ധാർമിക ജീവിതത്തിന് ഇസ്‌ലാമിന്റെ പ്രകാശം

//ധാർമിക ജീവിതത്തിന് ഇസ്‌ലാമിന്റെ പ്രകാശം
//ധാർമിക ജീവിതത്തിന് ഇസ്‌ലാമിന്റെ പ്രകാശം
ആനുകാലികം

ധാർമിക ജീവിതത്തിന് ഇസ്‌ലാമിന്റെ പ്രകാശം

ധാർമിക ജീവിതത്തിന് ഇസ്‌ലാമിന്റെ പ്രകാശം

“അല്ലാഹു വിശ്വസിച്ചവരുടെ രക്ഷകനാണ്. അവന്‍ അവരെ ഇരുളുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ വ്യാജ ദൈവങ്ങളാണ്. അവര്‍ അവരെ നയിക്കുന്നത് വെളിച്ചത്തില്‍നിന്ന് ഇരുളുകളിലേക്കാണ്. അവര്‍ തന്നെയാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.”
(അല്‍ബഖറ : 257)

ഋതുഭേദങ്ങളിൽ തളരാതെ തളിർക്കുന്ന തണൽമരം പോലെ ജീവിതത്തിലെ കൊടുമുടികളും അഗാധഗർത്തങ്ങളും അതിജയിച്ചുകൊണ്ട് ഹൃദയവസന്തം പൊഴിക്കാൻ എല്ലാമറിയുന്ന നാഥൻ മനുഷ്യർക്ക് കനിഞ്ഞേകിയ സ്നേഹവായ്പാണ് ഇസ്‌ലാം. ഒരൊറ്റ ലക്ഷ്യം, ഒരേയൊരു വിജയവീഥി. അജ്ഞതയുടെയും അധാർമികതയുടെയും അന്ധകാരങ്ങളിൽ പെട്ട് ദിശയറിയാതെ അലഞ്ഞ മനുഷ്യ സമൂഹത്തിന് അനുഗ്രഹമായി പ്രവാചകന്മാരിലൂടെ കൈമാറിയ സത്യത്തിന്റെ മാർഗ്ഗം. 1400 വർഷങ്ങൾ മുമ്പ് അന്ത്യപ്രവാചകനായ മുഹമ്മദിലൂടെ (ﷺ) പൂർണ്ണത പ്രാപിച്ച വിശുദ്ധിയുടെ മതം ലോകാവസാനം വരെ ഭൂമിയിൽ പിറന്നുവീഴുന്ന ഓരോ വ്യക്തിക്കും നേരിന്റെ വഴി കാണിക്കുന്ന ഉജ്ജ്വലപ്രകാശമായി നിലകൊള്ളുന്നു. ജീവിതം എന്തെന്നും എന്തിനെന്നും എങ്ങനെയെന്നും കൃത്യമായി പഠിപ്പിച്ചുകൊണ്ട്, നന്മതിന്മകളെ വ്യക്തമായി വ്യവച്ഛേദിച്ചുകൊണ്ട്, അപാരമായ അറിവിന്റെ ഏകനായ ഉടമസ്ഥൻ അന്യൂനമായ മാർഗ്ഗരേഖ നമുക്ക് സമ്മാനിച്ചിരിക്കുന്നു.

