ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -2

//ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -2
//ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -2
ആനുകാലികം

ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -2

3. ഫലസ്തീൻ ഇസ്‌ലാമിനു കീഴിൽ

ഇസ്‌ലാമിന്റെ ആഗമന കാലത്ത് ഫലസ്തീൻ റോമക്കാരുടെ കൈയിലായിരുന്നു. റോമക്കാരുമായി മുസ്‌ലിംകൾ ചെയ്ത ആദ്യ യുദ്ധമാണ് മുഅ്താ യുദ്ധം. അബൂബക്കറി(റ)ന്റെ കാലത്താണ് മഹാ വിജയമായിത്തീർന്ന അജ്‌നാദൈൻ യുദ്ധം നടന്നത്. ഉമറി(റ)ന്റെ ഭരണകാലത്ത് ക്രി. വ 636-ലാണ് ഖുദ്‌സ് ഉപരോധിക്കപ്പെടുന്നതും കീഴ്പെടുത്തപ്പെടുന്നതും.

ഖുദ്‌സ് കീഴടക്കിയ സമയത്ത് നടന്ന ഉമറിന്റെ(റ) ഖുദ്‌സ് യാത്ര വളരെ പ്രസിദ്ധമാണ്: അന്നത്തെ പാത്രിയാർക്കീസ് സേനാനായകൻ അബൂ ഉബൈദയുമായി(റ) നടത്തിയ ചർച്ചയിൽ ഒരു നിബന്ധനയുടെ അടിസ്ഥാനത്തിൽ ഖുദ്‌സ് നഗരം തുറന്നു നൽകുമെന്ന് സമ്മതിച്ചു; “ഖുദ്‌സിൽ ഉമറുബ്നുൽ ഖത്താബ് (റ) പ്രവേശിക്കുന്നതിന് മുമ്പായി മറ്റാരും പ്രവേശിക്കരുത്.” ഇതായിരുന്നു ആ നിബന്ധന.

ആ നിബന്ധന ഉമർ (റ) അംഗീകരിക്കുകയും ഒരു ഭൃത്യനോടൊത്ത് യാത്ര പുറപ്പെടുകയും ചെയ്തു. യാത്രാവാഹനമായി ഇരുവർക്കും ഒരു ഒട്ടകം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഊഴത്തിനനുസരിച്ച് അവർ ആ ഒട്ടകം ഉപയോഗിച്ചു. ഖുദ്‌സിലെത്തുമ്പോൾ ഒട്ടകം ഉപയോഗിക്കുന്നതിനുള്ള ഊഴം ഭൃത്യനായിരുന്നു. അദ്ദേഹം തന്റെ ഊഴം അമീറുൽ മുഅ്മിനീന് നൽകാൻ തയ്യാറായി. പക്ഷേ ആ ആനുകൂല്യം സ്വീകരിക്കാൻ തയ്യാറാവാതെ അദ്ദേഹം ഭൃത്യനെത്തന്നെ വാഹനത്തിന്മേൽ ഇരുത്തി. കാൽനടയായിത്തന്നെ അദ്ദേഹം ഖുദ്‌സിൽ പ്രവേശിച്ചു. എളിമയാർന്ന കീറിയ ഒരു വസ്ത്രമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. സാമ്രാജ്യാധിപതികളിൽ വെച്ച് ഏറ്റവും ലളിത ജീവിതം നയിച്ചിരുന്ന വ്യക്തിയുടെ ഖുദ്‌സ് യാത്രയുടെ ഒരു ഭാഗം മാത്രമാണ് ഇവിടെ പരാമർശിച്ചത്.
ഉമറും(റ) ഈലിയാ നിവാസികളും തമ്മിലുള്ള ഉടമ്പടികൾ പിന്നീട് എഴുതപ്പെട്ടു. ഈലിയാ നിവാസികളുടെ സ്വത്തുക്കൾക്കും ദേവാലയങ്ങൾക്കും ശരീരങ്ങൾക്കും അഭയം നൽകുന്നതായും മതത്തിൽ ബലാൽക്കാരമുണ്ടാവുകയില്ലെന്നും യഹൂദികളാരും അവരുടെ കൂടെ താമസിക്കുകയില്ലെന്നും പ്രസ്തുത സന്ധിയിലൂടെ ഉടമ്പടി ചെയ്തു. ജൂതന്മാർ ഖുദ്‌സിൽ പ്രവേശിക്കുന്നതും ക്രിസ്ത്യാനികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം വിലക്കി. ഇത്തരമൊരു മഹത്തായ സമീപനം അന്നത്തെ ഫലസ്തീൻ നിവാസികൾക്ക് പുത്തരിയായിരുന്നു. ഓരോ കീഴടക്കലുകളിലും രക്തപ്പുഴ ഒഴുക്കിയിരുന്ന രാജാക്കന്മാരുടെ കാലത്താണ് ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകുമെന്നും ജീവൻ സുരക്ഷിതമാക്കുമെന്നും മഹാനായ ആ സാമ്രാജ്യാധിപതിയുമായി അവർ ഉടമ്പടി ചെയ്യുന്നത്. ഉടമ്പടി ഒപ്പുവച്ചതിന് ശേഷം ഉമർ (റ) ഖുദ്‌സിൽ പ്രവേശിച്ചു. മസ്ജിദുൽ അഖ്സ പുനർ നിർമ്മിക്കാൻ ഏർപ്പാടാക്കുകയും ചെയ്തു.

