കോവിഡ് ചർച്ചകളിൽ നാസ്തികർ ദുരന്തങ്ങളാവുന്നുവോ ?

//കോവിഡ് ചർച്ചകളിൽ നാസ്തികർ ദുരന്തങ്ങളാവുന്നുവോ ?
//കോവിഡ് ചർച്ചകളിൽ നാസ്തികർ ദുരന്തങ്ങളാവുന്നുവോ ?
ആനുകാലികം

കോവിഡ് ചർച്ചകളിൽ നാസ്തികർ ദുരന്തങ്ങളാവുന്നുവോ ?

തിവുപോലെ തന്നെ കൊറോണ പോലുള്ള നാശകാരിയായ ദുരന്തത്തിന് സമാനമായിക്കൊണ്ട് നാസ്തികർ നിലകൊള്ളുന്നുണ്ട്. അവരുടെ സ്ഥിരം പല്ലവികൾ ആവർത്തിച്ച് കൊണ്ടിരിക്കുകയാണ്. കൺമുന്നിൽ കിടന്ന് സഹജീവികൾ മരിച്ചുകൊണ്ടിരിക്കുമ്പോഴും ദൈവത്തെ പഴി പറയാനുള്ള കഴിവ് അത്യത്ഭുതകരം തന്നെ. ശാസ്ത്രത്തിന് മാത്രമേ ഈ സമയത്ത് എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളു എന്നതാണ് നാസ്തികരുടെ വാദം. യഥാർത്ഥത്തിൽ ശാസ്ത്രത്തെ ഏറെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം കാര്യപ്രസകതമായ മേന്മകൾ ഒന്നും പറയാൻ കഴിയാത്ത അവസ്ഥയാണ്.

2019 ഡിസംബർ 31നാണ് കാരണം കണ്ടെത്താൻ കഴിയാത്ത തരത്തിൽ ന്യൂമോണിയ വുഹാനിൽ വെച്ച് ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2020 മാർച്ച് 12 ആയപ്പോഴേക്കും ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹമാരിയായി പ്രഖ്യാപിച്ചു. അത്രമാത്രം അതിശീഘ്രവ്യാപനമാണ് കൊറോണക്കുണ്ടായത്. ഈ വ്യാപനമാണ് കൊറോണ വൈറസിനെ പിടിച്ചു കെട്ടുന്നതിന് ഉള്ള പ്രധാന വെല്ലുവിളിയും.

സാധാരണയായി ഒരു രോഗത്തിന് മരുന്ന് കണ്ടെത്തി അത് വിപണിയിലെത്താൻ പത്ത് മുതൽ പതിനഞ്ച് വർഷം വരെയാണ് സമയമെടുക്കുന്നത്. ഇതിനായി കോടിക്കണക്കിന് പണമാണ് ചെലവാക്കേണ്ടത്. ആദ്യ കാലങ്ങളിൽ പലപ്പോഴും യാദൃശ്ചികമായാണ് മരുന്ന് കണ്ടെത്തിയിരുന്നത്. ഇന്ന് വളരെ സജ്ജീകരണങ്ങളോട് കൂടിയ പരീക്ഷണശാലയിൽ മരുന്നുകൾക്കായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഹൈ-ത്രൂപുട്ട് സ്ക്രീനിംഗ് പോലുള്ള രീതികൾ എല്ലാം മരുന്ന് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന രീതികളാണ്. മരുന്ന് കണ്ടെത്തിയതിന് ശേഷവും ഒരുപാട് കടമ്പകൾ കടന്നതിന് ശേഷമാണ് നമുക്ക് വാങ്ങാൻ പറ്റുന്നതിലേക്ക് ഈ മരുന്ന് എത്തുന്നത്. പ്രീ ക്ലിനിക്കൽ റീസേർച്ച്, എഫ്.ഡി.എ റിവ്യൂ, എഫ്.ഡി.എ പോസ്റ്റ് മാർക്കറ്റ് സേഫ്റ്റി മോണിറ്ററിങ് തുടങ്ങിയ കടമ്പകളിൽ മൃഗങ്ങളിലും, മനുഷ്യ വോളണ്ടിയർമാരിലും പരീക്ഷിച്ച് യാതൊരു വിധ പ്രശ്നവുമില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ മരുന്നുകൾ പുറത്തിറങ്ങുന്നുള്ളു. പറഞ്ഞ് വന്നത് കൊറോണ പോലുള്ള അതിശീഘ്രം പടർന്ന് പിടിക്കുന്ന വൈറസുകൾ വരുമ്പോൾ ഈ കടമ്പകൾ കടന്ന് കൊണ്ട് മരുന്ന് പെട്ടെന്ന് പുറത്തെത്തിക്കുക എന്നത് അസാധ്യമാണ്. കൊറോണ പോലെയൊരു വൈറസ് ഉടലെടുത്താൽ ജനിതക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതിനെ ഇല്ലാതാക്കാൻ കഴിയുന്ന രീതിയിൽ മരുന്നുകൾ ഉടനടി നിർമിക്കാൻ കഴിയുന്ന രീതിയിൽ ആകുമ്പോൾ മാത്രമേ ശാസ്ത്രത്തിന് രക്ഷിക്കാൻ കഴിയും എന്ന് പറയാനൊക്കൂ.

