സ്നേഹപൂർവ്വം പ്രവാസികളോട്; നാട്ടുകാരോടും..

//സ്നേഹപൂർവ്വം പ്രവാസികളോട്; നാട്ടുകാരോടും..
//സ്നേഹപൂർവ്വം പ്രവാസികളോട്; നാട്ടുകാരോടും..
ആനുകാലികം

സ്നേഹപൂർവ്വം പ്രവാസികളോട്; നാട്ടുകാരോടും..

തെഴുതുന്നത് ഖത്തറിൽ വെച്ചാണ്. കൊറോണ പടരുന്ന വാർത്തകൾ വരാൻ തുടങ്ങിയ സമയത്ത് മക്കയിൽ ഉംറക്ക് പോയതായിരുന്നു. ഖത്തറിൽ തിരിച്ചെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചെറിയ പനിയും ചുമയുമുണ്ടായി. ഉടനെത്തന്നെ സുഹൃത്തിനോടൊപ്പം ഹമദ് ഹോസ്പിറ്റലിൽ പോയി കൊറോണാ ടെസ്റ്റ് നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം, അൽഹംദുലില്ലാഹ്. ഇവിടുത്തെ സർക്കാരിന്റെ നിർദേശമനുസരിച്ച് അത്യാവശ്യങ്ങൾക്കെല്ലാതെ റൂമിൽ നിന്ന് പുറത്തിറങ്ങാതെ ഒറ്റയ്ക്കാണ് ഇപ്പോൾ കഴിയുന്നത്. “അല്ലാഹു തനിക്ക് വിധിച്ചതല്ലാതെ യാതൊന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ചുകൊണ്ട് ക്ഷമയോടെയും പ്രതിഫലേച്ഛയോട് കൂടിയും പ്ളേഗ് പടർന്ന് പിടിക്കുമ്പോൾ സ്വന്തം വീട്ടിൽ തന്നെയിരിക്കുന്നവർക്ക് രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം ലഭിക്കും” എന്നാണല്ലോ ആയിശ(റ)യിൽ നിന്ന് സ്വഹീഹായ സനദോടെ ഇമാം അഹ്‌മദ്‌ നിവേദനം ചെയ്തിരിക്കുന്നത്.

ഇപ്പോൾ ഇതെഴുതുന്നത് കോവിഡ് ബാധിത പ്രദേശങ്ങളിലുള്ളവരെ നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഗൾഫിലുള്ള സഹോദരങ്ങളുടെ അഭ്യർത്ഥനകൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ്.. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹർജികളൊന്നും നാല് ആഴ്ച്ചത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ വിധി വന്നത് ഇന്നലെയാണ്. ഇന്നത്തെ പ്രധാനമന്ത്രിയുടെ ഏഴിന നിർദേശങ്ങളിൽ പ്രവാസിയുടെ പേര് പോലും പരാമർശിച്ചിട്ടുമില്ല. അതിലൊന്നും നാം നിരാശരാവേണ്ടതില്ലെന്ന് പറയാൻ വേണ്ടിയാണ് ഈ കുറിപ്പ്. ഗൾഫുകാർ നാടിന്റെ നട്ടെല്ലാണ്. പട്ടിണിയുടെ ഭൂതകാലം കേരളക്കാർക്ക് ദുസ്വപ്നം മാത്രമാക്കിത്തീർത്ത അദ്ധ്വാനികൾ. തങ്ങളുടെ ജീവിതം നാടിനും കുടുംബത്തിനും വേണ്ടി ഹോമിക്കുന്നവർ. നാടിന്റെ നന്മകളിലെല്ലാം അവരുടെ വിയർപ്പിന്റെ അംശമുണ്ട്. മത-സാംസ്കാരിക-രാഷ്ട്രീയ സംരംഭങ്ങളിലെല്ലാം അവരുടെ അദ്ധ്വാനത്തിന്റെ പങ്കുണ്ട്. അവരുടെ വേദനകൾ നാടിന്റെ വേദനയാണ്. അവരില്ലാതെ കേരളമില്ല; അവരുടെ കണ്ണുനീർ ഇന്ത്യയുടെ തേങ്ങലാണ്. അവരിലൂടെയാണ് കോവിഡ് പകരുന്നതെന്ന് പറഞ്ഞ് ഗൾഫുകാരെ ഇകഴ്ത്താൻ ശ്രമിച്ചവർക്ക് നമ്മുടെ മുഖ്യമന്ത്രി തന്നെ മറുപടി നൽകിയത് അതുകൊണ്ടാണ്. അവരെ തിരിച്ചുകൊണ്ടുവരികയാണെങ്കിൽ തങ്ങളുടെ സ്ഥാപനങ്ങളെല്ലാം ക്വാറന്റൈൻ ചെയ്യാനായി വിട്ടുകൊടുക്കാമെന്ന് മതസംഘടനകളെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞതും അതുകൊണ്ട് തന്നെ. ഞങ്ങൾ വിദേശത്താണ്, ഞങ്ങൾക്കിവിടെ ആരുമില്ല എന്ന് ഒരു ഗൾഫുകാരനും കരുതേണ്ടതില്ല; ഗൾഫുകാർ എവിടെയാണെങ്കിലും അവരോടൊപ്പം കരുണാവാരിധിയായ പടച്ചവനുണ്ട്. ഒപ്പം നമ്മുടെ നാടും നാട്ടുകാരുമുണ്ട് എന്ന സന്ദേശമാണ് ഇതെല്ലാം നൽകുന്നത്.

