കോവിഡ്: ഇസ്‌ലാമിന്റെ രോഗശുശ്രൂഷ

//കോവിഡ്: ഇസ്‌ലാമിന്റെ രോഗശുശ്രൂഷ
//കോവിഡ്: ഇസ്‌ലാമിന്റെ രോഗശുശ്രൂഷ
ആനുകാലികം

കോവിഡ്: ഇസ്‌ലാമിന്റെ രോഗശുശ്രൂഷ

കൊറോണ വൈറസിൻറെ സമൂഹ വ്യാപനം തടയാനായി ലോകത്തുടനീളം മിക്ക ദൈവവിശ്വാസികളും അവരുടെ ആരാധനാലയങ്ങളിലെ അനുഷ്ഠാനങ്ങളും പരിപാടികളും നിർത്തി വച്ചിരിക്കുകയാണല്ലോ. അല്പജ്ഞാനികളായ ദൈവനിഷേധികൾക്ക് ആഘോഷിക്കാൻ ഇതിലേറെ എന്തുവേണം?

ദൈവ നിഷേധവും മതവിദ്വേഷവും സമൂഹത്തിൽ പണ്ടേ തുടർന്നു പോരുന്നതാണ്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും അവയുടെ അവതാരകർ പോലും ദൈവനിഷേധവും മതവിദ്വേഷവും വളർത്താൻ ഈ ഒരു ക്വാറന്റൈൻ സമയത്തെ ഉപയോഗിക്കുന്നു എന്നത് ഏറെ സങ്കടകരം തന്നെ.

ആരാധനാലയങ്ങളെല്ലാം അടച്ചുപൂട്ടിയിട്ടും വിശ്വാസികൾ പ്രാർത്ഥന നിർത്തിയിട്ടും ലോകത്ത് ഒന്നും സംഭവിച്ചില്ലെന്നും ദൈവം ഒറ്റപ്പെട്ടുമെന്നുമെല്ലാം നിഷേധികൾ പരിഹസിക്കുന്നു. എല്ലാത്തിനും കഴിവുള്ളവനും സ്നേഹമുള്ളവനുമാണെങ്കിൽ ദൈവം എന്തിനിങ്ങനെ മനുഷ്യരെ പരീക്ഷിക്കുന്നുവെന്നത് മറ്റൊരു വിമർശനം. കൂട്ടത്തിൽ പ്രസക്തമെന്ന് തോന്നുന്ന മറ്റൊരു വിമർശനമാണ് എല്ലാ മതവിശ്വാസികളും ഇപ്പോൾ ദൈവത്തെ കയ്യൊഴിഞ്ഞു രോഗ ശുശ്രൂഷക്ക് ആശുപത്രികളിലേക്ക് തന്നെ പോകുന്നു എന്നത്.

സാധാരണക്കാരിൽ നിന്നും ഇത്തരം വിമർശനങ്ങൾ നാം നിരന്തരം കേൾക്കുന്നവയാണ്. എന്നാൽ മുഖ്യധാരാ ചാനലുകൾ തന്നെ എന്തോ വലിയ കണ്ടുപിടുത്തമെന്നോണം മതവിശ്വാസങ്ങൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത് ആശ്ചര്യമാണ് എന്നിലുണ്ടാക്കിയത്. അതുകൊണ്ടുതന്നെയാണ് ഈ കുറിപ്പും. എത്രമാത്രം വികല ധാരണകളാണ് അവർക്ക് മതങ്ങളെ കുറിച്ചുള്ളത്? ഒരു വിഷയത്തെ വിമർശിക്കുമ്പോൾ സാമാന്യമായൊരു അറിവോ ബോധമോയെങ്കിലും ഉണ്ടാവേണ്ടേ?

ഇസ്‌ലാമും ആത്മീയ രോഗ ശുശ്രൂഷയും:

രോഗങ്ങളും പ്രയാസങ്ങളും മനുഷ്യർക്കു സംഭവിക്കുന്നതിന് കാരണങ്ങൾ പലതാണ്. എന്നാൽ അതെല്ലാം ദൈവനിശ്ചയപ്രകാരം തന്നെയാണെന്നാണ് ഇസ്‌ലാമിക വിശ്വാസം. ഇത്തരം സന്ദർഭങ്ങളിൽ ഒരു വിശ്വാസിയുടെ സമീപനം എന്തായിരിക്കണമെന്നും ഇസ്‌ലാം കൃത്യമായി പഠിപ്പിക്കുന്നു.

