പ്രമാണങ്ങളും യുക്തിയും

//പ്രമാണങ്ങളും യുക്തിയും
//പ്രമാണങ്ങളും യുക്തിയും
ആനുകാലികം

പ്രമാണങ്ങളും യുക്തിയും

ഭൗതികശാസ്ത്രത്തിൽ മനുഷ്യയുക്തിക്ക് നിരക്കാത്തതായി എന്തെങ്കിലുമുണ്ടോ ?

ഇല്ല !

നീളം, വീതി, ഉയരം എന്നിവയോടൊപ്പം സമയം എന്ന മാനം കൂടി ഇഴ ചേർക്കപ്പെട്ട ചതുർമാനപ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നതെന്ന ഭൗതികശാസ്ത്രതത്ത്വം താങ്കൾക്ക് പൂർണ്ണമായും മനസ്സിലായിട്ടുണ്ടോ ?

ഇല്ല !

ഭൗതികശാസ്ത്രത്തിന്റെ പ്രപഞ്ചസങ്കല്പം മനുഷ്യയുക്തിക്ക് നിരക്കാത്തതാണെന്നല്ലേ ഇതിന്നർത്ഥം?

അല്ല; ഗണിതമാണ് ഭൗതികശാസ്ത്രത്തിന്റെ ഭാഷ. ഗണിതശാസ്ത്രപരമായി സ്ഥാപിക്കപ്പെടുകയും ഒപ്പം പ്രവചനങ്ങൾ ശരിയാണെന്ന് അനുഭവങ്ങളാൽ സ്ഥാപിക്കപ്പെടുകയും ചെയ്യുകയെന്നതാണ് ഒരു സിദ്ധാന്തം ശരിയാണോയെന്ന് പരിശോധിക്കാനുള്ള ഭൗതികശാസ്തത്തിന്റെ രീതി. അങ്ങനെ സ്ഥാപിക്കപ്പെടുകയെന്നതാണ് അക്കാര്യത്തിലുള്ള മനുഷ്യയുക്തി. അങ്ങനെ സ്ഥാപിക്കപ്പെട്ടതുകൊണ്ടാണ് എന്റെ ബുദ്ധിക്ക് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടല്ല, ചതുർമാനപ്രപഞ്ചമെന്ന വസ്തുത ഞാൻ അംഗീകരിക്കുന്നത്.

ഖുർആനിൽ യുക്തിക്ക് നിരക്കാത്തതായി എന്തെങ്കിലുമുണ്ടോ ?

ഇല്ല

രണ്ടായിരത്തിലധികം കിലോമീറ്ററുകൾ ദൂരെയുള്ള ഒരു സിംഹാസനം കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് സുലൈമാൻ നബി (അ) തന്റെ കണ്മുന്നിലെത്തിച്ചുവെന്ന ഖുർആൻ പരാമർശം താങ്കളുടെ അനുഭവങ്ങളുടെയും അതിൽ നിന്ന് നിർദ്ധരിക്കപ്പെട്ട സാമാന്യബുദ്ധിയുടെയും അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ടോ?

ഇല്ല

ഖുർആനിലെ ചില പരാമർശങ്ങളെങ്കിലും മനുഷ്യയുക്തിക്ക് നിരക്കാത്തതാണെന്നല്ലേ ഇതിനർത്ഥം ?

