വിധി വിശ്വാസം: ഒരു സമകാലിക വായന -14

//വിധി വിശ്വാസം: ഒരു സമകാലിക വായന -14
//വിധി വിശ്വാസം: ഒരു സമകാലിക വായന -14
ആനുകാലികം

വിധി വിശ്വാസം: ഒരു സമകാലിക വായന -14

ധർമ്മം, നിയമം, അർത്ഥം പിന്നെ സ്വതന്ത്രേച്ഛയും

ഇരുപതാം നൂറ്റാണ്ടിൽ, ഇംഗ്ലീഷ് തത്ത്വചിന്തകനായ സർ പീറ്റർ സ്ട്രോസൺ (1919-2006), ഉത്തരവാദിത്തത്തെ കുറിച്ചും, നമ്മുടെ പ്രതികരണങ്ങൾക്ക് അതുമായുള്ള ബന്ധത്തെ കുറിച്ചും ഒരു വീക്ഷണം വികസിപ്പിച്ചെടുത്തു.

ഉത്തരവാദിത്തം ജീവിതത്തിന്റെ ഏത് വശമാണ് സ്വാധീനിക്കുന്നത് ? എന്നതിൽ സ്ട്രോസൺ ശ്രദ്ധ കേന്ദ്രീകരിച്ചു: നീരസം, കൃതജ്ഞത, വിട്ടുവീഴ്ച്ച, സ്നേഹം തുടങ്ങിയ വൈകാരിക പ്രതികരണങ്ങളിലാണ് ഉത്തരവാദിത്തം നേരിട്ട് സ്വാധീനിക്കുന്നത് എന്ന് അദ്ദേഹം നിരീക്ഷിച്ചു.

ഇവയെ അദ്ദേഹം “പ്രതിക്രിയാത്മക മനോഭാവങ്ങൾ” (reactive attitudes) എന്ന് വിളിക്കുന്നു, കാരണം അവ നമ്മോടുള്ള മറ്റുള്ളവരുടെ മനോഭാവത്തോട് പ്രതികരിക്കുന്ന മനോഭാവങ്ങളാണ്.

നീരസം, കൃതജ്ഞത എന്നിങ്ങനെ നമ്മുടെ മനോഭാവങ്ങൾ നമ്മൾ, വ്യക്തികളെ അവരുടെ പ്രവർത്തനങ്ങൾക്ക് ധാർമ്മികമായി ഉത്തരവാദികളായി കാണുന്നു എന്ന വസ്തുതയെ പ്രതിഫലിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരു സഹപ്രവർത്തകൻ എന്നെ അപമാനിച്ചാൽ, എനിക്ക് അയാളോട് നീരസം തോന്നും. വൈകാരികമായ ഈ പ്രതികരണം, അവന്റെ പ്രവർത്തനത്തിന് അവനെ ഉത്തരവാദിയായി നാം കണക്കാക്കുന്നു എന്ന അർത്ഥം ഉൾക്കൊള്ളുന്നു.

നീരസം പോലുള്ള പ്രതികരണ മനോഭാവങ്ങൾ ചില നിബന്ധനളോട് സംവേദനക്ഷമമാണെന്ന് സ്ട്രോസൺ പറയുന്നു. ചിലപ്പോൾ ഒരു വ്യക്തിയുടെ കുറ്റം ആകസ്മികമായൊ അറിവില്ലായ്മ കാരണമൊ ആണെന്നതിനാൽ നാം ക്ഷമിച്ചെന്നു വരും. നീരസത്തിന്റെ ഉചിതമായ ലക്ഷ്യമാകാൻ ശരിയായ കഴിവുകളൊ യോഗ്യതകളൊ ഇല്ല എന്നതിനാൽ ചിലപ്പോൾ നാം ചിലരെയെങ്കിലും നീരസം പോലുള്ള പ്രതികരണ മനോഭാവങ്ങളിൽ നിന്ന് ഒഴിവാക്കും, ഉദാഹരണത്തിന്, കൊച്ചുകുട്ടികളെ വൈകാരിക പ്രതികരണ മനോഭാവങ്ങളിൽ നിന്ന് നാം ഒഴിവാക്കാറാണ് പതിവ്.

