പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുക; ഈ പ്രതികൂല കാലവും കടന്നു പോകും

//പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുക; ഈ പ്രതികൂല കാലവും കടന്നു പോകും
//പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുക; ഈ പ്രതികൂല കാലവും കടന്നു പോകും
ആനുകാലികം

പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുക; ഈ പ്രതികൂല കാലവും കടന്നു പോകും

നുഷ്യന്‍ നേരിടുന്ന ഓരോ വിപത്തും അവനു ചില അമൂല്യമായ പാഠങ്ങള്‍ നല്‍കുന്നുണ്ട്. തന്നിലെ കഴിവും കഴിവുകേടും തിരിച്ചറിയാന്‍, അറിവും അറിവിന്‍റെ പരിമിതിയും ബോധ്യപ്പെടാന്‍, അധികാരവും അധികാര പരിധിയും മനസ്സിലാക്കാന്‍ വിപത്ഘട്ടങ്ങളിലെ അനുഭവങ്ങള്‍ ഒരു മികച്ച അധ്യാപകനെപ്പോലെ നമ്മെ സഹായിക്കുകയാണ്. എന്നാല്‍ വിശ്വാസിയെ സംബന്ധിച്ചേടത്തോളം പ്രത്യേകിച്ച്, താന്‍ നേരിടുന്ന ഒരോ ആപത്തും തന്‍റെ ദരിദ്രാവസ്ഥകളെയും നിസ്സഹായാവസ്ഥകളെയും അവനെ ബോധ്യപ്പെടുത്തുന്നുണ്ട്. ജീവിതത്തിലെ ഓരോ നിമിഷവും സമ്പന്നനായ അല്ലാഹുവിലേക്ക് ആവശ്യക്കാരനാണ് താനെന്ന ബോധം പ്രയാസങ്ങളുടെ തിരതള്ളലില്‍ വിശ്വാസികള്‍ കൂടുതല്‍ മനസ്സിലാക്കുന്നവരാണ്.

മനുഷ്യനിലെ ശേഷീ ശേമുഷികളെല്ലാം ഏതു സന്ദര്‍ഭത്തിലും ഉപയോഗ്യമൊ ഉപകാരപ്പെടുന്നതൊ അല്ല. ലോകത്തിന്‍റെ സംഭവകാല സാഹചര്യത്തില്‍ ഉദാഹരണങ്ങള്‍ വേണ്ടതില്ലെന്ന് തോന്നുന്നു. കൈവശം വന്ന അറിവും അര്‍ത്ഥവും അധികാരവും കായികശേഷിയുമൊക്കെ ചില മനുഷ്യരെ ധിക്കാരികളാക്കാറുണ്ട്. തനിക്കു താന്‍ മതിയായവനാണ് എന്ന അഹങ്കാരത്തില്‍ പലരും ജീവിക്കാറുമുണ്ട്. എന്നാല്‍ അവയുടെയൊക്കെ പരിധീപരിമിതികളെ സംബന്ധിച്ച് ബോധ്യമുള്ള വിവേകികള്‍ മിതമായ ജീവിതനിലപാടിലായിരിക്കും നിലകൊള്ളുക. ഈ രണ്ടാമതു പറഞ്ഞ വിഭാഗത്തിലാണ് വിശ്വാസികളുടെ സ്ഥാനമുള്ളത്. ഒരു ഖുര്‍ആനിക വചനം ശ്രദ്ധിക്കുക

നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. തന്നെ സ്വയംപര്യാപ്തനായി കണ്ടതിനാല്‍. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം. (അലഖ്: 6-8)

