നമുക്ക് പാർക്കാൻ കാലിത്തൊഴുത്തുകൾ

//നമുക്ക് പാർക്കാൻ കാലിത്തൊഴുത്തുകൾ
//നമുക്ക് പാർക്കാൻ കാലിത്തൊഴുത്തുകൾ
ആനുകാലികം

നമുക്ക് പാർക്കാൻ കാലിത്തൊഴുത്തുകൾ

ഴിയോരത്ത് മരുന്ന് വിൽപന നടത്തുന്ന മുറിവൈദ്യന്മാരെയും കപട സിദ്ധന്മാരെയും കണ്ടു കണ്ണ് മഞ്ഞളിച്ചിട്ടില്ലാത്ത മലയാളി അറിഞ്ഞോ അറിയാതെയോ “നോക്കണം സാർ, ഈ കൈയിലിരിക്കുന്ന കട്ടുറുമ്പിനെ ആനയാക്കാം, ആനയെ പൂച്ചയാക്കാം, പൂച്ചയെ ചേനയാക്കാം ഇത് മന്ത്രമല്ല മരുന്നിന്റെ മാസ്മരശക്തിയാണ്..” എന്നത് പോലുള്ള വാചക അടി വീരന്മാരുടെ കെണിയിൽ പെട്ടു പോയ കാലം കേരളത്തിൽ കാണാക്കണിയാണ്.

ഇന്ന് അത്തരം തട്ടിപ്പുകൾ സോഷ്യൽ മീഡിയ വഴിയും വാർത്താ മാധ്യമങ്ങൾ വഴിയും പരസ്യം നൽകിയാണ് കച്ചവടം തകൃതിയാക്കുന്നത്. എങ്കിലും സാക്ഷരരായവർ രണ്ടടി മൂന്നിഞ്ച് പിറകോട്ടു മാറി ചിന്തിക്കുന്ന ഈ വേളയിൽ, യാതൊരു ഉളുപ്പും മാനവുമില്ലാതെ ഇന്റർനാഷണൽ ബിസിനസ്സ് രീതിയിൽ പ്രഖ്യാപിച്ച കൗതുക വാർത്തയാണ് “കൊറോണക്ക് പശുവിന്റെ മലവും മൂത്രവും ഉത്തമമാണെന്ന വാർത്ത.”

ലോകത്തെ ഒട്ടുമിക്ക രോഗങ്ങൾക്കും ഇന്ന് വരെ ഒരു മരുന്ന് പോലും കണ്ടുപിടിച്ചിട്ടില്ലാത്ത, ശാസ്ത്രജ്ഞന്മാരല്ലാത്ത, ബീവറേജ് കോർപ്പറേഷനിൽ ക്യു നിൽക്കുന്നവരുടെ ആവറേജ്‌ ബുദ്ധി പോലുമില്ലാത്ത കുറച്ചു പേര് വിളിച്ചു കൂവിക്കൊണ്ട് ഇന്ത്യക്കാരെ മൊത്തം നാണിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കൂടപ്പിറപ്പായ ചങ്ങാതി പിച്ചും പേയും പറയുമ്പോൾ ഒന്നുകിൽ അവനെ തിരുത്തുക അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിൽ ചികിൽസിപ്പിക്കുക എന്ന ബുദ്ധിപോലും ഉദിക്കാത്ത നേരം വെളുക്കാത്തവരെയാണല്ലോ ഈ ഇരുപതാം നൂറ്റാണ്ടിലും നാം കണ്ടു കൊണ്ടിരിക്കുന്നത്.

ഗോത്ര മഹാ സഭയുടെ ഗോമൂത്ര ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് പലവിധ മാലിന്യങ്ങളും മരുന്ന് രൂപത്തിൽ നേരത്തെ വിപണിയിലിറക്കിയിട്ടുണ്ട്. ഇന്ന് ലോകം മുഴുവൻ ഞെട്ടി വിറച്ചു കൊണ്ട് വൈദ്യശാസ്ത്രം നിസ്സഹായരായി കൈനീട്ടി ഇരുന്നപ്പോഴാണ് തങ്ങളുടെ സ്വന്തം പ്രോഡക്റ്റ് ആയ കേക്കുമായി ചിലർ ലോകത്തെ ഞെട്ടിച്ചു കളഞ്ഞത്. ഗോമൂത്ര ചികിത്സയെ കുറിച്ച് ആയുർ വേദം പ്രതിപാദിച്ചിരിക്കുന്നത് പോലും എങ്ങിനെയാണെന്ന് പഠിക്കാതെയുള്ള ഇവരുടെ അന്ധമായ തള്ളൽ കണ്ടു കെണിയിൽ പെടുന്ന പാവങ്ങളുടെ ഭാവി കണ്ടറിയേണ്ടതുണ്ട്.

