ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -12

//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -12
//ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -12
ആനുകാലികം

ഇസ്‌ലാം വിരോധിളോട് ചിലത് പറയാനുണ്ട് -12

“എണ്ണൂറോളം വരുന്ന ജൂതപുരുഷന്‍മാരെ കഴുത്തറുത്തുകൊന്ന മുഹമ്മദ്…”

ഇസ്‌ലാമിന്റെ നേരെ ഇക്കൂട്ടര്‍ വച്ചുപുലര്‍ത്തുന്ന പക എത്രമേല്‍ ആഴമേറിയതാണെന്ന് കാണിക്കുന്നുണ്ട് ഇത്തരം ദുരാരോപണങ്ങള്‍. ഇവര്‍ക്ക് യുക്തിബോധമില്ലെന്നും യുക്തിവാദം മാത്രമേ ഉള്ളൂ എന്നുമുള്ളതിന്റെ ഒരു തെളിവുകൂടിയാണ് മേല്‍വാചകങ്ങള്‍. എണ്ണൂറോളം വരുന്ന ജൂതപുരുഷന്‍മാരെ കൊന്നു -കഴുത്തറുത്തുകൊന്നു എന്ന പ്രയോഗം നമുക്ക് വിടാം. കഴുത്തറുത്തു കൊല്ലണമെങ്കില്‍ ഇത്രയും ആളുകളെ കിടത്തി മൃഗത്തെ അറുക്കുന്നതുപോലെ കഴുത്തില്‍ കത്തിവെച്ച് മൂർന്ന് മുറിച്ചു കൊല്ലണമല്ലോ- എന്നുപറയുമ്പോള്‍ തന്നെ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. ആ ജൂതരുടെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നില്ലേ, അവരെ എന്തുചെയ്തു? പുരുഷന്‍മാരെ മാത്രം തെരഞ്ഞുപിടിച്ചു കൊല്ലാന്‍ എന്താവും കാരണം?

നമുക്ക് ചരിത്രം പരതാം. എന്നിട്ടുവേണമല്ലോ തീരുമാനത്തിലെത്താന്‍.

നാം നടേപറഞ്ഞ ഒരു കാര്യമുണ്ട്. മുഹമ്മദ് (സ) മദീനയില്‍ വന്നത് ഒരു മതപുരോഹിതനോ മതനേതാവോ ആയി മാത്രമല്ല. ഒരു രാഷ്ട്രനായകന്‍ കൂടിയായാണ്. സാധാരണ പരിചയപ്പെടുത്താറുള്ള ഒരു നായകനുമല്ല അദ്ദേഹം. അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. രാഷ്ട്രനായകനാണ്. നിയമദാതാവാണ്. മദീനയി(യഥ്‌രിബ്)ലെ എല്ലാ വിഭാഗം ആളുകളുമായും അദ്ദേഹം ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. അതില്‍ യഹൂദരും ഒപ്പുവെച്ചതാണ്.

മൂന്നു യഹൂദ ഗോത്രങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. ബനൂ ഖൈനുഖാഅ്, ബനൂ നദീര്‍, ബനൂ ഖുറൈള. ഈ യഹൂദ ഗോത്രങ്ങളില്‍ കരാര്‍ ലംഘിച്ച ആദ്യസംഘം ബനൂ ഖൈനുഖാഅ് ആണ്. കരാര്‍ വ്യവസ്ഥ നമുക്ക് ഒരിക്കല്‍കൂടി വായിക്കാം:

