ക്വാറന്റീൻ: ഇസ്‌ലാമിക നിർദേശങ്ങളും നാസ്‌തിക ദുർബോധനങ്ങളും

//ക്വാറന്റീൻ: ഇസ്‌ലാമിക നിർദേശങ്ങളും നാസ്‌തിക ദുർബോധനങ്ങളും
//ക്വാറന്റീൻ: ഇസ്‌ലാമിക നിർദേശങ്ങളും നാസ്‌തിക ദുർബോധനങ്ങളും
ആനുകാലികം

ക്വാറന്റീൻ: ഇസ്‌ലാമിക നിർദേശങ്ങളും നാസ്‌തിക ദുർബോധനങ്ങളും

കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനത്തെ തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെന്ന നിലയിൽ ക്വാറന്റീനും ശുചിത്വവും നിർദേശിക്കപ്പെടുന്ന സാഹചര്യത്തിൽ പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പ് മുഹമ്മദ് നബി ﷺ പകർന്നു നൽകിയ ആരോഗ്യപാഠങ്ങൾ ആധുനിക ലോകത്തെ വിജ്ഞാനദാഹികളുടെ ചർച്ചകൾക്ക് വിഷയീഭവിച്ച വാർത്ത ശ്രവിച്ചവരാണ് നാം. ‘ന്യൂസ് വീക്ക്’ എന്ന പ്രശസ്ത അമേരിക്കൻ മാഗസിൻ 2020 മാര്‍ച്ച്‌ 17-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് ഈ വിഷയത്തിലുള്ള പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ‘ക്വാറന്റീൻ’ പ്രാക്ടീസിംഗ് ആദ്യമായി ലോകത്തെ പഠിപ്പിച്ചത് മുഹമ്മദ് നബിﷺയാണെന്ന് അമേരിക്കയിലെ റൈസ് യൂനിവേഴ്സിറ്റിയിൽ സോഷ്യോളജി ഡിപ്പാർട്ട്മെന്റിലെ ഗവേഷകനും പ്രൊഫസറുമായ ലേഖകന്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ വ്യക്തമാക്കുകയുണ്ടായി (https://www.google.com/amp/s/www.newsweek.com/prophet-prayer-muhammad-covid-19-coronavirus-1492798%3famp=1).

പാശ്ചാത്യൻ ചിന്തകർക്കുപോലും ഇക്കാര്യം തുറന്നു സമ്മതിക്കേണ്ടി വന്നുവെന്നത് നാസ്തികരിൽ കടുത്ത അമർഷങ്ങൾ സൃഷ്ടിക്കുക സ്വാഭാവികം മാത്രം. അത്തരം മനോവിഷമതകളുടെ പ്രതിഫലനത്തിന് ഒരുദാഹരണമാണ് ക്വാറന്റീനുമായും ശുചിത്വവുമായും ബന്ധപ്പെട്ട ഇസ്‌ലാമിക നിർദേശങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ വിമർശനങ്ങളുന്നയിച്ചുകൊണ്ടുള്ള കേരളത്തിലെ ചില നാസ്തികസുഹൃത്തുക്കളുടെ രംഗപ്രവേശം! ഇവരുടെ വിമർശനങ്ങൾ കാണുക:
1. വെള്ളമില്ലെങ്കിൽ പൊടിമണ്ണുകൊണ്ട് തയമ്മും ചെയ്യാൻ പറയുന്ന ഇസ്‌ലാമിക നിർദേശം ഈ കോവിഡ് കാലത്ത് പ്രായോഗികമാണോ? തയമ്മും ചെയ്‌താൽ കൂടുതൽ വൈറസുകൾ ശരീരത്തിലേക്ക് പ്രവേശിക്കില്ലേ?
2. കൊറോണാ കാലത്ത് ആളുകൾ പരസ്പരം കൈ കൊടുക്കരുത് എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിർദേശം. അതിനാൽ കൈ കൊടുത്ത് സലാം പറയുന്ന ഇസ്‌ലാമിക രീതി ഈ രോഗവ്യാപനത്തിന് കാരണമാകും.
3. വിവിധയാളുകൾ ഒരേ പാത്രത്തിന് ചുറ്റുമിരുന്ന് അതിൽനിന്ന് ഭക്ഷണം കഴിക്കുന്ന രീതിയെ ഇസ്‌ലാം പുണ്യകരമായി കാണുന്നു. അതും ഈ കോവിഡ് കാലത്ത് പ്രായോഗികമല്ല.
4. പള്ളിയിൽ പോയി സംഘടിതമായി നമസ്കരിക്കുന്നതിന് ഇസ്‌ലാം വളരെയേറെ പ്രോത്സാഹനം നൽകുന്നു. ആ രീതിയും കോവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാൽ ഇന്ന് പള്ളികളിൽ സംഘടിത നമസ്കാരം (ജമാഅത്ത് നമസ്കാരം) ഇല്ല.
5. കഅ്ബയിലെ ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നത് നന്മയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പകർച്ചവ്യാധിയുടെ സമയത്ത് അതും സാധ്യമല്ല.
6. ജലസംഭരണിയിൽ (ഹൗദിൽ) വച്ച് വുദൂ (അംഗസ്നാനം) ചെയ്യുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ഇന്ന് അതും പ്രായോഗികമല്ല.
7. ഇസ്‌ലാമിൽ മദ്യം നിഷിദ്ധമാണ്. എന്നാൽ ഇന്ന് കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകേണ്ടി വരുന്നു.