‘നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം’ എന്ന അല്ലാഹുവിന്‍റെ പ്രസ്താവനയെ വളരെ ഗൗരവത്തോടെയാണ് മുസ്‌ലിംകൾ പരിഗണിക്കുന്നത്. നേടാന്‍ സാധിച്ചിട്ടുള്ള എല്ലാ ഭൗതിക വിഭവങ്ങളും അനുഗ്രഹങ്ങളും അല്ലാഹുവില്‍ നിന്ന് ഔദാര്യപൂര്‍വ്വം സിദ്ധിച്ചിട്ടുള്ളതാണെന്നും, തന്നതു പോലെ തിരിച്ചെടുക്കാനുള്ള അധികാരവും അവനില്‍ത്തന്നെയുണ്ടെന്നും, ഭൂമിയില്‍ എത്ര ധിക്കാരിയായും നിഷേധിയായും ജീവിച്ചാലും ഏതൊരാളും മടങ്ങിയെത്തേണ്ടത് അല്ലാഹുവിലേക്കു തന്നെയാണെന്നും അവര്‍ വിശ്വിസിക്കുന്നു. അതു കൊണ്ടുതന്നെ, ജീവിതത്തില്‍ പ്രപഞ്ച സ്രഷ്ടാവിന്‍റെ പരമമായ ഇടപെടലിനെയാണ് അവരെന്നും മുഖവിലക്കെടുക്കുന്നതും. അതിനനുസരിച്ചാണ് അവര്‍ തങ്ങളുടെ ജീവിത നിലപാടുകളെല്ലാം രൂപപ്പെടുത്തുന്നതും. മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയംപര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു. (ഫാത്വിര്‍: 15) എന്ന ഖുര്‍ആനിക വചനത്തിന്‍റെ അക്ഷരാര്‍ത്ഥമുള്‍ക്കൊണ്ടും അതിനനുസരിച്ച് പ്രവര്‍ത്തിച്ചുമാണ് സത്യവിശ്വാസികള്‍ ജീവിച്ചു പോകേണ്ടത്.

മേല്‍ സൂചിത മൗലിക ധാരണയെ മറന്ന് അശ്രദ്ധയോടെ ജീവിക്കുന്ന അവസ്ഥ ഐഹിക ജീവിതത്തിലെ ചില സാഹചര്യങ്ങളില്‍ വിശ്വാസികളിലുമുണ്ടാകാം. പിശാചിന്‍റെ പ്രചോദനങ്ങളിലും, അവസരങ്ങളുടെ പ്രലോഭനങ്ങളിലും, ദേഹേച്ഛകളുടെ വഞ്ചനകളിലും, ആഗ്രഹങ്ങളുടെ അലങ്കാരങ്ങളിലും, സമ്പന്നതയുടെ അഹങ്കാരങ്ങളിലും പെട്ടുപോകുമ്പോഴാണ് ദൈവബോധത്തില്‍ നിന്നും അശ്രദ്ധനാകുന്ന അവസ്ഥയുണ്ടാകുന്നത്. എന്നാല്‍, തന്നെ വിളിച്ചുണര്‍ത്താനെന്നവണ്ണം മുന്നില്‍ വന്നു നില്‍ക്കുന്ന പരീക്ഷണങ്ങളേയും പ്രയാസങ്ങളേയും രോഗങ്ങളേയുമൊക്കെ നേര്‍ക്കുനേരെ കാണുമ്പോള്‍ മുസ്‌ലിമെന്ന നിലയ്ക്കുള്ള തന്‍റെ ജാഗ്രതയിലേക്ക് അവന്‍ തിരിച്ചുവരുക തന്നെ ചെയ്യും. അല്ലാഹുവിലേക്ക് ആശ്രയം തേടിയുള്ള തിരിച്ചുവരവ്!

