മുസ്‌ലിം വിരോധത്തിന്റെ നവനാസ്തിക രാഷ്ട്രീയം -2

//മുസ്‌ലിം വിരോധത്തിന്റെ നവനാസ്തിക രാഷ്ട്രീയം -2
//മുസ്‌ലിം വിരോധത്തിന്റെ നവനാസ്തിക രാഷ്ട്രീയം -2
ആനുകാലികം

മുസ്‌ലിം വിരോധത്തിന്റെ നവനാസ്തിക രാഷ്ട്രീയം -2

പൊതുവില്‍ ആഗോളതലത്തില്‍ ഇടത്തുനിന്നും വലതുപക്ഷത്തോട് ചാഞ്ഞു പ്രവര്‍ത്തിക്കുന്ന നാസ്തിക വ്യതിയാനം ഈയിടെയായി കേരളീയ നാസ്തികക്കൂട്ടങ്ങളില്‍ കൂടുതല്‍ പ്രകടമാണെന്ന പരാതി അകത്തുനിന്നുപോലും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. മതഗ്രന്ഥങ്ങളെയോ ഇസ്‌ലാമിലെ ദൈവിക സങ്കല്‍പത്തെയോ വിമര്‍ശിക്കുന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളംയാതൊരു പ്രശ്‌നവുമില്ല. നല്ല വിമര്‍ശനങ്ങള്‍ ആണെങ്കില്‍ പൊതുവില്‍ സ്വാഗതാര്‍ഹമാണെന്ന നിലപാട് തന്നെയാണ് കേരള മുസ്‌ലിംകള്‍ക്ക്.
എന്നാല്‍ ഇവരോടുള്ള നാസ്തിക നിലപാടുകള്‍ അങ്ങനെ ആകുന്നില്ല. നാസ്തികരുടെ ഇസ്‌ലാം വിമര്‍ശനം കേരളത്തില്‍ മുസ്‌ലിമെന്ന സ്വത്വത്തിന് തന്നെ എതിരെയുള്ള ആരോപണങ്ങളും അക്രമങ്ങളുമാണ്. മുസ്‌ലിംകള്‍ മൊത്തം അധികം പെണ്ണുകെട്ടാന്‍ നടക്കുന്നവരാണ്, അവരുടെ മദ്രസ്സ ഉസ്താദുമാര്‍ മുഴുവന്‍ ബാലപീഡകരാണ്, മദ്രസ്സയില്‍ പോകുന്നവരൊക്കെ ഉസ്താദുമാരുടെ ലൈംഗിക പീഡനത്തിന് ഇരയാകുന്നവരാണ്, മുസ്‌ലിംകള്‍ തീവ്രവാദികളും വിഘടനവാദികളുമാണ്, ജനാധിപത്യത്തെ അംഗീകരിക്കാത്ത ആളുകളാണ്, മറ്റു സമുദായങ്ങളെ ഉള്‍ക്കൊള്ളാത്തവരാണ്, ഇസ്‌ലാം മതം ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ മോഹികളും മുസ്‌ലിംകള്‍ തകിയ പ്രാപിച്ചവരുമാണ്, അവസരം കിട്ടിയാല്‍ അധികാരം കയ്യിലാക്കാന്‍ നില്‍ക്കുന്നവരാണ്, ചരിത്രത്തില്‍ മുഴുവന്‍ ഇവര്‍ അക്രമം മാത്രമാണ് നടത്തിയിട്ടുള്ളത്, ഇവരെ നമ്പാന്‍ കൊള്ളില്ല തുടങ്ങി നിരന്തരമായ ആരോപണങ്ങള്‍ ഒരു സമുദായത്തിനെതിരെ ഏറ്റവും കൂടുതല്‍ പടച്ചുവിടുന്നത് ഇവിടുത്തെ സംഘ്പരിവാര്‍ അല്ല, മറിച്ച് നല്ല ഒന്നാന്തരം സംഘ മനസ്സുള്ള നാസ്തികര്‍ തന്നെയാണ്. കേരളത്തിലെത്തന്നെ സാമൂഹ്യ അവസ്ഥയെടുത്തു പറഞ്ഞാല്‍ സംഘ്പരിവാറിന് പൊതുസമൂഹത്തെ ഭയന്ന് പച്ചക്ക് വര്‍ഗീയത പറയാനുള്ള ജാള്യത വിട്ടുമാറിയിട്ടില്ല. അങ്ങനെ വര്‍ഗീയത പറയുന്ന സംഘമിത്രങ്ങളെ കേരളീയ സമൂഹം നന്നായി പ്രതിരോധിക്കുന്നുമുണ്ട്. എന്നാല്‍ സംഘം പറയാന്‍ അറയ്ക്കുന്ന വര്‍ഗീയതയും മുസ്‌ലിം വിരോധവും യുക്തിവാദി സംഘികള്‍ പുരോഗമന ചിന്തയെന്ന പേരിന്റെ മറവില്‍ സ്റ്റേജ് കെട്ടി പ്രസംഗിക്കും.

