ലൗ ജിഹാദ്; ഇരകൾ പറയുന്നു… (2)

//ലൗ ജിഹാദ്; ഇരകൾ പറയുന്നു… (2)
//ലൗ ജിഹാദ്; ഇരകൾ പറയുന്നു… (2)
ആനുകാലികം

ലൗ ജിഹാദ്; ഇരകൾ പറയുന്നു… (2)

പ്രണയം തന്നെയാണ് ഞങ്ങളെ പരിവർത്തിപ്പിച്ചത് !!!

പ്രണയവും ഇഷ്ടവുമെല്ലാം തങ്ങളുടെ വിവാഹിത്തിനു മുമ്പായിരുന്നില്ല, ശേഷമായിരുന്നുവെന്നാണ് ഇസ്‌ലാം സ്വീകരിച്ച യുവതികൾക്കെല്ലാം പറയാനുള്ളത്. ഇസ്‌ലാം സ്വീകരണത്തിന് ശേഷം ഞങ്ങളിൽ പലർക്കും മുസ്‌ലിം മാതാപിതാക്കളുടെ മക്കളായി ജനിച്ച നല്ല യുവാക്കളെ ഇണകളായി ലഭിച്ചിട്ടുണ്ടെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. “അവരെ ഞങ്ങളും അവർ ഞങ്ങളെയും നന്നായി പ്രണയിക്കുന്നുണ്ട്; പക്ഷെ അവരിൽ പലരെയും ജനങ്ങൾ കണ്ടത് തന്നെ ഇസ്‌ലാം സ്വീകരിച്ച് മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമാണ്; അവരുടെ പ്രണയക്കുരുക്കാണ് ഞങ്ങളെ ഇസ്‌ലാമിലെത്തിച്ചതെന്ന് വിമർശിക്കുന്നവർക്ക് ഞങ്ങളുടെ വീടുകളിൽ പോയി അന്വേഷിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. “എല്ലാവർക്കും പറയാനുള്ളത് ഇതാണ്. തങ്ങളെ ഇണകളായി സ്വീകരിച്ചതിനാൽ ഒരു പാട് ത്യാഗങ്ങൾ സഹിക്കേണ്ടി വന്ന പുരുഷന്മാരുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

മതംമാറിയ തന്നെ വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ അരലക്ഷം രൂപ ശമ്പളമുള്ള ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ട കഥയാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രുതിക്ക് പറയാനുള്ളത്. എറണാകുളത്തെ ഒരു പ്രശസ്ത അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഭർത്താവിന് ഉത്തരവാദപ്പെട്ടവരില്‍ നിന്നുണ്ടായ മോശം പ്രതികരണമാണ് ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് ഷിപ്പ് ഡിസൈനിംഗ് പാസായ ഭർത്താവിന് ക്യാമ്പസ് സെലക്ഷന്‍ വഴിയാണ് കാക്കനാട്ടുള്ള അന്താരാഷ്ട്ര കമ്പനിയില്‍ ജോലി കിട്ടിയത്. കമ്പനി ആവശ്യത്തിനായി അള്‍ജീരിയയില്‍ വിസിറ്റിലായിരുന്ന അദ്ദേഹത്തിന്, അതേ യാത്ര തീവ്രവാദത്തിനു വേണ്ടിയാണെന്ന് ചിത്രീകരിച്ചുകൊണ്ടുള്ള പോലീസുകാരുടെ സംസാരം തുടര്‍ജോലിക്ക് വിഘാതമായി മാറി. ഒരു ‘അമുസ്‌ലിം പെണ്‍കുട്ടി’യാണ് തന്റെ ഭാര്യ എന്നതാണ് തീവ്രവാദത്തിന്റെ പ്രത്യക്ഷരേഖയായി ഇന്റലിജന്‍സ് കണ്ടെത്തിയത്..