പ്രപഞ്ച സ്രഷ്ടാവുമായി നമുക്ക് സ്ഥിരബന്ധത്തിന് സാധ്യമാക്കുന്ന ഉപാധിയെന്താണെന്നറിയുമൊ? ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന മുഖ്യമായ ഉപാധി പ്രാര്‍ത്ഥനയാണ്. അല്ലാഹുവിന്നായി ഒരു ദൈവദാസന്‍ നിര്‍വഹിക്കുന്ന മുഴുവന്‍ ആരാധനകളിലും ഈ മുഖ്യ ഉപാധിയായ പ്രാര്‍ത്ഥനയുണ്ട്. പടച്ചവനാണ് തന്‍റെ സര്‍വ്വ ജീവിതാവസ്ഥകളിലേയും പരമമായ ആശ്രയം എന്ന് ഹൃദയംകൊണ്ടറിഞ്ഞ മുസ്‌ലിം, പ്രാര്‍ത്ഥനകളിലൂടെയാണ് പടച്ചവന്‍റെ സവിധത്തില്‍ വിനയംപൂണ്ട് നില്‍ക്കുന്നത്. അല്ലാഹു അടിമകളില്‍ നിന്നും വിദൂരസ്ഥനല്ല. അവന്‍ അടിമകള്‍ക്ക് അപ്രാപ്യനുമല്ല. നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കുവീന്‍ ഞാനുത്തരം നല്‍കുന്നതാണ് എന്ന അല്ലാഹുവിന്‍റെ വാഗ്ദാനത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രതീക്ഷയാണ് വിശ്വാസീ ഹൃദയങ്ങളിലെ ഊര്‍ജ്ജസ്രോതസ്സ്. ജനങ്ങളെ ഉദ്ബോധിപ്പിക്കാന്‍ മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു നല്‍കിയ പ്രത്യേക നിര്‍ദ്ദേശം വായിച്ചു നോക്കൂ:

നിന്നോട് എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്‍റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്. (അല്‍ബഖറ: 186)

അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ മുഴുവന്‍ സല്‍ഗുണമായിരുന്നു റബ്ബിനോടുള്ള അവരുടെ പ്രാര്‍ത്ഥനാ മനസ്സ്. ചെറുതൊ വലുതൊ ആയ ഏതൊരു കാര്യത്തിനും റബ്ബിലേക്ക് കയ്യുയര്‍ത്തി, അനുനിമിഷം ഞങ്ങള്‍ക്ക് നിന്‍റെ കാരുണ്യം അനിവാര്യമാണ് എന്ന പ്രഖ്യാപനമായിരുന്നു അവരുടെ പ്രാര്‍ത്ഥനകള്‍. പ്രവാചകന്മാരെപ്പറ്റിയുള്ള ഖുര്‍ആനിക പ്രസ്താവന കാണുക. ‘തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.’ (അമ്പിയാഅ്:90)

ദൈവിക ദൃഷ്ടാന്തങ്ങളെ കൃത്യതയോടെ മനസ്സിലാക്കാന്‍ ശ്രദ്ധിക്കുന്ന മുഅ്മിനുകളുടെ ജീവതിത്തില്‍ അവര്‍ കാത്തുസൂക്ഷിക്കുന്ന കുറേ ഗുണങ്ങള്‍ അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ അനുയോജ്യമാണ്.

നമ്മുടെ ദൃഷ്ടാന്തങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീഴുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് പ്രകീര്‍ത്തിക്കുകയും ചെയ്യുന്നവര്‍ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയുള്ളൂ. അവര്‍ അഹംഭാവം നടിക്കുകയുമില്ല. ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. (സജദ:15, 16)

സാഷ്ടാംഗം പ്രണമിക്കുന്നു, സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തുന്നു, അഹംഭാവം ഒഴിവാക്കുന്നു, കിട്ടിയതില്‍ നിന്ന് ചെലവഴിക്കുന്നു തുടങ്ങിയ സല്‍പ്രവൃത്തികള്‍ക്കൊപ്പം സത്യവിശ്വാസികളുടെ ഗുണമായി അല്ലാഹു എടുത്തു പറയുന്നത്, ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് ഭയത്തോടും പ്രത്യാശയോടും കൂടി രക്ഷിതാവിനോട് അവര്‍ പ്രാര്‍ത്ഥിക്കുന്നു എന്നതാണ്.