ഉദാഹരണമായി രവിചന്ദ്രനെത്തന്നെയെടുത്തു പറയാം. ഇദ്ദേഹത്തിന്റെ ഇസ്‌ലാമോഫോബിയ എന്നൊരു പ്രസന്റേഷനില്‍ പറയുന്നതിങ്ങനെയാണ്- ”അങ്ങനെ ആരും തീവ്രവാദത്തില്‍നിന്നും ഒഴിവാകുന്നില്ല. തീവ്രവാദം ചെയ്യാന്‍ അല്ലെങ്കില്‍ അത്തരം വിപത് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയണം എന്നില്ല. കഴിവുള്ള ആളുകള്‍ പോകുന്നു. അല്ലാത്തവര്‍ മൗനാനുവാദം നല്‍കുന്നു” എന്നു വളച്ചൊടിച്ച് പറഞ്ഞുവെക്കുകയാണ് നാസ്തികരുടെ ഈ രോമാഞ്ചതാരം. ഭീകരതയും ഇസ്‌ലാമുമായി പ്രമാണ ബന്ധങ്ങള്‍ ഒന്നുമില്ലെന്ന് വാദിക്കുന്ന ഇവിടുത്തെ നൂറുശതമാനം മുസ്‌ലിമിന്റെയും അണ്ണാക്കിലേക്ക് ഭീകരനെന്ന പേരും സ്വത്വവും തള്ളിക്കയറ്റി കൊടുക്കുന്നതില്‍ സംഘപരിവാറിനെക്കാള്‍ മുന്നിലാണ് ഈ നാസ്തിക സംഘമിത്രങ്ങള്‍. സംഘത്തെ നയിക്കുന്നത് മുസ്‌ലിം ന്യൂനപക്ഷ വിദ്വേഷമാണെങ്കില്‍ നാസ്തിക വര്‍ഗീയവാദികളെ നയിക്കുന്നത് അന്ധമായ മതവിരോധവും വെറുപ്പും പകയുമാണ്. രണ്ടും ഒന്നിനൊന്നു മികച്ച അപകടകരമായ ചിന്താവൈകല്യങ്ങള്‍ തന്നെ. നാസ്തിക ദര്‍ശനങ്ങള്‍ക്ക് ധാര്‍മികതയുടെ അടിത്തറകള്‍ ഒന്നുമില്ലാത്തതുകൊണ്ടു തന്നെ ഭൗതികലാഭം കിട്ടുന്ന എന്തിനുമൊപ്പം നില്‍ക്കാന്‍ ഈ ഭൗതികവാദികള്‍ക്ക് മടി ഉണ്ടാകില്ല.