സ്ട്രോസന്റെ അഭിപ്രായത്തിൽ, നമ്മുടെ, നീരസം പോലെയുള്ള വൈകാരിക പ്രതികരണ മനോഭാവങ്ങൾ, നിർണയവാദം സത്യമാണോ എന്നതിനോട് സംവേദനക്ഷമതയുള്ളതല്ല.”
(Great Philosophical Debates: Free Will and Determinism: Dr. Shaun Nichols: professor University of Arizona)

മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ, നിർണയവാദം സത്യമാണ് എന്ന് അംഗീകരിച്ചു കഴിഞ്ഞാൽ, അതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യർ പരസ്പരം വൈകാരിക പ്രതികരണ മനോഭാവങ്ങൾ പ്രകടിപ്പിക്കുന്നത് എങ്കിൽ… മനുഷ്യ ബന്ധങ്ങളൊ പരിഗണനകളൊ വിട്ടുവീഴ്ച്ചയൊ ഉത്തരവാദിത്തമൊ ഒന്നും യുക്തിദീക്ഷിതമായിരിക്കുകയില്ല; എല്ലാം നിർണയവാദത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും.

ഒരു കുറ്റ കൃത്യം ഒരു കുട്ടിയാണ് ചെയ്തതെങ്കിലും, ഭ്രാന്തനാണ് ചെയ്തതെങ്കിലും, ബുദ്ധിയും വിവേചന ശേഷിയുമുള്ള ഒരു മുതിർന്ന വ്യക്തിയാണ് ചെയ്തത് എങ്കിലും ഒരേ പ്രതികരണ മനോഭാവങ്ങൾ നമ്മിൽ ഉണ്ടായാലുള്ള സ്ഥിതി എന്തായിരിക്കും?! വ്യക്തികളൊ അവരുടെ ഉത്തരവാദിത്തമൊ അവരുടെ യോഗ്യതയൊ അല്ല, അവരുടെ പ്രവർത്തനത്തിന്റെ ഫലം മാത്രമാണ് പരിഗണനീയം എന്ന അവസ്ഥ നിലവിൽ വരുന്നു.

സ്വന്തം പ്രവർത്തനങ്ങൾക്കുള്ള ഉത്തരവാദിത്തമൊ, കുറ്റബോധമൊ, കടപ്പാടോ, അതിൽ നിന്നും ഉളവാകുന്ന സ്നേഹമൊ… ഒന്നിന്നും അർത്ഥമില്ലാത്ത ലോകം ! ഞാൻ ഒരാളെ വധിച്ചാൽ, എന്നെ ഒരാൾ അപഹരിച്ചാൽ ആരും ഒന്നിന്നും വ്യക്തിപരമായി ഉത്തരവാദിയല്ല; ഒരു മഴ പെയ്തത് പോലെ പ്രപഞ്ച പ്രതിഭാസം മാത്രമാണ് അവ ! മനുഷ്യന്റെ പെരുമാറ്റം, സാമൂഹിക ബന്ധങ്ങൾ, മനോഭാവം, പ്രതികരണങ്ങൾ… എല്ലാം അനുചിതമായിത്തീരുന്നു.

ഇച്ഛാസ്വാതന്ത്ര്യമില്ലെന്ന് ആളുകൾ വിശ്വസിച്ചാൽ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് തികഞ്ഞ അശുഭാപ്തി വീക്ഷണം വെച്ചു പുലർത്തുന്നവരാണ് നിർണയവാദികളായ ചില തത്ത്വചിന്തകരും മനഃശാസ്ത്രജ്ഞരും.

ഇസ്രയേലി തത്ത്വചിന്തകനായ സോൾ സ്മിലാൻസ്കി ഈ ആശങ്കകൾക്ക് ഊന്നൽ നൽകുന്നു. മനുഷ്യർ സ്വതന്ത്ര ഇച്ഛാശക്തിയിലുള്ള വിശ്വാസം ഉപേക്ഷിക്കുകയാണെങ്കിൽ, അത് നിരവധി അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സ്മിലാൻസ്കി അഭിപ്രായപ്പെടുന്നു.

