ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -1

//ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -1
//ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -1
ആനുകാലികം

ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -1

1. പൗരാണിക ചരിത്രാവശിഷ്ടങ്ങൾ

ഫലസ്‌തീൻ… മൂന്ന് സെമിറ്റിക് മതങ്ങളുടെ സംഗമ സ്ഥാനമായ ഇവിടം ഇന്ന് സയണിസ്റ്റുകളുടെ അധിനിവേശത്തിനു കീഴിൽ ഞെരുങ്ങുകയാണ്. ഫലസ്‌തീൻ ആരുടെ ഭൂമിയെന്ന ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആധുനിക കാലത്തെ ഫലസ്‌തീനെക്കുറിച്ചുളള ചർച്ചകൾ പുരോഗമിക്കുന്നത്. ഇത്തരം ചർച്ചകളിൽ സ്ഥിരമായി സയണിസ്റ്റുകൾ പറയുന്ന ന്യായമാണ് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ പ്രപിതാക്കന്മാർ ഫലസ്‌തീനിലാണ് താമസിച്ചിരുന്നത് എന്നുള്ളത്. 70 വർഷം മുമ്പ് തങ്ങളുടെ ഭൂമി നഷ്ടമായ ഫലസ്‌തീനികൾക്ക് ഈ വാദത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഭൂമിയുടെ മേലുള്ള അവകാശം വർദ്ധിക്കുന്നു.

മറ്റു ചില ജൂതന്മാർ കുറച്ചു കൂടി കടന്ന് തങ്ങളാണ് ഫലസ്‌തീനിലെ ആദിമ നിവാസികളെന്ന് അവകാശപ്പെടാറുണ്ട്. ഫലസ്‌തീൻ വിഷയത്തിൽ ഏറെ ഗ്രാഹ്യമില്ലാത്ത ആളുകൾ ഇതു കേട്ട് ഫലസ്‌തീനുമേൽ ജൂതന്മാർക്ക് അവകാശമില്ലേയെന്ന് സംശയിച്ച് കൂടായ്കയില്ല. നമുക്ക് പരിശോധിക്കാം.

ക്രി.മു 18-ാം നൂറ്റാണ്ടിൽ ഇന്നത്തെ ജെറീക്കോ നിലനില്ക്കുന്ന സ്ഥലത്ത് ഒരു പട്ടണം നിലനിന്നിരുന്നതിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പട്ടണമായി പല ഗവേഷകരും കണക്കാക്കുന്നത് ഈ പട്ടണത്തെയാണ്. ക്രിസ്തുവിന് 14 നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന നത്വൂഫിയ്യൂൻ എന്ന ഗോത്രമാണ് ഇന്ന് വരെ ലഭിച്ച തെളിവ് വെച്ച് ഫലസ്‌തീനിലെ ആദിമ നിവാസികൾ. പക്ഷേ ഇവർ എവിടെ നിന്ന് വന്നു എന്നതിനെ സംബന്ധിച്ച് ഇന്നും കൃത്യമായ സൂചനകൾ ലഭിച്ചിട്ടില്ല. പുരാവസ്തുക്കളിൽ നിന്ന് ലഭിച്ച അറിവു മാത്രമാണ് അവരെക്കുറിച്ച് ഇന്ന് നമുക്കുള്ളത്.

