നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -4

//നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -4
//നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -4
ആനുകാലികം

നബിയും സൗദയും: പെണ്ണവകാശങ്ങളുടെ നീതിശാസ്ത്രം -4

വൃദ്ധയായ ശേഷം സൗദ (റ) നബി(സ)ക്കുമുന്നില്‍ ഇത്തരമൊരു നിര്‍ദേശം വെച്ചത്, താന്‍ വിവാഹമോചനം ചെയ്യപ്പെടുമോ എന്ന ശങ്ക അവര്‍ക്കുണ്ടായ സന്ദര്‍ഭത്തിലാണെന്ന് ആഇശ (റ) പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിച്ച ഹദീഥില്‍ ഉണ്ട്.(18) മുഹമ്മദ് നബി (സ) സൗദ(റ)യെ വിവാഹമോചനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നോ മുതിര്‍ന്നുവെന്നോ പറയുന്ന ആധികാരികമായ ഒരു നിവേദനവും ഇല്ല. താന്‍ അങ്ങനെ ഭയപ്പെട്ടുവെന്ന് സൗദ (റ) പറയുന്ന നിവദേനങ്ങളും ഇല്ല. എന്നാല്‍ ആഇശ(റ)യുടെ മനസ്സിലാക്കല്‍ ശരിയാണെങ്കില്‍, നബി (സ) അങ്ങനെ യാതൊന്നും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലും സൗദ (റ) അങ്ങനെ സംഭവിച്ചേക്കുമോ എന്ന് സ്വന്തം നിലക്ക് ഭയപ്പെട്ടിരുന്നു എന്ന് വരും. സൗദ(റ)ക്ക് ഇങ്ങനെയൊരു ആശങ്കയുണ്ടാകാന്‍ കാരണം വാര്‍ധക്യം നിമിത്തം നബി(സ)യോടൊത്തുള്ള അവരുടെ രാത്രികള്‍ ലൈംഗികമായി സജീവമല്ലാതായിത്തീര്‍ന്നതാണ് എന്ന് ഹദീഥുകളിലെ പദപ്രയോഗങ്ങളില്‍നിന്ന് പല മുസ്‌ലിം പണ്ഡിതന്‍മാരും ആദ്യകാലം മുതല്‍ക്കുതന്നെ മനസ്സിലാക്കി വന്നിട്ടുണ്ട്. ഇസ്‌ലാം വിമര്‍ശകര്‍ പലരും ഇക്കാര്യമുന്നയിച്ചുകൊണ്ടാണ് നബി(സ)യെ ആക്ഷേപിക്കാന്‍ മുതിരാറുള്ളത്.

നബി-സൗദ ധാരണയുടെ പശ്ചാത്തലം സൗദ(റ)യുടെ ഈ ആശങ്കയും ആ ആശങ്കയുടെ പശ്ചാത്തലം ലൈംഗിക നിർജീവതയുമാണ്‌ എന്ന, ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തില്‍ നിലനില്‍ക്കുന്ന ഒരു വ്യാഖ്യാനധാര ശരിയാണെന്ന് വന്നാല്‍ അതിലെന്താണ് മനുഷ്യത്വത്തിന് വിരുദ്ധമായിട്ടുള്ളത്? മുഹമ്മദ് നബി(സ)യും സൗദ(റ)യും മനുഷ്യരാണ്; അവരുടെ ലൈംഗിക വ്യവസ്ഥ പൂര്‍ണമായും മനുഷ്യരുടെതാണ്. രാത്രികള്‍ ലൈംഗികക്ഷമമല്ലാതാകുന്ന ഇത്തരം ഒരു ഘട്ടം ഏതു ദമ്പതികളുടെ ജീവിതത്തിലും വരാം. അതിനുകാരണം ഒന്നുകില്‍ വാര്‍ധക്യത്തിലെത്തിയ ഭാര്യക്ക് ലൈംഗിക താല്‍പര്യങ്ങള്‍ നഷ്ടപ്പെട്ടതാകാം. അല്ലെങ്കില്‍, വാര്‍ധക്യം ബാധിച്ച