ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -19

//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -19
//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -19
ആനുകാലികം

ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -19

ഇസ്‌ലാമിലെ അടിമ അധഃസ്ഥിതനല്ല !!

ഇനി അടിമത്തം നിര്‍ത്തലാക്കിയതിന്റെ മെച്ചപ്പെട്ട ഉദാഹരണമായി കൊട്ടിഘോഷിക്കപ്പെടുന്ന സംഭവമാണല്ലോ എബ്രഹാം ലിങ്കന്റെ നടപടി. അമേരിക്കയിലെ അടിമസമ്പ്രദായ നിര്‍മാര്‍ജനം. അതുകൂടി ഒരല്‍പം പരിശോധിക്കാം.

1619ലാണ് അമേരിക്കന്‍ കോളനികളില്‍ അടിമത്തം ആരംഭിച്ചത്. നീഗ്രോവംശജരായിരുന്നു അടിമകള്‍. ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് അടിമകളെ ഇറക്കുമതി ചെയ്തത്. സ്വതന്ത്ര മനുഷ്യരെ പിടിച്ചുകൊണ്ടുവന്ന് അടിമകളാക്കുകയാണ് മിക്കപ്പോഴും ചെയ്തിരുന്നത്. അമേരിക്കയില്‍ കോളനി സ്ഥാപിച്ചത് ക്രിസ്ത്യന്‍ സമൂഹമാണ്. പക്ഷേ അവര്‍ എല്ലാവരും അടിമത്തത്തെ അനുകൂലിക്കുന്നവരായിരുന്നില്ല. അവരില്‍ ക്വാക്കര്‍മാര്‍ വിഭാഗമാണ് അടിമത്തത്തെ പ്രധാനമായും എതിര്‍ത്തത്. അടിമവ്യാപാരവുമായി ബന്ധമുള്ളവര്‍ക്ക് തങ്ങളുടെ മതത്തില്‍ അംഗത്വം നല്‍കുകയില്ലെന്ന് 1774ലും ഉടമകള്‍ക്ക് അംഗത്വം നല്‍കുകയില്ലെന്ന് 1776ലും അവര്‍ തീരുമാനിച്ചു. 1774ലാണ് അവിടെ അടിമത്ത നിര്‍മാര്‍ജന പ്രസ്ഥാനം രൂപം കൊള്ളുന്നത്. അമേരിക്കന്‍ ഭരണഘടന രൂപം കൊള്ളുന്നതും അതേവര്‍ഷമാണ്. ഭരണഘടനാ നിര്‍മാതാക്കള്‍ എല്ലാവരും തന്നെ അടിമത്തത്തിന് എതിരായിരുന്നു. 20 വര്‍ഷം കഴിഞ്ഞാണ് വിദേശരാജ്യങ്ങളില്‍നിന്ന് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാന്‍ കോണ്‍ഗ്രസിന് അധികാരം ലഭിക്കുന്നത്. വെര്‍മോണ്ടില്‍ പ്രായപൂര്‍ത്തിയായ അടിമകളെ മോചിപ്പിക്കാന്‍ നിയമമുണ്ടാക്കിയത് 1777ലാണ്. 1780ല്‍ പെന്‍സില്‍വാനിയ സമാന നിയമമുണ്ടാക്കി. ആ വര്‍ഷം ജനിക്കുന്ന കുട്ടികളെ 28 വയസ്സ് പ്രായമാകുമ്പോള്‍ മോചിപ്പിക്കാം എന്നതായിരുന്നു നിയമം. 1804നകം അടിമത്തം ഒറ്റയടിക്കോ പടിപടിയായോ അവസാനിപ്പിക്കാന്‍ മസാച്യുസെറ്റ്‌സ്, ന്യൂഹാംഷെയര്‍, റോഡ് ഐലന്റ്, കണക്റ്റിക്കെട്ട്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ സംസ്ഥാനങ്ങള്‍ നിയമം നിര്‍മിച്ചു. 1800ല്‍ 16ല്‍ എട്ടു സംസ്ഥാനങ്ങളും അടിമത്ത നിരോധനിയമം നിര്‍മ്മിച്ചു.

