കോവിഡ് 19; ചികിൽസിക്കുക; പ്രാർത്ഥിക്കുക

//കോവിഡ് 19; ചികിൽസിക്കുക; പ്രാർത്ഥിക്കുക
//കോവിഡ് 19; ചികിൽസിക്കുക; പ്രാർത്ഥിക്കുക
ആനുകാലികം

കോവിഡ് 19; ചികിൽസിക്കുക; പ്രാർത്ഥിക്കുക

കൊറോണ വൈറസ് അസുഖങ്ങൾ മനുഷ്യർക്കിടയിൽ പുത്തരിയല്ല. സാധാരണയായി കാണപ്പെടുന്ന 229E, NL63, OC43, HKU1 എന്നീ കൊറോണാ വൈറസുകളേതെങ്കിലുമൊന്ന് ഒരിക്കലെങ്കിലും കയറിക്കൂടാത്ത ഒരു മനുഷ്യശരീരവുമുണ്ടാവുകയില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പനി, ചുമ, ക്ഷീണം എന്നിവയാണ് കൊറോണ മൂലമുണ്ടാകുന്ന സാധാരണ അസുഖങ്ങൾ. അവയൊന്നും തന്നെ മാരകമാകാറില്ല. ബാക്ടീരിയകളുണ്ടാക്കുന്ന അസുഖങ്ങൾ ഭേദമാക്കുവാൻ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതുപോലെ വൈറസ് ബാധയുണ്ടായ ശേഷം അതിൽ നിന്ന് രക്ഷ നൽകുന്നതിനുള്ള കാര്യമാത്രപ്രസക്തമായ മരുന്നുകളൊന്നും ഇതേവരെ വികസിപ്പിച്ചെടുക്കാൻ മനുഷ്യർക്ക് കഴിഞ്ഞിട്ടില്ല. പല വൈറസുകളിൽ നിന്നും ശരീരത്തെ പ്രതിരോധിക്കുവാനുള്ള ശേഷി നല്കുന്നതിനായി വാക്സിനുകൾ വികസിപ്പിച്ചെടുക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഹ്യൂമൺ കൊറോണാ വൈറസുകളിൽ ഏതിലെങ്കിലും നിന്ന് പ്രതിരോധത്തിനുള്ള വാക്സിനുകളൊന്നും ഇതേവരെ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.

മറ്റു പല വൈറസ് അസുഖങ്ങളെയും പോലെ സാധാരണ ഹ്യൂമൺ കൊറോണാവൈറസിൽ നിന്നുണ്ടാകുന്ന അസുഖങ്ങളും ഏതാനും ദിവസങ്ങൾക്ക് ശേഷം താനെ ഭേദമാകാറാണ് പതിവ്. സാധാരണ കൊറോണവൈറസ് അസുഖവുമായി ഡോക്ടറുടെ അടുത്തെത്തിയാൽ പനിക്കും വേദനക്കുമുള്ള അടിസ്ഥാന മരുന്നുകൾ നൽകുകയും ധാരാളം വെള്ളം കുടിക്കുവാനും ചുടുവെള്ളത്തിൽ കുളിക്കുവാനും ആവശ്യപ്പെടുകയും പുറത്തൊന്നും പോകാതെ വീട്ടിൽ നന്നായി വിശ്രമിക്കുവാൻ നിർദേശിക്കുകയുമാണ് ചെയ്യാറുള്ളത്. രോഗലക്ഷണങ്ങൾക്കുള്ള ഈ ചികിത്സക്കിടയിൽ ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോഴേക്ക് രോഗിയുടെ ശരീരം വൈറസുകളെ പൂർണമായും പ്രതിരോധിക്കുവാനുള്ള ശേഷി സ്വയം നേടുകയും അസുഖം ഭേദമാവുകയുമാണ് പതിവ്.

