ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -18

//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -18
//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -18
ആനുകാലികം

ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -18

അടിമത്തത്തിന്റെ ചരിത്രവും ഇസ്‌ലാമിന്റെ സംഭാവനയും

ഏകദേശം പതിനായിരം വര്‍ഷത്തെ പഴക്കമുണ്ട് അടിമ സമ്പ്രദായത്തിന് എന്നാണ് പറയപ്പെടുന്നത്. ക്രി. മു. 3500 വര്‍ഷം മുമ്പ് നിലനിന്നിരുന്ന മെസൊപ്പൊട്ടോമിയന്‍, 3000ത്തിനും 1000ത്തിനും ഇടയില്‍ വികാസം പ്രാപിച്ച ഈജിപ്ഷ്യന്‍, അസീരിയന്‍, ബാബിലോണിയന്‍, പേര്‍ഷ്യന്‍, പുരാതന ചൈനീസ്, ഇന്‍ഡ്യന്‍, യവന, റോമന്‍ സംസ്‌കാരങ്ങളിലെല്ലാം തന്നെ അടിമ സമ്പ്രദായം വ്യാപകമായി നിലനിന്നിരുന്നു. യഹൂദരുടെ തോറ, ഹമ്മുറാബിയുടെ നിയമസംഹിത, പ്രാചീന ഭാരതത്തിലെ സ്മൃതികള്‍, കൗടില്യന്റെ അര്‍ത്ഥശാസ്ത്രം എന്നിവയിലെല്ലാം അടിമകളെ സംബന്ധിച്ചുള്ള നിയമങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.

മാര്‍ഗങ്ങള്‍

ഏതൊക്കെ മാര്‍ഗങ്ങളിലൂടെയാണ് അടിമത്തം കടന്നുവന്നതെന്ന് പരിശോധിച്ചാല്‍ താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെയാണ് എന്ന് ബോധ്യമാകും. സൗദിയില്‍ കൂട്ടുകൃഷി, കാലി വളര്‍ത്തല്‍ സംരംഭങ്ങളില്‍ കൂലിവേല ചെയ്യുന്ന സമ്പ്രദായമുണ്ടായിരുന്നു. അത് പതിയെ അടിമവൃത്തിയായി പരിണമിച്ചു. പിന്നീട് 1, ബലപ്രയോഗത്തിലൂടെ ബന്ധനത്തിലാക്കി വില്‍ക്കുക, 2, യുദ്ധത്തടവുകാരായി പിടികൂടുക, 3, തടവുശിക്ഷ വിധിക്കുക, 4, സാമ്പത്തിക കാരണങ്ങളാല്‍ മാതാപിതാക്കളോ രക്ഷിതാക്കളോ കുട്ടികളെ വില്‍ക്കുക, 5, വാങ്ങിയ കടം വീടാനാവാതെ സ്വയം ദാസനാവുക, 6, അടിമകളായ മാതാപിതാക്കളുടെ കുട്ടികളായി ജനിക്കുക എന്നീ കാരണങ്ങള്‍ വഴിയാണ് അടിമത്തം കടന്നുവന്നത്.

സമീപനം

അടിമകളോട് കൈക്കൊണ്ടിരുന്ന സമീപനം പൊതുവില്‍ ക്രൂരതയുടേതായിരുന്നു. റോമിലെ അടിമകളില്‍ അധികവും യുദ്ധത്തടവുകാരായിരുന്നു. സ്വന്തമായി അവകാശാസ്തിത്വങ്ങള്‍ ഇല്ലാത്തവര്‍. ഉടമ അയാളെ കൊന്നാലും ഹിംസ്ര ജന്തുക്കള്‍ക്കിട്ടു കൊടുത്താലും ചോദിക്കാനും പറയാനും ആളില്ലാത്ത നിസ്സഹായര്‍. അവരെ വയലുകളിലേക്ക് കൊണ്ടുപോയിരുന്നത് ചങ്ങലകളില്‍ ബന്ധിച്ചാണ്. വിശക്കുന്നു എന്ന് പരാതിപ്പെടാന്‍ അവന് അവകാശമില്ലായിരുന്നു. മര്‍ദനമേല്‍ക്കുമ്പോള്‍ വിലപിക്കാന്‍ പോലും അനുവാദമില്ലായിരുന്നു. അവരെ പാര്‍പ്പിച്ചിരുന്നത് വൃത്തികെട്ട കല്‍തുറങ്കുകളിലാണ്. ഓടിപ്പോകാതിരിക്കാന്‍ കാലുകളില്‍ ചങ്ങല കുരുക്കി തൂണുകളില്‍ ബന്ധിക്കുമായിരുന്നു. ഉടമകളുടെ ക്രൂരവിനോദത്തിനു കൂടി ഇരയായിരുന്നു അടിമകള്‍. ദ്വന്ദയുദ്ധം, വാള്‍പയറ്റ് മുതലായവയ്ക്ക് അവര്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. കടുവ, സിംഹം തുടങ്ങിയുള്ള ഹിംസ്രജന്തുക്കളുമായി മല്‍പ്പിടുത്തം നടത്താനും അവര്‍ നിര്‍ബന്ധിതരായിരുന്നു.

