ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -1

//ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -1
//ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -1
ശാസ്ത്രം / തത്ത്വശാസ്ത്രം

ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -1

ലോക നാരഗികതയില്‍ കാര്യമായ ഒന്നും സംഭാവന ചെയ്യുകയോ, ശാസ്ത്ര നവോത്ഥാനത്തിന്റെ ചെറുസൂചനകള്‍പോലും കാണിക്കുകയോ ചെയ്യാത്ത, ഒട്ടകങ്ങളെയും ആടുകളെയും മേയ്ച്ച്, മരുപ്പച്ചകളില്‍നിന്നും മരുപ്പച്ചകളിലേക്ക് മാറി താമസിച്ച്, ഗോത്രയുദ്ധങ്ങളും മദ്യവും വ്യഭിചാരവും ജീവിതശൈലിയായ, അറബി ഭാഷ പോലും എഴുതാനോ വായിക്കാനോ സാധിക്കാത്ത ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടിലെ പുരാതന അറേബ്യന്‍ സമൂഹം, ഇസ്‌ലാമും അതിന്റെ അടിസ്ഥാന ദൈവിക ഗ്രന്ഥമായ ക്വുര്‍ആനും അവതരിക്കപ്പെട്ടതോടെ ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത ശാസ്ത്രനാഗരിക നവോത്ഥാനത്തിന് നേതൃത്വം വഹിച്ചതാണ് നാം കണ്ടത്. ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴേക്കും പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രം മുതല്‍ കിഴക്ക് സിന്ധ് താഴ്‌വര വരെയും വടക്ക് യൂറോപ്പിലെ ബാള്‍ട്ടിക് സമുദ്രം മുതല്‍ തെക്ക് മധ്യാഫ്രിക്കയും യമനും വരെയും പരന്നുകിടക്കുന്ന ലോകത്തിന്റെ കരപ്രദേശത്തിന്റെ മൂന്നില്‍ രണ്ടോളം വരുന്ന പ്രദേശങ്ങളില്‍ വിജ്ഞാനത്തിന്റെയും ഗവേഷണത്തിന്റെയും കണ്ടുപിടുത്തങ്ങളുടെയും ലോക പ്രസിദ്ധ സര്‍വകലാശാലകളുടെയും ശാസ്ത്രജ്ഞന്‍മാരുടെയും അഭിമാനകരമായ ഒരു യുഗമായിരുന്നു. യൂറോപ്പ് അന്ധകാരത്തില്‍ ആണ്ടുകിടന്ന കാലഘട്ടത്തിലാണ് മുസ്‌ലിംകള്‍ ലോകത്തിന് വെളിച്ചം കാണിച്ചുകൊണ്ടുള്ള ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരുന്നത്.

ശുദ്ധശൂന്യമായ മരുഭൂമിയില്‍ പെട്ടെന്ന് പൂന്തോട്ടം തഴച്ചുവളര്‍ന്ന് ഉയര്‍ന്നുവന്നതുപോലെ, എന്തുകൊണ്ട് ഈ നാടോടി സമൂഹം ഉറക്കില്‍നിന്ന് സടകുടഞ്ഞെഴുന്നേറ്റ് വിജ്ഞാനത്തിന്റെ ലോകവാഹകരമായി മാറി, എന്താണ് അതിന്റെ കാരണങ്ങള്‍ എന്ന് തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ബഹുദൈവ വിശ്വാസം മാനസികമായ ഒരു അടിമത്തമാണ്. അതില്‍നിന്നും മോചിതമാവുന്നതോടെ മനസ്സ് സ്വാതന്ത്ര്യത്തിന്റെ ഉന്മേഷം അനുഭവിക്കുന്നു. ഈ സ്വാതന്ത്ര്യബോധം അപകര്‍ഷതാബോധത്തില്‍നിന്ന് അഭിമാനകരമായ ആത്മവിശ്വാസത്തിലേക്ക് നയിക്കുന്നു.

ക്വുര്‍ആനില്‍ അനേകം വചനങ്ങളില്‍ ചിന്തിക്കുന്നില്ലേ? ആലോചിക്കുന്നില്ലേ? ചിന്തിക്കുന്നവര്‍ക്ക്, കേള്‍ക്കുന്നവര്‍ക്ക്, മനസ്സിലാക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട് തുടങ്ങിയ പ്രയോഗങ്ങള്‍ അവരുടെ ബുദ്ധിയെ തട്ടിയുണര്‍ത്തി. (ഉദാ: 23: 80, 6: 50, 3: 190, 30: 21-24) ക്വുര്‍ആനില്‍ പരാമർശിച്ച ദൃഷ്ടാന്തങ്ങളിലേക്ക് ആഴമേറിയ പഠനങ്ങള്‍ നടത്താന്‍ അല്ലാഹു പ്രേരിപ്പിക്കുന്നു.
(47: 24) ……………………………………………………………………………………………………………………………………
”അപ്പോള്‍ അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കുകയാണോ?” (മുഹമ്മദ്: 24)
അവരെ വരിഞ്ഞുമുറുക്കിയ പൂട്ട് പൊട്ടിച്ച് പുറത്തുവന്നതോടെ വിജ്ഞാനവിഹായസ്സിലേക്ക് അവര്‍ പറന്നു.
പ്രകൃതിയിലും പ്രപഞ്ചത്തിലുമുള്ള വസ്തുക്കളെ ദൃഷ്ടാന്തങ്ങള്‍ എന്ന നിലയില്‍ കാണാനും ചിന്തിക്കാനും പഠിക്കാനുമാണ് ക്വുര്‍ആന്‍ പ്രേരിപ്പിക്കുന്നത്.
……………………………………………………………………………………………………………………………………
”ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവയുടെ അടുത്തുകൂടി നടന്നുപോകുന്നു.” (യൂസുഫ്: 105)

പ്രകൃതിയില്‍ അശ്രദ്ധമായി നടന്നുപോകുന്നവരെ കുറ്റപ്പെടുത്തുകയാണ് ക്വുര്‍ആന്‍. ചിന്തയെ പൂട്ടിയിട്ട മതമാണ് ഇസ്‌ലാം എന്ന ആരോപണം തെറ്റാണ് എന്നത് ഇത്തരം ക്വുര്‍ആന്‍ വചനങ്ങള്‍ പഠിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും.

അന്ധമായല്ല ശരിയായ രൂപത്തില്‍ പ്രകൃതി ദൃഷ്ടാന്തങ്ങള്‍ പഠിച്ച് അല്ലാഹുവെ ഭയപ്പെടുന്നവരാണ് യഥാര്‍ത്ഥ ഭക്തര്‍ എന്ന് അല്ലാഹു നമ്മെ ഉണര്‍ത്തുന്നു.
……………………………………………………………………………………………………………………………………
”മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുമുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാണ്.” (ഫാത്വിര്‍: 28)

അല്ലാഹുവെ അന്ധമായി ഭയപ്പെടുന്നത് ചൈതന്യമില്ലാത്തതും, അറിഞ്ഞുകൊണ്ടുള്ള ഭയം യഥാര്‍ത്ഥ കാഴ്ചപ്പാടോടു കൂടിയുള്ളതുമാണ് എന്നത്രെ ഈ വചനം വ്യക്തമാക്കുന്നത്.