മറ്റു മതങ്ങള്‍ അതിന്റെ ആശയങ്ങളില്‍ നിന്നും അകന്നും വെള്ളം ചേര്‍ത്തും പ്രയോഗിക്കാന്‍ ആരംഭിച്ചപ്പോഴും ഇസ്‌ലാം പ്രമാണത്തിലുറച്ച് നില്‍ക്കുന്ന പ്രായോഗികതയില്‍ തന്നെ തുടരുന്നതാണ് തന്റെ ഇസ്‌ലാം വിരോധത്തിന് പ്രേരണയെന്ന് സാം ഹാരിസ് തന്നെ പറഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍ നാസ്തികരുടെ പ്രശ്‌നവുമതാണ്. ഇസ്‌ലാം മതത്തിന്റെതായ പ്രായോഗികതയില്‍ നില്‍ക്കുന്നത് തന്നെയാണ് നാസ്തികരെ വിറളി പിടിപ്പിക്കുന്നനത്. ആ മതവിരോധമാണ് ഹാരിസിനെയും ഹിച്ചന്‍സിനെയുമൊക്കെ ഇസ്‌ലാം വിദ്വേഷികളാക്കിയത് എന്ന പോലെത്തന്നെ കേരളാ നാസ്തികരെ സംഘബന്ധുക്കളാക്കുന്നതും. അതുകൊണ്ട് തന്നെ ഇസ്‌ലാം വിരോധത്തിന് കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്ന ആരുമായും നാസ്തികന്‍മാര്‍ സമന്വയത്തിലാവുകയും ചെയ്യും. സാം ഹാരിസിനെ അമേരിക്കന്‍ സാമ്രാജ്യത്വ സ്‌നേഹിയാക്കുന്ന മെക്കാനിസവും കേരളാ നാസ്തികരെ സംഘസ്‌നേഹികളാക്കുന്ന മനഃശാസ്ത്രവും ഒന്നുതന്നെയെന്ന് ചുരുക്കം.

ഇത് സംഘ്പരിവാറിന്റെ കാര്യത്തിലെടുത്താല്‍ കേവലം മതമായല്ല ഹൈന്ദവതയെ വ്യാഖ്യാനിക്കുന്നത്. വിശുദ്ധദേശമായി ജന്മനാടിനെക്കാണുന്ന ദേശീയതയുടെ തീവ്രത മുതല്‍ ഇന്‍ഡ്യന്‍ വംശീയതയും ഇന്‍ഡ്യന്‍ സംസ്‌കാരവുമൊക്കെ വിശുദ്ധങ്ങളായി പ്രഖ്യാപിക്കുന്ന ഐഡന്റിറ്റി പൊളിറ്റിക്‌സായാണ് അതിനെ പ്രവര്‍ത്തിപ്പിക്കുന്നത്. നാസ്തികതയും ഇന്‍ഡ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നുവെന്ന വ്യാഖ്യാനത്തിന് പുറത്ത് ഹിന്ദുത്വ രാഷ്ട്രീയവുമായി സന്ധിയാകുന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അന്യരായും ശത്രുക്കളായും കാണുന്ന സ്വത്വം ചുമക്കുന്നവര്‍ക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള നിലം നാസ്തികര്‍ക്കും ഹിന്ദുത്വ ചിന്തകര്‍ക്കും ഒരുപോലെയുണ്ടെന്നാണ് പറഞ്ഞുവന്നത്. ഈ പറയുന്നതൊന്നും കേവലം സൈദ്ധാന്തികമായുള്ള സാധ്യതകളെക്കുറിച്ചല്ല മറിച്ച്, വംശീയതയുടെ നാസ്തിക-ഹിന്ദുത്വ കൂട്ടുകെട്ടിന് ഇന്‍ഡ്യന്‍ ചരിത്രത്തില്‍ തന്നെ പ്രായോഗിക ഉദാഹരണങ്ങളുണ്ട്.

തീവ്രഹിന്ദുത്വ ചിന്തകളുടെയെല്ലാം പിതാമഹനെന്ന് വിളിക്കാവുന്ന വീര്‍ സവര്‍ക്കര്‍ വാസ്തവത്തിലൊരു നാസ്തികനും ഹൈന്ദവമത വിമര്‍ശകന്‍ പോലുമായിരുന്നു എന്നു പറയുന്നതില്‍ നിന്നുതന്നെ ഹിന്ദുത്വവും മതരാഹിത്യവും തമ്മില്‍ പ്രശ്‌നമൊന്നുമില്ലെന്നുറപ്പാണല്ലോ. പശുവിന് ദിവ്യത്വമില്ലെന്നു വാദിച്ചാലോ, സസ്യാഹാരം മാത്രം ഭക്ഷിക്കുന്നത് വിഡ്ഡിത്തമാണെന്നു പറഞ്ഞാലോ, ജ്യോതിഷം അശാസ്ത്രീയവും അന്ധവിശ്വാസവുമാണെന്നു പ്രസംഗിച്ചാലോ ഹിന്ദുത്വ രാഷ്ട്രീയത്തോട് ഉടക്കിലാകില്ലെന്നതിനുള്ള പ്രത്യക്ഷ തെളിവ് തന്നെയാണ് വീര്‍ സവര്‍ക്കര്‍ പോലും.

