കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ?

//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ?
//കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ?
ആനുകാലികം

കോവിഡ് 19: ദൈവമൊന്നും ചെയ്യുന്നില്ലേ ?

കോവിഡ് 19 രോഗികളുടെ എണ്ണം ഇരുപത് ലക്ഷം കവിഞ്ഞു;

മരണം ഒരു ലക്ഷത്തി മുപ്പതിനായിരത്തിലേറെയായി….

ലോകം ഭയപ്പാടിലാണ്….

രണ്ട് ലക്ഷത്തിലധികം പേർ മരിച്ച 2009ലെ പന്നിപ്പനി പോലെയാകുമോ?

എട്ട് ലക്ഷത്തോളം പേർ മരിച്ച 1910 ലെ കോളറയെപ്പോലെയാകുമോ?

പത്ത് ലക്ഷത്തോളം പേർ മരിച്ച 1968 ലെ ഹോങ്കോങ്പനി പോലെയാകുമോ?

ഇരുപത് ലക്ഷത്തോളം പേർ മരിച്ച 1957 ലെ പകർച്ചപ്പനി പോലെയാകുമോ?

എൺപത് ലക്ഷത്തോളം പേർ മരിച്ച 1520ലെ വസൂരി പോലെയാകുമോ ?

ഒരു കോടിയോളം പേർ മരിച്ച 1855 ലെ പ്ളേഗ് പോലെയാകുമോ?

അഞ്ചു കോടിയോളം പേർ മരിച്ച 1347ലെ പ്ളേഗ് പോലെയാകുമോ?

അങ്ങനെയൊന്നും ആകരുതേയെന്നാണ് എല്ലാവരുടെയും പ്രാർത്ഥന; ആകാതിരിക്കുവാനാണ് ലോകരാഷ്ട്രങ്ങൾ കൈകോർക്കുന്നത്; രോഗത്തെ പിടിച്ചുകെട്ടാനാണ് ശാസ്ത്രജ്ഞർ അദ്ധ്വാനിക്കുന്നത്; രോഗികളായവരെ ചികിൽസിച്ച് ഭേദമാക്കാനാണ് ആരോഗ്യപ്രവർത്തകർ പരിശ്രമിക്കുന്നത്; രോഗം പകരാതിർക്കുവാനുള്ള മുൻകരുതലുകളെക്കുറിച്ച ബോധവൽക്കരണമാണ് സാമൂഹ്യപ്രവർത്തകർ നൽകുന്നത്…..

ഇങ്ങനെയെല്ലാം മനുഷ്യർ നരകിക്കുമ്പോഴും ദൈവമെന്തേ ഒന്നും ചെയ്യാതിരിക്കുന്നത്?

സ്രഷ്ടാവുണ്ടെങ്കിൽ അവൻ ഇടപെട്ട് ദുരിതങ്ങൾ ഇല്ലാതാക്കേണ്ടതല്ലേ ?

ആയിരങ്ങൾ ശ്വാസം മുട്ടി മരിക്കുമ്പോൾ പരമകാരുണികൻ വെറുതെയിരിക്കുകയാണോ ?

നാസ്തികരുടെ ചോദ്യങ്ങൾ നിരവധിയാണ് !!!

മനുഷ്യരെ വൈറസുകൾ അക്രമിക്കുന്നതിൽ നിന്ന് രക്ഷിക്കാൻ കരുണാനിധിയായ ദൈവം എന്ത് ചെയ്തുവെന്ന ചോദ്യത്തിനുള്ള ആദ്യത്തെ ഉത്തരം “വൈറസുകളടക്കമുള്ള സൂക്ഷമജീവികളെയെല്ലാം അല്ലാഹു സൃഷ്ടിച്ചത് മനുഷ്യരെ സേവിക്കുന്നതിനു വേണ്ടിയാണ് എന്നാണ്”. അത്യുഷ്ണം വികിരണം ചെയ്തുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലെ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്മാർക്ക് നടുവിൽ മനുഷ്യരടക്കമുള്ള ജീവികൾക്ക് ആശ്വാസകരമായി ജീവിക്കാൻ പറ്റുന്ന ഇടം ഒരുക്കുന്നതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് സൂക്ഷമജീവികൾ അടക്കമുള്ള ഭൗമപ്രതിഭാസങ്ങളെയെല്ലാം എന്ന ഉത്തരം.

