ശാസ്ത്രം ജയിച്ചോ? മതം തോറ്റോ?

//ശാസ്ത്രം ജയിച്ചോ? മതം തോറ്റോ?
//ശാസ്ത്രം ജയിച്ചോ? മതം തോറ്റോ?
ആനുകാലികം

ശാസ്ത്രം ജയിച്ചോ? മതം തോറ്റോ?

കൊറോണ വന്നപ്പോൾ ആരാധനാലയങ്ങൾ പൂട്ടി, തീർത്ഥാടനങ്ങളും ദർശനങ്ങളും മുടങ്ങി. ആശുപത്രികൾ മാത്രമാണ് ശരണം. അപ്പോൾ “ശാസ്ത്രം ജയിച്ചു, മതം തോറ്റു”!

കാലഹരണപ്പെട്ട മുദ്രാവാക്യങ്ങൾ പൊടിതട്ടിയെടുക്കാൻ ഒരു മഹാമാരിയെ കൂട്ടുപിടിക്കേണ്ട അവസ്ഥയാണ് ‘യുക്തിചിന്ത’യിൽ ജീവിക്കുന്ന പലർക്കും. ആളുകളുടെ വൈകാരികതകളെ ചൂഷണം ചെയ്യുന്ന ആത്മീയ തട്ടിപ്പുകളെപ്പോലെ ചില ‘യുക്തിവാദ’ങ്ങൾ അരോചകമാകുന്ന കാഴ്ച്ചകളും ഉണ്ട് ! ദേവാലയങ്ങൾ പൂട്ടിക്കിടക്കുന്ന കാലത്ത് മതം തോറ്റെന്നു പറയുന്നത് ഒറ്റനോട്ടത്തിൽ ശരിയാണെന്ന് തോന്നാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നത് കൊണ്ട് വിദ്യാഭ്യാസം പരാജയപ്പെട്ടെന്നും വ്യവസായങ്ങൾ അടഞ്ഞുകിടക്കുന്നത് കൊണ്ട് ശാസ്ത്രവും സാങ്കേതിക വിദ്യകളും പരാജയപ്പെട്ടുവെന്നും കൂട്ടിചേർക്കുമ്പോഴാണ് മുദ്രാവാക്യത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുന്നത്. ആശുപത്രികളിൽ സേവനനിരതരായ ആരോഗ്യപ്രവർത്തകർ മുഴുവൻ നിരീശ്വരവാദികളാണെന്ന് തോന്നും ചിലരുടെ ജല്പനങ്ങൾ കേട്ടാൽ !

“ശാസ്ത്രം ജയിച്ചു, മതം തോറ്റു” എന്ന് പറയുമ്പോൾ അടിസ്ഥാനപരമായി കുറെ പ്രശ്നങ്ങൾ ഉണ്ട്. ശാസ്ത്രവും മതവും പരസ്പരം ശത്രുതയിൽ കഴിയേണ്ടവരാണെന്ന ധ്വനിയാണ് പ്രധാന പ്രശ്നം. ലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം ശാസ്ത്രമാണെന്ന വാദത്തിൽ അശാസ്ത്രീയതകൾ ഉണ്ടെന്ന് വലിയ ശാസ്ത്രപ്രതിഭകൾ പോലും അംഗീകരിച്ച കാര്യമാണ്. ഇതിനേക്കാൾ വലിയ മണ്ടത്തരം മതനിരാസമാണ് ശാസ്ത്രത്തിന്റെ അടിസ്ഥാനമെന്ന ജല്പനങ്ങളാണ്. അരിസ്റ്റോട്ടിലിൽ നിന്നും തുടങ്ങുന്ന ശാസ്ത്രലോകത്തെ വ്യക്തിത്വങ്ങളെല്ലാം നിരീശ്വരവാദികൾ ആയിരുന്നെങ്കിൽ ഇവരുടെ വാദം ശരിയാകുമായിരുന്നു. എന്നാൽ, ശാസ്ത്രീയമായ നിലപാടുകളുടെ പേരിൽ ക്രൈസ്തവസഭയിൽ നിന്നും ദുരനുഭവങ്ങൾ ഏറെ അനുഭവിച്ച ഗലീലിയോ പോലും ദൈവനിഷേധിയായിരുന്നില്ല! ഐസക് ന്യൂട്ടനോ ഐൻസ്റ്റെയ്‌നോ മതനിഷേധികൾ ആയിരുന്നില്ല! സഭയെപ്പേടിച്ചാണ് ഇവരൊക്കെ ദൈവനിഷേധത്തിലേക്ക് പോകാതിരുന്നതെന്ന് ചില നാസ്തികർ തട്ടിവിടാറുണ്ട്. മതത്തിനോ സഭയ്‌ക്കോ ജീവിതത്തിൽ വലിയ സ്വാധീനം ഇല്ലാതിരുന്ന കാലത്തും പ്രദേശത്തും സമുദായത്തിലും ജീവിച്ചിരുന്ന ഐൻസ്റ്റെയിനെക്കുറിച്ചു ഇങ്ങനെയൊക്കെ പറയാൻ മാത്രം യുക്തിയുള്ളവരും ഉണ്ട് ! മാത്രമല്ല, ഇന്ന് ജീവിച്ചിരിക്കുന്ന ശാസ്ത്രജ്ഞരിൽ വെറും മുപ്പത് ശതമാനം മാത്രമാണ് മതവിശ്വാസം ഇല്ലാത്തവർ ! ഇവരിൽ തന്നെ അധികപേരും അജ്ഞേയതാവാദികളാണ്, നിരീശ്വരവാദികൾ അല്ലെന്നതും ശ്രദ്ധേയമാണ് !