അല്ല; പടച്ചവന്റെ വചനങ്ങളാണ് ഖുർആനിലുള്ളതെന്നത് മുസ്‌ലിംകളുടെ ബോധ്യമാണ്. തെളിവുകളുടെ വെളിച്ചത്തിലുള്ളതാണ് ഈ ബോധ്യം. ആ തെളിവുകൾ സത്യസന്ധമായി പരിശോധിച്ചാൽ ഏതൊരാൾക്കും ഖുർആൻ ദൈവികമാണെന്ന വസ്തുത ബോധ്യപ്പെടും. പ്രപഞ്ചത്തെ പടച്ച് പരിപാലിക്കുന്നവന്റെ വചനങ്ങൾ പ്രധാനമായും സംസാരിക്കുന്നത് മനുഷ്യരുടെ ബുദ്ധിക്കും യുക്തിക്കും അതീതമായ യാഥാർഥ്യങ്ങളെക്കുറിച്ചാണ്. അവന്ന് മാത്രം പറഞ്ഞു തരാൻ കഴിയുന്ന കാര്യങ്ങൾ അവൻ മനുഷ്യരോട് സംസാരിക്കുന്നത് ദൈവികബോധനം അഥവാ വഹ്‌യ്‌ വഴിയാണ്. വഹ്‌യിനെ ആശ്രയിക്കേണ്ടി വരുന്നത് മനുഷ്യരുടെ കേവലബുദ്ധികൊണ്ട് അപഗ്രഥിക്കാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചാണ് അത് സംസാരിക്കുന്നത് എന്നതിനാലാണ്. വഹ്‌യിലൂടെ പടച്ചവൻ എന്ത് പറഞ്ഞുവോ അത് അതേപോലെ അംഗീകരിക്കുകയെന്നതാണ് ആ വിഷയത്തിലെ യുക്തി. ഖുർആനിലുള്ളതെല്ലാം വഹ്‌യാണ്. ഖുർആനിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ ബുദ്ധിക്ക് ദഹിക്കുന്നതാണെങ്കിലും അല്ലെങ്കിലും അതേപോലെ സ്വീകരിക്കുന്നവനാണ് വിശ്വാസി. അതാണ് വിശ്വാസത്തിന്റെ യുക്തി. കിലോമീറ്ററുകൾ ദൂരെയുള്ള ഒരു സിംഹാസനം കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് തന്റെ കണ്മുന്നിലെത്തിക്കുവാൻ സുലൈമാൻ നബി(അ)ക്ക് കഴിഞ്ഞുവെന്ന് ഖുർആൻ പറയുന്നുണ്ട്. അത് എങ്ങനെ കഴിഞ്ഞുവെന്ന് ശാസ്ത്രീയമായി അപഗ്രഥിക്കുവാൻ കഴിയില്ല. ശാസ്ത്രം എത്ര തന്നെ വികസിച്ചാലും അങ്ങനെ സാധ്യമാവുമെന്ന് പറയാനാവില്ല. എന്നാൽ ഒട്ടകപ്പുറത്ത് യാത്ര ചെയ്തിരുന്ന മുസ്‌ലിമും ബഹിരാകാശസഞ്ചാരിയായ മുസ്‌ലിമും ഒരേപോലെ അത് സത്യമാണെന്ന് അംഗീകരിക്കുന്നു.

ഖുർആൻ ദൈവികമാണെന്ന ബോധ്യവും ഖുർആനിൽ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നുമുള്ള യാഥാർഥ്യവുമാണ് ആ അംഗീകാരത്തിന്റെ യുക്തി. നബിവചനങ്ങളിൽ യുക്തിക്ക് നിരക്കാത്തതായി എന്തെങ്കിലുമുണ്ടോ ?

ഇല്ല.

കഴുതയെക്കാൾ വലുതും കോവർ കഴുതയെക്കാൾ ചെറുതും വെളുത്ത നിറത്തിലുള്ളതുമായ ബുറാഖ് എന്ന മൃഗത്തിന്മേൽ കയറി മക്കയിൽ നിന്ന് ആയിരത്തി നാനൂറിലധികം കിലോമീറ്ററുകൾ ദൂരമുള്ള ജെറുസലേമിലേക്കും അവിടെ നിന്ന് ആകാശലോകങ്ങളിലേക്കും താൻ യാത്ര ചെയ്തുവെന്ന മുഹമ്മദ് നബി(സ)യുടെ അവകാശവാദം താങ്കളുടെ സാമാന്യബുദ്ധിയുടെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോ?

ഇല്ല.