ഭാര്യയുടെ ശരീരം ഭര്‍ത്താവിനെ ലൈംഗികമായി ഉണര്‍ത്താത്തതാകാം. ഇതുരണ്ടും ഒരുമിച്ചും സംഭവിക്കാം. ഇതിലേത് സാധ്യത നബി-സൗദ ദാമ്പത്യത്തില്‍ സംഭവിച്ചു എന്നു വന്നാലും അതില്‍ തെറ്റോ കുറ്റമോ ആയി യാതൊന്നും ഇല്ല. യൗവ്വനം അനശ്വരമല്ലാത്ത തരത്തിലുള്ളതാണ് ഇഹലോകത്തെ മനുഷ്യായുസ്സ്. അതിന്റെ എല്ലാ സഹജസവിശേഷതകളോടെയും തന്നെയാണ് നബി(സ)യും പത്‌നിമാരും അവരുടെ ദാമ്പത്യം നയിച്ചിട്ടുള്ളത്. മുഹമ്മദ് നബി(സ)യോ പത്‌നിമാരോ അതിമാനുഷരാണെന്ന് മുസ്‌ലിംകളാരും വിശ്വസിക്കുന്നില്ല. പിന്നെയുള്ളത് അതിന്റെ പേരില്‍ നബി (സ) തന്നെ ഉപേക്ഷിക്കുമോ എന്ന് സൗദ (റ) ആശങ്കിച്ചിരുന്നു എന്ന ആഇശ(റ)യുടെ പ്രസ്താവനയാണ്. ഭാര്യമാരുടെ അവകാശങ്ങളുടെയും ഭാര്യമാര്‍ക്കിടയില്‍ പുലരേണ്ട നീതിയുടെയും കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ആദര്‍ശപുരുഷനാണ് നബി (സ) എന്ന് സ്വന്തം അനുഭവങ്ങളില്‍ നിന്ന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു സൗദ(റ)ക്ക് എന്നാണിത് വാസ്തവത്തില്‍ കാണിക്കുന്നത്. അതുകൊണ്ടാണല്ലോ, രാത്രിയിലുള്ള സഹശയനം വിജയകരമായി നല്‍കാനാവാത്തതിന്റെ പേരില്‍ തനിക്ക് സ്വാതന്ത്ര്യം നല്‍കാന്‍ നബി (സ) തീരുമാനിക്കുമോ എന്ന് അവര്‍ ആശങ്കിക്കുന്നത്. ശാരീരിക സഹശയനം ആവശ്യമോ ആഗ്രഹമോ ഇല്ലാത്തവിധം വൃദ്ധയായിക്കഴിഞ്ഞിട്ടുണ്ട് താനെന്നും അതിനാല്‍ തന്റെ അവസരം ആഇശ(റ)ക്ക് നല്‍കുകയാണെന്നും നബി(സ)യോട് പറയുന്ന സൗദ (റ) ചെയ്യുന്നത് സെക്‌സ്‌രഹിതമായ ദാമ്പത്യത്തില്‍ താന്‍ സംതൃപ്തയാണെന്നും താന്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ലെന്നും സൂചിപ്പിക്കുക കൂടിയാണ്. ഭാര്യമാരെ ‘കെട്ടിയിട്ടവെര’പ്പോലെ ആക്കാതിരിക്കണമെന്ന ഇസ്‌ലാമിക നിഷ്‌കര്‍ഷ നബി(സ)ക്കുണ്ടായിരുന്നതുകൊണ്ട്, തന്റെ കാര്യത്തില്‍ നബി(സ)യുടെ ശരീരം കിട്ടാത്തത് ഒരു കെട്ടിയിടല്‍ അല്ലെന്ന് സൗദ (റ) വ്യക്തമായിത്തന്നെ നബി(സ)യോട് പറഞ്ഞുവെന്ന് സാരം. ഒരിക്കലും നബി(സ)യെ വേര്‍പിരിയരുതെന്ന് അദമ്യമായി അവര്‍ ആഗ്രഹിച്ചിരുന്നു എന്നും ഇത് സ്പഷ്ടമാക്കുന്നു. ക്വുര്‍ആന്‍ 4:128ന്റെ പ്രായോഗിക പ്രസക്തി എല്ലാ നിലക്കും അനാവരണം ചെയ്യുന്ന ഒരു സന്ദര്‍ഭമായിരുന്നു സൗദ(റ)യുമായി ബന്ധപ്പെട്ട് നബിജീവിതത്തിലുണ്ടായത് എന്ന് ചുരുക്കം.