1. ബനൂ ഔഫ് ഗോത്രത്തിലെ യഹൂദര്‍ വിശ്വാസികളോടൊപ്പം ഒരു സമൂഹമാണ്. യഹൂദര്‍ക്ക് അവരുടെ മതം. മുസ്‌ലിംകള്‍ക്ക് അവരുടെ മതവും. അവര്‍ക്കും യഹൂദര്‍ക്കും അവരവരുടെ അടിമകളെയും സ്വന്തക്കാരെയും കൂടെക്കൂട്ടാം. ബനൂ ഔഫുകാരല്ലാത്ത യഹൂദര്‍ക്കുമുണ്ട് ഈ അവകാശങ്ങളത്രയും.
2. യഹൂദരുടെ ജീവിതച്ചെലവ് വഹിക്കേണ്ടത് അവര്‍ തന്നെയാണ്. മുസ്‌ലിംകളുടേത് അവരും.
3. ഈ കരാര്‍ അംഗീകരിച്ചവരില്‍ ഏതെങ്കിലുമൊരു കക്ഷിയോട് യുദ്ധത്തിനൊരുങ്ങുന്നവര്‍ക്കെതിരെ അവര്‍ പരസ്പരം സഹായിക്കേണ്ടതാണ്.
4. അവര്‍ പരസ്പരം ഗുണകാംക്ഷ വെച്ചുപുലര്‍ത്തുകയും സദുപദേശം നല്‍കുകയും ചെയ്യേണ്ടതാണ്. പരസ്പരം നന്മയില്‍ വര്‍ത്തിക്കുകയും വേണം. കുറ്റകരമായ സമീപനം അരുത്.
5. ആരുംതന്നെ സഖ്യകക്ഷിയോട് തെറ്റായ സമീപനം കൈക്കൊള്ളരുത്.
6. മര്‍ദിതനെ സഹായിക്കേണ്ടതാണ്.
7. ശത്രുവിനോട് യുദ്ധം ചെയ്യുമ്പോഴെല്ലാം യഹൂദര്‍ വിശ്വാസികളോടൊപ്പമുണ്ടായിരിക്കും.
8. ഈ കരാര്‍പത്രമനുസരിച്ച് യഥ്‌രിബ് പവിത്രമായിരിക്കും.
9. ഈ കരാറില്‍ ഏര്‍പ്പെട്ടവര്‍ക്കിടയില്‍ കുഴപ്പവും നാശവും ഭയപ്പെടാവുന്ന എന്തു സംഭവമുണ്ടായാലും അതിന്റെ അന്തിമതീര്‍പ്പ് അല്ലാഹുവിനും അവന്റെ ദൂതനായ മുഹമ്മദിനുമായിരിക്കും.
10. ഖുറൈശികള്‍ക്കോ അവരെ സഹായിക്കുന്നവര്‍ക്കോ ആരും അഭയം നല്‍കാവതല്ല.
11. യഥ്‌രിബിനെ അപകടപ്പെടുത്താന്‍ തുനിയുന്നവര്‍ക്കെതിരില്‍ അവര്‍ പരസ്പരം സഹായിക്കേണ്ടതാണ്. ഓരോ കൂട്ടരും തങ്ങളുടെ ബാധ്യത നിര്‍വഹിക്കേണ്ടതാണ്.
12. ഈ രേഖ കുറ്റവാളിക്കും മര്‍ദകനും സംരക്ഷണമേകുന്നതല്ല.

ഖുറൈശികളുടെ ഭീഷണിക്കത്ത്

മക്കയില്‍ ഖുറൈശികളുടെ മര്‍ദനം സഹിക്കവയ്യാതെയാണല്ലോ മുഹമ്മദും(സ) അനുചരന്‍മാരും യഥ്‌രിബിലേക്ക് ഹിജ്‌റ പോയത്. യഥ്‌രിബില്‍ ഖസ്‌റജ് ഗോത്രക്കാരനായിരുന്നു അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍. അയാളെ രാജാവായി വാഴിക്കാന്‍ ഖസ്‌റജ് ഗോത്രം വട്ടംകൂട്ടിക്കൊണ്ടിരിക്കെയാണ് പ്രവാചകന്‍ അവിടെ വരുന്നത്. അത് അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ സ്വപ്നം പൊലിയാന്‍ കാരണമായി. അതുകൊണ്ട് തന്നെ അയാള്‍ പ്രവാചകനോട് ശത്രുത പുലര്‍ത്തിപ്പോന്നു. അങ്ങനെയിരിക്കെയാണ് അയാള്‍ക്ക് മക്കയില്‍നിന്ന് ഒരു ഭീഷണിക്കത്ത് വരുന്നത്. കത്തിന്റെ ഉളളടക്കം ഇങ്ങനെ സംഗ്രഹിക്കാം:

”ഞങ്ങളുടെ ആൾക്ക് നിങ്ങള്‍ അഭയം നല്‍കിയിരിക്കുന്നുവല്ലോ. അല്ലാഹുവില്‍ ആണയിട്ടു ഞങ്ങള്‍ പറയാം; ഒന്നുകില്‍ നിങ്ങള്‍ അയാളോട് യുദ്ധം ചെയ്യുക, അല്ലെങ്കില്‍ അയാളെ അവിടെ നിന്ന് പുറത്താക്കുക. അല്ലെങ്കില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി അവിടേക്കു വരാം. തുടര്‍ന്ന് ഞങ്ങള്‍ നിങ്ങളിലെ യോദ്ധാക്കളെ കൊല്ലുകയും സ്ത്രീകളെ അധീനപ്പെടുത്തുകയും ചെയ്യും.”

എഴുത്ത് കിട്ടാത്ത താമസം, അബ്ദുല്ലാഹിബ്‌നു ഉബയ്യ് പ്രവാചകനോടുള്ള പകപോക്കലിന് ഇതൊരു നല്ല തക്കമായി കരുതി. അയാള്‍ തങ്ങളോടൊപ്പം സംഘടിക്കാന്‍ തയ്യാറുള്ള യഥ്‌രിബിലെ ബഹുദൈവ വിശ്വാസികളെ കൂട്ടി പ്രവാചകനോടു യുദ്ധം ചെയ്യാന്‍ തയ്യാറെടുപ്പ് നടത്തി. വിവരമറിഞ്ഞ പ്രവാചകന്‍ (സ) അവരെ സമീപിച്ചു. അദ്ദേഹം പറഞ്ഞു:

”ഖുറൈശികളുടെ ഭീഷണി നിങ്ങളെ ഭയചകിതരാക്കിയിരിക്കും. നിങ്ങള്‍ സ്വയം വരുത്തിവെക്കുന്ന അനര്‍ത്ഥങ്ങളെക്കാള്‍ കൂടുതലായി അവര്‍ നിങ്ങള്‍ക്ക് യാതൊരനര്‍ത്ഥവും വരുത്തിവെക്കാന്‍ പോകുന്നില്ല. സ്വന്തം മക്കളോടും സഹോദരന്‍മാരോടുമാണ് നിങ്ങള്‍ യുദ്ധത്തിനൊരുങ്ങുന്നത്!”

പ്രവാചകന്റെ ഇടപെടല്‍ ഫലം കണ്ടു. ആ സംഘം യുദ്ധത്തിനൊരുമ്പെടാതെ പിരിഞ്ഞുപോയി. പിന്തുണക്കാന്‍ ആളില്ലെന്നു കണ്ടപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യ് പിന്നെ മുമ്പോട്ടു വന്നുമില്ല. പക്ഷേ, അയാള്‍ മക്കയിലെ പ്രവാചകശത്രുക്കളുമായി പിന്നെയും ബന്ധപ്പെടാതിരുന്നില്ല. കിട്ടുന്ന ഏതു സന്ദര്‍ഭവും അയാള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നു. അയാളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങളത്രയും യഥാസമയം ഇടപെട്ട് പ്രവാചകന്‍ (സ) തകര്‍ത്തുകൊണ്ടിരുന്നു.