എന്നാല്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ അടിമത്തത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് ഈ ഘട്ടങ്ങളിലൊക്കെ ഏര്‍പ്പെട്ടിരുന്നത്. 1803ല്‍ മിസ്സോറിയെ വിലക്കുവാങ്ങിയത്, 1820ലെ മിസ്സോറിയെ സംബന്ധിച്ചുള്ള അനുരഞ്ജനതീര്‍പ്പ്, 1845ലെ ടെക്‌സസ് പിടിച്ചെടുക്കല്‍, 1850ലെ ഒളിച്ചോടുന്ന അടിമകളെ തിരിച്ചുകൊണ്ടുവരാനുള്ള നിയമം, 1854ലെ കാന്‍സാസ്-നെബ്രാസ് അബീല്‍, 1857ലെ ഡ്രെഡ്‌സ് കോട്ടിനെപ്പറ്റിയുള്ള സുപ്രീം കോടതിവിധി എന്നിവയൊക്കെ അവര്‍ക്ക് ശക്തി പരുന്നതായിരുന്നു. അടിമത്തം നിലനിന്നിരുന്ന സംസ്ഥാനങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളും അതിനനുകൂലമായിരുന്നു. എന്നല്ല അടിമത്തത്തിനെതിരില്‍ സംസാരിക്കുന്നതുപോലും വിലക്കാന്‍ അവര്‍ ശ്രമിച്ചു. 1860ല്‍ എബ്രഹാം ലിങ്കണ്‍ പ്രസിഡന്റായതില്‍ പിന്നെ അദ്ദേഹമാണ് അടിമത്തം നിരോധിച്ചത്. അതാകട്ടെ തെക്കും വടക്കും തമ്മിലുള്ള യുദ്ധത്തില്‍ വിമോചിത അടിമകള്‍ പട്ടാളസേവനത്തിന് തങ്ങളുടെ പക്ഷത്ത് നിലകൊള്ളുമെന്ന താല്‍പര്യത്തോടുകൂടിയായിരുന്നുതാനും. 1865ലാണ് അടിമത്തം എന്നെന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ട് ഭരണഘടന ഭേദഗതി ചെയ്തത്.

ഇവിടെയും പടിപടിയായാണ് അടിമത്തനിരോധനം നടപ്പിലാക്കിയത്. കാരണം ഒറ്റയടിക്ക് അവസാനിപ്പിക്കാവുന്ന ഒരു നടപടിക്രമമായിരുന്നില്ല അത് എന്നതുതന്നെ. മാത്രമാണോ, അതിന്റെ പേരില്‍ അമേരിക്ക ഒടുക്കേണ്ടി വന്ന വില എത്ര ഭീമമായിരുന്നുവെന്നോ!