ദാമ്പത്യത്തില്‍ സെക്‌സ് നിലയ്‌ക്കുന്നത് ഒരു മതത്തിന്റെ വിഷയവും ചര്‍ച്ചയുമാകുന്നു എന്നതാണ് നബി-സൗദ ധാരണയെ വിമര്‍ശിക്കുന്ന മിഷനറിമാരുടെ സാക്ഷാല്‍ പരിഭ്രാന്തി. ആത്മീയത ലൈംഗിക സമൃദ്ധിയുടെ തിരസ്‌കാരമാണെന്ന് കരുതി ശരീരത്തെ പണിപ്പെട്ട് അടക്കിപ്പിടിക്കുന്നവരുടെ അന്ധവിശ്വാസങ്ങളോട് സഹതപിക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നും ഇതില്‍ മുസ്‌ലിംകള്‍ക്കില്ല. സെക്‌സ് ദാമ്പത്യത്തില്‍ കിട്ടാതായാല്‍ അത് അങ്ങാടിയില്‍ പോയി വാങ്ങാമെന്നു കരുതുന്ന ഭൗതികവാദികള്‍ക്കും നബി-സൗദ ധാരണയുടെ ദര്‍ശനം മനസ്സിലാകില്ല. മനുഷ്യലൈംഗികത ഒരു ജന്തുവിന്റെ ഭോഗത്വരയില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല എന്നു കരുതുന്ന അവരോട് എന്ത് സംവാദമാണ് സാധ്യമാവുക? ഇപ്പറഞ്ഞ രണ്ടു കൂട്ടരെയും പോലെയല്ല, സെക്‌സ് ഒരു പെണ്ണിന്റെ അവകാശമാണെന്നും അതവള്‍ക്ക് അവരുടെ ഭര്‍ത്താവില്‍നിന്നു തന്നെ കിട്ടണമെന്നും പഠിപ്പിക്കുന്ന ഇസ്‌ലാമികാദര്‍ശത്തിന്റെ വക്താവായ മുഹമ്മദ് നബി (സ). അതിനാൽ, സെക്‌സ് സാധ്യമല്ലാതാകുന്ന ഒരു ദാമ്പത്യത്തില്‍ ഭാര്യമാരെ പിടിച്ചുവെക്കരുതെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ നിലപാട്. സൗദ(റ)ക്ക് സെക്‌സ് ആവശ്യമില്ലാതായിരിക്കുന്നു എന്ന് നബി(സ)ക്കറിയാമായിരുന്നു. അതുകൊണ്ട്, രാത്രിയിലെ സഹശയനം ആഇശ(റ)ക്ക് നല്‍കാനുള്ള നിര്‍ദേശം അദ്ദേഹം അംഗീകരിച്ചു. എന്നാല്‍ സെക്‌സ് ആവശ്യമുണ്ടെന്ന നിലപാടാണ് ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു ഭാര്യക്കുള്ളതെങ്കില്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക എന്നതല്ലാതെ മറ്റെന്താണ് ധാര്‍മികത? സൗദ (റ) നബി (സ) തന്നെ വിവാഹമോചനം ചെയ്‌തേക്കുമോ എന്ന് ആശങ്കിച്ചു എന്ന ആഇശ(റ)യുടെ പ്രസ്താവന, അതുകൊണ്ടുതന്നെയാണ്, ഇസ്‌ലാമിക കര്‍മശാസ്ത്ര പൈതൃകത്തില്‍ സ്‌തോഭജനകമായ ഒന്നായിത്തീരാത്തത്. ഇസ്‌ലാമിന് സെക്‌സിനോട് അറപ്പില്ല; അത്യാവശ്യമാകുമ്പോള്‍ വിവാഹമോചനത്തോട് പേടിയുമില്ല. ഇസ്‌ലാമിന്റെ മാനവികതക്കാണ് അതിന്റെ ഈ നിലപാടുകള്‍ അടിവരയിടുന്നത്. അല്ലെന്നു വിമര്‍ശകര്‍ക്ക് സ്ഥാപിക്കാനാകുമോ?