ഒരിക്കലും മാരകമായി മാറാറില്ലാത്ത സാധാരണ കൊറോണാവൈറസ് അസുഖങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ദക്ഷിണചൈനയിൽ നിന്ന് 2002 നവമ്പറിൽ പൊട്ടിപ്പുറപ്പെട്ട സാർസ് എന്ന് പിൽക്കാലത്ത് വിളിച്ച കൊറോണാപകർച്ചവ്യാധി. കഠിനവും തീവ്രവുമായ ശ്വാസകോശരോഗം Severe acute respiratory syndrome (SARS) എന്നതിന്റെ ചുരുക്കപ്പേരാണ് സാർസ്. പേര് സൂചിപ്പിക്കുന്നത് പോലെ ശ്വാസകോശത്തെ വൈറസ് ബാധിക്കുന്നതുകൊണ്ടുണ്ടാവുന്ന തീവ്രാവസ്ഥയായതുകൊണ്ട് തന്നെ അത് മൂർഛിച്ചവർക്ക് ഏറെ മാരകമായിത്തീർന്നു. രോഗം ബാധിച്ച 8098 പേരിൽ 774 പേരും മരണപ്പെട്ടു. ചൈനയിൽ തുടങ്ങിയ രോഗം പതിനേഴ് രാജ്യങ്ങളിലേക്ക് പകർന്നുവെങ്കിലും 2003 ജൂലൈ ആയപ്പോഴേക്ക് അത് ഏകദേശമായി കെട്ടടങ്ങി. അതിന് ശേഷം ഒറ്റപ്പെട്ട ചിലർക്ക് സാർസ് ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും 2004ന് ശേഷം ലോകത്തെവിടെയും അത്തരം കേസുകൾ ഉണ്ടായിട്ടില്ല. ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് സാർസ് കേസുകളും അപകടനിലയിലെത്താതെ സുഖപ്പെടുകയാണുണ്ടായത്. സാർസ് പിടിമുറുക്കിക്കൊണ്ടിരുന്നപ്പോൾ അതിനുള്ള മരുന്ന് കണ്ടുപിടിക്കാനും വാക്‌സിനുകൾ വികസിപ്പിച്ചെടുക്കുവാനുമുള്ള തീവ്രമായ പരിശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ഇന്നേവരെ അതൊന്നും തന്നെ വിജയിച്ചിട്ടില്ല.

സൗദി അറേബിയിൽ നിന്ന് 2012 ൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട മെർസ് ആണ് പിന്നെയുണ്ടായ മാരകമായ കൊറോണാവൈറസ് ബാധ. മധ്യപൗരസ്ത്യദേശ ശ്വാസകോശരോഗം (Middle East respiratory syndrome (MERS) എന്നതിന്റെ ചുരുക്കമായി മെർസ് എന്നും ഒട്ടകത്തിൽ നിന്ന് പകരുന്നത് എന്ന അർത്ഥത്തിൽ ഒട്ടകപ്പനി (camel flu) എന്നും വിളിക്കുന്ന ഈ സാംക്രമികരോഗം 2020 ജനുവരിയിൽ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എട്ടു വർഷങ്ങൾക്കുള്ളിൽ രോഗബാധിതരായ 2506 പേരിൽ 862 പേർ മരണപ്പെട്ടുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്; അമേരിക്കയിലേക്കും ബ്രിട്ടനിലേക്കുമെല്ലാം മെർസ് വൈറസ് എത്തി നോക്കിയിട്ടുണ്ടെങ്കിലും സൗദി അറേബിയയിലുള്ളവർക്കാണ് കൂടുതൽ ബാധിച്ചത്. അവിടെ 1029 പേർക്ക് രോഗമുണ്ടാവുകയും 452 പേർ മരണപ്പെടുകയും ചെയ്തു. മേഴ്സിനും മരുന്ന് കണ്ടുപിടിക്കാനും വാക്‌സിനുകൾ വികസിപ്പിച്ചെടുക്കുവാനുമുള്ള പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇന്നേവരെ അതൊന്നും തന്നെ വിജയിച്ചിട്ടില്ലെന്ന് മാത്രം.