എന്നാല്‍ ഈ രംഗത്ത് ഇസ്‌ലാം വരുത്തിയ മാറ്റം ഏറെ ശ്രദ്ധേയമാണ്. ഇസ്‌ലാം ഒന്നാമത് ചെയ്തത് ഇരുവിഭാഗത്തിനുമിടയ്ക്ക് സൗഹൃദവും സാഹോദര്യവും സ്ഥാപിക്കുകയാണ്. അടിമയെ അടിമ എന്നോ ഉടമയെ ഉടമ എന്നോ സംബോധന ചെയ്യരുതെന്ന് നിര്‍ദേശിക്കുക വഴി ഇസ്‌ലാം ഇരുവിഭാഗത്തെയും സമന്വയിപ്പിക്കുകയായിരുന്നു. പരസ്പരം ഉള്‍ക്കൊള്ളലിന്റെ മാത്രമല്ല ആഢ്യമനോഭാവത്തില്‍നിന്ന് ഉടമയെ ഇറക്കിക്കൊണ്ട് വരിക, വിധേയത്വഅപകര്‍ഷതാബോധത്തില്‍നിന്ന് അടിമയെ ഉയര്‍ത്തിക്കൊണ്ടു വരികയും എല്ലാവരും ഒരേ സ്രഷ്ടാവിന്റെ അടിമകളാണെന്നും എല്ലാവരുടെയും ഉടമ ആ സ്രഷ്ടാവ് മാത്രമാണെന്നും ആത്യന്തികമായി ആ ഒരു ഉടമയോടു മാത്രമാണ് പൂര്‍ണവും നിരുപാധികവുമായ വിധേയത്വമെന്നുമുള്ള ഇസ്‌ലാമിന്റെ ഏകദൈവത്വ ഏകമാനുഷവിഭാഗ ദര്‍ശനമാണ് അതിനുപയോഗപ്പെടുത്തിയത്. അവിടെ മനുഷ്യന്‍ മനുഷ്യനെ അനുസരിക്കുന്നതിനുപോലും ഇസ്‌ലാം പരിധി നിശ്ചയിച്ചു. കല്‍പനക്കും അങ്ങനെ തന്നെ. ആരോടും എന്തും കല്‍പ്പിക്കാന്‍ അധികാരമില്ലാത്തപോലെ തന്നെ ആരെയും എല്ലാറ്റിലും അനുസരിക്കാന്‍ ബാധ്യതയില്ലെന്നും അത് പഠിപ്പിച്ചു. അടിമയും ഉടമയും പരസ്പര സഹോദരങ്ങള്‍ എന്ന മറ്റൊരു പാഠം കൂടി ഇസ്‌ലാം അവരെ പഠിപ്പിച്ചു. തന്റെ സഹോദരന് താങ്ങാവുന്ന ഭാരമേ തൊഴില്‍രംഗത്ത് അവനെ വഹിപ്പിക്കാവൂ എന്ന് ഉടമയോടു കല്‍പ്പിച്ചു. ഭാരിച്ച ജോലിയാണ് ഏല്‍പ്പിക്കുന്നതെങ്കില്‍ ഉടമ അവനെ സഹായിക്കണമെന്നു നിര്‍ദേശിച്ചു. തന്റേതിനു സമാനം ഭക്ഷണം, വസ്ത്രം എന്നിവ അവനു നല്‍കിയിരിക്കണം. അതീവനിസ്സാര അവഹേളനമോ നിയമനിഷേധമോ നടന്നാല്‍പോലും ഉടമയ്‌ക്കെതിരില്‍ നിയമനടപടി കൈക്കൊള്ളാന്‍ അടിമയ്ക്ക് അവകാശം നല്‍കി. അടിമ മോചനപത്രമെഴുതാന്‍ ആവശ്യപ്പെട്ടാല്‍ അത് ചെയ്തുകൊടുക്കണമെന്നു മാത്രമല്ല, മോചനസംഖ്യ പൂര്‍ണമായി സ്വരൂപിക്കാനാവാത്തവനെങ്കില്‍ അക്കാര്യത്തില്‍ അവനെ സാമ്പത്തികമായി സഹായിക്കണം. സക്കാത്തിന്റെ സമ്പത്തില്‍ അടിമമോചനത്തിന് ഒരു വിഹിതം വിനിയോഗിക്കണം. ഇസ്‌ലാം ഈ രംഗത്തുമുന്നോട്ടുവെച്ച നിര്‍ദേശങ്ങളും ആജ്ഞകളുമാണ് ഇവയെല്ലാം. പ്രതിഫലമൊന്നും ആഗ്രഹിക്കാതെ തന്നെ അവരെ മോചിപ്പിക്കുന്നത് പ്രധാന പുണ്യകര്‍മമായി പ്രഖ്യാപിച്ചത് അതിനും പുറമെയാണ്. ഇരുപക്ഷത്തെയും പരസ്പരം ശത്രുക്കളാക്കുകയായിരുന്നില്ല, പകരം മിത്രങ്ങളാക്കുകയായിരുന്നു ഇസ്‌ലാം. അതുകൊണ്ടാണ് അടിമയുടെ ഒളിച്ചോട്ടം ഇസ്‌ലാം വിലക്കിയത്. നടേപറഞ്ഞ രീതിയിലുള്ള സാഹോദര്യ-സ്‌നേഹബന്ധം നിലവിലുള്ളപ്പോള്‍ ഒളിച്ചോട്ടത്തിന് പ്രസക്തിയേതുമില്ലതാനും.