പ്രകൃതി ദൃഷ്ടാന്തങ്ങള്‍ ക്വുര്‍ആനിലെ അനേകം വചനങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും. അവ വ്യത്യസ്ത ശാസ്ത്രശാഖകളെക്കുറിച്ച് പഠിക്കാന്‍ പ്രേരണ നല്‍കുന്നു.
……………………………………………………………………………………………………………………………………
”ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച.” (അല്‍ ബഖറ: 164)

ഈ വചനം ആവശ്യപ്പെടുന്നതനുസരിച്ച് ചിന്തിക്കുകയും ഗവേഷണ പഠനം നടത്തുകയും ചെയ്യുന്ന വിശ്വാസികള്‍ താഴെ കാണുന്ന ശാസ്ത്രശാഖകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

Astronomy (ജ്യോതിശാസ്ത്രം), Cosmology or Cosmogony (പ്രപഞ്ചോല്‍പത്തി വിജ്ഞാനീയം), Earth Science (ഭൗമശാസ്ത്രം), Merchant Navy (കച്ചവടകപ്പലുകളുടെ പഠനം), Meteorology (കാലാവസ്ഥാ ശാസ്ത്രം), Ombrology (മഴശാസ്ത്രം), Zoology (ജന്തുശാസ്ത്രം), Anemology (കാറ്റ് ശാസ്ത്രം), Theory of Aerodynamics (വായുവിന്റെ ചലനസിദ്ധാന്തങ്ങള്‍), Nephology (മേഘശാസ്ത്രം) എന്നിവ.

ഇപ്രകാരം ക്വുര്‍ആനിന്റെ അധ്യാപനങ്ങളെ പ്രാവര്‍ത്തികമാക്കുന്ന ഒരു സമൂഹം ശാസ്ത്രപഠനത്തില്‍ എങ്ങനെ നവോത്ഥാനം സൃഷ്ടിക്കാതിരിക്കും?

ഭൂമിയിലൂടെ യാത്ര ചെയ്യുന്ന ഒരു അമുസ്‌ലിമിന് താന്‍ എത്തേണ്ട നാട്ടിലേക്ക് യാത്ര ചെയ്യേണ്ട വഴിയെക്കുറിച്ച് മാത്രമേ നിര്‍ബന്ധമായി അറിയേണ്ടതുള്ളൂ. എന്നാല്‍ ഒരു മുസ്‌ലിമിന് കഅ്ബയിലേക്ക് തിരിഞ്ഞ് ദിവസേന പലപ്രാവശ്യം നമസ്‌കരിക്കേണ്ടത് നിര്‍ബന്ധമാണ്. അതിനാല്‍ താന്‍ കഅ്ബയുടെ ഏതുഭാഗത്താണ് നില്‍ക്കുന്നതെന്നും രാഷ്ട്രങ്ങളുടെ കിടപ്പ് ഏതു ദിക്കിലാണെന്നും അറിയേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഭൗമപഠനത്തില്‍ സ്വാഭാവികമായും മുസ്‌ലിംകള്‍ക്ക് ധാരണയുണ്ടാകും. ഖിബ്‌ല നിര്‍ണയത്തിന് ആവശ്യമായ അറിവും ഉപകരണങ്ങളും നിര്‍മിക്കാനും ഇത് കാരണമായി. വിദൂര രാഷ്ട്രങ്ങളിലേക്ക് കപ്പലില്‍ യാത്ര ചെയ്യുന്നത് ഹിന്ദു ആചാര്യന്‍മാര്‍ക്ക് മതപരമായി വിലക്കപ്പെട്ടിട്ടുണ്ട്. കാലാപാനി (Kaalapani) എന്നാണ് ഈ വിലക്ക് അറിയപ്പെടുന്നത്. എന്നാല്‍ ക്വുര്‍ആന്‍ സമുദ്രത്തിലൂടെ സഞ്ചരിച്ച് കച്ചവടം നടത്താനും അല്ലാഹുവോട് നന്ദിയുള്ളവരാകാനും ആഹ്വാനം ചെയ്യുന്നു.
…………………………………………………………..
വിജ്ഞാന സമ്പാദനത്തിന് ക്വുര്‍ആന്‍ മാത്രമല്ല പ്രവാചക വചനങ്ങളും ശക്തമായ പ്രചോദനം നല്‍കുന്നുണ്ട്.
‘വിജ്ഞാനം തേടല്‍ എല്ലാ മുസ്‌ലിംകളുടെയും നിര്‍ബന്ധബാധ്യതയാണ്.’
‘വിജ്ഞാനം നേടുന്നവരുടെ പദവി അല്ലാഹു ഉയര്‍ത്തും.’
‘നിങ്ങളില്‍നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പലപടികള്‍ ഉയര്‍ത്തുന്നതാണ്.’
‘ആരെങ്കിലും വിജ്ഞാനസമ്പാദനത്തിന്റെ മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അല്ലാഹു അവന് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാക്കും.’
‘വിജ്ഞാനസമ്പാദനത്തിന്റെ മാര്‍ഗത്തില്‍ ആരെങ്കിലും പുറപ്പെട്ടാല്‍ തിരിച്ചുവരും വരെയും അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്.’
ഇത്തരം നബിവചനങ്ങള്‍ മതവിജ്ഞാനം തേടുന്നതിനെക്കുറിച്ച് മാത്രമാണെന്നും ഭൗതികവിജ്ഞാനത്തെക്കുറിച്ചുള്ള പ്രോത്സാഹനങ്ങള്‍ ഇല്ലെന്നുമാണ് പൊതുധാരണ. മനുഷ്യസമൂഹത്തിന്റെ നന്മക്ക് ഉപകാരപ്രദമായ ഏത് വിജ്ഞാനങ്ങള്‍ തേടുന്നതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളും മനസ്സിലാക്കാന്‍ അതിലൂടെ ശ്രമിക്കുന്നതും അല്ലാഹുവും അവന്റെ ദൂതനും പ്രോത്സാഹിപ്പിച്ച കാര്യങ്ങളാണ് എന്നതില്‍ സംശയമില്ല. മാത്രമല്ല, കൃഷിയും കച്ചവടങ്ങളുമെല്ലാം വിശ്വാസിക്ക് അല്ലാഹുവിന്റെ പ്രതിഫലം കിട്ടുന്ന പ്രവര്‍ത്തനങ്ങളാണ്. ഈ ലോകത്തില്‍ അനുവദനീയമായ വിവിധ നാഗരിക മാര്‍ഗങ്ങളിലൂടെ ഭൗതികലോകത്ത് പുരോഗതി കൈവരിക്കുന്നതില്‍ പങ്കുവഹിക്കുക കൂടി ചെയ്യേണ്ടവരാണ് മുസ്‌ലിംകള്‍.
അപകര്‍ഷകത ബോധമാണ് മനുഷ്യരെ പിന്നോക്കത്തിലേക്ക് നയിക്കുന്നതിന്റെ പ്രധാനകാരണം.