ഇവയാണ് നാസ്തികർ ഉന്നയിച്ച വിമർശനങ്ങൾ. ഇസ്‌ലാമിനെക്കുറിച്ച തികഞ്ഞ അജ്ഞതയിൽനിന്നോ ഇസ്‌ലാമിനെതിരെ വാദത്തിനുവേണ്ടിയെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചുനിൽക്കാനുള്ള വ്യഗ്രതയിൽനിന്നോ ഉടലെടുത്തതാണ് ഈ വിമർശനങ്ങളെന്നതാണ് യാഥാർത്ഥ്യം. ഓരോ വിമർശനവും നമുക്ക് പരിശോധിക്കാം.

1. വെള്ളമില്ലെങ്കിൽ പൊടിമണ്ണുകൊണ്ട് തയമ്മും ചെയ്യാൻ പറയുന്ന ഇസ്‌ലാമിക നിർദേശം ഈ കോവിഡ് കാലത്ത് പ്രായോഗികമാണോ? തയമ്മും ചെയ്‌താൽ കൂടുതൽ വൈറസുകൾ ശരീരത്തിലേക്ക് പ്രവേശിക്കില്ലേ?

മറുപടി: വെള്ളം ലഭ്യമല്ലാത്ത സന്ദർഭങ്ങളിലും വെള്ളമുണ്ടായിട്ടും അതുപയോഗിക്കുക സാധ്യമല്ലാത്ത സന്ദർഭങ്ങളിലുമെല്ലാം തയമ്മും ചെയ്യുവാൻ ഇസ്‌ലാം അനുവാദം നൽകുന്നു. ഖുർആൻ പറയുന്നു:”നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട്‌ നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക.” (4:43). “നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക” എന്നാണ് ഖുർആനിക പരാമർശം. ശുദ്ധമായ ഭൂപ്രതലത്തിൽ കൈപ്പത്തികൾ അടിച്ച് പൊടി ഊതി ഒഴിവാക്കിയ ശേഷം മുഖവും കൈകളും തടവുന്ന പ്രക്രിയയാണ് തയമ്മും. ഇനി ഭൗതികവാദികൾ വിമർശനമുന്നയിച്ചതുപോലെ തയമ്മും ചെയ്യാൻ പോലും സാധ്യമല്ലാത്ത ഒരവസ്ഥ വരികയാണെങ്കിൽ തയമ്മും ചെയ്യാതെത്തന്നെ നമസ്കാരം നിർവഹിക്കാം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രവാചകപത്നി ആഇശ(റ)യുടെ കയ്യിൽനിന്ന് മാല വീണുപോയതുമായി ബന്ധപ്പെട്ട സംഭവം ഇക്കാര്യം വ്യക്തമാക്കുന്നു. പ്രമുഖ ഹദീഥ് ഗ്രന്ഥങ്ങളിൽ ആധികാരികമായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള പ്രസ്തുത സംഭവത്തിന്റെ ചുരുക്കം ഇതാണ്: ‘ഒരു യാത്രയിൽ ആഇശ(റ)യുടെ മാല വീണുപോയി. മഹതി അത് തന്റെ ജ്യേഷ്ഠത്തിയായ അസ്മാഇ(റ)ൽ നിന്ന് താൽക്കാലികമായി വാങ്ങിയതായിരുന്നു. ഉസൈദുബ്‌നു ഹുദൈറി(റ)നെയും മറ്റു ചിലരെയും ആ മാല തിരഞ്ഞുനോക്കാനായി നബി ﷺ പറഞ്ഞയച്ചു. അങ്ങനെ നമസ്കാര സമയമായപ്പോൾ വെള്ളം ലഭ്യമല്ലാതിരുന്നതുമൂലം അവർ വുദൂ ചെയ്യാതെ നമസ്കരിച്ചു. നബിﷺയുടെ അടുത്തെത്തിയപ്പോൾ ഈ വിഷയം അവർ നബിﷺയോട് പറഞ്ഞു. ആ സന്ദർഭത്തിലാണ് തയമ്മും ചെയ്യുന്നതിനെക്കുറിച്ച ഖുർആൻ വചനങ്ങൾ അവതരിച്ചത്.'(ബുഖാരി, മുസ്‌ലിം, ത്വബ്റാനി). “വെള്ളമോ മണ്ണോ ഇല്ലെങ്കിൽ”(ബാബുൻ ഇദാ ലം യജിദ് മാഅൻ വലാ തുറാബൻ) എന്ന അധ്യായത്തിലാണ് ബുഖാരിയിൽ ഈ സംഭവം ചേർക്കപ്പെട്ടിട്ടുള്ളത്. തയമ്മും ചെയ്യുക പോലും സാധ്യമല്ലാത്ത ഒരവസ്ഥയിൽ തയമ്മും ചെയ്യാതെത്തന്നെ നമസ്കരിക്കുകയാണ് വേണ്ടതെന്ന് ഈ തെളിവിനെയടിസ്ഥാനമാക്കി ഇസ്‌ലാമിക കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് (https://islamqa.info/en/answers/5430/he-is-unable-to-do-wudoo-or-tayammum-how-should-he-pray). അതുകൊണ്ടുതന്നെ തയമ്മുമിൽ പിടിച്ചുകൊണ്ടുള്ള നാസ്തിക വിമർശനം തീർത്തും അടിസ്ഥാനരഹിതമാണെന്ന് സ്‌പഷ്ടം.