ഇന്നിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് നൂറ്റാണ്ടുകളായി ഇത്തരം പകർച്ചവ്യാധി പൊട്ടിപുറപ്പെടുമ്പോൾ മനുഷ്യർ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളാണ്. പ്രാചീന ഗ്രീക്കുക്കാർ തന്നെ ഇത്തരം ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.
എന്നാൽ വൈദ്യ ശാസ്ത്ര മേഖല കുതിച്ചുയർന്ന് കൊണ്ടിരിക്കുകയാണ്. സമീപ ഭാവിയിൽ നാം നേരത്തെ പറഞ്ഞപോലെ രോഗം പരത്തുന്ന അണുക്കളുടെ ഘടന കണ്ടെത്തിയ ഉടൻ തന്നെ നശിപ്പിക്കാൻ പാകത്തിൽ ശാസ്ത്രം വളർച്ച പ്രാപിച്ചേക്കാം. അക്കാലത്തും ശാസ്ത്രത്തിന് പിടിച്ചു കെട്ടാൻ കഴിയാത്ത സംഭവങ്ങൾ ഉണ്ടായിരിക്കും. മനുഷ്യരാശി തന്റെ പ്രവർത്തനങ്ങൾ അക്ഷീണം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യും
പക്ഷെ ഇല്ലാത്ത കഴിവുകൾ പറഞ്ഞുകൊണ്ട് ശാസ്ത്രത്തെ അപമാനിക്കുന്ന ഏർപ്പാട് നിർത്തുകയാണ് നാസ്തികർ ചെയ്യേണ്ടത്. ശാസ്ത്രത്തെ കുറിച്ചുള്ള നാസ്തികരിൽ ബഹുഭൂരിപക്ഷത്തിനുള്ള അജ്ഞതയും അന്ധതയും ശാസ്ത്രത്തിനെ ഏൽപ്പിക്കുന്ന പരിക്ക് ചെറുതല്ല.

മറ്റൊന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് നാസ്തികർ നൽകുന്ന അപ്രമാദിത്വം ആണ്. ഒരു മുറിവ് വന്നാൽ പലപ്പോഴും ചെറിയ പച്ചമരുന്നുകൾ കൊണ്ട് ഉണക്കുന്നവരാണ് നമ്മൾ. നാസ്തികരുടെ ഇവ്വിഷയകമായ വാദങ്ങൾ കേട്ടാൽ ഇത്തരം പച്ചമരുന്നുകൾ ഉപയോഗിക്കുന്നവരെ കപടശാസ്ത്ര പ്രചാരകരായി മുദ്രകുത്തി ജയിലിലടക്കണമെന്ന് തോന്നിപോകും. നാസ്തികരുടെ ഇത്തരം വാദങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തെ ഒരു സംശയ ദൃഷ്ടിയോടു കൂടി വീക്ഷിക്കുന്ന അവസ്ഥക്ക് കാരണമാകാറുണ്ട്. കുത്തക ഭീമന്മാരുടെ മാർക്കറ്റിങ് റെപ്പുകൾ സംസാരിക്കുന്ന പോലെയാണ് നാസ്തികർ ആധുനിക വൈദ്യശാസ്ത്രത്തെ കുറിച്ച് സംസാരിക്കുന്നത്. നാസ്തികരുടെ ഇത്തരം “താങ്ങലുകൾ” കൊണ്ട് നിലനിൽക്കേണ്ട ഗതികേടൊന്നും ആധുനിക വൈദ്യശാസ്ത്രത്തിന് വന്നിട്ടില്ല. അതിശക്തമായ കരുത്തുറ്റ തൂണുകൾ കൊണ്ട് നിർമിക്കപ്പെട്ട പടുകൂറ്റൻ കെട്ടിടത്തിന് താഴെ കുറച്ചു ആളുകൾ തങ്ങളുടെ കൈകൾ കൊണ്ട് തങ്ങളാണ് ഈ കെട്ടിടത്തെ പിടിച്ചു നിർത്തുന്നത് എന്ന വ്യാജേന നിൽക്കുന്ന ചിത്രമാണ് പലപ്പോഴും നാസ്തികരുടെ വാദങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ വരുന്നത്. വൈദ്യശാസ്ത്രമാകുന്ന ഈ കെട്ടിടം പടുത്തുയർത്തപ്പെട്ടത് അനവധി മഹാമനീഷികളുടെ കഠിനപ്രയത്നഫലമായിട്ടാണ്. ഉറക്കമിളച്ചും മറ്റും കഷ്ടപ്പെട്ട് വളർത്തിയ ശാസ്ത്രം. അക്കാലത്ത് ഉറക്കമിളക്കുന്നതും കഷ്ടപെടുന്നതും പരമാവധി ഒഴിവാക്കുകയും പരമാവധി സുഖിക്കുകയുമാണ് വേണ്ടതെന്ന ആശയം പ്രചരിപ്പിച്ച നാസ്തികർ ഇപ്പോൾ ദൈവ വിശ്വാസി ആയി എന്ന കാരണത്താൽ എത്രയെത്ര മഹാ ശാസ്ത്രജ്ഞരെയാണ് അവജ്ഞയോടു കൂടി ശാസ്ത്രബോധമില്ലാത്ത ആളുകളെന്ന് പറഞ്ഞു കൊണ്ട് തള്ളുന്നത്. ഇത്തരം വികലവാദങ്ങൾ ഉന്നയിക്കാതെ വളർന്ന് കൊണ്ടിരിക്കുന്ന ശാസ്ത്രത്തെ ഒത്തൊരുമിച്ചു നിന്ന്കൊണ്ട് ഉയർത്തുകയാണ് നാം ചെയ്യേണ്ടത്.