സാർസിനെയും മെർസിനെയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് -19, താരതമ്യേന മരണനിരക്ക് കുറഞ്ഞ കൊറോണാബാധയാണ് എന്ന് പറയാം. സാർസിന്റെ മരണനിരക്ക് 9.6 ശതമാനവും മെർസിന്റെ മരണനിരക്ക് 39 ശതമാനവുമാണെങ്കിൽ കോവിഡ് 19 ന്റെ ഇതേ വരെയുള്ള മരണനിരക്ക് ആറ് ശതമാനം മാത്രമാണ്. വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ച 122,235 പേരിൽ 4,386 പേർ മാത്രമേ മരണപ്പെട്ടിട്ടുള്ളൂ. ശതമാനം കുറവാണെങ്കിലും സാർസിനെയും മെർസിനെയുമപേക്ഷിച്ച് മരണസംഖ്യ വളരെക്കൂടുതലാണ്. രണ്ടിലും കൂടി ആകെ മരിച്ചവരുടെ എണ്ണം 1636 മാത്രമായിരുന്നു. കോവിഡ് -19 ബാധയാൽ ഇപ്പോൾ തന്നെ 4,386 പേർ മരണപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ചികിത്സയിലുള്ള 50,856 രോഗികളിൽ 5,753 പേരുടെ സ്ഥിതി ഗുരുതരമാണ് താനും. സാർസിനെയും മെർസിനെയുമപേക്ഷിച്ച് മരണസംഘ്യ കൂട്ടുവാൻ കാരണം കോവിഡ് -19 പകർന്നുകൊണ്ടിരിക്കുന്നത് ധ്രുതഗതിയിലാണ് എന്നതുകൊണ്ടാണ്. കോവിഡിന് ഒന്നിൽ നിന്ന് ഒന്നേകാൽ ലക്ഷത്തിലെത്താൻ മൂന്ന് മാസം മാത്രമേ എടുത്തുള്ളൂവെന്നത് ഭീതിയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഈ ത്വരണത്തിൽ തന്നെ വൈറസ് സംക്രമണം മുന്നോട്ട് പോവുകയാണെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ലോകജനസംഖ്യയിൽ മിക്കവാറും പേരെ വൈറസ് ആക്രമിക്കും. പകരുന്നത് തടയുക തന്നെയാണ് ഇപ്പോൾ അതിന്നെതിരെ കാര്യമായി ചെയ്യാനുള്ളത്. എങ്കിൽ മാത്രമേ രോഗം നിയന്ത്രിക്കുവാനും മരണനിരക്ക് കുറക്കുവാനും കഴിയൂ.

സാർസിനെപ്പോലെ കോവിഡും പെട്ടെന്ന് അപ്രത്യക്ഷമായാൽ അല്ലാഹുവിന്റെ അനുഗ്രഹം; അല്ല, മെർസിനെപ്പോലെ വർഷങ്ങളെടുക്കുകയാണെങ്കിലോ; അതും ദൈവപരീക്ഷണം തന്നെ ….. അപ്പോൾ എന്താണുണ്ടാവുകയെന്ന് പറയാൻ കഴിയില്ല!!

മറ്റു കൊറോണാബാധകളെപ്പോലെത്തന്നെ കോവിഡിനും ഇതേവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. കണ്ടെത്തിയെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളൊക്കെയും വ്യാജമാണ്. ഇക്കാര്യത്തിൽ ചൈനയിലും മറ്റു രാജ്യങ്ങളിലുമെല്ലാം ധ്രുതഗതിയിലുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടന്നു വരുന്നുണ്ട്. ചൈനയുടെ ശാസ്ത്ര-സാങ്കേതികശാസ്ത്ര മന്ത്രി ക്‌സൂ നാൻപിങ് ഒരു പ്രസ്താവനയിൽ ഏപ്രിൽ അവസാനമാകുമ്പോഴേക്ക് കോവിഡ് 19 നെതിരെയുള്ള വാക്സിൻ പരീക്ഷണത്തിന് സജ്‌ജമാകും എന്ന പ്രതീക്ഷ പുറപ്പെടുവിച്ചിരുന്നു. അമേരിക്കയിലെ ഇനോവിയോ ഫർമസ്യൂട്ടിക്കൽ കമ്പനിയും വാക്സിൻ തയാറാക്കുന്നതിനുള്ള തങ്ങളുടെ പരിശ്രമങ്ങൾക്ക് ഏപ്രിലിൽ ഫലമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സാർസിനോ മെർസിനോ മറ്റേതെങ്കിലും കൊറോണാ രോഗങ്ങൾക്കോ ഉള്ള വാക്‌സിൻ വികസിപ്പിച്ചെടുക്കാൻ ഇതേ വരെ കഴിഞ്ഞിട്ടില്ലെന്ന വസ്തുത പരിഗണിക്കുമ്പോൾ ഈ പ്രതീക്ഷകൾ എത്രത്തോളം പൂവണിയുമെന്ന് കണ്ട് തന്നെ അറിയണം. ഇപ്പോഴുള്ള ത്വരണത്തിൽ രോഗബാധ മുന്നോട്ടുപോയാൽ ഏപ്രിലിൽ വാക്സിൻ എത്തുമ്പോഴേക്ക് തന്നെ ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ നല്ലൊരു ശതമാനം രോഗബാധിതരാവും. പകരാതെ നോക്കുക തന്നെയാണ് ഇപ്പോൾ മനുഷ്യർക്ക് മുമ്പിലുള്ള വഴി.

