ക്ഷമിക്കണം, ഞങ്ങൾ കൊറോണയുടെ അവധിയിലാണ്

//ക്ഷമിക്കണം, ഞങ്ങൾ കൊറോണയുടെ അവധിയിലാണ്
//ക്ഷമിക്കണം, ഞങ്ങൾ കൊറോണയുടെ അവധിയിലാണ്
ആനുകാലികം

ക്ഷമിക്കണം, ഞങ്ങൾ കൊറോണയുടെ അവധിയിലാണ്

ണ്ടൊരു പുലിയുടെ കല്യാണ ചടങ്ങുകൾ നോക്കി നിൽക്കുന്ന പൂച്ചയെ കണ്ട പുലി ചോദിച്ചു.. “എന്താടെ പുല്ലേ ഇവിടെ.. ഇത് പുലിയുടെ വീടാണെന്ന് അറിയില്ലേ.” എന്ന്.
പൂച്ച പറഞ്ഞു.. “അറിയാമേ.. ഞാനും പണ്ട് കല്യാണം കഴിക്കുന്നതിനു മുൻപ് നിന്നെ പോലെ ഒരു വലിയ പുലിയൊക്കെ ആയിരുന്നടേയ്” എന്ന്.

മാറാവ്യാധികളും, ഏത് തരം രോഗങ്ങളും അദ്ഭുതകരമായ ചികിത്സകളിലൂടെ ഭേദമാക്കാൻ കഴിവുണ്ടെന്ന് സ്വയം വിളംബരം ചെയ്തു കൊണ്ട് ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളെയും ചികിൽസിക്കുന്ന ലോക പ്രശസ്തി നേടിയ നിരവധി ആൾ ദൈവങ്ങളെ തൊട്ടറിഞ്ഞിട്ടുള്ള (മനോ) രോഗികൾ, ഇന്ന് ദിവ്യ ഭവനത്തിനു മുന്നിൽ കാണുന്ന അറിയിപ്പാണ് ജീവിച്ചു കൊതി തീർന്നിട്ടില്ലെന്ന സന്ദേശം പോലെ ”ക്ഷമിക്കണം.. തൽക്കാലം ചികിത്സ നിർത്തിയിരിക്കുകയാണ്’.

വൈറസിനെ പേടിച്ചു മാളത്തിലൊളിച്ച സകല ആൾ ദൈവങ്ങളും, സിദ്ധന്മാരും, ശുദ്ധ തട്ടിപ്പുകാരായിരുന്നു എന്ന് ഇനിയും തിരിച്ചറിയുവാനുള്ള ബുദ്ധി ഈ പാമരങ്ങൾക്ക് ഉദിച്ചില്ലെങ്കിൽ പിന്നെ അവർക്ക് ചേരുന്ന പേര് മരക്കഴുതകൾ എന്ന് തന്നെയാണ്.

അവനവനു സ്വയം നിയന്ത്രിക്കുവാൻ കെൽപ്പില്ലാതെ വരുന്ന രംഗങ്ങളിൽ ഊളിയിട്ട് പോവുന്ന ഇത്തരം ആൾദൈവങ്ങളെ പിടിച്ചു കൊണ്ട് വന്നു രോഗികൾക്ക് മുന്നിൽ ഹാജരാക്കണം.

ഹോമവും മന്ത്രവും കൂദാശകളും നടത്തി പൊതുജനത്തെ പച്ചയ്ക്ക് പറ്റിക്കുന്ന വിവിധ മത മേലാളന്മാർക്ക് മൊത്തം ഇപ്പോൾ വായ്പുണ്ണ് പിടിപെട്ടിരിക്കുന്നതിനാൽ മിണ്ടാട്ടം മുട്ടിയിരിക്കുന്നു.