ശാസ്ത്രീയ രീതി തന്നെ നാസ്തികർ ചർച്ച ചെയ്ത് വികസിപ്പിച്ച ഒന്നല്ല. ശാസ്ത്രീയ രീതിയിൽ പരമപ്രധാനമായ ഒന്നാണ് പരീക്ഷണം (Experimental Method). ശാസ്ത്ര ചരിത്രത്തിൽ ആദ്യമായി പരീക്ഷണത്തിലൂടെ ഒരു സിദ്ധാന്തം മുന്നോട്ട് വെച്ചത് ഇബ്നു ഹൈതം ആണെന്നാണ് ശാസ്ത്ര ചരിത്രകാരന്മാരുടെ വിലയിരുത്തൽ. കാഴ്ചയുമായി ബന്ധപ്പെട്ട മുൻപുണ്ടായിരുന്ന സിദ്ധാന്തങ്ങളെല്ലാംതന്നെ തെറ്റാണെന്ന് അദ്ദേഹം പരീക്ഷണത്തിലൂടെ തെളിയിച്ചു. അത്കൊണ്ട്തന്നെ അദ്ദേഹത്തെ പരീക്ഷണ രീതിയുടെ പിതാവ്, ആദ്യത്തെ ഭൗതിക ശാസ്ത്രജ്ഞൻ എന്നെല്ലാം ശാസ്ത്രചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. പിന്നീട് റോബർട്ട് ഗ്രോസിറ്റസ്റ്റ്, റോജർ ബേക്കൺ, തുടങ്ങിയ അതികായന്മാർ പരീക്ഷണത്തെ കുറിച്ച് വളരെ വിശദമായി ചർച്ച ചെയ്തു. പരീക്ഷണ രീതിയെ പോലെ തന്നെ പ്രധാനപെട്ടതാണ് ആവർത്തനക്ഷമത (Repeatability). ആവർത്തന ക്ഷമതയുടെ പ്രാധാന്യം ആദ്യമായി ഊന്നി പറഞ്ഞത് റോബർട്ട് ബോയ്ലാണ്. പരീക്ഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ആവർത്തിക്കുകയും ഒരേ ഫലം തന്നെയാണ് ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക എന്ന പ്രക്രിയയാണ് ആവർത്തനക്ഷമത. പിന്നീട് ഐസക്ക് ന്യൂട്ടൻ ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച “പ്രിൻസിപിയ മാത്തമാറ്റിക്ക” എന്ന ഗ്രന്ഥം പുറത്തിറക്കി. പ്രവചനത്തിന് (Prediction) പ്രാധാന്യം വന്നതിൽ ന്യൂട്ടന്റെ സ്വാധീനം വളരെ വലുതാണ്. ശാസ്ത്രീയ രീതിയുടെ നെടുംതൂണുകളായ ഇവയെല്ലാം മുന്നോട്ട് വെച്ച ഇബ്ൻ ഹൈഥം, റോജർ ബേക്കൺ, ബോയ്ൽ, ന്യൂട്ടൻ തുടങ്ങിയവരെല്ലാം തന്നെ ദൈവ വിശ്വാസികളായിരുന്നു എന്നതാണ് യാഥാർഥ്യം. ശാസ്ത്രീയ രീതി തന്നെ വികസിപ്പിച്ച ഈ മഹാമനീഷികൾ തന്നെ ശാസ്ത്രവിരുദ്ധരും ശാസ്ത്രബോധം ഇല്ലാത്തവരും ആണെന്ന് പറയുന്ന നാസ്തികർക്ക് ശാസ്ത്രബോധം പോയിട്ട് സാമാന്യ ബോധം പോലുമില്ല എന്ന് പറയാനേ നിർവാഹമുള്ളൂ.
ശാസ്ത്രീയ രീതിയിലൂടെ ലഭിച്ച അറിവുകൾ മാത്രമേ തങ്ങൾ അംഗീകരിക്കുകയുള്ളൂ എന്ന പ്രസ്താവനയും പലപ്പോഴും നാസ്തികർ പരിഹാസ്യരാകാൻ കാരണമാകാറുണ്ട്. ശാസ്ത്രീയ രീതിയെ കുറിച്ച് അവർ തികച്ചും അജ്ഞരാണെന്ന് പലർക്കും ഇതിലൂടെ ബോധ്യമാകാറുണ്ട്. ജീവിതത്തിൽ ഇതുവരെ കാൽപന്ത് കളി കാണാത്ത ഒരാൾ ആദ്യമായി കൽ പന്ത്കളി കണ്ട് “എന്താണ് എല്ലാവരും ഒരു പന്തിന്റെ പിന്നാലെ ഓടുന്നത്” എന്ന് ചോദിച്ചു കൊണ്ട് എല്ലാവർക്കും വെവ്വേറെ ഓരോ പന്ത് വീതം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച ഒരു കഥയുണ്ട്. പലപ്പോഴും ഈ നാസ്തിക ശാസ്ത്രതീവ്രവാദികളുടെ ചർച്ചകൾ കേൾക്കുമ്പോൾ ഈ കഥയാണ് ഓർമ്മ വരാറുള്ളത്.
യഥാർത്ഥത്തിൽ ശാസ്ത്രീയ രീതിയിലൂടെ മാത്രം അറിവ് സ്വീകരിച്ചു കൊണ്ട് ജീവിക്കുക എന്നത് അസാധ്യമാണ്. നാം ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളുമായി ബന്ധപ്പെട്ട് നാം അറിവ് സ്വീകരിക്കുന്നത് ശാസ്ത്രീയ രീതി അവലംബിച്ചല്ല.

