കോവിഡ് 19; ശുചിത്വം പാലിക്കുക; സമ്പർക്കം ശ്രദ്ധിക്കുക

//കോവിഡ് 19; ശുചിത്വം പാലിക്കുക; സമ്പർക്കം ശ്രദ്ധിക്കുക
//കോവിഡ് 19; ശുചിത്വം പാലിക്കുക; സമ്പർക്കം ശ്രദ്ധിക്കുക
ആനുകാലികം

കോവിഡ് 19; ശുചിത്വം പാലിക്കുക; സമ്പർക്കം ശ്രദ്ധിക്കുക

രോഗങ്ങൾ ഏതാണെങ്കിലും അവ പകരാതിരിക്കുവാൻ വ്യക്തിശുചിത്വമാണ് ആദ്യമായി വേണ്ടത്. വൈറസ് രോഗങ്ങളാവുമ്പോൾ അവ പകരുന്നത് എങ്ങനെയെന്ന് മനസ്സിലാക്കി ശുചിത്വം പാലിക്കുവാൻ എല്ലാവരും സന്നദ്ധമായാൽ ഒരു പരിധി വരെ രോഗം വ്യാപിക്കുന്നത് തടയാൻ കഴിയും. ശുചിത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിശ്വാസികളോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. “ശുചിത്വം വിശ്വാസത്തിന്റെ പാതിയാണ്” (സ്വഹീഹു മുസ്‌ലിം) എന്ന് പഠിപ്പിച്ച പ്രവാചകന്റെ(സ) അനുയായികളാണല്ലോ അവർ. ദിവസേന അഞ്ചു നേരത്തെ നമസ്കാരത്തിന് മുൻപ് പുറത്തേക്ക് കാണുന്ന ശാരീരികഭാഗങ്ങളെല്ലാം ശുചീകരിക്കുന്ന രീതിയിൽ വുദു ചെയ്യൽ നിർബന്ധമാണ് വിശ്വാസികൾക്ക്. ശുദ്ധവും രോഗാണുമുക്തവുമായ വെള്ളമുപയോഗിച്ച് വുദു അഞ്ചു നേരം കൃത്യമായി ചെയ്യുന്നവരുടെ കൈകാലുകളും മുഖവും തലയുമെല്ലാം ശുചിത്വമുള്ളതായിരിക്കും. ഇത്തരം പ്രത്യേക സാഹചര്യങ്ങളിൽ വുദു ചെയ്യുന്ന അവയവങ്ങൾ അതോടൊപ്പം സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കുക കൂടി ചെയ്‌താൽ പിന്നെ തീരെ പേടിക്കേണ്ടതില്ല.

ഇതുവരെയുള്ള നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത് കോവിഡ്-19 വൈറസുകൾ പകരുന്നത് വായിലൂടെയോ കണ്ണിലൂടെയോ മൂക്കിലൂടെയോ മാത്രമാണെന്നാണ്. വായ(mouth), കണ്ണ്(eye), മൂക്ക്(nose) എന്നിവയുടെ ചുരുക്കപ്പേരായ MEN ആണ് കൊറോണയുടെ വാതിലുകൾ എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. വായുവിലൂടെ പകരുകയോ തൊലിയിലൂടെ അകത്തുകടക്കുന്നവയോ അല്ല കോവിഡ്-19 വൈറസുകൾ എന്നതുകൊണ്ട് തന്നെ അത്തരം ഭയപ്പാടുകൾ ആവശ്യമില്ല. രോഗബാധിതർ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന സ്രവങ്ങളുടെ സൂക്ഷ്മമായ തുള്ളികളിലാണ് വൈറസുകൾ ഉണ്ടാവുക. അത് പറ്റുന്ന സ്ഥലങ്ങളിൽ മണിക്കൂറുകളോളം വൈറസുകൾ ജീവിച്ചിരിക്കും. രോഗിയുടെ സ്രവത്തുള്ളിയിൽ നിന്ന് വന്ന വൈറസുകൾ ജീവിച്ചിരിക്കുന്നത് രോഗിയല്ലാത്തയാളുടെ തൊലിയിലാകാം; വസ്ത്രത്തിലാകാം; അയാൾ ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളിലോ ഫോണിലോ ആകാം; അയാളുടെ കീശയിലുള്ള കറൻസി നോട്ടുകളിലാകാം; നാണയത്തിലാകാം. വൈറസുള്ള ഈ സ്ഥലങ്ങളിലെവിടെയെങ്കിലും സ്പർശിക്കുന്ന കൈകളിൽ അത് പറ്റിപ്പിടിക്കുന്നു. ആ കൈകൾ വായിലോ മൂക്കിലോ കണ്ണിലോ സ്പർശിക്കുമ്പോൾ അവയിലൂടെയാണ് അത് രോഗിയല്ലാത്തയാളുടെ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്. കൈകൾ ശുചിയായി സൂക്ഷിച്ചാൽ തന്നെ കൊറോണാവ്യാപനത്തെ നല്ലൊരു പരിധി വരെ ചെറുക്കാൻ കഴിയുമെന്നാണ് ഇതിനർത്ഥം. സോപ്പും സാനിറ്റൈസറുമുപയോഗിച്ച് കൈകൾ ഇടയ്ക്ക് വൃത്തിയാക്കുകയും വായിലും കണ്ണിലും മൂക്കിലും സ്പർശിക്കുന്നതിന് മുൻപ് കൈ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്താൽ മതി. കയ്യിൽ പറ്റുന്ന വൈറസുകൾ തൊലിയിലെ സുഷിരങ്ങളിലൂടെ അകത്ത് കയറുകയില്ല എന്നതുകൊണ്ട് തന്നെ ആരോഗ്യപ്രവർത്തകരല്ലാത്തവർ കയ്യുറ ധരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