മുഹമ്മദ് നബി(സ)യുടെ ചില പരാമർശങ്ങളെങ്കിലും മനുഷ്യയുക്തിക്ക് നിരക്കാത്തതാണെന്നല്ലേ ഇതിനർത്ഥം ?

അല്ല; മുഹമ്മദ് നബി ദൈവദൂതനാണെന്നത് മുസ്‌ലിംകളുടെ ബോധ്യമാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ബോധ്യം. മുഹമ്മദ് നബി പ്രവാചകനാണെന്നതിനുള്ള തെളിവുകൾ മുൻധാരണകളോ പക്ഷപാതിത്വമോ ഇല്ലാതെ പരിശോധിച്ചാൽ ഏതൊരാൾക്കും അത് യാഥാർഥ്യമാണെന്ന് മനസ്സിലാവും. ദൈവദൂതനെന്നാൽ വഹ്‌യ്‌ ലഭിച്ചുകൊണ്ടിരിക്കുകയും അത് മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുയും അവരെ അതനുസരിച്ച് ജീവിക്കുവാൻ പ്രേരിപ്പിക്കുകയും അക്കാര്യത്തിൽ അവർക്ക് മാതൃകയാവുകയും ചെയ്യുന്നയാൾ എന്നാണർത്ഥം. വഹ്‌യിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് മുഹമ്മദ് നബി സംസാരിച്ചിട്ടുള്ളതെന്ന് ഖുർആനിൽ അല്ലാഹു തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഏതെങ്കിലും വിഷയങ്ങളിൽ വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാതെ സ്വന്തം അഭിപ്രായം പറഞ്ഞപ്പോഴെല്ലാം നബി (സ) തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. മുഹമ്മദ് നബി ദൈവദൂതനാണെന്ന് ബോധ്യമുള്ളവർ അദ്ദേഹം പറഞ്ഞിട്ടുള്ളതെല്ലാം സത്യസന്ധമാണെന്നും ബോധ്യമുള്ളവരായിരിക്കും. നബിവചനങ്ങളിൽ പറയുന്നതെല്ലാം ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നതിന്റെ യുക്തി ഈ ബോധ്യമാണ്. ബുറാഖിന്മേൽ കയറി താൻ ഇസ്റാഉം മിഅറാജുമെല്ലാം നടത്തിയെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ടെന്ന വസ്തുത അർത്ഥശങ്കക്കിടയില്ലാത്തവണ്ണം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. നബി അങ്ങനെ പറഞ്ഞുവെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അത് സത്യമാണെന്ന് വിശ്വാസികൾ അംഗീകരിക്കുന്നത്. സത്യസന്ധനും വെളിപാടുകളുടെ അടിസ്ഥാനത്തിൽ മാത്രം സംസാരിക്കുന്നവനുമായ നബി (സ) പറഞ്ഞുവെന്നതാണ് ബുറാഖിനെ അംഗീകരിക്കുന്നതിന്റെ യുക്തി.

മുഹമ്മദ് നബി(സ)യുടെ പേരിൽ പ്രചരിപ്പിക്കപ്പെടുന്നതെല്ലാം നബി പറഞ്ഞതാണെന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ?

ഇല്ല.

മുഹമ്മദ് നബി പറഞ്ഞതായി പ്രചരിച്ചിട്ടുള്ള മനുഷ്യബുദ്ധിക്ക് ഉൾക്കൊള്ളാനാവാത്ത ഇതേപോലെയുള്ള നിവേദനങ്ങൾ നബി പറഞ്ഞവയല്ലെന്ന് വാദിച്ച് നിഷേധിക്കാൻ കഴിയില്ലേ?

