ലൗ ജിഹാദ്; ഇരകൾ പറയുന്നു… (3)

//ലൗ ജിഹാദ്; ഇരകൾ പറയുന്നു… (3)
//ലൗ ജിഹാദ്; ഇരകൾ പറയുന്നു… (3)
ആനുകാലികം

ലൗ ജിഹാദ്; ഇരകൾ പറയുന്നു… (3)

പ്രണയം തന്നെയാണ് ഞങ്ങളെ പരിവർത്തിപ്പിച്ചത് !!!

ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയക്കുരുക്കിൽ പെടുത്തി മതം മാറ്റുകയും പിന്നെ ഐ എസിലേക്ക് കയറ്റി അയച്ച് പൊട്ടിത്തെറിപ്പിക്കുകയുമാണെന്നാണല്ലോ സിറോ മലബാർ സഭ പറയുന്നത്. അവരുടെ ആരോപണത്തിന് മറുപടി പറയാൻ ഏറ്റവുമധികം അർഹതയുള്ളത് തിരുവസ്ത്രത്തിന്റെ ഇരുട്ടിൽ നിന്ന് ഇസ്‌ലാമിന്റെ വെളിച്ചത്തിലെത്തിയവർക്ക് തന്നെയാണ്.

പ്രണയത്തിന്റെ പേരിലാണ് പെണ്‍കുട്ടികള്‍ മതം മാറുന്നതെന്ന ആരോപണത്തെ പുച്ഛിച്ചുതള്ളുകയാണ് കന്യാസ്ത്രീയായിരുന്ന ഫാത്തിമ. ”ഞങ്ങളുടെ അനുഭവം തന്നെ നോക്കൂ… പ്രേമിക്കാനെന്നല്ല പുരുഷന്‍മാരെ, പ്രത്യേകിച്ച് മറ്റു മതസ്ഥരെ കാണാന്‍പോലും കഴിയാത്ത ചുറ്റുപാടുകളിലാണ് ഞങ്ങള്‍ കന്യാസ്ത്രീകള്‍ വളര്‍ന്നുവരുന്നത്. ഈയൊരവസ്ഥയില്‍ എങ്ങനെയാണ് പ്രണയിക്കാന്‍ അവസരമൊരുങ്ങുക? തങ്ങളുടെ ആദര്‍ശപാപ്പരത്തത്തെ മറച്ച്‌വെക്കാനുള്ള ഒരു പുകമറ മാത്രമാണ് ഇപ്പോള്‍ നടക്കുന്ന ഈ പുതിയ പ്രചാരണങ്ങളെല്ലാം തന്നെ”

വര്‍ഷങ്ങളോളം കന്യാസ്ത്രീയായി ജീവിച്ച് ഒടുക്കം തിരുവസ്ത്രം അഴിച്ച് വെച്ച് സമൂഹമധ്യത്തിലിറങ്ങി സഭയുടെ അകത്തളങ്ങളില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ ആത്മാനുഭവങ്ങള്‍ എന്ന പേരില്‍ വിളിച്ച് പറയുന്ന സിസ്റ്റര്‍ ജെസ്മിയുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നുമുണ്ട് ഫാത്തിമ. ”സഭയില്‍ നടക്കുന്ന ഭൗതികവൈകല്യങ്ങളെ കുറിച്ച് മാത്രമേ സിസ്റ്റര്‍ ജെസ്മി തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുള്ളു. യഥാര്‍ഥത്തില്‍ സഭ ഇന്നനുഭവിച്ച് കൊണ്ടിരിക്കുന്നത് കടുത്ത ആത്മീയദാരിദ്ര്യമാണ്. തിരുവസ്ത്രം ഉപേക്ഷിക്കുന്നവരുടെ മുമ്പിലുള്ള മുഖ്യവിഷയവും അത് തന്നെയാണ്. എന്നാല്‍ അത് മറച്ച് വെച്ച് സഭാധികാരികളുടെ അന്തഃപുരകഥകള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ജെസ്മി മറ്റുചില ഭൗതികലക്ഷ്യങ്ങളാണ് ലാക്കാക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.”