ഒരിക്കൽ ഉമർ (റ) പാത്രിയാർക്കീസിന്റെ കൂടെ ഉയിർത്തെഴുന്നേൽപ്പ് പള്ളിയിൽ നിൽക്ക നമസ്കാരത്തിനുള്ള സമയമായി. പാത്രിയാർക്കീസ് അദ്ദേഹത്തോട് അവിടെ നിന്നു തന്നെ നിസ്കരിച്ചു കൊള്ളാൻ പറഞ്ഞു. “ഇല്ല, ഇപ്പോൾ ഞാൻ ഇവിടെവച്ച് നമസ്കരിച്ചാൽ പിൽക്കാലത്ത് മുസ്‌ലിംകൾ നിങ്ങളിൽ നിന്ന് ഈ ദേവാലയം പിടിച്ചെടുത്തേക്കും; ഉമർ നമസ്കരിച്ച പള്ളിയാണെന്ന് ന്യായീകരിച്ചുകൊണ്ട്.” ഉമർ (റ) പറഞ്ഞ വാചകങ്ങൾ മഹാമനസ്കതയുടെയും നീതിബോധത്തിന്റെയും ദീർഘദൃഷ്ടിയുടെയും പേരിൽ ചരിത്രത്തിൽ പ്രസിദ്ധമായി.

ഫലസ്തീൻ കുരിശുയുദ്ധ കാലത്ത്

ക്രി. വ 1073 -ൽ ഗ്രിഗറി ഏഴാമൻ മാർപാപ്പയായി അധികാരമേറ്റു. കുരിശു യുദ്ധത്തിനായി ജനങ്ങളുടെ മനസ്സിനെ പാകപ്പെടുത്തിയെടുത്തത് ഇദ്ദേഹമാണ്. പക്ഷേ യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം നാട് നീങ്ങി. ശേഷം ശിഷ്യൻ അർബൻ രണ്ടാമനാണ് മാർപ്പാപ്പയായി സ്ഥാനമേറ്റത്. ക്രി. വ 1085-ൽ ടോളിഡോ കീഴടക്കപ്പെട്ടു. അതിനെത്തുടർന്ന് മാർപ്പാപ്പ കുരിശു യുദ്ധം പ്രഖ്യാപിച്ചു. ബൈതുൽ മുഖദ്ദസിലെ വിശുദ്ധ സ്ഥലങ്ങൾ വീണ്ടെടുക്കുക എന്നതായിരുന്നു യുദ്ധത്തിന്റെ ലക്ഷ്യം. മുസ്‌ലിംകൾ ക്രൈസ്തവരുടെ വിശുദ്ധ വസ്തുക്കളെ അവിശുദ്ധപ്പെടുത്തുന്നുവെന്ന് വ്യാജ പ്രചരണം നടത്തി ക്രൈസ്തവ നേതാക്കന്മാർ ജനങ്ങളുടെ വികാരം ആളിക്കത്തിച്ചു.