മതവും ശാസ്ത്രവും പരസ്പരപൂരകമായി വർത്തിക്കേണ്ടതാനെന്നാണ് ‘ശാസ്ത്രവും മതവും’ എന്ന ലേഖനത്തിലൂടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രപ്രതിഭയായിരുന്ന ഐൻസ്റ്റേയ്ൻ സമർത്ഥിക്കുന്നത്. അഗാധമായ വിശ്വാസമില്ലാത്ത ഒരു യഥാർത്ഥ ശാസ്ത്രജ്ഞനെക്കുറിച്ചു തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ലെന്നും മതമില്ലാത്ത ശാസ്ത്രം മുടന്തനായിരിക്കുമെന്നും ശാസ്‌ത്രമില്ലാത്ത മതം അന്ധമായിരിക്കുമെന്നും ഐൻസ്റ്റേയ്ൻ ഈ ലേഖനത്തിൽ പ്രസ്താവിക്കുന്നു. ആരാധനാലയങ്ങൾ അടച്ചതിലൂടെ മതം ശാസ്ത്രീയമാകുന്ന കാഴ്ച്ചയാണ് ഇപ്പോൾ നാം കാണുന്നത്. ചരിത്രത്തിൽ ഇതിനും മുമ്പും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്. മഹാമാരികളും പ്രകൃതിദുരന്തങ്ങളും യുദ്ധങ്ങളും ഉണ്ടായപ്പോൾ തീർത്ഥാടനങ്ങൾ ഇല്ലാത്ത വർഷങ്ങൾ കടന്നുപോയിട്ടുണ്ട്. പ്ലേഗ് പോലുള്ള മഹാമാരികൾ വരുമ്പോൾ താമസസ്ഥലത്തു നിന്നും പുറത്തുപോയി രോഗം പരത്തരുതെന്നു അക്കാലത്തെ ഏറ്റവും ഉചിതമായ ക്വാറന്റീൻ പ്രവാചകൻ ﷺ അനുയായികളെ പഠിപ്പിച്ചത് ചരിത്രത്തിൽ കാണാവുന്നതാണ് ! ഈ അധ്യാപനങ്ങൾ മതത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കുന്നതുകൊണ്ടാണ് ആരാധനാലയങ്ങൾ അടച്ചിടാൻ മതനേതൃത്വങ്ങൾ വൈമനസ്യം കാണിക്കാതിരിക്കുന്നത് ! ആരാധനകളും ആചാരങ്ങളും സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റങ്ങൾക്കു വിധേയമാണെന്നു മതത്തെ പഠിച്ചവർക്ക് അറിയാവുന്ന കാര്യങ്ങളാണ്. എന്നാൽ, മതവും ശാസ്ത്രവും ഒരുമിക്കുന്ന ഈ ഘട്ടത്തിൽ പോലും കലക്കുവെള്ളത്തിൽ മീൻപിടിക്കാനാണ് ചിലർ ശ്രമിച്ചത് !