ഹൃദയങ്ങളിലെ ഇരുട്ടറകൾ നിറഞ്ഞൊഴുകി സമൂഹത്തിൽ മ്ലേച്ഛവൃത്തികളുടെ കുത്തൊഴുക്കുണ്ടായ കാലഘട്ടത്തിലാണ് അറേബ്യയിലെ ഉമ്മിയ്യുകള്‍ക്കിടയിൽ നിന്നുതന്നെ അവരിലേക്ക് നന്മയുടെ നിലാവെളിച്ചവുമായി പ്രവാചകൻ മുഹമ്മദ് (ﷺ) കടന്നുവന്നത്. ദേഹേച്ഛകളെ പിന്തുടർന്ന് മൃഗതുല്യമായി ജീവിച്ചിരുന്ന ജാഹിലിയ്യത്തിൽ നിന്ന് തൗഹീദിനായി പോരാടി ശാശ്വതസ്വർഗ്ഗം പൂകിയ മഹാമനീഷികളുണ്ടായത് അജയ്യമായ ഖുർആൻ ഹൃദയാന്തരങ്ങളിൽ പ്രതിധ്വനി മുഴക്കിയപ്പോഴാണ്. അല്ലാഹുവിന്റെ വചനങ്ങൾ അവർക്കുള്ളിലേക്ക് കുളിർമഴയായും ചിലപ്പോൾ പേമാരിയായും പെയ്തിറങ്ങി. ‘ഞങ്ങൾ കേട്ടു, ഞങ്ങൾ അനുസരിച്ചു’ എന്നുമാത്രം ആ സമുദായം പറഞ്ഞു. പഴയ ശരീരങ്ങളിൽ പുതിയ മനുഷ്യരുണ്ടായി. ‘നിങ്ങൾക്ക് വിരമിക്കാറായില്ലേ’ എന്ന നാഥന്റെ ചോദ്യം മക്കയിൽ പ്രകമ്പനം സൃഷ്ടിച്ചു; തെരുവുകളിൽ മദ്യപ്പുഴയൊഴുകി. വ്യഭിചരിക്കാതെ ഒരു ദിവസം പോലും കഴിച്ചുകൂട്ടാനാകാത്ത മനുഷ്യർ വിശുദ്ധിയുടെ പാതയിലേക്ക് അതിവേഗം നടന്നു. ഗോത്രമഹിമയുടെ പേരിൽ രക്തം ചിന്തിയ പോരാളികൾ ഇസ്‌ലാമിന്റെ പതാകയ്ക്ക് കീഴിൽ തോളോടു തോൾ ചേർന്ന് രക്തസാക്ഷിത്വം വരിച്ചു. ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു ധാർമിക വിപ്ലവമായിരുന്നു അത്.