ശാസ്ത്രജ്ഞർ നടത്തുന്ന പഠനഫലങ്ങൾ നമ്മുക്ക് നേരിട്ട് അനുഭവിക്കാൻ കഴിയുന്നതും അല്ലാത്തതുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ നാം സ്വീകരിക്കുന്നത് നേച്ചർ പോലുള്ള ശാസ്ത്ര ജേർണലുകളിൽ നിന്നാണ്. ഈ രീതി യാഥാർത്ഥത്തിൽ ശാസ്ത്രീയമല്ല. നാം ആ ജേർണലിന് പ്രമാണികത നൽകുകയാണ് ചെയ്യുന്നത്. അത് ശാസ്ത്രീയ രീതി അല്ലതാനും. ശാസ്ത്രീയ കൂട്ടായ്മ അംഗീകരിച്ചതാണോ എന്ന നാസ്തികരുടെ ചോദ്യവും വാസ്തവത്തിൽ ശാസ്ത്രവിരുദ്ധമാണ്. ഇത്തരത്തിൽ പ്രാമാണികത നൽകുന്നത് ശാസ്ത്രീയരീതിക്ക് കടകവിരുദ്ധമാണ്. അരിസ്റ്റോട്ടിൽ പറഞ്ഞു എന്നതിനാൽ പല വിഷയങ്ങളും ചോദ്യം ചെയ്യപ്പെടാതെ നിലനിന്നിരുന്നു. ഈ രീതിക്ക് സമാനമാണ് ശാസ്ത്രീയ കൂട്ടായ്മ അംഗീകരിച്ചതാണോ എന്ന ചോദ്യം. മാത്രമല്ല ശാസ്ത്രീയ കൂട്ടായ്മ അംഗീകരിക്കാത്തത് തങ്ങൾ അംഗീകരിക്കില്ല എന്ന് വാശി പിടിച്ചിരുന്നെങ്കിൽ ഭൗതിക ശാസ്ത്രത്തെ പിടിച്ചു കുലുക്കിയ ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങൾ എല്ലാം തള്ളപ്പെടുമായിരുന്നു. കാരണം അവയൊന്നും തന്നെ ശാസ്ത്രീയ കൂട്ടായ്മകൾക്ക് മുൻപിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ആർക്കും തന്നെ ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല.