”ഇസ്‌ലാം സ്വീകരിച്ച് മാസങ്ങൾക്ക് ശേഷം നടന്ന കല്യാണാലോചനക്ക് മുമ്പ് ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത തന്റെ ഭര്‍ത്താവുമായുള്ള വിവാഹബന്ധത്തെ ‘ലൗ മാര്യേജ്’ എന്നാണ് അവരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസുദ്യോഗസ്ഥര്‍ എഴുതിച്ചേര്‍ത്തത് എന്നതാണ് ഏറ്റവും സങ്കടകരം. എന്റെ പഠനകാര്യങ്ങളും സ്വമേധയാ ഉള്ള മതാശ്ലേഷവുമെല്ലാം കൃത്യമായി വിവരിച്ച അന്വേഷണ ഉദ്യോഗസ്ഥന്മാരാണ് ഈ റിപ്പോര്‍ട്ട് കൊടുത്തതെന്നോര്‍ക്കണം.” ശ്രുതി പറയുന്നു.

ജോലിസ്ഥലത്ത് നിന്നും സുഹൃത്ത് വഴി ലഭിച്ച ഒരു ലഘുലേഖയില്‍ നിന്നാണ് എറണാകുളം സ്വദേശിനി ജലീല ഇസ്‌ലാമിന കുറിച്ച് പഠിച്ച് തുടങ്ങുന്നത്. നഴ്‌സിംഗിന് പഠിക്കുമ്പോഴും തുടര്‍ന്നും ഇത്തരം വിഷയങ്ങള്‍ കൂട്ടുകാരുമായി നിരന്തരം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അനിയത്തി ആസ്യയോടൊന്നിച്ചാണ് ജലീല ഇസ്‌ലാമിലേക്ക് കടന്നുവന്നത്.

”കാത്തോലിക് ബിഷപ് കൗണ്‍സില്‍ സോഷ്യല്‍ ഹാര്‍മണി സെക്രട്ടറി ജോണി കൊച്ചുപറമ്പില്‍ 2009 ൽ പുറത്ത്‌വിട്ട നോട്ടീസും ഇപ്പോൾ സിറോമലബാർ സഭാ സിനഡിന്റെ പ്രസ്താവനയുമെല്ലാം യഥാര്‍ഥത്തില്‍ അവരുടെ പ്രതിഛായ തന്നെയാണ് വെളിവാക്കുന്നത്”. ജലീല പറയുന്നു. ഭൗതിക പ്രലോഭനങ്ങളിലൂടെ കേരളത്തില്‍ മതംമാറ്റത്തിന് തുടക്കം കുറിച്ചത് ക്രിസ്ത്യന്‍ മിഷണറിമാര്‍ തന്നെയാണ്. ക്രൈസ്തവസഭയുടെ നിയന്ത്രണത്തിലുള്ള പല കോളജുകളിലും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മുസ്‌ലിം നാമധാരികളായ ക്രൈസ്തവ സുവിശേഷകരാണ്. മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മഞ്ചേരിയിലെ ലൂഥറന്‍ സഭ നടത്തുന്ന ‘മര്‍കസുല്‍ ബിഷാറ’ എന്ന ഒരു സ്ഥാപനം തന്നെ ഈ ആവശ്യത്തിനായി നിലനിന്നിരുന്നു. 1981ല്‍ ആരംഭിച്ച അതിന്റെ സ്ഥാപകലക്ഷ്യം തന്നെ പ്രലോഭനങ്ങളിലൂടെ മതപ്രബോധനം നിര്‍വഹിക്കുക എന്നതായിരുന്നു. എന്നാല്‍ 1997ല്‍ സ്ഥാപക മേധാവിയായിരുന്ന മുസ്‌ലിം നാമധാരി ഒതുക്കുങ്ങല്‍ സ്വദേശി നെച്ചിക്കുന്നന്‍ ഫാദര്‍ അലവി ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവെച്ചപ്പോഴാണ് അവിടെ വന്നെത്തിയ ദരിദ്രയുവതികള്‍ അനുഭവിച്ച പീഡനങ്ങള്‍ ലോകമറിയുന്നത്. അനേകരെ പെരുവഴിയിലാക്കി കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ കഴിയുന്ന അദ്ദേഹത്തെ പോലുള്ളവർ സിനഡിന്റെ ഇടയലേഖനം കൊളളുമോ തള്ളുമോ എന്നറിയാന്‍ താല്‍പര്യമുണ്ട്”. ജലീല പറയുന്നു.