കന്നുകാലികൾക്ക് പിടിപെട്ടിരുന്ന ആന്ത്രാക്സിനെ പോലും അതിജീവിക്കാൻ കഴിയാതിരുന്ന നാൽക്കാലികളുടെ സ്വന്തം മലമൂത്രങ്ങൾ ശുദ്ധ ഔഷധമായി പറയുന്നവരുടെ വീട്ടുകാർക്ക് ഈ തരം വൈറസ് രോഗങ്ങൾ വന്നിട്ടുണ്ടെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കി വിജയം വരിച്ചാൽ, ഇന്ന് കന്നു കാലി കർഷകർ അനുഭവിക്കുന്ന വലിയ പ്രതിസന്ധികൾക്ക് നല്ലൊരു പരിഹാരം കൂടി ആയേക്കാം.

ആടിയും പാടിയും ചാടിയും രോഗ പ്രതിരോധം കൈവരിക്കുന്ന ധ്യാന കേന്ദ്രങ്ങളും, മണ്ണിലലിഞ്ഞ അസ്ഥികൂടങ്ങളോട് വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് അവകാശപ്പെടുന്ന നല്ലൊരു വിഭാഗം, മാറാവ്യാധികൾക്ക് പരിഹാരം തേടി മുറവിളി കൂട്ടുന്ന രോഗ ശാന്തി ശ്മശാനങ്ങളൊക്കെയും ഇന്ന് സാക്ഷാൽ ശ്മശാന അന്തരീക്ഷത്തിൽ മൂകമായ രംഗങ്ങളിലെ വലിയ തമാശ എന്തെന്നാൽ; ഇത്തരം കേന്ദ്രങ്ങളിലെ ജീവനക്കാരെല്ലാം മാസ്ക് ധരിച്ചു കൊണ്ട് രോഗ പ്രതിരോധം തീർക്കുന്ന കാഴ്ചകളാണ് എമ്പാടും .., അമ്പലത്തിൽ പ്രതിഷ്ഠിച്ച പ്രതിമക്ക് പോലും മാസ്ക് ധരിച്ച വാർത്ത കൂടി ചേർത്ത് വായിക്കുമ്പോൾ.. ചിന്തിക്കുക.. ഇന്ന് നാം കടപ്പെട്ടിരിക്കുന്നത് മാസ്കിനോടാണ്.., രക്ഷയും നന്ദിയും മാസ്കിനോട് മാത്രം.

ദിവ്യത്വം ആവോളം ആവാഹിച്ചു നേടിയ ശരീരങ്ങൾ വൈറസുകൾക്ക് മുന്നിൽ അടിയറവ് പറഞ്ഞിരിക്കുന്നു..

അതേ, ഞങ്ങളും പണ്ട് വലിയ പുലിയൊക്കെ ആയിരുന്നു.. പക്ഷെ, ചില പ്രത്യേക സാഹചര്യങ്ങളിൽ എലിയുടെ ധൈര്യം പോലും സംഭരിക്കാനുള്ള നട്ടെല്ല് ഇപ്പോഴില്ല.. ക്ഷമിക്കണം.. ഇനി ഒരറിയിപ്പ് വരുന്നത് വരെ വിശ്വാസികൾ സംയമനം പാലിക്കണമെന്നർത്ഥം.

ഈശ്വരൻ മനുഷ്യരോട് പറഞ്ഞ ഒരു വാചകമുണ്ട്. നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമായി നീ തന്നെ അനുഭവിക്കുന്ന ഭവിഷ്യത്തിനു ദൈവത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന്. നിനക്ക് നൽകിയ നല്ല ഒന്നാന്തരം തലച്ചോർ ഉപയോഗിച്ച് നീ ഭൂമി മുഴുവൻ കുട്ടിച്ചോറാക്കി.

നിനക്ക് നാം ഒരുക്കിത്തന്ന നല്ല ഭക്ഷണത്തിലും ആരോഗ്യത്തിലും ബുദ്ധിയിലുമെല്ലാം മായം ചേർത്തതിന്റെ തിക്ത ഫലം നീ സ്വയം അനുഭവിക്കുക തന്നെ.