ഈ പ്രപഞ്ചം മുഴുവൻ പടച്ചവന്റെ കാരുണ്യത്തിന്റെ പ്രകടനമാണ്. “എന്‍റെ കാരുണ്യം സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതാണ്” (7: 156) എന്ന് അല്ലാഹു ഖുർആനിലൂടെ നമ്മോട് പറയുന്നുണ്ട്. നിരീക്ഷിക്കാൻ കഴിയുന്ന പ്രപഞ്ച(observable universe)ത്തിൽ ഇരുപതിനായിരം കോടിക്കും മൂന്ന് ലക്ഷം കോടിക്കുമിടയിൽ ഗാലക്സി(galaxy)കളുണ്ടാകാമെന്നാണ് പുതിയ കണക്ക്. ഇതിലൊരു ഗാലക്സിയായ നമ്മുടെ ക്ഷീരപഥ(milky way)ത്തിൽ പതിനയ്യായിരം കോടിക്കും ഇരുപത്തയ്യായിരം കോടിക്കുമിടയിൽ നക്ഷത്രങ്ങളുണ്ട്. അവയിലൊരു നക്ഷത്രമായ സൂര്യന് ചുറ്റും പരിക്രമണം ചെയ്യുന്ന പല ഗ്രഹങ്ങളിലൊന്നാണ് ഭൂമി. ഇവിടെ ഇരുനൂറ് കോടി ജീവിവർഗങ്ങളെങ്കിലുമുണ്ടാകുമെന്നാണ് അരിസോണ സർവ്വകലാശാലയിലെ ഗവേഷകരുടെ അഭിപ്രായം. (The Quarterly Review of Biology, September 2017), നാല് ലക്ഷത്തോളം സസ്യവർഗ്ഗങ്ങൾ; പന്ത്രണ്ട് ലക്ഷത്തോളം ജന്തുവർഗങ്ങൾ. 68 ലക്ഷത്തോളം കീടവർഗ്ഗങ്ങൾ(insects). നമ്മുടെ ഗാലക്സിയിലെ നക്ഷത്രങ്ങളുടെ എണ്ണത്തെക്കാളധികം എണ്ണം സൂക്ഷമജീവിവർഗങ്ങളുണ്ടെന്നാണ് ചില ഗവേഷകന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏഴ് നാഴിക വരെ ആഴത്തിലും അന്തരീക്ഷത്തിൽ നാൽപത് നാഴിക വരെ ഉയരത്തിലും ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്. അതേപോലെ തന്നെ വൈറസുകളുമുണ്ടാവും. സൂക്ഷമജീവികളുടെ വലിയൊരു സമുദ്രത്തിലാണ് നാം ജീവിക്കുന്നത് എന്നാണ് ഇതിനർത്ഥം.

