മതത്തെ പൊങ്കാലയിട്ടവർ ‌ മാളത്തിലൊളിച്ചപ്പോൾ

//മതത്തെ പൊങ്കാലയിട്ടവർ ‌ മാളത്തിലൊളിച്ചപ്പോൾ
//മതത്തെ പൊങ്കാലയിട്ടവർ ‌ മാളത്തിലൊളിച്ചപ്പോൾ
ആനുകാലികം

മതത്തെ പൊങ്കാലയിട്ടവർ ‌ മാളത്തിലൊളിച്ചപ്പോൾ

ൽപ്സ് പർവ്വത നിരകളിൽ ഏകാന്ത വാസം അനുഷ്ഠിക്കുന്ന സമയത്താണത്രെ ജർമ്മൻ തത്ത്വചിന്തകനായ ഫ്രെഡറിക് നീഷെ തന്റെ പ്രസിദ്ധ കൃതിയായ Thus Spake Zarathushtra രചന ആരംഭിച്ചത്. “ജനങ്ങളോടൊത്ത് ജീവിക്കാൻ വയ്യ….ശാന്തി അലഭ്യമാകുന്നു…”എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം “തപസ്സിരിക്കാൻ” തീരുമാനിച്ചത്. തന്റെ പുത്തൻ ദാർശനിക വെളിപാടുകളോടെയാണ് അദ്ദേഹം ആൽപ്സിൽ നിന്ന് ജനക്കൂട്ടത്തിലേക്ക് ഇറങ്ങി വന്നത്. ലക്ഷ്യവും മാർഗ്ഗവും സ്വയം നിർണ്ണയിക്കാൻ മാനവരാശിക്ക് സമയമായി. അതിനു സ്വന്തം പോരായ്മകളും ന്യൂനതകളും മനുഷ്യർ അതിജീവിക്കണം. അതേ…, പരിധികളും പരിമിതികളും ഇല്ലാത്ത അതിമാനുഷൻ…superman… ‌നിലവിലുള്ള സകല സ്ഥാപനങ്ങളും മൂല്യങ്ങളും കശക്കിയെറിയണം. കരിച്ച് ചാമ്പലാക്കണം. അത് കലക്കി ഒഴിച്ച നിലത്തേ അതിമാനുഷത്വത്തിന്റെ വേരോടുകയൊള്ളു. നീഷേ പ്രഖ്യാപിച്ചു.

അദ്ദേഹം ഒരു കഥ അവതരിപ്പിച്ചു. പ്രകാശ പൂർണ്ണമായ ഒരു പ്രഭാതത്തിൽ ഒരു ഭ്രാന്തൻ തന്റെ തൂക്കുവിളക്കും കത്തിച്ച് ജനങ്ങൾ തിങ്ങിനിൽക്കുന്ന മാർക്കറ്റിലേക്ക് ചെല്ലുന്നു. അയാൾ ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ട്. “ഞാൻ ദൈവത്തെ അന്വേഷിക്കുന്നു, ഞാൻ ദൈവത്തെ അന്വേഷിക്കുന്നു”. ദൈവ വിശ്വാസികൾ അല്ലാത്ത ആ ആളുകൾക്ക് ഭ്രാന്തൻ വലിയ തമാശക്ക് വകനൽകുന്നണ്ട്. പെട്ടെന്ന് അവൻ ആളുകൾക്കിടയിൽ കടന്നുചാടി സകലരെയും തുറിച്ച് നോക്കിക്കൊണ്ടലറുന്നു. “ദൈവമെവിടെ? ഹാ! ദൈവമെവിടെപ്പോയി? നാമെല്ലാം കൂടി ദൈവത്തെ കൊന്നു! ഇനി ആര് നമ്മെ സമാശ്വസിപ്പിക്കും? നമ്മുടെ വ്രണം ആര് തലോടിമാറ്റും? ആർ നമ്മുടെ രക്തം തുടച്ച് നീക്കും?….. കഷ്ടം!…ദൈവം മരിച്ചു.!…നാമെല്ലാം കൂടിഅദ്ദേഹത്തെകൊന്നു….. “ശരിയാണ്, ദൈവം മരിച്ചു; നാമെല്ലാം കൂടി അയാളെ കൊന്നു.! പക്ഷേ, ഖേദിക്കാനില്ല. ഖേദം ഭ്രാന്തന് മാത്രം. പഴയ ദൈവത്തിന്റെ ശവം നാം കുഴിച്ച് മൂടി. ഇനി പുതിയ ദൈവത്തെ നമുക്ക് ആരാധിക്കാം; അതിമാനുഷൻ…. Super Man….!