ഇസ്‌ലാമിക ദാമ്പത്യത്തില്‍ പെണ്ണിന്റെ അധികാരങ്ങള്‍ വളരെ വലുതാണ് എന്നത്രെ, വാസ്തവത്തില്‍ നബി-സൗദ അധ്യായം പഠിപ്പിക്കുന്നത്. രാത്രി നിര്‍ജീവമായ അനേകായിരം ദാമ്പത്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും വേറെ വേറെ കട്ടിലുകളില്‍ കിടക്കുന്നതാണ് മിക്ക മലയാളി കുടുംബങ്ങളിലെയും ശീലം. സൗദ(റ)യുടെ പേരില്‍ നബി(സ)യെ ആക്രമിക്കുന്ന പലരും ഭാര്യയോടൊത്ത് ശയ്യ പങ്കിടല്‍ അവസാനിപ്പിച്ചവരായിരിക്കും. ഇസ്‌ലാം പറയുന്നത്, ഭാര്യ ഭര്‍ത്താവിന്റെ ശരീരം കിടപ്പറയില്‍ ആവശ്യപ്പെടുന്നേടത്തോളം കാലം ഈ വേറിടല്‍ പാടില്ലെന്നാണ്. ഭാര്യ തന്നില്‍ ശരീരാകര്‍ഷണം ഉണ്ടാക്കുന്നില്ലെന്നു തിരിച്ചറിഞ്ഞ് പുരുഷന് ഏകപക്ഷീയമായി അവസാനിപ്പിക്കാവുന്ന ഒന്നല്ല ഇസ്‌ലാമില്‍ ഭാര്യയോടൊത്തുള്ള സഹശയനം. അവള്‍ക്കതിന് ആഗ്രഹം/ആവശ്യം ഇല്ലാതായിട്ടുണ്ടെങ്കില്‍ അത് പറയേണ്ടത് അവള്‍ തന്നെയാണ്; ഏതു പ്രായത്തിലാണെങ്കിലും. നോക്കൂ, വൃദ്ധയായിട്ടുപോലും സൗദ (റ) പറയുമ്പോള്‍ മാത്രമാണ് നബി (സ) അവരോടൊത്ത് രാത്രിയില്‍ ശയ്യ പങ്കിടുന്നത് നിര്‍ത്തുന്നത്; പകരം ആ രാത്രി നബി (സ) ചെലവിടുന്നത്, ആര്‍ക്കാണോ സൗദ (റ) തന്റെ ഊഴം സമ്മാനിച്ചത്, ആ ആളുടെ കൂടെയാണ്. ആഇശ(റ)ക്കുപകരം മറ്റേതെങ്കിലും ഭാര്യക്കാണ് സൗദ (റ) ഊഴം വിട്ടുനല്‍കിയിരുന്നതെങ്കില്‍ പ്രവാചകന്റെ അധിക സഹവാസം ആ ഭാര്യയുമായിട്ടായേനെ. സൗദ(റ)യില്‍ നിക്ഷിപ്തമാണ് അവരുടെ രാത്രിയുടെ അവകാശം എന്നാണിത് സ്പഷ്ടമാക്കുന്നത്. നബി(സ)യെ സംബന്ധിച്ചേടത്തോളവും ആഇശ(റ)യെ സംബന്ധിച്ചേടത്തോളവും അവര്‍ അനുഭവിച്ചത് സൗദ(റ)യുടെ ഔദാര്യമാണ്. പെണ്ണിന്റെ ലൈംഗികാവകാശങ്ങളെ ഇത്രയും പാവനമായി കണ്ട മറ്റേതൊരു ആദര്‍ശത്തെയാണ് മാനവകുലത്തിന് പരിചയമുള്ളത്? മുഹമ്മദ് നബി (സ) മരണാസന്നനായി തീവ്രമായ രോഗശയ്യയിലാവുകയും ഭാര്യമാര്‍ക്കിടയിലെ ഊഴം വെച്ചുള്ള സഞ്ചാരം അദ്ദേഹത്തിന് ശാരീരികമായി ദുസാധ്യമായിത്തീരുകയും ചെയ്തപ്പോള്‍ പോലും, മറ്റു ഭാര്യമാരോടൊക്കെ സമ്മതം വാങ്ങിയതിനുശേഷം മാത്രമാണ് അവിടുന്ന് ആഇശ(റ)യുടെ കൂടെ അവശേഷിച്ച ദിനങ്ങള്‍ തുടര്‍ച്ചയായി ചെലവഴിച്ചത്. ‘ഞങ്ങള്‍ ഞങ്ങളുടെ ഊഴങ്ങള്‍ ഞങ്ങളുടെ സഹോദരി ആഇശക്ക് സമ്മാനിക്കുന്നു’ എന്ന, നബിപത്‌നിമാരുടെ ആ സമയത്തുള്ള മറുപടി, ഭര്‍ത്താവിന്റെ സമയത്തിലുള്ള ഭാര്യയുടെ ഇസ്‌ലാമികാവകാശം എത്ര അച്ചട്ടാണെന്ന് വ്യക്തമാക്കുന്നുണ്ട്. ശയ്യാവലംബിയായിരുന്ന നബി (സ) മയ്മൂനയുടെ വീട്ടിലായിരിക്കെയാണ് ചുറ്റും കൂടി നിന്നിരുന്ന പത്‌നിമാരോട് ഈ സംഭാഷണം നടത്തുന്നത്. മറ്റു ഭാര്യമാരുടെ അനുവാദം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നബി (സ) മയ്മൂന(റ)യുടെ വീട്ടില്‍നിന്ന് ആഇശ(റ)യുടെ വീട്ടിലേക്ക് പോകുന്നത്, പരസഹായമില്ലാതെ നേരെ നില്‍ക്കാനാകാഞ്ഞിട്ട്, രണ്ട് അനുചരന്‍മാരുടെ തോളില്‍ കയ്യിട്ട് കാലുകള്‍ വേച്ചുവേച്ചാണ്.(19) അത്രയും പരിക്ഷീണിതനായിരിക്കുമ്പോള്‍ പോലും അവിടുന്ന് ഭാര്യമാരുടെ അവകാശത്തെ മാനിച്ചു എന്നര്‍ത്ഥം. പ്രപഞ്ചസ്രഷ്ടാവിന്റെ അവസാനത്തെ പ്രവാചകനും തന്റെ രാജ്യത്തെ ഭരണാധികാരിയുമായ ഒരാള്‍, അനുയായികളും പ്രജകളുമായ സ്ത്രീകളോട് വിനയാന്വിതനായി സമ്മതങ്ങള്‍ ചോദിക്കുന്നു – അതും മരണാസന്നന്റെ വേദനകള്‍ സഹിക്കുന്ന വേളയില്‍! അതെ, അതാണ് ഇസ്‌ലാമില്‍ ഭാര്യ. ഇസ്‌ലാം വിമര്‍ശകര്‍ക്ക് സങ്കല്‍പിക്കുവാന്‍ പോലുമാകാത്ത പ്രതലത്തില്‍ അവളുടെ അവകാശങ്ങളെ പ്രതിഷ്ഠിക്കുകയാണ് കാരുണ്യത്തിന്റെ മഹാപ്രവാഹമായിരുന്ന മുഹമ്മദ് നബി (സ) ചെയ്തത്.