ഇന്ന് നാമുള്ളത് നമ്മെക്കൊണ്ട് പരിഹരിക്കാനാകാത്ത സങ്കീര്‍ണ്ണഘട്ടത്തിലാണ്. ഇനിയും നമ്മുടെ കഴിവുകേടിനെക്കുറിച്ച് നമുക്ക് ബോധ്യം വന്നിട്ടില്ല എങ്കില്‍ അത് വലിയ നഷ്ടത്തിലേക്കാകും കൊണ്ടെത്തിക്കുക. ഭൗതിക നേട്ടങ്ങളിലും ശാസ്ത്രജ്ഞാനങ്ങളിലും അഹങ്കാരികളായിത്തീര്‍ന്നവരെല്ലാം സുല്ലടിച്ചു നില്‍ക്കുകയാണിപ്പോള്‍. ദൈവനിഷേധികള്‍ മുഴുവനും ദൈവവിശ്വാസികളോട്, നിങ്ങളുടെ ദൈവമെവിടെ എന്ന് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അഥവാ, ഈ സങ്കീര്‍ണ്ണമായ സന്ദര്‍ഭത്തില്‍ മനുഷ്യരെ കാക്കാന്‍ നിങ്ങളുടെ ദൈവത്തിന്‍റെ സാന്നിധ്യവും സഹായവുമാണ് അനിവാര്യമായും ഉണ്ടാകേണ്ടത് എന്ന് അവര്‍ വ്യംഗ്യമായി സമ്മതിക്കുകയാണ് എന്നര്‍ത്ഥം! വിശ്വാസികള്‍ പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ മുമ്പെ മനസ്സിലാക്കിയവരാണെന്നതിനാല്‍ എവിടെ ഞങ്ങളുടെ ദൈവം എന്ന് ചോദിച്ച് അന്തിച്ചു നില്‍ക്കുന്നില്ല. അവന്‍റെ സാന്നിധ്യം അവരറിയുന്നുണ്ട്. അവനോടവര്‍ സഹായം ചോദിച്ച് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. അവരോടുള്ള അല്ലാഹുവിന്‍റെ നിര്‍ദ്ദേശമാണത്.

താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. (അഅ്റാഫ്:55)

പ്രാര്‍ത്ഥന എന്നത് നിരാശയുടെ അവസാനമുണ്ടാകേണ്ട ഒന്നല്ല. പ്രതീക്ഷയുടെ ആദ്യഘട്ടത്തിലുണ്ടാകേണ്ടതാണ്. അതുകൊണ്ടു തന്നെ നിരാശ വിശ്വാസിയിലുണ്ടാകുന്ന പ്രശ്നവുമില്ല. ‘അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിങ്ങള്‍ ആശയറ്റവരാകരുത്’ (സുമര്‍: 53) എന്ന ഖുര്‍ആനിക വാഗ്ദാനമാണ് മുസ്‌ലിംകളെ എപ്പോഴും പ്രാര്‍ത്ഥനാ നിരതരാക്കുന്നതും പ്രതീക്ഷയില്‍ത്തന്നെ ജീവിക്കാന്‍ സഹായിക്കുന്നതും. കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവനു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും (നംല്: 62) ചെയ്യുന്നവനാണ് അല്ലാഹു എന്ന് മനസ്സിലാക്കി, പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അവനിലേക്ക് കൈനീട്ടി നില്‍ക്കുകയാണ് വിശ്വാസികള്‍. ജീവിതത്തിലെ അനുഗൃഹീതാവസ്ഥകളിലും സന്തോഷാവസ്ഥകളിലും പടച്ചവനെയും അവന്‍റെ ആശ്രയത്തേയും മനസ്സിലാക്കി ജീവിക്കാനാകുന്നതു കൊണ്ടാണ് പ്രതിസന്ധിഘട്ടങ്ങളിലും അവനെത്തന്നെ സമീപിക്കാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നത്. പ്രവാചക തിരുമേനി(സ്വ)യുടെ ഒരു സാരോപദേശമുണ്ട്.