ലിബറലിസവും ഫെമിനിസവും യുക്തിവാദവുമെല്ലാം സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്ന ‘ആധുനിക’ അന്ധകാരങ്ങൾ അറേബ്യയിലെ ജാഹിലിയ്യത്തിൽ നിന്നൊട്ടും വ്യത്യസ്തമല്ല. ദേഹേച്ഛകളെ ഇലാഹാക്കി സ്വാതന്ത്ര്യത്തിനു മുന്നിൽ സുജൂദ് ചെയ്യുന്ന ജീവിതവീക്ഷണം ഇഹലോകത്തും പരലോകത്തും മനുഷ്യരെ പരാജിതരാക്കുന്നു. വ്യക്തിയുടെ സ്വാതന്ത്ര്യവും സന്തോഷവും ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമായി ഉദ്ഘോഷിക്കുന്നവർ അതുമൂലം സമൂഹത്തിനും ആ വ്യക്തികൾക്കും തന്നെ ഉണ്ടാകുന്ന നാശത്തെക്കുറിച്ച് അജ്ഞരാണ്, ചിലപ്പോൾ അജ്ഞത നടിക്കുന്നവരുമാണ്. സ്വന്തം അഭിലാഷങ്ങളെ ആരാധിക്കുന്നവർ അവയ്ക്കടിമപ്പെട്ട് സ്വന്തത്തെ തന്നെ ബലി കഴിക്കുന്ന കാഴ്ചയാണ് ഇന്ന് പലപ്പോഴും കാണാൻ സാധിക്കുന്നത്. മതത്തെ മണ്ണറക്കുള്ളിലാക്കി ‘മനുഷ്യരാകാൻ’ ആഹ്വാനം ചെയ്യുന്നവർ ധാർമികതയെ നിർവചിച്ച് അവസാനം അതിനെ കുഴിച്ചുമൂടുന്ന പരിതാപകരമായ അവസ്ഥ നിലനിൽക്കുന്നു. ധാർമികമൂല്യങ്ങളെ വിശദീകരിക്കാൻ ശാസ്ത്രം, ഭരണഘടന തുടങ്ങിയ പല അളവുകോലുകളും പലരും നിർദ്ദേശിക്കുന്നു. എന്നാൽ ആ ഉത്തരവാദിത്വം പൂർത്തിയാക്കാൻ ഇവയെല്ലാം അപര്യാപ്തമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്. ശാസ്ത്രത്തിന്റെ ലക്ഷ്യം ധാർമിക മൂല്യങ്ങൾക്ക് നിർവചനം നൽകലല്ല, ഭൗതികപ്രപഞ്ചത്തെക്കുറിച്ചുള്ള പഠനമാണ്. അണുബോംബ് നിർമ്മിക്കുന്ന ശാസ്ത്രത്തിന് അത് പ്രയോഗിക്കുന്നത് നന്മയോ തിന്മയോ എന്ന് പറയാനുള്ള പ്രാപ്തിയില്ല. ഭരണഘടനയും ധാർമികത നിർവചിക്കാൻ ഉണ്ടാക്കപ്പെട്ട രേഖയല്ല. ആർക്കും ഉപദ്രവം ഉണ്ടാക്കാത്ത പ്രവൃത്തികൾ ധാർമികമായി ശരിയാണ് എന്നതാണ് മറ്റൊരു വാദം. എന്നാൽ ‘ഉപദ്രവം’ എന്തെന്ന് എങ്ങനെയാണ് തീരുമാനിക്കുന്നത്? സഹസ്രാബ്ദങ്ങൾ കഴിഞ്ഞ് മാത്രം മനസ്സിലാകുന്ന അബദ്ധങ്ങളാണെങ്കിൽ അവ എങ്ങനെ പരിഹരിക്കും? സ്വന്തം ചിന്താശേഷി ഉപയോഗിച്ച് നന്മയും തിന്മയും തിരിച്ചറിയാം എന്നാണ് മറ്റു ചിലർ അവകാശപ്പെടുന്നത്. വളരെ പരിമിതമായ ബുദ്ധിയും അറിവും കഴിവുമുള്ള മനുഷ്യരെങ്ങനെയാണ് തങ്ങളുടെ പ്രവൃത്തികളുടെ എല്ലാ വശങ്ങളും പരിശോധിച്ച് അവ നല്ലതോ ചീത്തയോ എന്ന് വിലയിരുത്തുക? ‘എന്റെ നന്മതിന്മകൾ ഞാൻ നിശ്ചയിക്കു’മെന്ന ആധുനിക വിഡ്ഢിത്തങ്ങളിൽ പെട്ടുഴലുന്ന ദൈവനിഷേധികൾ മനസ്സിലാക്കാതെ പോകുന്നത് അത്തരമൊരു ദർശനം വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും സൃഷ്ടിക്കുന്ന അനിഷേധ്യമായ അപകടങ്ങളെയാണ്. വ്യക്തിയധിഷ്ഠിതമായ ധാർമികവ്യവസ്ഥ എന്ന ആശയം തന്നെ ധാർമികതയുടെ ചിതയൊരുക്കുന്നു. ശരിയും തെറ്റും വ്യക്തികൾക്ക് സ്വയം നിശ്ചയിക്കാമെങ്കിൽ പിന്നെ കുറ്റവാളികളെ ശിക്ഷിക്കാൻ ഭരണകൂടത്തിന് എന്തവകാശം? കൊള്ളയും കൊലയും പീഡനവും തിന്മയാണെന്ന് എങ്ങനെ പഠിപ്പിക്കാൻ സാധിക്കും? ഇത്തരം പ്രശ്നങ്ങളൊന്നും അപഗ്രഥിക്കാനുള്ള ചിന്താശേഷി ഇക്കൂട്ടർക്കില്ലെന്നത് ദുഃഖകരമാണ്. പരിമിതമായ സ്വന്തം സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ദൈവം എന്ന അസ്തിത്വത്തെ വരെ നിഷേധിക്കുന്ന അഹങ്കാരത്തെ സഹതാപത്തോടെയല്ലാതെ സമീപിക്കാൻ സാധ്യമല്ല. ശരിയും തെറ്റും വേർതിരിച്ചറിയാൻ കഴിയാത്ത, ഉള്ളു തുറന്നൊന്ന് പ്രാർത്ഥിക്കാൻ കഴിയാത്ത, എന്തു തരം ജീവിതമാണത്?! പരലോകത്തെ പരിഹസിച്ചു തള്ളുന്നവർ ഇത്തരം പൊള്ളയായ വാദങ്ങൾ നെഞ്ചേറ്റുന്നതിൽ അത്ഭുതമില്ലതാനും.