1676ൽ ഡച്ച് ശാസ്ത്രജ്ഞനായ ആന്റണി വാൻ ലുവെൻഹോക് താൻ നിർമ്മിച്ച സൂക്ഷമദർശിനിയിലൂടെ ആദ്യമായി ബാക്ടീരിയയെ കാണുമ്പോൾ അതിന്റെ സമുദ്രത്തിലാണ് മനുഷ്യർ ജീവിക്കുന്നതെന്ന് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ‘ചെറിയ മൃഗം’ എന്ന അർത്ഥം വരുന്ന ലാറ്റിൻ പദമായ ആനിമൽകുളസ് (animalcules) എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. ബാക്ടീരിയകളാൽ നിറഞ്ഞതാണ് നമ്മുടെ ശരീരവും അന്തരീക്ഷവുമെല്ലാം എന്ന വസ്തുത പിൽക്കാലത്ത് നാം മനസ്സിലാക്കി. നമുക്കുചുറ്റുമുള്ള അഞ്ച് മില്യൺ ട്രില്യൺ ട്രില്യൺ (അഞ്ചിന് ശേഷം മുപ്പത് പൂജ്യങ്ങളിട്ട സംഖ്യ) ബാക്ടീരിയകളും അതിനേക്കാൾ എത്രയോ ഇരട്ടി വരുന്ന വൈറസുകളും പരാദങ്ങളും ഫംഗസുകളുമെല്ലാം അടങ്ങുന്ന സൂക്ഷമജൈവലോകത്തിന്റെ വലിപ്പം എണ്ണൂറ് കോടിയെന്ന ഭൂമിയിൽ മൊത്തത്തിലുള്ള മനുഷ്യരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ നാം വളരെ വളരെ തുച്‌ഛമാണ്. വളരെ വളരെ തുച്‌ഛം!!! നമ്മുടെ ശരീരത്തിൽ തന്നെ ശരീരകോശങ്ങളെക്കാളധികം സൂക്ഷമജീവികളുണ്ട്. 37.2 ലക്ഷം കോടി കോശങ്ങളാണ് നമ്മുടെ ശരീരത്തിലുള്ളതെങ്കിൽ അതിന്റെ 1.3 ഇരട്ടിയെങ്കിലും സൂക്ഷമജീവികളുണ്ടെന്നനാണ് കണക്ക്.

“ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കുവേണ്ടിയാണ് പടച്ചവൻ സൃഷ്ടിച്ചത്” എന്നാണ് മനുഷ്യരോട് ഖുർആൻ(2: 29) പറയുന്നത്. ഇതിൽനിന്ന് ഭൗമസൃഷ്ടികളെല്ലാം നേരിട്ടോ അല്ലാതെയോ മനുഷ്യർക്ക് നന്മ നല്കുന്നതിനുവേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കുന്നവനാണ് മുസ്‌ലിം. ബാക്ടീരിയകളെ കണ്ടുപിടിച്ചപ്പോൾ മനുഷ്യരുടെ ശത്രുക്കളാണ് അവയെന്നായിരുന്നു ധാരണ. ഈ പൊതുധാരണയാണ് ഈയടുത്ത കാലം വരെ ശാസ്ത്രജ്ഞർക്കിടയിൽ പോലുമുണ്ടായിരുന്നത് ശരീരത്തിലുള്ള ബാക്ടീരിയകളിൽ 85 ശതമാനവും മനുഷ്യന് ചെയ്യുന്ന ഉപകാരങ്ങളെന്തൊക്കെയാണെന്ന് ഇന്ന് നമുക്കറിയാം. ദോഷകരം മാത്രമായി ഈ അടുത്ത കാലംവരെ കരുതിയിരുന്ന വൈറസുകൾ നിർവ്വഹിക്കുന്ന മർമ്മപ്രധാനമായ പല ദൗത്യങ്ങളുമുണ്ടെന്ന് വ്യക്തമാക്കുന്ന പഠനങ്ങളുണ്ട്. മണ്ണും ജലവുമെല്ലാം ജീവയോഗ്യമാക്കുന്നതിലും ഭൂമിയിലെ ഭക്ഷ്യോത്പാദകരായ സസ്യങ്ങളെ നിലനിർത്തുന്നതിലും മനുഷ്യരടക്കമുള്ള ജീവികളുടെ പ്രതിരോധവ്യവസ്ഥയുടെ നിലനിൽപ്പിലുമെല്ലാം വൈറസുകൾ കാര്യമായ പങ്കുവഹിക്കുന്നുണ്ട് എന്ന വസ്തുത ഇപ്പോൾ നമുക്ക് മനസ്സിലായിട്ടുണ്ട്. വൈറസുകൾ മാത്രമല്ല, അവയുണ്ടാക്കുന്ന രോഗങ്ങൾപോലും ചിലപ്പോഴെല്ലാം മനുഷ്യരുടെ പ്രതിരോധവ്യവസ്ഥയെ ശാക്തീകരിക്കുന്നതിന് വേണ്ടിയുള്ളതാണെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ നിലപാട്. പ്രതിരോധവ്യവസ്ഥയെ ഘട്ടം ഘട്ടമായി വളർത്തിക്കൊണ്ടുവരുന്നതിനും അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനുമെല്ലാം വൈറസുകൾ നമ്മെ സഹായിക്കുന്നുണ്ട്. അവയുടെ ഉപകാരങ്ങളെക്കുറിച്ച് ഇനിയും മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.

