നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -3

//നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -3
//നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -3
ആനുകാലികം

നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -3

നി നബി-സൗദ വിഷയത്തിലേക്ക് വരാം. ആദ്യ ഭാര്യയായിരുന്ന ഖദീജ(റ)യുടെ മരണശേഷമാണ് നബി (സ) ബഹുഭാര്യത്വം സ്വീകരിക്കുന്നത്. ഖദീജ(റ)യുടെ മരണശേഷം നബി (സ) ആദ്യമായി വിവാഹം കഴിച്ചത് സൗദ(റ)യെ ആയിരുന്നു. ഏകദേശം ആ സമയത്തുതന്നെ ആഇശ(റ)യുമായും നബി (സ) വിവാഹ ഉടമ്പടിയില്‍ എത്തിയിരുന്നെങ്കിലും അവര്‍ ദാമ്പത്യം ആരംഭിച്ചത് മദീനയില്‍ വെച്ച് മാത്രമാണ്. ഖദീജ(റ)യുമായും സൗദ(റ)യുമായും ആണ് നബി(സ)ക്ക് ഏകപത്‌നിത്വം ഉണ്ടായിരുന്നത്. ഹിജ്‌റ ചെയ്ത് നബി(സ)യും സൗദ(റ)യും മദീനയില്‍ എത്തുകയും ശേഷം നബി(സ) ആഇശ(റ)യുമായി വീട് കൂടുകയും ചെയ്തതോടെ അവിടുത്തെ ബഹുഭാര്യത്വത്തിന് തുടക്കമായി; പിന്നീടാണ് മറ്റു വിവാഹങ്ങളൊക്കെ ഉണ്ടാകുന്നത്. ആഇശ (റ) കൗമാരത്തിന്റെ തുടക്കത്തിലുള്ള കന്യകയും സൗദ (റ) വാര്‍ധക്യത്തോടടുക്കുന്ന വിധവയും ആയിരുന്നു. ഇത്രയും കാര്യങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ വ്യാപകമായി അറിയപ്പെടുന്നതാണ്. മുഹമ്മദ് നബി(സ)യുടെ പ്രബോധനാരംഭത്തില്‍ തന്നെ ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു മക്കക്കാരായ സൗദ(റ)യും ഭര്‍ത്താവ് സകറാനും (റ). വിശ്വാസികള്‍ക്കുനേരെ മക്കയിലെ ബഹുദൈവാരാധകര്‍ പീഡനങ്ങളഴിച്ചുവിട്ടപ്പോള്‍ പിറന്ന നാടും വീടും ഉപേക്ഷിച്ച് ആദര്‍ശ സംരക്ഷണാർത്ഥം അബ്‌സീനിയയിലേക്ക് പലായനം ചെയ്ത ആദ്യകാല മുസ്‌ലിംകളില്‍ സൗദ-സകറാന്‍ കുടുംബം ഉള്‍പ്പെടുന്നു. പിന്നീടവര്‍ മക്കയിലേക്ക് തിരിച്ചെത്തുകയും സകറാന്‍ (റ) മരിക്കുകയും ചെയ്തു. സൗദ (റ) വിധവയും അവരുടെ ചെറിയ മക്കള്‍ അനാഥരും ആയിത്തീര്‍ന്നു. ഈയൊരു പശ്ചാത്തലത്തിലാണ്, ഖദീജ(റ)യുടെ മരണശേഷം ഖവല ബിന്‍ത് ഹകീം (റ) എന്ന സ്വഹാബി വനിതയുടെ നിര്‍ദേശപ്രകാരം നബി (സ) സൗദ(റ)യെ വിവാഹം കഴിച്ച് അവരോടും മക്കളോടുമൊത്ത് ജീവിതം ആരംഭിക്കുന്നത്.(11) കേവലമായ ദാമ്പത്യലക്ഷ്യങ്ങള്‍ക്കപ്പുറത്ത്‌, ഇസ്‌ലാമില്‍ ത്യാഗനിഷ്ഠയോടെ ഉറച്ചുനിന്ന ഒരു മഹിളാ രത്‌നത്തിന് അവരുടെ ജീവിതസായാഹ്‌നത്തില്‍ തുണയാവുക എന്ന നേതൃദൗത്യം കൂടിയാണ് നബി (സ) പ്രസ്തുത വിവാഹത്തിലൂടെ നിര്‍വഹിച്ചതെന്ന കാര്യം സുതരാം വ്യക്തമാണ്. ഇന്‍ഡ്യ പോലുള്ള പ്രദേശങ്ങളില്‍ ഹിന്ദു ധര്‍മശാസ്ത്രങ്ങളുടെ അനുശാസനങ്ങള്‍ പ്രകാരം കൗമാരം പിന്നിട്ടിട്ടില്ലാത്ത വിധവകളുടെ പോലും പുനര്‍വിവാഹം മഹാപാപമായി ഗണിക്കപ്പെട്ടിരുന്ന(12) കാലത്താണ് നബി (സ) വാര്‍ധക്യത്തിലേക്കു പ്രവേശിക്കാനൊരുങ്ങുന്ന ഒരുമ്മയെയും അവരുടെ കുഞ്ഞുങ്ങളെയും ജീവിതത്തിലേക്ക് ചേര്‍ത്തുവെച്ചത്. സൗദ (റ) മാത്രമല്ല, നബിപത്‌നിമാരായിരുന്ന ഖദീജ(റ)യും ഹഫ്‌സ(റ)യും സയ്‌നബ് ബിന്‍ത് ഖുസ്‌യ്മ(റ)യും ഉമ്മു സലമ(റ)യും ഉമ്മു ഹബീബ(റ)യും മയ്മൂന(റ)യും ഒക്കെ ആ ജീവിതത്തിലേക്ക് സ്വീകരിക്കപ്പെട്ടത് വിധവകളായിരിക്കെയാണ്.