നമ്മുടെ ധാർമ്മിക ജീവിതത്തിന്റെ പ്രധാന ഘടകമായ ഒരു ധാർമ്മിക ആശയമാണ് നിരപരാധിത്വം (innocence): കുറ്റവാളികൾ മാത്രമേ ശിക്ഷിക്കപ്പെടാൻ അർഹതയുള്ളൂ.
മനുഷ്യർ സ്വതന്ത്ര ഇച്ഛാശക്തിയിലുള്ള വിശ്വാസം ഉപേക്ഷിക്കുകയാണെങ്കിൽ, അത് കുറ്റബോധവും (guilt) നിരപരാധിത്വവും (innocence) തമ്മിലുള്ള വ്യത്യാസത്തോടുള്ള നമ്മുടെ ബഹുമാനത്തെ ദുർബലപ്പെടുത്തും.

നമുക്ക് സ്വതന്ത്ര ഇച്ഛാശക്തി ഇല്ലെങ്കിൽ, ഇത്തരം വ്യത്യാസങ്ങൾ നിലനിർത്തുന്നത് തെറ്റാണെന്ന് ചിലർ ചിന്തിച്ചേക്കാം. എന്നാൽ കുറ്റബോധവും നിരപരാധിത്വവും തമ്മിലുള്ള വ്യത്യാസം അസാധുവാക്കുന്നത് വിനാശകരമാണെന്ന് സ്മിലാൻസ്കി കരുതുന്നു.

മനുഷ്യർ സ്വതന്ത്ര ഇച്ഛാശക്തിയിലുള്ള വിശ്വാസം ഉപേക്ഷിക്കുകയാണെങ്കിൽ, തങ്ങളുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം തങ്ങൾക്കുണ്ട് എന്ന ബോധം ഇല്ലാതാവുന്നു. ഇത് മനുഷ്യരുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും വളരെ മോശമായി മാറ്റിയേക്കാം.

ഫ്രഞ്ച് തത്ത്വചിന്തകൻ ജീൻ പോൾ സാർത്രെ (1905-1980) സ്വതന്ത്ര ഇച്ഛാശക്തിയെ പ്രതിരോധിച്ചു, ഒരാളുടെ പെരുമാറ്റത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ ഒരു മാർഗമെന്ന നിലയിൽ സാർത്രെ, ഇച്ഛാശക്തി ഇല്ല എന്ന വിശ്വാസത്തെ, “വിനാശകരമായ വിശ്വാസം” എന്ന് വിളിച്ചു.

മനുഷ്യർ സ്വതന്ത്ര ഇച്ഛാശക്തിയിലുള്ള വിശ്വാസം ഉപേക്ഷിക്കുകയാണെങ്കിൽ, തങ്ങളുടെ ദുഷിച്ച പ്രവൃത്തികൾക്ക് ഒഴികഴിവു കണ്ടെത്താൻ, സ്വന്തം ദുഷിച്ച പ്രവൃത്തികളുടെ ഉത്തരവാദിത്തമൊഴിയാൻ കൂടുതൽ സാധ്യതയുണ്ടെന്ന് സ്മിലാൻസ്കി ഭയപ്പെടുന്നു.

മനുഷ്യർ തങ്ങൾക്ക് ഇച്ഛാസ്വാതന്ത്ര്യമില്ലെന്ന് കരുതുന്നുവെങ്കിൽ, അവർക്ക് “കുറ്റബോധം” (guilt) എന്ന ഒരു മനസ്ഥിതി തന്നെ നഷ്ടപ്പെടും. എന്റെ മോശം പെരുമാറ്റത്തിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല എന്ന് അവർക്ക് സ്വയം തോന്നും, കാരണം തന്റെ നീച പ്രവർത്തനം പ്രാപപഞ്ചിക പരിണാമദശയിലെ ഒരു അനിവാര്യമായ പരിണിതി മാത്രമാണ് എന്ന് ഓരോരുത്തരും മനസ്സിലാക്കുന്ന. ആ “തിരിച്ചറിവ്” അനുസരിച്ചെ മനുഷ്യർ പെരുമാറുകയുള്ളു എന്നാണ് സ്മിലാൻസ്‌കി പറയുന്നത്. ശരിയായ രീതിയിൽ പരസ്പരം പെരുമാറാൻ മനുഷ്യരെ പ്രാപ്തമാക്കുന്ന സുപ്രധാന ഘടകമായ കുറ്റബോധത്തെ (guilt) ഇത് സാരമായി കുറക്കും.