മതകർമങ്ങളുമായി ബന്ധപ്പെട്ട് മുസ്‌ലിംകൾക്ക് ഈ രംഗത്ത് ആകെ ശ്രദ്ധിക്കാനുള്ളത് വുദുവിന് ചില പള്ളികളിൽ ഉപയോഗിക്കുന്ന ഹൗദുകളും പള്ളിക്കുളങ്ങളും താൽക്കാലികമായി ഉപയോഗിക്കാതിരിക്കണം എന്നത് മാത്രമാണ്. അവയ്ക്ക് പകരം ടാപ്പ് വെള്ളം മാത്രം ഉപയോഗിച്ചാൽ മതി ഇപ്പോൾ എന്ന് തീരുമാനിച്ചാൽ വെള്ളത്തിലൂടെയുണ്ടാകാൻ സാധ്യതയുള്ള വൈറസ് സംക്രമണം നിയന്ത്രിക്കാൻ കഴിയും. അതിന് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ അടിയന്തിരപ്രാധാന്യത്തോടെ അത്തരം സൗകര്യങ്ങളേർപ്പെടുത്താൻ പള്ളിഭരണാധികാരികൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും.

കൊറോണപേടി പടർന്നതോടെ എല്ലായിടത്തും മുഖാവരണത്തിന് (face mask) നല്ല ആവശ്യക്കാരുണ്ട്. പല സ്ഥലങ്ങളിലും മാസ്ക്ക് കിട്ടാനില്ല. യഥാർത്ഥത്തിൽ രോഗികളാണ് അങ്ങാടിയിൽ സുലഭമായ മാസ്ക്ക് ഉപയോഗിക്കേണ്ടത്. അവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായിലെയും മൂക്കിലേയും സ്രവങ്ങളിലൂടെ പുറത്ത് വരുന്ന രോഗാണുക്കൾ മറ്റുള്ളവരിലേക്ക് സംക്രമിക്കാതെ മാസ്കിൽ തന്നെ പറ്റിപ്പിടിക്കുന്നതിനുള്ളതാണ് അത്തരം മാസ്‌ക്കുകൾ. രോഗിയിൽ നിന്ന് രോഗമില്ലാത്തയാൾക്ക് പകരാതിരിക്കണമെങ്കിൽ ഉപയോഗിക്കേണ്ട മുഖാവരണം ആശുപത്രി ജീവനക്കാരും ആരോഗ്യപ്രവർത്തകരുമുപയോഗിക്കുന്ന മുഖം ഭാഗികമായി മറയ്ക്കുന്ന കട്ടിയുള്ള മാസ്ക്കാണ്. രോഗികളെ പരിചരിക്കുന്നതിനിടയിൽ തങ്ങളുടെ കൈകളിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ള വൈറസുകൾ വായിലും കണ്ണിലും മൂക്കിലുമുള്ള സ്വാഭാവികസ്പർശത്തിലൂടെ അകത്തേക്ക് കടക്കാതിരിക്കുവാനുള്ള മുൻകരുതലാണിത്. മുഖം ഭാഗികമായി മൂടുന്ന രീതിയിലുള്ള നല്ല കട്ടിയുള്ള മാസ്ക് വഴി മാത്രമേ ഇത് സാധ്യമാകൂ. സാധാരണ മാസ്ക് ദീർഘനേരം ധരിക്കുമ്പോൾ പലപ്പോഴും രോഗാണുവാഹിനിയായാണ് പ്രവർത്തിക്കുന്നതെന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണ്.

