ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -3

//ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -3
//ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -3
ആനുകാലികം

ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -3

4. യൂറോപ്പിലെയും ഇസ്‌ലാമിക ഭരണപ്രദേശങ്ങളിലെയും ജൂതന്മാർ

യൂറോപ്പിൽ യഹൂദന്മാർ നടത്തിയ ജൂത പീഢനം ഈ എഴുത്തിന്റെ തുടക്കത്തിൽ പരാമർശിച്ചിരുന്നു. അൽപം കാര്യങ്ങൾ കൂടി പറയാം. ക്രി. വ. 1290-ൽ എഡ്വേർഡ് ഒന്നാമൻ ചക്രവർത്തി യഹൂദികളെ ബ്രിട്ടനിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടു. ക്രി. വ. 1306-ൽ ഫ്രഞ്ച് ചക്രവർത്തി ഫിലിപ്പ് ഫ്രാൻസിൽ നിന്ന് ജൂതന്മാരെ ആട്ടിയോടിച്ചു. മതം മാറാനോ ജീവൻ വെടിയാനോ തുറുങ്കിലടക്കപ്പെടാനോ നാടുകടത്തപ്പെടുത്താനോ അവർ നിർബന്ധിതരായി. അതേസമയം ഇസ്‌ലാമിക ഭരണത്തിനു കീഴിൽ മുസ്‌ലിംകളും ക്രൈസ്തവരും യഹൂദരും ഫലസ്‌തീനിൽ വളരെയേറെ സ്നേഹത്തോടെയായിരുന്നു ജീവിച്ചിരുന്നത്. ഇസ്‌ലാമിക ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വളരെയേറെ സന്തോഷകരമായ ജീവിതമായിരുന്നു ജൂതന്മാർ നയിച്ചിരുന്നതെന്ന് അവർ തന്നെ സമ്മതിക്കുന്ന കാര്യമാണ്.

ഫലസ്‌തീൻ ഉഥ്മാനി ഭരണത്തിനു കീഴിൽ

ഫലസ്‌തീനീ ചരിത്രം വിശാലമാണെങ്കിലും ആധുനിക കാലവുമായി ഏറെ ചേർന്നു കിടക്കുന്നതിനാൽ ഉഥ്മാനീ കാലഘട്ടത്തെക്കുറിച്ചാകാം ഇനിയുള്ള ചർച്ച. ക്രി. വ. 1516-ൽ നടന്ന മർജൂദാബിഖ് യുദ്ധത്തിലൂടെ ഫലസ്‌തീനും ശാമും ഉഥ്മാനികൾക്ക് കീഴിലായി. അതേ വർഷം ഫലസ്‌തീനിലേക്കും സീനായിലേക്കുമുള്ള ജൂത കുടിയേറ്റം തടഞ്ഞു കൊണ്ട് സുൽത്വാൻ സലീം ഒന്നാമൻ കൽപന പുറപ്പെടുവിച്ചു. അവരവിടെ ആധിപത്യം പുന:സ്ഥാപിക്കാൻ ശ്രമം നടത്തുന്നതായി തിരിച്ചറിഞ്ഞതിനെത്തുടർന്നായിരുന്നു ഇത്. സാമ്രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ താമസമാക്കാൻ അനുവാദം നൽകുകയും ചെയ്തു.

യൂറോപ്പിൽ കഠിനമായ പീഢനം തുടർന്നു പോരുന്നതിനിടയിലായിരുന്നു ഇത്രയേറെ ഔദാര്യമേറിയ സമീപനം അവർ സ്വീകരിച്ചത്. തുടർന്നു വന്ന സുലൈമാൻ അൽ ഖാനൂനിയും ഇതേ നിലപാട് തുടർന്നു പോന്നു. ക്രി. വ. 1789 -ൽ ഫ്രഞ്ച് വിപ്ലവം നടന്നു. അതിന്റെ അനന്തരഫലമായി നൂറ്റാണ്ടുകളോളം ജൂതന്മാരോടുണ്ടായിരുന്ന സമീപനത്തിൽ മാറ്റം വന്നു. ഫ്രാൻസിൽ ജൂതന്മാർക്ക് തുല്യ അവകാശം നൽകപ്പെട്ടു. ആയിടക്ക് നെപ്പോളിയൻ ഈജിപ്‌തിലേക്ക് പടയോട്ടം നടത്തി. അവിടം കീഴടക്കുകയും ചെയ്തു. പിന്നീട് ഫലസ്‌തീനി ഗ്രാമങ്ങളിൽ പലതും കീഴടക്കി. അക്കാ കീഴടക്കാൻ നേരത്ത് ബ്രിട്ടന്റെ സഹായത്തോടെ അക്കാ ഭരണാധികാരി അഹ്‌മദ് പാഷാ അൽജസ്സാർ ശക്തമായ ഉപരോധം നടത്തി. മൂന്നു മാസത്തെ ഉപരോധത്തിനു ശേഷം നെപ്പോളിയൻ കടുത്ത നാശനഷ്ടങ്ങളെത്തുടർന്ന് അവിടെ നിന്ന് പിന്മാറി.