കാര്യമായ മറ്റു രോഗങ്ങളൊന്നും ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം കോവിഡ് 19 ബാധയും സാധാരണ കൊറോണാവൈറസ് ബാധയെപ്പോലെ വലിയ പ്രയാസങ്ങളൊന്നും സൃഷ്ടിക്കാത്ത രോഗമാണ്. രോഗബാധിതരായിരുന്നവരിൽ 66,993 പേർക്ക് പൂർണമായും രോഗം സുഖപ്പെട്ട് ആശുപത്രി വിട്ടിട്ടുണ്ട്. ഇപ്പോൾ ചികിത്സയിലുള്ള 50,856 പേരിൽ 45,103 പേരുടെയും രോഗം സാരമല്ലാത്തതാണ്. കൃത്യസമയത്ത് ചികിത്സ ലഭിച്ചാൽ വൈറസ് ബാധകൊണ്ടുണ്ടാകാവുന്ന ദ്വിതീയഅണുബാധയെ (secondary infection) നിയന്ത്രിക്കുവാനും രോഗിയെ അപകടാവസ്ഥയിൽ നിന്ന് രക്ഷിക്കാനും കഴിയും. രക്തസമ്മർദത്തെപ്പോലെയുള്ള രോഗമുള്ളവരിലും പ്രായമായവരിലുമാണ് കോവിഡ് 19 പലപ്പോഴും മാരകമാവുന്നത്. അവരുടെ ഇത്തരം അസുഖങ്ങൾക്കുള്ള ശരിയായ ചികിത്സ നൽകിയാൽ കോവിഡ് ബാധിച്ച അത്തരക്കാരെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞേക്കും. വൈറസ്ബാധ ഗുരുതരമായവർക്കായി ചൈന വികസിപ്പിച്ചെടുത്ത Favilavir എന്ന ആന്റിവൈറൽ ഡ്രഗും ഈയിടെയായി ഉപയോഗിക്കുവാൻ തുടങ്ങിയിട്ടുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭിച്ചാൽ പരമാവധി പേരെ മരണത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുമെന്നർത്ഥം.