രോഗിയാണെങ്കിലും അല്ലെങ്കിലും തുമ്മുകയോ ചുമക്കുകയോ ചെയ്യുന്നവർ തുണി കൊണ്ടോ കൈ കൊണ്ടെങ്കിലുമോ മറച്ചു പിടിച്ചാൽ അവരുടെ സ്രവങ്ങളിലുള്ള രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരുകയില്ല. ഇതിന് പകരമായിട്ടാണ് അങ്ങാടിയിൽ ലഭിക്കുന്ന മാസ്ക്ക് ധരിക്കുവാൻ നിർദ്ദേശിക്കപ്പെടുന്നത്. സ്ഥിരമായി മുഖത്തുതന്നെ ഘടിപ്പിക്കുമ്പോഴാണ് രോഗിയല്ലാത്തവർക്ക് അത് അപകടമുണ്ടാക്കാം എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രവാചകൻ (സ) മാതൃക കാണിച്ച് തന്ന മര്യാദ തന്നെയാണ് ഈ രംഗത്തും പിന്തുടരാൻ ഏറ്റവും നല്ലത്. തുമ്മുമ്പോൾ അദ്ദേഹം തന്റെ മുഖഭാഗം തുണി കൊണ്ടോ കൈ കൊണ്ടെങ്കിലുമോ മറച്ചു പിടിച്ചിരുന്നതായി അബൂദാവൂദും തിർമിദിയും നിവേദനം ചെയ്ത ഹദീഥുകളിലുണ്ട്. ഈ മാതൃക പിൻപറ്റിക്കൊണ്ട് പ്രവാചകകാലം മുതൽ ഇന്ന് വരെ വിശ്വാസികൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ കൈകളോ തൂവാലയോ ഉപയോഗിച്ച് വദനഭാഗം മറച്ചു പിടിക്കാറുമുണ്ട്. ആ സുന്നത്ത് കർക്കശമായി അനുധാവനം ചെയ്യുക എന്നാണ് ഇത്തരം അവസരങ്ങളിൽ പ്രത്യേകമായി പണ്ഡിതന്മാർ ഉപദേശിക്കണ്ടത്.

പകർച്ചവ്യാധികളുണ്ടാവുമ്പോൾ പൊതുവെ സ്വീകരിക്കേണ്ട മുൻകരുതലാണിത്. വ്യാധികളുള്ളവർ മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് പരമാവധി ഒഴിവാക്കുന്നതിനാവശ്യമായ രീതികളെയാണ് സംസർഗനിഷേധം (quarantine) എന്ന് വിളിക്കുന്നത്. രോഗിയായ വ്യക്തിയിൽ നിന്ന് അത്യാവശ്യമുള്ളവരല്ലാത്തവർ മാറി നിൽക്കുന്നത് വൈയക്തിക സംസർഗനിഷേധവും (personal quarantine) രോഗമുള്ള സമൂഹവുമായി രോഗമില്ലാത്ത സ്ഥലങ്ങളിലുള്ളവർ ബന്ധപ്പെടാതിരിക്കുന്നത് സാമൂഹിക സംസർഗനിഷേധവുമാണ് (social quarantine). രോഗിയാണെന്ന് ഉറപ്പുള്ളവരെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ അനുവദിക്കാതെ മാറ്റി അധിവസിപ്പിക്കുന്നതാണ് ഒന്നാമത്തെ രീതി. ആശുപത്രികളിൽ അവർക്കായി പ്രത്യേകം മുറികളുണ്ടാക്കി (isolation wards) പാർപ്പിക്കുകയും ചികിത്സകർ മാത്രം അവരുമായി ബന്ധപ്പെടുകയും ചെയ്യുന്ന രീതിയാണ് ഇന്ന് സ്വീകരിക്കുന്നത്. ഒപ്പം തന്നെ രോഗിയാകാൻ സാധ്യതയുണ്ടെന്ന് കരുതുന്നവരോട് വീടുകളിൽ ഒതുങ്ങിക്കഴിയുവാൻ (home quarantine) ആവശ്യപ്പെടുകയും ചെയ്യുന്നു.

