നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -2

//നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -2
//നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -2
ആനുകാലികം

നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -2

വിവാഹത്തെ വളരെ പ്രായോഗികമായാണ് ഇസ്‌ലാം സമീപിക്കുന്നത്. മനുഷ്യരെ സംവിധാനിച്ച പ്രപഞ്ചനാഥന്‍ മനുഷ്യപ്രകൃതത്തെ കണക്കിലെടുത്തുകൊണ്ടല്ലേ നിയമങ്ങള്‍ അവതരിപ്പിക്കൂ! എല്ലാം തത്ത്വപ്രകാരം സംഭവിക്കുന്ന യുട്ടോപിയ അല്ല ദാമ്പത്യം. സ്ത്രീക്കോ പുരുഷനോ രണ്ടു പേര്‍ക്കുമോ ഒത്തുപോകാന്‍ പറ്റാത്തവിധം സംഘര്‍ഷഭരിതമോ താല്‍പര്യരഹിതമോ ആയ അവസ്ഥകളില്‍ അതെത്തിപ്പെട്ടെന്നു വരാം. ബഹുഭാര്യത്വത്തിലും ഏകഭാര്യത്വത്തിലുമൊക്കെ ഇത് സംഭവിക്കാം. അങ്ങനെ സംഭവിക്കുന്നവര്‍ ഒരു ജീവപര്യന്തം തടവായി ആ വിവാഹത്തെ സ്വീകരിക്കണമെന്ന സങ്കല്‍പം ഇസ്‌ലാം അവതരിപ്പിക്കുന്നില്ല. വിവാഹം പോലെ വിവാഹമോചനവും സാധുവാണെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. തീര്‍ത്തും സ്വാഭാവികമായ മനുഷ്യവ്യവഹാരങ്ങളാണ് രണ്ടും. പുരുഷനു മാത്രം വിവാഹമോചനാവകാശം നല്‍കുന്ന പഴയ നിയമത്തിന്റെയോ(6) വിവാഹമോചനമെന്ന സാധ്യതയെ തന്നെ ലിംഗവ്യത്യാസമില്ലാതെ നിഷേധിക്കുന്ന പുതിയ നിയമത്തിന്റെയോ(7) പെണ്ണിനെ വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനും അനുവദിക്കാത്ത ഹിന്ദു ധര്‍മശാസ്ത്രങ്ങളുടെയോ(8) കാഴ്ചപ്പാടല്ല ഇസ്‌ലാമിന് ഈ വിഷയത്തിലുള്ളത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനാണ് പരമാവധി ശ്രമിക്കേണ്ടത് എന്നും കാരണങ്ങള്‍ കൂടാതെ വിവാഹമോചനത്തിന് മുതിരരുതെന്നും ഇസ്‌ലാം ഉദ്‌ബോധിപ്പിക്കുന്നുണ്ട്. എന്നാല്‍ വേര്‍പിരിയലാണ് സന്തോഷവും സ്വാതന്ത്ര്യവുമെന്ന് ബോധ്യമുണ്ടെങ്കില്‍ വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനും അത് പുരുഷനെയും സ്ത്രീയെയും അനുവദിക്കുന്നു. വിവാഹമോചനത്തെയോ വിവാഹമോചിതരെയോ അപലക്ഷണമായി ഇസ്‌ലാം കാണുന്നില്ല. വിവാഹമോചനങ്ങള്‍ പ്രവാചക ശിഷ്യന്‍മാരുടെ ജീവിതത്തില്‍ തന്നെ ഉണ്ടായിട്ടുണ്ട്. വിവാഹമോചിതകളായ സ്ത്രീകളെ നബി (സ) തന്നെ വിവാഹം കഴിച്ച് ഏറ്റെടുത്തിട്ടുണ്ട്. വിവാഹത്തില്‍നിന്ന് വേര്‍പിരിയാനുള്ള അവസരം ഒരടിസ്ഥാന മനുഷ്യാവകാശമായി സര്‍വര്‍ക്കും ബോധ്യം വന്നിട്ടുള്ള ആധുനിക ലോകക്രമത്തില്‍ ഇസ്‌ലാമിക വിവാഹമോചന ദര്‍ശനത്തിന്റെ മാനവികതയെക്കുറിച്ച് കൂടുതലായി ഉപന്യസിക്കേണ്ടി വരും എന്ന് തോന്നുന്നില്ല.