സ്മിലാൻസ്‌കിയുടെ ഈ ആശങ്ക ഒരു നിലക്കും അസ്ഥാനത്തല്ല. നിയമ വിധേയത്വം, ധാർമ്മികത എന്നിങ്ങനെ മനുഷ്യന്റെ വൈയക്തികവും സാമൂഹികവുമായ മാനങ്ങളിൽ ദൂരവ്യാപകമായ തകർച്ച “കുറ്റബോധ”ത്തിന്റെ അഭാവം മൂലം ഉണ്ടാകുമെന്നതിൽ സംശയമില്ല. കുറ്റവാളികളെ കുറിച്ച വ്യക്തിഗത പഠനങ്ങളും കുറ്റകൃത്യങ്ങളെ സംബന്ധിച്ച പൊതുവായ പഠനങ്ങളും എല്ലാം, സ്വതന്ത്രേച്ഛയുടെ അഭാവവും തുടർന്ന് “കുറ്റബോധ”ത്തിന്റെ അഭാവവും ഉണ്ടാകുന്ന അസന്തുലിതാവസ്ഥയെ അനാവരണം ചെയ്യുന്നുണ്ട്.

അമേരിക്കൻ സീരിയൽ കൊലയാളിയായ, ടെഡ് ബണ്ടി 1989-ൽ തന്റെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ്, 36 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി സമ്മതിക്കുകയുണ്ടായി. താൻ തട്ടിക്കൊണ്ടുപോയവരുടെ മൃതദേഹങ്ങൾ അയാൾ പതിവായി പുനർസന്ദർശിക്കുകയും, ശവശരീരങ്ങൾ അഴുകുകയും വന്യമൃഗങ്ങളാൽ നശിപ്പിക്കപ്പെടുകയും ചെയ്യുന്നത് വരെ ശവശരീരങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും വെളിപ്പെട്ടു. ഇരകളിൽ 12 പേരെയെങ്കിലും അയാൾ ശിരഛേദം ചെയ്തിട്ടുണ്ട്. തന്റെ വീട്ടിൽ ശിരഛേദം ചെയ്യപ്പെട്ട ഇരകളുടെ തലകൾ സ്മരണികകളായി സൂക്ഷിച്ചിരുന്നു. ചില അവസരങ്ങളിൽ, അയാൾ രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി, ഇരകളെ അവരുടെ ഉറക്കത്തിൽ മർദ്ദിക്കുകയും അംഗഭംഗം വരുത്തുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും കൂടാതെ ലൈംഗികമായി ആക്രമിക്കുകയും ചെയ്തിരുന്നു.

“ഇതര മനുഷ്യരുടെ വേദനയിൽ നിന്നും മരണത്തിൽ നിന്നും അതിനു ശേഷവും ഇരകളുടെ മേലുള്ള നിയന്ത്രണാധികാരത്തിൽ നിന്നും ആനന്ദം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ് സോഷ്യോപാത്ത്” എന്നാണ് ടെഡ് ബണ്ടിയുടെ ജീവചരിത്രകാരിയായ ആൻ റൂൾ അയാളെ വിശേഷിപ്പിച്ചത്. “നിങ്ങൾ കണ്ടതിൽ വെച്ച് ഏറ്റവും കഠിന ഹൃദയനായ, കണ്ണിൽ ചോരയില്ലാത്ത മഹാ ക്രൂരൻ…”