പ്രവാചകകാലത്ത് നിലവിലുണ്ടായിരുന്ന സാംക്രമികരോഗമായ “കുഷ്ഠം ഉള്ളവരിൽ നിന്ന് സിംഹത്തിൽ നിന്ന് ഓടി അകലുന്നതുപോലെ ഓടി അകലുക” (സ്വഹീഹുൽ ബുഖാരി) എന്ന നബിനിർദേശം വൈയക്തിക സംസർഗനിഷേധത്തെ നിഷ്കർഷിക്കുന്നതാണ്. “(അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെയുള്ള) സാംക്രമികരോഗങ്ങളില്ല: രോഗികളും ആരോഗ്യമുള്ളവരും കൂടിക്കലരരുത് “( സ്വഹീഹ് മുസ്‌ലിം) എന്ന പ്രവാചകനിർദേശവും അതുതന്നെയാണ് പഠിപ്പിക്കുന്നത്. അത്തരം നിർദേശങ്ങൾ ഭരണാധികാരികളിൽ നിന്നും ആരോഗ്യപ്രവർത്തകരിൽ നിന്നുമുണ്ടാകുമ്പോൾ, രോഗികൾക്കും ബന്ധുക്കൾക്കുമെല്ലാം വൈകാരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിൽ പോലും, അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്നാണ് ഈ ഹദീഥുകൾ പഠിപ്പിക്കുന്നത്.

രോഗമുള്ള സമൂഹവുമായി രോഗമില്ലാത്ത സ്ഥലങ്ങളിലുള്ളവർ ബന്ധപ്പെടാതിരിക്കുവാനാവശ്യമായ മുൻകരുതലുകളെടുക്കുക എന്ന സോഷ്യൽ ക്വാറന്റൈൻ ഇന്നത്തെ ലോകക്രമത്തിൽ പൂർണമായും പ്രായോഗികമല്ല. നിമിഷങ്ങൾക്കുള്ളിൽ ലോകം ചുറ്റി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങളും സംവിധാനങ്ങളുമുള്ളപ്പോൾ, രോഗലക്ഷണങ്ങൾ പുറത്തുകാണിക്കാതെ വൈറസ് രോഗിയുടെ ശരീരത്തിൽ ദിവസങ്ങളോളം സുഷുപ്താവസ്ഥയിലായിരിക്കുമെന്ന വസ്തുത കൂടി പരിഗണിക്കുമ്പോൾ, സഞ്ചാരനിയന്ത്രണം കൊണ്ട് കാര്യമാത്രപ്രസക്തമായ രോഗപ്രതിരോധമൊന്നും സാധ്യമല്ല. അതുകൊണ്ടാണ് ചൈനയിലെ ഒരു സഹോദരിയുടെ ശരീരത്തിൽ ഏതോ ഒരു മൃഗത്തിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ കയറിക്കൂടിയ കൊറോണ വൈറസ് മൂന്നു മാസത്തിനുള്ളിൽ തന്നെ ലോകത്തെ 121 രാജ്യങ്ങളിലും ജപ്പാനിലെ യോക്കോഹാമ കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ്സ് അന്താരാഷ്‌ട്ര യാത്രാകപ്പലിലുമുള്ള ഒരു ലക്ഷത്തിലധികം പേരിലേക്ക് പകർന്നത്.

