മുസ്‌ലിം വിരോധത്തിന്റെ നവനാസ്തിക രാഷ്ട്രീയം -1

//മുസ്‌ലിം വിരോധത്തിന്റെ നവനാസ്തിക രാഷ്ട്രീയം -1
//മുസ്‌ലിം വിരോധത്തിന്റെ നവനാസ്തിക രാഷ്ട്രീയം -1
ആനുകാലികം

മുസ്‌ലിം വിരോധത്തിന്റെ നവനാസ്തിക രാഷ്ട്രീയം -1

വനാസ്തികരുടെ പൊതുവായൊരു പ്രത്യേകത അവര്‍ക്ക് നിരീശ്വരവാദം പറയാന്‍ വലിയ താല്‍പര്യമൊന്നും ഇല്ലാതായിക്കാണുന്നുവെന്നതാണ്. പകരം ഇവരെ ഒരുമിപ്പിക്കുന്നത് വന്യമായ ഒരുതരം മതവിരോധമായിരിക്കുന്നു. അതതിന്റെ മൂര്‍ധന്യാവസ്ഥയിലേക്കെത്തി മനുഷ്യനെ ഉന്മൂലനം ചെയ്യുന്നതിനെ പോലും സൈദ്ധാന്തികമായി ന്യായീകരിക്കുന്ന അവസ്ഥയിലേക്കെത്തിച്ചിരിക്കുന്നുവെന്നുകാണാം.

സെക്യുലര്‍ ഹ്യൂമനിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രൊഫ. പോള്‍ കെട്‌സ് പറയുന്നത് നോക്കുക-
”ഞാന്‍ അവരെ (നവനാസ്തികരെ) നാസ്തിക മൗലികവാദികള്‍ ആയാണ് കാണുന്നത്. നാസ്തികര്‍ ആയിരിക്കുമ്പോഴും നിര്‍ഭാഗ്യവശാല്‍ അവര്‍ മനുഷ്യപ്പറ്റില്ലാത്തവരാണ്. അവരുടെ മൗലിക നിരീശ്വരവാദം കൊണ്ട് (Militant Atheism) ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാവുക.
നവനാസ്തികതയെന്നാല്‍ മൗലികവാദം തന്നെയാണെന്ന് പ്രമുഖ സോഷ്യോളജിസ്റ്റ് ആയ വില്യം സ്റ്റാള്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. മതമൗലികവാദികളുടെ മിറര്‍ ഇമേജ് മാത്രമാണിക്കൂട്ടര്‍ എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.

മതദര്‍ശനങ്ങളോടും ദൈവസങ്കല്‍പങ്ങളോടുമൊക്കെയുള്ള വെറുപ്പിനെ വിഗ്രഹവല്‍ക്കരിച്ച് നിലനില്‍ക്കുന്ന ഒരു ദര്‍ശനം അതിന്റെ വിദ്വേഷപ്രകൃതം പ്രകടിപ്പിക്കുക മനഃശാസ്ത്രപരമായ ഒരു സ്വാഭാവികത തന്നെയാണ്. ഈ നവനാസ്തിക പ്രമുഖന്‍മാരുടെ തന്നെ നിലവാരമെടുത്ത് പരിശോധിച്ചു നോക്കിയാലും വിഷം വമിക്കുന്ന മതവിരോധം തന്നെയാണ് വായിച്ചെടുക്കാന്‍ കഴിയുന്നത്. സാം ഹാരിസിന്റെയും ഹിച്ചന്‍സിന്റെയും സാഹിത്യങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ഈ മതവിരോധം പ്രത്യേകിച്ച് ഇസ്‌ലാം വിരോധത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നതു കാണാം. അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത് ഫല്ലൂജ നഗരത്തില്‍ സമാനതകളില്ലാത്ത മനുഷ്യക്കുരുതി അമേരിക്ക നടത്തിയപ്പോള്‍ മരണസംഖ്യ വേണ്ടത്ര ഉയര്‍ന്നിട്ടില്ലെന്നും ധാരാളം ജിഹാദികള്‍ രക്ഷപെട്ടിരിക്കുന്നുവെന്നും പരാതി പറഞ്ഞ വ്യക്തിയാണ് ഹിച്ചന്‍സ്. ഇറാഖി ഏജന്‍സികളുടെ കണക്കുപ്രകാരം ഫല്ലൂജയില്‍ ആറായിരത്തിനടുത്ത് മനുഷ്യന്‍മാരെ അമേരിക്ക കൂട്ടക്കൊലയ്ക്കിരയാക്കിയെന്നാണ്. ഒരു യു.എസ് സൈനികന്‍ വിശദീകരിച്ചതുപോലെ നടക്കുകയും ശ്വസിക്കുകയും ചെയ്യുന്ന എന്തിനെയും ശത്രുക്കളായി കണക്കാക്കി വൈറ്റ് ഫോസ്ഫറസ് സാധാരണക്കാര്‍ക്കെതിരെ പോലും പ്രയോഗിക്കപ്പെട്ടു. മനുഷ്യമാംസത്തെ ഉരുക്കുന്ന ഈ രാസായുധം പ്രായഭേദം പോലും നോക്കാതെ കുഞ്ഞുങ്ങളെയും സാധാരണക്കാരെയുമൊക്കെ ഒരുപോലെ നശിപ്പിക്കും.

ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ഇരകളാക്കപ്പെട്ട ഒരു കൂട്ടനരഹത്യയെ എണ്ണിനോക്കി തൃപ്തിയായിട്ടില്ലെന്ന് പറയാന്‍ മാത്രം സ്വതന്ത്രചിന്ത തലയ്ക്ക് പിടിച്ച വ്യക്തിയായിരുന്നു ഹിച്ചന്‍സ് എന്ന് ചുരുക്കം.
അഫ്‌ഗാനിസ്ഥാനില്‍ നടത്തിയ ക്ലസ്റ്റര്‍ ബോംബ് പ്രയോഗത്തെപ്പറ്റി ഈ നാസ്തിക ബുദ്ധിജീവി പറഞ്ഞത്, ”ഇത് നല്ല മാര്‍ഗമാണ്. കാരണം ഈ സ്റ്റീല്‍ പ്ലേറ്റുകള്‍ക്ക് ഒരാളെ തുളച്ചു പോകാനും മറ്റൊരാളെക്കൂടി തുളച്ച് കൊല്ലാനുമുള്ള കഴിവുണ്ട്. ഇനി അവര്‍ ഒരു ക്വുര്‍ആന്‍ അവരുടെ ഹൃദയത്തിനുമുകളില്‍ പിടിച്ചിട്ടുണ്ടെങ്കില്‍ അതും തുളച്ചു പോകാന്‍ ഇത്തരം പ്ലേറ്റുകള്‍ക്ക് കഴിയും.”

ഇതേ നാസ്തിക കുതിരക്കാരന്‍ തന്നെയാണ് ഒരിക്കല്‍ ഇറാനെപ്പറ്റി പറഞ്ഞത്, ”ഭൂമുഖത്തു നിന്നും ഈ രാജ്യം (ഇറാന്‍) തുടച്ചു നീക്കപ്പെട്ടാല്‍ പോലും ഞാന്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കില്ല” എന്ന്. ഏകദേശം 80 മില്യണ്‍ മനുഷ്യന്‍മാരുള്ള രാഷ്ട്രമാണ് ഇറാന്‍ എന്നതുകൂടി ഓര്‍ക്കുക.”