മദീനാ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍, സൗദ (റ) വൃദ്ധയായശേഷം, നബി(സ) സൗദ(റ)യോടൊപ്പം രാത്രി പങ്കിടുന്നത് അവസാനിപ്പിക്കുകയും അവരുടെ ഊഴം കൂടി കൂട്ടി ആഇശ(റ)ക്ക് മറ്റു ഭാര്യമാരില്‍നിന്ന് വ്യത്യസ്തമായി രണ്ടു രാത്രികള്‍ നല്‍കുന്ന രീതി ആരംഭിക്കുകയും ചെയ്തതാണ് നബി-സൗദ ബന്ധത്തിലെ ‘പ്രശ്‌ന’മായി വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ഇങ്ങനെയൊരു തീരുമാനം നബി (സ) എടുത്തത് സൗദ (റ) തന്നെ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് ഇത് സംബന്ധമായ രേഖകളെല്ലാം വ്യക്തമാക്കുന്നുണ്ട്. പ്രബലമായ ഹദീഥുകളുടെ ഏറ്റവും പ്രാമാണികമായ ശേഖരമായ സ്വഹീഹുല്‍ ബുഖാരിയില്‍ വായിക്കാനാവുന്നത് ഇങ്ങനെയാണ്: ‘സൗദ ബിന്‍ത് സംഅ (റ) തന്റെ ദിവസം ആഇശ(റ)ക്ക് സമ്മാനമായി നല്‍കി.’(13) ‘സമ്മാനങ്ങള്‍ നല്‍കല്‍- അതിന്റെ മഹത്വവും അതിനുള്ള പ്രോത്സാഹനവും’ എന്ന തലക്കെട്ടിലുള്ള കിതാബില്‍, ‘ഭര്‍ത്താവ് അല്ലാത്തവര്‍ക്ക് ഭാര്യ സമ്മാനങ്ങള്‍ നല്‍കല്‍’ എന്ന അധ്യായത്തിലാണ് ഇമാം ബുഖാരി ഈ ഹദീഥ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൃദ്ധയായിക്കഴിഞ്ഞിരുന്ന സൗദ (റ) നബി(സ)യുടെ സഹശയനം തീര്‍ത്തും ചെറുപ്പക്കാരിയായിരുന്ന ആഇശ(റ)ക്ക് ദാനമായി നല്‍കിയതിനെ മറ്റുള്ളവര്‍ക്ക് ഔദാര്യപൂര്‍വം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുക എന്ന സദ്ഗുണത്തിന്റെ ഉദാഹരണമായിട്ടാണ് ഇസ്‌ലാമിക പാരമ്പര്യം പരിഗണിക്കുന്നത് എന്നര്‍ത്ഥം. ആദ്യ ഭര്‍ത്താവിനോടൊത്ത് ദീര്‍ഘവര്‍ഷങ്ങള്‍ ജീവിക്കുകയും ആഇശ(റ)ക്കും മൂന്നുവര്‍ഷത്തോളം മുമ്പ് മക്കയില്‍ എല്ലാ രാത്രിയും ലഭിക്കുന്ന തരത്തില്‍ നബി(സ)യോടൊത്ത് ഏകപത്‌നിത്വം പോലെ കിടപ്പറ ആസ്വദിച്ചുതുടങ്ങുകയും മദീനയില്‍ വൃദ്ധയായിട്ടും നബി(സ)യോടൊത്തുള്ള സഹശയനം തുടരുകയും ചെയ്യാനവസരമുണ്ടായ സൗദ (റ), ചെറുപ്പക്കാരിയും കന്യകയായി നബിജീവിതത്തിലേക്ക് കടന്നുവന്നവരുമായ ആഇശ(റ)ക്ക് തന്റെ ഊഴം വിട്ടുകൊടുക്കാന്‍ സന്മനസ്സ് കാണിക്കുകയായിരുന്നു. ആഇശ(റ)ക്കും ശേഷം നബിജീവിതത്തിലേക്ക് എട്ടു ഭാര്യമാര്‍ കൂടി കടന്നുവരികയും രാത്രികള്‍ അവർക്കെല്ലാവർക്കുമിടയില്‍ വിഭജിക്കപ്പെടുകയും ചെയ്ത കാര്യം കൂടി ഓര്‍ക്കുമ്പോഴാണ് ആഇശ(റ)ക്ക് സൗദ(റ)യുടെ തീരുമാനം എത്ര വലിയ അനുഗ്രഹമായിട്ടുണ്ടാകുമെന്ന് പൂര്‍ണമായി തിരിച്ചറിയാനാവുക.