ചില കുറ്റങ്ങള്‍ക്ക് നല്‍കിയിരുന്ന ശിക്ഷ അടിമപ്പണിയാണ്. സ്വജാതീയരെയും സ്വദേശീയരെയും അടിമകളാക്കരുതെന്നുള്ള നിയമത്തെ മറികടക്കാന്‍വേണ്ടി അവരെ അന്യനാടുകളില്‍ കൊണ്ടുപോയി വില്‍ക്കുകയായിരുന്നു പതിവ്. തൊഴിലെടുക്കാന്‍ ശേഷിയില്ലാത്ത വൃദ്ധജനത്തെ എസ്‌കുലാപ്യന്‍ ദ്വീപിലേക്ക് നാടുകടത്തുകയും പതിവായിരുന്നു.

രണ്ടുതരം അടിമകളുണ്ടായിരുന്നു. പൊതുഅടിമകളും സ്വകാര്യ അടിമകളും. ക്രിസ്തുവിന്റെ കാലത്ത് റോമില്‍ ഏകദേശം 20 ദശലക്ഷം അടിമകളുണ്ടായിരുന്നുവെന്നാണ് കണക്ക്.

പില്‍ക്കാലത്ത് അടിമകളോടുള്ള സമീപനം മാറ്റാന്‍ ഉടമകള്‍ നിര്‍ബന്ധിതരായി. മോചനദ്രവ്യം നല്‍കി സ്വതന്ത്രരാവാന്‍ അവര്‍ക്ക് അവകാശം ലഭിച്ചിരുന്നു. ക്രിസ്തുമതത്തിലേക്ക് അടിമകള്‍ ആകര്‍ഷിക്കപ്പെടാനുണ്ടായ ഒരു കാരണം ക്രൈസ്തവസഭയിലെ ചില പുരോഹിതന്‍മാരുടെ അടിമവിരുദ്ധ നിലപാടായിരുന്നു. അടിമകള്‍ വല്ലാതെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു കളയുമോ എന്ന ഭയമാണ് അടിമസമ്പ്രദായത്തില്‍ ചില ഇളവുകള്‍ വരുത്താന്‍ കാരണം. അടിമകളെ കൊല്ലാന്‍ ഉടമയ്ക്കുണ്ടായിരുന്ന അവകാശവും അവരെ നിലവറകളില്‍ പാര്‍പ്പിക്കുന്നതുമൊക്കെ റോമില്‍ തടയപ്പെട്ടത് അങ്ങനെയാണ്. അടിമക്കുട്ടികളെയും യുവാക്കളെയും അംഗഭംഗം വരുത്തുന്ന ഉടമകളെ നാടുകടത്തുമെന്ന് വിളംബരമുണ്ടായി. ഹിംസ്രജന്തുക്കളുമായുള്ള അവരുടെ അങ്കം നിരോധിച്ചു.