രണ്ട് തരം സ്വഭാവം പ്രകടിപ്പിക്കുവാനുള്ള കഴിവുകൾ മനുഷ്യന് ജന്മനാ നൽകിയതിൽ നല്ലതും ചീത്തയും തെരെഞ്ഞെടുക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യവുമുള്ളതിനാൽ, മനുഷ്യനെ സൃഷ്ഠിച്ചത് ഒരു പരീക്ഷണാർത്ഥമാണെന്ന് നാഥൻ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ഓരോ ജീവജാലങ്ങളും ഏറ്റവും മികവുറ്റ രീതിയിൽ പ്രോഗ്രാം ചെയ്തു വെച്ചതിൽ, തമ്മിൽ കൂടിചേർന്നാൽ കണ്ണിനു കുളിർമ നൽകുന്നതും തമ്മിൽ കൂടി ചേർന്നാൽ കണ്ണുകളെ ഭയപ്പെടുത്തുന്നതുമായ തരത്തിലുള്ളവയാണ്.

കൂടി ചേരാൻ പാടുള്ളതും പാടില്ലാത്തതുമായ പ്രക്രിയ പ്രകാരമുള്ള ഇടപെടലുകൾ ഗുണവും ദോഷവും ഉണ്ടാക്കുന്ന രീതിയിൽ ക്രമീകരിക്കപ്പെട്ടതിനാൽ അത് വേർതിരിച്ചു കണ്ടെത്തേണ്ട ചുമതല തലച്ചോറിന്റെ ഉടമസ്ഥനുണ്ട്.

മനുഷ്യനും മൃഗവും തമ്മിൽ ഭക്ഷണ കാര്യത്തിൽ പാചകം ചെയ്യാതെയും ചെയ്തും ഭക്ഷിക്കുന്ന വ്യത്യസ്ത രീതിയിലൂടെ മനുഷ്യ ശരീരവും മൃഗശരീരവും രണ്ട് തരത്തിൽ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നതാണെന്ന് വ്യക്തമാണ്. പക്ഷി മൃഗാധികളെ അറുക്കേണ്ട രീതി പോലും പഠിപ്പിക്കപ്പെട്ടതിലെ പ്രധാന കാരണവും രോഗമുക്തി തന്നെയാണ്.

രോഗം സൃഷ്ടിച്ചവൻ തന്നെ അതിനുള്ള മരുന്നും ഒരുക്കി വെച്ചിട്ടുണ്ടെന്നതിന്റെ ലളിതമായ ഉദാഹരണമാണ് ഈച്ചയുടെ ഒരു ചിറകിലെ വിഷവും മറു ചിറകിലെ ഔഷധവുമെന്നത്. ചുരുക്കത്തിൽ, മനുഷ്യന്റെ അറിവില്ലായ്മയും ആക്രാന്തവും നന്മയുടെ തൊട്ടടുത്തിരിക്കുന്ന തിന്മയെ രംഗപ്രവേശം ചെയ്യുവാൻ പ്രേരിപ്പിക്കുന്നു അതിനനുവാദം നൽകുന്നു.

ദൈവം ഈ പ്രപഞ്ചത്തിലെ സർവ്വ സൃഷ്ടിജാലങ്ങൾക്കും നൽകിയ ജീവിത മാർഗ്ഗങ്ങൾ താളം തെറ്റിക്കുമ്പോഴുണ്ടാവുന്ന വിപരീതഫലം ഒരുദാഹരണത്തിലൂടെ മനസ്സിലാക്കാം. മരങ്ങളും കായ്കനികളും പൂന്തോട്ടങ്ങളുമൊക്കെയുള്ള ഒരു തോട്ടത്തിൽ ഉടമയുടെ അനുവാദമില്ലാതെ കടന്നു വരുന്ന പക്ഷി മൃഗാദികൾ തങ്ങളുടെ വയർ നിറയുവോളം ഭക്ഷിച്ചു പോകുന്നത് കൺകുളിർമയോടെ കണ്ടു നിൽക്കുന്ന തോട്ടക്കാരൻ, ഒരു സുപ്രഭാദത്തിൽ തന്റെ തോട്ടം മുഴുവൻ കുത്തി മറിച്ചിട്ട പന്നിയെയും, മറ്റു ശല്യക്കാരായ കീടങ്ങളെയും വകവരുത്തുവാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ പോലെ തന്നെ, ദൈവം ഒരുക്കിത്തന്ന മാർഗ്ഗങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചാൽ ദൈവ നിശ്ചയ പ്രകാരം അതിന്റെ ഫലം നൽകുന്ന ചില രീതികളാണ് ഭൂമി കുലുക്കം, പ്രളയം, പകർച്ചവ്യാധി രോഗങ്ങൾ തുടങ്ങിയവ.