ഇസ്‌ലാമിലെ വിവാഹമോചനം, പെണ്ണിനെ സംരക്ഷിക്കാനുള്ള സാധ്യത കൂടിയാണ് ഉള്‍ക്കൊള്ളുന്നതെന്ന വസ്തുതയാണല്ലോ, ‘കെട്ടിയിടുന്നതി’നെതിരായ ക്വുർആൻ വചനം ഓർമിപ്പിക്കുന്നത്‌. നബി-സൗദ വിഷയത്തെ സംബന്ധിച്ച പാരമ്പര്യങ്ങളിലെ ‘വിവാഹമോചനം’ എന്ന പദത്തില്‍ കണ്ണുടക്കി നില്‍ക്കുന്ന ഇസ്‌ലാം വിമര്‍ശകര്‍ക്ക്, വിവാഹമോചനത്തിന്റെ പെണ്‍പക്ഷം മനസ്സിലാകാന്‍ പ്രവാചകാനുചരനായിരുന്ന ഥാബിത് ഇബ്‌നു ഖയ്‌സിന്റെ (റ) ചരിത്രം കൂടി വായിക്കാവുന്നതാണ്. ഥാബിത് ഇബ്‌നു ഖയ്‌സിന്റെ ഭാര്യ നബി(സ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, മതനിഷ്ഠയിലോ സ്വഭാവഗുണങ്ങളിലോ ഥാബിതില്‍ ഒരു കുറവുമുള്ളതായി എനിക്കനുഭവപ്പെട്ടിട്ടില്ല. പക്ഷേ, മുസ്‌ലിം ആയിരിക്കെത്തന്നെ ദൈവധിക്കാരം പ്രവര്‍ത്തിച്ചുപോകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.’ നോക്കൂ, എത്ര പച്ചയായാണ് ഒരു മുസ്‌ലിം സ്ത്രീ തരുനബിയുടെ സന്നിധിയില്‍ തന്റെ വൈവാഹിക പ്രതിസന്ധി അവതരിപ്പിക്കുന്നത്! ഥാബിത് നല്ല വിശ്വാസിയാണ്, സല്‍സ്വഭാവിയാണ്, പക്ഷേ അദ്ദേഹത്തിന്റെ ശരീര പ്രകൃതം ഭാര്യയെ ആകര്‍ഷിക്കുന്നില്ല, അദ്ദേഹവുമൊത്തുള്ള ലൈംഗിക ജീവിതം അവരെ സംതൃപ്തയാക്കുന്നില്ല, ആ അവസ്ഥ തന്നെ പാപങ്ങളിലേക്ക് നയിച്ചേക്കാമെന്ന് അവര്‍ ഭയപ്പെടുന്നു -അതുകൊണ്ട് തനിക്ക് ഥാബിതില്‍നിന്ന് വിവാഹമോചനം വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഥാബിതിനെ വിളിച്ച് അദ്ദേഹത്തില്‍നിന്ന് അവര്‍ക്ക് വിവാഹമോചനം വാങ്ങിക്കൊടുക്കുകയാണ് പരാതി കേട്ട മുഹമ്മദ് നബി (സ) ചെയ്തത്.(20) ‘പെണ്ണ് വിവാഹമോചനം ചോദിച്ചുവാങ്ങല്‍; അതിന്റെ രീതി’ എന്നര്‍ത്ഥമുള്ള തലക്കെട്ടിനു കീഴിലാണ് ഇമാം ബുഖാരി ഈ നിവേദനം രേഖപ്പെടുത്തിയിട്ടുള്ളത്. അതെ, സെക്‌സ് സാധ്യമാകാത്തവിധം ഭര്‍ത്താവിനെ അനാകര്‍ഷകമായി അനുഭവപ്പെട്ടാല്‍, അയാള്‍ക്ക് വേറെ എന്തൊക്കെ ഗുണങ്ങളുണ്ടെങ്കിലും, അത്തരമൊരു ജീവിതം ആഗ്രഹിക്കുന്നില്ലെങ്കില്‍ ഭാര്യക്ക് ആ ബന്ധത്തില്‍നിന്ന് പുറത്തുകടക്കാന്‍ അനുവാദം നല്‍കിയിട്ടുള്ള മതമാണ് ഇസ്‌ലാം. ഇതേ അവസ്ഥ നേരെ തിരിച്ച് പുരുഷനാണ് വരുന്നതെങ്കില്‍, ആ ഭാര്യയെ സംരക്ഷിച്ചുകൊണ്ട് വേറെ ഭാര്യമാരെ സ്വീകരിക്കുകയും സെക്‌സ് അവരോടൊത്ത് ആക്കുകയും ചെയ്യാനുള്ള അനുവാദമാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം നല്‍കുന്നത്. അതിനെയാണ് ഇസ്‌ലാം വിമര്‍ശകര്‍ കടന്നാക്രമിക്കുന്നത്. അവരോട് ഒന്നു മാത്രമേ പറയാനുള്ളൂ: ആണും പെണ്ണും മനുഷ്യരാണ്. ദാമ്പത്യത്തില്‍ സെക്‌സ് അവരുടെ രണ്ടു കൂട്ടരുടെയും അവകാശവുമാണ്. ആ അവകാശത്തിന് ആവതില്ലെന്നോ ആവശ്യമില്ലെന്നോ ഉള്ള നില വരാത്തേടത്തോളം കാലം ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നത് മനുഷ്യനോടുള്ള ക്രൂരതയാണ്. ഒരു സമൂഹത്തിന്റെ മൊത്തം മാനസികാരോഗ്യത്തെയും ഉല്‍പാദനക്ഷമതയെയുമാണ് ലൈംഗികാവകാശങ്ങളോട് ഉദാസീനമാകുന്ന സമീപനങ്ങള്‍ പ്രതികൂലമായി ബാധിക്കുക.