“എല്ലാ രോഗങ്ങൾക്കും ഔഷധമുണ്ട്; അസുഖത്തിനുള്ള മരുന്ന് ഉപയോഗിക്കുമ്പോൾ അല്ലാഹുവിന്റെ അനുമതിയോട് കൂടി അത് സുഖപ്പെടുന്നു” (സ്വഹീഹ് മുസ്‌ലിം) എന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുള്ളത്. “ഒരു രോഗത്തെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല; അതിന്റെ ഔഷധത്തെക്കൂടി അവൻ സൃഷ്ടിച്ചിട്ടല്ലാതെ”(സ്വഹീഹുൽ ബുഖാരി) എന്നുകൂടി പറഞ്ഞുതന്ന പ്രവാചകന്റെ(സ) സത്യതയിൽ വിശ്വസിക്കുന്നവർ ഏത് പുതിയ രോഗം കണ്ടാലും അതിനുള്ള മരുന്നിനു വേണ്ടി അന്വേഷിക്കുകയും നിയതമായ മാർഗങ്ങളിലുള്ള ചികിത്സകൾ തേടുകയുമാണ് ചെയ്യുക. അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതമായ, തെറ്റായ രീതിയിലുള്ള ചികിത്സകളെയെല്ലാം പ്രവാചകൻ (സ) നിരോധിച്ചിട്ടുണ്ട്. “രോഗത്തെയും അതിന്റെ ഔഷധത്തെയും ഇറക്കിയത് അല്ലാഹുവാണ്; രോഗങ്ങൾക്കെല്ലാം അവൻ ഔഷധത്തെയും നിശ്ചയിച്ചിട്ടുണ്ട്; അതിനാൽ രോഗങ്ങളെ നിങ്ങൾ ചികില്സിക്കുക; അനുവദിക്കപ്പെടാത്ത മാർഗങ്ങളെ ഒഴിവാക്കുക” (അബൂദാവൂദ്) എന്ന നബിയുപദേശമാണ് ഇത്തരം സന്നിഗ്ധഘട്ടങ്ങളിൽ വിശ്വാസിയ്ക്ക് മാർഗ്ഗദർശനമാകേണ്ടത്. സർവ്വരോഗചികിത്സകരായി ചമയുന്ന ആൾദൈവങ്ങളും രോഗശാന്തിശുശ്രൂഷകരും ആത്മീയവ്യാപാരികളുമെല്ലാം അടക്കം കൊറോണാഭീതിയിൽ തങ്ങളുടെ പണി നിർത്തുമ്പോൾ പ്രവാചകന്റെ(സ) അനുയായികൾ ചികിത്സ പ്രോത്സാഹിപ്പിക്കുകയും മരുന്നന്വേഷിക്കുകയും അത് കണ്ടെത്താൻ ശ്രമിക്കുകയും അങ്ങനെ ശ്രമിക്കുന്നവർക്ക് താങ്ങായി നിൽക്കുകയും ചെയ്യേണ്ടവരാണ്. അവരെ സംബന്ധിച്ചിടത്തോളം മരുന്നന്വേഷണവും ഗവേഷണവുമെല്ലാം സാമൂഹികമായ ബാധ്യതാനിർവ്വഹണം മാത്രമല്ല, പ്രവാചകനിർദേശത്തിന്റെ പ്രയോഗവൽക്കരണം കൂടിയാണ്. അങ്ങനെ പ്രയോഗവൽക്കരിച്ച പ്രവാചകാനുചരന്മാരായ ഭിഷഗ്വരന്മാരാണല്ലോ മധ്യകാലത്തെ ആരോഗ്യപ്രതിസന്ധികളിൽ ലോകത്തിന് താങ്ങായിത്തീർന്നത്.