”കേന്ദ്രമന്ത്രി വയലാര്‍ രവി മുതല്‍ ഡി വൈ എഫ് ഐ സംസ്ഥാന അധ്യക്ഷന്‍ എം. ബി രാജേഷ് വരെ അന്യമതവിഭാഗത്തില്‍ പെട്ട സ്ത്രീകളെ ഭാര്യയാക്കിയവരല്ലെ! അവരെ ഏതെങ്കിലും അന്വേഷണ ഉദോഗ്യസ്ഥര്‍ ചോദ്യം ചെയ്തിരുന്നുവോ?” തന്നെപോലെതന്നെ അഞ്ച് വര്‍ഷം മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ച ഭര്‍ത്താവ് ഖാലിദിനൊപ്പമിരുന്ന് നാദിയ ചോദിക്കുന്നു. ഇവരീ പറയുന്ന ‘നേട്ടങ്ങള്‍’ ലഭ്യമാകണമെങ്കില്‍ സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം നല്‍കണം; അതില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതോടെ ആര്‍ക്കും വായിക്കാന്‍ കഴിയുന്ന രേഖയായി അത് മാറുകയും ചെയ്യും. ഇത് നിലവിലുള്ളപ്പോള്‍ പിന്നെയെങ്ങനെ പ്രണയമതംമാറ്റത്തെ കുറിച്ചുള്ള ‘ഭീകരസംഖ്യ’യുമായി ഇവര്‍ക്ക് ഊരുചുറ്റാന്‍ കഴിയും?” ജ്യോഗ്രഫിയില്‍ ബിരുദാനന്തരബിരുദമുള്ള നാദിയ ചോദിക്കുന്നു.

ഹൈന്ദവ ആചാരങ്ങളൊന്നുപോലും മുറ തെറ്റിക്കാതെ പാലിച്ച് പോന്നിരുന്ന പാലക്കാട് ജില്ലയിലെ ഒരു പുരാതന നായര്‍ തറവാട്ടില്‍ ജനിച്ച നാദിയക്ക് പി ജിക്ക് പഠിക്കുന്ന സമയത്ത് സുഹൃത്തുക്കളുമായുള്ള സംസാരമാണ് ഇസ്‌ലാമിലേക്കുള്ള വഴിതെളിയിച്ചത്. സൃഷ്ടിപൂജയുടെ അര്‍ഥശൂന്യത ബോധ്യമായതോടെ പകരംവെക്കാനുള്ള സ്രഷ്ടാവിന്റെ ദര്‍ശനങ്ങള്‍ തേടിയുള്ള അന്വേഷണമായി. ‘നിച്ച് ഓഫ് ട്രൂത്ത്’ നടത്തുന്ന ഇസ്‌ലാം കറന്‍സ്‌പോണ്ടന്‍സ് കോഴ്‌സ് അതിനേറെ സഹായകരമായി. ഇസ്‌ലാം സ്വീകരിച്ചപ്പോഴും തുടര്‍ന്നും അനുഭവിച്ച നിരവധി പ്രയാസങ്ങള്‍… ഇപ്പോള്‍ ഭര്‍ത്താവൊന്നിച്ച് സാമാന്യം ബുദ്ധിമുട്ടില്ലാതെ കുടുംബജീവിതം നയിക്കുന്നു.

”കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇസ്‌ലാം സ്വീകരിച്ചിട്ട്. അതിനു മുമ്പും ശേഷവും ഒരുപാട് ഇസ്‌ലാമിക വിശ്വാസഗ്രന്ഥങ്ങള്‍ വായിക്കാന്‍ സാധിച്ചിട്ടുണ്ട്. ജിഹാദിനെ കുറിച്ച് മാത്രമായുള്ള ഗ്രന്ഥങ്ങളും കണ്ടിട്ടുണ്ട്. പക്ഷെ താങ്കളീ പറയുന്ന തരത്തിലുള്ള ഒരു ജിഹാദ് ഞാന്‍ ഇതുവരെ കേട്ടിട്ടില്ലല്ലോ…”. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്റെ താൻ ഇസ്‌ലാം സ്വീകരിച്ച ഉടനെയുള്ള ഫോണ്‍കോളിനെ തമാശയാക്കി കളഞ്ഞ നര്‍മം പങ്കുവെക്കുകയാണ് കോഴിക്കോട് ജില്ലയിലെ പട്ടേല്‍ത്താഴം സ്വദേശിനി ഫാത്തിമ.