ഭരണകൂടം നടത്തുന്ന ഏതൊരു കടന്നുകയറ്റത്തെയും വ്യഗ്രതയോടെ ന്യായീകരിക്കാനുള്ള ഈ വെപ്രാളം തന്നെ സാം ഹാരിസിലും തെളിഞ്ഞുകാണാം. ഇസ്‌ലാമും സിവിലൈസേഷനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടുകയാണെങ്കില്‍ അമേരിക്ക Nuclear First Strike നടത്തണം എന്നുപോലും THE END OF FAITH എന്ന തന്റെ കൃതിയിലൂടെ സാം ഹാരിസ് പറഞ്ഞ് വെക്കുന്നുണ്ട്. ഇസ്‌ലാമും ഇസ്‌ലാം അല്ലാത്തവരും തമ്മിലുള്ള സംഘട്ടനം എന്നുപറയുന്ന ഈ വാക്കുകളിലെ വിഭജനം ഒന്നു സൂക്ഷിച്ച് തന്നെ വായിക്കണം. അതായത് ഇസ്‌ലാമിനെ പിന്‍പറ്റുന്ന മുസ്‌ലിം സമൂഹം സിവിലൈസ്ഡ് അല്ലാത്തവരും ബാക്കിയുള്ള ലോകം മുഴുവന്‍ സിവിലൈസ്ഡ് ആയതും. എന്നിട്ട് മുസ്‌ലിം സമൂഹത്തെ തല്ലിനേരെയാക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്നു പറഞ്ഞ് അമ്മാവന്‍ സ്ഥാനത്ത് അമേരിക്കയെ അവരോധിക്കുക കൂടി ചെയ്യുന്നു. തുടര്‍ന്നും നടത്തുന്ന ഹാരിസിന്റെ ഇസ്‌ലാം വിമര്‍ശനങ്ങളില്‍ നിന്നെല്ലാം വായിക്കാന്‍ കഴിയുക അമേരിക്കന്‍ സാമ്രാജ്യത്വത്തോട് പ്രകടിപ്പിച്ചുകാണുന്ന അളവറ്റ അടിമത്വ ബോധമാണ്. ദാസ്യപ്പണിക്ക് സമാനമായി അമേരിക്കന്‍ അധിനിവേശങ്ങളെ ന്യായീകരിച്ചും അതിലും അധികം ഇസ്‌ലാം വിരോധം പ്രസരിപ്പിച്ചും തന്റെ നിലവാരം ഹാരിസ് തന്നെ വെളിപ്പെടുത്തുന്നുണ്ട്.
THE END OF FAITH-ല്‍ തന്നെ അദ്ദേഹം ഇസ്‌ലാമിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ”മറ്റേതൊരു മതത്തെക്കാളും ഇസ്‌ലാമിന് മരണത്തിന്റെ സമഗ്രമായ എല്ലാ രൂപങ്ങളും ഉണ്ട്.” അമേരിക്കയുടെ ഇറാഖ് യുദ്ധത്തെ ന്യായീകരിക്കുന്നതിനിടെ ഇദ്ദേഹം പറഞ്ഞത്, ”ഞങ്ങളുടെ യുദ്ധം ഭീകരതയുമായല്ല, മറിച്ച് ഇസ്‌ലാമുമായി തന്നെയാണ്” എന്നാണ്. സാം ഹാരിസ് സാധാരണയായി പറയുന്ന ഈ ഇസ്‌ലാം ആക്ഷേപങ്ങളൊന്നും കേവലമായ മതവിമര്‍ശനങ്ങളല്ല മറിച്ച് ഇസ്‌ലാമിനെ പരമമായ ഭീഷണിയായി ചിത്രീകരിക്കാനുള്ള നിരന്തരമായ ശ്രമങ്ങളാണ്. വക്രീകരിച്ചുമാത്രം ഇസ്‌ലാമിനെ കാണുകയും, സംസാരിക്കുകയുമേ ചെയ്യുള്ളൂവെന്ന് പിടിവാശിയുള്ള ഹാരിസ് പരിധിവിട്ട് മതവായനകളിലേക്ക് എത്തുന്നതും കാണാം. ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിന്റെ സ്രോതസ്സുകളെ ഉദ്ധരിക്കാന്‍പോലും നിലവാരമില്ലാത്ത വ്യക്തിയാണ് സാം ഹാരിസ്. എങ്കിലും മുഫ്തിമാരെപ്പോലും തോല്‍പ്പിക്കുന്ന നിലവാരത്തിൽ ഇസ്‌ലാമിനെ മനസ്സിലാക്കിയ ആളാണ് താന്‍ എന്ന അമിത അന്ധ വിശ്വാസവും ഇദ്ദേഹത്തിനുണ്ട്.
ഇസ്‌ലാമിന്റെ സ്രോതസ്സുകളെ ദുര്‍വ്യാഖ്യാനിച്ചും സെലക്ടീവായി തെറ്റിദ്ധരിപ്പിച്ചും ആണ് ഭീകരവാദികള്‍ ഉപയോഗിക്കുന്നതെന്ന ഇസ്‌ലാമിക പണ്ഡിത സമൂഹത്തിന്റെ ഏകഖണ്ഡിതമായ അഭിപ്രായത്തെയൊക്കെ ഒരു മറുവാദം പോലും ഉദ്ധരിക്കാതെ തെറ്റെന്നു വിലയിരുത്തുന്ന ഹാരിസിന്റെ എഴുത്തുകള്‍ കാണാം.
സമാധാനത്തിന്റെ ആശയമായ ഇസ്‌ലാമിനെ ഭീകരവാദികള്‍ ഹൈജാക്ക് ചെയ്യുന്നതാണെന്ന വാദം അബദ്ധമാണെന്നും യാഥാര്‍ത്ഥത്തിൽ ഇസ്‌ലാം പറയുന്നതിനെ മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തവരാണ് ഭീകരവാദികള്‍ എന്നുമൊക്കെയാണ് ഹാരിസ് തന്റെ LETTER To a Christian Nation ല്‍ എഴുതുന്നത്. ഇങ്ങനെ നിരന്തരമായി ഇസ്‌ലാമിനെതിരെ വിഷം വമിക്കുന്ന നുണകള്‍ എഴുതി ആത്മരതി കൊള്ളല്‍ മാത്രമല്ല ഈ ഇസ്‌ലാമോഫോബിക്കിന്റെ ചോതന. മറിച്ച്, ഇസ്‌ലാം വിരോധം തലയ്ക്കുപിടിച്ച ഒരു ഭ്രാന്തന്റെ സകല നിലവാരമില്ലായ്മയും ഹാരിസ് കാണിച്ചു തരുന്നുണ്ട്. ”ചില ആശയങ്ങള്‍ അപകടകരമാണ്. അത് അത്തരം ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ കൊല്ലുന്നതിനെപോലും ധാര്‍മികമായി ശരിവയ്ക്കും” എന്ന് എഴുതണമെങ്കില്‍ കേവലമൊരു മതവിരോധം മാത്രംപോരാ അതതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ് ഇത്തരം മനുഷ്യവിരോധം പ്രകടമായിക്കാണുക.