ഒരു പകർച്ചവ്യാധി പിടിപെട്ടാൽ അവിടെയുള്ളവർ മറ്റൊരു സ്ഥലത്തേക്കോ, മറ്റിടങ്ങളിലുള്ളവർ രോഗ ബാധിത പ്രദേശങ്ങളിലോ പ്രവേശിക്കരുതെന്ന നബി(സ)യുടെ താക്കീത് വായിച്ചാൽ ഇതെല്ലാം രോഗങ്ങളുടെ സൃഷ്ടാവിന്റെ വ്യക്തമായ പരീക്ഷണമാണെന്ന് ബോധ്യമാവും. ശത്രുക്കളുടെ ഏറു കൊണ്ട് നബി(സ)യുടെ കാൽവിരൽ മുറിഞ്ഞു ചോര വന്നത് ദൈവത്തിന്റെ കഴിവില്ലായ്‌മയാണെന്ന് പറയാനും ബുദ്ധിമാന്മാർക്ക് സ്വാതന്ത്ര്യമുണ്ട്. മനുഷ്യരിൽ നിന്ന് തന്നെ തെരഞ്ഞെടുക്കപ്പെട്ട നബിയായാൽ മനുഷ്യർ അനുഭവിക്കുന്നതെല്ലാം അനുഭവിക്കാൻ ബാധ്യസ്ഥനാണെന്നാണ് സാരം.

ആരാധനാലയങ്ങളിൽ ആരെങ്കിലും ബോംബ് വെച്ചിട്ടുണ്ടെന്ന അറിയിപ്പ് ലഭിച്ചാൽ ബോംബൊന്നും തനിക്ക് പ്രശ്നമില്ല ആരാധനയാണ് മുഖ്യമെന്ന് വിശ്വസിച്ചു സ്വയം കുഴി തോണ്ടുന്ന രീതി ഇസ്‌ലാം പഠിപ്പിക്കുന്നില്ല.

പല തവണകളിലായി പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച മക്കയിലെ കഅ്ബാലയം ദൈവത്തിനു സൂക്ഷിക്കാൻ കഴിയാത്തതിനാലാണ് തകർന്നതെന്ന് പറയുന്നതിന് മുൻപേ മനുഷ്യ വിപത്തിനും ചുറ്റുപാടുകൾക്കും കാരണമായേക്കാവുന്ന ഏത് തരം ദുരന്തമുണ്ടായാലും അതിനെ ബുദ്ധിപൂർവ്വം നേരിട്ട് മുന്നേറുവാൻ മനുഷ്യ ബുദ്ധിക്ക് പ്രേരണ നൽകി സജ്ജരാക്കുക എന്നതാണ് ദൈവ താല്പര്യം.

പല സമൂഹങ്ങളെയും പലപ്പോഴായി സൃഷ്ടാവ്‌ നശിപ്പിച്ച പ്രധാന കാരണം ഊന്നിപ്പറയുന്നത് അതിരു കവിഞ്ഞവരായ ജനത ആയതിന്റെ കാരണത്താലാണെന്നാണ്. അതേ ദൈവം എല്ലാറ്റിനും ഒരു ബോർഡർ ലൈൻ നിശ്ചയിച്ചിട്ടുണ്ട്. കണ്ടിട്ട് പഠിക്കാത്തവനെ അനുഭവിപ്പിച്ചു കൊണ്ട് പാഠം പഠിപ്പിക്കും.