”ഭര്‍ത്താവിനും അമ്മയ്ക്കുമെല്ലാം അവര്‍ ഇതേരീതിയില്‍ ഫോണ്‍ ചെയ്തിരുന്നു. ഏറെ കാലമായി പരസ്പരസ്‌നേഹത്തോടെയും ബഹുമാനത്തോടെയും കഴിഞ്ഞിരുന്ന അമ്മയ്ക്കിടയിൽ പോലും വിടവ് സൃഷ്ടിക്കുവാൻ മാത്രമാണ് അത്തരം ഫോൾകോളുകൾക്ക് കഴിഞ്ഞത്”. ”പത്രങ്ങളിലും മറ്റും വന്ന വാര്‍ത്തകള്‍ പിന്നീട് സത്യമാണെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ക്കെന്ത് ചെയ്യാന്‍ പറ്റും? അവര്‍ നിങ്ങളുടെ മകളെ ഉപദ്രവിക്കില്ലെന്ന് ആര് കണ്ടു?” മകളുടെ ഭര്‍തൃവീട്ടുകാരുമായി തങ്ങള്‍ നല്ല ബന്ധമാണെന്നറിയിച്ച ഫാത്തിമയുടെ അമ്മയോട് ഉത്തരവാദപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍മാര്‍ ചോദിച്ച ചോദ്യങ്ങളായിരുന്നു ഇത്. ഇങ്ങനെയാണവര്‍ അന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം കൂട്ടിയത്. ഫാത്തിമ പറയുന്നു.

ബി കോം ബിരുദധാരിണിയായ ഫാത്തിമ 2008ലാണ് ഇസ്‌ലാംമതം ആശ്ലേഷിക്കുന്നത്. അമ്പലവും കാവും കുലദൈവമായ ഗണപതിയുമെല്ലാമടങ്ങിയതാണ് ഫാത്തിമയുടെ കുട്ടിക്കാല ഓര്‍മകള്‍. കോളജ് സുഹൃത്തുകളില്‍ നിന്നും പകര്‍ന്നുകിട്ടിയ ഇസ്‌ലാമിക ആദര്‍ശങ്ങള്‍ക്ക് യഥാര്‍ഥ ജീവന്‍ വെച്ചത് കോഴിക്കോട് വെച്ച് നടന്ന ‘സാല്‍വേഷന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷ’നാണ്.

മതാശ്ലേഷണത്തിനും ‘തര്‍ബിയത്തുല്‍ ഇസ്‌ലാമി’ലെ പഠനത്തിനും ശേഷം വീട്ടില്‍ തിരിച്ചെത്തിയതോടെ ജീവിതം ഏറെ ദുസ്സഹമാവുകയായിരുന്നുവെന്ന് ഫാത്തിമ ഓര്‍ക്കുന്നു. ഏതോ അന്യഗ്രഹത്തില്‍ നിന്ന് വന്ന ജീവിയെപോലെ പരിചയക്കാരടങ്ങുന്ന വലിയ കൂട്ടം ജനങ്ങള്‍ തന്നെ കാണാനെത്തിയതും പലതരം കുത്തുവാക്കുകളും പരിഹാസങ്ങളും നടത്തിയതുമെല്ലാം ഇന്നെലെയെന്നപോലെ ഓര്‍ക്കുന്നു ഫാത്തിമ. രണ്ടു ദിവസത്തിന് ശേഷം തിരിച്ചെത്തിക്കാമെന്ന ഉറപ്പിന്‍മേല്‍ തര്‍ബിയത്തിൽ നിന്ന് കൊണ്ടുവന്ന അവരെ ബന്ധുക്കളും നാട്ടുകാരുമടക്കം കടുത്ത മനോപീഡനത്തിന് വിധേയമാക്കുകയായിരുന്നു. അവർ കൂടോത്രവും മാരണവുമെല്ലാം നടത്തുമ്പോഴും മനമുരുകിയുള്ള പ്രാര്‍ഥന മാത്രമായിരുന്നു തന്റെ ഏക ആശ്രയം. വീട്ടുകാരുടെ നിര്‍ബന്ധത്തിനൊടുവില്‍ കൊളത്തൂര്‍ അദ്വൈദാശ്രമത്തില്‍ പോയി സ്വാമി ചിദാനന്ദപുരിയെ കണ്ട അനുഭവവും ഓര്‍ക്കുന്നുണ്ട് ഫാത്തിമ. ”പ്രേമക്കെണിയില്‍ വീഴ്ത്തി തന്നെ ഉപയോഗിച്ച് വലിച്ചെറിയുമെന്നായിരുന്നു സ്വാമിജിയുടെ കണ്ടെത്തല്‍. ഇത് പറയാനായി അദ്ദേഹം ഉപയോഗിച്ച ഭാഷയുടെ നിലവാരം ഒരു ആശ്രമമഠാധിപതിക്ക് യോജിച്ചതല്ലെന്ന് അപ്പോള്‍ തന്നെ എനിക്ക് തിരിച്ച്പറയേണ്ടി വന്നു.” ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന പല പണ്ഡിതന്‍മാരെ കുറിച്ചും സ്വാമിജി അന്ന് പറഞ്ഞ മോശമായ അഭിപ്രായങ്ങള്‍ അവരുമായുള്ള അടുത്ത പരിചയംമൂലം പുര്‍ണമായും തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. മാത്രമല്ല സ്വാമി പറഞ്ഞ പല ആരോപണങ്ങളും ഇന്ന് ത്രീവ ഹൈന്ദവ- ക്രൈസ്തവ സംഘടനകളും ചില ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും ഏറ്റുപറയുന്നതു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിപ്പോവുന്നു.