ശാസ്ത്രതീവ്രവാദിയായ ഒരാൾ രോഗബാധിതനായാൽ ചികിത്സ തേടാൻ ശാസ്ത്രീയ രീതി മാത്രമേ അവലംബിക്കുകയുള്ളൂ എന്ന് വാശിപിടിച്ചാൽ രോഗം മൂർച്ഛിച്ചു മരിച്ചുപോകുകയേ ഉള്ളൂ. കാരണം ഡോക്ടറെ കാണാൻ വേണ്ടി നാം ഡോക്ടറിരിക്കുന്ന കെട്ടിടത്തിലേക്ക് കയറുമ്പോൾ ആ കെട്ടിടം നിർമിച്ചത് ശാസ്ത്രീയമാണോയെന്ന് ഉറപ്പ് വരുത്തുക പ്രായോഗികമല്ല. ആ കെട്ടിടത്തിന് ബലക്ഷയമില്ല എന്ന് ഉറപ്പ് വരുത്തണമെങ്കിൽ അവിഷയകമായ വൈദഗ്ധ്യം നേടിയ എഞ്ചിനീയർ വന്ന് പരിശോധിച്ച് ബലക്ഷയമില്ല എന്ന് ഉറപ്പ് വരുത്തണം. അപ്പോഴാണെങ്കിൽ അദ്ദേഹം പറയുന്നത് വിശ്വസിക്കാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളു. നാം ഇവിടെ എൻജിനീയർക്ക് പ്രാമാണികത നൽകുകയാണ് ചെയ്യുന്നത്. അതാണെങ്കിലോ ശാസ്ത്രീയ രീതി അല്ലതാനും. അതിന് ശേഷം നാം ഡോക്ടറെ കണ്ട് മരുന്ന് ചീട്ട് വാങ്ങുമ്പോൾ നാം ഡോക്ടറെ വിശ്വസിക്കുകയാണ് ചെയ്യുന്നത്. ഇനി മരുന്ന് കൈപറ്റുമ്പോൾ നമുക്കറിയില്ല ഈ മരുന്നുകൾ എല്ലാം നമ്മുടെ രോഗത്തിനുള്ളതാണോയെന്ന്. ചുരുക്കത്തിൽ ശാസ്ത്രീയരീതി അവലംഭിക്കുകയൊള്ളൂ എന്ന് വാശി പിടിച്ചാൽ രോഗം മൂർച്ഛിച്ച് മരിച്ചു പോകുകയേ ഉള്ളു. അതു കൊണ്ട് തന്നെ ഞങ്ങൾ ശാസ്ത്രീയരീതി മാത്രമേ അംഗീകാരിക്കൂ, ശാസ്ത്രീയരീതിയിലൂടെ ലഭിച്ച അറിവുകൾക്ക് അനുസരിച്ചേ ജീവിക്കൂ എന്നു പറയുന്നത് അപ്രയോഗികവും മൗഢ്യവുമാണ്. പലപ്പോഴും തങ്ങൾ മുന്നോട്ട് വെക്കുന്ന ഇത്തരം വാദങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാകാത്തിനാലാണ് അവർ ചികിത്സ തേടി രക്ഷപ്പെടാൻ കാരണം തന്നെ. അല്ലെങ്കിൽ ഇത്തരം തീവ്രവാദികളെ ബലപ്രയോഗം നടത്തി ചികിൽസിക്കേണ്ട ഗതികേട് സർക്കാരിന് വരുമായിരുന്നു.
ഇനി ശാസ്ത്രീയ രീതിയിൽ പറയപ്പെട്ട പരീക്ഷണം, ആവർത്തനക്ഷമത, പ്രവചന ശേഷി തുടങ്ങിയ ടെസ്റ്റുകൾ പാസായി വന്നാൽ തന്നെ ഒരു സിദ്ധാന്തം യാഥാർഥ്യമാണെന്ന് പറയാൻ കഴിയില്ല എന്നതാണ് സത്യം. ഉദാഹരണത്തിന് ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം ശാസ്ത്രീയരീതിയുടെ എല്ലാ ടെസ്റ്റുകളും പാസായ ഒന്നാണ്. വളരെ കൃത്യമായി പല പ്രതിഭാസങ്ങളും പ്രവചിക്കാൻ ന്യൂട്ടന്റെ നിയമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഗുരുത്വാകർഷണ ബലം എന്നതൊന്ന് തന്നെയില്ല എന്നാണ് പിൽകാലത്ത് വന്ന ഐൻസ്റ്റീൻ പറഞ്ഞത്! സ്ഥല കാലത്തിന് വരുന്ന വക്രതയാണ് ഗുരുത്വത്തിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവചനങ്ങൾ ശരിയുമായിരുന്നു. വളരെ വലിയ പിണ്ഡമുള്ള വസ്തുക്കൾക്ക് ചുറ്റുമുള്ള സ്ഥലം വളയുന്നത് കൊണ്ട് പ്രകാശവും വളയുമെന്ന് അദ്ദേഹം പ്രവചിച്ചു. വളയുന്നതിന്റെ കോൺ കൃത്യമായി കണക്കുകൂട്ടുകയും ചെയ്തു. ഒരു സൂര്യഗ്രഹണ സമയത്ത്, വലിയ പിണ്ഡമുള്ള സൂര്യന് പിന്നിൽ നിൽക്കുന്ന നക്ഷത്രത്തിന്റെ സ്ഥാനം അളന്നപ്പോൾ ഐൻസ്റ്റീൻ പ്രവചിച്ച അതേ കോണളവ് തന്നെ ലഭിച്ചു. ബലം എന്നൊന്ന് സങ്കല്പിച്ചുകൊണ്ടാണ് ന്യൂട്ടൻ തുടങ്ങുന്നത് തന്നെ. അതുമായി ബന്ധപ്പെട്ട് അദ്ദേഹം ഉണ്ടാക്കുന്ന സമവാക്യങ്ങൾ എല്ലാം തന്നെ പ്രവചനം നടത്താൻ കെല്പുള്ളതാണെങ്കിലും അത് യാഥാർഥ്യമായിക്കൊള്ളണമില്ല എന്നതാണ് സത്യം. മിഷിയോ കാകു ഇക്കാര്യം ‘ഹൈപ്പർ സ്പേസ്’ എന്ന തന്റെ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. താമരകൾ ഉള്ള തടാകത്തിൽ ജീവിക്കുന്ന മീനുകൾക്ക് തടാകത്തിലുള്ള ജലം കാണാൻ കഴിയാത്തത് കൊണ്ട് ജലത്തിന്റെ ഇളക്കം കാരണം ഉണ്ടാകുന്ന താമരതണ്ടിന്റെ ഇളക്കത്തിന് കാരണം ഒരു അജ്ഞാതബലം ആണെന്ന് പറയാനേ പെട്ടെന്ന് കഴിയുകയുള്ളു എന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ടാണ് നാസ്തികരുടെ മറ്റൊരു ശാസ്ത്രദ്രോഹമുള്ളത്. ലോകത്ത് എത്രയോ ശാസ്ത്ര സിദ്ധാന്തങ്ങൾ എതിർക്കപെടുന്നുണ്ട്. എന്നാൽ അപ്പോഴൊന്നും പൊങ്ങി വരാത്ത നാസ്തികർ പരിണാമസിദ്ധാന്തം എതിർക്കപെടുമ്പോൾ പൊങ്ങി വരുന്നു. ഏതൊരു സിദ്ധാന്തം പോലെ എതിർക്കപ്പെടാനുണ്ടെങ്കിൽ എതിർക്കപ്പെടുക തന്നെ ചെയ്യും പരിണാമസിദ്ധാന്തവും. ലോകത്താർക്കും ഇപ്പോഴും ശാസ്ത്രത്തെ എതിർക്കാനുള്ള അവസരം ശാസ്ത്രലോകത്തുണ്ട്. അതിന് യാതൊരു വലിപ്പച്ചെറുപ്പവുമില്ല. എത്രയോ വർഷങ്ങളായി ശാസ്ത്രലോകത്ത് ഉണ്ടായിരുന്ന ആശയം ആയിരുന്ന ഈഥർ എന്ന ഒരു വസ്തു തന്നെ ഈ പ്രപഞ്ചത്തിൽ ഇല്ല എന്ന് പറഞ്ഞു കൊണ്ട് ഭൗതികശാസ്ത്രത്തെ മുഴുവൻ ഞെട്ടിച്ച സമയത്ത് ഐൻസ്റ്റീൻ പേറ്റൻറ് ഓഫീസിൽ ക്ലർക്ക് ആയി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. നാസ്തികർ തങ്ങളുടെ വിശ്വാസപ്രചാരണങ്ങൾക്ക് വേണ്ടി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളത് കൊണ്ട് ആരും പരിണാമത്തെ എതിർക്കേണ്ടതില്ല എന്ന് ശാസ്ത്രലോകത്ത് നിന്ന് ആരും പറഞ്ഞിട്ടില്ല.