ഇവിടെയാണ് എല്ലാമറിയുന്ന സ്നേഹനിധിയായ നാഥൻ മാനവരാശിക്ക് നൽകിയ ധാർമിക ജീവിതപദ്ധതി മേഘമുഖരിതമായ രാവിൽ ആകാശത്തെ ഏക നക്ഷത്രത്തിളക്കം പോലെ കെടാവിളക്കായി നിൽക്കുന്നത്. ജീവിതസമസ്യകളിൽ വഴിയറിയാതെ അന്ധാളിച്ചു നിൽക്കുമ്പോൾ തിരിഞ്ഞുനോക്കേണ്ടത് അവിടേക്കാണ്; പുരോഗമനത്തിന്റെ ദുർഗന്ധം വമിക്കുന്ന കൊടുങ്കാറ്റുകൾ എത്രതന്നെ ആഞ്ഞടിച്ചാലും നാം ഉറച്ചു നിൽക്കേണ്ടത് ഇസ്‌ലാം പഠിപ്പിച്ച സദാചാരത്തിന്റെ സൗരഭ്യത്തോടൊപ്പമാണ്. “….എന്റെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍, എന്റെ മാര്‍ഗം പിന്തുടരുന്നവര്‍ നിര്‍ഭയരായിരിക്കും; ദുഃഖമുക്തരായിരിക്കും.” (അല്‍ബഖറ : 38) തിരഞ്ഞെടുപ്പുകളുടെ ഘോഷയാത്രയാണ് ജീവിതം. അവയോരോന്നും ഉന്നതവും വിശുദ്ധവുമാകുമ്പോഴാണ് മഹത്വമേറിയ ജീവിതസരണികൾ രൂപപ്പെടുന്നത്. അഖിലലോകരക്ഷിതാവായ അല്ലാഹു അവന്റെ അടിമകൾക്ക് ഏറ്റവും നന്മനിറഞ്ഞ തിരഞ്ഞെടുപ്പുകൾ നിർദ്ദേശിക്കുന്നു. വ്യക്തിപരവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ എല്ലാ മേഖലകളിലും കൃത്യമായ നിയമനിർദ്ദേശങ്ങൾ ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്നുണ്ട്. പായൊടിഞ്ഞ വഞ്ചി പോലെ നടുക്കടലിൽ അലയാതെ ഇരുലോക വിജയത്തിന്റെ തീരമണയാൻ വഴികാട്ടുന്നത് ഈ കൃത്യതയും വ്യക്തതയുമാണ്.