ഈജിപ്തില്‍ ഇസ്രാഈല്യര്‍ കൊപ്റ്റിക് വര്‍ഗത്തിന്റെ അടിമകളായി മാറ്റപ്പെട്ടിരുന്നു. അവരുടെ ആണ്‍കുട്ടികളെ കൊല്ലുകയും പെണ്‍കുട്ടികളെ ജീവിക്കാന്‍ വിടുകയുമായിരുന്നു കൊപ്റ്റിക്കുകളുടെ വിനോദം. ബാബിലോണില്‍ ജനങ്ങളെ മൂന്നു തട്ടുകളായാണ് വിഭജിക്കപ്പെട്ടിരുന്നത്. പ്രഭുക്കള്‍, സാധാരക്കാര്‍, അടിമകള്‍. അവിടെ അടിമകള്‍ക്ക് വിവാഹം ചെയ്യാനും സമ്പാദിക്കാനും അനുവാദമുണ്ടായിരുന്നു. ഒളിച്ചോടിയേക്കുമെന്ന് സംശയമുള്ളവരെ മാത്രമേ തൂണുകളില്‍ ബന്ധിച്ചിരുന്നുള്ളൂ. സ്വതന്ത്രന് ദാസിയില്‍ കുട്ടി ജനിച്ചാല്‍, അയാളുടെ മതത്തോടെ ദാസിയും കുട്ടിയും സ്വാതന്ത്ര്യം നേടിയിരുന്നു.

റോമിലേതിനെ അപേക്ഷിച്ച് മെച്ചമായിരുന്നു യവനര്‍ക്കിടയിലെ അടിമകളുടെ നില. അവര്‍ക്ക് നിയമസംരക്ഷണവും വേതനവും ലഭിച്ചിരുന്നു. അധ്വാനിച്ചു സമ്പാദ്യമുണ്ടാക്കിയാല്‍ മോചനം എളുപ്പമായിരുന്നു. ഉടമക്കെതിരെ ന്യായാധിപനെ സമീപിക്കാമായിരുന്നു. അടിമയെ കൊല്ലാന്‍ ഉടമക്ക് അനുവാദം ഉണ്ടായിരുന്നില്ല. ന്യായമായ കാരണം കാണിച്ചുതന്നെ നല്‍കാന്‍ യജമാനനോട് ആവശ്യപ്പെടാമായിരുന്നു.

അടിമത്തത്തെ അപാകതയില്ലാത്ത ന്യായമായ ഏര്‍പ്പാടായയാണ് അരിസ്റ്റോട്ടിലും പ്ലാറ്റോയുമൊക്കെ കണ്ടിരുന്നത്.

ഇന്‍ഡ്യയില്‍ അടിമത്തം കരാളമായിരുന്നു. ജാതിവിഭജനത്തില്‍ ശൂദ്രന്‍ സവര്‍ണരുടെ അടിമയാകാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. പഞ്ചമികളെ മനുഷ്യരായി പോലും ഗണിച്ചിരുന്നില്ല. ആര്യന്‍മാര്‍ മാത്രമേ അടിമകളാക്കപ്പെടാന്‍ പറ്റാത്തവരായി ഒരു വിഭാഗമുണ്ടായിരുന്നുള്ളൂ. വൈദിക കാലത്തോടുകൂടിയാണ് ഇന്‍ഡ്യയില്‍ അടിമത്തം അതിന്റെ യഥാര്‍ത്ഥ രൂപം കൊള്ളുന്നത്. കടംവീട്ടാന്‍ നിവൃത്തിയില്ലാത്തവരും ചൂതുകളിയില്‍ തോല്‍ക്കുന്നവരുമൊക്കെ അടിമകളാക്കപ്പെടുമായിരുന്നു. ഇന്‍ഡ്യയിലെ ആദിമനിവാസികളെ അടിമകളാക്കാന്‍ ആര്യന്‍മാര്‍ക്ക് കൂടുതല്‍ പണിപ്പെടേണ്ടി വന്നില്ല. ഇന്‍ഡ്യയില്‍ അടിമവല്‍ക്കരണണത്തിന്റെ വിവിധ രീതികള്‍ ഉണ്ടായിരുന്നു.

1. ഉദാരദാസന്‍ = അടിമസ്ത്രീയില്‍ പിറന്നവന്‍
2. അഹിതകന്‍ = കടത്തിനു പണമായി അടിമത്തം വരിച്ചവന്‍
3. ദ്വജഹൂതന്‍ = യുദ്ധത്തടവുകാരന്‍
4. ത്രീതന്‍/ലബ്ധന്‍/ദണ്ഡപ്രണീതന്‍ = നിയമനടപടികള്‍ വഴി അടിമയായവന്‍.
5. ആത്മവിക്രയി = സ്വയം വിറ്റ് അടിമയായവന്‍.
6. അനാകാലദൂതന്‍ = പട്ടിണിമൂലം അടിമയായിത്തീര്‍ന്നവന്‍.
7. പ്രജ്യാവസീതന്‍ = സന്യാസം ഉപേക്ഷിച്ചതുകാരണം അടിമയായവന്‍.
8. പണേജിതന്‍ = പണയം വഴി കൈവന്ന അടിമത്തം.
9. അടിമസ്ത്രീയെ കാമിച്ച് അടിമയായവന്‍.