ദൈവത്തിൽ നിന്ന് അവതരിച്ചതായതിനാൽ തന്റെ വിശ്വാസവും മതവുമാണ് ശരിയെന്നും അതിനെതിരായ ഒന്നും ശരിയല്ലെന്നും തനിക്ക് പരലോകത്ത് ലഭിക്കുന്നത് ശാശ്വതമായ സ്വര്‍ഗമാണെന്നുമുള്ള അഭിമാനബോധമുണ്ടാക്കുകയാണ് അല്ലാഹു ചെയ്യുന്നത്.
(ആലുംറാന്‍: 139)

ഈ ആത്മവിശ്വാസമാണ് അവരെ മുന്നോട്ടുനയിച്ച പ്രധാന ഘടകം. ഭൂമിയിലൂടെ സഞ്ചരിച്ച് മുന്‍നാഗരികതകളുടെ ഉത്ഥാനപതനത്തെക്കുറിച്ച് പഠിക്കാന്‍ ക്വുര്‍ആന്‍ 12 സ്ഥലങ്ങളില്‍ പ്രേരണ നല്‍കുന്നുണ്ട്.
(നഹ്ല്‍: 69)

വിദൂരരാജ്യങ്ങളിലേക്കുള്ള അവരുടെ യാത്രകള്‍ മനസ്സില്‍ ചരിത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും പുതിയ വാതിലുകള്‍ തുറന്നു.
പുരോഹിതന്‍ പറയുന്നത് എന്തും അപ്പടി വിഴുങ്ങുന്നതിനുപകരം നിരൂപണപഠനം നടത്താന്‍ അവര്‍ മുന്നോട്ടുവന്നു. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും കല്‍പനകളും നിര്‍ദ്ദേശങ്ങളും ഇല്ലാത്ത ഏതൊരാളുടെ വാക്കുകളും തെറ്റാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തെളിവ് നോക്കാതെ അവയൊന്നും തഖ്‌ലീദ് (അനുകരണം) ചെയ്യരുതെന്നുമുള്ള ബോധമാണ് അരിസ്റ്റോട്ടിലിന്റെയും ടോളമിയുടെയും സിദ്ധാന്തങ്ങളിലെ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കിയത്.

അന്ധകാരത്തില്‍ ആണ്ടുകിടന്ന യൂറോപ്പില്‍ ശാസ്ത്രനാഗരിക മുന്നേറ്റം ഉണ്ടാക്കിയതിനുപിന്നില്‍, മുഹമ്മദ് നബി (സ) ഇസ്‌ലാമിന്റെ പ്രബോധനത്തിലൂടെ തുടങ്ങി ഉമവ്വിയാക്കളിലൂടെ കടന്ന് അബ്ബാസിയ കാലത്ത് സുവര്‍ണകാലത്തിലെത്തി 1258ല്‍ മംഗോളിയന്‍ താര്‍ത്താരി സൈന്യം ബാഗ്ദാദ് നശിപ്പിച്ചതോടെ തകര്‍ന്നുപോയ ശാസ്ത്രനവോത്ഥാനമായിരുന്നു പ്രേരകശക്തി എന്ന വസ്തുത മുസ്‌ലിം ചരിത്രകാരന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് നാം കാര്യമാക്കേണ്ട. കാരണം മുസ്‌ലിം ചരിത്രകാരന്‍മാര്‍ ഇസ്‌ലാമിന്റെ അന്തസ്സും സ്വാധീനവും എടുത്തുപറയുക സ്വാഭാവികമാണല്ലോ എന്നാണ് ചിലരുടെ നിലപാട്. എന്നാല്‍ അമുസ്‌ലിംകളും നിരീശ്വരവാദികളുമായ നിരവധി ചരിത്രകാരന്‍മാര്‍ ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

”മുസ്‌ലിം ലോകത്തെ ശാസ്ത്രസാങ്കേതിക വിദ്യകള്‍ 15-ാം നൂറ്റാണ്ടുവരെ യൂറോപ്പിനെ അപേക്ഷിച്ച് ബഹുദൂരം മുന്നിലായിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഈ കണ്ടെത്തലുകളാണ് മധ്യകാല യൂറോപ്പിലെ നവോത്ഥാനത്തിന് വിത്തുപാകിയത്.” (പേജ് 22, നഷ്ടപ്പെട്ട ചരിത്രം, മൈക്കിള്‍ ഹാമില്‍ട്ടന്‍ മോര്‍ഗന്‍)

”അറബികളുടെ സംഭാവന ഉണ്ടായിരുന്നില്ലെങ്കില്‍ മോഡേണ്‍ യൂറോപ്യന്‍ സംസ്‌കാരം ഉടലെടുക്കുമായിരുന്നില്ല.” (obert Briffault – Natural science and scientific spirit )

”മുന്‍കാല മുസ്‌ലിംകള്‍ ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ നാമൊരിക്കലും വിസ്മരിച്ചുകൂടാ. കൂടുതല്‍ സംഭാവനകള്‍ ഭാവിയിലും മുസ്‌ലിംകള്‍ക്ക് പ്രദാനം ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പാശ്ചാത്യ അങ്കഗണിതത്തിനും ബീജഗണിതത്തിനും മുസ്‌ലിം ഗണിതശാസ്ത്രജ്ഞരോട് കടപ്പാടുണ്ട്. വൈദ്യശാസ്ത്രത്തിന്റെയും ഗോളശാസ്ത്രത്തിന്റെയും അസ്ഥിവാരമിടുന്നതില്‍ മുസ്‌ലിം ശാസ്ത്രജ്ഞന്‍മാര്‍ വലിയൊരു പങ്ക് വഹിക്കുകയുണ്ടായി. ഈ വസ്തുത നാം എന്നും സ്മരിക്കുന്നു.” (യുഎസ് പ്രസിഡന്റ് ഐസനോവർ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ 1959 ൽ ചെയ്ത പ്രസംഗത്തിൽ)

മധ്യകാല യൂറോപ്പിന്റെ ബുദ്ധിപരമായ ചരിത്രത്തിലെ പ്രശോഭിതമായ അധ്യായങ്ങളില്‍ ഒന്ന് മുസ്‌ലിം സ്‌പെയിന്‍ രചിച്ചു. നമ്മള്‍ മുമ്പ് വായിച്ചതുപോലെ എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലും പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ലോകമുടനീളം സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പ്രകാശഗോപുരങ്ങള്‍ പണിതത് അറബി സംസാരിക്കുന്ന മുസ്‌ലിംകളായിരുന്നു. പുരാതനശാസ്ത്രവും തത്ത്വചിന്തയും വീണ്ടെടുക്കുകയും പരിപോഷിപ്പിക്കുകയും സംപ്രേഷണം ചെയ്യുകയും വഴി പടിഞ്ഞാറന്‍ യൂറോപ്പിന്റെ നവോത്ഥാനത്തിന് അടിത്തറ ഒരുക്കിയത് മുസ്‌ലിംകളായിരുന്നു.” (ഫിലിപ്. കെ. ഹിറ്റി തന്റെ History of Arabs, page:557)

