കോവിഡ് 19; സത്യം മാത്രം പറയുക !

//കോവിഡ് 19; സത്യം മാത്രം പറയുക !
//കോവിഡ് 19; സത്യം മാത്രം പറയുക !
ആനുകാലികം

കോവിഡ് 19; സത്യം മാത്രം പറയുക !

ലോകം കൊറോണാഭീതിയിലാണ് !

കൊറോണയെന്ന ലാറ്റിൻ പദത്തിന് കിരീടം എന്നാണർത്ഥം. സസ്തനികളിലും പക്ഷികളിലും ചില രോഗങ്ങൾ പരത്തുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണാവൈറസുകൾ. ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ ഈ വൈറസുകളെ കാണുക ഒരുതരം കിരീടാകൃതിയിലായതിനാലാണ് അവയ്ക്ക് ആ പേര് വന്നത്. ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് ചില കൊറോണ വൈറസുകൾ പകരാറുണ്ട്. അങ്ങനെയൊരു വൈറസാണ് ചൈനയിലെ ഹ്യൂവാങ് മൽസ്യമാർക്കറ്റിലെ 57കാരി വീ ഗുയിക്സിയാനിന്റെ ശരീരത്തിലെത്തിയത്. 2019 ഡിസംബർ 10 ന് വന്ന ഒരു ചെറിയ പനിയുടെ രൂപത്തിൽ അത് അവരുടെ ശരീരത്തിൽ രോഗങ്ങളുണ്ടാക്കാനാരംഭിച്ചു. അന്ന് മുതൽ ആ വൈറസ് മനുഷ്യരിൽ ശ്വാസകോശസംബന്ധിയായ രോഗങ്ങളുണ്ടാക്കാനാരംഭിച്ചു. അതുണ്ടാക്കുന്ന അസുഖങ്ങളെ മൊത്തത്തിലാണ് നാം ഇന്ന് കോവിഡ് 19 എന്ന് വിളിക്കുന്നത്; 2019ൽ കണ്ടെത്തിയ കൊറോണ വൈറസ് അസുഖം (corona virus disease 2019) എന്നതിന്റെ ചുരുക്കമാണ് COVID-19.

2020 മാർച്ച് 9 തിങ്കളാഴ്ച ഇത് എഴുതാൻ തുടങ്ങുമ്പോൾ വരെ ലോകത്തെങ്ങുമുള്ള 111,758 പേർക്കാണ് കോവിഡ് 19 ബാധിച്ചിരുന്നത്. മാർച്ച് 11 ബുധനാഴ്ച ഇത് എഴുതി പൂർത്തിയാക്കിയപ്പോഴുള്ള കണക്കനുസരിച്ച് ലോകത്തെങ്ങും 122,235 രോഗികളുണ്ട്. മിനിയാന്ന് വരെ മരണപ്പെട്ടവരുടെ എണ്ണം 3,888 ആയിരുന്നു. ഇന്നത് 4,386 ആയിട്ടുണ്ട്. ഞാനിതെഴുതുന്നത് ഖത്തറിൽ വെച്ചാണ്. ഇന്ന് ഉച്ച വരെ ഇവിടെയുള്ള രോഗികളുടെ എണ്ണം വെറും 24 ആയിരുന്നു. ഇന്ന് വൈകുന്നേരമായപ്പോഴേക്ക് 262 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നത് എന്ന മനസ്സിലാക്കിത്തരുന്നതാണ് ഈ കണക്കുകൾ. ഇത് വരെ ലോകത്തെങ്ങുമുള്ള 66,993 പേർക്ക് രോഗം ഭേദമായിട്ടുണ്ട്; വ്യത്യസ്ത ആശുപത്രികളിൽ കഴിയുന്ന 50,856 പേരിൽ 5,753 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം; രോഗബാധിതരിൽ ആറ് ശതമാനം പേർ മാത്രമാണ് മരണപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലാണെങ്കിൽ രോഗബാധിതരാണെന്ന് ഉറപ്പിച്ച ഇതേവരേയുള്ള 62 പേരിൽ ആരുടെയും സ്ഥിതി ഗുരുതരമല്ല. ആറ് ശതമാനം പേരുടെ മാത്രം മരണത്തിനിടയാക്കിയ ഒരു രോഗത്തെ ഭയപ്പെടേണ്ടതില്ലെന്ന് സാങ്കേതികമായി പറയാൻ എളുപ്പമാണ്. പക്ഷെ ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുന്ന മരണസംഖ്യയും ഒരു രാജ്യത്തുനിന്ന് അടുത്ത രാജ്യത്തേക്കുള്ള രോഗത്തിന്റെ പകർച്ചയും ആരെയും ഭീതിപ്പെടുത്തുന്നതാണ്.