ആയിടക്കാണ് സഅ്ദുബ്‌നു മുആദ് (റ) ഉംറയുദ്ദേശിച്ച് മക്കയിലെത്തിയത്. മക്കയിലെത്തിയ അദ്ദേഹം തന്റെ പഴയ സുഹൃത്ത് ഉമയ്യത്ത്ബ്‌നു ഖലീഫിന്റെ അടുത്താണ് താമസിച്ചത്. അദ്ദേബഹം ഉമയ്യത്തിനോട് പറഞ്ഞു: ”എനിക്ക് വിശുദ്ധ ഭവനം ത്വവാഫ് ചെയ്യണമെന്നുണ്ട്. അതുകൊണ്ട് താങ്കള്‍ എനിക്കുവേണ്ടി ഒരല്‍പസമയം നീക്കിവെക്കണം.”

ഉമയ്യത്ത് സഅ്ദിന്റെ കൂടെ ഉച്ചയോടടുത്തനേരം കഅ്ബയിലേക്കു പുറപ്പെട്ടു. രണ്ടുപേരെയും, കണ്ട അബൂ ജഹ്ൽ ഉമയ്യത്തിനോട് ചോദിച്ചു:
”അബൂ സഫ്‌വാന്‍ ഇതാരാണ് കൂടെ?”
ഉമയ്യത്ത്: ”ഇത് സഅ്ദാണ്.”
അബൂ ജഹ്ൽ സഅ്ദിനോട് തട്ടിക്കയറി. അയാള്‍ ചോദിച്ചു:
”താന്‍ മക്കയില്‍ വന്ന് സുരക്ഷിതമായി കഅ്ബ ത്വവാഫ് ചെയ്യുന്നത് ഞാന്‍ നോക്കി നില്‍ക്കണമല്ലേ! മതം മാറിയവര്‍ക്ക് അഭയം നല്‍കിയവരാണ് നിങ്ങള്‍. അവരെ സഹായിക്കുമെന്ന് നിങ്ങള്‍ വീമ്പു പറയുകയും ചെയ്യുന്നു. അബൂ സഫ്‌വാന്റെ കൂടെയായിപ്പോയി. ഇല്ലെങ്കില്‍ സുരക്ഷിതനായി കുടുംബത്തിനടുത്തേക്ക് തിരിച്ചുപോവകാന്‍ തനിക്കാകുമായിരുന്നില്ല.”

സഅ്ദ് തിരിച്ചടിച്ചു; അദ്ദേഹം ശബ്ദമുയര്‍ത്തി പറഞ്ഞു: ”എന്നെ തടയാനാണ് ഭാവമെങ്കില്‍ നിനക്ക് ഏറെ പ്രയാസമുണ്ടാക്കുംവിധം നിന്നെ ഞാനും തടയുന്നുണ്ട്. മദീന വഴിക്കുള്ള നിന്റെ കച്ചവടമാർഗം!”

മുസ്‌ലിംകള്‍ക്കുനേരെയുള്ള ഖുറൈശികളുടെ ഭീഷണി

അബ്ദുല്ലാഹിബ്‌നു ഉബയ്യും ആളുകളും മക്കയിലെ ശത്രുക്കളുടെ ഭീഷണിക്കനുകൂലമായി പ്രതികരിക്കാന്‍ പിന്നീട് മുമ്പോട്ടു വന്നില്ലെന്നതു ശരി. പക്ഷേ ശത്രുക്കള്‍ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ യഥ്‌രിബില്‍ അഭയം തേടിയ മുസ്‌ലിംകളെയാണ് അവര്‍ ഭീഷണിപ്പെടുത്തുന്നത്. അവര്‍ മുഹാജിറുകള്‍ക്കെഴുതി:

”ഞങ്ങളുടെ പിടുത്തത്തില്‍നിന്ന് രക്ഷപെട്ട് യഥ്‌രിബിലെത്തിച്ചേര്‍ന്നു എന്നുകരുതി അഭിരമിക്കേണ്ടതില്ല. ഞങ്ങള്‍ വരുന്നുണ്ട്. നിങ്ങളെ ഞങ്ങള്‍ മുച്ചൂടും പിഴുതെറിയും. നിങ്ങളുടെ വീടകത്ത് നിങ്ങളുടെ പച്ചപ്പ് ഞങ്ങള്‍ നശിപ്പിക്കും.”