”ജന്മസഹജമായ മാനുഷികവികാരങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അതിനെ മറികടക്കാനുള്ള ത്വര മനുഷ്യരില്‍ അന്തര്‍ലീനമാണ്. മഠങ്ങളില്‍ അങ്ങനെ പലതും നടക്കുന്നുണ്ട്താനും. അതിന്റെ ബാക്കിപത്രമാണ് ജെസ്മി പറഞ്ഞ ‘അമ്മയും കുഞ്ഞും കളി’കളും മറ്റും. പക്ഷെ ആദര്‍ശരംഗത്തെ വൈകല്യങ്ങളാണ് ക്രൈസ്തവമഠങ്ങള്‍ക്കകത്തും പുറത്തും അണികള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. അതുകൊണ്ട് തന്നെ ‘അമ്മയും കുഞ്ഞും കളി’കളല്ല ‘പിതാവും പുത്രനും കളി’കളാണ് പുരോഹിതന്‍മാര്‍ക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നത്. ഇരുരംഗത്തും ‘പരിശുദ്ധാത്മാവി’ന്റെ അദൃശ്യസാന്നിധ്യം പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നുമുണ്ട്. സത്യത്തില്‍, ബുദ്ധികൊടുത്തു ചിന്തിക്കുന്നവര്‍ക്കൊന്നും തന്നെ ക്രിസ്തുമതത്തിന്റെ ആണിക്കല്ലായ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിയേകത്വ സങ്കല്‍പത്തില്‍ വിശ്വസിക്കാന്‍ കഴിയില്ല. യുക്തിസഹമല്ലെന്ന് മാത്രമല്ല പ്രമാണങ്ങളുടെ പിന്‍ബലവും ഇത്തരം വാദങ്ങള്‍ക്കൊന്നുമില്ല. തിരുവസ്ത്രം ഉപേക്ഷിച്ചും തിരുവെഴുത്തുകളെ തള്ളിപ്പറഞ്ഞും ഇസ്‌ലാമിലേക്ക് ചേക്കേറാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകവും ഇതല്ലാതെ മറ്റൊന്നല്ല. പ്രണയവും ഭീകരതയുമെല്ലാം ഈ മനഃപരിവര്‍ത്തനത്തെ തടയിടാനായി അവര്‍ കണ്ടെത്തിയ ചില പൊടിക്കൈകളാണ്.” മതംമാറ്റവുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയാണ് കര്‍ത്താവിന്റെ മണവാട്ടിയാവാന്‍ കൊതിച്ച് നീണ്ട പത്തുവര്‍ഷത്തോളം തിരുവനന്തപുരത്തെ ഒരു പ്രമുഖ കോണ്‍വെന്റില്‍ പഠനം നടത്തി ഒടുവില്‍ തിരുവസ്ത്രം ഉപേക്ഷിച്ച ആലപ്പുഴ സ്വദേശിനി ഫാത്തിമ. 2008ൽ ഇസ്‌ലാംമതം പുൽകിക്കൊണ്ട് അവർ തന്റെ പുതിയ ജീവിതം തെരെഞ്ഞെടുത്തത് പടപ്പുകളിൽ ആരോടെങ്കിലുമുള്ള ചപലമായ പ്രണയം കൊണ്ടായിരുന്നില്ല, പ്രത്യുത പടച്ചടച്ചവനോടുള്ള യഥാർത്ഥ സ്നേഹം കൊണ്ടായിരുന്നു.

ജിഹാദിനും മതംമാറ്റത്തിനുമെല്ലാം ‘സ്‌നേഹ’ത്തിന്റെ മുഖം വരുന്നതിനു മുമ്പ് രൗദ്രരൂപം പൂണ്ട മതംമാറ്റ കഥകള്‍ നിലനിന്നിരുന്ന കാലത്ത് ഇസ്‌ലാം ആശ്ലേഷിച്ച ഒരാളെന്ന നിലക്ക് എന്റെ അനുഭവം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.