ഫലസ്‌തീനിലെ ആദിമ നിവാസികൾ

തിരിച്ചറിഞ്ഞ പുരാവസ്തുക്കളിൽ വെച്ച് ഏറ്റവും പഴക്കമേറിയത് കനാനികളുടെയും അമൂറികളുടെയും അവശിഷ്ടങ്ങളാണ്. അഥവാ ലഭ്യമായ അറിവ് വെച്ച് ഫലസ്‌തീനിലെ ആദിമ നിവാസികളാണീ ഗോത്രക്കാർ. ജസീറതുൽ അറബിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് സിറിയയിലും ഫലസ്‌തീനിലും താമസമുറപ്പിച്ച ജനവിഭാഗങ്ങളാണിവർ. കനാനികൾ ഫലസ്‌തീൻ താഴ്വരയിലാണ് താമസമാക്കിയത്. ഇത്തരത്തിൽ അറേബ്യൻ ഉപദ്വീപിൽ നിന്ന് വടക്കാേട്ട് തന്നെ സഞ്ചരിച്ച് ഖുദ്‌സിന്റെ ഭാഗത്ത് താമസിച്ച മറ്റൊരു വിഭാഗമാണ് യബീസികൾ. അമൂറികൾ(ഫിനീഷ്യർ) സമീപ പ്രദേശങ്ങളിലെ പർവ്വതങ്ങളിൽ താമസിച്ച് പോന്നു. ആദ്യ കാല ഫലസ്‌തീൻ ഈ ജനവിഭാഗങ്ങൾക്കിടയിൽ വീതിക്കപ്പെടുകയാണ് ചെയ്തത്. ഇക്കാരണത്താലാണ് ഫലസ്‌തീൻ പല ഗവേഷകരാലും കനാൻ ദേശം എന്ന് വിളിക്കപ്പെടുന്നത്.

ഫലസ്‌തീൻ എന്ന പേര് ബന്ധപ്പെട്ടിരിക്കുന്നത് മറ്റൊരു ഗോത്രവുമായിട്ടാണ്. മധ്യധരണ്യാഴിയിൽ നിന്ന്, വിശിഷ്യാ ക്രീറ്റ് ദ്വീപിൽ നിന്ന് വന്ന ജനവിഭാഗം ഈജിപ്തിൽ വെച്ച് നടന്ന സോസീൻ യുദ്ധത്തെത്തുടർന്ന് റാംസിസ് മൂന്നാമനാൽ തടയപ്പെട്ടു. ഫലസ്‌തീന്റെ തെക്കുഭാഗത്ത് താമസിക്കാൻ അദ്ദേഹം അവരോട് കൽപിച്ചു. പെലസ്ത് പ്രദേശത്താണ് അവർ താമസം ഉറപ്പിച്ചത്. പ്രദേശത്തിന്റെ പേര് ചേർത്ത് അവരെ പെലസ്തീനികൾ എന്ന് വിളിച്ചു തുടങ്ങി. അതിൽ നിന്നാണ് ഫലസ്‌തീൻ എന്ന പേര് ഉത്ഭവിച്ചത്. ആൾബലം കൊണ്ടും സംസ്കാരം കൊണ്ടും മികച്ചു നിന്നിരുന്ന ആദിമനിവാസികളുമായി ഇവർ പിന്നീട് ലയിച്ച് ചേർന്ന് ഇല്ലാതാവുകയാണുണ്ടായത്.

2. യഹൂദരും ഫലസ്‌തീനും – ഇസ്‌ലാമിന്റെ ആവിർഭാവം വരെ

ഇസ്ഹാഖ് നബി(അ)യുടെ ജന്മഭൂമിയാണ് ഫലസ്‌തീൻ. സഹോദരൻ ഇസ്മാഈൽ നബി(അ)യും അവിടെയാണ് ജനിച്ചത്. ഇസ്ഹാഖ് നബി(അ)യുടെ പുത്രനായിരുന്നു യഅ്ഖൂബ് നബി(അ). ഇദ്ദേഹത്തിന്റെ സന്താന പരമ്പര ആണ് ഇസ്രായേൽ മക്കൾ. യഅ്ഖൂബ് നബി(അ)യുടെ പുത്രൻ യൂസുഫ് നബി (അ) ഈജിപ്തിൽ എത്തിയ കഥ ഖുർആനിലും ബൈബിളിലും പ്രസ്താവിച്ചിട്ടുണ്ട്. ഇസ്രാഈല്യരുടെ പിതാവായ യഅ്ഖൂബ് നബി പോലും അവസാന കാലത്ത് ഈജിപ്തിലേക്ക് കുടിയേറുകയാണുണ്ടായത്. അഥവാ ഇസ്രായേൽ മക്കളുടെ പിതാവ് പോലും ഫലസ്‌തീനിലല്ല സ്വന്തം ജീവിതം പൂർത്തീകരിച്ചിട്ടുള്ളതെന്നർത്ഥം. ഈജിപ്തിൽ അവർ തലമുറകൾ പിന്നിട്ടപ്പോൾ അവരുടെ എണ്ണം വർദ്ധിച്ച് വന്നു.