2. കൊറോണാ കാലത്ത് ആളുകൾ പരസ്പരം കൈ കൊടുക്കരുത് എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിർദേശം. അതിനാൽ കൈ കൊടുത്ത് സലാം പറയുന്ന ഇസ്‌ലാമിക രീതി ഈ രോഗവ്യാപനത്തിന് കാരണമാകും.

മറുപടി: സലാം പറയുമ്പോൾ വ്യക്തികൾ പരസ്പരം ഹസ്‌തദാനം ചെയ്യുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് കൈ കൊടുക്കരുത് എന്നതും ഇസ്‌ലാമികാധ്യാപനമാണ്. ഥഖീഫ് ഗോത്രത്തിൽനിന്നുള്ള നിവേദകസംഘം ബൈഅത്ത് ചെയ്യുന്നതിനായി നബിﷺയുടെ അടുത്ത് വന്നുവെന്നും ആ സംഘത്തിൽ കുഷ്ഠരോഗമുള്ള ഒരു വ്യക്തിയുണ്ടായിരുന്നുവെന്നും ആ വ്യക്തിക്ക് നബിﷺ കൈ കൊടുക്കാതെ അദ്ദേഹത്തിന്റെ ബൈഅത്ത് സ്വീകരിക്കുകയാണുണ്ടായതെന്നും സ്വഹീഹ് മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീഥിലുണ്ട്. ഇവിടെയും ഭൗതിക വാദികളുടെ വിമർശനം തകർന്നടിയുന്നു.

3. വിവിധയാളുകൾ ഒരേ പാത്രത്തിന് ചുറ്റുമിരുന്ന് അതിൽനിന്ന് ഭക്ഷണം കഴിക്കുന്ന രീതിയെ ഇസ്‌ലാം പുണ്യകരമായി കാണുന്നു. അതും ഈ കോവിഡ് കാലത്ത് പ്രായോഗികമല്ല.

മറുപടി: പകർച്ചവ്യാധി വ്യാപിക്കുന്ന സമയത്തും ഒരേ പാത്രത്തിൽനിന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കാനല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. “രോഗികളെയും രോഗമില്ലാത്തവരെയും കൂട്ടിക്കലർത്തരുത്” എന്നാണ് നബിﷺയുടെ അധ്യാപനം (മുസ്‌ലിം ഉദ്ധരിച്ച ഹദീഥ്). സാംക്രമിക രോഗങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഈ നിർദേശം ഒരേ പാത്രത്തിൽനിന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനും ബാധകമാണ്. നാസ്തികരുടെ ഈ വിമർശനവും ഇസ്‌ലാമിക പ്രമാണങ്ങൾക്കുമുന്നിൽ നിർവീര്യമാകുന്നു.