ഒരു കാലത്ത് തറ മിനുക്കാൻ ഉപയോഗിച്ചിരുന്ന ചാണകത്തിലെ ഔഷധ കലവറ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. സത്യത്തിൽ കാർഷിക രംഗത്ത് മണ്ണ് പുനരുജ്ജീവിപ്പിക്കാനും വിളകളുടെ വളർച്ച, വിളവ്, ഉത്പന്നങ്ങളുടെ ഗുണമേന്മ, സൂക്ഷിപ്പുകാലം എന്നിവ കൂട്ടാനും കാർഷിക രോഗ പ്രതിരോധശേഷിക്കും പഞ്ചഗവ്യം, ഇത് കാർഷിക രംഗത്ത് ഉപയോഗിച്ചിരുന്നു. അസറ്റോബാക്ടർ, ഫോസഫോബാക്ടീരിയ, ന്യൂഡോമോണസ് എന്നീ ഗുണകരമായ ബാക്ടീരിയകളും, നൈട്രജൻ, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവയും ഈ കൂട്ടിൽ കാണപ്പെടുന്നുണ്ട് പോലും.

എന്നാൽ ഈ പഞ്ചഗവ്യത്തിലെ അഞ്ച് ഉത്പന്നങ്ങളായ ചാണകം, ​ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്ത് നിർമ്മിക്കുന്ന മരുന്ന് തന്റെ സ്തനാർബുദം ഭേദമാക്കിയതിന്റെ സന്തോഷം പങ്കിട്ടു കൊണ്ട് ഇതിന്റെ ഗുണമേന്മ ഏവരും അറിഞ്ഞിരിക്കണമെന്നാണ് എം പിയായ പ്ര​ഗ്യ പറയുന്നത്.

ഗോമൂത്രത്തിലെ രാസ ചേരുവകൾ 95 ശതമാനം വെള്ളവും 2.5 ശതമാനം യൂറിയയും ധാതുക്കളും 24 തരം ഉപ്പും ഹോര്‍മോണുകളും 2.5 ശതമാനം എന്‍സൈമുകളുമാണ് അടങ്ങിയിട്ടുള്ളത്. ഇത് കൂടാതെ അയണ്‍, കാല്‍സ്യം, ഫോസ്‌ഫറസ്, കാര്‍ബണിക് ആസിഡ്, പൊട്ടാഷ്, നൈട്രജന്‍, അമോണിയ, മാംഗനീസ്, സള്‍ഫര്‍, ഫോസ്‌ഫേറ്റ്, പൊട്ടാസ്യം, യൂറിക് ആസിഡ്, അമിനോ ആസിഡ് എന്‍സൈം, ലാക്‌ടോസ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ ഉത്തമജൈവവളമായി പ്രവര്‍ത്തിക്കുന്നവയാണ്.

ദിവസവും ​ഗോമാതാവിന്റെ മുതുകു മുതൽ കഴുത്തുവരെയുള്ള ഭാ​ഗം തടവിക്കൊടുത്താൽ ​​ഗോമാതാവ് പ്രസാദിക്കുകയും രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുകയും ചെയ്യും.

തറ വൃത്തിയാക്കാനുള്ള ലോഷൻ ഗോമൂത്രത്തില്‍ നിന്ന് നിർമ്മിക്കുവാൻ യോഗി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കരള്‍ രോഗത്തിനും സന്ധിവേദനയ്ക്കും പ്രതിരോധശേഷിക്കും ഉത്തമ ഔഷധമാണ് ഗോമൂത്രമെന്നും സംസ്ഥാന ആയുര്‍വേദവകുപ്പ് ഇതിനായി എട്ട് മരുന്ന് ഉല്‍പ്പാദിപ്പിച്ചെന്നും വകുപ്പു മേധാവി ഡോ. ആര്‍.ആര്‍ ചൗധരി അഭിപ്രായപ്പെട്ടു. ഇതൊക്കെയും ശാസ്ത്രീയമായി തെളിയിക്കുകയോ ഫലപ്രദമാണെന്ന് കണ്ടെത്തുകയോ ആവശ്യമില്ല, കാരണം, പശു ആരാധകർക്ക് എന്ത് ശാസ്ത്രം എന്ത് വൈദ്യം.

