വനിതാദിന ചിന്തകൾ

//വനിതാദിന ചിന്തകൾ
//വനിതാദിന ചിന്തകൾ
ആനുകാലികം

വനിതാദിന ചിന്തകൾ

മാർച്ച് എട്ട് ആഗോള വനിതാദിനമായി ആചരിക്കപ്പെടുമ്പോൾ സ്ത്രീ എവിടെ നിൽക്കുന്നു എന്നത് ചിന്തിക്കേണ്ടതാണ്.

ലോകം അത്യാധുനികതയുടെ പരമോന്നതിയിലെത്തിയിട്ടും സ്ത്രീകളിന്നും അടിച്ചമർത്തപ്പെടുന്നുവെന്നത് നഗ്നസത്യമാണ്. അവൾക്കേറെ സ്വാതന്ത്ര്യം കൊടുക്കുന്നു എന്ന് കൊട്ടിഘോഷിക്കുന്ന പലർക്കുമിടയിലേക്ക് ഇറങ്ങിച്ചെന്നാൽ കാണാം അവളുടെ അസ്വാതന്ത്ര്യത്തിന്റെ വേലിക്കെട്ടുകൾ.

ആഗോള ഫെമിനിസ്റ്റുകൾക്കിടയിലുള്ള വിലയിരുത്തലിൽ മുസ്‌ലിം സ്ത്രീകളാണ് മാനസികമായും ശാരീരികമായും ഏറെ പീഡനങ്ങൾ അനുഭവിക്കുന്നതും, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരും… അല്ലായെന്നു തെളിയിക്കാൻ മുസ്‌ലിംസ്ത്രീക്ക് സാധ്യമാകുന്നുണ്ടോ…? സാധ്യമാകണമെങ്കിൽ പുരുഷമേൽക്കോയ്മകൾ ഇല്ലാതാവണം.

മതത്തിന്റെ ശരിയായ നിയമങ്ങൾ അനുവർത്തിച്ചു പോരുന്ന കുടുംബസംവിധാനങ്ങൾ ഉണ്ടായിത്തീരണം എന്ന് നമ്മൾ പറയും.

അങ്ങനെയെങ്കിൽ ഇസ്‌ലാംമതത്തിന്റെ നിയമങ്ങൾ ഒരു സ്ത്രീക്ക് പരിരക്ഷ നല്കുന്നതാണോ? ഈയടുത്ത ദിവസങ്ങളിൽ ഒരു സ്ത്രീ തനിക്ക് വിധിക്കപ്പെട്ട ഇദ്ദയെക്കുറിച്ചു പരിതപിക്കുന്നത് കണ്ടു. താൻ ഗർഭിണി ആണോ എന്നറിയാൻ നാലുമാസവും പത്തു ദിവസവും ആരെയും കാണാതെ ദുഖത്തിനുമേൽ ദുഃഖത്തിന്റെ മൂടുപടമണിഞ്ഞു ഇരിക്കേണ്ടുന്ന ദുരവസ്ഥ എത്രമാത്രം വേദനാജനകമാണെന്നതായിരുന്നു അവരുടെ പരാതി.
ഗർഭിണിയാണോ എന്നറിയാനായി നാലുമാസം കാത്തിരിക്കുകയെന്നത് പ്രാചീനകാലത്ത് പോലും മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതാണോ… അപ്പോൾ പിന്നെ ഇദ്ദയെന്ന ആചാരം എന്താണ് സ്ത്രീക്ക് നൽകുന്നത്?