സമൂഹത്തിന്റെ ഭദ്രമായ നിലനിൽപ്പിനു വേണ്ടി അല്ലാഹു അനുശാസിച്ച നിയമാവലികൾ ഏറെ മാനവികമാണ്. ചൂഷണത്തിനുള്ള എല്ലാ പഴുതുകളും ഇല്ലാതാക്കിക്കൊണ്ട് കുട്ടികൾ, സ്ത്രീകൾ, വയോധികർ എന്നീ ദുർബലവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നു. സമാധാനപരമായ സന്തുലിതാവസ്ഥ സമൂഹത്തിൽ രൂപം കൊള്ളുന്നു. മുതിർന്നവരെ ബഹുമാനിക്കാനും ചെറിയവരോട് കരുണ കാണിക്കാനും പഠിപ്പിച്ച മതം മാതാപിതാക്കളോട് അങ്ങേയറ്റം ആദരവും സ്നേഹവും ബഹുമാനവും കാണിക്കാൻ കൽപ്പിക്കുന്നു. വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും അതിനുപുറമെയുള്ള എല്ലാ ബന്ധങ്ങളെയും ശക്തമായി വിലക്കുകയും ചെയ്യുന്നതിലൂടെ കുടുംബസംവിധാനത്തെ മനോഹരമായി സംരക്ഷിക്കുന്നു. ലൈംഗികവിശുദ്ധിക്കും തുടർന്നുള്ള ഉത്തരവാദിത്തങ്ങൾക്കും യാതൊരു പ്രാധാന്യവും നൽകാത്ത പാശ്ചാത്യൻ രാജ്യങ്ങളിലെ ദയനീയാവസ്ഥ ഏറെ ചിന്തിപ്പിക്കുന്നതാണ്. അധാർമികത വാഴുന്ന അത്തരമിടങ്ങളിൽ നിന്ന് ഡേവിഡ് ബ്ലാങ്കെൻഹോണിന്റെ ‘Fatherless America’ പോലെയുള്ള പുസ്തകങ്ങൾ പുറത്തുവരുന്നത് അത്ഭുതമേയല്ല. എന്നാൽ ഇസ്‌ലാം വിഭാവനം ചെയ്യുന്ന കുടുംബം എന്ന സംവിധാനത്തിൽ പുരുഷനാണ് സാമ്പത്തികബാധ്യതയും സംരക്ഷണച്ചുമതലയും. അവിടെ പിതാവാരെന്നറിയാത്ത കുഞ്ഞുങ്ങളോ സുഖഭോഗത്തിനായി മാത്രം കൂടെ നിൽക്കുന്ന ഇണകളോ ഇല്ല. മനുഷ്യമനസ്സിന്റെ ചാഞ്ചല്യങ്ങളെ സ്രഷ്ടാവായ അല്ലാഹുവിനല്ലാതെ മറ്റാർക്കാണ് ഇത്രയും യുക്തിപൂർവ്വം നിയന്ത്രിക്കാൻ സാധിക്കുക? മഴവിൽവർണ്ണങ്ങളിൽ അധാർമികത അരാജകത്വം അഴിച്ചുവിടുമ്പോൾ മനുഷ്യരെ ആണും പെണ്ണുമെന്ന ഇണവർഗ്ഗങ്ങളാക്കി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സ്വത്വബോധത്തിന്റെ പേരാണ് ഇസ്‌ലാം. സ്വതന്ത്രലൈംഗികതയുടെ കൂത്തരങ്ങായി മനുഷ്യമനസ്സുകളും സദസ്സുകളും അധഃപതിക്കുമ്പോൾ താൻ വിവാഹം ചെയ്ത ഇണയെയല്ലാതെ മറ്റൊരു മനുഷ്യനെയും അത്തരം ചിന്താഗതിയോടെ സമീപിക്കില്ലെന്ന സംസ്കാരത്തിന്റെ, സന്മാർഗത്തിന്റെ, പേരാണ് ഇസ്‌ലാം.