സൂക്ഷമജീവി(microbes)കളുടെ മഹാസാഗരത്തിൽ മുങ്ങിജീവിക്കുന്ന മനുഷ്യർക്ക് അപകടമുണ്ടാക്കാൻ കഴിയുന്ന ചിലവയും നമ്മുടെ ചുറ്റുപാടുമുണ്ട്. ആവാസവ്യവസ്ഥയിൽ തങ്ങളുടേതായ ധർമ്മങ്ങൾ നിർവ്വഹിക്കേണ്ട ഈ സൂക്ഷമജീവികൾ ഉണ്ടാവേണ്ടത് നമ്മുടെ തന്നെ നിലനിൽപ്പിന് ആത്യന്തികമായി അനിവാര്യമാണ്. എന്നാൽ അവ മനുഷ്യശരീരത്തിനകത്ത് കടന്നാൽ അത് അപകടകരമായിത്തീരുകയും മാരകമായ രോഗങ്ങളുണ്ടാക്കുവാനും മരണം വരെ സംഭവിക്കുവാനും കാരണമാവുകയും ചെയ്യും. അതില്ലാതിരിക്കണമെങ്കിൽ അത്തരം മാരകമായ മൈക്രോബുകൾ കടക്കാതെ മനുഷ്യശരീരത്തെ സംരക്ഷിക്കേണ്ടതുണ്ട്. എല്ലാ തരം മാരകമായ അതിക്രമകാരികളെയും ചെറുക്കുവാൻ കഴിയുന്ന അത്യത്ഭുതകരമായ നിരവധി സംവിധാനങ്ങൾ പടച്ചവൻ നമ്മുടെ ശരീരത്തിൽ ചെയ്തുവെച്ചിട്ടുണ്ട്. ആ സംവിധാനങ്ങളോട് സമരസപ്പെട്ട് എങ്ങനെ ജീവിക്കണമെന്ന് പടച്ചവൻ തന്നെ ദൂതന്മാരെ വിട്ട് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ ചെയ്തു വെച്ച സംവിധാനങ്ങളെ മുഴുവൻ നിർവീര്യമാക്കുന്ന തരത്തിൽ പ്രകൃതിയിൽ ഇടപെടുകയും ദൈവികമായ വിധിവിലക്കുകളെ മുച്ചൂടും അതിലംഘിക്കുകയും ചെയ്തുകൊണ്ട് ജീവിക്കുകയും അതിന്റെ പ്രതികരണങ്ങൾ മാരകമായിത്തീരുമ്പോൾ മാത്രം പടച്ചവനെ കുറ്റപ്പെടുത്തുകയും ചെയ്യന്നതാണ് മനുഷ്യന്റെ രീതി. എന്തൊരു കൃതഘ്നത!!!