അടിമസ്ത്രീ പുരുഷന്‍മാരെ വിവാഹിതരാക്കാന്‍ നിര്‍ദേശിക്കുന്നുണ്ട് ഇസ്‌ലാം. അടിമയെ കൊലപ്പെടുത്തിയാല്‍ പോലും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ഒരു സാഹചര്യത്തിലാണ് അടിമയെ കൊല്ലുന്ന ഉടമയെ പകരം കൊല്ലുമെന്ന് ഇസ്‌ലാം പ്രഖ്യാപിച്ചത്. നമ്മുടെ സ്വതന്ത്ര സമൂഹത്തില്‍ തൊഴിലാളി-മുതലാളി ബന്ധങ്ങളില്‍ പോലും കാണാനാവാത്തത്ര ഊഷ്മളതയാണ് ഇസ്‌ലാമിന്റെ ആദ്യതലമുറയില്‍ അടിമ-ഉടമകള്‍ക്കിടയില്‍ കാണാനായത്. പ്രവാചകന്റെ(സ) അനുചരന്‍മാരില്‍ പ്രസിദ്ധനായ അബൂ ദര്‍റുമായി(റ) ബന്ധപ്പെട്ടു നടേ ഉദ്ധരിച്ച സംഭവം അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. അതുമാത്രമാണോ, അടിമയെ കൊല്ലുന്നത് പോയിട്ട് തല്ലാന്‍ പോലും ഉടമയ്ക്ക് അധികാരമില്ലെന്നാണ് ഇസ്‌ലാമിന്റെ പഠനം.

”മുആഹയതുബ്‌നു സുവൈദ് പറയുന്നു: ഞാന്‍ ഞങ്ങളുടെ ഒരു അടിമയെ തല്ലി. എന്നിട്ട് ഞാന്‍ ഓടിപ്പോയി. പിന്നെ ഉച്ചയ്ക്കുമുമ്പ് തിരിച്ചുവന്നു. തുടര്‍ന്ന് പിതാവിന്റെ പിന്നില്‍ നമസ്‌കരിച്ചു. അദ്ദേഹം എന്നെയും അടിമയെയും വിളിച്ചു. എന്നിട്ട് അയാളോടു പറഞ്ഞു: ഇവനോട് പ്രതികാരം ചെയ്തുകൊള്ളുക.

അടിമ എന്നോട് മാപ്പാക്കി. അപ്പോള്‍ പിതാവ് പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്റെ(സ) കാലത്ത് ഞങ്ങള്‍ മുഖര്‍റിന്‍ കുടുംബത്തിന് ഒറ്റ ഭൃത്യയേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളിലൊരാള്‍ അവളുടെ മുഖത്തടിച്ചു. അത് പ്രവാചകനറിയാനിടയായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: അവളെ മോചിപ്പിച്ചേക്കുക.

തങ്ങള്‍ക്ക് വേറെ ഭൃത്യയില്ലെന്നു അവര്‍ പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: എങ്കില്‍ അവര്‍ക്ക് അവളോട് സേവനം ചെയ്യിക്കാം. ആവശ്യം കഴിഞ്ഞാല്‍ അഴളെ അവളുടെ പാട്ടിന് വിട്ടിരിക്കണം.” (മുസ്‌ലിം കിതാബുല്‍ ഐമാന്‍ 1658)