ഇത്രയും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഹിച്ചന്‍സിനെയും, സാം ഹാരിസിനെയും സംബന്ധിച്ച് നോം ചോംസ്‌കി പറഞ്ഞതാണ് ശരിയെന്ന് ബോധ്യമാകും. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക താല്‍പര്യങ്ങളെ അപ്പാടെ ന്യായീകരിക്കാനും മുതലാളിത്ത വലതുപക്ഷ ചിന്തകളുടെ എതിര്‍പക്ഷത്തു കാണുന്ന ഏതൊന്നിനെയും പട്ടിയും പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലണമെന്ന് പറയാനുമുള്ള വ്യഗ്രത ഈ നവനാസ്തിക ബുദ്ധിജീവികളില്‍ കാണുന്നത് അമേരിക്കന്‍ ഭരണകൂടത്തോട് കാണിക്കുന്ന അടിമത്വ സ്വഭാവം കൊണ്ടാണെന്ന് വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് നോം ചോംസ്‌കി. ഹാരിസ് അടക്കമുള്ളവരുടെ വിഷം വമിക്കുന്ന ഇസ്‌ലാം വിരോധത്തിന്റെയും ഇസ്‌ലാം വിരുദ്ധ നുണകളുടെയും വേരുകള്‍ എത്തി നില്‍ക്കുന്നതും മറ്റൊരിടത്തല്ല. മുസ്‌ലിം ഭൂരിപക്ഷ നാടുകളോട് അമേരിക്ക ചെയ്യുന്ന അധിനിവേശ നിലപാടുകളെയെല്ലാം ന്യായീകരിക്കുകയെന്ന പണിയാണ് തീവ്രമായ ഇസ്‌ലാം വിരോധം ഛര്‍ദ്ദിക്കുന്നതിലൂടെ ഹാരിസ് അടക്കമുള്ളവര്‍ ചെയ്യുന്നതെന്നും നോം ചോംസ്‌കി നിരീക്ഷിക്കുന്നുണ്ട്. സാമ്രാജ്യത്വവിരുദ്ധമായ ഒരു ഇടതുപക്ഷ ഭൂതകാലത്തുനിന്നും മാറി മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക തോന്ന്യാസങ്ങളെ മുഴുവന്‍ മുസ്‌ലിംകളോടുമുള്ള പകയുടെ ഉന്മാദത്തില്‍ സൈദ്ധാന്തിക ഭാഷ്യം ചമക്കുന്ന യുദ്ധ രതിക്കാരും വെറുപ്പിന്റെ വ്യാപാരികളും മാത്രമാണ് ഹാരിസും ഹിച്ചന്‍സും അടക്കമുള്ള നവനാസ്തികരെന്നു ചുരുക്കം.
ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കാനാരംഭിക്കുമ്പോള്‍ തെറിസമാനമായ വാക്കുകള്‍ മാത്രം തികട്ടി വരുന്ന നവനാസ്തികത മസ്തിഷ്‌കങ്ങളുടെ പ്രേരണ കേവലമായ മതവിരോധം മാത്രമല്ല രാഷ്ട്രീയം കൂടിയാണത്.
അമേരിക്കയെ ആരാധിക്കുന്ന മതവംശീയവാദികള്‍ (Religious fanatics who worships the Religion of the state) എന്നാണ് ഈ ഇസ്‌ലാമോഫോബിക് നവനാസ്തികക്കൂട്ടത്തെ വിളിക്കേണ്ടതെന്ന് നോം ചോംസ്‌കി പറഞ്ഞത് പൂര്‍ണമായ ശരിയാകുന്നതും അങ്ങനെയാണ്. അതുകൊണ്ടാണ് ഹാരിസിന്റെ ഇസ്‌ലാം വെറുപ്പ് മതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മനുഷ്യനോടും മുസ്‌ലിം രാഷ്ട്രങ്ങളോടും പെട്രോളിനോടുപോലും ആകുന്നത്. ഹാരിസ് തന്റെ THE END OF FAITH-ല്‍ പെട്രോളിന് ബദലായ ഊര്‍ജ്ജസാധ്യതകളെ കണ്ടെത്തേണ്ട അനിവാര്യതയെക്കുറിച്ചൊക്കെ വാചാലനാകുന്നുണ്ട്. എന്നാല്‍ ലോകത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിയെ മറികടക്കാനുള്ള ഉല്‍കൃഷ്ടമായ ആഗ്രഹമോ, പാരിസ്ഥിതിക സംരക്ഷണത്തിനുള്ള അഭേദ്യമായ അഭിലാഷമോ അല്ല യുക്തിവാദി ആചാര്യന്റെ ഈ വാക്കുകള്‍ക്ക് പിറകില്‍. മറിച്ച് മിഡില്‍ ഈസ്റ്റ് പെട്രോള്‍ നിക്ഷേപം കൊണ്ട് സമൃദ്ധമാണെന്നതും, ലോകത്തിന്റെ പെട്രോള്‍ ആശ്രിതത്വം മുസ്‌ലിം രാജ്യങ്ങളെ സമ്പന്നമാക്കുന്നുവെന്നതുമാണ്. മുസ്‌ലിം രാജ്യങ്ങളെ സമ്പന്നമാക്കി നിര്‍ത്തുന്ന എണ്ണ വ്യവസായത്തിന് അറുതിപിടിച്ച് മുസ്‌ലിംകളായ അറബികള്‍ ദാരിദ്ര്യം വന്ന് നശിച്ചു പണ്ടാരമടങ്ങിക്കാണാനുള്ള പച്ചയായ ആഗ്രഹം മാത്രമാണ് ഈ മുസ്‌ലിം വിരോധിയുടേതെന്നത് ഈ സ്വതന്ത്ര ചിന്തകള്‍ക്കകത്ത് തളം കെട്ടി കിടക്കുന്ന വംശീയതയുടെ പക നിലവാരം ആണ് മനസ്സിലാക്കിത്തരുന്നത്.

