ശാസ്ത്രജ്ഞർക്ക് നിങ്ങളുടെ ഓരോ പ്രവർത്തനത്തിനും കുറച്ച് നിമിഷങ്ങൾ മുമ്പായി നിങ്ങൾ എന്ത് ചെയ്യും, എന്ത് വിചാരിക്കും എന്നതിന്റെ പൂർണ്ണമായ റെക്കോർഡ് തയ്യാറാക്കാൻ കഴിയുമെന്ന്” വരികിൽ, കാലങ്ങൾക്കതീതനായ ദൈവത്തിന് അങ്ങനെയൊരു “റെക്കോർഡ്” (ലൗഹുൻ മഹ്ഫൂദ്) തയ്യാറാക്കാൻ സാധിക്കും എന്നത് അസാധ്യം എന്നത് പോയിട്ട് ഒരു അത്ഭുതമെങ്കിലും ആണോ?! ഇങ്ങനെയൊരു അതിപ്രസക്തമായ ചോദ്യം ഒരു മത വിശ്വാസിക്ക് ചോദിക്കാനുള്ള അർഹതയില്ലെ? എന്ന് സാന്ദർഭികമായി ചിന്തിക്കുക.

“ഉദ്ദേശം ബോധതലത്തിൽ തെളിയുന്നത് വരെ നമ്മൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് നമ്മൾക്ക് അറിയില്ല. അപ്പോൾ പലരും കരുതുന്നത് പോലെ നമ്മുടെ ചിന്തകളുടെയും പ്രവർത്തനങ്ങളുടെയും രചയിതാക്കൾ നാം അല്ല എന്ന് തിരിച്ചറിയുക. ഈ ഒരു വസ്തുതയെ നമ്മൾ വിലമതിക്കാത്തതിന്റെ ഫലമാണ് “സ്വതന്ത്രേച്ഛ” എന്ന നമ്മുടെ ബോധം.”
(FREE WILL: Sam Harris. Free Press. New York, Page: 18)

“ഇന്ന്, ഇച്ഛാസ്വാതന്ത്ര്യത്തിൽ വിശ്വസിക്കണം എന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടെങ്കിൽ അതിനുള്ള ഒരേയൊരു മാന്യമായ ദാർശനിക മാർഗ്ഗം ഒരു ആനുരൂപ്യതാവാദി (compatibilist) ആവുക എന്നതാണ്. കാരണം, മനുഷ്യന്റെ പെരുമാറ്റത്തെ സംബന്ധിച്ച -എല്ലാ അർത്ഥത്തിലും പ്രസക്തവും കൃത്യവുമായ – വസ്തുതയായി നിർണയവാദം തെളിയിക്കപ്പെട്ടു കഴിഞ്ഞു എന്ന് നമുക്കറിയാം. അപ്പോൾ നിർണയവാദത്തെ നിഷേധിക്കാൻ യാതൊരു മാർഗവുമില്ല. അപ്പോൾ പിന്നെ സ്വതന്ത്രേച്ഛയെ സ്ഥാപിക്കണമെന്ന് വാശിയുണ്ടെങ്കിൽ നിർണയവാദത്തെയും സ്വതന്ത്രേച്ഛയെ അംഗീകരിക്കുന്ന ആനുരൂപ്യതാവാദി ആവാതെ തരമില്ല.

നമ്മുടെ ബോധതലത്തിനപ്പുറമുള്ള നാടീ തല സംഭവങ്ങൾ നമ്മുടെ ചിന്തകളെയും പ്രവൃത്തികളേയും നിർണ്ണയിക്കുന്നു. ഈ നാടീ കോശ സംഭവങ്ങളാകട്ടെ അതിനു മുമ്പ് നടക്കുന്ന കാരണങ്ങളാൽ നിർണ്ണയിക്കപ്പെടുന്നവയാണ്; ആത്മനിഷ്ഠമായ സ്വാധീനങ്ങളൊന്നും അവക്കില്ല.

ആനുരൂപ്യതാവാദികൾ പറയുന്ന “സ്വതന്ത്രേച്ഛ”, സാധാരണക്കാർ തങ്ങൾക്കുണ്ടെന്ന് കരുതുന്ന “സ്വതന്ത്രേച്ഛ” അല്ല. ഒരാളുടെ യഥാർത്ഥ ആഗ്രഹങ്ങളും ഉദ്ദേശ്യങ്ങളും അനുസരിച്ചു പ്രവർത്തിക്കുന്നതിൽ നിന്ന് അയാളെ തടയുന്ന ബാഹ്യമോ ആന്തരികമോ ആയ എന്തെങ്കിലും നിർബന്ധിതാവസ്ഥ ഇല്ലാത്തിടത്തോളം ഒരു മനുഷ്യൻ സ്വതന്ത്രനാണ് എന്നാണ് ആനുരൂപ്യതവാദക്കാർ പറയുന്നത്.”
(FREE WILL: Sam Harris. Free Press. New York, Page: 20)

“എന്റെ ആഗ്രഹങ്ങളെ സ്വാധീനിക്കാൻ എനിക്ക് സാധിക്കുകയില്ല. കാരണം എന്ത് തരം സ്വാധീനശക്തിയാണ് ഞാൻ അതിന് ഉപയോഗിക്കുക? വേറെ ആഗ്രഹങ്ങൾ ഉപയോഗിച്ചാണോ ആഗ്രഹങ്ങളെ സ്വാധീനിക്കുക.?

“ഞാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ, എനിക്ക് വേണമെങ്കിൽ മറ്റൊരു രീതിയിൽ ചെയ്യാമായിരുന്നു” എന്നു പറയുന്നത്, “ഞാൻ മറ്റൊരു പ്രപഞ്ചത്തിലായിരുന്നു എങ്കിൽ ഞാൻ മറ്റൊരു പ്രപഞ്ചത്തിൽ ജീവിച്ചേനെ” എന്ന് പറയുന്നത് പോലെ അർത്ഥശൂന്യമാണ്. അപ്പോൾ ആനുരൂപ്യതവാദവും അർത്ഥശൂന്യമാണ്.

പാവക്കളിക്കാരന്റെ തന്ത്രികളിൽ തൂങ്ങി കിടക്കുന്ന ഒരു പാവ, തന്റെ തന്ത്രികളെ സ്നേഹിക്കുന്നിടത്തോളം സ്വതന്ത്രനാണ് എന്ന് പറയുന്നത് പോലെ ഒരു വാദമുഖമാണ് ആനുരൂപ്യതവാദം.”
(FREE WILL: Sam Harris. Free Press. New York, Page: 22)

“സ്വതന്ത്രേച്ഛ എന്ന മിഥ്യാധാരണ തന്നെ സ്വയം ഒരു മിഥ്യയാണ്. സ്വതന്ത്ര ഇച്ഛാശക്തിക്ക് വസ്തുനിഷ്ഠമായി അർത്ഥമില്ല എന്നതു മാത്രമല്ല പ്രശ്നം (അതായത്, നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും മൂന്നാമത് ഒരു വ്യക്തിയുടെ വീക്ഷണകോണിൽ നിന്ന് വീക്ഷിക്കുമ്പോൾ); അതിൽ ആത്മനിഷ്ഠമായും ഒരു അർത്ഥവുമില്ല.”
FREE WILL: Sam Harris. Free Press. New York, Page: 43)

print

No comments yet.

Leave a comment

Your email address will not be published.