നാട്ടിലേക്ക് തിരിച്ചുപോകണമെന്ന നമ്മിൽ ചിലരുടെ ആവശ്യം നാല് ആഴ്ച്ചത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി തീരുമാനിച്ചു; പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനത്തിൽ പ്രവാസികളെ സംബന്ധിച്ച് യാതൊന്നും പരാമർശിച്ചിട്ടുമില്ല. കോടതി തീരുമാനത്തിൽ വിഷമിക്കുന്നവരുണ്ട് എന്നറിയാം. വിസിറ്റിംഗ് വിസക്ക് എല്ലാം ഗൾഫിൽ വന്നവർക്ക് ഇവിടെ തുടരുന്നതിൽ ഏറെ പ്രയാസങ്ങളുണ്ടാകുമെന്നും അറിയാം. എങ്കിലും ഈ വിധി നമ്മുടെ നന്മക്കാണ് എന്ന് കരുതി സമാധാനിക്കണമെന്നാണ് എല്ലാ ഗൾഫുകാരോടുമുള്ള അഭ്യർത്ഥന. ഒന്നാമതായി ഈ സമയത്തുള്ള വിമാനയാത്ര തീരെ സുരക്ഷിതമല്ല. നാം പോകുന്ന വിമാനത്തിലെ രണ്ടോ മൂന്നോ പേരുടെ ശരീരത്തിൽ രോഗലക്ഷണങ്ങൾ കാണിക്കാതെ കൊറോണാ വൈറസുണ്ടെങ്കിൽ നാട്ടിലെത്തുമ്പോഴേക്ക് മുഴുവൻ യാത്രക്കാരും വെറും യാത്ര വഴി കൊറോണാബാധിതരാവാൻ സാധ്യതയുണ്ട്. വിമാനയാത്രകളാണ് രോഗത്തെ ഇത്രയധികം വ്യാപിപ്പിച്ചത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എയർപോട്ടിലുള്ള ജീവനക്കാരിലേക്ക് മുതൽ ക്വാറന്റൈൻ സെന്റർ വരെയുള്ള യാത്രക്കിടയിൽ പലരിലേക്കും ഫ്ലൈറ്റിൽ നിന്ന് നമുക്ക് ലഭിച്ച കോവിഡ് വൈറസ് പകരാം. നാട്ടിലെത്തിയിട്ടും മാതാപിതാക്കളെയും ഭാര്യമാരെയും മക്കളെയും കാണാൻ കഴിയാതെ നാലാഴ്ച്ചക്കാലം ക്വാറന്റൈൻ സെന്ററുകളിൽ കഴിയേണ്ടി വരികയും ചെയ്യും. ഇതുകൊണ്ടെല്ലാം തന്നെയാവില്ലേ “പ്ളേഗ് ഏതെങ്കിലും ഒരു സ്ഥലത്ത് ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞാൽ നിങ്ങൾ അങ്ങോട്ട് പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ളേഗ് വന്നാൽ നിങ്ങൾ അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യരുത്” (ബുഖാരി, മുസ്‌ലിം) എന്ന് ലോകത്തിന്റെ പ്രവാചകൻ (സ) നമ്മെ ഉപദേശിച്ചത്.