രോഗം വരാതിരിക്കുവാനും പടരാതിരിക്കുവാനും വന്നാൽ ഭേദമാക്കുവാനും ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞാൽ പിന്നെ വിശ്വാസികൾക്ക് ചെയ്യാനുള്ളത് അല്ലാഹുവിൽ കാര്യങ്ങളെല്ലാം ഭരമേല്പിക്കുകയും നന്മകൾക്ക് വേണ്ടി അവനോട് പ്രാർത്ഥിക്കുകയും ചെയ്യുകയാണ്. അല്ലാഹു ‘റഹ്‌മാൻ’ അഥവാ പരമകാരുണികനാണ് എന്നാണ് ക്വുർആൻ പഠിപ്പിക്കുന്നത്. തീവ്രമായ കാരുണ്യം എല്ലായ്‌പ്പോഴും എല്ലാ സൃഷ്ടികളിലേക്കും ചൊരിഞ്ഞുകൊണ്ടിരിക്കുന്നവൻ എന്നാണ് ‘റഹ്‌മാൻ’ എന്ന ദൈവനാമം അർത്ഥമാക്കുന്നത്. സ്വന്തം അസ്തിത്വത്തിൽ തന്നെ കാരുണ്യത്തെ ഒരു ബാധ്യതയായി രേഖപ്പെടുത്തിയവനായാണ് ക്വുർആൻ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. (6: 12) അല്ലാഹുവിൽ നിന്നുണ്ടാവുന്നതെല്ലാം കാരുണ്യമാണ് എന്നർത്ഥം. നന്മയായും തിന്മയായും നമുക്ക് തോന്നുന്ന കാര്യങ്ങളിലെല്ലാം അല്ലാഹുവിന്റെ കാരുണ്യം അന്തർലീനമായിരിക്കും എന്ന പാഠമാണ് ‘എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും’ (ക്വുർആൻ 7: 156) എന്ന ദൈവവചനം വ്യക്തമാക്കുന്നത്. എല്ലാവിധ ദുരിതങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്ത് രക്ഷിക്കുന്നതിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോഴും തങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ ആത്യന്തികമായി അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രകാശനമാണെന്ന് മനസ്സിലാക്കുന്നവരാണ് വിശ്വാസികൾ. അതുകൊണ്ടാണ് ആത്യന്തികമായി അവനിൽ കാര്യങ്ങളെല്ലാം അവർ ഭരമേല്പിക്കുന്നത്. രോഗശമനത്തിനുവേണ്ടി ആഗ്രഹിച്ചുകൊണ്ടാണ് പ്രാർത്ഥിക്കുന്നതെങ്കിലും അതല്ല നന്മയെങ്കിൽ ആത്യന്തികമായ നന്മയിലേക്കായിരിക്കും സർവശക്തൻ നയിക്കുകയെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവനിൽ കാര്യങ്ങളെല്ലാം വിശ്വാസികൾ ഭരമേല്പിക്കുന്നത്.

ഈ പ്രപഞ്ചത്തിലേക്കുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പ്രകാശനം ഒരാൾക്ക് അനുഭവപ്പെടുന്നത് ദുരിതമായിട്ടാണ് എന്നതിനാൽ മാത്രം അത് കാരുണ്യമല്ലാതായിത്തീരുന്നില്ല; ഓരോരുത്തർക്കും വന്നു ഭവിക്കുന്ന പ്രയാസങ്ങൾക്ക് പിന്നിലുള്ള അല്ലാഹുവിന്റെ കാരുണ്യം എന്താണെന്ന് ചിലപ്പോൾ ഇവിടെ വെച്ച് തന്നെ നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അതിന് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പൂർണപ്രകാശനം നടക്കുന്ന മരണാനന്തരജീവിതത്തിലേ കഴിയൂ. സ്വന്തം അസ്തിത്വത്തിന്റെ ബാധ്യതയായി നിശ്ചയിക്കപ്പെട്ട കാരുണ്യത്തിന്റെ 99 ശതമാനവും പ്രകടിപ്പിക്കപ്പെടുന്നത് അവിടെ വെച്ചാണ്. സാംക്രമികരോഗങ്ങളുടെയും ദുരിതങ്ങളുടെയുമെല്ലാം പിന്നിലുണ്ടായിരുന്ന അല്ലാഹുവിന്റെ അനുഗ്രഹങ്ങളെന്തൊക്കെയാണെന്ന് അവിടെ വെച്ച് എല്ലാവർക്കും മനസ്സിലാവും. സ്വന്തത്തിനും മറ്റുള്ളവർക്കുമെല്ലാം വലിയ നന്മയായിരുന്നു അവർ അനുഭവിച്ച ദുരിതങ്ങൾ എന്ന് മനസ്സിലാവുക മാത്രമല്ല, തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾക്കുള്ള പ്രതിഫലം കൂടി അവിടെനിന്ന് അവർക്ക് ലഭിക്കും. മരണാനന്തരജീവിതത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള വിശാലമായ ക്യാൻവാസിന് മാത്രമേ മനുഷ്യർ ഇവിടെ അനുഭവിക്കുന്ന പ്രയാസങ്ങളെയെല്ലാം തൃപ്തികരമായി വിശദീകരിക്കാനാവൂ.