സ്വഹീഹുല്‍ ബുഖാരിയിലെ പരാമൃഷ്ട ഹദീഥില്‍, മുഹമ്മദ് നബി(സ)ക്ക് തന്നോടുള്ള ഇഷ്ടം വര്‍ധിക്കാന്‍ ഈ നടപടി നിമിത്തമാകണമെന്ന് സൗദ (റ) ആഗ്രഹിച്ചിരുന്നതായി ആഇശ (റ) പറയുന്നുണ്ട്. ഭര്‍ത്താവിനോടൊത്ത് രാത്രി അനിവാര്യമല്ലാത്ത ജീവിതഘട്ടത്തിലെത്തിയിരുന്ന സൗദ (റ), അതിന് കൂടുതല്‍ ആവശ്യമുള്ള ഒരാള്‍ക്ക് അത് വിട്ടുകൊടുക്കാന്‍ കാണിച്ച പക്വതയും വിവേചനബുദ്ധിയും മുഹമ്മദ് നബി(സ)യില്‍ അവരെക്കുറിച്ചുള്ള മതിപ്പ് വളര്‍ത്തിയിട്ടുണ്ടാകുമെന്ന കാര്യം വ്യക്തമാണ്. പത്‌നിമാരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന് ഏറ്റവുമധികം വൈകാരിക ബന്ധമുള്ള ആഇശ(റ)ക്കാണ് സൗദ (റ) ഊഴം നല്‍കിയത് എന്നതും, നബി(സ)യെ സന്തോഷിപ്പിച്ചിട്ടുണ്ടാകും. ഭര്‍ത്താവിനെ സംബന്ധിച്ച് ഭാര്യക്ക് സ്വാഭാവികമായും ഉണ്ടാകാവുന്ന അവകാശബോധവും ബഹുഭാര്യത്വത്തില്‍ ഭാര്യമാര്‍ക്കിടയില്‍ സാധാരണഗതിയില്‍ പ്രതീക്ഷിക്കപ്പെടുന്ന മാത്സര്യവും സൗദ(റ)യെ വിചാരപരമായി അന്ധയാക്കിയില്ലെന്നത് അവരുടെ മഹത്വത്തിന് തന്നെയാണ് ശക്തിയായി അടിവരയിടുന്നത്. അതുകൊണ്ടുതന്നെ ആഇശ(റ)യെപ്പോലുള്ളവര്‍ സൗദ(റ)യോട്, അവരുടെ ഈ വ്യക്തിത്വ ഗുണങ്ങള്‍ കാരണമായി, വലിയ ആദരവാണ് വെച്ചുപുലര്‍ത്തിയിരുന്നത്. സൗദ (റ) ആഇശ(റ)ക്ക് തന്റെ രാത്രികള്‍ വിട്ടുനല്‍കിയതിനെപ്പറ്റി പറയുന്ന ഒരു നിവേദനം മറ്റൊരു അതിപ്രാമാണിക ഹദീഥ് സമാഹാരമായ സ്വഹീഹു മുസ്‌ലിമിലും ഉണ്ട്. അതില്‍, ആഇശ (റ) സംസാരം ആരംഭിക്കുന്നത് ‘സൗദ(റ)യെപ്പോലെയാകാന്‍ ആഗ്രഹിക്കുന്നതുപോലെ മറ്റാരെപ്പോലെയുമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ എന്നുപറഞ്ഞുകൊണ്ടാണ്.(14) തനിക്കിനിയും പ്രാപിക്കാനായിട്ടില്ലാത്ത ഉയരത്തിലാണ് ത്യാഗസന്നദ്ധത കൊണ്ടും മറ്റും സൗദ (റ) നില്‍ക്കുന്നതെന്നും, അവരോട് താരതമ്യപ്പെടുത്താവുന്ന സ്ത്രീകള്‍ വേറെയില്ലെന്നുമുള്ള മനോഭാവമാണ് ആഇശ(റ)ക്കുണ്ടായിരുന്നത് എന്ന് ഇത് സൂചിപ്പിക്കുന്നുണ്ട്.