ഭീതിയല്ല, ശ്രദ്ധയാണ് വേണ്ടത് എന്ന് ആരോഗ്യപ്രവർത്തകരും സർക്കാരുകളും ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ലോകം ഭീതിയിൽ തന്നെയാണ്. ആരോഗ്യരംഗത്തെ മാത്രമല്ല സാമ്പത്തികരംഗത്തെയും ഇത് തകർക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് എന്ന വിശകലനം വളരെ ഗൗരവമുള്ളതാണ്.

രോഗം പടരാതിരിക്കുവാൻ ശ്രദ്ധിക്കണം എന്ന സർക്കാരുകളുടെ നിർദേശം പാലിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണ്. എല്ലാ മനുഷ്യരുടെയും സാമൂഹ്യമായ ബാധ്യതയാണത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രവാചകവചനങ്ങൾ നിഷ്കർഷയോടെ അനുധാവനം ചെയ്‌താൽ തന്നെ രോഗബാധയിൽ നിന്നും രോഗസംക്രമണത്തിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ കഴിയും. അതോടൊപ്പം തന്നെ രോഗത്തെ ഒരു പരീക്ഷണമായി കാണാൻ കഴിയുകയും എല്ലാം അല്ലാഹുവിൽ അർപ്പിച്ചുകൊണ്ട് ചികിത്സാവിധികൾ തേടാൻ സന്നദ്ധമാവുകയും വേണം. നമുക്കുവേണ്ടിയും സഹജീവികൾക്ക് വേണ്ടിയും ആത്മാർത്ഥമായി നാം പ്രാർത്ഥിക്കണം. സാംക്രമികരോഗത്തിലൂടെയുള്ള പരീക്ഷണങ്ങളിൽ നിന്ന് മനുഷ്യരെയെല്ലാം കാത്തുരക്ഷിക്കുന്നതിനായി നാം അല്ലാഹുവിന്റെ മുമ്പിൽ കൈകൾ ഉയർത്തണം. ഖുർആനും പ്രവാചകചര്യയും സ്വീകരിച്ചുകൊണ്ട് രോഗപ്രതിരോധത്തിനുവേണ്ടിയും വ്യാപിക്കാതിരിക്കുവാനായും രോഗികളെ ശുശ്രൂഷിക്കുന്നതിനായും സർക്കാരുകളുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വിശ്വാസികൾ രംഗത്തിറങ്ങേണ്ടതുണ്ട്. ഈ രംഗത്തെ മതനിർദേശങ്ങൾ പാലിക്കുവാൻ മുസ്‌ലിംകൾ സന്നദ്ധമായാൽ മതിയാകും.

ഇക്കാര്യത്തിൽ ഒന്നാമതായി ശ്രദ്ധിക്കുവാനുള്ളത് സത്യം മാത്രം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതാണ്.