1892ൽ റഷ്യൻ സസ്യശാസ്ത്രജ്ഞനായ ദിമിത്രി ഇവാനോവ്സ്കി പുകയിലച്ചെടിക്ക് ബാധിക്കുന്ന അസുഖത്തെക്കുറിച്ച് പഠിച്ചപ്പോൾ അതിന്റെ കാരണം ബാക്ടീരിയകളെല്ലെന്ന് മനസ്സിലാക്കിയെങ്കിലും പിന്നെയെന്താണെന്ന് കൃത്യമായി പറയാൻ കഴിഞ്ഞിരുന്നില്ല. ഏകകോശജീവികളായ ബാക്ടീരിയകളേക്കാൾ വളരെ ചെറിയ ഈ രോഗകാരിയെക്കുറിച്ച് 1898ൽ ഡച്ച് മൈക്രോബയോളജിസ്റ്റായ മാർട്ടിനസ് ബേജറിൻക് വിശദമായി പഠിക്കുകയും കോശങ്ങൾക്കകത്ത് വെച്ച് മാത്രമേ ഇത് പുനരുത്പാദനം നടത്തുന്നുള്ളൂവെന്ന് മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹമാണ് ‘സാംക്രമിക ജൈവദ്രവം’ എന്ന് അർത്ഥം വരുന്ന contagium vivum fluidum എന്ന ലാറ്റിൻ വാചകത്തിൽ ആദ്യം ഇതിനെ വിശേഷിപ്പിച്ചത്. ‘വിഷം’ എന്ന് അർത്ഥമുള്ള വൈറസ് എന്ന പേരിലാണ് പിന്നീട് ഇത് അറിയപ്പെട്ടത്.

1931ൽ ഇലക്‌ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ചതോടെയാണ് വൈറസുകളുടെ അത്ഭുതലോകത്തേക്ക് മനുഷ്യർക്ക് വിശദമായ പ്രവേശനം ലഭിച്ചത്. അമേരിക്കൻ സൊസൈറ്റി ഓഫ് മൈക്രോബയോളജിയുടെ 2013 ലെ ജേർണൽ പറയുന്നത് (https://mbio.asm.org) സസ്തനികളുമായി ബന്ധപ്പെടുന്ന 320,000 വൈറസ് വർഗ്ഗങ്ങളെങ്കിലുമുണ്ടെന്നാണ്. 1901ൽ മഞ്ഞപ്പനിക്ക് കാരണമായ ഫ്‌ളാവിവൈറസിനെ (Flavivirus) കണ്ടെത്തിയതോടെയാണ് മനുഷ്യർക്ക് രോഗമുണ്ടാക്കുന്ന വൈറസുകളെക്കുറിച്ച് നാം മനസ്സിലാക്കാൻ തുടങ്ങിയത്. മനുഷ്യരെ ബാധിക്കുന്ന 219 വൈറസുകളെ ഇതേവരെയായി കണ്ടെത്തിയിട്ടുണ്ടെന്നും ഓരോ വർഷവും മൂന്നോ നാലോ വൈറസുകളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നുമാണ് 2012ൽ അമേരിക്കൻ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച “മനുഷ്യവൈറസുകൾ; കണ്ടുപിടിത്തവും ആവിർഭാവവും.” (Human viruses: discovery and emergence) എന്ന പഠനത്തിൽ പറയുന്നത്. (https://www.ncbi.nlm.nih.gov). അറിഞ്ഞതിനേക്കാൾ എത്രയോ അധികം അറിയാനുണ്ട് വൈറസുകളുടെ ലോകത്തെക്കുറിച്ച് എന്നാണ് ഇത് അർത്ഥമാക്കുന്നത്.