കേരളത്തിലും തമിഴ്‌നാട്ടിലുമൊന്നും സ്ഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല. വരള്‍ച്ചയും വറുതിയും ബാധിക്കുമ്പോള്‍ കേരളത്തിലെ അരിയും നാളികേരവും നല്‍കി തമിഴ്‌നാട്ടില്‍നിന്ന് കപ്പല്‍ നിറയെ അടിമകളെ വാങ്ങാന്‍ അന്ന് സാധിച്ചിരുന്നു എന്നാണ് ചരിത്രം. കേരളത്തിലാണെങ്കില്‍ ചെറുമര്‍, പറയര്‍, കുറവര്‍, ഉള്ളാടര്‍ തുടങ്ങിയുള്ള ജാതികള്‍ അടികമളായിരുന്നു. പടപൊരുതലായിരുന്നു നായന്‍മാരുടെ തൊഴില്‍. അതിനാല്‍ അവര്‍ക്ക് ധാരാളം ഭൂമി കരമൊഴിവായി ലഭിക്കുമായിരുന്നു. അത്തരം സ്ഥലങ്ങളില്‍ പാടത്തും പറമ്പിലും പണിയെടുത്തിരുന്നത് അടിമകളാണ്. ഈ അടിമകള്‍ ഭൂവുടമകളുടെ പൂര്‍ണാധികാരമുള്ള സ്വത്തായിരുന്നു. ഈഴവര്‍, ചേരമര്‍ (ചെറുമാര്‍), സാംബവര്‍ (പറയര്‍) തുടങ്ങിയുള്ള താഴ്ന്ന ജാതിക്കാരായിരുന്നു ഈ അടിമകള്‍. അവര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യം മുതിര്‍ന്ന സ്ത്രീ-പുരുഷന്‍മാര്‍ക്ക് ആഴ്ചയില്‍ സുമാര്‍ രണ്ടുകിലോ അരിയാണ്. കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും ഒരു കിലോയും. അതിനുപുറമെ ആണ്ടിലൊരിക്കല്‍ പുരുഷന് അഞ്ചുമുഴവും സ്ത്രീയ്ക്ക് ഏഴുമുഴവും നീളം വരുന്ന ഒരു കോറത്തുണിയും നല്‍കുമായിരുന്നു. വയല്‍വരമ്പത്ത് രണ്ടിറയും നിലംമുട്ടി നില്‍ക്കുന്ന കുടില്‍കെട്ടിയാണ് അവര്‍ താമസിച്ചിരുന്നത്. അടിമയെ കൊല്ലാനും ഉടമയ്ക്ക് അധികാരമുണ്ടായിരുന്നു.

അറേബ്യയില്‍

അറേബ്യയിലും അടിമത്തം നിലനിന്നിരുന്നു. എത്യോപ്യയില്‍ നിന്ന് കൊണ്ടുവരുന്ന നീഗ്രോകളായിരുന്നു അവിടെ അടിമകള്‍. അഹ്ബാള്‍ എന്നു പറയുന്ന ഒരു വിഭാഗവുമുണ്ടായിരുന്നു. ഈ അടിമകളില്‍ സന്നദ്ധസേന എന്നോ സഹസൈന്യം എന്നോ പറയാവുന്നവര്‍. വീട്ടുജോലികള്‍, ഒട്ടകങ്ങളെയും കാലികളെയും മേയ്ക്കല്‍, മരപ്പണി, ലോഹപ്പണി തുടങ്ങിയ വൃത്തികളിലാണ് അവര്‍ ഏര്‍പ്പെട്ടിരുന്നത്. നഗരങ്ങളിലാണ് അടിമകള്‍ ഏറിയ കൂറും ഉണ്ടായിരുന്നത്. നാട്ടിന്‍പുറത്തുകാര്‍ അടിമപ്പണിയെ അവജ്ഞയോടെയാണ് കണ്ടിരുന്നത്. അടിമകളെക്കൊണ്ട് പണിയെടുപ്പിച്ച് ഉടമകള്‍ സമ്പന്നരാവുകയാണ് അവിടുത്തെ രീതി. അടിമയുടെ സമ്പത്തും സമ്പാദ്യവും ഉടമയ്ക്കുളളതാണ് എന്നതാണ് കാരണം. ദാസിമാരെ വ്യഭിചാരത്തിലേര്‍പ്പെടുത്തി സമ്പാദിക്കുന്ന രീതിയുമുണ്ടായിരുന്നു. മോചനപത്രമെഴുതി സ്വതന്ത്രനാവാന്‍ അടിമയ്ക്കവകാശമുണ്ടായിരുന്നെങ്കിലും ഭീമമായ തുക നല്‍കേണ്ടിയിരുന്നതുകൊണ്ട് അത് സംഘടിപ്പിക്കാന്‍ കഴിയുന്നവര്‍ തുഛം പേരേ ഉണ്ടായിരുന്നുള്ളൂ.