”മിശ്രവിവാഹത്തിന് ആളെ ക്ഷണിച്ചുകൊണ്ട് പരസ്യം ചെയ്യാന്‍ മാത്രമായി കോളം നല്‍കുന്നൊരു മാസികയുണ്ട് യുക്തിവാദികള്‍ക്ക്. മിശ്രവിവാഹത്തെ പ്രോല്‍സാഹിപ്പിച്ചും വിവാഹിതരുടെ ഫോട്ടോ പ്രസിദ്ധീകരിച്ചും ‘മിശ്രവിവാഹ വേദി’ എന്ന പേരില്‍ അതിനായി മാത്രം ഒരു മാര്യേജ് ബ്യൂറോ സംഘടിപ്പിച്ചുമെല്ലാം ഈ ഉദ്യമത്തെ ആവുന്നത്ര പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട് യുക്തിവാദികള്‍. എന്നാല്‍ മറ്റു മതത്തിലുള്ള ആളുകള്‍ ഇസ്‌ലാമിലെത്തി അവരുമായി വിവാഹം ചെയ്യുന്നത് ഏറെ അസഹിഷ്ണുതയോടെയാണ് ഇവര്‍ നോക്കിക്കാണുന്നത്. ഇക്കാര്യത്തെ കുറിച്ചെഴുതുമ്പോള്‍ യുക്തിവാദി ലേഖകരുടെ ഭാഷക്ക് കാവി നിറമാണ്.”

എറണാകുളത്ത് വൈറ്റിലയില്‍ താമസിക്കുന്ന ആര്‍കിടെക് എഞ്ചിനിയറായ സാറയാണ് ഇത് പറയുന്നത്. തന്റെ സിവില്‍ എഞ്ചിനിയറിംഗ് പഠനവേളയില്‍ കൂട്ടുകാരികളുമായി നടന്ന സംസാരത്തിലാണ് സാറ ഇസ്‌ലാമിനെ കണ്ടെത്തുന്നത്. പഠനസമയത്ത് റൂംമേറ്റുകളില്‍ നിന്നും മറ്റുമായി കൂടുതല്‍ പഠിക്കാന്‍ അവസരം ലഭിച്ചു. 2009ല്‍ എറണാകുളത്ത് വെച്ചു നടന്ന ‘സാല്‍വേഷന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷനോ’ടെ തന്റെ ജീവിതലക്ഷ്യം താന്‍ സ്വയം കണ്ടെത്തുകയായിരുന്നുവെന്ന് സാറ പറയുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി മുറവിളി കൂട്ടിയും ചൂലെടുത്ത് സമരം നടത്തിയുമെല്ലാം ജനശ്രദ്ധ നേടിയെടുത്ത കേരളത്തിലെ ഫെമിനിസ്റ്റുകളൊന്നും തന്നെ അവര്‍ക്ക് വിയോജിപ്പില്ലാത്ത-പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് പ്രേമിക്കാനുള്ള-അവകാശങ്ങള്‍ക്കുവേണ്ടി ഒന്നു ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറാവാത്തതില്‍ അത്ഭുതപ്പെടുകയാണ് കേരള-കര്‍ണാട അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തെ മിയാപദവില്‍ നിന്നും ഇസ്‌ലാം സ്വീകരിച്ച സാജിദ.