സ്വഹീഹു മുസ്‌ലിമില്‍ ഈ ഹദീഥ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ‘ഭാര്യക്ക് തന്റെ ഊഴം സഹഭാര്യക്ക് സമ്മാനമായി നല്‍കാനുള്ള അനുവാദം’ എന്ന തലക്കെട്ടിനു കീഴിലാണ്. നബി-സൗദ വിഷയത്തിലുള്ള കര്‍മശാസ്ത്രപരമായ പാഠമെന്താണെന്നാണ് ഈ തലക്കെട്ട് വ്യക്തമാക്കുന്നത്. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നുവെന്നു തോന്നുമ്പോള്‍ ഒരു ഭാര്യ തന്റെ ഊഴം മറ്റൊരു ഭാര്യക്ക്‌ വിട്ടുകൊടുക്കുന്നത് ബഹുഭാര്യത്വത്തില്‍ ഉണ്ടാകണമെന്ന് ഇസ്‌ലാം അനുശാസിക്കുന്ന നീതിക്ക് വിരുദ്ധമല്ലെന്ന യാഥാര്‍ത്ഥ്യത്തെയാണ് അത് അനാവരണം ചെയ്യുന്നത്. നിഷ്‌കൃഷ്ടമായ ബഹുഭാര്യത്വ നീതിയുടെ ജ്വലിക്കുന്ന പ്രകാശനമായിരുന്ന മുഹമ്മദ് നബി (സ) തന്നെയാണല്ലോ, ഒരു ഭാര്യ മറ്റൊരു ഭാര്യയെ ഇവ്വിധം സഹായിക്കാന്‍ മുതിര്‍ന്നാല്‍ അതിനെ അംഗീകരിക്കുന്നത് നീതിയുടെ താല്‍പര്യത്തിന് വിരുദ്ധമല്ലെന്ന് വിശ്വാസികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടത്. ദമ്പതിമാര്‍ തമ്മില്‍ ഇത്തരം ധാരണകളില്‍ എത്തുന്നതിനാണ് നേരത്തെ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനം (4:122) അനുവാദം നല്‍കുന്നത്. ഈ ക്വുര്‍ആന്‍ വചനത്തിന്റെ അവതരണ പശ്ചാത്തലം തന്നെ നബി-സൗദ ധാരണയാണെന്ന് ഇബ്‌നു അബ്ബാസിനെയും (റ)(15) ആഇശ (റ)യെയും(16) പോലുള്ള പ്രഗല്‍ഭരായ പ്രവാചകാനുചരന്‍മാര്‍ കരുതിയിരുന്നു. ചില അവകാശങ്ങള്‍ വേണ്ടെന്നുവെച്ചുകൊണ്ട് ഒരു വിവാഹബന്ധത്തില്‍ തുടരുക എന്ന രീതി ഇണകൾക്ക്‌ അനുവദനീയമാണെന്നും അവകാശങ്ങള്‍ക്ക് പൂര്‍ണമായി അവസരമില്ലാത്തവരെല്ലാം വിവാഹമോചനം എന്ന വഴി തന്നെ സ്വീകരിക്കേണ്ടതില്ലെന്നും വിശ്വാസികളെ പഠിപ്പിക്കുകയാണ് പ്രസ്തുത ക്വുര്‍ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യമെന്ന് ആഇശ (റ) വിശദീകരിച്ചത് പ്രബലമായ ഒട്ടേറെ നിവേദനങ്ങളിൽ കാണാം.(17) സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന വിധത്തില്‍ ചില അവകാശങ്ങള്‍ വേണ്ടെന്നു വെക്കാന്‍ സൗദ(റ)യെ അത്തരക്കാർക്ക്‌ ഈ ക്വുര്‍ആന്‍ വാക്യത്തിന്റെ വെളിച്ചത്തില്‍ മാതൃകയാക്കാം എന്നു ചുരുക്കം. അങ്ങനെയുള്ള ഒത്തുതീര്‍പ്പുകള്‍ സ്ത്രീക്ക് ഗുണകരമാകുന്ന സാഹചര്യങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ നാം നേരത്തെ വിശദീകരിച്ചതാണ്. അവയെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ആര്‍ക്കും, ഇസ്‌ലാമിന്റെ ഈ നിയമത്തില്‍ മാനവിക വിരുദ്ധമായി യാതൊന്നും ഉള്ളതായി കണ്ടെത്താന്‍ കഴിയില്ല.