ഭാര്യമാരില്‍ ആരെയും കെട്ടിയിടരുത് എന്ന ക്വുര്‍ആനികാധ്യാപനം വിവാഹമോചനവും ഒരവകാശമാണെന്ന വസ്തുതക്ക്‌ കൂടിയാണ് അടിവരയിടുന്നത്. ഭാര്യയോടൊത്ത് ജീവിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത ഒരു ഭര്‍ത്താവ് ചെയ്യേണ്ടത് ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന അവസ്ഥയില്‍ അവളെ ആ വിവാഹത്തിന്റെ ‘തടവറയില്‍’ കെട്ടിയിടുകയല്ല, മറിച്ച് വിവാഹമോചനത്തിലൂടെ സ്വാതന്ത്ര്യം നല്‍കി മറ്റൊരു ജീവിതം കെട്ടിപ്പടുക്കാന്‍ അവളെ അനുവദിക്കുകയാണ് എന്നു കൂടിയാണ് ആ ക്വുര്‍ആന്‍ വചനത്തിന്റെ അര്‍ത്ഥം. ഒന്നുകില്‍ മറ്റു ഭാര്യമാർക്ക്‌ നൽകുന്നതുപോലെ നല്ല നിലയിലുള്ള ഒരു സഹജീവിതം അവര്‍ക്ക് സമ്മാനിക്കുക, അതിന് സാധ്യമല്ലാത്തവിധം മാനസികമായി അകന്നിട്ടുണ്ടെങ്കില്‍ അവള്‍ക്ക് മാന്യമായി സ്വാതന്ത്ര്യം നല്‍കുക -ഇതാണ് ക്വുര്‍ആന്‍ പറയുന്നത്. ഏകഭാര്യത്വത്തേക്കാള്‍ ബഹുഭാര്യത്വത്തില്‍ ഇത് ഊന്നിപ്പറയേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് വളരെ വ്യക്തമാണ്. പുരുഷന് താല്‍പര്യമുള്ള വേറെ ഭാര്യമാര്‍ ഉള്ള സ്ഥിതിക്ക് ബന്ധത്തില്‍ പ്രശ്‌നങ്ങളുള്ള ഭാര്യയുടെ അവസ്ഥ അയാളെ മാനസികമായി ബാധിച്ചുകൊള്ളണം എന്നില്ല. അവളെ വിവാഹമോചനം ചെയ്യാതെ തന്നെ മറ്റുള്ളവരില്‍നിന്ന് ദാമ്പത്യം അനുഭവിച്ച് അയാള്‍ക്ക് സംതൃപ്തി നേടാനാകും. അവളോടുള്ള വൈരം, അവള്‍ക്ക് വിവാഹമോചനം നല്‍കാതെ ‘കെട്ടിയിട്ട്’ പീഡിപ്പിക്കാന്‍ പുരുഷനെ പ്രേരിപ്പിച്ചുകൂടെന്ന് അതിനാല്‍ തന്നെ പ്രത്യേകമായി കല്‍പ്പിക്കേണ്ടി വരുന്നു. പെണ്‍പക്ഷത്തുനിന്നുകൊണ്ടും പുരുഷാധിപത്യ ദുഷ്പ്രവണതകളുടെ മസ്തകം തകര്‍ത്തുകൊണ്ടുമാണ് ക്വുര്‍ആന്‍ ഇവ്വിധം ബഹുഭാര്യത്വത്തില്‍ മാനവികത ഉറപ്പുവരുത്തുന്നത്. ‘കെട്ടിയിട്ടപോലെ’ ആക്കരുതെന്ന് ഉത്തരവിടുന്ന വചനത്തിന്റെ തൊട്ടുശേഷമുള്ള ക്വുര്‍ആന്‍ വാക്യത്തിന്റെ ആശയം ഇപ്രകാരമാണ്: ”ഇനി അവര്‍ വേര്‍പിരിയുകയാണെങ്കില്‍, അല്ലാഹു അവന്റെ അനന്തമായ സമൃദ്ധിയില്‍നിന്ന് എല്ലാവര്‍ക്കും ധന്യത പ്രദാനം ചെയ്യുന്നവനാണ്; അല്ലാഹു വിശാലതയുള്ളവനും സര്‍വജ്ഞനുമാകുന്നു.”(9)