ഇല്ല; കേവലബുദ്ധിക്കും യുക്തിക്കും അതീതമായ കാര്യങ്ങൾ മനുഷ്യരെ അറിയിക്കുന്നതിന് വേണ്ടി പടച്ചവൻ തെരെഞ്ഞെടുത്ത് അയച്ചവരാണ് പ്രവാചകന്മാർ. അവർ പറഞ്ഞുവെന്ന് ഉറപ്പുള്ള കാര്യങ്ങളെ സ്വന്തം ബുദ്ധി കൊണ്ട് അപഗ്രഥിച്ച ശേഷം ഉൾക്കൊള്ളാൻ കഴിയുമെങ്കിൽ മാത്രമേ അംഗീകരിക്കൂവെന്ന് ആരെങ്കിലും കരുതിയാൽ അവർ പ്രവാചകത്വത്തെ അംഗീകരിക്കേണ്ട രീതിയിൽ അംഗീകരിക്കുന്നില്ല എന്നാണ് അതിനർത്ഥം. വഹ്‌യിന് മേൽ സ്വന്തം യുക്തിയെയോ കേവല ബുദ്ധിയെയോ വൈയക്തികമായ അനുഭവങ്ങളെപ്പോലുമോ പ്രമാണങ്ങളായി പ്രതിഷ്ഠിച്ചാൽ ദൈവികബോധനം അപ്രസക്തമായിത്തീരും. അതുകൊണ്ട് തന്നെ നബിയിൽ നിന്ന് നേർക്ക് നേരെ മതം പഠിച്ച അനുചരന്മാർ പ്രവാചകൻ പറഞ്ഞുവെന്ന് ഉറപ്പുള്ള കാര്യങ്ങൾ ചോദ്യം ചെയ്യാതെ അതേ പോലെ ഉൾക്കൊള്ളുന്നവരായിരുന്നു. തന്നെക്കുറിച്ച് ആരെങ്കിലും കള്ളം പറഞ്ഞാൽ അവർക്ക് നരകം ഉറപ്പാണെന്ന നബിയുടെ മുന്നറിയിപ്പ് ഗൗരവതരമായി എടുത്ത സത്യസന്ധരായ അനുചരന്മാർ നബിയെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞുകൊടുക്കുമ്പോൾ കളവൊന്നും കടന്നുകൂടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചു. സ്വഹാബിമാർ അഥവാ പ്രവാചകാനുചരന്മാർ പറഞ്ഞുകൊടുത്ത നബിവൃത്താന്തങ്ങളെയാണ് ഹദീഥുകൾ എന്ന് പറയുന്നത്. സ്വീകാര്യമായ ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ട നബിവൃത്താന്തമായതിനാലാണ് ബുറാഖിൻമേൽ കയറി മക്കയിൽ നിന്ന് ആദ്യം ജറൂസലേമിലേക്കും അവിടെ നിന്ന് ആകാശലോകങ്ങളിലേക്കും പോയിയെന്ന പ്രവാചകന്റെ അവകാശവാദത്തെക്കുറിച്ച നിവേദനം സത്യസന്ധമാണെന്ന് വിശ്വസിക്കുന്നത്.

നബിയെക്കുറിച്ച് സ്വഹാബിമാർ നിവേദനം ചെയ്തതായി അറിയപ്പെടുന്ന ഹദീഥുകളെല്ലാം സത്യസന്ധമാണെന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ?

ഇല്ല.