ഉപരോധത്തിനിടയിൽ സ്വന്തം സാമ്രാജ്യത്വ മോഹങ്ങൾ നിറവേറ്റാൻ വേണ്ടി നെപ്പോളിയൻ അറബിളോട് ഒരു ഭീകര ചതി നടത്തി; ലോകത്തുള്ള ജൂത സമൂഹത്തോട് ഫ്രാൻസിൽ താമസമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ജൂതന്മാർക്ക് ഫലസ്‌തീൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായി ജൂതന്മാർക്ക് ഫലസ്‌തീൻ വാഗ്ദാനം ചെയ്ത വ്യക്തിയാണദ്ദേഹം. ജൂതന്മാർ അദ്ദേഹത്തെ സഹായിച്ചു. മേഖലയിൽ പല പ്രദേശങ്ങളും കീഴടക്കി. തുടർന്നുണ്ടായ പകർച്ചവ്യാധിയെത്തുടർന്ന് മേഖലയിൽ നിന്നദ്ദേഹം പിന്മാറി. ഒപ്പമുണ്ടായിരുന്ന 3000 ഉഥ്മാനി തടവുകാരെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ വന്നപ്പോൾ അദ്ദേഹം അവരെയെല്ലാം വെടി വെച്ചു കൊന്നു.

ബ്രിട്ടനും ഫലസ്‌തീനും

ഇന്നു കാണുന്ന ഫലസ്‌തീനെ ഒറ്റി കൊടുത്തവരാണ് ബ്രിട്ടീഷുകാർ. സ്വന്തം താൽപര്യങ്ങളെ സംരക്ഷിക്കാൻ എത്ര വലിയ അനീതിയും ചെയ്യാൻ മടിയില്ലാത്തവരാണവർ. ക്രി. വ. 1828-ൽ ആണ് മോശെ മോണ്ടിബറി പദ്ധതി നിലവിൽ വന്നത്. ഉയർന്ന പദവിയിലുള്ള ഒരു സൈനിക ഓഫീസറായിരുന്നു മോശെ മോണ്ടിബറി. റുഡ്യാൾഡ് എന്ന ജൂത ബിസിനസ്സുകാരന്റെ കുടുംബവുമായി ഇദ്ദേഹം വിവാഹത്തിലൂടെ ബന്ധം സ്ഥാപിച്ചു. ജൂതന്മാരെ ഫലസ്‌തീനിൽ താമസിക്കാൻ അനുവദിക്കാനും ജൂത സ്ഥാപനങ്ങൾ ഉണ്ടാക്കാനും ഉഥ്മാനി സാമ്രാജ്യത്തിനു മേൽ ഈ പദ്ധതിയുടെ ഭാഗമായി അദ്ദേഹം സമ്മർദ്ദം ചെലുത്തി. ഈ വിഷയത്തിൽ ഫ്രാൻസിന്റെ സഹായവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇംഗ്ലണ്ട്, ഇറ്റലി, റുമാനിയ, റഷ്യ എന്നിവിടങ്ങളിലെ ജൂതനേതാക്കൾ അദ്ദേഹത്തോട് സഹകരിക്കുകയും ചെയ്തു.