ക്വുര്‍ആനിന്റെ ശക്തമായ സ്വാധീനമാണ് മധ്യകാല നൂറ്റാണ്ടുകളില്‍ അറബ് ലോകത്തുണ്ടായ ശാസ്ത്രനാഗരിക നവോത്ഥാനത്തിന്റെ അടിത്തറയെന്ന് യൂറോപ്യന്‍ ചിന്തകന്‍ ഹാര്‍ട്ട് വിഗ്ഗ് ഹിഷ്‌ഫെല്‍ഡ് വ്യക്തമാക്കുന്നത് കാണുക:
”ക്വുര്‍ആന്‍ ശാസ്ത്രത്തിന്റെ പ്രഭവധാരയാണെന്ന് കാണുമ്പോള്‍ നാം അത്ഭുതപ്പെടേണ്ടതില്ല. ആകാശം, ഭൂമി, മനുഷ്യജീവിതം, കച്ചവടം, തുടങ്ങി ജീവിതവ്യാപാരത്തിന്റെ സര്‍വമേഖലകളിലും സ്പര്‍ശിക്കുകയും തല്‍വിഷയങ്ങളുമായി ബന്ധപ്പെട്ട, വിശുദ്ധ ക്വുര്‍ആനിന്റെ വ്യാഖ്യാനങ്ങള്‍ അടങ്ങിയ ഒട്ടനവധി ഏകവിഷയ പ്രബന്ധങ്ങളുടെ സൃഷ്ടിക്ക് വഴിവെക്കുകയും ചെയ്തു. അങ്ങനെ മുസ്‌ലിം ലോകത്ത് അനേകം ഉന്നതമായ ചര്‍ച്ചകള്‍ക്കും എല്ലാവിധ ശാസ്ത്രശാഖകളുടെ അത്ഭുതകരമായ പുരോഗതിക്കും ക്വുര്‍ആന്‍ വഴിത്താരയൊരുക്കി. ഇസ്‌ലാമിക സമൂഹത്തില്‍ അന്തര്‍ഭവിച്ച ആത്മീയ ചൈതന്യം മതപരമായ വശങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല. അത് ഗ്രീക്കുകാരുടെ തത്ത്വചിന്തയും വാനശാസ്ത്ര വൈദ്യശാസ്ത്ര രചനകളും ലോകത്തിന് പരിചയപ്പെടുത്തുകയും തദ്വാരാ ഇവരുടെ പഠനത്തിന് പ്രോത്സാഹനമായി ഭവിക്കുകയും ചെയ്തു. പ്രവാചകനിറങ്ങിയ ദിവ്യസന്ദേശവിവരങ്ങള്‍ അല്ലാഹുവിന്റെ മഹാത്ഭുതങ്ങളുടെ ഭാഗമായ ആകാശസംവിധാനങ്ങളുടെ ചലനങ്ങളെക്കുറിച്ച് മാനവരാശിയുടെ ശ്രദ്ധ ക്ഷണിച്ചപ്പോള്‍ അവയെ ആരാധിക്കുന്നതിനുപകരം അവയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കി. വാനശാസ്ത്രത്തെക്കുറിച്ച് പഠിക്കാന്‍ നൂറ്റാണ്ടുകളോളം വ്യത്യസ്ത മുസ്‌ലിം സമൂഹങ്ങളില്‍ ഉണ്ടായിരുന്ന ഉള്‍പ്രേരണ അവര്‍ ആ വിഷയത്തില്‍ എത്രമാത്രം ഉത്സുകരായിരുന്നു എന്ന് വ്യക്തമാക്കുന്നു. ഇന്നും പല നക്ഷത്രങ്ങള്‍ക്കുമുള്ള പേരുകളും വാനശാസ്ത്ര സാങ്കേതിക പ്രയോഗങ്ങളും അറബിയാണ്. യൂറോപ്പിലെ മധ്യകാല ശാസ്ത്രജ്ഞന്‍മാരില്‍ അധികവും അറബികളുടെ വിദ്യാര്‍ഥികളായിരുന്നു.

അതുപോലെ വൈദ്യശാസ്ത്ര രംഗത്തും ക്വുര്‍ആന്‍ പ്രചോദന ശക്തിയായി പ്രവര്‍ത്തിച്ചു. മൊത്തത്തില്‍ പ്രകൃതിയെക്കുറിച്ച് പഠിക്കാനും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ചിന്താമനനങ്ങളില്‍ ഏര്‍പ്പെടാനും ക്വുര്‍ആന്‍ പ്രചോദനം നല്‍കുന്നു.”

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ Glimpses of world history എന്ന പുസ്തകം വിശ്വചരിത്രാവലോകം എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്റെ 233 -ാം പേജിൽ പറയുന്നു. ഇതര ലോകസംഭവങ്ങളിൽ നിന്നെല്ലാം അകന്ന് മിക്കവാറും നിദ്രാ സദൃശ്യമായ ഒരു ജീവിതം നയിച്ചുപോന്ന ഈ അറബി വർഗം വളരെപെട്ടെന്നുണർന്ന് ലോകത്തെ മുഴുവൻ സംഭ്രമിപ്പിക്കാനും കീഴ്‌മേൽ മറിക്കാനും തക്കവണ്ണം പ്രബലമായ ശക്തിയായിത്തീർന്നത് ഒരു പരിണാമമാണ്. അറബികളുടെ, ക്ഷണനേരം കൊണ്ട് ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമുണ്ടായ വ്യാപ്തിയുടെയും അവർ നേടിയ സമുന്നതമായ സംസ്കാരത്തിന്റെയും നാഗരികതയുടെയും കഥ ചരിത്രത്തിലെ മഹാവിസ്മയങ്ങളിലൊന്നത്രെ. ഇസ്‌ലാമാണ് അറബികളെ ഉണർത്തുകയും അവരിൽ ഓജസും ആത്മവിശ്വാസവും ഉളവാക്കുകയും ചെയ്‌ത ആ നവീനശക്തി അഥവാ ആശയം.