“നിങ്ങൾ സത്യസന്ധരാവുക; സത്യസന്ധത സന്മാർഗ്ഗത്തിലേക്കും സൻമാർഗം സ്വർഗ്ഗത്തിലേക്കും നയിക്കും” (സ്വഹീഹു മുസ്‌ലിം) എന്ന പ്രവാചകനിർദേശം അനുസരിക്കുകയാണ് യാത്രക്കാർ തങ്ങൾ എവിടെനിന്നാണ് വരുന്നത് എന്നും തങ്ങൾക്ക് രോഗലക്ഷണങ്ങളുണ്ടോയെന്നും വെളിപ്പെടുത്തുന്നതിലൂടെ ചെയ്യുന്നത്. അത് വഴി തങ്ങൾക്ക് രോഗമുണ്ടെങ്കിൽ അത് കണ്ടെത്തി ചികിൽസിക്കുവാനും സഹജീവികൾക്ക് അത് പകരാതിരിക്കുന്നതിനും കഴിയും. ഔദ്യോഗിക കൃത്യനിർവഹണങ്ങൾ നടത്തുന്നവർ നമ്മുടെയും നമ്മുടെ സഹോദരങ്ങളുടെയും നന്മക്ക് വേണ്ടിയാണ് ചില വിലക്കുകൾ നിർദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കി അവരോട് സഹകരിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. അവരോട് സത്യം മറച്ചുവെക്കുന്നവർ ചെയ്യുന്നത് വലിയ പാതകമാണെന്ന സത്യം ഇനി മലയാളമറിയുന്നവർക്കൊന്നും പറഞ്ഞുകൊടുക്കേണ്ടതുണ്ടാവുകയില്ല. പ്രവാചകൻ (സ) പറഞ്ഞതെത്ര ശരി: “സത്യമാണെന്ന് വരുത്തിത്തീർത്ത് കള്ളം പറഞ്ഞ് നിന്റെ സഹോദരനെ വിശ്വസിപ്പിക്കുന്നതാണ് ഏറ്റവും വലിയ കരാർലംഘനം” (അബൂദാവൂദ്). സർക്കാർനിർദേശങ്ങൾ പാലിക്കുന്നതുവഴി വൈയക്തികമായ ചില പ്രയാസങ്ങളുണ്ടാവുമെന്ന് കരുതി സത്യം മറച്ചുവെക്കാൻ മുസ്‌ലിമിന് പാടില്ലെന്നാണ് “സത്യം പറയുക; അതെത്ര കൈപ്പുള്ളതാണെങ്കിലും” (തിർമിദി) എന്ന പ്രവാചകനിർദേശം വ്യക്തമാക്കുന്നത്.

ഇത്തരം സന്ദർഭങ്ങളിൽ കള്ളപ്രചരണങ്ങൾ നടത്തി ജനങ്ങളെ വഞ്ചിക്കുകയും അവരെ ഭീതിയിലാക്കുകയും വഴിതെറ്റിക്കുകയും ചെയ്യാൻ ശ്രമിക്കുന്നവരേക്കാൾ വലിയ ആക്രമികൾ ആരാണുള്ളത്!! ഓൺലൈനായും ഓഫ്‌ലൈനായും ആളുകളെ ആകർഷിക്കുവാൻ കള്ളം പറയുന്നവർ ഈ പ്രവാചകവചനമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ! “ജനങ്ങളെ ആശ്ചര്യഭരിതരാക്കുന്നതിന് വേണ്ടി കള്ളം പറയുന്നയാൾക്കാകുന്നു നാശം; അയാൾക്ക് തന്നെയാണ് നാശം.” (തിർമിദി)