തങ്ങളുടെ നാസ്തികതക്ക് വേണ്ടി ശാസ്ത്രത്തെ വളച്ചൊടിക്കുന്ന ഏർപ്പാട് നാസ്തികർക്കുണ്ട്, ഈ പ്രപഞ്ചത്തിന് പിന്നിലും ജൈവലോകത്തിന് പിന്നിലും ഒരു ആസൂത്രകനില്ലെന്ന് വരുത്താൻ വേണ്ടി കഷ്ടപ്പെടുന്ന നാസ്തികരെ കാണുമ്പോൾ പലപ്പോഴും അലിവ് തോന്നാറുണ്ട്. ഒരു രൂപകല്പകന്റെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാതെ രൂപകല്പനയിൽ പ്രശ്നങ്ങളുണ്ട് എന്ന് പറയുന്നത് എത്ര വലിയ മൗഢ്യമാണ്. കാർ, യാത്ര ചെയ്യാൻ വേണ്ടി രൂപകൽപന ചെയ്യപ്പെട്ടതാണെന്നറിയാത്ത ഒരു നാസ്തികൻ കാറിന്റെ രൂപകല്പനയിൽ കാണുന്ന പ്രധാന പ്രശ്നം അതിന് നാല് ചക്രങ്ങളുണ്ട് എന്നതായിരിക്കും. നാല് ചക്രങ്ങൾ അനാവശ്യമാണെന്നും, നിരപ്പായ സ്ഥലമല്ലെങ്കിൽ ഈ ചക്രങ്ങൾ കാരണം ഈ കാർ ഉരുണ്ട്പോയി എവിടെയെങ്കിലും പോയി ഇടിച്ചു നാശമാകാൻ സാധ്യത ഉണ്ടെന്നുമുള്ള അതിമഹത്തായ ദീർഘവീക്ഷണം പോലും അദ്ദേഹം നടത്തിയേക്കാം. കാര്യകാരണവുമായി ബന്ധപ്പെട്ട നാസ്തികരുടെ പല വാദങ്ങളും അബദ്ധങ്ങളാണ്. ഒരു പ്രതിഭാസത്തിന് പിന്നിൽ എന്തെങ്കിലുമൊരു കാരണം കിട്ടിയാൽ പിന്നെ ദൈവത്തിന് ഇടമില്ല എന്ന തരത്തിലാണ് അവരുടെ വാദങ്ങൾ ഉണ്ടാകാറുള്ളത്. എന്തെങ്കിലുമൊരു കാരണം കിട്ടിയാൽ ത്രിപ്തിപെടുന്നവരാണ് നാസ്തികരെങ്കിൽ ബൾബ് കത്തുന്നത് സ്വിച്ച് ഇടുന്നത് കൊണ്ടാണ് എന്ന കാരണത്തിലും അവർ തൃപ്തിപ്പെട്ടേക്കാം. യഥാർത്ഥത്തിൽ നാം കണ്ടെത്തുന്ന കാരണങ്ങൾ എല്ലാം തന്നെ ഒരു ശ്രേണിയായി പിന്നിലേക്ക് പോയികൊണ്ടിരിക്കുകയാണ്. ഒരു വസ്തു എന്ത്കൊണ്ട് ഭൂമിയിലേക്ക് പതിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഗുരുത്വം എന്നതാണ്. എന്നാൽ ഈ കാരണം കണ്ടെത്തുന്നതോടു കൂടി ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഗുരുത്വം എന്ത്കൊണ്ട് ഉണ്ടാകുന്നു എന്ന ചോദ്യം ഉയർന്നു വരുന്നു. സ്ഥലകാലത്തിനു സംഭവിക്കുന്ന വക്രതയാണ് കാരണം എന്ന് പറയപ്പെട്ടാൽ സ്ഥലകാലം എന്ത്കൊണ്ട് പിണ്ഡത്താൽ വക്രീകരിക്കപ്പെടുന്നു എന്ന ചോദ്യം വരുന്നു. ഇത്തരത്തിൽ ചോദ്യങ്ങൾ പിന്നിലേക്ക് ശ്രേണിയായി പോയിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. അല്ലാതെ ഒരു കാരണം കിട്ടിയാൽ എല്ലാ ഉത്തരവുമായി എന്ന അവസ്ഥ വരുന്നില്ല.