എല്ലാ രോഗങ്ങൾക്കും മരുന്ന് കണ്ടു പിടിക്കാനുള്ള തലച്ചോർ മനുഷ്യന് നൽകിയിട്ടുണ്ട്. ജീവനുള്ളവയെ നശിപ്പിക്കുവാനും ജീവൻ വെടിഞ്ഞാൽ ഉന്മൂലനം ചെയ്ത് വളമാക്കുവാനും ഇറക്കിയ അണുക്കളും/വൈറസുകളും ഈ ഭൂലോകത്ത് ഇന്ന് പെട്ടെന്ന് പൊട്ടി മുളച്ചതൊന്നുമല്ല. അക്രമകാരികളായ വൈറസുകളെ പുറം ചാടിക്കുന്ന അക്രമകാരികളായ മനുഷ്യരുടെ കരങ്ങൾ പ്രവർത്തിക്കുമ്പോൾ മനുഷ്യനുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്തരം ദുരന്തങ്ങൾ എന്നാണ് നാം പഠിക്കേണ്ട പാഠം.

കൊറോണ പിടിപെട്ടാലും ഇല്ലെങ്കിലും ഒരു നാൾ മരിക്കും. വരാൻ പോവുന്ന മരണത്തെ ദൈവ നിശ്ചയ പ്രകാരം സ്വീകരിക്കും. അത് ആത്മഹത്യാ പരമാവാൻ പാടുള്ളതല്ല. തീ അണക്കാൻ വെള്ളം ഉപയോഗിക്കാം, എന്നാൽ വെള്ളത്തെ തടുക്കാൻ തീ അശക്തനാണെന്ന പോൽ.

ദൈവം ഉണ്ടാക്കിയ ഈ പ്രപഞ്ചത്തിൽ ദൈവം സൃഷ്ടിച്ച രോഗങ്ങളെയും വൈറസുകളെയും പ്രതിരോധിക്കുവാൻ മരുന്ന് കഴിച്ചു ചികിൽസിച്ചു പ്രാർത്ഥിക്കുകയും ചെയ്യുക എന്നതാണ് സൃഷ്ടാവിന്റെ കൽപന. പ്രാർത്ഥിക്കാത്തവർക്കും മുക്തി ലഭിക്കും. അതാണ് മുകളിൽ സൂചിപ്പിച്ച പ്രോഗ്രാം അടിസ്ഥാനത്തിലുള്ള പ്രക്രിയ. ദൈവത്തോട് നന്ദി കാണിക്കുന്നവർ ദൈവത്തിനു വിശ്വാസികളും അല്ലാത്തവർ അവിശ്വാസികളുമാണ്.

പ്രപഞ്ചത്തെയും അതിലെ സർവ്വവും സൃഷ്ടിച്ച നാഥന് ഏത് വിധേനയും ഇടപെടാനുള്ള അവകാശവും അർഹതയുമുണ്ടെന്നു മനസ്സിലാക്കുന്ന വിശ്വാസി പരിപൂർണ്ണ സംതൃപ്തനാണ്. ആരാധനാലയങ്ങൾ നശിച്ചാലും രോഗിയായി കിടന്നു പോയാലും വിശ്വാസിയുടെ ആരാധനയും പ്രാർത്ഥനയും ഹൃദയത്തിലൂടെ കണ്ഠനാഡിയോടടുത്തറിയുന്ന ഏകനാഥനോട്‌ മാത്രം.

ആരെയും മതത്തിലേക്ക് വലിച്ചിഴക്കുകയോ നിർബ്ബന്ധിക്കുകയോ വേണ്ടതില്ലെന്നാണ് കൽപന. ഈ ഭൂമിയിൽ ഏവർക്കും യഥേഷ്ടം ഉഴുതു മറിക്കാം. മതം പറയുന്ന കാര്യങ്ങൾ അനുസരിച്ചു ജീവിക്കുന്നവർക്ക് ദൈവം വലിയ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നു മാത്രം. ആവശ്യമുള്ളവർക്ക് നേടിയെടുക്കാം.

പണ്ടൊരു കവി പാടിയ, അർത്ഥം വരുന്ന ഒരു വാചകം ഇവിടെ ചേർക്കുന്നു. നീ അവിശ്വസിക്കുന്ന ഒരു ദൈവം ഇല്ലെങ്കിൽ അവിശ്വാസിക്കും വിശ്വാസിക്കും ഒരു നഷ്ടവുമില്ല. മറിച്ചായാൽ അവിശ്വാസിക്ക് തീരാ നഷ്ടവും വിശ്വാസിക്ക് രക്ഷയുമാണ്.