കുറിപ്പുകള്‍

11. For details, see Ismail K. Poonawala (Tr.), The History of al-Tabari- vol IX: The Last Years of the Prophet (New York: State University of New York Press, 1990), P. 130; Ella Landau-Tasseron (Tr.), The History of al-Tabari- Vol.XXXIX: Biographies of the Prophet’s companions and their successors (New York: State University of New York Press, 1998) pp.169-71.
12. See, for instance, Chira Kisore Bhaduri, ‘Widow Marriage in Vedic India’,  Proceedings of the  Indian History Congress (1984), Vol.45, pp. 229-36.
13. ബുഖാരി, സ്വഹീഹ് (കിതാബുല്‍ ഹിബതി വ ഫദ്‌ലിഹാ വത്തഹ്‌രീദു അലയ്ഹാ-ബാബു ഹിബതില്‍ മര്‍അതി ലി ഗ്വയ്‌രി സൗജിഹാ).
14. മുസ്‌ലിം, സ്വഹീഹ് (കിതാബുര്‍റദാഅ് -ബാബു ജവാസി ഹിബതി ഹാ നൗബതഹാ ലിദര്‍റതിഹാ).
15. തിര്‍മിദി, ജാമിഅ് (കിതാബു തഫ്‌സീരില്‍ ഖുര്‍ആനി അന്‍ റസൂലില്ലാഹ്).
16. അബൂ ദാവൂദ്, സുനന്‍ (കിതാബുന്നികാഹ് -ബാബു ഫില്‍ ഖിസ്മി ബയ്‌നന്നിസാഅ്).
17. ബുഖാരി, സ്വഹീഹ് (കിതാബുന്നികാഹ് -ബാബു വ ഇന്‍ ഇംറഅതുന്‍ ഖാഫത് മിന്‍ ബഗ്‌ലിഹാ നുശൂസന്‍ ഔ ഇഅ്റാദന്‍; കിതാബുസ്സ്വുല്‍ഹ്‌ -ബാബു ക്വൗലുല്ലാഹി തആലാ അയ്യുസ്‌ലിഹാ   ബയ്‌നഹുമാ   സ്വുല്‍ഹന്‍ വസ്സ്വുല്‍ഹു ഖയ്ർ; കിതാബുത്തഫ്‌സീര്‍; കിതാബുല്‍ മള്വാലിം -ബാബു ഇദാ ഹല്ലലഹു മിന്‍ ള്വുല്‍മിഹി ഫലാ റുജൂഅ ഫീഹി); മുസ്‌ലിം, സ്വഹീഹ് (കിതാബുത്തഫ്‌സീര്‍).
print

1 Comment

  • ماشاء الله تبارك الله

    naeem Mongam 08.03.2020

Leave a comment

Your email address will not be published.