ഇതൊരു കേവല ഭീഷണി മാത്രമായിരുന്നില്ല. അവര്‍ അതുസംബന്ധമായി ചില നീക്കങ്ങള്‍ നടത്തുന്നുമുണ്ടായിരുന്നു. പ്രവാചകന്‍ (സ) തന്നെയും കരുതലോടെയാണ് യഥ്‌രിബില്‍ കഴിഞ്ഞുവന്നിരുന്നത്. അതുകൊണ്ട് തന്നെ രാത്രി ഒന്നുകില്‍ ഉറക്കിളച്ച് കഴിഞ്ഞുകൂടാന്‍ അല്ലെങ്കില്‍ പാറാവുകാരുടെ കാവലില്‍ കഴിയാന്‍ അവിടുന്ന് നിര്‍ബന്ധിതനായി. പ്രവാചകപത്‌നി ആയിശ (റ) ഇക്കാര്യം പറയുന്നുണ്ട്.

”മദീനയില്‍ വന്ന ആദ്യനാളുകളില്‍ രാത്രികാലത്ത് ഒരിക്കല്‍ അല്ലാഹാവിന്റെ ദൂതര്‍ ഉറക്കിളച്ചു. അവിടുന്ന് പറഞ്ഞു: എന്റെ അനുചരന്‍മാരില്‍പെട്ട ഒരു നല്ല വ്യക്തി ഈ രാത്രി എനിക്ക് കാവലിരിക്കാന്‍ വന്നെങ്കില്‍.”

അവര്‍ പറയുന്നു: അങ്ങനെയിരിക്കെ ഞങ്ങള്‍ ആയുധത്തിന്റെ കൂട്ടിയുരസല്‍ ശബ്ദം കേട്ടു. അവിടുന്ന് ചോദിച്ചു: ‘ആരാണത്?’
അയാള്‍ പറഞ്ഞു: ‘അബൂ വഖ്ഖാസിന്റെ മകന്‍ സഅ്ദ്.’
അവിടുന്ന് ചോദിച്ചു: ‘എന്താണ് ഈ സമയത്ത്?’
അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരുടെ കാര്യത്തില്‍ എനിക്ക് ഭയാശങ്ക തോന്നി. അങ്ങനെ അദ്ദേഹത്തെ കാക്കാന്‍ വേണ്ടി വന്നതാണ്.’
അല്ലാഹുവിന്റെ ദൂതര്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് അവിടുന്ന് ഉറങ്ങുകയും ചെയ്തു.
ഏതെങ്കിലും ഒറ്റപ്പെട്ട രാത്രികളില്‍ നടക്കുന്ന ഒന്നായിരുന്നില്ല ഈ കാവല്‍. ഒരു സ്ഥിരം ഏര്‍പ്പാടായിരുന്നു. ”ശത്രുജനങ്ങളില്‍നിന്നും നിന്നെ അല്ലാഹു സംരക്ഷിക്കുന്നതായിരിക്കും” എന്ന ക്വുര്‍ആനിക പ്രഖ്യാപനം വരുന്നതുവരെ അത് തുടര്‍ന്നു. ഈ വചനം ഇറങ്ങിയപ്പോള്‍ കിടപ്പുമുറിയില്‍നിന്ന് തല പുറത്തുകാണിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: ”ജനങ്ങളേ, പിരിഞ്ഞുപോയിക്കൊള്ളുക. അല്ലാഹു എനിക്ക് സംരക്ഷണം ഉറപ്പ് നല്‍കിയിട്ടുണ്ട്.”

പ്രവാചകന്റെ മാത്രം അവസ്ഥയായിരുന്നുവോ ഇത്? ആയിരുന്നില്ലെന്ന് ചരിത്രം. അനുചരന്‍മാര്‍ അന്തിയുറങ്ങിയിരുന്നത് ആയുധം കയ്യില്‍ കരുതിക്കൊണ്ടാണ്.