ഭർത്താവ് മരിച്ച ഒരു സ്ത്രീ ഗർഭിണിയാണെങ്കിൽ അവൾ പ്രസവിക്കുന്നത് വരെ ഇദ്ദയിലാണ്. ഗർഭിണിയല്ലാത്തവൾക്ക് നാല് മാസവും പത്തു ദിവസവും. അതെ! ഈ രണ്ടു കൂട്ടരുടെയും ഇദ്ദകാലം അവസാനിക്കുന്നത് വരെ അവളുടെ ഭർതൃവീട്ടുകാർ അവളെ മാനസികമായും ശാരീരികമായും സംരക്ഷിക്കണം. അവളെ ഒറ്റപ്പെടുത്തരുത്. വേണ്ടപ്പെട്ടവർ അവൾക്ക് താങ്ങും തണലുമായി വർത്തിക്കണം. നിർബന്ധപൂർവം അവളെ ജോലിക്ക് വിടേണ്ടതില്ല. ജോലിക്ക് പോകലാണ് അവൾക്ക് ആശ്വാസമെങ്കിൽ തടയേണ്ടതില്ല. ഈ കാലയളവിൽ അവളുടെ മനസ്സും ശരീരവും പാകപ്പെടുന്നത് വരെ അവളെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കാനും പാടുളളതല്ല. അവൾ ഇദ്ദയിലല്ലാത്തപ്പോൾ ആരെയൊക്കെയോ കാണാനും സംസാരിക്കാനും അനുവാദമുണ്ടായിരുന്നുവോ അവരെയൊക്കെ അവൾക്ക് കാണുന്നതിനോ സംസാരിക്കുന്നതിനോ മതം തടസ്സമല്ല. ഏതെങ്കിലുമൊരു കളർ വസ്ത്രത്തിലേക്ക് ഇദ്ദകാലത്തെ പൊതിഞ്ഞുവെക്കാനും അവളോട് മതം അനുശാസിക്കുന്നില്ല…

ഇനി നോക്കൂ: ഇസ്‌ലാമിൽ ഒരു സ്ത്രീക്ക് ആർത്തവമോ, പ്രസവരക്തമോ ഉള്ള സമയത്ത് അവൾക്ക് ആരാധനാകർമ്മങ്ങൾ ചെയ്യേണ്ടതില്ല. അവളുടെ ശരീരത്തിൻറെ വിശ്രമം ലഭിക്കേണ്ട സമയത്ത് സ്നേഹനാഥനായ അല്ലാഹു അവൾക്ക് അവധി കൊടുത്തിരിക്കുന്നു… എന്നിട്ട് മനുഷ്യരായ നമ്മൾ അവളുടെ വിഷമങ്ങൾ കണക്കിലെടുക്കാതെ ആ സമയത്തും അവൾക്ക് മലകയറാൻ വേണ്ടി വാദിക്കുന്നുവെന്നത് എത്രമാത്രം പരിതാപകരമാണ്.

അതുപോലെത്തന്നെ സ്ത്രീയുടെ മേൽ കുടുംബത്തിന്റെ യാതൊരു ചെലവ് വഹിക്കലും ഇസ്‌ലാം ചുമത്തിയിട്ടില്ല… കുടുംബഭാരം പുരുഷന്റെ തോളിലാണ് ഇസ്‌ലാം വെച്ച് കൊടുത്തിട്ടുള്ളത്. എന്നിട്ടും ലോകത്തിലൊരു മതത്തിലും നടപ്പിൽ വരുത്താത്ത അനന്തരാവകാശം സ്ത്രീക്ക് ഇസ്‌ലാം വകവെച്ചു കൊടുത്തു. അവൾക്കിഷ്ടമുള്ള കാര്യങ്ങൾക്കത് ചെലവഴിക്കാം, വിവാഹസമയത്ത് അവൾക്ക് അങ്ങോട്ട് മഹർ നൽകി അവളെ ആദരിച്ചു സ്വന്തമാക്കാനാണ് ഇസ്‌ലാം പഠിപ്പിച്ചത്. ജോലിക്ക് പോകുന്ന സ്ത്രീ അവളുടെ ധനത്തിന്റെ കണക്ക് ആരെയും ബോധിപ്പിക്കേണ്ടതില്ല, അതവളുടെ സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാൻ സമാധാനമതം അവൾക്ക് അനുവാദം കൊടുത്തു.

ഇനി സ്ത്രീക്ക് സാമൂഹ്യകാര്യങ്ങളിൽ എവിടെയെല്ലാം ഇടപെടാമെന്നത് ചരിത്ര വനിതകളിലൂടെ നോക്കുക. സ്നേഹദൂതരുടെ ആദ്യഭാര്യ ഖദീജ (റ) നല്ലൊരു ബിസിനസ്സുകാരിയായിരുന്നു. പത്നി ആഇശ (റ) നല്ലൊരു കവയത്രിയും എഴുത്തുകാരിയുമായിരുന്നു. ഉമ്മു അമ്മാറയെന്ന നസ്വീബ (റ) യുദ്ധക്കളത്തിലെ പോരാളിയായിരുന്നു.