കുരിശുപട പല സ്ഥലങ്ങളും കീഴടക്കി. അതിനു ശേഷം അവർ ക്രി.വ 1097 അന്താക്കിയ ഉപരോധിച്ചു. ക്രി. വ 1098 ക്രിസ്തീയനായ കാവൽക്കാരൻ കുരിശുസേനയുമായി നടത്തിയ ഒത്തുകളിയെത്തുടർന്ന് അന്താക്കിയയുടെ കോട്ടവാതിൽ തുറന്നു കൊടുക്കുകയും കീഴടക്കപ്പെടുകയും ചെയ്തു. അതിനെത്തുടർന്ന് ക്രി. വ 1099-ൽ ഖുദ്‌സ് ക്രിസ്ത്യാനികൾക്ക് കീഴടങ്ങി. അവരവിടെ രക്തപ്പുഴ ഒഴുക്കി. കൂട്ടക്കൊലയുടെ ദൃക്സാക്ഷികളെ ഉദ്ധരിച്ച് റയ്മോൺ പാതിരി എഴുതി: “വളരെ ക്ലേശിച്ചു കൊണ്ടല്ലാതെ ശവങ്ങൾക്കിടയിലൂടെ കടന്നുപോകാൻ എനിക്ക് കഴിഞ്ഞില്ല. രക്തം മുട്ടോളം എത്തിയിരുന്നു.” ഗുസ്താഫ് പറയുന്നത് “ബാക്കിയുള്ള തടവുകാരെ ബന്ധിച്ച് ബുർജുൽ ഖസ്റിൽ ഒരുമിച്ച് കൂട്ടി. അവരിലധികവും സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും വൃദ്ധകളും ആയിരുന്നു. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും കൊന്നുകളയാൻ ക്രൈസ്തവ ഭരണാധികാരി കൽപന നൽകി. യുവാക്കളെ ബന്ധനസ്ഥരാക്കാനും. അവരെ പിന്നീട് അടിമകളാക്കി അന്താക്കിയയിൽ കൊണ്ടുപോയി വിറ്റു.”

ഈ കൂട്ടക്കൊലക്കു ശേഷം മസ്ജിദുൽ അഖ്സായെ അഞ്ച് ഭാഗങ്ങളാക്കി. പ്രധാന ഭാഗം ചർച്ചായും മറ്റൊരു ഭാഗം കുതിരപ്പടയാളികൾക്ക് നൽകുകയും വേറൊരു ഭാഗം സമ്പാദ്യങ്ങൾ സൂക്ഷിക്കാനുമുള്ള സ്ഥലമാക്കി. മറ്റൊരു പ്രധാനപ്പെട്ട ഭാഗം കുതിരപ്പന്തിയാക്കി മാറ്റി.