ശാസ്ത്രീയ മനോവൃത്തിയെ കുറിച്ച് ശാസ്ത്രതീവ്രവാദികൾ പറയാറുള്ളതും അബന്ധങ്ങളാണ്. തെളിവില്ല എന്നത് ഇല്ല എന്നതിനുള്ള തെളിവാണെന്നാണ് അവർ വാദിക്കുന്നത്. അതായത് ദൈവത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല ആജ്ഞേയവാദികളടക്കം ശാസ്ത്ര വിരുദ്ധരും ശാസ്ത്രീയമനോവൃത്തിയില്ലാത്തവരുമാണ് എന്നാണ് തീവ്രവാദികളുടെ നിലപാട്. എന്നാൽ ഇവർ തന്നെ എപ്പോഴും കൊണ്ട് നടക്കാറുള്ള കോസ്മിക് കലണ്ടർ എന്ന ആശയം മുന്നോട്ട് വെച്ച കാൾ സാഗൻ തന്നെ ഈ വാദത്തെ ശക്തമായി ഖണ്ഡിച്ചതാണ്. അദേഹത്തിന്റെ അഭിപ്രായത്തിൽ നാസ്തിക വാദമാണ് അശാസ്ത്രീയം. കാരണം ദൈവമില്ല എന്ന വാദത്തിന് തെളിവില്ല എന്നാണ് അദേഹത്തിന്റെ നിലപാട്.

ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരെല്ലാം ശാസ്ത്രീയ മനോവൃത്തിയില്ലാത്തവരെന്ന് മുദ്രകുത്തുന്ന ഏർപ്പാടാണ് നാസ്തികർക്കുള്ളത്. സത്യത്തിൽ നാസ്തികരുടെ ഈ ലിറ്റ്മസ് ടെസ്റ്റ് പാസായ ശാസ്ത്രജ്ഞരുടെ പഠനങ്ങൾ മാത്രമേ തങ്ങൾ അംഗീകരിക്കുകയൊള്ളു എന്ന വാദം ശാസ്ത്ര ലോകത്ത് ഇക്കാലം വരെയായി ആരും ഉന്നയിച്ചിട്ടില്ല.
കൊറോണ കാലത്തും പ്രളയ കാലത്തുമെല്ലാം മതത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് എന്നാണ് നാസ്തികർ പറഞ്ഞു നടക്കുന്നത്. ഈ ലോകത്ത് തനിക്ക് ചുറ്റും നടക്കുന്നതിനെ കുറിച്ചൊന്നും യാതൊരു ബോധവും ഇല്ലാത്തവരാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇരുന്നു കൊണ്ട് ഇത്തരം ജല്പനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതിദിനം 25000 മനുഷ്യജീവനുകളാണ് പട്ടിണി കാരണം മരണപ്പെടുന്നത്. ബിബിസി 2013 ൽ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഓരോ പത്ത് സെക്കന്റിലും പട്ടിണി കാരണത്താൽ ഒരു കുട്ടി മരണപ്പെടുന്നു. 2015 ലെ വേൾഡ് ബാങ്കിന്റെ കണക്ക് പ്രകാരം 70 കോടിക്ക് മുകളിൽ ആളുകൾ ജീവിക്കുന്നത് കൊടിയ ദാരിദ്ര്യത്തിലാണ്. നമ്മെ പോലെത്തന്നെയാണ് ഇവരും. കണ്ടാൽ ഒട്ടിയ വയറുള്ള മെലിഞ്ഞൊട്ടിയ ശരീരവും വിശപ്പ് സഹിക്കാൻ കഴിയാതെ കരഞ്ഞു കലങ്ങിയ കണ്ണുകളും ആയിരിക്കുമെന്ന് മാത്രം.അതേ സമയം മറുഭാഗത്ത് ലോകത്ത് ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ മൂന്നിൽ ഒരു ഭാഗം പാഴായി പോകുന്നു. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ നാം ഓരോരുത്തരും ഓർക്കണം ഓരോ പത്ത് സെക്കന്റ് കൂടുമ്പോഴും ഒരു പിഞ്ചു പൈതൽ ഭക്ഷണം കിട്ടാതെ മരിക്കുന്നുണ്ട് എന്ന കാര്യം. മരിക്കുന്നതിനു മുൻപ് ആ പൈതൽ വിശപ്പ് സഹിക്കാൻ കഴിയാതെ കരഞ്ഞിരുന്നു എന്ന്.

ദിവസവേതനം കൊണ്ട് മാത്രം ജീവിക്കുന്ന എത്രയോ ആളുകൾ ഈ ലോകത്തുണ്ട്. മിച്ചം വെക്കാൻ മാത്രം വേതനമില്ലാത്ത എത്രയോ ജനത. ഇവർക്ക് കൊറോണ പിടിപെടാതെ ഇരുന്നാൽ മാത്രം പോരാ. പട്ടിണി കൂടാതെ ജീവിക്കാൻ കഴിയുന്ന അവസ്ഥ വേണം. മതത്തിന്റെ ഇവ്വിഷയകമായ അധ്യാപനങ്ങൾ പ്രസക്തമാകുന്നത് ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്.
അയൽവാസിക്ക് വിശക്കുമ്പോൾ വയറ് നിറച്ചുണ്ണുന്നവൻ വിശ്വാസിയല്ല. (സുനൻ അൽ കുബ്റ 19049) ഭക്ഷണമുണ്ടാക്കുമ്പോൾ അൽപ്പം വെള്ളം ചേർക്കുക; അയൽവാസിയെ കൂടി പരിഗണിക്കുക (സഹീഹ് മുസ്‌ലിം 2625) അല്ലെങ്കിൽ പട്ടിണിയുള്ള നാളിൽ ഭക്ഷണം കൊടുക്കുക. കുടുംബബന്ധമുള്ള അനാഥക്ക്.
അല്ലെങ്കിൽ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്. ഖുർആൻ 90/14-16