കോവിഡ് 19 കൂടുതൽ പകരാതിരിക്കുവാനായി താരതമ്യേന രോഗികൾ കുറവായ രാജ്യങ്ങൾ ചില യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്; പലരും പുതുതായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. സാംക്രമികരോഗങ്ങളുണ്ടാവുമ്പോൾ ഇത്തരം നിയന്ത്രങ്ങൾ അത്യാവശ്യമാണെന്ന് പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് പഠിപ്പിച്ച മുഹമ്മദ് നബി(സ)യുടെ അനുയായികൾക്ക് ഇക്കാര്യത്തിൽ മറ്റാരേക്കാളുമേറെ നിഷ്ഠയുണ്ടാവേണ്ടതുണ്ട്. തന്റെ കാലത്ത് നിലവിലുണ്ടായിരുന്ന പ്രധാനപ്പെട്ട സാംക്രമികരോഗമായ പ്‌ളേഗ് ഏതെങ്കിലും പ്രദേശത്തെ ബാധിച്ചാൽ എന്തുചെയ്യണമെന്ന് പ്രവാചകൻ (സ) പഠിപ്പിച്ചത് തന്നെയാണ് ഇന്ന് ക്വാറന്റൈൻ എന്ന പേരിൽ ആരോഗ്യപ്രവർത്തകരും നിഷ്കർഷിക്കുന്നത്: “ഏതെങ്കിലും ഒരു സ്ഥലത്ത് പ്ളേഗ് ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞാൽ നിങ്ങൾ അങ്ങോട്ട് പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ളേഗ് വന്നാൽ നിങ്ങൾ അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യരുത്” (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം). എത്ര കൃത്യമായ ക്വാറന്റൈൻ നിർദേശം! ഈ നിർദേശം പാലിക്കുവാൻ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിൽ വിശ്വസിക്കുന്നവരെല്ലാം ബാധ്യസ്ഥരാണ്. ജീവിക്കുന്ന സ്ഥലത്തെ ഭരണാധികാരികളുടെ ഈ രംഗത്തെ നിർദേശങ്ങൾ പാലിക്കുന്നത് മറ്റുള്ളവർക്ക് കേവലമായ ഒരു സാമൂഹികബാധ്യത മാത്രമാണെങ്കിൽ വിശ്വാസികൾക്ക് മതപരമായ നിർബന്ധബാധ്യത കൂടിയാണ് എന്നർത്ഥം.

മറ്റുള്ളവരുമായി സംസർഗ്ഗത്തിൽ വരുന്നതിൽ നിന്ന് രോഗിയെ വിലക്കുന്നതിനുവേണ്ടിയാണ് സർക്കാരുകൾ ജനക്കൂട്ടമുണ്ടാകുന്നത് പരമാവധി ഒഴിവാക്കുവാൻ അഭ്യർത്ഥിക്കുന്നത്. വ്യക്തിപരമോ കുടുംബപരമോ സാമൂഹികമോ രാഷ്ട്രീയമോ മതപരമോ ആയ പൊതുപരിപാടികൾ നടക്കുമ്പോൾ അതിൽ പങ്കെടുക്കുന്ന ഒരാളുടെ ശരീരത്തിൽ രോഗലക്ഷണങ്ങൾ പുറത്തുകാണിക്കാതെ സുഷുപ്താവസ്ഥയിലുള്ള കൊറോണ വൈറസ് ഉണ്ടെങ്കിൽ ആരും അറിയാതെ അത് മറ്റുള്ളവരിലേക്കും പകരാൻ സാധ്യതയുണ്ട്. അങ്ങനെയാണ് പല സ്ഥലങ്ങളിലും കൊറോണ പടർന്ന് പിടിച്ചത്. രാഷ്ട്രീയവും മതപരവുമായ പൊതുപരിപാടികളെല്ലാം പല സർക്കാരുകളും വിലക്കിയിരിക്കുന്നത് ഇക്കാരണം കൊണ്ടാണ്. ഉംറ തീർത്ഥാടനം വരെ ഏതാനും ദിവസത്തേക്ക് നിർത്തിവെക്കുവാൻ സൗദിസർക്കാർ തീരുമാനിച്ചത് പ്രശ്നത്തിന്റെ ഗൗരവാവസ്ഥ പരിഗണിച്ചുകൊണ്ടാണ്. വത്തിക്കാനും മറ്റു മതനേതാക്കളുമെല്ലാം സമാനമായ വിലക്കുകൾ നിഷ്കർഷിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരും രോഗബാധ ഭയപ്പെടുന്നവരും വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും പല സ്ഥലങ്ങളിലെയും പണ്ഡിതകൂട്ടായ്മകൾ വ്യക്തമാക്കിയത് അങ്ങനെയാണ് മതം നിഷ്കർഷിക്കുന്നത് എന്നതുകൊണ്ട് തന്നെയാണ്. ജുമുഅഃ ഖുതുബയുടെ സമയം കുറയ്ക്കുകയും ജുമുഅക്ക് വരുന്നവർ വ്യക്തിശുചിത്വം പാലിക്കുകയും കൂടി ചെയ്‌താൽ അവരിലൂടെ രോഗം പകരുകയില്ലെന്ന് ഉറപ്പിക്കുവാൻ കഴിയും. അതിന്നും പണ്ഡിതന്മാർ നിർദേശിച്ചിട്ടുണ്ട്.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.