ഈ ഘട്ടത്തിലും ശത്രുവിനെതിരില്‍ യുദ്ധം ചെയ്യുന്നതു സംബന്ധിച്ച് പ്രവാചകന്‍ (സ) ചിന്തിച്ചിരുന്നേയില്ല. എങ്ങനെ തനിക്കും അനുചരന്‍മാര്‍ക്കും സുരക്ഷിതരായി കഴിയാം എന്നതുമാത്രമായിരുന്നു ചിന്ത. ഈ സന്നദ്ധതക്കൊടുവിലാണ് മര്‍ദിതരെന്ന കാരണത്താല്‍ യുദ്ധം ചെയ്തുകൊള്ളുക എന്ന അനുവാദവുമായി ക്വുര്‍ആന്‍ (അല്‍ഹജ്ജ്:39) അവതരിക്കുന്നത്.

ഇത്തരം ഭീഷണി സാഹചര്യങ്ങളില്‍ ഒരു രാഷ്ട്രത്തിന് ചെയ്യാനുള്ളതെന്താണ്? ബാഹ്യഭീഷണി കണ്ടില്ലെന്നു നടിക്കണമോ?

സ്വയം നശിക്കാനുദ്ദേശിച്ച ആളുകള്‍ക്ക് അല്ലാതെ അത്തരമൊരു നിലപാട് കൈക്കൊള്ളാനാവുകയില്ല. അപ്പോള്‍ പിന്നെ ചെയ്യാനുള്ളത് സുരക്ഷയുടെ മാര്‍ഗം ആരായുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്. അതും ഒറ്റയടിക്ക് ചെയ്യാവുന്നതല്ല. അവിടെയാണ് മുഹമ്മദിലെ(സ) രാഷ്ട്രനായകന്‍ ഉണര്‍ന്നെണീക്കുന്നത്. രണ്ടുമൂന്നു കാര്യങ്ങളാണ് ഈ രംഗത്ത് അദ്ദേഹം കൈക്കൊണ്ടത്. അനുയായികള്‍ക്ക് സായുധപരിശീലനത്തിന് നിര്‍ദേശം നല്‍കുകയും പ്രചോദനമേകുകയുമാണ് ഒന്ന്. അവിടെയാണ് സായുധസജ്ജരാകാന്‍ ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നത്. ”പരമാവധി അവരെ നേരിടാന്‍ ശക്തിയും അശ്വസൈന്യപാറാവുമൊരുക്കുക. അതുവഴി അല്ലാഹുവിന്റെ ശത്രുക്കളെ, നിങ്ങളുടെയും ശത്രുക്കളെ ഭയപ്പെടുത്താനാണത്. അവരല്ലാത്ത മറ്റു ചിലരെയും ഭയപ്പെടുത്താന്‍. അവരെ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന് അവരെ അറിയാം….” (8:60)

ശത്രുവിനെ കൊന്നൊടുക്കാന്‍ എന്നല്ല, ക്വുര്‍ആന്‍ ഇവിടെ പറയുന്നത് ഭയപ്പെടുത്താന്‍ എന്നാണെന്നത് ഏറെ ശ്രദ്ധേയമാണ്. ശത്രുവിനെയായാലും കൊന്നൊടുക്കുക എന്നത് ഇസ്‌ലാമിന്റെ ലക്ഷ്യമല്ല, നയവുമല്ല എന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്.