അടിമയെ തല്ലിയാല്‍ അതിന്റെ പ്രായശ്ചിത്തമായി അയാളെ മോചിപ്പിക്കുന്നതു സംബന്ധിച്ച് വേറെയും ഹദീഥുകളില്‍ കാണാം. അബൂ മസ്ഊദുല്‍ അന്‍സാരി പറഞ്ഞ ഒരു സംഭവമുണ്ട്. അദ്ദേഹം പറയുന്നു: ഞാന്‍ എന്റെ അടിമയെ തല്ലുകയായിരുന്നു. അപ്പോള്‍ പിന്നില്‍ നിന്ന് ഒരാള്‍ വിളിച്ചു പറയുന്നതുകേട്ടു: അബൂ മസ്ഊദ്, അറിയണം, ഇയാളെ ശിക്ഷിക്കാന്‍ താങ്കള്‍ക്കുള്ളതിലേറെ താങ്കളെ ശിക്ഷിക്കാന്‍ ശക്തിയുള്ളവനാണ് അല്ലാഹു.

ഞാന്‍ തിരിഞ്ഞുനോക്കി. അപ്പോള്‍ അത് അല്ലാഹുവിന്റെ(സ) ദൂതരാണ്. ഞാന്‍ ഉടനെ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ പ്രീതിയ്ക്കുവേണ്ടി അവന്‍ സ്വതന്ത്രനാണ്.

അപ്പോള്‍ അവിടുന്ന് പറഞ്ഞു: ”താങ്കള്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ നരകം താങ്കളെ നക്കിത്തുടക്കുമായിരുന്നു.” (മുസ്‌ലിം 1659)

അടിമക്കെതിരില്‍ ദുരാരോപണം ഉന്നയിക്കുന്നതും ഇസ്‌ലാം വിലക്കിയതായി കാണാം. അബൂ ഹുറൈറ (റ) ഉദ്ധരിക്കുന്നു: ”അബുല്‍ ഖാസിം പറഞ്ഞു: തന്റെ അടിമക്കെതിരില്‍ വ്യഭിചാരാരോപണം ഉന്നയിക്കുന്നവനെ ഒടുവുനാളില്‍ ശിക്ഷയ്ക്ക് വിധേയനാക്കപ്പെടും. അടിമ ഇയാള്‍ ആരോപിച്ചതുപോലെ അല്ലെങ്കിലാണത്.” (മുസ്‌ലിം 1660)

ചുരുക്കത്തില്‍ അടിമയെ മനുഷ്യനായി പരിഗണിക്കുകയും മനുഷ്യനെന്ന പരിഗണനവെച്ച് അവനുമായി ഇടപെടാന്‍ പഠിപ്പിക്കുകയുമാണ് ഇസ്‌ലാം ചെയ്തത്. അതോടൊപ്പമാണ് കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും അടിമമോചനത്തിന് ഇസ്‌ലാം പ്രോത്സാഹനം നല്‍കിയത്. അവന്‍ മോചനം കൊതിക്കുന്നുവെങ്കില്‍ അവന് സൗകര്യം ചെയ്തുകൊടുക്കണമെന്ന് നിര്‍ദേശിച്ചതും.

അടിമയെയും ഉടമയെയും ശത്രുക്കളാക്കി മാറ്റാനല്ല, പകരം പരസ്പരാംഗീകാരത്തിന്റെ മനസ്സ് ഇരുകൂട്ടരിലും വളര്‍ത്തിയെടുക്കാനാണ് ഇസ്‌ലാം ശ്രമിച്ചത്. അതുകൊണ്ടാണ് അടിമയുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാനും അവനെക്കൂടി പരിഗണിച്ചുമുമ്പോട്ടുപോകാനും ഉടമയോട് അനുശാസിച്ച ഇസ്‌ലാം ഉടമയോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ അടിമയെ ആഹ്വാനം ചെയ്തത്. അത്തരം ഒരു സൗഹൃദാന്തരീക്ഷത്തിലാണ് രണ്ടുപേരും മുമ്പോട്ടു നീങ്ങുന്നതെങ്കില്‍ പരലോക ജീവിതത്തില്‍ ഇരുകൂട്ടര്‍ക്കും മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്തതും മറ്റൊന്നു കൊണ്ടുമല്ല. പ്രായോഗിക ജീവിതത്തില്‍ അടിമയ്ക്ക് ധാരാളം ബാധ്യതകള്‍ ഇളവുചെയ്തു കൊടുക്കുകകൂടി ചെയ്യുന്നുണ്ട് ഇസ്‌ലാം. ഉടമയാണ് കല്‍പിക്കുന്നതെങ്കില്‍ പോലും നിയമവിരുദ്ധമായി ഒരു കാര്യവും ചെയ്യാന്‍ അടിമക്കുമില്ല സ്വതന്ത്രനെപ്പോലെ തന്നെ അവകാശം.