ഇസ്‌ലാമിക ലോകത്ത് ഫലസ്തീന് വേണ്ടി മുറവിളി ഉയർന്നുകൊണ്ടിരുന്നു. ഒരു പോരാളിയുടെ ഉദയമാണ് അതിലൂടെ ഉണ്ടായത്. മൗസ്വിൽ ഭരണാധികാരിയായിരുന്ന മൗദൂദ് ആണദ്ദേഹം. 1112-ൽ അദ്ദേഹം റുഹാ ജയിച്ചടക്കി. പക്ഷേ ഏറെ വൈകാതെ അദ്ദേഹം ചതിയിലൂടെ വധിക്കപ്പെട്ടു. പിന്നീട് ഇമാമുദ്ദീൻ സങ്കിയും പുത്രൻ നൂറുദ്ദീൻ സങ്കിയും സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു. നൂറുദ്ദീൻ ആണ് പ്രസിദ്ധമായ ഹാരിം യുദ്ധത്തിൽ വിജയിച്ചത്. അദ്ദേഹത്തിന് ശേഷമാണ് പ്രഗത്ഭനായ സ്വലാഹുദ്ദീൻ അയ്യൂബി (റ) ഉദയം ചെയ്തത്. 25-ാം വയസ്സിൽ തന്നെ അലക്സാണ്ട്രിയയുടെ ഗവർണറായ വ്യക്തിയാണദ്ദേഹം. ഹൗറാഅ് യുദ്ധത്തിൽ ക്രൈസ്തവ പടയെ അദ്ദേഹം പരാജയപ്പെടുത്തി. ക്രി. വ 1187 ൽ പ്രസിദ്ധമായ ഹിത്ത്വീൻ യുദ്ധം നടന്നു. സ്വലാഹുദ്ദീൻ അയ്യൂബിയുടെ കീഴിൽ 12000 പോരാളികളായിരുന്നു ഉണ്ടായിരുന്നത്. ക്രൈസ്തവ പക്ഷത്ത് 63,000 പോരാളികളുമുണ്ടായിരുന്നു. ക്രൈസ്തവ പക്ഷത്ത് നിന്ന് 30,000-ത്തോളം പേർ വധിക്കപ്പെടുകയും അത്ര തന്നെ ആളുകൾ കീഴടങ്ങുകയും ചെയ്തു.

88 വർഷം ഖുദ്‌സ് ക്രൈസ്തവരുടെ അടുത്ത് നിലനിന്നു. ക്രി.1178 സെപ്തംബർ 20-ന് സ്വലാഹുദ്ദീൻ (റഹ്) ഖുദ്‌സ് ഉപരോധിച്ചു. അതിനെത്തുടർന്ന് ക്രൈസ്തവർ സന്ധിക്ക് സന്നദ്ധരായി. ബൈതുൽ മുഖദ്ദസ് മുസ്‌ലിംകൾക്ക് ഏൽപിച്ച് കൊടുക്കുമെന്നും ക്രിസ്ത്യാനികൾക്ക് സ്വന്തം സമ്പത്തെടുത്ത് ആയുധം കൂടാതെ പുറത്തു പോകാമെന്നും പോകുമ്പോൾ ഒരു ദീനാർ വീതം മുസ്‌ലിംകൾക്ക് ഏൽപിച്ചു കൊടുക്കണമെന്നും അല്ലെങ്കിൽ മുസ്‌ലിംകളുടെ തടവുകാരായി കഴിയേണ്ടിവരുമെന്നും ഇരു വിഭാഗവും അംഗീകരിച്ചു. ക്രിസ്ത്യാനികൾ നഗരം വിട്ടു തുടങ്ങി. സന്ധി പ്രകാരം ഓരോരുത്തരും ഒരു ദീനാർ വീതം നൽകി നഗരം വിട്ടു. ഇടയിൽ ചില വൃദ്ധത്വം പ്രാപിച്ചവർ സ്വലാഹുദ്ദീ(റഹ്)നെ സമീപിച്ച് തങ്ങളുടെ കൈവശം റ്റെ നാണയത്തുട്ട് പോലുമില്ലെന്നറിയിച്ചു. അപ്പോൾ അവരോട് നിർഭയരായി പോയിക്കൊള്ളാൻ അദ്ദേഹം കൽപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരൻ ആദിൽ ഒരു ദീനാർ നൽകാൻ ശേഷിയില്ലാത്ത ആയിരം പേരെ സ്പോൺസർ ചെയ്തു. ധനികരായ നിരവധി മുസ്‌ലിംകൾ വളരെയേറെ പേരെ സഹായിച്ചു. അവശേഷിച്ച ദരിദ്ര ക്രിസ്ത്യാനികൾ സമ്പന്ന ക്രിസ്ത്യാനികളോട് സഹായം അഭ്യർത്ഥിച്ചപ്പോൾ സ്വസമുദായക്കാരായ ഈ പാവങ്ങളെ സഹായിക്കാൻ അവർ സന്നദ്ധരായില്ല. വിധവകളായിത്തീർന്ന പടയാളികളുടെ ഭാര്യമാരിൽ നിന്നും സ്വലാഹുദ്ദീൻ ഒന്നും സ്വീകരിച്ചില്ല. രക്ഷിതാക്കളില്ലാത്ത സ്ത്രീകളെ അദ്ദേഹം അങ്ങോട്ട് പണം കൊടുത്ത് സഹായിക്കുകയാണ് ചെയ്തത്. പട്ടണത്തിൽ പ്രവേശിച്ചതിന് ശേഷം ഒരു വ്യക്തി മസ്ജിദുൽ അഖ്സ തകർത്തതിനു പകരമായി ഉയിർത്തെഴുന്നേൽപ്പ് പള്ളി പൊളിച്ചുകളയാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഇവ്വിധം പ്രതികരിച്ചു: “ഉമർ (റ) നിലനിർത്തിയത് സ്വലാഹുദ്ദീൻ പൊളിക്കുകയോ?” നാടു ചുറ്റുന്നവരാേ യുദ്ധത്തിന് വേണ്ടി സംഘടിക്കാത്തവരാേ ആയ ക്രൈസ്തവരെ വഴി തടയുകയോ കാെലപ്പെടുത്തുകയോ ചെയ്യരുതെന്ന് സ്വലാഹുദ്ദീൻ ഉത്തരവിട്ടിരുന്നു.