പ്രണയ മതംമാറ്റത്തിന്റെ ആദ്യ ഇര പ്രശസ്ത സാഹിത്യകാരിയായ മാധവിക്കുട്ടിയായിരുന്നു എന്ന് ലീലാമേനോനെ പോലുള്ള എഴുതിതെളിഞ്ഞ പത്രപ്രവര്‍ത്തക പറഞ്ഞിട്ടു കൂടി കപടമൗനം ഭജിക്കുകയാണ് കേരളത്തിലെ ഫെമിനിസ്റ്റ് ബുദ്ധിജീവികള്‍. ഇതിനേക്കാള്‍ ഭേദം കര്‍ണാടകാ സംസ്ഥാനമാണെന്നാണ് സാജിദയുടെ അഭിപ്രായം. സില്‍ജ-അഷ്‌ക്കര്‍ കേസില്‍ സില്‍ജയോട് മൂന്നുമാസം മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പറഞ്ഞ കോടതി തീരുമാനത്തെ ‘ഞെട്ടിക്കുന്ന വിധി’ എന്ന് പറഞ്ഞാണ് കര്‍ണാടകയിലെ ‘ജനാധിപത്യ മഹിളാ അസോസിയേഷ’ന്റെ കര്‍ണാടകാ നേതൃത്വം പ്രതികരിച്ചത്. മാത്രമല്ല ‘പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്’ (പി.യു.സി.എല്‍) കര്‍ണാടകാഘടകം ഇതിനെതിരെ പെറ്റീഷന്‍ നല്‍കാനും തയ്യാറായി. എന്നാൽ മലയാളികളായ സ്ത്രീവാദികളോ? ഹാദിയ കേസിൽ അവരുടെ തനിനിറം മലയാളികൾക്കെല്ലാം മനസ്സിലായതാണ്. ഒരു പക്ഷത്ത് ഇസ്‌ലാം വരുമ്പോൾ അവരെല്ലാം വേട്ടക്കാരുടെ പക്ഷത്താണ്. ഇരകളോടൊപ്പം നിൽക്കാനോ, അവരുടെ പക്ഷം കേൾക്കാൻ പോലുമോ അവരൊന്നും തയ്യാറാവാറില്ല” സാജിദ പറയുന്നു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടിയിരുന്ന കാസര്‍ഗോഡ് ജില്ലയിലെ സാധാരണ ഗ്രാമത്തില്‍ നിന്നാണ് ശശികലയെന്ന സാജിദ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നത്. ചുറ്റുപാടുമുള്ള യാഥാസ്ഥിക മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ ജീവിച്ചുപോന്നിരുന്ന സാജിദക്ക് ഇസ്‌ലാമെന്നാല്‍ ഇതൊക്കെതന്നെയാണ് എന്നായിരുന്നു ധാരണ. ഇടക്കാലത്ത് പുരോഗമന ആശയക്കാരായ ഒരു കുടുംബത്തില്‍ നിന്നും യഥാര്‍ഥ ഇസ്‌ലാമിനെ തിരിച്ചറിയുകയും തന്റെ ഹിന്ദി പഠനവേളയില്‍ പരിചയപ്പെട്ട പരിവര്‍ത്തിത മുസ്‌ലിം സഹോദരിമാരുമായി തന്റെ മതപരമായ അറിവ് പങ്കുവെക്കുകയും ചെയ്ത സാജിദ പൊന്നാനിയിലെ ‘മഊനത്തുല്‍ ഇസ്‌ലാം സഭ’യില്‍ നിന്നാണ് മതപഠനം പൂര്‍ത്തിയാക്കുന്നത്. ഇപ്പോള്‍ വണ്ടൂരിലെ നടുവത്ത് എന്ന സ്ഥലത്ത് ഭര്‍ത്താവിനൊപ്പം കഴിയുന്നു.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.