സാം ഹാരിസിനെ മനഃശാസ്ത്രപരമായി വായിക്കാന്‍ ശ്രമിച്ചാല്‍ ഒരു വര്‍ഗീയവാദിയുടെ എല്ലാ ഗുണവും മണവും ഇയാളില്‍ നിന്നും അനുഭവിക്കാന്‍ കഴിയും. ഹാരിസ് അമേരിക്കയും ഇസ്‌ലാമും തമ്മില്‍ പ്രത്യക്ഷമായ സംഘട്ടനത്തിലാണെന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. അത് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്.
അമേരിക്കന്‍ സാമ്രാജ്യത്വത്തെ സ്വത്വമായി കാണുന്ന ഹാരിസ് ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത Identity Politics മാത്രമാണ്. എത്രത്തോളമെന്നു വെച്ചാല്‍ ഒരു മുസ്‌ലിം കമ്മ്യൂണിറ്റി സെന്റര്‍ അമേരിക്കയുടെ ചരിത്രസ്ഥാനത്ത് ഉയരുന്നതിനെ പോലും ദുരഭിമാനമായി കാണുന്ന വികൃത മനസ്സ്, സാം ഹാരിസ് തന്നെ പ്രകടിപ്പിച്ചുണ്ട്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ അടുത്തായി അഹമ്മദിയ്യാ മുസ്‌ലിംകളുടെ നിരുപദ്രവകാരിയായ ഒരു കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങുന്നതിനെതിരെ ശക്തിയുക്തം രംഗത്തുവന്ന വ്യക്തിയാണ് ഇദ്ദേഹം. പള്ളി പണിയുന്നതിനെ ദശലക്ഷക്കണക്കിന് മുസ്‌ലിംകള്‍ ഒരു വിജയമായിക്കാണുമെന്നും ലിബറല്‍ മൂല്യങ്ങളുടെ അപചയമായും പാശ്ചാത്യരുടെ ഭീരുത്വത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടാന്‍ അത് കാരണമാകുമെന്നുമാണ് ഹാരിസ് വേവലാതി പറഞത്.