സ്വന്തമായൊരു ക്രെഡിബിലിറ്റി ഇല്ലാത്തവരാണ് ശാസ്ത്രത്തെയും ശാസ്ത്രീയമായ രീതികളെയും കൂട്ടുപിടിക്കുന്നത്. ശാസ്ത്രമോ ശാസ്ത്രീയമായ സമ്പ്രദായമോ (scientific method) ലോകത്തിനു സംഭാവന നൽകിയത് നിരീശ്വരവാദികൾ അല്ല. പൗരാണികരായ ഗ്രീക്ക് ശാസ്ത്രജ്ഞരോ മധ്യകാലഘട്ടത്തിൽ ശാസ്ത്രത്തെ വികസിപ്പിച്ച അറബ് പണ്ഡിതരോ യൂറോപ്യൻ നവോഥാനത്തിലൂടെ വളർന്നുവന്ന ശാസ്ത്രജ്ഞരോ ദൈവനിഷേധികൾ ആയിരുന്നില്ല! ദൈവനിഷേധത്തെ ശാസ്ത്രീയതയുടെ പര്യായമായി പരിചയപ്പെടുത്തുന്നതിൽ ഒരു യുക്തിയും ഇല്ല. അതു ചില നിരീശ്വരവാദികൾ ആത്മസംതൃപ്തിക്കു വേണ്ടി നടത്തുന്ന ചില ശ്ലോകങ്ങൾ മാത്രമാണ്. ശാസ്ത്രീയ സമ്പ്രദായത്തിന്റെ പിതാവായിരുന്ന ഫ്രാൻസിസ് ബേക്കൺ (Francis Bacon) അദ്ദേഹത്തിന്റെ നിരീശ്വരവാദത്തെക്കുറിച്ചുള്ള ഉപന്യാസത്തിൽ (Of Atheism) പറയുന്ന ചില ഭാഗങ്ങൾ ശ്രദ്ധേയമാണ്. “നിരീശ്വരവാദം ഹൃദയത്തിനകത്തുള്ളതിനേക്കാൾ നാക്കിലാണ് കൂടുതൽ കാണുന്നത്. അതുകൊണ്ട് അവർ എപ്പോഴും അവരുടെ അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കും. സ്വയം തളർന്നുപോയ ഇവർ മറ്റുള്ളവരുടെ പ്രോത്സാഹനം കിട്ടിയാൽ സന്തോഷവാന്മാരായിരിക്കും”. മതപുരോഹിതന്മാരെപ്പോലെ അനുയായികളെ കിട്ടാൻ ആഗ്രഹിക്കുന്നവരായിരിക്കും നിരീശ്വരവാദികളെന്നും ബേക്കൺ ഈ ലേഖനത്തിൽ പറയുന്നു. നാനൂറു വർഷങ്ങൾക്കു മുമ്പ് ബേക്കൺ എഴുതിയ വരികൾ ഇന്നും പ്രസക്തമാണ്. തങ്ങളുടെ വാദങ്ങൾ അപ്പടി വിഴുങ്ങുന്നവരെയാണ് നിരീശ്വരവാദികൾക്കും വേണ്ടത്. മതങ്ങളിൽ കാണുന്നതുപോലെ, ഒരു നാസ്തിക പുരോഹിതനു ചുറ്റും ഫാൻസ്‌ അസോസിയേഷൻകാരായി നടക്കുന്ന കുറെ ആളുകളെയും ഇക്കാലത്തു കാണാം. സ്വന്തമായി മതങ്ങളെക്കുറിച്ചു വിമർശനാത്മകവും സ്വാതന്ത്രവുമായ പഠനങ്ങൾ നടത്താതെ ഏതെങ്കിലും നാസ്തിക പുരോഹിതന്റെ നിരീക്ഷണങ്ങളെ വിഴുങ്ങുന്നവരാണ് ഇവരിൽ വലിയ വിഭാഗം !