ബൈത്തുല്‍ ഹിക്‌മ
————————*———–
അബ്ബാസിയ കാലത്ത് ഇസ്‌ലാമിക ലോകത്ത് അഭൂതപൂര്‍വമായ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ലൈബ്രറിയാണ് ബൈത്തുല്‍ ഹിക്മ എന്ന വിജ്ഞാനകേന്ദ്രം. (Grand Library of Baghdad എന്നും public academy of Arabs എന്നും) ഇത് അറിയപ്പെടുന്നു. പാശ്ചാത്യലോകത്ത് (House of Wisdom) എന്നാണ് ഇത് അറിയപ്പെടുന്നത്. ഖലീഫ മഅ്മൂന്‍ ആണ് ബൈത്തുല്‍ ഹിക്മയുടെ സ്ഥാപകന്‍. അബ്ബാസിയ ഖലീഫ അല്‍ മന്‍സൂറിന്റെ കാലത്ത് ഇത് ഒരു കവിതാസമാഹാരങ്ങളുടെ ഓഫീസായിരുന്നു. എട്ടാം നൂറ്റാണ്ടിന്റെ അവസാനം ഖലീഫാ ഹാറൂനുറഷീദിന്റെ പബ്ലിക് ലൈബ്രറിയായി. ഗ്രീക്ക്, സിറിയക്, ചൈനീസ്, സംസ്‌കൃതം, പേര്‍ഷ്യന്‍ ഗ്രന്ഥങ്ങള്‍ അറബിലേക്ക് പരിഭാഷപ്പെടുത്തുകയും പുതിയ വിജ്ഞാനശാഖകളുടെ ആഴങ്ങളിലേക്ക് പഠനഗവേഷണങ്ങള്‍ നടത്തുകയും ചെയ്തു. ഈ ലൈബ്രറിയുടെ പഴയ പേര് ഖിസാനത്തുല്‍ ഹിക്മ (വിജ്ഞാനശേഖരം) എന്നായിരുന്നു. ഖലീഫ മഅ്മൂനിന്റെ കാലത്ത് ഈ ലൈബ്രറി ബുദ്ധിജീവികളുടെ കേന്ദ്രമായി. വിജ്ഞാനകേന്ദ്രമാണ് എന്നതിനുപുറമെ പണ്ഡിതന്‍മാര്‍ക്കും പരിഭാഷകര്‍ക്കും ഇത് ഒരു വരുമാന മാര്‍ഗവുമായിരന്നു. അബ്ബാസിയാക്കളും ബൈസന്റൈന്‍ സാമ്രാജ്യവും തമ്മില്‍ നടന്ന യുദ്ധത്തിനുശേഷം നടന്ന സന്ധിയുടെ ഒരു വ്യവസ്ഥ ഖലീഫ മഅ്മൂൻ ആവശ്യപ്പെട്ടത്
ടോളമിയുടെ അല്‍ മാഗസ്റ്റ് എന്ന ഗ്രന്ഥശാലയിലെ പുസ്തകങ്ങള്‍ ബാഗ്ദാദിലേക്ക് നല്‍കണമെന്നതായിരുന്നു. വിജ്ഞാനത്തിന് അബ്ബാസിയ ഖലീഫമാര്‍ എത്രത്തോളം പ്രാധാന്യം നല്‍കിയിരുന്നു എന്നത് ഈ വ്യവസ്ഥയില്‍നിന്ന് ഗ്രഹിക്കാം. സാങ്കേതിക വിദഗ്ധരും ശില്‍പകലാ വിദഗ്ധരും ഇതിന്റെ നിര്‍മാണത്തില്‍ സേവനം അനുഷ്ഠിച്ചു. ഖലീഫ മഅ്മൂന്‍ നേരിട്ടുതന്നെ ഇതിന്റെ വികസനത്തിന് മേല്‍നോട്ടം വഹിച്ചു. ആദ്യമായി അരിസ്റ്റോട്ടിലിന്റെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. പൈതഗോറസ്, പ്ലാറ്റോ, ടോളമി, ഹിപ്പോക്രാറ്റസ്, യൂക്ലിഡ്, ഗാലന്‍, ആര്യഭടന്‍ തുടങ്ങിയ നിരവധി ശാസ്ത്രപണ്ഡിതരുടെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയവയില്‍പെടുന്നു.

ബൈത്തുല്‍ ഹിക്മ നിരവധി ഹാളുകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ഗ്രന്ഥങ്ങള്‍ ഇതരഭാഷകളില്‍നിന്ന് അറബിയിലേക്ക് പരിഭാഷപ്പെടുത്താനും പുതിയ ഗ്രന്ഥങ്ങള്‍ രചിക്കാനും ശാസ്ത്രപരീക്ഷണങ്ങള്‍ നടത്താനും പഠിക്കേണ്ടവര്‍ക്ക് റഫറന്‍സിനും വെവ്വേറെ ഹാളുകള്‍ സജ്ജീകരിച്ചിരുന്നു. ബൈത്തുല്‍ ഹിക്മയുടെ ഒന്നാം നിലയില്‍ രചനകളും ട്രാന്‍സലേഷനും ബൈന്റിങ്ങും വായനയും ശാസ്ത്ര-സാഹിത്യ പഠന ഗവേഷണങ്ങളുമായിരുന്നു നടന്നിരുന്നത്. രണ്ടാംനില ജോലിക്കാര്‍ക്കും ഗവേഷകര്‍ക്കും താമസിക്കാനുള്ള ഹോസ്റ്റലുകളായിരുന്നു. ഉദ്യോഗസ്ഥരെ സ്വാഹിബു ബൈത്തുല്‍ ഹിക്മ എന്നാണറിയപ്പെട്ടിരുന്നത്.