4. പള്ളിയിൽ പോയി സംഘടിതമായി നമസ്കരിക്കുന്നതിന് ഇസ്‌ലാം വളരെയേറെ പ്രോത്സാഹനം നൽകുന്നു. ആ രീതിയും കോവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാൽ ഇന്ന് പള്ളികളിൽ സംഘടിത നമസ്കാരം (ജമാഅത്ത് നമസ്കാരം) ഇല്ല.

മറുപടി: ഇസ്‌ലാമിലെ അനുഷ്ഠാനങ്ങൾ വിശുദ്ധ ഖുർആനും പ്രവാചകചര്യയും പഠിപ്പിച്ചതുപോലെയാണ് നാം അനുഷ്ഠിക്കേണ്ടത്. ആരാധനാകർമങ്ങളുടെ സ്വഭാവം എല്ലാ സമയത്തും ഒരേ രീതിയിലാണെന്നല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. നിന്ന് നമസ്കരിക്കുന്നതിന് കഴിവില്ലാത്തവർ ഇരുന്നും അതിനും സാധ്യമല്ലാത്തവർ കിടന്നും നമസ്കരിക്കണമെന്നാണ് ഇസ്‌ലാമിന്റെ നിർദേശം. അതുപോലെ വെള്ളം ഉപയോഗിക്കുക സാധ്യമല്ലാത്ത രോഗികൾക്ക് വുദൂഇന് പകരം തയമ്മും, യാത്രക്കാർക്കും രോഗികൾക്കും നോമ്പുപേക്ഷിക്കുവാനും യാത്രക്കാർക്ക് നമസ്കാരങ്ങളുടെ റക്അതുകൾ ചുരുക്കി നിർവഹിക്കുന്നതിനുള്ള അനുവാദം എന്നിവയെല്ലാം ഇസ്‌ലാമിന്റെ അധ്യാപനങ്ങളാണ്. അല്ലാഹുവിനുള്ള അതിശ്രേഷഠമായ ഒരു ആരാധനാകർമമാണ് നമസ്കാരം. അത് എങ്ങനെ നിർവഹിക്കണമെന്ന് ഇസ്‌ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. പള്ളിയിൽ വച്ച് ജമാഅത്തായി നിർവഹിക്കുന്നത് ഏറെ ശ്രേഷ്ഠമാണ്. എന്നാൽ കാലാവസ്ഥ അപകടകരമായ രീതിയിൽ പ്രതികൂലമാകുമ്പോൾ പള്ളിയിലേക്ക് പോണ്ടതില്ലെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വെള്ളിയാഴ്ചയുള്ള ജുമുഅ നമസ്കാരം പോലും ഇതിൽ നിന്നൊഴിവല്ല. നമസ്കാരത്തിന് വേണ്ടിയുള്ള ബാങ്കുവിളി പോലും അത്തരം സന്ദർഭത്തിൽ മാറ്റാവുന്നതാണ് എന്നാണ് പ്രവാചകചര്യ. കാലാവസ്ഥ പ്രതികൂലമാകുമ്പോൾ ബാങ്കു വിളിക്കുന്ന വ്യക്തിയോട് “ഹയ്യഅലസ്സ്വലാ”(നമസ്കാരത്തിലേക്ക് വരിക) എന്നതിന് പകരമായി “സ്വല്ലൂ ഫീ ബുയൂത്തികും”(നിങ്ങൾ നിങ്ങളുടെ വീടുകളിൽ വച്ച് നമസ്കരിക്കുക) എന്ന് ബാങ്കിന്റെ തന്നെ ഭാഗമായി വിളിച്ചുപറയാൻ പ്രവാചകനിൽനിന്ന് നേരിട്ട് മതനിയമങ്ങൾ ഗ്രഹിച്ച പ്രമുഖസ്വഹാബിയായ ഇബ്നു അബ്ബാസ് (റ) നിർദേശം നൽകുകയും താൻ പ്രവാചകനിൽനിന്ന് പഠിച്ചത് അങ്ങനെയാണെന്ന് പ്രസ്താവിക്കുകയും ചെയ്തതായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് പ്രയാസകരമായ മണവുമായിപ്പോലും പള്ളിയിൽ പോകരുതെന്ന പ്രവാചകകൽപനയും ശ്രദ്ധേയമാണ്. “ഉള്ളിയും വെള്ളുള്ളിയും തിന്ന് അവയുടെ ഗന്ധവുമായി പള്ളിയിൽ വരരുത്” എന്ന പ്രവാചകനിർദേശം പല സ്വഹാബികളിൽ നിന്നായി ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്. ഇഷ്ടമില്ലാത്ത ഗന്ധം പോലും പള്ളിയിൽ പോകുമ്പോൾ ഉണ്ടാകാൻ പാടില്ലെങ്കിൽ മറ്റുള്ളവരെ അപായപ്പെടുത്തുന്ന രോഗാണുവിന്റെ വ്യാപന സാധ്യതയുള്ള സന്ദർഭങ്ങളിൽ വിശ്വാസികൾ പള്ളിയിൽ കൂടിച്ചേരുന്നതിനെ ഇസ്‌ലാം അനുവദിക്കുകയില്ലെന്ന കാര്യം വളരെ വ്യക്തമാണ്. അല്ലാഹുവിന്റെ തൃപ്തിയാഗ്രഹിച്ച് പള്ളിയിൽ പോയിരുന്നവർ ഈ സന്ദർഭത്തിൽ അല്ലാഹുവിന്റെ തന്നെ തൃപ്തിയാഗ്രഹിച്ചുകൊണ്ട് വീടുകളിൽ നിന്ന് നമസ്കരിക്കുന്നു. അതുവഴി മതനിർദേശം കൃത്യമായി പാലിക്കപ്പെടുന്നു. “കൊറോണയെ പേടിച്ച് പള്ളികൾ അടച്ചേ!” എന്ന് അട്ടഹസിക്കുന്നതിലൂടെ നാസ്തികർ സ്വയം അപഹാസ്യരായിത്തീരുകയാണ് ചെയ്യുന്നതെന്നർത്ഥം.

