പ്രണയത്തിന് പാഗൻധാര പിൻപറ്റണമെന്നോ?

//പ്രണയത്തിന് പാഗൻധാര പിൻപറ്റണമെന്നോ?
//പ്രണയത്തിന് പാഗൻധാര പിൻപറ്റണമെന്നോ?
ആനുകാലികം

പ്രണയത്തിന് പാഗൻധാര പിൻപറ്റണമെന്നോ?

മൂന്നാം നൂറ്റാണ്ടിൽ അന്തരിച്ച വാലന്റൈൻ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക സൂചിപ്പിക്കുന്ന പ്രകാരം പ്രണയം, അപസ്‌മാരം, തേനീച്ച പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് റോമൻ കത്തോലിക്കാസഭ അംഗീകരിച്ച പാലകപുണ്യവാളനാണ്. വാലന്റൈൻ എന്ന പേരുള്ള പന്ത്രണ്ടോളം വ്യക്തികളുണ്ടെന്ന അഭിപ്രായം പ്രബലമാണ്. കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് 1969ൽ പൊതു റോമൻ കലണ്ടറിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു. ചുരുക്കത്തിൽ, ക്രൈസ്തവരുടെ ഇടയിൽ പോലും ഇതിനെ പറ്റി കൃത്യമായ ധാരണയില്ല.

ക്ളോഡിയസ് രണ്ടാമൻ ചക്രവർത്തിയുടെ കരാളഹസ്തങ്ങളാൽ വാലന്റൈൻ രക്തസാക്ഷിത്വം വരിച്ചതായാണ് റിപ്പോർട്ടുകൾ. അവിവാഹിതരായ പട്ടാളക്കാർ കുടുംബത്തെ പറ്റി ആശങ്കപ്പെടുന്ന വിവാഹിതരായ പട്ടാളക്കാരേക്കാൾ ഉശിരോടെ യുദ്ധത്തിൽ പോരാടുമെന്ന് വിശ്വസിച്ച ചക്രവർത്തി പട്ടാളക്കാർ വിവാഹം ചെയ്യുന്നത് വിലക്കി. വിലക്കിനെ മറികടന്ന് അവരെ വിവാഹം കഴിപ്പിച്ച് കൊടുത്തതിനാണത്രെ വാലന്റൈനെ കൊന്നുകളഞ്ഞത്. മരിക്കുന്നതിന് മുൻപ് അദ്ദേഹം ജയിലറുടെ മകളായ തന്റെ പ്രണയിനിക്ക് കത്തെഴുതി വെച്ചെന്നും ഐതിഹ്യം പറയുന്നു. ഈ കാരണങ്ങൾ കൊണ്ടാണ് വാലന്റൈൻ ലോകത്തുള്ള പ്രണയ ജോഡികൾക്ക് പ്രിയങ്കരനാകുന്നത്. ഫെബ്രുവരി പതിനാലിന് ലോകം പ്രണയദിനമായി കൊണ്ടാടുന്ന “സെയിന്റ് വാലന്റൈൻസ് ഡേ” അഥവാ “വിശുദ്ധ വാലന്റൈൻ ദിന”ത്തിന് പ്രണയത്തിന്റെ പേരിൽ പൂക്കളും ചോക്ലേറ്റുകളും വിലയേറിയ സമ്മാനങ്ങളും കൈമാറുന്നു.

“കാന്റർബറി കഥകൾ” രചിച്ച പ്രശസ്ത സാഹിത്യകാരൻ ജെഫ്രി ചോയ്സറുടെ “ഫൗൾസ് പാർലമെന്റ്” (1375) എന്ന കവിതയാണ് ഈ ആഘോഷത്തിന് തുടക്കമിട്ടതെന്ന് ഹിസ്റ്ററി ചാനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. ഫെബ്രുവരി പതിനാലിന് പക്ഷികളും മനുഷ്യരും പ്രണയം കണ്ടെത്താനായി ഒത്തുകൂടുന്നതായി ഈ കവിത സർഗാത്മകമായി ആവിഷ്ക്കരിക്കുന്നു. ലോകപ്രശസ്ത ലൈബ്രറിയായ അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിന്റെ വെബ്‌സൈറ്റിൽ പറയുന്നത് നോക്കൂ.

