നാസ്‌തികത കൊണ്ട് ചക്ക മുറിക്കാൻ കഴിയുമോ ?

//നാസ്‌തികത കൊണ്ട് ചക്ക മുറിക്കാൻ കഴിയുമോ ?
//നാസ്‌തികത കൊണ്ട് ചക്ക മുറിക്കാൻ കഴിയുമോ ?
ആനുകാലികം

നാസ്‌തികത കൊണ്ട് ചക്ക മുറിക്കാൻ കഴിയുമോ ?

ലോകം മുഴുവൻ കോവിഡിന്റെ വേദനയിൽ ഉരുകുമ്പോഴും ആഹ്ളാദിച്ച ഒരു വിഭാഗം ഇവിടെയുണ്ട്. നാസ്തികർ…

രോഗം പടരുന്നതിന്റെ ആശങ്കയോ, മരണം പെരുകുന്നതിന്റെ അങ്കലാപ്പോ, ലോക്ഡൗൺ പശ്ചാത്തലത്തിൽ സഹജീവികളുടെ മാനസിക പിരിമുറുക്കമോ, അതിജീവനത്തിന്റെ ആലോചനകളോ ഒന്നും അവരെ അലട്ടിയില്ല….

കാലങ്ങളായി മതത്തെ തല്ലാൻ കാത്ത് കെട്ടി കിടക്കുന്നവർ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. ഇമ്മിണി ബെല്യേ ഒരു ചോദ്യം അങ്ങോട്ട് തൊടുത്ത് വിട്ടു…..മതത്തിന്റെ മാറു പിളരട്ടെ… എന്ന നിലക്ക്… ചോദ്യം ഇതായിരുന്നു…

കോവിഡിനെ അതിജീവിക്കുന്നതിൽ മതത്തിന് എന്താണ് പങ്കെന്ന്..? എല്ലാം ചെയ്യുന്നത് ശാസ്ത്രമല്ലെ എന്ന്…?

ഞാൻ ഈ ചോദ്യത്തെ നേരെ എന്റെ ഗ്രാമത്തിലേക്ക് കൂട്ടി കൊണ്ടുവന്നു. എന്റെ ഗ്രാമത്തിൽ ഇതിന് മുമ്പ് ഒരുപാട് ആവശ്യങ്ങൾ ഉണ്ടായിരുന്നു. അന്നൊക്കെ മതം ഉപകാരപ്പെട്ടിട്ടുണ്ടോ?….

തോടിന് കുറുകെ ഇട്ട മരപ്പാലം കടക്കണം ബസാറിലെത്താൻ. തെങ്ങിന്റെയോ പനയുടെയോ പാളിയിട്ട്‌ അതിൽ ചവിട്ടിയാണ് നാട്ടുകാരൊക്കെ തോട് മുറിച്ച് കടക്കുന്നത്. എന്നെങ്കിലും ഒരിക്കൽ മതം സഹായിച്ചിട്ടുണ്ടോ ഈ തോട് മുറിച്ച് കടക്കാൻ….?

ഈ തോട്ടിൽ പഞ്ചായത്ത് ഒരു ബണ്ട് കെട്ടിയിട്ടുണ്ട്. വർഷക്കാലത്ത്‌ അതിന്റെ ഷട്ടറുകൾ തുറന്നിടും. വേനൽക്കാലത്ത് മരപ്പലക കൊണ്ടുണ്ടാക്കിയ ഷട്ടറുകൾ അടച്ചിടും. വേനൽക്കാലത്ത് ഷട്ടറിട്ടാലെ ഗ്രാമത്തിലെ കിണറുകളിൽ വെള്ളമുണ്ടാകൂ.

..ഏതെങ്കിലും ഒരു വേനൽക്കാലത്ത് മരപ്പലക കൊണ്ടുള്ള ഷട്ടർ കൊണ്ടല്ലാതെ മതം കൊണ്ട് ഗ്രാമത്തിലെ കിണറുകളിൽ വെള്ളമുണ്ടായിട്ടുണ്ടോ…?

എന്തിന് ….?

അയൽപക്കക്കാർ ഒരു ചക്ക തന്നു. ഈ സീസണിൽ കിട്ടുന്ന ആദ്യ ചക്ക. പകുതി മുറിച്ച് കൂട്ടാൻ വെക്കാം. ബാക്കി പകുതി പഴുപ്പിക്കാം.