ബ്രിട്ടീഷുകാർ ഉഥ്മാനികളോട് ഫലസ്‌തീനിൽ കോൺസുലേറ്റ് തുറക്കാൻ അനുമതി തേടുകയും അതിനായി സമ്മർദ്ദം ചെലുത്തുകയും ചെയ്തു. അതിനെത്തുടർന്ന് ഖുദ്‌സിൽ കോൺസുലേറ്റ് തുറക്കപ്പെട്ടു. അതിനു ശേഷം അവർ ആദ്യമായി പുറപ്പെടുവിച്ച ഉത്തരവ് തന്നെ ബൈതുൽ മുഖദ്ദസിലെ യഹൂദികൾക്ക് സംരക്ഷണം നൽകണമെന്നതായിരുന്നു.

തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തി അറബികളെ ഫലസ്‌തീനിൽ നിന്ന് പുറത്താക്കി പകരം ജൂതന്മാരെ അവിടെ ജീവിക്കാൻ അനുവദിക്കാൻ ഫലസ്‌തീൻ ഭരിച്ചിരുന്ന ഖിദൈവികളുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ബ്രിട്ടൻ പരസ്യമായി ഉഥ്മാനികളോട് ആവശ്യപ്പെട്ടു. അതേത്തുടർന്ന് അത്രയും കാലം അഴകുഴമ്പൻ നിലപാട് സ്വീകരിച്ചിരുന്ന ഖിദൈവികൾ ജൂതന്മാർക്ക് കൂടുതൽ വിശാലത നൽകുകയില്ലെന്ന് തീരുമാനമെടുത്തു. ആയിടക്കാണ് റോമും ഖുദ്‌സും എന്ന പുസ്തകം പുറത്തിറങ്ങുന്നത്. മോസെഹസ്സ് ആയിരുന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവ്. ഈ പുസ്തകത്തിന് ശേഷമാണ് കേവലം മതം മാത്രമായിരുന്ന ജൂതായിസം ദേശീയതയായി മാറിയത്.

ക്രി. വ. 1876-ലാണ് യഹൂദികൾ ഫലസ്‌തീനിൽ ആദ്യ കോളനി സ്ഥാപിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന യഹൂദ പീഡനത്തെത്തുടർന്ന് ഫലസ്‌തീൻ ഒഴികെയുള്ള ഉഥ്മാനി ഭരണ പ്രദേശങ്ങളിൽ ജീവിക്കാൻ അനുവാദം നൽകി. ക്രി. വ. 1881-നും 1914-നും ഇടയിൽ 1,55,000 ജൂതന്മാർ ഫലസ്‌തീനിലേക്ക് നുഴഞ്ഞുകയറി. അതിനുശേഷം വേറെയും നിരവധി ജൂത സംഘങ്ങൾ ഫലസ്‌തീനിലേക്ക് കൂടിയേറ്റം നടത്തി. ഫലസ്‌തീനിലേക്കുള്ള ജൂത കുടിയേറ്റത്തിന് പല കോടീശ്വരന്മാരും സാമ്പത്തിക പിന്തുണ നൽകിയിരുന്നു. മെല്ലെ മെല്ലെ ചുറ്റുപാടുകകളെക്കുറിച്ച് ഫലസ്‌തീനികൾ ബോധവാന്മാരായി. അതിനാൽ തന്നെ കുടിയേറ്റക്കാരും തദ്ദേശീയരും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു.

ക്രി. 1882-ൽ ബ്രിട്ടൻ ഈജിപ്‌തിലേക്കാെരു പടയോട്ടം നടത്തുകയും ഈജിപ്ത് കീഴടക്കുകയും ചെയ്തു. ഫലസ്‌തീന് വേണ്ടി സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമൻ പലവിധ പ്രവർത്തനങ്ങൾ ചെയ്തു. അവയിൽ ചിലത് വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്തു.