ഇസ്‌ലാം വരുത്തിയ മാറ്റം

അടിമയാക്കപ്പെടുന്ന രീതികളില്‍ പലതും ഇസ്‌ലാം നിരാകരിച്ചു. അടിമസ്ത്രീയാല്‍ ജനിക്കുക എന്നതും യുദ്ധത്തടവുകാരായി പിടികൂടുക എന്നതും മാത്രമായി ഇസ്‌ലാം അതിനെ പരിമിതപ്പെടുത്തി. അതുതന്നെയും അടിമസ്ത്രീയില്‍ ഉടമയ്ക്കുജനിക്കുന്ന കുട്ടി അടിമയാവുന്നില്ല. യുദ്ധത്തടവുകാരെ അടിമകളാക്കാമെന്നത് ഒരനുവാദം മാത്രമാണ്. അവരെ മോചനദ്രവ്യം വാങ്ങിയും വാങ്ങാതെയുമൊക്കെ വിട്ടയക്കുകയുമാവാം. ക്വുര്‍ആന്‍ അത് ഇപ്രകാരം വിവരിക്കുന്നു: ”നിഷേധികളായ ശത്രുക്കളെ എതിരിടേണ്ടി വരുമ്പോള്‍ കഴുത്തിനുവെട്ടുക. അങ്ങനെ അവരെ ഒതുക്കിക്കഴിഞ്ഞാല്‍ മുറുക്കി ബന്ധിക്കുക. തുടര്‍ന്ന് ഔദാര്യപൂര്‍വമോ മോചനമൂല്യം വാങ്ങിയോ വിട്ടയക്കാം.

കടത്തിനു പണയമായും നിയമനടപടികള്‍ വഴിയും സ്വയം വില്‍ക്കുന്നതുവഴിയും പട്ടിണി മൂലവും സന്യാസം ഉപേക്ഷിക്കുകയാലുമൊക്കെ അടിമയാകുന്ന രീതി ഇസ്‌ലാം അംഗീകരിക്കുന്നില്ല. പന്തയം, അടിമസ്ത്രീയെ പ്രേമിക്കുക എന്നീ മാര്‍ഗേണയും അടിമായവുന്നില്ല.