സ്ത്രീശാക്തീകരണത്തിന്റെ കുത്തകാവകാശമുന്നയിക്കുന്ന ഫെമിനിസമാണ് അലയടിക്കുന്ന മറ്റൊരു പുരോഗമനത്തിര. ഇതിന്റെ ആഘാതത്തിൽ ചിന്നിച്ചിതറുന്നത് സ്ത്രീകളുടെ തന്നെ സ്വാതന്ത്ര്യവും സുരക്ഷിതത്വവുമാണ്; ഒപ്പം കുടുംബത്തിന്റെ കെട്ടുറപ്പും. സ്ത്രീകളെയും പുരുഷന്മാരെയും തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായ സവിശേഷതകളെ നിരാകരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഈ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ചരിത്രവീക്ഷണവും പ്രശ്നപരിഹാരമാർഗ്ഗവും ആശങ്കയുണർത്തുന്നതാണ്. പുരുഷന്മാരാൽ എക്കാലവും അടിച്ചമർത്തപ്പെട്ട വിഭാഗമായിട്ടാണ് സ്ത്രീകളെ ഫെമിനിസം വരച്ചിടുന്നത്; കലഹത്തിന്റെ കാഹളമാണ് അവിടെ മുഴങ്ങുന്നത്. ‘സമത്വ’സുന്ദരമായ ലോകത്തിന് ലിംഗവ്യത്യാസങ്ങളെ നിഷേധിക്കുക എന്ന നിലപാടാണ് മിക്ക ഫെമിനിസ്റ്റുകളും വെച്ചുപുലർത്തുന്നത്. അധികാരഭ്രമവും യാഥാർത്ഥ്യത്തിന് നേരെ കണ്ണടച്ചുകൊണ്ടുള്ള തുല്യതാവാദങ്ങളും അതിന്റെ മറ്റൊരു വശം. പെണ്ണിടങ്ങൾ കൂടി കയ്യേറാൻ ഹൃദയത്തിൽ രോഗമുള്ള പുരുഷന്മാർക്ക് അവസരം കൊടുത്തും അവർക്കു മുന്നിൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വർണ്ണക്കടലാസിൽ പൊതിഞ്ഞ് സ്ത്രീശരീരങ്ങൾ തുറന്നിടാൻ പ്രേരിപ്പിച്ചും ഫെമിനിസം ‘വിമോചനം’ സാധ്യമാക്കുകയാണ്. മാത്രമല്ല, ഫെമിനിസ്റ്റ് ബുദ്ധിജീവികളിൽ പ്രധാനിയായ സിമോൺ ദി ബുവേയുടെ ‘ആരും സ്ത്രീയായി ജനിക്കുന്നില്ല, അങ്ങനെയായി മാറുകയാണ്’ തുടങ്ങിയ പ്രസ്താവനകൾ സ്ത്രീകളുടെ അസ്തിത്വത്തെ തന്നെ അവഹേളിക്കുന്നു. രോഗിയെ കൊല്ലുന്ന മരുന്നായി ഫെമിനിസം മാറുന്നതങ്ങനെയാണ്. ഇതിനു മറുപടി എന്ന നിലയിൽ മെനിനിസവും സമൂഹത്തിൽ വിഷം ചിന്തിക്കൊണ്ടിരിക്കുന്നു.

എന്നാൽ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സ്ത്രീപുരുഷബന്ധങ്ങൾ പാരസ്പര്യത്തിന്റേതാണ്, പരസ്പര വിദ്വേഷത്തിന്റേതല്ല. ആണിന്റെയും പെണ്ണിന്റെയും പ്രകൃതമറിയുന്ന നാഥൻ അവർക്ക് അനുയോജ്യമായ ഉത്തരവാദിത്തങ്ങളും നിയമങ്ങളുമാണ് നൽകിയിട്ടുള്ളത്. ‘എന്റെ ശരീരം എന്റേതു മാത്ര’മെന്ന സ്വാർത്ഥതയിൽ നിന്ന് പിറവിയെടുക്കുന്ന മനുഷ്യക്കുരുതിയുടെ കഥകൾക്ക് മതം തടയിടുന്നു. സ്ത്രീകളെ ആദരിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്നതോടൊപ്പം അവരുടെ സംരക്ഷണബാധ്യതയും പുരുഷന്മാരെ ഏൽപ്പിക്കുന്നു. അന്യരായ സ്ത്രീപുരുഷന്മാർ പരസ്പരം ദൃഷ്ടികൾ താഴ്ത്തണം എന്ന മഹത്തായ അധ്യാപനത്തോടൊപ്പം അങ്ങനെയൊരു സ്ത്രീയെ സ്പർശിക്കുന്നതിനേക്കാൾ നല്ലത് തന്റെ തലയിൽ ആണി തറക്കുന്നതാണ് എന്ന് പുരുഷന്മാരെ ഉണർത്തുന്നു. വിശ്വാസിനികളോട് തങ്ങളുടെ ശരീരത്തെ മാന്യമായി ഹിജാബ് കൊണ്ട് അലങ്കരിക്കാനും ഉപദേശിക്കുന്നു. ഇന്ന് നിലനിൽക്കുന്ന ചൂഷണങ്ങളെയും അതിക്രമങ്ങളെയും ഇതിനേക്കാൾ സമ്പൂർണ്ണമായി എങ്ങനെയാണ് പരിഹരിക്കുക? ഈ ധാർമികതയാണ് മതത്തിന്റെ കാതൽ; ഇതാണ് ലോകത്തിന്റെ മാറാരോഗങ്ങൾക്കുള്ള ഒറ്റമൂലി.