ആയിടക്ക് അവർക്ക് ഭരണാധികാരിയായി വന്ന ഒരു ഫറോവ ഇസ്രായേലികൾക്ക് മേൽ മർദ്ദനം ചൊരിഞ്ഞു. ഫറോവയുടെ ക്രൂരതകളിൽ നിന്ന് രക്ഷിക്കാനും സന്മാർഗത്തിലേക്ക് തിരിച്ച് കൊണ്ടു വരാനുമായി അല്ലാഹു ഇസ്രായേലികളിലേക്ക് പ്രവാചക ദൗത്യവുമായി മൂസാ നബി(അ)യെ അയക്കുകയുണ്ടായി. അദ്ദേഹം അവരെയും കൊണ്ട് ചെങ്കടൽ കടന്ന് ഫലസ്‌തീനിലേക്ക് രക്ഷപ്പെടുത്തി. ഇവിടെ പ്രത്യേകമായി അറിഞ്ഞിരിക്കേണ്ട കാര്യം അവർ ഫലസ്‌തീനിലെത്തിയത് അഭയാർത്ഥികളായിട്ടാണെന്നുള്ളതാണ്.

ക്രി.മു 995-ൽ ആദ്യ ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായി. ത്വാലൂത്തിന് (ശൗൽ) ശേഷം ഭരണാധികാരിയായി വന്ന ദാവൂദ് നബി(അ) ആയിരുന്നു ഇസ്രാഈല്യനായ ആദ്യ ഭരണാധികാരി. അദ്ദേഹത്തെത്തുടർന്ന് പുത്രൻ സുലൈമാൻ (അ) (സോളമൻ) അധികാരത്തിലേറി. രണ്ടു പേരുടെയും ഭരണം 90 വർഷത്തിലധികം നീണ്ടു നിൽക്കുകയുണ്ടായില്ല. അതിനു ശേഷം ജൂത രാഷ്ട്രം ക്ഷയിക്കുകയാണുണ്ടായത്. എന്നാൽ ക്രി.മു. 2600 മുതൽക്കുതന്നെ കനാനികൾക്കും യബീസികൾക്കും അവിടെ ഭരണമുണ്ടായിരുന്നു. യഹൂദികൾക്ക് മുമ്പ് 1600 ഓളം വർഷം ഫലസ്‌തീൻ വാണത് ഈ ഗോത്രങ്ങളാണെന്ന് സാരം.

ക്രി.മു. 740-ൽ അസൂരികൾ ഫലസ്‌തീൻ കീഴടക്കി. 80 വർഷം നീണ്ടു നിന്ന അവരുടെ ഭരണം ബാബിലോണിയരാൽ ഇല്ലാതായി. പിന്നീട് ബാബിലോണിയർക്കെതിരായി ക്രി.മു. 586-ൽ യഹൂദർ ഒരു കലാപം നടത്തി. അതിനെത്തുടർന്ന് നബൂഖദ് നസ്ർ അടിമകളാക്കി വെച്ച യഹൂദികളെ തിരിച്ച് ഫലസ്‌തീനിലേക്ക് പോകാൻ അദ്ദേഹം അനുവദിച്ചു. അവരിക്കദ് നസ്ര്‍ (ബുഖ്ത് നസ്ർ) സംഭവത്തിൽ ഇടപെട്ടു. അദ്ദേഹം ഫലസ്‌തീൻ അക്രമിക്കുകയും വീടുകൾ ചുട്ടുകരിക്കുകയും നാൽപതിനായിരം യഹൂദരെ ബന്ധികളാക്കുകയും അടിമകളാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ശേഷിച്ചവർ ഈജിപ്തിതിലേക്ക് ഓടിപ്പോയി. ക്രി.മു 539-ൽ പേർഷ്യൻ ഭരണാധികാരി സൈറസ് രണ്ടാമൻ ഇറാഖ് ആക്രമിച്ച് കീഴടക്കി. നബൂഖദ് നസ്ർ അടിമകളാക്കി വെച്ച യഹൂദികളെ തിരിച്ച് ഫലസ്‌തീനിലേക്ക് പോകാൻ അദ്ദേഹം അനുവദിച്ചു. അവരിൽ മഹാഭൂരിപക്ഷവും മടങ്ങിപ്പോയില്ല. സമ്പത്തിന്റെയും വിനോദത്തിന്റെയും കേന്ദ്രമായ ബാബിലോണിയയിൽ നിന്ന് വിട്ട് പോരാൻ അവർക്ക് മനസ്സു വന്നില്ല.