മോചനമാര്‍ഗങ്ങള്‍

അടിമവിമോചനം ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച ഒരു പ്രധാന പുണ്യകര്‍മമാണ്. അടിമമോചനത്തിന്റെ മാര്‍ഗങ്ങള്‍ പലതാണ്. പല തെറ്റുകള്‍ക്കുമുള്ള പ്രായശ്ചിത്തമായി അടിമയെ മോചിപ്പിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട്. അടിമസ്ത്രീയുമായി ചില വ്യവസ്ഥകള്‍ക്കു വിധേയമായി ഉടമ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അതില്‍ കുട്ടി ജനിക്കുകയും ചെയ്താല്‍ ആ കുട്ടി സ്വതന്ത്രനായിരിക്കുമെന്ന് മാത്രമല്ല ഉടമയുടെ മരണത്തോടുകൂടി ആ സ്ത്രീയും മോചിതയാവും. ഒന്നിലധികം പേര്‍ക്ക് ഒരടിമയുടെ മേല്‍ ഉടമസ്ഥാവകാശമുണ്ടാവുകയും അതില്‍ ഒരാള്‍ തന്റെ വിഹിതം സ്വതന്ത്രമെന്ന് പ്രഖ്യാപിക്കുകയും ചെയ്താല്‍ സാധ്യമെങ്കില്‍ മറ്റുള്ളവരുടെ കൂടി വിഹിതം അയാള്‍ വാങ്ങി മോചിപ്പിക്കണമെന്നാണ്. മോചനപത്രമെഴുതി മോചിതനാവാന്‍ അടിമ ആഗ്രഹം പ്രകടിപ്പിച്ചാല്‍ പത്രമെഴുതി അവന് മോചനം നേടാന്‍ സൗകര്യമൊരുക്കിക്കൊടുക്കണമെന്നാണ് ഉടമയോടുള്ള ഇസ്‌ലാമിന്റെ നിര്‍ദേശം. മാത്രവുമല്ല ആ അടിമയ്ക്ക്, ഉടമയ്ക്ക് നല്‍കേണ്ട സംഖ്യ നല്‍കാന്‍ സാധ്യമല്ലാതെ വന്നാല്‍ ഉടമ സഹായിക്കണമെന്നു കൂടി നിര്‍ദേശിക്കുന്നുണ്ട് ക്വുര്‍ആന്‍. സക്കാത്തില്‍ ഒരു വിഹിതം അടിമ വിമോചനത്തിന് നീക്കി വെച്ചതായി കാണാം. സ്വതന്ത്രനെ ഒരു കാരണവശാലും അടിമയാക്കാവതല്ല. അത് സ്വതന്ത്രനെ പിടികൂടി അടിമയാക്കലാകാം അല്ലെങ്കില്‍ അടിമയെ സ്വതന്ത്രനാക്കിയശേഷം അത് പ്രഖ്യാപിക്കാതെ രഹസ്യമാക്കി വെക്കുകയും തുടര്‍ന്ന് അനന്തരാവകാശികളോ മറ്റോ അയാളെ അടിമയോടെന്ന പോലെ വര്‍ത്തിക്കാന്‍ കാരണമാവുകയോ ആവാം.

ഇനി ഇസ്‌ലാമിക ദൃഷ്ട്യാ അടിമകളോടുള്ള സമീപനം പരിശോധിച്ചാലും ബോധ്യമാവും ഒരു പ്രത്യയശാസ്ത്രവും അത്രയ്ക്ക് ഹൃദ്യമായ ഒരു സമീപനം അടിമകളോട് കൈക്കൊണ്ടിട്ടില്ലെന്ന്. നിങ്ങളുടെ സംരക്ഷണയിലുള്ള നിങ്ങളുടെ സഹോദരങ്ങള്‍ എന്നതാണ് ഇസ്‌ലാമിന്റെ സമീപനം. അവരോട് അമാന്യമായും മനുഷ്യത്വരഹിതമായും വര്‍ത്തിക്കരുതെന്നത് ഇസ്‌ലാമിന്റെ കര്‍ക്കശ നിര്‍ദേശമാണ്. താഴെ സംഭവങ്ങളും പ്രവാചകവചനങ്ങളും ശ്രദ്ധിക്കുക. അവിടന്നരുളി:

”നിങ്ങളില്‍ ആരുംതന്നെ ഉടമയെ ഭക്ഷിപ്പിക്കുക, ഉടമയെ അംഗശുദ്ധി ചെയ്യിക്കുക, ഉടമയ്ക്ക് പാനജലം നല്‍കുക എന്നിങ്ങനെ പറയരുത്. എന്റെ നായകന്‍, എന്റെ സഹായി എന്നിങ്ങനെ പറഞ്ഞുകൊള്ളട്ടെ. എന്റെ അടിമ, എന്റെ അടിയാത്തി എന്നിങ്ങനെ ആരും പറയരുത്. എന്റെ യുവാവ്, എന്റെ യുവതി, എന്റെ പയ്യന്‍ എന്നിങ്ങനെ പറഞ്ഞുകൊള്ളട്ടെ.” (ബുഖാരി, കിതാബുല്‍ ഇത്ഖ് 2552, മുസ്‌ലിം, കിതാബുല്‍ അല്‍ഫാള് മിനല്‍ അദബി 2249 – 15).