ഭൗതികമായ സകല വിജ്ഞാനങ്ങളും ഖുർആനിലുണ്ടെന്നോ, ദൈവവും വിശ്വാസവും ഉണ്ടെങ്കിൽ ലോകത്ത് ഭൗതിക സംവിധാനങ്ങളൊന്നും ആവശ്യമില്ലെന്നോ ഇസ്‌ലാം ഒരിക്കലും അവകാശപ്പെടുന്നില്ല. കേവല പ്രാർത്ഥനകളിലൂടെ സകല രോഗങ്ങളും മാറുമെന്നും മുസ്‌ലിംങ്ങൾ വിശ്വസിക്കുന്നില്ല.

ആത്മാവും ശരീരവും ചേർന്നതാണല്ലോ മനുഷ്യൻ. ആത്മാവിൻറെ സകല പ്രശ്നങ്ങളും ദൈവവിശ്വാസം അഭിമുഖീകരിക്കുന്നു. ആത്മാവിൻറെ അസുഖങ്ങൾ മാറ്റി ശുദ്ധീകരിച്ച്‌ മനുഷ്യനെ നേർവഴി നടത്താനുള്ളതാണ് ദൈവവിശ്വാസവും ഖുർആനും. എന്നാൽ അവൻറെ ശാരീരികമായ ആവശ്യങ്ങൾക്ക് കേവലമായ വിശ്വാസമോ ഖുർആൻ പാരായണമോ മതിയെന്ന് ഇസ്‌ലാം ഒരിക്കലും പറഞ്ഞിട്ടില്ല.

അസുഖങ്ങളും പ്രയാസങ്ങളും മനുഷ്യർക്ക് നൽകുന്നത് ദൈവമാണ്. ദൈവം ഉദ്ദേശിച്ചാൽ മാത്രമേ അവ മാറുകയുമുള്ളൂ. എന്നാൽ അതിനർത്ഥം ഇവയെല്ലാം മാറ്റി കിട്ടുന്നതിന് കേവലമായ പ്രാർത്ഥനകളും മന്ത്രങ്ങളും മാത്രം മതിയെന്നല്ല.

പൗരോഹിത്യം എന്നൊരു സങ്കൽപ്പം തന്നെ ഇസ്‌ലാമിക വിരുദ്ധമാണ്. ഇനി വല്ലവർക്കും അങ്ങനെ ആത്മീയമായി അസുഖങ്ങൾ മാറ്റാനുള്ള കഴിവുകളുണ്ടാകുമായിരുന്നുവെങ്കിൽ പ്രവാചകനു തന്നെയായിരുന്നു ഏറ്റവും വലിയ കഴിവ് നൽകപ്പെടേണ്ടത്. എന്നാൽ പ്രവാചകനും അനുയായികൾക്കും പലതരത്തിലുള്ള അസുഖങ്ങളും പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട്. പ്രവാചകൻ ﷺ ഉപയോഗിക്കുകയും നിർദേശിക്കുകയും ചെയ്ത മരുന്നുകളുടെ ഒരു ലിസ്റ്റ് തന്നെ നമുക്ക് കാണാം. എന്നാൽ സ്റ്റേജ് കെട്ടി, നാട്ടുകാരെയും വിളിച്ചു കൂട്ടി, കുറേ മന്ത്രങ്ങളും മാജിക്കുകളും കാണിച്ചു കുറച്ചാളുകളെക്കൊണ്ട് കള്ളസാക്ഷ്യങ്ങളും പറയിച്ചു ‘ആത്മീയ ചികിത്സ’ നടത്തിയ ഒരു സംഭവം പോലും പ്രവാചക ചരിത്രത്തിൽ കാണാൻ കഴിയില്ല.

രോഗം വന്നാൽ ഡോക്ടറെ കാണുന്നത് വിശ്വാസത്തിനു വിരുദ്ധമാണെങ്കിൽ വിശക്കുമ്പോൾ ആഹാരം കഴിക്കുന്നതും തെറ്റല്ലേ? എല്ലാം ദൈവം നേരിട്ട് തന്നെ നൽകുകയാണെങ്കിൽ മനുഷ്യൻ ഭൂമിയിൽ അധ്വാനിക്കേണ്ട ആവശ്യമില്ലല്ലോ! നമ്മുടെ സകല ആവശ്യങ്ങൾക്കും ദൈവത്തോട് ചോദിച്ചാൽ മാത്രം മതിയാകുമല്ലോ.

ഒരിക്കല്‍ പ്രവാചകനെﷺ സന്ദര്‍ശിക്കാനെത്തിയ ഒരാള്‍ തന്റെ ഒട്ടകത്തില്‍ നിന്നിറങ്ങിയ ശേഷം അതിനെ അഴിച്ചുവിടാന്‍ ഉദ്ദേശിച്ചപ്പോൾ പ്രവാചകൻ ﷺ അയാളെ തിരുത്തി: “ആദ്യം ഒട്ടകത്തെ കെട്ടുക, എന്നിട്ട് ദൈവത്തിൽ ഭരമേൽപിക്കുക” (ഇബ്‌നു ഹിബ്ബാന്‍).