“സരതുഷ്ട്ര അങ്ങനെ പറഞ്ഞു” എന്ന തന്റെ കൃതിയിലെ ഭ്രാന്തൻ കഥാപാത്രത്തിന്റെ ജൽപനങ്ങളാണ് പിൽക്കാലത്ത് പ്രസിദ്ധമായ “ദൈവം മരിച്ചു” എന്ന നീഷേ പ്രഖ്യാപനം. വാക്കുകൾ മാത്രമല്ല വരയും അറം പറ്റും എന്ന് സാക്ഷ്യപ്പെടുത്തി മുട്ടൻ ഭ്രാന്തുമായാണ് നീഷേ അന്ത്യനാളുകൾ തള്ളി നീക്കിയത്.

നീഷേ പ്രവചിച്ച അതിമാനുഷന്റെ ലോകത്താണ് നാം ജീവിക്കുന്നത്. അത്യന്താധുനിക സങ്കേതങ്ങളും സാങ്കേതിക വിദ്യകളും കൂട്ടിനുണ്ട്. നിമിഷാർധം കൊണ്ട് ലോകം മുഴുവൻ ചുട്ട്‌ ചാമ്പലാക്കാൻ കെൽപ്പുള്ള ആണവായുധ കൂമ്പാരങ്ങളുണ്ട്. അന്യ ഗ്രഹങ്ങളിലേക്ക്‌ പോലും പാളിനോക്കാൻ പവറുള്ള സൂക്ഷ്മ ദർശിനികൾ ഉണ്ട്. ഭൂമിക്ക് പുറത്ത് എവിടെ എങ്കിലും ജീവിക്കാൻ സൗകര്യങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ച് കൊണ്ട് ഇടക്കിടക്ക് ആളെ പറഞ്ഞയക്കുന്നുണ്ട്. കണ്ണിമ വേഗത്തിൽ കിലോമീറ്ററുകൾ പറക്കാൻ പ്രാപ്തിയുള്ള സൂപ്പർ സോണിക് വിമാനങ്ങൾ ഉണ്ട്. അതേ …! നീഷെ സ്വപ്നം കണ്ട അതിമാനുഷൻ…. പക്ഷേ എന്ത് പറയാൻ…? ഇപ്പോഴും ഇത്തിരി കുഞ്ഞൻ വൈറസാണ് താരം. പള്ളിയും പ്രാർത്ഥനയും കൂട്ടംകൂടി നിർവ്വഹിക്കുന്നത് തൽകാലത്തേക്ക് നിർത്തി വെച്ചപ്പോൾ പിരാന്തൻ നീഷേയുടെ പിന്മുറക്കാർ കേരളത്തിലും തുള്ളിച്ചാടി… ദൈവം മരിച്ചൂന്ന്…!പിന്നെ പിന്നെ ആരാധനാലയങ്ങൾ മാത്രമല്ല ആതുരാലയങ്ങളും പൂട്ടാൻ തുടങ്ങി. പള്ളികൾ മാത്രമല്ല പള്ളിക്കൂടങ്ങളും അടഞ്ഞു. സാധാരണക്കാർ മാത്രമല്ല, രാജാക്കന്മാരും വാതിലടച്ച് വീട്ടിലിരുന്നു. ഇപ്പോൾ ക, മ തുടങ്ങിയ വ്യഞ്ചനാക്ഷരങ്ങൾ മാത്രമല്ല, പറയാൻ എളുപ്പമുള്ള അ, ആ, ഇ, ഈ തുടങ്ങിയ സ്വരാക്ഷരങ്ങൾ പോലും യുക്തിവാദി, നാസ്തിക പരിസരങ്ങളിൽ നിന്നുയരുന്നില്ല. പകച്ച് പോയിരിക്കുന്നു ലോകം മുഴുവൻ. ലോക ശക്തികൾ എന്ന് അഹങ്കരിച്ച വമ്പൻ സാമ്രാജ്യങ്ങൾ നയിക്കുന്ന കാരണവൻമാർ ഇരു കൈകളും ആകാശത്തേക്ക് ഉയർത്താൻ ആഹ്വാനം ചെയ്തിരിക്കുന്നു. അതേ നമുക്ക് ആകാശത്തേക്ക് കൈകൾ ഉയർത്താം… “നാഥാ ഞങ്ങളിലെ അവിവേകികളിലെ ചെയ്തികൾക്ക് നീ ഞങ്ങളെ ശിക്ഷിക്കരുതെ… ഞങ്ങൾക്ക് പൊറുത്ത് തരികയും മാപ്പുനൽകുകയും ചെയ്യേണമേ…

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • ജീവിത ചുറ്റുപാടുകളെ വസ്തുതാപരമായി വിലയിരുത്തുന്നവനെ വിവേകത്തോടെ ചിന്തിപ്പിക്കുന്ന ലഘുലേഖനം.

    Kabeer M. Parali 11.04.2020

Leave a comment

Your email address will not be published.