ആയിരങ്ങൾ രോഗികളായി നാട്ടിലെത്തിയാൽ നമ്മെ പരിചരിക്കാൻ അവിടുത്തെ സംവിധാനങ്ങൾ മതിയാകാത്ത അവസ്ഥ വരാം. കോവിഡിന് ഇതേവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും രോഗലക്ഷണങ്ങൾക്കാണ് ഇപ്പോൾ ചികില്സിക്കുന്നതെന്നും നമുക്കറിയാമല്ലോ. രോഗം മൂർച്ഛിക്കുമ്പോഴുണ്ടാവുന്ന ശ്വാസതടസ്സമാണ് രോഗികളെ മരണത്തിലേക്ക് നയിക്കുന്നത്. അതില്ലാതിരിക്കണമെങ്കിൽ ആ സന്ദർഭത്തിൽ ആവശ്യമായ വെന്റിലേറ്ററുകളും ഓക്സിജൻ സിലിണ്ടറുകളും വേണ്ടി വരും. രോഗികളുടെ എണ്ണം വർധിച്ചാൽ അതൊന്നും നൽകാൻ നമ്മുടെ നാട്ടിലെ സംവിധാനങ്ങൾക്ക് കഴിയാതെവാവും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമെല്ലാം ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്.

അഥവാ നാം രോഗികളാവുകയാണെങ്കിൽ ഇപ്പോൾ നിൽക്കുന്ന ഗൾഫ് നാടുകളിലുള്ള സംവിധാനങ്ങൾ നമ്മെ വേണ്ട രീതിയിൽ പരിഗണിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞാനിപ്പോൾ ഉള്ള ഖത്തറിൽ ഇന്ന് വരെ 3,231 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആകെയുള്ള മുപ്പത് ലക്ഷം ജനസംഖ്യയിൽ പത്ത് ശതമാനം പേർ മാത്രം ഖത്തറികളുള്ള ഈ നാട്ടിൽ രോഗികളായവർക്കെല്ലാം നല്ല പരിചരണമാണ് ലഭിക്കുന്നത് എന്നാണ് മനസ്സിലാവുന്നത്. രോഗികളുടെ ദേശം തിരിച്ചുള്ള കണക്ക് ചോദിച്ച മാധ്യമപ്രവർത്തകാരോട് “രോഗികളെയെല്ലാം മനുഷ്യരായാണ് നാം പരിഗണിക്കുന്നത്; വ്യത്യസ്ത ദേശക്കാരായല്ല” എന്ന് മറുപടി പറഞ്ഞ ആരോഗ്യമന്ത്രിയുടെ നാട്ടിൽ പ്രവാസികൾക്കെല്ലാം നല്ല പരിഗണന ലഭിക്കുമെന്നു തന്നെ കരുതണം. ഇതേപോലെത്തന്നെയാകും ഗൾഫ് നാടുകളെല്ലാം എന്നാണ് പ്രതീക്ഷിക്കുന്നത്. എവിടെയെങ്കിലും പ്രയാസങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നാം ശ്രമിക്കണം. അവിടെയുള്ള രാഷ്ട്രീയസംഘടനകളെല്ലാം അതിന്നായി എംബസ്സിയിൽ സമ്മർദ്ദം ചെലുത്തണം. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയുമെല്ലാം ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിക്കുവാൻ അവർക്ക് കഴിയണം.