ഉമറും(റ) സ്വലാഹുദ്ദീൻ അയ്യൂബി(റഹ്)യും നാട്ടുകാരോട് കാണിച്ച കാരുണ്യം കുരിശു പോരാളികളുടെ പ്രവൃത്തികളോട് താരതമ്യം ചെയ്യാൻ പോലും സാധിക്കാത്തതാണ്.

ഇംഗ്ലണ്ട് രാജാവ് സിംഹ ഹൃദയൻ റിച്ചാർഡും ഫ്രഞ്ച് രാജാവ് ഫിലിപ്പ് അഗസ്റ്റസും പ്രധാന പങ്കു വഹിച്ച മറ്റൊരു കുരിശു യുദ്ധം കൂടി അരങ്ങേറി. രണ്ടര ലക്ഷം വരുന്ന വലിയൊരു പട തന്നെയുണ്ടായിരുന്നു അവരുടെ കീഴിൽ. അക്കയായിരുന്നു അവരുടെ ആദ്യത്തെ ലക്ഷ്യം. അവർ അക്ക ഉപരോധിച്ചു. രണ്ട് വർഷത്തെ കഠിനമായ ഉപരോധത്തെത്തുടർന്നുണ്ടായ പട്ടിണി കാരണം അക്കാ ഭരണാധികാരി സ്വലാഹുദ്ദീ(റഹ്)ന്റെ അനുമതി കൂടാതെ ചില ഉപാധികളോടെ നഗരം തുറന്നു തരാമെന്ന് ക്രൈസ്തവ പക്ഷത്തോട് സമ്മതിച്ചു. അക്കാ നഗരം ക്രിസ്ത്യാനികൾക്ക് നൽകാമെന്നും തന്റെ കീഴിലുള്ള അഞ്ഞൂറ് ക്രിസ്ത്യൻ തടവുകാരെ മോചിപ്പിക്കാമെന്നും രണ്ട് ലക്ഷം ദീനാർ നൽകാമെന്നും പകരം തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളുമായി പുറത്തു പോകാൻ അക്കാ മുസ്‌ലിംകളെ അനുവദിക്കണമെന്നും അദ്ദേഹം അവരെ അറിയിച്ചു. അതേത്തുടർന്ന് ക്രി. 1191 ജൂലൈ 12 – ന് ക്രിസ്ത്യാനികൾ അക്കായിൽ പ്രവേശിച്ചു. പ്രവേശിച്ച ഉടനെ ഉടമ്പടികളെ കാറ്റിൽ പറത്തി കൊണ്ട് മുസ്‌ലിംകളെ തടവുകാരായി പിടിക്കാൻ തുടങ്ങി. തുടർന്ന് നഗരത്തിനടുത്തുള്ള കുന്നിൽ വെച്ച് 3000 പുരുഷ തടവുകാരെ അവർ കൂട്ടക്കശാപ്പ് നടത്തി.