സ്ത്രീക്ക് ഉണ്ടാകേണ്ട തന്റേടവും ആത്മധൈര്യവും പഠിപ്പിക്കുന്നുണ്ട് ലോകത്തിനാകമാനം മാതൃകയായ മറിയം (അ)ഉം ആസിയ ബീവിയും. മറിയം, തന്റെ ഉദരത്തിലെ കുഞ്ഞിന്റെ ജന്മസത്യം അറിയുന്ന അവർ സമൂഹത്തിന്റെ അപവാദകഥകളിൽ ജീവനൊടുക്കിയില്ല, തന്റെ വ്യക്തിത്വവും സത്യവും തന്നെക്കാൾ മറ്റാർക്കും അറിയില്ലെന്ന നിശ്ചയദാർഢ്യം കൊണ്ട് സമൂഹത്തിനെതിരിൽ നിലനിന്നു കൊണ്ട് ജീവിച്ചു കാണിക്കുകയാണ് ചെയ്തത്.

ആസിയ, താൻ വിശ്വസിക്കുന്ന കാര്യത്തിൽ ക്ഷുഭിതനായ ഭർത്താവിന്റെ ക്രൂരമർദ്ധനങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടും തന്റെ ശരിയിൽ നിന്നും തീരുമാനത്തിൽ നിന്നും ഒരടി പിറകിലോട്ടില്ല എന്ന മനക്കട്ടിയിലൂടെ പെണ്ണ് അബലയും തബലയുമല്ല എന്ന് പഠിപ്പിക്കുകയാണവർ ചെയ്തത്.

മരുഭൂമിയിലെ മലയിടുക്കുകളിൽ പിഞ്ചോമനയുമായി ഒറ്റപ്പെട്ടപ്പോൾ കരഞ്ഞു തളർന്നിരുന്ന് തന്റെയും കുഞ്ഞിന്റെയും ജീവൻ അപകടപ്പെടുത്താതെ സാഹസികമായി ആ സമയത്തെ നേരിട്ട് അതിജീവിക്കുകയായിരുന്നു ഹാജർ ചെയ്തത്.

മറിയമിനെയും, ആസിയയെയും ലോകത്താകമാനമുള്ള വിശ്വാസികൾക്ക് മാതൃകയായി എടുത്തുയർത്തി ആദരിച്ചപ്പോൾ, സ്വന്തമെന്നു പറയാൻ ഒരു പേരുപോലുമില്ലാതിരുന്ന അടിമപ്പെണ്ണായ ഹാജറിനെ അവരുടെ സാഹസികതക്കുള്ള വിലമതിക്കാനാവാത്ത അവാർഡായി ഓരോ നിമിഷവും വിശ്വാസികൾ അവരെ സ്മരിക്കുന്ന വിധം സഫാമലകൾക്കിടയിലെ നടത്തത്തിൽ അവരെ നിത്യവസന്തമാക്കി തീർത്തു സ്നേഹനാഥൻ.

ചരിത്രങ്ങൾ വായിച്ചു സ്ത്രീ ക്ഷമിക്കേണ്ടവളും സഹിക്കേണ്ടവളുമാണെന്ന പാഠം പഠിപ്പിച്ചതും, പഠിച്ചതും അവളെ തിരിച്ചറിയാത്ത ചിലരുടെ അബദ്ധങ്ങളാണ്.