എത്രയെത്ര ഒട്ടിയ വയറുകളെയാണ് ഈ ആശയങ്ങൾ നിറച്ചിട്ടുള്ളത്. വിശപ്പ് സഹിക്കാൻ കഴിയാതെ കരഞ്ഞു കലങ്ങിയ എത്ര മുഖങ്ങളാണ് ഈ ആശയങ്ങൾ കാരണം മനം നിറഞ്ഞു പുഞ്ചിരിച്ചത്. അനാഥസംരക്ഷണത്തെ കുറിച്ചുള്ള മതധ്യാപനങ്ങളുടെ പ്രസക്തി കൊറോണ കാലത്ത് പതിന്മടങ്ങ് വർദ്ധിക്കുന്നേയുള്ളൂ. അനാഥരെ അവഗണിക്കുന്നതിനെതിരെ സംസാരിച്ച ഖുർആൻ, അഗതികൾക്ക് ഭക്ഷണം കൊടുക്കാൻ ആഹ്വാനം ചെയ്ത ഖുർആൻ പ്രസക്തമാകുന്നത് ഇപ്പോൾ തന്നെയാണ്.
മതത്തെ വ്യാജമാക്കുന്നവന് ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്.
പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്.
(ഖുർആൻ 107/1-3)
അല്ല, പക്ഷെ നിങ്ങള് അനാഥയെ ആദരിക്കുന്നില്ല. പാവപ്പെട്ടവന്റെ ആഹാരത്തിന് നിങ്ങൾ പ്രോത്സാഹനം നല്കുന്നുമില്ല. (ഖുർആൻ 89/17-18)
എത്രയെത്ര അനാഥരുടെ കണ്ണീരൊപ്പിയ ആശയങ്ങളാണിത്. ഇന്നും നമ്മുക്ക് ചുറ്റും കഷ്ടതയനുഭവിക്കുന്നവർക്ക് താങ്ങായി ഈ ആശയങ്ങൾ നിലനിൽക്കുന്നു. അത്കൊണ്ട് തന്നെ ഇന്നും പ്രവാചക ശിഷ്യന്മാർ ഈ ആശയങ്ങൾ കഴിവിന്റെ പരമാവധി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

നാസ്തികതക്കാണ് കൊറോണ കാലത്ത് യാതൊരു വിധ പ്രസക്തിയും ഇല്ലാതെയായത്. ദിവസവും ദൈവം ഇല്ല എന്ന് നാല് നേരം പറഞ്ഞത് കൊണ്ട് ഒരു ഗുണപരമായ മാറ്റവും ഈ ലോകത്ത് ഉണ്ടാകാൻ പോകുന്നില്ല. യുക്തിയുടെ ഒരു കണക്ക്കൂട്ടൽ യന്ത്രത്തിനും ഇത് പോലൊരു കാലത്ത് സ്വന്തം ഭക്ഷണമെടുത്ത് മറ്റൊരാൾക്ക് നൽകുന്നത് ന്യായീകരിക്കാൻ കഴിയില്ല. വിഭവദൗർലഭ്യം നിലനിൽക്കുന്ന ഈ ലോകത്ത് സ്വന്തം ഭക്ഷണം മറ്റൊരാളുമായി പങ്കുവെക്കുന്നത് തിരിച്ചു സഹായങ്ങൾ പ്രതീക്ഷിച്ചു കൊണ്ടാണ് എന്നാണ് പരിണാമമനഃശാസ്ത്രം പറയുന്നത്. വിഭവദൗർലഭ്യം ഉള്ള ഈ ലോകത്ത് ഇത്തരത്തിൽ പ്രതീക്ഷകൾ വെച്ച് പുലർത്താതെ ഭക്ഷണം പങ്ക് വെക്കുന്നവരുടെ അതിജീവനം അസാധ്യമാണെന്നും. എന്നാൽ വിഭവദൗർലഭ്യം ഉള്ളപ്പോൾ തന്നെ ഇല്ലാത്തവന് തങ്ങളുടെ പക്കലുള്ള മുന്തിയ ഭക്ഷണം നൽകി അരവയറോട് കൂടി ഉറങ്ങിയ “യുക്തിയില്ലാത്ത” മനുഷ്യജീവികളെ പ്രവാചകൻ (സ) സൃഷ്ടിച്ചു എന്നതാണ് ചരിത്രം. എന്നാൽ ഇതൊന്നും ചെയ്യാനുള്ള യുക്തി കണ്ടെത്താൻ കഴിയാത്ത നാസ്തികർ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് ഈ പ്രവാചകനെ(സ) തെറി പറഞ്ഞ് സായൂജ്യമടയുന്നു എന്നതാണ്.

print

5 Comments

  • 👍👍👍

    fabina 09.04.2020
  • Wow super… 💯💯👍👍👍

    Dirhan 09.04.2020
  • 👍

    Sabna 09.04.2020
  • Masha Allah the article is good and the ending is amazing.

    Shahul pkd 10.04.2020
  • Well said. 👌👌👌

    Jaleel 10.04.2020

Leave a comment

Your email address will not be published.