5. കഅ്ബയിലെ ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നത് നന്മയാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പകർച്ചവ്യാധിയുടെ സമയത്ത് അതും സാധ്യമല്ല.

മറുപടി: പള്ളികളിലെ നമസ്‍കാരങ്ങൾ സംബന്ധിച്ച വിമർശനത്തിനുള്ള മറുപടിയിൽനിന്നുതന്നെ ഇതും ഗ്രഹിക്കാവുന്നതാണ്. കാലാവസ്ഥ പ്രതികൂലമാകുന്ന സന്ദർഭങ്ങളിൽ പോലും ഇസ്‌ലാം എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് നാം മനസിലാക്കി. കാലാവസ്ഥ പ്രതികൂലമാകുന്നതിനേക്കാൾ വലിയ പ്രശ്നമാണ് അപകടകരമായ രോഗം പകരുകയെന്നത്. ഇത്തരം സന്ദർഭങ്ങളിൽ വ്യക്തിപരവും സാമൂഹികവുമായ ക്വാറന്റീൻ കൃത്യമായി പാലിക്കുവാൻ മുസ്‌ലിംകൾ ബാധ്യസ്ഥരാണ്. “നിങ്ങൾ ഉപദ്രവമുണ്ടാക്കുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്യരുത്” എന്ന ഇബ്നുമാജയും ദാറഖുത്‌നിയും സ്വഹീഹായ പരമ്പരയോടെ നിവേദനം ചെയ്ത വിശ്വാസികളോടുള്ള പ്രവാചകകൽപന പ്രകാരം തന്നെക്കൊണ്ട് മറ്റൊരാൾക്ക് ഉപദ്രവമുണ്ടാവുമെന്നോ തനിക്ക് മറ്റൊരാളിൽ നിന്ന് ഉപദ്രവമുണ്ടാകാമെന്നോ ഭയപ്പെടുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. “സ്വയം സുരക്ഷിതനാകുവാനും മറ്റുള്ളവർക്ക് സുരക്ഷിതത്വമുണ്ടാകുവാനും വേണ്ടി വീട്ടിലിരിക്കുന്നവർ അല്ലാഹുവിന്റെ പരിരക്ഷയിലാണ്” (ഇമാം അഹ്‌മദ്‌ സ്വഹീഹായ പരമ്പരയോടെ നിവേദനം ചെയ്തത്) എന്ന പ്രവാചകവചനം അനുസരിക്കുക മാത്രമാണ് ക്വാറന്റീൻ പ്രാവർത്തികമാക്കുമ്പോൾ മുസ്‌ലിംകൾ ചെയ്യുന്നത്. “പകർച്ചവ്യാധി(പ്ലേഗ്)യുണ്ടാകുമ്പോൾ ക്ഷമയോടെയും പ്രതിഫലമാഗ്രഹിച്ചുകൊണ്ടും അല്ലാഹു ഉദ്ദേശിച്ചതല്ലാതെ സംഭവിക്കില്ലെന്ന് ഉറപ്പിച്ചുകൊണ്ടും തന്റെ വീട്ടിലിരിക്കുന്നവന് രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്” എന്നും നബി ﷺ പഠിപ്പിക്കുകയുണ്ടായി (ബുഖാരി, മുസ്‌ലിം). പകർച്ചവ്യാധികൾ പടരുന്ന സമയത്ത് പോയി ഹജറുൽ അസ്‌വദിനെ ചുംബിക്കണമെന്നല്ല; മറിച്ച് പ്രസ്തുത സന്ദർഭത്തിൽ സ്വയം സുരക്ഷിതനാകുവാനും മറ്റുള്ളവർക്ക് സുരക്ഷിതത്വമുണ്ടാകുവാനും വേണ്ടി വീട്ടിലിരിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഈ രംഗത്തെ മതനിർദേശങ്ങൾ പരിഗണിച്ചുകൊണ്ടാണ് സൗദി അറേബ്യ അടക്കമുള്ള മുസ്‌ലിം രാഷ്ട്രങ്ങളിലെ പണ്ഡിതർ പള്ളികളുമായി ബന്ധപ്പെട്ട വിഷയത്തിലെ തീരുമാനമെടുത്തിട്ടുള്ളത്. ഇവിടെയും നാസ്തികരുടെ വിമർശനം വസ്തുതാവിരുദ്ധമാണ്.