ഫെമിനിസ്റ്റുകൾ തലതല്ലിക്കരയുന്നത് പോലെ മുസ്‌ലിം സ്ത്രീകൾ അവരുടെ വിശ്വാസം കൊണ്ടോ മതം കൊണ്ടോ പീഡിതരല്ല, എല്ലാ നിലക്കും സ്ത്രീക്ക് സംരക്ഷണവും സ്വാതന്ത്ര്യവും നൽകി അവളെ ആദരിച്ച മതമാണ് ഇസ്‌ലാം. മുസ്‌ലിം നാമധാരികളായ നമ്മുടെ സഹോദരിമാരും ഫെമിനിസ്റ്റുകളുടെ കൂടെക്കൂടി ഞങ്ങൾക്കും വേണം സമത്വമെന്ന് അലമുറയിടുന്നത് മതം അവൾക്ക് നൽകിയ ആദരവും, അവകാശങ്ങളും നിയമനിർദേശങ്ങളും പഠിച്ചെടുക്കാത്തത് കൊണ്ടാണ്. പ്രിയപ്പെട്ട സഹോദരിമാരെ പാറിപ്പറക്കുന്ന ചിത്രശലഭം കണക്കെ കാവ്യഭംഗിയാർന്നൊരു ജീവിതരീതിയാണ് ഇസ്‌ലാം സ്ത്രീക്ക് നൽകിയിട്ടുള്ളത്. ആ സ്വാതന്ത്ര്യം ആസ്വദിക്കണമെങ്കിൽ വിശുദ്ധഗ്രന്ഥം മുൻവിധികളില്ലാതെ ചിന്താശേഷിയോടെ പഠിച്ചു മനസ്സിലാക്കണം.

print

6 Comments

  • മാഷാ അല്ലാഹ
    I

    Mubashira ali 08.03.2020
  • ഇതൊക്കെ അറിഞ്ഞിരുന്നാൽ ഇസ്ലാമിലെ സ്ത്രീകളുടെ നേരെ തിരിയാൻ സാധിക്കില്ലല്ലോ. മുസ്ലിം നാമധാരികളായ സ്ത്രീകളെ അവർക്കു കളിപ്പാട്ടം ആക്കണ്ടേ. അറിയണമെന്നു ആഗ്രഹിക്കുന്നവർക്ക് നല്ലൊരു ഓർമ്മപ്പെടുത്തലാണ് ത്വാഹിറയുടെ വരികൾ. Mabrook

    Shemi sherif 08.03.2020
  • Ma sha Allah….well said thahirthaaaa ellaaam ulkollichuuuu😍😍😍😍😍

    Shuja 08.03.2020
  • ജമൽ യുദ്ധേ നയിച്ചത് ആയിശ(റ)ആയിരുന്നു എന്നത് ചരിത്രം.സ്വർഗ്ഗം കോണ്ട് സന്തോഷവാർത്ത അറിയികപ്പെട്ട സഹാബാക്കൾ യുദ്ധത്തിൽ പിന്നണിയിൽ ഉണ്ടായിരുന്നു എന്നത് മറ്റൊരു ചരിത്രം.അവരാരും ആയിശ(റ)ചോദ്യം ചെയ്തില്ല എന്നത് മറ്റൊരു ചരിത്രം സത്യത്തിൽ നമ്മൾ തന്നെയെല്ലെ ചരിത്രത്തെ വികലമാക്കിയത്.ചരിത്രമറിയാത്തത് തന്നെയാണ് ഇന്നിന്റെ ശാപം.നല്ലെഴുത്ത്.നല്ല നിരീക്ഷണം.

    ഷംസു ടി ടി 09.03.2020
  • മതമറിയില്ല.. തന്റെ ശക്തിയറിയില്ല.. പെണ്ണ് പതറുന്നതിവിടെയാണ്.. താഹിറ നന്നായി പറഞ്ഞു… എന്നത്തേയും പോലെ മനോഹരമായി എഴുതി..
    സ്നേഹാഭിവാദ്യങ്ങൾ..