മറ്റൊരു പൂച്ചക്കഥ കൂടി പറഞ്ഞു അവസാനിപ്പിക്കാം. ഭൂമിയിൽ ഏറ്റവും ശക്തൻ ആരാണെന്ന് അന്വേഷിച്ച കാട്ടുകാരനായ പൂച്ച അവസാനം എത്തിപ്പെട്ടത് നാട്ടിൽ ആനയെ തളച്ച ആനപ്പാപ്പാന്റെ വീട്ടിലായിരുന്നു. ഏറ്റവും വലിയ ശക്തൻ എന്ന് കരുതി ചുറ്റിപറ്റി നിന്ന പൂച്ച അവസാനം ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി. പാപ്പാനെയും വരച്ച വരയിൽ നിർത്തുന്ന പാപ്പാന്റെ ഭാര്യയാണ് ലോകത്തെ ഏറ്റവും വലിയ ശക്തൻ എന്ന തിരിച്ചറിവിൽ ഇന്നും പൂച്ചകൾ സ്ത്രീകളോടൊപ്പം അടുക്കളയിൽ നിർഭയത്വം കഴിയുന്നു.

(വാൽക്കഷ്ണം: കൊറോണയാണ് ലോകത്തെ ഏറ്റവും ശക്തൻ എന്ന് വാദിക്കുന്നവർ കൊറോണയെ തുരത്തുന്ന മരുന്ന് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ എന്ത് പറയുമൊ ആവോ..)

print

4 Comments

  • മനുഷ്യർ വരക്കുന്ന ഔട്ട് ലൈനും
    രാഷ്ട്രങ്ങൾ ചമക്കുന്ന ബോർഡറിനും
    അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്
    ഉള്ളതെന്നും, അവയൊന്നും മനസ്സിലാക്കാതെ
    തന്നെക്കാൾ അധമനായ ആൾ ദൈവങ്ങളുടെയും ,സിദ്ധൻമാരുടെയും
    മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന മനുഷ്യ പേക്കോലങ്ങളും, അവരുടെ സമ്പത്തും
    വിശ്വാസവും ചൂഷണം ചെയ്യുന്ന പ്രസ്തുത
    ഡ്രാക്കുള കളും കോറോണയെ ക്കാൾ
    സമൂഹത്തിന് അപകടകരമാണെന്ന
    വലിയ സന്ദേശം വായനക്കാർക്ക് നൽകുന്നു. ലേഖകന് അഭിനന്ദനം

    പെറ്റുപെരുകുമ്പോൾ നാം കാഴചക്കാരാവരുത് എന്ന സന്ദേശം

    അബൂട്ടി മാസ്റ്റർ 19.03.2020
  • മനോഹരമായ അവതരണം..

    muneer mp kurumathur 21.03.2020
  • ഈ ഊള എഴുത് നിർത്തി ഇല്ലെങ്കിൽ കൂടുതൽ അപകടകരം ആകും. നിങ്ങളുടെ അകാല ആശയങ്ങളെ പാവപെട്ട വിശ്വാസികളിൽ കുതിയ്ക്കാൻ ഇത്തരം യുക്തിപരത കൊണ്ടുവന്നാൽ (മന്ത്രം ഫാല്ച്ചില്ല )യുക്തിക്ക് അടുത്ത ഗിയറിൽ കാണുന്നത് അടച്ചു പോയ പള്ളിയും, നിങ്ങൾ ചോദിക്കൂ njan ഉത്തരം തരാം എന്ന് പറഞ്ഞതു തരാത്ത ദൈവത്തെയും ആകാം,
    അത് കൊണ്ട് ആണ് പറഞ്ഞത് നിങ്ങള് യുക്തികൊണ്ട് ഇസ്‌ലാമിനെ അളക്കരുത്, ഇനിയും ഈ എഴുതി തുടർന്നാൽ ജാമിതാ മാരെ എണ്ണേണ്ടി വരും

    Shuhil Mon 07.04.2020
  • Hi

    Aboobacker Kv 17.05.2020

Leave a comment

Your email address will not be published.