അതുകൊണ്ടുതന്നെയാണ് ഇസ്രായേലികളുടെ ദൈവം പണമാണെന്ന് പല എഴുത്തുകാരും പറഞ്ഞിട്ടുള്ളത്. മതത്തിന്റെ മറവിൽ അവർ ചെയ്തു കൂട്ടുന്ന ക്രൂരതകളെയും അധിനിവേശത്തെയും ജൂത പണ്ഡിതന്മാർ തന്നെ എതിർത്തത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ക്രി.മു. 332-ൽ അലക്സാണ്ടർ ചക്രവർത്തി ഖുദ്‌സ് കീഴടക്കി. അങ്ങനെ ഫലസ്‌തീൻ ഗ്രീക്ക് ഭരണത്തിന്റെ കീഴിലായിത്തീർന്നു. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നുണ്ടായ അസ്വസ്ഥതയെത്തുടർന്ന് അറബികളായ അൻബാതുകൾ ഫലസ്‌തീൻ കീഴടക്കി. ക്രി.മു 200-ാം ആണ്ട് വരെ അവരുടെ ഭരണം നിലനിന്നു. പിന്നീട് ഗ്രീക്കുകാരായ സെലൂകലർ ഫലസ്‌തീനിൽ ആധിപത്യം സ്ഥാപിച്ചു. അവർ യഹൂദരെ കഠിനമായ പീഡനത്തിന് വിധേയമാക്കി. ക്രി.മു 143- ൽ ഗ്രീക്ക് ചക്രവർത്തി ദിമിത്രിയൂസ് ഖുദ്‌സിൽ സൈമൺ എന്നു പേരുള്ള യഹൂദനെ ഭരണാധികാരിയായി നിയമിച്ചു. ഹാസ്മോണിയൻ എന്ന പേരിൽ അദ്ദേഹത്തിന്റെ രാജവംശം വളരെയേറെ അഭിവൃദ്ധി പ്രാപിച്ചു. ഗ്രീക്കുകാരുടെ മേൽക്കോയ്മക്ക് കീഴിലായിരുന്നു എല്ലാ കാലത്തും ഈ രാജവംശം നിലനിന്നിരുന്നത്.

ക്രി.മു. 63 – ൽ റോമക്കാർ ഖുദ്‌സ് കീഴടക്കി. അൽപം വർഷങ്ങൾ കഴിഞ്ഞതിന് ശേഷം യഹൂദർ റോമക്കാർക്കെതിരേ ഖുദ്‌സിൽ വിപ്ലവം സംഘടിപ്പിച്ചു. ഖുദ്‌സിനെ 40 വർഷം ഉപരോധിച്ച റോം ഭരണാധികാരി ക്രിസ്തുവർഷം 66 ൽ മകനായ വെസ്പാസ്യനെ ഖുദ്‌സ് കീഴടക്കാൻ നിയോഗിച്ചു. അത് പക്ഷെ പരാജയമായിരുന്നു. ക്രി.വ 70-ൽ വെസ്പാസ്യന്റെ പുത്രനായ ടൈറ്റസ് ആണ് ഖുദ്‌സ് കീഴടക്കിയത്. അദ്ദേഹം പട്ടണം തകർത്തു തരിപ്പണമാക്കി. യഹൂദർ ബന്ധനസ്ഥരാക്കപ്പെട്ടു. റോമിലവർ അടിമകളായി വിൽക്കപ്പെട്ടു.
യൂറോപ്പിൽ യഹൂദർ ആവിർഭവിച്ചത് ഇതിലൂടെയാണ്. പിന്നീട് ബാർകോച്ബ എന്നു പേരായ ജൂതനു കീഴിൽ ജൂതന്മാർ സംഘടിച്ച് ചെറിയൊരു പ്രദേശത്ത് യഹൂദ ഭരണം സ്ഥാപിച്ചു. എങ്കിലും മൂന്ന് വർഷത്തിന് ശേഷം റോമാ ചക്രവർത്തി ആ നഗരം കീഴടക്കി ജൂതന്മാരുടേതായിരുന്ന സകല നിർമ്മിതികളും നശിപ്പിച്ച് അതിനു മുകളിൽ ഈലിയാ പട്ടണം പണി കഴിപ്പിച്ചു. യഹൂദികളെ ഖുദ്‌സിൽ പ്രവേശിക്കുന്നതിനെ തൊട്ട് വിലക്കുകയും ചെയ്തു. ഒരു നൂറ്റാണ്ട് കാലം ആ വിലക്ക് നിലനിന്നു. ഇക്കാലയളവിൽ ഇസ്രായേല്യർ ചിന്നിച്ചിതറുകയും ഫലസ്‌തീനിൽ തീരെ ഇല്ലാതാവുകയും ചെയ്തു.