6. ജലസംഭരണിയിൽ (ഹൗദിൽ) വച്ച് വുദൂ (അംഗസ്നാനം) ചെയ്യുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ഇന്ന് അതും പ്രായോഗികമല്ല.

മറുപടി: ഹൗദിൽ വച്ച് വുദൂ ചെയ്യുന്നതിന് ഇസ്‌ലാം പ്രത്യേക പ്രാധാന്യമൊന്നും കൽപിക്കുന്നില്ല. വുദൂ ചെയ്യുന്നതിനുള്ള ഒരു മാർഗമായി മാത്രമേ അതിനെ കാണുന്നുള്ളൂ. ടാപ്പ് വെള്ളം മാത്രമുപയോഗിക്കുന്ന നിരവധി പള്ളികളുണ്ട്. സാംക്രമികരോഗം പടരുന്ന സാഹചര്യത്തിൽ ഹൗദുകളും പള്ളിക്കുളങ്ങളും ഉപയോഗിക്കാതിരിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്. “രോഗികളെയും രോഗമില്ലാത്തവരെയും കൂട്ടിക്കലർത്തരുത്” എന്ന പ്രവാചകനിർദേശം പാലിക്കുന്നവർ ഈ സന്ദർഭത്തിൽ പള്ളികളിലെ ഹൗദുകൾ ഉപയോഗിക്കുകയില്ല. ഇത്തരം സന്ദർഭങ്ങളിൽ വീട്ടിൽ വച്ച് നമസ്കരിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്നിരിക്കെ പള്ളികളിലെ ഹൗദുകൾ ഉപയോഗിക്കുന്ന പ്രശ്‌നം ഉത്ഭവിക്കുന്നേയില്ലല്ലോ! നാസ്തികർ ഇവിടെയും ഇരുട്ടിൽ തപ്പുകയാണ് ചെയ്യുന്നത്.

7. ഇസ്‌ലാമിൽ മദ്യം നിഷിദ്ധമാണ്. എന്നാൽ ഇന്ന് കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകേണ്ടി വരുന്നു.

മറുപടി: സാംക്രമിക രോഗം തടയുന്നതിന്റെ ഭാഗമായോ സമാനമായ മറ്റു ആവശ്യങ്ങൾക്കോ ആൽക്കഹോൾ അടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിക്കാവുന്നതാണെന്ന് ഇസ്‌ലാമികകർമശാസ്ത്ര നിയമങ്ങളെ അടിസ്ഥാനമാക്കി പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് (https://islamqa.info/en/answers/1365/ruling-on-perfumes-containing-alcohol, https://islamqa.org/hanafi/muftionline/96822). ഇവിടെയും നാസ്തികരുടെ അസ്‌ത്രം ലക്ഷ്യം തെറ്റിയിരിക്കുന്നു.

മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ക്വാറന്റീൻ, ശുചിത്വം തുടങ്ങിയ കാര്യങ്ങളിലും ഇസ്‌ലാമിന്റെ മാതൃക നിസ്തുലമാണ്. നബിﷺയുടെ ചില അധ്യാപനങ്ങൾക്കൂടി കാണുക:

“ശുചിത്വം വിശ്വാസത്തിന്റെ പകുതിയാണ്.”(മുസ്‌ലിം). ശുചീകരണത്തിന്‌ ഇസ്‌ലാം വളരെയേറേ പ്രാധാന്യം കൽപിക്കുന്നു. വുദൂ ചെയ്യുമ്പോൾ ആദ്യം കൈകൾ കഴുകാനാണ് നിർദേശം. “ഉറക്കിൽ നിന്നുണർന്നാൽ മൂന്നു പ്രാവശ്യം കൈകൾ കഴുകിയ ശേഷമല്ലാതെ വെള്ളപ്പാത്രത്തിൽ സ്പർശിക്കരുത്” എന്നും നബി ﷺ പഠിപ്പിച്ചു (മുസ്‌ലിം). ഇന്ന് കൊറോണാ വൈറസിനെ പ്രതിരോധിക്കുന്നതിനായി വിരലുകളുടെ സന്ധികൾപോലും കഴുകാൻ ആരോഗ്യരംഗത്തെ വിദഗ്ദ്ധർ നിർദേശിക്കുന്നു. എന്നാൽ പതിനാല് നൂറ്റാണ്ടുകൾക്കുമുമ്പ് പ്രവാചകൻ ﷺ ലോകത്തോട് മൊഴിഞ്ഞത് കാണുക: “വിരലുകളുടെ സന്ധികൾ കഴുകി ശുദ്ധീകരിക്കുക.” (മുസ്‌ലിം)

“തുമ്മുമ്പോൾ മുഹമ്മദ് നബി ﷺ തന്റെ മുഖഭാഗം വസ്ത്രം കൊണ്ടോ കൈ കൊണ്ടോ മറച്ചു പിടിച്ചിരുന്നു.”(അബൂദാവൂദ്, തിർമിദി). കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേകമായി സ്വീകരിക്കേണ്ട മുൻകരുതലായി ഇന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ഇത് നിർദേശിച്ചിരിക്കുന്നു. രോഗിയാണെങ്കിലും അല്ലെങ്കിലും തുമ്മുകയോ ചുമക്കുകയോ ചെയ്യുന്നവർ തുണി കൊണ്ടോ കൈ കൊണ്ടെങ്കിലുമോ മറച്ചു പിടിക്കുകവഴി അവരുടെ സ്രവങ്ങളിലുള്ള രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരുന്നതിനെ തടയുവാൻ സാധിക്കുന്നു.

തന്റെ കാലത്ത് നിലവിലുണ്ടായിരുന്ന പ്രധാനപ്പെട്ട സാംക്രമികരോഗമായ പ്ലേഗ് ഏതെങ്കിലും പ്രദേശത്തെ ബാധിച്ചാൽ എന്തുചെയ്യണമെന്ന് നബി ﷺ പഠിപ്പിച്ചത് തന്നെയാണ് ഇന്ന് ക്വാറന്റീൻ എന്ന പേരിൽ ആരോഗ്യപ്രവർത്തകരും നിഷ്കർഷിക്കുന്നത്: “ഏതെങ്കിലും ഒരു സ്ഥലത്ത് പ്ലേഗ് ഉണ്ടെന്നറിഞ്ഞാൽ അങ്ങോട്ട് നിങ്ങൾ പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ലേഗ് വന്നാൽ അവിടെനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് നിങ്ങൾ പോവുകയും ചെയ്യരുത്” (ബുഖാരി, മുസ്‌ലിം). എത്ര കൃത്യമായ ക്വാറന്റീൻ നിർദേശം!