ടെഡ് ബണ്ടിയുടെ ജീവചരിത്രം പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പുസ്തകത്തിന്റെ പേര് നാം ചർച്ച ചെയ്യുന്ന വിഷയവുമായി വളരെ ബന്ധപ്പെട്ട ഒന്നാണ്…
I’m Not Guilty: The Case of Ted Bundy എന്നാണ് പുസ്തകത്തിന്റെ പേര്. I’m Not Guilty “ഞാൻ കുറ്റക്കാരനല്ല” !! ടെഡ് ബണ്ടിയുടെ പ്രസിദ്ധമായ ഒരു വീക്ഷണം ഇങ്ങനെ വായിക്കാം:

“കുറ്റബോധം. ജനങ്ങളെ നിയന്ത്രിക്കാൻ നാം ഉപയോഗിക്കുന്ന സംവിധാനമാണിത്. കുറ്റബോധം ഒരു മിഥ്യാബോധമാണ്. കുറ്റബോധം ഒരുതരം സാമൂഹിക നിയന്ത്രണ സംവിധാനമാണ്. അത് വളരെ അനാരോഗ്യകരവുമാണ്. അത് നമ്മുടെ ശരീരത്തിന് ഭയാനകരമായ ദുസ്സ്വാധീനങ്ങൾ സൃഷ്ടിക്കുന്നു.”
(Ted Bundy Quoted in Michaud, Stephen; Aynesworth, Hugh (1999) The Only Living Witness: The True Story of Serial Sex Killer Ted Bundy (Paperback; revised ed.). Irving, Texas: Authorlink Press. pg. 320)

സ്മിലാൻസ്കിയുടെ വീക്ഷണത്തെ അനുകൂലിക്കുന്ന മറ്റൊരു ഗവേഷണമുണ്ട്. മനഃശാസ്ത്രജ്ഞരായ കാത്‌ലീൻ വോസും ജോനാഥൻ ഷൂളറും ചേർന്ന് അടുത്തിടെ നടത്തിയ ഒരു പരീക്ഷണം, ഡിറ്റർമിനിസത്തെ നിരസിക്കുന്നതും സ്വീകരിക്കുന്നതും, ആളുകളുടെ ധാർമ്മിക സ്വഭാവത്തെ ബാധിക്കുമോ എന്ന് പരിശോധിക്കാൻ ശ്രമിക്കുന്നു.

പരീക്ഷണത്തിൽ പങ്കെടുക്കുന്നവരെ രണ്ട് വിഭാഗമായി വിഭജിക്കുന്നു. രണ്ട് വിഭാഗങ്ങളിൽ ഒന്നിന്, സ്വതന്ത്രേച്ഛയെ നിഷേധിച്ചു കൊണ്ടുള്ള ഒരു ഗ്രന്ഥ ഭാഗം വായിക്കാനായി നൽകി.
രണ്ടാമത്തെ വിഭാഗത്തിന് ഒരു സാധാരണ ശാസ്ത്ര പഠനവും വായിക്കാൻ നൽകി. സ്വതന്ത്രേച്ഛയെ നിഷേധിച്ചു കൊണ്ടുള്ള ഗ്രന്ഥ ഭാഗം വായിച്ചവർക്ക് പിന്നീട് തങ്ങൾക്ക് സ്വതന്ത്ര ഇച്ഛാശക്തിയുണ്ടെന്ന ആത്മവിശ്വാസം കുറവായിരുന്നു എന്ന് പരീക്ഷണം സൂചിപ്പിച്ചു.

ഇതിനു ശേഷം പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. പരീക്ഷണത്തിൽ പങ്കെടുക്കുന്നവർ കമ്പ്യൂട്ടറിൽ തെളിയുന്ന ഒരു കണക്ക് മനസ്സിൽ ചെയ്ത് പൂർത്തിയാക്കണം.