    Meharu 09.03.2020
  • well said🤝 പ്രിയ സഹോദരീ…ഒന്ന് രണ്ടു തിരുത്തലുകൾ ഗുണകാംശ ഉദ്ദേശിച്ചു ഇവിടെ ചൂണ്ടിക്കാണിക്കുന്നു.
    ഞാൻ തെറ്റാണെങ്കിൽ പ്രമാണ ബദ്ധമായി എന്നെ തിരുത്തണമെന്ന് അപേക്ഷിക്കുന്നു🙏
    *ഇസ്ലാമിലെ നമസ്കാരം, ത്വവാഫ്, നോമ്പ്, (ഖുർആൻ സ്പർശനവും പാടില്ല എന്ന് ചില പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്
    ) പോലെത്തെ ആരാധനാ കർമ്മങ്ങൾ മാത്രമാണ് ഇസ്ലാം സ്ത്രീകൾക്ക് ആർത്തവ കാലത്ത് ചെയ്യുന്നതിന് വിലക്കിയത്. അതിലൊരു വ്യക്തത കുറവുണ്ട് സംസാരത്തിലുണ്ടായി.
    അതു പോലെ ഇദ്ദയുടെ പൊരുൾ നമുക്ക് മുഴുവൻ അറിയില്ല എന്നതാണ് സത്യം. ചില നിഗമനങ്ങൾ പണ്ഡിതൻമാർ പറയുന്നുണ്ട് എങ്കിലും. ഇസ്ലാം ദൈവിക മതമായത് കൊണ്ട് തന്നെ അതിലെ നിർദ്ദേശങ്ങളിലെ യുക്തി 100% മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയില്ല! ….അത്തരം അവസരങ്ങളിൽ അല്ലാഹുവിന്റെ ആജ്ഞയോട് പരമായ അനുസരണം മാത്രം ആണ് വിശ്വാസിക്ക് വേണ്ടത്. അഥവ അവനെ അനുസരിച്ച് ജീവിക്കാനാഗ്രഹിക്കുന്ന വിശ്വാസിക്കുണ്ടാവേണ്ടത്. അത് കൊണ്ടാണ് അലി (റ) വിനെ പോലത്തെ സ്വഹാബാ ഗുരുവര്യന്മാർ ഇങ്ങിനെ പറഞ്ഞു തന്നിട്ടുള്ളത് ❗”മതം മുഴുവൻ യുക്തിയായിരുന്നുവെങ്കിൽ കുഫ്ഫയുടെ (ഷൂവിന്റെ) അടിയിൽ തടവാനായിരുന്നു പറയേണ്ടിയിരുന്നത് ” (പറഞ്ഞിട്ടുള്ളത് മുകളിൽ തടവാനാണ്) So ഞാൻ പറയുന്നത് ഇസ്ലാമിക നിയമങ്ങളെല്ലാം യുക്തി ഭദ്രമാണ് എന്നാൽ എല്ലാ കാര്യങ്ങളുടേയും യുക്തി മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയില്ല എന്നതാണ് സത്യം. അത് പോലെത്തെ ഒരു വിഷയമാണ് ഇദ്ദയും!….ചില നിഗമനങ്ങളിൽ എത്തിച്ചേരാമെങ്കിലും 100% ഉറപ്പിച്ചു പറയാൻ കഴിയില്ല. ഒരു വിശ്വാസിയെ സംബന്ധിച്ച് അത്തരം സന്ദർഭങ്ങളിൽ സ്നേഹ നാഥന്റെ അനുശാസന പൂർണ്ണ മനസ്സോടെ അനുസരിക്കുക എന്നുള്ളതാണ് ബാദ്ധ്യത. 👇
    آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ
    ദൈവദൂതന്‍ തന്റെ നാഥനില്‍ നിന്ന് തനിക്ക് ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു. അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദപുസ്തകങ്ങളിലും പ്രവാചകന്മാരിലും വിശ്വസിച്ചിരിക്കുന്നു. “പ്രവാചകന്മാരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ലെ”ന്ന് അവര്‍ സമ്മതിക്കുന്നു. അവരിങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: *”ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു*. ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ മാപ്പേകണമേ. നിന്നിലേക്കാണല്ലോ മടക്കം.” (Sura 2 : Aya 285)
    സത്യവിശ്വാസിയെ സംബന്ധിച്ച്
    *മതാനുശാസനകൾ കേൾക്കുക അനുസരിക്കുക* എന്നുള്ളതാണ്. അതിൽ നിർബന്ധമായതും, നമുക്ക് തിരുമാനിക്കാൻ choice അനുവദിച്ചിട്ടുള്ള ഐഛികമായ കാര്യങ്ങളും ഉണ്ടാവും എന്ന് മാത്രം. ഇദ്ദ നിർബന്ധമായും ഒരു വിശ്വാസിനി അനുഷ്ഠിക്കേണ്ടതായ ഒരു കർമ്മംതന്നെയാണ് .
    *Allah knows best*
    😊🥰

    K P Zaibunnisa 10.03.2020

Leave a comment

Your email address will not be published.