മതനിരാസത്തിനു ശാസ്ത്രത്തിന്റെ രീതികളുമായി യോജിച്ചുപോകാൻ കഴിയില്ലെന്ന് പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും ടെമ്പിൾടൻ പുരസ്‌കാര ജേതാവുമായ മാഴ്‌സെലോ ഗ്ലെയ്‌സർ (Marcelo Gleiser) പറയുന്നു. “മതനിരാസം ഒരു പ്രഖ്യാപനം മാത്രമാണ്. ശാസ്ത്രത്തിൽ നാം പ്രഖ്യാപനങ്ങൾ നടത്താറില്ല. നമുക്ക് അനുമാനങ്ങൾ ആവാം. അവ തെളിയിക്കുന്ന തെളിവുകൾ കൂടെ വേണം”. ആധുനിക ശാസ്ത്രം മനുഷ്യന്റെ ധാർമികമായ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഓർമിപ്പിക്കുന്നു എന്നും ഗ്ലെയ്‌സർ പറയുന്നു. ലോകത്തെ മുഴുവൻ പ്രശ്നങ്ങൾ ശാസ്ത്രം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയില്ലെന്നും അങ്ങനെ ചിന്തിക്കുന്നത് സയൻസ് അല്ലെന്നും ‘സയന്റിസം’ ആണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ചുരുക്കത്തിൽ, മനുഷ്യന്റെ വിശ്വാസപരവും ധാർമികവുമായ ചിന്തകളെ മാറ്റിനിർത്തിയാൽ മാത്രമേ ശാസ്ത്രീയമായി ചിന്തിക്കാൻ കഴിയൂ എന്ന വാദത്തെ ശാസ്ത്രജ്ഞർക്ക് പോലും അംഗീകരിക്കാൻ കഴിയുന്നില്ല ! ഒരു മഹാമാരിയെ നേരിടാൻ ശാസ്ത്രീയമായ അറിവുകൾക്കൊപ്പം ധാർമികമായ കരുത്തുകൂടെ വേണ്ടതുണ്ടെന്നു വർത്താനകാലവും നമ്മെ പഠിപ്പിക്കുന്നു. ക്വാറന്റീൻ ചെയ്യാൻ മതസ്ഥാപങ്ങങ്ങൾ വിട്ടുനൽകാൻ തയ്യാറാകുമ്പോൾ മതം മാനുഷികവും ശാസ്ത്രീയവുമാകുന്നുവെന്ന് മനസ്സിലാക്കാൻ കഴിയാത്ത യുക്തിചിന്തകൾ കൊണ്ട് എന്ത് പ്രയോജനം?

മതഭ്രാന്തന്മാരെപ്പോലെയാണ് ഇപ്പോൾ ചില മതനിഷേധികൾ പ്രവർത്തിക്കുന്നത്. മതത്തിന്റെ പ്രായോഗികതയെ ഉൾക്കൊള്ളാൻ ചില വിശ്വാസികൾക്ക് കഴിയാതിരുന്നത് മതത്തെ ശാസ്ത്രീയമായി പഠിക്കാതിരുന്നതിനാലാണ്. അടിസ്ഥാനപരമായി മതം ആചാരങ്ങൾ മാത്രമാണെന്നുള്ള സങ്കല്പങ്ങളാണ് മിക്ക മതവിശ്വാസികളെയും നയിക്കുന്നത്. ഇതേ വിശ്വാസത്തിന്റെ മറുവശമാണ് നിരീശ്വരവാദികൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ്, ആചാരങ്ങൾക്ക് മാറ്റം വരുമ്പോൾ മതം തോറ്റെന്നു വിളിച്ചുകൂവുന്നത്. ഈ അറിവില്ലായ്മക്കു കുടപിടിക്കാൻ ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് സത്യം. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ട്. മതനിഷേധം ഒരു വിശ്വാസം മാത്രമാണ്. അതുകൊണ്ട്, അവർക്കു മതന്യൂനപക്ഷ പരിഗണന നൽകേണ്ടതുണ്ട്. എന്നാൽ, ഇടയ്ക്കിടെ തങ്ങളുടെ നിലപാട് ശാസ്ത്രീയമാണെന്ന വാദം ആൾദൈവങ്ങളും മതചൂഷകരും ഉപയോഗിക്കുന്ന ‘അത്ഭുതസിദ്ധി’കൾ പോലെയാണ്. ഭക്തരായ അനുയായികൾ അല്ലാത്തവർ അതു പിന്തുടരണമെന്നു ശഠിക്കരുത് !

print

No comments yet.

Leave a comment

Your email address will not be published.