ബുറാഖിനെക്കുറിച്ച് പറയുന്നത് പോലെയുള്ള മനുഷ്യബുദ്ധിക്ക് ഉൾക്കൊള്ളാനാവാത്ത ഹദീഥുകൾ നബിയെക്കുറിച്ച് സ്വഹാബിമാർ പറഞ്ഞവയല്ലെന്നും പിൽക്കാലത്തുള്ള സത്യസന്ധരല്ലാത്ത ആരൊക്കെയോ സ്വഹാബിമാരുടെ പേരിൽ കെട്ടിയുണ്ടാക്കിയവയാണെന്നും കരുതി നിഷേധിക്കാൻ കഴിയില്ലേ? ഇല്ല; സ്വഹാബിമാരെക്കുറിച്ച് പിൽക്കാലത്തുള്ള ചിലരെങ്കിലും കള്ളം പറയുവാൻ സാധ്യതയുണ്ടെന്ന സത്യം മനസ്സിലാക്കിയ ഹദീഥ് പണ്ഡിതന്മാർ യഥാർത്ഥത്തിലുള്ള നബിവൃത്താന്തങ്ങളെ അല്ലാത്തവയിൽ നിന്ന് വേർതിരിക്കുവാനായി രൂപപ്പെടുത്തിയെടുത്ത അപഗ്രഥനരീതിയാണ് ഉസൂലുൽ ഹദീഥ്. നബിയുടെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന വൃത്താന്തങ്ങളിലെ നെല്ലും പതിരും സൂക്ഷ്മവും കൃത്യവുമായി വേർതിരിക്കുന്ന അരിപ്പ ഉസൂലുൽ ഹദീഥിന്റെ പണ്ഡിതന്മാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നബിവൃത്താന്തങ്ങളെക്കുറിച്ച് സ്വഹാബിമാർ സാക്ഷ്യപ്പെടുത്തിയതല്ലാത്ത യാതൊന്നും തന്നെ ഈ അരിപ്പയിലൂടെ താഴേക്ക് വരാത്തത്രയും ശാസ്ത്രീയമായ രീതിയിൽ തയ്യാർ ചെയ്യപ്പെട്ടതാണ് ഈ അരിപ്പ. ബുറാഖിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഹദീഥ് ഈ അരിപ്പയിലൂടെ അനായാസം പുറത്ത് വന്ന നബിവൃത്താന്തമാണ്. പിൽക്കാലത്ത് ആരെങ്കിലും കെട്ടിയുണ്ടാക്കുകയും സ്വഹാബിമാരിൽ ആരോപിക്കുകയും ചെയ്തതായിരുന്നു ആ നബിവൃത്താന്തമെങ്കിൽ അതൊരിക്കലും നിഷ്‌കൃഷ്ടമായ ഈ അരിപ്പയിലൂടെ പുറത്ത് വരികയോ സ്വഹീഹ് ഹദീഥ് ആയി പരിഗണിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നത്.

സ്വഹീഹുൽ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നീ ഹദീഥ് സമാഹാരങ്ങളിലുള്ള നബിവൃത്താന്തങ്ങളിൽ കള്ളം കടന്നുകൂടിയിരിക്കാൻ സാധ്യതയുണ്ടെന്ന് താങ്കൾ അംഗീകരിക്കുന്നുണ്ടോ?

ഇല്ല.

ഹദീഥ് സമാഹർത്താക്കളായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം എന്നിവർ ഒരിക്കലും തെറ്റ് പറ്റാത്ത മനുഷ്യരാണെന്ന് താങ്കൾക്ക് അഭിപ്രായമുണ്ടോ?

ഇല്ല.

ബുറാഖിനെ പരാമർശിക്കുന്നത് പോലെയുള്ള നമ്മുടെ ബുദ്ധിക്ക് ഉൾക്കൊള്ളാനാവാത്ത ഹദീഥുകൾ അപഗ്രഥിച്ചിടത്ത് തെറ്റ് പറ്റാവുന്ന മനുഷ്യരായ ഇമാമുമാരായ ബുഖാരിക്കും മുസ്‌ലിമിനും മറ്റുള്ളവർക്കുമെല്ലാം ബോധപൂർവ്വമല്ലാതെ സംഭവിച്ച അബദ്ധങ്ങൾ കൊണ്ടാണ് അവരുടെ ഹദീഥാസമാഹാരങ്ങളിൽ അവ ഉൾപ്പെട്ടതെന്നും യഥാർത്ഥത്തിൽ നബി അങ്ങനെയൊന്നും അവകാശവാദമുന്നയിച്ചിട്ടില്ലെന്നും വാദിക്കുവാൻ പറ്റുകയില്ലേ ?