മലപ്പുറം ജില്ലയിലെ വണ്ടൂരിലെ ഒരു ഗ്രാമത്തിലാണ് എന്റെ ജനനം. തികഞ്ഞ ഈശ്വരവിശ്വാസികളായ മാതാപിതാക്കളുടെ രണ്ടാമത്തെ മകളായ എനിക്ക് അച്ഛനമ്മമാരില്‍ നിന്ന് പകര്‍ന്നുകിട്ടിയ മതവിചാരങ്ങളായിരുന്നു കൈമുതലായി ഉണ്ടായിരുന്നത്. ദൈവവിശ്വാസമെന്നാല്‍ പൂജാമുറിയിലെ ശ്രീകൃഷ്ണ വിഗ്രഹവും ആരാധനയെന്നാല്‍ കുളിച്ച് ഈറനണിഞ്ഞ് വിഗ്രഹങ്ങള്‍ക്കു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന അച്ഛന്റെ മുഖവും മാത്രമായിരുന്നു അക്കാലത്ത് മനസ്സില്‍. അന്യമതവിശ്വാസങ്ങളെ കുറിച്ചുള്ള ഏക അറിവ് തങ്ങളെക്കാള്‍ ഏറെയൊന്നും വിഭിന്നമല്ലാത്ത ആചാരങ്ങള്‍ സൂക്ഷിക്കുന്ന തൊട്ടടുത്ത മുസ്‌ലിം കുടുംബമായിരുന്നു.

ജീവിതലക്ഷ്യത്തെ കുറിച്ചുള്ള തന്റെ അയല്‍വാസികളുടെ സങ്കല്‍പത്തില്‍ മാറ്റംവന്നത് പെട്ടെന്നായിരുന്നു; അതവരുടെ സാമൂഹികജീവിതത്തിലും പ്രകടമായി. വസ്ത്രധാരണത്തില്‍ മാത്രമല്ല, ജീവിത രീതിയിലും അലസത പുലര്‍ത്തിയിരുന്ന അവര്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ കണിശതയുള്ളവരായി മാറി. അയല്‍വാസികളില്‍ വന്ന മാറ്റം തെല്ലൊരത്ഭുതത്തോടു കൂടി നോക്കിക്കാണുകയായിരുന്നു ഞാന്‍. മുസ്‌ലിംകളിലെ ഏതോ പുരോഗമനാശയക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു എന്നു മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ അവരെ കുറിച്ചുള്ള എന്റെ അഭിപ്രായം. വെള്ളിയാഴ്ചകളിലെ പള്ളിയില്‍പോക്കിനും മതപഠന ക്ലാസുകളിലേക്കുള്ള യാത്രയിലും വീടുപൂട്ടി താക്കോല്‍ ഞങ്ങളെ ഏല്‍പ്പിക്കാറായിരുന്നു അവരുടെ പതിവ്. സൃഷ്ടിപൂജയില്‍ അധിഷ്ഠിതമായ എന്റെ വികലവിശ്വാസങ്ങളുടെ ചങ്ങലപ്പൂട്ടു തുറന്ന് ദൈവദര്‍ശനത്തിലേക്കുള്ള വാതായനം തുറന്നത് ആ താക്കോലാണെന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്. താക്കോല്‍ ഏല്‍പ്പിക്കാന്‍ വരുമ്പോഴും തിരികെ വാങ്ങാന്‍ വരുമ്പോഴുമെല്ലാം അന്നത്തെ ക്ലാസിനെ കുറിച്ചും അതിന്റെ മൗലികതയെ കുറിച്ചുമെല്ലാം സംസാരങ്ങളില്‍ കടന്നുവരിക പതിവായി. ഗൗരവപരമായ വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ അവരില്‍ കണ്ടുവരാറുള്ള ആത്മാര്‍ഥത എന്നെ ഹഠാദാകര്‍ഷിച്ചിരുന്നു അക്കാലത്ത്.