രോഗം വന്നാൽ ചികിൽസിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാചകൻ ﷺ പറയുന്നത് ഇങ്ങനെ: “എല്ലാ രോഗങ്ങൾക്കും മരുന്നുണ്ട്. മരുന്ന് രോഗത്തിന് അനുയോജ്യമായാൽ അല്ലാഹുവിന്റെ അനുമതിയോടെ രോഗം സുഖപ്പെടുന്നു.”(മുസ്‌ലിം, അഹ്‌മദ്‌). രോഗത്തിനനുയോജ്യമായ മരുന്ന് കണ്ടെത്തുന്നതിനാവശ്യമായ ശാസ്ത്രീയ ഗവേഷണങ്ങളെയും ഇസ്‌ലാം വളരെയേറെ പ്രോത്സാഹിപ്പിക്കുന്നു. നബി ﷺ വ്യക്തമാക്കുന്നത് കാണുക: “ഒരു രോഗത്തെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല; അതിന്റെ ഔഷധത്തെക്കൂടി അവൻ സൃഷ്ടിച്ചിട്ടല്ലാതെ.”(ബുഖാരി)

ഇസ്‌ലാം ഏത് കാലത്തേക്കും സ്ഥലത്തേക്കും അനുയോജ്യവും പ്രായോഗികവുമാണ്. ഇസ്‌ലാമികനിയമങ്ങൾ തീർത്തും അന്യൂനമാണ്. ആ അന്യൂനതയ്ക്കുമുന്നിൽ പാശ്ചാത്യൻ ചിന്തകർക്കുപോലും തലകുനിക്കേണ്ടി വരുമ്പോൾ അന്ധമായ ഇസ്‌ലാം വിരോധം വച്ച് പുലർത്തുന്ന നാസ്തികർക്ക് മനോവ്യഥകളുണ്ടാവുക സ്വാഭാവികമാണ്. അതിന്റെ പ്രതിഫലനമാണ് ഇസ്‌ലാമിനെതിരെ നാസ്തികസുഹൃത്തുക്കൾ ഉന്നയിക്കുന്ന ഇതുപോലെയുള്ള അടിസ്ഥാനരഹിതമായ വിമർശനങ്ങൾ. സത്യത്തോടു നീതി പുലർത്തുന്നവയല്ല ഈ വിമർശനങ്ങളൊന്നും തന്നെ. ഓരോ വിമർശനവും പരിശോധിക്കുമ്പോൾ ഇസ്‌ലാമിന്റെ അജയ്യതയാണ് നമുക്കുമുന്നിൽ തെളിഞ്ഞുവരുന്നത്. “അവര്‍ അവരുടെ വായകൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ്‌ ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക്‌ അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.”(ഖുർആൻ 61:8)

print

3 Comments

  • ഇതിത്ര നീട്ടി പറയാനുണ്ടോ? ആരോഗ്യ കാലത്തുള്ള സമീപനമായിരിക്കരുത് അനാരോഗ്യ അവസ്ഥ കളുള്ളപ്പോൾ സ്വീകരിക്കേണ്ടി വരിക? രോഗികളെ സന്ദർശിക്കുകയും അവരെ പരിചരിക്കുകയും ചെയ്യുന്നത് ഇസ്ലാമിക സമൂഹത്തിന്റെ സജീവമായ അടയാളങ്ങളാണ്. എന്നാൽ മഹാമാരിക്കാലത്ത് പുറത്തിറങ്ങരുത് എന്നാണ് ഇസ്ലാമിക അധ്യാപനം.
    അത് കൊണ്ട് രോഗീപരിചരണം എന്ന ഇസ്ലാമിക സങ്കൽപം മഹാ അബദ്ധമാണെന്ന് പറയുന്നവരെ എത് സിംഹാസനത്തിലിരുത്തിയാണ് വാഴിക്കേണ്ടത്….?????

    Shihab Tangal 12.04.2020
  • കേരളത്തിലെ ചില യുക്തിവാദികൾ ഇസ്ലാമിലെ ക്വാറന്റീൻ നിർദേശങ്ങൾക്കെതിരെ അക്കമിട്ട് വിമർശനമുന്നയിച്ചുകൊണ്ടുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തീർത്തും അടിസ്ഥാനരഹിതമാണവരുടെ വിമർശനങ്ങൾ. പ്രസ്തുത വിമർശനങ്ങൾക്ക് അക്കമിട്ടുള്ള മറുപടിയാണീ ലേഖനം. ഓരോ വിമർശനത്തിനും മറുപടി പറയുമ്പോൾ അൽപം വിശദീകരിക്കേണ്ടി വരിക സ്വാഭാവികമാണല്ലോ..

    Silshij 12.04.2020
  • വളരെ ഉപകാരപ്പെടുന്ന ലേഖനം.. നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ

    Munfir 17.04.2020

Leave a comment

Your email address will not be published.