ഇത്രയും പറഞ്ഞതില്‍നിന്ന്, ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് ലഭിക്കേണ്ട അവകാശങ്ങളെ ഇസ്‌ലാം അതീവപ്രാധാന്യത്തോടുകൂടി കാണുന്നുവെന്നും അവ നിഷേധിക്കുവാന്‍ മാത്രം ഭാര്യയോട് വിമുഖതയുള്ളവര്‍ അവര്‍ക്ക് വിവാഹമോചനം നല്‍കുകയാണ് ചെയ്യേണ്ടതെന്നും സ്പഷ്ടമാണല്ലോ. എന്നാല്‍ ഇവിടെ പരിഗണിക്കേണ്ട വേറെ ചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. മരണാനന്തര ജീവിതത്തില്‍ അല്ലാഹുവില്‍നിന്ന് ശിക്ഷ ലഭിക്കുന്ന ഗുരുതരമായ പാപമായിട്ടാണ് ഭാര്യമാരുടെ അവകാശങ്ങള്‍ തടയുന്നതിനെ ഇസ്‌ലാമിക പ്രമാണങ്ങള്‍ നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ, അവരോടുള്ള കടപ്പാടുകള്‍ പൂര്‍ത്തീകരിക്കുവാന്‍ മതബോധമുള്ള മുസ്‌ലിം പുരുഷന്‍മാര്‍ ബദ്ധശ്രദ്ധരായിരിക്കും. പക്ഷേ ഒരു ഭാര്യ തന്റെ ഭര്‍ത്താവില്‍നിന്ന് എല്ലാ അവകാശങ്ങളും ആഗ്രഹിക്കാത്ത സ്ഥിതിയുണ്ടെങ്കിലോ? ഒരു ദാമ്പത്യത്തില്‍ ഭാര്യ അര്‍ഹിക്കുന്ന ചില കാര്യങ്ങള്‍ നല്‍കുന്നതില്‍ ഒരു ഭര്‍ത്താവ് പരാജയപ്പെടുന്നു, അല്ലെങ്കില്‍ അയാള്‍ക്കത് പ്രയാസകരമാണ് എന്നു കരുതുക. എന്നാല്‍ അതിന്റെ പേരില്‍ ആ വിവാഹം അവസാനിപ്പിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല. പ്രസ്തുത അവകാശങ്ങള്‍ അവള്‍ക്ക് അത്രതന്നെ ആവശ്യമില്ലാത്തതിനാലോ വിവാഹമോചനം അവളുടെ പരിതസ്ഥിതിയില്‍ ഗുണകരമല്ലാത്തതിനാലോ ഒക്കെ ആകാം അത്. ഇങ്ങനെ ഒരു അവസ്ഥയില്‍, ‘അവള്‍ക്ക് ഇസ്‌ലാം അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും തനിക്ക് ചെയ്തുകൊടുക്കാനാകുന്നില്ലല്ലോ, അതുകൊണ്ട് അവളെ സ്വതന്ത്രയാക്കാം’ എന്ന് ഭര്‍ത്താവ് തീരുമാനിച്ചാല്‍ പെണ്ണിന്റെ നന്മ ഉദ്ദേശിച്ച് നിര്‍മിക്കപ്പെട്ട ഒരു നിയമം അവളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രയോഗിക്കപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ടാവുക. ചില ഉദാഹരണങ്ങള്‍ നോക്കുക.

1. ഒരു സ്ത്രീ വന്ധ്യയാണ്, എന്നാല്‍ സമ്പന്നയുമാണ്. അവരുടെ ഭര്‍ത്താവ് മക്കളെ ആഗ്രഹിക്കുന്നു, മറ്റൊരു വിവാഹം കഴിക്കാന്‍ ആലോചിക്കുന്നു. പക്ഷേ അയാള്‍ ദരിദ്രനാണ്, രണ്ടു ഭാര്യമാരെ പോറ്റാനുള്ള ശേഷിയില്ല. തന്നെ ഭര്‍ത്താവ് സാമ്പത്തികമായി പിന്തുണക്കേണ്ടതില്ല, തനിക്ക് വിവാഹമോചനം നല്‍കാതെ മറ്റൊരു ഭാര്യയെക്കൂടി സ്വീകരിച്ച് സാമ്പത്തിക പിന്തുണ അവര്‍ക്കു നല്‍കിക്കൊള്ളട്ടെ എന്ന നിലപാട് ആദ്യ ഭാര്യ സ്വീകരിക്കുന്നു.

2. ഒരു ബഹുഭാര്യത്വത്തില്‍ ഒരു സ്ത്രീ ലൈംഗിക താല്‍പര്യം നഷ്ടപ്പെട്ടവരാണ്. അപ്പോള്‍ ‘രാത്രികള്‍ ഇനി എനിക്കാവശ്യമില്ല, സെക്‌സ്‌രഹിതമായ ദാമ്പത്യത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തയാണ്, രാത്രികള്‍ മറ്റു ഭാര്യമാരോടൊപ്പം ചെലവഴിച്ചോളൂ’ എന്ന് അവര്‍ ഭര്‍ത്താവിനോട് പറയുന്നു.