സർക്കാർ സംവിധാനങ്ങൾ അപര്യാപ്തമാണെങ്കിൽ അവരെ സഹായിക്കാൻ പ്രവാസി മലയാളി കൂട്ടായ്മകൾ ഒരുമിക്കണം. അവിടങ്ങളിലെ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള രോഗപരിചരണ സംവിധാനങ്ങളും ആശുപത്രികളും നമ്മുടെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും നഴ്സുമാരുമെല്ലാം കൈകോർത്താൽ പ്രസ്തുത അപര്യാപ്തതകൾ പരിഹരിക്കാൻ കഴിയും. താമസസ്ഥലത്ത് ക്വാറന്റൈനിന് സൗകര്യമില്ലെങ്കിൽ മലയാളികൾ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റും സർക്കാരിന്റെ അനുമതിയോടെ ഉപയോഗിക്കുവാനുള്ള സംവിധാനങ്ങളുണ്ടാക്കണം. അത്യാവശ്യമാണെങ്കിൽ നാട്ടിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ നമ്മെ പരിചരിക്കാനായി ഇങ്ങോട്ട് അയക്കണമെന്ന് ഗൾഫുകാർ സർക്കാരിനോട് ആവശ്യപ്പെടേണം. എല്ലാ രാഷ്‌ടീയ-സാംസ്കാരിക-മത സംഘടനകളും ഇതിന്നായി കൈകോർക്കണം. ക്വാറന്റൈനിലുള്ളവർക്ക് ഭക്ഷണവും മരുന്നുമെല്ലാം എത്തിക്കാനായി മലയാളീകൂട്ടായ്മകൾ ഇപ്പോൾ തന്നെ നന്നായി ശ്രമിക്കുന്നുണ്ട് എന്നറിയാം. എവിടെയെങ്കിലും അപര്യാപ്തതകളുണ്ടെങ്കിൽ പരിഹരിക്കണം. ഒരാളും പട്ടിണികിടക്കുകയോ മരുന്ന് കിട്ടാതെ വിഷമിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് എല്ലാവരുടെയും കടമയാണ്. ആ കടമ നിർവ്വഹിക്കുവാൻ എല്ലാ മലയാളികളും ഒരുമിച്ച് പരിശ്രമിക്കണം.

രോഗം വരുന്നതിനേക്കാൾ പല സഹോദരങ്ങളെയും പ്രായാസപ്പെടുത്തുന്നത് സാമ്പത്തികപ്രശ്നങ്ങളാണെന്നാണ് മനസ്സിലാവുന്നത്. ദിവസങ്ങളോളം ജോലിയില്ലാതെ കഴിയുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന സാമ്പത്തിക പ്രയാസങ്ങൾ. നാട്ടിൽ നിന്നെത്തുന്ന ഫോൺകോളുകൾ ഭയക്കേണ്ടി വരുന്ന അവസ്ഥ. ആഴ്ച്ചകളോളം വെറുതെ ഇരിക്കുമ്പോഴുണ്ടാവുന്ന മാനസിക പിരിമുറുക്കം. ഒന്നിച്ച് താമസിക്കുമ്പോൾ കൂടെയുള്ളവർക്ക് ആർക്കെങ്കിലും രോഗബാധയുണ്ടോയെന്ന സംശയം. എങ്ങയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന് ചിന്തിച്ചുപോകുന്നത് ഇതൊക്കെക്കൊണ്ടാണ്. പ്രത്യേകിച്ചും വിസിറ്റിങ് വിസക്ക് വന്നവരും ജോലിയൊന്നുമില്ലാത്തവരും കുടുംബം കൂടെയില്ലാത്തവരുമായ സഹോദരങ്ങൾക്ക് അങ്ങനെ ആഗ്രഹമുണ്ടാകും. സുപ്രീംകോടതി പറഞ്ഞ സ്ഥിതിക്ക് സർക്കാരിൽ നിന്ന് അവർക്കനുകൂലമായ നീക്കമൊന്നും പെട്ടെന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇവിടെയാണ് നാട്ടിലെ സന്നദ്ധസംഘടനകളുടെ ശ്രദ്ധ പതിയേണ്ടത്.