അതിര്‍ത്തി പ്രദേശങ്ങളിലും ചുറ്റുഭാഗത്തും നിരീക്ഷണമേര്‍പ്പെടുത്തുകയാണ് മറ്റൊന്ന്. ശത്രുവിന്റെ നീക്കങ്ങളറിയാന്‍ അത് അനിവാര്യമാണ്. ഈ ആവശ്യം മുമ്പില്‍ വെച്ചാണ് പ്രവാചകന്‍ (സ) സരിയ്യ എന്ന പേരിലറിയപ്പെടുന്ന ചെറിയ ചെറിയ നിരീക്ഷണ സംഘങ്ങളെ പരിസരപ്രദേശങ്ങളിലേക്കയച്ചുകൊണ്ടിരുന്നത്. അയല്‍പക്ക ഗോത്രങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും അവരുമായി കരാറിലേര്‍പ്പെടുകയുമാണ് മറ്റൊന്ന്. നാലാമത്തെയും അതീവപ്രധാനവുമായ മറ്റൊരു കാര്യമുള്ളത് യുദ്ധത്തിന്റെ ഒരുക്കത്തിനായി സമ്പത്ത് സംഭരിക്കാന്‍ ശത്രു നടത്തുന്ന ശ്രമങ്ങള്‍ക്ക് തടയിടുകയാണ്. ആ ശ്രമം തങ്ങളുടെ പരിസരത്തുകൂടി വേണ്ട എന്ന് ശത്രുവിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഖുറൈശികളുടെ കച്ചവട സംഘങ്ങള്‍ക്കുമുമ്പില്‍ കടമ്പകള്‍ സൃഷ്ടിക്കാനും വേണ്ടിവന്നാല്‍ അത്തരം ഖാഫിലകളെ പിടികൂടാനും നടത്തിയ ശ്രമം ഇതിന്റെ ഭാഗമാണ്. മക്കാനിവാസികളെ പട്ടിണിക്കിടുകയായിരുന്നില്ല അതിന്റെ ഉദ്ദേശ്യം. അവരെ പട്ടിണിക്കിട്ടു കൊല്ലലായിരുന്നു ഉദ്ദേശമെങ്കില്‍ മക്കയില്‍ കൊടുംക്ഷാമമനുഭവപ്പെട്ടപ്പോള്‍ മദീനയില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ ശേഖരിച്ച് മക്കയിലേക്ക് അയക്കുമായിരുന്നില്ലല്ലോ അദ്ദേഹം.

യഹൂദരുമായുള്ള പ്രശ്‌നം എന്തായിരുന്നു എന്നത് ഇതുമായി ബന്ധപ്പെടുത്തി വേണം വായിക്കാന്‍. അവരുമായി പ്രവാചകന്‍ (സ) ഒപ്പിട്ട കരാറിന്റെ കാര്യം നാം നടേ പറഞ്ഞു. ഈ കരാറുണ്ടായിരിക്കേ തന്നെയാണ് അവര്‍ അദ്ദേഹത്തോട് ശത്രുത പുലര്‍ത്തിയത്. അത് പരസ്യമായി പ്രകടിപ്പിക്കാന്‍ അവര്‍ക്ക് തൽക്കാലം പ്രയാസമുണ്ട്. അതിനാല്‍ അവര്‍ ചെയ്തത് ഇസ്‌ലാമിന്റെയും പ്രവാചകന്റെയും മക്കയിലെ ശത്രുക്കളുമായി ബന്ധപ്പെടുകയാണ്. പ്രവാചകനെതിരില്‍ അവരില്‍ കൂടുതല്‍ വിദ്വേഷമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുക, യുദ്ധത്തിന് പ്രചോദനം നല്‍കുക, പ്രവാചകനെ ദുഷ്‌കീര്‍ത്തിപ്പെടുത്തുംവിധം സംസാരിക്കുക… ഖുറൈശികളുമായി ഏറ്റുമുട്ടി പ്രവാചകനും മുസ്‌ലിംകളും തോറ്റമ്പുമ്പോള്‍ ആ പഴുതിലൂടെ കയറി അടിക്കാം. അതായിരുന്നു അവരുടെ ലാക്ക്.

print

1 Comment

  • കരാർ ref

    Muhammed Najeem 14.05.2022

Leave a comment

Your email address will not be published.