അല്ലാഹു അവന്റെ കാരുണ്യത്തിന്റെ ഭാഗമായി ഇവിടെ ഉണ്ടാക്കിയിട്ടുള്ള സംവിധാനങ്ങളിൽ ചിലത് ചിലർക്ക് ചിലപ്പോൾ പ്രയാസകരമായി ഭവിക്കുമെന്ന യാഥാർഥ്യമറിയുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം തനിക്ക് വന്നുഭവിക്കുന്ന രോഗങ്ങളും ദുരിതങ്ങളുമെല്ലാം അവനിൽ നിന്നുള്ള പരീക്ഷണങ്ങൾ മാത്രമാണ്. പ്രസ്തുത പരീക്ഷണങ്ങളിൽ വിജയിക്കുക വഴി വിശ്വാസിയെ കാത്തിരിക്കുന്നത് ദൈവാനുഗ്രഹങ്ങളുടെ പൂർണത അനുഭവിക്കാനാവുന്ന സ്വർഗമാണ്. ദുരിതങ്ങൾക്ക് നടുവിലെ അവന്റെ ക്ഷമയുടെ ആധാരം ഈ തിരിച്ചറിവാണ്. ഏത് ദുരിതങ്ങളെയും സംതൃപ്തിയോടെ നേരിടാൻ അവന് കഴിയുന്നതും ഈ തിരിച്ചറിവ് കൊണ്ട് തന്നെ. ഇഹലോകജീവിതത്തിന്റെ അവസാനത്തോടെ എല്ലാം അവസാനിച്ചുവെന്ന് കരുതുന്നവർ വിചാരിക്കുന്നതുപോലെ ദുഖവും ദുരിതവും രോഗവുമൊന്നും വലിയ ശിക്ഷയും ശാപവുമായല്ല അവന് അനുഭവപ്പെടുക. നിരാശയല്ല, പ്രതീക്ഷയാണ് അവന് എപ്പോഴുമുണ്ടാവുക.

അവിശ്വാസികൾക്ക് വലിയ ശിക്ഷയായി ഭവിക്കുന്ന സാംക്രമികരോഗങ്ങൾ പോലും വിശ്വാസിക്ക് അനുഗ്രഹമായാണ് അനുഭവപ്പെടുകയെന്നു കൂടി മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. പ്ളേഗിനെക്കുറിച്ച് ചോദിച്ച ആയിഷയോടുള്ള പ്രവാചകവിശദീകരണം രോഗികളായിത്തീരുന്ന വിശ്വാസികളുടെ മനസ്സുകളെ കോർമയിർ കൊള്ളിക്കുന്നതാണ്: “അല്ലാഹു ഉദ്ദേശിച്ച ചിലർക്ക് നേരെ അവൻ അയച്ചുകൊണ്ടിരുന്ന ശിക്ഷയാണത്; എന്നാൽ വിശ്വാസികൾക്ക് അല്ലാഹു അതൊരു കാരുണ്യമാക്കിത്തീർക്കുകയും ചെയ്തു. പ്ളേഗ് ബാധിച്ച ദേശത്ത് ജീവിക്കുന്ന ദൈവദാസന്മാരിലാരെങ്കിലും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും അല്ലാഹു വിധിച്ചതല്ലാതെ യാതൊന്നും തന്നെ ആർക്കും ബാധിക്കുകയില്ലെന്ന് മനസ്സിലാക്കിക്കൊണ്ടും സഹനത്തോടെയിരുന്നാൽ അവന് രക്തസാക്ഷിയുടെ പ്രതിഫലമുണ്ടായിരിക്കും” (സ്വഹീഹുൽ ബുഖാരി)