ഇബ്നു അബ്ബാസ്(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍ (സ്വ) അരുളി: അഭിവൃദ്ധിയുടെ നാളുകളില്‍ നീ അല്ലാഹുവിനെ നന്നായറിയുക. പ്രയാസത്തിന്‍റെ നാളുകളില്‍ അവന്‍ നിന്നെയും നന്നായറിയുന്നതാണ്. (അഹ്‌മദ്‌)

മറ്റൊരു ഹദീസ് ഇപ്രകാരമാണ്. അബൂഹുറയ്റ (റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍ (സ്വ) അരുളി: ജീവിതത്തില്‍ പ്രയാസങ്ങളും വിഷമങ്ങളുമുണ്ടാകുന്ന ഘട്ടങ്ങളില്‍ അല്ലാഹുവിന്‍റെ ഉത്തരം ലഭിച്ച് സന്തോഷിക്കണമെന്ന് കൊതിക്കുന്നവന്‍, തന്‍റെ അഭിവൃദ്ധിയുടെ നാളുകളില്‍ ധാരാളം പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ (തിര്‍മിദി)

പ്രാര്‍ത്ഥനയുടെ പ്രാധാന്യവും അനിവാര്യതയും ബോധ്യപ്പെടാന്‍ നബിതിരുമേനി(സ്വ)യുടെ വിശദമായ ഒരു ഖുദ്‌സിയായ ഹദീസുണ്ട്. സത്യവിശ്വാസികളെന്ന നിലയ്ക്ക് മനസ്സിരുത്തി പഠിക്കേണ്ട കുറേ വിഷയങ്ങള്‍, അല്ലാഹു പ്രവാചകനിലൂടെ പറഞ്ഞു തരുകയാണ് പ്രസ്തുത ഹദീസില്‍.

അബൂ ദറുല്‍ ഗഫാരി (റ) നിവേദനം. നബി (സ്വ) തന്‍റെ റബ്ബില്‍ നിന്നും പ്രസ്താവിക്കുന്നു. “എന്‍റെ ദാസന്മാരേ, അതിക്രമം എനിക്ക് നിഷിദ്ധമാണ്. നിങ്ങളിലും ഞാനതിനെ നിഷിദ്ധമാക്കിയിരിക്കുന്നു. ആകയാല്‍ നിങ്ങളന്യോന്യം അതിക്രമങ്ങള്‍ ചെയ്യരുത്. എന്‍റെ ദാസന്മാരെ, നിങ്ങളെല്ലാവരും വഴിയറിയാത്തവരാണ്; ഞാന്‍ വഴി കാണിച്ചവനൊഴികെ. ആകയാല്‍ നിങ്ങളെന്നോട് വഴിചോദിക്കുക, ഞാന്‍ നിങ്ങള്‍ക്ക് വഴി കാണിച്ചു തരും. എന്‍റെ ദാസന്മാരെ, നിങ്ങളെല്ലാവരും വിശപ്പുള്ളവരാണ്; ഞാന്‍ ഭക്ഷിപ്പിച്ചവനൊഴികെ. ആകയാല്‍ നിങ്ങള്‍ എന്നോട് ഭക്ഷണം തേടുക, ഞാന്‍ നിങ്ങളെ ഭക്ഷിപ്പിക്കുന്നതാണ്. എന്‍റെ ദാസന്മാരെ, നിങ്ങളെല്ലാവരും നഗ്നരാണ്; ഞാന്‍ ഉടുപ്പിച്ചവനൊഴികെ. ആകയാല്‍ നിങ്ങള്‍ എന്നോട് വസ്ത്രം തേടുക, ഞാന്‍ നിങ്ങളെ ഉടുപ്പിക്കുന്നതാണ്. എന്‍റെ ദാസന്മാരെ, രാവിലും പകലിലും നിങ്ങള്‍ തെറ്റുകള്‍ ചെയ്യുന്നവരാണ്. ഞാനാണ് എല്ലാ പാപങ്ങളേയും പൊറുക്കുന്നവന്‍. ആകയാല്‍ നിങ്ങള്‍ എന്നോട് മാപ്പിരക്കുവീന്‍ ഞാന്‍ നിങ്ങള്‍ക്ക് മാപ്പു നല്‍കുന്നതാണ്.