മഹ്മൂദ് അഹ്മദ് ദര്‍വീഷ് എന്ന സാങ്കേതിക വിദഗ്ധനാണ് ബൈത്തുല്‍ ഹിക്മയുടെ ശില്‍പകല ആസൂത്രണം ചെയ്തത്. പതിമൂന്നര നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇത്രയും ചിട്ടയും പ്ലാനുമുള്ള ഒരു മഹാഗ്രന്ഥശാല സ്ഥാപിക്കുന്നതും വ്യവസ്ഥാപിതമായി അത് നടത്തുന്നതും അത്ഭുതകരമാണ്.
ഗ്രന്ഥങ്ങള്‍ ബൈത്തുല്‍ ഹിക്മയിലേക്ക് ശേഖരിക്കന്നതിനും റഫറന്‍സിനും ദൂരെയുള്ളവര്‍ക്ക് വായിക്കാന്‍ കൊണ്ടുപോകുന്നതിനുമുള്ള ഇഷ്യു സെക്ഷനുകളും ഉള്‍പ്പെടെ വെവ്വേറെ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. വായനക്കുവേണ്ടി കൊണ്ടുപോകുന്നവരില്‍നിന്ന് ഗ്രന്ഥത്തിന് കേടുപറ്റിയാല്‍ മുഴുവന്‍ വിലയും ഈടാക്കുമായിരുന്നു. പഴയ കൃതികള്‍ പുതിയ ഗ്രന്ഥത്തിലേക്ക് പകര്‍ത്തി എഴുതാന്‍ വിദഗ്ധ എഴുത്തുകാര്‍ ഉണ്ടായിരുന്നു. രാഷ്ട്രങ്ങള്‍ സാമ്രാജ്യ പ്രദേശങ്ങള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ഭൂമിശാസ്ത്രം, കടലും കായലുകളും കടലിടുക്കുകളും, പട്ടണങ്ങള്‍ എന്നിവയുടെ മാപ്പുകള്‍ ഉണ്ടായിരുന്നു. ഗ്രീക്ക്, സംസ്‌കൃതം, പേര്‍ഷ്യന്‍ തുടങ്ങിയ നിരവധി ഭാഷകളില്‍നിന്ന് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയവയില്‍ എഞ്ചിനീയറിങ്, ഗണിതശാസ്ത്രം മുതലായവയുടെ മേല്‍നോട്ടം അബൂജഅ്ഫര്‍ ബ്‌നു മൂസബ്‌നു ശാക്കിര്‍ ആയിരുന്നു നിര്‍വഹിച്ചിരുന്നത്. തത്ത്വശാസ്ത്രം (Philosophy) പരിഭാഷയുടെ നേതൃത്വം യഅ്ഖൂബുല്‍ കിന്ദിയും ഇബ്‌നു ഫര്‍ഖാനു ത്വബ്‌രിയും ജീവശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയുടേത് ഇസ്ഹാഖുല്‍ ഹറാനിക്കും ആയിരുന്നു. പ്രധാന പരിഭാഷകര്‍ ഹുനൈനനുബ്‌നു ഇസ്ഹാഖ്, ഉമറുബ്‌നു ഫര്‍ഹാന്‍, അബ്ദുല്ലാഹിബ്‌നു മുഖഫ്ഫഅ്, അല്‍കിന്ദി, അല്‍ഖവാരിസ്മി എന്നിവരായിരുന്നു.
ഈ ലൈബ്രറിയാണ് അബ്ബാസിയ കാലഘട്ടത്തിലെ ശാസ്ത്രനാഗരിക മുന്നേറ്റങ്ങളുടെ പ്രധാന ഉറവിടം. അതിലൂടെയും സ്‌പെയിനില്‍ അറബി മുസ്‌ലിം സമൂഹം എട്ടുനൂറ്റാണ്ടോളം ഭരണം നടത്തിയപ്പോള്‍ ഉണ്ടാക്കിയ വിജ്ഞാന മുന്നേറ്റത്തിലൂടെയുമാണ് യൂറോപ്പും അതിന്റെ തുടര്‍ച്ചയായി വന്ന അമേരിക്കന്‍ ശാസ്ത്രപുരോഗതിയുമെല്ലാം ഉണ്ടായത്. ചുരുക്കത്തില്‍ ലോകശാസ്ത്ര നവോത്ഥാനത്തിന്റെ അടിസ്ഥാനം ഇസ്‌ലാം സൃഷ്ടിച്ച വിജ്ഞാന മുന്നേറ്റമാണ്.

ഉമറുല്‍ ഖയ്യാം (1048 – 1130)

ഉമറുല്‍ ഖയ്യാം എന്നു കേള്‍ക്കുമ്പോള്‍ പ്രസിദ്ധനായ പേര്‍ഷ്യന്‍ കവി എന്നാണ് പലരും ചിന്തിക്കുക. എന്നാല്‍ ഗണിതശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും ഉള്‍പ്പെടെ അറിയപ്പെട്ട മഹാനായ ശാസ്ത്രജ്ഞന്‍ കൂടിയാണ് അദ്ദേഹം. അല്‍ ഫത്ഹ് ഉമര്‍ബ്‌നു ഇബ്രാഹിം അല്‍ഖയ്യാമി എന്നാണ് മുഴുവന്‍ പേര്. ജനിച്ചത് നിഷാപൂരിലാണ്. പത്ത് വര്‍ഷക്കാലം നിഷാപൂര്‍ സല്‍ജൂക്ക് സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു. അക്കാലത്തുള്ള യാഥാസ്ഥിതിക അന്ധവിശ്വാസങ്ങളെ അദ്ദേഹം തുറന്നെതിര്‍ത്തു. തമ്പ് നിര്‍മാണം ആയിരുന്നു കുടുംബത്തിന്റെ മുഖ്യവരുമാനം എന്നതിനാല്‍ ഖയ്യാം എന്നറിയപ്പെട്ടു. -ഖൈമ എന്നാല്‍ അറബിയില്‍ കൂടാരം (തമ്പ്) എന്നാണര്‍ത്ഥം. സല്‍ജൂക്ക് തുര്‍ക്കികള്‍ നിഷാപൂരില്‍ നാഗരിക മുന്നേറ്റത്തിന് തുടക്കം കുറിച്ചു.

