ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ചതിക്കുഴികളും പരിഹാരങ്ങളും

//ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ചതിക്കുഴികളും പരിഹാരങ്ങളും
//ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ചതിക്കുഴികളും പരിഹാരങ്ങളും
ആനുകാലികം

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ചതിക്കുഴികളും പരിഹാരങ്ങളും

കുട്ടികൾ കാരുണ്യവാന്റെ കരുണാ കടാക്ഷമാണ്. നല്ല രൂപത്തിൽ അവരെ വളർത്തി വലുതാക്കാനുള്ള ഉത്തരവാദിത്തം ഓരോ മാതാ പിതാക്കൾക്കും സ്രഷ്ടാവ് നൽകിയിരിക്കുന്ന കാര്യം തിരക്കുകൾ കാരണം പല രക്ഷിതാക്കളും സൗകര്യപൂർവ്വം വിസ്മരിക്കുകയാണ് ചെയ്യാറുള്ളത്.

കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതോടെ തങ്ങളുടെ കർത്തവ്യങ്ങൾ നിർവ്വഹിച്ചു കഴിഞ്ഞു എന്നുള്ള വിശ്വാസത്തിലാണ് പലരും. ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ കൊറോണ കാലത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് നാമോരുരത്തരും.

മൊബൈൽ ഫോൺ, ലാപ് ടോപ്, ടാബ് എന്നിവയൊക്കെ ഏതൊരു സാധാരണക്കാരനും ഇന്ന് ഒഴിച്ച് കൂടാനാവാത്തതായി മാറിയിരിക്കുന്നു.

നമ്മുടെ ന്യുജെൻ തലമുറയെ ഇത്തരത്തിലുള്ള നവീന മാധ്യമങ്ങളിൽ നിന്നും മാറ്റി നിർത്തുക എന്നുള്ളത് ഇന്ന് അസാധ്യമാണ് എന്ന് തന്നെ പറയാം. കാരണം ഓൺലൈൻ സംവിധാനങ്ങൾ അത്രമാത്രം നമ്മുടെ ജീവിതവുമായി ഇഴുകിച്ചേർന്നിരിക്കുന്നു.

കഴിഞ്ഞ കാലങ്ങളിൽ കുട്ടികൾക്ക് വിലക്കപ്പെട്ട കനിയായി കരുതിയിരുന്ന മൊബൈൽ ഫോണുകളും, കമ്പ്യൂട്ടറും ഇന്ന് അവരുടെ കളിത്തോഴനായി മാറിയിരിക്കുകയാണ്. ഇന്റർനെറ്റും, സാമൂഹിക മാധ്യമങ്ങളും, ലോകം അടക്കി ഭരിക്കുമ്പോൾ അതിന്റെ ചതിക്കുഴികളിൽ കുട്ടികൾ വീണ് പരിക്ക് പറ്റാതിരിക്കാനായി ഓരോ രക്ഷിതാക്കളും ജാഗരൂകരായിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജീവിതത്തിലെ ശരിയും, തെറ്റും മക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നതോടൊപ്പം ഓൺലൈൻ രംഗത്തെ അപകടങ്ങളെക്കുറിച്ചും അവർക്ക് ശരിയായ അവബോധം ഉണ്ടാക്കി കൊടുക്കേണ്ടത് ഓരോ രക്ഷിതാക്കളുടെയും ധർമ്മമായി മാറിയിരിക്കുകയാണ്.

കുട്ടികളുടെ സുരക്ഷിതമായ ഓൺ ലൈൻ ഉപയോഗത്തിനായി ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു.

ഓൺലൈൻ അച്ചടക്കം കുട്ടികളിൽ ഏർപ്പെടുത്തുമ്പോൾ രക്ഷിതാക്കൾ അതിനൊരു മാതൃകയാവേണ്ടതുണ്ട്.

ഓൺലൈനിൽ കുട്ടികൾ എന്തൊക്കെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്, എന്തൊക്കെയാണ് അവർ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്, ആരോടൊക്കെയാണ് അവർ ചാറ്റ് ചെയ്യുന്നത് എന്നുള്ളത് രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സമയ ക്രമീകരണത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധ്യമുണ്ടായാൽ ഇന്റർനെറ്റിന്റെ അമിതോപയോഗത്തിന് തടയിടാനാവും.

നിയന്ത്രണങ്ങൾ അമിതമാക്കാതിരിക്കുക, ഇന്റർനെറ്റിലെ അപകട മേഖലകളെക്കുറിച്ച് കുട്ടികളെ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തുക എന്നുള്ളതും പരമപ്രധാനമാണ്.

കുട്ടികൾക്ക് പറയാനുള്ളത് കേൾക്കാനുള്ള സമയം കണ്ടെത്തുക. അവരുടെ സ്വഭാവങ്ങളിലോ, പെരുമാറ്റത്തിലോ അസ്വാഭാവികത കണ്ടാൽ അവരോട് അതിനെക്കുറിച്ചു സൂചിപ്പിക്കുക.