എന്‍റെ ദാസന്മാരെ എന്നെ ദ്രോഹിക്കാവുന്ന ഒരു ശേഷിയും നിങ്ങള്‍ക്കില്ല. എനിക്ക് ഉപകാരം ചെയ്യാനുള്ള ശേഷിയും നിങ്ങളുടെ പക്കലില്ല. എന്‍റെ ദാസന്മാരേ, നിങ്ങളുടെ ആദിമ സമൂഹവും അവസാന സമൂഹവും, മനുഷ്യരും ജിന്നുകളും മുഴുവന്‍ അതിഭക്തനായ ഒരു വ്യക്തിയുടെ മാനസ്സുള്ളവരായിരുന്നാലും ശരി, അത് എന്‍റെ ആധിപത്യത്തില്‍ അല്‍പം പോലും വര്‍ദ്ധനവുണ്ടാക്കുന്നതല്ല! എന്‍റെ ദാസന്മാരേ, നിങ്ങളുടെ ആദിമ സമൂഹവും അവസാന സമൂഹവും, മനുഷ്യരും ജിന്നുകളും മുഴുവന്‍ അതിദുഷ്ടനായ ഒരു വ്യക്തിയുടെ മനസ്സുള്ളവരായിരുന്നാലും ശരി, അത് എന്‍റെ ആധിപത്യത്തില്‍ അല്‍പം പോലും കുറവു വരുത്തുകയുമില്ല! എന്‍റെ ദാസന്മാരേ, നിങ്ങളുടെ ആദിമ സമൂഹവും അവസാന സമൂഹവും, മനുഷ്യരും ജിന്നുകളും മുഴുവന്‍ ഒരു പ്രദേശത്ത് ഒരുമിച്ചു കൂടി എന്നോട് പ്രാര്‍ത്ഥിക്കുകയും, ഓരോരുത്തര്‍ക്കും അവനവന്‍ ചോദിച്ചത് ഞാന്‍ നല്‍കുകയും ചെയ്താലും എന്‍റെ കൈവശമുള്ളതില്‍ നിന്ന്, കടലില്‍ മുക്കിയ സൂചിമുനയിലെ ജലകണികയുടെയത്രയല്ലാതെ കുറയുകയില്ല.” (മുസ്‌ലിം)

എന്തുകൊണ്ടാണ്, ഭൗതിക പ്രതിസന്ധകളിലൊന്നിലും ആകുലരാകാതെയും നിരാശരാകാതെയും മുഅ്മിനുകള്‍ ജീവിക്കുന്നത് എന്നതിനുള്ള ഉത്തരമാണ് ഈ ഹദീസിലുള്ളത്. അല്ലാഹുവിനെ സംബന്ധിച്ച് പ്രവാചക തിരുമേനി (സ്വ) വിശ്വാസികള്‍ക്കു വിശദീകരിച്ചു നല്‍കിയ ഈ അടിസ്ഥാന കാര്യങ്ങള്‍ പേര്‍ത്തും പേര്‍ത്തും അവര്‍ വായിച്ചു പഠിക്കുന്നൂ എന്നതാണ് സകല ദുരിതഘട്ടങ്ങളിലും തളര്‍ന്നു പോകാതെ ജീവിക്കാന്‍ അവര്‍ക്ക് സഹായകമാകുന്നത്. ഒരിക്കലും അവസാനിക്കാത്ത കാരുണ്യാനുഗ്രഹങ്ങളുടെ കലവറയാണ് റബ്ബിന്‍റേത്. നിരാശരാകാതെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുക; ഈ പ്രതികൂല കാലവും കടുന്നു പോകും.

print

No comments yet.

Leave a comment

Your email address will not be published.