വൈഢൂര്യഖനികളുടെയും ഇഷ്ടിക, പിഞ്ഞാണ വ്യവസായത്തിന്റെയും കേന്ദ്രമായ നിഷാപൂര്‍ ഖയ്യാമിന്റെ കാലത്ത് സമ്പന്നമായിരുന്നു. എങ്കിലും ഖയ്യാമിന്റെ കുടുംബം സമ്പന്നമായിരുന്നില്ല. രാത്രി വീടിന്റെ മുകളില്‍ കയറി ആകാശത്തിലെ അനന്തതയിലേക്ക് നോക്കുന്നത് ഖയ്യാമിന് വലിയ താല്‍പര്യമായിരുന്നു. പിതാവ് മരിച്ചതോടെ അനുജന്‍മാരെയും മാതാവിനെയും നോക്കേണ്ട ബാധ്യത കൂടി അദ്ദേഹത്തിനുണ്ടായി. തന്റെ മകനെ ടെന്റ് കച്ചവടത്തില്‍ തളച്ചിടരുതെന്നും അവന്‍ പ്രതിഭാശാലിയാണെന്നും മാതാവിന് ബോധ്യമുണ്ടായിരുന്നു. നിഷാപൂരിലെ കുട്ടികള്‍ എല്ലാം ഇമാം മുതവഫിഖിന്റെ അടുക്കലായിരുന്നു അക്കാലത്ത് പ്രാഥമിക മതവിദ്യാഭ്യാസം നേടിയിരുന്നത്.
മുതവഫിഖിന് ഉമറുല്‍ ഖയ്യാമിന്റെ ബുദ്ധി അസാധാരണമാണെന്ന് അദ്ദേഹം നടത്തിയ ഒരു പരീക്ഷയിലൂടെ ബോധ്യപ്പെട്ടു. ഖയ്യാമിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്. ആയിരം വര്‍ഷത്തോളം ലോകത്ത് പ്രസിദ്ധമായിത്തീരുന്ന ഒരു ശാസ്ത്രജ്ഞന്റെ തുടക്കമായിരുന്നു അത്. മദ്‌റസയില്‍ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന ഹസനുബ്‌നു സബാഹ് നിസാമുല്‍ മുല്‍ക് എന്ന അധ്യപകനെ ഇമാം മുതവഫിഖ് മുഖേന രണ്ടുപേര്‍ക്കും അറിയുമായിരുന്നു. നിഷാപൂരിലെ അടിമസുന്ദരിയെ ഭാര്യയാക്കാനുള്ള സഹപാഠിയുമായുള്ള മത്സരത്തില്‍ വിജയിച്ചത് ഉമറാണ്. പിന്നീട് പല പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഉമര്‍ പഠനം തുടര്‍ന്നു. അഫ്ഗാനിസ്ഥാനിലെ ബല്‍ഖ്, ഉസ്ബക്കിസ്ഥാനിലെ സമര്‍ക്കന്ദ് എന്നിവ അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര പഠനസ്ഥലങ്ങളായിരുന്നു. ശറഫു മുശ്കില്‍ മിന്‍കിതാബില്‍ മൂസിഖി എന്ന ലേഖനത്തില്‍ സംഗീതത്തിന്റെ ഗണിത ശാസ്ത്രബന്ധമായിരുന്നു ചര്‍ച്ച. അതാണ് പിന്നീട് ബൈസന്റൈന്‍-അറബ്-പേര്‍ഷ്യന്‍ സംഗീതങ്ങളും ഗണിതശാസ്ത്രവുമായി അവയും ബന്ധവും അദ്ദേഹം പഠനവിധേയമാക്കിയത്. നേരത്തെ എഴുതിവെക്കപ്പെട്ട ഗ്രന്ഥങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അപ്പുറം പുതിയ ചിന്തകളെയും വീക്ഷണങ്ങളെയും ശക്തമായി എതിര്‍ക്കുകയും ശത്രുതാപരമായ വീക്ഷണത്തോടെ കാണുകയും ചെയ്യുന്നവരും, യുക്തിയുടെയും ചിന്തയുടെയും പുതിയ വിഹായസ്സുകളിലേക്ക് ബുദ്ധി ഉപയോഗിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്ന കാലമായിരുന്നു അത്. സുന്നികളും ശിയാക്കളും ഭരണത്തിനുവേണ്ടി മത്സരിക്കുന്നത് അക്കാലത്തെ മറ്റൊരു ഏറ്റുമുട്ടലായിരുന്നു. ഇവക്കിടയിലാണ് ഖയ്യാം തന്റെ തത്ത്വശാസ്ത്രം രംഗത്തിറക്കുന്നത്. ദൈവവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ, ശാസ്ത്രനിയമങ്ങളും കൃത്യമായ കണക്കുകളും അനുസരിച്ചാണ് ദൈവം പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് എന്നും പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും മാത്രമേ അവ മനസ്സിലാക്കാന്‍ കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കി. എന്നാല്‍ ദൈവം പ്രപഞ്ചത്തിന്റെ നിയന്ത്രണം ശാസ്ത്രീയ നിയമങ്ങളെ ഏല്‍പിച്ചിരിക്കുന്നുവെന്നും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്നുമാണ് ഉമര്‍ ഖയ്യാം വിശ്വസിക്കുന്നത് എന്ന് അദ്ദേഹത്തെ വിമര്‍ശിക്കുന്നവരും ഉണ്ട്. അദ്ദേഹത്തിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്നത്തെ സല്‍ജൂക്കി ഭരണകൂടവും അബ്ബാസി ഭരണകൂടവും ഇസ്മായീലി ശിയാക്കളും അനുകൂലമായിരുന്നു എന്നത് അദ്ദേഹത്തിന് അനുഗ്രഹമായി. ഒരു ചിന്തകനേയോ ഗവേഷകനേയോ നിയന്ത്രണങ്ങളില്‍ വരിഞ്ഞുമുറുക്കരുതെന്നും സ്വതന്ത്രമായി വിടണമെന്നന്നും അദ്ദേഹത്തിന്റെ അനുകൂലികള്‍ വിശ്വസിച്ചു. ബല്‍ഖിലും സമര്‍കന്ദിലും നിഷാപൂരിലും ഉമര്‍ ഖയ്യാം നടത്തിയ ഗവേഷണങ്ങള്‍ക്കിടെ ത്രിവര്‍ഗ സമവാക്യങ്ങളുടെ ഉത്തരം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. പാരബോള, വൃത്തം, ബൈനോമിയല്‍ സമീകരണങ്ങള്‍, ജ്യോമട്രി തുടങ്ങി നിരവധി ഗണിത ശാസ്ത്രമേഖലകളില്‍ അദ്ദേഹത്തിന്റെ സേവനങ്ങളും കണ്ടെത്തലുകളും എടുത്തുപറയേണ്ടതാണ്. യൂക്ലിഡിന്റെ ജ്യോമട്രിയില്‍നിന്നും വ്യത്യസ്തമായ പലതും ഖയ്യാം ലോകത്തെ പരിചയപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധികള്‍ തന്റെ ഗവേഷണ പഠനങ്ങള്‍ക്ക് വിലങ്ങുതടിയായി നിലകൊള്ളുന്നുവെന്നും പകല്‍ ജീവിതത്തിനുള്ള വക കണ്ടെത്തുകയും രാത്രി എല്ലാവരും ഉറങ്ങുമ്പോള്‍ അന്വേഷണ ചിന്തകളില്‍ മുഴുകുകയുമാണ് താന്‍ ചെയ്യുന്നതെന്നും അതിനാല്‍ പഠനം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം എഴുതി.

ഈ പ്രശ്‌നം സല്‍ജൂക്ക് ഭരണാധികാരികള്‍ മനസ്സിലാക്കി. അദ്ദേഹത്തെ മന്ത്രി നിസാമുല്‍ മുല്‍ക്ക് എന്ന മുന്‍സുഹൃത്ത് സല്‍ജൂക്ക് ഭരണാധികാരി മാലിക് ഷായുടെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് അവിടെ ഗണിത, ജ്യോതിശാസ്ത്ര ഗവേഷകനായി നിയമിക്കുകയും ചെയ്തു. അദ്ദേഹം ഇസ്ഫഹാനിലെ കൊട്ടാരത്തിലെത്തി. കൂടാരങ്ങള്‍ തുന്നുന്ന ഒരു പാവപ്പെട്ട പിതാവിന്റെ മകനായ താന്‍, വിശാലമായ ലോകരാഷ്ട്രങ്ങളുടെ സുല്‍ത്താന്റെ കൊട്ടാര അതിഥിയായതില്‍ സന്തോഷിച്ചു.