കംപ്യൂട്ടറിൽ ഒരു തകരാർ ഉണ്ടെന്നും ചോദ്യം വന്നയുടൻ സ്‌പേസ് ബാറിൽ അമർത്തിയില്ലെങ്കിൽ ഉത്തരം പ്രത്യക്ഷപ്പെടുമെന്നും, ഇത് ഒഴിവാക്കാൻ സ്‌പേസ് ബാറിൽ അമർത്തണമെന്നും രണ്ടു വിഭാഗത്തോടും നിർദേശിച്ചു. സ്‌പേസ് ബാറിൽ അമർത്താതെ ഉത്തരം നോക്കൽ വഞ്ചനയായി പരിഗണിക്കപ്പെടുമെന്നും ഇരു കൂട്ടരെയും പരീക്ഷകർ ഉണർത്തി.
സ്വതന്ത്രേച്ഛയെ നിഷേധിച്ചു കൊണ്ടുള്ള ഗ്രന്ഥ ഭാഗം വായിച്ചവരാണ് ഈ പരീഞ്ചണത്തിൽ കൂടുതൽ വഞ്ചന കാണിച്ചത്; സ്‌പേസ് ബാറിൽ അമർത്താതെ ഉത്തരം നോക്കിയത് !!
(Great Philosophical Debates: Free Will and Determinism: Dr. Shaun Nichols: professor University of Arizona)

ഒരു വ്യക്തി സ്വതന്ത്ര ഇച്ഛാശക്തിയിൽ വിശ്വസിക്കുന്നത്, അയാൾ എത്രമാത്രം വഞ്ചിക്കും? എങ്ങനെയൊക്കെ പെരുമാറും? എന്നതിനോട് എത്രത്തോളം ബന്ധം പുലർത്തുന്നു എന്ന് ഗവേഷകർ കണ്ടെത്തി. നിയമം, ധാർമ്മികത, പെരുമാറ്റ ചട്ടം, മര്യാദ, ബന്ധങ്ങൾ, പ്രതികരണങ്ങൾ തുടങ്ങിയ നിരവധി തലങ്ങളെ “ഉത്തരവാദിത്തബോധ”ത്തിന്റെയും “കുറ്റബോധ”ത്തിന്റെയും അഭാവം നാശകരമായി ബാധിക്കും എന്നർത്ഥം.

സ്വതന്ത്രേച്ഛയെ സംബന്ധിച്ച വിശ്വാസം ഇല്ലാതെയാവുന്നത് നമ്മുടെ ജീവിതത്തിന്റെ അർത്ഥത്തെ പോലും ഇല്ലാതാക്കുമെന്നാണ് സ്മിലാൻസ്കിയുടെ അഭിപ്രായം.

നമ്മുടെ ആത്മാഭിമാനബോധം പലപ്പോഴും ഒരു നല്ല വ്യക്തി എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ എന്റെ ജനിതകവും ഞാൻ വളർത്തപ്പെട്ട രൂപവും കാരണം മാത്രമാണ് ഞാൻ ഒരു നല്ല വ്യക്തി ആയതെങ്കിൽ, എന്റെ നന്മയുടെ യാതൊരു അർഹതയും എനിക്ക് ലഭിക്കില്ലെന്ന് തോന്നൽ മുളപൊട്ടുന്നു.

സമാനമായി, ഞാൻ എന്തെല്ലാം നേട്ടങ്ങൾ കൈവരിച്ചുവെന്ന് ഞാൻ കരുതുന്നുവൊ, അവ എന്റെ കഴിവൊ അർഹതയൊ എന്റെ ഇച്ഛയാലൊ പോലുമല്ല ഉണ്ടായത്. എല്ലാം നിശ്ചയിച്ചിക്കപ്പെട്ടതാണ്… എങ്കിൽ ജീവിതം എത്ര അർത്ഥശൂന്യം.!!

സ്മിലാൻസ്കി സ്വയം, സ്വതന്ത്രേച്ഛ മിഥ്യയാണെന്ന് വിശ്വസിക്കുന്നു എങ്കിൽ കൂടിയും, ജനങ്ങളോട് അവർക്ക് സ്വതന്ത്രേച്ഛയില്ലെന്ന് അറിയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനാണ് അദ്ദേഹം ഉപദേശിക്കുന്നത്.