എന്താണീ വൈറസ്? ഒരുകൂട്ടം ജീനുകൾ കാപ്‌സിഡ് (capsid) എന്ന് വിളിക്കുന്ന ഒരു പ്രോട്ടീൻ സുരക്ഷിതകവചത്തിനുള്ളിൽ പൊതിഞ്ഞതാണ് വൈറസ് എന്ന് പറയാം. കോശങ്ങളെപ്പോലെ കോശകേന്ദ്രമോ (nucleus) കോശദ്രവ്യമോ (cytoplasm) കോശാന്തരവസ്തുക്കളോ (organelles) വൈറസിനില്ല. കാപ്സിഡിനകത്ത് ആകെയുണ്ടാവുക ഒരു ഡിഎൻഎയോ ഒരു ആർഎൻഎയോ മാത്രമാണ്. അതിലെ ജനിതകകോഡിൽ കാര്യമായുണ്ടാവുക പുതിയ വൈറസ് കോപ്പികൾ നിർമിക്കുന്നതെങ്ങനെയെന്ന വിവരമാണ്. വൈറസിനെ കണ്ടുപിടിച്ചകാലം തൊട്ടാരംഭിച്ചതാണ് അതെന്താണെന്ന അമ്പരപ്പ്. ആദ്യം അതൊരു വിഷം മാത്രമാണെന്ന് കരുതി; പിന്നെ അതൊരു ജൈവരൂപമാണെന്ന് വിചാരിച്ചു; ശേഷം അത് ജൈവരാസവസ്തുക്കളാണെന്ന് സങ്കല്പിച്ചു; ഇപ്പോൾ കരുതുന്നത് ജീവനുള്ളവയ്ക്കും ജീവനില്ലാത്തവയ്ക്കുമിടയിലുള്ള എന്തോ ഒന്നാണ് എന്നാണ്.

പുകയില രോഗമുണ്ടാക്കുന്ന വൈറസിനെ (tobacco mosaic virus) വേർതിരിച്ച് പരൽരൂപത്തിലാക്കിയതോടെയാണ് (crystellize) വൈറസുകളുടെ വിസ്മയലോകം നമുക്ക് മുന്നിൽ തുറക്കാനാരംഭിച്ചത്. അത് ചെയ്തതിനാണ് അമേരിക്കൻ ജൈവരസതന്ത്രജ്ഞനായ വെന്റൽ എം സ്റ്റാന്ലിക്ക് 1946 ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. സമ്മാനം കൊടുത്തത് വൈദ്യശാസ്ത്രത്തിനോ ശരീരശാസ്ത്രത്തിനോ അല്ല, രസതന്ത്രത്തിനാണെന്ന വസ്തുത വൈറസ് എന്താണെന്ന ചോദ്യത്തിനുള്ള ഏകദേശമായ ഉത്തരം നൽകുന്നുണ്ട്. ഒരു രാസവസ്തു. വെറുതെ നിൽക്കുമ്പോൾ യാതൊരു ഉപദ്രവവും ചെയ്യാത്ത കേവലം ഒരു രാസവസ്തു. സോപ്പുവെള്ളം തട്ടി പുറം തോടായ കാപ്‌സിഡ് പൊട്ടിപ്പോയാൽ വെള്ളത്തിൽ അലിഞ്ഞുപോകുന്ന നിരുപദ്രവകാരിയായ ഒരു രാസവസ്തു മാത്രം. വുഹാനിലെ ഒരാളുടെ ശരീരത്തിൽ കയറിക്കൂടിയ ആ നിരുപദ്രവകാരിയായ രാസവസ്തുവാണ് ഇന്ന് ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്നത്. എത്ര അത്ഭുതകരം !!!