”നിങ്ങളില്‍ ആരും തന്നെ എന്റെ അടിമ എന്നു പറയരുത്. കാരണം നിങ്ങള്‍ എല്ലാവരും അല്ലാഹുവിന്റെ അടിയാറുകളാണ്. പിന്നെയോ എന്റെ യുവാവ്, എന്റെ യുവതി എന്നു പറഞ്ഞുകൊള്ളട്ടെ. അടിമ, ഉടമ എന്നും പറയരുത്. മറിച്ച് എന്റെ നായകന്‍ എന്നു പറഞ്ഞുകൊള്ളട്ടെ.”

നിങ്ങള്‍ ആരും തന്നെ എന്റെ അടിമ എന്റെ അടിയാത്തി എന്നിങ്ങനെ പറയരുത്. കാരണം നിങ്ങള്‍ എല്ലാവരും തന്നെ അല്ലാഹുവിന്റെ അടിയാറുകളാണ്. നിങ്ങളിലെ സ്ത്രീകള്‍ എല്ലാവരും അല്ലാഹുവിന്റെ അടിയാത്തികളുമാണ്. പകരം എന്റെ ചെറുപ്പക്കാരന്‍, ചെറുപ്പക്കാരി, എന്റെ യുവാവ്, എന്റെ യുവതി എന്നിങ്ങനെ പറഞ്ഞുകൊള്ളട്ടെ.” (മുസ്‌ലിം, കിതാബുല്‍ അല്‍ഫാള് മിനല്‍ അദബി: 2249-13,14)

തെറ്റുകള്‍ സംഭവിച്ചാല്‍ പ്രായശ്ചിത്തമായും അല്ലാതെയും അടിമയെ മോചിപ്പിക്കാന്‍ പ്രേരിപ്പിച്ചു. പ്രവാചകന്‍ (സ) പറഞ്ഞു:

”ഒരു മുസ്‌ലിം അടിമയെ മോചിപ്പിക്കുന്ന ഏതൊരാളും ആ അടിമയുടെ ഓരോ അവയവത്തിനും പകരം മോചകന്റെ ഓരോ അവയവവും അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നതായിരിക്കും.” (ബുഖാരി, കിതാബുല്‍ ഇത്ഖ് 251, മുസ്‌ലിം: കിതാബുല്‍ ഇത്ഖ്: 1509-24)

ഇവിടെ പ്രവാചകന്‍ (സ) അടിമവിമോചനത്തെ മുസ്‌ലിംകളില്‍ പരിമിതപ്പെടുത്തിക്കളഞ്ഞു എന്നാവും ശത്രുവിന്റെ ആക്ഷേപം. ആ ആക്ഷേപം പരിഗണനാര്‍ഹമല്ല. ആദര്‍ശബന്ധുക്കള്‍ പരസ്പരമുള്ള ബന്ധവും പരിഗണനയും ബാഹ്യവ്യക്തികളുമായുണ്ടാവില്ലെന്നുള്ളത് സര്‍വാംഗീകൃത യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ചില പ്രവാചക വചനങ്ങളില്‍ ഈ ഉപാധിയില്ലാതെയും ഇത് പരാമര്‍ശിച്ചു വന്നിട്ടുണ്ട്. അത് ഇങ്ങനെ വായിക്കാം: ”അടിമയെ മോചിപ്പിക്കുന്നവന്‍ ആ അടിമയുടെ ഓരോ അവയവത്തിനും പകരം മോചകന്റെ ഓരോ അവയവവും അവന്റെ ജനനേന്ദ്രിയത്തിനു പകരം ഇവന്റെ ജനനേന്ദ്രിയം വരെ അല്ലാഹു നരകത്തില്‍നിന്ന് മോചിപ്പിക്കുന്നതാണ്.” (മുസ്‌ലിം, കിതാബുല്‍ ഇത്ഖ്: 1509-22).

അടിമകളെ മോചിപ്പിക്കാന്‍ നിര്‍ദേശിക്കുക മാത്രമല്ല, പ്രവാചകന്‍ (സ) നേരിട്ട് അടിമകളെ വാങ്ങി മോചിപ്പിക്കുകൂടി ചെയ്തു. അനുചരന്‍മാരും അത് പ്രാവര്‍ത്തികമാക്കി മാതൃക കാണിച്ചു. പ്രവാചകന്റെ(സ) ശിഷ്യനായിരുന്ന അബൂബക്ക്ര്‍ മക്കയിലെ തീക്ഷണ പരീക്ഷണഘട്ടത്തില്‍ പോലും അടിമകളെ വാങ്ങി മോചിപ്പിച്ചത് കാണാം. പലരും ദശക്കണക്കിനും ശതക്കണക്കിനുമാണ് അടിമകളെ വാങ്ങി മോചിപ്പിച്ചത്. ഹദീഥ് ചരിത്രഗ്രന്ഥങ്ങളില്‍ അതിന്റെ ധാരാളം ഉദാഹരണങ്ങള്‍ കാണാം.