മനുഷ്യരിൽ ആഴത്തിൽ വേരൂന്നിയ മറ്റൊരു മാറാവ്യാധിയാണ് വംശീയവിദ്വേഷം. നിറത്തിന്റെയും വംശത്തിന്റെയും ഭാഷയുടെയും പേരിൽ അക്രമം പതിവാകുന്നു; ജോർജ് ഫ്ലോയിഡിനെ പോലെ അനേകം നിരപരാധികളുടെ ജീവൻ ബലികഴിക്കപ്പെടുന്നു. എന്നാൽ അല്ലാഹുവിനോടുള്ള ഭയഭക്തിയുടെ പേരിലല്ലാതെ ഒരാൾക്കും ശ്രേഷ്ഠതയില്ലെന്നും ഹൃദയത്തിൽ കുടികൊള്ളുന്ന ഭക്തി അല്ലാഹുവിന് മാത്രമേ വിധിനിർണയം നടത്താൻ സാധിക്കൂ എന്നുമാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. വെളുത്തവന് കറുത്തവനെക്കാളോ അറബിക്ക്‌ അനറബിയെക്കാളോ ഔന്നത്യമില്ലെന്ന് പ്രവാചകൻ മുഹമ്മദും (ﷺ) ഒരൊറ്റ സമുദായമായിരുന്ന മനുഷ്യരെ തിരിച്ചറിയാനായിട്ടാണ് ഗോത്രങ്ങളും വിഭാഗങ്ങളുമാക്കിയതെന്ന് ഖുർആനും നമ്മെ ഉണർത്തുന്നു. കറുത്ത നിറത്തിന്റെ പേരിൽ തന്റെ സഹോദരനായ മുസ്‌ലിമിനെ വേദനിപ്പിച്ചപ്പോൾ ശക്തമായ ഭാഷയിലാണ് പ്രവാചകൻ(ﷺ) ആ സ്വഹാബിയെ തിരുത്തിയത്- ‘ജാഹിലിയ്യത്തിന്റെ അഴുക്ക് ഇനിയും കഴുകിക്കളയാനായില്ലേ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇതിനെക്കാൾ മനോഹരമായി മനുഷ്യരെ ചേർത്ത് നിർത്തുന്ന മറ്റൊരു ദർശനവും നമുക്ക് കാണാൻ സാധിക്കില്ല. മതം ഉപേക്ഷിച്ച് മനുഷ്യത്വം പുൽകാൻ ആഹ്വാനം ചെയ്യുന്നവരുടെ കാപട്യം കൂടി ഇതോടൊപ്പം ചേർത്ത് വായിക്കാം.