പിന്നീട് ചില നഗരങ്ങൾ കൂടി കീഴടക്കി ഖുദ്‌സിന് നേരെയടുത്തു. സ്വലാഹുദ്ദീൻ(റഹ്) മികച്ച രീതിയിൽ പ്രതിരോധം തീർത്തതായി റിച്ചാർഡ് കണ്ടു. അതേത്തുടർന്ന് യുദ്ധ വിദഗ്‌ധനായിരുന്ന അദ്ദേഹം ക്രൈസ്തവരോട് പ്രതിവചിച്ചു: സ്വലാഹുദ്ദീൻ ഈ പട്ടണത്തിൽ ജീവനോടെയിരിക്കുന്ന കാലത്തോളം നമുക്കത് ജയിച്ചടക്കുക അസാധ്യമായിരിക്കും. ഖുദ്‌സിന് വേണ്ടിയായിരുന്നു അവർ ഇത്രയധികം ദൂരം സഞ്ചരിച്ചത്. അതിനാൽ തന്നെ ക്രിസ്ത്യാനികൾക്കിടയിൽ ഭിന്നിപ്പുണ്ടായി. റിച്ചാർഡ്‌ വീണ്ടും തീർച്ചപ്പെടുത്തിക്കൊണ്ട് പറഞ്ഞു, “യുദ്ധം അറിയുന്നവനാണ് ഞാൻ. ഖുദ്‌സ് ജയിച്ചടക്കാൻ നമുക്ക് സാധ്യമല്ല.” അവർക്കിടയിലുള്ള ഭിന്നിപ്പ് വീണ്ടും ശക്തമായി. എന്നിരുന്നാലും റിച്ചാർഡിന്റെ പക്ഷം തന്നെ വിജയം നേടി. അദ്ദേഹം റമല്ലയിലേക്ക് മടങ്ങി. അതിനിടയിൽ മാരകമായ രോഗം പിടിപെട്ട റിച്ചാർഡിനെ ചികിത്സിക്കാൻ സ്വലാഹുദ്ദീൻ(റഹ്) വൈദ്യന്മാരെ അയച്ചു കൊടുത്തു. പഴങ്ങളും ഐസുകളും കാെടുത്തയച്ചു. സ്വലാഹുദ്ദീൻ(റഹ്) തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു. ശത്രുവിനെ പോലും അവരുടെ ആപത് ഘട്ടത്തിൽ സഹായിക്കുകയായിരുന്നു അദ്ദേഹം.

തുടർന്ന് ഇരുവർക്കിടയിലും സന്ധി നടന്നു. തീരദേശ പട്ടണങ്ങൾ ക്രിസ്ത്യാനികളും മറ്റു പട്ടണങ്ങൾ മുസ്‌ലിംകളും കൈയിൽ വെക്കുമെന്നാണ് ആ സന്ധിയിലൂടെ തീരുമാനമായത്. തുടർന്ന് ഖുദ്‌സിൽ വന്ന് തീർത്ഥാടനം നടത്തി നാട്ടിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനായി റിച്ചാർഡ് സ്വന്തം നാട്ടിലേക്ക് തിരിച്ചു. ഈ മൂന്നാം കുരിശുയുദ്ധം തികഞ്ഞ പരാജയമായിരുന്നു. രണ്ടര ലക്ഷം പേർ പങ്കെടുത്ത ഈ യുദ്ധത്തിൽ 1,60,000 പേർ കൊല്ലപ്പെട്ടു.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.