അമ്പലത്തിലെ പ്രാര്‍ഥന കഴിഞ്ഞ് പ്രസാദവുമായി മടങ്ങുന്ന ഒഴിവുദിനങ്ങളില്‍ കണ്ടുമുട്ടിയ അയല്‍വാസികളില്‍ പെട്ട ഒരു ബാലികയുടെ ചോദ്യം വല്ലാതെ മനസ്സില്‍ തട്ടി ”കാണുകയും കേള്‍ക്കുകയും ചെയ്യാത്ത ഈ കളിമണ്‍രൂപങ്ങളോട് പ്രാർത്ഥിച്ചിട്ടെന്താ? അവര്‍ക്ക് നമ്മുടെ പ്രാര്‍ഥന വല്ലതും മനസ്സിലാവുമോ?” പതഞ്ഞുപൊങ്ങിയ രോഷം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും ഉള്ളുണര്‍ത്തിയ അതിലെ യുക്തിയോട് പുറംതിരിഞ്ഞ് നില്‍ക്കാന്‍ എനിക്കു സാധിച്ചില്ല. പൂജാമുറിയിലേയും അമ്പലമുറിയിലേയും തുടര്‍ന്നുള്ള സന്ദര്‍ശനങ്ങള്‍ ജീവനില്ലാത്ത ചില കര്‍മങ്ങള്‍ മാത്രമായിത്തീര്‍ന്നു. ആയിടക്കാണ് സ്വീകരണമുറിയില്‍ വച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹം ഒരു കോഴിയുടെ ചിറകടിയില്‍ വീണുടഞ്ഞത്. മാതാപിതാക്കളുടെയും സഹോദരിയുടെയും പേടിക്കും പശവെച്ചൊട്ടിക്കാനുള്ള ധൃതിക്കുമിടയില്‍ എന്നിലത് മറ്റൊരു ചിന്തയാണ് ഉണര്‍ത്തിയത്. സ്വന്തത്തെ രക്ഷിക്കാന്‍ കഴിയാത്ത ഈ ശിലാവിഗ്രഹം പിന്നെയെങ്ങനെ നമ്മെ സംരക്ഷിക്കും. അയല്‍വീട്ടുകാരുമായി മേല്‍ സംഭവം ഞാന്‍ സംസാരിച്ചു. യഥാര്‍ഥ ദൈവത്തെ കുറിച്ചും അവന്റെ അദ്വിതീയതയെ കുറിച്ചും മരണാനന്തരജീവിതത്തെ കുറിച്ചും അന്നു ഞങ്ങള്‍ ഏറെ സംസാരിച്ചു. ഇസ്‌ലാമികദര്‍ശനങ്ങളെ കുറിച്ചുള്ള ഗൗരവപരമായ പഠനത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു അത്. ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന നിരവധി പുസ്തകങ്ങള്‍ ഇതിനിടക്ക് വായിച്ചു തീര്‍ത്തു. അങ്ങനെ പതുക്കെ പതുക്കെ ഞാനും ഒരു മുസ്‌ലിമായി മാറുകയായിരുന്നു.

സത്യസാക്ഷ്യം വീട്ടിലറിഞ്ഞാലുണ്ടാകുന്ന പ്രതികരണം ഓര്‍ത്ത് ഞാന്‍ പകച്ചു. മുസ്‌ലിമായി ജീവിക്കുകയും അമുസ്‌ലിമായി അഭിനയിക്കുകയും ചെയ്യുക എന്നത് ദുഷ്‌കരവും ഏറെ ദുഃഖകരമായിരുന്നു. പ്രതിമകള്‍ക്കും വിഗ്രഹങ്ങള്‍ക്കും മുമ്പില്‍ നിന്ന് ഗദ്ഗദകണ്ഠയായി പടച്ചതമ്പുരാനോട് പ്രാര്‍ഥിച്ചിട്ടുണ്ട്, നാഥാ! നിവൃത്തികേടുകൊണ്ടാണ് പൊറുത്തുതരണേ! എന്ന്.