നന്മതിന്മകളുടെ അതിർവരമ്പുകൾ മാഞ്ഞില്ലാതാകുന്ന മറ്റൊരു പ്രധാന മേഖലയാണ് സാമ്പത്തികരംഗം. ഇഹലോകത്തോടുള്ള ആർത്തി മാനവരാശിയെ സമ്പത്തിന്റെ അടിമകളാക്കി മാറ്റുന്ന പല സന്ദർഭങ്ങളുമുണ്ട്. ഒരാൾക്ക് സ്വർണ്ണത്തിന്റെ ഒരു താഴ്‌വരയുണ്ടെങ്കിൽ മറ്റൊന്നുകൂടി ലഭിക്കാൻ അയാൾ ആഗ്രഹിക്കും എന്ന നബിവചനം ഇവിടെ സ്മരിക്കുന്നു. മണ്ണല്ലാതെ അവന്റെ വായ നിറക്കുകയില്ല എന്നുകൂടി പറയുമ്പോൾ അതിന്റെ ഗൗരവം വർധിക്കുന്നു. സമ്പാദിച്ചത് മുഴുവൻ ധൂർത്തടിക്കുകയോ ഒന്നും ഉപയോഗിക്കാതെ പിശുക്ക് കാണിക്കുകയോ ചെയ്യുന്നത് അല്ലാഹു വിലക്കുന്നു; മിതവ്യയത്തിന്റെ ശൈലിയാണ് നമ്മെ ഇസ്‌ലാം പഠിപ്പിക്കുന്നത്. മാത്രമല്ല, സമ്പന്നന്റെ സ്വത്തിൽ പാവപ്പെട്ടവർക്ക് അവരുടെ അവകാശം നിശ്ചയിച്ചു കൊടുത്തിരിക്കുന്നു. സകാത്ത് ഒരു നിർബന്ധ ബാധ്യതയാണ്; അത് കൊടുക്കുന്നവരുടെ ആത്മാവിനെയും സമ്പത്തിനെയും ശുദ്ധീകരിക്കുന്നതോടൊപ്പം ദാരിദ്ര്യം എന്ന കെടുതിയെ കീഴടക്കാനും സഹായിക്കുന്നു. സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കുന്ന ചൂഷണാധിഷ്ഠിതമായ പലിശവ്യവസ്ഥയെയും ഇസ്‌ലാം കർശനമായി വിലക്കുന്നു. സാമ്പത്തികരംഗത്ത് ലോകം സാക്ഷിയാകുന്ന അധാർമികതയ്ക്കും പരിഹാരം ഈ കാരുണ്യദർശനം മാത്രമാണ്.

നന്മയും തിന്മയും വ്യതിരിക്തമായി മനസ്സിലാക്കാൻ ശരിയായ അളവുകോൽ അന്വേഷിച്ച് നെട്ടോട്ടമോടുന്ന മനുഷ്യർക്ക്‌ ഭാവിഭൂതവർത്തമാനകാല വ്യത്യാസങ്ങൾ ബാധകമല്ലാത്ത ലോകരക്ഷിതാവ് അവതരിപ്പിച്ച നന്മയുടെ ഭൂപടം നൽകുന്ന മാർഗനിർദ്ദേശം എത്രത്തോളം അമൂല്യമാണെന്ന് ഇതിലൂടെയെല്ലാം മനസ്സിലാക്കാൻ സാധിക്കും. റസൂൽ(ﷺ) കൊണ്ടുവന്നതെല്ലാം പിൻപറ്റാനും അദ്ദേഹം വിലക്കിയതെല്ലാം ഉപേക്ഷിക്കാനുമുള്ള ഒരൊറ്റ കൽപ്പനയിൽ ജീവിതത്തിലെ ഏറ്റവും സങ്കീർണമായ പ്രതിസന്ധിക്ക് പരിഹാരമായി. ഇരുട്ടിനുമേൽ ഇരുട്ടു കുമിയുന്ന ആധുനികകാലത്തെ മൂല്യച്യുതി നമ്മെ വലയം ചെയ്യുമ്പോൾ ഹൃദയത്തിൽ അല്ലാഹുവിനെ മാത്രം പ്രതിഷ്ഠിച്ചു കൊണ്ട് അവന്റെ പ്രകാശം പിന്തുടരാൻ നാം തയ്യാറുണ്ടോ എന്ന ആത്മപരിശോധനയാണ് ഓരോ വിശ്വാസിയും നടത്തേണ്ടത്. “അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്” (അന്നൂര്‍ : 35). നന്മയുടെ പ്രകാശം സ്ഫുരിക്കുന്ന നാൾവഴികൾ പിന്നിടാൻ നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ.

(റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ‘എഴുത്ത്’ പ്രബന്ധ മത്സര ആദ്യഘട്ട വിജയി)

print

5 Comments

  • Masha Allah. Heart touching

    Rose TR 26.02.2024
  • Mashaallaha thabarakallah

    Sidheequ. 27.02.2024
  • اللهم امين
    جزاك اللهُ خيراً‎

    arshad 02.03.2024
  • Ameen..
    Allahumma Baarik💞

    Binth Muhammed 07.03.2024
  • Masha allah

    Zareena 16.03.2024

Leave a comment

Your email address will not be published.