ഇല്ല; ഇമാമുമാരായ ബുഖാരിയും മുസ്‌ലിമുമൊന്നും തെറ്റുപറ്റാത്തവരാണെന്നല്ല അവരുടെ സ്വഹീഹ് സമാഹാരങ്ങളിൽ നിവേദനം ചെയ്ത ഹദീഥുകളെല്ലാം സ്വീകാര്യമാണെന്ന് പറയുന്നതിനർത്ഥം. സ്വീകാര്യതയുടെ കാര്യത്തിൽ പ്രഥമ ഗണനീയമായ സ്വഹീഹുൽ ബുഖാരിയുടെ കർത്താവായ ഇമാം ബുഖാരിയുടെ തന്നെ മറ്റൊരു ഹദീഥ് സമാഹാരമായ അദബുൽ മുഫ്രദിൽ ഇരുന്നൂറിലധികം ദുർബലമായ ഹദീഥുകളുണ്ടെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ബുഖാരി തെറ്റ് പറ്റാത്തയാളാണെന്ന് അഭിപ്രായമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സമാഹാരങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കപ്പെടുമായിരുന്നല്ലോ. സ്വഹീഹുൽ ബുഖാരിയിലെ ഹദീഥുകളെല്ലാം സ്വീകാര്യമാണെന്ന് പറയുന്നത് ഇമാം ബുഖാരിയുടെ അപ്രമാദിത്വം കൊണ്ടല്ല, പ്രത്യുത ഒരു ഹദീഥ് സ്വഹീഹാണോയെന്ന് പരിശോധിക്കാൻ അദ്ദേഹമുപയോഗിച്ച മാനദണ്ഡങ്ങൾ കുറ്റമറ്റതാണ് എന്നതുകൊണ്ടാണ്. പ്രസ്തുത മാനദണ്ഡങ്ങളിലെവിടെയെങ്കിലും പിഴവുകളുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുവാനും അതിനേക്കാൾ നല്ല മാനദണ്ഡങ്ങൾ ഹദീഥ് പരിശോധനക്ക് ഉപയോഗിക്കാവുന്നതാണെന്ന് സമർത്ഥിക്കാനുമെല്ലാം വിഷയം പഠിച്ചവർക്ക് അവകാശമുണ്ട്. ബുഖാരിയോ മുസ്‌ലിമോ മറ്റേതെങ്കിലും ഹദീഥ് പണ്ഡിതന്മാരോ ഹദീഥ് സ്വീകരണത്തിന് ഉപയോഗിച്ച മാനദണ്ഡങ്ങളിൽ പിഴവ് പറ്റിയിട്ടുണ്ടെന്ന് ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ അത് സമർത്ഥിക്കാനുള്ള സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. ഹദീഥ് സമാഹർത്താക്കൾ സ്വീകരിച്ച നിവേദകരിൽ ആരെങ്കിലും അസ്വീകാര്യരാണെങ്കിൽ അക്കാര്യവും നിവേദക ശൃംഖലയിൽ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അക്കാര്യവും തെളിവുകളുപയോഗിച്ച് സ്ഥാപിച്ചുകൊണ്ടാണ് അക്കാര്യം സമർത്ഥിക്കേണ്ടത്. അത്തരം ശ്രമങ്ങൾ മുസ്‌ലിംലോകത്ത് നിന്ന് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകൾ നീണ്ട അപഗ്രഥനങ്ങൾക്ക് ശേഷവും ബുഖാരിയിലോ മുസ്‌ലിമിലോ നിവേദനം ചെയ്യപ്പെട്ട നബിവൃത്താന്തങ്ങളിൽ സമ്പൂർണ്ണമായി തള്ളിക്കളയേണ്ടതായി എന്തെങ്കിലും ഉള്ളതായി മുസ്‌ലിംലോകത്തിന് മനസ്സിലായിട്ടില്ല. തുച്ഛമായ ചില ഹദീഥുകൾ സ്വീകരിച്ച മാനദണ്ഡങ്ങളെക്കുറിച്ച് പണ്ഡിതലോകത്ത് നിന്ന് വിമർശനങ്ങളുണ്ടായിട്ടുണ്ടെന്നത് ശരിയാണ്. അവർ സ്വീകരിച്ച മാനദണ്ഡങ്ങളെ ശരിവെച്ചുകൊണ്ടും അവ പാലിക്കുന്നതിൽ സമാഹർത്താക്കൾ വേണ്ടത്ര സൂക്ഷ്മത പാലിച്ചിട്ടില്ലെന്ന് സ്ഥാപിച്ചുകൊണ്ടുമുള്ളതാണ് ആ വിമർശനങ്ങൾ. ബുറാഖിനെക്കുറിച്ച ഹദീഥിൽ പറഞ്ഞെതെല്ലാം നബിയുടെ ജീവിതത്തിൽ സംഭവിച്ചവ തന്നെയാണെന്ന് വിശ്വസിക്കുന്നത് അത് ഇമാമുമാരായ ബുഖാരിയോ മുസ്‌ലിമോ മറ്റാരെങ്കിലുമോ നിവേദനം ചെയ്തുവെന്നതുകൊണ്ടല്ല; അത് സ്വീകരിക്കുവാൻ അവരുപയോഗിച്ച മാനദണ്ഡങ്ങൾ ആർക്കും നിഷേധിക്കാനാവാത്തവിധം കുറ്റമറ്റവയാണെന്നത് കൊണ്ടാണ്. ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുകയെന്നതല്ല കുറ്റമറ്റ മാനദണ്ഡങ്ങളാൽ നബി പറഞ്ഞുവെന്ന് സ്ഥാപിക്കപ്പെടുന്നുവെന്നതാണ് ബുറാഖിനെപ്പോലെയുള്ള ബൗദ്ധികമായി അപഗ്രഥിക്കുവാൻ കഴിയാത്ത കാര്യങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നതിന്റെ അടിസ്ഥാനമെന്നർത്ഥം.