1896-ൽ യഹൂദ ചരിത്രത്തിൽ പ്രധാനപ്പെട്ട മറ്റൊരു വ്യക്തി രംഗപ്രവേശം ചെയ്തു. സിയോണിസത്തിന്റെ പിതാവായ തിയോഡോർ ഹെർസലായിരുന്നു അത്. Der Jude Stat(Jewish state) എന്ന പുസ്തകത്തിലൂടെ അദ്ദേഹം ഫലസ്‌തീനിൽ ഒരു രാഷ്ട്രം സ്ഥാപിക്കാൻ ജൂതന്മാരോട് ആഹ്വാനം ചെയ്തു. അതിനു സാധ്യമല്ലെങ്കിൽ അർജന്റീനയിൽ രാഷ്ട്രം സ്ഥാപിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. എന്തു കൊണ്ടാകാം ചരിത്രപരമായി യാതൊരു ബന്ധവുമില്ലാതിരുന്ന അർജന്റീനയിൽ രാഷ്ട്രം സ്ഥാപിക്കാൻ അദ്ദേഹം നിർദ്ദേശിച്ചത്? അതിന്റെയർത്ഥം യഹൂദർക്ക് എവിടെയെങ്കിലുമായിട്ട് ഒരു രാഷ്ട്രം മതിയെന്നല്ലേ? തീർച്ചയായും. ചരിത്രപരമായ കാര്യങ്ങൾ വെച്ച് ഫലസ്‌തീനു മേൽ അവർ അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിൽ യഥാർത്ഥത്തിൽ അത് നിഷ്കളങ്കരായ പാമരന്മാരുടെ കണ്ണിൽ പൊടിയിടൽ മാത്രമാണ്. ഫലസ്‌തീനിൽ ജൂത രാഷ്ട്രമുണ്ടാക്കാൻ ജൂതന്മാർ വിജയിച്ചിട്ടില്ലായിരുന്നുവെങ്കിൽ തകർക്കപ്പെട്ട വീടുകൾക്കും ഗ്രാമങ്ങൾക്കും നഗരങ്ങൾക്കും മീതെ യഹൂദ കോളനികളും പട്ടണങ്ങളും ഉയരേണ്ടിയിരുന്നത് അർജന്റീനയിലായിരുന്നു.

1897-ൽ ഉഥ്മാനികളും ഗ്രീക്കുകാരും തമ്മിൽ ഒരു യുദ്ധം നടന്നു. അതേത്തുടർന്ന് ഉഥ്മാനികൾ സാമ്പത്തികമായി തകർന്നടിഞ്ഞു. ആ സാഹചര്യത്തിൽ ഹെർസൽ ഫലസ്‌തീന് ഭീമമായ വില പറഞ്ഞു. ഫലസ്‌തീന്റെ ഒരിഞ്ച് ഭൂമി പോലും താൻ വിട്ടുതരികയില്ലെന്ന് സുൽത്താൻ അറുത്തുമുറിച്ചു പറഞ്ഞു. ഏറെ വൈകാതെ സ്വിറ്റ്സർലന്റിലെ ബാസൽ പട്ടണത്തിൽ ഹെർസലിന്റെ കീഴിൽ ആദ്യ സയണിസ്റ്റ് സമ്മേളനം വിളിച്ചുചേർക്കപ്പെട്ടു. അതിൽ ലോക സയണിസ്റ്റ് സംഘടന രൂപീകരിച്ചു.

നാലാം സയണിസ്റ്റ് കോൺഗ്രസ്സ് ലണ്ടനിലാണ് വിളിക്കപ്പെട്ടത്. ബ്രിട്ടൻ മാത്രമേ സയണിസ്റ്റ് പ്രസ്ഥാനത്തെ സഹായിക്കുന്നുള്ളൂവെന്നും തങ്ങളെ സഹായിച്ച ആദ്യ രാജ്യമാണ് ബ്രിട്ടൻ എന്നും അവർ ആ സമ്മേളനത്തിൽ പറയുകയുണ്ടായി. ബ്രിട്ടൻ ഈ പ്രീണനത്തോട് അനുകൂലമായാണ് പ്രതികരിച്ചത്.

ക്രി. വ. 1909-ൽ സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമൻ അധികാരത്തിൽനിന്ന് നിഷ്കാസിതനായി. തുടർന്ന് ലജ്‌നതുൽ ഇത്തിഹാദി വത്തറഖ്‌ഖി അധികാരം ഏറ്റെടുത്തു. ഈ സംഘടനയുടെ നേതാവായിരുന്നു മുസ്‌തഫാ കമാൽ പാഷ. അവർ സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമൻ നിരോധിച്ചിരുന്ന ജൂത കുടിയേറ്റത്തിന് അനുമതി നൽകിക്കൊണ്ട് നിയമം തയ്യാറാക്കി.