സെക്‌സ് എന്ന ജൈവികാവശ്യത്തോട് ക്രിയാത്മകമായ മനോഭാവം വെച്ചുപുലര്‍ത്താന്‍ കഴിയാത്ത പരിമിതചിത്തര്‍ക്ക് വിവാഹ-വിവാഹമോചന ചര്‍ച്ചകള്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന ചിത്തഭ്രമത്തെ വിശ്വാസികള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും, പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ധീരമായി പരിഹാരങ്ങളുണ്ടാക്കാന്‍ മടിക്കേണ്ടതില്ലെന്നും ഉള്ള ഇസ്‌ലാമിക സന്ദേശത്തിന്റെ മാനവികതയെ ഇസ്‌ലാം വിമര്‍ശകര്‍ പോലും അകമേ ബഹുമാനിക്കുന്നുണ്ടാകുമെന്നതാണ് സത്യം. ഒരാളുടെ വിവാഹജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുന്നതോ അതിനെ മുറിച്ചുകടക്കാന്‍ നിയമാനുസൃതമായ പരിഹാരങ്ങളോ ഒത്തുതീര്‍പ്പുകളോ സ്വീകരിക്കപ്പെടുന്നതോ അയാളുടെ മഹത്വത്തെയോ സ്വീകാര്യതയെയോ ഒരുനിലക്കും ബാധിക്കുന്ന വിഷയങ്ങളല്ല. വ്യക്തിയെ അങ്ങേയറ്റം വിലമതിക്കുന്ന ആധുനിക ജനാധിപത്യത്തിന്റെ കാലത്തുപോലും ഇത് മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ഇസ്‌ലാമിനെ ‘ഗോത്രവര്‍ഗ സംസ്‌കൃതി’യായി അധിക്ഷേപിക്കുന്നത് എന്നത് എന്തുമാത്രം ഭീകരമായ വിരോധാഭാസമല്ല! ഭാര്യ വിവാഹമോചനം ചോദിച്ചുവാങ്ങിയ ഥാബിത് ഇബ്‌നു ഖയ്‌സ് ഇബ്‌നു ശമ്മാസ് (റ) വിവാഹമോചനത്തിനു മുമ്പും ശേഷവും മദീനയിലെ ഇസ്‌ലാമിക സമൂഹത്തില്‍ ഏറ്റവുമധികം ആദരിക്കപ്പെട്ടിരുന്ന വ്യക്തികളില്‍ ഒരാളാണ്. പ്രവാചകന്റെ പ്രതിനിധിയായി പലയിടങ്ങളിലും പ്രസംഗിക്കാന്‍ നിയോഗിക്കപ്പെട്ട അനിതര വാഗ്മിയും ഇസ്‌ലാമിക സൈനിക മുന്നേറ്റങ്ങളിലെ ഉജ്ജ്വല പ്രതാപമുള്ള വീരപോരാളിയും എന്ന നിലയില്‍ നബി(സ)യുടെ ശിഷ്യന്‍മാര്‍ക്കിടയില്‍ സുപ്രസിദ്ധനായിരുന്ന ഥാബിത് (റ), പ്രവാചകന്റെ നാവുകൊണ്ട് സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ട മാതൃകാ ഭക്തനാണ്.