അദ്ദേഹം മായാവാദത്തെ (illusionism) പ്രതിരോധിക്കുന്നു; “സ്വതന്ത്രേച്ഛ എന്നത് മിഥ്യാധാരണ ആണെങ്കിലും ചില മിഥ്യാബോധങ്ങൾക്ക് പലപ്പോഴും മനുഷ്യ ജീവിതത്തിൽ ദൂരവ്യാപകവും ക്രിയാത്മകവുമായ പങ്ക് വഹിക്കാനുണ്ട്” എന്ന വീക്ഷണം.

ഒരു കുറ്റവാളിയും ശിക്ഷക്ക് അർഹനല്ല എന്ന് സ്വതന്ത്രേച്ഛയുടെ അഭാവം സൂചിപ്പിക്കുന്നു. കുറ്റവാളികളെ നമുക്ക് രോഗികളുമായി താരതമ്യം ചെയ്യാം എന്ന സ്ഥിതി. പ്രമേഹരോഗി തന്റെ മോശം രക്തചംക്രമണത്തിന് കാരണമാകുന്നതിനേക്കാൾ തന്റെ ക്രിമിനൽ സ്വഭാവത്തിന് കുറ്റവാളി ഉത്തരവാദിയല്ല. കാരണം കുറ്റവാളി തന്റെ സ്വതന്ത്രേച്ഛ കൊണ്ട് ഒന്നും ചെയ്യുന്നില്ല. അതിനാൽ, കുറ്റവാളിയോട് പ്രതികാര മനോഭാവം സ്വീകരിക്കുന്നത് രോഗിയോട് പ്രതികാര മനോഭാവം സ്വീകരിക്കുന്നത് പോലെ അനുചിതമാണ്.

1872 ൽ പ്രസിദ്ധീകൃതമായ, സാമുവൽ ബട്ട്‌ലറുടെ ആക്ഷേപഹാസ്യ നോവലായ എറെവോണിൽ (Erewhon) ഈ വീക്ഷണം ചിത്രീകരിച്ചിരിക്കുന്നു. വിക്റ്റോറിയൻ സമൂഹത്തിലെ കുറ്റകൃത്യ ശിക്ഷകളെ പരിഹസിച്ചു കൊണ്ടും കുറ്റപ്പെടുത്തിക്കൊണ്ടുമാണ് നോവൽ. ഒരു സാങ്കൽപ്പിക ലോകത്ത്, കുറ്റകൃത്യങ്ങൾ ചെയ്യുന്നവരോട് അനുകമ്പയോടെയാണ് പെരുമാറുന്നത്, ശാരീരിക രോഗങ്ങൾ ഉള്ളവരെ ശിക്ഷിക്കുകയും അപമാനിക്കുകയും ചെയ്യുന്നു ! മാറാ രോഗികൾ ആവർത്തിത കുറ്റവാളികളായി പരിഗണിക്കപ്പെടുന്നു !!

നോവലിൽ കാൽപനികമെങ്കിലും യാഥാർത്ഥ്യത്തിൽ രോഗികളോടുള്ള മനോഭാവം കുറ്റവാളികളോടും, രോഗങ്ങളോടുള്ള മനോഭാവം കുറ്റകൃത്യങ്ങളോടും വന്നു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക ? അത്തരമൊരു ലോകത്ത് ജീവിതം സാധ്യമാണോ? കുറ്റബോധമില്ലാത്ത, ഉത്തരവാദിത്തങ്ങളില്ലാത്ത, കടപ്പാടുകളില്ലാത്ത, ധാർമ്മികതക്ക് പ്രസക്തിയില്ലാത്ത, വൈകാരിക പ്രതികരണങ്ങൾക്കൊന്നും അർത്ഥമില്ലാത്ത, ആത്മാഭിമാനത്തിനൊ ആത്മ സാക്ഷാൽക്കാരത്തിനൊ ഇടമില്ലാത്ത നിർണിത പ്രതിഭാസങ്ങളുടെ മാത്രം ഒരു ലോകം
ജീവിതയോഗ്യമല്ല എന്ന് സ്വാതന്ത്യ്രാൽഘോഷകർ വിമർശിക്കുന്നു. പല നിർണയവാദികളും ഈ അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്നു.!!

print

No comments yet.

Leave a comment

Your email address will not be published.