ജനനന്മക്ക് വേണ്ടിയെന്ന വ്യാജേനയുള്ള കള്ളമെസേജുകൾ നിർമ്മിക്കുന്നവർ ആഗ്രഹിക്കുന്നത് അത് ലഭിക്കുന്നവരിലൂടെ തങ്ങൾ നിർമ്മിക്കുന്ന കള്ളം ലക്ഷക്കണക്കിന് മനുഷ്യരിലേക്കെത്തണമെന്നാണ്. അത് വഴി ആളുകൾ ആശ്ചര്യപ്പെടുകയോ പ്രയാസപ്പെടുകയോ ചെയ്യുന്നത് കാണുമ്പോൾ അവർക്കുണ്ടാക്കാവുന്ന വന്യമായ സംതൃപ്തി ഒരു തരം മനോരോഗത്തിന്റെ ലക്ഷണമാണ്. സത്യമാണെന്ന് വിചാരിക്കുകയും നന്മയാണെന്ന് കരുതുകയും ചെയ്തുകൊണ്ടാണ് പലരും സോഷ്യൽമീഡിയയിലൂടെ തങ്ങളിലെത്തുന്ന അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്. എന്തെങ്കിലും ഒരു വാർത്ത ലഭിച്ചാൽ അത് നന്മയാണെങ്കിലും തിന്മയാണെങ്കിലും സത്യമാണോയെന്നറിയാതെ പ്രചരിപ്പിക്കാൻ പാടില്ലെന്ന പ്രവാചകപാഠം ഉൾക്കൊള്ളുന്നവർ ഒരിക്കലും വ്യാജവാർത്തകളുടെ പ്രചാരകരാവുകയില്ല. “ഒരാൾ കള്ളം പറയുന്നവനാകുവാൻ താൻ കേൾക്കുന്നതെന്തും പറയുകയെന്ന സ്വഭാവം മാത്രം മതി” (മുസ്‌ലിം) എന്ന പ്രവാചകന്റെ(സ) നിരീക്ഷണം എത്രമാത്രം സത്യമാണ്!! ഖുർആൻ പറഞ്ഞതെത്ര ശരി! “സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.” (ഖുർആൻ 49: 6) ശരിയോ തെറ്റോയെന്ന് പരിശോധിക്കാതെ മറ്റുള്ളവരിൽ നിന്നുദ്ധരിക്കുന്നത് വളരെ വലിയ തിന്മയാണെന്നും പ്രവാചകൻ (സ) പഠിപ്പിച്ചിട്ടുണ്ട്. (സിൽസിലത്തു സ്വഹീഹ)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

4 Comments

  • രോഗത്തേക്കാൾ രോഗഭീതി പടർന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ സന്ദർഭത്തിൽ പൌരന്മാർക്ക് കൃത്യമായ അവബോധവും മാർഗ്ഗനിർദ്ദേശവും നൽകുന്ന ലളിതമായ ലേഖനം. വിശ്വാസികൾ പ്രത്യേകിച്ചും വായിച്ചിരിക്കേണ്ട രചനയാണിത്. ഇതിനകം മഹാമാരി(pandemic)യെന്ന് WHO പ്രഖ്യാപിച്ചു കഴിഞ്ഞ കൊറോണ രോഗത്തിൽ നിന്നും അല്ലാഹു ലോകജനതയെ ആകമാനം ദയാപൂർവ്വം പരിരക്ഷിക്കട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കാം.

    Kabeer M. Parali 12.03.2020
  • പഠനാർഹം . കൃത്യമായ നിർദ്ദേശങ്ങൾ…
    സർവശക്തനായ അല്ലാഹുവേ, നിന്നിലാണ് ഞങ്ങൾ ഭരമേല്പിച്ചിരിക്കുന്നത്… നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ

    Abdussalam Riyadh 12.03.2020
  • Masha Allah. നല്ല വിവരണം. പഠിക്കാനും പകര്‍ത്താനും പറ്റിയ ലേഖനം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍

    Jabi 13.03.2020
  • Covid 19 കുറിച്ചു വായിച്ചതിൽ ഏറ്റവും നന്നായി തോന്നിയ ലേഖനം
    ഒരുപാട് പുതിയ അറിവുകൾ കിട്ടി
    അല്ലാഹു അനുഗ്രഹിക്കട്ടെ

    Aburaihan 15.03.2020

Leave a comment

Your email address will not be published.