തള്ളയുടെ തീരുമാനം, മക്കൾക്ക് സമ്മതം. പക്ഷേ മുറിക്കാൻ കത്തി കാണുന്നില്ല… ഞാനും ഭാര്യയും മക്കളും എല്ലാം മത വിശ്വാസികൾ… എന്നിട്ടെന്താ… ഒരു ചക്ക മുറിക്കാൻ പോലും മതം കൊണ്ട് പറ്റില്ല…

മതമുണ്ടായിട്ടും കോവിഡിനെ തളക്കാനാവുന്നില്ല, പിന്നെ മതം കൊണ്ടെന്ത് കാര്യം എന്നാണ് നാസ്തികരുടെ ഇപ്പോഴത്തെ മത വിമർശനത്തിന്റെ ചുരുക്കം. ഇതേ ചോദ്യം തോട് കടക്കുന്നവനും ചക്ക മുറിക്കുന്നവനും മാങ്ങ പറിക്കുന്നവനും എല്ലാം ചോദിക്കാം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. മതത്തെ ഇങ്ങിനെ ചറപറാന്ന് കല്ലെറിയും മുമ്പ് മതം എന്താണ് ? അത് നിർവ്വഹിക്കുന്ന ദൗത്യം എന്താണ് ? എന്നൊക്കെ സാമാന്യമായിട്ടെങ്കിലും മനസ്സിലാക്കേണ്ടതല്ലെ?

‌ചക്ക മുറിക്കാൻ കത്തി വേണം. ചക്കയും മാങ്ങയും മുറിക്കുന്നത് പോലെ മനുഷ്യരുടെ കഴുത്തറുക്കരുതെ എന്ന് പറയാനാണ്, പഠിപ്പിക്കാനാണ് മതം ആവശ്യമായി വരുന്നത്. ആറ്റം ബോംബ് കണ്ടുപിടിക്കുന്നതിന്റെ പിന്നിലെ തലച്ചോറായ ആൽബർട്ട് ഐൻസ്റ്റീനോട് ഒരിക്കൽ മൂന്നാം ലോകമഹായുദ്ധത്തെ പറ്റി ചോദിച്ചുവത്രെ. അദ്ദേഹം പറഞ്ഞു. അതെനിക്കറിയില്ല. ഞാൻ നാലാം ലോക മഹായുദ്ധത്തെ പറ്റി പറയാം. അങ്ങിനെ ഒന്ന് സംഭവിക്കുകയില്ല. ഐൻസ്റ്റീൻ പറഞ്ഞത് ആണവായുധാനന്തര ലോകത്ത് ഒരു ലോകമഹായുദ്ധമുണ്ടായാൽ പിന്നീടൊരു യുദ്ധമുണ്ടാവാൻ ഈ ലോകം നില നിൽക്കുകയില്ല എന്നാണ്. നല്ല കാര്യത്തിനും ചീത്ത കാര്യങ്ങൾക്കും മനുഷ്യർക്ക് ഉപയോഗിക്കാവുന്ന ഒരു ടൂൾ ആണ് ശാസ്ത്രമെന്ന് പറയുന്നത്. ശാസ്ത്രമെന്നല്ല മനുഷ്യൻ ഉപയോഗിക്കുന്ന എന്തും നന്മക്ക് മാത്രം ഉപയോഗിക്കണമെന്ന് അവനെ പഠിപ്പിക്കുന്ന, ബോധ്യപ്പെടുത്തുന്ന ദർശനമാണ് മതമെന്ന് പറയുന്നത്. മനുഷ്യൻ അവന്റെ പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നത്. പഞ്ചേന്ദ്രിയങ്ങൾക്ക് പരിമിതി ഉള്ളത് കൊണ്ട് തന്നെ കണ്ടെത്തലുകൾക്ക് അപൂർണതകളുമുണ്ടാവും. അത് കൊണ്ടാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും, ഡോക്ടർമാരും, വൈദ്യ ശാസ്ത്രവും, ഇന്നോളം കണ്ടെത്തപ്പെട്ട മരുന്നുകളും സമ്പത്തും സൈന്യവും ലോകത്തെ മുഴുവൻ മനുഷ്യരും ഒരു ഭാഗത്തും, കണ്ണിൽ കാണാനുള്ള വലുപ്പം പോലുമില്ലാത്ത വൈറസ് മറുഭാഗത്തും വരുമ്പോൾ വാതിലടച്ച് വീട്ടിലിരിക്കേണ്ടി വരുന്നത്. ധിക്കാരവും അഹങ്കാരവും സമം ചേർത്ത ധാർഷ്ട്യത്തിന്റെ സ്വയം നിർമ്മിതസൗധങ്ങളിൽ നിന്ന് പടവുകളിറങ്ങി നിലത്തേക്ക് വരിക. ഇന്നത്തെ സാമൂഹ്യ ചുറ്റുപാടുകൾ നിങ്ങൾക്ക് വെളിച്ചം നൽകാതിരിക്കുകയില്ല. തീർച്ച…

വാൽക്കഷ്ണം:
മഹാ മനീഷികളെ…. മത വിരോധികളെ…. ഞങ്ങളും നാളെ കുടുംബ സമേതം നാസ്‌തികരാകാം, നിരീശ്വരവാദം വെച്ച് ഒരു ചക്ക മുറിക്കാൻ എങ്കിലും കഴിയുമെങ്കിൽ…..

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ

1 Comment

  • super.

    faisal 14.04.2020

Leave a comment

Your email address will not be published.