രവിചന്ദ്രന്റെ ഇസ്‌ലാമോഫോബിയയിലേക്കുതന്നെ വരാം. ഇസ്‌ലാമോഫോബിയ സ്വാഭാവികമായുണ്ടാകുന്ന ഭയമാണെന്നും ഭയക്കേണ്ട കൂട്ടര്‍ തന്നെയാണല്ലോ അവരെന്നും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുവെക്കുകയാണ് രവിചന്ദ്രന്‍ തന്റെ ഒന്നര മണിക്കൂര്‍ നേരത്തെ അവതരണത്തിലൂടെ.

ഒന്നു വെറുക്കപ്പെടേണ്ടതും ഭയപ്പെടേണ്ടതും ആണെന്നു പറഞ്ഞുകഴിഞ്ഞാല്‍ പിന്നെയതിനോട് വെറുപ്പും വിദ്വേഷവും ആണുണ്ടാവുകയെന്നും ആ വിദ്വേഷം വെറുക്കപ്പെടുന്നതിന്റെ ഉന്മൂലനത്തിലാണ് കൊണ്ടെത്തിക്കുകയെന്നുമുള്ള സാമാന്യയുക്തിപോലും അറിയാത്ത മട്ടിലാണ് നാസ്തികപ്രമുഖന്റെ ഈ വിഷപ്രസരണം. മുസ്‌ലിം ഉന്മൂലനത്തിനുള്ള സൈദ്ധാന്തിക ന്യായം പറച്ചിലാണ് ഇസ്‌ലാമോഫോബിയയെ വെള്ളപൂശുന്നതിലൂടെ ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ മാത്രം ബോധമില്ലാത്ത ആളാണ് രവിചന്ദ്രന്‍ എന്നുവിശ്വസിക്കാന്‍ കഴിയില്ല. മുസ്‌ലിം സ്വത്വം പോലും പ്രശ്‌നമാണെന്ന് പറഞ്ഞൊപ്പിക്കാന്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന രവിചന്ദ്രന് പക്ഷേ വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം പോലും പ്രശ്‌നമല്ലെന്നു മാത്രമല്ല മലയാളികള്‍ അമിതമായി സംഘ്പരിവാര്‍ഫോബിയ കാണിക്കുന്നുണ്ടെന്ന് പരാതി പറയുകപോലും ചെയ്യുന്നു. മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെ പോലെത്തന്നെ സംഘ്പരിവാറിനെയും കണ്ടാല്‍ മതിയെന്നും മറ്റുള്ളവരെ പോലെത്തന്നെ കേരളത്തെയവര്‍ നന്നായി ഭരിക്കുമെന്നും പറയുമ്പോള്‍ മതസ്വത്വമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വർഗ്ഗീയ പാര്‍ട്ടിയോട് ഈ മതവിരോധികള്‍ കാണിക്കുന്ന ദാസ്യബോധമാണ് പ്രകടമാകുന്നത്.

മതമാണ് സകലപ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പാടുന്നവര്‍ക്ക് പ്രായോഗികമായിത്തന്നെ മതസ്വത്വത്തെ ഉപയോഗിക്കുകയും, തീവ്രവാദം കണ്‍മുന്നില്‍ തന്നെ കാഴ്ചവെക്കുകയും വംശീയതയെ പ്രസംഗിക്കുകയും ചെയ്യുന്ന ഒരു കൂട്ടരോട് സ്‌നേഹം തോന്നുന്നത് പുതിയൊരുതരം വൈരുധ്യാതിഷ്ഠിത ഭൗതികവാദമാണ്. മതം കൂട്ടണം രാഷ്ട്രീയം സമം വര്‍ഗീതയെന്നു പറഞ്ഞു നടന്നിരുന്ന കലാനാഥന്‍ മാസ്റ്ററെപ്പോലുള്ളവരുടെ നിരീശ്വരത്വം ഇന്ന് രവിചന്ദ്രനിലൂടെ മതരാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയെങ്കില്‍ ഒരു സമത്തിനപ്പുറത്തെ വര്‍ഗീയതയോടും ഹിന്ദുത്വ വംശീയ ചിന്തകളോടുമുള്ള സമരസപ്പെടല്‍ തന്നെയാണത്.

print

No comments yet.

Leave a comment

Your email address will not be published.