ഗോമൂത്രത്തിന്റെ മേന്മകൾ പരിശോധിച്ചാൽ..
ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവ് അപാരമാണ്. വേപ്പിലയിലും നാരങ്ങയിലും അടങ്ങിയ മരുന്നിനേക്കാൾ പതിന്മടങ്ങ് ശക്തിയുള്ള ഫംഗസുകളെ തുരത്താനുള്ള മിടുക്ക്, മുറിവ് ഉണക്കാനുള്ള ആന്റിസെപ്റ്റിക് ഔഷധം, വയറിലും കുടലിലും അനുഭവപ്പെടുന്ന വേദന, ദഹന പ്രശ്നം തുടങ്ങി പ്രമേഹത്തിനും ഉത്തമ പരിഹാരമാണെന്ന് ഇതിന്റെ വക്താക്കൾ അവകാശപ്പെടുന്നു.

ഗോമൂത്രത്തിൽ ധാരാളം ആന്റി ഓക്സിഡന്റികൾ അടങ്ങിയിരിക്കുന്നതിനാൽ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷി രോഗ തീവ്രത കുറയ്ക്കാൻ സാധിക്കും എന്നതിനോടൊപ്പം ചാണകം കൂടി ചേർന്നാൽ മുഴുവനായും ഭേദമായേക്കും.

ഇതിൽ അടങ്ങിയിട്ടുള്ള ധാധുക്കളുടെയും പോഷകങ്ങളുടെയും ഗുണമറിഞ്ഞാൽ മനുഷ്യൻ സ്വമേധയാ ഒരു ഗോമൂത്ര അടിമയായി തീർന്നേക്കാം..

തീൻ മേശകളിൽ വിളമ്പാനുള്ള സൂപ്പർ മരുന്നായി കടിച്ചു മുറിച്ചു തിന്നുവാനുള്ള ചാണക കേക്കും ദാഹ ശമനിയായി ഗോമൂത്രവും കുടിക്കുന്നതോടെ കൊറോണ പമ്പയും യമുനയും കടന്നിരിക്കും കട്ടായം.

ചില മനുഷ്യർ ഇത്തരം മാലിന്യങ്ങൾ അകത്താക്കുന്നത് കൊണ്ടാണോ ശരിയായി ബുദ്ധി ഉദിക്കാത്തതെന്ന് ചിന്തിച്ചാൽ കുഴപ്പമാവുമോ..

ഇതിൽ മസ്തിഷ്ക ജ്വരത്തിനോ ഉന്മാദത്തിനോ മരുന്നുണ്ടെന്ന് പറയാത്തത് ഭാഗ്യമായി കാണാം. മൊത്തത്തിൽ ചികഞ്ഞു നോക്കിയാൽ ഒരു പശുവിന് തന്റെ മുന്നിൽ നിൽക്കുന്ന മനുഷ്യൻ തന്റെ ആരാധകനാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത അതേ നിലപാട് തന്നെയാണ് തന്റെ മുന്നിൽ നിൽക്കുന്ന അന്യമനുഷ്യരോടുള്ള പശുസ്നേഹികളുടെ നിലപാടുമെന്നതിൽ വലിയ ആശ്ചര്യമൊന്നും തോന്നുന്നില്ല .

നാൽക്കാലികൾ കഴിക്കുന്ന വൈക്കോലും കടലപ്പിണ്ണാക്കും തന്നെയാണ് ഇവരും തിന്നുന്നതെന്നാണ് തോന്നുന്നത്; എന്ന് പറയാതെ വയ്യ.

തലമണ്ടക്ക് മണ്ഡരി ബാധിച്ചവർ തൽക്കാലം കസേരയും മേശയും ആലയിൽ കൊണ്ട് പോയി വെച്ചാൽ മതി, അല്ലാതെ മാലിന്യം തീൻ മേശക്കരികിലേക്കല്ല ക്ഷണിക്കേണ്ടത്. ശുദ്ധമായ വായു സഞ്ചാരവും മാനസിക ഉല്ലാസവും ആത്മനിർവൃതിയും കൈവരിക്കാൻ ഇനി മനുഷ്യർ കാലിത്തൊഴുത്തുകളിൽ രാപ്പാർക്കുന്ന കാലം വിദൂരമല്ല.

print

No comments yet.

Leave a comment

Your email address will not be published.