(21) ഭാര്യ വേറിട്ടുപോയത് അദ്ദേഹത്തിന്റെയോ ഭാര്യയുടെയോ ഇസ്‌ലാമിക മൂല്യത്തെ തരിമ്പും ബാധിക്കുന്നില്ല. ഇസ്‌ലാം വിമര്‍ശകരുടെ അന്വേഷണ വിഷയമായ സൗദ (റ), ലോകത്തുള്ള സകല മുസ്‌ലിംകള്‍ക്കും സര്‍വാദരണീയയായ മാതാവാണ്; വിശ്വാസത്തിന്റെ ഭാഗമായി അവര്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന ഉമ്മ! ആഇശ(റ)യെപ്പോലൊരാള്‍ പോലും അനുകരിക്കാന്‍ കൊതിച്ച മാതൃകാ വ്യക്തിത്വം! നബി(സ)യുടെ മരണശേഷം യാത്രകള്‍പോലും ചെയ്യാതെ വീട്ടിലൊതുങ്ങിക്കൂടി ആരാധനാകര്‍മങ്ങളില്‍ നിരതയായ ഭക്തിവസന്തം! അവര്‍ അവസാനകാലത്ത് ലൈംഗിക സഹജീവിതം വേണ്ടെന്നുവെച്ചത് അവരുടെയോ നബി(സ)യുടെയോ മഹത്വത്തിന് കുറവുവരുത്തുമെന്ന് കരുതുന്നവരുടെ പ്രശ്‌നം ഇസ്‌ലാം വിരോധം കൊണ്ട് സമനില നഷ്ടപ്പെട്ടതാണ്. നബി(സ)യുടെയും സൗദ(റ)യുടെയുമൊക്കെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമോ എന്നു ചോദിക്കുന്നവരോര്‍ക്കുക- മനുഷ്യര്‍ക്ക് മാതൃകയാകാന്‍ വേണ്ടി കടന്നുവന്ന പ്രവാചകനാണത്; മനുഷ്യര്‍ക്കുണ്ടാകുന്ന വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെയൊക്കെ അവിടുത്തെ കടത്തിക്കൊണ്ടുപോയിത്തന്നെയാണ് വിഭിന്നങ്ങളായ ജീവിതരംഗങ്ങളില്‍ മാനവരാശിക്കുള്ള മാതൃക അല്ലാഹു ശാശ്വതീകരിച്ചത്.

കുറിപ്പുകള്‍

17. ബുഖാരി, സ്വഹീഹ് (കിതാബുന്നികാഹ് -ബാബു വ ഇന്‍ ഇംറഅതുന്‍ ഖാഫത് മിന്‍ ബഗ്‌ലിഹാ നുശൂസന്‍ ഔ ഇഅ്റാദന്‍; കിതാബുസ്സ്വുല്‍ഹ്‌ -ബാബു ക്വൗലുല്ലാഹി തആലാ അയ്യുസ്‌ലിഹാ   ബയ്‌നഹുമാ   സ്വുല്‍ഹന്‍ വസ്സ്വുല്‍ഹു ഖയ്ർ; കിതാബുത്തഫ്‌സീര്‍; കിതാബുല്‍ മള്വാലിം -ബാബു ഇദാ ഹല്ലലഹു മിന്‍ ള്വുല്‍മിഹി ഫലാ റുജൂഅ ഫീഹി); മുസ്‌ലിം, സ്വഹീഹ് (കിതാബുത്തഫ്‌സീര്‍).
18. അബൂദാവൂദ്, op. cit.
19. മരണത്തോടടുപ്പിച്ച് ശയ്യാവലംബിയായപ്പോള്‍ നബി (സ) മറ്റു ഭാര്യമാരോട് സമ്മതം ചോദിച്ച് ആഇശ(റ)യുടെ വീട്ടിലേക്ക് മാറിയതിനെക്കുറിച്ചുള്ള നിവേദനങ്ങള്‍ക്ക് കാണുക: Moinul Haq (Tr.), Ibn Sa’d’s Kitab al-Tabaqat al-Kabir (New Delhi: Kitab Bhavan, 2009), pp. 288-90.
20. ബുഖാരി, സ്വഹീഹ് (കിതാബുത്ത്വലാഖ് -ബാബുല്‍ ഖുല്‍ഇ വ കയ്ഫത്ത്വലാഖു ഫീഹി).
21. ബുഖാരി, സ്വഹീഹ് (കിതാബുത്തഫ്‌സീര്‍).

print

No comments yet.

Leave a comment

Your email address will not be published.