ഹാരിസിന്റെ ഈ തൂലികാ വര്‍ത്തമാനങ്ങള്‍ എത്ര പ്രാകൃതമാണെന്ന് മനസ്സിലാകണമെങ്കില്‍ Henry Thajfel-ന്റെ Group Identity Theory ഉപയോഗിച്ച് ഒന്നുകൂടി പുനര്‍വായിക്കണം. പരിണാമപരമായി ഒരു ഗ്രൂപ്പിനകത്തെ സംരക്ഷണ വലയത്തില്‍ മറ്റു സ്വത്വസംഘങ്ങളുമായി കലഹിച്ചും യുദ്ധം ചെയ്തും ഉണ്ടായി വന്നവനാണ് മനുഷ്യനെന്നാണ്. അതുകൊണ്ട് തന്നെ തന്റെ ഗ്രൂപ്പിനകത്തെ മനുഷ്യരെ സഹോദര നിലവാരത്തിലും മറ്റു ഗ്രൂപ്പുകളെ ശത്രുക്കളായും സഹജമായിത്തന്നെ വിലയിരുത്തുന്ന സ്വത്വബുദ്ധി മനുഷ്യന്റെ നൈസര്‍ഗികതയാണ്.
സകലവിധത്തിലുള്ള വര്‍ഗീയ ചിന്തകളുടെയും വംശവിദ്വേഷങ്ങളുടെയും ജീവശാസ്ത്രപരമായ ഉല്‍പത്തി ഇതാണ്. നിലനില്‍ക്കുന്ന ഏതൊരു ഫാഷിസ്റ്റ് സംഘടനകളും രാഷ്ട്രവും ഈ സ്വത്വത്തെ ദുരുപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനെയാണ് Identity Politics എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഉദാഹരണത്തിന് ഇന്‍ഡ്യയില്‍ സംഘ്പരിവാര്‍ ശക്തികള്‍ ഹൈന്ദവ മതത്തെയും, തീവ്രദേശീയതയെയും സ്വത്വപരമായി ഉപയോഗിച്ചാണ് അധികാരം കൈപ്പറ്റുന്നത് എന്നതുപോലെത്തന്നെയാണ് സാം ഹാരിസും ഇസ്‌ലാം വിരോധം ഛര്‍ദ്ദിക്കുന്നതിലൂടെ ബൗദ്ധികമായി പണിയെടുക്കുന്നത്.