ഫലസ്‌തീൻ ഉൾപ്പെടുന്ന ഭൂമി അറബികൾക്ക് നൽകുമെന്ന് ബ്രിട്ടീഷുകാർ വാഗ്ദാനം ചെയ്തിരുന്നു. ക്രി. 1916-ൽ ബ്രിട്ടൻ ധാ​ര്‍​ഷ്ട്യമേറിയ മറ്റൊരു ഉടമ്പടിയിൽ ഒപ്പുവെച്ചു. ഫ്രാൻസുമായി നടത്തിയ സൈക്സ്-പീകോ ഉടമ്പടിയായിരുന്നു അത്. ഇറാഖ്, ജോർദാൻ, ഫലസ്‌തീനിലെ ഹൈഫ തുടങ്ങിയ മേഖലകൾ ബ്രിട്ടന്നും സിറിയയും ലബനാനും ഫ്രാൻസിനും ലഭിക്കുന്ന രീതിയിൽ വിഭജിക്കാൻ പ്രസ്തുത ഉടമ്പടിയിലൂടെ ധാരണയായി. ഫലസ്‌തീനെ അന്താരാഷ്ട്ര ഭരണത്തിൻ കീഴിലാക്കുമെന്നും ഉടമ്പടിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ രണ്ട് ഉടമ്പടികൾ നിലനില്ക്കവേ അതിലെ ഉടമ്പടികൾക്ക് കടക വിരുദ്ധമായി ബ്രിട്ടീഷുകാർ വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷനുമായി മറ്റൊരു ചർച്ച കൂടി നടത്തി. അതിനെത്തുടർന്നാണ് 1917 നവംബർ 2 -ന് കുപ്രസിദ്ധമായ ബാൽഫർ പ്രഖ്യാപനം നടന്നത്. അതിലൂടെ ഭാവി ജൂത രാഷ്ട്രത്തിന് ബ്രിട്ടൻ പിന്തുണ പ്രഖ്യാപിച്ചു.

1917 ഡിസംബർ 9 – ന് ബ്രിട്ടീഷ് സേന ഖുദ്‌സിൽ പ്രവേശിച്ചു. ഭീകരമായ ഒരു ചതിയുടെ പ്രാരംഭ ഘട്ടമായിരുന്നു അത്. അതിനുശേഷം സൈക്സ്-പീകോ ഉടമ്പടിയിലെ ഫലസ്‌തീനെക്കുറിച്ചുണ്ടായിരുന്ന വ്യവസ്ഥ ഫ്രാൻസിന്റെ സമ്മതത്തോടെ ബ്രിട്ടൻ ഉപേക്ഷിച്ചു. പകരം ഫ്രാൻസിന് സിറിയയും ലബനാനും നൽകാമെന്ന് ബ്രിട്ടീഷ് വാക്ക് കൊടുത്തു. ഒന്നാം ലോകയുദ്ധത്തിന് ശേഷം ഫലസ്‌തീനെ ബ്രിട്ടീഷുകാർ കൈവശപ്പെടുത്തി. ജൂതന്മാർക്ക് ഹീബ്രു യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ അവർ അനുമതി നൽകി. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ലോർഡ് അലൻബി കുപ്രസിദ്ധമായ ഒരു പ്രസ്താവന നടത്തി: “ഫലസ്‌തീൻ യഹൂദന്മാർക്ക്.”