ചോദ്യങ്ങളും ഉത്തരങ്ങളും നീളുകയാണ്….
നിരവധി സംശയങ്ങൾ ! വിമർശനങ്ങൾ !!
ഖുർആനിനോടും പ്രവാചകനോടുമുള്ള വിരോധത്തിൽ നിന്നല്ല, ആദരവിൽ നിന്നാണ് പലപ്പോഴും ഇത്തരം സംശയങ്ങളുണ്ടാവുന്നത്.

ഹദീഥുകളുമായി ബന്ധപ്പെട്ട സംശയങ്ങളിലധികവുമുണ്ടാകുന്നത് അവ നമ്മിലെത്തിയ കടമ്പകളെക്കുറിച്ച് ശരിയായി അറിയാത്തതുകൊണ്ടാണെന്നാണ് അനുഭവം.
ഉസൂലുൽ ഹദീഥിന്റെ രീതിശാസ്ത്രത്തെക്കുറിച്ച അജ്ഞതയിൽ നിന്നാണ് ഹദീഥുകളെക്കുറിച്ച വിമർശനങ്ങളുയരുന്നത് എന്ന് വിമർശകരിൽ പലരുടെയും സംസാരങ്ങളിൽ നിന്ന് മനസ്സിലാകുന്നു.

ഹദീഥ് വിമർശകരായിരുന്ന പലരും ഉസൂലുൽ ഹദീഥിനെ അറിയേണ്ടതുപോലെ അറിഞ്ഞപ്പോൾ തങ്ങളുടെ നിലപാടുകൾ മാറ്റിയിട്ടുണ്ട്.
സാങ്കേതികശബ്ദങ്ങളാൽ നിബിഢമായതിനാൽ ഹദീഥ് നിദാനശാസ്ത്രം ദുർഗ്രഹമാണെന്ന ധാരണയാണ് പൊതുവെയുള്ളത്.
സരളമായി അത് മനസ്സിലാക്കാൻ ശ്രമിക്കണമെന്നുണ്ട്.
അറിയാനാണ്; അറിയിക്കാനും ….
തിരുത്തിയും ഗുണദോഷിച്ചും വിമർശിച്ചും കൂടെയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു….

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.