കേരളത്തെ നട്ടെല്ല് നിവർത്തി നിൽക്കാൻ സഹായിച്ചത് ഗൾഫുകാരാണെന്ന് നാട്ടുകാർ മറക്കരുത്. അവരുടെ വീടുകളിലെവിടെയും പ്രായാസങ്ങളുണ്ടാവാതെ നോക്കേണ്ടത് ഈ അവസരത്തിൽ നാട്ടിലെ മത-രാഷ്ട്രീയ- സാംസ്കാരിക സംഘടനകളുടെ ഉത്തരവാദിത്തമാണ്. സഹായിക്കേണ്ട വീടുകളിൽ വലുതോ ചെറുതോ എന്ന് നോക്കാതെ ഗൾഫുകാരന്റെ വീടും ഉൾപ്പെടണം. വീട്ടുകാരൻ സ്ഥലത്തില്ലാത്ത വീടുകളിലെ ആവശ്യങ്ങൾ നിർവ്വഹിച്ചുകൊടുക്കുന്ന സ്വന്തക്കാരനായി അയൽവാസിയായ നാട്ടുകാരൻ മാറണം. സാമ്പത്തികമായി അവരെ സഹായിച്ചാൽ മാത്രം പോരാ. മനസ്സിന്റെ പ്രയാസങ്ങൾ ഇറക്കിവെക്കാനുള്ള അത്താണികൂടിയായിത്തീരാൻ അയൽക്കാരന് കഴിയണം. സാമൂഹ്യമായ അകലം പാലിക്കുമ്പോഴും ഫോണിലൂടെയും മെസ്സേജിംങ്ങുകളിലൂടെയും നിർവ്വഹിക്കുവാൻ കഴിയുന്നതാണല്ലോ ഇത്തരം കാര്യങ്ങൾ. അവിടെനിന്ന് പ്രയാസങ്ങളുടെ വർത്തമാനങ്ങൾ ഗൾഫിലുള്ളവർ കേൾക്കേണ്ട അവസ്ഥയുണ്ടാവാതെ നോക്കണം. ഞാനവിടെയില്ലെങ്കിലും എന്റെ മക്കളും കുടുംബവുമൊന്നും പ്രയാസപ്പെടുകയില്ലെന്ന് ഗൾഫിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ബോധ്യം വരുന്ന രീതിയിലാവണം പ്രവർത്തനങ്ങൾ. അപ്പോൾ മാത്രമേ ഗൾഫുകാർ നമ്മുടെ നാട്ടിൻ ചെയ്ത സേവനത്തിന്റെ ചെറിയ ഒരു അംശമെങ്കിലും കരുതൽ തിരിച്ചുനല്കിയെന്ന് ആശ്വസിക്കാൻ നമുക്ക് കഴിയൂ. നാട്ടിലുള്ളവരുടെ പ്രവർത്തനങ്ങൾ അതിന്നുകൂടിയാകണം. ക്വാറന്റൈൻ കേന്ദ്രങ്ങളായി തങ്ങളുടെ സ്ഥാപനങ്ങൾ വിട്ടുകൊടുക്കാമെന്ന് പറഞ്ഞ സംഘടനകൾ ഇപ്പോൾ ചെയ്യേണ്ടത് ഈയൊരു സാമൂഹ്യസേവനമാണ്. ഗൾഫിലുള്ള സഹോദരങ്ങളുടെ മനസ്സംഘർഷം ഇല്ലാതെയാക്കുവാനുള്ള പ്രവർത്തനങ്ങൾ നാട്ടുകാരുടെ പ്രധാനപ്പെട്ട ഒരു അജണ്ടയാക്കിത്തീർക്കുകയെന്ന പ്രവർത്തനം.