“വാലന്റൈൻസ് ഡേയുമായി ബന്ധപ്പെടുത്തുന്ന പ്രണയം ഫെബ്രുവരി 14ന് പക്ഷികൾ അവരുടെ ഇണകളെ തിരഞ്ഞെടുക്കുന്നു എന്ന മധ്യകാല വിശ്വാസത്തിൽ നിന്ന് ഉത്ഭവിച്ചതാകാം.”

പ്രശസ്ത സാഹിത്യകാരനായ വില്യം ഷേക്സ്പിയറിന്റെ ‘ഹാംലറ്റ്’ പോലെയുള്ള നാടകങ്ങളും ആഘോഷത്തെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.

ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ

വാലന്റൈനുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾക്ക് അന്ത്യമില്ല. റോമിലെ സാന്താ മരിയ ബസിലിക്കയിൽ വാലന്റൈന്റെ പുഷ്പങ്ങളാൽ അലങ്കരിച്ച തലയോട്ടി പ്രദർശിപ്പിച്ചിരിക്കുന്നു. ശരീരത്തിലെ പല അസ്ഥികൂട കഷണങ്ങളും ചെക്ക് റിപ്പബ്ലിക്, അയർലൻഡ്, സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലുള്ള പള്ളികളിലേക്ക് വിതരണം ചെയ്യപ്പെട്ടു.

റിയാ രാജകുമാരിക്ക് യുദ്ധദേവനിൽ (മാർസ്) പിറന്ന റോമുലസ്, റെമസ് എന്നിവരാണ് റോമിന്റെ സ്ഥാപകരെന്ന് റോമൻ ഐതിഹ്യം. റോമുലസിൽ നിന്നാണ് ‘റോം’ എന്ന നാമം ലഭിച്ചത്. റിയാ രാജകുമാരിയുടെ പിതാവിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുത്ത ദുഷ്ടനായ അമൂലിയസ് കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രണ്ടുപേരും രക്ഷപ്പെട്ടു. ഒരു ചെന്നായയാണ് അവരെ മുലയൂട്ടി വളർത്തിയത്. അവർ പിന്നീട് വലുതായി രാജ്യം തിരിച്ച് പിടിച്ചതായാണ് റോമൻ മിത്തുകൾ വിവരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് “ല്യൂപ്പർകാലിയ” എന്ന പാഗൻ ആഘോഷം റോമിൽ ഫെബ്രുവരി 15ന് ആചരിച്ചിരുന്നതായി കാണാം. പോപ്പ് ഗെലാഷിയസ്‌ ഒന്നാമൻ ഈ ദിവസത്തിൽ വാലന്റയിൻ ദിനം ആചരിക്കാൻ ഉത്തരവിട്ടു എന്ന അഭിപ്രായം നിലനിൽക്കുന്നു. സുഖപ്രസവത്തിനായി ആടിനെ അറുത്ത് തോല് അരിഞ്ഞ ശേഷം അത് കൊണ്ട് സ്ത്രീകളെ നഗ്നരാക്കി അടിക്കുക തുടങ്ങിയ ആഭാസകരമായ ചടങ്ങുകൾ കൊണ്ട് സമ്പന്നമായിരുന്നു ഈ ആഘോഷം!