വാനനിരീക്ഷണവും കലണ്ടര്‍ നിര്‍മാണവുമാണ് ഖയ്യാമിനെ ഏല്‍പിച്ച ദൗത്യങ്ങള്‍. അവ രണ്ടും അദ്ദേഹത്തിന് താല്‍പര്യമുള്ളവയായിരുന്നു. എന്നാല്‍ ഒരു പ്രതിസന്ധി അപ്പോഴും അദ്ദേഹത്തെ കൊട്ടാരത്തിനുള്ളിലും പിന്തുടര്‍ന്നു. സുല്‍ത്താന്‍ മാലിക് ഷാ ജ്യോതിശാസ്ത്രത്തേക്കാളേറെ ജ്യോതിഷത്തില്‍ തല്‍പരനായിരുന്നു. തന്റെ ഭരണത്തെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും എന്താണ് നക്ഷത്രരാശികള്‍ പറയുന്നത് എന്നദ്ദേഹം ഉമര്‍ ഖയ്യാമിനോട് ചോദിച്ചു. നക്ഷത്രങ്ങള്‍ നിര്‍ജീവ വസ്തുക്കളാണെന്നും ഭാവി പ്രവചനവുമയി നക്ഷത്രങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും പെട്ടെന്ന് സുല്‍ത്താനോട് പറയുന്നത് അപകടകരമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാല്‍ സാവധാനത്തില്‍ മുന്‍കരുതലോടെ സുല്‍ത്താനെ ബോധ്യപ്പെടുത്താം എന്ന് ഖയ്യാം തീരുമാനിച്ചു. കൃത്യമായ ജ്യോതിശാസ്ത്ര കലണ്ടര്‍ നിര്‍മാണത്തില്‍ അദ്ദേഹം മുഴുകി. മതാചാരങ്ങള്‍ക്കുള്ള കൃത്യദിനങ്ങളും സമയങ്ങളും നിര്‍ണയിക്കുക മാത്രമല്ല ജനങ്ങളുടെ നിത്യജീവിതത്തിനും ഭരണനിര്‍വഹണത്തിനും സമയനിഷ്ഠക്ക് ഉപകരിക്കുന്ന കലണ്ടര്‍ ആണ് ആദ്യം പ്ലാന്‍ ചെയ്തത്.

ബാഗ്ദാദിലെ ലോകപ്രസിദ്ധമായ, ഇമാം ഗസ്സാലി അധ്യാപകനായ നിസാമിയ്യ സര്‍വകലാശാലയ്ക്ക് ആ പേര് ലഭിക്കാന്‍ കാരണമായ പ്രതിഭയും ഉമര്‍ ഖയ്യാമിന്റെ രക്ഷാധികാരിയുമായിരുന്ന നിസാമുല്‍ മുല്‍ക്ക് 1092ല്‍ വധിക്കപ്പെട്ടു. സുല്‍ത്താന്‍ മാലിക് ഷായും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പിന്നീട് സുല്‍ത്താനയായ മാലിക് ഷായുടെ ഭാര്യക്ക് ഖയ്യാമിനോട് വെറുപ്പായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ഇസ്ഫഹാനിലെ കൊട്ടാരത്തില്‍നിന്ന് പുറത്തിറങ്ങേണ്ടി വന്നു. പിന്തുണ നഷ്ടപ്പെട്ട അദ്ദേഹത്തെ, പരമ്പരാഗത വിശ്വാസത്തെ ചോദ്യം ചെയ്തവന്‍ എന്നു മുദ്രകുത്തി പുരോഹിതന്‍മാര്‍ പ്രതിക്കൂട്ടിലാക്കി. ഗലീലിയോ ഗലീലി, ഭൂമി സൂര്യനെ ചുറ്റുകയാണ് ചെയ്യുന്നത് എന്നു പറഞ്ഞതിന്റെ പേരില്‍ നേരിടേണ്ടി വന്ന അതേ വിശ്വാസവിചാരണക്ക് ഖയ്യാമും വിധേയനായി. തെളിവ് സഹിതം അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങള്‍ പുരോഹിതന്‍മാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. തൻറെ വിശ്വാസം ശരിയാക്കാന്‍ മക്കയിലേക്ക് തീര്‍ത്ഥാടനത്തിന് പോകാം എന്നുപറഞ്ഞ് അവരുടെ മുമ്പില്‍നിന്നും തത്കാലം രക്ഷപെട്ടു. പക്ഷേ മക്കയില്‍നിന്നും തിരിച്ചുവരുമ്പോള്‍ അദ്ദേഹം പുരോഹിതരുടെ വിശ്വാസങ്ങള്‍ക്ക് മുമ്പില്‍ കീഴടങ്ങുമെന്ന് പ്രതീക്ഷിച്ച് അവര്‍ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. അതിനാല്‍ ചില നിലപാടുകള്‍ അറിഞ്ഞുകൊണ്ട് തന്നെ മാറ്റിപ്പറയാന്‍ ഖയ്യാം നിര്‍ബന്ധിതനായി. അദ്ദേഹത്തിന്റെ ശാസ്ത്രഗവേഷണ പുരോഗതി കെട്ടടങ്ങി എന്നുതോന്നി.

എന്നാല്‍ 1118ല്‍ മാലിക് ഷായുടെ മൂന്നാമത്തെ മകന്‍ സുല്‍ത്താന്‍ ആയതോടെ അദ്ദേഹം ഉമര്‍ ഖയ്യാമിന് ബുദ്ധിപരമായ സ്വാതന്ത്ര്യം നല്‍കി. പുതിയ രക്ഷാധികാരിയെ കിട്ടിയതോടെ ഗവേഷണം പുനരാരംഭിച്ചു. മാത്രമല്ല ( തലസ്ഥാനം ഇസ്ഫഹാനില്‍നിന്നും മര്‍വയിലേക്ക് മാറ്റിയതും അദ്ദേഹത്തിന് ആശ്വാസകരമായി. 1074ല്‍ നൈസാപൂരില്‍ അദ്ദേഹം ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. ഉഷ്ണമേഖലയെക്കുറിച്ച ഒരു കലണ്ടറും അത്താരീഖുല്‍ ജലാലി എന്ന പേരില്‍, നിലവിലുണ്ടായിരുന്ന ഗ്രിഗേറിയന്‍ കലണ്ടറിനേക്കാള്‍ കൃത്യമായ മറ്റൊരു കലണ്ടറും തയ്യാറാക്കി. ഗ്രിഗേറിയന്‍ കലണ്ടറില്‍ 3330 വര്‍ഷം കഴിയമ്പോള്‍ ഒരു ദിവസത്തിന്റെ തെറ്റ് വന്നിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കലണ്ടറില്‍ 5000 വര്‍ഷം കഴിയുമ്പോഴേ ഒരു ദിവസത്തിന്റെ തെറ്റ് വരികയുള്ളു എന്ന് ഫിലിപ് കെ.ഹിറ്റി, History of Arabs, p. 377. അരീത്ത് മെറ്റിക്കും ആള്‍ജിബ്രയും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ച അദ്ദേഹം 25 ഗണിതശാസ്ത്ര ഇക്വേഷനുകള്‍ വേര്‍തിരിച്ചു രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കവിതാസമാഹാരമാണ് റുബഇയ്യാത്ത്. വസ്വിയ്യത്ത് പ്രകാരം, നിഷാപൂരില്‍ റോസാദളങ്ങള്‍ വിതറിയ ഖബറിടത്തിലാണ് ഉമറുല്‍ ഖയ്യാമിനെ മറവ് ചെയ്തത്. അദ്ദേഹത്തിന്റെ കല്ലറ റോസാചെടികള്‍ കൊണ്ട് മൂടിയ അവസ്ഥയിലാണിപ്പോള്‍.

print

No comments yet.

Leave a comment

Your email address will not be published.