1939 – ൽ ഹിറ്റ്ലർ രണ്ടാം ലോകമഹായുദ്ധത്തിന് തീ കൊളുത്തി. നാസികൾ ജൂതന്മാരെ നിർദയമായി പീഡിച്ചിച്ചു. ലക്ഷക്കണക്കിന് ജൂതന്മാർ കൊല്ലപ്പെട്ടു. നിരവധി ജൂതന്മാർ അഭയാർത്ഥികളാക്കപ്പെട്ടു. പല രാജ്യങ്ങളിലേക്കും അവർ കാെണ്ടു പോകപ്പെട്ടു. ഫലസ്‌തീനിലേക്കല്ലാത്ത രാജ്യങ്ങളിലേക്ക് ജൂതന്മാരെ കൊണ്ടുപോകുന്നതിൽ സയണിസ്റ്റുകൾക്ക് വലിയ അമർഷമുണ്ടായിരുന്നു. ബ്രിട്ടന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നിയതിനെ തുടർന്ന് സയണിസ്റ്റുകൾ ചില ഭീകരമായ നടപടികൾ കൈ കൊണ്ടു. ജൂത അഭയാർത്ഥികളെ വഹിക്കുന്ന ഫലസ്‌തീനിലേക്കല്ലാത്ത കപ്പലുകളിൽ അവർ സ്ഫോടനം നടത്തി. ജർമനിയിലെ ജൂത പീഡനങ്ങളെ പർവതീകരിച്ചു കാട്ടി ഫലസ്‌തീനിലെ ഭാവി ജൂത രാഷ്ട്രം മാത്രമാണ് ഇതിന് പരിഹാരമെന്നവർ പ്രഖ്യാപിച്ചു.

ഒരു രാഷ്ട്രം രൂപീകരിക്കാൻ മാത്രം ഫലസ്‌തീനിൽ ജൂതർ ശക്തി പ്രാപിച്ചപ്പോൾ ബ്രിട്ടനെ പുറത്താക്കാൻ അവർ പദ്ധതി ആവിഷ്കരിച്ചു. അവർ ബ്രിട്ടീഷ് പോലീസുകാരെ തട്ടിയെടുത്ത് കൊലപ്പെടുത്താൻ തുടങ്ങി. 1948 – ൽ ആണ് ദൈർയാസീൻ കൂട്ടക്കൊല നടന്നത്. 250-ലധികം മനുഷ്യരാണ് ഹഗാനാ ഭീകരവാദികൾ നടത്തിയ പ്രസ്തുത ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 1948 മെയ് 14-ന് ബ്രിട്ടീഷുകാർ ഖുദ്‌സിൽ നിന്ന് വിട പറഞ്ഞു. പിറ്റേന്നത്തേക്ക് കരുതി വെച്ചിരുന്ന ഇസ്രായേൽ രാഷ്ട്രപ്രഖ്യാപനത്തിന് മുന്നോടിയായിരുന്നു അത്. പിറ്റേ ദിവസം വരെ കാത്തു നിൽക്കാൻ സയണിസ്റ്റുകൾക്ക് സമയമുണ്ടായിരുന്നില്ല. അന്ന് വൈകുന്നേരം 4 മണിക്ക് തന്നെ തെൽ അവീവിൽ വെച്ച് ബെൻഗൂറിയൻ ഇസ്രായേൽ രാഷ്ട്രം രൂപീകരിക്കപ്പെട്ടതായി പ്രഖ്യാപിച്ചു.

1948-ലെ ജൂത രാഷ്ട്രം രൂപീകരിക്കപ്പെട്ടതിന് ശേഷം ഫലസ്‌തീന്റെ ഭൂവിസ്തൃതി കുറയുകയും അന്താരാഷ്ട്ര ഉടമ്പടിയനുസരിച്ചുള്ളതിനേക്കാൾ ഇസ്രായേലിന്റെ ഭൂവിസ്തൃതി വർദ്ധിക്കുകയും ചെയ്തിരിക്കുന്നു. ബെൻ ഗൂറിയന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത് ഇസ്രായേൽ ഇനിയും വിശാലമാകുമെന്നാണ്. അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി:” ഇസ്രായീൽ! നിന്റെ ഭൂമി യൂഫ്രട്ടീസ് മുതൽ നൈൽ വരെയാകുന്നു.”