വാലന്റൈൻ ദിനമായി ബന്ധപ്പെട്ട് കിടക്കുന്ന പല ആചാരങ്ങളും ബാലിശമാണ്. നേരം വെളുക്കുമ്പോൾ കണി കാണുന്ന വ്യക്തിയെ വിവാഹം ചെയ്യലാണ് ശുഭം എന്നതിൽ തുടങ്ങി പല അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു. കണി കാണുന്ന പക്ഷി ഏതാണോ അതിനനുസരിച്ചുള്ള ഗുണവിശേഷണങ്ങളുള്ള ഇണയെയാണ് ലഭിക്കുക പോലും. ഉദാഹരണത്തിന് കുരുവിയെ കണി കാണുന്ന സ്ത്രീ ഒരു പാവപ്പെട്ട പുരുഷനെയാണ് കല്യാണം കഴിക്കുക. അത് പോലെ, മുറിക്കുന്ന ആപ്പിളിലെ കുരുവിന്റെ എണ്ണമുള്ള കുട്ടികളാണ് ജനിക്കുക എന്ന വിശ്വാസം. ഇന്ന് പല ആചാരങ്ങളും അപ്രത്യക്ഷമായെങ്കിലും വാലന്റൈൻ ദിനം ആചരിക്കാൻ അതൊരു മുടന്തൻ ന്യായമല്ല.

ഇസ്‌ലാമിക വിധി

ശെയ്ഖ് അബ്ദുൽ അസീസ് ആലുശെയ്ഖ് ചെയർമാനും ശെയ്ഖ് ഫൗസാൻ അടക്കമുള്ളവർ അംഗങ്ങളുമായിട്ടുള്ള സൗദി പണ്ഡിത സഭ നൽകിയ ഫത്‌വ വാലന്റൈൻ ആഘോഷിക്കരുതെന്ന് തന്നെയാണ്. അതിന് തെളിവായി ക്വുർആൻ വചനവും ഹദീസും ഇതിൽ ഉദ്ധരിച്ചു കാണാം.

“പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.” (ക്വുർആൻ 5:2)

“ആരെങ്കിലും ഒരു ജനതയെ അനുകരിച്ചാൽ അവൻ അതിൽ ഉൾപ്പെട്ടു.” (അബൂ ദാവൂദ്)

പ്രണയം ഇസ്‌ലാമിൽ

ഇന്ന് സോഷ്യൽ മീഡിയയിൽ തകൃതിയായി കൊണ്ടാടപ്പെടുന്ന ഒരുപാട് ദിനങ്ങളുണ്ട്. മാതൃദിനം, പിതൃദിനം, പ്രണയദിനം തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം. നിത്യവും സ്നേഹിക്കപ്പെടേണ്ട ഉമ്മ, ഉപ്പ, ഇണ എന്നിവരെ സ്നേഹിക്കാനായി ഒരു പ്രത്യേക ദിനം ഇസ്‌ലാം നിജപ്പെടുത്തിയില്ലയെന്നത് സ്വാഭാവികം. അവരോടുള്ള ബാധ്യതകൾ ഏറ്റവും നന്നായി പഠിപ്പിച്ച മതമാണ് ഇസ്‌ലാം. ആ കടമകൾ എല്ലാ ദിവസവും നിറവേറ്റാനാണ് ദൈവം മാനവരോട് കല്പിച്ചിട്ടുള്ളത്. അത് തന്നെയാണ് നൈതികവും. അല്ലാതെ ഇതിന്റെ പേരിൽ ലോകമാന്യത വെച്ച് പുലർത്താൻ സത്യവിശ്വാസികൾക്ക് പ്രവാചകനിൽ (സ) മാതൃകയില്ല. ഇന്ന് സോഷ്യൽ മീഡിയയിൽ കാണുന്നത് അത്തരം ദിവസങ്ങളിൽ ഉമ്മ, വാപ്പ, ഭാര്യ തുടങ്ങിയവരുടെ ഒപ്പം നിൽക്കുന്ന സെൽഫി പോസ്റ്റ് ചെയ്‌ത്‌ റീച്ച് കൂട്ടുക എന്ന രീതിയാണ്.

പതിമൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ടർ ഡ്യൂപോണ്ട് ഫ്രഞ്ച് ഭാഷയിൽ രചിച്ച “പ്രവാചക പ്രണയം” പോലെയുള്ള ക്ഷുദ്ര കൃതികൾ പ്രവാചകൻ (സ)യെ താറടിച്ച് കാണിക്കാൻ ശ്രമം നടത്തി. എന്നാൽ ചരിത്രം അറിയുന്ന അമുസ്‌ലിം ബുദ്ധിജീവികൾ പോലും അതിനെയൊക്കെ തള്ളിക്കളഞ്ഞിട്ടുണ്ട്. മൈക്കിൾ എച്ച് ഹാർട്ട് എന്ന അമുസ്‌ലിം ഗവേഷകന്റെ ലോകത്തെ ഏറ്റവും മികച്ച മഹാന്മാരെ കുറിച്ചുള്ള പഠനത്തിൽ ഒന്നാം സ്ഥാനത്ത് വന്നത് പ്രവാചകൻ (സ) ആണെന്നത് ഏവർക്കും സുപരിചിതമായ സംഗതിയാണല്ലോ. അദ്ദേഹം അടിവരയിട്ട് പറയുന്നത് പ്രവാചകൻ (സ) മികച്ച നേതാവ് എന്ന നിലയിൽ മാത്രമല്ല; കുടുംബ ജീവിതത്തിലും വിജയിച്ച വ്യക്തിയാണെന്ന വസ്തുതയാണ്. പ്രവാചകൻ (സ) ഭാര്യമാരുമായി സല്ലപിച്ച രീതികൾ ചരിത്രത്തിൽ നിന്ന് വ്യക്തമാണ്. ചില സൂചനകൾ മാത്രം നൽകാം.

പ്രണയത്തിന്റെ പേരിൽ സമ്മാനങ്ങൾ കൈമാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ചര്യയിലേക്ക് തന്നെയാണ് പ്രവാചക വചനങ്ങൾ വിരൽ ചൂണ്ടുന്നത്. എന്നാൽ അതിന് ഒരു പ്രത്യേക ദിവസം നിശ്ചയിച്ചിട്ടില്ല എന്നതാണ് നേര്. സ്നേഹിക്കാൻ മുഹൂർത്തമോ കാലമോ നോക്കേണ്ട കാര്യമെന്തിന്? ഭാര്യയുടെ വായിൽ ഭക്ഷണം വെച്ച് കൊടുക്കുന്നതിന് പോലും പ്രതിഫലമുണ്ടെന്ന് പഠിപ്പിച്ച മഹാനായ നേതാവാണ് പ്രവാചകൻ (സ). സഅദ് ബ്‌നു അബീവഖാസ്‌ (റ) ഉദ്ധരിക്കുന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൽ ഇങ്ങനെ കാണാം.

“അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ ചെലവഴിക്കുന്ന ഏതൊരു വസ്തുവിനും നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നതാണ്; ഭാര്യയുടെ വായിൽ വെച്ച് കൊടുക്കുന്ന ഭക്ഷണത്തിന് പോലും.”

ആരാധനകളിൽ പോലും പ്രവാചകൻ(സ)യുടെ നിലപാട് എത്ര വ്യതിരിക്തമാണ്. ആഇശ (റ) ഉദ്ധരിക്കുന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീ സ് നോക്കൂ.

“ഞാൻ ആർത്തവാവസ്ഥയിലായിരിക്കുമ്പോൾ പ്രവാചകൻ (സ) എന്റെ മടിയിൽ ചാരിയിരുന്ന് ക്വുർആൻ പാരായണം ചെയ്യുമായിരുന്നു.”

പ്രണയത്തിന് പ്രാധാന്യം നൽകുന്ന ദർശനമാണ് ഇസ്‌ലാം. പാഗൻ വേരുകളുള്ള വാലന്റൈൻ ദിനത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ട് വേണ്ട മുസ്‌ലിമിന് പ്രണയിക്കാൻ. ലോകം പ്രണയദിനമായി കൊണ്ടാടുന്ന വാലന്റൈൻ ദിനത്തിന് പാഗൻ ബന്ധങ്ങളുണ്ടെന്നത് അവിസ്‌തർക്കമാണ്. അതിനെ പിൻപറ്റാതെ ദൈവികദർശനം തേടുകയാണ് വിശ്വാസി ചെയ്യേണ്ടത്.

“നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.” (ക്വുർആൻ 30:21)

print

No comments yet.

Leave a comment

Your email address will not be published.