ഇസ്‌ലാമിലേക്കു കടന്നുവന്ന ഒരു സഹോദരിയാണ് ആരാധനാകര്‍മങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള ഈ രീതിയുടെ പ്രത്യാഘാതങ്ങള്‍ എന്നെ ബോധ്യപ്പെടുത്തിയത്. അതിലൊരു തീരുമാനമെടുക്കുക എന്നത് അനിവാര്യമായി മാറി. ഒന്നുകില്‍ മുസ്‌ലിമായി സ്വന്തം വീട്ടില്‍ താമസിക്കുക; അല്ലെങ്കില്‍ അതിന് അനുകൂല സാഹചര്യമുള്ളിടത്തേക്ക് പോവുക. വീട്ടുകാരുടെ കടുത്ത പ്രതികരണം മൂലം നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തെ തീരുമാനമാണ് നടപ്പിലായത്. രണ്ട് ദശാബ്ദത്തോളം കാലം സ്വന്തമെന്ന് അഭിമാനിച്ചിരുന്ന പലതും ഉപേക്ഷിച്ചുകൊണ്ടുള്ള യാത്ര… സ്രഷ്ടാവിന്റെ ദര്‍ശനങ്ങള്‍ നെഞ്ചേറ്റിയാണല്ലോ എന്ന സമാധാനം മാത്രം.

മതപഠനത്തിനായി പൊന്നാനിയിലെത്തിയപ്പോഴാണ് യഥാര്‍ഥ പരീക്ഷണങ്ങള്‍ നേരിട്ടത്. സ്വന്തക്കാരും ബന്ധുക്കളും വന്ന് തിരികെവരാന്‍ പറയുന്നത് മനസ്സിലാക്കാം. പക്ഷെ, മുസ്‌ലിംകളായ മഹല്ലിലെ കാരണവന്മാരും പൗരപ്രമാണിമാരുമെല്ലാം തിരികെചെല്ലാന്‍ പറയുമ്പോഴുള്ള അവസ്ഥ! സര്‍വ്വ സ്രഷ്ടാവിനോട് കരഞ്ഞു പ്രാർത്ഥിച്ച സമയങ്ങളായിരുന്നു അത്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ എല്ലാത്തിലും പിടിച്ച്‌നില്‍ക്കാന്‍ പറ്റി. ഇന്നേറെ സന്തോഷവതിയാണ് ഞാന്‍.

കാറും ബൈക്കും മൊബൈലും സ്റ്റൈപന്റുമടങ്ങുന്ന പ്രണയ മതംമാറ്റ ഭീകരരെ കുറിച്ചുള്ള അപസര്‍പകകഥകള്‍ വായിച്ചപ്പോള്‍ പഴയ കുറെ കാര്യങ്ങള്‍ ഓർമയിലേക്ക് കടന്നുവന്നു. കേവലം ചില ഭൗതികലാഭങ്ങള്‍ക്കു വേണ്ടി സ്വന്തം മതം ഉപേക്ഷിച്ചവരെന്ന ആരോപണങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കുകയും ആനുകാലികങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പുതിയ സംഭവവികാസങ്ങളിലുള്ള അവരുടെ അഭിപ്രായങ്ങള്‍ അറിയുകയും ചെയ്യുന്നതിലപ്പുറം, ഇപ്പോള്‍ അവര്‍ എവിടെ എത്തിനില്‍ക്കുന്നു എന്നതിനെകുറിച്ചുള്ള ജിജ്ഞാസ കൂടിയായിരുന്നു യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു ലേഖനവിഷയം തിരഞ്ഞെടുക്കാനുള്ള പ്രേരകം. പരലോകത്തെ കുറിച്ചുള്ള അചഞ്ചലമായ പ്രതീക്ഷ കാത്തുസൂക്ഷിക്കുമ്പോള്‍ തന്നെ ഇഹലോകത്തെ നിരാശാജനകമായ ഭാവിയെ കുറിച്ച് അവര്‍ ഓരോരുത്തരും ബോധവതികളായിരുന്നുവെന്നും, എന്നാല്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ ഭൗതികജീവിതത്തില്‍ തന്നെ അവരെല്ലാവരും സമാധാനപരവും സന്തോഷപൂര്‍ണവുമായ ജീവിതം നയിക്കുന്നവരാണെന്നുള്ള ഹൃദ്യമായ തിരിച്ചറിവാണ് ഈ അന്വേഷണത്തിന്റെ ബാക്കിപത്രം.