കോവിഡ് കാലത്ത് നമുക്കൊന്നിച്ച് മാനവസാഹോദര്യത്തിന്റെ പാശത്തെ മുറുകെപ്പിടിക്കാം; ലോകം നേരിടുന്ന ഈ പ്രതിസന്ധിയെ മറികടക്കുന്നതിനായി പരിശ്രമിക്കാം, പ്രാർത്ഥിക്കാം: പരമ കാരുണികനായ പടച്ചവനേ, നീ ഞങ്ങളെയെല്ലാം രക്ഷിക്കേണമേ, ആമീൻ.

print

6 Comments

  • നല്ല നിർദേശങ്ങൾ , അല്ലാഹു അനുഗ്രഹിക്കട്ടെ …

    ഷാഫി 14.04.2020
  • നമുക്ക് പ്രാർത്ഥിക്കാം…. പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

    ജൈസൽ പന്തല്ലൂർ 14.04.2020
  • കേരളത്തിലെ ഓരോ മഹല്ലിനും പ്രവാസി കൈത്താങ്ങായിരുന്നു. ഇന്ന് ഓരോ മഹല്ലും പല പ്രവാസികൾക്കും കൈത്താങ്ങാകേണ്ട അവസ്ഥയിലാണുള്ളത്. മഹല്ല് നേതൃത്വം മുഴുവൻ, തങ്ങളുടെ പ്രദേശ പരിധിയിലെ ആവശ്യക്കാരെ കണ്ടെത്തി സഹായിക്കാൻ സമയം വൈകരുത്.

    Kabeer M. Parali 14.04.2020
  • ഈ കാലം
    വിളിപ്പേര് കോവിഡ് കാലം.
    മാനവന്റെ കോലം
    വ്യക്തമാക്കും കാലം.
    ഈ കാലം
    ചിന്തയുടെ പാലം.
    ചിന്തയുടെ കോലം
    മാനവന്റെ നിസ്സഹായതയെങ്കിൽ.
    പാലം അവസാനിക്കുന്നിടം
    നാഥന്റെ മുമ്പിൽ.
    മാനവന്റെ മുമ്പിൽ
    നാഥൻ പറഞ്ഞതും
    കാലം തന്നെയാണ്
    സത്യം.
    സത്യവിശ്വാസം,
    സൽപ്രവർത്തനം,
    സദുപദേശം,
    സഹനശീലം
    ഇവ നാലുമില്ലെങ്കിൽ
    മാനവനെന്നും നഷ്ട്ടം
    തന്നെ.
    അന്ത്യദൂധർ അരുളിയതും
    ഈ കാലം നാം
    മറോടണക്കണം.
    ക്ഷാമത്തിൽ ക്ഷമയും
    ക്ഷേമത്തിൽ നന്ദിയും
    വിശ്വാസിയെ പുണ്ണ്യവാനാക്കുന്നു.
    അവ്വിധം
    ഈ കാലം
    പൂക്കാലമാക്കാം.
    റമദാനെന്ന
    പുണ്ണ്യ കാലം
    പടിവാതിലിൽ എത്തിനിൽക്കെ.

    -ഫിറോസ് കൊയിലാണ്ടി

    FIROZ 14.04.2020
  • Very good message and comments for all foreigners staying in abroad, thanks

    Abdul Hameed Salahudeen 14.04.2020
  • ആമീൻ :
    സൃഷ്ടാവിലേക്ക് മടങ്ങുക യും ചെയ്യട്ടെ
    ഒരു പുനർവിചിന്തനം

    Rasheed madeena 15.04.2020

Leave a comment

Your email address will not be published.