ഇത്രയ്ക്ക് അടിമയെ പരിഗണിക്കുകയും അയാള്‍ക്ക് മാന്യത നേടിക്കൊടുക്കുകയും ചെയ്ത ഒരു വ്യവസ്ഥയും -ഏട്ടിലും പ്രയോഗത്തിലും ഒന്നിച്ച്- ഇസ്‌ലാമല്ലാതെ മറ്റൊന്നില്ല. സാധ്യമെങ്കില്‍ അടിമയെ മൊത്തം സമൂഹത്തിന്റെ നായകസ്ഥാനത്തിരുത്താനും ഇസ്‌ലാം തയ്യാറാണ്.

എന്നാല്‍ മനുഷ്യരെന്ന് അംഗീകരിക്കുമ്പോഴും വേണ്ടവിധം ദൈവത്തെ ഉപാസിക്കാന്‍ അടിമയല്ലാത്തവര്‍ക്കുപോലും അനുവാദം നല്‍കാത്ത മതങ്ങള്‍ വരെ ലോകത്തുണ്ട്. ഹിന്ദുമതത്തില്‍ മനുഷ്യന്‍ എന്ന പരിഗണന ശൂദ്രന് നല്‍കുന്നുണ്ടെന്ന് സമ്മതിക്കാം. പക്ഷേ അവന് വേദം പഠിക്കാന്‍ മാത്രമല്ല കേള്‍ക്കാന്‍ പോലും അനുവാദമില്ല. വേദം കേള്‍ക്കുന്ന ശൂദ്രന്റെ കാതില്‍ ഈയ്യം ഉരുക്കി ഒഴിക്കണമെന്നാണ്. ഗുരുവിന്റെ മുമ്പിലിരുന്ന് ധനുര്‍വിദ്യ പഠിക്കാന്‍ പോലും അനുവാദമില്ലാത്തതാണ് കാട്ടാളരാജാവായ ഹിരണ്യധനുസ്സിന്റെ പുത്രന്‍ കാട്ടില്‍ പോയി ദ്രോണാചാര്യരുടെ മണ്‍പ്രതിമയുണ്ടാക്കി അതിനെ ഗുരുവായി സങ്കല്‍പ്പിച്ച് അമ്പെയ്ത്തുവിദ്യ പഠിക്കാന്‍ കാരണമായത്. അതിന് അയാള്‍ നല്‍കേണ്ടി വന്ന വിലയോ -ഗുരുദക്ഷിണ- അവന്റെ തള്ളവിരലാണ്. ക്ഷത്രിയനായ അര്‍ജുനനെക്കാള്‍ ധനുര്‍വിദ്യയില്‍ സ്വശ്രമത്താല്‍ പ്രവീണ്യം തെളിയിച്ച ആ കാട്ടാളന്റെ വീര്യം അതോടെ ചോര്‍ന്നുപോവുകയായിരുന്നു.

ഓം എന്ന മന്ത്രശബ്ദം ഏറെ വൈശിഷ്ട്യമുള്ളതാണ്. അതിന് അത്രയ്ക്ക് വൈശിഷ്ട്യമുള്ളതുകൊണ്ട് തന്നെ ശൂദ്രരടക്കം ഹീനജാതിക്കാരൊന്നും അതുരുവിടുകയോ ഉരുവിട്ടു കേള്‍ക്കുകയോ ചെയ്യരുതെന്നാണ്. അവര്‍ ഔണ്‍ എന്നേ ഉച്ചരിക്കാവൂ എന്നാണ്.