ഇനി മുസ്‌ലിംകള്‍ക്കു കീഴില്‍ അടിമകളായി കഴിഞ്ഞിരുന്നവര്‍ നിയമപരമായി അടിമകളായിരുന്നപ്പോഴും മാനസികമായി മാത്രമല്ല പ്രായോഗിക ജീവിതത്തിലും ഏറെക്കുറെ സ്വതന്ത്രരെപ്പോലെയാണ് വര്‍ത്തിച്ചു പോന്നത്. യജമാനന്റെ അതേ ഭക്ഷണം, അയാളുടെ ഉടയാടയ്ക്ക് സമാനം ഉടയാട, ഭാരം കുറഞ്ഞ ജോലി, ഭാരിച്ച ജോലി ചെയ്യേണ്ടി വന്നാല്‍ ജയമാനന്റെ സഹായം… പ്രവാചകന്‍ (സ) ഇതൊക്കെ സംബന്ധിച്ച് നിര്‍ദേശിച്ചത് ഇങ്ങനെ വായിക്കാം:

”മഅ്‌റുബ്‌നു സുവൈദ് (റ) പറയുന്നു, ഗിഫാര്‍ ഗോത്രക്കാരനായ അബൂ ദര്‍റിനെ(റ) ഞാനൊരിക്കല്‍ കാണാനിടയായി. അദ്ദേഹം പുതുവസ്ത്രം അണിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അടിമയും അണിഞ്ഞിട്ടുണ്ട് ഒരു പുതുവസ്ത്രം. ഇതുസംബന്ധിച്ച് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഞാന്‍ ഒരാളെ ഒരിക്കല്‍ അധിക്ഷേപിച്ചു. അദ്ദേഹം അതുസംബന്ധിച്ച് പ്രവാചകനോട്(സ) ആവലാതി പറഞ്ഞു. പ്രവാചകന്‍ (സ) എന്നോട് ചോദിച്ചു: ഇദ്ദേഹത്തിന്റെ മാതാവിനെക്കൂടി ബന്ധപ്പെട്ടുകൊണ്ട് താങ്കള്‍ ഇദ്ദേഹത്തെ അധിക്ഷേപിച്ചുവോ? പിന്നെ അവിടുന്ന് പറഞ്ഞു: നിങ്ങളുടെ സഹോദരന്മാരാണ് നിങ്ങളുടെ സേവകര്‍. അല്ലാഹു അവരെ നിങ്ങള്‍ക്ക് കീഴില്‍ ഏല്‍പ്പിച്ചു തന്നതാണ്. അതിനാല്‍ ആരുടെയെങ്കിലും കീഴില്‍ സഹോദരനുണ്ടെങ്കില്‍ താന്‍ തിന്നുന്നത് അവനെയും തീറ്റിക്കുക, താന്‍ ധരിക്കുന്നത് അവനെയും ധരിപ്പിക്കുക, അവര്‍ക്ക് അസാധ്യമായതൊന്നും അവരെ ഏല്‍പ്പിക്കാതിരിക്കുക, അസാധ്യമായ വല്ലതും ഏല്‍പ്പിച്ചാല്‍ അവരെ സഹായിക്കുക.” (ബുഖാരി, കിതാബുല്‍ ഇത്ഖ്: 2545, മുസ്‌ലിം: കിതാബുല്‍ ഐമാന്‍: 1661-38,39,40, 1662-41,42)

പ്രവാചകനിര്‍ദേശം ശിരസാവഹിക്കാന്‍ അഹമഹമികയാ മുമ്പോട്ടുവന്ന ശിഷ്യന്‍മാരും പിന്‍ഗാമികളും അതുള്‍ക്കൊണ്ടതിന്റെ ഉദാഹരണമാണ് അബൂ ദര്‍റിന്റെ ഈ സമീപനം.

print

No comments yet.

Leave a comment

Your email address will not be published.