കുട്ടികളുടെ പ്രായവും, പക്വതയും അനുസരിച്ചുകൊണ്ട് ഓൺലൈൻ ഉപയോഗത്തിലും വ്യത്യാസം ദർശിക്കാനാവും. അതിനാൽ പ്രായത്തിനനുസരിച്ച് അവർക്കുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനെക്കാൾ ‌ നല്ലത് അവരോടുള്ള ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുന്നതാണ്. അവരോട് സംവദിക്കാനുള്ള ക്ഷമയും, അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയാനുള്ള കരുതലും അവരുടെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് എന്ന് പലപ്പോഴും നാം കാണാതെ പോവുന്നു.

കുട്ടികളോടൊപ്പം ഇരുന്ന് സംസാരിക്കുമ്പോൾ അവർ ഓൺലൈനിൽ ചെന്ന് ചാടാൻ പോവുന്ന പല അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് അറിയാനും അവസരോചിതമായി ഇടപെട്ട് അവരെ തിരുത്താനും സാധിക്കുന്നു.

തങ്ങളുടെ വാക്കുകളേക്കാൾ കുട്ടികൾ നിരീക്ഷിക്കുക തങ്ങളുടെ പ്രവർത്തനങ്ങളെയാണ് എന്നുള്ള തിരിച്ചറിവാണ് രക്ഷിതാക്കൾക്ക് ഉണ്ടാവേണ്ടത്.

അദ്ധ്യാപകർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചില രക്ഷിതാക്കൾ കുട്ടികളെ സഹായിക്കാറുണ്ട്. തങ്ങൾ തങ്ങളുടെ കുട്ടികളെ സഹായിക്കുകയല്ല മറിച്ച് അവരെ തങ്ങൾ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്നുള്ള തിരിച്ചറിവ് അത്തരത്തിലുള്ള രക്ഷിതാക്കൾക്ക് ഉണ്ടാവേണ്ടതുണ്ട്.

സാങ്കേതിക വിജ്ഞാനത്തിൽ രക്ഷിതാക്കളേക്കാൾ പുതു തലമുറ എത്രയോ മുന്നിലാണെങ്കിലും, ജീവിതാനുഭവങ്ങളും, പക്വതയിലും പഴയ തലമുറ ഏറെ ദൂരം മുന്നിലാണെന്ന് ആർക്കും അംഗീകരിച്ചു കൊടുക്കേണ്ടി വരും.

കളിക്കളം നഷ്ട്ടപ്പെട്ട ബാല്യത്തിന് പകരം വെക്കാൻ നമുക്കെന്താണുള്ളത്. തോൽവിയിലൂടെയും, ജയത്തിലൂടെയും ആർജ്ജിച്ചെടുക്കുന്ന വ്യക്തിത്വം എങ്ങിനെയാണ് നമുക്ക് നൽകാനാവുക, മറ്റുള്ളവരോട് എങ്ങിനെയാണ് പെരുമാറേണ്ടത് എന്നുള്ളത് വിദ്യാലയത്തിൽ നിന്നും പഠിച്ചെടുക്കുന്നത് അവർക്ക് ഇന്ന് നിഷേധിച്ചിരിക്കുകയാണ്. അദ്ധ്യാപകർ അയക്കുന്ന ഹോം വർക്കുകൾ ചെയ്ത് തീർക്കുന്ന തിരക്കിലും അവർ പലപ്പോഴും അസ്വസ്ഥത കാണിച്ചേക്കാം. ജോലിത്തിരക്കിനിടയിൽ നമ്മുടെ കുട്ടികളോട് നമുക്ക് ദേഷ്യപ്പെടാതിരിക്കാം. കാരണം നാം അനുഭവിച്ച പല സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ വക്താക്കളാണവർ.

തങ്ങളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതിനോടൊപ്പം അവരുടെ കൂട്ടുകാർക്കും, തന്റെ അയൽവാസിയുടെ മക്കൾക്കും ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഉണ്ടോ എന്നന്വേഷിക്കാനുള്ള സന്മനസ്സും, കൂട്ടായ പരിശ്രമങ്ങളും ഇന്നിന്റെ തേട്ടമാണ്.

ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ അറിവുകൾ കൈ മാറ്റം നടക്കുമ്പോഴും വിവേകം നഷ്ടപ്പെട്ട ഒരു സമൂഹം വളർന്നുവരാതിരിക്കാനായി നമുക്ക് ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്.
അതിനായി നമുക്കെല്ലാം പ്രാർത്ഥിക്കാം.

print

1 Comment

  • Mashaa Allah… Very good

    Muhammad Zubair 04.09.2020

Leave a comment

Your email address will not be published.