3. മറ്റൊരു ഭാര്യ- അവര്‍ക്ക് ലൈംഗിക ശേഷിയോ താല്‍പര്യമോ നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ അവരുടെ ശരീരം ഭര്‍ത്താവില്‍ വികാരം ഉണര്‍ത്താതാകുന്നു. സ്വാഭാവികമായും അവര്‍ക്ക് സെക്‌സ് നല്‍കുന്നതില്‍ അയാള്‍ പരാജയപ്പെടുന്നു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ അവളിൽ ശാരീരികമായി താൽപര്യം ഉണരുന്ന മറ്റേതെങ്കിലും പുരുഷനായിരുന്നു തന്റെ സ്ഥാനത്തെങ്കില്‍ അവളുടെ ദാമ്പത്യത്തില്‍ സെക്‌സ് സമൃദ്ധമായേനെ എന്ന് ചിന്തിച്ചുകൊണ്ട് പുരുഷന്‍ അവള്‍ക്ക് വിവാഹമോചനം നല്‍കാന്‍ ഒരുങ്ങുന്നു. എന്നാല്‍ സെക്‌സ് തനിക്ക് നിര്‍ബന്ധമില്ലെന്നും അയാളെ വേര്‍പിരിയാന്‍ ഇഷ്ടമില്ലെന്നും ഭാര്യ വ്യക്തമാക്കുന്നു.

4. ഒരു ബഹുഭാര്യത്വത്തില്‍ ഒരു ഭാര്യ അങ്ങേയറ്റം വൃദ്ധയാണ്, അനേക വര്‍ഷങ്ങള്‍ ഭര്‍ത്താവിന്റെ നിഴല്‍പോലെ നിന്നവരാണ്. മറ്റൊരു ഭാര്യ നന്നേ ചെറുപ്പമാണ്, ആയിടെ കല്യാണം കഴിഞ്ഞതാണ്. ആദ്യഭാര്യ വളരെ പക്വമതിയും രണ്ടാം ഭാര്യയെ മനസ്സിലാക്കുന്നവളും നിരുപാധികമായി സ്‌നേഹിക്കുന്നവളുമാണ്. ഭര്‍ത്താവിന്റെ കൂടെ രാത്രികള്‍ പങ്കിടാന്‍ അവസരം വേണ്ടത് രണ്ടാം ഭാര്യക്കാണെന്നും തനിക്കിനി അതാവശ്യമില്ലെന്നും ഉള്ള നിലപാട് ആദ്യഭാര്യ സ്വീകരിക്കുന്നു.

നടേ പറഞ്ഞ തരത്തിലുള്ള സാഹചര്യങ്ങളിലൊന്നും ഭാര്യ വേണ്ടെന്നുവെക്കുന്ന അവകാശങ്ങള്‍ അവര്‍ക്ക് നല്‍കാതിരിക്കുന്നത് പുരുഷന്റെ ഭാഗത്തുനിന്നുള്ള അക്രമം അല്ലെന്നും പ്രസ്തുത ‘അവകാശ നിഷേധ’ങ്ങളുടെ പേരില്‍ വിവാഹമോചനം സംഭവിക്കുന്നത് ഭാര്യക്ക് കരണീയമല്ലെന്നും സുവ്യക്തമാണ്. അതുകൊണ്ടുതന്നെ, ഈ തരത്തിലുള്ള ധാരണകള്‍ ഭാര്യക്കും ഭര്‍ത്താവിനും ഇടയില്‍ രൂപപ്പെട്ടാല്‍ അവ സാധുവാണെന്നും ബഹുഭാര്യത്വത്തില്‍ മുറുകെപ്പിടിക്കേണ്ട നീതിക്കോ ഭാര്യയുടെ അവകാശപൂര്‍ത്തീകരണ തത്ത്വങ്ങള്‍ക്കോ അവ എതിരല്ലെന്നും ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ബഹുഭാര്യത്വത്തില്‍ ഒരു ഭാര്യയെയും കെട്ടിയിട്ടവളെപ്പോലെ ആക്കരുതെന്ന് അരുള്‍ ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ക്വുര്‍ആന്‍ വചനത്തിന്റെ സാരം അപ്രകാരമത്രെ: ”ഭര്‍ത്താവ് തന്നില്‍നിന്ന് അകലുമെന്നോ വേര്‍പിരിയുമെന്നോ ഒരു സ്ത്രീ ആശങ്കിക്കുന്നുവെങ്കില്‍, അവരും ഭര്‍ത്താവും ഒത്തുതീര്‍പ്പുകളില്‍ എത്തുന്നതില്‍ തെറ്റൊന്നുമില്ല. ഒത്തുതീര്‍പ്പ് ഒരു നന്മയാണ്.”(10)

കുറിപ്പുകള്‍

6. ബൈബിള്‍, ആവര്‍ത്തനം 24:12.
7. ബൈബിള്‍, മാര്‍ക്കോസ് 10:2-9.
8. See, for instance, www.16108.com/dharma/training/divorce.htm.
9. ക്വുര്‍ആന്‍ 4:130.
10. ക്വുര്‍ആന്‍ 4:128.

print

No comments yet.

Leave a comment

Your email address will not be published.