അമേരിക്കയുടെയും വലതുപക്ഷ മുതലാളിത്തത്തിന്റെയും ആളായി സ്വയം സ്വത്വം പറയുന്ന ഹാരിസ് ഇസ്‌ലാമിനെ ശത്രുപക്ഷത്ത് കാണുന്നത് സ്വത്വപരമായി അവര്‍ അന്യരാണെന്നതുകൊണ്ടു മാത്രമല്ല മുതലാളിത്തത്തിന് ദാസ്യപ്പണി ചെയ്യുമ്പോള്‍ കിട്ടുന്നതെന്തും ലാഭമായതുകൊണ്ടാണ്. മുസ്‌ലിം രാഷ്ട്രങ്ങളില്‍ അമേരിക്കയുടെ വക മനുഷ്യത്വരഹിതമായ അധിനിവേശം കൂടെയാകുമ്പോള്‍ സ്വത്വവാദിയായ ഹാരിസിന് അമേരിക്കന്‍ സ്വത്വത്തെ ന്യായീകരിക്കലും അന്യരായ മുസ്‌ലിംകളെ സൈദ്ധാന്തികമായി ശത്രുവല്‍ക്കരിക്കലും കൂലിപ്പണിയാവുക ഏതൊരു വര്‍ഗീയവാദിക്കുമെന്ന പോലെ സ്വാഭാവികമാണ്. അതുകൊണ്ടാണ് അമേരിക്ക അധികമൊന്നും മനുഷ്യരെ കൊല്ലുന്നില്ലെന്നും, അമേരിക്ക കൊല്ലുന്നതെല്ലാം മാനവികതയുടെ പൊതുനന്മക്കാണെന്നും പറഞ്ഞ ഹാരിസ് മുസ്‌ലിംകളെ സ്വത്വപരമായിത്തന്നെ ശത്രുക്കളായി പ്രഖ്യാപിക്കുന്നത്.

അമേരിക്കന്‍ സാമ്രാജ്യത്വത്തെ മതമായിക്കണ്ട് ആരാധിക്കുന്ന സാം ഹാരിസ് നല്ലൊരു വംശീയവാദിയും സെനോഫോബിക്കും (വിദേശിയരോടുള്ള വിദ്വേഷം), ഇസ്‌ലാമോഫോബിക്കുമൊക്കെയാണെന്ന് സകല ഹാരിസ് വിമര്‍ശകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദൈവമില്ലെന്നു സ്ഥാപിക്കാന്‍ എഴുതിത്തുടങ്ങുന്ന ഹാരിസ് കൃതികള്‍ ഒടുക്കം അപരമത വിദ്വേഷത്തിലും മുസ്‌ലിം കുടിയേറ്റക്കാരെ ചൂണ്ടിപ്പേടിപ്പിക്കുന്നതിലും അവസാനിക്കുന്നത് ഹാരിസിന്റെ ഈ വംശീയത മൂത്ത വികൃത മനസ്സ് കൊണ്ടാണ്.

യൂറോപ്പിലും അമേരിക്കയിലും വര്‍ക്ക് ചെയ്യുന്ന ഈ മതവെറിയുടെ കോപ്പിയടി തന്നെയാണ് കേരളത്തിലെ നവനാസ്തിക വര്‍ത്തമാനങ്ങളും എന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തി ആകില്ല. ഇവിടുത്തെ പ്രമുഖ നാസ്തിക പ്രചാരകനായി പണിയെടുക്കുന്ന രവിചന്ദ്രന്റെ ഓരോ വാക്കും ശ്രദ്ധിച്ചാല്‍ അറിയാം ഹിച്ചന്‍സും ഹാരിസും ഡോക്കിന്‍സും അടങ്ങുന്ന ഹോളിവുഡ് വെര്‍ഷന്‍ നാസ്തികതയുടെ ഈച്ചക്കോപ്പിയാണ് ഇദ്ദേഹമെന്ന്. അതുകൊണ്ട് തന്നെ ഇവരുടെതായ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്കും കേവല പരിഹാസമെന്നതിലുപരി രാഷ്ട്രീയ കാരണങ്ങളുണ്ട്.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.