ഇസ്‌ലാമിനെ പ്രണയിച്ച് സര്‍വ്വതും ഉപേക്ഷിച്ചിറങ്ങിയ ഒരുപറ്റം യുവതികളുടെ അനുഭവക്കുറിപ്പുകളാണ് നിങ്ങള്‍ ഇതുവരെ വായിച്ചത്. പ്രണയിച്ചും കണ്ണുകെട്ടിയും ഇസ്‌ലാമിലേക്ക് കൊണ്ടുചാടിക്കുന്ന ‘മതംമാറ്റ അഭ്യാസങ്ങ’ളുടെ പട്ടിക നിരത്തുന്ന മാധ്യമങ്ങളൊന്നും തന്നെ ഞങ്ങളോട് ഇക്കാര്യത്തില്‍ അഭിപ്രായം ചോദിക്കുകയോ തെറ്റുതിരുത്തുകയോ ചെയ്തിട്ടില്ലെന്നതാണ് വാസ്തവം. ഇസ്‌ലാമിലേക്കുള്ള കടന്നുവരവ് ഞങ്ങള്‍ ഇസ്‌ലാമിന് ചെയ്തുകൊടുക്കുന്ന ഒരു വലിയ സംഭാവനയായി ഞങ്ങളാരും മനസ്സിലാക്കുന്നില്ല. മറിച്ച് അല്ലാഹു ഞങ്ങളോട് കനിഞ്ഞുനല്‍കിയ ഒരു മഹാസൗഭാഗ്യമായി മാത്രമാണ് ഞങ്ങള്‍ ഇതിനെ നോക്കിക്കാണുന്നത്.

അതെ! പ്രണയമാണ് ഞങ്ങളെ ഇവിടെയെത്തിച്ചത്. ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചിറങ്ങിപ്പോരാന്‍ മാത്രം മനസ്സില്‍ പ്രേരണ ചെലുത്തിയ പ്രണയം. പക്ഷേ അത് വിമര്‍ശകര്‍ കരുതുന്നത്‌പോലെ ഏതെങ്കിലും യുവാക്കളോടല്ല; മറിച്ച് സൃഷ്ടികര്‍ത്താവായ ലോകൈകനാഥനോട്, അവന്റെ കറയറ്റ ആദര്‍ശങ്ങളോട്… നിങ്ങള്‍ അപരിഷ്‌കൃതമെന്ന് പരിചയപ്പെടുത്തിയ ദൈവികമതത്തിന്റെ ആ അദമ്യമായ സ്‌നേഹത്തിലേക്കാണ് പ്രണയകഥയിലെ ഓരോ കഥാനായികമാരും അലിഞ്ഞുചേര്‍ന്നത്. ശാന്തിയും സമാധാനവും അഭിലഷിക്കുന്ന ഒരു മനസ്സുണ്ടോ എങ്കില്‍ നിങ്ങള്‍ക്കും ഇതിലൊരിടമുണ്ട്; മുന്‍വിധികളും അജ്ഞതയും പാതിവഴിയില്‍ ഉപേക്ഷിക്കണമെന്ന് മാത്രം.

അല്ലാഹുവിനെ പ്രണയിച്ച്-ഇസ്‌ലാമിനെ പ്രണയിച്ച്-ഈ ആദര്‍ശസംഹിതയെ വരിക്കാനെത്തിയ മുഴുവന്‍ സഹോദരിമാരെയും നാഥന്‍ അനുഗ്രഹിക്കുമാറാവട്ടെ, അവരുടെയും മറ്റു സുഹൃത്തുക്കളുടെയും ഇഹപരജീവിതം അല്ലാഹു ക്ഷേമപൂര്‍ണമാക്കട്ടെ. (ആമീൻ) എന്ന് പ്രാർത്ഥിച്ചുകൊണ്ട് നനവുള്ള ഈ സംസാരം അവസാനിപ്പിക്കട്ടെ.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • Anonymous 10.02.2020

Leave a comment

Your email address will not be published.