ദിവ്യകാരുണ്യത്തിന്റെ ഭാഗമായി നമ്മുടെ ശരീരത്തില്‍ സംവിധാനിക്കപ്പെട്ടതാണ് വേദന. ശരീരത്തിന്റെ ഭാഗങ്ങളിലേതിലെങ്കിലും ഏതെങ്കിലും തരത്തിലുള്ള മുറിവോ പ്രയാസങ്ങളോ ഉണ്ടായാല്‍ അത് ഉടനെ അറിയുകയും ആവശ്യമായ രക്ഷാമാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യാനായി അല്ലാഹു നിശ്ചയിച്ച വാര്‍ത്താവിനിമയ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണത്. എന്നാൽ അത് അനുഭവിക്കുമ്പോൾ അനുഭവിക്കുന്നവർക്ക് പ്രയാസകരമായാണ് തോന്നുന്നത്. പ്രാപഞ്ചികസംവിധാനങ്ങളെല്ലാം ഇതേപോലെയാണ്. ദുരിതവും പ്രയാസവുമായി വ്യക്തികള്‍ക്കോ സമൂഹങ്ങള്‍ക്കോ തോന്നുന്ന കാര്യങ്ങള്‍ ആത്യന്തികമായി നന്മയും മനുഷ്യരാശിയെ മൊത്തമായെടുത്താല്‍ ദിവ്യ കാരുണ്യത്തിന്റെ പ്രകടനവുണെന്ന സത്യം ഉൾക്കൊള്ളുന്നവനാണ് വിശ്വാസി.

പരമകാരുണികനില്‍ നിന്ന് ഉണ്ടാവുന്നതെല്ലാം അവന്റെ കാരുണ്യത്തിന്റെ പ്രകടനമാണെന്ന അറിവ് ഉൾക്കൊള്ളുന്നതോടൊപ്പം തന്നെ ചില കാര്യങ്ങൾ തനിക്ക് തിന്മയായി ഭവിക്കുന്നത് തന്റെ വര്‍ത്തനങ്ങളിലുള്ള തകരാറുകൊണ്ടാകാമെന്നും കൂടി മനസ്സിലാക്കുന്നവനാണ് വിശ്വാസി. അതുകൊണ്ടുതന്നെ തന്റെ പ്രവര്‍ത്തനങ്ങളിലുള്ള വീഴ്ചകളെപ്പറ്റി അവൻ സദാ ബോധവാനായിരിക്കും; എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ തന്നെ അത് ഉടനടി തിരുത്തുവാന്‍ അവന്‍ സന്നദ്ധനുമായിരിക്കും; എന്നിട്ടും താന്‍ പ്രയാസത്തില്‍ തന്നെയാണെങ്കില്‍ അത് ദിവ്യകാരുണ്യത്തിന്റെ ഭാഗമാണെന്നും തനിക്ക് ആത്യന്തികമായ നന്മയാണത് പ്രദാനം ചെയ്യുകയെന്നും മനസ്സിലാക്കി ക്ഷമിക്കുവാനും സഹിക്കുവാനും അവന്ന് സാധിക്കും. തന്റെ രോഗം പോലും ആത്യന്തികമായ നന്മയാണെന്ന് മനസ്സിലാക്കുമ്പോൾ ലഭിക്കുന്ന ആഹ്ളാദമാണ് അല്ലാഹുവിൽ ഭരമേല്പിക്കുന്നവന് ലഭിക്കുന്ന വലിയ നിധി. ഗുരുതരമായ സാംക്രമികരോഗം ബാധിച്ച് മരണക്കിടക്കയിലായിരിക്കുമ്പോഴും നിരാശയില്ലാതെ ജീവിതത്തെ അഭിമുഖീകരിക്കുന്നവർക്കുള്ളതാണ് സ്വർഗ്ഗമെന്നും അവർക്ക് രക്‌തസാക്ഷിയുടെ പ്രതിഫലമുണ്ടെന്നും സുവിശേഷമറിയിച്ച പ്രവാചകനേക്കാൾ(സ) വലിയ പ്രചോദകൻ ആരാണുള്ളത്!!? പ്രാർത്ഥനകളോടെ ഏത് രോഗത്തെയും ദുരിതത്തെയും നേരിടുവാനുള്ള വിശ്വാസിയുടെ കരുത്ത് അന്തിമപ്രവാചകനിൽ നിന്നുള്ള ഈ പ്രചോദനം തന്നെയാണല്ലോ.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

No comments yet.

Leave a comment

Your email address will not be published.