ക്രി.വ 324-ൽ കോൺസ്റ്റൻന്റൈൻ ക്രിസ്തുമതം സ്വീകരിക്കുന്നത്. അദ്ദേഹവും യഹൂദന്മാരെ ഖുദ്‌സിൽ പ്രവേശിക്കുന്നതിനെ തൊട്ട് വിലക്കി. ക്രൈസ്തവരും യഹൂദരും യേശുവിന്റെ കാലം മുതലേ സംഘർഷത്തിലായിരുന്നു. യേശു ക്രിസ്തുവിനെ അവർ കൊല്ലാൻ ശ്രമിച്ചു, ക്രൈസ്തവ പ്രബോധകരെ നാട്ടിൽ നിന്ന് പുറത്താക്കുകയും പൗലോസിനെ വധിക്കുകയും ചെയ്തു.

ക്രി. വ 614 ന് റോമക്കാർ പേർഷ്യൻ ചക്രവർത്തി ഖുസ്രു രണ്ടാമനാൽ ഓടിക്കപ്പെട്ടു. ഈ ആക്രമണത്തിൽ പേർഷ്യക്കാർക്കാെപ്പം യഹൂദരും പങ്കെടുത്തിരുന്നു. ക്രൈസ്തവരുടെ ഉയിർത്തെഴുന്നേൽപ്പ് പള്ളി തകർക്കപ്പെട്ടു, സമ്പാദ്യങ്ങളെല്ലാം കൊണ്ടുപോവുകയും ചെയ്തു. പേർഷ്യക്കാരോടൊത്ത് യഹൂദർ ക്രൈസ്തവ കൂട്ടക്കൊലകൾ നടത്തി. അന്ന് അറുപതിനായിരം ക്രൈസ്തവർ വധിക്കപ്പെട്ടു. പേർഷ്യക്കാർ ഒരു രാഷ്ട്രം നൽകുമെന്ന പ്രതീക്ഷയാലായിരുന്നു യഹൂദർ അവരെ സഹായിച്ചത്. എന്നാൽ യഹൂദരുടെ ആഗ്രഹം അവർ മാനിക്കുക പോലുമുണ്ടായില്ല.

പിന്നീട് ഖുർആനിൽ പ്രവചിക്കപ്പെട്ട പോലെ ഏറ്റവും തകർന്നടിഞ്ഞ അവസ്ഥയിൽ നിന്ന് ഏഴാം വർഷം പേർഷ്യക്കാരുടെ മേൽ റോമക്കാർ അപാര വിജയം നേടി. ഇതിൽ ഏറ്റവും വിചിത്രമായ കാര്യം റോമക്കാരുടെ കൂടെ സഹായികളായി യഹൂദന്മാരുമുണ്ടായിരുന്നു എന്നതാണ്. എന്നാൽ റോമക്കാർ വിജയിച്ചതോടെ യഹൂദരുടെ അവസ്ഥ കൂടുതൽ പരുങ്ങലിലായി. യഹൂദർക്ക് മാപ്പ് കൊടുക്കാൻ ക്രൈസ്തവ മതാദ്ധ്യക്ഷന്മാർ തയ്യാറായില്ല. അതിനാൽ തന്നെ ചക്രവർത്തിക്ക് കീഴിൽ ഭീകരമായ കൂട്ടക്കൊലകൾ അരങ്ങേറി.

(തുടരും)

print

No comments yet.

Leave a comment

Your email address will not be published.