എല്ലാം ദൈവത്തിൽ ഭരമേൽപിക്കുമ്പോൾതന്നെ മനുഷ്യർ സ്വന്തം ബാധ്യതകൾ നിർവഹിക്കേണ്ടതുണ്ട്. “രോഗം വന്നാൽ നിങ്ങൾ ചികിത്സ തേടുക” എന്നാണ് പ്രവാചകൻ ﷺ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. “മരുന്നില്ലാത്ത ഒരു രോഗവുമില്ല” എന്ന് പ്രവാചകൻ ﷺ പഠിപ്പിച്ചിട്ടുള്ളത് അത് അന്വേഷിക്കാനും അവയൊക്കെ മനുഷ്യർ സമൂഹനന്മക്കുവേണ്ടി ഉപയോഗിക്കാനും വേണ്ടി തന്നെയാണ്.

തീർച്ചയായും എല്ലാം അന്തിമമായി തീരുമാനിക്കുന്നത് സൃഷ്ടാവായ ദൈവം തന്നെയാണ്. ഒരേ അസുഖം ബാധിച്ച ആയിരക്കണക്കിന് ആളുകൾക്ക് രോഗം ഭേദമാകുമ്പോൾ അതേ അസുഖം കാരണമായി ആയിരക്കണക്കിനാളുകൾ മരിക്കുകയും ചെയ്യുന്നു. ഒരേ മരുന്നു തന്നെയാണ് രണ്ടുകൂട്ടർക്കും കൊടുക്കുന്നത്. നമ്മെക്കൊണ്ട് ഭൗതികമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനും, പരിശ്രമങ്ങൾ നിരന്തരം തുടരാനും ഒപ്പം ദൈവത്തിൽ ഭരമേൽപിക്കാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇസ്‌ലാം ഒരു പ്രകൃതിമതമാണെന്നു അവകാശപ്പെടുന്നതും.

എന്നാൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാനും, സ്വയം ഹീറോകളായി ചമയാനും, സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനുമായി ആത്മീയ കച്ചവടം നടത്തുന്നവരും കപട ആത്മീയ വാദികളും പുരോഹിതന്മാരും ഇന്ന് എല്ലാ മത വിഭാഗങ്ങളിലുമുണ്ട് എന്നത് ഒരു യാഥാർത്ഥ്യം തന്നെ. അത്തരക്കാരുടെ ഉദ്ദേശ്യങ്ങളും കപടവാദങ്ങളും പൊള്ളത്തരങ്ങളും സമൂഹത്തിന് കാണിച്ചുകൊടുക്കാൻ യഥാർത്ഥ വിശ്വാസികൾക്ക് കൂടെ ബാധ്യതയുണ്ട്. എന്നാൽ ഇത്തരക്കാർ കാരണം പവിത്രമായ മത ദർശനങ്ങൾക്ക് കളങ്കമേൽക്കപ്പെടുകയും പൊതുസമൂഹത്തിൽ അവയെ കുറിച്ചുള്ള ധാരണ വികലമാക്കപ്പെടുകയുമാണെന്നുള്ളത് വലിയൊരു സാമൂഹിക പ്രതിസന്ധി തന്നെയാണ്.

പ്രിയ വിമർശകരെ, നിസ്സാരനായ ഒരു വൈറസ് മതി ഈ ലോകം മുഴുവൻ നശിപ്പിക്കാനെന്ന് ഇന്ന് നമ്മൾ തിരിച്ചറിയുന്നു. ലോകത്തിലെ വമ്പന്മാരെന്ന് നടിച്ചിരുന്ന പലരും ഇന്ന് മലർന്നടിച്ചു വീണു കിടക്കുന്നത് നമുക്കിന്ന് കാണാം. അലക്ഷ്യമായി ഉഴലുന്ന ജീവിതത്തിന് ഒരു അർത്ഥവും ലക്ഷ്യവും ഉണ്ടാക്കിയെടുക്കുന്നതിനാണ് മത ദർശനങ്ങൾ. നിങ്ങളുടെ പോലും ജീവിതത്തിന്റെ പ്രതീക്ഷയും വഴികാട്ടിയും, നന്മയും സ്വഭാവ ശ്രേഷ്ഠതയും നൽകി ഒരുത്തമ മനുഷ്യനായി നിങ്ങളെ മാറ്റിയെടുക്കാനുമുതകുന്ന ഒരു ദർശനത്തെയാണ് നിങ്ങൾ ട്രോളിയും പരിഹസിച്ചും കളിയാക്കിയും അകറ്റി നിർത്തുന്നത് എന്ന് മാത്രം മനസ്സിലാക്കുക.

print

No comments yet.

Leave a comment

Your email address will not be published.