ഇന്നിൽ നിന്നുകൊണ്ട് ചരിത്രത്തിലേക്കാെന്ന് തിരിഞ്ഞു നോക്കിയാൽ ഫലസ്‌തീനെ അനർഹരുടെ കൈകളിലെത്തിച്ചതിൽ മുഖ്യ പങ്ക് വഹിച്ചത് ബ്രിട്ടൻ ആണെന്ന് വ്യക്തമാകും. ഫ്രാൻസും തങ്ങളുടെ സ്വകാര്യ ലാഭം നേടിയെടുക്കാനായി ജൂതന്മാരെ സഹായിച്ചിട്ടുണ്ട്. എന്തുകൊണ്ടാകാം ഒരു ജനതയെ കുടിയൊഴിപ്പിച്ചു കൊണ്ട് ചരിത്രപരമായി യാതൊരു തരത്തിലും അവകാശം ഉന്നയിക്കാൻ കഴിയാത്ത മറ്റൊരു ജനതയെ സഹായിക്കാൻ ഈ വൻ രാഷ്ട്രങ്ങൾ തയ്യാറായത്? നമുക്ക് പരിശോധിക്കാം. സന്ദർഭം വിശകലനം ചെയ്താൽ മനസ്സിലാകുന്നത് ഫലസ്‌തീനി പ്രശ്നത്തിൽ യൂറോപ്യന്മാർ ഇടപെടാൻ നാല് കാരണങ്ങളാണുള്ളതെന്നാണ്:

1- ആയിരത്തിലേറെ വർഷങ്ങൾ കൊണ്ട് ജൂതന്മാരുടെ എണ്ണം കോടികളായി വർദ്ധിച്ചിരുന്നു. മറ്റു പല ജനതകളിൽ നിന്നും വ്യത്യസ്തമായി ഇസ്രായേൽ ജനതയെ മാത്രം ലക്ഷ്യം വെച്ചു കൊണ്ട് അവരിലേക്ക് നിരവധി പ്രവാചകന്മാർ അയക്കപ്പട്ടിരുന്നു. അതിനാൽ തന്നെ ഒരേ പിതാവിന്റെ മക്കൾ ഒരേ വിശ്വാസത്താൽ കൂട്ടിയിണക്കപ്പെട്ടിരുന്നു. ജൂതന്മാർക്ക് ഭൂമി നൽകുമെന്ന് വാഗ്ദാനം ചെയ്തവരുടെ കൂടെ, പാല് തന്ന കൈയിന് കൊത്തിയിട്ടാണെങ്കിലും അവർ കൂടെ നിൽക്കുമായിരുന്നു. റോമാ- പേർഷ്യൻ യുദ്ധത്തിൽ ജൂതന്മാരുടെ പ്രവർത്തനങ്ങൾ ഉദാഹരണം. അതിനാലാണ് നെപ്പോളിയനടക്കമുള്ള ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങൾ നിറവേറ്റാൻ വേണ്ടി ജൂതരുടെ സഹായം തേടിയത്.

2- യൂറോപ്പിൽ ഒട്ടനവധി യഹൂദ പ്രഭുക്കന്മാർ ഉണ്ടായിരുന്നു. അവരിൽ നിന്ന് പലപ്പോഴും ഭരണാധികാരികൾ സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ചിരുന്നു. അതിനാൽ തന്നെ ഭരണ രംഗത്തുള്ള ജൂതന്മാരുടെ സ്വാധീനം വളരെ വലുതായിരുന്നു. ക്രൈസ്തവ സയണിസ്റ്റുകൾക്കും ഭരണത്തിൽ വലിയ പങ്കുണ്ടായിരുന്നു.

3- യൂറോപ്പിലെ ഭരണാധികാരികൾക്ക് ഇസ്‌ലാമിനോടും മുസ്‌ലിംകളോടും വിട്ടുമാറാത്ത ദേഷ്യമുണ്ടായിരുന്നു. ബ്രിട്ടീഷ് സേന ഖുദ്‌സിൽ പ്രവേശിച്ചപ്പോൾ സേനാ മേധാവി ലോർഡ് അലൻബി പ്രതിവചിച്ചു: “ഇപ്പോഴാണ് വാസ്തവത്തിൽ കുരിശുയുദ്ധം അവസാനിച്ചത്.”