സ്റ്റേറ്റ് മുതലാളിയുടെ കീഴില്‍ തൊഴിലാളികള്‍ അടിമകളെക്കാള്‍ വലിയ തോതിലുള്ള അടിച്ചമര്‍ത്തലും അധഃസ്ഥിതാവസ്ഥയുമാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ അരങ്ങേറിയിരുന്നതെന്നത് ചരിത്രം. പരിഷ്‌കൃത ഇന്‍ഡ്യയില്‍ ഇന്നും ഒരുവിഭാഗം തോട്ടിപ്പണിയെടുക്കാന്‍ നിര്‍ബന്ധിതരാണ്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ അനുഭവിക്കുന്ന അവഗണനയും അവഹേളനവും ആര്‍ക്കും അറിയാത്തതല്ല. അടിമത്ത നിരോധിത ഉത്തരാധുനിക കാലത്തുപോലും മനുഷ്യനെയിട്ട് പന്താടുന്നത് ആരാണെന്ന് പ്രത്യേകിച്ച് പറയേണ്ടതായിട്ടില്ല.

ഇസ്‌ലാമില്‍ അടിമയ്‌ക്കെന്നല്ല ആര്‍ക്കും വേദം പഠിക്കാന്‍ യാതൊരു വിലക്കുമില്ല. എന്നല്ല പ്രവാചകന്റെ(സ) കൂടെയുണ്ടായിരുന്ന അഥവാ അക്കാലത്തെ മുസ്‌ലിം അടിമകള്‍ എല്ലാവരും തന്നെ പണ്ഡിതര്‍ -ക്വുര്‍ആന്‍ മനഃപാഠമാക്കം പഠിച്ചവരായിരുന്നു. ബിലാല്‍, അമ്മാര്‍, സല്‍മാന്‍ (റ)… എത്ര വേണമെങ്കിലും ഉന്നത ശീര്‍ഷരായ പണ്ഡിതനിരയില്‍ അടിമകളെ കാണാം. അവരില്‍ സൈന്യാധിപന്മാർ, ഗവര്‍ണര്‍മാര്‍ അങ്ങനെ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചവരെ കാണാം. പില്‍ക്കാലത്തും പണ്ഡിതസംഘത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ച ധാരാളം അടിമകളെ കാണാം. പെരുവിരലെന്നല്ല ഒരു ചെറുരോമം പോലും അതിന്റെ പേരില്‍ അവര്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല. ഒരു പണ്ഡിതനും അവരുടെ മുമ്പില്‍ വിജ്ഞാനകവാടം കൊട്ടിയടച്ചിട്ടില്ല. അടിമയെന്നു വിളിച്ച് ആരും അവരെ അവമതിച്ചില്ല. ഇന്നും അവരുടെയൊക്കെ പേരുകേള്‍ക്കുമ്പോള്‍ മുസ്‌ലിംകള്‍ ആദരസൂചകമായി ‘റദിയല്ലാഹു അന്‍ഹു’ എന്നോ ‘റഹിമഹുല്ലാഹ്’ എന്നോ പറഞ്ഞുകൊണ്ടേ അവരെയൊക്കെ അനുസ്മരിക്കാറുള്ളൂ. ബിലാല്‍ (റ) എന്ന കറുത്ത അടിമയെ രണ്ടാം ഖലീഫ ഉമര്‍ ആദരവോടെ സംബോധന ചെയ്തിരുന്നത് ഞങ്ങളുടെ സയ്യിദ് -നായകന്‍- എന്നുപറഞ്ഞുകൊണ്ടാണ്.

(അവസാനിച്ചു)

print

No comments yet.

Leave a comment

Your email address will not be published.