നാം നീന്തിത്തുടിച്ചുകൊണ്ടിരിക്കുന്ന സൂക്ഷമജീവികളുടെ മഹാസമുദ്രത്തിൽ സമൃദ്ധമാണ് പുറത്ത് നിൽക്കുമ്പോൾ ആർക്കും യാതൊരു ഉപദ്രവവും ചെയ്യാത്ത വൈറസ് എന്ന രാസപരൽ. നാം തിന്നുമ്പോഴും കുടിയ്ക്കുമ്പോഴും ശ്വസിക്കുമ്പോഴും കണ്ണുതുടയ്ക്കുമ്പോഴുമെല്ലാം അന്തരീക്ഷത്തിലുള്ള വൈറസുകൾ നമ്മുടെ അകത്തെത്തുന്നുണ്ട്. ഓരോരുത്തരും ഓരോ ദിവസവും പത്തുകോടി വൈറസുകളെയെങ്കിലും ശ്വസനത്തിലൂടെ മാത്രം അകത്താക്കുന്നുണ്ട് എന്നാണ് കണക്ക്. ഈ വൈറസുകളൊന്നും നമുക്ക് യാതൊരു പ്രയാസങ്ങളുമുണ്ടാക്കുന്നില്ല. എന്തുകൊണ്ടാണത്? അത്രയ്ക്ക് കുറ്റമറ്റ സംവിധാനങ്ങളാണ് പടച്ചവൻ നമ്മുടെ ശരീരത്തിൽ ചെയ്തുവെച്ചിരിക്കുന്നത് എന്നതുകൊണ്ട് എന്നാണുത്തരം. അല്ലാഹു സംവിധാനിച്ച പ്രതിരോധവ്യവസ്ഥ(immune system) കൃത്യമായി പ്രവർത്തിക്കുകയാണെങ്കിൽ വൈറസുകളും ബാക്ടീരിയകളുമടക്കമുള്ള സൂക്ഷമജൈവലോകത്തെ യാതൊന്നും തന്നെ നമ്മെ അപകടപ്പെടുത്തുകയില്ല; എപ്പോഴും സുരക്ഷിതമായിരിക്കും, നമ്മുടെ ശരീരം.

സൂക്ഷമജൈവലോകത്തെയും നമുക്ക് നന്മ നൽകുന്ന രൂപത്തിൽ അതിനെ കീഴ്‌പ്പെടുത്തിയതിനെയും കുറിച്ച് മനസ്സിലാക്കുമ്പോൾ പടച്ചവൻ നമുക്ക് വേണ്ടി തയ്യാറാക്കിയ അത്ഭുതകരമായ സംവിധാനങ്ങളെക്കുറിച്ചോർത്ത് അവനെ സ്തുതിക്കാതിരിക്കാൻ ആർക്കാണ് കഴിയുക? രോഗകാരികളായിത്തീരുവാൻ സാധ്യതയുള്ള സൂക്ഷമജൈവലോകത്തിലെ അംഗങ്ങളെപ്പോലും നമ്മുടെ നന്മക്ക് വേണ്ടി സംവിധാനിച്ചനെ അംഗീകരിക്കാതെ മൈക്രോബയോളജിസ്റ്റുകൾക്ക്, അവർ യാഥാർഥ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നവരല്ലെങ്കിൽ അവരുടെ ഗവേഷങ്ങൾ ചെയ്യാൻ കഴിയില്ല. സൂക്ഷമജീവികളെയും അവ നമുക്ക് നൽകുന്ന സേവനങ്ങളെയും കുറിച്ച് മനസ്സിലാക്കുമ്പോൾ ഖുർആനിലെ സൂറത്തുർ റഹ്‌മാനിൽ മുപ്പത്തിയൊന്ന് തവണ ആവർത്തിക്കുന്ന ചോദ്യം നമുക്ക് ഓർമ്മ വരും: “അപ്പോള്‍ നിങ്ങള്‍ രണ്ട് പേരുടെയും നാഥൻ ‌ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ക്ക് നിഷേധിക്കാനാവുക? ”

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

3 Comments

  • ഗംഭീരം.ഒരുപാട് വിവരങ്ങൾ ലഭിച്ചു.
    ജസാകല്ലാഹ്.

    ജൗഹർ 16.04.2020
  • മാഷാ അല്ലാഹ് !!!പുതിയ കുറെ അറിവുകൾ, ജബ്രകൾ കുരക്കട്ടെ.. താങ്കളുടെ ദൗത്യവുമായി മുഞ്ഞോട്ട് പോവുക.

    ശംസുദ്ദീൻ മഠത്തിൽ 17.04.2020
  • Very good article, so much information, beautifully written

    Ameen 19.04.2020

Leave a comment

Your email address will not be published.