ഒരു നേതാവിന്റെ വാക്ക് അദ്ദേഹത്തിന്റെ മാത്രം ചിന്തയായിരിക്കുകയില്ല. അന്ധമായി അദ്ദേഹത്തെ പിന്തുടരുന്ന അനുയായികളുടേത് കൂടിയായിരിക്കും. യൂറോപ്യരിൽ നിന്ന് 800 വർഷം കഴിഞ്ഞിട്ടും കുരിശു യുദ്ധത്തിന്റെ ദേഷ്യം ഒഴിഞ്ഞു പോയിരുന്നില്ല. ഒരു സമുദായത്തോട് ഇത്രയധികം ദേഷ്യം വെച്ചുപുലർത്തിയിരുന്നവർ തീർച്ചയായും ആ സമുദായത്തിനെതിരിൽ പ്രവർത്തിക്കുമെന്ന കാര്യം തീർച്ചയാണ്. ശക്തമായ ഇസ്‌ലാമോഫോബിയ കാരണമായാണ് ലോകത്ത് ഇന്നും പല ക്രൈസ്തവരും ചരിത്രത്തിലെ തങ്ങളുടെ മുഖ്യ ശത്രുക്കളുടെ രാഷ്ട്രത്തെ പിന്തുണക്കുന്നത്.

4- യൂറോപ്പിൽ കഠിനമായിരുന്നു ജൂത വിരോധം. ഇസ്‌ലാമിന്റെ തണലിൽ സമാധാനത്തോടെയുള്ള ജീവിതമായിരുന്നു ജൂതന്മാർ നയിച്ചിരുന്നത്. അതേസമയം യൂറോപ്പിൽ മൃഗീയ പീഡനനങ്ങളായിരുന്നു ജൂതന്മാർ നേരിട്ടിരുന്നത്. അതിനാൽ തന്നെ ജൂതന്മാർക്കെതിരെയുള്ള ചെയ്തികളിൽ ഖേദം തോന്നി. അതിനുള്ള നഷ്ട പരിഹാരമായി അവരുടെ സ്വന്തം ഉടമയിലുള്ള വസ്തുക്കൾ നല്കുകയായിരുന്നുവെങ്കിൽ ഒരു മാതൃക പറയാമായിരുന്നു, പകരമായി അവർ ചെയ്തത്, അപരന്റെ സ്വത്തിൽ നിന്ന് അപഹരിക്കുകയായിരുന്നു. യൂറോപ്പിലാണ് ജൂതന്മാർ പീഡിപ്പിക്കപ്പെട്ടത് എങ്കിൽ യൂറോപ്പിൽ തന്നെയായിരുന്നു ജൂതന്മാർക്ക് ഭൂമി നൽകേണ്ടിയിരുന്നത്. ജൂതന്മാരെ ഫലസ്‌തീനിലെത്തിക്കുന്നത് വഴി ജൂതന്മാരുടെ ശല്യം ഒഴിവാക്കുകയായിരുന്നു യഥാർത്ഥത്തിൽ യൂറോപ്യർ ചെയ്തത്.

ഫലസ്‌തീനിനോട് നീതി പുലർത്തിയവർ

ഇത്രയും പറഞ്ഞതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഇസ്‌ലാമിന്റെ അന്തസ്സത്ത ഉൾക്കൊണ്ട ഭരണാധികാരികൾ മാത്രമാണ് ഫലസ്‌തീനിനാേട് നീതി കാണിച്ചിട്ടുള്ളത്. ജനങ്ങൾ സമാധാനത്തോടെ താമസിച്ചിരുന്നതും ഇസ്‌ലാമിനു കീഴിലായിരുന്നു. മറ്റുള്ള ഭരണാധികാരികൾ നഗരത്തിൽ പ്രവേശിക്കുമ്പോൾ ഉടനെ കൂട്ടക്കൊലകളെക്കൊണ്ട് നഗരത്തെ ചുവപ്പിച്ചിരുന്നു. ആരാധനാ കേന്ദ്രങ്ങൾ ഇസ്‌ലാമിക ഭരണകാലത്ത് മാത്രമേ സുരക്ഷിതമായി നിലനിന്നിട്ടുള്ളൂ. തങ്ങളുടെ ആരാധനാലയങ്ങൾ പൊളിക്കപ്പെട്ടിട്ടും എതിരാളിയുടെ മതത്തിൽ പെട്ടവരുടെ ആരാധനാലയങ്ങൾ നിലനിർത്തുകയാണ് ഇസ്‌ലാമിക ഭരണാധികാരികൾ ചെയ്തിട്ടുള്ളത്. അല്ലെങ്കിലും അന്യമതസ്ഥരിലെ ഒരു വിഭാഗത്തിന്റെ ചെയ്തിയുടെ പേരിൽ ബാക്കിയുള്ളവരെ വേദനിപ്പിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.